Tuesday, December 9, 2008

RAIN TERROR




മഴ ഭീഷണി
ചെന്നൈ: നാളെ ഇവിടെ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ ഒന്നാം ടെസ്‌റ്റിന്‌ മഴ ഭീഷണി. ഇന്നലെ തകര്‍ത്ത്‌ പെയ്‌ത മഴയില്‍ ചിദംബരം സ്‌റ്റേഡിയത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്‌. കനത്ത സുരക്ഷക്കിടയില്‍ നടക്കുന്ന മല്‍സരത്തിന്‌ മികച്ച പ്രതികരണം ലഭിച്ചു വരവെയാണ്‌ മഴയുടെ ഭീഷണി. ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ അല്‍പ്പസമയം പരിശീലനം നടത്തി. ഇംഗ്ലീഷ്‌ ടീമും പരിശീലനത്തിനിറങ്ങി. കാലാവസ്ഥാ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്നും നാളെയും ഇടിയോട്‌ കൂടിയ മഴക്കാണ്‌ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ട്‌ ദിവസങ്ങളില്‍ ശക്തി പ്രാപിക്കുന്നതിനാല്‍ മഴ ഉറപ്പാണെന്നാണ്‌ കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്‌. എന്നാല്‍ വെള്ളിയാഴ്‌ച്ച മുതല്‍ പ്രസന്നമായിരിക്കും കാലാവസ്ഥ. കനത്ത മഴ പെയ്‌താല്‍ അത്‌ പിച്ചിനെ ബാധിക്കുമെന്നാണ്‌ ഗ്രൗണ്ട്‌്‌സ്‌മാന്‍ കെ.പാര്‍ത്ഥസാരഥി പറയുന്നത്‌.
നൂറ്‌ കണക്കിന്‌ കമാന്‍ഡോകളുടെ അകമ്പടിയിലാണ്‌ താരങ്ങളും അവര്‍ താമസിക്കുന്ന ഹോട്ടലും സ്‌റ്റേഡിയവും. മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പരമ്പര റദ്ദാക്കപ്പെടുമെന്ന ഭീഷണിയില്‍ നിന്നും കനത്ത സുരക്ഷ ഇന്ത്യ വാഗ്‌ദാനം ചെയ്‌ത സാഹചര്യത്തിലാണ്‌ ഇംഗ്ലീഷ്‌ ടീം ഇവിടെയെത്തിയത്‌. തിങ്കളാഴ്‌ച്ച രാത്രി അബുദാബിയില്‍ നിന്നും ഇവിടെയെത്തിയ കെവിന്‍ പീറ്റേഴ്‌സണും സംഘവും ഏകദിന പരമ്പരയിലെ നിരാശ ടെസ്‌റ്റ്‌ പരമ്പരയിലൂടെ അകറ്റാനാവുമെന്ന പ്രതീക്ഷയിലാണ്‌. ഏഴ്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ അഞ്ച്‌ മല്‍സരങ്ങളിലും ഇംഗ്ലണ്ട്‌ തകര്‍ന്നിരുന്നു. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
സ്റ്റേഡിയത്തിലും ഹോട്ടലിലുമെല്ലാം കമാന്‍ഡോകള്‍ തങ്ങളെ അനുഗമിക്കുന്നത്‌ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മല്‍സരം ആരംഭിച്ചു കഴിഞ്ഞാല്‍ എല്ലാം പഴയ നിലയിലാവുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്ന്‌ ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ ആന്‍്‌ഡ്ര്യൂ ഫ്‌ളിന്റോഫ്‌ പറഞ്ഞു. 2002 ലെ പര്യടനത്തിലും ഇതേ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ടീമിലെ പുതിയ താരങ്ങള്‍ക്ക്‌ ഇത്‌ പുതിയ അനുഭവമായിരിക്കും. മല്‍സരം ആരംഭിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ നിങ്ങള്‍ പന്തെറിയുമ്പോള്‍, അല്ലെങ്കില്‍ ഹര്‍ഭജന്‍സിംഗിനെ പ്രഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആവേശം ഭീതിയെ അകറ്റുമെന്നാണ്‌ ഫ്രെഡ്ഡി കരുതുന്നത്‌. ക്രിക്കറ്റിന്‌ വളരെ പിന്തുണ ലഭിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാന്‍ അതിനാല്‍ തന്നെ എല്ലാവരും പ്രതിഞ്‌ജാബദ്ധരാണ്‌. ഇന്ത്യയില്‍ എത്താന്‍ പ്രകടിപ്പിച്ച ധൈര്യം മൈതാനത്തും പ്രകടിപ്പിക്കാനായാല്‍ പരമ്പരയില്‍ വിജയം വരിക്കാനാവുമെന്ന്‌ ഫ്രെഡ്ഡി പറഞ്ഞു.
ഏകദിന പരമ്പര റദ്ദാക്കി നാട്ടിലേക്ക്‌ മടങ്ങിയ ഫ്‌ളിന്റോഫും സീനിയര്‍ ബൗളര്‍ സ്‌റ്റീവന്‍ ഹാര്‍മിസണും ഇന്ത്യയിലേക്ക്‌ തിരിച്ചുവരില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്‌. എന്നാല്‍ രാജ്യത്തിന്‌ വിജയം സമ്മാനിക്കാനാണ്‌ താന്‍ എത്തിയിരിക്കുന്നതെന്നും ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താനാവുമെന്നും അദ്ദേഹം പറഞഞു. ടീമിന്‌ വേണ്ടിയാണ്‌ ഞാന്‍ വരാന്‍ തീരുമാനിച്ചത്‌. ഇന്ത്യന്‍ പര്യടനത്തിന്റെ പേരില്‍ ടീമില്‍ ഭിന്നിപ്പ്‌ പാടില്ല. ഏകദിന പരമ്പരയില്‍ ഞങ്ങള്‍ തോറ്റെങ്കില്‍ പോലും ടീമിന്‌ ആത്മവിശ്വാസമുണ്ട്‌-ഫ്‌്‌ളിന്റോഫ്‌്‌ പറഞ്ഞു.

പോലീസ്‌ ക്രിക്കറ്റ്‌
ചെന്നൈ: നാളെ ആരംഭിക്കുന്നത്‌ പോലീസ്‌-കമാന്‍ഡോ മേള.... ഇന്ത്യ-ഇംഗ്ലണ്ട്‌ ഒന്നാം ടെസ്‌റ്റ്‌ വേദിയായ ചെന്നൈയിലും ചെപ്പോക്കിലും കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കമാന്‍ഡോകളും പോലീസും ഉള്‍പ്പെടെ മൊത്തം അയ്യായിരത്തിലധികം സുരക്ഷാ പാലകരെയാണ്‌ മല്‍സരത്തിനായി അണിനിരത്തിയിരിക്കുന്നത്‌. മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കനത്ത സുരക്ഷ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രത്യേക താല്‍പ്പര്യമെടുത്താണ്‌ സരക്ഷയില്‍ അതീവ ജാഗ്രത പാലിക്കുന്നത്‌. ടീമുകള്‍ താമസിക്കുന്ന ഹോട്ടലിനകത്ത്‌ മാത്രം 300 കമാന്‍ഡോകളെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഹോട്ടലിന്‌ പുറത്ത്‌്‌ ആയിരം പോലീസുകാരുണ്ട്‌. ഹോട്ടലില്‍ നിന്ന്‌ സ്‌റ്റേഡിയത്തിലേക്കുളള റോഡിലും കനത്ത കാവലാണ്‌. മല്‍സരം നടക്കുന്ന ചെപ്പോക്കില്‍ 2000 പോലീസുകാരെയാണ്‌ വിന്യസിച്ചിരിക്കുന്നതെന്ന്‌ ചെന്നൈ പോലീസ്‌ ജോ. കമ്മീഷണര്‍ പി.ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.


വാചകമടിക്കും തയ്യാര്‍
പെര്‍ത്ത്‌്‌: ലോക ക്രിക്കറ്റിലെ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ തമ്മിലുളള തകര്‍പ്പന്‍ പരമ്പരക്ക്‌ അടുത്തയാഴ്‌്‌ച്ച തുടക്കമാവും മുമ്പ്‌ വാചകമടിക്ക്‌ നേരത്തെ തുടക്കം. ദക്ഷിണാഫ്രിക്കയെ പേടിയില്ലെന്നും അവരെ വീഴ്‌ത്താനുളള വഴികള്‍ നന്നായി അറിയാമെന്നും ഓസ്‌ട്രേലിയന്‍ കോച്ച്‌ ടീം നെല്‍സണ്‍ അഭിപ്രായപ്പെട്ടതിന്‌ പിന്നാലെ ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌ വാചകമടിയിലും തന്റെ ടീം പിറകില്ലല്ല എന്ന മുന്നറിയിപ്പ്‌ ലോക ചാമ്പ്യന്മാര്‍ക്ക്‌ നല്‍കിക്കഴിഞ്ഞു. വാക്കയില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മല്‍സരത്തിനായി കരുത്തോടെയാണ്‌ തന്റെ ടീം ഒരുങ്ങുന്നതെന്നും പരമ്പര ചിലപ്പോള്‍ വാചകമടി മേളയായാല്‍ അതിശയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയന്‍ കോച്ച്‌ തന്നെ വാചകമടിക്ക്‌ തുടക്കമിട്ടിട്ടുണ്ട്‌്‌. മൈതാനത്താണ്‌ ശരിക്കും പോരാട്ടം നടക്കേണ്ടത്‌. വാചകമടിച്ചത്‌ കൊണ്ട്‌ എന്തെങ്കിലും കാര്യമുണ്ടോയെന്ന്‌ തനിക്ക്‌ വിശ്വാസമില്ലെന്നും സ്‌മിത്ത്‌ പറഞ്ഞു. ക്രിക്കറ്റ്‌ മാന്യന്മാരുടെ ഗെയിമാണ്‌. പരസ്‌പരം ബഹുമാനിക്കുന്നതായിരിക്കും ബുദ്ധി. എല്ലാവര്‍ക്കും ഗെയിമിനെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. ആ ധാരണയില്‍ കളിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ല.
ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പരക്ക്‌ എന്നും എരിവ്‌ പകര്‍ന്നിട്ടുളള താരമാണ്‌ ഷെയിന്‍ വോണ്‍. അദ്ദേഹം ഇത്തവണ ഇല്ലാത്തത്‌ തന്റെ ടീമിന്‌ ഗുണം ചെയ്യുമെന്നാണ്‌ സ്‌മിത്ത്‌ കരുതുന്നത്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ടീം എത്തിയിരിക്കുന്നത്‌ വിജയങ്ങളുടെ കരുത്തുമായാണ്‌. ടീം കളിച്ച കഴിഞ്ഞ ഒമ്പത്‌ പരമ്പരകളില്‍ എട്ടിലും ദക്ഷിണാഫ്രിക്കയാണ്‌ വിജയിച്ചത്‌. ഓസ്‌ട്രേലിയയാവട്ടെ ഇന്ത്യക്കെതിരായ പരമ്പരയില്‍ തപ്പിതടഞ്ഞ്‌ മലര്‍ന്നുവീണിരുന്നു.
അടുത്ത ബുധനാഴ്‌്‌ച്ചയാണ്‌ ആദ്യ ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. അതിന്‌ മുമ്പായി നാളെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന മല്‍സരവും വെള്ളിയാഴച്ച മുതല്‍ ദ്വിദിന മല്‍സരത്തിലും ദക്ഷിണാഫ്രിക്ക കളിക്കുന്നുണ്ട്‌്‌.
കൊക്കൈന്‍ കടത്ത്‌
ലണ്ടന്‍:നിരോധിക്കപ്പെട്ട ഉത്തേജകങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതിന്‌ മുന്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റര്‍ ക്രിസ്‌ ലൂയിസ്‌ പിടിയില്‍. നാല്‌ കിലോഗ്രാം കൊക്കൈനുമായി അദ്ദേഹത്തെ ഇന്നലെ ഗാറ്റ്‌വിസ്‌ക്‌ എയര്‍പ്പോര്‍ട്ടില്‍ നിന്നും പോലീസ്‌ പിടികൂടുകയായിരുന്നു. ഇംഗ്ലണ്ടിനായി 32 ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ചിട്ടുളള നാല്‍പ്പതുകാരനായ ലൂയിസ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌്‌ കോച്ചായി പ്രവര്‍ത്തിച്ചുവരുകയാണ്‌. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലവരുന്ന കൊക്കൈയിന്‍ വിന്‍ഡീസിലെ സെന്റ്‌ ലൂസിയയില്‍ നിന്നുമെത്തിയ വിമാനത്തില്‍ നിന്നാണ്‌ പിടിച്ചത്‌. കരിബീയയില്‍ നിന്നും ക്രിസ്‌ ലൂയിസിന്‌ വേണ്ടിയാണ്‌ കൊക്കൈയിന്‍ എത്തിയതെന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയത്‌. മറ്റൊരു താരത്തെ കൂടി കേസില്‍ പിടിച്ചിട്ടുണ്ട്‌.

യൂസഫിനെതിരെ കേസില്ല
മുംബൈ: പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ മുഹമ്മദ്‌ യൂസഫിനെതിരായ കേസ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ (ഐ.സി.എല്‍) അധികാരികള്‍ പിന്‍വലിച്ചു. കഴിഞ്ഞ സീസണില്‍ ഐ.സി.എല്ലുമായി കരാര്‍ ഒപ്പിട്ട യൂസഫ്‌ ഐ.പി. എല്ലില്‍ കളിക്കാന്‍ തയ്യാറായാത്‌ വിവാദമാവുകയും ഐ.സി.എല്ലുകാര്‍ കേസ്‌ നല്‍കുകയുമായിരുന്നു. കേസ്‌ കാരണം ഐ.പി.എല്ലില്‍ കളിക്കാന്‍ യൂസഫിന്‌ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ ഐ.സി.എല്ലില്‍ കളിക്കാന്‍ യൂസഫ്‌ തയ്യാറായ സാഹചര്യത്തിലാണ്‌ കേസ്‌ പിന്‍വലിക്കുന്നത്‌. കേസില്‍ യൂസഫിന്‌ വേണ്ടി വാദിച്ചിരുന്നത്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡായിരുന്നു. ഐ.സി.എല്ലുമായി യൂസഫ്‌ കാര്‍ ഒപ്പിട്ടതിനാല്‍ പി.സി.ബി അദ്ദേഹത്തെ വിലക്കിയിരിക്കയാണ്‌. ഈ സാഹചര്യത്തില്‍ കേസുമായി മുന്നോട്ട്‌ പോവാന്‍ പി.സി.ബിക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല.

ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ എട്ട്‌ മല്‍സരങ്ങള്‍. അവ ഇപ്രകാരം: സെല്‍റ്റിക്‌ - വില്ലാ റയല്‍ (ഗ്രൂപ്പ്‌ ഇ), ഡൈനാമോ കീവ്‌-ഫെനര്‍ബാഷെ (ഗ്രൂപ്പ്‌ ജി), എഫ്‌.സി പോര്‍ട്ടോ-ആഴ്‌സനല്‍ (ഗ്രൂപ്പ്‌ ജി), യുവന്തസ്‌-ബാറ്റി ബോറീസോവ്‌ (ഗ്രൂപ്പ്‌ എച്ച്‌), ലിയോണ്‍-ബയേണ്‍ മ്യൂണിച്ച്‌ (ഗ്രൂപ്പ്‌ എഫ്‌), മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ -എ.എ.ബി (ഗ്രൂപ്പ്‌ ഇ), റയല്‍ മാഡ്രിഡ്‌-സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗ്‌ (ഗ്രൂപ്പ്‌ എച്ച്‌), സ്‌റ്റിയൂവ ബുക്കാറസ്റ്റി-ഫിയോറന്റീന (ഗ്രൂപ്പ്‌ എഫ്‌)

ചിത്രം
കൊച്ചിയില്‍ നടന്ന ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കോഴിക്കോട്‌ യൂനിവേഴ്‌സല്‍ സോക്കര്‍ ടീം. കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ ടീം കേരളത്തെ പ്രതിനിധീകരിക്കും.

എസ്‌.ബി.ടിക്ക്‌ സമനില
കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ്‌.ബി.ടി തിരുവനന്തപുരത്തിന്‌ രണ്ടാം സമനില. ഇന്നലെ നടന്ന മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡുമായുളള കളി 2-2 ല്‍ അവസാനിച്ചു. ക്യാപ്‌റ്റന്‍ ഹക്കീം, കണ്ണന്‍ എന്നിവരാണ്‌ എസ്‌.ബി.ടിയുടെ ഗോളുകള്‍ നേടിയത്‌. എസ്‌.ബി.ടിയുടെ ഗ്രൂപ്പില്‍ നിന്ന്‌ നേരത്തെ തന്നെ ഡെംപോ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. ഇന്നലെ നടന്ന ഡെംപോ-എഫ്‌.സി മുംബൈ മല്‍സരം 1-1 ല്‍ അവസാനിച്ചു. എസ്‌.ബി.ടി., മുംബൈ എഫ്‌.സി, ചിരാഗ്‌ ടീമുകള്‍ പുറത്തായി.

1 comment:

Rejeesh Sanathanan said...

ഇന്ത്യ തിണ്ണമിടുക്ക് കാണിക്കും...അതിന് ഇന്ത്യയെ കഴിഞ്ഞെ ഉള്ളൂ ആരും......