Friday, December 12, 2008

SPIN REPLY

സ്‌ക്കോര്‍ബോര്‍ഡ്‌
ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-സി ആന്‍ഡ്‌ ബി-മിശ്ര-123, കുക്ക്‌-സി-സഹീര്‍-ബി-ഹര്‍ഭജന്‍-52, ബെല്‍-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-17, പീറ്റേഴ്‌സണ്‍-സി ആന്‍ഡ്‌ ബി-സഹീര്‍-4, കോളിംഗ്‌വുഡ്‌-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-9, ഫ്‌ളിന്റോഫ്‌-സി-ഗാംഭീര്‍-ബി-മിശ്ര-18, ആന്‍ഡേഴ്‌സണ്‍-സി-യുവരാജ്‌-ബി-മിശ്ര-19, പ്രയര്‍-നോട്ടൗട്ട്‌-53, സ്വാന്‍-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-1, ഹാര്‍മിസണ്‍-സി-ധോണി-ബി-യുവരാജ്‌-6, പനേസര്‍-എല്‍.ബി,ഡബ്ല്യൂ-ബി-ഇഷാന്ത്‌-6, എക്‌സ്‌ട്രാസ്‌-8, ആകെ 128.4 ഓവറില്‍ 316.
വിക്കറ്റ്‌ പതനം: 1-118 (കുക്ക്‌), 2-164 (ബെല്‍), 3-180 (പീറ്റേഴ്‌സണ്‍), 4-195 (കോളിംഗ്‌വുഡ്‌), 5-221 (സ്‌ട്രോസ്‌), 6-229 (ഫ്‌ളിന്റോഫ്‌), 7-271 (ആന്‍ഡേഴ്‌സണ്‍), 8-277 (സ്വാന്‍), 9-304 (ഹാര്‍മിസണ്‍), 10-316 (പനേസര്‍).
ബൗളിംഗ്‌: സഹീര്‍ 21-9-41-2, ഇഷാന്ത്‌ 19.4-4-32-1, ഹര്‍ഭജന്‍ 38-2-96-3, മിശ്ര 34-6-99-3, യുവരാജ്‌ 15-2-33-1, സേവാഗ്‌ 1-0-8-0.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-സ്വാന്‍-19, സേവാഗ്‌-ബി-ആന്‍ഡേഴ്‌സണ്‍-9, ദ്രാവിഡ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സ്വാന്‍-3,സച്ചിന്‍
വിക്കറ്റ്‌ പതനം: 1-16 (സേവാഗ്‌), 2-34 (ഗാംഭീര്‍), 3-37 (ദ്രാവിഡ്‌).

ക്രിക്കറ്റ്‌
ചെന്നൈ: ഇന്ത്യന്‍ സ്‌പിന്നിന്‌ ഇംഗ്ലീഷ്‌ സ്‌പിന്‍ മറുപടി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സ്‌പിന്‍ മികവില്‍ ഇംഗ്ലണ്ട്‌ ഇന്ത്യയെ വരിഞ്ഞുകെട്ടി. ഇംഗ്ലീഷ്‌ സ്‌ക്കോറായ 316 റണ്‍സിന്‌ മറുപടിയായി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 155 റണ്‍സ്‌ എന്ന നിലയില്‍ ഇന്ത്യ തകരുകയാണ്‌. മുന്‍നിരക്കാരെല്ലാം പുറത്തായി. ധോണിയും ഹര്‍ഭജനുമാണ്‌ ക്രീസില്‍. 37 റണ്‍സ്‌ നേടിയ സച്ചിന്‍ മാത്രമാണ്‌ അല്‍പ്പസമയം പിടിച്ചുനിന്നത്‌. ഇംഗ്ലണ്ടിന്റെ കന്നിക്കാരനായ സ്‌പിന്നര്‍ സ്വാന്‍ രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മോണ്ടി പനേസര്‍ ഒരു വിക്കറ്റ്‌ കരസ്ഥമാക്കി.
ഇംഗ്ലണ്ടിന്റെ 316 റണ്‍സിന്‌ മറുപടി നല്‍കാനിറങ്ങിയ ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ പാളിച്ചകള്‍ പറ്റി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ ടീമിനെ സഹായിച്ചത്‌ ഓപ്പണര്‍മാരായിരുന്നു. വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്‍കിയ തുടക്കത്തിന്റെ കരുത്തില്‍ മധ്യനിരക്ക്‌ സമ്മര്‍ദ്ദമില്ലാതെ കളിക്കാനായെങ്കില്‍ ഇവിടെ ഡല്‍ഹിക്കാരായ ഓപ്പണര്‍മാര്‍ വളരെ പെട്ടെന്ന്‌ തിരിഞ്ഞുനടന്നപ്പോള്‍ സമ്മര്‍ദ്ദം മധ്യനിരയിലായി. ഇംഗ്ലീഷ്‌ നിരയിലെ അതിവേഗക്കരായ മൂന്ന്‌ പേര്‍-സ്റ്റീവ്‌ ഹാര്‍മിസണ്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്നിവര്‍ മനോഹരമായി പന്തെറിഞ്ഞപ്പോള്‍ സേവാഗിന്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ തന്നെ കഴിഞ്ഞില്ല. കന്നി ടെസ്‌റ്റ്‌ കളിക്കുന്ന സ്വാന്‍ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കിയതോടെ ബാറ്റിംഗ്‌ ബാക്ക്‌ ഫൂട്ടിലായി.
ഇതേ മൈതാനത്ത്‌ അവസാനമായി നടന്ന ടെസ്റ്റില്‍ 319 റണ്‍സ്‌ സ്വന്തമാക്കിയ സേവാഗിന്റെ വിക്കറ്റാണ്‌ ഇന്ത്യക്ക്‌ ആദ്യം നഷ്ടമായത്‌. അല്‍പ്പസമയം ക്രീസില്‍ റണ്‍സ്‌ നേടാന്‍ കഴിയാതെ പരുങ്ങി നിന്ന ഓപ്പണര്‍ ആന്‍ഡേഴ്‌സണെ പ്രഹരിക്കാനുളള ശ്രമത്തില്‍ പ്രതിരോധം തകര്‍ന്ന്‌ നഷ്‌ടമായത്‌ നിരാശാജനകമായ കാഴ്‌ച്ചയായിരുന്നു. ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ഇംഗ്ലീഷ്‌ നായകന്‍ പീറ്റേഴ്‌സണ്‍ തന്റെ കന്നിക്കാരനായ സ്‌പിന്നര്‍ സ്വാനിന്‌ പന്ത്‌ നല്‍കിയത്‌ പരമ്പരാഗത ശൈലിയുടെ ഭാഗമായിട്ടായിരുന്നു. അതിവേഗക്കാര്‍ക്ക്‌ വിക്കറ്റ്‌ ലഭിക്കാത്ത സാഹചര്യത്തില്‍ സ്‌പിന്നര്‍ക്ക്‌ നല്‍കുന്ന പതിവ്‌ അവസരം. എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ ആദ്യ പന്തില്‍ തന്നെ സ്വാന്‍ ഗാംഭീറിനെ കൂടുക്കിയതാണ്‌. എന്നാല്‍ ക്ലോസ്‌ ക്യാച്ച്‌ അമ്പയര്‍ ഹാര്‍പ്പര്‍ അംഗീകരിച്ചില്ല. രണ്ടാം പന്തില്‍ പക്ഷേ ഹാര്‍പ്പര്‍ വിരലുയര്‍ത്താന്‍ നിര്‍ബന്ധിതനായിരുന്നു. ഈ ഓവറിലെ അവസാന പന്തില്‍ ദ്രാവിഡിനും തിരിഞ്ഞുനടക്കേണ്ടി വന്നു. റണ്‍സ്‌ നേടാന്‍ പ്രയാസപ്പെടുന്ന മുന്‍ നായകന്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങുകയായിരുന്നു. ഇന്ത്യന്‍ മുന്‍നിരയിലെ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ ലഭിച്ചതോടെ ഇംഗ്ലണ്ടിന്‌ ഊര്‍ജ്ജമായി. അവസാന സെഷനില്‍ അവര്‍ രണ്ടും കല്‍പ്പിച്ചാണ്‌ കളിച്ചത്‌.
രാവിലെ ഇംഗ്ലീഷ്‌ ബാറ്റിംഗിന്‌ കരുത്തായി വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി പുറത്താവാതെ നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തിന്‌ ശേഷം മോശം ബാറ്റിംഗിന്റെ പേരില്‍ ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട പ്രയര്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ഹര്‍ഭജനെയും മിശ്രയെയും കൈകാര്യം ചെയ്യുന്നതില്‍ പക്വതയാണ്‌ കാണിച്ചത്‌. 96 പന്തുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ അര്‍ദ്ധശതകം. ഒരു ബൗണ്ടറി മാത്രമാണ്‌ പിറന്നതും. പക്ഷേ വാലറ്റത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല.
ഇംഗ്ലീഷ്‌ പ്രതീക്ഷകളെല്ലാം ഫ്‌ളിന്റോഫിലായിരുന്നു. കൂറ്റനടിക്കാരനെ നിയന്ത്രിക്കാന്‍ സ്‌പിന്നര്‍മാരാണ്‌ നല്ലതെന്ന്‌ മനസ്സിലാക്കിയ ധോണി മിശ്രക്കാണ്‌ രാവിലെ പന്ത്‌ നല്‍കിയത്‌. ഈ നീക്കം ഫലിക്കുകയും ചെയ്‌തു. 75 പന്തില്‍ നിന്ന്‌ 18 റണ്‍സുമായി ഫ്‌ളിന്റോഫ്‌ പുറത്തായി. മറുഭാഗത്ത്‌ ആന്‍ഡേഴ്‌സണെ ആക്രമിക്കാന്‍ ധോണി ആറ്‌ സ്ലിപ്‌ ഫീല്‍ഡര്‍മാരെ അണിനിരത്തി. പക്ഷേ തീര്‍ത്തും എളുപ്പമുളള ഒരു ക്യാച്ച്‌ ദ്രാവിഡ്‌ വിട്ടതോടെ ആന്‍ഡേഴ്‌സണ്‌ ധൈര്യമായി. പക്ഷേ അധികസമയം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല.

തേര്‍ഡ്‌ ഐ
രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു..... അദ്ദേഹത്തിന്റെ മനസ്സിലും ചിന്തയിലുമെല്ലാം സമ്മര്‍ദ്ദത്തിന്റെ അതിപ്രസരമുണ്ട്‌. പാദചലനങ്ങളിലെ ആ പ്രയാസം-അത്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായി നിന്ന ദ്രാവിഡിന്‌ ഇംഗ്ലീഷുകാര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാനാവുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ അനുഭവസമ്പത്തിന്റെ പക്വത അദ്ദേഹത്തിന്‌ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷ്‌ നിരയിലെ കന്നിക്കാരനായ സ്‌പിന്നര്‍ സ്വാനിന്‌ അദ്ദേഹം വിക്കറ്റ്‌ സമ്മാനിച്ചത്‌ ദയനീയ കാഴ്‌ച്ചയായിരുന്നു. ചിലപ്പോള്‍ അമ്പയര്‍ക്ക്‌ തെറ്റ്‌ പറ്റിയതാവാം. പക്ഷേ അതല്ല കാര്യം-ചായക്ക്‌ തൊട്ട്‌ മുമ്പ്‌്‌ ഒരു പുത്തന്‍ സ്‌പിന്നറെ പാഡ്‌ കൊണ്ട്‌ നേരിടാന്‍ മുതിര്‍ന്ന ദ്രാവിഡിന്റെ നീക്കത്തെ കുട്ടികള്‍ പോലും കളിയാക്കും. ക്രിക്കറ്റില്‍ പ്രത്യേകിച്‌്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഓരോ സെഷനിലും സ്വീകരിക്കുന്ന നിലപാടുണ്ട്‌. സെഷന്റെ തുടക്കത്തില്‍ പക്വതയോടെ ശ്രദ്ധിച്ച്‌ കളിക്കുക. മധ്യത്തില്‍ സാഹചര്യം മനസ്സിലാക്കി ആക്രമിക്കുക. സെഷന്റെ അവസാനത്തില്‍ വിക്കറ്റ്‌ സംരക്ഷിച്ചു നീങ്ങുക. സ്വാന്‍ എന്ന സ്‌പിന്നര്‍ക്ക്‌ കെവിന്‍ പീറ്റേഴ്‌സണ്‍ പന്ത്‌ നല്‍കിയത്‌ വിക്കറ്റ്‌്‌ മോഹിച്ചായിരിക്കില്ല. ഒരു സെഷന്റെ അവസാനത്തെ ഓവര്‍ തന്റെ പുതിയ സ്‌പിന്നര്‍ എങ്ങനെയെറിയുമെന്ന്‌്‌ മനസ്സിലാക്കി അടുത്ത സെഷനിലേക്കുളള തന്ത്രം ആവിഷ്‌ക്കരിക്കാനാണ്‌ പീറ്റേഴ്‌സണ്‍ ശ്രമിച്ചത്‌. അതില്‍ ഗാംഭീറും ദ്രാവിഡും വീണു. ഗാംഭീര്‍ യുവതാരമാണ്‌. ദ്രാവിഡിന്‌ പക്ഷേ മാപ്പ്‌ നല്‍കാനാവില്ല. അദ്ദേഹത്തിന്‌ അനുഭവസമ്പത്തുണ്ട്‌. അനുഭവസമ്പത്തായിരുന്നു കാണിക്കേണ്ടിയിരുന്നത്‌. ഇനിയും ദ്രാവിഡിനെ ടീമില്‍ നിലനിര്‍ത്തുന്നത്‌ ബദരിനാഥിനോടും മുരളി വിജയിനോടും സുരേഷ്‌ റൈനയോടുമെല്ലാം ചെയ്യുന്ന പാതകമായിരിക്കും. വിശ്വസ്‌നതായ സ്ലിപ്‌ ഫീല്‍ഡര്‍ എന്ന ഖ്യാതിയുളള ദ്രാവിഡ്‌ രാവിലെ ആന്‍ഡേഴ്‌സണ്‍ നല്‍കിയ എളുപ്പമുളള ക്യാച്ച്‌ നിലത്തിട്ടതും ആ താരത്തിലെ സമ്മര്‍ദ്ദത്തിന്റെ വലിയ സൂചനയാണ്‌.
മാറ്റ്‌ പ്രയര്‍ എന്ന ഇംഗ്ലീഷ്‌ വിക്കറ്റ്‌ കീപ്പര്‍ അനുഭവസമ്പന്നനായിരുന്നെങ്കില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്‌ വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയുമായിരുന്നു. സ്വന്തം വാലറ്റത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ പ്രയറിനായില്ല. ഇംഗ്ലീഷ്‌ വാലറ്റക്കാരായ ഹാര്‍മിസണും ആന്‍ഡേഴ്‌സണും പനേസര്‍ക്കുമൊന്നും ബാറ്റിംഗില്‍ പരിചയമില്ല. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കാന്‍ പ്രയര്‍ ബാദ്ധ്യസ്ഥനായിരുന്നു. സാധാരണ ഗതിയില്‍ ഒരു റെഗുലര്‍ ബാറ്റ്‌സ്‌മാന്‍ ക്രീസിലുണ്ടെങ്കില്‍ അയാളുടെ ചുമതലയാണ്‌ വാലറ്റക്കാരെ സംരക്ഷിക്കേണ്ടത്‌. ഹാര്‍മിസണെയും പനേസറിനെയുമെല്ലാം ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന്‌്‌ അകറ്റി നിര്‍ത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രയറിന്‌ ടീം ടോട്ടല്‍ ഉയര്‍ത്താന്‍ കഴിയുമായിരുന്നു.
ഈ മല്‍സരത്തിന്‌ ഫലമുണ്ടാവുമെന്നത്‌ തീര്‍ച്ചയാണ്‌. സ്‌പിന്നര്‍മാര്‍ക്കായി കാര്യങ്ങള്‍ മാറുകയാണ്‌. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എട്ട്‌ വിക്കറ്റ്‌്‌ നേടിയതും സ്‌പിന്നര്‍മാരാണ്‌. ഇംഗ്ലീഷ്‌ നിരയില്‍ രണ്ട്‌ സ്‌പിന്നര്‍മാരുണ്ടെന്നതിനാല്‍ ധോണി ജാഗ്രതൈ...

ഇംഗ്ലീഷ്‌്‌ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മല്‍സരങ്ങള്‍: ആസ്‌റ്റണ്‍വില്ല-ബോള്‍ട്ടണ്‍, ലിവര്‍പൂള്‍-ഹള്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി-എവര്‍ട്ടണ്‍, മിഡില്‍സ്‌ ബോറോ-ആഴ്‌സനല്‍, സ്‌റ്റോക്‌-ഫുള്‍ഹാം, സുതര്‍ലാന്‍ഡ്‌-വെസ്റ്റ്‌ ബ്രോം, ടോട്ടന്‍ഹാം-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, വിഗാന്‍-ബ്ലാക്‌ബേര്‍ണ്‍






സച്ചിന്‍-സി ആന്‍ഡ്‌ ബി ഫ്‌ളിന്റോഫ്‌-37, ലക്ഷ്‌മണ്‍-സി ആന്‍ഡ്‌ ബി പനേസര്‍-24, യുവരാജ്‌-സി-ഫ്‌ളിന്റോഫ്‌-ബി-ഹാര്‍മിസണ്‍-14, ധോണി-നോട്ടൗട്ട്‌-24, ഹര്‍ഭജന്‍-നോട്ടൗട്ട്‌-13, എക്‌സ്‌ട്രാസ്‌ 12, ആകെ ആറ്‌ വിക്കറ്റിന്‌ 155. ബൗളിംഗ്‌: ഹാര്‍മിസണ്‍ 8-1-29-1, ആന്‍ഡേഴ്‌സണ്‍ 10-3-26-1, ഫ്‌ളിന്റോഫ്‌ 12-2-26-1, സ്വാന്‍ 7-0-35-2, പനേസര്‍ 8-2-30-1

മഴയില്‍ മുടക്കം
ഡുനഡിന്‍: ന്യൂസിലാന്‍ഡും വിന്‍ഡീസിും തമ്മിലുളള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയില്‍ മുങ്ങി. രണ്ടാം ദിവസം ഒരു പന്ത്‌ പോലുമെറിയാന്‍ കഴിഞ്ഞില്ല. ആദ്യ ദിവസം ബാറ്റിംഗ്‌ ആരംഭിച്ച കിവീസ്‌ നാല്‌ വിക്കറ്റിന്‌ 226 റണ്‍സ്‌ എന്ന നിലയിലാണ്‌. ആദ്യ ദിവസം രാത്രി പെയ്‌ത കനത്ത മഴയില്‍ മല്‍സരവേദിയായ ഡുനഡിനിലെ യുനിവേഴ്‌സിറ്റി ഓവല്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. അമ്പയര്‍ നാല്‌ തവണ പിച്ചില്‍ പരിശോധന നടത്തിയ ശേഷം മല്‍സരം സാധ്യമല്ലെന്ന്‌ വ്യക്തമാക്കുകയായിരുന്നു. ഇന്നും കനത്ത മഴക്ക്‌ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
പാക്‌ പര്യടനം വേണ്ട
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം നിലവിലുളള സാഹചര്യത്തില്‍ സാധ്യമല്ലെന്ന്‌്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം,എസ്‌ ഗില്‍. ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌. എന്നാല്‍ പാക്കിസ്‌താനില്‍ നിന്ന്‌ ഒരു ടീം മുംബൈയിലെത്തി ഇവിടുത്തെ ജനതയെ ആക്രമിക്കുമ്പോള്‍ ഇവിടെ നിന്നും മറ്റൊരു ടീം അവിടെ പോയി ക്രിക്കറ്റ്‌ കളിക്കുന്നത്‌ നല്ലതല്ല. ക്രിക്കറ്റ്‌ എന്നാല്‍ സൗഹൃദത്തിനുളളതാണ്‌. പക്ഷേ ആയിരക്കണക്കിന്‌ സുരക്ഷാ ഭടന്മാര്‍ക്ക്‌ മന്നില്‍ ക്രിക്കറ്റ്‌ നടക്കുന്നതിനോട്‌ തനിക്ക്‌ യോജിപ്പില്ലെന്ന്‌ മന്ത്രി പറഞ്ഞു. അതിനിടെ പരമ്പര സാധ്യമാക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ട്‌ ചെന്നൈയിലെത്തിയിട്ടുണ്ട്‌. അദ്ദേഹം ഇന്ത്യന്‍ ബോര്‍ഡ്‌ പ്രതിനിധികളുമായി സംസാരിക്കും.

No comments: