Saturday, April 4, 2009
NO SREE...
ബൗള്‍ഡ്‌്
മുംബൈ: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന രണ്ടാമത് 20-20 ലോകകപ്പിനുളള മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യക്ക് കപ്പ് സമ്മാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നാല് പേര്‍ സാധ്യതാ ടീമില്‍ ഇല്ല. മലയാളിയായ സീമര്‍ എസ്.ശ്രീശാന്ത്, ജോഗീന്ദര്‍ ശര്‍മ്മ, അജിത് അഗര്‍ക്കര്‍, പിയൂഷ് ചാവ്‌ല എന്നിവര്‍ക്കാണ് സ്ഥാനം ലഭിക്കാതിരുന്നത്. പുറം വേദന അലട്ടുന്ന ശ്രീശാന്തിന് മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍്‌ദ്ദേശിച്ചിരിക്കുന്നത്. ഇത് കാരണമാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നത്. എന്നാല്‍ അഗര്‍ക്കര്‍, ചാവ്‌ല. ജോഗീന്ദര്‍ എന്നിവരുടെ കാര്യത്തില്‍ വിശദീകരണമില്ല. സാധ്യതാ സംഘത്തിലെ എല്ലാവരും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവസാന 15 അംഗ ടീമിനെ തെരഞ്ഞെടുക്കുക. ജൂണ്‍ 5 മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ശ്രീശാന്തിന് ആരോഗ്യമില്ലെന്നും അതിനാലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് അഗര്‍ക്കര്‍, ചാവ്‌ല, ജോഗീന്ദര്‍ എന്നിവരെ അകറ്റാന്‍ കാരണമായി പറയപ്പെടുന്നത്. മുഹമ്മദ് കൈഫിനും ടീമില്‍ ഇടം നല്‍കിയില്ല. പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടമണിയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഉത്തര്‍ പ്രദേശുകാരനെ തഴയാനുളള കാരണവും വ്യക്തമാക്കപ്പെട്ടിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ സീനിയര്‍മാരെയും പരിഗണിച്ചിട്ടില്ല.
സാധ്യതാ സംഘത്തിലെ മുപ്പത് പേര്‍ ഇവരാണ്: വീരേന്ദര്‍ സേവാഗ്, ഗൗതം ഗാംഭീര്‍, എം.എസ് ധോണി,സുരേഷ് റൈന, രോഹിത് ശര്‍മ്മ, യുവരാജ് സിംഗ്, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ്മ, മുനാഫ് പട്ടേല്‍, രവീന്ദര്‍ ജഡേജ, പ്രഗ്യാന്‍ ഒജ, ഹര്‍ഭജന്‍സിംഗ്, പ്രവീണ്‍ കുമാര്‍, ദിനേശ് കാര്‍ത്തിക്, എം.വിജയ്, അജിന്‍ രഹാനെ, എസ്.ബദരീനാഥ്, റോബിന്‍ ഉത്തപ്പ, വിരാത് കോഹ്‌ലി, മനോജ് തിവാരി, വൃദ്ധിമാന്‍ സാഹ, അഭിഷേക് നായര്‍, അമിത് മിശ്ര, ആര്‍. അശ്വിന്‍, ആര്‍.പി സിംഗ്, എല്‍.ബാലാജി, ധവാല്‍ കുല്‍കര്‍ണി, നമാന്‍ ഒജ.
അഗ്വിര്‍
മെക്‌സിക്കോസിറ്റി: മെക്‌സിക്കന്‍ ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷാഭാരം ഇനി ജാവിയര്‍ അഗ്വിര്‍ എന്ന പരിശീലകന്റെ തലയില്‍... ഒരൊറ്റ പരാജയത്തിന്റെ പേരില്‍ മെക്‌സിക്കന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും തെറിപ്പിക്കപ്പെട്ട ഗോരാന്‍ എറിക്‌സണ് പകരം അനുഭവസമ്പന്നനായ അഗ്വിറിനെ പുതിയ പരിശീലകനായി മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. കരാര്‍ കാലാവധി വ്യക്തമല്ല. ഒരൊറ്റ നിബന്ധന മാത്രമേയുള്ളു-അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കോണ്‍കാകാഫിന്റെ പ്രതിനിധിയായി മെക്‌സിക്കോയുണ്ടാവണം. 2002 ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ഏഷ്യയിലെ ആദ്യ ലോകകപ്പില്‍ പങ്കെടുത്ത മെക്‌സിക്കന്‍ ടീമിനെ പരിശീലിപ്പിച്ചത് അഗ്വിറായിരുന്നു. ആ ലോകകപ്പിന് ശേഷം ദേശീയ ടീമിനെ വിട്ട അദ്ദേഹം സ്‌പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒസാസുനയുടെ കോച്ചായിരുന്നു. അതിന് ശേഷം അത്‌ലറ്റികോ മാഡ്രിഡിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം മാഡ്രിഡ് വിട്ടത്. മെക്‌സിക്കന്‍ ടീമിനെ തനിക്ക് നന്നായി അറിയാമെന്നും ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ ടീമിനെ എത്തിക്കാനാവുമെന്നും അഗ്വിറോ പറഞ്ഞു.
പത്ത് മാസത്തോളം മെക്‌സിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായി, ഒരു തോല്‍വിയുടെ പേരില്‍ പുറത്താക്കപ്പെട്ട എറിക്‌സണ്‍ ഇന്നലെ നഗരം വിട്ടു. അദ്ദേഹം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ പോര്‍ട്‌സ്‌മൗത്തിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചനകള്‍. സ്വിഡിഷ് സ്വദേശിയായ എറിക്‌സന്റെ കുടുംബം ഇംഗ്ലണ്ടിലാണ്. മകന്‍ ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ പരിശീലകനാണ്. അതിനാല്‍ ഇംഗ്ലണ്ടില്‍ തുടരാനാണ് അദ്ദേഹത്തിന് താല്‍പ്പര്യം. പതിമൂന്ന് മല്‍സരങ്ങളിലാണ് എറിക്‌സണ്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സേവനത്തിന് വലിയ തുക (ഉദ്ദേശം മൂന്ന് കോടി) മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇനാമായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. താരങ്ങളുമായും ഫെഡറേഷനുമായും അദ്ദേഹത്തിന് മികച്ച ബന്ധമായിരുന്നു. ഒരാഴ്‌ച്ച മുമ്പ് സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ കോസ്‌റ്റാറിക്കയെ പരാജയപ്പെടുത്തിയ എറിക്‌സന്റെ ടീം ഹോണ്ടുറാസിനോട് പരാജയപ്പെട്ടതാണ് നാട്ടുകാരെയും ഫെഡറേഷനെയും ചൊടിപ്പിച്ചത്. ഈ തോല്‍വിയോടെ കോണ്‍കാകാഫ് പട്ടികയില്‍ മെക്‌സിക്കോ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയും ചെയ്‌തിരുന്നു. അമേരിക്ക, കോസ്‌റ്റാറിക്ക, എല്‍സാവഡോര്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഗ്രൂപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് ഫൈനല്‍ ബെര്‍ത്ത്. നാലാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് അവസരമുണ്ട്.
രക്ഷ
സെന്റ് ലൂസിയ: കോച്ച് ആന്‍ഡി ഫ്‌ളവറിനും ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനും ഇനി തല ഉയര്‍ത്തി തന്നെ നാട്ടില്‍ തിരിച്ചെത്താം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ 26 റണ്‍സിന്റെ വിജയവുമായി സന്ദര്‍ശകര്‍ ഏകദിന പരമ്പര 3-2 ന് സ്വന്തമാക്കി. ടെസ്‌റ്റ് പരമ്പരയില്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കോച്ചും നായകനും. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട ടീമിനെ അവസാനം രക്ഷിച്ചത് സൂപ്പര്‍ താരം ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫാണ്. മഴ കാരണം 29 ഓവറായി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 172 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിന്റെ എല്ലാ ബാറ്റ്‌സ്‌മാന്മാരും 146 റണ്‍സില്‍ പുറത്തായി. ഹാട്രിക് സ്വന്തമാക്കിയാണ് ഫ്‌ളിന്റോഫ് കരുത്ത് തെളിയിച്ചത്. ധനേഷ് രാംദിന്‍, രവി രാംപാല്‍, സുലൈമാന്‍ ബെന്‍ എന്നിവരെ തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍ പുറത്താക്കി, 19 റണ്‍സ് മാത്രം നല്‍കി അഞ്ച് വിക്കറ്റാണ് ഫ്രെഡ്ഡി വീഴ്‌ത്തിയത്. വിദേശ പിച്ചില്‍ ഒരു ഇംഗ്ലീഷ് ബൗളര്‍ ഏകദിനങ്ങളില്‍ സ്വന്തമാക്കുന്ന ആദ്യ ഹാട്രിക് കൂടിയാണിത്. ഇംഗ്ലീഷ് ബാറ്റിംഗില്‍ മിന്നിയത് 48 റണ്‍സ് നേടിയ മുന്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണും 44 റണ്‍സ് നേടിയ രവി ബോപ്പാരയുമാണ്.
പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ എട്ട് സിക്‌സറുകള്‍ പായിച്ച് ഇംഗ്ലീഷ് ബൗളര്‍മാരെ ഞെട്ടിച്ച ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍ മൂന്നാമത്തെ പന്തില്‍ തന്നെ പുറത്തായത് വിന്‍ഡീസിന് കനത്ത ആഘാതമായി.. തുടര്‍ന്ന് പന്തെറിഞ്ഞ ഫ്‌ളിന്റോഫ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി വിന്‍ഡീസില്‍ സമ്മര്‍ദ്ദം ചെലുത്തി. ഡ്വിന്‍ ബ്രാവോ, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. വാലറ്റത്തെ തകര്‍ക്കുന്നതില്‍ ഫ്‌ളിന്റോഫ് വിജയിച്ചപ്പോള്‍ ആധികാരികമായാണ് ഇംഗ്ലണ്ട് വിജയിച്ചത്. ദീര്‍ഘകാലത്തിന് ശേഷമാണ് ഇംഗ്ലണ്ടിന് ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിയുന്നത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി അഞ്ച് മല്‍സരങ്ങളില്‍ അവര്‍ തോറ്റിരുന്നു.
സഹീര്‍ ഡേ
വെല്ലിംഗ്‌ടണ്‍: ബേസിന്‍ റിസര്‍വില്‍ മൂന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ സീമര്‍ സഹീര്‍ഖാന് സ്വന്തമായിരുന്നു. 65 റണ്‍സ് മാത്രം നല്‍കി കിവി നിരയിലെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ സഹീറിന്റെ കരുത്തില്‍ ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കി. 197 റണ്‍സില്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ച സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ വീരേന്ദര്‍ സേവാഗിന്റെ നഷ്‌ടത്തില്‍ 51 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 233 റണ്‍സിന്റെ ലീഡ് ഇപ്പോള്‍ കൈവശമുള്ള ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സിലും മെച്ചപ്പെട്ട ബാറ്റിംഗ് നടത്താനായാല്‍ മല്‍സരവും പരമ്പരയും സ്വന്തമാക്കാനാവും.
ഇന്നലെ കേവലം 13 പന്തുകള്‍ക്കിടെ ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നതില്‍ വിജയിച്ച ന്യൂസിലാന്‍ഡിന് തുടര്‍ന്ന് കാണാനായത് സ്വന്ത ദയനീയതയാണ്. 42 റണ്‍സ് സ്വന്തമാക്കിയ റോസ് ടെയ്‌ലര്‍ മാത്രമാണ് പൊരുതിയത്. ആദ്യ രണ്ട് ടെസ്‌റ്റുകളിലും സെഞ്ച്വറി സ്വന്തമാക്കിയ ജെസി റൈഡര്‍ ഉള്‍പ്പെടെ മധ്യനിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങി.
സഹീര്‍ അപാര ഫോമിലായിരുന്നു. ഇഷാന്ത് ശര്‍മ്മ ശൈത്യക്കാറ്റിന്റെ സാന്നിദ്ധ്യത്തില്‍ അല്‍പ്പം പതറിയപ്പോള്‍ ആദ്യ ഓവര്‍ മുതല്‍ ബാറ്റ്‌സ്‌മാന്റെ താളം തെറ്റിക്കാന്‍ ഇന്ത്യന്‍ നിരയിലെ അനുഭവസമ്പന്നനായ സീമര്‍ക്ക് കഴിഞ്ഞു. ഷോട്ട് റണ്ണപ്പിലും നല്ല ലെംഗ്‌ത്തിലും സ്വിംഗിലും സഹീറിന്റെ പന്തുകള്‍ കളിക്കാന്‍ കഴിയാത്തവയായപ്പോള്‍ റണ്‍സിനായി ബാറ്റ്‌സ്‌മാന്മാര്‍ പ്രയാസപ്പെട്ടു. മാര്‍ട്ടിന്‍ ഗുപ്‌ടിലായിരുന്നു സഹീറിന്റെ ആദ്യ ഇര. പന്തിന്റെ വേഗത മനസ്സിലാക്കാതെ ഡിഫന്‍സീവ് ഷോട്ടിനാണ് ഗുപ്‌ടില്‍ മുതിര്‍ന്നത്. പന്ത് ബാറ്റില്‍ തട്ടി സ്‌റ്റംമ്പ് തകര്‍ത്തു. ജാമി ഹൗക്ക് പകരം ടീമിലെത്തിയ ഡാനിയല്‍ ഫ്‌ളൈന്‍ ഹാമില്‍ട്ടണിലെ ദയനീയത ആവര്‍ത്തിച്ചു. എട്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ആദ്യ സ്‌പെല്ലില്‍ എട്ട് ഓവറുകള്‍ പായിച്ച സഹീര്‍ ആ ഘട്ടത്തില്‍ 18 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റാണ് നേടിയിരുന്നത്. ലഞ്ചിന് ശേഷം വീണ്ടും ആക്രമണത്തിന് വന്ന സഹീര്‍ ടീം മകിന്റോഷിനെ യുവരാജ് സിംഗിന്റെ കരങ്ങളിലെത്തിച്ചു. തുടര്‍ന്നാണ് പരമ്പരയില്‍ മികച്ച ബാറ്റിംഗ് ഫോം തുടരുന്ന റൈഡര്‍ ക്രീസിലെത്തിയത്. ഹര്‍ഭജന്‍സിംഗിന്റെ സ്‌പിന്നില്‍ തുടക്കം മുതല്‍ റൈഡര്‍ പതറി. മറുഭാഗത്ത് സഹീറിനെ കണ്ടപ്പോള്‍ വൈഡ് പന്തില്‍ ബാറ്റ് വെച്ച് റൈഡര്‍ മടങ്ങി.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ നിലം പതിക്കമ്പോഴും മറുഭാഗത്ത് ടെയ്‌ലര്‍ മനോഹരമായ ഷോട്ടുകള്‍ പായിക്കുന്നതിന് രൈ്യം കാട്ടി. പക്ഷേ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. അമ്പയര്‍ ഡാരല്‍ ഹാര്‍പ്പറുടെ തെറ്റായ തീരുമാനത്തില്‍ ടെയ്‌ലറുടെ മികച്ച ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി. ജെയിംസ് ഫ്രാങ്ക്‌ളിന്‍, ബ്രെന്‍ഡന്‍ മക്കുലം, ഡാനിയല്‍ വെട്ടോരി എന്നിവര്‍ക്കൊന്നും വാലറ്റത്തിന്റെ കരുത്താവാന്‍ കഴിഞ്ഞില്ല. വിക്കറ്റിന് പിറകില്‍ ആറ് ക്യാച്ചുകളുമായി എം.എസ് ധോണി ഇന്ത്യന്‍ റെക്കോര്‍ഡും നേടിയപ്പോള്‍ രണ്ടാം ദിവസം സമ്പൂര്‍ണ്ണമായും ഇന്ത്യയുടേതായി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് സേവാഗിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഗൗതം ഗാംഭീറും രാഹുല്‍ ദ്രാവിഡുമാണ് ക്രീസില്‍.
തേര്‍ഡ് ഐ
കരുതലുണ്ടാവണം
വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ ഇന്ത്യയാണിപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍. അല്‍ഭുതങ്ങളൊന്നും സംഭവിക്കാത്തപക്ഷം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ നൂറാമത് വിജയം ബേസിന്‍ പാര്‍ക്കില്‍ തന്നെ സ്വന്തമാക്കും. പക്ഷേ ഇന്ന് ചതിക്കുഴിയുണ്ട്-233 റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്. മല്‍സരം രണ്ട് ദിവസം മാത്രമാണ് പിന്നിട്ടത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആലസ്യം പ്രകടിപ്പിച്ചാല്‍ അത് വിനയാവും. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സ് എല്ലാ ടീമുകള്‍ക്കും ബാറ്റിംഗ് വേവലാതിയുടേതാണ്. ഇന്ത്യക്ക് സേവാഗിനെ നഷ്ടമായിരിക്കുന്നു. ഗാംഭീറും ദ്രാവിഡും ക്രീസിലുണ്ട്. സച്ചിനും ലക്ഷ്‌മണും യുവരാജും ധോണിയും കളിക്കാനുമുണ്ട്. സ്വാഭാവികമായും സമ്മര്‍ദ്ദത്തില്‍ കളിക്കേണ്ടതില്ല. പക്ഷേ ഒന്നോ രണ്ടോ വിക്കറ്റുകള്‍ ഇന്ന് ആദ്യ സെഷനില്‍ നിലം പതിച്ചാല്‍ കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിലേക്കാവും.
ഇന്നലെ കിവി ബാറ്റ്‌സ്‌മാന്മാര്‍ സ്വന്തം പിഴവുകളില്‍ കൂടാരം കയറിയതാണ്-നേപ്പിയര്‍ ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രകടിപ്പിച്ച ആലസ്യം പോലെ, ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എല്ലാവരും പിഴവുകള്‍ കാട്ടി. സഹീറും ഹര്‍ഭജനും മനോഹരമായി പന്തെറിഞ്ഞു. റണ്‍സ് നല്‍കാതെ രണ്ട് ഭാഗത്തും ബൗളര്‍മാര്‍ താളബോധം കാട്ടിയാല്‍ സ്വാഭാവികമായും ബാറ്റ്‌സ്‌മാന്മാര്‍ സമ്മര്‍ദ്ദത്തിലാവും. ഗുപ്‌ടിലും റൈഡറും ഫ്‌ളൈനുമെല്ലാം ഈ സമര്‍ദ്ദത്തിലാണ് പുറത്തായത്. റോസ് ടെയ്‌ലറുടെ ഇന്നിംഗ്‌സ് പക്ഷേ മനോഹരമായിരുന്നു. സഹീറിനെതിരെ അദ്ദേഹം പായിച്ച ചില ഷോട്ടുകള്‍ അപാരമായിരുന്നു. ഈ ഇന്നിംഗ്‌സിന് ഡാരല്‍ ഹാര്‍പ്പറാണ് തെറ്റായ തീരുമാനത്തില്‍ അന്ത്യമിട്ടത്.
കിവി വാലറ്റത്തെ പുറത്താക്കാന്‍ പതിവ് പോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ക്കുമെന്നാണ് കരുതിയത്. പക്ഷേ സഹീര്‍ തുടക്കത്തില്‍ പ്രകടിപ്പിച്ച മികവ് ദിവസത്തിന്റെ അവസാനം വരെ നിലനിര്‍ത്തി. സഹീറിന് പിന്തുണ നല്‍കിയ ഹര്‍ഭജന്റെ സേവനവും മറക്കാനാവില്ല. ഹര്‍ഭജന്‍ പന്തുകള്‍ വളരെ സ്ലോവായി, എന്നാല്‍ വിത്യസ്‌തമായി നല്‍കി. ഇന്ന് മൂന്നാം ദിവസമാണ്-ഈ ദിവസം മുഴുവന്‍ ഇന്ത്യ ബാറ്റ് ചെയ്യണം. എങ്കില്‍ മല്‍സരവും പരമ്പരയും നേടാം.
ബിഗ് ഓസീ
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മൈക്കല്‍ ഹസി പുറത്താവാതെ നേടിയ 83 റണ്‍സിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രാഡ് ഹാദ്ദിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിലും ആദ്യം ബാറ്റ് ചെയ്‌ത് ഓസ്‌ട്രേലിയ സ്വന്തമാക്കിയ ഏഴ് വിക്കറ്റിന് 286 റണ്‍സ് എന്ന സ്‌ക്കോര്‍ ദക്ഷിണാഫ്രിക്കക്ക് അപ്രാപ്യമായി. സ്വന്തം മൈതാനത്ത് അവര്‍ 145 റണ്‍സിന് പുറത്തായി. സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ് 29 റണ്‍സിന് നാല് പേരെ പുറത്താക്കിയപ്പോള്‍ 52 റണ്‍സ് നേടിയ നായകന്‍ ഗ്രയീം സ്‌മിത്ത് മാത്രമാണ് പൊരുതിയത്.
20:20 പരമ്പരയില്‍ ശിക്ഷ വാങ്ങിയ നതാന്‍ ബ്രാക്കനില്‍ വിശ്വാസമര്‍പ്പിച്ച റിക്കി പോണ്ടിംഗാണ് മല്‍സരം ദക്ഷിണാഫ്രിക്കയില്‍ നിന്നുമകറ്റിയത് ബ്രാക്കന്‍ ആദ്യ ഓവറില്‍ തന്നെ ഹാഷിം അംലയെ തിരിച്ചയച്ചു. പക്ഷേ ഹര്‍ഷല്‍ ഗിബ്‌സും സ്‌മിത്തും ചേര്‍ന്ന് സ്‌ക്കോര്‍ 91 വരെയെത്തിച്ചു. അവിടെ നിന്നും ഗിബ്‌സ് വിണു, പിറകെ അമ്പയര്‍ അശോക ഡിസില്‍വയുടെ തെറ്റായ തീരുമാനത്തില്‍ എബി ഡിവില്ലിയേഴ്‌സ് പുറത്തായി. പിന്നെയാണ് സ്‌പിന്നര്‍ ഹൗറിറ്റ്‌സ് അരങ്ങ് വാണത്.
Subscribe to:
Post Comments (Atom)
1 comment:
really i am reading your blog only for sports update. please continue. dont stop.
Post a Comment