Thursday, June 14, 2012

WHAT A SHAME....






പെണ്ണിനായുള്ള ഇന്ത്യന്‍ ബലബലം അഥവാ നമ്മുടെ സ്വന്തം നാണക്കേട്‌

ഇന്ത്യാ മഹാരാജ്യത്തിന്‌ വിശേഷണങ്ങള്‍ നിരവധിയുണ്ട്‌. കായിക വിശേഷണങ്ങളില്‍ മാത്രമാണ്‌ ദാരിദ്ര്യം കടന്ന്‌ വരുന്നത്‌. മനുഷ്യവിഭവ ശേഷിയില്‍ എല്ലാവരെയു പിറകിലാക്കുമ്പോഴും രാജ്യാന്തര തലത്തിലെ കായികാംഗീകാരം കിട്ടാകനിയായി നില്‍ക്കുന്നു. തമ്മില്‍ തല്ലുകാരുടെ കായികനാടാണ്‌ ഇന്ത്യയെന്ന്‌ ബ്രിട്ടിഷുകാരല്ലാത്ത ചിലര്‍ പരിഹസിക്കാറുണ്ടായിരുന്നു. അതിനവര്‍ക്ക്‌ ഉപോത്‌പലകമായി ചുണ്ടിക്കാട്ടാനുണ്ടായിരുന്നത്‌ കബഡിയെ പോലുള്ള മല്‍സര ഇനങ്ങളായിരുന്നു. പിന്നെ ടെന്നിസിലെ തൊഴുത്തില്‍ കുത്തും. ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും ലോക ടെന്നിസ്‌ ഡബിള്‍സ്‌ റാങ്കിംഗില്‍ ഒന്നാമത്‌ വന്നവരായിരുന്നു. നിരവധി ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയവര്‍ പക്ഷേ ഇടക്ക്‌ വെച്ച്‌ തമ്മില്‍ തല്ലി പിരിഞ്ഞു. ഈ വേര്‍പിരിയില്‍ ലോകം ആഘോഷമാക്കിയത്‌ ഇന്ത്യയെ പരിഹസിച്ചായിരുന്നു. ടെന്നിസ്‌ തല്ലിന്റെ തുടരധ്യായമായി സാനിയ മിര്‍സയെ പാര്‍ട്ട്‌ണറാക്കുന്നത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി. പെയ്‌സിനും ഭൂപതിക്കും സാനിയയെ വേണം. രണ്ട്‌ പേരും താല്‍പ്പര്യം പരസ്യമാക്കി. സാനിയയാവട്ടെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റോടെ മനസ്‌ തുറക്കാതെ രണ്ട്‌ പേരോടും സഹകരിച്ചു. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ പെയ്‌സിനൊപ്പം മിക്‌ഡസ്‌ ഡബിള്‍സില്‍ സാനിയ സ്വര്‍ണം നേടിയപ്പോള്‍ ഭൂപതിക്ക്‌ അത്‌ ദഹിച്ചില്ല. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഭൂപതി ഫൗണ്ടേഷന്റെ ബാനറില്‍ സാനിയയെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ അദ്ദേഹം വിജയിച്ചു. ഒടുവിലിപ്പോള്‍ ഫ്രഞ്ച്‌ ഓപ്പണിലെ മിക്‌ഡസ്‌ ഡബിള്‍സ്‌ കിരീടം വരെയെത്തി നില്‍ക്കുന്നു ഈ കൂട്ടുകെട്ട്‌.
ലണ്ടന്‍ ഒളിംപിക്‌സില്‍ സാനിയ കളിക്കുമോ എന്നത്‌ ഉറപ്പില്ലാത്ത കാര്യം. സിംഗിള്‍സ്‌ മല്‍സരങ്ങളില്‍ വൈല്‍ഡ്‌കാര്‍ഡ്‌ എന്‍ട്രിയായി അവസരം ലഭിച്ചാല്‍ മാത്രമാണ്‌ ഡബിള്‍സില്‍ മല്‍സരിക്കാനാവുക. ഡബിള്‍സില്‍ കളിക്കാന്‍ പെയ്‌സിനും ഭൂപതിക്കും യോഗ്യതയുണ്ട്‌. വൈല്‍ഡ്‌ കാര്‍ഡായി സാനിയ മല്‍സരിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ഭൂപതിക്കൊപ്പമായിരിക്കും സാനിയയുടെ മിക്‌സഡ്‌ ഡബിള്‍സ്‌.
ഒരു പാര്‍ട്ട്‌ണറെ കിട്ടാന്‍ ഇങ്ങനെയുള്ള തമ്മില്‍ തല്ല്‌ ഇവിടെ മാത്രമല്ലേ നടക്കുക...? നമ്മെ പരിഹസിക്കാന്‍ നമ്മള്‍ തന്നെ ആയുധം നല്‍കുന്നു.
ഒളിംപിക്‌സില്‍ ലോക പ്രശസ്‌ത താരങ്ങളെല്ലാം കളിക്കാനെത്തുന്നുണ്ട്‌. റോജര്‍ ഫെഡ്‌ററും റഫേല്‍ നദാലും മരിയ ഷറപ്പോവയും (റഷ്യന്‍ പതാക വഹിക്കുന്നത്‌ ടെന്നിസ്‌ സുന്ദരിയാണ്‌) സറീന വില്ല്യംസുമെല്ലാം. സിംഗിള്‍സ്‌ മല്‍സരങ്ങളിലാണ്‌ ഇവരെല്ലാം ശ്രദ്ധിക്കുന്നത്‌. ഡബിള്‍സും മിക്‌സഡ്‌ ഡബിള്‍സും കളിച്ചേക്കാം. ഇവര്‍ക്കിടയില്‍ പക്ഷേ പ്രശ്‌നങ്ങളില്ല. നദാലും ഫെഡ്‌ററും രാജ്യം നിശ്ചയിക്കുന്ന പാര്‍ട്ട്‌ണര്‍ക്കൊപ്പം കളിക്കുന്നു. നമ്മളോ-തമ്മില്‍ തല്ല്‌ നടത്തുന്നു. ഒളിംപിക്‌സിന്‌ കേവലം ആറാഴ്‌ച്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നമ്മുടെ അധികാരികള്‍ ഇത്‌ വരെ ടീമിനെ നിശ്ചയിച്ചിട്ടില്ല. പെയ്‌സിന്‌ പുരുഷ ഡബിള്‍സില്‍ ഭൂപതിക്കൊപ്പം കളിക്കാന്‍ താല്‍പ്പര്യമുണ്ട്‌. പക്ഷേ ഭൂപതി പറയുന്നത്‌ പെയ്‌സിനൊപ്പം താനില്ലെന്നാണ്‌. രോഹന്‍ ബോപ്പണക്കും പെയ്‌സിനൊപ്പം കളിക്കാന്‍ താല്‍പ്പര്യമില്ല. പെയ്‌സാവട്ടെ തന്റെ അവസാന ഒളിംപിക്‌സില്‍ ഒരു മെഡല്‍ മോഹിക്കുന്നുമുണ്ട്‌. പെയ്‌സും ഭൂപതിയും കളിക്കുന്നതാണ്‌ രാജ്യത്തിന്‌ നല്ലത്‌. അഖിലേന്ത്യാ ടെന്നിസ്‌ ഫെഡേറഷനും ഈ ജോഡിയിലാണ്‌ താല്‍പ്പര്യം. പക്ഷേ കണ്ടാല്‍ മിണ്ടാത്ത രണ്ട്‌ പേര്‍ എങ്ങനെ മൈതാനത്ത്‌ ഒരുമിക്കും. അതിന്‌ ഒരു സാധ്യതയുമില്ല. പിന്നെ അവശേഷിക്കുന്ന സാധ്യത ഭൂപതിയും ബോപ്പണയും തമ്മിലുള്ള സഖ്യമാണ്‌. രണ്ട്‌ പേരും നന്നായി കമ്പൈന്‍ ചെയ്യുന്നവര്‍. ഇവര്‍ക്ക്‌ അവസരം നല്‍കിയാല്‍ പെയ്‌സിനൊപ്പം ആളുണ്ടാവില്ല. ഒളിംപിക്‌സ്‌ മുന്നില്‍ കണ്ട്‌ ദീര്‍ഘകകാലമായി ഭൂപതിയും ബോപ്പണയും പരിശീലനത്തിലാണ്‌.
റാങ്കിംഗ്‌ പ്രകാരം പെയ്‌സാണ്‌ വളരെ മുന്നില്‍. ഏഴാം സ്ഥാനത്തുള്ള അദ്ദേഹം നേരത്തെ തന്നെ ഒളിംപിക്‌സ്‌ യോഗ്യത ഉറപ്പാക്കിയ താരമാണ്‌. റാങ്കിംഗില്‍ അടുത്ത സ്ഥാനത്ത്‌ വരുന്നത്‌ ബോപ്പണയാണ്‌ (12). ഭൂപതി പതിനാലാം റാങ്കുകാരനാണ്‌. റാങ്കിംഗ്‌ പ്രകാരമാണ്‌ ടീമിനെ നിശ്ചയിക്കുന്നതെങ്കില്‍ പെയ്‌സും ബോപ്പണയുമാണ്‌ കളിക്കേണ്ടത്‌. അപ്പോള്‍ ഭൂപതി പുറത്താവും. പിന്നെ ഒരു സാധ്യത നിലനില്‍ക്കുന്നത്‌ സോമദേവ്‌ ദേവര്‍മാനൊപ്പം ഭൂപതിയെ കളിപ്പിക്കുന്നതാണ്‌. നല്ല യുവതാരമാണ്‌ ദേവര്‍മാന്‍. കോമണ്‍വെല്‍ത്ത്‌്‌ ഗെയിംസിലെ ചാമ്പ്യന്‍. പക്ഷേ ഭൂപതിക്ക്‌ ദേവര്‍മാനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. ഭൂപതി ബോപ്പണയില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ പെയ്‌സ്‌-ദേവര്‍മാന്‍ സഖ്യവും വന്നേക്കാം. മിക്‌ഡസ്‌ ഡബിള്‍സില്‍ ഭൂപതി-സാനിയ സഖ്യത്തിന്റെ സാധ്യതകള്‍ ഇപ്പോഴും സാധ്യതകള്‍ മാത്രമാണെന്നിരിക്കെ ഇന്ത്യക്ക്‌ ഇതില്‍പ്പരം എന്ത്‌ വിശേഷണം നല്‍കാനാവും..
ഇതാണ്‌ നമുടെ, നമ്മുടെ മാത്രം ഗതിക്കേട്‌. എല്ലാവരും ഒളിംപിക്‌സ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ ടീമിന്റെ കാര്യത്തില്‍ തമ്മിലടിക്കുന്നു. ടെന്നിസില്‍ ഒരു മെഡല്‍ ....? വെറുതെ പ്രതീക്ഷിക്കാം. അതിന്‌ ചെലവില്ലല്ലോ....!

No comments: