Tuesday, April 21, 2009

ARSHAWIN THE GREAT



വാട്ട്‌ എ മാച്ച്‌....
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഈ സീസണില്‍ ദര്‍ശിച്ച ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നില്‍ ശക്തരായ ലിവര്‍പൂളും ആഴ്‌സനലും 4-4 സമനിലയില്‍ പിരിഞ്ഞു. പങ്ക്‌ വെക്കപ്പെട്ട പോയന്റോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ്‌ ടേബിളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമെത്തി. മെച്ചപ്പെട്ട ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ ലിവര്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ മാഞ്ചസ്‌റ്ററിന്‌ രണ്ട്‌ മല്‍സരങ്ങള്‍ കൂടി കളിക്കാനുണ്ടെന്നിരിക്കെ ഫലത്തില്‍ ആഴ്‌സനലുമായുളള സമനില ലിവര്‍പൂളിന്‌ തിരിച്ചടിയാവാനാണ്‌ സാധ്യതകള്‍.
ലിവര്‍പൂളിനെ വെള്ളം കുടിപ്പിച്ചത്‌ ആഴ്‌സനലിന്റെ റഷ്യന്‍ മുന്‍നിരക്കാരന്‍ ആന്ദ്രെ അര്‍ഷവിനാണ്‌. ലിവറിന്റെ വലയില്‍ ആഴ്‌സനല്‍ നിക്ഷേപിച്ച നാല്‌ ഗോളുകളും ഈ യുവതാരത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി ആക്രമണ പ്രത്യാക്രമണങ്ങളുമായി ആവേശകരമായ മല്‍സരം ആന്‍ഫീല്‍ഡിലെ മൈതാനത്ത്‌ അമ്പതിനായിരത്തോളം വരുന്ന കാണികള്‍ക്ക്‌ ഉന്നത സോക്കര്‍ വിരുന്നാണ്‌ സമ്മാനിച്ചത്‌. വിജയം വഴി പൂര്‍ണ്ണ പോയന്റ്‌ സ്വന്തമാക്കി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ സമ്മര്‍ദ്ദം സൃഷ്‌ടിക്കുക എന്നതായിരുന്നു ലിവര്‍പൂളിന്റെ ഗെയിം പ്ലാന്‍. എന്നാല്‍ എഫ്‌.എ കപ്പ്‌ സെമി ഫൈനലിലെ തോല്‍വി മറന്ന്‌ ആക്രമണ സോക്കറിന്റെ സുന്ദരമുഖം പ്രകടിപ്പിച്ച ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ലെന്നാണ്‌ തെളിയിച്ചത്‌. മുപ്പത്തിയാറാം മിനുട്ടില്‍ അര്‍ഷവിനാണ്‌ ആഴ്‌സനലിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്‌. ഈ ഗോളിന്‌ ആദ്യ പകുതിയില്‍ മുന്നിട്ട്‌ നിന്ന്‌ ഗണ്ണേഴ്‌സിനെ പക്ഷേ നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ സമനില വഴങ്ങേണ്ടി വന്നു. ഫെര്‍ണാണ്ടോ ടോറസ്‌ എന്ന സൂപ്പര്‍ താരത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു സമനില ഗോള്‍. തൊട്ട്‌ പിറകെ ലിവര്‍പൂള്‍ ലീഡും കരസ്ഥമാക്കി. ബെനിയോണിന്റെ കരുത്താണ്‌ ടീമിന്‌ കരുത്തായത്‌.
ലിവര്‍പൂള്‍ നേടിയ രണ്ടാം ഗോള്‍ ആഴ്‌സനലിനും അര്‍ഷവിനുമാണ്‌ ഉണര്‍വായത്‌. മൂന്ന്‌ മിനുട്ടിനകം അര്‍ഷവിന്‍ രണ്ട്‌ ഗോള്‍ നേടിയപ്പോള്‍ ലിവറിന്റെ ആരാധകര്‍ ഞെട്ടി. പക്ഷേ ടോറസ്‌ ഒരിക്കല്‍ക്കൂടി ലിവര്‍പൂളിന്റെ പ്രതീക്ഷ കാത്ത്‌ സമനില നേടി. 3-3 ല്‍ മല്‍സരം അവസാനിക്കുമെന്ന ഘട്ടത്തില്‍ ഇരുവലയിലും ഓരോ ഗോള്‍ 90, 91 മിനുട്ടുകളില്‍ വീണു. ബെനിയോണാണ്‌ ലിവറിന്റെ ഗോള്‍ നേടിയതെങ്കില്‍ ഒരിക്കലും മറക്കാനാവാത്ത പ്രകടനം നടത്തിയ അര്‍ഷവിന്‍ ആഴ്‌സനലിനെ ഒപ്പമെത്തിച്ചു.
കഴിഞ്ഞയാഴ്‌ച്ച സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ഫൈനലില്‍ ചെല്‍സിക്കെതിരൊയ രണ്ടാം പാദ മല്‍സരത്തില്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമാണ്‌ ഇന്നലെ ലിവര്‍പൂള്‍ ആവര്‍ത്തിച്ചതെന്നാണ്‌ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ അവകാശപ്പെട്ടത്‌. തുടക്കത്തില്‍ തന്നെ ഗണ്ണേഴ്‌സിന്റെ പ്രഹരശേഷിക്ക്‌ മുന്നില്‍ തളര്‍ന്നിട്ടും രണ്ടാം പകുതിയില്‍ കരുത്തോടെ തിരിച്ചുവന്ന്‌ മല്‍സരത്തില്‍ സമനില കൈവരിക്കാനായത്‌ നേട്ടമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.
ആഴ്‌സനല്‍ ഗോള്‍ക്കീപ്പര്‍ സുകാസ്‌ ഫായാന്‍സ്‌കിയാണ്‌ ഇന്നലെ ലിവര്‍പൂള്‍ മുന്‍നിരക്കാരെ വെള്ളം കുടിപ്പിച്ചത്‌. എഫ്‌.എ കപ്പ്‌ സെമിയിലെ തോല്‍വിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ഗോള്‍ക്കീപ്പര്‍ ഇന്നലെ ആദ്യ പകുതിയില്‍ പുറത്തെടുത്ത പ്രകടനമാണ്‌ മല്‍സരത്തില്‍ ഗണ്ണേഴ്‌സിന്‌ കരുത്തായി മാറിയത്‌. രണ്ടാം പകുതിയില്‍ അല്‍പ്പം തളര്‍ന്ന ലുക്കാസ്‌ പക്ഷേ നാല്‌ ഗോളുകള്‍ വഴങ്ങി. സെസ്‌ക്‌ ഫാബ്രിഗസിന്റെ ക്രോസില്‍ നിന്നും അര്‍ഷവിന്‍ ആദ്യ ഗോള്‍ സ്‌്‌ക്കോര്‍ ചെയ്യുമ്പോള്‍ ലിവര്‍പൂള്‍ ആരാധകരാല്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയം നിശബ്ദമായിരുന്നു. രണ്ടാം പകുതി തുടങ്ങിയതും ടോറസും ബെനയോണും അവസരത്തിനൊത്തുയര്‍ന്ന്‌്‌ ഗോളുകള്‍ നേടിയതോടെയാണ്‌ മല്‍സരം അതിന്റെ ആവേശ പാരമ്യതയിലെത്തിയത്‌.

ഇനി അഞ്ച്‌ മല്‍സരങ്ങള്‍
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇത്തവണ കപ്പിനായി തകര്‍പ്പന്‍ പോരാട്ടങ്ങള്‍ അവസാനഘട്ടം വരെയുണ്ടാവുമെന്നുറപ്പ്‌. ഇനി അഞ്ച്‌ റൗണ്ട്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ ബാക്കിയുളളത്‌. 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 71പോയന്റുമായി ഒന്നാം സ്ഥാനത്താണിപ്പോള്‍. പക്ഷേ 71 പോയന്റില്‍ നില്‍ക്കുന്ന ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇത്‌ വരെ 31 മല്‍സരങ്ങള്‍ മാത്രമാണ്‌ കളിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ ചാമ്പ്യന്മാര്‍ പോര്‍ട്‌സ്‌മൗത്തിനെതിരെ കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ജയിക്കുന്നപക്ഷം അവര്‍ വ്യക്തമായ ലീഡ്‌ കരസ്ഥമാക്കും. അടുത്ത ശനിയാഴ്‌ച്ച ടോട്ടന്‍ഹാമിനെതിരെ കളിക്കുന്നതോടെയാണ്‌ 33 മല്‍സരങ്ങള്‍ മാഞ്ചസ്‌റ്റര്‍ പൂര്‍ത്തിയാക്കുക. 32 മല്‍സരങ്ങളില്‍ നിന്ന്‌ 67 പോയന്റ്‌ നേടിയ ചെല്‍സിയാണിപ്പോള്‍ മൂന്നാമത്‌. അവര്‍ ഇന്ന്‌ പുലര്‍ച്ചെ എവര്‍ട്ടണുമായി കളിക്കുന്നുണ്ട്‌. 33 മല്‍സരങ്ങളില്‍ നിന്നായി 62 പോയന്റാണ്‌ ആഴ്‌സനല്‍ നേടിയത്‌. ഈ നാല്‌ ടീമുകള്‍ തന്നെയായിരിക്കും അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക.
ആസ്റ്റണ്‍ വില്ല (54), എവര്‍ട്ടണ്‍ (52), വെസ്റ്റ്‌ ഹാം (45) എന്നിവരാണ്‌ അഞ്ച്‌ മുതല്‍ എട്ട്‌ വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്‌. യുവേഫ കപ്പില്‍ അവര്‍ക്കാണ്‌ സാധ്യത. മിഡില്‍സ്‌ ബോറോ (31),ന്യൂ കാസില്‍ യുനൈറ്റഡ്‌ (30), വെസ്‌റ്റ്‌ ബ്രോം (25) എന്നിവരാണ്‌ തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്നത്‌.
നിലവിലെ സാഹചര്യങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ തന്നെയാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ സാധ്യത. ലിവര്‍പൂളിനേക്കാള്‍ രണ്ട്‌ മല്‍സരം കുറവാണ്‌ അവര്‍ കളിച്ചിട്ടുള്ളത്‌. പോര്‍ട്‌സ്‌മൗത്ത്‌, ടോട്ടന്‍ഹാം, മിഡില്‍സ്‌ ബോറോ, മാഞ്ചസ്‌റ്റര്‍ സിറ്റി, വിഗാന്‍, ആഴ്‌സനല്‍, ഹള്‍ സിറ്റി എന്നിവരാണ്‌ ഇനിയുള്ള മല്‍സരങ്ങളില്‍ ചാമ്പ്യന്മാരുടെ പ്രതിയോഗികള്‍. ഇവരില്‍ ആഴ്‌സനല്‍ മാത്രമാണ്‌ റെഡ്‌സിന്‌ അല്‍പ്പം വെല്ലുവിളി ഉയര്‍ത്തുക. ബാക്കി മല്‍സരങ്ങളില്ലെല്ലാം മാഞ്ചസ്റ്ററിന്‌ ജയിക്കാനാവും. മെയ്‌ 24 നാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ അവസാനിക്കുന്നത്‌. അതേ സമയം ലിവര്‍പൂളിന്‌ ചെല്‍സിയും ആഴ്‌സനലും ഉള്‍പ്പെടെയുള്ള കരുത്തരെയാണ്‌ ഇനി നേരിടാനുളളത്‌. മാഞ്ചസ്റ്ററും ലിവര്‍പൂളും അപ്രതീക്ഷിതമായി തളര്‍ന്നാല്‍ ചെല്‍സിക്ക്‌ കപ്പില്‍ പിടിക്കാനും സാധ്യതയുണ്ട്‌.
പോയന്റ്‌ ടേബിള്‍
1-ലിവര്‍പൂള്‍-71
2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-71
3-ചെല്‍സി-67
4- ആഴ്‌സനല്‍-62
5-ആസ്റ്റണ്‍ വില്ല-54
6-എവര്‍ട്ടണ്‍-52
7-വെസ്റ്റ്‌ ഹാം-45
8-ഫുള്‍ഹാം-44
9-ടോട്ടന്‍ഹാം-44
10 മാഞ്ചസ്‌റ്റര്‍ സിറ്റി-41
11-വിഗാന്‍ അത്‌ലറ്റിക്‌സ്‌ 41
12-സ്‌റ്റോക്‌ സിറ്റി-39
13-ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌-37
14-പോര്‍ട്‌്‌സ്‌മൗത്ത്‌-37
15-സുതര്‍ലാന്‍ഡ്‌-35
16-ഹള്‍ സിറ്റി-34
17-ബ്ലാക്‌ബര്‍ണ്‍-34
18-മിഡില്‍സ്‌ ബോറോ-31
19-ന്യൂകാസില്‍ യുനൈറ്റഡ്‌-30
20-വെസ്‌റ്റ്‌ ബ്രോം-25

ഇന്ന്‌
ഡര്‍ബന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍. കിംഗ്‌സ്‌ മീഡില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ വീരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി കളിക്കുമ്പോള്‍ കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന രണ്ടാമത്തെ കളിയില്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സുമായി കളിക്കും. ഒരു മല്‍സരം തോല്‍ക്കുകയും ഒന്നില്‍ തകര്‍പ്പന്‍ വിജയം നേടുകയും ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ ആകെ രണ്ട്‌ പോയന്റാണ്‌ ഇത്‌ വരെ സമ്പാദിക്കാനായത്‌. ഡല്‍ഹി കളിച്ച ഒരു മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.
ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ മുന്നില്‍ നിറം മങ്ങിയ ചെന്നൈ രണ്ടാം മല്‍സരത്തില്‍ കെവിന്‍ പീറ്റേഴ്‌സന്റെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി കരുത്ത്‌ തെളിയിച്ചിരുന്നു. ബാറ്റിംഗാണ്‌ ധോണിപ്പടയുടെ അസ്‌ത്രം. മാത്യൂ ഹെയ്‌ഡനില്‍ തുടങ്ങി പാര്‍ത്ഥീവ്‌ പട്ടേല്‍, സുരേഷ്‌ റൈന, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ധോണി എന്നിവരിലൂടെ സ്‌ക്കോര്‍ ഉയരുമ്പോള്‍ ഡല്‍ഹി ബൗളിംഗ്‌ സംഘത്തിന്‌ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടി വരും. ഹെയ്‌ഡന്‍ തട്ടുതകര്‍പ്പന്‍ ഫോമിലാണ്‌ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കളിച്ചത്‌. ആര്‍ക്കും പിടി നല്‍കാതെയുളള അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ തടയാന്‍ എളുപ്പമാവില്ല. ഹെയ്‌ഡന്‌ നല്ല ഓപ്പണിംഗ്‌ പങ്കാളിയായി മാറിയിട്ടുണ്ട്‌ വിക്കറ്റ്‌ കീപ്പര്‍ പാര്‍ത്ഥീവ്‌ പട്ടേല്‍. മൂന്നാം നമ്പറില്‍ വരുന്ന സുരേഷ്‌ റൈനയാവട്ടെ മനോഹരമായ ഷോട്ടുകളുടെ വക്താവാണ്‌. മുന്‍നിര തകര്‍ന്നാല്‍ തന്നെ മധ്യനിരക്ക്‌ കരുത്തേകാന്‍ ധോണിയും ഫ്‌ളിന്റോഫും ആല്‍ബി മോര്‍ക്കലുമുണ്ട്‌. ബൗളിംഗില്‍ മക്കായ എന്‍ടിനിയില്‍ തുടങ്ങി മന്‍പ്രീത്‌ ഗോണി, ലക്ഷ്‌മിപതി ബാലാജിയിലുടെ മുത്തയ്യ മുരളീധരനിലാണ്‌ ടീമിന്റെ കരുത്ത്‌.
സേവാഗിന്റെ ബൗളിംഗ്‌ സംഘത്തിലേക്ക്‌ ഇന്ന്‌ ഗ്ലെന്‍ മക്‌ഗ്രാത്ത്‌ തിരിച്ചുവരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരന്‍ കളിച്ചിരുന്നില്ല. മക്‌ഗ്രാത്ത്‌ പഴയ കൂട്ടുകാരന്‍ ഹെയ്‌ഡന്‌ നേരെ പുതിയ പന്തെറിയുന്നത്‌ ആവേശകരമായ കാഴ്‌ച്ചയായിരിക്കും. പര്‍വേസ്‌ മഹറൂഫ്‌, ഡാനിയല്‍ വെട്ടോരി തുടങ്ങിയവരും ഇന്ന്‌ ഡല്‍ഹി ബൗളിംഗ്‌ നിരയിലുണ്ടാവും. ബാറ്റിംഗില്‍ ഡല്‍ഹിക്കാരായ സേവാഗും ഗാംഭീറും നല്‍കുന്ന തുടക്കമായിരിക്കും പ്രധാനം. പഞ്ചാബ്‌ കിംഗ്‌സിനെതിരായ മല്‍സരത്തില്‍ സേവാഗും ഗാംഭീറും നടത്തിയ പ്രകടനത്തില്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പോള്‍ കോളിംഗ്‌വുഡ്‌, എബി ഡി വില്ലിയേഴ്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍ എന്നിവര്‍ക്കൊന്നും ഇത്‌ വരെ ബാറ്റിംഗ്‌ അവസരം ലഭിച്ചിട്ടില്ല. ഇന്ന്‌ അവര്‍ക്ക്‌ കരുത്ത്‌ തെളിയിക്കാനാവുമെന്നാണ്‌ സേവാഗ്‌ പറയുന്നത്‌.
രണ്ട്‌ കളികളില്‍ നിന്നായി ഒരു പോയന്റ്‌്‌ മാത്രം സമ്പാദിച്ച നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ ആദ്യ ജയം തേടിയാണ്‌ ഇറങ്ങുന്നത്‌. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം മഴയില്‍ മുടങ്ങിയത്‌ കാരണം ലഭിച്ച ഒരു പോയന്റ്‌ മാത്രമാണ്‌ വോണും സംഘവും ഇത്‌ വരെ നേടിയത്‌.
ബൗളിംഗാണ്‌ റോയല്‍സിന്റെ പ്രശ്‌നം. ഷെയിന്‍ വാട്ട്‌സണും സുഹൈല്‍ തന്‍വീറുമെല്ലാം കഴിഞ്ഞ സീസണില്‍ നല്‍കിയിരുന്ന തുടക്കമായിരുന്നു ടീമിന്റെ കരുത്ത്‌. എന്നാല്‍ കമറാന്‍ഖാന്‍ എന്ന യുവ സീമറെ മുന്‍നിര്‍ത്തിയാണ്‌ ആദ്യ മല്‍സരത്തില്‍ വോണ്‍ കളിച്ചത്‌. ഇതാവട്ടെ ഫലം ചെയ്‌തില്ല. ബാറ്റിംഗില്‍ ഗ്രയീം സ്‌മിത്തിനും യൂസഫ്‌ പത്താനുമൊന്നും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ല. സ്വപ്‌നില്‍ അസനോദ്‌കറായിരുന്നു കഴിഞ്ഞ സീസണില്‍ സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിട്ടിരുന്നത്‌. എന്നാല്‍ ഗോവന്‍ താരത്തിന്‌ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നല്ല തുടക്കം സ്‌മിത്തിന്‌ ലഭിച്ചാല്‍ അത്‌ ഉപയോഗപ്പെടുത്താന്‍ യൂസഫ്‌ പത്താനെ പോലുള്ളവര്‍ക്ക്‌ കഴിയും.
കൊല്‍ക്കത്തന്‍ സംഘത്തില്‍ ഭയപ്പെടേണ്ടത്‌ ക്രിസ്‌ ഗെയിലിനെയും ബ്രെന്‍ഡന്‍ മക്കലത്തെയും തന്നെയാണ്‌. ബാറ്റിംഗില്‍ ഇവരാണ്‌ കരുത്ത്‌. ഗെയില്‍ കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ നടത്തിയ ബാറ്റിംഗ്‌ മാത്രം മതി കരിബീയന്‍ ഓപ്പണറുടെ കരുത്തറിയാന്‍. മക്കലത്തിന്‌ ഇത്‌ വരെ കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പതിവ്‌ ഫോമില്‍ പന്തിനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ റോയല്‍സിന്റെ ദുര്‍ബലമായ ബൗളിംഗ്‌ നിരക്ക്‌ നേരെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്‌ അദ്ദേഹം. സൗരവ്‌ ഗാംഗുലിയാണ്‌ ബാറ്റിംഗില്‍ വിലാസമുളള മറ്റൊരു താരം.
പോയന്റ്‌ ടേബിള്‍
1-മുംബൈ ഇന്ത്യന്‍സ്‌-3
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-2
3-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-2
4-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-2
5-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌-2
6-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-2
7-രാജസ്ഥാന്‍ റോയല്‍സ്‌-1
8-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ -0
ഗോള്‍കീപ്പിംഗ്‌ ക്യാമ്പ്‌
കോഴിക്കോട്‌: കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി എക്‌സ്‌ ഫുട്‌ബോളേഴ്‌സ്‌ അസോസിയേഷന്‍ മികച്ച ഗോള്‍ക്കീപ്പര്‍മാരെ കണ്ടെത്താന്‍ നടത്തുന്ന ഗോള്‍ക്കീപ്പേഴ്‌സ്‌ ടാലന്റ്‌്‌ സെര്‍ച്ച്‌ ക്യാമ്പിന്റെ ഭാഗമായുള്ള പ്രാഥമിക സെലക്ഷന്‍ ട്രയല്‍സ്‌ ഈ മാസം 26 ന്‌ കോഴിക്കോട്ടും തൃശൂരിലുമായി നടക്കും. രാവിലെ എട്ട്‌ മണിക്ക്‌ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ ബെര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റുമായി രാവിലെ മൈതാനത്ത്‌ ഹാജരാവണം. കോഴിക്കോട്ട്‌ മലബാര്‍ കൃസ്‌റ്റിയന്‍ കോളജിലും തൃശൂരില്‍ കേരളവര്‍മ കോളജിലുമാണ്‌ ട്രയല്‍സ്‌. 1.1.93ന്‌ ശേഷം ജനിച്ച കുട്ടികള്‍ക്കാണ്‌ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447833052, 9446164438 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
അഫ്രീദി
ദുബായ്‌: 38 റണ്‍സ്‌ മാത്രം നല്‍കി ആറ്‌ ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിദ്‌ അഫ്രീദിയായിരുന്നു ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ്‌ മല്‍സരത്തിലെ ഹീറോ. പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ നയിച്ച ഓസ്‌ട്രേലിയന്‍ ടീം 38.5 ഓവറില്‍ 168 റണ്‍സിന്‌ തകര്‍ന്നപ്പോള്‍ അഫ്രീദി മാജിക്‌ പൂര്‍ണതയിലെത്തുകയായിരുന്നു.നല്ല തുടക്കത്തിന്‌ ശേഷമാണ്‌ കേവലം 15 റണ്‍സിനിടെ ലോക ചാമ്പ്യന്മാര്‍ക്ക്‌ ആറ്‌ വിക്കറ്റുകള്‍ നഷ്‌്‌ടമായത്‌. ഒരു വിക്കറ്റിന്‌ 95 എന്നതായിരുന്നു ഒരു ഘട്ടത്തില്‍ ഓസീ സ്‌ക്കോര്‍. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇത്‌ ഏഴ്‌ വിക്കറ്റിന്‌ 110 റണ്‍സായി. പുറത്താവാതെ 48 റണ്‍സ്‌ നേടിയ ജെയിംസ്‌ ഹോപ്‌സാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീനും ഷെയിന്‍ വാട്ട്‌സണും 40 റണ്‍സ്‌ വീതം നേടി.
റിക്കി പോണ്ടിംഗിന്‌ പകരം ടീമിനെ നയിച്ച മൈക്കല്‍ ക്ലാര്‍ക്കിന്‌ സ്‌പിന്നര്‍മാരെ കാണുമ്പോള്‍ വരുന്ന പനി ഇന്നലെയും തുടര്‍ന്നു. അജ്‌മലിന്റെ ദൂസ്‌രക്ക്‌ മുന്നില്‍ നായകന്‍ തളര്‍ന്നതിന്‌ ശേഷമായിരുന്നു അഫ്രീദി മാജിക്‌. വിവാദ കാലത്തിന്‌ ശേഷം ദേശീയ ടീമിലേക്ക്‌ മടങ്ങിയെത്തിയ ആന്‍ഡ്ര്യൂ സൈമണ്ട്‌സായിരുന്നു അഫ്രിദിയുടെ ആറിലെ നമ്പര്‍ വണ്‍. പന്തിനെ ഫ്‌ളിക്‌ ചെയ്യാന്‍ ശ്രമിച്ച സൈമണ്ട്‌സിനെ വിക്കറ്റിന്‌ പിറകില്‍ കമറാന്‍ അക്‌മല്‍ പിടികൂടി. ഓസീസ്‌ നിരയിലെ പുതിയ സൂപ്പര്‍താരം കേലം ഫെര്‍ഗൂസണെ സ്ലിപ്പില്‍ മിസ്‌ബാഹിന്റെ കരങ്ങളിലെത്തിച്ചപ്പോള്‍ അഫ്രീദിക്ക്‌ വിക്കറ്റ്‌ നമ്പര്‍ രണ്ട്‌. സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്കിനും നതാന്‍ ബ്രാക്കനുമൊന്നും അഫ്രീദിയുടെ ലെഗ്‌ ബ്രേക്കുകള്‍ക്ക്‌ മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല.
ലാഹോര്‍ സംഭവങ്ങള്‍ക്ക്‌ ശേഷം പാക്കിസ്‌താന്‍ ടീം കളിക്കുന്ന ആദ്യ മല്‍സരമായിരുന്നു ഇത്‌. ഉറച്ച ബാറ്റിംഗ്‌ ട്രാക്കില്‍ ടോസ്‌ നേടുന്ന ടീമിന്‌ മെച്ചപ്പെട്ട സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയുമെന്നാണ്‌ പ്രവചിക്കപ്പെട്ടത്‌. പക്ഷേ ഓസീ ബാറ്റ്‌സ്‌മാന്മാര്‍ ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ അസ്ഥിരത ആവര്‍ത്തിച്ചു. മൂന്നാം പവര്‍ പ്ലേ ഉപയോഗപ്പെടുത്തി ജെയിംസ്‌ ഹോപ്‌സ്‌ കൈകള്‍ സ്വതന്ത്രമാക്കിയതാണ്‌ ഓസീസിന്‌ അവസാനത്തില്‍ ആശ്വാസമായത്‌. ഒമ്പത്‌ വിക്കറ്റിന്‌ 122 റണ്‍സ്‌ എന്ന നിലയില്‍ നിന്നാണ്‌ ഹോപ്‌സ്‌ സ്‌ക്കോര്‍ 168 ല്‍ എത്തിച്ചത്‌.

ക്രിക്കറ്റ്‌
കേപ്‌ടൗണ്‍: രാജ്യാന്തര ക്രിക്കറ്റ്‌ വിട്ടിട്ടും, പ്രായം അതിക്രമിച്ചിട്ടും ആദം ഗില്‍ക്രൈസ്റ്റ്‌ എന്ന ഗില്ലിയുടെ പ്രഹര ശേഷിക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ല...ഓസ്‌ട്രേലിയക്കാരന്റെ ഇടം കൈയ്യന്‍ ചൂടനടികള്‍ക്ക്‌ മുന്നില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബൗളര്‍മാര്‍ വിയര്‍ത്ത കാഴ്‌ച്ചയില്‍ ഐ.പി.എല്‍ ക്രിക്കറ്റിലെ എട്ടാം മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഡക്കാന്‍ ചാര്‍ജേഴ്‌സിന്‌ തകര്‍പ്പന്‍ സ്‌ക്കോര്‍. ഗില്‍ക്രൈസ്‌റ്റും ഹര്‍ഷല്‍ ഗിബ്‌സും തുടക്കമിട്ട ഇന്നിംഗ്‌സില്‍ ബൗണ്ടറികളുടെ മാലപ്പടക്കങ്ങള്‍ ആദ്യ ഓവറില്‍ തന്നെയുണ്ടായിരുന്നു. പ്രവീണ്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികള്‍. രണ്ടാം ഓവറിന്‌ വന്ന ദക്ഷിണാഫ്രിക്കന്‍ അതിവേഗക്കാരന്‍ ഡാലെ സ്റ്റെനും ഓള്‍റൗണ്ടര്‍ ജാക്‌ കാലിസിനും അടി നന്നായി കിട്ടി. പ്രവീണിന്റെ രണ്ടാം ഓവറില്‍ ഗിബ്‌സ്‌ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ മാത്രമാണ്‌ റണ്‍നിരക്ക്‌ കുറഞ്ഞത്‌.

No comments: