Friday, December 5, 2008

PONTINGS VOICE

നമ്പര്‍ വണ്‍ മറ്റാരുമല്ലെന്ന്‌ പോണ്ടിംഗ്‌
പെര്‍ത്ത്‌: ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ഓസ്‌ട്രേലിയയല്ലാതെ മറ്റാരുമല്ലെന്ന്‌ നായകന്‍ റിക്കി പോണ്ടിംഗ്‌. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയില്‍ പരാജയപ്പെട്ടാലും ഓസ്‌ട്രേലിയക്ക്‌ ലോക ക്രിക്കറ്റിലുളള അധീശത്വം അവസാനിക്കില്ലെന്നാണ്‌ പോണ്ടിംഗ്‌ അവകാശപ്പെടുന്നത്‌. ഐ.സി.സി യുടെ ടെസ്റ്റ്‌ റാങ്കിംഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാര്‍ ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനക്കാര്‍ ദക്ഷിണാഫ്രിക്കയുമാണ്‌. ഇവര്‍ തമ്മില്‍ 13 പോയന്റിന്റെ വിത്യാസമാണ്‌ നിലവിലുളളത്‌. അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരയില്‍ 3-0 ത്തിന്‌ ദക്ഷിണാഫ്രിക്ക വിജയിക്കുന്നപക്ഷം റാങ്കിംഗ്‌ സമവാക്യത്തില്‍ മാറ്റത്തിന്‌ സാധ്യതയുണ്ട്‌. എന്നാല്‍ ദക്ഷണാഫ്രിക്ക പരമ്പര തൂത്ത്‌വാരിയാലും ലോക ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയോളം ഉയരത്തിലെത്താന്‍ ആര്‍ക്കുമാവില്ലെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌.
സമീപകാലത്തായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഓസ്‌ട്രേലിയന്‍ ആധിപത്യത്തെ ചോദ്യം ചെയ്‌ത സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയുമായുളള പരമ്പര പോണ്ടിംഗിന്‌ നിര്‍ണ്ണായകമാണ്‌. ഇന്ത്യക്കെതിരെ നാല്‌ മല്‍സര പരമ്പരയില്‍ 0-2ന്‌ പരാജയപ്പെട്ട ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ നടന്ന രണ്ട്‌ മല്‍സര ടെസറ്റ്‌ പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കിയിരുന്നു.
ഓസ്‌ട്രേലിയയുടെ ലോകാധിപത്യത്തിന്‌ തെളിവായി പോണ്ടിംഗ്‌ ചൂണ്ടികാണിക്കുന്നത്‌ വിവിധ രാജ്യങ്ങളില്‍ ,വിത്യസ്‌ത സാഹചര്യങ്ങളില്‍ തന്റെ ടീം സ്വന്തമാക്കിയ വിജയങ്ങളാണ്‌. ദക്ഷിണാഫ്രിക്കയെ ദുര്‍ബലരായി കാണുന്നില്ല. എങ്കിലും പരമ്പരയില്‍ അവര്‍ 2-1 നോ, അല്ലെങ്കില്‍ 2-0 ത്തിനോ ജയിച്ചാല്‍ പോലും റാങ്കിംഗില്‍ മാറ്റമുണ്ടാവില്ലെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌. ഇന്ത്യ കഴിഞ്ഞ പരമ്പരയില്‍ ഞങ്ങളെ പരാജയപ്പെടുത്തി. പക്ഷേ റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിറകിലാക്കാനായില്ല. അത്‌ പോലെ തന്നെയാണ്‌ കാര്യം-ഒരു വിജയം കൊണ്ട്‌ ഓസ്‌ട്രേലിയയെ കീഴടക്കാന്‍ ആര്‍ക്കുമാവില്ല-പോണ്ടിംഗ്‌ പറഞ്ഞു.
ക്യാപ്‌റ്റന്‍സി താന്‍ ശരക്കും ആസ്വദിക്കുന്നുണ്ടെന്നാണ്‌ 34 കാരനായ പോണ്ടിംഗ്‌ പറഞ്ഞത്‌. കൈകുഴക്ക്‌ ചെറിയ പരുക്കുണ്ട്‌. പക്ഷേ അത്‌ കളിയെ ബാധിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ടീമിനെ നയിച്ച്‌ ഞാന്‍ തന്നെ രംഗത്തുണ്ടാവും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പെട്ടെന്നാണ്‌ മാറ്റങ്ങളുണ്ടായത്‌. ധാരാളം സീനിയര്‍ താരങ്ങള്‍ റിട്ടയര്‍ ചെയ്‌തു. അതിന്റേതായ പ്രശ്‌നങ്ങള്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരുന്നുണ്ട്‌. യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുന്നതിനോട്‌ തനിക്ക്‌ യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ ലീഗില്‍ ഇന്ന്‌ ക്ലാസിക്‌
മ്യൂണിച്ച്‌: ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ ഇന്ന്‌ ക്ലാസിക്‌ പോരാട്ടം. പരമ്പരാഗത കരുത്തരായ ബയേണ്‍ മ്യൂണിച്ച്‌ സീസണിലെ അല്‍ഭുത ടീമായ ഹോഫന്‍ഹൈമിനെ എതിരിടുന്നു. ഈ സീസണില്‍ സെക്കന്‍ഡ്‌ ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ നേടിയെത്തിയ ഹോഫന്‍ഹൈമാണ്‌ ഇപ്പോള്‍ ലീഗിലെ ഒന്നാമന്മാര്‍. തോല്‍വികളറിയാതെ കുതിക്കുന്ന ഈ ടീമിനെ പിടിച്ചുകെട്ടുക ബയേണിന്‌ എളുപ്പമല്ല. അതേ സമയം സ്‌പെയിനിലും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇറ്റലിയിലും മുന്‍നിരക്കാര്‍ക്ക്‌ ഈയാഴ്‌ച്ച കാര്യമായ വെല്ലുവിളികളില്ല.
ജര്‍മന്‍ ലീഗ്‌
സീസണിലെ തന്നെ പോരാട്ടമായാണ്‌ ബയേണ്‍-ഹോഫന്‍ഹൈം അങ്കത്തെ ജര്‍മന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. ലീഗ്‌ ഇത്തവണ ആരംഭിക്കുമ്പോള്‍ അവസാന സ്ഥാനക്കാരുടെ ഗ്രൂപ്പില്‍ മാത്രമായിരുന്നു ഹോഫന്‍ഹൈമിന്‌ പലരും സ്ഥാനം നല്‍കിയത്‌. ബയേണും ബയര്‍ ലെവര്‍കൂസണുമാണ്‌ എല്ലാവരും മാര്‍ക്കിട്ടിരുന്നത്‌. എന്നാല്‍ ആദ്യ മല്‍സരം മുതല്‍ മിന്നല്‍ പ്രകടനം നടത്തി എതിരാളികളെ ബഹുദൂരം പിറകിലാക്കുന്നതില്‍ വിജയിച്ച ഹോഫന്‍ സ്ഥിരതയുളള പ്രകടനവുമായി കളം നിറയുമ്പോള്‍ ബയേണിന്‌ നല്ല തുടക്കം ലഭിച്ചിരുന്നില്ല. മൂന്ന്‌ പോയന്റ്‌ വിത്യാസത്തിലാണ്‌ ഇപ്പോള്‍ ഹൈഫനും ബയേണുമുളളത്‌. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ബയേണിന്‌ ഹോഫനൊപ്പമെത്താനാവും.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌
ചെല്‍സിയെ ഒരു പോയന്റ്‌ മാര്‍ജിനില്‍ പിറകിലാക്കി ഇപ്പോള്‍ പോയന്റ്‌്‌ ടേബിളില്‍ ഒന്നാമത്‌ നില്‍ക്കുന്ന ലിവര്‍പൂള്‍ ഇന്ന്‌ കളത്തിലിറങ്ങുന്നുണ്ട്‌. ബ്ലാക്‌ബര്‍ണാണ്‌ എതിരാളികള്‍. ലീഗില്‍ ഇത്‌ വരെ ചെല്‍സിക്കായിരുന്നു ആധിപത്യം. എന്നാല്‍ പോയ വാരത്തില്‍ ആഴ്‌സനലിന്‌ മുന്നില്‍ നീലപ്പട അപ്രതീക്ഷിത തോല്‍വി രുചിച്ചപ്പോള്‍ ലിവര്‍പൂള്‍ വെസ്റ്റ്‌ഹാമിനെതിരായ മല്‍സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ്‌ ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ വന്നത്‌. ചെല്‍സിയുടെ എതിരാളികള്‍ ബോള്‍ട്ടണാണ്‌. കഴിഞ്ഞയാഴ്‌ച്ച സുതര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ 1-4 ന്റെ വിജയം കരസ്ഥമാക്കിയവരാണ്‌ ബോള്‍ട്ടണ്‍. ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനല്‍ വിഗാനുമായാണ്‌ കളിക്കുന്നത്‌. ടേബിളില്‍ അഞ്ചാം സ്ഥാനത്തുളളവരായ ആസ്‌റ്റ്‌ണ്‍ വില്ലയുടെ പ്രതിയോഗികള്‍ എവര്‍ട്ടണാണ്‌.
സ്‌പാനിഷ്‌ ലീഗ്‌
അടുത്തയാഴ്‌ച്ച സ്‌പാനിഷ്‌ ലീഗില്‍ വമ്പന്‍ പോരാട്ടമുണ്ട്‌. ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും മുന്‍ ചാമ്പ്യന്മാരായ ബാര്‍സിലോണയും തമ്മിലുളള മുഖാമുഖം. ക്ലാസിക്‌ പോരാട്ടത്തിനുളള മുന്നോടിയായി റയല്‍ എതിരിടുന്നത്‌ കരുത്തരായ സെവിയെയും ബാര്‍സ വലന്‍സിയയെയുമാണ്‌ ഈയാഴ്‌ച്ച എതിരിടുന്നത്‌. മികച്ച പ്രകടനം തുടരുന്ന ബാര്‍സക്ക്‌ വലന്‍സിയ ശക്തരായ എതിരാളികളാണ്‌. ഇത്‌ വരെ കാര്യമായ പരാജയം രുചിക്കാത്തവരാണ്‌ വലന്‍സിയ. റയലിന്‌ ഇത്‌ വരെ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പോയ വാരത്തില്‍ ഗറ്റാഫെക്ക്‌ മുന്നില്‍ തകര്‍ന്ന റയലിന്‌ സ്വന്തം മൈതാനത്തെ പോരാട്ടത്തില്‍ പിഴച്ചാല്‍ അത്‌ വലിയ ആഘാതമാവും. ടേബിളില്‍ ബാര്‍സക്ക്‌ പിറകില്‍ രണ്ടാമത്‌ നില്‍ക്കുന്ന വില്ലാ റയലിന്റെ ഈയാഴ്‌ച്ചത്തെ എതിരാളികള്‍ ഗറ്റാഫെയാണ്‌.
ഇറ്റാലിയന്‍ ലീഗ്‌
തുടര്‍ച്ചയായ അഞ്ച്‌ മല്‍സരങ്ങളില്‍ പരാജയമറിയാത്തവരായ ഇന്റര്‍ മിലാന്‍ ശക്തരായ ലാസിയോയുമായി ഇന്ന്‌ കളിക്കുന്നുണ്ട്‌. സീസണില്‍ ഗോള്‍ വേട്ട നടത്തുന്നവരാണ്‌ ലാസിയോ. അതിനാല്‍ തന്നെ ഇന്ററിന്‌ ജയിക്കണമെങ്കില്‍ വിയര്‍ക്കേണ്ടി വരും. ശക്തരായ യുവന്തസിന്റെ എതിരാളികള്‍ ലീസും ഏ.സി മിലാന്റെ പ്രതിയോഗികള്‍ കറ്റാനിയയുമാണ്‌.

ഇന്നത്തെ മല്‍സരങ്ങള്‍
പ്രീമിയര്‍ ലീഗ്‌: ആഴ്‌സനല്‍ വിഗാന്‍, ബ്ലാക്‌ബര്‍ണ്‍-ലിവര്‍പൂള്‍, ബോള്‍ട്ടണ്‍-ചെല്‍സി, ഫുള്‍ഹാം-മാഞ്ചസ്റ്റര്‍ സിറ്റി, ഹള്‍-മിഡില്‍സ്‌ ബോറോ, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-സുതര്‍ലാന്‍ഡ്‌, ന്യൂകാസില്‍-സ്‌റ്റോക്‌ സിറ്റി. നാളെ: എവര്‍ട്ടണ്‍-ആസ്‌റ്റണ്‍വില്ല, വെസ്‌റ്റ്‌ ബ്രോം-പോര്‍ട്‌സ്‌മൗത്ത്‌.

ഇറ്റാലിയന്‍ ലീഗ്‌: ചീവിയോ-റോമ, ലാസിയോ-ഇന്റര്‍ മിലാന്‍. നാളെ: ഏസി മിലാന്‍-കറ്റാനിയ, അറ്റ്‌ലാന്റ-ഉദിനസ്‌, കാഗിലാരി-പലെര്‍മോ, ലീസ്‌-യുവന്തസ്‌, നാപ്പോളി-സിയന്ന, റെജീന-ബോളോഗ്ന, സാംപദോറിയോ-ജിനോവ, ടോറിനോ-ഫിയോറന്റീന.
ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗ്‌: ബയേണ്‍ മ്യൂണിച്ച്‌-ഹോഫന്‍ഹൈം, അര്‍മീനിയ ബില്‍ഫെല്‍ഡ്‌-ബൊറൂഷ്യ ഡോര്‍ട്ട്‌മണ്ട്‌, ബൊറൂഷ്യ മാഗ്‌ബാച്ച്‌-ബയര്‍ ലെവര്‍കൂസണ്‍, കോട്ട്‌ബസ്‌-വി.എഫ്‌.ബി സ്റ്റ്‌ട്ട്‌ഗര്‍ട്ട്‌, എന്‍ട്രാക്ട്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌-വി.എഫ്‌.എല്‍ ബോഷൂം, കാറല്‍ഷു-വെര്‍ഡര്‍ ബ്രെഹ്മന്‍, ഷാല്‍ക്കെ 04- ഹെര്‍ത്താ ബെര്‍ലിന്‍. നാളെ: കോളോണ്‍-ഹാംബര്‍ഗ്ഗ്‌, വോള്‍ഫ്‌സ്‌ബര്‍ഗ്‌-ഹാനോവര്‍.
സ്‌പാനിഷ്‌ ലീഗ്‌: ബാര്‍സിലോണ-വലന്‍സിയ, സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍-അത്‌ലറ്റികോ മാഡ്രിഡ്‌, വില്ലാ റയല്‍ -ഗറ്റാഫെ. നാളെ: ഡിപ്പോര്‍ട്ടീവോ ലാ കോരുണ-മലാഗ, മയോര്‍ക്ക-റിക്രിയേറ്റീവോ ഹലൂവ, നുമാന്‍സിയ-അല്‍മേരിയ, ഒസാസുന-വലഡോളിഡ്‌, റേസിംഗ്‌ സാന്‍ഡര്‍-അത്‌ലറ്റികോ ബില്‍ബാവോ, റയല്‍ ബെറ്റിസ്‌-എസ്‌പാനിയോള്‍, റയല്‍ മാഡ്രിഡ്‌-സെവിയെ.

പവാറിന്‌ ആശ്വാസം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ മുന്‍ പ്രസിഡണ്ട്‌ ശരത്‌ പവാര്‍ ഉള്‍പ്പടെ അഞ്ച്‌ ഉന്നത ബി.സി.സി.ഐ അധികാരികള്‍ക്കെതിരെ ജഗ്‌മോഹന്‍ ഡാല്‍മിയ നല്‍കിയ പരാതയിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക്‌ സുപ്രീം കോടതി സ്‌റ്റേ. തെറ്റായ സത്യവാംഗ്‌മൂലം നല്‍കി തന്നെ അപമാനിക്കാന്‍ പവാര്‍ ഉള്‍പ്പെടെയുളളവര്‍ ശ്രമിച്ചതായുളള ഡാല്‍മിയയുടെ ഹര്‍ജിയില്‍ കീഴ്‌കോടതി ക്രിമിനല്‍ നടപടികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. പവാറിനെ കൂടാതെ നിലവില്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സെക്രട്ടറിയായ ശ്രീനിവാസന്‍, ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സക്യൂട്ടീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി, മുന്‍ സെക്രട്ടറി നിരഞ്‌ജന്‍ ഷാ, വൈസ്‌ പ്രസിഡണ്ട്‌ ചിരായു അമീന്‍ എന്നിവര്‍ക്കെതിരായാണ്‌ ക്രിമിനല്‍ നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്‌തത്‌. ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ നിലവിലെ ഭരണാധികാരികള്‍ തെറ്റായ സത്യവാംഗ്‌മൂലമാണ്‌്‌ നല്‍കിയതെന്ന്‌ ഡാല്‍മിയ കീഴ്‌കോടതിയില്‍ തെളിയിച്ചിരുന്നു.

മഹീന്ദ്രക്കും ചര്‍ച്ചിലിനും വിജയം
കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മഹീന്ദ്ര യുനൈറ്റഡ്‌ ഒരു ഗോളിന്‌ ബാംഗ്ലൂരിലെ എച്ച്‌.എ.എല്ലിനെയും ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ 2-1ന്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെയും പരാജയപ്പെടുത്തി. ഇന്ന്‌ കളിയില്ല. നാളെ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ചിരാഗ്‌ യുനൈറ്റഡിനെയും എസ്‌.ബി.ടി തിരുവനന്തപുരം മുംബൈ എഫ്‌.സിയെയും എതിരിടും.

മറഡോണ ഇന്ന്‌്‌ കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ അര്‍മാന്‍ഡോ മറഡോണ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇന്ന്‌ ഇവിടെയെത്തും. ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌ക്കൂളിന്റെ ശിലാസ്ഥാപനത്തിനായാണ്‌ അദ്ദേഹമെത്തുന്നത്‌. ഇന്ന്‌ രാവിലെ നടക്കുന്ന ഈ ചടങ്ങിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സംബന്ധിക്കും. വൈകുന്നേരം സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്‍വിറ്റേഷണല്‍ മല്‍സരത്തില്‍ അദ്ദേഹം കളിക്കും. നാളെ രാവിലെ മദര്‍ തേരേസയുടെ ഭവനസന്ദര്‍ശനവും, മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവുമായുള്ള കൂടികാഴ്‌ച്ചക്കും ശേഷം മോഹന്‍ ബഗാന്‍ ക്ലബില്‍ കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ ക്ലിനിക്കില്‍ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന ചാരിറ്റി ഡിന്നറില്‍ മറഡോണ സംബന്ധിക്കും. ഇവിടെ വെച്ച്‌ അദ്ദേഹത്തിന്റെ അവിസ്‌മരണീയ ചിത്രങ്ങള്‍ ലേലം ചെയ്യും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യന്‍ സോക്കര്‍ താരങ്ങളെ സഹായിക്കാന്‍ ഈ ഫണ്ട്‌്‌ ഉപയോഗിക്കും.

No comments: