Tuesday, December 16, 2008
IT IS THE TURN OF DRAVID
ദ്രാവിഡ് പുറത്തേക്ക്
മൊഹാലി: വെള്ളിയാഴ്‌ച്ച ഇംഗ്ലണ്ടിനെതിരെ ഇവിടെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനം എസ്. ബദരീനാഥിന് നല്‍കാന്‍ വ്യക്തമായ നീക്കങ്ങള്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് പിറകെ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിലും ബാറ്റിംഗില്‍ വന്‍ പരാജയമായ ദ്രാവിഡുമായി കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് ദീര്‍ഘസമയം സംസാരിച്ചിരുന്നു. ആറ് മാസത്തേക്ക്‌് തല്‍ക്കാലം മാറി നില്‍ക്കാനാണ് സെലക്ഷന്‍ കമ്മിറ്റി ഉപദേശിച്ചിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മാറി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് കരുത്ത് തെളിയിക്കാനും നിര്‍ദ്ദേശമുണ്ട്.
1996 ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ദ്രാവിഡിനിപ്പോള്‍ പ്രായം 35 ആണ്. 130 ടെസ്‌റ്റുകളുടെ അനുഭവസമ്പത്തുണ്ടായിട്ടും അദ്ദേഹത്തിന്റെ അവസാന ആറ് ഇന്നിംഗ്‌സുകളില്‍ പിറന്നത് കേവലം 32 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ രണ്ട് ഇന്നിംഗ്‌സിലും നേടിയത് നാല് റണ്‍സ് വീതം. ഓസ്‌ട്രേലിയക്കെതിരെ നാല് മല്‍സരങ്ങളിലും കളിച്ചിട്ടും ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ ദ്രാവിഡിന് കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ ചെയ്യപ്പെട്ട താരങ്ങളുടെ എ ഗ്രേഡ്‌്‌് പട്ടികയില്‍ ദ്രാവിഡിന് സ്ഥാനം നല്‍കിയത് തന്നെ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ മതില്‍ എന്ന വിശേഷണമുളള ബാംഗ്ലൂര്‍കാരനെ പിന്തുണക്കാന്‍ സഹതാരങ്ങള്‍ മാത്രമാണുളളത്. ചെന്നൈ ടെസ്‌റ്റില്‍ രണ്ടാ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയം ഉറപ്പിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദ്രാവിഡിന് പിറകെ ശക്തനായുണ്ട്. ദ്രാവിഡ് വെറും നല്ല താരമല്ല, മഹാനായ താരമാണെന്നും കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ ആര്‍ക്കും വരാമെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ഇതില്‍ പേടിക്കാനില്ല. ചിലപ്പോള്‍ ഫോമിന്റെ ഉത്തംഗുതയിലായിരിക്കും താരങ്ങള്‍. ചിലപ്പോള്‍ ഏറ്റവും താഴെയും. ദ്രാവിഡില്‍ ഇനിയും ക്രിക്കറ്റുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങളാണ് നല്‍കേണ്ടതെന്ന് സച്ചിന്‍ പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 25 സെഞ്ച്വറികളും 53 അര്‍ദ്ധ സെഞ്ച്വറികളും ദ്രാവിഡ് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ ഏത് സമയവും പുറത്താവുമെന്നാണ് തോന്നുക. ദീര്‍ഘകാലം ദ്രാവിഡിനൊപ്പം കളിച്ചവരായ അനില്‍ കുംബ്ലെയും സൗരവ് ഗാംഗുലിയും ഈയിടെയാണ് വിരമിച്ചത്. ഈ സമ്മര്‍ദ്ദവും ദ്രാവിഡിലുണ്ട്. ഏകദിന ടീമില്‍ ഇപ്പോള്‍ അദ്ദേഹമില്ല. ടെസ്‌റ്റില്‍ മാത്രമാണ് അവസരം.
ഇന്‍സ് ബൗള്‍ഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദയനീയ പ്രകടനം തുടരുന്ന ബ്ലാക്‌ബര്‍ണ്‍ റോവേഴ്‌സിന്റെ പരിശീലക കസേരയില്‍ നിന്നും പോള്‍ ഇന്‍സ് ക്ലീന്‍ ബൗള്‍ഡ്...! ഈ സീസണില്‍ ബ്ലാക്‌ബര്‍ണ്‍ ലീഗില്‍ 17 മല്‍സരങ്ങള്‍ കളിച്ചു. ഇതില്‍ മൂന്ന് മല്‍സരത്തില്‍ മാത്രമാണ് ജയിക്കാനായത്. 2008 സെപ്‌തംബര്‍ 27 ന് നടന്ന മല്‍സരത്തില്‍ മൈക്കല്‍ ഓവന്റെ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചതിന് ശേഷം ഇന്‍സും സംഘവും തോല്‍വികളുടെ നിരാളിപ്പിടുത്തത്തിലായിരുന്നു. പത്തൊമ്പതാം സ്ഥാനത്താണ് പോയന്‍ന്റ് ടേബിളില്‍ ക്ലബിന്റെ സ്ഥാനം. ഈ സാഹചര്യത്തില്‍ കോച്ചിനെ മാറ്റുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നാണ് ക്ലബ് ഡയരക്ടര്‍ ബോര്‍ഡിന്റെ നിലപാട്. തന്നെ പുറത്താക്കിയതിനെക്കുറിച്ച് നാല്‍പ്പത്തിയൊന്നുകാരനായ ഇന്‍സ് പ്രതികരിച്ചിട്ടില്ല. ടീമിന്റെ മുന്‍ കോച്ചായിരുന്ന ഗ്രയീം സൗണ്‍സ് ഇന്‍സിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്ലെങ്കില്‍ ശ്രീലങ്ക
കൊളംബോ: പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്ന പക്ഷം കളിക്കന്‍ തയ്യാറാണെന്ന് ശ്രീലങ്ക. അടുത്ത മാസത്തെ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കവെയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ അര്‍ജുന രണതുംഗെ പാക്കിസ്‌താന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വരെ പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ലങ്കയില്‍ നിന്ന് സഹായം തേടിയിട്ടില്ല. ഇന്ത്യ വരുമെന്ന്‌് തന്നെയാണ് അവരുടെ പ്രതീക്ഷ. ലങ്കയെ ഇത് വരെ പാക്കിസ്‌താന്‍ സമീപിച്ചിട്ടില്ലെന്ന് രണതുംഗെ പറഞ്ഞു. എന്നാല്‍ പാക്കിസ്‌താനിലെ സുരക്ഷിതത്വ സജ്ജീകരണങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ ക്ഷണിക്കുന്ന പക്ഷം അവിടെ പോയി കളിക്കാന്‍ പ്രയാസമില്ലെന്നും അര്‍ജുന വ്യക്തമാക്കി. ജനുവരി ആറിനാണ് ഇന്ത്യ-പാക്കിസ്‌താന്‍ പരമ്പര ആരംഭിക്കേണ്ടത്.
അങ്കം തുടങ്ങുകയായി
പെര്‍ത്ത്: ലോക ക്രിക്കറ്റിലെ രണ്ട് അജയ്യര്‍ തമ്മിലുളള, ആവേശകരമാവുന്ന ടെസ്‌റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തിലെ വാക്കയില്‍ തുടക്കം. ലോക റാങ്കിംഗില്‍ ഒന്നാമത് നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക് മുന്നില്‍ ഗ്രയീം സ്‌മിത്തിന്റെ ദക്ഷിണാഫ്രിക്ക കളിക്കുമ്പോള്‍ വാക്കയിലെ ട്രാക്കില്‍ ഇനിയുളള അഞ്ച് ദിവസങ്ങളില്‍ പന്തും ബാറ്റും തമ്മിലുളള വെടിക്കെട്ടിന് തുടക്കമാവും. ഇന്ത്യക്കെതിരായ പരമ്പരയില്‍ നാണംകെട്ടതിന്റെ ക്ഷീണം ന്യൂസിലാന്‍ഡിനെ തരിപ്പണമാക്കി തീര്‍ത്ത കങ്കാരുക്കള്‍ പ്രതീക്ഷയിലാണ്. പരമ്പരയില്‍ മൂന്ന് ടെസ്‌റ്റുകളാണുളളത്. ഇതില്‍ മൂന്നിലും വിജയിക്കുന്നപക്ഷം ഓസ്‌ട്രേലിയയെ പിറകിലാക്കി റാങ്കിംഗില്‍ ഒന്നാമത് വരാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയും. എന്നാല്‍ ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം റാഞ്ചാന്‍ മാത്രം പ്രാപ്‌തി ദക്ഷിണാഫ്രിക്കന്‍ സംഘത്തിനില്ലെന്നാണ് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് വെല്ലുവിളിച്ചിരിക്കുന്നത്.
ഗ്ലെന്‍ മക്‌ഗ്രാത്തും ഷെയിന്‍ വോണുമൊന്നുമില്ലാത്ത ഓസ്‌ട്രേലിയയെ ഭയമില്ലെന്ന് പറഞ്ഞ്‌് ഗ്രയീം സ്‌മിത്തും തിരിച്ചടിച്ചിട്ടുണ്ട്.
സ്‌മിത്തിന്റെ സംഘത്തില്‍ പ്രമുഖരെല്ലാമുണ്ട്. ബാറ്റിംഗിന് കരുത്ത് പകരാന്‍ ക്യാപ്‌റ്റനെ കൂടാതെ എബി ഡി വില്ലിയേഴ്‌സ്, ജാക് കാലിസ്, ഹാംഷിം അംല, ആഷ്‌വെല്‍ പ്രിന്‍സ്, മാര്‍ക്ക് ബൗച്ചര്‍ തുടങ്ങിയവര്‍. ബൗളിംഗില്‍ മക്കായ എന്‍ടിനി, ഡാലെ സ്റ്റിന്‍, എബി മോര്‍ക്കല്‍ തുടങ്ങിയ അതിവേഗക്കാര്‍. വാക്കയിലെ അതിവേഗതയുളള ട്രാക്കില്‍ എന്‍ടിനിയും സ്‌റ്റെനും അപകടകാരികളാണ്.
ഓസീസ് സംഘത്തിന് ബൗളിംഗാണ് വലിയ തലവേദന. ബ്രെട്ട് ലീക്കും മിച്ചല്‍ ജോണ്‍സണും പീറ്റര്‍ സിഡിലിനും സ്‌റ്റിയൂവര്‍ട്ട് ക്ലാര്‍ക്കിനുമൊന്നും എതിരാളികളെ ഞെട്ടിക്കാനുളള കരുത്തില്ല. സ്‌പിന്നര്‍മാരായ ജാസോണ്‍ ക്രെസ്‌ജയാവട്ടെ സ്വന്തം മൈതാനത്ത് വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുമില്ല. ബാറ്റിംഗില്‍ ഓപ്പണറായ മാത്യൂ ഹെയ്‌ഡന്‍ സമീപകാലത്തായി കളി മറന്ന മട്ടാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ദയനീയ പരാജയമായ ഹെയ്‌ഡന് കിവീസിനെതിരായ പരമ്പരയിലും പഴയ കരുത്ത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈമണ്‍ കാറ്റിച്ചിന് സ്ഥിരതയില്‍ കളിക്കാനാവുന്നില്ലെങ്കില്‍ മൈക്കല്‍ ക്ലാര്‍ക്ക്, പോണ്ടിംഗ്, ഹസി എന്നിവര്‍ മാത്രമാണ് പൊരുതുന്നവര്‍.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് ഓസ്‌ട്രേലിയയെ കീഴടക്കാന്‍ ഇത് വരെ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞിട്ടില്ല എന്ന സത്യത്തിലൂന്നിയുള്ള മാനസിക മുന്‍ത്തൂക്കത്തിനാണ് പോണ്ടിംഗും ഓസീ കോച്ച് ടീം നെല്‍സണും ശ്രമിക്കുന്നത്. എന്നാല്‍ ഇന്നലെകളിലെ കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നും തന്റെ ടീം ഏറ്റവും മികച്ച ഫോമിലാണിപ്പോഴെന്നും സ്‌മിത്ത് തിരിച്ചടിക്കുന്നു. ഇത് വരെ ഓസ്‌ട്രേലിയക്ക് മുന്‍കൈ നല്‍കിയിരുന്നവര്‍ മക്‌ഗ്രാത്തും വോണുമായിരുന്നു. അവരെ നേരിടുക എളുപ്പമായിരുന്നില്ല. അവര്‍ക്ക് നല്ല പകരക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക ആരെയും ഭയപ്പെടുന്നില്ലെന്നാണ് സ്‌മിത്ത് പറയുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment