Wednesday, April 15, 2009

BARCA-CHELSI

ബാര്‍സ-ചെല്‍സി സെമി
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമി ഫൈനലില്‍ സ്‌പെയിനിലെ ബാര്‍സിലോണയും ഇംഗ്ലണ്ടിലെ ചെല്‍സിയും ഏറ്റുമുട്ടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തിലെ മല്‍സരങ്ങള്‍ രണ്ടും സമനിലയില്‍ അവസാനിച്ചുവെങ്കിലും ആദ്യപാദത്തിലെ മികവിലാണ്‌ ബാര്‍സയും ചെല്‍സിയും കടന്നു കയറിയത്‌. സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ലിവര്‍പൂള്‍ 4-4 ല്‍ ചെല്‍സിയെ തളച്ചെങ്കിലും ആദ്യപാദത്തിലേറ്റ 3-1 ന്റെ തിരിച്ചടി അവര്‍ക്ക്‌ ആഘാതമായി. മൊത്തം 7-5 ന്റെ ആനുകൂല്യത്തിലാണ്‌ ചെല്‍സി അവസാന നാലില്‍ സ്ഥാനം പിടിച്ചത്‌. ആദ്യപാദത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെ നാല്‌ ഗോളിന്‌ തോല്‍പ്പിച്ച ബാര്‍സക്ക്‌ രണ്ടാം പാദത്തില്‍ 1-1 സമനില വഴങ്ങേണ്ടി വന്നു. ഇരുപാദത്തിലുമായി 5-1 ന്റെ ആധികാരിക ജയമാണ്‌ ബാര്‍സ കരസ്ഥമാക്കിയത്‌.
സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലെ അങ്കമായിരുന്നു ആവേശകരം. ആന്‍ഫീല്‍ഡിലെ സ്വന്തം മൈതാനത്ത്‌ ഒരാഴ്‌ച്ച മുമ്പ്‌ നടന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന്‌ ഗോളിന്‌ തകര്‍ന്ന ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ പ്രതിയോഗികളുടെ മൈതാനത്ത്‌ അക്ഷരാര്‍ത്ഥത്തില്‍ നടത്തിയ തിരിച്ചുവരവ്‌ മല്‍സരത്തെ അന്ത്യനിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തി. ആദ്യപാദത്തിലെ ജയത്തില്‍ സുരക്ഷിത ഗെയിമാണ്‌ ചെല്‍സി ആഗ്രഹിച്ചത്‌. കളി സ്വന്തം മൈതാനത്ത്‌ നടക്കുന്നതിനാല്‍ ആദ്യപകുതിയില്‍ അധികം ആക്രമണോത്സുകത വേണ്ടെന്നാണ്‌ കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ താരങ്ങളെ ഉപദേശിച്ചത്‌. പക്ഷേ ജീവന്മരണ പോരാട്ടമായിരുന്നു ലിവര്‍പൂളിന്‌. പത്തൊമ്പതാം മിനുട്ടില്‍ ഫാബിയോ ഓറിലോയും ഇരുപത്തിയെട്ടാം മിനുട്ടില്‍ സാബി അലോണ്‍സോ നേടിയ പെനാല്‍ട്ടി ഗോളുമായപ്പോള്‍ ലിവര്‍പൂള്‍ ടോപ്പ്‌ ഗിയറിലെത്തി. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ തിരിച്ചറിയാന്‍ പോലും ചെല്‍സിക്ക്‌ കഴിയാത്ത അവസ്ഥയായിരുന്നു. നീലപ്പടയുടെ വല കാത്ത സൂപ്പര്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്കിന്‌ പോലും പിഴക്കുന്ന കാഴ്‌ച്ചയില്‍ ചെല്‍സി ആരാധകര്‍ അന്തം വിട്ടുനില്‍ക്കുന്ന കാഴ്‌ച്ചയാണ്‌ ആദ്യം നാല്‍പ്പത്തിയഞ്ച്‌്‌ മിനുട്ടില്‍ കണ്ടത്‌. മല്‍സരം ഇടവേളക്ക്‌ പിരിയുമ്പോള്‍ രണ്ട്‌ ഗോളിന്‌ ലീഡ്‌ ചെയ്‌ത ലിവറിന്‌ ഒരു ഗോള്‍ കൂടി സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ കണക്കില്‍ ഒപ്പമെത്താമായിരുന്നുു. ആദ്യപകുതിയില്‍ ഡിഫന്‍സീവ്‌ സോക്കര്‍ കാഴ്‌്‌ച്ചവെച്ച ചെല്‍സി അപകടം മനസ്സിലാക്കി ആക്രമണത്തില്‍ താല്‍പ്പര്യമെടുത്തു. ഇതാണ്‌ കളിയിലെ വഴിത്തിരിവായത്‌. അമ്പത്തിയൊന്നാം മിനുട്ടില്‍ ഐവറി കോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ തന്റെ അവസരവാദ നയം ആവര്‍ത്തിച്ചു തെളിയിച്ച്‌ ഒരു ഗോള്‍ മടക്കി. ഈ ആവേശം നിലനിര്‍ത്തി അലക്‌സ്‌ കോസ്‌റ്റ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. മല്‍സരം 2-2 ല്‍. അവിടെയും ആവേശം അവസാനിച്ചില്ല. എഴുപത്തിയാറാം മിനുട്ടില്‍ മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ ലംപാര്‍ഡ്‌ തന്റെ സാന്നിദ്ധ്യം വിളിച്ചോതി ചെല്‍സിയെ മുന്നിലെത്തിച്ചു. ഇതോടെ ചിത്രം വ്യക്തമായെന്നാണ്‌ കരുതിയത്‌. പക്ഷേ അഞ്ച്‌ മിനുട്ടിനകം ലൂക്കാസ്‌ ലിവിയ ലിവര്‍പൂളിനായി ഗോള്‍ മടക്കി. മല്‍സരം 3-3 ല്‍. മധ്യനിരയില്‍ വിശ്രമമില്ലാതെ കളിച്ച ഡിര്‍ക്‌ ക്യൂട്ടിന്റെ ബൂട്ടില്‍ നിന്നും എണ്‍പത്തിമൂന്നാം മിനുട്ടില്‍ ഗോള്‍ പിറന്നപ്പോള്‍ ലിവര്‍പൂള്‍ 4-3ന്‌ മുന്നില്‍. നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഒരു ഗോള്‍ കൂടി സ്‌ക്കോര്‍ ചെയ്‌താല്‍ രക്ഷപ്പെടാം. പക്ഷേ സമ്മര്‍ദ്ദത്തിന്‌ പിടി നല്‍കാതെ ലംപാര്‍ഡ്‌ നിശ്ചിത സമയത്തിന്‌ ഒരു മിനുട്ട്‌ മുമ്പ്‌ ചെല്‍സിയെ ഒപ്പമെത്തിച്ചു.
യൂറോപ്യന്‍ സോക്കറിലെ രണ്ട്‌ പ്രബല ക്ലബുകള്‍ തമ്മില്‍ ഒരാഴ്‌ച്ചക്കിടെ നടന്ന മല്‍സരങ്ങളിലായി 12 ഗോളുകളാണ്‌ പിറന്നത്‌. നായകനും പ്ലേ മേക്കറുമായ സ്റ്റീവന്‍ ജെറാര്‍ഡില്ലാതെ കളിച്ചിട്ടും ശക്തമായ പോരാട്ടവീര്യം തെളിയിച്ച ലിവര്‍പൂളിന്‌ സ്വന്തം മൈതാനത്ത്‌ നടന്ന ആദ്യപാദ ക്വാര്‍ട്ടറിലെ നിരാശയാണ്‌ തിരിച്ചടിയായത്‌. ആന്‍ഫീല്‍ഡില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വികള്‍ അധികമില്ലാത്ത ലിവര്‍ കഴിഞ്ഞയാഴ്‌ച്ച വന്‍ തിരിച്ചടിയേറ്റിരുന്നു. ആദ്യ ക്വാര്‍ട്ടറിലെന്ന പോലെ രണ്ടാം ക്വാര്‍ട്ടറിലും ചെല്‍സി കോച്ച്‌ ഗസ്‌ ഹിഡിങ്കിന്റെ തന്ത്രമാണ്‌ വിജയിച്ചത്‌. ആന്‍ഫീല്‍ഡിലെ ആദ്യപാദത്തില്‍ ഹിഡിങ്ക്‌ കുട്ടികളോട്‌ പറഞ്ഞത്‌ ആക്രമിക്കാനായിരുന്നു. ഈ ഗെയിമിലാണ്‌ മൂന്ന്‌ ഗോള്‍ വിജയം ചെല്‍സിക്ക്‌ ലഭിച്ചത്‌. രണ്ടാം പാദത്തില്‍ ഡിഫന്‍സിവായിരുന്നു ഹിഡിങ്കിന്റെ ആദ്യപകുതിയിലെ പ്ലാന്‍. രണ്ടാം പകുതിയില്‍ അദ്ദേഹം ലിവര്‍പൂളിന്റെ ക്ഷീണം മനസ്സിലാക്കി ആക്രമിച്ച്‌ നാല്‌ ഗോളുകളാണ്‌ നേടിയത്‌. ഈ നാല്‌ ഗോളുകളില്‍ മൂന്നും 15 മിനുട്ടിനുള്ളിലായിരുന്നു.
ഇന്നലെ ചെല്‍സിക്ക്‌ വേണ്ടി താല്‍കാലിക നായകനായ ലംപാര്‍ഡ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തെങ്കിലും മല്‍സരം ടീമിന്‌ അനുകൂലമാക്കി മാറ്റിയത്‌ മുന്‍നിരയിലെ ഐവറിക്കാരന്‍ സ്‌ട്രൈക്കര്‍ ദ്രോഗ്‌ബെയായിരുന്നു. ആദ്യപകുതിയില്‍ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ചെല്‍സി രണ്ടാം പകുതിയില്‍ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ലിവര്‍പൂള്‍ ഏത്‌ നിമിഷവും മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യുമെന്ന ഘട്ടത്തിലാണ്‌ നിക്കോളാസ്‌ അനേല്‍ക്കയുടെ പാസില്‍ നിന്ന്‌ ദ്രോഗ്‌ബെ ആദ്യ ഗോള്‍ മടക്കിയത്‌. ചെല്‍സിക്ക്‌ മല്‍സരത്തില്‍ പിടി നല്‍കിയത്‌ ഈ ഗോളായിരുന്നു. എട്ട്‌ ഗോളുകള്‍ കണ്ട മല്‍സരത്തിലെ തകര്‍പ്പന്‍ ഗോള്‍ ലിവര്‍പൂളിനായി പത്തൊമ്പതാം മിനുട്ടില്‍ ഫാബിയോ സ്വന്തമാക്കിയതായിരുന്നു. ചെല്‍സി ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ പിഴവാണ്‌ ഗോളില്‍ കലാശിച്ചതെങ്കിലും ഫാബിയോയുടെ തന്ത്രമാണ്‌ വിജയിച്ചത്‌. പെനാല്‍ട്ടി ബോക്‌സിന്റെ 25 മീറ്റര്‍ അകലെ നിന്നും ലിവറിന്‌ ലഭിച്ച ഫ്രീകിക്ക്‌ എടുക്കാന്‍ ഫാബിയോ എത്തിയപ്പോള്‍ പീറ്റര്‍ ചെക്‌ കാര്യങ്ങള്‍ അപഗ്രഥിച്ച്‌്‌ പോസ്‌റ്റിന്റെ വലത്ത്‌ ഭാഗം കേന്ദ്രീകരിച്ചു. ഇത്‌ ശ്രദ്ധിച്ച ബ്രസീലുകാരന്‍ ഫാബിയോ ഇടത്‌ പോസ്‌റ്റ്‌ ലക്ഷ്യമാക്കി പായിച്ച ഷോട്ട്‌ എല്ലാവരെയും കാഴ്‌ച്ചക്കാരാക്കി വലയില്‍ പതിക്കുകയായിരുന്നു.
ആദ്യപാദ ക്വാര്‍ട്ടറിലെ തകര്‍പ്പന്‍ വിജയത്തോടെ തന്നെ സെമി ഉറപ്പാക്കിയ ബാര്‍സിലോണക്ക്‌ ഇന്നലെ അധികം വിയര്‍ക്കേണ്ടി വന്നില്ല. സ്വന്തം മൈതാനത്ത്‌ വീറുളള പോരാട്ടം കാഴ്‌്‌ച്ചവെക്കാന്‍ ബയേണിനായി. പക്ഷേ ബാര്‍സാ പ്രതിരോധത്തെ കീറിമുറിച്ച്‌ ഗോളുകള്‍ നേടാന്‍ മാത്രമായില്ല. നാല്‍പ്പത്തിയേഴാം മിനുട്ടില്‍ ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ റിബറി ആദ്യ ഗോള്‍ നേടി. സി റോബര്‍ട്ടോ നല്‍കിയ ക്രോസാണ്‌ റിബറി ഉപയോഗപ്പെടുത്തിയത്‌. പക്ഷേ സിയേദു കൈറ്റയിലൂടെ ബാര്‍സ തിരിച്ചെത്തി. പിന്‍നിരയില്‍ ബ്രസീലുകാരന്‍ ലൂസിയോ തിരിച്ചെത്തിയതാണ്‌ ബയേണിന്‌ കരുത്തായത്‌.

ഐ ലീഗില്‍ ഇന്ന്‌ തകര്‍പ്പന്‍ അങ്കങ്ങള്‍
ഇന്നത്തെ മല്‍സരങ്ങള്‍
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌
എയര്‍ ഇന്ത്യ-സ്‌പോര്‍ട്ടിംഗ്‌ ഗോവ
ഈസ്‌റ്റ്‌ ബംഗാള്‍-ഡെംപോ സ്‌പോര്‍ട്‌സ്‌
മഹീന്ദ്ര യുനൈറ്റഡ്‌-മോഹന്‍ ബഗാന്‍
ജെ.സി.ടി മില്‍സ്‌-മുംബൈ എഫ്‌.സി
വാസ്‌ക്കോ ഗോവ-ചിരാഗ്‌ യുനൈറ്റഡ്‌
(എല്ലാ മല്‍സരങ്ങളും വൈകീട്ട്‌ 3-45 ന്‌ ആരംഭിക്കും. ചര്‍ച്ചില്‍-മുഹമ്മദന്‍സ്‌ മല്‍സരം തല്‍സമയം സീ സ്‌പോര്‍ട്‌സില്‍. ബാക്കി മല്‍സരങ്ങള്‍ തല്‍സമയം ഇന്ത്യന്‍ ഫുട്‌ബോള്‍ ഡോട്ട്‌ കോമില്‍)
കൊല്‍ക്കത്ത: രാജ്യത്ത്‌ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ്‌ നടക്കുന്ന ഇന്ന്‌ ദേശീയ ഫുട്‌ബോളിലെ ചാമ്പ്യന്മാര്‍ ആരാണെന്നതിനുളള ശക്തമായ പോരാട്ടങ്ങള്‍...! 43 പോയന്റുമായി കിരീടം തേടുന്നത്‌ ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സും കൊല്‍ക്കത്തയിലെ മോഹന്‍ ബഗാനും. ചര്‍ച്ചിലിന്റെ പ്രതിയോഗികള്‍ കൊല്‍ക്കത്തയിലെ തന്നെ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌. ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരത്തില്‍ ബഗാന്റെ എതിരാളികള്‍ മഹീന്ദ്ര യുനൈറ്റഡ്‌.
വ്യക്തമായ സാധ്യതകള്‍ ചര്‍ച്ചിലിനാണ്‌. മുഹമ്മദന്‍സിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക്‌ കപ്പും 45 ലക്ഷവും സ്വന്തമാക്കാം. അതേ സമയം സമനിലയോ തോല്‍വിയോ വന്നാല്‍ ബഗാന്‌ അത്‌ നേട്ടമാവും. ബഗാന്‌ മഹീന്ദ്രയെ തോല്‍പ്പിച്ചത്‌ കൊണ്ട്‌ മാത്രം കാര്യമില്ല. ചര്‍ച്ചില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം. കാരണം 43 പോയന്റില്‍ നില്‍ക്കുന്ന രണ്ട്‌ ടീമുകളില്‍ ഗോള്‍ ശരാശരിയുടെ വന്‍ ആനുകൂല്യം ഗോവക്കാര്‍ക്കുണ്ട്‌. ചര്‍ച്ചില്‍ ക്യാമ്പ്‌ ആത്മവിശ്വാസത്തിലാണ്‌. മല്‍സരം നടക്കുന്നത്‌ കൊല്‍ക്കത്തയിലാണെങ്കിലും, മുഹമ്മദന്‍സ്‌ നിലനില്‍പ്പിനായാണ്‌ പോരാടിക്കുന്നതെങ്കിലും ഒഡാഫെ ഒനാകെ എന്ന മുന്‍നിരക്കാരനെ വെച്ച്‌ മല്‍സരത്തില്‍ നിന്ന്‌ മൂന്ന്‌ പൂര്‍ണ്ണ പോയന്റുകള്‍ സ്വന്തമാക്കാമെന്നാണ്‌ അവര്‍ കരുതുന്നത്‌. ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍വേട്ടക്കാരനായി മാറിയ ഒനാകെയെ തളക്കാന്‍ മാത്രമുളള പ്രതിരോധ മികവ്‌ മുഹമ്മദന്‍സ്‌ നിരയില്‍ ആര്‍ക്കുമില്ല. എങ്കിലും അന്ത്യനിമിഷം വരെ പോരാടുമെന്നാണ്‌ കോച്ച്‌ ഷബീര്‍ അലി നല്‍കുന്ന വാഗ്‌ദാനം. ഇന്നത്തെ മല്‍സരത്തില്‍ ചര്‍ച്ചിലിനെ തോല്‍പ്പിച്ചാല്‍ മുഹമ്മദന്‍സ്‌ താരങ്ങള്‍ക്ക്‌ അഞ്ച്‌ ലക്ഷത്തിന്റെ പ്രതിഫലം പ്രഖ്യാപിച്ച ബഗാന്റെ നടപടി തന്റെ താരങ്ങളെ പ്രകോപിതരാക്കിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കുന്ന അദ്ദേഹം പക്ഷേ നിര്‍ണ്ണായക മല്‍സരത്തിലെ ഗെയിം പ്ലാന്‍ പരസ്യമാക്കുന്നില്ല. മുഹമ്മദന്‍സിന്‌ ഇന്നത്തെ മല്‍സരം ജയിച്ചാല്‍ മാത്രമാണ്‌ തരംതാഴ്‌ത്തല്‍ കടമ്പ കടക്കാനുളള സാധ്യത തെളിയുക.
ന്യൂഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലാണ്‌ ബഗാനും മഹീന്ദ്രയും നേര്‍ക്കുനേര്‍ വരുന്നത്‌. ബഗാന്റെ നിരയില്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെടെയുളള ഉന്നതരുണ്ട്‌. പക്ഷേ സസ്‌പെന്‍ഷന്‍ കാരണം പിന്‍നിരയിലെ നാല്‌ പ്രമുഖര്‍ ഇന്ന്‌ പുറത്തിരിക്കേണ്ടിവരും. ബൂട്ടിയ-ജോസ്‌ റാമിറസ്‌ ബരാറ്റോ മുന്‍നിര സഖ്യം കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം ക്ലിക്‌ ചെയ്‌തിട്ടുണ്ട്‌. മഹീന്ദ്രയാവട്ടെ സമീപകാല മല്‍സരങ്ങളില്‍ നിരാശയാണ്‌ സമ്മാനിച്ചത്‌.
കപ്പിനായുളള ഈ രണ്ട്‌ മല്‍സരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി നാല്‌ മല്‍സരങ്ങളും നിലനില്‍പ്പിന്റേതാണ്‌. നിലവിലെ ചാമ്പ്യന്മാരായ ഡെംപോയെ നേരിടുന്ന ഈസ്‌റ്റ്‌ ബംഗാളിന്‌ തോല്‍ക്കാന്‍ പാടില്ല. തോല്‍വി ചിലപ്പോള്‍ തരം താഴ്‌ത്തല്‍ നാണക്കേടിലേക്ക്‌ ടീമിനെ നയിച്ചേക്കാം. എയര്‍ ഇന്ത്യ-സ്‌പോര്‍ട്ടിംഗ്‌ ഗോവ മല്‍സരത്തിലും ഈ പ്രശ്‌നമുണ്ട്‌. എയര്‍ ഇന്ത്യക്കാണ്‌ തോല്‍വി ഭീഷണിയാവുക. സ്വന്തം മൈതാനത്ത്‌ കളിക്കുന്ന മുന്‍ ചാമ്പ്യന്മാരായ ജെ.സി.ടി മില്‍സിന്‌ തോല്‍വി സഹിക്കാനാവില്ല. മുംബൈ എഫ്‌.സിയാണ്‌ എതിരാളികള്‍. വാസ്‌്‌ക്കോ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായ ടീമാണ്‌. പക്ഷേ അവരെ നേരിടുന്ന ചിരാഗ്‌ യുനൈറ്റഡിന്‌ ജയിച്ചാല്‍ അത്‌ ചിലപ്പോള്‍ രക്ഷയാവും.

വിവയുടെ ഭാവി 18ന്‌
ഗൂര്‍ഗവോണ്‍: അടുത്ത സീസണിലെ ഐ ലീഗില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ വിവ കേരള കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം 18 ന്‌ അറിയാം. സെക്കന്‍ഡ്‌ ഡിവിഷന്‍ ഫൈനല്‍ റൗണ്ടില്‍ അന്ന്‌ നടക്കുന്ന അവസാന മല്‍സരത്തില്‍ ശക്തരായ ഒ.എന്‍.ജി.സി മുംബൈയാണ്‌ വിവയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ്‌ വിവക്ക്‌ രക്ഷ. അന്ന്‌ തന്നെ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ സേസ ഗോവ പൂനെ എഫ്‌.സിയെയും സാല്‍ഗോക്കര്‍ ഗോവ ലജോംഗ്‌ എഫ്‌.സിയെയും നേരിടും.
സെക്കന്‍ഡ്‌ ഡിവിഷനില്‍ നിന്നും ആദ്യ നാല്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണ്‌ ഫസ്‌റ്റ്‌്‌ ഡിവിഷനിലേക്ക്‌ പ്രൊമോഷന്‍. മേഘാലയയില്‍ നിന്നുളള ലജോംഗ്‌ എഫ്‌.സി ഇതിനകം ഫസ്‌റ്റ്‌ ഡിവിഷന്‍ ഉറപ്പാക്കിയിട്ടുണ്ട്‌. നാല്‌ കളികളില്‍ നിന്ന്‌ ഒമ്പത്‌ പോയന്റുമായി അവര്‍ ഇപ്പോള്‍ ഒന്നാമതാണ്‌. സാല്‍ഗോക്കര്‍ (7), ഒ.എന്‍.ജി.സി മുംബൈ (7), വിവ കേരള (6), പൂനെ എഫ്‌.സി (6) എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍. ഒ.എന്‍.ജി.സിക്കെതിരായ മല്‍സരത്തില്‍ ജയിച്ചാല്‍ വിവക്ക്‌ വ്യക്തമായ സാധ്യതയുണ്ട്‌. തോറ്റാലാണ്‌ പ്രശ്‌നം.
ആന്‍ഡി തന്നെ
ലണ്ടന്‍: ആന്‍ഡി ഫ്‌ളവറിന്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ക്ലീന്‍ ചീട്ട്‌... സിംബാബ്‌വെരക്കാരന്‍ തന്നൊയിരിക്കും ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ സ്ഥിരം കോച്ച്‌. വിന്‍ഡീസ്‌ പര്യടനം നടത്തിയ ഇംഗ്ലീഷ്‌ സംഘത്തോടൊപ്പം താല്‍കാലികാടിസ്ഥാനത്തില്‍ മാത്രമുണ്ടായിരുന്ന ആന്‍ഡിയെ സ്ഥിരം കോച്ചാക്കി നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട്‌ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ പര്യടനത്തെത്തുടര്‍ന്ന്‌ പീറ്റര്‍ മൂറിനെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കിയാണ്‌ താല്‍കാലിക ജോലി ഫ്‌ളവറിന്‌ നല്‍കിയത്‌. വിന്‍ഡീസ്‌ പര്യടനത്തില്‍ ടെസ്റ്റ്‌ പരമ്പര തോറ്റെങ്കിലും ഏകദിന പരമ്പര ഇംഗ്ലണ്ട്‌ നേടിയിരുന്നു. കൂടാതെ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസുമായുള്ള നല്ല ബന്ധവുമാണ്‌ ആന്‍ഡിക്ക്‌ കാര്യങ്ങള്‍ അനുകൂലമാക്കിയത്‌.
ആഘാതം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.പി.എല്‍ ക്രിക്കറ്റിലെ നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്‌ സംഘത്തില്‍ നിന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ്‌ കൈഫിനെയും മറ്റ്‌ ആറ്‌ പേരെയും മോശം ഫോമിന്റെ പേരില്‍ തിരിച്ചയച്ചു. സമീപകാല ക്രിക്കറ്റില്‍ കൈഫിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലില്‍ നിന്നാണ്‌ അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്‌. പോയ വര്‍ഷം റോയല്‍സ്‌ ജേതാക്കളായപ്പോഴും കൈഫിന്‌ ബാറ്റ്‌സ്‌മാനായും ഫീല്‍ഡറായും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 176 റണ്‍സാണ്‌ അദ്ദേഹത്തിന്‌ കഴിഞ്ഞ സീസണില്‍ നേടാന്‍ കഴിഞ്ഞത്‌. ഒരു മല്‍സരത്തിലും അര്‍ദ്ധശതകം തികക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യത്തിന്‌ വേണ്ടി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ചിട്ടുളള 28 കാരന്‌ കനത്ത ആഘാതമാണ്‌ പുതിയ നീക്കം.
ഗഗന്‍ നേട്ടം
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം ഗഗന്‍ നരാംഗിന്‌ സ്വര്‍ണ്ണം. കൊറിയയിലെ ചോന്‍ഗവോണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 ഇനത്തിലാണ്‌ ഗഗന്‍ സ്വര്‍ണ്ണം നേടിയത്‌. നേരത്തെ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഗഗന്‍ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്‌ ഗഗന്‍.

കൊല്‍ക്കത്തക്കാര്‍ വരുന്നു
എത്ര ക്യാപ്‌റ്റന്മാരുണ്ടാവും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌...? കോച്ച്‌ ജോണ്‍ ബൂക്കാനന്‍ ഒന്നിലധികം നായകന്മാരുടെ വക്താവാണെങ്കില്‍ ഈ സിദ്ധാന്തത്തെ തത്വത്തില്‍ അംഗീകരിക്കുന്നു ടീമിന്റെ ഉടമ ഷാറുഖ്‌ ഖാന്‍. പക്ഷേ കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സൗരവ്‌ ദാദ ഗാംഗുലിക്ക്‌ പക്ഷേ പുതിയ വാദങ്ങള്‍ അത്ര ദഹിക്കുന്നില്ല. പോയ സീസണില്‍ വലിയ പ്രതീക്ഷ നല്‍കി വട്ടപൂജ്യമായ ഗാംഗുലിയുടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ സംഘത്തിന്‌ രണ്ടാം പതിപ്പില്‍ വിശ്വാസ്യത കാക്കേണ്ടതുണ്ട്‌. മല്‍സരങ്ങള്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ വിവാദങ്ങളെ അകറ്റി ടീമില്‍ ഐക്യം സ്ഥാപിക്കുകയെന്ന എന്ന വലിയ ജോലിയുമായി ഷാറൂഖ്‌ ജോഹന്നാസ്‌ബര്‍ഗ്ഗിലെത്തിയിട്ടുണ്ട്‌.
കടലാസില്‍ കരുത്തരാണ്‌ നൈറ്റ്‌ റൈഡേഴ്‌സ്‌. ബ്രെന്‍ഡന്‍ മക്കുലം, ക്രിസ്‌ ഗെയില്‍ എന്നീ രണ്ട്‌ മിന്നല്‍ ഓപ്പണര്‍മാര്‍ മാത്രം മതി ടീമിന്‌ വന്‍ സ്‌ക്കോര്‍ സമ്മാനിക്കാന്‍. ഗാംഗുലി എന്ന അനുഭവസമ്പന്നനും ചേതേശ്വര്‍ പൂജാരയെ പോലുള്ള യുവതാരങ്ങളുമാവുമ്പോള്‍ ഷാറൂഖിന്‌ ചക്‌ദേ പാടാന്‍ അവസരമുണ്ട്‌. പക്ഷേ വലിയ മുന്നറിയിപ്പായി കഴിഞ്ഞ സീസണ്‍ മുന്നിലുണ്ട്‌്‌്‌. ആദ്യ മല്‍സരത്തില്‍ മക്കുലം നേടിയ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ സ്വയം മറന്ന കൊല്‍ക്കത്തക്കാര്‍ പിന്നെ ഇല്ലാതായി. 158 റണ്‍സാണ്‌ മക്കുലം അന്ന്‌ നേടിയത്‌. 10 ബൗണ്ടറികളും 13 സിക്‌സറുകളും. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെയായിരുന്നു ഈ മക്കുലം ഇന്നിംഗ്‌സ്‌. 140 റണ്‍സിനാണ്‌ ആ മല്‍സരം കൊല്‍ക്കത്തക്കാര്‍ ജയിച്ചതും. ഇതേ പ്രഹരശേഷിയുണ്ട്‌ ക്രിസ്‌ ഗെയിലിനും. രണ്ട്‌ പേരും തുടക്കം മുതല്‍ ടീമിനൊപ്പമുണ്ടാവുമെന്നതാണ്‌ ഷാറൂഖിന്‌ പ്രതീക്ഷ നല്‍കുന്നത്‌. ഗെയില്‍ ഇംഗ്ലീഷ്‌ പര്യടനം തുടങ്ങിയാല്‍ മടങ്ങും. പക്ഷേ മക്കുലം അവസാനം വരെയുണ്ടാവും. ഓസീ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റെ സേവനം ഇത്തവണ ടീമിനില്ല. പക്ഷേ പൂജാരയുണ്ട്‌.

No comments: