Thursday, June 21, 2012
ITS OUR FATE
ചിരി ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. നാട്ടിലുടനീളം ചിരി ക്ലബുകള്‍ രൂപികരിച്ച് ജനങ്ങളെ ചിരിക്കാന്‍ പഠിപ്പിക്കുന്നവരുമുണ്ട്‌്. ചിരി ആയുസിന്റെ മരുന്നാണെങ്കില്‍ ഏറ്റവുമധികം കാലം ജിവിച്ചിരിക്കുക കായിക പ്രേമികളാവും. അത്രയധികം അവര്‍ ആസ്വദിക്കുന്നുണ്ട് നമ്മുടെ കായിക കലാലയത്തിലെ സംഭവവികാസങ്ങളെ. ഇന്ത്യന്‍ കായികദുരന്തങ്ങളില്‍ കുറെകാലം പരിതപിച്ചവരാണ് നാട്ടുകാര്‍. എപ്പോഴും കരഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവരിപ്പോള്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു. കായിക വാര്‍ത്തകള്‍ സാധാരണഗതിയില്‍ വായനക്കാര്‍ക്ക് പ്രദാനം ചെയ്യുക ആവേശമാണ്. മല്‍സരഫലങ്ങളും കളിയുടെ ആവേശ മുഹൂര്‍ത്തങ്ങളെ പകര്‍ത്തിയുള്ള വിവരണങ്ങളുമെല്ലാമായി ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ കാണുന്ന സസ്‌പെന്‍സും ആവേശവുമെല്ലാം വായനയില്‍ ലഭിക്കും. പക്ഷേ ഇന്ത്യന്‍ കായികാധികാരികള്‍ നായകരാവുന്ന വാര്‍ത്തകളാണെങ്കില്‍ അത് വലിയ തമാശയാണ്. അവരുടെ പ്രഖ്യാപനങ്ങള്‍, യാഥാര്‍ത്ഥ്യങ്ങളെ വിസ്‌മരിച്ചുള്ള നിലപാടുകള്‍, തമ്മിലടികള്‍, വടം വലികള്‍, കുശുമ്പ്, കുന്നായ്‌മ, കാലുവാരല്‍ അങ്ങനെ ഒരു കബഡി മല്‍സരത്തിലെന്ന പോലെ പ്രതിയോഗികളെ എങ്ങനെ കൊല്ലാമെന്ന തരത്തിലുള്ള കരുനീക്കങ്ങള്‍.
ലണ്ടന്‍ ഒളിംപിക്‌സില്‍ രണ്ട് ടെന്നിസ് ടീമുകള്‍ പുരുഷ ഡബിള്‍സില്‍ പങ്കെടുക്കുമെന്ന അസോസിയേഷന്റെ പുതിയ പ്രഖ്യാപനമാണ് ചിരിക്കാനുള്ള പുതിയ വാര്‍ത്ത. പെയ്‌സിനൊപ്പം വിഷ്‌ണുവര്‍ദ്ധന്‍, മഹേഷ് ഭൂപതിയും രോഹന്‍ ബോപ്പണ്ണയുമടങ്ങുന്ന രണ്ടാം ടീം. മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സിനൊപ്പം സാനിയ മിര്‍സ.... ഇവരെയാണ് അസോസിയേഷന്‍ ഇന്നലെ രാവിലെ പ്രഖ്യാപിച്ചത്. എന്നാല്‍ വൈകീട്ട് ജൂനിയര്‍ താരത്തോടൊപ്പം കളിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് പെയ്‌സ് അസോസിയേഷന് കത്തയക്കുകയും ചെയ്‌തു.
ഒരു സ്‌ക്കൂള്‍ ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പോലും അതിന്റെ മാനദണ്ഡം മികവാണ്. മികച്ച കളിക്കാരനെയാണ് ടീമിലേക്ക് തെരഞ്ഞെടുക്കുക. നമ്മുടെ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കായിക മന്ത്രാലയവുമെല്ലാം അവസാന നിമിഷത്തില്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത് മികവിന്റെ അടിസ്ഥാനത്തില്ലല്ല-അതിവിശാല നയതന്ത്ര-കൂര്‍മ ബുദ്ദി ഉപയോഗിച്ചാണത്രെ...! ആ ബുദ്ധിയെയാണ് പെയ്‌സ് ചോദ്യം ചെയ്‌തത്.
മറ്റ് രാജ്യക്കാര്‍ ഒളിംപിക്‌സ് മുന്‍നിര്‍ത്തി ഗെയിംസ് ഇനങ്ങളില്‍ പങ്കെടുക്കേണ്ട ടീമുകളിലെ താരങ്ങളെ നേരത്തെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി ഇപ്പോള്‍ മെഡല്‍വേട്ടക്ക് സജ്ജമായിരിക്കുകയാണ്. നമ്മള്‍ അവസാന നിമിഷം വരെ കാത്തിരുന്നു. ഇപ്പോഴാവട്ടെ അവസാനിക്കാത്ത പ്രശ്‌നങ്ങളും. കളിക്കാരെ ഏകോപിപ്പിക്കാന്‍ എന്തിനാണ് രാഷ്‌ട്രീയം..? എന്തിനാണ് നയതന്ത്രം...? എന്തിനാണ് ഭരണകര്‍ത്താക്കളുടെ ഇടപെടല്‍...? അസോസിയേഷന് ഇടപെടാന്‍ അധികാരമുണ്ട്. അവര്‍ ആവശ്യത്തിനല്ല അനാവശ്യത്തിനാണ് ഇടപെടാറുള്ളത്. ടെന്നിസ് അസോസിയേഷന്‌് പെയ്‌സിനോടോ ഭൂപതിയോടോ സംസാരിക്കാന്‍ ധൈര്യമില്ല. സംസാരിച്ചാണ് ടീമിനെ പ്രഖ്യാപിച്ചതെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അസോസിയേഷന്‍ രാവിലെ ടീമിനെ പ്രഖ്യാപിക്കുന്നു, വൈകീട്ട് താനില്ലെന്ന് പെയ്‌സ് പറയുന്നു.
ഉന്നതങ്ങളില്‍ വസിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍. സീനിയര്‍ താരങ്ങളുടെ കാരുണ്യത്തില്‍ കഴിയുന്നവരാണ് അസോസിയേഷന്‍ മേധാവികള്‍. പെയ്‌സും ഭൂപതിയും തമ്മിലുളള പിണക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പിണക്കം ശത്രുതയായി മാറിയിട്ടും വര്‍ഷങ്ങളായി. ശത്രുത അക്രമാസക്തത കൈവരിച്ചിട്ട് ഒരു വര്‍ഷമായി. ഈ ഒരു ഘട്ടത്തിലും ക്രിയാത്മകമായ ഇടപെടല്‍ ഫെഡറേഷന്‍ നടത്തിയില്ല. ഇടപെട്ടാല്‍ പെയ്‌സ് തനിക്കെതിരാവുമോ, ഭൂപതി എതിരാവുമോ എന്ന പേടി. രാഷ്‌ട്രീയക്കാരന്റെ അവസരബുദ്ധി പോലെ രണ്ടാളെ കാണുമ്പോഴും ചിരിക്കുന്ന അസോസിയേഷന്‍ നയതന്ത്രമാണ് കാര്യങ്ങളെ ഈ വിധം വഷളാക്കിയത്.
താരങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത അസോസിയേഷന്‍കാരോട് നീ പോടാ എന്ന് പറയാനുള്ള ധൈര്യം കായിക മന്ത്രാലയത്തിനില്ല. അവിടെയും കസേരയില്‍ അള്ളിപിടിച്ചിരിക്കാന്‍ വൃത്തിക്കെട്ട നയതന്ത്രം പ്രയോഗിക്കുന്നവരാണുള്ളത്. അജയ് മാക്കന്‍ എന്ന കായികമന്ത്രി ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ സര്‍ക്കാരിലെ ചില ഉന്നതര്‍ ഇടപ്പെട്ടു. അസോസിയേഷനുകളുടെ തലപ്പത്ത് മുഴുവന്‍ വലിയ പുലികളായതിനാല്‍ മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. മന്ത്രി പറഞ്ഞാല്‍ പെയ്‌സ് അനുസരിക്കുമെന്നാണ് ടെന്നിസ് അസോസിയേഷന്റെ ഒരു സീനിയര്‍ നേതാവ് പറഞ്ഞത്. അതായത് ടീമിനെ നിശ്ചയിക്കാന്‍ മന്ത്രി ഇടപെടണമെന്ന്. മന്ത്രി പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാഷ്‌ട്രപതി ഇടപെടണമെന്ന ആവശ്യം ഉയരും.
പെയ്‌സ് പിന്മാറാന്‍ തീരുമാനിച്ചത് ഒരു തരത്തില്‍ നന്നായി. ഒരു ജൂനിയര്‍ താരത്തെ തന്റെ പങ്കാളിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം എന്ന് പറയാം. കണ്ടാല്‍ മിണ്ടാത്ത താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ആദ്യ മല്‍സരം മുതല്‍ ടെന്‍ഷനായിരിക്കും. രണ്ട് ടീമുകളാണ് കളിക്കുന്നതെങ്കില്‍ രണ്ട് ടീമിനും ജയം അഭിമാന പ്രശ്‌നമാവും. ഈ അഭിമാന വിഷയത്തില്‍ സമ്മര്‍ദ്ദത്തിനായിരിക്കും മുഖ്യറോള്‍. തോറ്റാല്‍ പറയാന്‍ കൂറെ കാര്യങ്ങളുണ്ടാവും. ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന പശ്ചാതാപത്തിനും സാധ്യതയുണ്ട്. പശ്ചാതപിച്ച ഒരാളെ ആരും വേട്ടയാടില്ല. പക്ഷേ നഷ്ടമാവുന്നത് ഒരു ഒളിംപിക്‌സും മെഡലുമെല്ലാമാണ്. പെയ്‌സ് മഹാനായ താരമാണ്. ഡേവിസ് കപ്പുകളില്‍ മാസ്‌മരിക പ്രകടനങ്ങള്‍ നടത്തിയ താരം. രാജ്യമെന്നാല്‍ അദ്ദേഹത്തിനത് വികാരമാണ്. ത്രിവര്‍ണ പതാകയേന്താന്‍ ലഭിക്കുന്ന അവസരങ്ങളെ ബഹുമാനിച്ചിട്ടുള്ള താരത്തിന് പക്ഷേ ഇപ്പോള്‍ ചിലതെല്ലാം സംഭവിച്ചിട്ടുണ്ട്. ഭൂപതിയും ഇപ്പോള്‍ ഏറെ മാറിയിരിക്കുന്നു. സത്യത്തില്‍ ഇവരെ രണ്ട് പേരെയും മാറ്റിനിര്‍ത്തി യുവതാരങ്ങളെ പരിക്ഷിക്കണമായിരുന്നു. റാങ്കിംഗിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂനിയര്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സ് എന്‍ട്രി എളുപ്പമല്ല. പക്ഷേ സോമദേവാണെങ്കില്‍, വിഷ്‌ണുവര്‍ദ്ധനാണെങ്കില്‍ ബാംബ്രിയാണെങ്കില്‍ അവര്‍ക്കെല്ലാം മുമ്പേ അവസരങ്ങള്‍ നല്‍കണമായിരുന്നു.
കണ്‍മുന്നില്‍ ഇപ്പോഴും ഡല്‍ഹി ഖന്ന സ്‌റ്റേഡിയത്തിലെ സോമദേവിന്റെ കോമണ്‍വെല്‍ത്ത് പ്രകടനമുണ്ട്. ഓസ്‌ട്രേലിയന്‍ അഹങ്കാരവുമായി ഫൈനല്‍ കളിച്ച ഗ്രെഗ് ജോണ്‍സിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത കാഴ്‌ച്ച....വിജയശ്രീലാളിതനായി മൈതാനത്ത് വീണ് മണ്ണിനെ ചുംബനം ചെയ്‌ത താരം.... ഇതാ ഞാന്‍ വന്നിരിക്കുന്നു എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ ആ ദേവര്‍മനെ പക്ഷേ അധികാരികള്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. പരുക്കിന്റെ പിടിയില്‍ അകന്നു പോയ ദേവര്‍മനെ പോലുള്ള എത്രയോ കരുത്തര്‍ നമുക്കൊപ്പമുണ്ട്. അവരെ ആരും കണ്ടെത്തുന്നില്ല, വളര്‍ത്തുന്നില്ല. അടിസ്ഥാന വിഷയം ഇതാണ്....
Subscribe to:
Post Comments (Atom)
No comments:
Post a Comment