Monday, April 6, 2009

DRAVID SAFETY

70:30
വെല്ലിംഗ്‌ടണ്‍: ബേസിന്‍ റിസര്‍വില്‍ ഇന്ന്‌ അവസാന ദിവസം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 90 ഓവറുകള്‍ ഇന്ന്‌ കളിക്കാം. 617 റണ്‍സാണ്‌ ഇന്ത്യ ന്യൂസിലാന്‍ഡിന്‌ സമ്മാനിച്ചിരിക്കുന്ന വിജലക്ഷ്യം. നാലാം ദിവസം പ്രതികൂല കാലാവസ്ഥ കാരണം മല്‍സരം ഒരു മണിക്കൂര്‍ മുമ്പ്‌ നിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡ്‌ നാല്‌ വിക്കറ്റിന്‌ 167 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആറ്‌ വിക്കറ്റുകള്‍ ശേഷിക്കെ 450 റണ്‍സ്‌ കൂടി ആതിഥേയര്‍ക്ക്‌ വേണം. 69 റണ്‍സുമായി ക്രീസിലുള്ള റോസ്‌ ടെയ്‌ലറിലാണ്‌ എല്ലാ പ്രതീക്ഷകളും. ജെയിംസ്‌ ഫ്രാങ്ക്‌ളിനാണ്‌ ടെയ്‌ലര്‍ക്ക്‌ കൂട്ട്‌. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം ഇതിനകം വിലപ്പെട്ട 83 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റിലെ ഇതിഹാസതാരം റിച്ചാര്‍ഡ്‌ ഹാഡ്‌ലി മല്‍സരത്തില്‍ 70 ശതമാനം സാധ്യത ഇന്ത്യക്കാണ്‌ കല്‍പ്പിച്ചിരിക്കുന്നത്‌. 30 ശതമാനം സാധ്യതകള്‍ ന്യൂസിലാന്‍ഡിനുണ്ട്‌.
ടെയ്‌ലറും സംഘവും അല്‍ഭുതങ്ങള്‍ കാട്ടിയാല്‍ മാത്രം ആതിഥേയര്‍ക്ക്‌ സമനില നേടാം. പിച്ച്‌ ബാറ്റിംഗിനെ തുണക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനിന്നാല്‍ ന്യൂസിലാന്‍ഡിന്‌ സമനില സ്വന്തമാക്കാനുളള അവസരമുണ്ട്‌. അംഗീകൃത ബാറ്റ്‌സ്‌മാനായി ഇനി ബ്രെന്‍ഡന്‍ മക്കുലം മാത്രം വരാനിരിക്കെ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ പിടിമുറുക്കാനാണ്‌ സാധ്യതകള്‍. പക്ഷേ മഴക്ക്‌ വ്യക്തമായ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌ വില്ലന്റെ രൂപത്തില്‍ രംഗത്തുണ്ട്‌.
നായകന്‍ എം.എസ്‌ ധോണി പുറത്താവാതെ നേടിയ 56 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌ ഏഴ്‌ വിക്കറ്റിന്‌ 434 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഈ മൈതാനത്തെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്ക്‌്‌ ബാറ്റ്‌ ചെയ്‌ത ആതിഥേയരെ സഹീര്‍ഖാനും ഹര്‍ഭജന്‍ സിംഗും തുടക്കത്തില്‍ തകര്‍ത്തു. പക്ഷേ ടെയ്‌ല്‌റും ഫ്രാങ്ക്‌ളിനും പിടിച്ചുനിന്നതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. സഹീറിനും ഹര്‍ഭജനും രണ്ട്‌ വിക്കറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഇഷാന്ത്‌ ശര്‍മ്മക്ക്‌ പക്ഷേ താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യ ഇന്നിംഗ്‌സില്‍ കിവി ബാറ്റ്‌സ്‌മാന്മാരുടെ അന്തകനായ സഹീര്‍ തന്നെയാണ്‌ രണ്ടാം ഇന്നിംഗ്‌സിലും കിവി താരങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയത്‌. ലഞ്ച്‌ വരെ ആദ്യ സെഷനില്‍ തുടര്‍ച്ചയായി പതിനഞ്ച്‌ ഓവറുകള്‍ എറിഞ്ഞ സഹീര്‍ രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. റണ്ണപ്പ്‌ കുറച്ചുളള ബൗളിംഗില്‍ സഹീറിന്റെ പേസും ബൗണ്‍സും ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിക്കുന്നതായിരുന്നു. ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ ടീം മകിന്റോഷിന്റെ വിക്കറ്റ്‌ സഹീര്‍ സ്വന്തമാക്കി. ടേണ്‍ ചെയ്‌ത പന്തില്‍ ബാറ്റ്‌സ്‌മാന്‍ അര്‍ദ്ധമനസ്സോടെ ബാറ്റ്‌ വെച്ചപ്പോള്‍ രാഹുല്‍ ദ്രാവിഡിന്‌ ലോക റെക്കോര്‍ഡ്‌ ക്യാച്ചായി അത്‌ മാറി. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ദ്രാവിഡ്‌ സ്വന്തമാക്കുന്ന 182-ാമത്‌ ഇരയായിരുന്നു കിവി ഓപ്പണര്‍. ഓസ്‌ട്രേലിയക്കാരനായ മാര്‍ക്ക്‌ വോയുടെ പേരിലുളള റെക്കോര്‍ഡാണ്‌ ബാംഗ്ലൂര്‍കാരന്‍ സ്വന്തം പേരില്‍ കുറിച്ചത്‌. പരമ്പരയില്‍ തപ്പിതടയുന്ന ഡാനിയല്‍ ഫ്‌ളൈനും പിടിച്ചുനില്‍ക്കാനായില്ല. സഹീറിന്റെ പന്തില്‍ ഫ്‌ളൈന്‍ ക്ലീന്‍ ബൗള്‍ഡായ ഘട്ടത്തില്‍ ഇന്ത്യ വിജയക്കുതിപ്പിലായിരുന്നു. റോസ്‌ ടെയ്‌്‌ലര്‍ വന്നതും ഹര്‍ഭജന്റെ പന്തില്‍ പുറത്തായതാണ്‌. വ്യക്തിഗത സ്‌ക്കോര്‍ 9 ല്‍ നില്‍ക്കവെ ഷോട്ട്‌ ലെഗ്ഗില്‍ ഗൗതം ഗാംഭീര്‍ ക്യാച്ചെടുത്തപ്പോള്‍ താന്‍ പുറത്താണെന്ന്‌ കരുതി ടെയ്‌ലര്‍ ക്രിസ്‌ വിട്ടിരുന്നു. എന്നാല്‍ പകുതി വഴിയില്‍ വെച്ച്‌ അദ്ദേഹത്തെ തടഞ്ഞ അമ്പയര്‍ തീരുമാനം തേര്‍ഡ്‌ അമ്പയര്‍ക്ക്‌ വിട്ടു. പന്ത്‌ നിലത്ത്‌ വീണതിന്‌ ശേഷമാണ്‌ ഗാംഭീര്‍ കൈപ്പിടിയിലൊതുക്കിയതെന്നായിരുന്നു അമ്പയറുടെ സംശയം. ഈ സംശയത്തെ തേര്‍ഡ്‌ അമ്പയര്‍ അംഗീകരിക്കുകയായിരുന്നു. ഈ ലൈഫ്‌ ഉപയോഗപ്പെടുത്തി പിന്നെ ടെയ്‌ലറുടെ ആക്രമണമായിരുന്നു.
ഇഷാന്തിന്റെ ഒരോവറില്‍ മൂന്ന്‌ തവണയാണ്‌ അദ്ദേഹം പന്തിനെ അതിര്‍ത്തി കടത്തിയത്‌. എല്ലാം മനോഹരമായ ഷോട്ടുകളായിരുന്നു. മാര്‍ട്ടിന്‍ ഗുപ്‌ടിലും ടെയ്‌ലറും ചേര്‍ന്ന്‌ സ്‌ക്കോര്‍ 84 ല്‍ എത്തിച്ചപ്പോള്‍ ഹര്‍ഭജന്‍ സിംഗിന്റെ മാജിക്‌ ഓവര്‍ കിവി പ്രതീക്ഷകളെ തകിടം മറിച്ചു. കാറ്റിന്റെ പിന്‍ബലത്തില്‍ പന്തെറിഞ്ഞ ബാജിയുടെ കുത്തിതിരിഞ്ഞ ബോളില്‍ ഗുപ്‌ടിലിന്‌ മറുപടിയുണ്ടായിരുന്നില്ല. പകരമെത്തിയ ജെസി റൈഡര്‍ക്ക്‌ ഒരു പന്ത്‌ മാത്രമാണ്‌ അതിജയിക്കാന്‍ കഴിഞ്ഞത്‌. രണ്ടാമത്തെ പന്തില്‍ അദ്ദേഹം ദ്രാവിഡിന്‌ പിടി നല്‍കി. പരമ്പരയില്‍ ഇന്ത്യക്ക്‌ കനത്ത വെല്ലുവിളിയായി ബാറ്റ്‌ വീശീയ റൈഡര്‍ നിരാശനായി മടങ്ങിയ ശേഷമെത്തിയ ഫ്രാങ്ക്‌ളിനും തുടക്കത്തില്‍ പതറിയിരുന്നു.
രാവിലെ അതിവേഗത്തില്‍ റണ്‍സ്‌്‌ സ്വന്തമാക്കി ലീഡ്‌ 600 കടത്തി ഡിക്ലറേഷന്‍ നടത്താനുളള ധോണിയുടെ ്‌ശ്രമം വിജയിച്ചു. ക്രിസ്‌ മാര്‍ട്ടിനെ രണ്ട്‌ തവണ അതിര്‍ത്തി കടത്തി ലക്ഷ്യം വ്യക്തമാക്കിയ ധോണിക്ക്‌ ഉറച്ച പിന്തുണ നല്‍കിയ യുവരാജ്‌ ഒബ്രിയാന്റെ ഒരോവറില്‍ 18 റണ്‍സാണ്‌ നേടിയത്‌. യുവരാജും ഹര്‍ഭജനും അടുത്ത പന്തുകളില്‍ പുറത്തായിട്ടും ധോണി 77 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി ക്ലാസ്‌ തെളിയിച്ചു.

തേര്‍ഡ്‌ ഐ
നാല്‍പ്പത്തിയൊന്ന്‌ വര്‍ഷത്തിന്‌ ശേഷം ന്യൂസിലാന്‍ഡ്‌ മണ്ണില്‍ ഇന്ത്യ ഇന്ന്‌ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ന്യൂസിലാന്‍ഡിന്റെ ആറ്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക്‌ ആദ്യസെഷന്‍ തന്നെ മതിയാവും. രാവിലെ അനുകൂല കാലാവസ്ഥയും സഹീറിന്റെ ഫോമുമാവുമ്പോള്‍ റോസ്‌ ടെയ്‌ലര്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, ബ്രെന്‍ഡന്‍ മക്കുലം,ഡാനിയല്‍ വെട്ടോരി തുടങ്ങിയവര്‍ക്ക്‌ അതിജീവനം പ്രയാസമാണ്‌. ആദ്യ സെഷനില്‍ പിടിച്ചുനിന്നാല്‍ മല്‍സരത്തെ സമനിലയിലേക്ക്‌ നയിക്കാന്‍ ചിലപ്പോള്‍ കിവീസിന്‌ കഴിഞ്ഞേക്കാം-പക്ഷേ അതൊരു വിദൂര സാധ്യത മാത്രമാണ്‌. ഈ മല്‍സരം സമനിലയില്‍ അവസാനിച്ചാലും പരമ്പരയും അത്‌ വഴി ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും ഇന്ത്യക്ക്‌ സ്വന്തമാക്കാന്‍ കഴിയും.
ബേസിന്‍ റിസര്‍വില്‍ ആദ്യ ദിവസം മുതല്‍ ഇന്ത്യന്‍ ആധിപത്യമായിരുന്നു. അത്‌ ഇന്നലെയും തുടര്‍ന്നു. നേപ്പിയര്‍ ടെസ്‌റ്റില്‍ ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ കളി നിയന്ത്രിച്ചത്‌ ന്യൂസിലാന്‍ഡായിരുന്നെങ്കില്‍ അവസാന രണ്ട്‌ ദിവസങ്ങളില്‍ അവര്‍ക്ക്‌ പാളിയിരുന്നു. ആ പാളിച്ചയിലാണ്‌ ഇന്ത്യ സമനില നേടിയത്‌. ഇവിടെ ധോണിയിലെ നായകന്റെ പക്വതയും സ്‌പിരിറ്റുമാണ്‌ പ്രകടമാവുന്നത്‌. ഇന്നലെ ആദ്യ സെഷനില്‍ പെട്ടെന്ന്‌ റണ്‍സ്‌ നേടി അദ്ദേഹം ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ചു. ലഞ്ചിന്‌ മുമ്പ്‌ ഡിക്ലറേഷന്‍ നടത്തി ന്യൂസിലാന്‍ഡിന്റെ ഒരു വിക്കറ്റും ആ സെഷനില്‍ വീഴ്‌ത്തി. സമ്മര്‍ദ്ദം ഇരട്ടിപ്പിക്കാന്‍ തുടര്‍ച്ചയായി സഹീറിന്‌ തന്നെ പന്ത്‌ നല്‍കാനുളള ധോണിയുടെ തീരുമാനവും ശ്ലാഘനീയമായിരുന്നു. തുടര്‍ച്ചയായി 15 ഓവറുകള്‍ സഹീറിനെ പോലെ ഫിറ്റ്‌നസില്‍ അല്‍പ്പം പിറകിലുളള ഒരു സീമര്‍ എറിയുമ്പോള്‍ അതിന്‌്‌ ശക്തമായ ബാക്കപ്പാണ്‌ ഫീല്‍ഡര്‍മാര്‍ നല്‍കിയത്‌. രാഹുലിന്റെ റെക്കോര്‍ഡ്‌ ക്യാച്ച്‌ തന്നെ ഇതിന്‌ ഉദാഹരണമായിരുന്നു. മകിന്റോഷ്‌ എന്ന ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാന്റെ പതര്‍ച്ച മനസ്സിലാക്കി ദ്രാവിഡിനെ മൂന്നാം സ്ലിപ്പിലേക്ക്‌ വിട്ട ധോണിയിലെ നായകന്‍ ഹര്‍ഭജനെ ഉപയോഗപ്പെടുത്തിയതാണ്‌ വഴിത്തിരിവായത്‌.
ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്‌പിന്നറാണ്‌ ബാജി. അതില്‍ സംശയമില്ല. സ്ഥിരതയുടെ കാര്യത്തില്‍ പിറകിലാണെങ്കിലും അദ്ദേഹത്തിന്റെ ദൂസ്‌രകള്‍ ബാറ്റ്‌സ്‌മാന്മാരെ വിഷമിപ്പിക്കും. വിദേശ പിച്ചുകളില്‍ പന്തെറിയാന്‍ ബാജിക്ക്‌ അറിയില്ല എന്ന പരാതിക്ക്‌ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറോളം പ്രായമുണ്ട്‌. പക്ഷേ ന്യൂസിലാന്‍ഡ്‌ പര്യടനത്തിലൂടെ ആ പരാതിക്ക്‌ പരിഹാരമാവുകയാണ്‌. അത്ര കരുത്തിലാണ്‌ പഞ്ചാബുകാരന്‍ പന്തെറിയുന്നത്‌. ഹാമില്‍ട്ടണിലും നേപ്പിയറിലും ഇപ്പോള്‍ വെല്ലിംഗ്‌ടണിലും ബാറ്റ്‌സ്‌മാന്മാരെ തകര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ സഹീറിന്‌ അഞ്ച്‌ വിക്കറ്റ്‌ കിട്ടി. പക്ഷേ അതിനേക്കാള്‍ മനോഹരമായ കാഴ്‌ച്ചയായിരുന്നു ഹര്‍ഭജന്‍ വീഴ്‌ത്തിയ മൂന്ന്‌ വിക്കറ്റുകള്‍. ഇന്നലെ കിവി രണ്ടാം ഇന്നിംഗ്‌സില്‍ ഹര്‍ഭജന്റെ ഓരോവറാണ്‌ മല്‍സരത്തിലേക്ക്‌ ഇന്ത്യയെ തിരികെ കൊണ്ടുവന്നത്‌. റോസ്‌ ടെയ്‌ലറും മാര്‍ട്ടിന്‍ ഗുപ്‌ടിലും ജെസി റൈഡറുമാണ്‌ നിലവില്‍ കിവി നിരയിലെ പ്രധാന ബാറ്റ്‌സ്‌മാന്മാര്‍. ഗുപ്‌ടില്‍ നല്ല ഷോട്ടുകളുമായി മൈതാനം നിറഞ്ഞ വേളയിലാണ്‌ മനോഹരമായ പന്തില്‍ ആ വിക്കറ്റ്‌ ബാജി സ്വന്തമാക്കിയത്‌. അതേ ഓവറില്‍ തന്നെ അപകടകാരിയായ റൈഡറുടെ വിക്കറ്റും അദ്ദേഹം നേടി. രണ്ടും വിത്യസ്‌തമായ പന്തുകള്‍. ഈ രണ്ട്‌ വിക്കറ്റുകള്‍ക്ക്‌ മുമ്പ്‌ ടെയ്‌ലറുടെ കാര്യത്തിലും ബാജി അന്തകനാവുമായിരുന്നു-പക്ഷേ ക്യാച്ച്‌ ഭംഗിയാക്കാന്‍ ഗാംഭീറിനായില്ല. തുടക്കത്തില്‍ തന്നെ വിക്കറ്റ്‌ ലഭിച്ചാല്‍ ഹര്‍ഭജന്‍ ആളാകെ മാറും. നല്ല ആവേശവും സ്‌പിരിറ്റും പ്രകടിപ്പിക്കും. പന്തിന്റെ ഫ്‌ളൈറ്റില്‍ വരുത്തുന്ന വ്യതിയാനം പോലെ അദ്ദേഹത്തിന്റെ ചലനങ്ങളിലും ആക്രമണവീര്യമുണ്ടാവും.
ഇന്ന്‌ മഴക്കാണ്‌ സാധ്യത പറയുന്നത്‌. കളി നടക്കുന്നപക്ഷം സഹീര്‍റും ഹര്‍ഭജനും കാര്യങ്ങള്‍ നിയന്ത്രിക്കും. പിച്ച്‌ അനുദിനം ബാറ്റിംഗിന്‌ അനുകൂലമായി മാറുന്ന സാഹചര്യത്തില്‍ ടെയ്‌ലറുടെ വിക്കറ്റായിരിക്കും നിര്‍ണ്ണായകം. കൂട്ടുകാര്‍ ഒന്നിന്‌ പിറകെ ഒന്നായി മടങ്ങിയിട്ടും ടെയ്‌ലര്‍ അചഞ്ചലനായാണ്‌ കളിച്ചത്‌. അദ്ദേഹത്തിന്റെ ഷോട്ട്‌ സെലക്ഷനും അപാരമായിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം ഈ ടെസ്‌റ്റില്‍ ധാരാളം മണിക്കൂറുകള്‍ നഷ്ടമായിട്ടുണ്ട്‌. ഇന്ന്‌ മഴയാണെങ്കില്‍ സമയം കൂടുതല്‍ നഷ്ടമാവും. എന്തായാലും ഇന്ത്യക്ക്‌ ഭയപ്പെടാനില്ല-നൂറാം ടെസ്റ്റ്‌ വിജയത്തിന്‌ കാത്തിരിക്കണമെന്ന്‌ മാത്രം.

കരങ്ങളും വിശ്വസ്‌തം
വെല്ലിംഗ്‌ടണ്‍: രാഹുല്‍ ദ്രാവിഡിന്റെ പേരിലായിരിക്കും ഇനി ആ റെക്കോര്‍ഡ്‌-ടെസ്‌റ്റ്‌ ക്രിക്കറ്റിലെ വിശ്വസ്‌തമായ കരങ്ങള്‍ ഇനി ഇന്ത്യന്‍ മതിലിന്റേതാണ്‌. ഇന്നലെ വെല്ലിംഗ്‌ടണ്‍ ടെസ്‌റ്റിന്റെ നാലാം ദിവസം കിവി രണ്ടാം ഇന്നിംഗ്‌സല്‍ സഹീര്‍ഖാന്റെ പന്തില്‍ മകിന്റോഷിനെ കൈപിടിയിലാക്കിയതോടെ ദ്രാവിഡിന്റെ കൈകകളിലൂടെ ഭദ്രമായ ക്യാച്ചുകളുടെ എണ്ണം 182 ആയി.... ഓസ്‌ട്രേലിയക്കാരന്‍ മാര്‍ക്ക്‌ വോയുടെ പേരിലുണ്ടായിരുന്ന 181 ക്യാച്ചുകളുടെ റെക്കോര്‍ഡാണ്‌ അദ്ദേഹം സ്വന്തം പേരിലാക്കിയത്‌. ഈ റെക്കോര്‍ഡിന്‌ ശേഷം ഹര്‍ഭജന്റെ പന്തില്‍ ജെസി റൈഡറുടെ വിക്കറ്റും സ്വന്തമാക്കി ദ്രാവിഡ്‌ ക്യാച്ചുകള്‍ 183 ആയി ഉയര്‍ത്തിയിട്ടുണ്ട്‌. 1996 ല്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ ദ്രാവിഡ്‌ 134-ാമത്‌ മല്‍സരത്തിലാണ്‌ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌. 128 ടെസ്‌റ്റുകള്‍ കളിച്ച മാര്‍്‌ക്‌ വോ 2002 ല്‍ വിടവാങ്ങിയിരുന്നു. സ്‌റ്റീഫന്‍ ഫ്‌ളെമിംഗ്‌ (ന്യൂസിലാന്‍ഡ്‌-171), ബ്രയന്‍ ചാള്‍സ്‌ ലാറ (വിന്‍ഡീസ്‌-164 ),മാര്‍ക്ക്‌ ടെയ്‌ലര്‍ (ഓസീസ്‌-157), അലന്‍ ബോര്‍ഡര്‍ (ഓസീസ്‌-156), റിക്കി പോണ്ടിംഗ്‌ (ഓസീസ്‌-148), ജാക്‌ കാലിസ്‌ (ദക്ഷിണാഫ്രിക്ക-147), മഹേല ജയവര്‍ദ്ധനെ (ലങ്ക-142) എന്നിവരാണ്‌ ദ്രാവിഡിനും മാര്‍ക്കിനും പിറകില്‍.
ഇന്ത്യയുടെ വിശ്വസ്‌തനായ സ്ലിപ്പ്‌ ഫീല്‍ഡറാണ്‌ വര്‍ഷങ്ങളായി ദ്രാവിഡ്‌. അദ്ദേഹത്തിന്റെ കരങ്ങള്‍ ചോര്‍ന്ന ഘട്ടങ്ങള്‍ അപൂര്‍വ്വമായിരുന്നു. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്‌ എന്നീ ഇന്ത്യന്‍ സ്‌പിന്‍ ജോഡികളുടെ പന്തുകളിലായിരുന്നു ദ്രാവിഡിന്റെ കൂടുതല്‍ ക്യാച്ചുകള്‍. ഇന്നലെ 182-ാമത്‌്‌ ക്യാച്ച്‌ സ്വന്തമാക്കിയ വേളയില്‍ പന്തിനെ മുത്തം വെച്ച ദ്രാവിഡിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ തല്‍ക്കാലം ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ആരുമില്ല.

വമ്പന്മാര്‍ മുന്നോട്ട്‌
ലണ്ടന്‍: ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുടെ ഒരാഴ്‌്‌ച്ചക്ക്‌ ശേഷം യൂറോപ്യന്‍ ലീഗുകള്‍ ആരംഭിച്ചപ്പോള്‍ വമ്പന്മാരെല്ലാം ആധിപത്യം നിലനിര്‍ത്തി. പക്ഷേ ജര്‍മനിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഹെര്‍ത്താ ബെര്‍ലിന്‌ ആഘാതമേറ്റു. ബുണ്ടേല്‍സ്‌ ലീഗില്‍ വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ മുന്നിലെത്തിയപ്പോള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയും ഫ്രഞ്ച്‌ ലീഗില്‍ ലിയോണും ഇറ്റാലിയന്‍ സീരിയ എ യില്‍ ഇന്റര്‍ മിലാനും വിജയങ്ങളുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിവിധ രാജ്യങ്ങളിലെ ലീഗുകളിലൂടെ:
പ്രീമിയര്‍ ലീഗ്‌
പ്രീമിയര്‍ ലീഗ്‌ ആവേശകരമായി നീങ്ങുകയാണ്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും ചെല്‍സിയും ഒന്നിന്‌ പിറകെ ഒന്നായി സാധ്യതകള്‍ സജീവമാക്കുന്നു. ഇപ്പോഴും മാഞ്ചസ്‌റ്റര്‍ തന്നെയാണ്‌ മുന്നില്‍. അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘത്തിന്‌ 68 പോയന്റുണ്ട്‌. ലിവര്‍പൂള്‍ 67 ലും ചെല്‍സി 64 ലും നില്‍ക്കുന്നു. ശനിയാഴ്‌ച്ച നടന്ന മല്‍സരങ്ങളില്‍ ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡിനെ രണ്ട്‌ ഗോളിനും സ്‌റ്റോപ്പേജ്‌ സമയത്തെ ഗോളില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും വീഴ്‌ത്തിയപ്പോള്‍ മാഞ്ചസ്‌റ്റര്‍ സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷേ ഞായറാഴ്‌ച്ചയിലെ ആവേശത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ മനോഹരമായി കളിച്ചപ്പോള്‍ ആസ്‌റ്റണ്‍വില്ലക്കെതിരെ 3-2 ന്റെ വിജയം റെഡ്‌സിന്‌ ലഭിച്ചു. കഴിഞ്ഞ രണ്ട്‌ ലീഗ്‌ മല്‍സരങ്ങളില്‍ പിണഞ്ഞ പരാജയം മറന്നാണ്‌ അവര്‍ കളിച്ചത്‌. നാലാം സ്ഥാനത്ത്‌ ആഴ്‌സനലാണ്‌. ആസ്റ്റണ്‍ വില്ലയുടെ തോല്‍വിക്ക്‌ പിറകെ ഗണ്ണേഴ്‌സ്‌ രണ്ട്‌ ഗോളിന്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇംഗ്ലീഷ്‌ ബെര്‍ത്ത്‌ ലക്ഷ്യമിട്ടാണ്‌ ആഴ്‌സന്‍ വെംഗറും സംഘവും കളിക്കുന്നത്‌. അതേ സമയം തരം താഴ്‌ത്തലിന്റെ വക്കിലാണ്‌ അലന്‍ ഷിയററുടെ ന്യൂകാസിലും (29), മിഡില്‍സ്‌ ബോറോയും (27), വെസ്‌റ്റ്‌ ബ്രോമും (24). 15 ഗോളുകളുമായി കൃസ്‌റ്റിയാനോ റൊണാള്‍ഡോയും നിക്കോളാസ്‌ അനേല്‍ക്കയും ടോപ്‌ സ്‌ക്കോറര്‍ പട്ടികയില്‍ ഒന്നാമന്മാരാണ്‌.
സ്‌പാനിഷ്‌ ലീഗ്‌
സ്‌പെയിനില്‍ എല്ലാ ടീമുകളും 29 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയന്റ്‌്‌ ടേബിളിലെ ആദ്യ സ്ഥാനക്കാരില്‍ കാര്യമായ മാറ്റങ്ങളില്ല. കാമറൂണിയന്‍ സ്‌ട്രൈക്കര്‍ സാമുവല്‍ ഇറ്റോയുടെ ഗോളില്‍ ബാര്‍സിലോണ വല്ലഡോളിഡിനെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡ്‌ ഇതേ മാര്‍ജിനില്‍ മലാഗയെ വീഴ്‌ത്തി. 72 പോയന്റാണ്‌ ബാര്‍സക്കുളളത്‌-റയലിന്‌ 66 ഉം. മൂന്നാം സ്ഥാനത്ത്‌ 57 പോയന്റുമായി സെവിയെ ഉണ്ട്‌. റിക്രിയേറ്റീവോ ഹലൂവക്കെതിരായ മല്‍സരത്തില്‍ ഫ്രെഡറിക്‌ കനൗട്ടിന്റെ പെനാല്‍ട്ടി ഗോളിലാണ്‌ സെവിയെ ജയിച്ചത്‌. വില്ലാ റയല്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ അല്‍ മേരിയയെ തോല്‍പ്പിച്ചു. 26 ഗോളുകളുമായി ഇറ്റോയാണ്‌ ടോപ്‌ സ്‌ക്കോറര്‍ പട്ടികയില്‍. ഡേവിഡ്‌ വിയ 21 ഗോളുകളുമായി പിറകിലുണ്ട്‌.
ഇറ്റാലിയന്‍ ലീഗ്‌
യുവന്തസിന്റെ കിരീട മോഹത്തിന്‌ ഇന്നലെ ചീവിയോ അന്ത്യമിട്ടതാണ്‌ ഇറ്റാലിയന്‍ ലീഗിലെ പ്രധാന വാര്‍ത്ത. ഇന്റര്‍ മിലാന്റെ അരികിലെത്താനുളള ശ്രമത്തില്‍ എല്ലാ മല്‍സരങ്ങളിലും സ്ഥിരത പുലര്‍്‌ത്തിയ യുവന്തസിന്‌ ചീവിയോക്കെതിരെ 3-3 സമനില സമ്മതിക്കേണ്ടി വന്നു. ഇത്‌ വഴി വിലപ്പെട്ട പോയന്റാണ്‌ അവര്‍ക്ക്‌ നഷ്‌ടമായത്‌. അതേ സമയം ഉദിനസിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ ഇന്റര്‍ മിലാന്‍ കുതിപ്പ്‌ തുടര്‍ന്നു. മിലാന്‌ 72 പോയന്റും യുവന്തസിന്‌ 63 പോയന്റുമാണുള്ളത്‌. 58 പോയന്റുമായി ഏ.സി മിലാന്‍ മൂന്നാം സ്ഥാനത്താണ്‌.
ജര്‍മന്‍ ലീഗ്‌
കരുത്തരായ ബയേണ്‍ മ്യൂണിച്ചിനെ 1-5ന്‌ തരിപ്പണമാക്കി വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ ബുണ്ടേല്‍സ്‌ ലീഗിലെ തിളക്കമാര്‍ന്ന വിജയമാണ്‌ സ്വന്തമാക്കിയത്‌. ഈ വന്‍ വിജയം വഴി ഗോള്‍ ശരാശരിയില്‍ ഹാംബര്‍ഗ്ഗിനെ പിറകിലാക്കി ടേബിളില്‍ ഒന്നാം സ്ഥാനവും വോള്‍ഫ്‌സിന്‌ ലഭിച്ചു. ഹാംബര്‍ഗ്‌ ഒരു ഗോളിന്‌ ഹോഫന്‍ഹൈമിനെ പരാജയപ്പെടുത്തിയിരുന്നു. ഇത്‌ വരെ ഒന്നാം സ്ഥാനത്തായിരുന്ന ഹെര്‍ത്താ ബെര്‍ലിന്‌ ബൊറൂഷ്യ ഡോര്‍ട്ട്‌മണ്ട്‌ കനത്ത ആഘാതമേല്‍പ്പിച്ചു. 3-1 നാണ്‌ അവര്‍ മുന്‍നിര ടീമിനെ പരാജയപ്പെടുത്തിയത്‌. 51 പോയന്റ്‌്‌ വീതമിപ്പോള്‍ വോള്‍ഫ്‌സിനും ഹാംബര്‍ഗ്ഗിനമുണ്ട്‌. ഹെര്‍ത്താ ബെര്‍ലിന്‍ 49 പോയന്റുമായി മൂന്നാമതാണ്‌.
ഫ്രഞ്ച്‌ ലീഗ്‌
ഹുഗോ ലോറിസ്‌, കരീം ബെന്‍സാമ എന്നിവരുടെ വ്യക്തിഗത മികവില്‍ ലീ മാന്‍ഡസിനെ 3-1ന്‌ പരാജയപ്പെടുത്തി ലിയോണ്‍ ഫ്രഞ്ച്‌ ലീഗില്‍ ആധിപത്യം നിലനിര്‍ത്തി. ലിയോണിന്‌ തൊട്ട്‌ പിറകിലുള്ള ഒളിംപിക്‌ മാര്‍സലി രണ്ടാം പകുതിയില്‍ സ്‌ക്കോര്‍ ചെയ്‌ത മൂന്ന്‌ ഗോളിന്‌ സെന്‍ര്‌ എറ്റീനെ തോല്‍പ്പിച്ചപ്പോള്‍ ബോറോഡോക്‌സ്‌ അവസാന മിനുട്ടിലെ ഗോളില്‍ നാന്‍സിയെയും ലിലി രണ്ട്‌ ഗോളിന്‌ നാന്റസിനെയും പാരീസ്‌ സെന്റ്‌ ജര്‍മന്‍ 2-1ന്‌ നീസിനെയും പരാജയപ്പെടുത്തി. ലിയോണ്‍ 59 പോയന്റുമായി ഒന്നാം സ്ഥാനത്തും മാര്‍സലി 58 പോയന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്‌.

സൂപ്പര്‍ അരങ്ങേറ്റം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഇഞ്ച്വറി ടൈം ഗോളില്‍ ആസ്‌റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌ 17 കാരനായ മുന്‍നിരക്കാരന്‍ ഫെഡറികോ മചേഡ. സൂപ്പര്‍ ക്ലബിനായുളള കന്നി മല്‍സരത്തില്‍ തന്റെ ടീമിന്റെ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്യാനായതിന്റെ ആഹ്ലാദത്തിലാണ്‌ യുവതാരം. ഇങ്ങനെയൊരു അരങ്ങേറ്റം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്‌ പയ്യന്‍സ്‌ പറയുന്നത്‌. ഇറ്റാലിയന്‍ ക്ലബായ ലാസിയോയുടെ സംഘത്തിലുണ്ടായിരുന്ന മചേഡക്ക്‌ ഇന്നലെ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ അവസാനത്തിലാണ്‌ അവസരം നല്‍കിയത്‌. വെയിന്‍ റൂണിക്ക്‌ സസ്‌പെന്‍ഷനും ഡിമിതര്‍ ബെര്‍ബത്തോവിന്‌ പരുക്കുമായപ്പോള്‍ മചേഡക്ക്‌ അവസരം നല്‍കാന്‍ ഫെര്‍ഗൂസണ്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

നമ്പര്‍ വണ്‍
മിയാമി: നേരിട്ടുള്ള സെറ്റുകളില്‍ നോവാക്‌ ജോകോവിച്ചിനെ പരാജയപ്പെടുത്തി ഇംഗ്ലീഷ്‌ താരം ആന്‍ഡി മുറേ സോണി എറിക്‌സണ്‍ ഓപ്പണ്‍ ടെന്നിസില്‍ ജേതാവായി. സ്‌ക്കോര്‍ 6-2, 7-5. കഴിഞ്ഞ വര്‍ഷം സിന്‍സിനാറ്റിയിലും മാഡ്രിഡ്‌ മാസ്‌റ്റേഴ്‌സിലും കിരീടം സ്വന്തമാക്കിയ ബ്രിട്ടിഷ്‌ ഒന്നാം നമ്പര്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്‌. ആദ്യ സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുറേ രണ്ടാം സെറ്റില്‍ അല്‍പ്പം പിറകിലായിരുന്നു. പക്ഷേ സ്വതസിദ്ധമായ പോരാട്ടവീര്യവുമായി അദ്ദേഹം തിരിച്ചെത്തി.
റിട്ടേണ്‍
ലാഹോര്‍: ഇന്ത്യന്‍ വിമത ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക്‌, ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‍ ഇംറാന്‍ നസീര്‍, പേസര്‍ റാണ നവീദ്‌ എന്നിവരെ 20:20 ലോകപ്പിനുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉള്‍പ്പെടുത്തി. വിമത ലീഗില്‍ കളിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തോളമായി ഇവരെ അകറ്റിനിര്‍ത്തിയതായിരുന്നു. ഷുഹൈബ്‌ അക്തറും സംഘത്തിലുണ്ട്‌. യൂനസ്‌ഖാന്‍ നയിക്കുന്ന സാധ്യതാ സംഘത്തിലെ അംഗങ്ങള്‍ ഇവരാണ്‌: സല്‍മാന്‍ ഭട്ട്‌, നസീര്‍ ജംഷീദ്‌, ഖാലിദ്‌ ലത്തീഫ്‌, ഷഹബാസ്‌ ഹസന്‍, അഹമദ്‌ ഷന്‍സാദ്‌, ഉമര്‍ അമീന്‍, മിസ്‌ബാഹുല്‍ ഹഖ്‌, ഫൈസല്‍ ഇഖ്‌ബാല്‍, ഫവാദ്‌ ആലം, ഷുഹൈബ്‌ മാലിക്‌, ഷാഹിദ്‌ അഫ്രീദി, സുഹൈല്‍ തന്‍വീര്‍, യാസിര്‍ അറഫാത്ത്‌, കമറാന്‍ യൂനസ്‌, ഷുഹൈബ്‌ അക്തര്‍, ഉമര്‍ ഗുല്‍, റാവു ഇഫ്‌ത്തിക്കാര്‍, ഐസാസ്‌ ചീമ, മുഹമ്മദ്‌ മിര്‍, വഹാബ്‌ റിയാസ്‌, ഇംറാന്‍ അലി, ഡാനിഷ്‌ കനേരിയ, അബ്ദുള്‍ റഹ്‌മാന്‍, യാസിര്‍ ഷാ, കമറാന്‍ അക്‌മല്‍, സര്‍ഫറാസ്‌ അഹമ്മദ്‌, അബ്ദുള്‍ റസാക്ക്‌, റാണ നവീദ്‌, ഇംറാന്‍ നസീര്‍.
നായകനില്ല
ലണ്ടന്‍: 20:20 ലോകകപ്പിനുളള മുപ്പതംഗ ഇംഗ്ലീഷ്‌ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ ക്ലീന്‍ ബൗള്‍ഡ്‌. ഇംഗ്ലണ്ട്‌ തന്നെ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലേക്ക്‌ പുതിയ നായകനെ തെരഞ്ഞെടുക്കുമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കി. ടെസ്‌റ്റിനും ഏകദിനങ്ങള്‍ക്കും അനുയോജ്യനാണ്‌ സ്‌ട്രോസ്‌ എന്നാണ്‌ സെലക്ടര്‍മാരുടെ വിലയിരുത്തല്‍. സാധ്യതാ ടീം ഇതാണ്‌: കബീര്‍ അലി, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, ജറാത്‌ ബാറ്റി, ഇയാന്‍ ബെല്‍, രവി ബോപ്പാര, ടീം ബ്രെന്‍സന്‍, സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌, പോള്‍ കോളിംഗ്‌വുഡ്‌. സ്‌റ്റീവ്‌ ഡേവിസ്‌, ജോ ഡെന്‍ലി, ജെയിംസ്‌ ഫോസ്‌റ്റര്‍, ആന്‍ഡ്ര്യ ഫ്‌ളിന്റോഫ്‌, സ്റ്റീവന്‍ ഹാര്‍മിസണ്‍, റോബ്‌ കീ, സാജിദ്‌ മഹമൂദ്‌, ഡിമിത്രി മസ്‌കരാനസ്‌, ഇയോണ്‍ മോര്‍ഗന്‍, ഗ്രഹാം നേപ്പിയര്‍, സമിത്‌ പട്ടേല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ലിയാം പ്ലങ്കറ്റ്‌, മാറ്റ്‌ പ്രയര്‍, ആദില്‍ റഷീദ്‌, ഒവൈസ്‌ ഷാ, റ്യാന്‍ സൈഡ്‌ബോട്ടം, ഗ്രയീം സ്വാന്‍, ക്രിസ്‌ ട്രംലറ്റ്‌, ഷോണ്‍ ഉദല്‍, ക്രിസ്‌ വോക്‌സ്‌, ലൂക്‌ റൈറ്റ്‌.
വിജയം വിവ
ഗൂര്‍ഗവോണ്‍: ദേശീയ ലീഗ്‌ രണ്ടാം ഡിവിഷനില്‍ വിവ കേരളക്ക്‌ തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ കേരളാ ടീം മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ സേസാ ഫുട്‌ബോള്‍ അക്കാദമി ഗോവയെ പരാജയപ്പെടുത്തി. മുപ്പത്തിയഞ്ചാം മിനുട്ടില്‍ സാബിത്തും അമ്പത്തിയഞ്ചാം മിനുട്ടില്‍ ബാബ തുന്‍ഡെയുമാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഈ വിജയത്തോടെ രണ്ട്‌ കളികളില്‍ നിന്ന്‌ ആറ്‌ പോയന്റുമായി വിവ ടേബിളില്‍ ഒന്നാമതെത്തി. മൂന്ന്‌ പോയന്റുമായി സാല്‍ഗോക്കര്‍, ഒ.എന്‍.ജി.സി മുംബൈ എന്നിവരാണ്‌ രണ്ടാമത്‌. ആദ്യ മല്‍സരത്തില്‍ ലജോംഗ്‌ എസ്‌.സിയെ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയ വിവയുടെ അടുത്ത എതിരാളികള്‍ പൂനെ എഫ്‌.സിയാണ്‌. ഒമ്പതിനാണ്‌ മല്‍സരം.

No comments: