Monday, June 11, 2012
BURDEN OF EXPECTATION
ഭാരം തകര്‍ക്കുന്ന പ്രതീക്ഷ
ഇന്ത്യക്ക് നാല് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അനുഷ്‌ഠാനമാണ് ഒളിംപിക്‌സ്. പുരാതന ഗ്രീസിന്റെ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് പിയറി ഡി ഗോബര്‍ട്ടിന്‍ എന്ന ഫ്രഞ്ചുകാരന്‍ ആധുനിക ഒളിംപിക്‌സിന് രൂപം നല്‍കിയപ്പോള്‍ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ട ലോകത്തിന്റെ കായിക കൂട്ടായ്‌മയില്‍ നമ്മളും പങ്കാളികളാവുന്നു. ലോകത്തെ ഏതെങ്കിലും വേദിയില്‍ നാല് വര്‍ഷത്തിലൊരിക്കല്‍ കായിക കൂട്ടായ്‌മ നടക്കുന്നു. ഈ കൂട്ടായ്‌മയില്‍ കായികതയുടെ പ്രാധാന്യം മികച്ച പ്രകടനങ്ങളിലൂടെ എല്ലാവരും ലോകത്തോട് ഉദ്‌ഘോഷിക്കുമ്പോള്‍ ഇന്ത്യ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന മുദ്രാവാക്യത്തിലാണ് പരമ്പരാഗതമായി വിശ്വസിക്കുന്നത്. ചിലരില്‍ നമ്മള്‍ പ്രതീക്ഷ അടിച്ചേല്‍പ്പിക്കും. പാവ താരം ആ ഭാരവുമായി ഇല്ലാതാവും. ഇന്ത്യന്‍ കായികലോകത്തിന് ഇത്തരം കലണ്ടര്‍ മേളകളും പ്രതിക്ഷാഭാരവുമാണ് അല്‍പ്പമെങ്കിലും ഉണര്‍വ് നല്‍കുന്നത് എന്നത് മറ്റൊരു സത്യം. ഒളിംപിക്‌സ് അല്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ്, അതുമല്ലെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍നിര്‍ത്തി നമ്മുടെ താരങ്ങള്‍ ഒരുങ്ങുന്നു. അവര്‍ക്ക് ഒരുങ്ങാനായി കായിക മേധാവികള്‍ അല്‍പ്പം കാശ് ചെലവാക്കുന്നു. ഈ മേളകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
എല്ലാ ഒളിംപിക്‌സ് സമയത്തും മാധ്യമ പ്രവര്‍ത്തകര്‍ അമിതമായി ഉപയോഗിക്കുന്ന പദമാണ് പ്രതീക്ഷ. ഈ പദത്തിന് വര്‍ണബഹളം നല്‍കി ടീമിന്റെ സാധ്യതകളെ വിലയിരുത്തുന്നു. മേളകള്‍ കഴിയുമ്പോള്‍ പ്രതീക്ഷ എന്ന പദത്തെ ഉപയോഗിക്കാതെ കായികാധികാരികളുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ തുറന്നെഴുത്ത് നടത്തി മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ് എന്ന അനുഷ്‌ഠാന കലയിലെ സ്വന്തം ജോലി അവസാനിപ്പിക്കുന്നു. എല്ലായ്‌പ്പോഴും പ്രതീക്ഷകളോടെ പോവുന്നു, വെറും കൈയ്യോടെ മടങ്ങുന്നു. നോര്‍മന്‍ പിച്ചാര്‍ഡ് മുതല്‍ ഇന്ത്യന്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ നമ്മള്‍ പ്രതീക്ഷകളോടെ അവതരിപ്പിച്ച എത്രയോ താരങ്ങളുണ്ട്. 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ പി.ടി ഉഷ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തോറ്റ നിമിഷം പറഞ്ഞും എഴുതിയും വായിച്ചും എല്ലാവര്‍ക്കും മടുത്തിരിക്കുന്നു. തലനാരിഴ വിത്യാസത്തില്‍ എന്ന പ്രയോഗത്തിന് പ്രചുര പ്രചാരം കിട്ടിയത് മാറ്റിനിര്‍ത്തിയാല്‍ ആ വീരോചിത തോല്‍വി നമ്മുടെ അധികാരികളുടെ കണ്ണ് തുറപ്പിച്ചിരുന്നില്ല. യഥാതദാ വഴികളില്‍ തന്നെയാണ് നമ്മുടെ സഞ്ചാരം. ലിയാന്‍ഡര്‍ പെയ്‌സും കര്‍ണം മല്ലേശ്വരിയും രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോറും അഭിനവ് ബിന്ദ്രയുമെല്ലാം മെഡലുകള്‍ നേടിയത് അവരുടെ വ്യക്തിഗത മികവിലാണ്. അതില്‍ പത്രക്കാര്‍ക്കോ അധികാരികള്‍ക്കോ അഹങ്കരിക്കാനില്ല. ഞാനാണ് ആ താരത്തെ വളര്‍ത്തി വലുതാക്കിയത് എന്ന ചങ്കൂറ്റത്തോടെ പറയാന്‍ ആര്‍ക്കുമാവില്ല.
ബെയ്‌ജിംഗില്‍ നാല് വര്‍ഷം മുമ്പ് അഭിനവ് ബിന്ദ്ര സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് സത്യം തുറന്ന് പറഞ്ഞു-ഈ നേട്ടത്തില്‍ ഇന്ത്യന്‍ കായികാധികാരികള്‍ക്ക് ഒരു പങ്കുമില്ല. അന്ന് മുതല്‍ അധികാരികള്‍ ബിന്ദ്രയെ നോട്ടമിട്ടു. സത്യം പറയുന്നവനെ ക്രൂശിച്ച് ഇല്ലാതാക്കുക എന്ന നയത്തിനും നമ്മുടെ കായികലോകത്ത് പാരമ്പര്യമുണ്ട്.
കഴിഞ്ഞ ദിവസം തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍ എന്ന ഹൈദരാബാദുകാരി ജേതാവായി. തുടര്‍ച്ചയായി കിരീടങ്ങള്‍ മാത്രമല്ല രാജ്യാന്തര രംഗത്ത് സ്ഥായിയായ നിലവാരം പുലര്‍ത്തി മികവ് പ്രകടിപ്പിക്കുന്നു സൈന. ഇത്തവണയും നമ്മള്‍ പ്രതീക്ഷകളുടെ പട്ടിക നിരത്തുമ്പോള്‍ സൈനയും ആ പട്ടികയില്‍ വരുന്നു. വ്യക്തമായ മല്‍സര കലണ്ടര്‍ തയ്യാറാക്കി, ചിട്ടയായി സൈന ഒരുക്കം നടത്തുന്നുണ്ട്. പ്രൊഫഷണല്‍ താരങ്ങള്‍ ചെയ്യുന്നത് പോലെ രാജ്യാന്തര കലണ്ടര്‍ വ്യക്തമായി പഠിച്ചാണ് സൈന നീങ്ങുന്നത്. ഒളിംപിക്‌സ് മുന്‍നിര്‍ത്തിയാണ് നല്ല വാം അപ്പ് എന്ന നിലയില്‍ തായ്‌ലാന്‍ഡ് ഓപ്പണില്‍ പങ്കെടുത്തത്. ഒളിംപിക്‌സ് എന്ന വലിയ മേളയില്‍ എപ്പോഴും പങ്കെടുക്കാന്‍ കഴിയില്ല. ഇപ്പോള്‍ പ്രായത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്താനാണ് സൈനയും കോച്ച് പുലേലു ഗോപീചന്ദും ശ്രമിക്കുന്നത്.
സൈനക്ക് നമ്മള്‍ പ്രതീക്ഷാഭാരം നല്‍കുന്നു. രാജ്യത്തിനായി ഒരു വ്യക്തിഗത മെഡല്‍ സമ്മാനിക്കാന്‍ സൈനക്ക് കഴിയുമെന്ന് ഇപ്പോള്‍ തന്നെ അധികാരികള്‍ വാചകമടിച്ചിരിക്കുന്നു. അവര്‍ക്ക് ഒളിംപിക്‌സിനെക്കുറിച്ച് പറയാന്‍ എന്തെങ്കിലും വേണമല്ലോ... അവര്‍ വഴിയില്‍ കിട്ടുന്ന ആയുധങ്ങളെയെല്ലാം ഉപയോഗപ്പെടുത്തും. സാനിയയും മഹേഷ് ഭൂപതിയും ഫ്രഞ്ച് ഓപ്പണ്‍ മിക്‌ഡസ് ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ഒളിംപിക്‌സ് കാര്യങ്ങള്‍ ആരും ഉയര്‍ത്തിയില്ല. ഫ്രഞ്ച് ഓപ്പണ്‍ നേട്ടം ഒളിംപിക്‌സ് ടിക്കറ്റല്ല എന്ന തിരിച്ചറിവില്‍ നിന്നുള്ള ആ നിലപാട് കാര്യങ്ങള്‍ പഠിക്കുന്നതിന്റെ തെളിവായി വേണമെങ്കില്‍ വിശേഷിപ്പിക്കാം.
അനുഷ്‌ഠാനമായി നടത്തുന്ന ഈ പ്രതീക്ഷാ പ്രഖ്യാപനങ്ങള്‍ അധികാരികള്‍ അവസാനിപ്പിക്കുക. താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. അവര്‍ കളിക്കട്ടെ. പ്രൊഫഷണലുകളായ അവര്‍ക്കറിയാം രാജ്യാന്തര മല്‍സരങ്ങളുടെ പ്രസക്തിയും സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടേണ്ടതും ഒളിംപിക്‌സ് പോലുള്ള വേദികളിലെ മെഡല്‍ നേട്ടത്തിന്റെ പ്രസക്തിയുമെല്ലാം. ബിന്ദ്രയില്‍ ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. സമ്മര്‍ദ്ദമില്ലാതെ ഡല്‍ഹിക്കാരന്‍ ഉന്നം വെച്ചപ്പോള്‍ അത് സ്വര്‍ണമായി. സൈനയുടെ തകര്‍പ്പന്‍ ശൈലിയെ എല്ലാവരും അനുമോദിച്ചിട്ടുണ്ട്. അവള്‍ കളിക്കട്ടെ. തോറ്റാലും ജയിച്ചാലും സൈനക്ക് സ്വന്തം വിലാസമുണ്ട്. ആ വിലാസത്തില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാവില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment