Wednesday, April 29, 2009

ICL IS OVER

മരണമണി
മുംബൈ: കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനു (ഐ.സി.എല്‍) മരണമണി മുഴക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (ബി.സി.സിഐ) വിമതതാരങ്ങള്‍ക്ക്‌ പരോള്‍ പ്രഖ്യാപിച്ചിരിക്കുന്നു...! ഐ.സി.എല്ലുമായി ബന്ധപ്പെട്ട്‌ വിലക്ക്‌ വാങ്ങിയ താരങ്ങള്‍ക്ക്‌ രാജ്യാന്തര ക്രിക്കറ്റിന്റെ ലോകത്തേക്ക്‌ മടങ്ങാനുളള ക്ഷണക്കത്തുമായി ബി.സി.സി.ഐ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം മെയ്‌ 31 ന്‌ മുമ്പ്‌ ഐ.സി.എല്ലുമായുളള എല്ലാ ഇടപാടുകളും അവസാനിപ്പിച്ച്‌ മടങ്ങുന്നവര്‍ക്കാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വരവേല്‍പ്പ്‌ നല്‍കുന്നത്‌. എന്ന്‌ കരുതി ഉടന്‍ തന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ വരാനാവില്ല. മെയ്‌ 31 നകം ഇടപാടുകള്‍ അവസാനിപ്പിക്കുന്നവര്‍ക്ക്‌ ഒരു വര്‍ഷത്തെ കൂളിംഗ്‌ സമയം നല്‍കും. ഈ കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാം. ഒരു വര്‍ഷത്തിന്‌ ശേഷം രാജ്യാന്തര രംഗത്ത്‌ അവസരമുണ്ടാവും.രോഹന്‍ ഗവാസ്‌ക്കര്‍, ഹേമാംഗ്‌ ബദാനി തുടങ്ങിയ ഐ.സി.എല്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്‌ത പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ശുദ്ധികലശത്തിന്‌ ഈ നീക്കം ഇട നല്‍കുമെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ഐ.സി.എല്‍ ഭാരവാഹികള്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പുതിയ നീക്കത്തില്‍ പ്രതികരിച്ചിട്ടില്ല.
വിന്‍ഡീസില്‍ 2007 ല്‍ നടന്ന ക്രിക്കറ്റ്‌ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതിനെ തുടര്‍ന്നുണ്ടായ വിവാദ സാഹചര്യത്തിലാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ കുരിശുയദ്ധം പ്രഖ്യാപിച്ച്‌ കൊണ്ട്‌ സീ സ്‌പോര്‍ട്‌സ്‌ തലവന്‍ കപില്‍ദേവിനെ ചെയര്‍മാനാക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ പ്രഖ്യാപിച്ചത്‌. തുടക്കത്തില്‍ കൂടുതല്‍ താരങ്ങളുടെ പിന്തുണ ലഭിച്ച ഐ.സി.എല്ലിനെതിരെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായി നീങ്ങിയതിനെ തുടര്‍ന്ന്‌ കളിക്കാനുളള മൈതാനങ്ങള്‍ പോലും ലഭിക്കാതെ കപിലും സംഘവും വിയര്‍ത്തിരുന്നു. രണ്ട്‌ വര്‍ഷം ഐ.സി.എല്‍ 20-20 ചാമ്പ്യന്‍ഷിപ്പ്‌ നടത്താനായെങ്കിലും സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ കാണികളെ ആകര്‍ഷിക്കാന്‍ ചാമ്പ്യന്‍ഷിപ്പിനായില്ല.
ഇന്നലെ ഇവിടെ ചേര്‍ന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രവര്‍ത്തക സമിതി യോഗത്തിന്‌ ശേഷം സംസാരിച്ച പ്രസിഡണ്ട്‌ ശശാങ്ക്‌ മനോഹറാണ്‌ വിമത താരങ്ങള്‍ക്ക്‌ തിരിച്ചുവരാനുളള വാതിലുകള്‍ തുറക്കപ്പെടുന്നതെന്ന്‌ വ്യക്തമാക്കിയത്‌. മെയ്‌ 31 വരെ കാത്തിരിക്കും. ഈ കാലയളവില്‍ തെറ്റ്‌ തിരുത്തി തിരിച്ചുവരാത്തവര്‍ക്കായി ഇനി വാതിലുകള്‍ തുറക്കില്ല. നിരവധി വിമത താരങ്ങളും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫും തങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്‌ ഏറ്റുപ്പറയുകയും രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാനുളള മോഹം വ്യക്തമാക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പരസ്യമായി രംഗത്ത്‌ വന്നരിക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന ഉദ്ദേശം 85 താരങ്ങള്‍ ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിരുന്നു. പാക്കിസ്‌താന്‍ നായകനായിരുന്ന ഇന്‍സമാമുല്‍ ഹഖ്‌ ഉള്‍പ്പെടെ 65 വിദേശ താരങ്ങളും ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിട്ടുണ്ട്‌.
ഇന്‍സിക്ക്‌ പുറമെ മുഹമ്മദ്‌ യൂസഫ്‌, ഇമ്രാന്‍ നസീര്‍, റാണ നവീദ്‌, അസ്‌ഹര്‍ മഹമൂദ്‌, അബ്ദുള്‍ റസാക്ക്‌ തുടങ്ങിയ പാക്‌ താരങ്ങളെല്ലാം ഐ.സി.എല്ലുമായി കരാര്‍ ചെയ്യപ്പെട്ടിരുന്നു. ഇത്‌ കാരണം പലര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനുളള വസരവും നഷ്ടമായിരുന്നു. യൂസഫിനെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തിരിച്ചെടുക്കാനുളള നീക്കത്തിലാണ്‌. റാണ നവീദ്‌ , റസാക്ക്‌ എന്നിവരുള്‍പ്പെടെ ചിലരെ 20-02 ലോകകപ്പിനുളള സാധ്യത സംഘത്തില്‍ ഉള്‍പ്പെടുത്തിയത്‌ വിവാദമായതിനെ തുടര്‍ന്ന്‌ അവരെ പിന്‍വലിച്ചിരുന്നു. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റര്‍ ഷെയിന്‍ ബോണ്ടും ഐ.സി.എല്‍ ബന്ധത്തില്‍ സ്വന്തം കരിയര്‍ പ്രതിസന്ധിമുഖത്താക്കിയിരുന്നു.
വിമത ലീഗുമായി ബന്ധപ്പെട്ട താരങ്ങള്‍ക്കെതിരെ ഐ.സി.സിയും ശക്തമായി രംഗത്ത്‌ വന്നതോടെ പല താരങ്ങളും ചതിക്കുഴിയില്‍ വീണിരുന്നു. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാന്‍ ഒരുങ്ങുന്ന തന്നെ പോലുളളവര്‍ക്ക്‌ ഇത്‌ ഗുണം ചെയ്യുമെന്നും ഐസി.എല്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ സ്റ്റാറിന്റെ താരമായ ബദാനി അഭിപ്രായപ്പെട്ടു. സുനില്‍ ഗവാസ്‌ക്കറിന്റെ മകനായ രോഹന്‍ ഗവാസ്‌ക്കര്‍ റോയല്‍ ബംഗാള്‍ ടൈഗേഴ്‌സിനായാണ്‌ കളിച്ചിരുന്നത്‌.

വലില്‍
ലണ്ടന്‍: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബഹറൈന്‌ വേണ്ടി സ്വര്‍ണ്ണം സ്വന്തമാക്കിയ റാഷിദ്‌ റാംസി ഉള്‍പ്പെടെ ആറ്‌ താരങ്ങളെ മരുന്നടി വിവാദത്തില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി പിടികൂടും. ഡ്രഗ്ഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെട്ട ഈ താരങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടിക്കാണ്‌ ഐ.ഒ.സി ഒരുങ്ങുന്നത്‌. പുരുഷന്മാരുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ റാംസി ഭാവിയുടെ താരമായാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഇറ്റലിയില്‍ നിന്നുള്ള സൈക്‌ളിംഗ്‌ താരം ഡേവിഡ്‌ റിബലിനാണ്‌ പിടിക്കപ്പെട്ടവരിലെ മറ്റൊരു പ്രമുഖന്‍. ജര്‍മന്‍ സൈക്‌ ളിംഗ്‌ സംഘത്തില്‍ അംഗമായിരുന്ന സ്റ്റെഫാന്‍ ഷുമാകര്‍ക്കെതിരെയും നടപടി വരും. മൊറോക്കോക്കാരനായ റാംസി ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ബഹറൈന്‌ വേണ്ടി ആദ്യ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ സ്വര്‍ണ്ണം നേടുന്ന താരമായി മാറിയിരുന്നു.
പാവം
മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമ ഷാറൂഖ്‌ ഖാന്‍ നിരാശനായി നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ സ്വന്തം ടീം ഇരുട്ടില്‍ തപ്പുമ്പോഴാണ്‌ സൂപ്പര്‍താരം നിരാശനായി മടങ്ങിയത്‌. ബ്രെന്‍ഡന്‍ മക്കലം നയിക്കുന്ന ടീം ഒരു വിജയമെങ്കിലും നേടിയാല്‍ മാത്രമായിരിക്കും ഇനി കിംഗ്‌ ഖാന്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മടങ്ങുക. ഷാറൂഖിന്റെ അഭാവത്തില്‍ ഇന്നലെയും ടീം തകര്‍ന്നടിഞ്ഞ കാഴ്‌ച്ചയില്‍ മുംബൈയിലും ഷാറുഖ്‌ അസ്വസ്ഥനാണ്‌. വന്‍ തുക മുടക്കിയാണ്‌ ഷാറൂഖ്‌ ടീമിനെ ഒരുക്കിയത്‌. എന്നാല്‍ ആദ്യ സീസണിലെന്ന പോലെ രണ്ടാം സീസണിലും വിലയേറിയ താരങ്ങള്‍ വന്‍ നിരാശയാണ്‌ സൂപ്പര്‍ താരത്തിന്‌ സമ്മാനിച്ചത്‌. ആദ്യ എപ്പിസോഡില്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ഷുഹൈബ്‌ അക്തറുമെല്ലാമുണ്ടായിരുന്നു. എന്നിട്ടും സൗരവ്‌ ഗാംഗുലി നയിച്ച ടീം ഇരുട്ടില്‍ തപ്പി. ഇത്തവണ തുടക്കത്തില്‍ നായക വിവാദമായിരുന്നു. ഒന്നിലധികം നായകര്‍ എന്ന കോച്ച്‌ ജോണ്‍ ബുക്കാനന്റെ നീക്കം വിമര്‍ശിക്കപ്പെട്ടു. ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങിയപ്പോള്‍ മക്കലത്തെ നായകനാക്കി. അദ്ദേഹമാവട്ടെ വന്‍ ദുരന്തമായിരുന്നു. ഇന്നലെനടന്ന മല്‍സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ടീം തളരവെയാണ്‌ ഷാറൂഖ്‌ ദക്ഷിണാഫ്രിക്ക വിട്ടത്‌. ഇനി തല്‍ക്കാലം അങ്ങോട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം. ടീം വിജയിച്ചുവരട്ടെ, എങ്കില്‍ പോവാം-സൂപ്പര്‍ താരം പറഞ്ഞു.

കൊല്‍ക്കത്ത വീണ്ടും വീണു
ഡര്‍ബന്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ക്രിക്കറ്റിനോട്‌ ഗുഡ്‌ ബൈ പറയും മുമ്പ്‌ കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ നായകന്‌ ആശ്വാസവിജയം. ഐ.പി.എല്ലിലെ താഴേ നിരക്കാരായ രണ്ട്‌ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അഞ്ച്‌ വിക്കറ്റിന്റെ വിജയവുമായി പീറ്റേഴ്‌സണ്‍ സ്വന്തം ടീമിന്‌ ഉണരാനുളള ഊര്‍ജ്ജം നല്‍കി. വിന്‍ഡീസിനെതിരായ പരമ്പരക്കുളള ഇംഗ്ലീഷ്‌ ടീമില്‍ അംഗമായ പീറ്റേഴ്‌സണ്‍ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌. ഈ സീസണില്‍ ഇനി അദ്ദേഹം റോയല്‍സ്‌ നിരയിലുണ്ടാവില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ആറ്‌ വിക്കറ്റിന്‌ 139 റണ്‍സാണ്‌ നേടിയത്‌. അവസാന ഓവര്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചറുടെ മികവില്‍ റോയല്‍സ്‌ രണ്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ബൗച്ചറാണ്‌ കളിയിലെ കേമന്‍.
പീറ്റേഴ്‌സന്റെ തന്ത്രങ്ങളാണ്‌ കളിയിലുടനീളം വിജയിച്ചത്‌. പിച്ചിനെ പഠിച്ച പീറ്റേഴ്‌സണ്‍ സ്വന്തം ടീമില്‍ മൂന്ന്‌ സ്‌പിന്നര്‍മാരെയാണ്‌ ഉള്‍പ്പെടുത്തിയത്‌. അനില്‍ കുംബ്ലെയും, കെ.പി അപ്പണയും, പിന്നെ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ റോള്‍ഫ്‌ വാന്‍ഡര്‍ മെര്‍വും. മല്‍സരത്തിലെ ആദ്യ ഓവര്‍ പായിച്ചത്‌ പക്ഷേ ഇവരാരുമായിരുന്നില്ല. പീറ്റേഴ്‌സണ്‍ തന്നെയായിരുന്നു. ആദ്യ പന്തില്‍ തന്നെ റൈഡേഴ്‌സ്‌ നായകന്‍ മക്കലത്തിന്റെ വിക്കറ്റും അദ്ദേഹത്തിന്‌ ലഭിച്ചു. പന്തിനെ ഉയര്‍ത്തിയടിച്ച മക്കലത്തെ പോയന്റില്‍ വിരാത്‌ കോഹ്‌ലി പിടിച്ചു. ഓസ്‌ട്രേലിയക്കാരനായ ബ്രാഡ്‌ ഹോഡ്‌ജ്‌ പങ്കജ്‌ സിംഗിന്റെ ഓരോവറില്‍ രണ്ട്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച്‌ അപകടം മുഴക്കി. പക്ഷേ കുംബ്ലെയടെ ആദ്യ ഓവറില്‍ ബ്രാഡ്‌ ഹോഡ്‌ജ്‌ മടങ്ങിയപ്പോള്‍ പ്രവീണ്‍ കുമാറിനെതിരെ ഒരു റണ്ണുമായി സൗരവ്‌ ഗാംഗുലി പുറത്തായി.
രണ്ട്‌ ടീമുകള്‍ക്കും വിജയം നിര്‍ണ്ണായകമായിരുന്ന മല്‍സരത്തില്‍ ടോസ്‌ ഭാഗ്യം കൊല്‍ക്കത്തക്കായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്യാനുളള അവരുടെ തീരുമാനമാവട്ടെ പീറ്റേഴ്‌സണ്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷകളുമായി കളിച്ച ക്രിസ്‌്‌ ഗെയില്‍ പതിവ്‌ ഫോമിലായിരുന്നില്ല. കാലിലെ പരുക്ക്‌ അദ്ദേഹത്തെ അലട്ടിയിരുന്നു. പതിവ്‌ പോലെ പന്തിനെ പ്രഹരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഗെയില്‍ പതറി നില്‍ക്കവെ അദ്ദേഹത്തിന്റെ ബൗണ്ടറി ഷോട്ട്‌ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടു. ഇതോടെ കൊല്‍ക്കത്തക്കാരുടെ ബാറ്റിംഗ്‌ വിലാസക്കാരെല്ലാം പവിലിയനില്‍ തിരിച്ചെത്തി. ഐ.പി.എല്ലില്‍ കന്നി മല്‍സരം കളിക്കുന്ന, ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര 20-20 ക്രിക്കറ്റ്‌ ലീഗില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കിയ മോര്‍ണെ വാന്‍ വിക്‌ ക്രിസിലെത്തി. വൃദ്ധിമാന്‍ സാഹക്കൊപ്പം കളിച്ച വാന്‍ വിക്കിന്റെ കരുത്തിലാണ്‌ കൊല്‍ക്കത്തക്കാര്‍ 100 റണ്‍സ്‌ പിന്നിട്ടത്‌. മല്‍സരം പന്ത്രണ്ടാം ഓവറില്‍ നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 70 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ഇവിടെ നിന്നും ടീമിനെ മുന്നോട്ട്‌ നയിച്ച യുവതാരങ്ങള്‍ കാടനടികള്‍ക്ക്‌ മുതിരാതെ ഉത്തരവാദിത്ത്വത്തോടെ കളിച്ചു.
മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ സംഘം കരുതലോടെയാണ്‌ കളിച്ചത്‌. ഇന്നിംഗ്‌സിന്‌ തുടക്കമിട്ട ജാക്‌ കാലിസും ഗോസ്വാമിയും അപകടകരമായി നീങ്ങിയില്ല. 25 പന്തില്‍ നിന്നും രണ്ട്‌ ബൗണ്ടറികളോടെ 23 റണ്‍സ്‌ നേടിയ കാലിസിന്‌ ഗോസ്വാമി ഉറച്ച പിന്തുണ നല്‍കി. 46 പന്തില്‍ നിന്ന്‌ 43 റണ്‍സ്‌ നേടിയ ഗോസ്വാമിയാണ്‌ ആദ്യം പുറത്തായത്‌. പിറകെ കാലിസും പീറ്റേഴ്‌സണും പുറത്തായപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ മാര്‍ക്‌ ബൗച്ചര്‍ ഒരറ്റം കാത്ത്‌ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. വിജയത്തോടെ റോയല്‍സിന്‌ ആറ്‌ മല്‍സരങ്ങളില്‍ നിന്ന്‌ നാല്‌ പോയന്റായി. കൊല്‍ക്കത്തക്കാര്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ പോയന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്‌.

പോയന്റ്‌്‌ ടേബിള്‍
1-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-8
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-6
3-മുംബൈ ഇന്ത്യന്‍സ്‌-5
4-രാജസ്ഥാന്‍ റോയല്‍സ്‌-5
5- കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-4
6-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-4
7-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-3
8-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-3.



നഷ്ടം ബാര്‍സക്ക്‌
നുവോ കാംപ്‌: 95,000 ത്തിലധികം കാണികള്‍ സാക്ഷി...., പരിചിതമായ മൈതാനവും അനുകൂലമായ കാലാവസ്ഥയും സ്വന്തം-എന്നിട്ടും ബാര്‍സിലോണക്ക്‌ ചെല്‍സിയുടെ വലയില്‍ ഒരു ഗോള്‍ പോലും നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ആദ്യ സെമിയിലെ ഗോളില്ലാ കളിയില്‍ നഷ്ടം ബാര്‍സക്കാണ്‌. രണ്ടാം പാദ മല്‍സരം ചെല്‍സിക്കാരുടെ തട്ടകമായ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലാണ്‌. ഏറ്റവും മികച്ച ടീമിനെയാണ്‌ ബാര്‍സ ഇറക്കിയത്‌. മുന്‍നിരയില്‍ ലയണല്‍ മെസിയും സാമുവല്‍ ഇറ്റോയും തിയറി ഹെന്‍ട്രിയുമെല്ലാം. വാല്‍ഡസ്‌ കാത്ത വലക്ക്‌ മുന്നില്‍ മാര്‍ക്കസും സാവിയും അബിദാലും. മധ്യനിരയില്‍ ടൂറെ യാബയും ഇനിയസ്‌റ്റയും. പക്ഷേ ഇവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനായില്ല. ചെല്‍സി പ്രതിരോധക്കാര്‍ കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി നടപ്പിലാക്കി. നുവോ കാംപില്‍ നീലപ്പട എത്തിയത്‌ ജയിക്കാനായിരുന്നില്ല. ബാര്‍സയെ ഗോളടിപ്പിക്കാതിരിക്കുക-അതായിരുന്നു ഗെയിം പ്ലാന്‍.
ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കും പിന്‍നിരയിലെ നായകന്‍ ജോണ്‍ ടെറിയും അലക്‌സും ഇവാനോവിച്ചും ഒരു നിമിഷം പോലും ആലസ്യം പ്രകടിപ്പിച്ചില്ല. പന്തിന്റെ നിയന്ത്രണം ബാര്‍സക്കാര്‍ക്കായിരുന്നു. ചില അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ വിജയിച്ചു. പക്ഷേ ഒരിക്കല്‍പ്പോലും ഒരു ഭീഷണിയായി മാറാന്‍ മുന്‍നിരക്കാര്‍ക്കായില്ല. മെസിയെ ഇവാനോവിച്ച്‌ നിഴല്‍ പോലെ പിന്തുടര്‍ന്നു. അര്‍ജന്റീനക്കാരന്‌ സ്വാതന്ത്ര്യം നല്‍കിയാല്‍ അത്‌ അപകടമാണെന്ന സത്യം മനസ്സിലാക്കിയ ഹിഡിങ്ക്‌ തന്റെ പ്രതിരോധനിരക്കാരന്‌ കൂടുതല്‍ ജോലിഭാരം നല്‍കിയിരുന്നില്ല-മെസിയെ നോക്കുക. രണ്ടാം പകുതിയുടെ അവസാനത്തില്‍ കളിച്ച തിയറി ഹെന്‍ട്രിക്ക്‌ നല്ല ഒരവസരം ലഭിച്ചപ്പോഴാവട്ടെ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്‌ രക്ഷകനായി. ചെല്‍സി കിട്ടിയ അവസരങ്ങളില്‍ പന്തിനെ ബാര്‍സ വലയത്തിലേക്ക്‌ ആനയിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ദീദിയര്‍ ദ്രോഗ്‌്‌ബെക്കും മൈക്കല്‍ ബലാക്കിനും മുതലെടുപ്പ്‌ നടത്താന്‍ കഴിഞ്ഞില്ല.
അടുത്ത ബുധനാഴ്‌ച്ചയാണ്‌ രണ്ടാം പാദ സെമി. ഈ കളിയില്‍ സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിച്ച്‌ ജയിച്ചാല്‍ നീലപ്പടക്ക്‌ ഫൈനല്‍ കളിക്കാം. തന്റെ ഗെയിം പ്ലാന്‍ വിജയകരമായി നടപ്പിലാക്കിയ താരങ്ങള്‍ക്ക്‌ കോച്ച്‌്‌ ഹിഡിങ്ക്‌ ഫുള്‍ മാര്‍ക്കാണ്‌ നല്‍കിയത്‌. പീറ്റര്‍ ചെക്‌ അപാര ഫോമിലായിരുന്നു. ഒരു തരത്തിലും അദ്ദേഹം ബാര്‍സ മുന്‍നിരക്കാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ ചെവി കൊടുത്തില്ല.

No comments: