ഇനി അടുത്ത വര്‍ഷം
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇനി അടുത്തവര്‍ഷം. പതിനാറ് ടീമുകള്‍ മാറ്റുരക്കുന്ന പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ 2009 ഫെബ്രുവരിയില്‍ ആരംഭിക്കും. ഇന്നലെ നടന്ന എട്ട് മല്‍സരങ്ങളോടെ ഗ്രൂപ്പ് തല പോരാട്ടങ്ങള്‍ക്ക് സമാപനമായി. വമ്പന്മാരുടെ ആധിപത്യമായിരുന്നു ഇന്നലെ കണ്ടത്. പ്രി ക്വാര്‍ട്ടര്‍ ഘട്ടം മുതല്‍ ചാമ്പ്യന്‍ഷിപ്പ് നോക്കൗട്ട് ഘട്ടത്തിലാണ്. ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റില്‍ ഇരുപാദ മല്‍സരങ്ങള്‍. ജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടറില്‍ കളിക്കാം.
പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ ഇംഗ്ലണ്ടിന്റെയും സ്‌പെയിനിന്റെയും ആധിപത്യമാണ്. ഇരു രാജ്യങ്ങളില്‍ നിന്നും നാല് വീതം ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് ടിക്കറ്റ് സമ്പാദിച്ചിരിക്കുന്നത്. ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ എന്നിവരാണ് പ്രീമിയര്‍ ലീഗിന്റെ കരുത്തില്‍ വന്‍കരാ കിരീടത്തിന് അരികില്‍ എത്തി നില്‍ക്കുന്നത്. സ്‌പെയിനില്‍ നിന്നും അത്‌ലറ്റികോ മാഡ്രിഡ്, ബാര്‍സിലോണ, റയല്‍ മാഡ്രിഡ്, വില്ലാ റയല്‍ എന്നിവരാണ് യോഗ്യത നേടിയവര്‍. ഇറ്റലിയില്‍ നിന്നും മൂന്ന് പേരാണ് പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയിരിക്കുന്നത്-ഇന്റര്‍ മിലാനും യുവന്തസും റോമയും. പോര്‍ച്ചുഗലിനെ പ്രതിനിധീകരിച്ച് എഫ്.സി പോര്‍ട്ടോയും സ്‌പോര്‍ട്ടിംഗ് ലിസ്‌ബണും. ജര്‍മനിയുടെ മാനം കാത്ത് ബയേണ്‍ മ്യണിച്ചും ഗ്രിസിന്റെ പ്രതിനിധികളായി പനാത്തിനായിക്കോസും ഫ്രാന്‍സിന്റെ ലിയോണും സ്വന്തം രാജ്യങ്ങളുടെ പ്രതിനിധികളാണ്. ഗ്രൂപ്പ് തല മല്‍സരത്തില്‍ നിന്നും നിര്‍ഭാഗ്യത്തിന് പുറത്തായവരായ മാര്‍സലി, ബോറോഡോക്‌സ് (ഫ്രാന്‍സ്), ഷാക്തര്‍ ഡോണ്‌സ്‌റ്റക്, ഡൈനാമോ കീവ് (ഉക്രൈന്‍), വെര്‍ഡര്‍ ബ്രെഹ്മന്‍ (ജര്‍മനി), ആല്‍ബര്‍ഗ്ഗ് (ഡെന്മാര്‍ക്ക്), ഫിയോറന്റീന (ഇറ്റലി), സെനിത് സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്ഗ് (റഷ്യ) എന്നിവര്‍ക്ക് അടുത്ത സീസണില്‍ യുവേഫ കപ്പില്‍ കളിക്കാം.
ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ശ്രദ്ധ നേടിയത് ഡെന്മാര്‍ക്കില്‍ നിന്നുളള ആല്‍ബര്‍ഗ്ഗും ഇംഗ്ലണ്ടിലെ ചാമ്പ്യന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുളള പോരാട്ടമാണ്. മാഞ്ചസ്‌റ്ററിന്റെ മൈതാനത്ത് വെച്ച് അവരെ 2-2 ല്‍ തളക്കാന്‍ ഡാനിഷ് ടീമിനായി. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ കാര്‍ലോസ് ടെവസിന്റെ ഗോളില്‍ മാഞ്ചസ്‌റ്റര്‍ ലീഡ് നേടിയിരുന്നു. മുപ്പത്തിയൊന്നാം മിനുട്ടില്‍ മൈക്കല്‍ ജാകോബ്‌സണിലൂടെ ആല്‍ബര്‍ഗ്ഗ് തിരിച്ചെത്തി. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കവെ ജെപ്പെ കര്‍ത്തിലൂടെ ആല്‍ബര്‍ഗ്ഗ് മുന്നിലെത്തി. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വെയിന്‍ റൂണിയുടെ ഗോളില്‍ മാഞ്ചസ്‌റ്റര്‍ ഒപ്പമെത്തി.
പാരിസില്‍ നടന്ന തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ച് 3-2ന് ലിയോണിനെ വീഴ്‌ത്തി. മിറോസ്ലാവ് ക്ലോസ് (2), ഫ്രാങ്ക് റിബറി എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബയേണ്‍ നടത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ലിയോണ്‍ കരുത്ത് കാട്ടി. സിഡ്‌നി ഗവോ, കരീം ബെന്‍സമ എന്നിവരാണ് ലിയോണിന് വേണ്ടി സക്കോര്‍ ചെയ്‌തത്.
അപ്രതീക്ഷിത പരാജയം പിണഞ്ഞവര്‍ പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സനലാണ്. പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ എഫ്.സി പോര്‍ട്ടോ രണ്ട് ഗോളിനാണ് ഗണ്ണേഴ്‌സിനെ വീഴ്‌ത്തിയത്. ഗ്രൂപ്പ് ഇയില്‍ വില്ലാ റയലിന് ആഘാതമേറ്റു. നേരത്തെ തന്നെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ സ്‌പാനിഷുകാരെ സ്‌ക്കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക് രണ്ട് ഗോളിന് തോല്‍പ്പിച്ചു. വന്‍കരാ ചാമ്പ്യന്‍ഷിപ്പിലെ അവസാന മല്‍സരം കളിക്കുന്ന സെല്‍റ്റിക് മല്‍സരത്തിന്റെ പകുതിയിലധികം സമയത്തും പത്ത് പേരുമായാണ് കളിച്ചത്. ഗ്രൂപ്പ് എഫില്‍ ഇറ്റലിയില്‍ നിന്നുള്ള ഫിയോറന്റീന ഒരു ഗോളിന് റുമേനിയയിലെ സ്‌റ്റിയൂവ ബുക്കാറസ്‌റ്റിനെ തോല്‍പ്പിച്ചപ്പോള്‍ ജിയില്‍ ഉക്രൈനില്‍ നിന്നുള്ള ഡൈനാമോ കീവ് ഒരു ഗോളിന് ഫെനര്‍ബാഷിനെ തോല്‍പ്പിച്ചു.
പുതിയ കോച്ച് ജുനാഡെ റാമോസിന് കീഴില്‍ ആദ്യമായി കളിച്ച റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എച്ചില്‍ സെനിത്ത് സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്ഗിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ ബാറ്റെ ബോറിസോവും യുവന്തസും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പാക് പര്യടനം വേണ്ട
മുംബൈ: അടുത്ത മാസത്തെ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം അസാധ്യമായ കാര്യമാണെന്ന് സുനില്‍ ഗവാസ്‌ക്കര്‍. ഇന്ത്യ-പാക്കിസ്‌താന്‍ ബന്ധം വളരെ മോശമായി നില്‍ക്കുന്ന ഈ സമയത്ത് ഇന്ത്യന്‍ ടീമിനെ പാക്കിസ്‌താനിലേക്ക് അയക്കരുതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. നയതന്ത്രപരമായി ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ നല്ല ബന്ധല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാഷ്‌ട്രീയ നേതൃത്ത്വം ഈ കാര്യം തിരിച്ചറിയണം. പാക്കിസ്‌താന്‍ പര്യടനം ഉപേക്ഷിക്കുന്നതാണ് ബുദ്ധി-അദ്ദേഹം വ്യരക്തമാക്കി. ജനുവരി ആറ്‌് മുതല്‍ ഫെബ്രുവരി 19 വരെ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കടുവകള്‍ക്കെതിരെ അജാന്ത കളിക്കില്ല
കൊളംബോ: ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ശ്രീലങ്കക്കായി ഓഫ് സ്‌പിന്നര്‍ അജാന്ത മെന്‍ഡിസ് കളിക്കില്ല. ലങ്കന്‍ ആഭ്യന്തര ലീഗില്‍ ആര്‍മി ഇലവനായി കളിക്കവെ കൈക്കുഴക്ക് പരുക്കേറ്റ അജാന്തയോട് ഡോക്ടര്‍മാര്‍ നാലാഴ്‌ച്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കയാണ്. രണ്ട് ടെസ്‌റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ബംഗ്ലാദേശ് ലങ്കയില്‍ കളിക്കുന്നത്. ടെസ്‌റ്റ് പരമ്പരക്ക് ശേഷം സിംബാബ് വെ കൂടി ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര ഏകദിന ചാമ്പ്യന്‍ഷിപ്പുണ്ട്. ഇതില്‍ അജാന്തക്ക് കളിക്കാനാവും. 2008 ല്‍ രാജ്യാന്തര രംഗത്ത് തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ അജാന്ത ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രം 26 വിക്കറ്റുകളാണ് നേടിയത്.
രണ്ടാം ടെസ്റ്റ് മൊഹാലിയില്‍ തന്നെ
മൊഹാലി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള രണ്ടാം ടെസ്റ്റ് മൊഹാലിയില്‍ തന്നെ നടക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കിയാല്‍ പ്രശ്‌നങ്ങളില്ലാതെ ഇവിടെ കളിക്കാനാവുമെന്നാണ് ഇംഗ്ലീഷ് ബോര്‍ഡിന് ലഭിച്ച റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു പരമ്പരയിലെ രണ്ടാം ടെസ്‌റ്‌് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭീകരവാദികളുടെ ആക്രമണം കാരണം മുംബൈയില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇംഗ്ലണ്ട് അറിയിക്കുകയായിരുന്നു.
കായികമേളക്ക് ഇന്ന് തുടക്കം
ചാലക്കുടി: സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയിലെ ഗെയിംസ് ഇനങ്ങള്‍ക്ക് ഇന്ന് ഏഴ് വേദികളിലായി തുടക്കം. പ്രധാന വേദിയായ കാര്‍മ്മല്‍ സ്റ്റേഡിയം, ചാലക്കുടി സി.എം.ഐ പബ്ലിക് സ്‌ക്കൂള്‍, ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ്, കൊരട്ടി എം.എ.എം.എച്ച്.എസ്, കൊരട്ടി യുനൈറ്റഡ് ക്ലബ്, ചാലക്കുടി കോസ്‌മോസ് ക്ലബ്, ചാലക്കുടി ക്രസന്‍ഡ് പബ്ലിക് സ്‌ക്കൂള്‍ എന്നിവിടങ്ങളിലായാണ് ഗെയിംസ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. 15നാണ് കായിക മേളയുടെ ആകര്‍ഷക ഇനങ്ങളുടെ അരങ്ങേറ്റം.
17 വയസ്സിന് താഴെയുളളവരുടെ ഗെയിംസ് ഇനങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. രാവിലെ 8-30ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പതാക ഉയര്‍ത്തുന്നതോടെയാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. നാളെ 19 വയസ്സിന് താഴെയുളളവരുടെ ഗെയിംസ് മല്‍സരങ്ങള്‍ നടക്കും.
ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലത്തിലുളള കാര്‍മല്‍ സ്‌റ്റേഡിയമാണ് മേളയുടെ പ്രധാന വേദി. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ടെന്നിസ്, ഗുസ്‌തി മല്‍സരങ്ങളാണ് ഇവിടെ നടക്കുന്നത്. വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ഖൊ ഖൊ, ടി.ടി മല്‍സരങ്ങള്‍ സി.എം.ഐ പബ്ലിക് സ്‌ക്കൂളിലാണ് നടക്കുക. ബോള്‍ ബാഡ്‌മിന്റണ്‍ മല്‍സരങ്ങള്‍ക്കാണ് സേക്രട്ട് ഹാര്‍ട്ട് കോളജ് വേദിയാവുന്നത്. ക്രിക്കറ്റ് മല്‍സരങ്ങള്‍ കൊരട്ടി എം.എ.എം.എച്ച് സ്‌ക്കൂളില്‍ നടക്കും.ഹോക്കി മല്‍സരങ്ങള്‍ ക്രസന്‍ഡ് പബ്ലിക് സ്‌ക്കൂളിലാണ് അരങ്ങേറുക.
ക്രിക്കറ്റ്
സ്‌ക്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സ്. ആന്‍ഡ്ര്യൂ സ്‌ട്രോസ്-സി ആന്‍ഡ് ബി -അമിത് മിശ്ര-123, അലിസ്‌റ്റര്‍ കുക്ക്-സി-സഹീര്‍-ബി-ഹര്‍ഭജന്‍-52, ഇയാന്‍ ബെല്‍-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-17, കെവിന്‍ പീറ്റേഴ്‌സണ്‍ -സി ആന്‍ഡ് ബി-സഹീര്‍-4, പോള്‍ കോളിംഗ്‌വുഡ്-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-9, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്-നോട്ടൗട്ട്-18, ആന്‍ഡേഴ്‌സണ്‍-നോട്ടൗട്ട്-2, എക്‌സ്‌ട്രാസ് 4, ആകെ 90 ഓവറില്‍ അഞ്ച് വിക്കറ്റിന് 229. വിക്കറ്റ് പതനം: 1-118 (കുക്ക്), 2-164 (ബെല്‍, 3-180 (പീറ്റേഴ്‌സണ്‍), 4-195 (കോളിംഗ്‌വുഡ്), 5-221 (സ്‌ട്രോസ്). ബൗളിംഗ്: സഹീര്‍ 17-7-36-2, ഇഷാന്ത് 15-2-29-0, ഹര്‍ഭജന്‍ 26-2-67-2, മിശ്ര 20-4-63-1,യുവരാജ് 11-2-22-0, സേവാഗ് 1-0-8-0.
സ്‌ട്രോസിന് സെഞ്ച്വറി, സഹീറിനും ബാജിക്കും രണ്ട് വിക്കറ്റ്, ഇംഗ്ലണ്ട് 5ന് 229.
ചെന്നൈ: പോലീസുകാരെയും കമാന്‍ഡോകളെയും സാക്ഷിയാക്കി നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ പോരാട്ടം ബലാബലം. ആദ്യ രണ്ട്‌് സെഷനുകളില്‍ ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടും മൂന്നും സെഷനില്‍ ഇന്ത്യ തിരിച്ചെത്തി. ആദ്യ ദിവസം സ്‌റ്റംമ്പിന് പിരിയുമ്പോള്‍ ഓപ്പണര്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിന്റെ സെഞ്ച്വറിയില്‍ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് 229 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി സഹീര്‍ഖാനും ഹര്‍ഭജന്‍സിംഗും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഒരു വിക്കറ്റിന് 164 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നുമാണ് ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 229 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നത്.
നവംബര്‍ 26ന് മുംബൈയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്ന് സംജാതമായ പ്രതിസന്ധികള്‍ക്കൊടുവില്‍ ചെപ്പോക്കില്‍ മല്‍സരത്തിന് തുടക്കമായെങ്കിലും ഗ്യാലറികള്‍ ഏറെ കുറെ ശൂന്യമായിരുന്നു. ടീമുകളുടെ സുരക്ഷക്കായി എത്തിയ കമാന്‍ഡോകളും പോലീസും കഴിഞ്ഞാല്‍ മല്‍സരത്തിന് സാക്ഷികളാവാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ വിരലിലെണ്ണാവുന്നവരായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു മല്‍സരം. സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി മൂവായിരത്തോളം സുരക്ഷാപാലകരാണ് രംഗത്തുണ്ടായിരുന്നത്. പ്രതികൂലമായ കാലാവസ്ഥ കളിയെ ബാധിക്കുമോ എന്ന ആശങ്ക അകറ്റി രാവിലെ മുതല്‍ ആകാശം പ്രസന്നമായിരുന്നു. ടോസ് ലഭിച്ച കെവിന്‍ പീറ്റേഴ്‌സണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ തന്നെ തീരുമാനിച്ചപ്പോള്‍ സ്‌ട്രോസും കുക്കും ചേര്‍ന്ന് മനോഹരമായ തുടക്കം ടീമിന് സമ്മാനിച്ചു. 31 കാരനായ സ്‌ട്രോസിനെ ടെസ്‌റ്റ് സ്‌പെഷ്യലിസ്റ്റാക്കി പ്രഖ്യാപിച്ച ഇംഗ്ലീഷ്‌് സെലക്ടര്‍മാരുടെ തീരുമാനം തെറ്റിയില്ലെന്നാണ് അനുഭവസമ്പന്നനായ താരം തെളിയിച്ചത്. സമീപകാലത്തായി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്നതിന്റെ പ്രശ്‌നങ്ങളൊന്നും സ്‌ട്രോസ് കാണിച്ചില്ല. ആറ് മണിക്കൂര്‍ അദ്ദേഹം ക്രീസില്‍ അചഞ്ചലനായി നില കൊണ്ടു. 233 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികളുമായാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്.
ടെസ്‌റ്റ് ക്രിക്കറ്റിന് അനുയോജ്യമായ ബാറ്റിംഗായിരുന്നു സ്‌ട്രോസും കുക്കും തുടക്കം മുതല്‍ കാഴ്‌ച്ചവെച്ചത്. ഏകദിന പരമ്പരയിലെ നാണക്കേട് അകറ്റാന്‍ ഇതിലും വലിയ അവസരമില്ലെന്ന് മനസ്സിലാക്കിയ ഓപ്പണര്‍മാര്‍ പക്ഷേ റണ്‍സ് നേടാന്‍ പ്രയാസപ്പെട്ടു. സഹീറും ഇഷാന്തും നല്‍കിയ തുടക്കത്തിന് ശേഷം ഒമ്പതാം ഓവറില്‍ തന്നെ ക്യാപ്‌റ്റന്‍ ധോണി ഹര്‍ഭജന്‍സിംഗ് പന്ത നല്‍കി. കളി ആദ്യ സെഷന്‍ പിരിയുമ്പോള്‍ വിക്കറ്റ് പോവാതെ 63 റണ്‍സായിരുന്നു ഇംഗ്ലീഷ് സ്‌ക്കോര്‍. ഈ 63 റണ്‍സും ലെഗ് സൈഡിലൂടെയാണ് ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്മാര്‍ നേടിയത് എന്നത് സവിശേഷതയായിരുന്നു. ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ മിശ്രയുടെ പന്തില്‍ സ്‌ട്രോസ് പുറത്തായിരുന്നു. പക്ഷേ അമ്പയര്‍ അനുവദിച്ചില്ല. ഹര്‍ഭജനെ സ്വീപ്പ് ചെയ്യാന്‍ ശ്രമിക്കവെയാണ് കുക്ക് പുറത്തായത്. പന്ത് നേരെ ഉയര്‍ന്നത് സഹീറിന്റെ കരങ്ങളിലേക്ക്. തുടര്‍ന്ന് വന്ന ഇയാന്‍ ബെല്‍ സ്‌ട്രോസിന് ഉറച്ച പിന്തുണ നല്‍കി. ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. അവസാന സെഷന്റെ തുടക്കത്തില്‍ തന്നെ സഹീറിന്റെ റിവേഴ്‌സ് സ്വിംഗില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ബെല്‍ പുറത്തായി. ക്യാപ്‌റ്റന്‍ പീറ്റേഴ്‌സണെ സാക്ഷിനിര്‍ത്തിയാണ് സ്‌ട്രോസ് തന്റെ കരിയറിലെ പതിമൂന്നാം സെഞ്ച്വറി സ്വന്തമാക്കിയത്.
പിറകെ പീറ്റേഴ്‌സണെ സഹീര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. അമ്പയര്‍ ബില്ലി ബൗഡന്റെ തെറ്റായ തീരുമാനത്തില്‍ പോള്‍ കോളിംഗ്‌വുഡും പുറത്തായപ്പോള്‍ മല്‍സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തി. കൂടുതല്‍ വിക്കറ്റ് നഷ്‌ടമാവാതെ പിടിച്ചുനില്‍ക്കാനുളള ഇംഗ്ലീഷ് ശ്രമത്തിന് പക്ഷേ അമിത് മിശ്ര അന്ത്യമിട്ടു, സ്‌ട്രോസിനെ ഹരിയാനക്കാരന്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി. കളി അവസാനിപ്പിക്കുമ്പോള്‍ ഫ്‌ളിന്റോഫും നൈറ്റ് വാച്ച് മാന്‍ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് ക്രീസില്‍.
തേര്‍ഡ് ഐ
ഭീകരതക്കുമേല്‍ ക്രിക്കറ്റ് വിജയിച്ചിരിക്കുന്നു.... നവംബര്‍ 26 നും തുടര്‍ന്നുളള ദിവസങ്ങളിലും മുംബൈയിലുണ്ടായ സംഭവങ്ങളില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കവെ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഭീകരവാദികളെ ഇല്ലായ്‌മ ചെയ്യാന്‍ ലോകം ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌തപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാര്‍ക്ക് ഇങ്ങോട്ട് വരാന്‍ ഭയമായിരുന്നു. ഒടുവില്‍ ഭീകരതയെ തോല്‍പ്പിക്കാന്‍ ക്രിക്കറ്റിന് കഴിയുമെന്ന വിശ്വാസത്തില്‍ കെവിന്‍ പീറ്റേഴ്‌സണും സംഘവുമെത്തിയപ്പോള്‍ സാധ്യമായ ഹ്രസ്വ പരമ്പരക്കായി മഴ മേഘങ്ങളും മാറി നിന്ന കാഴ്‌ച്ചയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ ക്രിക്കറ്റാണ് വിജയിച്ചിരിക്കുന്നത്. പലരും പറഞ്ഞിരുന്നു ക്രിക്കറ്റിന് സമയമായിട്ടില്ലെന്ന്.
മുംബൈ സംഭവവികാസങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ടെസ്റ്റിന് കാണികളില്‍ നിന്ന് കാര്യമായ പിന്തുണയാണ് പ്രതീക്ഷിക്കപ്പെട്ടത്. അഹമ്മദാബാദില്‍ നിശ്ചയിച്ചിരുന്ന മല്‍സരം അവസാന നിമിഷം സുരക്ഷാ കാരണത്താല്‍ ചെന്നൈയിലേക്ക് മാറ്റിയത് തന്നെ ഇവിടെയുളള കാണികളുടെ പിന്തുണ ഉറപ്പിച്ചാണ്. മഴയെ ഭയന്നാവാം കാണികള്‍ അകന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ കാണാനായത് പോലീസുകാരെയും കമാന്‍ഡോകളെയുമാണ്. ഒരു പക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമാവാം ഇത്രയും സുരക്ഷാ പാലകരുടെ സാന്നിദ്ധ്യത്തില്‍ ഒരു മല്‍സരം നടക്കുന്നത്.
ആന്‍ഡ്ര്യൂ സ്‌ട്രോസ് ക്ഷമയുടെ പരിവേഷമായി സെഞ്ച്വറി തികച്ചെങ്കിലും ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യക്കുളളത് തന്നെയാണ്. ഒരു വിക്കറ്റിന് 164 റണ്‍സ് എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്‌ത്താന്‍ ഇന്ത്യക്കായി. സഹീറിന്റെ റിവേഴ്‌സ് സ്വിംഗുകള്‍ ഫലപ്രദമായിരുന്നു. മല്‍സരത്തിന്റെ അവസാനത്തിലേക്ക് പിച്ചില്‍ വിള്ളലുകള്‍ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ സമ്പാദിക്കുകയാണ് ഇന്ത്യക്ക് വിജയത്തിലേക്കുളള എളുപ്പവഴി. ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ ഇനി ഫ്‌ളിന്റോഫ് മാത്രമാണ് ശേഷിക്കുന്നത്. അദ്ദേഹത്തെ പെട്ടെന്ന് പുറത്താക്കാന്‍ കഴിയണം. വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ ഏകദിന ശൈലിക്കാരനാണ്. അദ്ദേഹത്തെ ഭയപ്പെടാനില്ല.
സ്‌ട്രോസിന്റെ ഏകാഗ്രതക്ക് തീര്‍ച്ചയായും മാര്‍ക് നല്‍കണം. കുറെ കാലമായി രാജ്യാന്തര ക്രിക്കറ്റില്‍ സ്‌ട്രോസിനെ കണ്ടിട്ട്. സ്‌റ്റാഫോര്‍ഡ് പരമ്പരയില്‍ കളിച്ചുവെങ്കിലും ഫോം പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന സ്‌ട്രോസിനെ നിര്‍ണ്ണായകമായ പരമ്പരയില്‍ കളിപ്പിച്ചാല്‍ അബദ്ധമാവുമോ എന്ന ഭയം ഇംഗ്ലീഷ് ടീം മാനേജ്‌മെന്റിനുണ്ടായിരുന്നു. ആശങ്കകളെ അസ്ഥാനത്താക്കിയാണ് ആറ് മണിക്കൂറോളം സ്‌ട്രോസ് കളത്തില്‍ നിന്നത്.
ഇംഗ്ലീഷ് നിരയില്‍ മോണ്ടി പനേസര്‍ എന്ന സ്‌പിന്നര്‍ കളിക്കുന്നതിനാല്‍ നാലാം ഇന്നിംഗ്‌സ് ഇന്ത്യക്ക് എളുപ്പമാവില്ല. ആ മുന്‍കരുതലില്‍ കളിച്ചാല്‍ തീര്‍ച്ചയായും മല്‍സരത്തില്‍ പിടിമുറുക്കാന്‍ മഹേന്ദ്രസിംഗ് ധോണിയുടെ സംഘത്തിനാവും.
കിവീസ് പൊരുതുന്നു
ഡുനഡിന്‍: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം പുതിയ കോച്ച് ആന്‍ഡി മോള്‍സിന്റെ തന്ത്രങ്ങളില്‍ ന്യൂസിലാന്‍ഡ് നാല് വിക്കറ്റിന് 226 റണ്‍സ് സ്വന്തമാക്കി. 95 റണ്‍സ് നേടിയ ഡാനിയല്‍ ഫ്‌ളെനാണ് ടോപ് സക്കോറര്‍. റൈഡര്‍ പുറത്താവാതെ 54 റണ്‍സുമായി കളിക്കുന്നു. നിര്‍ണ്ണായകമായ മൂന്നാം നമ്പറില്‍ ഫ്‌ളെന്നിനെ ഇറക്കാനുളള കോച്ചിന്റെ തന്ത്രമാണ് ഫലിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ നിരാശ സമ്മാനിച്ച ബാറ്റിംഗ് നിരക്ക് കരുത്ത് പകരാന്‍ ഫ്‌ളെന്നിനായി. വിന്‍ഡീസിന് വേണ്ടി ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.
No comments:
Post a Comment