കടുവകള്‍ പുലികളായി.
മിര്‍പ്പൂര്‍: ഒരു മാസം മുമ്പ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ നടന്ന ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സ് അല്‍പ്പം നേരത്തെ ഡിക്ലയര്‍ ചെയ്‌തത് വഴി ഇന്ത്യക്ക് വിജയം സമ്മാനിച്ചതിന്റെ വേദന ഇപ്പോഴും കെവിന്‍ പീറ്റേഴ്‌സന്റെ മനസ്സിലുണ്ടാവും. അന്ന് പീറ്റേഴ്‌സണ്‍ അനുഭവിച്ച അതേ വേദനയുടെ അരികിലെത്തിയിരുന്നു ഇന്നലെ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 405 റണ്‍സ് എന്ന നിലയില്‍ മഹേല ഡിക്ലയര്‍ ചെയ്‌തത് അനായാസ വിജയം പ്രതീക്ഷിച്ചായിരുന്നു. പക്ഷേ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ വീരോചിതം പൊരുതിയ കടുവകള്‍ 107 റണ്‍സ് അരികെ പിടഞ്ഞു വീണു.
നാലാം ഇന്നിംഗ്‌സുകള്‍ വിജയകരമായി ചേസ് ചെയ്യുന്ന കാലമാണിതെന്ന് തോന്നുന്ന തരത്തിലായിരുന്നു ബംഗ്ലാദേശിന്റെ ബാറ്റിംഗ്. ചെന്നൈയില്‍ ഇന്ത്യയും പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയും പ്രകടിപ്പിച്ച കരുത്ത് പോലെ മുഹമ്മദ് അഷറഫുലും സംഘവും പൊരുതി നിന്നു. അവസാനത്തില്‍ സെഞ്ച്വറിയുമായി അഷറഫുലും 96 റണ്‍സില്‍ ഷാക്കിബ് ഹസ്സനും പുറത്തായപ്പോഴാണ് മഹേല ശ്വാസം നേരെ വിട്ടത്. രണ്ട് ഇന്നിംഗ്‌സിലുമായി 200 റണ്‍സിന് പത്ത് വിക്കറ്റ് സ്വന്തമാക്കിയ മുത്തയ്യ മുരളീധരന് മഹേല നന്ദി പറയണം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ബംഗ്ലാദേശ് ഈ വിധം പൊരുതി നിന്നത്. കളിക്കുന്ന ടെസ്‌റ്റുകളെല്ലാം തോല്‍ക്കുന്നവരായാണ് ഇത് വരെ കടുവകളെ വിശേഷിപ്പിച്ചിട്ടുളളത്. പലരുടെയും കാരുണ്യത്തില്‍ ടെസ്‌റ്റ് പദവി ലഭിച്ച ബംഗ്ലാദേശിന് ഇത് വരെ ആധികാരികമായ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ് മിര്‍പ്പൂരില്‍ നികത്തി രാജ്യത്തിന് പുതുവര്‍ഷ സമ്മാനം അഷറഫുലും സംഘവും നല്‍കുമെന്ന ഘട്ടത്തിലാണ് നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ നിലം പൊത്തിയത്.
നാലാം ദിവസത്തില്‍ ചെറുത്തുനില്‍പ്പ് നടത്തിയ അഷറഫുല്‍ ഇന്നലെയും പക്വമായ ഇന്നിംഗ്‌സില്‍ പൊരുതി നിന്നു. 101 റണ്‍സാണ് നായകന്‍ സ്വന്തമാക്കിയത്. ഷക്കീബുമായി ചേര്‍ന്നുളള അദ്ദേഹത്തിന്റെ കൂട്ടുകെട്ടില്‍ 111 റണ്‍സാണ് പിറന്നത്.
അഷറഫുല്‍ പുറത്താവുമ്പോള്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ 118 റണ്‍സായിരുന്നു ആവശ്യം. ഷക്കീബ് തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതിനാല്‍ ടീമിന് പ്രതീക്ഷയുമുണ്ടായിരുന്നു. അപകടം മനസ്സിലാക്കി മഹേല പന്ത് ധാമിക പ്രസാദിന് നല്‍കിയതാണ് ശരിക്കും ബംഗ്ലാദേിന് വിനയായത്. മുരളിയെ ബഹുമാനിച്ച് കളിച്ച ബാറ്റ്‌സ്‌മാന്മാര്‍ ധാമികയെ കണ്ടപ്പോള്‍ അല്‍പ്പം ആലസ്യം പ്രകടിപ്പിച്ചു. ഇത് കനത്ത ആഘാതമാവുകയും ചെയ്‌തു.
ആദ്യ ഇന്നിംഗ്‌സില്‍ മുരളിക്ക് മുന്നില്‍ തകര്‍ന്ന കടുവകള്‍ 178 റണ്‍സാണ് നേടിയിരുന്നത്. ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 293 റണ്‍സ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് മഹേലയുടെ സെഞ്ച്വറിയില്‍ സന്ദര്‍ശകര്‍ 405 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇന്നലെ കളി ആരംഭിക്കുമ്പോള്‍ അഷറഫുല്‍ ഉള്‍പ്പെടെ മൂന്ന് സ്‌പെഷ്യല്‍ ബാറ്റ്‌സ്‌മാന്മാര്‍ മാത്രമാണ് കളിക്കാനുണ്ടായിരുന്നത്. മുന്‍നിരയിലെ അഞ്ച് വിക്കറ്റുകള്‍ നാലാം ദിവസം തന്നെ നിലംപൊത്തിയിരുന്നു. ടീമിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയ അഷറഫുല്‍ പന്തിനെ ബഹുമാനിച്ച്, കാണികളുടെ പിന്തുണയില്‍ ഉറച്ചുനിന്നു. മഹേല പുതിയ പന്ത് ചാമിന്ദ വാസിനും ധാമികക്കുമാണ് നല്‍കിയത്. ഇവര്‍ക്ക് പക്ഷേ കാര്യമായൊന്നും ചെയ്യാനായില്ല. വാസിന്റെ ഓവര്‍പിച്ച്‌ഡ് ഡെലിവിറി അതിര്‍ത്തിയിലേക്ക് പായിച്ചാണ് അഷറഫുല്‍ സെഞ്ച്വറി തികച്ചത്. ദീര്‍ഘകാലമായി റണ്‍സ് നേടാന്‍ വിഷമിക്കുകയായിരുന്ന നായകന്‍ സെഞ്ച്വറി ശരിക്കും ആഘോഷിച്ചു. പക്ഷേ അധികസമയം തുടരാന്‍ അദ്ദേഹത്തിനായില്ല. വാസിന്റെ പന്തില്‍ അഷറഫുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തുടര്‍ന്ന് ഷക്കീബിനൊപ്പം മുഷ്‌ഫിഖാണ് എത്തിയത്. ഈ സഖ്യവും അപകടകരമായി കളിച്ചില്ല. മുരളീധരന്റെ പന്തുകള്‍ക്ക് റിഥം ലഭിക്കാതെ വന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് ധൈര്യമായി. ബംഗ്ലാ സംഘം മനോഹരമായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ മഹേലക്ക് ഫീല്‍ഡിംഗ് മാറ്റേണ്ടി വന്നു. പല പന്തുകളും അതിര്‍ത്തിയിലേക്ക് പാഞ്ഞു. പന്തിന്റെ തിളക്കം പോയപ്പോള്‍ മഹേല വീണ്ടും ധാമിക്കയെ വിളിച്ചു. ആ നീക്കം ഫലം ചെയ്‌തു.
ഷറപ്പോവ തിരിച്ചുവരുന്നു
ലണ്ടന്‍: ടെന്നിസ് സുന്ദരി മരിയ ഷറപ്പോവ സജീവമായി മല്‍സരക്കളത്തിലേക്ക്.... വലത് ചുമലില്‍ നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന് മാസങ്ങളോളമായി പുറത്ത് നില്‍ക്കുന്ന പഴയ സൂപ്പര്‍ താരം പുതിയ സീസണിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ജനുവരി 19 ന് മെല്‍ബണിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുത്ത് തന്റെ തിരിച്ചുവരവ് ലോകത്തെ അറിയിക്കാനാണ് 21 കാരിക്ക് താല്‍പ്പര്യം.
ബെയ്‌ജിംഗ് ഒളിംപിക്‌സിലും യു.എസ് ഓപ്പണിലും പരുക്ക് കാരണം ഷറപ്പോവക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കുക എന്നതായിരുന്നു യുവതാരത്തിന്റെ സ്വപ്‌നം. പക്ഷേ ഇതിനിടെ പരുക്കേറ്റു. ശസ്‌ത്രക്രിയക്കും വിധേയയായി. സീസണിലെ അവസാന ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പായ യു.എസ് ഓപ്പണിലും കളിക്കാനായില്ല.
അടുത്തയാഴ്‌ച്ച ഹോംഗ്‌കോംഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഷറപ്പോവ പിന്മാറിയിട്ടുണ്ട്. പക്ഷേ ഇതും ഓസ്‌ട്രേലിയന്‍ ഓപ്പണും തമ്മില്‍ ബന്ധമില്ലെന്നാണ് നിലവിലെ ലോക സീഡിംഗില്‍ ഒമ്പതാം സ്ഥാന്തുളള താരം പറഞ്ഞത്.
പുതിയ സീസണിന് തുടക്കമായി കരുതപ്പെടുന്ന ചാമ്പ്യന്‍ഷിപ്പാണ് ഹോംഗ്‌കോംഗിലേത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലും ഈ ചാമ്പ്യന്‍ഷിപ്പില്‍ ഷറപ്പോവ പങ്കെടുത്തിരുന്നു. ഇത്തവണ ഹോംഗ്‌കോംഗില്‍ കളിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും കൈകളിലെ വേദന പൂര്‍ണ്ണമായും അകലാത്തത് മൂലമാണ് വിട്ടുനില്‍ക്കുന്നതെന്ന് ഷറപ്പോവ പറഞ്ഞു.
വെല്‍ക്കം 2009
ലണ്ടന്‍: കായിക ലോകം പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുകയാണ്.... ഒളിംപിക്‌സ്, ലോകകപ്പ് പോലുളള വലിയ മാമാങ്കങ്ങള്‍ 2009 ല്‍ ഇല്ല. 2008 ല്‍ ബെയ്‌ജിംഗ് ഒളിംപിക്‌സും സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോ കപ്പും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും നടത്തിയ കുതിപ്പും ഫുട്‌ബോളില്‍ സ്‌പെയിനിന്റെ വിസ്‌മയ പ്രകടനവും ടെന്നിസില്‍ റാഫേല്‍ നദാലിന്റെ ജൈത്രയാത്രയുമെല്ലാം നിറഞ്ഞ് നിന്ന വര്‍ഷത്തിന് ശേഷം പുതിയ വര്‍ഷത്തിലേക്ക് കായിക ലോകം കാലെടുത്ത് വെക്കുന്നത് പുതിയ പ്രതീക്ഷകളുമായാണ്.
2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങളായ യോഗ്യതാ മല്‍സരങ്ങളാണ് പുതിയ വര്‍ഷത്തില്‍ നടക്കാന്‍ പോവുന്ന പ്രധാന മല്‍സരങ്ങള്‍. എല്ലാ വന്‍കരകളിലും യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മാറ്റിനിര്‍ത്തിയാല്‍ ഇത് വരെ ഒരു ടീമിനും ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാനുളള ടിക്കറ്റായിട്ടില്ല.
യൂറോപ്പില്‍ യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടം പുരോഗമിക്കുകയാണ്. നിലവിലെ ലോക ജേതാക്കളായ ഇറ്റലി, റണ്ണേഴ്‌സ് അപ്പ് ഫ്രാന്‍സ് എന്നിവരെല്ലാം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പോര്‍ച്ചുഗലും ജര്‍മനിയും ഹോളണ്ടും മാത്രമാണ് പ്രതീക്ഷ നിലനിര്‍ത്തുന്നത്. ഏഷ്യയില്‍ യോഗ്യതാ മല്‍സരങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പിലായി മല്‍സരിക്കുന്നു. മാര്‍ച്ചോടെ ഏഷ്യന്‍ പ്രതിനിധികള്‍ ആരാണെന്ന് വ്യക്തമാവും. ലാറ്റിനമേരിക്കയിലാണ് വിചിത്ര മുന്നേറ്റം. പരാഗ്വേയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുളളത്. ബ്രസീലും അര്‍ജന്റീനയും പിറകില്‍ നില്‍ക്കുന്നു. ആധികാരിക പ്രകടനം നടത്താന്‍ ആര്‍ക്കുമാവുന്നില്ല. അര്‍ജന്റീനയുടെ തോല്‍വികളില്‍ അവരുടെ കോച്ചിന്റെ കൂപ്പായം തെറിച്ചു. പുതിയ കോച്ച് മറഡോണയാണ്. അദ്ദേഹം സ്‌ക്കോട്ട്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ടീമിനെ രംഗത്തിറക്കി. കോണ്‍കാകാഫില്‍ അമേരിക്കയും മെക്‌സിക്കോയും മുന്നേറുന്നു. ഓഷ്യാനയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതിനാല്‍ ന്യൂസിലാന്‍ഡാണ് മുന്നില്‍. ആഫ്രിക്കയില്‍ നിന്ന് ഈജിപ്‌താണ് മുന്നേറുന്നത്. ഐവറി കോസ്‌റ്റ്, നൈജീരിയ, കാമറൂണ്‍ എന്നിവര്‍ ഒപ്പമുണ്ട്.
ജൂണില്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്. സോക്കറില്‍ 2009 ല്‍ നടക്കുന്ന പ്രധാന ചാമ്പ്യന്‍ഷിപ്പും ഇതാണ്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കൂടാതെ വന്‍കരാ ചാമ്പ്യന്മാരാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 14ന് ജോഹന്നാസ്‌ബര്‍ഗ്ഗില്‍ ദക്ഷിണാഫ്രിക്കയും ഇറാഖും തമ്മിലുളള മല്‍സരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഒഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ്, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖ്, ആഫ്രിക്കന്‍ ജേതാക്കളായ ഈജിപ്‌ത്, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, കോണ്‍കാകാഫ് ജേതാക്കളായ അമേരിക്ക,നിലവിലെ ലോക ജേതാക്കളായ ഇറ്റലി എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.
ഫുട്‌ബോളില്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകളും ആവേശ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖരായ ലിവര്‍പൂളും ചെല്‍സിയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും തമ്മില്‍ ശക്തമായ മല്‍സരങ്ങളാണ് നടക്കുന്നത്. ലിവര്‍പൂളാണ് നേരിയ വിത്യാസത്തില്‍ മുന്നിലെങ്കിലും ചെല്‍സി പിറകിലുണ്ട്. തുടക്കത്തിലെ നിരാശ അകറ്റി മാഞ്ചസ്‌റ്ററും ഒപ്പമെത്തുന്നുണ്ട്. ആഴ്‌സനല്‍ മാത്രമാണ് ഏറെ പിറകില്‍. സ്‌പാനിഷ് ലീഗില്‍ ബാഴസിലോണക്കാണ് ലീഡ്. സ്ഥിരതയാര്‍ന്ന പ്രകനങ്ങളാണ് അവര്‍ നടത്തുന്നത്. ലയണല്‍ മെസ്സിയും സാമുവല്‍ ഇറ്റോയുമെല്ലാം അവസരത്തിനൊത്തുയരുന്നു. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന് ഫോം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ടേബിളില്‍ വലന്‍സിയക്കും പിറകിലാണവര്‍. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനാണ് മുന്നില്‍. യുവന്തസ്, ഏ.എസ് റോമ, ഏ.സി മിലാന്‍ എന്നിവര്‍ പിറകെയുണ്ട്. ഫ്രഞ്ച് ലീഗില്‍ ലിയോണും ജര്‍മന്‍ ലീഗില്‍ ഹോഫന്‍ഹൈമും ആധിപത്യം തുടരുന്നു.
യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെത്തിയിട്ടുണ്ട്. ഫെബ്രുവരി മുതലാണ് നോക്കൗട്ട് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും സപാനിഷ് ലീഗില്‍ നിന്നും നാല് ടീമുകള്‍ വീതം നോക്കൗട്ട് ഘട്ടത്തിലുണ്ട്.
ക്രിക്കറ്റില്‍ 2009 ന്റെ തുടക്കത്തില്‍ തന്നെ ക്ലാസിക് മല്‍സരമാണ് നടക്കുന്നത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്‌നിയില്‍ ജനുവരി മൂന്നിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് ഐ.സി.സി ലോക റാങ്കിംഗിലെ പുതിയ ഒന്നാമന്മാരെ നിശ്ചയിക്കും. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ജേതാക്കളെങ്കില്‍ അവരായിരിക്കും ഒന്നാമന്മാര്‍. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഗ്രയീം സ്‌മിത്തിന്റെ സംഘം തകര്‍പ്പന്‍ ഫോമിലാണ്. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ മറിച്ചിട്ട ഇന്ത്യക്ക് ഇനി ന്യൂസിലാന്‍ഡ് പര്യടനമാണുളളത്. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം സുരക്ഷാ കാരണങ്ങളാല്‍ മാറിയിരിക്കയാണ്. ജനുവരിയിലെ ക്രിക്കറ്റ് കലണ്ടറില്‍ ബംഗ്ലാദേശ്-ശ്രീലങ്ക ടെസ്‌റ്റ്‌് പരമ്പരയും വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുളള ഏകദിന പരമ്പരയുമുണ്ട്. ഏകദിന പരമ്പരയില്‍ സിംബാബ്‌വെയും മാറ്റുരക്കുന്നുണ്ട്.
ടെന്നിസില്‍ ഈ മസം 19ന് സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മെല്‍ബണില്‍ ആരംഭിക്കുന്നു. റാഫേല്‍ നദാലും റോജര്‍ ഫെഡ്‌ററും സറീന വില്ല്യംസുമെല്ലാം കളിക്കുന്നുണ്ട്. ഖത്തര്‍ ഓപ്പണ്‍, ചെന്നൈ ഓപ്പണ്‍ മല്‍സരങ്ങളും ജനുവരിയില്‍ തന്നെയാണ്.
ബാഡ്‌മിന്റണില്‍ മലേഷ്യന്‍ ഓപ്പണും കൊറിയന്‍ ഓപ്പണും ജനുവരിയിലുണ്ട്. ഇന്ത്യന്‍ കലണ്ടറില്‍ ഐ ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജനുവരിയില്‍ പുനരാരംഭിക്കുന്നുണ്ട്. ഫെഡറേഷന്‍ കപ്പ് മല്‍സരങ്ങള്‍ കാരണം ഐ ലീഗ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയായിരുന്നു. ക്രിക്കറ്റ് ടീമിന് ജനുവരിയിലും ഫെബ്രുവരിയിലും മല്‍സരങ്ങളില്ല. ലിയാന്‍ഡര്‍ പെയ്‌സും സാനിയ മിര്‍സയുമെല്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടക്കുന്നുണ്ട്.
മലപ്പുറം ജേതാക്കള്‍
കൊച്ചി: സംസ്ഥാന അണ്ടര്‍ 13 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം. മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മലപ്പുറം ആതിഥേയരായ എറണാകുളത്തെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. അനു സര്‍വാന്‍, മുഹമ്മദ് ആസിഫ് എന്നിവരാണ് ഗോളുകള്‍ നേടിയത്. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം.ഐ മേത്തര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ.ബാബു എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സ്‌പോര്‍ട്‌സ് എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ് (സെപ്‌റ്റ്) തെരട്ടമല്‍് ശാഖയിലെ അഞ്ച് താരങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു മലപ്പൂറം. സെപ്‌റ്റിന്റെ ആദ്യ വിദേശ പര്യടനത്തില്‍ ടീമിനെ നയിച്ച ഹന്നാന്‍ ജാവേദ്, ആനിസ്, ആസില്‍ എന്നിവരെ കൂടാതെ റിസ്‌വാന്‍, ഷിഹാഫ് എന്നിവരും ടീമിലുണ്ടായിരുന്നു. നിഷാദാണ് ടീമിന്റെ കോച്ച്. മാനേജര്‍ അബ്ബാസ്.
ആദ്യ ഏകദിനത്തില്‍ മഴ വില്ലന്‍
ക്യൂന്‍സ്‌ടൗണ്‍: വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുളള ആദ്യ ഏകദിന മല്‍സരം മഴ കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് അഞ്ച് വിക്കറ്റിന് 129 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. മല്‍സരം 35.4 ഓവര്‍ പിന്നിട്ടപ്പോള്‍ തുടങ്ങിയ മഴ ഒരു മണിക്കൂറോളം ദീര്‍ഘിച്ചു. സേവ്യര്‍ മാര്‍ഷല്‍ 29 റണ്‍സുമായും ധനേഷ് രാംദിന്‍ രണ്ട് റണ്ണുമായി കളിക്കുകയായിരുന്നു അപ്പോള്‍. രണ്ട് വിക്കറ്റിന് 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നാണ് വിന്‍ഡീസിന് പെട്ടെന്ന് മൂന്ന് വിക്കറ്റ് ലഭിച്ചത്. ഫോമില്‍ കളിക്കുകയായിരുന്ന രാം നരേഷ് സര്‍വന്റെ വിക്കറ്റ് നേടി കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കിവീസിന് വേണ്ടി സൗത്തി രണ്ട് വിക്കറ്റ് നേടി.
No comments:
Post a Comment