Monday, June 25, 2012
WEEPING STARS
കരയാനും നമ്മള്‍ റഎഡി
കൗതുകമുള്ള ഒരു കായികവാര്‍ത്ത കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നിന്ന് വന്നിരുന്നു. അവിടെ നടന്ന് കൊണ്ടിരിക്കുന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസം പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഹരിയാനക്കാരനായ ധരംവീര്‍ സംഘാടകരുടെ കാല്‍ക്കല്‍ കരഞ്ഞ് കൊണ്ട് ഇരക്കുന്നു....!
രാജ്യാന്തര മല്‍സരവേദികളില്‍ നമ്മള്‍ ഇരക്കുന്നവരെ കാണാറില്ല-ഇവിടെ പക്ഷേ അത്തരക്കാര്‍ ധാരാളമുണ്ട്. ധരംവീര്‍ തന്റെ മല്‍സരത്തിന് മുമ്പും ശേഷവും ഡോപ് ടെസ്റ്റ് എന്ന ഉത്തേജക പരിശോധനക്ക് വിധേയനായിരുന്നില്ല. നിലവാരമുള്ള ഒരു താരത്തിനറിയാം ഏത് അംഗീകൃത ചാമ്പ്യന്‍ഷിപ്പിലും ഡോപ് ടെസ്റ്റിന് വിധേയനാവണമെന്നത്. മല്‍സരത്തിന് മുമ്പും ശേഷവും നിര്‍ബന്ധമായും താരങ്ങളുടെ യൂറിന്‍ പരിശോധനക്ക് നല്‍കണം. നമ്മുടെ സ്‌ക്കൂള്‍ കായികമേളകളില്‍ പോലും ഈ സമ്പ്രദായമുള്ളപ്പോഴാണ് ധരംവീര്‍ വിവരമില്ലാത്തവനെ പോലെ പെരുമാറിയത്. സ്വര്‍ണം നേടി മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടം അദ്ദേഹം മനസ്സിലാക്കിയത്. ഉടന്‍ വേദിയിലെത്തി കരഞ്ഞ് കൊണ്ട് ഇരന്നു-മെഡല്‍ തിരിച്ചുവാങ്ങരുതെന്ന് കരഞ്ഞ് പറഞ്ഞു.
നമ്മുടെ അധികാരികളും താരങ്ങളും പരിശീലകരും മരുന്നിനെക്കുറിച്ച് അജ്ഞരാണ് എന്ന് പറയുന്നത് കല്ലുവെച്ച നുണയാവും. എല്ലാവര്‍ക്കും എല്ലാം അറിയാം. അറിഞ്ഞ് കൊണ്ട് തന്നെയാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ വഴിയില്‍ താരങ്ങള്‍ യാത്രയാവുന്നത്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യവെ ഒരു ഇന്ത്യന്‍ താരം ഡോപ് ടെസ്റ്റില്‍ കുടുങ്ങിയതായി വാര്‍ത്തകള്‍ വന്നപ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഒരു മലയാളി അത്‌ലറ്റ് ഓടിയെത്തി ചോദിച്ചു-സാറെ ആ താരത്തിന്റെ പേരറിയുമോ.....? ചോദിച്ചവന്റെ ഉത്‌കണ്‌ഠയില്‍ തന്നെ ആവശ്യമായ തെളിവുകളുണ്ടായിരുന്നു. ഒരു മെഡല്‍ കിട്ടിയാല്‍ അത് വഴി ഭരണക്കൂടങ്ങളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും പാരിതോഷികങ്ങള്‍ നല്‍കും. ഈ പാരിതോഷികങ്ങള്‍ക്കായി മരുന്നല്ല ലഹരി പോലും അകത്താക്കി മല്‍സരിക്കാന്‍ ധൈര്യം കാട്ടുന്നവരായി നമ്മുടെ താരങ്ങള്‍ മാറുമ്പോള്‍ പ്രതിപ്പട്ടികയില്‍ സംഘാടകരും പരിശീലകരുമാണ് ഒന്നാമന്മാര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലും വനിതകളുടെ 400 മീറ്റര്‍ റിലേ സംഘത്തിന്റെ പ്രകടനമായിരുന്നു ട്രാക്കില്‍ ഇന്ത്യക്ക് അഭിമാനമായത്. സിനി ജോസ്, മന്‍ദിപ് കൗര്‍, ടിയാന മേരി തുടങ്ങിയവരടങ്ങുന്ന ടീം പക്ഷേ ഉത്തേജക വിവാദത്തില്‍ പിടിക്കപ്പെട്ട് ഇപ്പോള്‍ ഒളിംപിക്‌സ് ട്രയല്‍സില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ പുറത്ത് നില്‍ക്കുകയാണ്. ബോക്‌സിംഗിലും ഭാരോദ്വഹനത്തിലുമെല്ലാം നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ മരുന്നടിക്ക് പിടിക്കപ്പെട്ട് പുറത്തായിട്ടുണ്ടെങ്കിലും ട്രാക്കില്‍ ആദ്യമായാണ് ഒരു സംഘം താരങ്ങള്‍ പിടിക്കപ്പെട്ടത്. ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ (2002) പിടിക്കപ്പെട്ട് മെഡല്‍ നഷ്ടമായ സുനിതാ റാണിയെ പോലുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍കൊണ്ടായിരുന്നു അത്‌ലറ്റുകള്‍ ജാഗ്രത പാലിച്ചത്. പക്ഷേ സിനിയും കൗറും പിന്നെ അശ്വനി അങ്കുജിയുമെല്ലാം പിടിക്കപ്പെട്ട വാര്‍ത്ത വന്നത് ഞെട്ടലോയൊണ് ശ്രവിച്ചത്. കാരണം ഈ താരങ്ങളെയെല്ലാം അറിയാമായിരുന്നു. വളരെ പാവപ്പെട്ടവര്‍. സ്വന്തം പ്രാദേശിക ഭാഷക്കപ്പുറം സംസാരിക്കാന്‍ കഴിയാത്തവര്‍. എന്താണ് ദോഷം ചെയ്യുന്ന മരുന്നുകള്‍ എന്ന് അറിയാത്തവര്‍, സ്‌റ്റീറോയിഡുകളുടെ അപകടമറിയാത്തവര്‍. ഒരു പനി വന്നാല്‍ അനാസിന്‍ മാത്രം കഴിക്കുന്നവര്‍..... അവരെങ്ങനെ ഇത്തരത്തില്‍ ഉത്തേജകത്തിനടിമകളായി എന്ന ചോദ്യത്തിനുത്തരം തേടാന്‍ ശ്രമിച്ചപ്പോള്‍ വിദേശ പരിശീലകര്‍ തന്നെയയിരുന്നു മനസ്സില്‍. മരിയം ജോണ്‍സും ബെന്‍ ജോണ്‍സണും കാതറിന്‍ കാപ്രിയുമെല്ലാം മരുന്നില്‍ തളര്‍ന്നവരായിട്ടും പരിശീലകര്‍ സ്വന്തം ഇമേജ് നിലനിര്‍ത്താനും ശിഷ്യര്‍ക്ക് മെഡലുകള്‍ ലഭിക്കാനായും നിരോധിക്കപ്പെട്ടതെല്ലാം താരങ്ങള്‍ക്ക് നല്‍കും. ശിഷ്യക്ക് മെഡല്‍ കിട്ടിയാല്‍ ആ വഴി സ്വന്തം പ്രതിഫലം ഉയര്‍ത്താനും പരിശീലക വ്യവസായ മേഖലയില്‍ പുതിയ വിലാസം നേടാനുമാവും. പട്യാല എന്‍.ഐ.എസിലെ വിദേശ പരിശീലക സംഘത്തിലെ പ്രമുഖനായിരുന്ന ഉക്രൈന്‍കാരന്‍ യൂറി ഒഗ്രോഡിങ്കിനെ കായിക മന്ത്രി അജിത്‌് മാകന്‍ പുറത്താക്കിയത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാവുമെന്ന് കരുതി. പക്ഷേ പരിശീലകര്‍ ഇപ്പോഴും താരങ്ങളെയും സ്‌പോര്‍ട്‌സിനെയും ചതിക്കുന്നു എന്നതിന് തെളിവാണ് ധരംവീര്‍ സംഭവം.
നമുക്കൊരു ഡോപ്പിംഗ് ഏജന്‍സിയുണ്ട്-നാഷണല്‍ ആന്‍ഡി ഡോപിംഗ് ഏജന്‍സി അഥവാ നാഡ. ഈ സംഘത്തിലുള്ളവര്‍ കര്‍ക്കശക്കാരാണ്. അത് കൊണ്ടാണ് താരങ്ങളെ കരുണയില്ലാതെ പിടിക്കുന്നത്. പക്ഷേ താരങ്ങള്‍ക്ക് ഭക്ഷണം നിശ്ചയിക്കുന്ന, മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന പരിശീലകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരുമില്ല. കോച്ച് പറയുന്ന ഭക്ഷണവും മരുന്നും കഴിക്കുമ്പോള്‍ ആ ഉപദേശത്തെ സംശയിക്കേണ്ടതില്ല എന്ന വികാരമാണ് താരങ്ങള്‍ക്ക്. പരിശീലകര്‍ക്ക് ഇതിന് മറുപടിയുണ്ട്. ലോക ആന്‍ഡി ഡോപ്പിംഗ് ഏജന്‍സി (വാഡ) പട്ടികയിലുളള നിരോധിക്കപ്പെട്ട മരുന്നുകള്‍ ഏതെങ്കിലും പരിശീലകന്‍ നിര്‍ദ്ദേശിക്കുമോ എന്ന മറുപടി. താരങ്ങളും പരിശീലകരും താരങ്ങളുമാണ് സംഭവത്തിലെ പ്രതികളെന്ന അഴകൊഴമ്പന്‍ മറുപടിയാണ് കായികാധികാരികള്‍ സ്ഥിരമായി നല്‍കാറുള്ളത്.
ലണ്ടനിലെ ട്രാക്കില്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷകളുണ്ടായിരുന്നത് വനിതകളുടെ 4-400 മീറ്റര്‍ സംഘത്തിലായിരുന്നു. മരുന്നടി വിവാദത്തില്‍ അത് നേരത്തെ അസ്‌തമിച്ചിരിക്കുന്നു. ആ സംഭവത്തില്‍ എല്ലാവരും പാഠം പഠിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് ധരംവീര്‍ സംഭവം ഉണ്ടായിരിക്കുന്നത്. ഒളിംപിക്‌സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പായി വിലയിരുത്തപ്പെട്ട വേദിയില്‍ പൊട്ടിക്കരഞ്ഞ് കാല് പിടിച്ച താരം നമ്മുടെ പഴകി ദ്രവിച്ച കായിക സമ്പ്രദായത്തിന്റെ പരിഛേദമാണ്.
ലോകം കുതികുതിക്കുകയാണ്. ഉസൈന്‍ ബോള്‍ട്ട് പറയുന്നത് 9-04 സെക്കന്‍ഡാണ്.... ചൈന ലക്ഷ്യമിടുന്നത് 100 സ്വര്‍ണമാണ്.... നമ്മള്‍ കരയുകയാണ്........കാല് പിടിക്കുകയാണ്.....കബഡിക്കാരുടെ രാജ്യത്ത് കരയുന്നവരുടെ പട...... ചിരിക്കാനല്ലാതെ നമുക്കും കരയാനാവില്ലല്ലോ....!
Subscribe to:
Post Comments (Atom)
No comments:
Post a Comment