Tuesday, December 2, 2008

CHRISTY NO.1


പാരീസ്‌: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന പോര്‍ച്ചുഗല്‍ മുന്‍നിരക്കാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയെ തേടി മറ്റൊരു ബഹുമതി. ഫ്രഞ്ച്‌ സോക്കര്‍ മാഗസിന്‍ നല്‍കുന്ന ബാലോണ്‍ ഡിയര്‍ പുരസ്‌ക്കാരത്തിനാണ്‌ റൊണാള്‍ഡോ അര്‍ഹനായിരിക്കുന്നത്‌. സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണക്കായി കളിക്കുന്ന അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി, ലിവര്‍പൂളിന്റെ സ്‌പാനിഷ്‌ താരം ഫെര്‍ണാണ്ടോ ടോറസ്‌, മാഞ്ചസ്‌റ്ററിനായി കളിക്കുന്ന ഇംഗ്ലീഷ്‌ താരം വെയിന്‍ റൂണി, ലിവര്‍പൂളിന്റെ ഇംഗ്ലീഷ്‌ താരം സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ചെല്‍സിയുടെ മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ ലംപാര്‍ഡ്‌ എന്നിവരെ പിന്തള്ളിയാണ്‌ യൂറോപ്യന്‍ ഫുട്‌ബോള്‍ രംഗത്തെ വിഖ്യാതമായ പുരസ്‌ക്കാരം റൊണാള്‍ഡോ സ്വന്തമാക്കിയത്‌. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌ക്കാരം ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്റെ താരം കക്കക്കായിരുന്നു. യൂറോപ്പിലെ പ്രശസ്‌തരായ 96 ഫുട്‌ബോള്‍ പത്രപ്രവര്‍ത്തകരില്‍ 77 പേരുടെ വോട്ടും പോര്‍ച്ചുഗല്‍ താരത്തിനായിരുന്നു.

ഇവന്‍ നമ്പര്‍ വണ്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും ഏറ്റവും മികച്ച താരം കൃസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍. ഫ്രഞ്ച്‌ ഫുട്‌ബോള്‍ മാഗസിന്റെ ബാലോണ്‍ ഡിയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ താരത്തെ അനുമോദിച്ച്‌ സംസാരിക്കവെ വേഗതയിലും തന്ത്രത്തിലും റൊണാള്‍ഡോയെ വെല്ലാന്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ന്‌ ആരുമില്ലെന്ന്‌ ചാള്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക്‌്‌ ശേഷമാണ്‌ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ പുരസ്‌ക്കാരം ഒരു മാഞ്ചസ്‌റ്റര്‍ താരത്തെ തേടിയെത്തുന്നത്‌. 1968 ല്‍ ജോര്‍ജ്ജ്‌ ബെസ്‌റ്റാണ്‌ അവസാനമായി ഈ പുരസ്‌ക്കാരം സ്വന്തമാക്കിയ മാഞ്ചസ്‌റ്റര്‍ താരം. ജോര്‍ജ്‌ ബെസ്‌റ്റില്‍ നിന്നും റൊണാള്‍ഡോയെ വിത്യസ്‌തനാക്കുന്നത്‌ അദ്ദേഹത്തിന്റെ വേഗതയാണെന്ന്‌ 1966 ലെ ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുളള പുരസ്‌ക്കാരം സ്വന്തമാക്കിയ ചാള്‍ട്ടണ്‍ പറഞ്ഞു. ജോര്‍ജ്‌ മികച്ച താരമായിരുന്നു. അദ്ദേഹം കളിക്കുന്നത്‌ കാണാന്‍ നല്ല രസമായിരുന്നു. ശരിക്കും സ്വര്‍ഗ്ഗത്തിലെന്ന പോലെയായിരുന്നു പന്തുമായി ജോര്‍ജ്‌ മുന്നേറുമ്പോഴുളള കാഴ്‌ച്ച. റൊണാള്‍ഡോയുടെ കേളി ശൈലിക്കും സൗന്ദര്യമുണ്ട്‌. പക്ഷേ വേഗതയും കരുത്തുമാണ്‌ പ്ലസ്‌ പോയന്റ്‌-ചാള്‍ട്ടണ്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്ററിനായി 42 ഗോളുകളാണ്‌ റൊണാള്‍ഡോ സ്‌ക്കോര്‍ ചെയ്‌തത്‌. പോര്‍ച്ചുഗല്‍ താരത്തിന്റെ മികവിലാണ്‌ മാഞ്ചസ്‌റ്റര്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും കിരീടം സ്വന്തമാക്കിയത്‌.
ഫ്രഞ്ച്‌ പുരസ്‌ക്കാരത്തിനായി നോമിനേഷന്‍ ലഭിച്ചവരില്‍ യൂറോപ്യന്‍ ക്ലബ്‌ ഫുട്‌ബോളില്‍ കളിക്കുന്ന പ്രമുഖരെല്ലാമുണ്ടായിരുന്നു. ലയണല്‍ മെസ്സിയും ഫെര്‍ണാണ്ടോ ടോറസുമായിരുന്നു. റൊണാള്‍ഡോക്ക്‌ വെല്ലുവിളിയായി ഉണ്ടായിരുന്നത്‌. ജഡ്‌ജിംഗ്‌ പാനലില്‍ അംഗമായ ഡെയ്‌ലി ടെലഗ്രാഫിന്റെ ലേഖകനായ ഹെന്‍ട്രി വിന്റര്‍ യൂറോപ്പിലെയും ലോകത്തിലെയും ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരെന്ന കാര്യത്തില്‍ തനിക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ലെന്നാണ അഭിപ്രായപ്പെട്ടത്‌. ധാരാളം മല്‍സരങ്ങളില്‍ കളിച്ച, ധാരാളം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത റൊണാള്‍ഡോക്ക്‌ മാര്‍ക്ക്‌ നല്‍കുന്നതില്‍ പിശുക്ക്‌ കാട്ടിയില്ലെന്നും അദ്ദേഹം മൂലമാണ്‌ ധാരാളം കുട്ടികള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നതെന്നും വിന്റര്‍ പറഞ്ഞു.
അര്‍ഹിച്ച പുരസ്‌ക്കാരമാണ്‌ റൊണാള്‍ഡോ കരസ്ഥമാക്കിയതെന്ന്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ കോച്ച്‌ സര്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ അഭിപ്രായപ്പെട്ടു. ഒരു സീസണില്‍, അതും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ 42 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുക എന്നത്‌ ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ സ്വാഭാവത്തെക്കുറിച്ച്‌ വിമര്‍ശകര്‍ പറയുന്നതില്‍ കഴമ്പില്ലെന്നും ഫെര്‍ഗൂസണ്‍ കൂട്ടിചേര്‍ത്തു.

ഏറ്റവും മോശമെന്ന്‌ ക്രോ
വെല്ലിംഗ്‌ടണ്‍: അഡലെയ്‌ഡ്‌ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക്‌ മുന്നില്‍ തകര്‍ന്നു തരിപ്പണമായ ന്യൂസിലാന്‍ഡ്‌ ടീമിനെതിരെ മുന്‍ ക്യാപ്‌റ്റന്‍ മാര്‍ട്ടിന്‍ ക്രോയുടെ കനത്ത വിമര്‍ശനം. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മോശമായ മല്‍സര ഫലമാണിതെന്ന്‌ ക്രോ പറഞ്ഞു. അഡലെയ്‌ഡില്‍ മല്‍സരത്തെ രക്ഷപ്പെടുത്താന്‍ അവസരമുണ്ടായിട്ടും എല്ലാവരും വിക്കറ്റ്‌ വലിച്ചെറിയുകയായിരുന്നെന്നും തോല്‍വിക്ക്‌ പ്രധാന ഉത്തരവാദി കോച്ച്‌ ജോണ്‍ ബ്രേസ്‌വെല്ലാണെന്നും ക്രോ തുറന്നടിച്ചു. അഡലെയ്‌ഡില്‍ നാലാം ദിനത്തില്‍ തന്നെ വലിയ തോല്‍വിയാണ്‌ കിവീസ്‌ രുചിച്ചത്‌. ഈ തോല്‍വിയോടെ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ വിന്‍ഡീസിനും പിറകില്‍ ന്യൂസിലാന്‍ഡ്‌ എട്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കയാണ്‌. ബംഗ്ലാദേശും സിംബാബ്‌വെയും മാത്രമാണ്‌ ന്യൂസിലാന്‍ഡിന്‌ പിറകിലുളളവര്‍. അതേ സമയം കിവിസ്‌ ടീമിന്റെ കോച്ചായി ആന്‍ഡി മോളിസ്‌ ഇന്നലെ ചുമതലയേറ്റു.

പരിശീലന മല്‍സരം അബുദാബിയില്‍
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട്‌ ടെസ്റ്റ്‌ പരമ്പര സാധ്യമാവുമെന്ന്‌ ഏകദേശം ഉറപ്പായി. ഇംഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ കനത്ത സുരക്ഷ ഇന്ത്യ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ടീമിനൊപ്പം കമാന്‍ഡോസിനെ വേണമെന്ന ഇംഗ്ലീഷ്‌ നിര്‍ദ്ദ
ശേവും അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ആദ്യ ടെസ്റ്റ്‌ 11ന്‌ ചെന്നൈയില്‍ നടക്കും. രണ്ടാം ടെസ്റ്റ്‌ മൊഹാലിയിലായിരിക്കും. എന്നാല്‍ പരിശീലന മല്‍സരം മിക്കവാറും അബുദാബിയിലായിരിക്കും. ഈ മാസം അഞ്ചിന്‌ ബറോഡയിലാണ്‌ പരിശീലന മല്‍സരം നിശ്ചയിച്ചിരുന്നത്‌.
ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തങ്ങളുടെ സുരക്ഷാ ഉപദേഷ്ടാവായ റോജര്‍ ഡിക്‌സണെ ചെന്നൈയിലേക്ക്‌ അയച്ചിട്ടുണ്ട്‌.
ഡിക്‌സണ്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരമ്പരയുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈകൊളളുക.
ഇംഗ്ലണ്ട്‌ ടീം താമസിക്കുന്ന ഹോട്ടല്‍, സ്‌റ്റേഡിയത്തിലെ ഡ്രസ്സിംഗ്‌ റൂം എന്നിവിടങ്ങളിലായി എപ്പോഴും സഹായത്തിനായി കമാന്‍ഡോകളെ വേണമെന്നാണ്‌ ഇംഗ്ലണ്ട്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. മുംബൈയിലെ താജ്‌ ഹോട്ടല്‍ ഉള്‍പ്പെടെ വലിയ കേന്ദ്രങ്ങളില്‍ സുരക്ഷാ ഭടന്മാരെ കബളിപ്പിച്ച്‌ ഭീകരവാദികള്‍ തേര്‍വാഴ്‌ച്ച നടത്തിയ സാഹചര്യത്തില്‍ അത്യുന്നത സുരക്ഷ നല്‍കിയാല്‍ മാത്രമേ ടീമിനെ അയക്കാനാവു എന്നാണ്‌ ഇംഗ്ലണ്ട്‌ ബോര്‍ഡിന്റെ നിലപാട്‌. സുരക്ഷാ ഉപദേഷ്‌ടാവ്‌ നല്‍കുന്ന റിപ്പോര്‍ട്ടിനെ ആശ്രയിച്ചു മാത്രമായിരിക്കും പരമ്പരയുടെ ഭാവി സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുകയുളളുവെന്നും ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇംഗ്ലീഷ്‌ താരങ്ങളുടെ സംഘടനയും സുരക്ഷാ റിപ്പോര്‍ട്ടിനെ കാത്തിരിക്കയാണ്‌.
ടെസ്‌റ്റ്‌ പരമ്പരക്കായി വരുന്ന ഇംഗ്ലീഷ്‌ ടീമില്‍ മൂന്ന്‌ സീനിയര്‍ താരങ്ങള്‍ ഉണ്ടാവില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഏകദിന പരമ്പരക്കിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്റെ കാര്യത്തില്‍ സംശയമുണ്ട്‌. സീനിയര്‍ ഫാസ്റ്റ്‌ ബൗളര്‍ സ്റ്റീവന്‍ ഹാര്‍മിസണ്‍,ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ എന്നിവരും ഇന്ത്യയിലേക്കുണ്ടാവില്ല.

ലിവര്‍പൂളിന്‌ സമനില, നഷ്‌ടം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വന്‍കുതിപ്പ്‌ നടത്താനുള്ള അവസരം ലിവര്‍പൂള്‍ നഷ്ടമാക്കി. ഇന്നലെ നടന്ന മല്‍സരത്തില്‍ ദുര്‍ബലരായ വെസ്റ്റ്‌ ഹാമിന്‌ മുന്നില്‍ ഗോള്‍രഹിത സമനില വഴങ്ങിയത്‌ വഴി ലഭിച്ച ഒരു പോയന്റില്‍ അവര്‍ക്ക്‌ ടേബിളില്‍ ചെല്‍സിയെ പിറകിലാക്കി ഒന്നാം സ്ഥാനത്ത്‌ വരാനായെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ പിടിമുറുക്കാനുളള അവസരം ഉപയോഗപ്പെടുത്താനായില്ല.
ഒന്നാം സ്ഥാനത്ത്‌ കുതിക്കുകയായിരുന്ന ചെല്‍സി ഈയാഴ്‌ച്ച സ്വന്തം മൈതാനമായ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ആഴ്‌സനലിന്‌ മുന്നില്‍ നാടകീയമായി തോറ്റപ്പോള്‍ ആ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ലിവര്‍പൂളിന്‌ കഴിയുമെന്നാണ്‌ കരുതിയത്‌. പക്ഷേ ആന്‍ഫീല്‍ഡില്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന്റെ പിന്തുണയില്‍ റാഫേല്‍ ബെനിറ്റസിന്റെ സംഘം തീര്‍ത്തും നിരാശപ്പെടുത്തി.
തുടക്കം മുതല്‍ തന്നെ ലിവര്‍പൂള്‍ സമ്മര്‍ദ്ദമുണ്ടാക്കിയാണ്‌ കളിച്ചത്‌. വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച്‌ കിരീടത്തിലേക്കുളള യാത്ര എളുപ്പമാക്കുക എന്നത്‌ മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യം. ഇത്‌ മനസ്സിലാക്കി തന്നെ വെസ്റ്റ്‌ ഹാം പ്രതിരോധത്തില്‍ അമിത ജാഗ്രത കാട്ടി. ജിയാന്‍ ഫ്രാങ്കോ സോള പരിശീലിപ്പിച്ച വെസ്റ്റ്‌ ഹാമിന്‌ വിജയപ്രതീക്ഷയുണ്ടായിരുന്നില്ല. പ്രമുഖരായ പ്രതിയോഗികളെ വിറപ്പിച്ചുനിര്‍ത്തുക എന്നത്‌ മാത്രമായിരുന്നു അവരുടെ ഗെയിം പ്ലാന്‍.

ഇനി കരുത്തരുടെ ബലാബലം
പെര്‍ത്ത്‌: ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും തമ്മിലുളള ടെസ്റ്റ്‌്‌ പരമ്പരക്ക്‌ 17ന്‌ ഇവിടെ തുടക്കം. സ്വന്തം തട്ടകത്ത്‌ ന്യൂസിലാന്‍ഡിനെതിരായ രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയില്‍ തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസം തിരിച്ചുപിടിച്ച ഓസ്‌ട്രേലിയക്ക്‌ ശക്തരായ പ്രതിയോഗികളാണ്‌ ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ മികച്ച വിജയം കരസ്ഥമാക്കി റാങ്കിംഗില്‍ ഇന്ത്യയെ പിറകിലാക്കി രണ്ടാമതെത്തിയ ദക്ഷിണാഫ്രിക്കന്‍ നിരയിലെ പ്രബലരെല്ലാം ഫോമില്‍ കളിക്കുന്നുവെന്നത്‌ പരമ്പരക്ക്‌ കൂടുതല്‍ ആവേശം പകരും.
വന്‍ പരാജയമായി കലാശിച്ച ഇന്ത്യന്‍ പര്യടനം മറക്കാനാണ്‌ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത്‌. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ കിവിസീനെതിരായ പരമ്പരയിലൂടെ ടീമിലെ പലരും ഫോമില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസം കോച്ച്‌ ടീം നെല്‍സണ്‍ പ്രകടിപ്പിച്ചു. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍, മൈക്കല്‍ ക്ലാര്‍ക്‌ എന്നിവര്‍ സെഞ്ച്വറികളുമായി ഫോമിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തിയ ബ്രെട്ട്‌ ലീ അഡലെയ്‌ഡ്‌ ടെസ്റ്റില്‍ മാത്രം ഒമ്പത്‌ വിക്കറ്റാണ്‌ കരസ്ഥമാക്കിയത്‌. മിച്ചല്‍ ജോണ്‍സണും താളം വീണ്ടെടുത്തിരിക്കുന്നു. ഈ കരുത്ത്‌ ദക്ഷിണാഫ്രിക്കക്കെതിരെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ്‌ ഓസീസ്‌ കോച്ച്‌ വിശ്വസിക്കുന്നത്‌.
എന്നാല്‍ റണ്‍സ്‌ നേടാന്‍ വിഷമിക്കുന്ന മാത്യൂ ഹെയ്‌ഡന്‍, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ എന്നിവരെ കേന്ദ്രീകരിച്ച്‌ ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്‌ ദക്ഷിണാഫ്രിക്കന്‍ തന്ത്രം. ഇന്ത്യന്‍ പര്യടനത്തിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും റണ്‍സ്‌ നേടാന്‍ പ്രയാസപ്പെട്ട ഹെയ്‌ഡന്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്‌. വിവാദങ്ങള്‍ക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തിയ സൈമണ്ട്‌സ്‌ പുതിയ വിവാദത്തില്‍ പ്രതിയാവുക മാത്രമല്ല റണ്‍സ്‌ നേടുന്നതിലും പരാജിതനായി. ഈ ഘടകങ്ങള്‍ ഉപയോഗപ്പെടുത്താനാണ്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌്‌ മിക്കി ആര്‍തര്‍ തന്റെ താരങ്ങളെ ഉപദേശിക്കുന്നത്‌.
മൂന്ന്‌ ടെസ്റ്റുകളാണ്‌ പരമ്പരയിലുളളത്‌. 2006 ലെ ശ്രീലങ്കന്‍ പര്യടനത്തിന്‌ ശേഷം തോല്‍വികള്‍ അറിയാത്തവരാണ്‌ ഗ്രയീം സ്‌മിത്തിന്റെ ദക്ഷിണാഫ്രിക്കന്‍ സംഘം. സ്‌മിത്തിനെ കൂടാതെ ഹാഷിം അംല, നീല്‍ മക്കന്‍സി, ആഷ്‌വെല്‍ പ്രിന്‍സ്‌, എബി ഡിവില്ലിയേഴ്‌സ്‌ എന്നിവരെല്ലാം കരുത്തരാണ്‌. ബൗളിംഗ്‌ നിരക്ക്‌ ശക്തി പകരാന്‍ ഡാലെ സ്റ്റെന്‍, മക്കായ എന്‍ടിനി, മോര്‍ണെ മോര്‍ക്കല്‍ എന്നിവരെല്ലാമുണ്ട്‌.

ഇര്‍ഫാന്‍ സഹോദരങ്ങളുടെ കരുത്തില്‍ ബറോഡ
മുംബൈ: സഹോദരന്മാരായ ഇര്‍ഫാന്‍ പത്താന്റെയും യൂസഫ്‌ പത്താന്റെയും ഓള്‍ റൗണ്ട്‌ മികവില്‍ മഹാരാഷ്ട്രക്കെതിരായ രഞ്‌ജി മല്‍സരത്തില്‍ ബറോഡക്ക്‌ നാല്‌ വിക്കറ്റിന്റെ മികച്ച വിജയം. രണ്ട്‌ ഇന്നിംഗ്‌സിലും പന്ത്‌ കൊണ്ടും ബാറ്റ്‌ കൊണ്ടും സഹോദരങ്ങള്‍ പ്രകടിപ്പിച്ച മികവിന്‌ പിന്തുണയായി ഇന്ത്യന്‍ താരം മുനാഫ്‌ പട്ടേലും പന്തെറിഞ്ഞപ്പോള്‍ ബറോഡക്ക്‌ സീസണിലെ ആദ്യ വിജയമാണ്‌ ലഭിച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ 305 റണ്‍സാണ്‌ ബറോഡ നേടിയത്‌. ഇതില്‍ 58 റണ്‍സ്‌ യൂസഫിന്റെയും 51 റണ്‍സ്‌ ഇര്‍ഫാന്റെയും സംഭാവനയായിരുന്നു. മറുപടിയില്‍ മഹാരാഷ്ട്ര 228 റണ്‍സിന്‌ പുറത്തായി. 54 റണ്‍സ്‌ മാത്രം വഴങ്ങി ഇര്‍ഫാന്‍ അഞ്ച്‌ വിക്കറ്റുകളാണ്‌ നേടിയത്‌. രണ്ടാം ഇന്നിംഗ്‌സില്‍ മഹാരാഷ്ട്ര കൂടുതല്‍ മികച്ച പ്രകടനം നടത്തി 303 റണ്‍സ്‌ നേടിയപ്പോള്‍ ബറോഡക്ക്‌ വിജയിക്കാന്‍ 229 റണ്‍സ്‌ ആവശ്യമായി. നിര്‍ണ്ണായക ഘട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി യൂസഫ്‌ കളം നിറഞ്ഞു. ഇര്‍ഫാന്‍ പുറത്താവാതെ 50 റണ്‍സും നേടി.

എസ്‌.ബി.ടി നാളെ ഡെംപോയുമായി
ബാംഗ്ലൂര്‍: മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ നാളെ തുടക്കം. ആദ്യ മല്‍സരത്തില്‍ ഐ ലീഗ്‌ ജേതാക്കളും ഏ.എഫ്‌.സി കപ്പ്‌ സെമി ഫൈനലിസ്‌റ്റുകളുമയ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ കേരളത്തിന്റെ ഏക പ്രതിനിധികളായ എസ്‌.ബി.ടിയെ നേരിടുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡ്‌ മുംബൈ എഫ്‌.സിയെ എതിരിടും. യോഗ്യതാ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ എസ്‌.ബി.ടിയുടെ നിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുണ്ട്‌. പക്ഷേ വിദേശ താരങ്ങളുടെ കരുത്തില്‍ ഡെംപോ അജയ്യരാണ്‌. ഡെംപോ കരുത്തരായ പ്രതിയോഗികളാണെങ്കിലും പൊരുതികളിക്കാന്‍ തന്റെ ടീമിനാവുമെന്ന്‌ എസ്‌.ബി.ടി കോച്ച്‌ വി.പി ഷാജി പറഞ്ഞു.

No comments: