Tuesday, June 26, 2012

A+star in Indian Sports


രണ്ട്‌ വര്‍ഷം മുമ്പാണ്‌....ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കുന്നു. പ്രഗതി മൈതാനത്തെ മെയിന്‍ മീഡിയാ സെന്ററില്‍ നിന്ന്‌ രാവിലെ അമ്പെയ്‌ത്ത്‌ മല്‍സരങ്ങള്‍ നടക്കുന്ന യമുനാ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സിലേക്ക്‌ പോവാന്‍ തീരുമാനിച്ചു. ദിപീകാ കുമാരി എന്ന കൊച്ചു താരത്തെ കാണുകയായിരുന്നു ലക്ഷ്യം. പ്രത്യേക ബസ്സില്‍ നിരയെ ദക്ഷിണ കൊറിയക്കാരായ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവര്‍ക്കും അറിയേണ്ടത്‌ ദിപീകയെക്കുറിച്ച്‌. താര്‍ഖണ്ഡ്‌ എന്ന ചെറിയ സംസ്ഥാനത്തെ റാഞ്ചി എന്ന പട്ടണത്തില്‍ നിന്ന്‌ വരുന്ന താരമാണ്‌ എന്ന മറുപടി മാത്രമാണ്‌ എനിക്ക്‌ നല്‍കാനുണ്ടായിരുന്നത്‌. കൂടുതലൊന്നും ദീപികയെക്കുറിച്ച്‌ അറിയില്ല. പാവപ്പെട്ട വീട്ടിലെ, ദാരിദ്ര്യം പരിശീലിച്ച താരമാണെന്ന പ്രാഥമിക അറിവില്‍ മല്‍സരവേദിയിലെത്തിയപ്പോള്‍ തിരക്കിലായിരുന്നു ദീപിക. ഉച്ചക്കഴിഞ്ഞ്‌ സമയം തീരുമാനിച്ച്‌ അല്‍പ്പം സംസാരിക്കാന്‍ ഇരുന്നപ്പോള്‍ വശമുള്ള ഭാഷായുധം ഹിന്ദി മാത്രം. പരിശീലകനും ഹിന്ദിയാണ്‌ പ്രിയപ്പെട്ട ഭാഷ. ഒരു താരത്തെ അറിയാന്‍, കടന്നുവന്ന വഴികളിലെ കല്ലും മുള്ളും മനസ്സിലാക്കാന്‍, പിന്നിടാനുള്ള ദൂരത്തെക്കുറിച്ചുള്ള ആശങ്കയറിയാന്‍ ഭാഷ തടസ്സമായിരുന്നില്ല.
ദീപികയുടെ പിതാവ്‌ മഹാത്തോ ഓട്ടോറിക്ഷ ഡ്രൈവറാണ്‌. മാതാവ്‌ ഗീത നഴ്‌സും. ചെറിയ വരുമാനത്തില്‍ നിന്ന്‌ മകളെ സഹായിക്കാനുള്ള സാമ്പത്തികമില്ല. വിട്ടിന്‌ മുറ്റത്തുള്ള മാവിന്‌ കല്ലെറിഞ്ഞ്‌ കൃത്യതയില്‍ മിടുക്ക്‌ തെളിയിച്ച പെണ്‍കുട്ടിയുടെ കഥ കേട്ടപ്പോള്‍ റാഞ്ചി വരെ പോവാന്‍ തോന്നി. അങ്ങനെ അവിടെയെത്തി. സൈക്കിള്‍ ഓട്ടോ റിക്ഷയില്‍ ഭാരം കയറ്റി പോവുന്ന മഹാതോയെ കണ്ടു, ചറപറ സംസാരിക്കുന്ന അമ്മയെ കണ്ടു (ഈ അനുഭവകഥ കോമണ്‍വെല്‍ത്ത്‌ ഗെയിസ്‌ ഡയറിക്കുറിപ്പായ ദില്ലി ദര്‍ബാറില്‍ പ്രസിദ്ധീകരിച്ചിരുന്നു)....
ഇത്രയും ആമുഖം എഴുതിയത്‌ ഇന്നത്തെ ദിപികയെക്കുറിച്ച്‌ പറയാനാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രണ്ട്‌ സ്വര്‍ണം നേടിയ ദീപിക ഇന്ന്‌ ചില്ലറ താരമല്ല-ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരി. ആത്മവിശ്വാസമെന്ന ദീപികയുടെ അമ്പിനും വില്ലിനും മൂര്‍ച്ച നല്‍കിയത്‌ താര്‍ഖണ്ഡിലെ ഭരണക്കൂടം. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ നേട്ടത്തിന്‌ ശേഷം സര്‍ക്കാര്‍ ദീപികയെ ഏറ്റെടുത്തു. അവള്‍ക്ക്‌ പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. വിദേശത്തേക്കയച്ചു. അറിയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പുകളില്ലെല്ലാം മല്‍സരിപ്പിച്ചു. പണം തടസമാണെന്ന്‌ കരുതരുതെന്ന വ്യക്തമായ ഉറപ്പ്‌ ദിപികക്ക്‌ നല്‍കി. ലണ്ടന്‍ ഒളിംപിക്‌സ്‌ ടിക്കറ്റ്‌ സ്വന്തമാക്കി ഇപ്പോള്‍ കൊല്‍ക്കത്തയില്‍ കഠിന പരിശീലനത്തിലാണ്‌ ദീപിക. ഒരു ഒളിംപിക്‌ മെഡല്‍ സ്വന്തമാക്കണം. അതില്‍പ്പരം വലിയ മോഹമില്ല. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം കാര്യമാക്കാതെ ലണ്ടന്‍ മാത്രം മനസ്സില്‍ കാണുന്ന ദീപിക മെഡല്‍ നേടുകയാണെങ്കില്‍ അത്‌ മാറ്റത്തിന്‍രെ ഉദ്‌ഘാടനമാവും.
കൂടുതല്‍ മല്‍സരങ്ങളാണ്‌ ഒരു താരത്തെ വളര്‍ത്തുന്നത്‌. ഒരു വലിയ ഗെയിംസിന്‌ ശേഷം അടുത്ത ചാമ്പ്യന്‍ഷിപ്പിന്‌ വേണ്ടി കാത്തുനില്‍ക്കേണ്ടി വരുന്ന നമ്മുടെ കായിക പാരമ്പര്യത്തിലെ വലിയ ഗ്യാപ്പാണ്‌ പ്രശ്‌നങ്ങളുടെ മൂല കാരണമെന്ന്‌ മനസ്സിലാക്കി കോച്ച്‌ പൂര്‍ണിമ തന്നെ ദിപികയുടെ മല്‍സരങ്ങളെ പ്ലാന്‍ ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആര്‍ച്ചറി മല്‍സരങ്ങളെ പഠിച്ച്‌ കഴിയാവുന്ന തരത്തില്‍ എല്ലാ മല്‍സരങ്ങളിലും പങ്കെടുത്ത്‌ , യാത്രയും പരിശീലനവും തമ്മില്‍ അകലമില്ലാത്ത തരത്തില്‍ കാര്യങ്ങളെ പ്ലാന്‍ ചെയ്യുന്നതിലെ ഒരു കോച്ചിന്റെ വിജയത്തില്‍ ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം വന്നിരിക്കുന്നു. എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്‌ ഒരു ഒളിംപിക്‌ മെഡല്‍ പാരിതോഷികമായി വന്നാല്‍ അല്‍ഭുതപ്പെടാനുമില്ല.
ദീപികയുടെയും പൂര്‍ണിമയുടെയും ഒരു ദിവസം ആരംഭിക്കുന്നത്‌ പുലര്‍ച്ചെ ആറ്‌ മണി മുതലാണ്‌. ജോഗിംഗും പിന്നെ പരിശീലനവുമായി അഞ്ച്‌ മണിക്കൂര്‍. അതിന്‌ ശേഷം ജിമ്മില്‍ ഫിറ്റ്‌ന്‌സ്‌ എക്‌സര്‍സൈസുകള്‍. ശേഷം ഇന്‍ഡോറില്‍ മാനസികാരോഗ്യ ക്യാമ്പില്‍. പിന്നെ യോഗ. ഉച്ചതിരിഞ്ഞ്‌ വീണ്ടും മൈതാനത്തേക്ക്‌. സന്ധ്യയാവും വരെ പരിശീലനം. മല്‍സരങ്ങളെ മാത്രമല്ല പരിശീലനത്തെയും ഗൗരവമായി കാണാന്‍ ദീപികയെ പ്രേരിപ്പിക്കുന്നത്‌ വളര്‍ന്നു വന്ന സാഹചര്യം തന്നെ. ഇപ്പോള്‍ പതിനെട്ടില്‍ നില്‍ക്കുന്ന താരം കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലുമെല്ലാം പങ്കെടുത്ത്‌ പക്വത നേടിക്കഴിഞ്ഞു. ആദ്യ ഒളിംപിക്‌സിനൊരുങ്ങുമ്പോള്‍ ആശങ്കയുമില്ല.
നമ്മുടെ കായികരംഗത്ത്‌ ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ പക്വതയില്‍ സംസാരിക്കാന്‍ ദീപികക്ക്‌ കഴിയുന്നതില്‍ നിന്ന്‌ ഒരു സത്യം പ്രകടമാണ്‌-താരങ്ങള്‍ പോസിറ്റിവാണ്‌. കാലിക ആഗോള കായിക മാറ്റങ്ങളെ അവര്‍ ഉള്‍ക്കൊള്ളുന്നു. പാരമ്പര്യത്തെ മുറുകെ പിടിച്ച്‌, ഈ വഴിയിലുടെ മാത്രമേ സഞ്ചരിക്കു എന്ന്‌ വാശിപ്പിടിക്കുന്നില്ല അവര്‍. മാറിയ കാലത്തിനൊപ്പം വേഗതയില്‍ സഞ്ചരിക്കാന്‍ പോസിറ്റീവ്‌ ചിന്തകളും ഒപ്പം ആ ചിന്തകളെ ആവാഹിക്കാനും കഴിയണമെന്ന തിരിച്ചറിവ്‌ താരങ്ങള്‍ക്ക്‌ കൈവരുന്നു. പണ്ട്‌ ഉഷയെയും അശ്വനി നാച്ചപ്പയെയും വല്‍സമ്മയെയുമെല്ലാം അധികാരികള്‍ക്ക്‌ നോക്കി പേടിപ്പിക്കാമായിരുന്നു. ഒളിംപിക്‌സ്‌ ട്രയല്‍സിന്റെ പേരില്‍ മുന്‍പറഞ്ഞ താരങ്ങള്‍ അനുഭവിച്ച പീഡനം ചെറുതായിരുന്നില്ല. ദിപികയെ പോലുള്ളവരുടെ സമീപനം, ആത്മവിശ്വാസം, അനുഭവ സമ്പത്ത്‌-അതാണ്‌ ഇന്ത്യന്‍ കായികരംഗത്തിന്‌ വേദനകള്‍ക്കിടയില്‍ ലഭിക്കുന്ന ആശ്വാസം.
പാരമ്പര്യത്തെ തള്ളി വിവാഹത്തിന്‌ ശേഷവും കളത്തില്‍ തുടര്‍ന്ന ഉഷ, മല്‍സരരംഗം വിട്ട ശേഷം സ്വന്തം സ്‌ക്കൂളും പരിശീലനവുമായി കായികതയെ അതിയായി സ്‌നേഹിക്കുന്ന ഉഷ- നമ്മുടെ കായികലോകത്ത്‌ പാരമ്പര്യത്തെ വെല്ലുവിളിച്ച ഉഷയാണ്‌ ദിപീകയുടെ മാതൃകാതാരം. ഉഷക്ക്‌ ലോസാഞ്ചലസില്‍ നഷ്ടമായ മെഡല്‍, ദീപികക്ക്‌ ലണ്ടനില്‍ ലഭിച്ചാല്‍ മാറ്റത്തിന്‌ അതിവേഗത കൈവരും

No comments: