Friday, April 10, 2009
VERY VERY SPECIAl GOPAl
കുരുന്നുകളുടെ കളിയാശാന്‍..
കോഴിക്കോട്: ആര്‍.ഗോപാലകൃഷ്‌ണന്‍ എന്ന കളിയാശാന്റെ നാമധേയം ഫുട്‌ബോള്‍ ലോകത്തിന് അധികം പരിചയമുണ്ടാവില്ല.... മലേഷ്യക്കാരനായ ഗോപാലകൃഷ്‌ണന്‍ മുപ്പത് വര്‍ഷത്തോളമായി കുട്ടികള്‍ക്കൊപ്പമാണ്. കാല്‍പ്പന്തിന്റെ സുന്ദര ലോകത്തേക്ക് കുട്ടികളെ ആട്ടവും പാട്ടുമെല്ലാമായി ആകര്‍ഷിക്കുന്ന തികച്ചും വിത്യസ്‌തനായ പരിശീലകരുടെ പരിശീലകന്‍.
മലേഷ്യന്‍ ദേശീയ ടീമിനായി കളിച്ചിട്ടുളള ഗോപാലകൃഷ്‌ണന്‍ ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കോച്ചസ്‌് എഡ്യൂക്കേഷന്‍ വിഭാഗത്തിന്റെ തലവനാണ്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം സഞ്ചരിച്ച് പരിശീലകര്‍ക്ക് പരിശീലനം നല്‍കുന്ന വലിയ ജോലിക്കിടയിലും കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് അവരിലെ ഫുട്‌ബോളിനെ ചൂഷണം ചെയ്‌ത് അവരെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുന്ന ഈ പരിശീലകന്‍ സെപ്‌റ്റിന്റെ( സ്‌പോര്‍ട്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് പ്രൊമോഷന്‍ ട്രസ്‌റ്റ്‌്) പരിശീലക ക്യാമ്പിനെ നയിക്കാനായാണ് ഇവിടെ എത്തിയിരിക്കുന്നത്. സെപ്‌റ്റിന്റെ ഇരപത്തിയഞ്ചോളം വരുന്ന പരിശീലകര്‍ക്ക് പരിശീലനം നല്‍കാനായി ഏ.എഫ്.സിയുടെ വിദഗ്‌ദ്ധ സംഘം നഗരത്തിലെത്തിയിട്ടുണ്ട്. അവര്‍ക്ക് നേതൃത്ത്വം നല്‍കുന്ന ഗോപാലകൃഷ്‌ണനൊപ്പം ഏ.എഫ്.സിയുടെ പി.ആര്‍.ഒ ഓം നമ ശിവായയും സജീവമാണ്. അടുത്ത മാസമാണ് സെപ്‌റ്റ് ഫുട്‌ബോള്‍ ടീം ഫ്രാന്‍സില്‍ പര്യടനത്തിന് പോവുന്നത്. ഇതിന്റെ ഭാഗമായാണ് കോച്ചസിനും അതിനൊപ്പം താരങ്ങള്‍ക്കും പരിശീലനം നല്‍കുന്നത്.
വളരെ ലളിതമാണ് ഗോപാലകൃഷ്‌ണന്റെ ഫുട്‌ബോള്‍ ആശയങ്ങള്‍. പഴയ പരിശീലകര്‍ കാര്‍ക്കശ്യക്കാരായിരുന്നു. പരിശീലകന്‍ എന്ന് പറയുമ്പോള്‍ കുട്ടികള്‍ തന്നെ പേടിക്കുന്ന അവസ്ഥയായിരുന്നു. മൈതാനത്തെത്തിയാല്‍ കോച്ചിന്റെ പ്രധാന നിര്‍ദ്ദേശം ഓടാനായിരിക്കും. ഓടി തളര്‍ന്നാല്‍ പന്ത് നല്‍കും. കോച്ച് പറയുന്നതില്‍ നിന്ന് തെറ്റിയാല്‍ ചീത്തവിളികള്‍. ഒരോ തെറ്റിനും പിഴകള്‍. ശരിക്കും കോച്ചിംഗ് ക്യാമ്പിലെത്തുന്ന കുട്ടികള്‍ക്ക് അത് പീഡന കാലമായിരുന്നു.
ഈ അവസ്ഥക്ക് മാറ്റം വരുത്തുന്നതില്‍ നായകത്വം വഹിച്ചാണ് ഗോപാലകൃഷ്‌ണന്‍ കുട്ടികള്‍ക്ക് പ്രിയങ്കരനാവുന്നത്. കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും അദ്ദേഹം ക്യാമ്പിലേക്ക് ക്ഷണിക്കുന്നു. സ്വതന്ത്രമായ സാഹചര്യമാണ് ക്യാമ്പില്‍ വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ആദ്യ നിഷ്‌കര്‍ഷത. കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തരുത്. എല്ലാ കാര്യങ്ങളും ഒരു ദിവസം കൊണ്ട് പഠിപ്പിച്ചുകളയാമെന്ന തീവ്രതയും വേണ്ട. വ
ളരെ പതുക്കെ, എന്നാല്‍ സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ ഫുട്‌ബോളിനെ ആസ്വദിക്കാനുളള അവസരമാണ് എല്ലാവര്‍ക്കും നല്‍കേണ്ടത്.
ഫുട്‌ബോളിനെ സ്‌നേഹിക്കാന്‍, കോച്ചിനെ സ്‌നേഹിക്കാന്‍ കുട്ടികള്‍ക്കാവുമ്പോള്‍ അവര്‍ക്ക് നന്നായി കളിക്കാനും അത് വഴി വളരാനും കഴിയും. എല്ലാ സോഫ്‌റ്റ് സ്‌കില്ലുകളും കുട്ടികളെ അദ്ദേഹം പഠിപ്പിക്കുന്നു.നിരന്തരമായി സ്‌ക്കിലുകള്‍ പഠിപ്പിക്കാതെ, ഇടക്ക് ആസ്വാദനത്തിന്റെ വഴികളിലേക്കും കുട്ടികളെ നയിക്കുന്നു. തുടര്‍ച്ചയായി സ്‌ക്കിലുകളുടെ ലോകത്തേക്ക് കുട്ടികളെ വിട്ടാല്‍ അവര്‍ ക്ഷീണിതരാവും. ഡ്രിബ്‌ളിംഗ് പഠിക്കുന്ന കുട്ടിയെ ഇടക്ക് പാസിംഗ് പഠിപ്പിക്കാന്‍ വിട്ടാല്‍ അവന് ബോറടിക്കില്ല. പന്തുകള്‍ പാസ് ചെയ്യാന്‍ എല്ലാവര്‍ക്കുമാവും. പക്ഷേ ശരീര ചലനങ്ങളിലൂടെയുളള പാസിംഗ് അതാണ് പ്രധാനം.
കുട്ടികള്‍ക്കായി ലീഗ് ചാമ്പ്യന്‍ഷിപ്പ് നടത്തുക എന്ന വലിയ ആശയവും അദ്ദേഹം മുന്നോട്ട് വെക്കുന്നു. സെപ്‌റ്റിന് ധാരാളം സെന്ററുകള്‍ കേരളത്തില്‍ മാത്രമുണ്ട്. ജില്ലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ലീഗ് ചാമ്പ്യന്‍ഷിപ്പ് പോലെ വിവിധ സെന്ററുകളെ അണിനിരത്തിയുളള ലീഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചാല്‍ കുട്ടികളുടെ മികവ് പെട്ടെന്ന് അറിയാനും അവര്‍ക്ക് മല്‍സരാനുഭവം ലഭിക്കാനും കഴിയും. എതിരാളികളെ പഠിക്കുക എന്ന ജോലി എളുപ്പമുളളതല്ല. പക്ഷേ കൂടുതല്‍ മല്‍സരങ്ങളാവുമ്പോള്‍ സ്വന്തം പിഴവുകളെ മനസ്സിലാക്കി, എതിരാളി കടന്നുകയറാതിരിക്കാനുളള തന്ത്രങ്ങള്‍ മെനയാനാവും. സെപ്‌റ്റിന്റെ കുട്ടികളെക്കുറിച്ച് നല്ല മതിപ്പാണ് ഗോപാലകൃഷ്‌ണന്. എല്ലാവരും പന്തിനെ മനസ്സിലാക്കുന്നു. ഭയമില്ലാതെ കളിക്കുന്നു. അനുഭവസമ്പത്താണ് പ്രധാനം. അതും അവര്‍ക്ക് ലഭിക്കുന്നു. വിദേശത്ത് കളിക്കാനാവുമ്പോള്‍ അത് വഴി ലഭിക്കുന്ന കരുത്ത് വളരെ വലുതാണ്. നാളെ ഇന്ത്യയുടെ താരമായി മാറുമ്പോള്‍ വന്ന വഴിയെക്കുറിച്ച് താരങ്ങള്‍ക്ക്‌് പറയാനാവും. അവിടെയാണ് സെപ്‌റ്റിന്റെ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ ഫുട്‌ബോളെന്നാല്‍ അഴിമതിയുടെ കേദരമായി മാറിയിട്ടുണ്ട്. സീനിയര്‍ താരങ്ങളെല്ലാം പുറത്താക്കപ്പെട്ടിരിക്കുന്നു. അവിടെ ഫുട്‌ബോള്‍ ഇപ്പോള്‍ കുട്ടികളിലൂടെ വളര്‍ന്നുവരുകയാണ്. ഏഷ്യയിലുടനീളം സമീപഭാവിയില്‍ മികച്ച ഫുട്‌ബോള്‍ ടീമുകള്‍ ഉണ്ടാവുമെന്നാണ് തായ്‌ലാന്‍ഡിലും കംബോഡിയയിലുമെല്ലാം ദീര്‍ഘകാല ക്യാമ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ച ഗോപാലകൃഷ്‌ണന്‍ പറയുന്നത്.
കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ന് ക്യാമ്പ് സമാപിക്കും. ഫ്രാന്‍സിലേക്ക് മെയ് 17 നാണ് സെപ്‌റ്റ് ടീം പോവുന്നതെന്ന് ടീമിന്റെ കോച്ച് മനോജ് അറിയിച്ചു. ഇന്ത്യന്‍ അണ്ടര്‍ 13 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ക്യാപ്‌റ്റന്‍ ഹന്നാന്‍ ജാവേദ്, അനീസ് എന്നിവരെ കൂടാതെ പതിനാറംഗ ടീമായിരിക്കും ഫ്രാന്‍സിലേക്ക്‌് യാത്രയാവുക. ഹന്നാനും അനീസും ഇപ്പോള്‍ ജാംഷഡ്‌പ്പൂരില്‍ നടക്കുന്ന ഇന്ത്യന്‍ ക്യാമ്പിലാണ്. മുന്‍ ഇന്ത്യന്‍ താരം കാള്‍ട്ടന്‍ ചാപ്പ്‌്‌മാന്‍ പരിശീലിപ്പിക്കുന്ന ജൂനിയര്‍ ഇന്ത്യന്‍ ടീം ഇറാഖിലേക്കാണ് പോവുന്നത്. ഈ ടീമില്‍ സെപ്‌റ്റിന്റെ രണ്ട് താരങ്ങളും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ സെപ്‌റ്റ് നടത്തിയ പര്യടനത്തില്‍ ടീമിനെ നയിച്ച അരിക്കാട്ടുകാരന്‍ ഹന്നന്‍ ജാവേദിന് പരുക്ക് മൂലം മലേഷ്യന്‍ പര്യടനം നഷ്‌ടമായിരുന്നു. ടീമിന്റെ മുന്‍നിരക്കാരനായ അനീസ് ഗോള്‍വേട്ടക്കാരനാണ്,. ഇവരില്ലാത്തത് നഷ്‌ടമാണെങ്കിലും താരങ്ങളുടെ ഭാവിയാണ് പ്രധാനമെന്ന് മനോജ് പറഞ്ഞു. ഫ്രാന്‍സിലേക്കുളള ടീമിന്റെ ക്യാമ്പ് അടുത്തയാഴ്‌ച്ച ആരംഭിക്കും. പരിശീലനത്തിന് വേദി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും പരിശീലകന്‍ പറയുന്നു.
അടിമുടി ഫുട്‌ബോള്‍
കോഴിക്കോട്: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് ഓം നമ ശിവായ എന്ന ശിവ.... അദ്ദേഹത്തിന്റെ ജിവിതമെന്നാല്‍ അത് ഫുട്‌ബോളാണ്... കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ശിവയെ കണ്ടപ്പോള്‍ ശരിക്കുമൊരു മുനിസ്വാമിയായി അടിമുടി മാറിയിരിക്കുന്നു അദ്ദേഹം. അയ്യപ്പ ഭക്തി മാര്‍ഗ്ഗത്തില്‍ കറുത്ത വസ്‌ത്രങ്ങള്‍ ധരിച്ച് ഇന്ന് കന്നിസ്വാമിയായി അദ്ദേഹം മല കയറുകയാണ്.
ഏ.എഫ്.സിയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി ശിവയുണ്ട്. അദ്ദേഹമാണ് ശരിക്കും വന്‍കരാ സോക്കര്‍ സംഘടനയുടെ നാഡി.
മലേഷ്യയില്‍ കുട്ടികളുടെ കളി സംഘത്തെ വളര്‍ത്തുന്നത് ശിവയാണ്. സ്വന്തം ജില്ലയിലെ ഫുട്‌ബോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തി, അവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും നല്‍കി അദ്ദേഹം കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നു. സെപ്‌റ്റ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ മനസ്സിലാക്കിയാണ് അദ്ദേഹം ഈ സംഘടനക്ക് പിന്തുണ നല്‍കുന്നത്.
വീണ്ടും
ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ തിരക്കിന് ശേഷം ടീമുകള്‍ വീണ്ടും സ്വന്തം തട്ടകത്തിലേക്ക്. ചാമ്പ്യന്‍സ് ലീഗിലും യുവേഫ കപ്പിലും പങ്കെടുത്ത് തളര്‍ന്ന ടീമുകള്‍ക്ക് പക്ഷേ സ്വന്തം ലീഗില്‍ വിശ്രമിക്കാന്‍ അവസരമില്ല. എല്ലാ ലീഗ് ചാമ്പ്യന്‍ഷിപ്പുകളും അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എല്ലായിടത്തും പോരാട്ടങ്ങള്‍ ശക്തമാണ്.
സ്‌പെയിനില്‍ മുമ്പിലുളള ബാര്‍സിലോണയും റയല്‍ മാഡ്രിഡും ഈയാഴ്‌ച്ച കളിക്കുന്നുണ്ട്. മാര്‍ച്ചിന്റെ തുടക്കത്തില്‍ അല്‍പ്പം പിറകിലായ ബാര്‍സ കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല. തകര്‍പ്പന്‍ ഫോമിലാണ് അവര്‍ കളിക്കുന്നത്. കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ മാത്രമായി ഇരുപത് ഗോളുകളാണ് ടീം അടിച്ചൂകൂട്ടിയത്. വഴങ്ങിയതാവട്ടെ രണ്ട് ഗോളുകള്‍. രണ്ട് ദിവസം മുമ്പാണ് ജര്‍മന്‍ പ്രബലരായ ബയേണ്‍ മ്യൂണിച്ചിന്റെ വലയില്‍ നാല് ഗോളുകള്‍ ബാര്‍സ നിക്ഷേപിച്ചത്. ലീഗില്‍ നിലനില്‍പ്പിനായി പോരടിക്കുന്ന റിക്രിയേറ്റീവോ ഹലൂവയുമായാണ് ബാര്‍സയുടെ മല്‍സരമെന്നതിനാല്‍ ലയണല്‍ മെസിക്കും സാമുവല്‍ ഇറ്റോക്കും തിയറി ഹെന്‍ട്രിക്കുമെല്ലാം ഗോളടിക്കാനുളള പരിശീലനം ഉറപ്പാണ്. അതേസമയം ബാര്‍സയുമായി ആറ് പോയന്റ് അകലമുളള റയല്‍ മാഡ്രിഡിന് കാര്യങ്ങള്‍ എളുപ്പമല്ല. ഒമ്പതാം സ്ഥാനത്തുള്ള വല്ലഡോളിഡാണ് പ്രതിയോഗികള്‍. ലീഗില്‍ മൂന്നാം സ്ഥാനത്തുളള സെവിയക്കും നാലാമതുളള വലന്‍സിയക്കുമെല്ലാം പോരാട്ടങ്ങള്‍ നിര്‍ണ്ണായകമാണ്. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്താണ് എല്ലാവരുടെയും നോട്ടം. സെവിയെയുടെ എതിരാളികള്‍ ഗറ്റാഫെയും വലന്‍സിയയുടെ എതിരാളികള്‍ സ്‌പോര്‍ട്ടിംഗ് ഗിജോണുമാണ്.
ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച നാല് ഇംഗ്ലീഷ് ടീമുകള്‍ക്കും പ്രീമിയര്‍ ലീഗില്‍ ഇന്നും നാളെയുമായി മല്‍സരങ്ങളുണ്ട്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിനേഴാം സ്ഥാനത്തുളള സുതര്‍ലാന്‍ഡിനെയാണ് നേരിടുന്നത്. സ്വന്തം മൈതാനത്ത് കളിക്കുന്ന ലിവര്‍പൂള്‍ ബ്ലാക്‌ബര്‍ണിനെയും ചെല്‍സി ബോള്‍ട്ടണെയുമാണ് എതിരിടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് മുന്നില്‍ തളര്‍ന്ന ലിവര്‍പൂള്‍ സമ്മര്‍ദ്ദത്തിലാണ്. ആഴ്‌സനലിന്റെ ഈയാഴ്‌ച്ചയിലെ പ്രതിയോഗികള്‍ വിഗാന്‍ അത്‌ലറ്റികാണ്. മാഞ്ചസ്‌റ്ററും ചെല്‍സിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പം നീങ്ങുന്നതിനാല്‍ ജയവും തോല്‍വിയും ചാമ്പ്യന്‍ഷിപ്പിനെ തന്നെ ബാധിക്കും.
ജര്‍മന്‍ ബുണ്ടേല്‍സ് ലീഗില്‍ കഴിഞ്ഞയാഴ്‌ച്ച കരുത്തരായ ബയേണ്‍ മ്യൂണിച്ചിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ഒന്നാം സ്ഥാനത്ത് വന്ന വോള്‍ഫ്‌സ്‌ബര്‍ഗ്ഗിന് ഇന്ന് അശക്തരായ ബൊറൂഷ്യയാണ് എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സിലോണക്കെതിരെ നാണംകെട്ട തോല്‍വി വാങ്ങിയ ക്ലിന്‍സ്‌മാന്റെ ബയേണ്‍ ഇന്ന് ഇന്‍ട്രാക്ടുമായാണ് കളിക്കുന്നത്.
ഇറ്റാലിയന്‍ സീരിയ എ യില്‍ റോമയും ജീനോവയും തമ്മിലുളളതാണ് ഈയാഴ്‌ച്ചയിലെ പ്രധാന അങ്കം.
തെറിക്കും
മ്യൂണിച്ച്: ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ ജര്‍മനിക്കാര്‍ക്ക് പ്രിയപ്പെട്ട താരമായിരുന്നു-ലോക ഫുട്‌ബോളില്‍ രാജ്യത്തെ ഉയരത്തിലെത്തിച്ച മുന്‍നിരക്കാരന്‍. പക്ഷേ പരിശീലകനായ ക്ലിന്‍സ്‌മാനോട് ആരാധകര്‍ക്ക് വലിയ താല്‍പ്പര്യമില്ല. ജര്‍മന്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ച ക്ലിന്‍സ്‌മാന് വലിയ നേട്ടങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ജോലി പോയി ഇപ്പോള്‍ രാജ്യത്തെ പ്രധാനപ്പെട്ട ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ജോലി ഏറ്റെടുത്ത ക്ലിന്‍സ്‌മാന് ആ ജോലിയും പോവുന്ന അവസ്ഥയാണ്. കാരണമുണ്ട്-കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബയേണ്‍ വാങ്ങിയത് ഒമ്പത് ഗോളുകളാണ്. കഴിഞ്ഞയാഴ്‌ച്ച ബുണ്ടേല്‍സ് ലീഗില്‍ വോള്‍ഫ്‌സ്‌ബര്‍ഗ്ഗിനോട് അഞ്ച്‌് ഗോളുകളാണ് ബയേണ്‍ വാങ്ങിയത്. ആ ക്ഷീണം തീരും മുമ്പ് ചുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്‌പാനിഷ് ടീമായ ബാര്‍സിലോണയോട് വാങ്ങി നാല് ഗോളുകള്‍. ഇന്ന് ലീഗില്‍ ബയേണ്‍ കളിക്കുന്നുണ്ട്. പക്ഷേ ജനം പറയുന്നത് ക്ലിന്‍സ്‌മാന്‍ പുറത്ത് പോവണമെന്നാണ്. ഇന്ന് ലീഗില്‍ ഇന്‍ട്രാക്ടാണ് എതിരാളികള്‍. ഇന്നും തോറ്റാല്‍ ക്ലിന്‍സ്‌മാനെ ചിലപ്പോള്‍ ആരാധകര്‍ കൈകാര്യം ചെയ്യും.
മുന്നില്‍
കേപ്‌ടൗണ്‍: ഓസ്‌ട്രേലിയയെ 25 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫഅരിക്ക മുന്നാം ഏകദിനത്തില്‍ വിജയം വരിച്ച് പരമ്പരയില്‍ 2-1 ന്‍രെ ലീഡ് നേടി. പരമ്പരയില്‍ ഇതാദ്യമായി തന്‍രെ വഴിക്ക് വന്ന ടോസ് ഉപയോഗപ്പെടുത്തിയ ഗ്ര.യീം സ്‌മിത്ത് ആദ്യം ബാറ്റ് ചെയ്‌ത് ആറ് വിക്കറ്റിന് 289 റമ്#സാണ് നേടിയത്. ഓസ്‌ട്രേലിയയാവട്ടെ 264 റണ്‍സില്‍ തളര്‍ന്നു. 80 റണ്‍സ് നേടിയ ഡി വില്ലിയേഴ്‌സായിരുന്നു ആഫ്രിക്കന്‍ ബാറ്റിംഗിന്‍രെ കരുതത്. വെറ്ററന്‍ ജാക് കാലിസ് 70 റണ്‍സ് സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മിച്ചല്‍ ജോണ്‍
സണ്‍ 34 റമ്#സിന് ാനല് വിക്കറ്റ് നേടി. ഓസീ മറുപടിയില്‍ ഫഎര്‍ഗൂസണ്‍ (63), ജെയിംസ് ഹോപ്‌സ് (പുറത്താവാതെ 63) എന്നിവര്‍ പിടിച്ചുനി്‌നു. പക്ഷേ ദക്ഷിമാഫ്രിക്കന്‍ ഫീല്‍ഡിംഗ് നിലവാരം കാത്തപ്പോള്‍ അവസാന ഓവറുകലല്‍ റണ്‍സ് വാരിക്കൂട്ടാന്‍ ലോക ചാമ്പ്യന്മാര്‍ക്കായില്ല.
കേമന്‍
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 445 റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിന് നാട്ടുകാരനും സഹ ഓപ്പണറുമായ വിരേന്ദര്‍ സേവാഗിന്റെ വക പുത്തന്‍ ബഹുമതി. സുനില്‍ ഗവാസ്‌ക്കര്‍ക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്‌മാനാണ് ഗാംഭീറെന്ന് വീരു പറയുന്നു. കിവി മണ്ണിലെ പ്രകടനത്തിലൂടെ ഗാംഭീര്‍ ഐ.സി.സി ലോക റാങ്കിംഗില്‍ ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്മാരില്‍ നാലാം സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏത് ഫോമിലും ഏറ്റവും മികച്ച ഓപ്പണറാണ് ഗാംഭീറെന്നാണ് വീരു സാക്ഷ്യപ്പെടുത്തുന്നത്. 20-20 യിലും ഏകദിനങ്ങളിലും ടെസ്റ്റിലും വളരെ മനോഹരമായാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. സാങ്കേതികതയിലും ക്ഷമയിലും സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലും ഗാംഭീര്‍ പ്രകടിപ്പിക്കുന്ന പക്വതയാണ് അദ്ദേഹത്തെ ഗവാസ്‌ക്കറിന് ശേഷമുളള ഏറ്റവും മികച്ച ഓപ്പണറായി വിശേഷിപ്പിക്കാന്‍ വീരുവിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
താരതമ്യത്തെ തനിക്ക് ഇഷ്ടമല്ലെങ്കിലും അഭിപ്രായ പ്രകടനം നടത്തിയത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരമായതിനാല്‍ അതിനെ അംഗീകരിക്കുന്നുവെന്ന് ഗാംഭീര്‍ പറഞ്ഞു.
ഇന്‍സിക്ക് കോപം
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ അതിശക്തമായ ഭാഷയില്‍ ഇന്‍സമാമുല്‍ഹഖ്. 20-20 ലോകകപ്പിനുളള മുപ്പതംഗ സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്തിയ മൂന്ന് താരങ്ങളെ പിന്നീട് പിന്‍വലിച്ച പി.സി.ബി നടപടിയാണ് ഇന്‍സിയെ ചൊടിപ്പിച്ചത്. സാമാന്യ ബുദ്ധിയാണ് ആദ്യം പി.സി.ബിക്ക് വേണ്ടത്. അവര്‍ക്കതില്ല. ഒരു ദിവസം എല്ലാവരെയും ടീമിലെടുക്കുന്നു. അടുത്ത ദിവസം പുറത്താക്കുന്നു. കുറ്റകരമായ അപരാധമാണിത്- വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്‍ ടീമായ ലാഹോര്‍ ബാദ്‌ഷാസിന്റെ നായകന്‍ കൂടിയായ ഇന്‍സി തുറന്നടിക്കുന്നു. ഇന്‍സിക്കൊപ്പം കളിച്ച അബ്ദുള്‍ റസാക്ക്, ഇംറാന്‍ നസീര്‍, റാണ നവീദ് എന്നിവരെയാണ് പുറത്താക്കിയത്. സാധ്യതാ സംഘത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയ ഇവരെ പിന്നീട് ഐ.സി.സിയെ ഭയന്ന് പി.സി.ബി പിന്‍വലിക്കുകയായിരുന്നു. വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ ഐ.സി.സി അംഗീകരിക്കാത്തതിനാല്‍ അവിടെ കളിച്ച താരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ അത് പി.സി.ബിയെ ബാധിക്കുമെന്ന ഭയത്താലാണ് മൂന്ന് പേരെയും പിന്‍വലിച്ചത്. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ഭരിക്കുന്നവര്‍ സാമാന്യമായി പോലും ചിന്തിക്കുന്നില്ല എന്നതിന് വ്യക്തമായ തെളിവാണ് പുതിയ നീക്കമെന്ന് ഇന്‍സി പറഞ്ഞു. ടീമിനെ തെരഞ്ഞെടുക്കും മുമ്പ് ആലോചിക്കണമായിരുന്നു. അതുണ്ടായില്ല. ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് അവര്‍ക്ക് ബോധോദയം ഉണ്ടായത്. ഐ.സി.സിയുടെ അംഗീകാരം ലഭിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കില്‍ ഈ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തരുതായിരുന്നു. ഇപ്പോള്‍ ശരിക്കും അവരെ അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഐ.സി.സിയും ഈ കാര്യത്തില്‍ കുറ്റക്കാരാണ്. താരങ്ങള്‍ ക്രിക്കറ്റാണ് കളിച്ചത്. പോക്കറ്റടി നടത്തിയിട്ടില്ല. അവരെ എന്തിനാണ് മാറ്റിനിര്‍ത്തുന്നത്. ഐ.സി.സിയുടെ നോട്ടം സ്‌പോണ്‍സര്‍ഷിപ്പ് പണത്തിലേക്കാണ്. ക്രിക്കറ്റിലേക്ക് അധികം പണം ഒഴുകാതിരുന്ന കാലത്ത് താരങ്ങള്‍ പല അനൗദ്യോഗിക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തിരുന്നു. അന്ന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഇപ്പോള്‍ പണം ഒഴുകുന്നതിനാല്‍ ആ വഴിക്കാണ് ഐ.സി.സി ചിന്തിക്കുന്നത്. മികച്ച ടീമിനെയാണ് ഏത് നായകനും ആഗ്രഹിക്കുക. മുഹമ്മദ് യൂസഫും അബ്‌ദുള്‍ റസാക്കും ഇംറാന്‍ നസീറുമെല്ലാം തന്റെ ടീമിലേക്ക് വന്നാല്‍ അത് കരുത്തായി മാറുമെന്ന് പാക് ക്യാപ്‌റ്റന്‍ യൂനസ്‌ഖാന് അറിയാം. അതാണ് ആ രീതിയില്‍ അദ്ദേഹം ചിന്തിച്ചത്. ഇതില്‍ തെറ്റില്ലെന്നും ഇന്‍സി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment