Friday, June 29, 2012
Rehmankka Sorry
സോറീ-റഹ്‌മാന്‍ക്ക
ഒളിംപിക്‌സുകള്‍ വരുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നവരില്‍ ഒന്നാമനാണ് റഹ്‌മാന്‍ക്ക. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിരോധ വിലാസക്കാരനായിരുന്ന താഴത്തേരി അബ്ദുള്‍ റഹ്‌മാന്‍ എന്ന ഒളിംപ്യന്‍ റഹ്‌മാന്‍. എപ്പോള്‍ കാണുമ്പോഴും റഹ്‌മാന്‍ക്ക 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലെ അനുഭവങ്ങള്‍ പറയുമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കേട്ടിരിക്കും. മെല്‍ബണിലേക്കുള്ള യാത്രയില്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍ കയറി കുടുങ്ങിയതും സ്‌റ്റേഡിയത്തിനുള്ളിലെ ആരവങ്ങളില്‍ സ്വയം മറന്നതും ഇന്ത്യ സെമി കളിച്ചതും ഓസ്‌ട്രേലിയയെ പോലെ പ്രബലര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയതുമെല്ലാം അദ്ദേഹം പറയും. പരുക്ക് കാരണം 1960 ലെ റോം ഒളിംപിക്‌സില്‍ പങ്കെടുക്കാനാവാത്തതിന്റെ വേദനയും റഹ്‌മാന്‍ക്ക മറച്ച് വെച്ചിരുന്നില്ല...
ഈ ഒളിംപിക് വര്‍ഷത്തില്‍ എവിടെയാണ് നമ്മുടെ ഫുട്‌ബോള്‍...? ഇന്നലെ നമ്മുടെ അണ്ടര്‍-22 ടീം മസ്‌ക്കറ്റില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അണ്ടര്‍ -22 ചാമ്പ്യന്‍ഷിപ്പില്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനെ സമനിലയില്‍ തളച്ചത് ഒരു പത്രത്തിലോ ചാനലുകളിലോ വാര്‍ത്ത പോലുമായില്ല. ഡേവിഡ് ബെക്കാം എന്ന സൂപ്പര്‍ താരത്തിന് ലണ്ടന്‍ ഒളിംപിക്‌സിനുള്ള ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ വലിയ മോഹമുണ്ടായിരുന്നു. പക്ഷേ ഇംഗ്ലീഷ് കോച്ച് പ്രഖ്യാപിച്ച പതിനെട്ടംഗ സംഘത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാത്തത് ലോക മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയത് പോലെ നമ്മുടെ പത്രങ്ങളും സ്‌പോര്‍ട്‌സ് പേജുകളില്‍ ചിത്രസഹിതം വാര്‍ത്തയാക്കി.
ഫുട്‌ബോളെന്നാല്‍ നമുക്കത് യൂറോപ്പാണ്. യൂറോ വാര്‍ത്തകളാണ് നിറയെ. ഇന്ത്യന്‍ ഫുട്‌ബോള്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ തന്നെ വായനക്കാരന്‍ അതിനെ നിഷ്‌കരുണം തള്ളും.
ഒളിംപിക്‌സുകളില്‍ പ്രതിയോഗികളെ വിരട്ടിയിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗതകാല പ്രൗഡി പോലും ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത തരത്തില്‍ നമ്മള്‍ അധ:പതിച്ചതിന് പിറകിലെ കാര്യകാരണങ്ങള്‍ തേടിയാല്‍ ഇതേ പംക്തിയില്‍ മുന്‍ലക്കങ്ങളില്‍ പറഞ്ഞ സംഘാടക ദുരവസ്ഥയിലേക്ക് തിരികെ പോവേണ്ടി വരും. അതാവട്ടെ ആവര്‍ത്തന വിരസവുമാണ്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഏ.എഫ്.സിയുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നു. വന്‍കരയിലെ സോക്കര്‍ അതികായരായ സഊദി അറബ്യയും ജപ്പാനും കൊറിയകളും പിന്നെ ഓഷ്യാനയില്‍ നിന്ന് ഏഷ്യ തേടിയെത്തിയ ഓസ്‌ട്രേലിയക്കാരും. എല്ലാവര്‍ക്കും അല്‍ഭുതമായിരുന്നു ഇന്ത്യ. ഖത്തറിലെ പ്രവാസി ജനസംഖ്യയില്‍ മലയാളികളും ഇന്ത്യക്കാരും ഏറെയുള്ളതിനാല്‍ ഇന്ത്യന്‍ മല്‍സരങ്ങള്‍ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.
ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ബഹറൈന്‍ എന്നി ശക്തര്‍ക്കൊപ്പമായിരുന്നു ഇന്ത്യ. അതിനാല്‍ തന്നെ വിജയ പ്രതീക്ഷ ഒരു മല്‍സരത്തിലുമുണ്ടായിരുന്നില്ല. പക്ഷേ ഇരുപതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍കരാ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ യോഗ്യത നേടിയപ്പോള്‍ അത് ആഘോഷമാക്കാന്‍ കളിപ്രേമികള്‍ തയ്യാറായി. ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് ഗോളുകള്‍ വാങ്ങി, രണ്ടാ മല്‍സരത്തില്‍ ബഹറൈന്‍ ഇന്ത്യന്‍ വലയില്‍ നിക്ഷേപിച്ചത് അഞ്ച് ഗോളുകള്‍, അല്‍ഖറാഫയില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാര്‍ നാല് ഗോളുകളും സമ്മാനിച്ചു. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് പതിമൂന്ന് ഗോളുകള്‍ വഴങ്ങിയപ്പോള്‍ മൂന്ന് ഗോളുകള്‍ മടക്കാനായത് മാത്രം ആശ്വാസമായി. ബഹറൈനെതിരെ ഗുര്‍മാംഗി സിംഗ്, സുനില്‍ ചേത്രി, ഓസ്‌ട്രേലിയക്കെതിരെയും ചേത്രി എന്നിവരാണ് ഇന്ത്യന്‍ ഗോളുകള്‍ നേടിയത്. (ഓസ്‌ട്രേലിയക്കെതിരെ ചേത്രി ഗോള്‍ നേടിയപ്പോള്‍ മീഡിയാ ബോക്‌സില്‍ അരികിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പത്രക്കാരന്‍ ലെഡാല്‍ കോഹന്റെ -സിഡ്‌നി ടൈംസ്‌് പരിഹാസ ചിരി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്) 2008 ലെ ഏ.എഫ്.സി ചാലഞ്ച് കപ്പിലെ വിജയികള്‍ എന്ന ആനുകൂല്യത്തില്‍ വന്‍കരാ ടിക്കറ്റ് നേടിയ ടീമിന്റെ ബ്രിട്ടിഷ് കോച്ച് ബോബ് ഹൂട്ടണുമായി മല്‍സരങ്ങളുടെ ഇടവേളകളില്‍ ദീര്‍ഘസമയം സംസാരിക്കാറുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ വ്യക്തമായ ദിര്‍ഘകാല പ്ലാനിംഗുമായി സഞ്ചരിച്ച ഹൂട്ടണ്‍ പക്ഷേ ഈ ചാമ്പ്യന്‍ഷിപ്പിന് ശേഷം പുറത്തായി. ഖത്തറില്‍ നിന്നും മടങ്ങവെ വിമാനത്തില്‍ ഇന്ത്യന്‍ ടീമിലെ മലയാളികളായ മുഹമ്മദ് റാഫിയും എന്‍.പി പ്രദീപുമുണ്ടായിരുന്നു. രണ്ട് പേര്‍ക്കും പറയാനുണ്ടായിരുന്നത് കോച്ചിന്റെ പോസീറ്റിവ് സമീപനങ്ങള്‍. പക്ഷേ നമ്മുടെ ഫുട്‌ബോളിനെ ഭരിക്കുന്നവര്‍ക്ക് വിജയങ്ങളായിരുന്നു നിര്‍ബന്ധം. ഹൂട്ടണ് പകരം അര്‍മാന്‍്‌ഡോ കോളോസോ വന്നു-തോല്‍വികള്‍ തുടര്‍ക്കഥയായി. അതിന് ശേഷം സാവിയോ മെഡേരക്ക് അവസരം നല്‍കി.-രക്ഷയുണ്ടായില്ല. ഇപ്പോള്‍ ഡച്ചുകാരനായ വിം കോവര്‍മാന്‍സാണ് കോച്ച്.
ഫിഫയുടെ റാങ്കിംഗില്‍ ഇന്ത്യ ഏറെ പിറകിലാണ്. ലോക സോക്കറിന് സുപരിചിതനായി ഒരു ഇന്ത്യന്‍ താരം പോലുമില്ല. വിദേശത്ത് കളിച്ച താരമെന്ന് ചുണ്ടിക്കാട്ടാന്‍ ഇത് വരെ ഒരു ബൈജൂംഗ് ബൂട്ടിയ ഉണ്ടായിരുന്നു. അദ്ദേഹവും കളി നിര്‍ത്തിയിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ തിരക്കുള്ള കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കുന്നത്. അദ്ദേഹത്തിന് ഭരണചക്രം തിരിക്കാന്‍ തന്നെ സമയമില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗവും കേന്ദ്രമന്ത്രിയുമെല്ലാമായ പ്രിയരഞ്‌ജന്‍ദാസ് മുന്‍ഷിയായിരുന്നു നേരത്തെ ഫെഡറേഷന്റെ തലവന്‍. മുന്‍ഷി അസുധബാധിതനായപ്പോള്‍ ആ കസേരയാണ് പട്ടേല്‍ പിടിച്ചെടുത്തത്. മുന്‍ഷി അസുഖ കിടക്കയിലും ഒരു വര്‍ഷത്തോളം ഫെഡറേഷന്റെ തലവനായിരുന്നു. ലണ്ടനില്‍ ഒളിംപിക്‌സ് നടക്കുന്നത് ഇത്തരക്കാര്‍ അറിയുന്നുണ്ട്. പക്ഷേ പ്രതികരിക്കില്ല (പ്രതികരിക്കാതിരിക്കലാണ് കായിക ഭരണക്കാരുടെ യോഗ്യതകളില്‍ പ്രധാനം)
യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിനും ഇറ്റലിയും നാളെ ഫൈനല്‍ കളിക്കുകയാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ മനസ്സുകള്‍ മുഴുവന്‍ ആ ഫൈനല്‍ പോരാട്ടം ആസ്വദിക്കാന്‍ ടെലിവിഷന് മുന്നിലുണ്ടാവും. സ്വന്തം ടീമിന്റെ ഒരു മല്‍സരം കാണാന്‍ അവര്‍ക്ക് അവസരമില്ല. പിന്നെ അന്യരുടെ കളി കണ്ട് ആഗോള ഫുട്‌ബോളിന് സിന്ദാബാദ് വിളിക്കുന്നതാണല്ലോ ബുദ്ധി...!
ഇതെഴുതി കഴിഞ്ഞപ്പോള്‍ റഹ്‌മാന്‍ക്ക മുന്നിലെത്തി ചീത്ത പറയുന്നത് പോലെ-എടാ നീ ഇങ്ങനെ എഴുതിയത് കൊണ്ടൊന്നും നമ്മുടെ ഫുട്‌ബോള്‍ നന്നാവില്ല... അവന്മാര്‍ പോക്കറ്റടിക്കാരാണ്, ആര് വിചാരിച്ചാലും അവരെ നന്നാക്കാനാവില്ല......
Subscribe to:
Post Comments (Atom)
No comments:
Post a Comment