Friday, June 15, 2012
VALUE OF OLYMPIC GOLD
റോജര്‍ ഫെഡ്‌റര്‍ എന്ന ശക്തനായ ടെന്നിസ് താരത്തിന് എന്തെങ്കിലും കുറവുണ്ടോ....? പ്രതിയോഗികളെ മലര്‍ത്തിടിക്കാന്‍ പവര്‍ ശൈലിക്ക് പകരം സുന്ദരമായ ബേസ് ലൈന്‍ ശൈലി അവലംബിക്കുന്ന സ്വിസുകാരനെ തേടി ഇതിനകം വന്നത് പതിനാറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. ദീര്‍ഘകാലം ലോക റാങ്കിംഗില്‍ ഒന്നാമനായ താരം. പച്ചപുല്‍ മൈതാനങ്ങളില്‍ പീറ്റ് സംപ്രാസിന് ശേഷം കണ്ട അജയ്യന്‍. ഗ്രാന്‍ഡ്‌സ്ലാം മൈതാനങ്ങളില്‍ ചിരിക്കുന്ന മുഖവുമായി ബ്യൂട്ടിഫുള്‍ ടെന്നിസിന്റെ തേജോമുഖനായ വക്താവ്. പക്ഷേ അദ്ദേഹത്തിന്റെ കിരീടങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന അലമാരക്ക് മുന്നില്‍ നിന്നാല്‍ ലോകത്തിന് സുപരിചിതമായ ഒളിംപിക് ലോഗോയുള്ള ഒരു മെഡല്‍ കാണുന്നില്ല...
മൂന്ന് ഒളിംപിക്‌സുകളില്‍ സ്വന്തം റാക്കറ്റുമായി ഫെഡ്‌റര്‍ കളം നിറഞ്ഞു. പക്ഷേ ആകെ സമ്പാദ്യം നാല് വര്‍ഷം മുമ്പ് ബെയ്‌ജിംഗില്‍ വെച്ച് ഡബിള്‍സില്‍ നേടിയ സ്വര്‍ണം മാത്രം. ഫെഡ്‌ററെ പോലെ ഒരു താരത്തിന് അത് മാത്രം മതിയോ...? അദ്ദേഹത്തിന്റെ ആരാധകരല്ല ഈ ചോദ്യം ഉന്നയിക്കുന്നത്. ഭാര്യ മിര്‍ക്ക തന്നെയാണ്. 2000 ത്തില്‍ ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സിനിടെയാണ് ഫെഡ്‌റര്‍ മിര്‍കയെ കണ്ട് മുട്ടിയത്. പിന്നെ ഇരുവരും ജിവിതത്തിലും ഒരുമിച്ചു. ഒളിംപിക്‌സ് വേദിയിലെ സൗഹൃദത്തിലും പിന്നെ ജീവിതത്തിലും ഒരു കുറവുണ്ടെന്ന് ഭാര്യ തന്നെ പറയുമ്പോള്‍ ലണ്ടനില്‍ ഫെഡ്‌റര്‍ക്ക് ഒരു സ്വര്‍ണം നേടണം. സിംഗിള്‍സില്‍ തന്നെ അത് നേടിയാലാണ് സുന്ദരമായ കരിയറിന് നിറച്ചാര്‍ത്തായി അത് മാറുകയുള്ളു.
ഏതൊരു ടെന്നിസ് താരത്തിന്റെയും പ്രധാന ലക്ഷ്യം ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളാണ്. സീസണിന്റെ തുടക്കമാവുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, പിന്നെ കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണ്‍, ശേഷം ആഡ്യത്ത്വത്തിന്റെ ടെന്നിസ് പ്രതിഫലനമായ വിംബിള്‍ഡണ്‍, പിന്നെ അവസാനത്തില്‍ യു.എസ് ഓപ്പണ്‍. ഈ നാല് വേദികളിലും ഒന്നാമനാവുമ്പോഴാണ് ഒരു ടെന്നിസ് താരം പൂര്‍ണനാവുന്നത്. പക്ഷേ ഒളിംപിക്‌സ് ഇതില്‍ നിന്നെല്ലാം വിത്യസ്‌തമായ വികാരമാണ്. ഓര്‍മയില്ലേ പോയ വര്‍ഷം സിംഗിള്‍സ് സ്വര്‍ണം അണിഞ്ഞ വേളയില്‍ റഫേല്‍ നദാല്‍ എന്ന സ്‌പാനിഷ് താരം ഗ്രൗണ്ടില്‍ മലക്കം മറിഞ്ഞത്. എത്രയോ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളിലും പ്രകടിപ്പിക്കാത്ത സന്തോഷമാണ് നദാല്‍ ചൈനയില്‍ കാട്ടിയത്. ഫെഡ്‌ററും ഡബിള്‍സിലെ നേട്ടത്തില്‍ അത് ചെയ്‌തിരുന്നു. പാര്‍ട്ട്‌ണര്‍ക്കൊപ്പം മൈതാനത്ത് ഉരുണ്ട് മറിഞ്ഞു. സാധാരണ ഗതിയില്‍ ഫെഡ്‌ററെ പോലെ ഒരു താരം അതിര് കവിഞ്ഞ ആഹ്ലാദ പ്രകടനത്തിന് നില്‍ക്കാറില്ല. ബെയ്‌ജിംഗിലെ ഒളിംപിക് വേദിയില്‍ ഡബിള്‍സിലായിട്ട് പോലും ഫെഡ്‌ററും സ്വയം മറന്നതാണ് ഒളിംപിക് വികാരത്തിന്റെ സവിശേഷത.
ഇനിയൊരു ഒളിംപിക്‌സ് ഫെഡ്‌റര്‍ക്ക് മുന്നില്ലില്ല. ലണ്ടന്‍ പ്രിയപ്പെട്ട വേദിയാണ്. വിംബിള്‍ഡണ്‍ എന്ന പ്രിയപ്പെട്ട ചാമ്പ്യന്‍ഷിപ്പിന് എല്ലാ വര്‍ഷവും ആതിഥ്യമരുളുന്ന നഗരം. വിംബിള്‍ഡണ്‍ വേദിക്ക് അധികമകലെയല്ല ഒളിംപിക് പാര്‍ക്ക്. പരിചിതമായ കാലാവസ്ഥ, നല്ല കാണികള്‍-ഇത്തവണ സിംഗിള്‍സില്‍ ജയിക്കണം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. സമീപകാല ടെന്നിസില്‍ ഫെഡ്‌റര്‍ക്ക് പുരുഷ താരങ്ങളില്‍ ഒന്നാം സ്ഥാനമില്ല. നദാലും ദ്യോകോവിച്ചും തമ്മിലാണ് അങ്കങ്ങള്‍. ഫ്രഞ്ച് ഓപ്പണിലും ഇത് കണ്ടു. രണ്ട് പേരും ലണ്ടനില്‍ കളിക്കാനെത്തുന്നുമുണ്ട്.
ബെയ്‌ജിംഗില്‍ ജെയിംസ് ബ്ലാക് എന്ന അമേരിക്കന്‍ യുവാവിന് മുന്നില്‍ ക്വാര്‍ട്ടറിലാണ് ഫെഡ്‌റര്‍ പുറത്തായത്. ആ തോല്‍വി അദ്ദേഹം മറന്നിട്ടില്ല. ഇത്തവണ ലണ്ടനില്‍ ഫൈനല്‍ നടക്കുന്നത് ഓഗസ്‌റ്റ് അഞ്ചിനാണ്. ആ ദിവസം തന്റെ ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട് ഫെഡ്‌റര്‍. അതായത് അദ്ദേഹം സ്വര്‍ണം തന്നെ മുന്നില്‍ കാണുന്നു. മോഹിക്കുന്നതെല്ലാം നേടിയിട്ടുണ്ട് ഫെഡ്‌റര്‍ എന്ന സത്യവും മറക്കാനാവില്ല. സിഡ്‌നി ഗെയിംസില്‍ സെമിയിലും ഏതന്‍സില്‍ രണ്ടാം റൗണ്ടിലും പുറത്തായ അനുഭവം ഫെഡ്‌റര്‍ മറന്നിട്ടില്ല. അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ലണ്ടനില്‍ സേഫ ടെന്നിസ് കളിക്കുമെന്നുറപ്പിക്കാം.
ലണ്ടന്‍ ഒരു ടെന്നിസ് നഗരമാണ്. വിംബിള്‍ഡണ്‍ എന്ന വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ആസ്ഥാന വേദിയില്‍ എല്ലാ താരങ്ങളും ഒളിംപിക്‌സിന് വരുന്നത് ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ പ്രകടിപ്പിക്കുന്ന വീര്യത്തോടെയാണ്. നദാലും ദ്യോകോവിച്ചും ഫെഡ്‌ററുമാവുമ്പോള്‍ പുരുഷ ടെന്നിസിലെ അതിശക്തരായി. വനിതാ വിഭാഗത്തില്‍ റഷ്യക്കായി മരിയ ഷറപ്പോവയും അമേരിക്കന്‍ നിരയില്‍ സറീന വില്ല്യംസുമെല്ലാം കളിക്കുന്നു. ഉസൈന്‍ ബോള്‍ട്ടും ജസ്‌റ്റിന്‍ ഗാട്‌ലിനും അസാഫ പവലുമെല്ലാം മല്‍സരിക്കുന്ന 100 മീറ്ററായിരിക്കും ലണ്ടനിലെ ആദ്യ അട്രാക്ഷന്‍. അത് കഴിഞ്ഞാല്‍ സംശയമില്ല-ടെന്നിസ് വേദികളിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കായിരിക്കും ആരാധകര്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment