Friday, June 8, 2012

VEENDUM BINDRA



ആ സ്വര്‍ണ വെടി
130 കോടി വരുന്ന ജനത. അവരില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌ ഒളിംപിക്‌സ്‌ എന്ന ലോക കായിക കൂട്ടായ്‌മക്കിടയില്‍ ഒന്നാമന്റെ കനകം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. ചരിത്ര നേട്ടമല്ല ഇതിഹാസം നേട്ടം എന്ന്‌ തന്നെ വിശേഷിപ്പിക്കണം ആ അംഗീകാരത്തെ.. 203 രാജ്യങ്ങള്‍ പങ്കെടുത്ത മല്‍സരവേദിയില്‍ നിന്ന്‌ ഒന്നാമനാവണമെങ്കില്‍ മിടുക്ക്‌ മാത്രം പോര ഭാഗ്യവും വേണം. അഭിനവ്‌ ബിന്ദ്രയെന്ന ഷൂട്ടര്‍ നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗിലെ ഒളിംപിക്‌ വേദിയില്‍ സൃഷ്ടിച്ച ചരിത്രം വലിയ രാജ്യത്തിന്റെ തിലകമായിരുന്നു.
ഒളിംപിക്‌സില്‍ രാജ്യത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കുന്ന താരമെന്ന അപൂര്‍വ ബഹുമതിക്കുടമയാവുന്ന നിമിഷത്തില്‍ ഒരു താരത്തിന്റെ ആഹ്ലാദം എത്രത്തോളമായിരിക്കും..? തുള്ളിച്ചാടും, മുഷ്‌ടി ചുരുട്ടി വാനിലേക്കുയരും, അല്‍പ്പമഹങ്കാരത്തില്‍ സംസാരിക്കും. പക്ഷേ ബിന്ദ്ര അതൊന്നും ചെയ്‌തില്ല. മാന്യതയുടെ ഇന്ത്യന്‍ പ്രതിരൂപമായി അദ്ദേഹം ദേശീയ പതാകയെ സല്യൂട്ട്‌ ചെയ്‌തു....!
ആ നിമിഷത്തിലാണ്‌ കായികലോകം ബിന്ദ്രയുടെ മഹത്വമറിയുന്നത്‌. നിറപുഞ്ചിരിയില്‍ അദ്ദേഹം ദേശീയ പതാക ദേഹത്ത്‌ പൊതിഞ്ഞ മുഹൂര്‍ത്തത്തില്‍ നെഞ്ചില്‍ കൈകള്‍ വെക്കാത്ത ഇന്ത്യക്കാരുണ്ടായിരുന്നില്ല. ഇവനാണ്‌ ഇന്ത്യ, ഇവനാണ്‌ താരം...
ബിന്ദ്രയെ കാണുക, ഒരഭിമുഖം തരപ്പെടുത്തുക എന്ന രണ്ട്‌ ലക്ഷ്യത്തിലാണ്‌ 2010 ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയത്‌. ബിന്ദ്രയും ദേശീയ ഷൂട്ടിംഗ്‌ ഫെഡറേഷനും തമ്മിലുള്ള മോശമായ ബന്ധവും ഒളിംപിക്‌ താരത്തെ അവഗണിക്കുന്ന ഔദ്യോഗിക നിലപാടുമെല്ലാം അതിനിടെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാന്യനായ ബിന്ദ്ര വിവാദങ്ങളില്‍ പ്രതികരിക്കാതെ, പത്രക്കാര്‍ക്ക്‌ മുഖം നല്‍കാതെ ഏകാഗ്രതയോടെ പരിശീലനം നടത്തി രാജ്യത്തിന്‌ യശസ്‌ സമ്മാനിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിക്കാതെ നടക്കുകയായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനിലെ മാധ്യമ വിഭാഗം തലവനായ സന്ദീപ്‌ മേത്തയുടെ അരികിലെത്തി ബിന്ദ്രയെ കാണാന്‍ അവസരമുണ്ടാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍ ശ്രമിക്കാം എന്ന മറുപടി. അതില്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഡല്‍ഹി നഗരത്തില്‍ നിന്നും അതിവിദൂരത്തുള്ള കദാര്‍പൂരിലെ ഷൂട്ടിംഗ്‌ റേഞ്ചിലേക്ക്‌ മൂന്ന്‌ തവണ പോയി. ബിന്ദ്രയെ മാത്രം കണ്ടില്ല. ഗഗന്‍ നരാംഗിന്റെ മികവിന്‌ മുന്നില്‍ ബിന്ദ്ര മങ്ങിയ കാഴ്‌ച്ചകളായിരുന്നു ഡല്‍ഹിയില്‍.
ചൈനയിലെ ഗോഞ്ചുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്‌ പോവുമ്പോഴും പ്രതീക്ഷ ബിന്ദ്രയില്‍ തന്നെയായിരുന്നു. ചൈനീസ്‌ ആസ്ഥാനമായ ബെയ്‌ജിംഗില്‍ ചരിത്രം കുറിച്ച താരത്തിന്‌ മറ്റൊരു ചൈനീസ്‌ നഗരത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പം വെടിയുതിര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഡല്‍ഹിയിലും ഗോഞ്ചുവിലും ബിന്ദ്രയെ കണ്ടപ്പോള്‍, സംസാരിക്കാന്‍ സമയം തേടിയപ്പോള്‍ മനോഹരമായ, ആഢ്യത്ത്വമുള്ള പുഞ്ചിരിയായിരുന്നു മറുപടി.
സംസാരത്തിനോ, വിവാദങ്ങള്‍ക്കോ, ഫോട്ടോ സെഷനുകള്‍ക്കോ താല്‍പ്പര്യമില്ലാത്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ അപൂര്‍വ പ്രതിഭാസം. ഓരോ ഗെയിംസും നല്‍കുന്ന പത്തക്കങ്ങളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന ചില്ലി കാശിന്റെ പാരിതോഷികത്തില്‍ വിശ്വസിക്കാത്ത, സ്വന്തം പോക്കറ്റില്‍ നിന്ന്‌ യാത്ര ചെലവും പരിശീലന ചെലവുമെല്ലാം വഹിക്കുന്ന ബിന്ദ്ര പക്ഷേ അഹങ്കാരിയല്ല. യഥാര്‍ത്ഥ തറവാടിയാണ്‌. അധികൃതരുടെ അവഗണനക്കെതിരെ അദ്ദേഹം ഒരക്ഷരം പ്രതികരിച്ചിട്ടില്ല.
ലണ്ടനിലേക്ക്‌ ഒരുങ്ങുകയാണ്‌ ബിന്ദ്ര. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും കാര്യമായ നേട്ടങ്ങളില്ലെന്ന സത്യം അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നില്ല. ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും തന്റെ പ്രിയപ്പെട്ട ഇനമായ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ പഴയ മികവിലേക്ക്‌ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്‌. മ്യൂണിച്ചില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ്‌ അദ്ദേഹത്തിന്‌ ഒളിംപിക്‌ ടിക്കറ്റ്‌ സമ്മാനിച്ചത്‌. 600 പോയന്റില്‍ 595 വരെ നേടിയിട്ടുണ്ട്‌്‌ സീസണില്‍ ബിന്ദ്ര. ഏകാഗ്രതയോടെ മല്‍സരിച്ചാല്‍ 600ന്‌ അരികിലെത്താന്‍ അദ്ദേഹത്തിനാവുമെന്ന്‌ പരിശീലകരായ ഗാബി ബുള്‍മാനും ഹെയിന്‍സ്‌ റൈന്‍കരൈമറും പറയുമ്പോള്‍ ലണ്ടനില്‍ ഇന്ത്യയുടെ ഫസ്റ്റ്‌ ചോയിസ്‌ മെഡല്‍ പ്രതീക്ഷയാവാന്‍ ബിന്ദ്രക്കാവുന്നുണ്ട്‌. 2006 ലെ ലോകകപ്പ്‌ നേട്ടം, 2008 ലെ ഒളിംപിക്‌ നേട്ടം-വലിയ വേദികളിലെ പ്രിയപ്പെട്ട താരമാണ്‌ ബിന്ദ്ര. എല്ലാ കായിക താരങ്ങള്‍ക്കുമെന്ന പോലെ ലണ്ടന്‍ അദ്ദേഹത്തിനും പ്രിയപ്പെട്ട നഗരമാണ്‌. ബെയ്‌ജിംഗിലെ സ്വര്‍ണ വെടി ലണ്ടനില്‍ ബിന്ദ്ര ഉതിര്‍ക്കുമെന്ന്‌ പ്രതീക്ഷിക്കുന്നവരാണ്‌ എല്ലാവരും.

No comments: