Tuesday, June 19, 2012

Pls not disturb Tintu


കലണ്ടറിനെ പരിചയപ്പെടുത്തേണ്ടതില്ല. എല്ലാ വീടുകളിലെയും സ്ഥിരക്കാരന്‍. കാലസഞ്ചാരത്തിന്റെ വേഗത കലണ്ടര്‍ രൂപത്തില്‍ മാലോകരെ അറിയിക്കുന്നത്‌ പത്രസ്ഥാപനങ്ങളുടെ ജോലിയാണ്‌. അവര്‍ മുടങ്ങാതെ വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാറുണ്ട്‌. കായിക കാര്യങ്ങള്‍ക്കും കലണ്ടറുണ്ട്‌. ക്രിക്കറ്റാണെങ്കിലും ഫുട്‌ബോളാണെങ്കിലും ടെന്നിസാണെങ്കിലും ബന്ധപ്പെട്ട ലോക ഫെഡറേഷന്റെ കലണ്ടര്‍ പ്രകാരമാണ്‌ മല്‍സരങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ദേശീയ മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തി ആഭ്യന്തര കായിക കലണ്ടറിന്‌ എല്ലാ രാജ്യങ്ങളും രൂപം നല്‍കാറുണ്ട്‌. പക്ഷേ നമ്മുടെ കായികാധികാരികള്‍ക്ക്‌ കലണ്ടറില്‍ വിശ്വാസമില്ല.
ഇത്‌ ഒളിംപിക്‌ വര്‍ഷമാണ്‌. നമ്മുടെ താരങ്ങള്‍ക്ക്‌ ഒളിംപിക്‌സിനൊരുങ്ങാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി അവരെ മെഡല്‍ പ്രാപ്‌താരാക്കേണ്ടവര്‍ പതിവ്‌ പോലെ മഴയും കാറ്റും കോളുമെല്ലാം പറഞ്ഞ്‌ ഉറങ്ങുന്നു. ചൈനയിലെ കഥ ഇന്നലെ പറഞ്ഞതാണ്‌. നമ്മുടെ തൊട്ടരികിലുള്ള ബംഗ്ലാദേശുകാര്‍ പോലും കലണ്ടര്‍ പ്ലാനിംഗില്‍ പുലര്‍ത്തുന്ന ജാഗ്രത അധികാരികള്‍ കാണുക. ബംഗ്ലാദേശുകാര്‍ക്ക്‌ ട്രാക്കില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു താരമില്ല. എന്നിട്ടും ജനുവരിക്ക്‌ ശേഷം അവര്‍ ഏഴ്‌ ദേശീയ മീറ്റുകള്‍ സംഘടിപ്പിച്ചു. രണ്ട്‌ അത്‌ലറ്റുകളെ ലണ്ടനില്‍ അവതരിപ്പിക്കുന്നുമുണ്ട്‌.
നമ്മുടെ മുപ്പതംഗ സാധ്യതാ സംഘത്തില്‍ രണ്ട്‌ പേരാണ്‌ ഇതിനകം ഒളിംപിക്‌ യോഗ്യത നേടിയത്‌. പി.ടി ഉഷയുടെ ശിഷ്യയായ ടിന്റു ലൂക്കയാണ്‌ ഇന്ത്യയില്‍ നിന്ന്‌ തുടക്കത്തില്‍ തന്നെ ടിക്കറ്റ്‌ ഉറപ്പാക്കിയത്‌. ഉഷയുടെ ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലാണ്‌ ടിന്റുവിന്‌ യോഗ്യത ലഭിച്ചത്‌. വിവിധ വിദേശ മീറ്റുകളില്‍ ടിന്റുവിനെയുമായി ഉഷ സഞ്ചരിച്ചു. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ മല്‍സരിപ്പിച്ചു. അനുഭവസമ്പത്തും ആത്മവിശ്വാസവുമേകി. ഓഗസ്‌റ്റ്‌ എട്ടിന്‌ വനിതകളുടെ 800 മീറ്ററിന്റെ ഹീറ്റ്‌സ്‌ നടക്കുമ്പോള്‍, ഓഗസ്‌റ്റ്‌ പതിനൊന്നിന്‌ ഫൈനല്‍ നടക്കുമ്പോള്‍ രാജ്യത്തിന്‌ ഒരു മെഡല്‍ ലഭിക്കുന്നത്‌ കാണാന്‍ കായികലോകം ഇപ്പോള്‍ തന്നെ കാത്തിരിക്കുന്നത്‌ കലണ്ടര്‍ തയ്യാറാക്കി തന്നെയാണ്‌. അധികാരികള്‍ക്ക്‌ കലണ്ടര്‍ വിശ്വാസമില്ലെങ്കിലും ട്രാക്കിനെ അറിയുന്നവര്‍ക്കറിയാം ഓരോ ദിവസവും ഓരോ മല്‍സരങ്ങളും.
23ന്‌ ഹൈദരാബാദില്‍ ആരംഭിക്കുന്ന അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌ മീറ്റാണ്‌ ഇവിടെ നടക്കുന്ന അവസാന ഒളിംപിക്‌സ്‌ ഒരുക്കം. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പിന്‌ ശേഷം രണ്ട്‌ മാസത്തെ വലിയ ഇടവേളക്ക്‌ ശേഷമാണ്‌ അന്തര്‍ സംസ്ഥാന മീറ്റ്‌. ഈ മീറ്റിലാവട്ടെ ദേശീയ താരങ്ങള്‍ മാത്രമാണ്‌ മല്‍സരിക്കുന്നത്‌. ഒളിംപിക്‌ യോഗ്യതാ മാര്‍ക്ക്‌ ലക്ഷ്യമിടുന്നവര്‍ക്ക്‌ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥ. മൂന്ന്‌ ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംഘാടകര്‍ക്ക്‌ പോലും വശമില്ല.
ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ വ്യക്തമായ പ്ലാനിംഗില്‍ ആഭ്യന്തര, വിദേശ മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്യണമായിരുന്നു. അതുണ്ടായില്ല. ടിന്റു ഉഷക്കായി ഓടുന്നത്‌ പോലെയാണ്‌ കാര്യങ്ങള്‍. രാജ്യത്തിന്‌ വേണ്ടിയാണ്‌ ടിന്റു ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌ എന്ന്‌ തിരിച്ചറിയാന്‍ മാത്രമുള്ള ബുദ്ധി വികസനം അത്‌ലറ്റിക്‌ അസോസിയേഷനിലെ ആര്‍ക്കുമില്ല. കലണ്ടര്‍ കാര്യത്തിലെ അജ്ഞത പോലെ ഒളിംപിക്‌ യോഗ്യത നേടിയ താരങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച്‌ പോലും അധികാരികള്‍ക്ക്‌ അറിവില്ല, അവരത്‌ അറിയാന്‍ ആഗ്രഹിക്കുന്നമില്ല. ഇറ്റലിയില്‍ ഈയിടെ നടന്ന രാജ്യാന്തര മീറ്റില്‍ ടിന്റു പങ്കെടുത്തു. ഒരു ദേശീയ താരം രാജ്യാന്തര തലത്തില്‍ മല്‍സരിക്കുമ്പോള്‍ ആ താരത്തിന്റെ യാത്ര, ഭക്ഷണം, താമസം, മല്‍സര പ്രകടനം തുടങ്ങി എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും ബന്ധപ്പെട്ട അസോസിയേഷനും ഇന്ത്യന്‍ ഒളിംപിക്‌ കമ്മിറ്റിയും കായിക മന്ത്രാലയവുമെല്ലാം ചേര്‍ന്നാണ്‌. ആരും പക്ഷേ തിരിഞ്ഞ്‌ നോക്കുന്നില്ല. ടിന്റുവിനെ ഉഷ തന്നെ ഒരുക്കുന്നു. ടിന്റുവിനൊപ്പം ഉഷ തന്നെ യാത്ര ചെയ്യുന്നു. പാസ്‌പോര്‍ട്ട്‌, ഇമിഗ്രേഷന്‍, കസ്‌റ്റംസ്‌, താമസം, ഭക്ഷണം, പരിശീലനം, മല്‍സരം തുടങ്ങി എല്ലാം ഉഷ തന്നെ ചെയ്യണം.
വനിതകളുടെ 800 മീറ്ററില്‍ ലോക റെക്കോര്‍ഡ്‌ സമയമെത്ര, ടിന്റുവിന്റെ സമയമെത്ര, ടിന്റുവിന്റെ പ്രധാന പ്രതിയോഗികള്‍ ആരെല്ലാം....? തുടങ്ങിയ ചോദ്യങ്ങള്‍ അധികാരികളോട്‌ ചോദിക്കുക. അവരുടെ മറുപടി ചിരിയാവും. പണ്ട്‌ ലോസാഞ്ചലസ്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത്‌ എല്ലാവരുടെയും വേദനിക്കുന്ന ഓര്‍മയാണ്‌. അന്ന്‌ മല്‍സരം പ്ലാന്‍ ചെയ്യാനും തന്ത്രങ്ങള്‍ പഠിപ്പിക്കാനും ഉഷക്കൊപ്പം കാര്യമായി ആരുമുണ്ടായിരുനനില്ല. ഫൈനല്‍ പോരാട്ടത്തില്‍ ഒന്ന്‌ ചുമല്‍ മുന്നോട്ട്‌ ആഞ്ഞിരുന്നെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പായിരുന്നു. ഫിനിഷിംഗ്‌ പോയന്റില്‍ ചുമലിനുള്ള വില ഉഷക്ക്‌ മനസ്സിലായത്‌ ഫൈനലിന്‌ ശേഷമാണ്‌. അന്ന്‌ സംഭവിച്ച പിഴവുകല്‍ ടിന്റുവിനെ തേടി വരരുത്‌ എന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ ഉഷ നീങ്ങുന്നത്‌. 2002 ല്‍ ഉഷ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ ആരംഭിക്കുമ്പോള്‍ തന്റെ വ്യക്തമായ ലക്ഷ്യമായി ഉഷ പറഞ്ഞത്‌ ടിന്റുവിന്റെ ലണ്ടന്‍ മെഡലാണ്‌.
ആ ദിവസമാണ്‌ സമാഗതമാവുന്നത്‌. ടിന്റുവിന്‌ എല്ലാ സഹായവും ഉഷയും സ്‌ക്കൂളും നല്‍കുന്നു. ഇനി ടിന്റു തന്നെയാണ്‌ കരുത്ത്‌ തെളിയിക്കേണ്ടത്‌. പക്ഷേ നമ്മള്‍ മാധ്യമ പ്രവര്‍ത്തകരും, പിന്തിരിപ്പന്മാരായ അധികാരികളും ഇടപെടാതിരിക്കുക. ആ കുട്ടി ഓടട്ടെ... ജയിച്ചാലും തോറ്റാലും അത്‌ നേട്ടമാണ്‌. കോഴിക്കോട്ടുകാരിയായി ഒരു കൊച്ചു താരം, കോഴിക്കോടിന്റെ സ്വന്തം സ്‌ക്കൂളില്‍ നിന്ന്‌ ലണ്ടന്‍ വരെ എത്തിനില്‍ക്കുമ്പോള്‍ അത്‌ തന്നെ അഭിമാനമാണ്‌. ഇനി ഒരു മെഡല്‍-അതിന്‌ കരുത്ത്‌ മാത്രം പോര, ഭാഗ്യവും വേണം.1:58.5 സെക്കന്‍ഡ്‌ എന്ന സമയം സ്വന്തമാക്കാന്‍ ടിന്റുവിന്‌ കഴിയുമെന്ന്‌ ഉഷ പറയുമ്പോള്‍ ആ വിശ്വാസത്തില്‍ നമുക്കും വിശ്വാസം അര്‍പ്പിക്കാം.

No comments: