Friday, December 26, 2008

PONTING GAME

മാനം പ്രശ്‌നം
മെല്‍ബണ്‍: മാനത്തിനായുളള പോരാട്ടത്തില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ സെഞ്ച്വറി സ്വന്തമാക്കി. പക്ഷേ ടീം ഇരുട്ടില്‍ തപ്പുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം സ്‌റ്റംമ്പിന്‌ പിരിയുമ്പോള്‍ നായകന്റെ സെഞ്ച്വറിയിലും ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 280 റണ്‍സാണ്‌ എം.സി.ജിയില്‍ ആതിഥേയരുടെ സമ്പാദ്യം. പെര്‍ത്തിലെ വാക്കയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ വന്‍ തോല്‍വി രുചിച്ച ഓസ്‌ട്രേലിയ ലോക റാങ്കിംഗിലെ പ്രഥമ സ്ഥാനം നിലനിര്‍ത്താനുളള പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ നൂലിഴക്കാണ്‌ മറ്റൊരു തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടത്‌. വ്യക്തിഗത സ്‌ക്കോര്‍ 24 ല്‍ പോണ്ടിംഗ്‌ നല്‍കിയ അവസരം ദക്ഷിണാഫ്രിക്ക ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇതിലും കഷ്ടമാവുമായിരുന്നു ഓസീസ്‌ അവസ്ഥ.
ടോസ്‌ നേടി ആദ്യം ബാറ്റിംഗ്‌ ആരംഭിച്ച ഓസ്‌ട്രേലിയക്ക്‌ പതിവ്‌ പോലെ മാത്യൂ ഹെയ്‌ഡനെ അതിവേഗം നഷ്‌ടമായി. പിടിച്ചുനിന്ന്‌ പൊരുതാറുളള മൈക്‌ ഹസ്സിയും വേഗതയില്‍ കൂടാരം കയറി. സൈമണ്‍ കാറ്റിച്ചിന്റെ സൗന്ദര്യമില്ലാത്ത ബോറന്‍ ഇന്നിംഗ്‌സാണ്‌ ടീമിനെ ആദ്യ സെഷനില്‍ നിലനിര്‍ത്തിയത്‌. രണ്ടാം സെഷനില്‍ പോണ്ടിംഗ്‌ സെഞ്ച്വറി നേടി. മൂന്നാം സെഷനില്‍ പോണ്ടിംഗ്‌ ഉള്‍പ്പെടെ മധ്യനിരക്കാര്‍ പോരാട്ടം മറന്നു. ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക്‌ പഴയ ബാറ്റിംഗ്‌ സൗന്ദര്യം പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മക്കായ എന്‍ടിനിയും ഡാലെ സ്‌റ്റിനും അതിവേഗ പന്തുകളില്‍ അവരെ വെളളം കുടിപ്പിച്ചു. പത്ത്‌ ബൗണ്ടറികളും ഒരു സിക്‌സറുമാണ്‌ പോണ്ടിംഗിന്റെ സെഞ്ച്വറി ഇന്നിംഗ്‌സില്‍ തിളങ്ങി നിന്നത്‌. കാറ്റിച്ചിനൊപ്പം രണ്ടാം വിക്കറ്റില്‍ 121 റണ്‍സും അദ്ദേഹം നേടി. ടീമിനെ പക്ഷേ രക്ഷാവാതില്‍ക്കലില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 101 ല്‍ പോണ്ടിംഗ്‌ മടങ്ങി. 36 റണ്‍സുമായി ക്രീസിലുളള മൈക്കല്‍ ക്ലാര്‍ക്കിലാണ്‌ പ്രതീക്ഷ. ഇന്നലെ അവസാന ഓവറിന്‌ തൊട്ട്‌ മുമ്പ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രാഡ്‌ ഹാദ്ദിനെ നഷ്ടമായതോടെ ഇനി വാലറ്റക്കാര്‍ മാത്രമാണ്‌ ക്ലാര്‍ക്കിന്‌ തുണ.
എം.സി.ജിയില്‍ എന്നും തിളക്കമുളള പ്രകടനം നടത്തിയിട്ടുളള പോണ്ടിംഗ്‌ നായകന്‍ എന്ന നിലയില്‍ കരസ്‌ഥമാക്കുന്ന പതിനേഴാമത്‌ സെഞ്ച്വറിയും ആകെ മുപ്പത്തിയേഴാമത്‌ സെഞ്ച്വറിയുമാണിത്‌. ബോക്‌സിംഗ്‌ ഡേയില്‍ എം.സി.ജിയില്‍ സ്വന്തം ടീമിന്റെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ തടിച്ചുകൂടിയ ആരാധകരെ വലിയ നിരാശയിലാഴ്‌ത്തിയത്‌ ഈ മൈതാനത്ത്‌ വലിയ റെക്കോര്‍ഡുകളുളള ഹെയ്‌ഡനാണ്‌. കഴിഞ്ഞ ഏഴ്‌ ടെസ്‌റ്റുകളില്‍ ഈ മൈതാനത്ത്‌ കളിച്ചപ്പോള്‍ ആറ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഹെയ്‌ഡന്‍ ഇന്നലെ സ്വന്തം പേര്‌ നിലനിര്‍ത്താന്‍ ഒരു ബൗണ്ടറി പായിച്ചു. പിന്നെ തിരിഞ്ഞുനടന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തപ്പിതടഞ്ഞ ഹെയ്‌ഡന്‍ പെര്‍ത്തില്‍ പരാജയമായിരുന്നു. ഏഴ്‌ ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി ഇത്‌ വരെ അദ്ദേഹം കരാഗതമാക്കിയത്‌ കേവലം 56 റണ്‍സാണ്‌. ഡാലെ സ്‌റ്റെനിന്റെ പന്തില്‍ ബൗണ്ടറി നേടിയ ശേഷം മക്കായ എന്‍ടിനിയെ കണ്ടപ്പോള്‍ ലാഘവ ബുദ്ധിയോടെ കളിച്ചതാണ്‌ ഹെയ്‌ഡന്‌ വിനയായത്‌.
പകരം വന്ന പോണ്ടിംഗ്‌ ആദ്യ റണ്‍ നേടാന്‍ 24 പന്തുകളെടുത്തു. ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ അദ്ദേഹം ഉയര്‍ത്തി നല്‍കിയ പന്തിനെ സ്ലിപ്പില്‍ പിടിക്കാന്‍ ജാക്‌ കാലിസ്‌ ആ സ്ഥാനത്തുണ്ടായിരുന്നില്ല. കാലിസിന്‌ പകരം സ്ലിപ്പ്‌ ഫീല്‍ഡറായുണ്ടായിരുന്ന നീല്‍ മക്കന്‍സിയാവട്ടെ പന്ത്‌ നിലത്തിട്ടു. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ വിശ്വസ്‌തനായ സ്ലിപ്‌ ഫീല്‍ഡറാണ്‌ കാലിസ്‌.
ഉച്ചഭക്ഷണത്തിന്‌ ശേഷം മക്കായ എന്‍ടിനിയെ തുടര്‍ച്ചയായി മൂന്ന്‌ തവണ അതിര്‍ത്തി കടത്തി അര്‍ദ്ധശതകം പിന്നിട്ട പോണ്ടിംഗിനൊപ്പം കാറ്റിച്ചും പിടിച്ചു നിന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ പന്ത്രണ്ടാമത്‌ അര്‍ദ്ധ ശതകം തികച്ചയുടന്‍ കാറ്റിച്ച്‌ പുറത്തായപ്പോള്‍ പകരമെത്തിയ ഹസ്സിക്ക്‌ ഒമ്പത്‌ പന്തുകള്‍ മാത്രമാണ്‌ പിടിച്ചുനില്‍ക്കാനായത്‌. കഴിഞ്ഞ അഞ്ച്‌ ടെസ്റ്റുകളില്‍ ഹസ്സിയുടെ മൂന്നാമത്‌ പൂജ്യമായിരുന്നു എം.സി.ജിയില്‍ കണ്ടത്‌. ചായക്ക്‌ തൊട്ട്‌ മുമ്പാണ്‌ പോണ്ടിംഗ്‌ സെഞ്ച്വറി തികച്ചത്‌. ഉടന്‍ പുറത്താവുകയും ചെയ്‌തു. വൈഡ്‌ ഡെലിവറിക്ക്‌ സൈമണ്ട്‌സ്‌ ബാറ്റ്‌ വെച്ചപ്പോള്‍ അത്‌ കാലിസിന്‌ തുണയായി.
സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-എന്‍ടിനി-8, കാറ്റിച്ച്‌-ബി-സ്‌റ്റെന്‍-54, പോണ്ടിംഗ്‌-സി-അംല-ബി-ഹാരിസ്‌-101, ഹസ്സി-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-0, ക്ലാര്‍ക്ക്‌-നോട്ടൗട്ട്‌-36, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-മോര്‍ക്കല്‍-27, ഹാദ്ദിന്‍-സി-സ്‌മിത്ത്‌-ബി-എന്‍ടിനി-40, ലീ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌ 14, ആകെ 90 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 280. വിക്കറ്റ്‌ പതനം: 1-21 (ഹെയ്‌ഡന്‍), 2-128 (കാറ്റിച്ച്‌), 3-143 (ഹസ്സി), 4-184 (പോണ്ടിംഗ്‌), 5-223 (സൈമണ്ട്‌സ്‌), 6-277 (ഹാദ്ദിന്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 21-5-61-2, എന്‍ടിനി 21-7-71-2, കാലിസ്‌ 15-4-41-0, മോര്‍ക്കല്‍ 17-3-67-1, ഹാരിസ്‌ 16-3-33-1.

സൂപ്പര്‍ ഓവര്‍
വിന്‍ഡീസ്‌ ഖ്യാതി
ഓക്‌ലാന്‍ഡ്‌: 20-20 ക്രിക്കറ്റ്‌ ചരിതത്തില്‍ ഇനി വിന്‍ഡീസിന്റെ നാമവും. 20-20 ക്രിക്കറ്റ്‌ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലൂടെ (മല്‍സരം ടൈ ആയാല്‍ വിജയിയെ നിശ്ചയിക്കാന്‍ അനുവദിക്കുന്ന ഓവര്‍) വിജയം വരിക്കുന്ന ടീമെന്ന ഖ്യാതിയാണ്‌ ക്രിസ്‌ ഗെയിലും സംഘവും സ്വന്തമാക്കിയത്‌. ഇന്നലെ ഇവിടെ ന്യൂസിലാന്‍ഡിനെതിരായി നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും 155 റണ്‍സ്‌ വീതം നേടിയപ്പോഴാണ്‌ സൂപ്പര്‍ ഓവര്‍ വിജയിയെ നിശ്ചയിച്ചത്‌. സൂപ്പര്‍ ഓവറില്‍ ക്രിസ്‌ ഗെയിലിന്റെ വെടിക്കെട്ടില്‍ 25 റണ്‍സാണ്‌ വിന്‍ഡീസ്‌ നേടിയത്‌. കിവീസിനാവട്ടെ 15 റണ്‍സാണ്‌ കരസ്ഥമാക്കാന്‍ കഴിഞ്ഞത്‌.
കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയാണ്‌ സൂപ്പര്‍ ഓവര്‍ എറിയാന്‍ എത്തിയത്‌. മൂന്ന്‌്‌ സിക്‌സറുകളാണ്‌ ഗെയില്‍ ഈ ഓവറില്‍ പായിച്ചത്‌. ഒരു ദയാദാക്ഷിണ്യവുമില്ലാത്ത പ്രഹരമായിരുന്നു അത്‌. ഗെയിലാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.
നിശ്ചയിത്‌ സമയത്ത്‌ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ ഏഴ്‌ വിക്കറ്റിന്‌ 155 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ ഗെയില്‍ തകര്‍പ്പന്‍ തുടക്കം നല്‍കി വിന്‍ഡീസിന്‌. കിവി സംഘത്തിലെ പുതിയ ബൗളര്‍ ടീം സൗത്തിയുടെ ആദ്യ രണ്ട്‌ ഓവറുകളില്‍ മാത്രം 30 റണ്‍സാണ്‌ ഗെയില്‍ വാരിക്കൂട്ടിയത്‌. നാല്‌ ബൗണ്ടറികളും രണ്ട്‌ കൂറ്റന്‍ സിക്‌സറുകളും ഇന്നിംഗ്‌സിലുണ്ടായിരുന്നു. 34 പന്തില്‍ നിന്നാണ്‌ ഗെയില്‍ അര്‍ദ്ധശതകം തികച്ചത്‌. ഗെയില്‍ പുറത്തായതിന്‌ ശേഷം വിന്‍ഡീസ്‌ വിക്കറ്റുകള്‍ മുറക്ക്‌ വീണു. 67 റണ്‍സില്‍ ഗെയില്‍ പുറത്താവുമ്പോള്‍ വിന്‍ഡീസ്‌ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 114 റണ്‍സായിരുന്നു. ആ ഘട്ടത്തില്‍ ടീമിന്‌ ജയിക്കാന്‍ 35 പന്തില്‍ നിന്ന്‌ 42 റണ്‍സായിരുന്നു ആവശ്യം. കിരണ്‍ പോലാര്‍ഡും കാള്‍ട്ടണ്‍ ബഫും തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായപ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിയായി. സൗത്തിയുടെ അവസാന ഓവറില്‍ ഏഴ്‌ റണ്‍സ്‌ നേടിയെങ്കിലും രണ്ട്‌ വിക്കറ്റുകള്‍ വീണത്‌ വിന്‍ഡീസിന്‌ വീണ്ടും തിരിച്ചടിയായി. എന്നാല്‍ മല്‍സരത്തിലെ അവസാന ഓവറില്‍ അഞ്ച്‌ റണ്‍സുമായി ബെന്‍ വിന്‍ഡീസിന്‌ തുണയായി. അതോടെ മല്‍സരം തുല്യതയിലായി.
വിജയിയെ നിശ്ചയിക്കാന്‍ രണ്ട്‌ ടീമുകളും ഒരോ ഓവര്‍ വീതമെറിഞ്ഞു. ഇതിലായിരുന്നു ഗെയില്‍ വീണ്ടും മിന്നിയത്‌.

പുതിയ വാഗ്‌ദാനമായി ഹിഷാം
കോഴിക്കോട്‌: അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ പുതിയ പ്രതീക്ഷയായി ഹിഷാം അബ്ദുള്‍ റഹ്‌മാന്‍ എന്ന പതിനേഴുകാരന്‍. ഗുജറാത്തിലെ മെഹ്‌സാനയില്‍ നടന്ന സി.ബി.എസ്‌.ഇ ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ പുരുഷ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയാണ്‌ മലപ്പുറം ഏ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശിയായ ഹിഷാം കരുത്ത്‌ പ്രകടിപ്പിച്ചത്‌. നിലമ്പൂര്‍ പിവീസ്‌ പബ്ലിക്‌ സ്‌ക്കൂളില്‍ പതിനൊന്നാം തരം വിദ്യാര്‍ത്ഥിയായ ഹിഷാം 50.08 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മീറ്റില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ ഹിഷാം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
സൗദി അറേബ്യയിലെ യുണിലിവറില്‍ ഉദ്യോഗസ്ഥനായ കെ.സി അബ്ദുറഹ്‌മാന്റെയും റുഖിയയുടെയും മകനായ ഹിഷാമിന്റെ പരിശീലകന്‍ സി.കെ പ്രവീണാണ്‌.
ജിദ്ദയിലെ ബ്രിട്ടിഷ്‌ സ്‌ക്കൂളിലും അല്‍ വുറൂദ്‌ സ്‌ക്കൂളിലും പ്രാഥമിക പഠനം നടത്തിയ ഹിഷാം സി.ബി.എസ്‌.ഇ കേരള ക്ലസ്‌റ്റര്‍ മല്‍സരങ്ങളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ശരിയായ ദിശയില്‍ ഹിഷാമിന്‌ വളരാനായാല്‍ തീര്‍ച്ചയായും രാജ്യത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഹിഷാമിന്‌ കഴിയുമെന്ന്‌ പിവീസ്‌ പബ്ലിക്‌ സ്‌ക്കൂള്‍ കായികവിഭാഗം മേധാവി സി.പി.എം ഉസ്‌മാന്‍ കോയ പറഞ്ഞു.

ലങ്ക പതറുന്നു
മിര്‍പ്പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ഒന്നാം ദിനം നല്ല തുടക്കത്തിന്‌ ശേഷം ശ്രീലങ്കക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 172 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര എന്നിവരുടേതുള്‍പ്പെടെ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ കരസ്ഥമാക്കിയ ഷക്കീബ്‌ അല്‍ ഹസനാണ്‌ ബംഗ്ലാ ബൗളിംഗ്‌ നിരയില്‍ മികച്ചുനിന്നത്‌. മൂടല്‍മഞ്ഞ്‌ കാരണം രണ്ട്‌ മണിക്കൂര്‍ വൈകിയാണ്‌ മല്‍സരം ആരംഭിച്ചത്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കക്കായി വാന്‍ഡോര്‍ട്ടും സങ്കക്കാരയും നല്ല തുടക്കം നല്‍കി. ഒരു വിക്കറ്റിന്‌ 119 റണ്‍സ്‌ എന്ന ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തിലവര്‍. പക്ഷേ അവസാന സെഷനില്‍ 52 റണ്‍സ്‌ നേടുന്നതിനിടെ അവര്‍ക്ക്‌ അഞ്ച്‌ വിക്കറ്റുകള്‍ നഷ്ടമായി.

നായകന്‍ നാല്‌ മാസം പുറത്ത്‌
ലണ്ടന്‍: ആഴ്‌സനലിന്റെ നായകന്‍ സെസ്‌ക്‌ ഫാബ്രിഗസിന്‌ അടുത്ത നാല്‌്‌ മാസം ടീമിനൊപ്പം കളിക്കാനാവില്ല. ലിവര്‍പൂളിനെതിരായ പ്രിമിയര്‍ ലീഗ്‌ മല്‍സരത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്ക്‌ ഭേദമാവാന്‍ നാല്‌ മാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ ഡോക്ടറുടെ റിപ്പോര്‍ട്ട്‌. എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനിടെ സാബി അലോണ്‍സോയുമായി കൂട്ടിയിടിച്ച ഫാബ്രിഗസ്‌ മുടന്തിയാണ്‌ മൈതാനം വിട്ടത്‌. ഈയിടെയാണ്‌ ഫാബ്രിഗസ്‌ ടീമിന്റെ നായകനായത്‌. ഫ്രഞ്ചുകാരനായ വില്ല്യം ഗല്ലാസായിരുന്നു ഗണ്ണേഴ്‌സിനെ നയിച്ചിരുന്നത്‌. ഗല്ലാസിന്‌ കീഴില്‍ ടീമില്‍ ഐക്യമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ ഫാബ്രിഗസിന്‌ തൊപ്പി നല്‍കിയത്‌.

2008 അവസാനിക്കുമ്പോള്‍ കായിക കലണ്ടറിലൂടെ ഒരോട്ട പ്രദക്ഷിണം
ഡയറി 2008
തൂഫാന്‍ ഓസീ, ധോണി ധമാക്ക..
2008 ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ വര്‍ഷമാണ്‌്‌. ലോക ക്രിക്കറ്റില്‍ ഓസീസ്‌ പ്രതാപത്തിന്റെ അസ്‌തമനവര്‍ഷവും. നായകനായും താരമായും അംബാസിഡറായുമെല്ലാം ലോക ക്രിക്കറ്റില്‍ താര്‍ഖണ്ഡുകാരന്‍ നിറഞ്ഞ വര്‍ഷമാണ്‌ അവസാനിക്കുന്നത്‌. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്ത്‌ എത്തിക്കുന്നതില്‍ വിജയിച്ച ധോണി തന്നെയാണ്‌ ഏകദിന റാങ്കിംഗിലും ടീമിനെ മുന്നിലെത്തിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിട്ടാണ്‌ 2008 ആരംഭിച്ചത്‌ തന്നെ..! 2008 ന്റെ ആരംഭനാളുകളിലാണ്‌ സിഡ്‌നിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള അതിവിവാദ ടെസ്‌റ്റ്‌ നടന്നത്‌. ഓസീസ്‌ താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗ്‌ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ തുടങ്ങിയ കശപിശ വലിയ പ്രശ്‌നമായി വളര്‍ന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നയതന്ത്രബന്ധത്തെ പോലും അത്‌ ബാധിക്കുമെന്ന ഘട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വന്നു.
സത്യ്‌തില്‍ സിഡ്‌നി ടെസ്റ്റില്‍ അമ്പയര്‍മാര്‍ ചേര്‍ന്ന്‌ ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. മല്‍സരത്തിന്‌ ശേഷം സൈമണ്ട്‌സിനെ വംശീയമയായി അധിക്ഷേപിച്ചു എന്ന കുറ്റം ചുമത്തി ഹര്‍ഭജന്‌ മാച്ച്‌ റഫറി വിലക്ക്‌ കല്‍പ്പിച്ചു. ഇതില്‍ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യന്‍ ബോര്‍ഡ്‌ രംഗത്തിറങ്ങി. ഇതിന്‌ ഫലവും കണ്ടു. ബഹളത്തില്‍ കലാശിച്ച പരമ്പര 1-2ന്‌ ഓസ്‌ട്രേലിയ നേടിയെങ്കിലും അവര്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഇന്ത്യ കണക്കിന്‌ പകരവും വീട്ടി.
ടെസ്‌റ്റ്‌ രംഗത്ത്‌ ഇന്ത്യ ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ അധീശത്വം ഇല്ലാതാവുന്ന കാഴ്‌ച്ചയാണ്‌ കാണുന്നത്‌. ഇന്ത്യയോട്‌ 2-0 ത്തിന്‌ പരമ്പര നഷ്ടമായ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്കയും വിരട്ടി നിര്‍ത്തുകയാണ്‌. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ്‌ മാര്‍ജിന്‌ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഷെയിന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഡാമിയന്‍ മാര്‍ട്ടിന്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ജസ്‌റ്റിന്‍ ലാംഗര്‍ തുടങ്ങിയവരുടെ വിടവാങ്ങല്‍ ശരിക്കും ഓസീസിനെ ബാധിച്ചിട്ടുണ്ട്‌.
ടെസ്‌റ്റ്‌ ക്രിക്കറ്റിനേക്കാള്‍ പ്രചുരപ്രചാരം 2008 ല്‍ ലഭിച്ചത്‌ 20-20 ക്രിക്കറ്റിനാണ്‌. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ഐ.സി.സി 20-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്‌ പിറകെ ഇവിടെ നടന്ന പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ വന്‍വിജയമായി. ലോക ക്രിക്കറ്റിലെ എല്ലാ സൂപ്പര്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി കളിച്ചു. കപില്‍ദേവിന്റെ നേതൃത്ത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ ഇല്ലാതാക്കാന്‍ ആരംഭിച്ച ഐ.പി.എല്‍ ആദ്യ സീസണില്‍ തന്നെ വന്‍ വിജയമായി മാറി.
ഭീകരവാദം ക്രിക്കറ്റിന്‌ ദോഷകരമായി ബാധിച്ചതും 2008 ലാണ്‌. പാക്കിസ്‌താനാണ്‌ ഭീകരവാദത്തിന്‌ കൂടുതല്‍ ഇരയായ ക്രിക്കറ്റ്‌ രാജ്യം. സുരക്ഷിതത്വ പ്രശ്‌നങ്ങളാല്‍ ഒരു രാജ്യം പോലും പാക്‌ പര്യടനത്തിന്‌ മുതിര്‍ന്നില്ല. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കേണ്ട ചാമ്പ്യന്‍സ്‌ ട്രോഫി അനിശ്ചിതമായി മാറ്റി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, ഇന്ത്യ എന്നിവര്‍ പാക്‌ പര്യടനത്തില്‍ നിന്ന്‌ പിന്മാറി. ഭീകരവാദവും അനുബന്ധ സംഭവങ്ങളും ഇന്ത്യയെയും ബാധിച്ചു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെയാണ്‌ ജയ്‌പ്പൂരില്‍ സ്‌ഫോടനമുണ്ടായത്‌. ഇംഗ്ലണ്ട്‌ ഇന്ത്യയിലെത്തിയപ്പോഴും പ്രശ്‌നമുണ്ടായി. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇംഗ്ലീഷ്‌ ടീം ഏകദിന പരമ്പര വെട്ടിചൂരുക്കി നാട്ടിലേക്ക്‌ മടങ്ങി. ഇന്ത്യയുടെ പാക്‌ പര്യടനം റദ്ദാക്കിയതും മറ്റ്‌ കാരണത്താല്ലല്ല. സുരക്ഷിതത്വ പ്രശ്‌നത്തില്‍ 2011 ലെ ലോകകപ്പ്‌ പോലും ഏഷ്യക്ക്‌ നഷ്‌ടമാവുന്ന ഘട്ടത്തിലാണ്‌.
വ്യക്തിഗത മികവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി ഒന്നാം സ്ഥാനത്ത്‌ വരുന്നു. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ടീമിന്‌ വിജയത്തിലേക്ക്‌ നയിച്ച്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ നാല്‍പ്പത്തിയൊന്നാമത്‌ സെഞ്ച്വറിയും അദ്ദേഹം നേടി. മാര്‍ച്ചില്‍ ചെന്നൈയില്‍ ദക്ഷിണാഫ്രികക്കെതിരെ നടന്ന ടെസ്റ്റില്‍ വീരേന്ദര്‍ സേവാഗ്‌ നേടിയ 319 റണ്‍സ്‌ മറക്കാനാവില്ല. അനില്‍ കുംബ്ലെയും സൗരവ്‌ ഗാംഗുലിയും വിരമിച്ച വര്‍ഷത്തില്‍ ഹര്‍ഭജനോട്‌ മുഖത്തടിയേറ്റ ശ്രീശാന്ത്‌ ദു:ഖ നായകനായി.
ന്യൂസിലാന്‍ഡ്‌, വിന്‍ഡീസ്‌ ടീമുകളാണ്‌ വന്‍ നിരാശ സമ്മാനിച്ചത്‌. ഇവര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്ക കരുത്ത്‌ നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്‌താന്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.

No comments: