Tuesday, April 28, 2009

INDIA HOST THE FINAL

ഫൈനല്‍ ഇന്ത്യയില്‍
മുംബൈ: 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യയില്‍.... ഇന്നലെ ഇവിടെ ചേര്‍ന്ന ലോകകപ്പ്‌ സംഘാടകസമിതിയാണ്‌ ഫൈനലും ഒരു സെമിയും ഉള്‍പ്പെടെ 29 മല്‍സരങ്ങള്‍ ഇന്ത്യക്ക്‌ അനുവദിച്ചത്‌. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനില്‍ മല്‍സരവേദികള്‍ വേണ്ടെന്ന തീരുമാനത്തിലാണ്‌ ഇന്ത്യക്ക്‌ കൂടുതല്‍ മല്‍സരങ്ങള്‍ അനുവദിച്ചിരിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങുകളും എട്ട്‌ മല്‍സരങ്ങളും ബംഗ്ലാദേശില്‍ നടക്കുമ്പോള്‍ ഒരു സെമി ഫൈനല്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ മല്‍സരങ്ങല്‍ ശ്രീലങ്കയില്‍ നടക്കും. ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ ആകെയുളള 49 മല്‍സരങ്ങള്‍ മൂന്ന്‌ രാജ്യങ്ങള്‍ക്കായി വീതിച്ചുനല്‍കിയത്‌. എട്ട്‌ വേദികളിലായാണ്‌ ഇന്ത്യന്‍ മല്‍സരങ്ങള്‍. ലങ്ക 12 മല്‍സരങ്ങള്‍ നടത്തുക മൂന്ന്‌ വേദികളിലായിട്ടായിരിക്കും. ബംഗ്ലാദേശിലെ എല്ലാ മല്‍സരങ്ങളും രണ്ട്‌ വേദികളിലായിട്ടായിരിക്കും നടക്കുക.
ഇന്ത്യ,പാക്കിസ്‌താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നീ നാല്‌ രാജ്യങ്ങള്‍ക്കായാണ്‌ ലോകകപ്പ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന്‌ സംജാതമായ ഗുരുതരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി പാക്കിസ്‌താനെ ഐ.സി.സി ഒഴിവാക്കുകയായിരുന്നു. 14 മല്‍സരങ്ങളാണ്‌ പാക്കിസ്‌താന്‌ അനുവദിച്ചിരുന്നത്‌. ഈ മല്‍സരങ്ങളാണ്‌ ഇപ്പോള്‍ ഇന്ത്യയിലും(8) ബംഗ്ലാദേശിലും(2) ശ്രീലങ്കയിലുമായി(4) നടക്കാന്‍ പോവുന്നത്‌. നാല്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ രണ്ടെണ്ണം ബംഗ്ലാദേശിനാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇന്ത്യയിലും ലങ്കയിലും ഓരോ ക്വാര്‍ട്ടറുകള്‍ അരങ്ങേറും.
ടൂര്‍ണ്ണമെന്റ്‌ സെക്രട്ടറിയേറ്റ്‌ ലാഹോറില്‍ നിന്നും മുംബൈയിലേക്ക്‌ മാറ്റാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായ രത്‌നാങ്കര്‍ ഷെട്ടിയായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ മാനേജിംഗ്‌ ഡയരക്ടര്‍. പാക്കിസ്‌താന്‍കാരനായിരുന്ന സല്‍മാന്‍ ഭട്ടിന്‌ പകരമാണ്‌ പുതിയ നിയമനം. ഐ.സി.സി വൈസ്‌ പ്രസിഡണ്ട്‌ ശരത്‌ പവാര്‍ തലവനായ സംഘാടക സമിതിയില്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ മഹബൂബുല്‍ ആനമും ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ദുലീപ്‌ മെന്‍ഡിസും അംഗങ്ങളായിരിക്കും. ഐ.സി.സിയുടെ പ്രത്യേക ഉപദേഷ്ടാവായ ഐ.എസ്‌ ബിന്ദ്രയും സംഘാടക സമിതിയില്‍ അംഗമായിരിക്കും.
പാക്കിസ്‌താനില്‍ നിന്നും മല്‍സരങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പാക്കിസ്‌താന്‍ ലോകകപ്പ്‌ ബഹിഷ്‌ക്കരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ലാഗോണ്‍ ഒഴിഞ്ഞുമാറി. ഈ വിഷയം ഐ.സി.സി മുമ്പാകെ വന്നാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. പാക്കിസ്‌താനില്‍ നിന്നും മല്‍സരവേദികള്‍ മാറ്റിയത്‌ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ്‌. ആ സ്ഥിതിവിശേഷത്തില്‍ മാറ്റമില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ശശാങ്ക്‌ മനോഹര്‍ തലവനായി സുരക്ഷാ സമിതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. വിവിധ അംഗരാജ്യങ്ങള്‍ സുരക്ഷാ കാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഘാടകസമിതി ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇന്ത്യയില്‍ വെച്ച്‌ ലോകകപ്പ്‌ വിജയകരമായി തന്നെ നടത്താന്‍ കഴിയുമെന്നാണ്‌ ഐ.സി.സി കരുതുന്നതെന്നും ലോര്‍ഗാറ്റ്‌ പറഞ്ഞു.
1996 ലാണ്‌ അവസാനമായി ഇന്ത്യ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌. ഇന്ത്യക്ക്‌ പുറമെ ശ്രീലങ്ക, പാക്കിസ്‌താന്‍ എന്നീ രാജ്യങ്ങളിലുമായിട്ടായിരുന്നു ലോകകപ്പ്‌. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയയെ അട്ടിമറിച്ച്‌ അര്‍ജുന രണതുംഗെയുടെ ലങ്ക കപ്പില്‍ മുത്തമിട്ടിരുന്നു.

ഇംഗ്ലീഷ്‌ കാര്യം
ലണ്ടന്‍: ഓള്‍ഡ്‌ ട്രാഫോഡിലെ തെരുവുകളില്‍ സംസാരമെല്ലാം ഇന്നത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലിനെക്കുറിച്ചാണ്‌. സ്വതവേ ഫുട്‌ബോള്‍ ഭ്രാന്തരായ ഓള്‍ഡ്‌ട്രാഫോഡുകാര്‍ക്ക്‌ സ്വന്തം ടീം കളിക്കുന്ന ഏത്‌ മല്‍സരവും നല്‍കുന്നത്‌ വലിയ ആവേശമാണ്‌. ഇന്നത്തെ മല്‍സരത്തിന്റെ പ്രാധാന്യം എതിരാളികള്‍ സ്വന്തം നാട്ടുകാര്‍ തന്നെയാണെന്നതാണ്‌. ആഴ്‌സനലാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കലാശ്ശപ്പോരാട്ടത്തിനൊരുങ്ങുന്ന റെഡ്‌സിന്‌ ഭീഷണി. നിലവില്‍ യൂറോപ്പിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിന്റെ സീസണിലെ പ്രധാന ലക്ഷ്യം കഴിഞ്ഞ സീസണിലെ രണ്ട്‌ മേജര്‍ കിരീടങ്ങളും നിലനിര്‍ത്തുക എന്നതാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം ഇതിനകം മാഞ്ചസ്റ്റര്‍ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്‌. വ്യക്തമായ മൂന്ന്‌ പോയന്റിന്റെ ലീഡില്‍ പ്രിമിയര്‍ ലീഗില്‍ മുന്നേറുന്ന മാഞ്ചസ്റ്ററിന്‌ രണ്ട്‌ കളികള്‍ കൂടി ജയിച്ചാല്‍ വന്‍കരാ കിരീടവും നേടാം.
ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ എല്ലാ സൂപ്പര്‍ താരങ്ങളും കളിക്കുന്നു എന്നതാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‌ ആത്മവിശ്വാസം നല്‍കുന്നത്‌. ഗോള്‍വേട്ടക്കാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയില്‍ നിന്നുളള മധ്യനിര പോരാളി കാര്‍ലോസ്‌ ടെവസ്‌, വെയിന്‍ റൂണി എന്നിവരെല്ലാം കളിക്കുന്നുണ്ട്‌. പക്ഷേ പിന്‍നിരയിലെ അനുഭവ സമ്പന്നനായ ഗാരി നെവിലിന്റെ സേവനം ടീമിനുണ്ടാവില്ല. കാലിന്‌ പരുക്കേറ്റ നെവിലിന്‌ പകരം ജോണ്‍ ഒസിയക്കായിരിക്കും കോച്ച്‌ സ്ഥാനം നല്‍കുക. പിന്‍നിരയിലെ മറ്റ്‌ സ്ഥാനങ്ങള്‍ റ്യാന്‍ ഗിഗ്‌സും വെസ്‌ ബ്രൗണും പങ്കിടും.
ആഴ്‌സനല്‍ നിരയില്‍ മൈക്കല്‍ സില്‍വസ്റ്റര്‍ കളിക്കുമെന്നാണ്‌ സൂചനകള്‍. പുറം വേദന കാരണം പുറത്തിരിക്കുന്ന സില്‍വസ്റ്റര്‍ പ്ലെയിംഗ്‌ ഇലവനിലേക്ക്‌ വന്നാല്‍ ജോഹാന്‍ ഡിജോറു പുറത്താവും. മുന്‍നിരയില്‍ കളിക്കുന്ന റോബിന്‍ വാന്‍ പര്‍സിക്ക്‌ ആദ്യ ലഗ്ഗ്‌ മല്‍സരം തീര്‍ച്ചയായും നഷ്ടപ്പെടും. മാഞ്ചസ്റ്റര്‍ മുന്‍നിരക്കാര്‍ അപകടകാരികളായതിനാല്‍ തന്റെ പിന്‍നിരക്ക്‌ പിടിപ്പത്‌ ജോലിയുണ്ടാവുമെന്ന്‌ മനസ്സിലാക്കുന്ന ആഴ്‌സനല്‍ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ ഡിഫന്‍സിന്‌ പ്രാധാന്യം നല്‍കിയായിരിക്കും ടീമിനെ ഇറക്കുക. ഈ കാര്യം അദ്ദേഹം വ്യക്തമാക്കികഴിഞ്ഞു. മാഞ്ചസ്റ്ററിന്റെ മൈതാനത്ത്‌ നടക്കുന്ന ആദ്യപാദ മല്‍സരത്തില്‍ ഗോള്‍ വഴങ്ങാതിരുന്നാല്‍ അത്‌ ഗുണം ചെയ്യുമെന്നാണ്‌ വെംഗറിന്റെ കണക്ക്‌ക്കൂട്ടല്‍. പക്ഷേ മാഞ്ചസ്റ്റര്‍ മുന്‍നിരക്കാര്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്നതിനാല്‍ തന്റെ ഡിഫന്‍സിന്‌ പിടിപ്പത്‌ ജോലിയുണ്ടാവുമെന്ന്‌ വെംഗര്‍ക്കറിയാം.സില്‍വസ്‌റ്റര്‍ കളിക്കുന്നപക്ഷം പിന്‍നിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. ലെഫ്‌റ്റ്‌ ബാക്‌ ക്ലിച്ചി ഇന്ന്‌ കളിക്കുന്നില്ല.
ഇതാദ്യമായാണ്‌ യൂവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ മാഞ്ചസ്റ്ററും ആഴ്‌സനലും നേര്‍ക്കുനേര്‍ വരുന്നത്‌. ഇതിനകം ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പുറത്താക്കാന്‍ ഒരു ഇംഗ്ലീഷ്‌ ടീമിനും കഴിഞ്ഞിട്ടില്ല. മൊത്തം 205 തവണ ഇംഗ്ലീഷ്‌ പ്രബലര്‍ പരസ്‌പരം കളിച്ചിട്ടുണ്ട്‌. ഇതില്‍ 82 തവണ മാഞ്ചസ്റ്റര്‍ വിജയിച്ചപ്പോള്‍ 78 ല്‍ ആഴ്‌സനല്‍ വിജയിച്ചു. 45 മല്‍സരങ്ങള്‍ സമനിലയിലായി.
ഇന്നത്തെ മല്‍സരം കഴിഞ്ഞാല്‍ മെയ്‌ 16ന്‌ ഇതേ മൈതാനത്ത്‌ വെച്ച്‌ ഇരുവരും പ്രീമിയര്‍ ലീഗില്‍ മുഖാമുഖം വരുന്നുണ്ട്‌. നവംബറില്‍ നടന്ന ആദ്യപാദ മല്‍സരം എമിറേറ്റ്‌സ്‌ മൈതാനത്ത്‌ നടന്നപ്പോള്‍ വിജയം വരിച്ചത്‌ ഗണ്ണേഴ്‌സായിരുന്നു. സാമിര്‍ നാസിരി നേടിയ രണ്ട്‌ ഗോളുകളാണ്‌ അന്ന്‌ മാഞ്ചസ്‌റ്ററിന്‌ കരുത്തായത്‌.

38-ാം തവണ
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തില്‍ ഒരു ടീമിന്റെ പരിശീലകരായി ദീര്‍ഘകാലം സേവിക്കുന്നവരെന്ന റെക്കോര്‍ഡ്‌ നേട്ടക്കാരാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ്‌ ഫെര്‍ഗൂസണും ആഴ്‌സനലിന്റെ ആഴ്‌സന്‍ വെംഗറും. ഇന്ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഇരുവരും മുഖാമുഖം വരുമ്പോള്‍ മുപ്പത്തിയെട്ടാമത്‌ തവണയാണ്‌ പരിശീലകരുടെ ബലാബലം. ഇതില്‍ വെംഗര്‍ക്കാണ്‌ കൂടുതല്‍ വിജയം. അദ്ദേഹം പരിശീലിപ്പിച്ച ടീം 14 തവണ വിജയിച്ചപ്പോള്‍ ഫെര്‍ഗ്ഗിക്ക്‌ 13 വിജയങ്ങളാണ്‌ നേടാനായത്‌. പത്ത്‌ മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. രണ്ട്‌ മല്‍സരങ്ങള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്‌ വിധി നിശ്ചയിച്ചത്‌.
സമീപകാലത്ത്‌ മികച്ച ഫോമില്‍ കളിക്കുന്നത്‌ മാഞ്ചസ്‌റ്ററാണ്‌. തുടര്‍ച്ചയായി ആറാം തവണയാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്റെ സെമിഫൈനല്‍ കളിക്കുന്നത്‌. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനും സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണക്കും മാത്രമാണ്‌ ഈ റെക്കോര്‍ഡുളളത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ ഏ.സി മിലാനെതിരെ മൂന്ന്‌ ഗോളിന്‌ പരാജയപ്പെട്ട ശേഷം മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ തോല്‍വി രുചിച്ചിട്ടില്ല. സ്വന്തം മൈതാനത്ത്‌ നടന്ന കഴിഞ്ഞ 20 ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങളിലും അവര്‍ തോറ്റിട്ടില്ല. അതേ സമയം ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ തപ്പിതടയുകയായിരുന്നു. ഒരു വിധമാണ്‌ ഇപ്പോള്‍ നാലാം സ്ഥാനത്ത്‌ എത്തിനില്‍ക്കുന്നത്‌. പക്ഷേ പ്രബലരായ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഗണ്ണേഴ്‌സിന്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന സത്യത്തിലാണ്‌ വെംഗര്‍ക്ക്‌ വിശ്വാസം.
നായകന്‍
പോര്‍ട്ട്‌എലിസബത്ത്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ നയിച്ച്‌ ഇന്നിറങ്ങുന്നത്‌ കെവിന്‍ പീറ്റേഴ്‌സണായിരിക്കും. പക്ഷേ അടുത്ത മല്‍സരം മുതല്‍ അദ്ദേഹം ടീമിനൊപ്പമില്ല. വിന്‍ഡീസിനെതിരായ പരമ്പരക്കുളള ഇംഗ്ലീഷ്‌ ടീമില്‍ അംഗമായ പീറ്റേഴ്‌സണ്‍ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌. വിജയ്‌ മല്ലിയയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ സംഘത്തിന്റെ പുതിയ നായകന്‍ ആരായിരിക്കും എന്ന ചോദ്യത്തിന്‌ ആര്‍ക്കുമാവാം എന്നാണ്‌ കോച്ച്‌ റേ ജെന്നിംഗ്‌സിന്റെ മറുപടി. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ ജാക്‌ കാലിസിനാണ്‌ നറുക്ക്‌ എന്നതാണ്‌ വ്യക്തമായ സൂചനകള്‍. കെവിന്‍ പീറ്റേഴ്‌സണെ ലേലത്തില്‍ ലഭിക്കുന്നതിന്‌ മുമ്പ്‌ ബാംഗ്ലൂര്‍ ടീം നായകനായി കണ്ടിരുന്നത്‌ കാലിസിനെയായിരുന്നു. പീറ്റേഴ്‌സണെ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്‌ നായകത്തൊപ്പി നല്‍കി. മാറിയ സാഹചര്യത്തില്‍ കാലിസ്‌ മതിയെന്നാണ്‌ മല്ലിയ പറയുന്നത്‌. ടീമിന്റെ കഴിഞ്ഞ സീസണിലെ നായകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. നായകനാവാന്‍ താനില്ല എന്ന്‌ ദ്രാവിഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നായകസ്ഥാനം പോയ ശേഷം ദ്രാവിഡിന്‌ നന്നായി കളിക്കാനും കഴിയുന്നുണ്ട്‌. കാലിസ്‌ കളിക്കുന്ന പക്ഷം അദ്ദേഹം തന്നെയായിരിക്കും നായകന്‍. മാര്‍ക്ക്‌ ബൗച്ചര്‍, അനില്‍ കുംബ്ലെ എന്നിവരും നായകരാവാന്‍ യോഗ്യരാണ്‌. തുടര്‍ച്ചയായി നാല്‌ കളികളില്‍ പരാജയപ്പെട്ട ബാംഗ്ലൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ തപ്പിതടയുകയാണ്‌. 2008 ല്‍ ഏഴാം സ്ഥാനത്തായ ടീം നിലവിലുള്ള ഫോമില്‍ ഏറെ പിറകിലാവാനാണ്‌ സാധ്യതകള്‍.
വിവാദം
ദുബായ്‌: പുതിയ വിവാദത്തിന്റെ കയത്തിലാണ്‌ പാക്കിസ്‌താന്റെ യുവ സ്‌പിന്നര്‍ സയ്യദ്‌ അജ്‌മല്‍. ഓസ്‌ട്രേലിയക്കെതിരെ നടന്നുവരുന്ന ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന അജ്‌മലിന്റെ ബൗളിംഗ്‌ ആക്‌ഷനില്‍ ഓസ്‌ട്രേലിയകാര്‍ക്ക്‌്‌ സംശയം ഉയര്‍ന്നതാണ്‌ വിവാദമായിരിക്കുന്നത്‌. ഓസീസ്‌ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണാണ്‌ പരാതിക്കാരന്‍. രണ്ടാം ഏകദിനത്തിനിടെ അജ്‌മലിന്റെ ബൗളിംഗ്‌ ആക്‌ഷന്‍ സംബന്ധിച്ച്‌ വാട്ട്‌സണ്‍ അമ്പയര്‍മാരോട്‌ പരാതിപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ അജ്‌മലിന്റെ ആക്‌ഷനില്‍ ഒരു കുഴപ്പവുമില്ലെന്നാണ്‌ പാക്‌ നായകന്‍ യൂനസ്‌ഖാന്‍ പറയുന്നത്‌. ചിലര്‍ വെറുതെ വിവാദത്തിന്‌ ശ്രമിക്കുകയാണ്‌. ദൂസ്‌്‌രകള്‍ ഇന്ത്യ, പാക്‌ സ്‌പിന്നര്‍മാരുടെ പ്രധാന ആയുധമാണ്‌. യുവതാരത്തിന്റെആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലാണ്‌ ചിലര്‍ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകദിന പരമ്പരയില്‍ മൂന്നാം മല്‍സരം വിജയിച്ച ഓസ്‌ട്രേലിയ 2-1ന്‌ മുന്നിലാണിപ്പോള്‍.
തോല്‍വികള്‍
കേപ്‌ടൗണ്‍: മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‌ എന്ത്‌ പറ്റി.. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ തപ്പിതടയുകയാണ്‌. അഞ്ച്‌ കളികളില്‍ നിന്ന്‌ കേവലം 3 പോയന്റാണ്‌ ടീമിന്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ ദയനീയമായി തോറ്റു. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ടീമിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ ധോണിക്ക്‌ കഴിയുന്നുമില്ല. കളിച്ച മല്‍സരങ്ങളില്ലെല്ലാം വിജയം വരിച്ച ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ എട്ട്‌ പോയന്റുമായി ഒന്നാമത്‌ നില്‍ക്കുമ്പോഴാണ്‌ ധോണി തപ്പിതടയുന്നത്‌.

No comments: