Saturday, April 25, 2009

DECCAN KINGS


ആന്‍ഡ്ര്യൂ
ദുബായ്‌: ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ എഴുത്തിത്തള്ളാന്‍ വരട്ടെ.... തോന്നിവാസിയെന്നും തന്റേടിയെന്നുമെല്ലാം വിളിച്ച്‌ സൈമണ്‌്‌സിനെ ലോക ക്രിക്കറ്റില്‍ നിന്നും തന്നെ അകറ്റാനുള്ള ഗെയിം പ്ലാന്‍ വിജയിക്കില്ലെന്ന്‌ തെളിയിച്ച്‌ കരുത്തനായ ഓള്‍റൗണ്ടര്‍ സ്വന്തം ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. പാക്കിസ്‌താനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആറ്‌ വിക്കറ്റിന്റെ വിജയം രുചിച്ചത്‌ സൈമണ്ട്‌സിന്റെ ഓള്‍റൗണ്ട്‌്‌ മികവിലാണ്‌. പാക്‌ വാലറ്റക്കാരനായ ഷുഹൈബ്‌ അക്തര്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാണപ്പോള്‍ അദ്ദേഹത്തിന്റേതുള്‍പ്പെടെ രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ സൈമണ്ട്‌സ്‌ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ നിര്‍ണ്ണായക ഘട്ടത്തിലെത്തി 58 റണ്‍സും നേടിയപ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ലോക ചാമ്പ്യന്മാര്‍ക്കായി. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 207 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ തളരവെ ക്രീസിലെത്തിയ സൈമണ്ട്‌്‌സ്‌ സ്‌പിന്നര്‍മാരായ ഷാഹിദ്‌ അഫ്രീദിയെയും സയ്യദ്‌ അജ്‌മലിനെയും ഭംഗിയായി നേരിട്ടാണ്‌ ടീമിനെ വിജയിപ്പിച്ചത്‌. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അഫ്രീദിയുടെ ആറ്‌ വിക്കറ്റ്‌ നേട്ടത്തില്‍ ലോക ചാമ്പ്യന്മാര്‍ വെള്ളം കുടിച്ചിരുന്നു. അതേ പ്രകടനം അഫ്രീദിയും സഹസ്‌പിന്നറായ അജ്‌മലും ആവര്‍ത്തിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ്‌ സൈമണ്ട്‌സ്‌ ക്രീസിലെത്തിയത്‌. പാക്‌ ഫാസ്‌റ്റ്‌ ബൗളര്‍മാരായ ഷുഹൈബ്‌ അക്തറിനെയും ഉമര്‍ ഗുലിനെയും ഫലപ്രദമായി നേരിട്ട ഓസീസ്‌ ഓപ്പണര്‍മാര്‍ സ്‌പിന്നര്‍മാരുടെ വരവില്‍ പതറിയിരുന്നു. പരുക്കേറ്റ ഷോണ്‍ മാര്‍ഷിന്‌ പകരം ഓപ്പണറുടെ വേഷം കെട്ടിയ ജെയിംസ്‌ ഹോപ്‌സായിരുന്നു ഓസീസ്‌ മറുപടിയുടെ മുന്നണി പോരാളി. ആറ്‌ ഓവറില്‍ ഒരു വിക്കറ്റിന്‌ 19 റണ്‍സ്‌ എന്ന നിലയില്‍ നിന്നും മല്‍സരം പതിനാലാം ഓവറിലെത്തുമ്പോള്‍ ഓസ്‌ട്രേലിയ 70 ലും ഇരുപതാം ഓവറില്‍ 90 ലുമെത്തിയത്‌ ഹോപ്‌സിന്റെ വെടിക്കെട്ടിലായിരുന്നു. സ്‌പിന്നര്‍മാര്‍്‌ വന്നപ്പോള്‍ ഓസീ ബാറ്റിംഗ്‌ നിരയില്‍ വിള്ളല്‍ വീണു. അപകടകാരിയായ ഷെയിന്‍ വാട്ട്‌സണെ അജ്‌മല്‍ വീഴ്‌ത്തിയപ്പോള്‍ ഹോപ്‌സിനെ അഫ്രീദിയും തിരിച്ചയച്ചു. സ്‌പിന്നര്‍മാര്‍ ഒരിക്കല്‍ക്കൂടി തങ്ങളെ തകര്‍ക്കുമെന്ന്‌ മനസ്സിലാക്കിയ ഓസീ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ തന്ത്രപരമായി ബാറ്റിംഗ്‌ പവര്‍ പ്ലേ ചോദിച്ചുവാങ്ങി. ഈ ഘട്ടത്തില്‍ ഫാസ്‌റ്റ്‌ ബൗളര്‍മാര്‍ രംഗത്ത്‌ വന്നു- സൈമണ്ട്‌സും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്‌തു.
വലയില്‍
ജയ്‌പ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈസ്‌ പ്രസിഡണ്ടും ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ലളിത്‌ മോഡി കോടതി വലയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ കോടതി അനുമതിയില്ലാതെ വിദേശ പര്യടനം നടത്തിയതിന്‌ മോഡിയോട്‌ രാജസ്ഥാന്‍ ഹൈകോടതി വിശദീകരണം ചോദിച്ചു. വഞ്ചനാകുറ്റത്തിന്‌ മോഡിക്കെതിരെ എന്‍.ജി.ഒ പ്രവര്‍ത്തകനായ ഒരാള്‍ നല്‍കിയ പരാതിയില്‍ മോഡിക്ക്‌ ഹൈകോടി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കോടതിയെ അറിയിക്കാതെ രാജ്യം വിടരുതെന്ന ഉപാധി പക്ഷേ മോഡി ലംഘിച്ചുവെന്നാണ്‌ പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയിലാണിപ്പോള്‍ മോഡി. കഴിഞ്ഞ വര്‍ഷം ജയ്‌്‌പ്പൂരില്‍ നടന്ന ബോംബ്‌ സ്‌ഫോടനത്തിന്‌ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മോഡി ആറ്‌ കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും എന്നാല്‍ ആ തുക ഇത്‌ വരെ അദ്ദേഹം നല്‍കിയിട്ടില്ലെന്നുമാണ്‌ പരാതിക്കാരന്‍ കോടതിയില്‍ കുറ്റപ്പെടുത്തിയത്‌. ഈ കേസിലാണ്‌ മോഡി മുന്‍കൂര്‍ ജാമ്യം നേടിയതും. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത്‌ സര്‍ക്കാരിന്റെ വക്താവായിരുന്ന മോഡിക്ക്‌ സംസ്ഥാനത്തെ ഭരണമാറ്റം കനത്ത ആഘാതമായിരിക്കയാണ്‌. ബി.ജെ.പിയില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ അധികാരം പിടിച്ചെടുത്തിരുന്നു. അതിന്‌ ശേഷം രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മോഡി തോറ്റിരുന്നു.

സ്‌പിന്‍ വിന്‍
കോപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പ്‌ ഒരാഴ്‌ച്ച പിന്നിടുമ്പോള്‍ കളം വാഴുന്നത്‌ സ്‌പിന്നര്‍മാര്‍..! അതിവേഗ ക്രിക്കറ്റില്‍ അതിവേഗക്കാരായ ബൗളര്‍മാരായിരിക്കും അരങ്ങ്‌ വാഴുകയെന്ന നിഗമനങ്ങളെ കാറ്റില്‍പ്പറത്തിയാണ്‌ സ്‌പിന്‍ രാജാക്കന്മാര്‍ വിലസുന്നത്‌. 20-20 മല്‍സരങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ പന്ത്‌ നല്‍കുന്നത്‌ ആപത്താണെന്ന നിരീക്ഷണങ്ങളെല്ലാം പാറിപ്പറന്നിരിക്കുന്നു. ഇവിടെ താരങ്ങള്‍ സ്‌പിന്നര്‍മാരാണെന്ന്‌ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തം. ഒരാഴ്‌ച്ചക്കിടെ മൊത്തം മല്‍സരങ്ങളില്‍ നിന്നായി നൂറീലധികം വിക്കറ്റുകള്‍ വീണു. ഇതില്‍ പകുതിയിലധികവും സ്‌പിന്നര്‍മാരുടെ പേരിലാണ്‌. അവസാന പത്ത്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാത്രം 30 വിക്കറ്റുകളാണ്‌ സ്‌പിന്നര്‍മാര്‍ നേടിയത്‌. ഇന്ത്യയുടെ വെറ്ററന്‍ ലെഗ്‌ സ്‌പിന്നര്‍ അനില്‍ കുംബ്ലെ, ഓസ്‌ട്രേലിയയുടെ എക്കാലത്തെയും ഏറ്റവും മികച്ച ലെഗ്ഗീ ഷെയിന്‍ വോണ്‍, ശ്രീലങ്കയുടെ മാജിക്‌ ഓഫ്‌ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍, ന്യൂസിലാന്‍ഡിന്റെ സ്‌പിന്നര്‍ ഡാനിയല്‍ വെട്ടോരി എന്നിവരെല്ലാമാണ്‌ അരങ്ങ്‌ തകര്‍ക്കുന്നതെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പാര്‍ട്ട്‌ ടൈം സ്‌പിന്നറായ കെവിന്‍ പീറ്റേഴ്‌സന്റെ പേരില്‍ മൂന്ന്‌ വിക്കറ്റുണ്ട്‌,. ഹര്‍ഭജന്‍സിംഗും പ്രഗ്യാന്‍ ഒജയുമെല്ലാം പന്തിനെ വട്ടം കറക്കുന്ന കാഴ്‌ച്ചയില്‍ പ്രഥമ ഐ.പി.എല്ലില്‍ നിന്നും തീര്‍ത്തും വിത്യസ്‌തമായി ഇവിടെ സ്ലോ ബൗളര്‍മാര്‍ അരങ്ങ്‌ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ഉദ്‌ഘാടന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്‌പിന്നറായ അനില്‍ കുംബ്ലെ കേവലം അഞ്ച്‌ റണ്‍സ്‌ മാത്രംം നല്‍കി അഞ്ച്‌ വിക്കറ്റാണ്‌ സ്വന്തമാക്കിയത്‌. 3.1 ഓവര്‍ എറിഞ്ഞ കുംബ്ലെയുടെ ആദ്യാ ഓവര്‍ മെയ്‌ഡനായിരുന്നു. റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മില്‍ നടന്ന ടൈ അങ്കത്തിലും സ്‌പിന്നര്‍മാര്‍ക്കായിരുന്നു കരുത്ത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ്‌ 150 ലെത്തിയപ്പോള്‍ അവരുടെ നായകന്‍ ഷെയിന്‍ വോണ്‍ കൊല്‍ക്കത്തക്കാരെ വിറപ്പിക്കാന്‍ പുതിയ പന്ത്‌ നല്‍കിയത്‌ യൂസഫ്‌ പത്താന്‍ എന്ന ഓഫ്‌ സ്‌പിന്നര്‍ക്ക്‌. ക്രിസ്‌ ഗെയിലും ബ്രെന്‍ഡന്‍ മക്കലവും കൂറ്റനടികള്‍ക്കായി കാത്തുനിന്ന സമയത്താണ്‌ തിളക്കമുളള പുതിയ പന്ത്‌ വോണ്‍ യൂസഫിനെ ഏല്‍പ്പിച്ചത.്‌ ആദ്യ മൂന്ന്‌ ഓവറുകളില്‍ ബാറ്റ്‌സ്‌മാന്മാരെ യൂസഫ്‌ വെള്ളം കുടിപ്പിച്ചു. ഇതേ മല്‍സരം സൂപ്പര്‍ ഓവറിലേക്ക്‌ പോയപ്പോള്‍ കൊല്‍ക്കത്ത നായകന്‍ മക്കലം പന്ത്‌ നല്‍കിയത്‌ അജാന്ത മെന്‍ഡിസ്‌ എന്ന തന്റെ സ്‌പിന്നര്‍ക്കായിരുന്നു. ഐ.പി.എല്ലില്‍ മാത്രമല്ല 20-20 ക്രിക്കറ്റില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ ശക്തമായ സ്വാധീനം ഉണ്ടാവുമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ കോച്ച്‌ മിക്കി ആര്‍തറും മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ പാറ്റ്‌ സിംകോക്‌സ്‌ അഭിപ്രായപ്പെട്ടു. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ തന്റെ ടീമില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ വ്യക്തമായ സാന്നിദ്ധ്യമുണ്ടാവുമെന്നാണ്‌ മിക്കി ആര്‍തര്‍ പറഞ്ഞത്‌. 20-20 ക്രിക്കറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്കുളളതാണെന്ന വാദത്തില്‍ കഴമ്പില്ല. ബാറ്റിംഗിനൊപ്പം ബൗളിംഗും ജാഗ്രത വേണം. ടീമിനെ നിശ്ചയിക്കുമ്പോള്‍ ഫാസറ്റ്‌ ബൗളര്‍മാര്‍ക്കൊപ്പം സ്‌പിന്നര്‍മാര്‍ക്കും തുല്യപ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ കാലാവസ്ഥയും പിച്ചും സ്‌പിന്നര്‍മാര്‍ക്ക്‌ അരങ്ങ്‌ തകര്‍ക്കാന്‍ അവസരമൊരുക്കുന്നു
ണ്ടെന്ന്‌്‌ സിംകോക്‌സ്‌ പറഞ്ഞു. പിച്ചുകള്‍ വളരെ പെട്ടെന്ന്‌ പൊട്ടി പൊളിയുന്നുണ്ട്‌. ഇത്‌ സ്‌പിന്നര്‍മാര്‍ക്ക്‌ തുണയാവും. പിച്ചില്‍ നിന്നും ചിലപ്പോള്‍ ലഭിക്കുന്ന ടേണും സ്‌പിന്നര്‍മാര്‍ക്ക്‌ ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ സ്‌പിന്നര്‍മാര്‍ക്ക്‌ അനുകൂലമാണെന്ന്‌ ബാംഗ്ലൂര്‍ റോയല്‍സ്‌ താരം അനില്‍ കുംബ്ലെ സമ്മതിക്കന്നു. ആറ്‌ വിക്കറ്റുകളാണ്‌ ഇതിനകം കുംബ്ലെ സ്വന്തമാക്കിയിരിക്കുന്നത്‌. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ചിലരായ കെവിന്‍ പീറ്റേഴ്‌സണ്‍, മാത്യൂ ഹെയ്‌ഡന്‍, മഹേന്ദ്രസിംഗ്‌ ധോണി, ക്രിസ്‌ ഗെയില്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌ തുടങ്ങിയവരെല്ലാം സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പല മല്‍സരങ്ങളിലും മുട്ട്‌്‌ കുത്തിയിട്ടുണ്ട്‌. ഈയിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ടീം പേസര്‍മാരേക്കാള്‍ മുന്‍ത്തൂക്കം സ്‌പിന്നര്‍മാര്‍ക്കായിരുന്നു നല്‍കിയിരുന്നതെന്ന്‌ അവരുടെ നായകന്‍ ഗ്രയീം സ്‌മിത്ത്‌ പറഞ്ഞു. പോള്‍ ഹാരിസ്‌, ജഹാന്‍ ബോത്ത എന്നിവരാണ്‌ ശരിക്കും ബാറ്റ്‌സ്‌മാന്മാരെ വെള്ളം കുടിപ്പിച്ചത്‌.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഹര്‍ഭജന്‍സിംഗ്‌ പന്തെറിയുന്നത്‌ കണ്ടപ്പോള്‍ തന്നെ സ്‌പിന്നര്‍മാര്‍ക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്നുറപ്പായിരുന്നുവെന്ന്‌ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. പിച്ചുകളെ ഉപയോഗപ്പെടുത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ കഴിയുന്നുണ്ട്‌. ബാറ്റ്‌സ്‌മാന്മാരുടെ സ്‌ക്കോറിംഗ്‌ വേഗതയെ തളര്‍ത്താനും സ്‌പിന്നര്‍മാര്‍ക്കാവുമെന്നാണ്‌ മുരളി അഭിപ്രായപ്പെടുന്നത്‌.

ഇന്ത്യയിലേക്കില്ലെന്ന്‌ ഓസീസ്‌
മെല്‍ബണ്‍: ഇന്ത്യക്കെതിരെ അടുത്ത മാസം 8,9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന ഡേവിസ്‌ കപ്പ്‌ മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കേണ്ടെന്നാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം. മല്‍സരവേദി ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യം രാജ്യാന്തര ടെന്നിസ്‌ ഫെഡറേഷന്‍ തള്ളിയതിന്‌ പിറകെയാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം വന്നിരിക്കുന്നത്‌. മല്‍സരങ്ങളില്‍ പങ്കെടുക്കാത്തപക്ഷം ഓസ്‌ട്രേലിയക്ക്‌ ഡേവിസ്‌ കപ്പ്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ ലഭിക്കും.
ഇന്ത്യ പോലെ സുരക്ഷ ഉറപ്പില്ലാത്ത രാജ്യത്തേക്ക്‌ തന്റെ താരങ്ങളെ അയക്കാന്‍ തയ്യാറല്ലെന്നാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയ പ്രസിഡണ്ട്‌ ജെഫ്‌ പൊലാര്‍ഡ്‌ പറയുന്നത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ഉള്‍പ്പെടെയുളള പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ദക്ഷിണാഫ്രിക്ക പോലുളള വേദിയിലേക്ക്‌ മാറ്റിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ ഓസ്‌ട്രേലിയ രാജ്യാന്തര ടെന്നിസ്‌ ഫെഡറേഷന്‌്‌ കത്ത്‌ നല്‍കിയത്‌. ഇന്ത്യയില്‍ നടക്കേണ്ട പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ മറ്റൊരു രാജ്യത്ത്‌ നടക്കുന്നത്‌ മാത്രം ഉദാഹരിച്ചാല്‍ ഫെഡറേഷന്‌ കാര്യങ്ങള്‍ ബോധ്യമാവുമെന്നാണ്‌ കരുതിയതെന്നും അവരുടെ തീരുമാനം കാര്യഗൗരവമില്ലാത്തതാണെന്നുമാണ്‌ പൊലാര്‍ഡ്‌ കുറ്റപ്പെടുത്തുന്നത്‌. ജനുവരിയില്‍ ചെന്നൈയില്‍ വിജയകരമായി നടന്ന ഏ.ടി.പി ചാമ്പ്യന്‍ഷിപ്പാണ്‌ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയത്‌ രാജ്യത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാലുമാണ്‌. പക്ഷേ ഫെഡറേഷന്റെ ഈ വാദഗതികളെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയക്കാവില്ല. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ധാരാളം പേര്‍ മരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തീവണ്ടികള്‍ റാഞ്ചുന്നു. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ്‌ താരങ്ങളെ സുരക്ഷിതരായി കളിപ്പിക്കാനാവുക-പൊലാര്‍ഡിന്റെ ചോദ്യം.
ഓസ്‌ട്രേലിയന്‍ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ്‌ ഇന്ത്യന്‍ ടെന്നിസ്‌ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്‌. ചെന്നൈ സുരക്ഷിത വേദിയാണ്‌. ഇന്റര്‍നാഷണല്‍ ടെന്നിസ്‌ ഫെഡറേഷന്‍ വേദി പരിശോധിച്ചതാണ്‌. മല്‍സരത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അവര്‍ വിശദീകരിക്കുന്നു.

ഡക്കാന്‌ മികച്ച സ്‌ക്കോര്‍
ഡര്‍ബന്‍: കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ഇത്തവണ പോരാടാന്‍ തന്നെയുറച്ചാണ്‌ കളിക്കുന്നത്‌. ആദ്യ രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആദം ഗില്‍ക്രൈസ്റ്റിന്റെ സംഘം ഇന്നലെ തകര്‍പ്പന്‍ ബാറ്റിംഗ്‌ പ്രകടനമാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ നടത്തിയത്‌. 58 റണ്‍സ്‌ സ്വന്തമാക്കിയ ഓപ്പണര്‍ ഹര്‍ഷല്‍ ഗിബ്‌സിന്റെ കരുത്തിലാണ്‌ ടീം 168 റണ്‍സ്‌ സ്വന്തമാക്കിയത്‌. ഗിബ്‌സും ഗില്‍ക്രൈസ്റ്റും നല്‍കിയ ഞെട്ടിക്കുന്ന തുടക്കത്തില്‍ 200 നപ്പുറം റണ്‍സ്‌ നേട
ാന്‍ ടീമിന്‌ കഴിയുമായിരുന്നു. പക്ഷേ വിന്‍ഡീസുകാരനായ ഡ്വിന്‍ ബ്രാവോയുടെ മികവില്‍ അവസാനത്തില്‍ മുംബൈ ബൗളര്‍മാര്‍ തിരിച്ചെത്തുകയായിരുന്നു.
ഗില്‍ക്രൈസ്‌റ്റ്‌ പതിവ്‌ പോലെ പന്തിനെ പ്രഹരിക്കാനുളള തിരക്കിലായിരുന്നു. ലങ്കന്‍ സീമറായ ലാസിത്‌ മാലിങ്കയെ രണ്ട്‌ വട്ടം സിക്‌സറിന്‌ പറത്തിയ ഗില്ലി ആര്‍ക്കും വഴങ്ങാത്ത ഫോമിലായിരുന്നു. മാലിങ്കയും സഹീര്‍ഖാനും ശിക്ഷിക്കപ്പെട്ടപ്പോള്‍ സച്ചിന്‍ പന്ത്‌ ബ്രാവോക്ക്‌ കൈമാറിയപ്പോഴാണ്‌ ആദ്യവിക്കറ്റ്‌ നിലംപതിച്ചത്‌. മൂന്ന്‌ ബൗണ്ടറികളും അത്രയും സിക്‌സറും പായിച്ച്‌ 20 പന്തില്‍ 35 റണ്‍സ്‌ നേടിയ ഗില്ലിയെ ഷാ പിടികൂടി. പക്ഷേ പകരമെത്തിയ വിന്‍ഡീസുകാരന്‍ ഡ്വിന്‍ സ്‌മിത്ത്‌ അതിലും മികച്ച ഫോമിലായിരുന്നു. ഗിബ്‌സിനെ മറുഭാഗത്ത്‌ സാക്ഷിയാക്കി രണ്ട്‌ കൂറ്റന്‍ സിക്‌സറുകളും രണ്ട്‌ ബൗണ്ടറികളും സ്‌മിത്ത്‌ നേടി. 22 പന്തില്‍ 35 റണ്‍സുമായി സ്‌ക്കോര്‌ ബോര്‍ഡിന്‌ തിളക്കം നല്‍കിയ സ്‌്‌മിത്തിനെ സനത്‌ ജയസൂര്യ ക്ലീന്‍ബൗള്‍ഡാക്കിയിട്ടും മുംബൈക്കാര്‍ക്ക്‌ ശ്വാസം നേരെ വിടാന്‍ കഴിഞ്ഞില്ല. പതിമൂന്നാമത്‌ ഓവറില്‍ സ്‌ക്കോര്‍ 124 ല്‍ എത്തിയിരുന്നു. പക്ഷേ ഈ ഘട്ടത്തെ ഉപയോഗപ്പെടുത്താന്‍ ചാര്‍ജേഴ്‌സിന്റെ മറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കഴിഞ്ഞില്ല. രോഹിത്‌ ശര്‍മ്മ (3), വി.വി.എസ്‌ ലക്ഷ്‌മണ്‍ (0), വേണുഗോപാല റാവു (9), രവി തേജ (9) എന്നിവരെല്ലാം വേഗം പുറത്തായി. സ്‌ക്കോര്‍ 141 ല്‍ നില്‍ക്കുമ്പോള്‍ ഗിബ്‌സ്‌ റണ്ണൗട്ടായതും സ്‌്‌ക്കോറിനെ തളര്‍ത്തി.
മറുപടി ബാറ്റിംഗില്‍ മുംബൈക്ക്‌ തുടക്കം പാളി. സനത്‌ ജയസൂര്യക്ക്‌ എട്ട്‌ പന്തുകള്‍ മാത്രമാണ്‌ കളിക്കാനായത്‌. ഒരു റണ്ണുമായി ആര്‍.പി സിംഗിന്റെ പന്തില്‍ ലങ്കന്‍ താരം പുറത്തായി. സച്ചിന്‍ ടെണ്ടുല്‍ക്കറും ജെ.പി ഡുമിനിയുമാണ്‌ സ്‌ക്കോര്‍ ഉയര്‍ത്തിയത്‌. രണ്ട്‌ പേരും നല്ല ഫോമിലായിരുന്നു. 27 പന്തില്‍ 36 റണ്‍സാണ്‌ സച്ചിന്‍ സമ്പാദിച്ചത്‌. സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജയെ കണ്ടപ്പോള്‍ മിഡ്‌ വിക്കറ്റിലൂടെ പന്തിനെ അതിര്‍ത്തി കടത്താന്‍ സച്ചിന്‍ നടത്തിയ ശ്രമം സ്‌പിന്നര്‍ ഗിബ്‌സിന്റെ കരങ്ങളിലാണെത്തിയത്‌. രണ്ട്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറിയും നേടിയ സച്ചിന്‌ പകരം വന്ന ശിഖര്‍ ധവാനെയും ഒജ പുറത്താക്കി. മൂന്ന്‌ റണ്‍ മാത്രമായിരുന്നു യുവതാരം നേടിയത്‌. സ്വന്തം ഭാഗം മനോഹരമാക്കി കൂറ്റനടികളുമായി കളിച്ചിരുന്ന ഡുമിനിയെയും ഒജ പുറത്താക്കിയപ്പോള്‍ മല്‍സരഗതി ചാര്‍ജേഴ്‌സിന്‌ അനുകൂലമായി.

No comments: