പീറ്റ് പ്രഷര്‍
കേപ്‌ടൗണ്‍: ഐ.പി.എല്‍ ക്രിക്കറ്റില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വെടെക്കെട്ടുകാരായ ഡക്കാന്‍ ചാര്‍ജേഴ്‌സിനെ നേരിടുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മരകൊമ്പിലാണ് ബാംഗ്ലൂര്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ മലര്‍ത്തിയടിച്ച പീറ്റേഴ്‌സണും സംഘവും രണ്ടാം മല്‍സരത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ തലകുനിച്ചതാണ് പീറ്റേഴ്‌സണെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ആദ്യ മല്‍സരത്തില്‍ മികവ് പ്രകടിപ്പിച്ച വെറ്ററന്മാരായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും രണ്ടാം മല്‍സരത്തില്‍ വലിയ നിരാശ സമ്മാനിച്ചപ്പോള്‍ 92 റണ്‍സിനായിരുന്നു ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ തോല്‍വി ചോദിച്ചുവാങ്ങിയത്. ഡക്കാന്‍ ചാര്‍ജേഴ്‌സ് സംഘത്തില്‍ വെടിക്കെട്ടുകാര്‍ ധാരാളമുണ്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണ്. തുടക്കത്തില്‍ ഗില്‍ക്രൈസ്‌റ്റ്. പിന്നെ ഹര്‍ഷല്‍ ഗിബ്‌സ്, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍. ഇവരുടെ പ്രഹരത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ബാംഗ്ലൂര്‍ സംഘത്തിന്റെ ബൗളിംഗ് നിലവാരം ഉയരണം. ജാക് കാലിസിനും സംഘത്തിനും ചെന്നൈക്കാര്‍ നല്‍കിയ ശിക്ഷ പരിഗണിക്കുമ്പോള്‍ ഇന്നും റണ്‍സ് വേട്ടക്കാണ് വ്യക്തമായ സാധ്യത.
ആദ്യ മല്‍സരത്തില്‍ 48 പന്തില്‍ നിന്നും 66 റണ്‍സ് സ്വന്തമാക്കിയ ദ്രാവിഡില്‍ നിന്നാണ് പീറ്റേഴ്‌സണ്‍ ഇന്ന്‌് കാര്യമായ സംഭാവന പ്രതീക്ഷിക്കുന്നത്. രണ്ടാം മല്‍സരത്തില്‍ ദ്രാവിഡിനെ ബാറ്റിംഗ് ഓര്‍ഡറില്‍ പിന്നോട്ടാക്കിയതിന്റെ വേദനയും പീറ്റേഴ്‌സണുണ്ട്. ബാറ്റിംഗില്‍ കാലിസും വിരാത് കോഹ്‌ലിയുമെല്ലാമുണ്ടെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ രണ്ടാം മല്‍സരത്തില്‍ ആര്‍ക്കുമായിരുന്നില്ല.
കാലിസ് സ്വന്തം മൈതാനത്താണ് കളിക്കുന്നത്. പക്ഷേ അദ്ദേഹത്തെ മാത്യൂ ഹെയ്‌ഡന്‍ കൈകാര്യം ചെയ്‌ത രീതി പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുടെ കരുത്തിനെ സംശയിക്കേണ്ടി വരും. മധ്യനിരക്ക് കരുത്ത് പകരേണ്ടവരില്‍ ഒന്നാമന്‍ പീറ്റേഴ്‌സണാണ്. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും നിലവാരത്തിനൊത്ത പ്രകടനം നടത്താന്‍ ഇംഗ്ലീഷ് താരത്തിനായിട്ടില്ല.
വിജയം ഫ്രെഡ്ഡിക്ക്
പോര്‍ട്ട് എലിസബത്ത്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുഖാമുഖം വന്നപ്പോള്‍ മല്‍സരത്തിന്റെ ആവേശത്തിലേക്ക് കാതോര്‍ത്തവരില്‍ ഇംഗ്ലീഷുകാരായിരുന്നു കൂടുതല്‍. ഇംഗ്ലീഷ് ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ പരസ്‌പരം മല്‍സരിക്കുമ്പോള്‍ അവരില്‍ ആര് ജയിക്കുമെന്നതായിരുന്നു ഇംഗ്ലീഷുകാര്‍ ആകാംക്ഷയോടെ നോക്കിയത്. സെന്റ്‌് ജോര്‍ജ്ജ് പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ് കൂട്ടുകാരനായ കെവിന്‍ പീറ്റേഴ്‌സണെ പരാജയപ്പെടുത്തിയപ്പോള്‍ അത് കഥയിലെ ക്ലൈമാക്‌സായി.
92 റണ്‍സിനാണ് മഹേന്ദ്രസിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പീറ്റേഴ്‌സന്റെ റോയല്‍ ചാലഞ്ചേഴ്‌സിനെ കീഴടക്കിയത്. ചെന്നൈക്ക് വേണ്ടി ബാറ്റ് ചെയ്‌ത ഫ്‌ളിന്റോഫ് 13 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ബൗളറെന്ന നിലയില്‍ ബാംഗ്ലൂരിന്റെ പ്രതീക്ഷയായ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ പീറ്റേഴ്‌സണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പക്ഷേ തന്റെ സ്‌പിന്നിലൂടെ ചെന്നൈ ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേലിനെ പുറത്താക്കുന്നതിലും മാത്യൂ ഹെയ്‌ഡനെ റണ്ണൗട്ടാക്കുന്നതിലും നായകന്‍ വിജയിച്ചു.
പതിവ് പോലെ ദയാദാക്ഷിണ്യമില്ലാതെയാണ് ഫ്‌ളിന്റോഫ് ബാറ്റേന്തിയത്. ബാറ്റിംഗ് അനായാസതയില്‍ അദ്ദേഹം മൂന്ന് ബൗണ്ടറികള്‍ പായിച്ചു. സ്വന്തം ഊഴമായപ്പോള്‍ പീറ്റേഴ്‌സണ്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ശ്രീലങ്കന്‍ മാജിക് ഓഫ് സ്‌പിന്നര്‍ മുത്തയ്യ മുരളിധരന്റെ ആദ്യ പന്തില്‍ തന്നെ പീറ്റ് പുറത്തായപ്പോള്‍ ചെന്നൈക്കാര്‍ക്ക് അതില്‍പ്പരം സന്തോഷമുണ്ടായിരുന്നില്ല.
ചിരിച്ചും കരഞ്ഞും....
ഡര്‍ബന്‍: ഈ ഷാറൂഖ് ഖാനും പ്രീതി സിന്റക്കുമൊന്നും ബോളിവുഡില്‍ ജോലിയില്ലേ...? ഇന്ത്യന്‍ സിനിമയിലെ വലിയ നക്ഷത്രങ്ങള്‍ ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. ഐ.പി.എല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വന്തം ടീമുകളുമായി ആഫ്രിക്കയിലെത്തിയ സൂപ്പറുകള്‍ ഇന്നലെ കിംഗ്‌സ് മീഡില്‍ അതിസമ്മര്‍ദ്ദത്തില്‍ കളി കാണാനുണ്ടായിരുന്നു. സ്വ്‌ന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുപ്പായമണിയാതെ പതിവ് ശൈലിയിലുളള സ്ലീവ് ലെസ് ടീ ഷര്‍ട്ടുമായി ടീമിനൊപ്പമായിരുന്നു ഷാറൂഖ്. പ്രിതീയാവട്ടെ പഞ്ചാബ് കിംഗ്‌സിന്റെ കുപ്പായം തന്നെയാണിട്ടത്.
പഞ്ചാബ് ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ പ്രീതിക്ക് ആഹ്ലാദനിമിഷങ്ങളായിരുന്നു. ഇര്‍ഫാന്‍ പത്താന്‍ കത്തിക്കയറിയപ്പോള്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും ആര്‍ത്തുവിളിക്കുകയായിരുന്നു പ്രീതി... ഇര്‍ഫാന്റെ സിക്‌സര്‍ പ്രകടനത്തില്‍ പക്ഷേ ഷാറൂഖ് തലതാഴ്‌ത്തി ഇരിപ്പായിരുന്നു. ഞെട്ടിക്കുന്ന ഷോട്ടുകള്‍ പായിച്ച ഇര്‍ഫാന്‍ സൗരവ് ഗാംഗുലിയുടെ പന്തില്‍ ബൗണ്ടറി ലൈനില്‍ മുരളി കാര്‍ത്തിക് പിടിച്ചപ്പോഴായിരുന്നു സൂപ്പര്‍ താര ആക്ഷന്‍ പാരമ്യതയിലെത്തിയത്. പ്രീതി നഖം കടിച്ച് ഷിറ്റ് പറഞ്ഞപ്പോള്‍ ഷാറൂഖ് ആര്‍ത്തുവിളിക്കുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ സൗരവിനാവട്ടെ ആ വിക്കറ്റ് വലിയ ആശ്വാസമായിരുന്നു. അതേ ഓവറില്‍ രവി ബോപ്പാരയെയും സൗരവ് പുറത്താക്കിയപ്പോള്‍ പ്രീതി മുഖം താഴ്‌ത്തി. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ പ്രീതി ടീമിനൊപ്പം തന്നെയുണ്ടായിരുന്നു. എല്ലാ താരങ്ങള്‍ക്കും മുത്തം നല്‍കുന്നതിലായിരുന്നു ഗ്ലാമര്‍ താരത്തിന്റെ മല്‍സരം. സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനാണ് ഷാറുഖ് ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുന്നത്.
കൊല്‍ക്കത്തക്കാര്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഷാറൂഖിനായിരുന്നു ആഘോഷ വേള. ക്രിസ് ഗെയില്‍ കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ പ്രീതിയെ കാണാനുണ്ടായിരുന്നില്ല. പഞ്ചാബ് സീമറായ യൂസഫ് അബ്ദുള്ളയുടെ പന്തില്‍ ക്രിസ് ഗെയില്‍ നല്‍കിയ അവസരം ഫീല്‍ഡര്‍ പാഴാക്കിയതും പ്രീതിയുടെ സംഘത്തിന് ആഘാതമായി. ബ്രെന്‍ഡന്‍ മക്കലം പുറത്തായ വേളയില്‍ ചിരിച്ചുകണ്ട പ്രീതി വീണ്ടും മുങ്ങാന്‍ നിര്‍ബന്ധിതയായിരുന്നു. അത്ര മാത്രമായിരുന്നു ഗെയില്‍ ഷോക്ക്. കാര്‍മേഘങ്ങള്‍ ഏത് സമയവും വിരിയുമെന്ന് മനസ്സിലാക്കി തന്നെയാണ് ഗെയില്‍ കളിച്ചത്. ഗെയില്‍ ഷോക്കില്‍ കൊല്‍ക്കത്തക്കാര്‍ മെച്ചപ്പെട്ട റണ്‍സ് ശരാശരി നേടിയപ്പോള്‍ ഷാറൂഖ് ചിരിക്കുകയായിരുന്നു. മല്‍സരത്തില്‍ കൊല്‍ക്കത്തയെ വിജയികളായി പ്രഖ്യാപിച്ചതിന് ശേഷം മന്ദിര ബേദിയുമായി സംസാരിച്ച കിംഗ് ഖാന്‍ തന്റെ ടീം ഇനിയും ബഹുദൂരം മുന്നേറുമെന്നാണ് പറഞ്ഞത്.
മന്ദിരം
കേപ്‌ടൗണ്‍: നടിയും അവതാരികയുമായ മന്ദിരാ ബേദി പുതിയ രൂപത്തില്‍...! ഡി.എല്‍.എഫ് ഐ.പി.എല്‍ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ വേറിട്ട മുഖമാണ് മന്ദിര. ഏറ്റവും ചെറിയ വസ്‌ത്രത്തില്‍ എങ്ങനെ കളി പറയാമെനന് തെളിയിച്ച മന്ദിര 2003 ല്‍ ദക്ഷിമാഫഅരിക്കയില്‍ നടന്ന ലോകകപ്പോട് കൂടിയാണ് കലി പറയിലിന് ഗ്‌ാലമര്‍ മുഖവുമായി വന്നത്. ഐ.പി.എല്‌ിന്‍രെ ആദ്യപതിപ്പില്‍ എക്‌സ്‌ട്രാ ഇന്നിംഗ്‌സുമായി വാണ സുന്ദരി ഇത്തവണ വന്നിരിക്കുന്നത് പുത്തന്‍ ഹെയര്‍ സ്റ്റൈലുമായാണ്. വസ്‌ത്രത്തിലും വലി.യ മാറ്റമുണ്ട്. ശാന്തി എന്ന ടെലിവിഷന്‍ രമ്പരയിലൂടെ വന്ന ന്ദിര വളരെ പെട്ടെന്നാണ് ഗ്ലാമര്‍ ലോകത്തെ താരമായത്. എന്തിനും മടിക്കാത്ത നയത്തില്‍ ഉയരങ്ങളിലെത്താന്‍ പ്രയാസവുമുണ്ടായില്ല. ഐ.പി.എല്‍ ക്രിക്കറ്റില്‍ മന്ദിരയെ്‌കാള്‍ വസ്‌ത്ര വിരോധികളാ.യി ചീയര്‍ ഗേള്‍സ് വന്ന്‌പോള് അതിന്‍രെ ക്ഷീണം തീര്‍ക്കാനാണത്രെ പുതിയ ഹെയര്‍ സ്റ്റൈലില്‍ മന്ദിര പ്രത്യക്ഷപ്പെട്ടത്.
ബഡാ ഗ്ലാമര്‍ ഹേ.....!
ഡര്‍ബന്‍: ഐ.പി.എല്‍ മല്‍സരങ്ങളുടെ ടിക്കറ്റ് ശരവേഗതയിലാണ് ദക്ഷിണാഫ്രിക്കന്‍ വേദികളില്‍ വിറ്റഴിയുന്നത്. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പും സുരക്ഷാ പ്രശ്‌നങ്ങളും കാരണം വിദേശത്തേക്ക് ചുവടുവെച്ച ക്രിക്കറ്റ് കാര്‍ണിവലിനെ ദക്ഷിണാഫ്രിക്കന്‍ ജനത ഏത് വിധത്തില്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ചെയര്‍മാന്‍ ലളിത് മോഡി ഇപ്പോള്‍ ആവേശത്തിലാണ്. ഇന്ത്യന്‍ വംശജരും ദക്ഷിണാഫ്രിക്കക്കാരും വിദേശികളുമെല്ലാം കളി കാണാന്‍ കുടുംബസമേതം ഒഴുകിയെത്തുന്നു. ഒറ്റയടിക്ക് പല കാര്യങ്ങളാണ് കാണികള്‍ ലക്ഷ്യമാക്കുന്നത്. അതിവേഗ ക്രിക്കറ്റിന്റെ ആവേശം നുകരാം.അതിനൊപ്പം പ്രിയപ്പെട്ട താരങ്ങളെ കാണാം. തീര്‍ന്നില്ല ടീമുകളെ അനുഗമിക്കുന്ന സിനിമാ സുന്ദരീ സുന്ദരന്മാരെയും കാണാം.
ബോളിവുഡ് ഒന്നടങ്കം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. കിംഗ് ഖാന്‍ എന്ന ഷാറൂഖ് ഒരാഴ്‌ച്ചയിലധികമായി ഇവിടെയുണ്ട്. സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റയും ഇവിടെ തന്നെ തമ്പടിക്കുന്നു. ഏപ്രില്‍ 27 വരെ ഷാറുഖ് ടീമിനൊപ്പമുണ്ടാവും. മറ്റൊരു ഗ്ലാമര്‍ താരമായ ശില്‍പ്പാ ഷെട്ടി തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. നിലവിലെ ജേതാക്കളായ റോയല്‍സ് ആദ്യ മല്‍സരത്തില്‍ തകര്‍ന്നു തരിപ്പണമായതിന്റെ നിരാശയുണ്ട് ശില്‍പ്പക്ക്. ഇന്നലെ മുംബൈക്കെതിരായ മല്‍സരത്തില്‍ സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറായ അക്ഷയ്‌കുമാറും നഗരം ചുറ്റുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കാന്‍ റിതിക് റോഷനും വരുന്നുണ്ട്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ അംബാസിഡറായി കത്രീന കൈഫുമുണ്ട്.
ഇന്ത്യന്‍ ഗ്ലാമര്‍ താരങ്ങള്‍ മാത്രമല്ല വിദേശികളും മല്‍സരങ്ങള്‍ക്ക്‌് എരിവും പുളിയും നല്‍കാന്‍ രംഗത്തുണ്ട്. ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌്‌സ് ടീമിന്റെ നായകന്‍ കെവിന്‍ പീറ്റേഴ്‌സന്റെ ഭാര്യ പ്രശസ്‌ത മോഡല്‍ ജെസികാ ടെയ്‌ലറും മല്‍സര വേദികളിലുണ്ട്. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായ ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സിന്റെ കാമുകി കാതി ജോണ്‍സണും ഇവിടെയുണ്ട്.
ജോഹന്നാസ്‌ബര്‍ഗ്ഗിലും ഡര്‍ബനിലും പോര്‍ട്ട് എലിസബത്തിലും കിംബര്‍ലിയിലുമാണ് ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലെ ഹോട്ടല്‍ മുറികളെല്ലാം നേരത്തെ ബുക് ചെയ്യപ്പെട്ടിരിക്കയാണ്.
ഗെയില്‍ ഷോ
ഡര്‍ബന്‍: മഴ വീണ്ടും പഞ്ചാബിനെ ചതിച്ചു..... ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ മഴയില്‍ അപൂര്‍ണ്ണമായ മല്‍സരത്തിലെ തോല്‍വിക്ക് പിറകെ ഇന്നലെയും യുവരാജ് സിംഗിന്റെ ടീമിന് മഴക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു. ആറ് വിക്കറ്റിന് 158 റണ്‍സുമായി ശക്തമായ മല്‍സരം ഉറപ്പാക്കിയ പഞ്ചാബിന് കനത്ത മറുപടി നല്‍കുന്നതില്‍ ക്രിസ് ഗെയിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിജയിച്ചപ്പോള്‍ എത്തിയ മഴയാണ് രസംകൊല്ലിയായത്. ഡെക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പിലാക്കിയപ്പോള്‍ ഗെയിലിന്റെ വെടിക്കെട്ട് നല്‍കിയ മികച്ച റണ്‍റേറ്റ് കാര്യങ്ങള്‍ കൊല്‍ക്കത്തക്ക് അനുകൂലമാക്കി.
11 റണ്‍സിനാണ് കൊല്‍ക്കത്തക്കാരെ വിജയികളായി പ്രഖ്യാപിച്ചത്. 44 റണ്‍സ് വാരിക്കൂട്ടിയ ക്രിസ് ഗെയിലാണ് കളിയിലെ കേമന്‍. ഡല്‍ഹിക്കെതിരായ ആദ്യ മല്‍സരത്തിലും മഴയിലും ഒറ്റയാള്‍ പ്രകടനത്തിലും പഞ്ചാബ് തളര്‍ന്നിരുന്നു. അന്ന് വിരേന്ദര്‍ സേവാഗാണ് അടിച്ചുതകര്‍ത്തതെങ്കില്‍ ഇന്നലെ ഗെയിലിന്റെ ഊഴമായിരുന്നുവെന്ന് മാത്രം.
ആദ്യം ബാറ്റ് ചെയ്‌ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, നായകന്‍ യുവരാജ് സിംഗ്, ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍, മഹേല ജയവര്‍ദ്ധനെ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌ക്കോര്‍ സമ്പാദിച്ചത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്‌ത ഇര്‍ഫാന്‍ 17 പന്തില്‍ 32 റണ്‍സ് നേടി. പിഞ്ച്‌്‌ഹിറ്ററുടെ റോളിലെത്തിയ ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരം ഇഷാന്ത് ശര്‍മ്മയെയാണ് കാര്യമായി കശക്കിയത്. ഓപ്പണര്‍ കരണ്‍ ഗോയലിന്റെ (0) വിക്കറ്റ് തുടക്കത്തില്‍ തന്നെ പഞ്ചാബ് ടീമിന് നഷ്ടമായിരുന്നു. ടോസ് നേടിയത് കൊല്‍ക്കത്ത നായകന്‍ ബ്രെന്‍ഡന്‍ മക്കലമായിരുന്നു. മൂടി കെട്ടിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹം പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
പുതിയ പന്തുമായി ആദ്യ ഓവര്‍ എറിഞ്ഞ ഇഷാന്ത് ശര്‍മ്മ ഒരു റണ്‍ മാത്രമാണ് നല്‍കിയത്. രണ്ടാം ഓവറില്‍ അദ്ദേഹം കരണിനെ പുറത്താക്കുകയും ചെയ്‌തു. പകരം വന്ന ഇര്‍ഫാന്‍ അതേ ഓവറില്‍ ഇഷാന്തിന്റെ പന്ത് സിക്‌സറിന് പറത്തിയാണ് ആഘോമാരംഭിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയതിന് ശേഷമായിരുന്നു ഈ സിക്‌സര്‍ പ്രകടനം. ഇഷാന്തിന്റെ നാലാം ഓവറില്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച ഇര്‍ഫാന്‍ പക്ഷേ സൗരവ് ഗാംഗുലി പന്തെടുത്തപ്പോള്‍ പുറത്തായി. ആദ്യ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ സൗരവിന്റെ സ്ലോ ബോള്‍ ഉയര്‍ത്തിയടിച്ച ഇര്‍ഫാനെ ബൗണ്ടറി ലൈനില്‍ വെച്ച് മുരളി കാര്‍ത്തിക്കാണ് പിടികൂടിയത്. അതേ ഓവറില്‍ സൗരവ് ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ രവി ബോപ്പാരയെയും വീഴ്‌ത്തി. രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നിലംപതിച്ചത് പഞ്ചാബിന്റെ സ്‌ക്കോറിംഗിനെ ബാധിച്ചു. പുതിയ ബാറ്റ്‌സ്‌മാന്മാരായ കുമാര്‍ സങ്കക്കാരയും യുവരാജ് സിംഗും നിലയുറപ്പിച്ചപ്പോള്‍ മാത്രമാണ് സ്‌ക്കോര്‍നിരക്ക് വീണ്ടും ഉയര്‍ന്നത്.
ലങ്കയുടെ മുന്‍ നായകനായ മഹേല ജയവര്‍ദ്ധനെ 19 പന്തില്‍ നിന്ന് പുറത്താവാതെ നേടിയ 31 റണ്‍സാണ് പഞ്ചാബിന്റെ സ്‌ക്കോര്‍ 150 കടത്തിയത്.
മറുപടിയില്‍ നായകന്‍ ബ്രെന്‍ഡന്‍ മക്കലവും വിന്‍ഡീസ് നായകനായ ക്രിസ് ഗെയിലും തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തക്കാര്‍ക്ക് നല്‍കിയത്. പഞ്ചാബ് ബൗളര്‍മാരെ കശക്കിയ ഗെയിലായിരുന്നു പ്രഹര ശേഷിയില്‍ ഒന്നാമന്‍. തലങ്ങും വിലങ്ങും പന്തിനെ പായിച്ച ഗെയിലിന് മക്കലം ഉറച്ച പിന്തുണ നല്‍കി. 21 റണ്‍സില്‍ നായകന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ബ്രാഡ് ഹോഡ്‌ജ് പത്ത് റണ്‍സ് നേടി. അതിനിടെയാണ് മഴയെത്തിയതും കളി മുടങ്ങിയതും.
മഴ വീണ്ടും
കേപ്‌ടൗണ്‍: ഐ.പി.എല്‍ ക്രിക്കറ്റില്‍ ഇന്നലെ നടക്കേണ്ട രണ്ടാം മല്‍സരം മഴ കാരണം തടസപ്പെട്ടു. നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു മല്‍സരം. ന്യൂലാന്‍ഡ്‌സില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തിനിടെയും മഴ പെയ്‌തിരുന്നു. അവസാനം ഡെക്‌വര്‍ത്ത്‌് ലൂയിസ് നിയമയ പ്രകാരമാണ് ഈ മല്‍സരത്തില്‍ ജേതാക്കളെ നിശ്ചയിച്ചത്.
മാഞ്ചസ്റ്ററിന് വെല്ലുവിളി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്നില്‍ ഇന്ന് പോര്‍ട്‌സ്‌മൗത്തിന്റെ വെല്ലുവിളി. ലിവര്‍പൂളും ചെല്‍സിയും കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് റെഡ്‌സിന്റെ നിര്‍ണ്ണായക അങ്കം. ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ചെല്‍സി എവര്‍ട്ടിനെയും നേരിടുന്നുണ്ട്.
No comments:
Post a Comment