Thursday, April 9, 2009
MESI-THE MAN
മെസി-ദി മാന്‍
ലണ്ടന്‍: ലയണല്‍ മെസിയെ വെല്ലാന്‍ ലോക ഫുട്‌ബോളില്‍ തല്‍ക്കാലം ആരുമില്ലെന്ന് ഇന്നലെ നുവോ കാമ്പില്‍ ഒരിക്കല്‍ക്കൂടി തെളിഞ്ഞു. കാല്‍പ്പന്തിന്റെ സുന്ദരമുഖങ്ങളിലൂടെ ആരാധകന് സൗഭഗസുഖം സമ്മാനിച്ച അര്‍ജന്റീനക്കാരന്റെ മികവില്‍ ബാര്‍സിലോണ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജര്‍മന്‍ വീര്യവുമായെത്തിയ ബയേണ്‍ മ്യൂണിച്ചിനെ തകര്‍ത്ത് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉപ്പാക്കി. ആദ്യപാദ മല്‍സരത്തിലെ ഈ വന്‍ വിജയത്തോടെ രണ്ടാം പാദത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ബാര്‍സക്ക് വന്‍കരാ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നാലില്‍ ടിക്കറ്റ് ഉറപ്പാക്കാം. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സിയും അവസാന നാലിലേക്കുളള യാത്ര എളുപ്പമാക്കി.
ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ദിവസത്തില്‍ ഗോളുകള്‍ അധികം പിറക്കാത്ത സമനിലകളാണ് സമ്മാനിച്ചതെങ്കില്‍ ഇന്നലെ കാര്യങ്ങള്‍ തീര്‍ത്തും വിത്യസ്‌തമായിരുന്നു. ലോക ഫുട്‌ബോളില്‍ താന്‍ എന്ത് കൊണ്ട് വിത്യസ്‌തനാവുന്നു എന്നതിന് തെളിവായി മെസി നേടിയ രണ്ട് ഗോളുകളായിരുന്നു രാത്രിയിലെ പ്രധാന സമ്മാനങ്ങള്‍. പന്ത് കാലില്‍ കിട്ടിയാല്‍ അത് അതിവേഗം അടുത്ത കൂട്ടുകാരന് സമ്മാനിക്കുകയാണ് സാധാരണ താരങ്ങള്‍ ചെയ്യാറുളളത്. പക്ഷേ മെസി പന്തിനെ അമ്മാനമാടുന്ന താരമാണ്. ബാര്‍സ മുന്‍നിരയില്‍ അദ്ദേഹത്തിനൊപ്പം മറ്റ് രണ്ട് അമ്മാനമാട്ടകാര്‍ കൂടിയുണ്ട്-തിയറി ഹെന്‍ട്രിയും സാമുവല്‍ ഇറ്റോയും. ഈ മൂന്ന് പേര്‍ ഒരുമിക്കുമ്പോള്‍ ഏത് ഡിഫന്‍സിനും അത് തലവേദനയാണ്. ഗോളടിക്കുക എന്നത് വളരെ എളുപ്പമുളള ജോലിയാണെന്നാണ് പലപ്പോഴും മെസി തെളിയിച്ചിട്ടുളളത്. പന്തിനെ ഡ്രിബ്ലിള്‍ ചെയ്‌ത് എതിരാളികളെ വട്ടം കറക്കിയുളള കുതിപ്പില്‍ പിറക്കുന്ന ഗോളുകളുടെ സൗന്ദര്യത്തിന് പലപ്പോഴും എതിര്‍ താരങ്ങള്‍ തന്നെ സാക്ഷിയാവാറുണ്ട്. ഇന്നലെ മെസി നേടിയ ആദ്യഗോള്‍ സമീപകാല ലോക സോക്കര്‍ ദര്‍ശിച്ച ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു. ആ നീക്കം ഇപ്രകാരം: ഇടത് ഭാഗത്ത് നിന്നും സാമുവല്‍ ഇറ്റോ പന്ത് മെസിക്ക് കൈമാറുന്നു. രണ്ട് ബയേണ്‍ ഡിഫന്‍ഡര്‍മാര്‍ മെസിക്ക് മുന്നില്‍. അവരെ ഒന്ന് നോക്കിയ മെസി രണ്ട് പേരെയും ഒറ്റകുതിപ്പില്‍ പിറകിലാക്കി. വലത് കാലില്‍ നിന്ന് പെട്ടെന്ന് പന്തിനെ ഇടത് കാലിലേക്ക് മാറ്റിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ഡിഫന്‍ഡറും കബളിപ്പിക്കപ്പെട്ടു. പിന്നെ മുന്നിലുള്ളത് ഹാന്‍സ് ജോര്‍ജ് ബട്ട് എന്ന കാവല്‍ക്കാരന്‍. അദ്ദേഹത്തെ പരാജയപ്പെടുത്താനും മെസിക്കായി. യഥാസമയം, യഥാ സ്ഥാനത്തെത്തി യഥാവേഗത്തില്‍ പന്തിനെ ലക്ഷ്യത്തിലെത്തിക്കുന്ന താരമെന്ന ബഹുമതി തനിക്ക് മാത്രം അര്‍ഹതപ്പെട്ടതാണെന്ന സത്യം മെസി ആവര്‍ത്തിച്ചു തെളിയിച്ച ഗോള്‍. മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടിലായിരുന്നു ഈ ഗോള്‍ എന്നതാണ് മറ്റൊരു സവിശേഷത. മുപ്പത്തിയെട്ടാം മിനുട്ടില്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോളുമെത്തി. ഇത്തവണയും പന്ത് സമ്മാനിച്ചത് ഇറ്റോ. അതിനിടെ മല്‍സരത്തിന് പന്ത്രണ്ടാം മിനുട്ട് പ്രായമായപ്പോള്‍ ഇറ്റോ തന്നെ ടീമിന്റെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. മല്‍സരത്തിലെ നാലാം ഗോള്‍ ഹെന്‍ട്രിയുടെ ബൂട്ടില്‍ നിന്ന് നാല്‍പ്പത്തിമൂന്നാം മിനുട്ടിലായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞതോടെ ബാര്‍സയുടെ രണ്ടാം പകുതിയിലെ ദൗത്യം പരിശീലനമായിരുന്നു. ബയേണിന് അവസാന 45 മിനുട്ടിലും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മുന്‍ ജര്‍മന്‍ താരം ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ പരിശീലിപ്പിക്കുന്ന ടീം കഴിഞ്ഞയാഴ്‌ച്ച ബുണ്ടേല്‍സ് ലീഗില്‍ അഞ്ച് ഗോളിന് തോറ്റിരുന്നു. പ്രതിരോധ പിഴവുകളാണ് ടീമിന് വിനയാവുന്നതെന്ന് കോച്ച് സമ്മതിച്ചു.
മെസി, ഹെന്‍ട്രി, ഇറ്റോ എന്നീ അപകടകാരികള്‍ ഒരുമിക്കുമ്പോള്‍ അവരെ പൂട്ടാനുളള പ്രതിരോധ മികവ് അത്യാവശ്യമാണ്. എന്നാല്‍ തന്റെ ടീമിന് അത് കഴിഞ്ഞില്ലെന്നും ക്ലിന്‍സ്‌മാന്‍ വ്യക്തമാക്കി. ബ്രസീലുകാരന്‍ ലൂസിയോയായിരുന്നു ബയേണ്‍ ഡിഫന്‍സിലെ പ്രധാനി. അദ്ദേഹത്തിന് പരുക്ക് കാരണം ഇന്നലെ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ പോയതിനാല്‍ പ്രതിരോധനിരയിലെ കുന്തമുനയായ ഡാനിയല്‍ വാന്‍ ബ്രൂനിന്റെ സേവനവും ടീമിന് ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് പകരം മാര്‍ട്ടിന്‍ ഡിമെഷില്‍സ്, ബ്രെനോ എന്നിവരെയാണ് ക്ലിന്‍സ്‌മാന്‍ രംഗത്തിറക്കിയത്. ഇവരാവട്ടെ തുടക്കത്തില്‍ തന്നെ പതറി.
ആന്‍ഫീല്‍ഡിലെ സ്വന്തം മൈതാനത്ത് പതിവ് പോലെ അതിവേഗ തുടക്കമാണ് ലിവര്‍പൂളിന് ലഭിച്ചത്. പക്ഷേ ചെല്‍സി പതുക്കെ തിരിച്ചെത്തിയപ്പോള്‍ സ്വന്തം മൈതാനത്ത്‌് ഏറ്റവും വലിയ തോല്‍വി രുചിക്കേണ്ട ഗതികേടും ലിവര്‍പൂളിന് സഹിക്കേണ്ടി വന്നു. മല്‍സരം ആറ് മിനുട്ട് മാത്രം പിന്നിട്ടപ്പോള്‍ മുന്‍നിരയിലെ അപകടകാരിയായ ഫെര്‍ണാണ്ടോ ടോറസിന്റെ കാല്‍പാദങ്ങളില്‍ നിന്നും ആദ്യ ഗോളെത്തിയപ്പോള്‍ ലിവര്‍പൂളിന്റെ ആരാധകര്‍ മതിമറന്നു. അല്‍വനാരോ അര്‍ബിയോ തളികയിലെന്നോണം നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ടോറസിന്റെ മനോഹരമായ ഗോള്‍. ചെല്‍സിയും കോച്ച് ഗസ് ഹിഡിങ്കും ഞെട്ടിയ നിമിഷത്തില്‍ പിന്നെ കാണാനായത് റെഡ്‌സിന്റെ തേരോട്ടമായിരുന്നു. പക്ഷേ പിടി നല്‍കാതെ തിരിച്ചെത്തിയ ചെല്‍സി മധ്യനിര മുന്‍നിരക്കാരനായ ദീദിയര്‍ ദ്രോഗ്‌ബെക്ക് രണ്ട് തുറന്ന അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോള്‍ പിറന്നില്ല.
കളിയിലെ ചെല്‍സിയുടെ താരം ഇന്നലെ ഐവറി കോസ്‌റ്റുകാരന്‍ ദ്രോഗ്‌ബെ ആയിരുന്നില്ല-ഡിഫന്‍സില്‍ കളിക്കുന്ന സെര്‍ബിയക്കാരന്‍ ബ്രാനിസ്ലാവ് ഇവാനോവിച്ചായിരുന്നു. രണ്ട് തവണയാണ് അദ്ദേഹത്തിന്റെ തല ചലിച്ചത്. രണ്ടും ഗോളുകളായി. മുപ്പത്തിയൊമ്പതാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്ത്‌അനായാസം അദ്ദേഹം വലയിലാക്കി. ലിവര്‍പൂള്‍ ഡിഫന്‍സ് കാഴ്‌ച്ചക്കാരായ നിമിഷമായിരുന്നു അത്. ഇതേ പിഴവ് ലിവര്‍പൂള്‍ പ്രതിരോധക്കാര്‍ അറുപത്തിരണ്ടാം മിനുട്ടിലും ആവര്‍ത്തിച്ചപ്പോള്‍ ഇവാനോവിച്ച് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. ഫ്രഞ്ചുകാരന്‍ ഫ്‌ളോറന്‍ഡ് മലൂദയുടെ പാസില്‍ നിന്ന് അറുപത്തിയേഴാം മിനുട്ടില്‍ ദ്രോഗ്‌ബെ ടീമിന്റെ മൂന്നാം ഗോളും സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ റാഫേല്‍ ബെനിറ്റ്‌സ ക്ഷുഭിതനായിരുന്നു. അദ്ദേഹത്തിന്റെ ടീം ശരിക്കും വിറച്ചു എന്നതായിരുന്നു സത്യം.
ഇവാനോവിച്ചിനെ ലിവര്‍ പ്രതിരോധക്കാര്‍ മറന്നതാണ് അന്തിമ വിശകലനത്തില്‍ അവര്‍ക്ക് തന്നെ വിനയായത്. ഇവാനോവിച്ചിന്റെ രണ്ടാമത് ചാമ്പ്യന്‍സ് ലീഗ് മല്‍സരം മാത്രമാണിത്. 2008 ല്‍ റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌ക്കോയില്‍ നിന്നാണ് അദ്ദേഹം ചെല്‍സിയിലെത്തിയത്. 4-3-3 ശൈലിയാണ് ഹിഡിങ്ക് അവലംബിച്ചത്. നിക്കോളാസ് അനേല്‍ക്കയെ ബെഞ്ചിലേക്ക് മാറ്റി ആക്രമണത്തിന്റെ ചുമതല ദ്രോഗ്‌ബക്‌് മാത്രം നല്‍കി.
ഗോള്‍കീപ്പര്‍മാര്‍ക്ക് ക്യാമ്പ്
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗോള്‍ക്കീപ്പര്‍മാര്‍ക്ക് റസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട്ടും തൃശൂരുമായി 12 മുല്‍ 16 വയസ്സ് വരെ പ്രായമുളളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുന്നത്. മെയ് മൂന്നിന് കോഴിക്കോട്ടും തൃശൂരുമായി നടക്കുന്ന ക്യാമ്പില്‍ സി.പി.എം ഉസ്‌മാന്‍ കോയ, സേതുമാധവന്‍, വിക്ടര്‍ മഞ്ഞില എന്നിവരായിരിക്കും പരിശീലനം നല്‍കുക. താല്‍പ്പര്യമുളളവര്‍ 9447833052, 9446164438 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതിസന്ധി
ലാഹോര്‍: പ്രതിസന്ധി മുഖത്താണ് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ്... ലഹോറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ലോക ക്രിക്കറ്റില്‍ നിന്നും ഒറ്റപ്പെട്ട പാക്കിസ്‌താന് അടുത്ത ആഘാതമായി വന്നിരിക്കുന്നത് പി.സി.ബിയുടെ തീരുമാനം തന്നെയാണ്. ഐ.സി.സി നിരോധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച ചില പാക് താരങ്ങളെ 20:20 ലോകകപ്പിനുള്ള സാധ്യതാ സംഘത്തില്‍ പി.സി.ബി ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. അബദ്ധം മനസ്സിലാക്കി ഉടന്‍ തന്നെ വിവാദ താരങ്ങളെ പി.സി.ബി പിന്‍വലിച്ചുവെങ്കിലും ലോക ക്രിക്കറ്റില്‍ പാക്കിസ്‌താന്‍ നോട്ടപ്പുള്ളിയായിരിക്കയാണ്.
ഐ.സി.സി വിലക്ക് മനസ്സിലാക്കാതെയാണ് അബ്ദുള്‍ റസാക്ക്, ഇംറാന്‍ നസീര്‍, റാണ നവീദ് എന്നിവരെ മുപ്പതംഗ സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അപകടം മനസ്സിലാക്കി ഇവരെ പിന്‍വലിച്ച് മൂന്ന് പകരക്കാരെ പ്രഖ്യാപിച്ച പി.സി.ബി വിവാദ താരങ്ങള്‍ക്കെല്ലാം മുഖ്യധാരയിലേക്ക്‌് തിരിച്ചുവരാന്‍ സമയം അനുവദിക്കുമെന്നാണ് വ്യക്തമാക്കിയത്. ഈ മൂന്ന് താരങ്ങള്‍ മാത്രമല്ല പല വമ്പന്‍ തോക്കുകളും വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചിട്ടുണ്ട്. മുഹമ്മദ് യൂസഫ് ഉള്‍്‌പ്പെടെയുളള പ്രമുഖരെ ഇപ്പോള്‍ പാക്കിസ്‌താന്‍ ദേശീയ നിരയിലേക്ക് വിളിച്ചിട്ടുമുണ്ട്.
്‌ഈ താരങ്ങളെല്ലാം ഇപ്പോഴും ഐ.സി.എല്ലുമായി കരാറിലാണ് താനും. ഐ.സി.എല്‍ കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ക്കായി ഐ.സി.സി പ്രവര്‍ത്തക സമിതി ഏപ്രില്‍ 17,18 തിയ്യതികളില്‍ ദുബായില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഐ.സി.എല്ലിന് അനുകൂലമായി എന്തെങ്കിലും തീരുമാനമുണ്ടാവാന്‍ പ്രയാസമാണ്.
ഐ.സി.എല്ലുമായി ബന്ധമുളള താരങ്ങള്‍ക്ക്‌് മുഖ്യധാരയിലേക്ക് തിരിച്ചുവരാന്‍ തങ്ങള്‍ അവസരം നല്‍കുകയാണെന്നാണ് പി.സി.ബിയുടെ പുതിയ വിശദീകരണം. മുമ്പ് വര്‍ണ്ണവിവേചന കാലത്ത്‌് ദക്ഷിണാഫ്രിക്കയില്‍ കളിച്ചതിന് താരങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും പിന്നീട്‌് അവര്‍ക്ക്‌് മുഖ്യധാരയിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയത് പോലെ ആറ് മുതല്‍ 12 മാസം വരെ വിമത താരങ്ങള്‍ക്ക് തിരിച്ചുവരവിനുളള അവസരമാണ് നല്‍കുന്നത്. സാധ്യതാ സംഘത്തിലേക്ക് വിവാദ താരങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ അതിന് ഐ.സി.സി അംഗീകാരം വേണമെന്ന നിബന്ധന സെലക്ടര്‍മാര്‍ക്ക് അറിയില്ലായിരുന്നുവെന്നും അത് കൊണ്ടാണ് അവരെ സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പി.സി.ബി ഓപ്പറേറ്റിംഗ് ഓഫീസര്‍ സലീം അല്‍ത്താഫ് പറഞ്ഞു. റസാക്കും നസീറും റാണ നവീദും ഐ.സി.എല്ലുമായുളള ബന്ധം വിഛേദിച്ചതായി തനിക്ക് അറിയില്ലെന്നും ഈ കാര്യത്തില്‍ ഐ.സി.എല്‍ ചെയര്‍മാന്‍ കപില്‍ദേവിന്‌് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കപില്‍ ഈ കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ല. അതേ സമയം മൂന്ന് താരങ്ങളും ഐ.സി.എല്ലിന്റെ താരങ്ങളാണെന്നും ഇവരുടെ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ ദേശീയ ടീമിനായി ഇവര്‍ കളിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഐ.സി.എല്‍ ബിസിനസ് തലവന്‍ ഹിമാന്‍ഷു മോഡി പറഞ്ഞു.
എവിടെയുമില്ലാത്ത നിലയില്‍ തങ്ങള്‍ക്ക് തുടരാനാവില്ലെന്നാണ് വിവാദ താരങ്ങള്‍ പറയുന്നത്. പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് സെന്‍ട്രല്‍ കരാര്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ എല്ലാവരും ഐ.സി.എല്‍ വിട്ട് മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറാണ്. പക്ഷേ ഇതിന് നിലവിലെ സാഹചര്യത്തില്‍ പി.സി.ബിക്ക് കഴിയില്ല. വിവാദ താരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും പി.സി.ബി ഭയപ്പെടുന്നുണ്ട്.
നഷ്ടം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെതിരെ 1-3 ന്റെ തകര്‍പ്പന്‍ വിജയം നേടിയ ചെല്‍സി സെമി ടിക്കറ്റ് ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. പക്ഷേ അടുത്ത ചൊവാഴ്‌ച്ച നടക്കുന്ന രണ്ടം പാദത്തില്‍ നായകന്‍ ജോണ്‍ ടെറിയുടെ സേവനം ടീമിന് ലഭിക്കില്ല. ഇന്നലെ നടന്ന ആദ്യപാദത്തിന്റെ അവസാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നായകന്‍ ഒരു മല്‍സരം പുറത്തിരിക്കണം. രണ്ടാം പാദ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടാതിരുന്നാല്‍ ചെല്‍സിക്ക് സെമിയിലെത്താം. പക്ഷേ ദീര്‍ഘകാലമായി ടീമിനെ നയിക്കുന്ന ടെറിക്ക് നിര്‍ണ്ണായക മല്‍സരം നഷ്ടപ്പെടുന്നതില്‍ നിരാശയുണ്ട്. എങ്കിലും ടീം വിജയിച്ചുവരുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല.
ഫോമിലാണ്
ബ്ലോംഫോണ്‍ടെയിന്‍: ടീമിന് ഒന്നിലധികം നായകര്‍ വേണമെന്ന കോച്ച് ജോണ്‍ ബുക്കാനന്റെ പരാമര്‍ശം തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ സൗരവ് ഗാംഗുലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. ദക്ഷിണാഫ്രിക്കന്‍ ടീമായ ഈഗിള്‍സിനെതിരായ പരിശീലന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റിന് നൈറ്റ് റൈഡേഴ്‌സ് വിജയിച്ചപ്പോള്‍ തിളങ്ങിനിന്നത് ദാദ തന്നെ. പുറത്താവാതെ 61 റണ്‍സാണ് അദ്ദേഹം നേടിയത്. ചേതേശ്വര്‍ പൂജാര 66 റണ്‍സുമായി ക്യാപ്‌റ്റന് പിന്തുണ നല്‍കി. മല്‍സരശേഷം സംസാരിക്കവെ നായക വിവാദത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ സൗരവ് പരിശീലന മല്‍സരത്തില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.
പുറത്ത്
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ നഗരമായ സുവോണില്‍ നടക്കുന്ന ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യക്ക് കനത്ത ആഘാതം. സൂപ്പര്‍താരവും ലോക റാങ്കിംഗിലെ എട്ടാം നമ്പര്‍ താരവുമായ സൈന നെഹ്‌വാള്‍ പുറത്തായി. നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ജിയാംഗ് യാന്‍ജിയോയാണ് 21-14, 14-21, 12-21 എന്ന സ്‌ക്കോറിന് വിജയിച്ചത്. ആദ്യ സെറ്റില്‍ മികച്ച പ്രകടനം നടത്തിയ സൈന രണ്ടും മൂന്നും സെറ്റുകളിലാണ് പതറിയത്. അതേ സമയം ഇന്ത്യയുടെ മറ്റ് താരങ്ങളായ പി.കാശ്യപ്, ആനന്ദ് പവാര്‍ എന്നിവര്‍ വിജയിച്ചു.
ഇന്ന് വിവ
ഗൂര്‍ഗവോണ്‍: അടുത്ത സീസണിലെ ഐ ലീഗ് ലക്ഷ്യമാക്കി ഇന്ന് വിവ കേരള മൈതാനത്ത്. ദേശീയ ലീഗ് രണ്ടാം ഡിവിഷനില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുളള വിവ കേരള ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ മൂന്നാം മല്‍സരത്തില്‍ ശക്തരായ പൂനെ എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും വിജയിച്ച വിവയാണ് ഇപ്പോള്‍ ടേബിളില്‍ ഒന്നാമത്. ഇന്നലെ നടന്ന മല്‍സരത്തില്‍ ലാജോംഗ് എസ്.സി 4-2ന് സേസ ഗോവയെ പരാജയപ്പെടുത്തി. രണ്ടാം ഡിവിഷനില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ഐ ലീഗില്‍ കളിക്കാം
ചെല്‍സിയെ നയിക്കാന്‍ അന്‍സലോട്ടി
ലണ്ടന്‍: കാര്‍ലോസ് അന്‍സലോട്ടി എന്ന ഇറ്റാലിയന്‍ പരിശീലകന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുടെ പരിശീലകനായി വരുന്നു. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്ന അന്‍സലോട്ടി അടുത്ത സീസണ്‍ മുതല്‍ സ്‌റ്റാഫോര്‍ഡ് ബ്രിഡ്‌ജിലെത്തി ടീമിന്റെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗസ് ഹിഡിങ്ക് എന്ന താല്‍കാലിക കോച്ചിന് കീഴിലാണ് ചെല്‍സി. ജോസ് ഫിലിപ്പ് സ്‌ക്കോളാരിയെ പുറത്താക്കിയ ശേഷം താല്‍കാലികാടിസ്ഥാനത്തിലാണ് ചെല്‍സി റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചായ ഹിഡിങ്കിനെ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. വലിയ തുകക്കാണ് അന്‍സലോട്ടിയെ ചെല്‍സി ഉടമ അബ്രമോവിച്ച് റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment