Sunday, June 24, 2012

Irfans destiny


ഈ കഥക്ക്‌ പുതുമയില്ല. വിഷയം നമ്മുടെ ദാരിദ്ര്യമാണ്‌. പാവപ്പെട്ട താരങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, കണ്ണടക്കുന്ന അധികാരികള്‍. എന്നും എല്ലായ്‌പ്പോഴും ഇതെഴുതാറുണ്ട്‌. ഒരു മാറ്റവും ഇത്‌ വരെ വന്നിട്ടില്ല. ഇനിയിട്ട്‌ വരാന്‍ പോവുന്നുമില്ലെന്ന്‌ പക്ഷേ പറയുന്നില്ല. ക്ലിന്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യ പോലെ പോരാടാന്‍ കരുത്ത്‌ പ്രകടിപ്പിക്കുന്ന ഒരു താര സംഘടനയും എല്ലാം കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുന്ന തറവാടിയായ അജയ്‌ മാക്കന്‍ എന്ന കായിക മന്ത്രിയും വിവരാവകാശ നിയമമെന്ന ഉണ്ടയുള്ള തോക്കും നമ്മുടെ കൈവശമുണ്ടല്ലോ....
ഈ കഥയിലെ നായകന്‍ കെ.ടി ഇര്‍ഫാന്‍ എന്ന മലപ്പുറം കുനിയില്‍ സ്വദേശിയാണ്‌. ഒരു പാവം പയ്യന്‍. കഠിനാദ്ധ്വാനത്തിന്റെ സമ്പാദ്യമായി ഒരു ഒളിംപിക്‌ ടിക്കറ്റ്‌ സ്വന്തമാക്കിയിരിക്കുന്നു. അസാധ്യമെന്ന്‌ വിശേഷിപ്പിക്കാവുന്ന സ്റ്റാമിന പ്രകടിപ്പിക്കുന്ന ആഫ്രിക്കന്‍ താരങ്ങള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന നടത്ത വേദിയിലാണ്‌ ഇര്‍ഫാന്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌. പട്യാലയിലെ നമ്മുടെ കായിക നഴ്‌സറിയില്‍ നിന്ന്‌ ആത്മവിശ്വാസം മാത്രം ഊര്‍ജ്ജമാക്കി യോഗ്യതാ മാനദണ്‌ഠങ്ങള്‍ എന്ന ഹിമാലയവും കയറി ലണ്ടനിലേക്കുള്ള ടിക്കറ്റുമായി ഒരു മാസം മുമ്പ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇര്‍ഫാന്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരണ ബഹളമുണ്ടായിരുന്നു. നാട്ടുകാര്‍ തങ്ങളാലാവും വിധം സ്വന്തം താരത്തെ ഉയര്‍ത്തിയെടുത്തു. ഫ്‌ളെക്‌സ്‌ ബോര്‍ഡുകളില്‍ അരീക്കോട്ടിന്റെ താരമായി ഇര്‍ഫാന്‍ നിറഞ്ഞപ്പോള്‍ ക്യാമറകള്‍ മിന്നി. വാര്‍ത്തകളില്‍ ചിരിക്കുന്ന ഇര്‍ഫാന്റെ മുഖം. പതിവ്‌ പോലെ പ്രതീക്ഷയുടെ താരകമായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു...
അതോടെ എല്ലാം അവസാനിച്ചു. നമ്മുടെ മന്ത്രിമാരോ, കായിക ഭരണക്കാരോ ആരും ഒന്ന്‌ വിളിച്ചില്ല, രണ്ട്‌ നല്ല വാക്ക്‌ പറഞ്ഞില്ല. നീ നടന്നോ, നിനക്ക്‌ പിറകെ ഞങ്ങളുണ്ട്‌ എന്ന്‌ പറഞ്ഞ നാട്ടുകാരെ അഭിനന്ദിക്കാന്‍ മറക്കുന്നില്ല. (അധികാരികള്‍ക്ക്‌ ഇനിയും വിളിക്കാം ഇര്‍ഫാനെ-നമ്പര്‍ 9041859323, 8281281290). ഒന്ന്‌ ഫോണില്‍ വിളിച്ചത്‌ കൊണ്ട്‌ നഷ്ടമൊന്നുമില്ലല്ലോ... ആ വിളിയില്‍ ഒരു ഊര്‍ജ്ജമുണ്ട്‌. ആ ഊര്‍ജ്ജത്തില്‍ ഒരു ആത്മവിശ്വാസമുണ്ട്‌. ആ ആത്മവിശ്വാസത്തില്‍ പോരാട്ട വീര്യമുണ്ട്‌. അത്‌ മറക്കരുത്‌. ലണ്ടനില്‍ നിന്ന്‌ ഇര്‍ഫാന്‍ പൊന്നുമായി വരുമെന്നൊന്നും പ്രതീക്ഷിക്കേണ്ട. കടുത്ത മല്‍സരമാണ്‌ ഓഗസ്‌റ്റ്‌ നാലിന്‌ നടക്കാന്‍ പോവുന്നത്‌. ലണ്ടന്‍ നഗരത്തിലുടെ ബക്കിംഗ്‌ഹാം പാലസും വിക്ടോറിയ മെമ്മോറിയലുമെല്ലാം മറികടന്ന്‌ 20 കീലോമീറ്റര്‍ പിന്നിടാന്‍ വരുന്നത്‌ 41 പേരാണ്‌. (ഇക്വഡോറിന്റെ ജെഫേഴ്‌സണ്‍ പെരസും അക്കൂട്ടത്തിലുണ്ട്‌്‌) ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതിലെ വലിയ ഭാഗ്യവും അത്‌ലറ്റിക്‌സില്‍ അപൂര്‍വമായി ഇന്ത്യയെ തേടി വരുന്ന ഒളിംപിക്‌ എന്‍ട്രിയും തന്നെ കാര്യം.
എന്‍.ഐ.എസുകാര്‍ നല്‍കിയ കഠിന പരിശീലനമോ, പരിശീലകരുടെ തന്ത്രങ്ങളോ ഒന്നുമായിരുന്നില്ല ഇര്‍ഫാന്റെ കരുത്ത്‌-ഏറനാട്ടുകാരുടെ തനതായ അതിജീവനോര്‍ജ്ജമാണ്‌. തോല്‍ക്കാന്‍ മനസ്സിലാത്ത മനസ്സ്‌. കഞ്ഞിയും ചോറും കപ്പയുമെല്ലം കഴിച്ചുള്ള വീറ്‌.... ആരും പിന്തുണക്കാന്‍ വന്നില്ലെങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാതെ ബാംഗ്ലൂരിലും പട്യാലയിലും ഹൈദരാബാദിലുമെല്ലാമായി ഇര്‍ഫാന്‍ നടക്കുകയാണ്‌. ആവശ്യത്തിന്‌ പണമൊന്നും കൈവശമില്ല. പണമില്ലാത്തതിന്റെ പേരില്‍ തോല്‍ക്കാനും തയ്യാറല്ല. നമ്മുടെ വ്യവസ്ഥിതികളില്‍ മനം മടുത്ത്‌ എല്ലാം അവസാനിപ്പിക്കാനും ഇര്‍ഫാന്‌ താല്‍പ്പര്യമില്ല.
ഇനി അല്‍പ്പം കായിക സാമ്പത്തികം പറയാം. ഉദ്ദേശം നൂറോളം കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ലണ്ടനിലേക്ക്‌ പോവുന്നുണ്ട്‌. ഹോക്കിയിലും ടെന്നിസിലും ബാഡ്‌മിന്റണിലും ടേബിള്‍ ടെന്നിസിലും ബോക്‌സിംഗിലും ഗുസ്‌തിയിലും ജൂഡോയിലും റോവിംഗിലും ഭാരോദ്വഹനത്തിലുമെല്ലാം അത്‌ലറ്റിക്‌സിലുമെല്ലാമായി ഇവര്‍ മല്‍സരിക്കുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോവുന്ന സംഘത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ രാജ്യത്തെ രണ്ട്‌ വന്‍കിട കമ്പനികളാണ്‌. സാംസംഗും അമൂലും. 50 ലക്ഷം രൂപയാണ്‌ സാംസംഗ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ അസോസിയേഷന്‌ നല്‍കിയിരിക്കുന്നത്‌. അമൂല്‍ ഒരു കോടിയും. നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ ഇനത്തില്‍ ഒന്നര കോടി ലഭിച്ചിരിക്കുന്നു. ഒളിംപിക്‌സിന്‌ തെരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പരിശീലനത്തിനും മറ്റുമായി കായിക മന്ത്രാലയം നാല്‌ കോടി വെറെ നല്‍കിയിട്ടുണ്ട്‌. വിവിധ അസോസിയേഷനുകള്‍ പരിശീലനത്തിനായി ചെലവഴിക്കുന്നുണ്ട്‌. ഇങ്ങനെ പണം പരിശീലനത്തിന്‌ നല്‍കപ്പെടുമ്പോള്‍ ഇര്‍ഫാനെ പോലുള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ പണമെടുക്കേണ്ട ഗതിക്കേടിലാവുന്നത്‌ നമ്മുടെ ശാപമാണ്‌. പണമെല്ലാം അസോസിയേഷന്‍കാര്‍ പോക്കറ്റിലാക്കുന്നു. ഒളിംപിക്‌ സംഘത്തില്‍ ഏതെങ്കിലും കപ്പാസിറ്റിയില്‍ കയറികൂടാന്‍ കല്‍മാഡിയുടെ വാതില്‍പ്പുറങ്ങളിലുടെ സഞ്ചരിക്കുന്നവര്‍ക്ക്‌ രാജ്യത്തിനുള്ള മെഡലല്ല പ്രധാനമെന്നതും മറക്കരുത്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വഴി കോടികള്‍ പോക്കറ്റടിച്ചവര്‍ തന്നെയാണ്‌ ഇപ്പോഴും കായികഭരണത്തില്‍ സജീവമായുള്ളത്‌. അവര്‍ തന്നെയാണ്‌ ലണ്ടനിലേക്കും പോവുന്നത്‌. ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കോര്‍പറേറ്റുകള്‍ നല്‍കിയ പണം ഇവരുടെ ടിക്കറ്റിനും വിസക്കും ലണ്ടനിലെ പഞ്ചനക്ഷത്ര താമസത്തിനുമെല്ലാമുള്ളതാണ്‌. നമുക്ക്‌ ലഭിക്കുന്ന പണമെല്ലാം ഇങ്ങനെ പുട്ടടിക്കപ്പെടുന്നതാണ്‌ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ ശൈലി. ഇര്‍ഫാനെ പോലുള്ളവര്‍ക്ക്‌ എന്തെങ്കിലും ലഭിക്കണമെങ്കില്‍ ഒരു മെഡലടിക്കണം. മെഡല്‍ നേടാനായാല്‍ പണം ഒഴുകിയെത്തും... ഇര്‍ഫാന്‍, താങ്കള്‍ മല്‍സരിക്കുക. കണ്ണ്‌ തുറക്കേണ്ടവര്‍ തുറക്കുകയാണെങ്കില്‍ തുറക്കട്ടെ... അവര്‍ക്കായി കാത്തുനില്‍ക്കാതെ, ആത്മവിശ്വാസത്തെ ഊര്‍ജ്ജമായും ജനപിന്തുണയെ പണമായും സ്വീകരിക്കുക....

No comments: