Friday, December 19, 2008

INDIAN DRIVING

ഇന്ത്യ ഡ്രൈവിംഗ്‌ സീറ്റില്‍
മൊഹാലി: റണ്‍സ്‌ ദാരിദ്ര്യം നേരിട്ട മൊഹാലിയിലെ പി.സി.എ സ്‌റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം പിരിയുമ്പോള്‍ ഇന്ത്യ വിരേന്ദര്‍ സേവാഗിന്റെ (0) നഷ്ടത്തില്‍ 179 റണ്‍സ്‌ സ്വന്തമാക്കി. സെഞ്ച്വറിയുമായി ഓപ്പണര്‍ ഗൗതം ഗാംഭീറും (106), കഴിഞ്ഞ പത്ത്‌ ഇന്നിംഗ്‌സിലെ ആദ്യ അര്‍ദ്ധശതകവുമായി രാഹുല്‍ ദ്രാവിഡും ക്രീസില്‍. വെളിച്ചക്കുറവ്‌ കാരണം നേരത്തെ നിര്‍ത്തിയ മല്‍സരത്തിന്‌ ആവേശം പകരാന്‍ ഇംഗ്ലീഷ്‌്‌ ബൗളര്‍മാര്‍ക്കോ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കോ കഴിയാതെ വന്നപ്പോള്‍ മല്‍സരം കാണാനെത്തിയവര്‍ക്ക്‌ ലഭിച്ചത്‌ വിരസതയാണ്‌. ക്രിസ്‌ ബ്രോഡ്‌ എന്ന യുവസീമര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അക്കൗണ്ട്‌ തുറക്കാനാവാതെ വീരേന്ദര്‍ സേവാഗ്‌ പുറത്തായപ്പോള്‍ പി.സി.എ പിച്ചിലെ ആനുകൂല്യങ്ങള്‍ ഇംഗ്ലണ്ട്‌ ഉപയോഗപ്പെടുത്തുമെന്നാണ്‌ കരുതിയത്‌. പക്ഷേ തപ്പിതടയുന്ന രാഹുല്‍ ദ്രാവിഡും സമീപകാലത്തായി മികച്ച ഇന്നിംഗ്‌സുകളിലുടെ സല്‍പ്പേര്‌ നിലനിര്‍ത്തുന്ന ഗാംഭീറും ചേര്‍ന്ന്‌ ടീമിനെ പതുക്കെയാണെങ്കിലും മുന്നോട്ട്‌ നയിച്ചു.
ഭാഗ്യവാനായിരുന്നു ഡല്‍ഹിക്കാരനായ ഗാംഭീര്‍. 70 ല്‍ നില്‍ക്കവെ ഗ്രയീം സ്വാനിന്റെ പന്തില്‍ ഉയര്‍ന്ന ക്യാച്ച പോള്‍ കോളിംഗ്‌വുഡ്‌ നിലത്തിട്ടതിന്‌ പിറകെ ദ്രാവിഡ്‌ ശക്തമായ എല്‍.ബി അപ്പീലില്‍ നിന്ന്‌ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പറുടെ കാരുണ്യത്തില്‍ രക്ഷപ്പെടുകയും ചെയ്‌തു.
173 റണ്‍സാണ്‌ രണ്ടാം വിക്കറ്റില്‍ ഇതിനകം ദ്രാവിഡും ഗാംഭീറും നേടിയത്‌. ടോസ്‌ ഭാഗ്യം ധോണിക്കായിരുന്നു. പി.സി.എ യില്‍ മികച്ച വിജയ റെക്കോര്‍ഡ്‌ ഉളളതിനാല്‍ ആദ്യം ബാറ്റിംഗ്‌ തെരഞ്ഞെടുക്കാന്‍ ധോണിക്ക്‌ സംശയിക്കേണ്ടി വന്നില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രതീക്ഷിച്ചുവെങ്കിലും ദ്രാവിഡിനെ നിലനിര്‍ത്താനാണ്‌ അന്തിമനിമിഷത്തില്‍ ധോണി തീരുമാനിച്ചത്‌. ഇംഗ്ലീഷ്‌ നിരയില്‍ സ്‌റ്റീവന്‍ ഹാര്‍മിസണ്‌ പകരം ബ്രോഡ്‌ ഇറങ്ങി. തുടക്കത്തില്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ നല്ല പിന്തുണ പിച്ചില്‍ നിന്ന്‌ ലഭിച്ചു. ആന്‍ഡേഴ്‌സണും ബ്രോഡും മോഹിപ്പിക്കുന്ന ഔട്ട്‌ സൈഡ്‌ ഡെലിവറികളുമായി സേവാഗിന്റെ രക്തത്തിനായി മുറവിളികൂട്ടി. പ്രിയപ്പെട്ട മൈതാനത്ത്‌ നല്ല തുടക്കമായിരുന്നു സേവാഗ്‌ ആഗ്രഹിച്ചത്‌. 2001-02 സീസണില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഇതേ വേദിയില്‍ പത്ത്‌ വിക്കറ്റിനും 2005-06 സീസണില്‍ ഒമ്പത്‌ വിക്കറ്റിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരങ്ങളില്‍ വീരുവിന്‌ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നു. രണ്ട്‌ മാസം മുമ്പ്‌ ഓസ്‌ട്രേലിയയെ ഇന്ത്യ ഇവിടെ തോല്‍പ്പിക്കുമ്പോഴും വീരു കരുത്തനായി നില കൊണ്ടിരുന്നു.
ആന്‍ഡേഴ്‌സണും ബ്രോഡും നല്‍കിയ പന്തുകള്‍ക്ക്‌ മുന്നില്‍ മന:സാന്നിദ്ധ്യത്തോടെ പിടിച്ചുനില്‍ക്കാന്‍ സേവാഗിന്‌ കഴിയില്ലെന്നുറപ്പായിരുന്നു. ഓഫ്‌ സ്‌റ്റംമ്പിന്‌ പുറത്ത്‌ ബ്രോഡ്‌ പായിച്ച രണ്ട്‌ പന്തുകള്‍ സേവാഗിന്റെ ബാറ്റിനെ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ പറന്നു. അടുത്ത പന്തില്‍ സേവാഗ്‌ ബാറ്റ്‌ വെച്ചതും വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ അവസരം ഉപയോഗപ്പെടുത്തി.
ചെന്നൈ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ പരാജയം സമ്മാനിച്ചത്‌ സേവാഗിന്റെ ഇന്നിംഗ്‌സായിരുന്നു. ആ വിലപ്പെട്ട വിക്കറ്റ്‌ ലഭിച്ചതോടെ പീറ്റേഴ്‌സണും ആവേശഭരിതനായി. സേവാഗിന്‌ പകരം ഫോമില്ലല്ലാത്ത ദ്രാവിഡാണ്‌ വന്നത്‌. ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ ഒരു തവണ വ്യക്തമായി കുരുങ്ങിയ ദ്രാവിഡിനെ തുണക്കാന്‍ ഹാര്‍പ്പറുണ്ടായിരുന്നു. മറ്റൊരു തവണ ബ്രോഡിന്റെ ബൗളിംഗില്‍ ബാറ്റില്‍ തട്ടിയ പന്ത്‌ ഫീല്‍ഡറുടെ തൊട്ട്‌ മുന്നില്‍ വീണപ്പോള്‍ ഭാഗ്യം ദ്രാവിഡിനൊപ്പമാണെന്ന്‌ വ്യക്തമായി.
ദ്രാവിഡിനെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാന്‍ പീറ്റേഴ്‌സണ്‍ തന്റെ പ്രധാന സ്‌പിന്നര്‍ മോണ്ടി പനേസറെ നേരത്തെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. പനേസറെക്കാള്‍ പന്തിനെ അപകടകരമായി നല്‍കിയത്‌ സ്വാനായിരുന്നു. ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 51 റണ്‍സായിരുന്നു.
രണ്ടാം സെഷനിലാണ്‌ ഗാംഭീര്‍ അര്‍ദ്ധശതകം നേടിയത്‌. സ്വാനിനെ കണ്ടപ്പോള്‍ ഗാംഭീര്‍ പലവട്ടം ക്രിസ്‌ വിട്ടു. പക്ഷേ കൂറ്റനടികള്‍ പോലും അതിര്‍ത്തി കടന്നില്ല. ഏത്‌ വിധേനയും പിടിച്ചുനില്‍ക്കുകയായിരുന്നു ദ്രാവിഡിന്റെ അജണ്ട. ഇത്‌ തകര്‍ക്കാന്‍ ഇംഗ്ലണ്ടിനായതുമില്ല.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-106, സേവാഗ്‌-സി-പ്രയര്‍-ബി-ബ്രോഡ്‌-0, ദ്രാവിഡ്‌ -നോട്ടൗട്ട്‌-65, എക്‌സ്‌ട്രാസ്‌ -8, ആകെ 72 ഓവറില്‍ ഒരു വിക്കറ്റിന്‌ 179.
വിക്കറ്റ്‌ പതനം: 1-6 (സേവാഗ്‌). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 15-3-29-0, ബ്രോഡ്‌ 16-7-45-1, ഫ്‌ളിന്റോഫ്‌ 13-2-31-0, പനേസര്‍ 13-2-41-0, സ്വാന്‍ 15-4-30-0

തേര്‍ഡ്‌ ഐ
ഇംഗ്ലണ്ടിന്‌ സ്വയം പഴിക്കാം... ടോസ്‌ നഷ്ടമായിട്ടും ക്രിസ്‌ ബ്രോഡ്‌ നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തുന്നതില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പരാജയപ്പെട്ടു. വീരേന്ദര്‍ സേവാഗ്‌ എന്ന അപകടകാരിയുടെ വിക്കറ്റ്‌ തുടക്കത്തില്‍ തന്നെ ലഭിച്ചതിന്‌ ശേഷം ക്രീസിലെത്തിയത്‌ രാഹുല്‍ ദ്രാവിഡ്‌ എന്ന അതിസമ്മര്‍ദ്ദക്കാരനായിരുന്നു. ഈ രണ്ട്‌ ആനുകൂല ഘടകങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ശരിക്കും ഇന്ത്യയെ പിന്‍പാദത്തിലാക്കാന്‍ ഇംഗ്ലണ്ടിന്‌ കഴിയുമായിരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയിലെ ഇംഗ്ലീഷ്‌ നോട്ടപ്പുളളി സേവാഗാണെന്ന കാര്യത്തില്‍ സംശയമില്ല. ചെപ്പോക്കിലെ ഒന്നാം ടെസ്‌റ്റ്‌ ഇംഗ്ലണ്ടില്‍ നിന്നും തട്ടിപ്പറിച്ചത്‌ സേവാഗായിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസം സേവാഗ്‌ നടത്തിയ മിന്നല്‍ ഇന്നിംഗ്‌സിലാണ്‌ ഇന്ത്യ ആറ്‌ വിക്കറ്റ്‌ വിജയം വരിച്ചത്‌. ആ ബാറ്റ്‌സ്‌മാനെ ഇംഗ്ലണ്ടിന്‌ ഇവിടെ ലഭിച്ചത്‌ പൂജ്യത്തിനായിരുന്നു. ക്രിസ്‌ ബ്രോഡിന്റെ മോഹിപ്പിക്കുന്ന പന്തിന്‌ മുന്നില്‍ ക്ഷമയോടെ കളിക്കാന്‍ സേവാഗിന്‌ കഴിയുമായിരുന്നില്ല. രണ്ടാം ഓവറിലാണ്‌ സേവാഗ്‌ മടങ്ങിയത്‌. തുടര്‍ന്ന്‌ വന്ന ദ്രാവിഡിനെ തന്ത്രപരമായി നേരിടുന്നതിന്‌ പകരം പതിവ്‌ ശൈലിയാണ്‌ പീറ്റേഴ്‌സണ്‍ അവലംബിച്ചത്‌.
ദ്രാവിഡിന്റെ മനോനില മനസ്സിലാക്കി ബൗളര്‍മാരെ ഉപയോഗപ്പെടുത്തണമായിരുന്നു. മൂന്നാം നമ്പറില്‍ ദ്രാവിഡിനെ അയക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. ദ്രാവിഡ്‌ ഫോമില്ലല്ലാത്തതിനാല്‍ മൂന്നാം നമ്പറില്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ വരുമെന്നാണ്‌ കരുതപ്പെട്ടത്‌. ഇന്ത്യന്‍ ക്യാമ്പിലെ ഈ സമ്മര്‍ദ്ദം റണ്‍നിരക്കിനെ ബാധിച്ചുവെങ്കിലും പുതിയ പന്തിന്റെ മിനുസം കളയാന്‍ ദ്രാവിഡിനും ഗാംഭീറിനുമായി.
ദ്രാവിഡിന്റെ അവസ്ഥ മനസ്സിലാക്കിയാണ്‌ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പര്‍ ചില തീരുമാനങ്ങളെടുത്തത്‌ എന്ന്‌ ഇംഗ്ലണ്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. രണ്ട്‌ തവണയാണ്‌ ശക്തമായ അപ്പീലില്‍ നിന്നും ദ്രാവിഡ്‌ രക്ഷപ്പെട്ടത്‌. പതുക്കെ നിലയുറപ്പിച്ച ദ്രാവിഡ്‌ ദീര്‍ഘകാലത്തിന്‌ ശേഷം പന്തിനെ റീഡ്‌ ചെയ്യുന്നതില്‍ വിജയിച്ചു. അനാവശ്യ തിടുക്കം അദ്ദേഹം കാട്ടിയില്ല. പന്തിനെ അതിന്റെ മെറിറ്റില്‍ സ്വീകരിച്ചു. മോണ്ടി പനേസര്‍ എന്ന ദുര്‍ബല ഇംഗ്ലീഷ്‌ ഘടകവും ദ്രാവിഡിനെ തുണച്ചു.
ക്രിസ്‌ ബ്രോഡ്‌ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പീറ്റേഴ്‌സണ്‍ തഴഞ്ഞത്‌ അനുഭവ സമ്പന്നനായ ഹാര്‍മിസണെയായിരുന്നു. പേസര്‍മാരെ തുണക്കുന്ന ഒരു ട്രാക്കില്‍ ഹാര്‍മിസണെ പോലെ അനുഭവസമ്പന്നനായ ഒരു സീമറെ തഴഞ്ഞ്‌ രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ അവസരം നല്‍കിയതിലെ സാംഗത്യം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. മോണ്ടി പനേസര്‍ എന്ന സ്‌പിന്നര്‍ ആദ്യ ടെസ്റ്റിലെന്ന പോലെ രണ്ടാം ടെസ്‌റ്റിലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വെല്ലുവിളിയേ ആയില്ല. ഗ്രയിം സ്വാനായിരുന്നു സ്‌പിന്നര്‍മാരില്‍ തമ്മില്‍ ഭേദം. സ്വാന്‍ രണ്ട്‌ തവണ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ചിരുന്നു. രണ്ട്‌ ഘട്ടത്തിലും ഫീല്‍ഡര്‍മാര്‍ ബൗളര്‍ക്കൊപ്പം നിന്നില്ല.
ഇന്ന്‌ മല്‍സരത്തിന്റെ രണ്ടാം ദിവസം നിലയുറപ്പിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. വലിയ ബാറ്റിംഗ്‌ നിര വരാനുണ്ട്‌. ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌ക്കോര്‍ സമ്പാദിക്കാനായാല്‍ ഇംഗ്ലണ്ടിനെ വെളളം കുടിപ്പിക്കാന്‍ എളുപ്പം കഴിയും.

പാക്കിസ്‌താനിലേക്ക്‌ ലങ്ക
ലാഹോര്‍: ഇന്ത്യയുടെ അവസാന നിമിഷ പിന്മാറ്റത്തിലൂടെ ഗതിയില്ലാ കയത്തില്‍ വീണുപോയ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ രക്ഷിക്കാന്‍ ശ്രീലങ്ക. ഇന്ത്യക്ക്‌ പകരം പാക്കിസ്‌താനില്‍ പര്യടനം നടത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സമ്മതിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിലുളള ശ്രീലങ്ക ജനുവരി അവസാനത്തോടെ പാക്കിസ്‌താനിലെത്തും. മൂന്ന്‌ ടെസ്‌റ്റും മൂന്ന്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവും ലങ്ക കളിക്കും.
മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്നും പിന്മാറുമെന്ന്‌്‌ നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നതിനാല്‍ പാക്കിസ്‌താനെ സഹായിക്കാമെന്ന്‌ ലങ്കന്‍ ബോര്‍ഡിനെ നയിക്കുന്ന അര്‍ജന രണതുംഗെ പറഞ്ഞിരുന്നു.
പുതിയ ഷെഡ്യൂള്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നും ലങ്കന്‍ ടീം നേരെ കറാച്ചിയിലെത്തും. ബംഗ്ലാദേശില്‍ രണ്ട്‌ ടെസ്റ്റും ഒരു ഏകദിന പരമ്പരയുമാണ്‌ ലങ്ക കളിക്കുന്നത്‌. ജനുവരി 19 ന്‌ ലങ്കന്‍ ടീം കറാച്ചയിലെത്തും. അവിടെയാണ്‌ 20-20 മല്‍സരം കളിക്കുന്നത്‌. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരവും അവിടെ തന്നെയായിരിക്കും. ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട്‌ മല്‍സരങ്ങള്‍ ലാഹോറില്‍ നടക്കും. ഒന്നാം ടെസ്‌റ്റും ഇവിടെ തന്നെയായിരിക്കും. മുള്‍ത്താനിലായിരിക്കും രണ്ടാം ടെസ്‌റ്റ്‌. അവസാന ടെസ്‌റ്റിനായി ലങ്കന്‍ ടീം കറാച്ചിയില്‍ തിരിച്ചെത്തും. ഇവിടെ നിന്നും നാട്ടിലേക്ക്‌ മടങ്ങും.

ഐ.പി.എല്‍
പാക്കിസ്‌താന്‍ പിന്മാറിയേക്കും
ലാഹോര്‍: പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്നും ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിച്ചേക്കില്ല. ഐ.പി.എല്ലില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്താന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം വിളിച്ചിട്ടുണ്ട്‌. ഇന്ത്യ തങ്ങളുമായി നിസ്സഹകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമോ എന്ന ചോദ്യമാണ്‌ പാക്‌ ക്രിക്കറ്റിലെ ഉന്നതര്‍ ഉയര്‍ത്തുന്നത്‌. ഐ.പി.എല്ലിന്റെ പ്രഥമ പതിപ്പില്‍ ഷുഹൈബ്‌ അക്തര്‍, മുഹമ്മദ്‌ ആസിഫ്‌, ഷാഹിദ്‌ അഫ്രീദി, തന്‍വീര്‍ സുഹൈല്‍, കമറാന്‍ അക്‌മല്‍, യൂനസ്‌ഖാന്‍ തുടങ്ങിയ താരങ്ങള്‍ കളിച്ചിരുന്നു.

ചന്ദര്‍പോള്‍ രക്ഷകനായി
നേപ്പിയര്‍: വെറ്ററന്‍ ബാറ്റ്‌സ്‌മാന്‍ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ തകര്‍പ്പന്‍ സെഞ്ച്‌്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം വിന്‍ഡീസ്‌ ആറ്‌ വിക്കറ്റിന്‌ 258 റണ്‍സ്‌ സ്വന്തമാക്കി. കന്നിക്കാരനായ താരം ബ്രെന്‍ഡന്‍ നാഷ്‌ (74) ചന്ദര്‍പോളിന്‌ ഉറച്ച പിന്തുണ നല്‍കി. ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ ബാറ്റിംഗിന്‌ തീരുമാനിക്കുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഗെയില്‍ 34 റണ്‍സ്‌ നേടിയ പുറത്തായതിന്‌ ശേഷം മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലം പതിച്ചു. സര്‍വന്‍,സേവ്യര്‍ മാര്‍ഷല്‍, ജെസി റൈഡര്‍ എന്നിവരാണ്‌ പെട്ടെന്ന്‌ മടങ്ങിയത്‌. പക്ഷേ ചന്ദര്‍പോളും നാഷും ഒത്തുചേര്‍ന്നതോടെ കിവി പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയേറ്റു.

ആവേശകരമായ അന്ത്യത്തിലേക്ക്‌്‌
പെര്‍ത്ത്‌: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുളള ഒന്നാം ടെസ്‌റ്റ്‌ ആവേശകരമാവുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 281 റണ്‍സില്‍ അവസാനപ്പിച്ച ഓസ്‌ട്രേലിയക്ക്‌ രണ്ടാം ഇന്നിംഗ്‌സില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ്‌ വിക്കറ്റിന്‌ 224 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ 375 റണ്‍സ്‌ സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക്‌ ആകെയിപ്പോള്‍ 318 റണ്‍സിന്റെ ലീഡുണ്ട്‌.
വാലറ്റക്കാരായ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍, ജാസോണ്‍ ക്രെസ്‌ജ എന്നിവരുടെ ചെറുത്തുനില്‍പ്പാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തുണച്ചത്‌. ഒരു ഘട്ടത്തില്‍ മുന്‍നിരയിലെ ഏഴ്‌ പേരെയും നഷ്ടമായി 162 റണ്‍സ്‌ എന്ന നിലയിലായിരുന്നു അവര്‍. ഒന്നാം ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും മാത്യൂ ഹെയ്‌ഡന്‍ നാല്‌ റണ്‍സുമായി പെട്ടെന്ന്‌ മടങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ചെറുത്തുനില്‍പ്പ്‌ നടത്തിയ സൈമണ്‍ കാറ്റിച്ച്‌ 37 റണ്‍സ്‌ സമ്പാദിച്ചു. കാലിസിന്റെ പന്തില്‍ കാറ്റിച്ച്‌ പുറത്തായതിന്‌ പിറകെ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ചെറുത്തുനില്‍പ്പിനാവാതെ തിരിഞ്ഞു നടന്നു.
മൈക്കല്‍ ക്ലാര്‍ക്കും ആന്‍ഡ്ര്യൂ സൈമണ്ട്‌സും തമ്മിലുളള സഖ്യം അല്‍പ്പസമയം പിടിച്ചുനിന്നു. ക്ലാര്‍ക്കിനെ (25) സ്റ്റെനും സൈമണ്ട്‌സിനെ (37) ഹാരിസും പുറത്താക്കിയപ്പോള്‍ ബ്രെട്ട്‌ ലീയെ കേവലം അഞ്ച്‌ റണ്ണിന്‌ കാലിസ്‌ പുറത്താക്കി. ഇവിടെ നിന്നുമാണ്‌ ഹാദ്ദിനും ക്രെസ്‌ജയും രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ഹാദ്ദിന്‍ പുറത്താവാതെ 39 റണ്‍സ്‌ ഇതിനകം നേടിയിട്ടുണ്ട്‌. 48 പന്തില്‍ നിന്ന്‌്‌ 28 റണ്‍സുമായി ക്രെസ്‌ജ ഉറച്ച പിന്തുണയും നല്‍കുന്നു.
രാവിലെ മിച്ചല്‍ ജോണ്‍സണ്‍ ഇന്നിംഗ്‌സിലെ തന്റെ എട്ടാം വിക്കറ്റുമായി സ്‌റ്റെനെ പുറത്താക്കിയപ്പോള്‍ പൊരുതാന്‍ ശ്രമിച്ച മാര്‍ക്ക്‌ ബൗച്ചറെ പീറ്റര്‍ സിഡില്‍ പുറത്താക്കി.

ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ നാളെ
കൊല്‍ക്കത്ത: മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നാളെ ഗോവ-കൊല്‍ക്കത്ത പോരാട്ടം. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന കൊല്‍ക്കത്താ മോഹന്‍ ബഗാന്‍ റാന്‍ഡി മാര്‍ട്ടിനസിന്റെ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ എതിരിടും. ഷൂട്ടൗട്ടിലേക്ക്‌ ദീര്‍ഘിച്ച രണ്ടാം സെമിയില്‍ പാരമ്പര്യ വൈരിയായ ഈസ്റ്റ്‌ ബംഗാളിനെ 3-5ന്‌ പരാജയപ്പെടുത്തിയാണ്‌ ബഗാന്‍ കലാശപ്പോരാട്ടത്തിന്‌ ടിക്കറ്റ്‌ നേടിയത്‌. 120 മിനുട്ട്‌ പോരാട്ടം സമനിലയില്‍ കലാശിച്ചപ്പോഴാണ്‌ ഷൂട്ടൗട്ടിനെ ആശ്രയിച്ചത്‌. നിര്‍ണ്ണായകമായ അവസാന പെനാല്‍ട്ടി കിക്ക്‌ പാഴാക്കിയ ഈസ്റ്റ്‌ ബംഗാള്‍ സൂപ്പര്‍ താരം സുനില്‍ ചേത്രിയാണ്‌ മല്‍സരത്തിലെ വില്ലനായത്‌.

പ്രീമിയര്‍ ലീഗ്‌ ഇന്നത്തെ മല്‍സരങ്ങള്‍: ബ്ലാക്‌ബര്‍ണ്‍-സ്റ്റോക്‌ സിറ്റി, ബോള്‍ട്ടണ്‍-പോര്‍ട്‌സ്‌മൗത്ത്‌, ഫുള്‍ഹാം-മിഡില്‍സ്‌ബോറോ, ഹള്‍-സുതര്‍ലാന്‍ഡ്‌, വെസ്‌റ്റ്‌ ഹാം-ആസ്‌റ്റണ്‍ വില്ല

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ അങ്കങ്ങള്‍
നിയോണ്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ കരുത്തര്‍ തമ്മില്‍ ബലാബലം. ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെയാണ്‌ പ്രി ക്വാര്‍ട്ടര്‍ പ്രതിയോഗികളെ നിശ്ചയിച്ചത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ചെല്‍സിക്ക്‌ മുന്നില്‍ വരുന്നത്‌ ഇറ്റാലിയന്‍ കരുത്തരായ യുവന്തസാണ്‌. സ്‌പാനിഷ്‌ ലീഗില്‍ തപ്പിതടയുന്ന റയല്‍ മാഡ്രിഡിന്റെ പ്രതിയോഗികള്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളാണ്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളികള്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനാണ്‌. ബാഴ്‌സിലോണക്കും ശക്തരായ എതിരാളികളെയാണ്‌ ലഭിച്ചത്‌്‌-ഫ്രഞ്ച്‌ ജേതാക്കളായ ലിയോണ്‍. ആഴ്‌സനലിന്റെ കരുത്തിനെ ചോദ്യം ചെയ്യാന്‍ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയുടെ റോമയുണ്ട്‌. മറ്റ്‌ മല്‍സരങ്ങളില്‍ വില്ലാ റയല്‍ പനാത്തിനായിക്കോസിനെയും ബയേണ്‍ മ്യൂണിച്ച്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണെയും നേരിടും.
2009 ഫെബ്രുവരി 24, 25 തിയ്യതികളിലാണ്‌ പ്രി ക്വാര്‍ട്ടറിലെ ആദ്യ ലഗ്ഗ്‌ പോരാട്ടങ്ങള്‍. റിട്ടേണ്‍ മല്‍സരങ്ങള്‍ മാര്‍ച്ച്‌ 10,11 തിയ്യതികളില്‍ നടക്കും.

No comments: