Thursday, June 7, 2012
BOLT, GATLIN, POWEL-THE 100 M WAR
വേഗതയെന്നാല്‍ അത് അമേരിക്കയാണെന്നാണല്ലോ വെപ്പ്. ലോകം ഭരിക്കുന്നവര്‍ അതിവേഗം എല്ലായിടത്തും ഓടിയെത്തുന്നവരാണ്. ആകാശത്തിന് കീഴില്‍ തങ്ങള്‍ക്ക് പിന്നിലാണ് എല്ലാവരുമെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ മടിയില്ലാത്തവര്‍ക്ക് മുന്നിലൂടെയാണ് ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കക്കാരനായ കറുത്ത വര്‍ഗ്ഗക്കാരന്‍ ഓടുന്നത്. 9.04 സെക്കന്‍ഡില്‍ ലണ്ടന്‍ കീഴടക്കുമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചത് അല്‍പ്പം അഹന്തയോടെ തന്നെയാണ്. അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ഞാനാണ് വമ്പന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചതിലുള്ള പുകില് പറയേണ്ടതില്ല. ഒരു മനുഷ്യജന്മത്തിന് 100 മീറ്റര്‍ പിന്നിടാന്‍ കുറഞ്ഞത് 9.04 സെക്കന്‍ഡ് വേണമെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.. സാധ്യമായ സമയമാണ് 9.04 സെക്കന്‍ഡ്‌്. ആ സമയത്തിലേക്കാണ് ബോള്‍ട്ട് നോട്ടമിട്ടിരിക്കുന്നത്. അങ്ങനെയങ്ങ് കുതിക്കാതെ മോനെ എന്ന് പറഞ്ഞ് അമേരിക്കക്കാരനായ ജസ്റ്റിന്‍ ഗാട്‌ലിന്‍ ബോള്‍ട്ടിന് ഉരുളക്ക് ഉപ്പേരിയുമായി രംഗത്ത് വന്നത് രാഷ്‌ട്രീയക്കാരെ വെല്ലുന്ന വേഗതയിലാണ്. കായിക താരങ്ങള്‍ പരസ്‌പരം ഉടക്കാറില്ല. പ്രത്യേകിച്ച് വലിയ വേദികളില്‍. എന്നാല്‍ ബോള്‍ട്ടിനോട് തോല്‍ക്കാനല്ല, അവനെ തോല്‍പ്പിച്ച് ലോക ജേതാവാകാനാണ് ലണ്ടനിലേക്ക് താന്‍ വരുന്നതെന്ന് വ്യക്തമാക്കാന്‍ ഒരു അമേരിക്കന്‍ അഹങ്കാരം തന്നെ ഗാട്‌ലിന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സ്വര്‍ണം നല്‍കില്ലെന്ന് വ്യക്തമാക്കി ബോള്‍ട്ടിന്റെ നാട്ടുകാരനായ അസാഫ പവലും രംഗത്ത് വന്ന സാഹചര്യത്തില്‍ നിസ്സംശയം പറയാം-100 മീറ്റര്‍ ഫൈനല്‍ ലണ്ടനില്‍ ഒരു സംഭവമാകും.
കളിക്കളത്തില്‍ ഒന്നും നമുക്ക് മുന്‍കൂട്ടി പറയാനാവില്ല. വീരവാദം മുഴക്കുന്ന മേല്‍പ്പറഞ്ഞ മൂന്ന് പേരെയും മറികടന്ന് ചിലപ്പോള്‍ ലണ്ടനില്‍ ഒരാള്‍ നെഞ്ച് വിരിച്ചേക്കാം. ഇനി പരുക്ക് വില്ലനാവാം. ലിയു സിയാംഗിന്റെ ബെയ്‌ജിംഗ് വേദന മറക്കാനാവില്ല. ബോള്‍ട്ട് തന്നെ ഇത് വരെ ഒളിംപിക്‌സിനുള്ള ജമൈക്കന്‍ സംഘത്തില്‍ സ്ഥാനം നേടിയിട്ടില്ല. കിംഗ്‌സ്റ്റണില്‍ അടുത്തയാഴ്‌ച്ച നടക്കുന്ന യോഗ്യതാ മല്‍സരങ്ങളില്‍ അദ്ദേഹം കരുത്ത് പ്രകടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമുള്ളവരായി ആരുമില്ല.
പ്രായത്തിന്റെ വലിയ ആനുകൂല്യം ബോള്‍ട്ടിനുണ്ട്. കുതിക്കാന്‍ കഴിയുന്ന കരുത്തുറ്റ പ്രായം-സ്വീറ്റ് 25. മസിലുകള്‍ക്കും മനസ്സിനും ആത്മവിശ്വാസത്തിനും വെല്ലുവിളിക്കുമെല്ലാം ഇത്ര അനുകൂലമായ പ്രായമില്ല. ഗാട്‌ലിനും പവലും 30 പിന്നിട്ടവരാണ്. ചെറിയ പ്രായത്തില്‍ തന്നെ ഒളിംപിക്‌സ് സ്വര്‍ണമുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ ബോള്‍ട്ടിന് ആരോഗ്യ പ്രശ്‌നങ്ങളുമില്ല. ഒരാഴ്‌ച്ച മുമ്പ് ഒസ്‌ട്രാവയില്‍ നടന്ന രാജ്യാന്തര മീറ്റില്‍ 10.04 സെക്കന്‍ഡിലായിരുന്നു അദ്ദേഹം ഫിനിഷ് ചെയ്‌തത്. കാര്യമായ വിശ്രമം ലഭിക്കാതെ പങ്കെടുത്ത മീറ്റിലെ നിരാശക്ക് ശേഷം റോമില്‍ ബോള്‍ട്ട് കരുത്ത് കാട്ടി. 9.76 സെക്കന്‍്‌ഡിലാണ് ഫിനിഷ് ചെയ്‌തത്. അടുത്തയാഴ്‌ച്ച നാട്ടിലെ യോഗ്യതാ മീറ്റിന് ശേഷം യൂറോപ്പില്‍ ചില മല്‍സരങ്ങള്‍ കൂടി അദ്ദേഹം പങ്കെടുക്കും. ശേഷമായിരിക്കും ലണ്ടനിലെത്തുക.
ബഹുമതികളൊന്നും ജമൈക്കക്കാരന് പുത്തരിയല്ല. മല്‍സരങ്ങളും അതിന്റെ സമ്മര്‍ദ്ദവും അദ്ദേഹത്തെ കുഴക്കുന്നില്ല. ചെറിയ പ്രായത്തിനെ എത്രയോ ലോക റെക്കോര്‍ഡുകളും ലോകപ്പട്ടങ്ങളും ഒളിംപിക് നേട്ടങ്ങളും. യൂത്ത്, ജൂനിയര്‍ തലങ്ങള്‍ മുതല്‍ വേഗതയെ പിറകിലാക്കുന്നത് ഹോബിയാണ് ഉസൈന്‍ സെന്റ് ലിയോ ബോള്‍ട്ടിന്. 100 മീറ്ററില്‍ മാത്രമല്ല 200 മീറ്ററിലും 4-100 മീറ്റര്‍ റിലേയിലുമെല്ലാം ലോക റെക്കോര്‍ഡ് ബോള്‍ട്ടിന് സ്വന്തമാണ്. ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ സ്വന്തമാക്കിയ ലോക റെക്കോര്‍ഡ് ഒരു വര്‍ഷത്തിന് ശേഷം ബെര്‍ലിനില്‍ തിരുത്തി. 9.58 സെക്കന്‍ഡായിരുന്നു ബെര്‍ലിന്‍ സമയം. 200 മീറ്ററില്‍ 19.19 സെക്കന്‍ഡില്‍ ബെര്‍ലിനില്‍ പറന്നെത്തി.
വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിലുടെ ഒന്ന് സഞ്ചരിച്ചാല്‍ ബോള്‍ട്ടിന്റെ പേരിലുള്ള സ്വര്‍ണ വര്‍ണ റെക്കോര്‍ഡുകല്‍ കാണാം. തൊട്ടതെല്ലാം പൊന്നാക്കിയ താരം. അമേരിക്കക്കാരനായ ഗാട്‌ലിന് വേണമെങ്കില്‍ വാചകമടിക്കാം. അതാര്‍ക്കും കഴിയുന്നതാണല്ലോ.
9.85 സെക്കന്‍ഡാണ് ഗാട്‌ലിന്റെ ഏറ്റവും മികച്ച 100 മീറ്റര്‍ സമയം. അത് തന്നെ 2004 ലെ ഏതന്‍സ് ഒളിംപിക്‌സില്‍ സ്വന്തമാക്കിയത്. അതിന ശേഷം ട്രാക്കില്‍ പല മാറ്റങ്ങളും വന്നു. ബോള്‍ട്ടിന്റെ അശ്വമേഥത്തിനിടെ വാചകമടിയില്‍ മാത്രം ഗാട്‌ലിന്‍ ഒപ്പമെത്തി. 2004,05 സീസണുകളില്‍ ഗാട്‌ലിനായിരുന്നു ലോകം ഭരിച്ചത്. ഒളിംപിക്‌സ് സ്വര്‍ണം മാത്രമല്ല ഹെല്‍സിങ്കിയില്‍ നടന്ന ലോക അത്‌ലറ്റിക്‌് മീറ്റിലും അദ്ദേഹത്തിനായിരുന്നു 100 ലും 200ലും സ്വര്‍ണം. പക്ഷേ സമീപകാലത്തൊന്നും പഴയ സമയത്തിന്റെ അരികില്‍ അദ്ദേഹം വന്നിട്ടില്ല. ലണ്ടനില്‍ സ്വര്‍ണം നേടുമെന്ന് പറയുമ്പോഴും സ്വന്തം വാദത്തിന് സഹായകമാവുന്ന ഒരു ഘടകവും അമേരിക്കന്‍ താരത്തിന് ഉയര്‍ത്തികാണിക്കാനില്ല. ഒളിംപിക് നേട്ടത്തിന് ശേഷം 2006 ല്‍ ഉത്തേജക വിവാദത്തില്‍ പ്രതിയായതോടെ വിവാദ നായകനായ താരത്തിന്റെ തിരിച്ചുവരവ് ലണ്ടനില്‍ ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് അമേരിക്കക്കാര്‍ക്ക് കഴിയുക.
ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചതിന് ശേഷം വാചകമടിയില്‍ മാത്രം ലോകം ശ്രവിച്ച താരമാണ് അസാഫ പവല്‍. 9.72 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒളിംപിക്‌സ് സ്വര്‍ണമെന്നത് ബെയ്‌ജിംഗില്‍ ബോള്‍ട്ടിനൊപ്പം സ്‌പ്രിന്റ് റിലേയില്‍ നേടിയതാണ്. അല്ലാതെ കാര്യമായ നേട്ടമില്ല
ഈ മുവര്‍ എതിരാളികല്‍ തമ്മിലുള്ള അങ്കം കേവലം പത്ത് സെക്കന്‍ഡിനുള്ളില്‍ അവസാനിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒളിംപിക് പാര്‍ക്കിലെ ആ ഫൈനല്‍ രാത്രിയില്‍ 9-04 സെക്കന്‍ഡ് എന്ന അതിമാനുഷ സമയത്തില്‍ ബോള്‍ട്ട് വരുമോ...? ലണ്ടന്‍ എന്നാല്‍ ബോള്‍ട്ടിന് പ്രിയപ്പെട്ട നഗരം. ഇത് വരെ പരുക്കില്ല. കാറ്റിന്റെ ആനുകൂല്യമുണ്ടായാല്‍, പ്രതിയോഗികള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയാല്‍, വെടിയൊച്ചയുടെ മുഴക്കത്തില്‍ കുതിച്ചാല്‍ അത് സാധ്യമാവും. ഓര്‍ക്കുക-ബോള്‍ട്ട് സ്ലോ സ്‌റ്റാര്‍ട്ടറാണ്......
Subscribe to:
Post Comments (Atom)
No comments:
Post a Comment