Wednesday, April 8, 2009
RED SHOCK
മാഞ്ചസ്‌റ്ററിന് തിരിച്ചടി
ഓള്‍ഡ്‌ട്രാഫോഡ്: സ്വന്തം മണ്ണില്‍ എഫ്.സി പോര്‍ട്ടോയെ പോലെ താരതമ്യേന ദുര്‍ബലരെന്ന് കരുതിയ പ്രതിയോഗികള്‍ക്കെതിരെ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാനിറങ്ങിയത്. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ 90 മിനുട്ടും മൂന്ന് മിനുട്ട് ഇഞ്ച്വറി ടൈമും പിന്നിട്ട് റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ ഭാഗ്യത്തെ സ്‌തുതിക്കുകയായിരുന്നു മാഞ്ചസ്‌റ്ററിന്റെ വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍. മല്‍സരം 2-2 ല്‍ അവസാനിച്ചത് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയാണ്. അടുത്തയാഴ്‌ച്ച റിട്ടേണ്‍ മല്‍സരം നടക്കുന്നത് പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയിലാണ്. ഇന്നലെ നടന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലും സമനിലയില്‍ അവസാനിച്ചു. സ്‌പാനിഷ് പ്രതിനിധികളായ വില്ലാ റയലും ആഴ്‌സനലും തമ്മിലുളള അങ്കത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു.
കഴിഞ്ഞ 22 യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ സ്വന്തം മൈതാനത്ത് പരാജയമറിയാത്തവരാണ് മാഞ്ചസ്റ്റര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്‌റ്റണ്‍ വില്ലക്കെതിരെ പൊരുതി നേടിയ 3-2 ന്റെ വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ മാഞ്ചസ്റ്ററിനെ വരച്ച വരയില്‍ നിര്‍ത്തി അപാര പ്രകടനമാണ് സൂപ്പര്‍താരങ്ങള്‍ അധികമില്ലാത്ത പോര്‍ട്ടോ കാഴ്‌ച്ചവെച്ചത്. മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ലീഡ് വഴങ്ങിയ ചാമ്പ്യന്മാര്‍ അവസാനത്തില്‍ 2-1 ന് മുന്നിലായിരുന്നു. പക്ഷേ ലോംഗ് വിസില്‍ വരെ ലീഡും വിലപ്പെട്ട പോയന്റും നിലനിര്‍ത്താന്‍ ടീമിനായില്ല. എണ്‍പത്തിയൊമ്പതാം മിനുട്ടില്‍ മരിയാനോ ഗോണ്‍സാലസ് പോര്‍ട്ടോയുടെ സമനില ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ സ്‌റ്റേഡിയം നിശബ്ദമായിരുന്നു.
പ്രീമിയര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വി നല്‍കിയ ക്ഷീണത്തിലാണ് കഴിഞ്ഞായാഴ്‌ച്ച മാഞ്ചസ്‌റ്റര്‍ ആസ്‌റ്റണ്‍വില്ലക്കെതിരെ കളിച്ചത്. ഈ മല്‍സരത്തില്‍ അവസാന മിനുട്ടിലെ ഗോളിലാണ് ഫെര്‍ഗ്ഗിയും സംഘവും മുഖം രക്ഷിച്ചത്. പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ പ്രകടിപ്പിച്ച ആലസ്യത്തില്‍ ടീം പരാജയത്തെ മുന്നില്‍ കണ്ടിരുന്നു. അതേ പ്രകടനം തന്നെയാണ് ഇന്നലെയും നിര്‍ണ്ണായക മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ പുറത്തെടുത്തത്. മുന്‍നിരയില്‍ വെയിന്‍ റൂണിയെ മാത്രമാണ് ഫെര്‍ഗ്ഗി ആക്രമണത്തിന് നിയോഗിച്ചത്. റൂണിയെ തടയുന്നതില്‍ പോര്‍ട്ടോയുടെ യുവ ഡിഫന്‍ഡര്‍മാര്‍ വിജയിച്ചപ്പോള്‍ ചാമ്പ്യന്മാര്‍ വിയര്‍ത്തു. നാലാം മിനുട്ടിലായിരുന്നു സ്റ്റേഡിയം തരിച്ചുനിന്ന ആദ്യ ഗോള്‍. മാഞ്ചസ്‌റ്റര്‍ താരങ്ങള്‍ നിലയുറപ്പിക്കും മുമ്പ് അവരുടെ ഡിഫന്‍സിന്റെ ദുര്‍ബലമായ ക്ലിയറന്‍സ് ഉപയോഗപ്പെടുത്തി ലൗചോ ഗോണ്‍സാലസ് പെനാല്‍ട്ടി ബോക്‌സില്‍ കയറി നല്‍കിയ പാസ് ക്രിസ്‌റ്റിയന്‍ റോഡ്രിഗസ് ഉപയോഗപ്പെടുത്തിയപ്പോള്‍ വലയം കാത്ത വാന്‍ഡര്‍ സര്‍ നിസ്സഹായനായിരുന്നു. മല്‍സരത്തിന്റെ ആദ്യ പത്ത് മിനുട്ടില്‍ പത്ത് തവണയാണ് പോര്‍ട്ടോ മുന്‍നിരക്കാര്‍ വാന്‍ഡര്‍സറിനെ പരീക്ഷിച്ചത്. ഇതിനിടെയാണ് വെയിന്‍ റൂണിയുടെ അവസരവാദ സമനില ഗോള്‍ എത്തിയത്. പക്ഷേ ഈ ഗോളും മാഞ്ചസ്‌റ്റര്‍ താരങ്ങള്‍ക്ക് കുതിക്കാനുളള ഊര്‍ജ്ജമായില്ല.
രണ്ടാം പകുതിയില്‍ അപകടം മനസ്സിലാക്കിയ ഫെര്‍ഗ്ഗി ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. കാര്‍ലോസ് ടെവസിനെയും റ്യാന്‍ ഗിഗ്‌സിനെയും രംഗത്തിറക്കി 4-4-2 ഫോര്‍മേഷനില്‍ ആക്രമണത്തിനാണ് അദ്ദേഹം മുതിര്‍ന്നത്. പോര്‍ട്ടോയും പിറകോട്ട് പോയില്ല. മുന്‍നിരയിലേക്ക് അപകടകാരിയായ ഹള്‍ക്കിനെ നിയോഗിച്ച് അവരും തിരിച്ചടികള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. അനുഭവ സമ്പത്തിന്റെ കരുത്തില്‍ കാര്‍ലോസ് ടെവസും റൂണിയും നടത്തീയ നീക്കത്തില്‍ മാഞ്ചസ്‌റ്റര്‍ മുന്നിലെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. റൂണിയുടെ ബാക് ഹീല്‍ ഉപയോഗപ്പെടുത്തിയ ടെവസ് തന്റെ ഷൂട്ടിംഗ് പാടവം തെളിയിച്ചു. ഈ ഗോളില്‍ പക്ഷേ പോര്‍ട്ടോ പതറിയില്ല. അവര്‍ ആക്രമണം തുടര്‍ന്നു. ലോംഗ് വിസിലിന് തൊട്ട് മുമ്പ് പോര്‍ച്ചുഗീസുകാരുടെ ശ്രമങ്ങള്‍ക്ക് ഫലവും കിട്ടി. ലിസാന്‍ഡറോ ലോപസ് നല്‍കിയ ക്രോസുമായി ബോക്‌സിലേക്ക് കുതിച്ച മരിയാനോ ഗോണ്‍സാലസ് അഡ്വാന്‍സ് ചെയ്‌ത വാന്‍ഡര്‍സറെ നിസ്സഹായനാക്കി. അടുത്തയാഴ്‌ച്ച പോര്‍ട്ടോയിലെ ഡ്രാഗണ്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ് മാഞ്ചസ്‌റ്ററിനെ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ സെമി കളിക്കാനാവു...
വില്ലാ റയല്‍-ആഴ്‌സനല്‍ മല്‍സരം ആദ്യാവസാനം ആവേശകരമായിരുന്നു. പത്താം മിനുട്ടില്‍ മാര്‍ക്കോസ് സെന്ന നേടിയ ഗോള്‍ സ്‌പാനിഷ് ടീമിന് കരുത്തായി. മല്‍സരത്തിന്റെ തുടക്കം മുതല്‍ ലഭിച്ച മുന്‍ത്തൂക്കം ഉപയോഗപ്പെടുത്തിയാണ് അവര്‍ വല ചലിപ്പിച്ചത്.
രണ്ടാം പകുതിയിലാണ് ആഴ്‌സനല്‍ ആക്രമണത്തിന് പ്രാധാന്യം നല്‍കിയത്. പരുക്കില്‍ നിന്ന് മോചിതനായി സെസ്‌ക് ഫാബ്രിഗസ് ടീമില്‍ തിരിച്ചെത്തിയത് ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് വേഗതയേകി. മല്‍സരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സ്‌പാനിഷ് ടീം ക്ഷീണം പ്രകടിപ്പിച്ചപ്പോള്‍ ഈ തക്കം ഉപയോഗപ്പെടുത്തി ഇമാനുവല്‍ അബിദേയര്‍ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. ആദ്യപാദ എവേ മല്‍സരത്തിലെ സമനില രണ്ടാം പാദത്തില്‍ തന്റെ ടീമിന് ഗുണകരമാവുമെന്ന് ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ പറഞ്ഞു.
ഡയരക്ട് ഡ്രൈവ്
വമ്പര്‍ വണ്‍
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നമ്പര്‍ വണ്‍ ടീം മഹേന്ദ്രസിംഗ് ധോണിയുടെ ഈ പടയാണ്. അതില്‍ സംശയമില്ല. വിജയങ്ങള്‍ മാത്രമല്ല ഈ വിലയിരുത്തലിന് നിദാനം. വിജയങ്ങള്‍ക്കുമപ്പുറം ടീമിലെ ഐക്യം, ടീം സ്‌പിരിറ്റ്, മല്‍സരാപഗ്രഥനം, താരങ്ങളുടെ മല്‍സരാഭിമുഖ്യം, ഫിറ്റ്‌നസ് തുടങ്ങി എല്ലാ മേഖലകളിലും ടീം ശ്രദ്ധിക്കുന്നു. ഇതില്‍ ക്യാപ്‌റ്റന്‍ എം.എസ് ധോണിക്കും കോച്ച് ഗാരി കിര്‍സ്‌റ്റണും ടീമിന്റെ സഹയാത്രികരായ വെങ്കടേഷ് പ്രസാദിനും റോബിന്‍ സിംഗിനും ട്രെയിനര്‍ക്കും ഫിസിയോ തെറാപിസ്റ്റിനും മാത്രമല്ല പങ്ക്-എല്ലാ താരങ്ങളും സ്വന്തം സംഭാവനകള്‍ നല്‍കുന്നു. സഹീര്‍ഖാന്‍ എന്ന താരത്തെ മാത്രം ഇതിന് ഉദാഹരിച്ചാല്‍ മതി. സഹീര്‍ മടിയനാണെന്ന് സൗരവ് ഗാംഗുലിയെന്ന നായകനും( സഹീറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് സൗരവ് എന്ന നായകനാണെന്ന് മറക്കുന്നില്ല) ഗ്രെഗ് ചാപ്പല്‍ എന്ന കോച്ചും ഒരു കാലത്ത് പറഞ്ഞിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ട്രെയിനര്‍ നല്‍കുന്ന പരീശീലനം ക്രമം അനുസരിക്കില്ല, അധികം ഭക്ഷണം കഴിക്കും, മറ്റ് താരങ്ങളോട് ആഭിമുഖ്യമില്ല തുടങ്ങി പലവിധ പരാതികളായിരുന്നു സഹീറിന്റെ പേരില്‍. ഈ പരാതികളുടെ പേരില്‍ പലവട്ടം അദ്ദേഹം ടീമിന് പുറത്താവുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ ഇന്നത്തെ സഹീര്‍ മാതൃകാതാരമാണ്. ടീമിലെ സീനിയര്‍ ബൗളര്‍ എന്ന നിലയില്‍ തന്റെ സഹ പന്തേറുകാരെ സഹീര്‍ പ്രോല്‍സാഹിപ്പിക്കുന്നു. ഫിറ്റ്‌നസ് കാര്യത്തില്‍ ജാഗ്രത പുലര്‍ത്തി ടീമിന്റെ പരിശീലന വേളകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നു. ധോണി നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ഫീല്‍ഡിംഗ് ക്രമീകരണത്തിലും സഹീര്‍ താല്‍പ്പര്യമെടുക്കുന്നു. ഈ പുതിയ സഹീര്‍ വിക്കറ്റ് വേട്ടയിലും മുന്നില്‍ നില്‍ക്കുന്നു. റണ്ണപ്പ് കുറച്ചുളള അദ്ദേഹത്തിന്റെ ആക്രമണത്തില്‍ വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ കിവി ബാറ്റ്‌സ്‌മാന്മാരെല്ലാം പതറിയിരുന്നു.
ഹാമില്‍ട്ടണ്‍,നേപ്പിയര്‍, വെല്ലിംഗ്‌ടണ്‍ ഈ മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ആകെ ഒരു മാറ്റമാണ് ഉണ്ടായിരുന്നത്. രണ്ടാം ടെസ്റ്റില്‍ ധോണിക്ക് പരുക്കേറ്റതിനാല്‍ മാത്രം ദിനേശ് കാര്‍ത്തിക് പകരം വന്നു. നമ്മുടെ ടീമിലെ ആദ്യ ഇലവനിലെ എല്ലാവരും എത്രമാത്രം കരുത്തരാണ് എന്നതിന് തെളിവാണിത്. എല്ലാവരും സ്വയംസമര്‍പ്പിക്കുന്നു. ബാറ്റിംഗില്‍ സേവാഗും ഗാംഭീറും നല്ല തുടക്കക്കാരാണ്. സേവാഗ് സ്വതസിദ്ധമായ ശൈലിക്കാരനാണ്. ചിലപ്പോള്‍ അതിവേഗം പുറത്താവും. അല്ലെങ്കില്‍ അതേ വേഗതയില്‍ സ്‌ക്കോര്‍ ചെയ്യും. അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഗാംഭീര്‍ ഏത് സാഹചര്യത്തിലും കളിക്കുന്നു. പരമ്പരയിലെ യഥാര്‍ത്ഥ താരം ഡല്‍ഹിക്കാരനാണ് എന്ന കാര്യത്തില്‍ സംശയമില്ല. 36 വയസ്സ് പിന്നിട്ട രാഹുല്‍ ദ്രാവിഡ്, 36 ലേക്ക് വരുന്ന സച്ചിന്‍, 35 പൂര്‍ത്തിയായ ലക്ഷ്‌മണ്‍, യുവരാജ്, ധോണി എന്നിവരാണ് മറ്റ് ബാറ്റ്‌സ്‌മാന്മാര്‍. ഇവരെല്ലാം ഓരോ ഘട്ടത്തിലും സംഭാവനകള്‍ ശക്തമായി നല്‍കിയിട്ടുണ്ട്. ബൗളിംഗില്‍ സഹീറും ഇഷാന്തും ന്യൂബോളില്‍ ഏറ്റവും അപകടകാരികളാണ്. ഹര്‍ഭജനും മുനാഫ് പട്ടേലും സപ്പോര്‍ട്ടീവ് റോള്‍ ഭംഗിയാക്കുന്നു.
ന്യൂസിലാന്‍ഡ് ടീമിനെ വിലയിരുത്തുമ്പോഴാണ് ശരിക്കും ഇന്ത്യയുടെ കരുത്ത് പൂര്‍ണ്ണ തോതില്‍ മനസ്സിലാവുക. കിവി സംഘം നേപ്പിയര്‍ ടെസ്റ്റില്‍ കരുത്ത് തെളിയിച്ചു എന്നത് സത്യം. പക്ഷേ വെല്ലിംഗ്‌ടണില്‍ അതേ ടീം തകര്‍ന്നു. ആധികാരികത അവരുടെ പ്രകടനത്തിന് ഉണ്ടായിരുന്നില്ല. സ്ഥിരത നിലനിര്‍ത്താന്‍ ആര്‍ക്കുമായില്ല. ജെസി റൈഡറുടെ ചില ഇന്നിംഗ്‌സുകളും റോസ് ടെയ്‌ലര്‍ പ്രകടിപ്പിച്ച ആക്രമണോത്സുകതയും മാത്രമാണ് ചൂണ്ടികാണിക്കാനുളളത്. മറ്റ് ബാറ്റ്‌സ്‌മാന്മാരുടെ സംഭാവനകള്‍ കുറവായിരുന്നു. ബൗളിംഗിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഒബ്രിയാനും ക്രിസ് മാര്‍ട്ടിനും ഫ്രാങ്ക്‌ളിനും വെട്ടോരിയും ഇന്ത്യക്ക് ഭീഷണിയായിരുന്നില്ല.
മൂന്ന് ടെസ്‌റ്റ് പരമ്പരകളാണ് സമീപകാലത്ത് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ഓസ്‌ട്രേലിയക്കെതിരെ, അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ. ഇപ്പോഴിതാ 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ന്യൂസിലാന്‍ഡിനെതിരെ. 2003 ല്‍ സൗരവ് ഗാംഗുലിയും സംഘവും കിവി നാട് സന്ദര്‍ശിച്ചപ്പോള്‍ അവര്‍ വിജയവുമായി തന്നെ മടങ്ങുമെന്നാണ് കരുതപ്പെട്ടത്. എല്ലാ കരുത്തരും അന്ന് ടീമിലുണ്ടായിരുന്നു. പക്ഷേ പരമ്പരയില്‍ ഇന്ത്യ തോറ്റുവെന്ന് മാത്രമല്ല ചില ഇന്നിംഗ്‌സുകളില്‍ 200 റണ്‍സ് കടക്കാന്‍ പോലും നമ്മുടെ ടീമിന് കഴിഞ്ഞിരുന്നില്ല.
ഇന്ത്യയുടെ ഈ പുരോഗതിയില്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫിനെയുമെല്ലാം അഭിനന്ദിക്കണം. സ്ഥിരത നിലനിര്‍ത്താന്‍ ടീമിനായാല്‍ തീര്‍ച്ചയായും ഓസ്‌ട്രേലിയയെ ടെസ്‌റ്റ് റാങ്കിംഗില്‍ സമീപഭാവിയില്‍ തന്നെ പിറകിലാക്കാന്‍ ഇന്ത്യക്കാവും. സ്റ്റീവ് വോ നയിച്ച അപരാജിതരായ ഓസ്‌ട്രേലിയന്‍ ടീമിനെ പോലെയാണ് ഇപ്പോള്‍ ധോണിയുടെ ഇന്ത്യ എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
പാക് പേടി
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് 20:20 ലോകകപ്പിനുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ നിന്നും മൂന്ന് പേരെ പിന്‍വലിച്ചു. വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ (ഐ.സി.എല്‍) കളിച്ച അബ്ദുള്‍ റസാക്ക്, റാണ നവീദ്, ഇംറാന്‍ നസീര്‍ എന്നിവരെയാണ് ടീമില്‍ നിന്നും മാറ്റിയിരിക്കുന്നത്. പകരം മുപ്പതംഗ സാധ്യതാ സംഘത്തിലേക്ക് സയ്യദ് അജ്‌മല്‍, സുല്‍ഫിഖര്‍ ജാന്‍, മുഹമ്മദ് ഹാഫിസ് എന്നിവരെ ഉള്‍പ്പെടുത്തി. ഐ.സി.എല്ലില്‍ കളിച്ച റസാക്കിനെയും റാണ നവീദിനെയും ഇംറാന്‍ നസീറിനെയും സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ഐ.സി.സി അംഗീകാരമില്ലാതെയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പാക് നീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബി.സി.സി.ഐ ശക്തമായി എതിര്‍ക്കുന്നവരാണ് ഐ.സി.എല്‍. ഇന്ത്യ മാത്രമല്ല ഐ.സി.സി.യും നേരത്തെ ഐ.സി.എല്ലിനെ വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഐ.സി.സിയും ഇന്ത്യയും എതിര്‍ക്കുമെന്ന് മനസ്സിലാക്കിയാണ് പി.സി.ബി ടീമില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഐ.സി.എല്‍ കാര്യത്തില്‍ ഐ.സി.സി തീരുമാനം വരുന്നത് വരെ വിവാദ താരങ്ങളുമായി സന്ധി വേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനം. പ്രശ്‌നത്തില്‍ തീരുമാനത്തിന് ഐ.സി.സി എക്‌സിക്യൂട്ടീവ് ഈ മാസം 17,18 തിയ്യതികളില്‍ ദുബായില്‍ നടക്കുന്നുണ്ട്.
സമനില
ഗൂര്‍ഗവോണ്‍: ദേശീയ ലീഗ് രണ്ടാം ഡിവിഷനില്‍ ഇന്നലെ നടന്ന സാല്‍ഗോക്കര്‍-ഒ.എന്‍.ജി.സി മുംബൈ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. കേരളാ ടീമായ വിവ കേരളയാണ് ഇപ്പോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലജോസ് എസ്.സി, സേസ ഗോവയെ നേരിടും. വിവയുടെ അടുത്ത മല്‍സരം നാളെ പൂനെ എഫ്.സിയുമായാണ്.
ബഗാന് തോല്‍വി
കൊല്‍ക്കത്ത: ഏ.എഫ്.സി കപ്പില്‍ ഇന്ത്യന്‍ ക്ലബായ മോഹന്‍ ബഗാന് തോല്‍വി. ഹൗറ മൈതാനത്ത് നടന്ന മല്‍സരത്തില്‍ കുവൈറ്റില്‍ നിന്നുള്ള കുവൈറ്റ് എസ്.സി ഏക ഗോളിന് ബഗാനെ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനുട്ടില്‍ അല്‍ മറാത്താണ് കുവൈറ്റ് ടീമിന്റെ ഗോള്‍ നേടിയത്. ബഹറൈന്‍ ക്ലബായ അല്‍ മുഹറക്കും ഇന്ത്യന്‍ ചാമ്പ്യന്‍ ക്ലബായ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ഗോവയും തമ്മിലുള്ള മല്‍സരം 1-1 കലാശിച്ചു. മനാമയിലെ നാഷണല്‍ സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം. റോബര്‍ട്ടോ മെന്‍ഡസ് സില്‍വയുടെ ഗോളില്‍ എഴുപത്തിയേഴാം മിനുട്ടില്‍ ഡെംപോ ലീഡ് നേടിയിരുന്നു. ഇഞ്ച്വറി ടൈമിലാണ് അബ്ദ്‌ദുല്ല അദ്‌നാന്‍ സാലേ സല്‍മാന്‍ അദ്‌കിലിന്റെ ഗോളില്‍ ബഹറൈന്‍ ഒപ്പമെത്തിയത്.
നിര്‍ണ്ണായകം പതിനാറിന്
കൊല്‍ക്കത്ത: കേരളം പോളിംഗ് ബൂത്തിലേക്ക് പോവുന്ന ഏപ്രില്‍ 16ന് ഐ ലീഗ് ഫുട്‌ബോളില്‍ അന്തിമ മല്‍സരങ്ങള്‍. കഴിഞ്ഞ ദിവസം ഇവിടെ ചേര്‍ന്ന ഐ ലീഗ് കമ്മിറ്റിയാണ് ലീഗിലെ അവസാന മല്‍സരങ്ങള്‍ വിവിധ വേദികളിലായി 16 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവസാന റൗണ്ടില്‍ ആറ്‌് മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. എല്ലാ മല്‍സരങ്ങളും ഒരേ സമയം നടക്കും.
ഐ ലീഗില്‍ മിക്ക ടീമുകളും 21 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 43 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് മുന്നില്‍. എന്നാല്‍ 40 പോയന്റുമായി തൊട്ട്‌് പിറകിലുളള മോഹന്‍ ബഗാന്‍ 20 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇനി നടക്കാനാരിക്കുന്ന രണ്ട് മല്‍സരത്തിലും ബഗാന്‍ ജയിച്ചാല്‍ അവര്‍ക്കായിരിക്കും കിരീടം. 40 പോയന്റുമായി സ്‌പോര്‍ട്ടിംഗ് ഗോവ മൂന്നാം സ്ഥാനത്തുണ്ട്.
ഏപ്രില്‍ 12 നാണ് ബഗാന്റെ അടുത്ത മല്‍സരം. നിലവിലെ ജേതാക്കളായ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ഗോവയാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ ബഗാന് ആത്മവിശ്വാസത്തോടെ അവസാന മല്‍സരത്തില്‍ കളിക്കാനാവും. മഹീന്ദ്ര യുനൈറ്റഡാണ് അവസാന മല്‍സരത്തില്‍ ബഗാന്റെ പ്രതിയോഗികള്‍. ബഗാന്റെ തോല്‍വിയാണ് ചര്‍ച്ചില്‍ ആഗ്രഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ സ്ഥിരത നിലനിര്‍ത്തുന്ന ചര്‍ച്ചിലിന് മെച്ചപ്പെട്ട ഗോള്‍ ശരാശരിയുണ്ട്. പക്ഷേ അവസാന മല്‍സരത്തില്‍ തോല്‍വി പിണഞ്ഞാല്‍ കാര്യങ്ങള്‍ മാറും. നിലവിലെ ജേതാക്കളായ ഡെംപോക്ക് 30 പോയന്റ്‌് മാത്രമാണുളളത്. ഏ.എഫ്.സി ചാമ്പ്യന്‍സ്‌് ലീഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഐ ലീഗില്‍ മികവ് പ്രകടിപ്പിക്കാന്‍ ഡെംപോക്ക് കഴിഞ്ഞിരുന്നില്ല.
ചിരാഗ് യുനൈറ്റഡ്, ജെ.സി.ടി മില്‍സ്, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ്, വാസ്‌ക്കോ ഗോവ എന്നിവരാണ് തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്നവര്‍. ഒരു മല്‍സരം മാത്രം കൈവശമുളള ചിരാഗിന് 23 ഉം ജെ.സി.ടിക്കും മുഹമ്മദന്‍സിനും 22 ഉം പോയന്റാണുളളത്. കേവലം പത്ത് പോയന്റ്‌് മാത്രമുളള വാസ്‌ക്കോ പുറത്തായിക്കഴിഞ്ഞു. അവസാന മല്‍സരത്തില്‍ ജയിച്ചാല്‍ ചിരാഗിനും മുഹമ്മദന്‍സിനും ജെ.സി.ടിക്കും രക്ഷപ്പെടാനുളള സാധ്യതയുണ്ട്.
അവസാന മല്‍സരങ്ങളില്‍ മഡ്‌ഗാവിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെയും, ഹരിയാനയിലെ ഗൂര്‍ഗവോണിലുളള ചൗധരി ദേവിലാല്‍ സ്‌റ്റേഡിയത്തല്‍ എയര്‍ ഇന്ത്യ സ്‌പോര്‍ട്ടിംഗ് ഗോവയെയും കൊല്‍ക്കത്തയിലെ ബറാസാത്ത് സ്‌റ്റേഡിയത്തില്‍ ഈസ്‌റ്റ് ബംഗാള്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ് ഗോവയെയും ഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ മഹീന്ദ്ര യുനൈറ്റഡ് മോഹന്‍ ബഗാനെയും ലുഥിയാനയിലെ ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ ജെ.സി.ടി മില്‍സ് ഫഗ്‌വാര മുംബൈ എഫ്.സിയെയും ഗോവയിലെ തിലക് മൈതാനത്ത് വാസ്‌ക്കോ ഗോവ ചിരാഗ് യുനൈറ്റഡിനെയും നേരിടും.
നായകന്‍
മെല്‍ബണ്‍: പാക്കിസ്‌താനെതിരെ ദുബായില്‍ നടക്കുന്ന പഞ്ചമല്‍സര ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ മൈക്കല്‍ ക്ലാര്‍ക്ക് നയിക്കും. ആന്‍ഡ്ര്യൂ സൈമണ്ട്‌സ്, ബ്രെട്ട് ലീ തുടങ്ങിയ പ്രബലര്‍ ടീമിലുണ്ട്. റിക്കി പോണ്ടിംഗ്, മൈക് ഹസി, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ക്ലാര്‍ക്കിനെ നായകനാക്കിയിരിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്ന ഓസീസ് ടീം ഈ പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് സീനിയര്‍ താരങ്ങള്‍ക്ക്‌് വിശ്രമം അനുവദിച്ചിരിക്കുന്നത്.
നിരാശ
ലാഹോര്‍: പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയില്‍ നിന്നും സീനിയര്‍ താരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ടര്‍മാര്‍ പിന്‍വലിച്ചതില്‍ പാക് നായകന്‍ യൂനസ്‌ഖാന് നിരാശ. റിക്കി പോണ്ടിംഗും മൈക് ഹസിയും മിച്ചല്‍ ജോണ്‍സണും ലോകോത്തര താരങ്ങളാണ്. ഇവര്‍്‌ക്കെതിരെ കളിക്കാന്‍ ലഭിക്കുന്ന അവസരം തന്റെ യുവ ടീമിന് ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് യൂനസ് പറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനാണ് റിക്കി. അദ്ദേഹത്തില്‍ നിന്നും യുവതാരങ്ങള്‍ക്ക് ധാരാളം പഠിക്കാനുണ്ട്. പക്ഷേ അദ്ദേഹം വരുന്നില്ല. മൈക് ഹസി ശക്തമായ ബാറ്റിംഗിന്റെ വക്താവാണ്. സമീപകാലത്ത് ലോകോത്തര തലത്തില്‍ വളര്‍ന്ന സീമറാണ് ജോണ്‍സണ്‍. ഇവരുടെ സാന്നിദ്ധ്യം പാക് ടീമിന് ഉണര്‍വ് നല്‍കുമായിരുന്നു. പാക് യുവതാരങ്ങളില്‍ നിന്നും വലുതൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് യുനസ് പറഞ്ഞു. അവര്‍ക്കിത് നല്ല അവസരമാണ്. ഷുഹൈബ് അക്തര്‍ പാക്കിസ്‌താന്‍ ടീമില്‍ തിരിച്ചെത്തിയത് നല്ലതാണ്. പക്ഷേ നായകന്‍ എന്ന നിലയില്‍ അക്തറിനോട് അഭ്യര്‍ത്ഥിക്കാനുളളത് ടീമിന് വേണ്ടി കളിക്കാനാണ്. നന്നായി കളിച്ചാല്‍ തീര്‍ച്ചയായും അക്തറിന് ടീമിനെ സഹായിക്കാനാവുമെന്നും യൂനസ് പറയുന്നു.
ലോക നായകന്‍
ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് വിസ്‌ഡണ്‍ ക്രിക്കറ്റിന്റെ വലിയ ബഹുമതി. ലോക ഡ്രീം ടെസ്‌റ്റ് ഇലവന്റെ നായകനായാണ് ധോണിയെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് മാഗസീന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമില്‍ ധോണിയെ കൂടാതെ വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍, ഹര്‍ഭജന്‍സിംഗ് എന്നിവരുമുണ്ട്. സ്വപ്‌ന ടെസ്റ്റ് ടീമില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ട് പേര്‍ മാത്രമാണുളളത്-റിക്കി പോണ്ടിംഗും മിച്ചല്‍ ജോണ്‍സണും. ധോണിയുടെ ഡെപ്യൂട്ടി ഗ്രയീം സ്‌മിത്താണ്. പോയ വര്‍ഷത്തെ മികച്ച ക്രിക്കറ്ററായി വിരേന്ദര്‍ സേവാഗിനെയാണ് വിസ്‌ഡണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment