Tuesday, June 12, 2012

WITHOUT THE GREAT


സലാസിയുടെ നൊമ്പരം
ഒരു ഒളിംപിക്‌സ്‌ മെഡല്‍-അതാഗ്രഹിക്കാത്ത താരങ്ങളില്ല. ഒളിംപിക്‌സിലൂടെ ഒരു വിടവാങ്ങല്‍-അതും താരങ്ങളുടെ സ്വപ്‌നമാണ്‌. ഒളിംപിക്‌സില്‍ ഒരു മെഡല്‍ സ്വന്തമാക്കി വിരമിക്കുകയെന്നത്‌ വലിയ സ്വപ്‌നം. ലോക കായികവേദിയിലെ എല്ലാ പ്രമുഖരും മല്‍സരിക്കുന്ന വേദിയായതിനാല്‍ ഒളിംപിക്‌ മെഡല്‍ എന്നാല്‍ ലോകം കീഴടക്കുന്ന ബഹുമതിയാണത്‌. എല്ലാവരെയും പരാജയപ്പെടുത്തി ഒന്നാമനായി തന്നെ വിടവാങ്ങുകയെന്ന ലക്ഷ്യത്തില്‍ സ്വന്തം കരിയര്‍ പ്ലാന്‍ ചെയ്‌ത ആളാണ്‌ എത്യോപ്യക്കാരനായ ഹെയില്‍ ഗെബ്രിസലാസി. 10,000 മീറ്റര്‍ എന്നാല്‍ എപ്പോഴും എവിടെയും അത്‌ സലാസിയാണ്‌. 1996 ല്‍ അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സ്‌ മുതല്‍ അദ്ദേഹത്തിന്റെ നാമം ഉച്ചത്തില്‍ മുഴങ്ങാറുണ്ട്‌. സലാസി മല്‍സരിക്കുന്നുണ്ടെങ്കില്‍ കൂടെയുള്ളവര്‍ പോരാടാറുള്ളത്‌ രണ്ടാം സ്ഥാനത്തിന്‌ വേണ്ടിയാണ്‌. 2000 ത്തില്‍ സിഡ്‌നിയില്‍ കനകനേട്ടം ആവര്‍ത്തിച്ച അദ്ദേഹം 2004 ല്‍ ഏതന്‍സിലെത്തിയത്‌ ചരിത്രം കുറിക്കാനായിരുന്നു. ഒരേ ഇനത്തില്‍ ഹാട്രിക്‌ ഒളിംപിക്‌ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതി നേടാന്‍ പക്ഷേ സലാസിക്കായില്ല. കെനാസിയ ബെക്കാലി എന്ന സ്വന്തം നാട്ടുകാരന്റെ കുതിപ്പിന്‌ മുന്നില്‍ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട സലാസി വേദനയില്‍ പുളഞ്ഞാണ്‌ മൈതാനം വിട്ടത്‌. 2008 ല്‍ ബെയ്‌ജിംഗില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ശക്തമായിരുന്നില്ല. 10,000 മീറ്ററില്‍ നിന്ന്‌ ഹാഫ്‌ മാരത്തോണിലേക്ക്‌ മാറിയ വെറ്ററന്‍ താരം പലവട്ടം റിട്ടയര്‍മെന്റ്‌ തീരുമാനിച്ചിരുന്നു. പക്ഷേ മല്‍സരക്കളങ്ങള്‍ അദ്ദേഹത്തെ മോഹിപ്പിച്ചു. ഒടുവില്‍ ലണ്ടന്‍ ഒളിംപിക്‌സിലുടെ വിരമിക്കാന്‍ തീരുമാനിച്ചു. തന്നെ താനാക്കിയ ഒളിംപിക്‌ വേദിയില്‍, അതും പ്രിയപ്പെട്ട ലണ്ടന്‍ നഗരത്തില്‍ ലോകത്തോട്‌ ഗുഡ്‌ബൈ പറയാന്‍ കൊതിച്ച താരത്തിന്‌ പക്ഷേ അടിതെറ്റി. ഒളിംപിക്‌ യോഗ്യതാ മല്‍സരത്തില്‍ അദ്ദേഹം ഏഴാമനായാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. നാല്‍പ്പതിലേക്ക്‌ അടുക്കുന്ന ഒരു താരത്തെ തോല്‍പ്പിച്ച്‌ മുന്നേറാന്‍ യുവതാരങ്ങള്‍ക്ക്‌ കഴിഞ്ഞു.
ആഫ്രിക്കന്‍ താരങ്ങളുടെ ഉറച്ച മസിലുകള്‍ ഏത്‌ വേദനയെയും പ്രതിരോധിക്കും. പ്രതിയോഗികളുടെ വെല്ലുവിളികള്‍ക്ക്‌ മുന്നില്‍ പതറാതെ മുന്നേറുന്ന സലാസി ആ തോല്‍വിയില്‍ ആദ്യമായി കരഞ്ഞു...... ലണ്ടനില്‍ സലാസി ഇല്ല എന്നത്‌ വലിയ വാര്‍ത്തയല്ല. പക്ഷേ ദീര്‍ഘദൂര മല്‍സരങ്ങളെ അടുത്തിഷ്ടപ്പെടുന്നവര്‍ക്ക്‌ മുന്നില്‍ അഭാവം ഒരു വിടവാണ്‌. പാവപ്പെട്ട ഒരു അത്‌ലറ്റ്‌ (എത്യോപ്യക്കാരെല്ലാം പാവങ്ങളാണ്‌. വീര്‍ത്ത വയറുമായി ജിവിതത്തോട്‌ മല്‍സരിക്കുന്നവര്‍. സലാസിയുടെ ആത്മകഥയില്‍ തന്നെ വേദനയുടെ വരികള്‍ പറയുന്നുണ്ട്‌. കീലോമീറ്ററുകള്‍ അകെലയുള്ള സ്‌ക്കൂളിലേക്ക്‌ ദിവസവും രാവിലെ ഓടും. വൈകീട്ട്‌ അതേ ദൂരത്തേക്ക്‌ തിരിച്ച്‌ ഓടും. അങ്ങനെയാണ്‌ സലാസി ഓട്ടക്കാരനായത്‌. സ്‌ക്കൂള്‍ ബാഗ്‌ ചുമലില്‍ തൂക്കി ഓടിയതിനാല്‍ ചുമലിന്‌ ചരിവ്‌ വന്നു. ആ ചെരിവ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ നടത്തത്തിലുണ്ട്‌. പോഷകാഹാര ഭക്ഷണങ്ങളുടെ കുറവില്‍ പലവട്ടം വാതരോഗം ആക്രമിച്ചു. വേദന കടിച്ചമര്‍ത്തിയാണ്‌ മല്‍സരിച്ചത്‌.)
ഒളിംപിക്‌ സ്വര്‍ണങ്ങള്‍ ലഭിച്ച സന്തോഷത്തില്‍ ഒളിംപിക്‌സിലുടെ കരിയര്‍ അവസാനിപ്പിക്കാന്‍ കൊതിച്ച താരം. അയാളുടെ വേദന കായികലോകത്തിന്റെ വേദനയാണ്‌. ആയിരത്തോളം കിരീടങ്ങള്‍. എത്രയോ ലോക റെക്കോര്‍ഡുകള്‍. ഒളിംപിക്‌സില്‍ മാത്രമല്ല ലോക മീറ്റുകളില്‍, ലോക മാരത്തോണുകളില്‍ നിറഞ്ഞ്‌ നിന്ന സലാസി .... ലണ്ടനില്‍ സലാസിയുടെ പിന്‍ഗാമികളായി ആരെങ്കിലും ഉദയം ചെയ്യും. പക്ഷേ പരിചിതമായ മുഖം കാണാതാവുന്നത്‌ വേദനയാണ്‌.
2017 ലെ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ വേദിയാവാന്‍ ലണ്ടന്‍ രംഗത്ത്‌ വന്നപ്പോള്‍ സ്വന്തം ബ്രാന്‍ഡ്‌ അംബാസിഡറായി ലണ്ടനുകാര്‍ നിര്‍ദ്ദേശിച്ചത്‌ സലാസിയെയാണ്‌. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച സലാസി ഇതിനായി ധാരാളം വേദികളിലെത്തി. സലാസിക്കായി ലണ്ടന്‍ നിവാസികള്‍ കൈയ്യടിച്ചു. സ്വന്തം സഹോദരന്മാരെ പോലെയാണ്‌ ലണ്ടന്‍കാര്‍ എന്ന്‌ പലപ്പോഴായി സലാസി പറഞ്ഞിട്ടുമുണ്ട്‌. ആ സലാസി ഇല്ലാതെ ലണ്ടന്‍ കായിക ലോകത്തെ സ്വാഗതം ചെയ്യുമ്പോള്‍ ആ വേദനക്ക്‌ കാഠിന്യമുണ്ട്‌.

No comments: