Sunday, June 17, 2012

AGAIN SAINA


സൈന നെഹ്‌വാള്‍ ലണ്ടനില്‍ ഇന്ത്യക്കായി ബാഡ്‌മിന്റണ്‍ സ്വര്‍ണം നേടുമോ...? ഇന്നലെ ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ചൈനക്കാരി ലിഷപറുവിനെ തോല്‍പ്പിച്ച്‌ ഹൈദരാബാദുകാരി കിരീടം നേടിയതോടെ പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിക്കുകയാണ്‌. അല്‍പ്പദിവസം മുമ്പാണ്‌ തായ്‌ലാന്‍ഡ്‌ ഓപ്പണില്‍ സൈന കിരീടം സ്വന്തമാക്കിയത്‌. ലണ്ടന്‍ ഒളിംപിക്‌സ്‌ ആരംഭിക്കാന്‍ ഇനി കൃത്യമായി 39 ദിവസങ്ങളുണ്ട്‌. അതിനിടെ തന്നെ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ സൈന കളിക്കുന്നുണ്ട്‌. വലിയ മേളക്ക്‌ മുമ്പ്‌ ഫോമിലേക്ക്‌ വരുന്നത്‌ നല്ല ലക്ഷണമാണ്‌. ശക്തരായ പ്രതിയോഗികളെ തോല്‍പ്പിച്ച്‌ നേടുന്ന ആത്മവിശ്വാസവും പ്രധാനമാണ്‌. ലോക ബാഡ്‌മിന്റണില്‍ ഇന്തോനേഷ്യ, ചൈന, മലേഷ്യ തുടങ്ങിയവരാണ്‌ കരുത്തര്‍. അവരുടെ താരങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ മെഡലിനോട്‌ സൈന അടുക്കുകയാണ്‌.
പക്ഷേ ഒളിംപിക്‌സിന്റെ പ്രാധാന്യം അറിയാത്തവരല്ല താരങ്ങള്‍. ഒളിംപിക്‌ സ്വര്‍ണത്തിന്റെ വിലയറിയുന്നവരാണ്‌ എല്ലാവരും. ലണ്ടനിലേക്ക്‌ എല്ലാ താരങ്ങളും വരുന്നത്‌ സ്വര്‍ണം സ്വന്തമാക്കാനാണ്‌. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വേദിയില്‍ എളുപ്പം സ്വന്തമാക്കാവുന്നതല്ല സ്വര്‍ണമെന്ന സത്യത്തില്‍ ഒരു വിശദവാദം നടത്തിയാല്‍ സൈനക്ക്‌ എളുപ്പമല്ല കാര്യം.
സൈനയുടെ പോസിറ്റീവുകള്‍ ഇവയാണ്‌: പതറാത്ത പ്രകടനം. വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയം. ഗോപീചന്ദിനെ പോലുള്ള ഒരു രാജ്യന്തര താരത്തിന്റെ ശിക്ഷണം. പിന്നെ പ്രായത്തിന്റെ ആനുകൂല്യവും.
ഈ അനുകൂല ഘടകങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലണ്ടനില്‍ ഒരു മെഡല്‍ സാനിയക്ക്‌ നേടാം. തായ്‌ലാന്‍ഡ്‌ ഓപ്പണിലും ഇന്തോനേഷ്യന്‍ ഓപ്പണിലും ശക്തരായ പ്രതിയോഗികള്‍ക്കെതിരെയാണ്‌ ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും കളിച്ചത്‌. ഫൈനല്‍ പോലെ നിര്‍ണായക മല്‍സരത്തില്‍ ആദ്യ സെറ്റ്‌ നഷ്ടമായാല്‍ താരങ്ങള്‍ വിയര്‍ക്കും. നല്ല തുടക്കമാണ്‌ എല്ലാവരും ആഗ്രഹിക്കുക. ഇന്നലെയും സൈനക്ക്‌ തുടക്കം പിഴച്ചിരുന്നു. പക്ഷേ പതറാതെ തിരിച്ചുവന്നു. സമചിത്തത കൈവിടാതെ ഓരോ പോയന്റും നേടി. അവസാന നിമിഷങ്ങളില്‍ സാധാരണ ഇന്ത്യന്‍ താരങ്ങള്‍ പരിഭ്രാന്തി പ്രകടിപ്പിക്കാറുണ്ട്‌. അതുമുണ്ടായില്ല. ഒരു താരത്തെ നമ്മള്‍ പ്രൊഫഷണല്‍ എന്ന്‌ പറയുന്നത്‌ അവരുടെ സമീപനത്തില്‍ നിന്നാണ്‌. അടിമുടി പ്രൊഫഷണലാവാന്‍ ഒരു ഇന്ത്യന്‍ താരത്തിന്‌ കഴിയില്ല. അവര്‍ വളര്‍ന്ന സാഹചര്യങ്ങള്‍ അത്തരത്തിലാണ്‌.
എത്രയോ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ കിരീടം സ്വന്തമാക്കിയവരാണ്‌ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും. പ്രൊഫഷണലുകള്‍ മാത്രം വാഴുന്ന യൂറോപ്യന്‍ സര്‍ക്ക്യൂട്ടില്‍ നിരന്തരം കളിക്കുന്നവര്‍. പടിഞ്ഞാറന്‍ താരങ്ങളുമായി നല്ല സഹവാസമുള്ളവര്‍. പക്ഷേ പെയ്‌സും ഭൂപതിയും കണ്ടാല്‍ മിണ്ടാത്ത തരത്തില്‍ അകന്നിരിക്കുന്നു. ലണ്ടനില്‍ ഇന്ത്യക്ക്‌ വ്യക്തമായ മെഡല്‍ സാധ്യത ടെന്നിസില്‍ നിലനില്‍ക്കവെയാണ്‌ രണ്ട്‌ പേരും പരസ്യമായി ശണ്‌ഠ കൂടുന്നത്‌. പെയ്‌സിനൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന്‌ ഇന്നലെയും ഭൂപതി പരസ്യമായി പറഞ്ഞതിനെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ സമീപനമായി കാണാന്‍ കഴിയില്ല. അഖിലേന്ത്യാ ടെന്നിസ്‌ ഫെഡറേഷന്‍ നിശ്ചയിക്കുന്ന താരത്തിനൊപ്പം കളിക്കാമെന്നാണ്‌ പെയ്‌സ്‌ വ്യക്തമാക്കിയത്‌.
ഭൂപതിയെ പോലുള്ളവരെ കണ്ടാണ്‌ സൈനയും സാനിയയും ബോപ്പണയും ദേവര്‍മനുമെല്ലാം വളരുന്നത്‌. സീനിയര്‍ താരങ്ങള്‍ തന്നെ പ്രൊഫഷണലുകള്‍ എന്നവകാശപ്പെടുമ്പോഴും അച്ചടക്കം കാറ്റില്‍ പറത്തുന്നത്‌ കുറ്റകരമായ അപരാധമാണ്‌.
സൈനയെ പരിശീലിപ്പിക്കുന്നത്‌ ഇന്ത്യ ദര്‍ശിച്ച ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ പ്രതിഭകളിലൊരാളായ പുലേലു ഗോപീചന്ദാണ്‌. ഓള്‍ ഇംഗ്ലണ്ട്‌ ബാഡ്‌മിന്റണ്‍ കിരീടം ഉള്‍പ്പെടെ നിരവധി രാജ്യാന്തര മേളകളില്‍ കിരീടം നേടിയ ഗോപിക്കറിയാം ഇന്ത്യന്‍ സാഹചര്യങ്ങള്‍. അസോസിയേഷനുകളും ഭരണാധികാരികളുമെല്ലാം ബലം പിടിക്കുന്ന നമ്മുടെ കായിക ചട്ടക്കൂട്ടില്‍ നിന്ന്‌ രക്ഷപ്പെടണമെങ്കില്‍ വഴികള്‍ സ്വയം തെരഞ്ഞെടുക്കണം. ഗോപിയുടെ പ്ലാനിംഗിലാണ്‌ സൈന ഏഷ്യന്‍ രാജ്യങ്ങളിലുടെ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്‌. വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോഴാണ്‌ ഒരു താരത്തിന്‌ വലിയ വേദികളെ അറിയാനും അതിനനുസരിച്ച്‌ ഗെയിം പ്ലാന്‍ ചെയ്യാനും കഴിയുകയുള്ളു. പ്രായവും സൈനക്ക്‌ കരുത്താണ്‌.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ സൈന സ്വര്‍ണം നേടുമെന്ന്‌ കരുതി ബാഡ്‌മിന്റണ്‍ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലം. എന്നാല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വന്തം കാണികളുടെ നടുവില്‍ സൈന അരങ്ങ്‌ തകര്‍ത്തിരുന്നു. മലേഷ്യയുടെ വോംഗ്‌ മ്യൂ ചോയെ തോല്‍പ്പിച്ച്‌ കിരീടം ഉയര്‍ത്തി നില്‍ക്കുന്ന സാനിയയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്‌.
പ്രൊഫഷണലായി വളരുന്ന സൈനക്ക്‌ യൂറോപ്പില്‍ അധിക നേട്ടങ്ങളില്ല എന്ന നെഗറ്റീവ്‌ ഘടകമുണ്ട്‌. തായ്‌ലാന്‍ഡ്‌, ഇന്തോനേഷ്യന്‍ ഓപ്പണുകളില്‍ യൂറോപ്യന്‍ താരങ്ങള്‍ അധികം കളിച്ചിട്ടില്ല. ലണ്ടനില്‍ എല്ലാവരുമുണ്ടാവുമെന്നത്‌ മല്‍സരങ്ങളെ ആവേശകരമാക്കും. അവിടെ പ്രൊഫഷണലായി കളിച്ചാല്‍, ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ മെഡല്‍ നേടാനാവും

No comments: