Wednesday, June 20, 2012
Where is Mayukha Johny
മയുഖാ ജോണി എന്ന കോഴിക്കോട്ടുകാരിയായ ഇന്ത്യന്‍ വനിതാ ലോംഗ്‌ജംമ്പര്‍/ട്രിപ്പിള്‍ ജംമ്പര്‍ ഇപ്പോള്‍ എവിടെയാണ്...? ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോടോ, ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷനോടോ, പോവട്ടെ നമ്മുടെ കൊച്ചു കേരളത്തിലെ അത്‌ലറ്റിക് അസോസിയേഷനോടോ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടോ ഒന്ന് ചോദിക്കുക-ഒരു പിടിയുമില്ല എന്നായിരിക്കും ഉത്തരം. പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പുമായി ബന്ധപ്പെട്ടാലും ബാംഗ്ലൂര്‍ സായിയുമായി ബന്ധപ്പെട്ടാലും ഉത്തരം ലഭിക്കില്ല. വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ മയൂഖയുടെ വീട്ടില്‍ വിളിക്കണം. സ്വന്തം മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രകടിപ്പിക്കുന്ന ഉത്തരവാദിത്ത്വം പോലെ കായിക താരങ്ങളായ മക്കളുടെ കാര്യത്തിലും വേവലാതിയും ആവലാതിയുമെല്ലാം രക്ഷിതാകള്‍ക്ക് സ്വന്തം. മയൂഖ ഒളിംപിക് ടിക്കറ്റ് നേടിയിട്ടുണ്ടോ, അന്തര്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്നുണ്ടോ എന്നീ വലിയ ചോദ്യങ്ങളൊന്നും അധികാരികളോട് ചോദിക്കരുത്.
മയൂഖ ജര്‍മനിയിലെ റീഡില്‍ നടന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ 6.60 മീറ്റര്‍ ചാടി ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഹൈദരാബാദില്‍ ആരംഭിക്കുന്ന അന്തര്‍ സംസ്ഥാന മീറ്റിനുള്ള ഒരുക്കത്തിലാണ് ഏഷ്യന്‍ ജേത്രി. ഇത് വരെ ലോംഗ്‌ജംമ്പില്‍ ഒളിംപിക് ടിക്കറ്റ് മയൂഖ സ്വന്തമാക്കിയിട്ടില്ല. പക്ഷേ ട്രിപ്പിള്‍ ജംമ്പില്‍ കടമ്പ പിന്നിട്ടുണ്ട്. ലോംഗ് ജംമ്പാണെങ്കിലും ട്രിപ്പിളാണെങ്കിലും ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ മയൂഖക്ക് സാധ്യതകള്‍ തെല്ലുമില്ല. പക്ഷേ അജ്ഞു ബോബി ജോര്‍ജ്ജിന്റെ പാത പിന്തുടരുന്ന യുവതാരത്തിന് ആത്മവിശ്വാസമുണ്ട്.
ഗോഞ്ചു ഏഷ്യന്‍ ഗെയിംസിലും ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും മയൂഖയുടെ പ്രകടനം കണ്ടിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഏഴാം സ്ഥാനത്തായിരുന്നു. കോമണ്‍വെല്‍ത്തില്‍ പരുക്കുമായി പിന്‍വാങ്ങി. 6.64 മീറ്ററാണ് ലോംഗ് ജംമ്പില്‍ മയൂഖയുടെ മികച്ച ദൂരം. ട്രിപ്പിളില്‍ 14.11 മീറ്റര്‍ ചാടി ആദ്യമായി 14 മീറ്റര്‍ പിന്നിടുന്ന ഇന്ത്യന്‍ ജംമ്പറായെങ്കിലും രാജ്യാന്തര തലത്തില്‍ അത് വെല്ലുവിളിക്കപ്പെടുന്ന ദൂരമായിരുന്നില്ല. ലോംഗ് ജംമ്പിലെ ലോക റെക്കോര്‍ഡ് നോക്കുക-7.52 മീറ്റര്‍. റഷ്യക്കാരിയായ ജലീന ചിസ്‌തക്കോവയുടെ പേരിലുള്ള ഈ റെക്കോര്‍ഡിന്റെ അരികില്‍ ഇത് വരെ ഒരു ഏഷ്യക്കാരിയും വന്നിട്ടില്ല. ഏഴ് മീറ്റര്‍ പിന്നിട്ടവരായി ലണ്ടനില്‍ മല്‍സരിക്കാന്‍ ആറ് പേരുണ്ട്. 6.64 ല്‍ നില്‍ക്കുന്ന മയൂഖ ഒളിംപിക്‌സില്‍ അല്‍ഭുതം സൃഷ്‌ടിക്കുമെന്ന് വേണമെങ്കില്‍ പതിവ് പോലെ നമുക്കങ്ങ് പ്രതീക്ഷിക്കാം.
ദേശീയ തലത്തില്‍ നല്ല തുടക്കം ലഭിച്ചിരുന്നു മയൂഖക്ക്. എം.എ പ്രജൂഷയും ടിന്‍സി മാത്യുവുമെല്ലാം ഒപ്പമുള്ളതിനാല്‍ സംസ്ഥാനതലം മുതല്‍ നല്ല മല്‍സരങ്ങള്‍. പക്ഷേ ഇന്ത്യന്‍ താരങ്ങളുടെ പതിവ് പ്രശ്‌നത്തില്‍ മയൂഖക്കും മുന്നോട്ടുള്ള യാത്ര തടസ്സമായി. നാല് വര്‍ഷത്തില്‍ വരുന്ന ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേളകളിലാണ് താരങ്ങളെ അധികാരികള്‍ ഓര്‍ക്കുക. പെട്ടെന്ന് ഒരു ടീമിനെ തട്ടിക്കൂട്ടുന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ലാഘവത്തോടെ തന്നെ വലിയ മേളകള്‍ക്ക് ടീമിനെ പ്രഖ്യാപിക്കുന്നു.
ഏഷ്യന്‍ ഗെയിംസില്‍ നിരാശപ്പെടുത്തിയ മയൂഖ അടുത്ത വര്‍ഷം നടന്ന ദേശീയ ഗെയിംസില്‍ ലോംഗ് ജംമ്പിലും ട്രിപ്പിള്‍ ജംമ്പിലുമെല്ലാം മികച്ച പ്രകടനം നടത്തി ഒന്നാമത് വന്നു. ചൈനയിലെ വുജാംഗില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രിയില്‍ ട്രിപ്പിള്‍ ജംമ്പില്‍ മൂന്നാമത് വന്നു. കൊറിയന്‍ നഗരമായ ദായിഗുവില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ വരെ എത്താനും മയൂഖക്കായി. യോഗ്യതാ ഘട്ടത്തില്‍ 6.53 മീറ്റര്‍ ചാടിയ മയുഖക്ക് ഫൈനല്‍ റൗണ്ടില്‍ 6.37 മീറ്റര്‍ മാത്രമാണ് പിന്നിടാന്‍ കഴിഞ്ഞത്. അങ്ങനെ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നമ്മുടെ ശരാശരി സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നു വരുന്ന ഒരു താരത്തിന് അത്യാധുനിക പരിശീലനം ലഭിച്ചാല്‍ അല്‍ഭുതങ്ങള്‍ നേടാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. നിക്കോളോ എന്ന വിദേശ പരിശീലകനോട് ചൈനയില്‍ വെച്ച് ദീര്‍ഘസമയം സംസാരിക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രീജാ ശ്രീധരനെ പോലുള്ള താരങ്ങള്‍ അല്‍ഭുതങ്ങള്‍ സമ്മാനിക്കാന്‍ മിടുക്കരാണെന്നാണ്. പക്ഷേ ആലസ്യത്തില്‍ നില്‍ക്കുന്ന നമ്മുടെ അധികാരികള്‍, എന്തിനും ഏതിനും പഴി പറയുന്ന സംഘാടകര്‍, സാമ്പത്തികവും മാനസികവുമായ താരങ്ങളുടെ പ്രയാസങ്ങള്‍-അങ്ങനെ നിരവധി കാരണങ്ങളാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
വിദേശങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ധാരാളം എഴുതിയിരിക്കുന്നു. ഇപ്പോഴത്തെ പുതിയ വിദേശ കാഴ്‌ച്ച കായികതയിലെ പ്രൊഫഷണല്‍ കച്ചവടമാണ്. വിദേശ പരിശീലകര്‍ ബന്ധപ്പെട്ട ഫെഡറേഷനുകളെ സമീപിച്ച് താരത്തെ കരാറാടിസ്ഥാനത്തില്‍ ചോദിക്കുന്നു. ഒരു വര്‍ഷം കൊണ്ട് ഒളിംപിക് സ്വര്‍ണം സമ്മാനിക്കാമെന്ന വാഗ്‌ദാനം നല്‍കി കരാര്‍ ഉറപ്പിക്കുന്നു. ഒളിംപിക്‌സ് സ്വര്‍ണം താരം നേടിയാല്‍ കോച്ചിന് പറഞ്ഞ പണം നല്‍കണം. അറേബ്യന്‍ രാജ്യങ്ങളാണ് ഈ വിദേശ തന്ത്രത്തില്‍ വീഴുന്നത്. അവര്‍ പണം നല്‍കാന്‍ റെഡിയാണ്. രാജ്യത്തിന് മെഡല്‍ ലഭിക്കണം. ഇത്തരം പരിശീലകര്‍ നമ്മുടെ അധികാരികളെ സമീപിച്ചാല്‍ അവര്‍ ആദ്യം ചോദിക്കുക എനിക്കെത്ര കമ്മീഷന്‍ തരുമെന്നാണ്. അതാണ് മാറ്റം. താരങ്ങളുടെ പേരിലും മെഡലുകളുടെ പേരിലും കമ്മീഷന്‍ ചോദിക്കുന്നവരുടെ നടുവില്‍ ഒരു മെഡല്‍ ലഭിച്ചാല്‍ തന്നെ അത് പൊല്ലപ്പാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment