Monday, April 27, 2009

POOR KLINSY

പുറത്ത്‌
മ്യൂണിച്ച്‌: ജൂര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ ഇനി ബയേണിന്‌ പുറത്ത്‌......ജര്‍മന്‍ ലീഗില്‍ തോറ്റ്‌ തൊപ്പിയിടുന്ന ബയേണ്‍ മ്യൂണിച്ചിന്റെ രക്ഷകനായി ഇനി ജൂപ്പ്‌ ഹെനാക്‌സ്‌ എന്ന മുന്‍ കോച്ച്‌. കഴിഞ്ഞ ദിസം ജര്‍മന്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ഷാല്‍ക്കെക്ക്‌ മുന്നില്‍ ബയേണ്‍ പരാജയപ്പെട്ടതോടെയാണ്‌ ക്ലിന്‍സ്‌മാനെ അധികാരികള്‍ പുറത്താക്കിയത്‌. അലിയന്‍സ്‌ അറീനയില്‍ ജര്‍മനിയിലെ ഏറ്റവും മികച്ച സോക്കര്‍ ക്ലബിന്റെ പരിശീലകനായി ക്ലിന്‍സ്‌മാന്‍ ചുമതലയേറ്റിട്ട്‌ കേവലം എട്ട്‌ മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലകകുപ്പായം അഴിച്ചുവെച്ചതിന്‌ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബയേണിലേക്കുളള വരവ്‌. ക്ലബിന്റെ ആരാധകര്‍ പഴയ സൂപ്പര്‍ താരത്തില്‍ നിന്നും പലതും പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പാനിഷ്‌ പ്രതിയോഗികളായ ബാഴ്‌സിലോണയോട്‌ 1-5 നാണ്‌ ബയേണ്‍ പരാജയപ്പെട്ടത്‌. ജര്‍മന്‍ ലീഗിലാവട്ടെ അസ്ഥിര പ്രകടനമാണ്‌ ബയേണ്‍ നടത്തുന്നത്‌. ഷാല്‍ക്കയോട്‌്‌ തോറ്റതോാടെ ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ട ടീമിന്‌ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്ത്‌ പോലും ലംഭിക്കാത്ത സാഹചര്യമാണ്‌ സംജാതമാവുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ക്ലിന്‍സ്‌മാനെ വേണ്ടെന്ന്‌ ക്ലബ്‌ തീരുമാനിച്ചിരിക്കുന്നത്‌.
അനുജന്‍
കേപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഹോദരന്മാരുടെ ദിനങ്ങളാണ്‌.... കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ചേട്ടന്‍ യൂസഫ്‌ മിന്നിയതിന്‌്‌ പിറകെ അനുജന്‍ ഇര്‍ഫാനും അരങ്ങ്‌ വാഴുന്നു. റോയല്‍സിനെതിരായ മല്‍സരത്തില്‍ 27 റണ്‍സിന്റെ വിജയം കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ സമ്മാനിച്ചത്‌ അനുജന്‍ പത്താനാണ്‌. ചെറിയ സ്‌ക്കോര്‍ പിറന്ന മല്‍സരത്തില്‍ 26 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും 39 റണ്‍സ്‌ നേടുകയും ചെയ്‌ത ഇര്‍ഫാന്‍ യുവരാജ്‌ സിംഗിന്റെ സംഘത്തിന്‌ പുത്തനുണര്‍വാണ്‌ സമ്മാനിച്ചിരിക്കുന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ആറ്‌ വിക്കറ്റിന്‌ 139 റണ്‍സാണ്‌ നേടിയത്‌. 60 റണ്‍സ്‌ നേടിയ കുമാര്‍ സങ്കക്കാരയാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിജയിക്കാന്‍ 140 റണ്‍സ്‌ മാത്രം ആവശ്യമായിരുന്ന റോയല്‍സിന്‌ എളുപ്പം വിജയിക്കാന്‍ കഴിയുമെന്നാണ്‌ കരുതിയത്‌. പക്ഷേ ആദ്യ നാല്‌ ഓവറില്‍ നാല്‌ വിക്കറ്റ്‌ വീണതോടെ കളി മാറി. ആദ്യ ഓവറില്‍ രണ്ട്‌ വിക്കറ്റാണ്‌ ഇര്‍ഫാന്‍ നേടിയത്‌. സ്വപ്‌നില്‍ അസനോദകറും ഗ്രയീം സ്‌മിത്തുമാണ്‌ തുടക്കത്തില്‍ വീണത്‌. ഇതോടെ പ്രതീക്ഷകളത്രയും യൂസഫ്‌ പത്താനിലായിരുന്നു. അനുജന്‍ ഇര്‍ഫാനെതിരെ രണ്ട്‌ ബൗണ്ടറികള്‍ പായിച്ച യൂസഫ്‌ പിയൂഷ്‌ ചാവ്‌ലയുടെ പന്തില്‍ പുറത്തായതാണ്‌ മല്‍സരത്തില്‍ കിംഗ്‌സിന്‌ നിയന്ത്രണമേകിയത്‌.
മൂന്ന്‌ മിടുക്കര്‍ ദേശീയ ക്യാമ്പില്‍
കോഴിക്കോട്‌: മുന്‍ ഇന്ത്യന്‍ താരം കാള്‍ട്ടണ്‍ ചാപ്പ്‌മാന്റെ നേതൃത്ത്വത്തില്‍ ജാംഷഡ്‌പ്പൂരിലെ ടാറ്റ മൈതാനത്ത്‌ നടക്കുന്ന അണ്ടര്‍-13 ദേശീയ ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പിലേക്ക്‌ മൂന്ന്‌ പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അരിക്കോട്ട്‌ തെരട്ടമ്മല്‍ സ്വദേശിയും സെപ്‌റ്റ്‌ ടീമിന്റെ നായകനുമായ ഹന്നാന്‍ ജാവേദ്‌ എന്‍.കെ, തെരട്ടമ്മലില്‍ നിന്ന്‌ തന്നെയുള്ള അനീസ്‌ കെ, എറണാകുളം മൂലമ്പള്ളി സ്വദേശി റുഥിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ക്കാണ്‌ സെലക്ഷന്‍ ലഭിച്ചത്‌. നാല്‍പ്പത്‌ ദിവസം ദീര്‍ഘിക്കുന്ന ക്യാമ്പില്‍ മികവ്‌ പ്രകടിപ്പിക്കുന്നവര്‍ക്ക്‌ ഇറാനില്‍ നടക്കുന്ന ഏ.എഫ്‌.സി അണ്ടര്‍ 13 ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരമുണ്ടാവും.
കാള്‍ട്ടന്‍ ചാപ്പ്‌മാന്‌ പുറമെ മലയാളിയായ ജോപോള്‍ അഞ്ചേരി, രണ്‍ജിത്‌, ഫിറോസ്‌ ഷെറീഫ്‌ എന്നിവരാണ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌. മൂര്‍ക്കനാട്‌ എസ്‌.എസ്‌.എച്ച്‌. എസ്‌.എസില്‍ പഠിക്കുന്ന ഹന്നാന്‍ സെപ്‌റ്റ്‌ ടീമിന്റെ ഹംഗേറിയന്‍ പര്യടനത്തോടയാണ്‌ പ്രശസ്‌തനായത്‌. ടീമിന്റെ വിജയത്തില്‍ മുഖ്യപങ്ക്‌ വഹിച്ച നായകന്‌ പക്ഷേ പരുക്ക്‌ കാരണം മലേഷ്യന്‍ പര്യടനത്തിന്‌ പോവാനായില്ല. ഇന്ത്യന്‍ ക്യാമ്പില്‍ അംഗമായതിനാല്‍ സെപ്‌റ്റ്‌്‌ ടീമിന്റെ ഫ്രാന്‍സ്‌ പര്യടനവും ഹന്നാനും അനീസിനും നഷ്ടമാവും. എന്‍.കെ. യൂസഫ്‌ മാസ്റ്ററുടെയും സി.എച്ച്‌ സീനത്തിന്റെയും മകനായ ഹന്നാനാണ്‌ ഹംഗേറിയന്‍ പര്യടനത്തില്‍ ടീമിനായി കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. അഹിമാന്‍ മാസ്‌റ്ററുടെയും താഹിറയുടെയും മകനായ അനീസും അതേ സ്‌ക്കൂളിലാണ്‌ പഠിക്കുന്നത്‌. സെപ്‌റ്റിന്റെ തെരട്ടമ്മല്‍ സെന്ററില്‍ നിന്നുമാണ്‌ ഇവര്‍ രാജ്യത്തോളം വളര്‍ന്നിരിക്കുന്നത്‌. വടുതല ഡോണ്‍ബോസ്‌ക്കോ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്‌ ആല്‍്‌ഡ്രിന്‍.
ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍, സ്‌പെയിനില്‍ റയല്‍ മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഏകദേശം കിരീടമുറപ്പിച്ചപ്പോള്‍ സ്‌പെയിനില്‍ ബാര്‍സിലോണക്ക്‌ തിരിച്ചടിയേറ്റു. ബാര്‍സ സമനില വഴങ്ങുകയും തൊട്ടരികിലുള്ള റയല്‍ മാഡ്രിഡ്‌ വിജയം വരിക്കുകയും ചെയ്‌തതോടെ പോരാട്ടങ്ങള്‍ക്ക്‌ വീണ്ടും ചൂടുപിടിക്കുമെന്നുറപ്പായി. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിച്ച്‌ വീണ്ടും തോറ്റപ്പോള്‍ അവരുടെ വിഖ്യാതനായ പരിശീലകന്‍ ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ പടിക്ക്‌ പുറത്തായി. ഇറ്റലിയില്‍ ഇന്റര്‍ മിലാനും യുവന്തസും തോറ്റപ്പോള്‍ ഏസി മിലാന്‌ നേരിയ പ്രതീക്ഷ കൈവന്നിരിക്കുന്നു. യൂറോപ്പിലെ വിവിധ ലീഗുകളിലൂടെ:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: രണ്ട്‌ ഗോളിന്‌ പിന്നിട്ട നിന്ന ശേഷം കേവലം 22 മിനുട്ടിനിടെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനല്ലാതെ മറ്റാര്‍ക്കാണ്‌ കഴിയുക...! തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗ്‌ കിരീടത്തില്‍ ഈ സീസണിലും പുതിയ അവകാശിയുണ്ടാവില്ലെന്നാണ്‌ തെളിയിച്ചിരിക്കുന്നത്‌. പ്രീമിയര്‍ ലീഗ്‌ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ എവര്‍ട്ടണ്‍, ആസ്‌റ്റണ്‍വില്ല തുടങ്ങിയ കരുത്തര്‍ ലീഗിലെ വിഖ്യാതരെ വീഴ്‌ത്തി മുന്നേറുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ ലീഗ്‌ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മാഞ്ചസ്‌റ്ററും ലിവര്‍പൂളും ചെല്‍സിയും ആഴ്‌സനലും തന്നെയാണ്‌ ആദ്യ നാല്‌ സ്ഥാനങ്ങളില്‍. മാഞ്ചസ്റ്ററിന്റെ കാര്യം തുടക്കത്തില്‍ കടുപ്പമായിരുന്നു. തോല്‍വികളുമായാണ്‌ അവര്‍ തുടങ്ങിയത്‌. പക്ഷേ പിന്നീട്‌ സൂപ്പര്‍താരങ്ങളുടെ പിന്‍ബലത്തില്‍ തിരിച്ചെത്തി. ക്രിസ്‌തുമാസ്‌ ആഘോഷത്തിന്‌ ശേഷം വീണ്ടും മങ്ങിയെങ്കിലും ഇപ്പോള്‍ തോല്‍വികളൊന്നും അവരുടെ അയലത്തില്ല. ഒന്നിന്‌ പിറകെ ഒന്നായി വിജയങ്ങളുമായി അവര്‍ കുതിക്കുകയാണ്‌. നാല്‌ റൗണ്ട്‌ മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ റെഡ്‌സിന്‌ 77 പോയന്റായി. മൂന്ന്‌ മല്‍സരങ്ങള്‍ മാത്രം കളിക്കാനുളള ലിവര്‍പൂള്‍ 74 ലും ചെല്‍സി 71 ലും നില്‍ക്കുന്നു. ടോട്ടന്‍ഹാമിനെതിരായ മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട്‌ പിന്നിടുമ്പോള്‍ റെഡ്‌സ്‌ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്നു. പക്ഷേ പോരാട്ടവീര്യവുമായി ഫെര്‍ഗൂസണും കുട്ടികളും അവസാന 45 മിനുട്ടില്‍ ഗോള്‍ വേട്ട നടത്തി. ഡിമിത്രി ബെര്‍ബത്തോവിന്റെ ബൂട്ടില്‍ നിന്നായിരുന്നു രണ്ട്‌ ഗോളുകള്‍. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും ചേര്‍ന്ന്‌ പട്ടിക പൂര്‍ത്തിയാക്കി. ലിവര്‍പൂള്‍ 3-1ന്‌ ഹള്‍സിറ്റിയെ വീഴ്‌ത്തിയപ്പോള്‍ ചെല്‍സി ഒരു ഗോളിന്‌ വെസ്‌റ്റ്‌ ഹാമിനെ തോല്‍പ്പിച്ചു. ആഴ്‌സനലിനെ തോല്‍പ്പിക്കാന്‍ മാത്രമുളള കരുത്ത്‌ മിഡില്‍സ്‌ബോറോക്കുണ്ടായിരുന്നില്ല. തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ബോറോ രണ്ട്‌ ഗോളാണ്‌ വാങ്ങിയത്‌. അവസാന സ്ഥാനത്ത്‌ നില്‍ക്കുന്ന വെസ്‌റ്റ്‌ ബ്രോം മൂന്ന്‌ ഗോളിന്‌ സുതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി അല്‍ഭുതം കാട്ടി.
സ്‌പാനിഷ്‌ ലീഗ്‌: തുടര്‍ച്ചയായ വിജയങ്ങളുമായി ചാമ്പ്യന്‍പ്പട്ടം ഉറപ്പിക്കുകയായിരുന്ന ബാര്‍സിലോണക്ക്‌ ഇന്നലെ തിരിച്ചടിയേറ്റപ്പോള്‍ അത്‌ റയല്‍ മാഡ്രിഡിന്‌ ഗുണകരമായി. നാലാം സ്ഥാനക്കാരായ വലന്‍സിയയുമായുളള മല്‍സരത്തില്‍ ബാര്‍സ 2-2 സമനില വഴങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ 4-2 ന്‌ മൂന്നാം സ്ഥാനക്കാരായ സെവിയയെ വീഴ്‌ത്തി. ബാര്‍സ-വലന്‍സിയ മല്‍സരം ആവേശകരമായിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി ബാര്‍സയെ മുന്നിലെത്തിച്ചു. എന്നാല്‍ ഹെഡ്‌വിഗ്‌സ്‌ മധൂറോയും പാബ്ലോ ഹെര്‍ണാണ്ടസും ഇരട്ട ഗോളുകളുമായി വലന്‍സിയക്ക്‌ ലീഡേകി. മല്‍സരമവസാനിക്കാന്‍ നാല്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ സബ്‌സ്‌റ്റിറ്റിയൂട്ട്‌ തിയറി ഹെന്‍ട്രിയാണ്‌ ബാര്‍സയുടെ മാനം കാത്തത്‌. ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസിന്റെ ഹാട്രിക്കാണ്‌ സെവിയക്കെതിരായ മല്‍സരത്തില്‍ റയലിനെ തുണച്ചത്‌. ബാര്‍സക്കിപ്പോള്‍ 82 പോയന്റുണ്ട്‌. റയലിന്‌ 78 ഉം.
ജര്‍മന്‍ ലീഗ്‌: ജര്‍മനിയില്‍ ആവേശം വാനോളമാണ്‌. ചാമ്പ്യന്‍പ്പട്ടം ആര്‍ക്കാണെന്ന്‌ ഇപ്പോഴും അവ്യക്തം. ഒന്നാമന്മാരായ വോള്‍ഫ്‌ബര്‍ഗ്ഗും, രണ്ടാം സ്ഥാനത്തുള്ള ഹാംബര്‍ഗ്ഗും ഇന്നലെ തോറ്റു. ദുര്‍ബലരെന്ന്‌ കരുതിയ കോട്ട്‌ബസിന്‌ മുന്നിലാണ്‌ രണ്ട്‌ ഗോളിന്‌ വോള്‍വ്‌സ്‌ തോറ്റത്‌. ബൊറൂഷ്യ ഡോര്‍ണ്ട്‌മണ്ടിനോടാണ്‌ ഇതേ മാര്‍ജിനില്‍ ഹാംബര്‍ഗ്ഗ്‌ തോറ്റത്‌. ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച്‌ സ്വന്തം മൈതാനത്ത്‌ ഷാല്‍ക്കെയോട്‌ ഒരു ഗോളിന പരാജയപ്പെട്ടു. ടേബിളില്‍ ഇപ്പോഴും ഒന്നാമത്‌ നില്‍ക്കുന്നത്‌ 57 പോയന്റ്‌്‌ നേടിയ വോള്‍ഫ്‌സ്‌ ബര്‍ഗ്ഗാണ്‌. ഹെര്‍ത്താ ബെര്‍ലിന്‍ (55), ബയേണ്‍ മ്യൂണിച്ച്‌ (54) എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍
ഇറ്റാലിയന്‍ ലീഗ്‌: 74 പോയന്റുമായി ഇന്റര്‍ മിലാന്‍ തന്നെയാണ്‌ ഇപ്പോഴും ഇറ്റലിയിലെ ഒന്നാമന്മാര്‍. എന്നാല്‍ ഇന്നലെയവര്‍ക്ക്‌ ആഘാതമേറ്റു. പന്ത്രണ്ടാം സ്ഥാനത്തുളള നാപ്പോളിക്ക്‌ മുന്നിലാണ്‌ ഒരു ഗോളിന്‌ ജോസ്‌ മോറീനോയും സംഘവും വീണത്‌. കഴിഞ്ഞ രണ്ട്‌്‌ മല്‍സരങ്ങളിലും സമനിലയില്‍ കുരുങ്ങിയ ഇന്ററിന്‌ കനത്ത ആഘാതമാണ്‌ ഈ തോല്‍വി. അതേ സമയം ഏ.സി മിലാന്‍ മൂന്ന്‌ ഗോളിന്‌ പലെര്‍മോയെ പരാജയപ്പെടുത്തി 67 പോയന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്ത്‌ വന്നു. യുവന്തസിന്‌ റെജീനക്കെതിരെ ജയിക്കാനായില്ല. മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഫ്രഞ്ച്‌ ലീഗ്‌: ലിലിയെ 1-2 ന്‌ പരാജയപ്പെടുത്തി ഒളിംപിക്‌ മാര്‍സലി ഫ്രഞ്ച്‌ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തി. ചാമ്പ്യന്മാരായ ഒളിംപിക്‌ ലിയോണിനെ പാരീസ്‌ സെന്റ്‌ ജര്‍മന്‍ സമനിലയില്‍ കുരുക്കി.

ക്രക്കറ്റ്‌
ആദ്യം ബാറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും കനത്ത ചൂടിനെ വകഞ്ഞുമാറ്റി കൂറ്റനടികളുമായി സ്‌ക്കോര്‍ബോര്‍ഡിനെ അതിവേഗം മുന്നോട്ട്‌ നയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായില്ല. സ്‌ക്കോര്‍ബോര്‍ഡില്‍ അക്ഷരം തെളിയും മുമ്പ്‌ ഓപ്പണറായ പാര്‍ത്ഥീവ്‌ പട്ടേല്‍ തിരിഞ്ഞുനടന്നിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റ്‌കീപ്പര്‍ വിന്‍ഡീസുകാരനായ അതിവേഗക്കാരന്‍ ഫിഡല്‍ എഡ്വര്‍ഡ്‌സിന്റെ പന്തില്‍ കോട്ട്‌ ബിഹൈന്‍ഡായി. അക്കൗണ്ട്‌ തുറക്കാനാവാതെ പട്ടേല്‍ മടങ്ങിയപ്പോള്‍ സഹ ഓപ്പണറായ മാത്യൂ ഹെയ്‌ഡന്റെ ഏകാഗ്രതയെ അത്‌ ബാധിച്ചു.ആദ്യ ഓവറില്‍ തന്നെ, പന്തിന്റെ തിളക്കം മായും മുമ്പ്‌ പാഡണിഞ്ഞെത്തിയ സുരേഷ്‌ റൈനക്ക്‌ പിടിച്ചുനില്‍ക്കലായിരുന്നു ദൗത്യം. എഡ്വാര്‍ഡ്‌സ്‌, ആര്‍.പി സിംഗ്‌, പ്രഗ്യാന്‍ ഒജ എന്നിവരൊന്നും റണ്‍സ്‌ അധികം നല്‍കിയില്ല.
ഹെയ്‌ഡനും റൈനയും തമ്മിലുളള രണ്ടാം വിക്കറ്റ്‌ സഖ്യം നിലയുറപ്പിച്ച്‌ കളിച്ചപ്പോഴാണ്‌ റണ്‍സ്‌ പിറക്കാന്‍ തുടങ്ങിയത്‌. 35 പന്തില്‍ നിന്ന്‌ എട്ട്‌ കനമുള്ള ബൗണ്ടറികളുമായി ഹെയ്‌ഡന്‍ 49 റണ്‍സാണ്‌ നേടിയത്‌. ചെന്നൈ സ്‌ക്കോര്‍ബോര്‍ഡിന്‌ ജീവന്‍ നല്‍കിയത്‌ ഓസ്‌ട്രേലിയക്കാരനായിരുന്നു. റൈനക്ക്‌ പക്ഷേ പതിവ്‌ താളത്തില്‍ പന്തിനെ അകറ്റാന്‍ കഴിഞ്ഞില്ല. 19 പന്തില്‍ നിന്ന്‌ 25 റണ്‍സാണ്‌ ഉത്തര്‍പ്രദേശുകാരന്‍ സ്വന്തമാക്കിയത്‌.
പകരം വന്ന നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കേണ്ടതുണ്ടായിരുന്നു. ഇതിനായി അദ്ദേഹം സമയമെടുത്തു. 22 പന്തില്‍ 22 റണ്‍സായിരുന്നു നായകന്റെ സംഭാവന. 29 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സ്‌ നേടിയ ജേക്കബ്‌ ഓരമാണ്‌ സ്‌ക്കോര്‍ 165 ല്‍ എത്തിച്ചത്‌. 11 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടിയ പ്രഗ്യാന്‍ ഒജയാണ്‌ ചാര്‍ജേഴ്‌സ്‌ ബൗളര്‍മാരില്‍ മിന്നിയത്‌.
മറുപടി ബാറ്റിംഗില്‍ ആദം ഗില്‍ക്രൈസ്റ്റിന്റെയും ഹര്‍ഷല്‍ ഗിബ്‌സിന്റെയും വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ഇല്ലാതാവുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ ഒരു മല്‍സരവും തോറ്റിട്ടില്ലാത്ത ചാര്‍ജേഴ്‌സ്‌ നടത്തിയ ആത്മവിശ്വാസത്തിന്റെ ആക്രമണത്തില്‍ പലര്‍ക്കും കാലിടറി.

ബാര്‍സിലോണ: യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ ആദ്യ സെമി. സ്‌പാനിഷ്‌ കരുത്തായ ബാര്‍സയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായ ചെല്‍
സിയും തമ്മിലാണ്‌ അങ്കം. സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിനാല്‍ ആ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ്‌ ബാര്‍സയുടെ ലക്ഷ്യം. ലയണല്‍ മെസി. സാമുവല്‍ ഇറ്റോ, തിയറി ഹെന്‍ട്രി തുടങ്ങിയ വിഖ്യാതരെല്ലാം ഇന്ന്‌ ആദ്യ ഇലവനില്‍ വരും. ചെല്‍സി സംഘത്തില്‍ പരുക്കിന്റെ പ്രശ്‌നങ്ങളില്ല. മികച്ച നിരയെ തന്നെയിറക്കുമെന്നാണ്‌ കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഐവറി കോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബെയാണ്‌ ടീമിന്റെ തുരുപ്പുചീട്ട്‌. സെമി തല്‍സമയം ടെന്‍ സ്‌പോര്‍ട്‌സില്‍-രാത്രി 11-30 മുതല്‍.

No comments: