Monday, June 18, 2012

TRACK HOPES


ട്രാക്കിലെ ചില ഇന്ത്യന്‍ സത്യങ്ങള്‍
മൂന്ന്‌ രാജ്യാന്തര മീറ്റുകളുടെ അനുഭവസമ്പത്തിലൂടെ ആദ്യം:
2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസ്‌. ഖലീഫ സ്‌റ്റേഡിയത്തില്‍ ട്രാക്കിന മല്‍സരങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ഒരു സ്വര്‍ണത്തിനായുള്ള ഇന്ത്യന്‍ ദാഹം കലശലായിരുന്നു. ആദ്യ ആറ്‌ ദിവസത്തിലും ട്രാക്കില്‍ ഇന്ത്യക്ക്‌ സ്വര്‍ണമില്ല. ചൈനയും ജപ്പാനും കൊറിയയും ബഹറൈനും സഊദി അറേബ്യയുമെല്ലാം ട്രാക്കില്‍ അരങ്ങ്‌ തകര്‍ക്കുന്നു. ട്രാക്കിലെ അവസാന ദിവസത്തിലായിരുന്നു വനിതകളുടെ 4-400 മീറ്റര്‍ റിലേ. ഞങ്ങളെല്ലാം പ്രതീക്ഷകളോടെ ഒരുങ്ങി. മന്‍ജിത്‌ കൗറും നമ്മുടെ ചിത്ര കെ സോമനുമെല്ലാം. അവര്‍ പ്രതീക്ഷ തെറ്റിച്ചില്ല. ഖലീഫയില്‍ ദേശീയ ഗാനം...
2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. ട്രാക്ക്‌ മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മെഡലുകള്‍ വാരുകയാണ്‌. നമ്മുടെ പ്രീജയും ടിന്റുവും അശ്വനിയുമെല്ലാം നിരാശപ്പെടുത്തി. പക്ഷേ വനിതാ ഡിസ്‌ക്കസ്‌ ത്രോയില്‍ മൂന്നില്‍ മൂന്ന്‌ മെഡലുകളുമായി നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യ കസറി. കൃഷ്‌ണ പൂനിയ, ഹര്‍വന്ത്‌ കൗര്‍, സീമാ ആന്റില്‍ എന്നിവരാണ്‌ മൂന്ന്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്‌. ഒരു രാജ്യാന്തര വേദിയില്‍ മൂന്നില്‍ മൂന്ന്‌ മെഡലുകള്‍ ഇന്ത്യ നേടിയത്‌ അപൂര്‍വ അവസരങ്ങളില്‍ മാത്രം.
2010 ഗോഞ്ചു ഏഷ്യന്‍ ഗെയിംസ്‌. ആവോട്ടിയിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ചൈനീസ്‌ വെല്ലുവിളികള്‍ക്ക്‌ നടുവില്‍ കാര്യമായ പ്രതീക്ഷകള്‍ കുറവായിരുന്നു. പക്ഷേ ട്രാക്കിന മല്‍സരങ്ങളുടെ രണ്ടാം ദിവസത്തില്‍ പ്രീജ വിസ്‌മയമായി. 10,000 മീറ്ററില്‍ പ്രീജക്ക്‌ കാര്യമായ സാധ്യതകള്‍ ഞങ്ങളാരും കണ്ടിരുന്നില്ല. പക്ഷേ തുടക്കം മുതല്‍ അവസാനം വരെ പ്രീജ പൂലിയെ പോലെ കുതിച്ചു. സ്വര്‍ണം നേടിയ നിമിഷത്തില്‍ പ്രീജക്ക്‌ ദേശീയ പതാക നല്‍കിയത്‌ ഞങ്ങളായിരുന്നു. പിറ്റേ ദിവസം രാവിലെ അത്‌ലറ്റിക്‌ വില്ലേജില്‍ വെച്ച്‌ സന്തോഷത്തോടെ ദീര്‍ഘനേരം സംസാരിച്ച കൊച്ചു താരം. പ്രീജയുടെ നേട്ടത്തിന്‌ പിറകെ അശ്വനിയും ജോസഫ്‌ അബ്രഹാമുമെല്ലാം കനക നേട്ടങ്ങളുമായി കളം വാണു
ഇനി ഇതാ ലണ്ടന്‍ ഒളിംപിക്‌സ്‌. ട്രാക്കില്‍ ഇന്ത്യ എന്ത്‌ നേടും...?
പ്രീജാ ശ്രീധരന്‍, ടിന്റു ലൂക്ക, വികാസ്‌ ഗൗഡ, കൃഷ്‌ണ പൂനിയ, സീമാ ആന്റില്‍, ഓം പ്രകാശ്‌ സിംഗ്‌, മയുഖാ ജോണി, സുധാ സിംഗ്‌, രണ്‍ജിത്‌ മഹേശ്വരി, കവിതാ റാവത്ത്‌ തുടങ്ങിയ ദേശീയ തലത്തിലും ഏഷ്യന്‍ തലത്തിലും കഴിവ്‌ തെളിയിച്ച്‌ കൂറെ താരങ്ങള്‍ ഇവരെല്ലാം സാധ്യതാസംഘത്തിലുണ്ട്‌. ടിന്റുവും സുധാ സിംഗ്‌ എന്നിവരാണ്‌ ഇതിനകം യോഗ്യത നേടിയത്‌. ടിക്കറ്റ്‌ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും അവസാന ഘട്ടം പരിശീലനത്തിലുമാണ്‌. ഒളിംപിക്‌സ്‌ ചരിത്രം പരിശോധിച്ചാല്‍ ട്രാക്കില്‍ നമ്മുടെ നേട്ടങ്ങള്‍ പി.ടി ഉഷ, മില്‍ഖാസിംഗ്‌ എന്നിവരുടെ നാലാം സ്ഥാനത്തില്‍ നില്‍ക്കുന്നു. യുറോപ്യരും ആഫ്രിക്കന്‍ താരങ്ങളും അമേരിക്കക്കാരും വാഴുന്ന ട്രാക്കില്‍ നമ്മുടെ താരങ്ങളുടെ സമയവും ഉയരവും വേഗതയുമെല്ലാം വെല്ലുവിളിയാണ്‌. ഉസൈന്‍ ബോള്‍ട്ട്‌ എന്ന ശക്തന്‌ 9.04 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ്‌ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ആ സമയത്തിന്റെ അരികിലെത്താന്‍ ഒരു ഇന്ത്യന്‍ താരത്തിന്‌ സ്വപ്‌നം പോലും കാണാന്‍ കഴിയില്ല.
മുപ്പതംഗ സാധ്യതാ സംഘത്തെയാണ്‌ നിലവില്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇവരില്‍ പതിമൂന്ന്‌ പേരാണ്‌ യോഗ്യതാ മാര്‍ക്ക്‌ പിന്നിട്ടിരിക്കുന്നത്‌. ഭൂരിപക്ഷവും പട്യാല, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സായ്‌ കേന്ദ്രങ്ങളിലും ചിലര്‍ വിദേശത്തും പരിശീലനത്തിലാണ്‌. നമ്മുടെ താരങ്ങളുടെ സമീപകാല പ്രകടനത്തിലുടെ ലണ്ടന്‍ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും സാധ്യതകളില്ല. എല്ലാവരും നേരിടുന്നത്‌ സമാന പ്രശ്‌്‌നങ്ങളാണ്‌. ഒളിംപിക്‌സ്‌ അടുത്തിട്ടും രാജ്യാന്തര വേദിയില്‍ മല്‍സരിക്കാനും സ്വന്തം കഴിവിനെ വിലയിരുത്താനും ഇവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കുന്നില്ല. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോഞ്ചു ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ്‌ മലയാളിയായ ജോസഫ്‌ എബ്രഹാം. ഒളിംപിക്‌ യോഗ്യത സ്വന്തമാക്കാന്‍ 49.08 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്യാന്‍ ജോസഫിന്‌ കഴിയണം. 49.98 സെക്കന്‍ഡാണ്‌ പട്യാലയില്‍ ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌ മീറ്റില്‍ അദ്ദേഹത്തിന്‌ നേടാനായത്‌. ഫെഡറേഷന്‍ കപ്പിന്‌ ശേഷം എബ്രഹാമിനെ പോലുള്ളവര്‍ക്ക്‌ കരുത്ത്‌ തെളിയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇനി ആകെയുള്ളത്‌ ഹൈദരാബാദില്‍ 23 മുതല്‍ 26 വരെ നടക്കുന്ന അന്തര്‍ സംസ്ഥാന മീറ്റാണ്‌. അതായത്‌ രണ്ട്‌ മാസത്തെ ഇടവേളക്ക്‌ ശേഷമാണ്‌ ഒരു മല്‍സരം ലഭിക്കുന്നത്‌. ഒളിംപിക്‌ വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളിലെയും താരങ്ങള്‍ വലിയ മേളകളില്‍ മല്‍സരിച്ച്‌ പ്രതിയോഗികളെ പഠിക്കാനും സ്വന്തം സമയം മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ ഇവിടെ നടക്കുന്ന ശരാശരി നിലവാരമില്ലാത്ത മേളകളാണ്‌ നമ്മുടെ താരങ്ങളുടെ ആശ്രയം.
ഒന്ന്‌ ചൈനയിലേക്ക്‌ നോക്കുക: ഒളിംപിക്‌ വര്‍ഷമായതിനാല്‍ അവരുടെ ആഭ്യന്തര കലണ്ടര്‍ തന്നെ ശക്തമാണ്‌. നാല്‌ ദേശീയ ഗ്രാന്‍ഡ്‌ പ്രികളാണ്‌ ഈ വര്‍ഷം ഒളിംപിക്‌സിന്‌ മുമ്പ്‌ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. ഒരു ദേശീയ ത്രോ മീറ്റ്‌, ഒരു ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റ്‌, രണ്ട്‌ റിലേ ചാമ്പ്യന്‍ഷിപ്പ്‌, നാല്‌ ഔട്ട്‌ ഡോര്‍ ഗ്രാന്‍ഡ്‌ പ്രി, മൂന്ന്‌ മാരത്തോണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അങ്ങനെ മേളകള്‍ മാത്രം. നമ്മള്‍ അത്തരത്തിലൊന്നും പ്ലാന്‍ ചെയ്‌തില്ല. പതിവ്‌ പോലെ ഫെഡറേഷന്‍ കപ്പ്‌ മീറ്റും അന്തര്‍ സംസ്ഥാന മീറ്റും മാത്രം. വിദേശത്ത്‌ നടക്കുന്ന ചില മീറ്റുകളില്‍ മല്‍സരിക്കാന്‍ പക്ഷേ നമ്മുടെ താരങ്ങള്‍ക്ക്‌ അവസരം കിട്ടിയിരുന്നു. ആ അവസരങ്ങളുടെ കഥ രസകരമാണ്‌. അത്‌ നാളെ.....


ടെന്നിസിലെ തമ്മിലടി
ലണ്ടന്‍ ഒളിംപിക്‌സിന്‌ ഇനി അധിക ദിവസങ്ങളില്ല. ജൂലൈ പതിനേഴിന്‌ ബ്രിട്ടീഷ്‌ ആസ്ഥാന നഗരിയില്‍ നടക്കുന്ന ലോക കായിക മാമാങ്കത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്‌ എല്ലാ രാജ്യങ്ങളും. ഇന്ത്യയും ഒരുക്കങ്ങള്‍ ഗംഭീരമായി നടത്തുന്നു. നമ്മുടെ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ കഴിഞ്ഞ ദിവസമാണ്‌ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ കിരീടം നേടിയത്‌. പാരീസില്‍ സമാപിച്ച ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-സാനിയ മിര്‍സ സഖ്യമാണ്‌ മിക്‌സഡ്‌ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയത്‌. ബോക്‌സിംഗ്‌, ഗുസ്‌തി, ഷൂട്ടിംഗ്‌, ഹോക്കി താരങ്ങള്‍ ആത്മവിശ്വാസത്തോടെ ഒരുങ്ങുമ്പോഴും ഒരു മെഡല്‍ എന്നത്‌ ഇപ്പോഴും അകലെയുള്ള കനിയാണ്‌. നാല്‌ വര്‍ഷം ചൈനീസ്‌ ആസ്ഥാന നഗരമായ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്ര പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സമ്മാനിച്ച സ്വര്‍ണത്തിന്റെ ശോഭ ഇപ്പോഴും മാഞ്ഞിട്ടില്ല. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയുമായി ബിന്ദ്ര സുവര്‍ണ നിമിഷത്തില്‍ ദേശീയ പതാകക്ക്‌ സല്യൂട്ട്‌ ചെയ്‌ത നിമിഷം ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ടെങ്കില്‍ ലണ്ടനിലേക്ക്‌ ഒരുങ്ങുന്ന ഈ വേളയില്‍ നമ്മുടെ പ്രിയപ്പെട്ട ടെന്നിസ്‌ താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും തമ്മില്‍ പരസ്യമായി നടത്തുന്ന വിഴുപ്പലക്കല്‍ കായിക പ്രേമികളെ മാത്രമല്ല ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്നു. രാജ്യത്തിന്‌ എത്രയോ വലിയ കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌ പെയ്‌സും ഭൂപതിയും. ഡേവിസ്‌ കപ്പ്‌ ടെന്നിസില്‍ അഭിമാനകരങ്ങളായ വിജയങ്ങളാണ്‌ പെയ്‌സിന്റെ സംഭാവനയെങ്കില്‍ പെയ്‌സും ഭൂപതിയും തമ്മിലുള്ള സഖ്യം ഒരു കാലത്ത്‌ ലോക റാങ്കിംഗില്‍ ഒന്നാമന്മാരായിരുന്നു. ഇരുവരും ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്‌. പെയ്‌സ്‌ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കല മെഡലും സമ്മാനിച്ചിട്ടുണ്ട്‌. പക്ഷേ രണ്ട്‌ പേരും തമ്മിലുള്ള മാനസികാവസ്ഥ ഇപ്പോള്‍ പുറത്ത്‌ പറയാന്‍ കഴിയാത്ത തരത്തില്‍ വഷളായിരിക്കുന്നു. വര്‍ഷങ്ങളായി രണ്ട്‌ പേരും രണ്ട്‌ വഴിക്കാണ്‌. രാജ്യത്തിനായി മാത്രം പക്ഷേ താല്‍കാലികമായി ഒരുമിക്കുന്നു.
ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഈ രണ്ട്‌ പേരും രാജ്യത്തെ പ്രതിനിധീകരിക്കുമെന്നാണ്‌ അഖിലേന്ത്യാ ടെന്നിസ്‌ ഫെഡറേഷന്‍ വ്യക്തമാക്കിയത്‌. എന്നാല്‍ പെയ്‌സിനൊപ്പം കളിക്കാന്‍ താനില്ലെന്നും രോഹന്‍ ബോപ്പണക്കൊപ്പം കളിക്കാനാണ്‌ താല്‍പ്പര്യമെന്നും ഭൂപതി വ്യക്തമാക്കിയിരിക്കുന്നു. പെയ്‌സാവട്ടെ വെല്ലുവിളിക്ക്‌ മുതിരാതെ ഫെഡറേഷന്‍ നിശ്ചയിക്കുന്ന പാര്‍ട്ട്‌ണര്‍ക്കൊപ്പം കളിക്കാമെന്നും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഉറപ്പിക്കാവുന്ന ഒരു ഒളിംപിക്‌ മെഡലാണ്‌ തമ്മിലടിയില്‍ നഷ്ടമാവുന്നത്‌.
ഒളിംപിക്‌സ്‌ പോലെ വലിയ വേദിയില്‍ രാജ്യത്തിന്‌ ഒരു സ്വര്‍ണം സമ്മാനിക്കുക എന്നതാണ്‌ ഏതൊരു താരത്തിന്റെയും മോഹം. രാജ്യമാണ്‌ ഏത്‌ കായിക താരത്തിനും വലുത്‌. അല്ലാതെ വ്യക്തിഗത താല്‍പ്പര്യങ്ങളല്ല. പെയ്‌സിനൊപ്പം കളിക്കാന്‍ താനില്ലെന്ന്‌ ഭൂപതി പറയുന്നത്‌ അദ്ദേഹത്തിന്റേതായ താല്‍പ്പര്യങ്ങളിലാണ്‌. രോഹന്‍ ബോപ്പണയുമായി ദീര്‍ഘനാളായ.ി ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി പരിശീലനം നടത്തുകയാണ്‌ താനെന്നാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. ഇതില്‍ പക്ഷേ കഴമ്പില്ല. രാജ്യത്തിന്‌ വേണ്ടി ആര്‌ കളിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ബന്ധപ്പെട്ട ഫെഡറേഷനാണ്‌. പെയ്‌സും ഭൂപതിയും ഒരുമിച്ചാല്‍ അവര്‍ക്ക്‌ വ്യക്തമായ മെഡല്‍ സാധ്യതകളുണ്ടെന്നാണ്‌ ഫെഡറേഷന്‍ പറയുന്നത്‌. രണ്ട്‌ പേരും ഒരുമിച്ചാല്‍ അത്‌ നേട്ടമാവുമെന്ന്‌ ടെന്നിസ്‌ പ്രേമികള്‍ക്കുമറിയാം. ഇനി ഒരു ഒളിംപിക്‌സ്‌ രണ്ട്‌ പേര്‍ക്കും മുന്നില്ലില്ല. പ്രായം അധികരിക്കുന്ന സത്യം മനസ്സിലാക്കി സ്വര്‍ണം സമ്മാനിച്ച്‌ വിടപറയാനുള്ള അവസരം കളഞ്ഞ്‌ കുളിക്കരുത്‌.
കുത്തഴിഞ്ഞ്‌ കിടക്കുന്ന നമ്മുടെ കായികരംഗത്തിന്റെ വേദനിക്കുന്ന തെളിവാണ്‌ ഇപ്പോഴത്തെ വാക്‌പോര്‌. പെയ്‌സിനും ഭൂപതിക്കുമിടയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശത്രുതയുടെ അടിസ്ഥാനം എന്താണെന്ന്‌ ടെന്നിസ്‌ ഫെഡറേഷനറിയാം. പക്ഷേ അവര്‍ ശക്തമായി ഇടപെട്ടില്ല. ഗ്രാന്‍ഡ്‌ സ്ലാം നേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഫെഡറേഷന്‍ മാത്രമല്ല ഇന്ത്യന്‍ കായിക, സാംസ്‌കാരിക ലോകത്തെ ആരും കാര്യമായ ശ്രമം നടത്തിയില്ല. ഇതിന്റെ ഫലമായി അകല്‍ച്ച വര്‍ദ്ധിച്ചു.ഡബിള്‍സിലും മിക്‌സഡ്‌ ഡബിള്‍സിലും പെയ്‌സും ഭൂപതിയും വിദേശികളായ. പാര്‍ട്ടണര്‍മാര്‍ക്കൊപ്പം കിരീടങ്ങള്‍ നേടി. ഡേവിസ്‌ കപ്പില്‍ രാജ്യം പിന്നോക്കാം പോയി. സാനിയ മിര്‍സയെ പോലുള്ള യുവതാരങ്ങള്‍ കടന്ന്‌ വന്നിട്ടും നമ്മുടെ ടെന്നിസിലെ തമ്മിലടി അവസാനിച്ചില്ല. സാനിയക്ക്‌ വേണ്ടി പോലും പെയ്‌സും ഭൂപതിയും തമ്മിലടിക്കുന്ന ദയനീയ രംഗങ്ങളില്‍ കാഴ്‌ച്ചക്കാരുടെ റോള്‍ അവസാനിപ്പിച്ച കായിക മന്ത്രാലയം ശക്തമായി ഇടപെടണം. ലണ്ടനില്‍ പെയ്‌സും ഭൂപതിയും കളിച്ച്‌ മെഡല്‍ നേടണം. ഇരുവരും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ക്ക്‌ കഴിയും. ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി ഒരു സന്ധിസംഭാഷണത്തിനും അത്‌ വഴി നമ്മുടെ ഒളിംപിക്‌സ്‌ മെഡല്‍ മോഹത്തിനും കരുത്ത്‌ പകരാന്‍ അജയ്‌ മാക്കനെ പോലുള്ള ശക്തനായ കായിക മന്ത്രിക്കാവും.

No comments: