Tuesday, September 21, 2010

WHAT A GAMES

തേര്‍ഡ്‌ ഐ
പരാതികള്‍ ഇങ്ങനെ മലവെളളം പോലെ പ്രവഹിക്കുന്ന ഒരു ഗെയിംസ്‌ നടന്നിട്ടുണ്ടോ...? സംശയമാണ്‌. 1982 ലെ ഏഷ്യന്‍ ഗെയിംസിന്‌ ശേഷം രാജ്യം വലിയ ഒരു കായിക മാമാങ്കം ഏറ്റെടുത്തപ്പോള്‍ അത്‌ ഇപ്രകാരം പുലിവാലായി മാറുമെന്ന്‌ നമ്മുടെ ഭരണക്കൂടമോ, ജനങ്ങളോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പന്ത്രണ്ട്‌ ദിവസം മാത്രം അവശേഷിക്കുന്ന ഗെയിംസില്‍ ഇന്നലെ ഉയര്‍ന്നത്‌ നാണിപ്പിക്കുന്ന പ്രശ്‌നങ്ങളാണ്‌. യമുനാ തീരത്ത്‌ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഗെയിംസ്‌ വില്ലേജിലെ സൗകര്യങ്ങള്‍ നിലവാരമില്ലെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്‌ ചിലരല്ല-അഞ്ച്‌ ടീമുകളാണ്‌. നാളെ മുതല്‍ വില്ലേജിലേക്ക്‌ താരങ്ങള്‍ എത്താനിരിക്കെ പ്രാഥമികമായി പോലും താമസം അസാധ്യമാണെന്നാണ്‌ വില്ലേജ്‌ സന്ദര്‍സിച്ച്‌ വിദേശ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
അപ്പാര്‍ട്ട്‌മെന്റുകളില്‍ പലതും താമസ യോഗ്യമല്ല. വയറിംഗും പ്ലബിംഗും ഫര്‍ണിഷിംഗും ഇത്‌ വരെ പൂര്‍ത്തിയായിട്ടില്ലത്രെ... ടീമുകള്‍ക്കും താരങ്ങള്‍ക്കും ഒരുമിച്ച്‌ താമസിക്കാനും ഭക്ഷണം പാചകം ചെയ്യുന്നത്‌ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമാണ്‌ ഒരുക്കിയത്‌. പക്ഷേ വെള്ളം പോലുമില്ലാത്ത അവസ്ഥയിലാണത്രെ മുറികള്‍. പ്ലബിംഗ്‌ ജോലികള്‍ പല അപ്പാര്‍ട്ട്‌മെന്റുകളിലും പൂര്‍ത്തിയായിട്ടില്ല. ഏഴായിരം പേര്‍ക്കാണ്‌ താമസസൗകര്യം വാഗ്‌ദാനം ചെയ്‌തിരുന്നത്‌. ന്യൂസിലാന്‍ഡ്‌, കാനഡ, അയര്‍ലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ ഇന്നലെ വില്ലേജില്‍ പ്രവേശിച്ചപ്പോഴാണ്‌ ശോചനീയാവസ്ഥ മനസ്സിലായത്‌. മാസങ്ങളായി വില്ലേജിലെ മുറികള്‍ അടച്ചിട്ടതിനാല്‍ അതിന്റെ പ്രശ്‌നങ്ങളുണ്ട്‌. ചില അപ്പാര്‍ട്ട്‌മെന്റുകള്‍ തുറന്നിട്ടതിനാല്‍ ജോലിക്കാര്‍ ബാത്ത്‌ റൂമുകള്‍ ഉപയോഗിച്ച്‌ മലീമസമാക്കിയിരിക്കയാണ്‌. നമ്മുടെ ബി ക്ലാസ്‌ സിനിമാ തിയേറ്ററുകളിലെ ബാത്ത്‌ റൂമുകള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന്‌ ചിലര്‍ പറയുമ്പോള്‍ അതില്‍ നിന്ന്‌ കാര്യം വ്യക്തമാവും.
വില്ലേജ്‌ യമുനാ തീരത്താണ്‌. യമുന കരകവിഞ്ഞൊഴുകുന്ന സമയത്താണ്‌ വില്ലേജിലെ പൈപ്പുകള്‍ തുറന്നാല്‍ ജലം ലഭിക്കാത്ത അവസ്ഥ. വില്ലേജിനെക്കുറിച്ച്‌ സുരേഷ്‌ കല്‍മാഡി പറഞ്ഞത്‌ രാജ്യാന്തര നിലവാരത്തിലുളളവയാണെന്നാണ്‌. എന്നാല്‍ കാര്യങ്ങള്‍ ഈ വിധം പരിതാപകരമായി നില്‍ക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിരായിരിക്കുന്നു ഗെയിംസിന്റെ മേല്‍നോട്ടക്കാരായ ഗെയിംസ്‌ ഫെഡറേഷന്‍.
പ്രശ്‌നങ്ങളുടെ നിലയില്ലാകയത്തില്‍, പലരും ശങ്കിച്ച്‌ നില്‍ക്കവെ ഇത്തരം നാണിപ്പിക്കുന്ന വാര്‍ത്തകള്‍ കൂടിയാവുമ്പോള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ രാജ്യത്തിന്റെ യശസ്സിന്‌ പോറലേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പലവിധ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ ഗെയിംസ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. ആ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാന്‍ സംഘാടകര്‍ പ്രയാസപ്പെടുമ്പോഴാണ്‌, തികച്ചും നിരുത്തരവാദിത്ത്വ സമീപനത്തില്‍ ഗെയിംസ്‌ വില്ലേജിന്റെ ശോചനീയത വ്യക്തമാക്കപ്പെട്ടത്‌. അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നില്ലേ....? വിദേശ പ്രതിനിധി സംഘം വരുമെന്ന്‌ ഉറപ്പുണ്ടായിരിക്കെ ബാത്ത്‌ റൂമുകളിലെ ക്ലോസറ്റുകള്‍ പോലും ശൂചികരിക്കാതിരുന്നത്‌ ആരുടെ പിഴവാണ്‌...? ലോകോത്തരം എന്ന്‌ വിശേഷിപ്പിക്കുമ്പോള്‍ തന്നെ പരാതികള്‍ വരാതിരിക്കാനുള്ള പഴുതെങ്കിലും അടച്ചിരുന്നെങ്കില്‍ ഇന്നലെ ഗെയിംസ്‌ ഫെഡറേഷന്‍ ചെയര്‍മാന്‍ രംഗത്ത്‌ വരുമായിരുന്നോ...? ന്യൂസിലാന്‍ഡ്‌ സംഘത്തലവന്‍ സംഘാടകരെ പരിഹസിക്കുമായിരുന്നോ...? ഡെങ്കിപ്പനിയുടെ കാര്യത്തില്‍ നില മാറ്റമില്ല. കൂടുതല്‍ കേസുകളാണ്‌ ഓരോ ദിവവും വരുന്നത്‌. യമുനയുടെ തീരമിപ്പോള്‍ കൊതുകുകളുടെ ആവാസ കേന്ദ്രമാണ്‌. പരിസര ശൂചീകരണ കാര്യത്തില്‍ തമ്മിലടി തുടരുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സുരക്ഷയുടെ കാര്യത്തില്‍ ഇന്നലെ വലിയ യോഗം നടന്നെങ്കിലും ആശങ്ക അകന്നിട്ടില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ സി.ഇ.ഒ മൈക്‌ ഹൂപ്പറോട്‌ പണ്ടേ താല്‍പ്പര്യമില്ല സുരേഷ്‌ കല്‍മാഡിക്ക്‌. ഇപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം ഹൂപ്പറുടെ ആരോപണങ്ങള്‍ മാത്രമാണെന്ന്‌ അദ്ദേഹത്തിന്‌ പറയാം. മാധ്യമങ്ങള്‍ നെഗറ്റീവിസത്തിന്റെ പിറകെയാണെന്നും കുറ്റപ്പെടുത്താം. അത്‌ കൊണ്ട്‌ പക്ഷേ പ്രശ്‌നം അവസാനിക്കുന്നില്ല. ഇന്നലെ വൈകീട്ട്‌ പാലം തകര്‍ന്നു, ബ്രിട്ടനും സ്‌ക്കോട്ട്‌ലാന്‍ഡുമെല്ലാം ബഹിഷ്‌ക്കരണഭീഷണി മുഴക്കുന്നു. പ്രമുഖ താരങ്ങള്‍ പിന്മാറുന്നു.... പലതും പിഴച്ചിരിക്കുന്നു എന്ന സത്യം അംഗീകരിച്ച്‌ ഇനിയെങ്കിലും ജാഗരൂകരാവുക.

മൈക്‌ ഹൂപ്പര്‍ക്കും പറയാനുണ്ട്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായ മൈക്‌ ഹൂപ്പര്‍ ഡല്‍ഹിയില്‍ ക്യാമ്പ്‌ ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷം പിന്നിടുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടനത്തിന്‌ മേല്‍നോട്ടം വഹിക്കുക എന്ന ജോലിയുമായി രംഗത്തുള്ള ഹൂപ്പര്‍ വിവാദ നായകനായാണ്‌ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്‌. ഗെയിംസ്‌ സംഘാടക സമിതിക്കെതിരെ ശക്തമായി രംഗത്തിറങ്ങി, സുരേഷ്‌ കല്‍മാഡിയെ പോലുളള വന്‍തോക്കുകളെ അവരുടെ തട്ടകത്തില്‍ നേരിടാന്‍ ധൈര്യം കാട്ടിയ ഹൂപ്പര്‍ ഗെയിംസിന്റെ അവസാന ഒരുക്കങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു.
? തുടക്കം മുതല്‍ വിവാദങ്ങളുടെ ലോകത്താണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. ഇത്രമാത്രം പ്രശ്‌നമയമായിരിക്കും കാര്യങ്ങളെന്ന്‌ മനസ്സിലായിരുന്നോ...?
+ കഴിഞ്ഞ പതിനെട്ട്‌ മാസമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ സംഘാടക സമിതിക്ക്‌ വ്യക്തമായ മുന്നറിയിപ്പ്‌ നല്‍കുന്നു. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ഫെഡറേഷന്റെ മുന്നറിയിപ്പുകള്‍. ഞങ്ങളെല്ലാം നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബരില്‍ സംഘാടക സമിതിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ആശങ്ക വളരെ വ്യക്തമായി പ്രകടിപ്പിച്ചിരുന്നു. ഗെയിംസ്‌ ഒരുക്കങ്ങളുടെ കാര്യത്തില്‍ വളരെ പിറകിലായിരുന്നു എന്നും സംഘാടക സമിതി. മല്‍സരവേദികളുടെ കാര്യത്തിലും നവീകരണ കാര്യത്തിലുമെല്ലാം നിശ്ചിത മാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ്‌ ആദ്യം പറഞ്ഞിരുന്നത്‌. ഇത്‌ പിന്നെ ജൂണിലേക്കും, ഓഗസ്‌റ്റിലേക്കും പോയി. ഇപ്പോള്‍ സെപ്‌തംബറിലും ഒരുക്കങ്ങള്‍ എവിടെയുമെത്തിയിട്ടില്ല.
? താങ്കള്‍ നിരവധി ഗെയിംസുകള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്‌. എവിടെയാണ്‌ ഇന്ത്യക്ക്‌ പിഴച്ചത്‌.
+ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ എനിക്കാവില്ല. കാരണം വിവിധ രാജ്യങ്ങളില്‍ കാര്യങ്ങള്‍ വിത്യസ്‌തമാണ്‌. ഇവിടെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രവര്‍ത്തനം വിത്യസ്‌തമാണ്‌. ഇവിടെ പ്രത്യേക സാഹചര്യവും സംസ്‌ക്കാരവുമാണ്‌. ഇന്ത്യയിലെ സജ്ജീകരണങ്ങളുമായി മെല്‍ബണെയോ, ന്യൂസിലാന്‍ഡിനെയോ കാനഡയെയോ താരതമ്യം ചെയ്യാനാവില്ല. ഗെയിംസിന്റെ അവസാനത്തില്‍ ഞങ്ങള്‍ സംഘാടക സമിതിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പിഴവുകള്‍ ചൂണ്ടിക്കാട്ടും.
? ഗെയിംസിന്റെ ബഡ്‌ജറ്റ്‌ മുന്‍ നിശ്ചയിച്ചതില്‍ നിന്നും എത്രയോ ഇരട്ടി വര്‍ദ്ദിച്ചുവെന്നാണല്ലോ കായികമന്ത്രി എം.എസ്‌ ഗില്‍ തന്നെ വ്യക്തമാക്കിയത്‌.
+ ബഡ്‌ജറ്റ്‌ ഉയര്‍ന്നതായുള്ള അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ഗെയിംസ്‌ നടത്താന്‍ വേണ്ടത്‌ 2,400 കോടിയാണ്‌. ബാക്കിയെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ്‌. അത്‌ ആതിഥേയ രാജ്യത്തിന്‌ തന്നെയാണ്‌ ഗുണം ചെയ്യുക. നാല്‌ വര്‍ഷം മുമ്പ്‌ മെല്‍ബണില്‍ ഗെയിംസ്‌ നടന്നപ്പോള്‍ 540 ദശലക്ഷം ഡോളറായിരുന്നു ഗെയിംസ്‌ നടത്തിപ്പിന്‌ ആവശ്യമായത്‌.
? നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വൈകല്‍ മാത്രമല്ല, പൊതുവെ ധാരാളം പ്രശ്‌നങ്ങള്‍ ഡല്‍ഹിയില്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇത്‌ എങ്ങനെയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ കാണുന്നത്‌.
+ പലവിധ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഗെയിംസിന്റെ ചിത്രം മാറി. നേരത്തെ ഞങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക സുരക്ഷയായിരുന്നു. ഗെയിംസിനെത്തുന്ന താരങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ആ ആശങ്കയുണ്ട്‌. വെറുതെ പരസ്‌പരം കുറ്റം പറയാതെ എത്രയും പെട്ടെന്ന്‌ എല്ലാം ശരിയാക്കേണ്ടതുണ്ട്‌. സംഘാടക സമിതി ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്‌. വേദികളുടെ കാര്യത്തില്‍ നൂറ്‌ ശതമാനം സംതൃപ്‌തി രേഖപ്പെടുത്താന്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന സത്യത്തെ ഇപ്പോഴും ആശങ്കയോടെയാണ്‌ ഫെഡറേഷന്‍ കാണുന്നത്‌.


നടപ്പാലം തകര്‍ന്നു, ഗെയിംസ്‌ വില്ലേജിനെതിരെ വ്യാപക പരാതി
ഗെയിംസ്‌ അവതാളത്തില്‍
ന്യൂഡല്‍ഹി: പന്ത്രണ്ട്‌ ദിവസം മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ നടത്തിപ്പ്‌ അവതാളത്തില്‍. ഗെയിംസിന്റെ മുഖ്യവേദിയായ നെഹ്‌റു സ്‌റ്റേഡിയത്തിലെ നടപ്പാലം ഇന്നലെ തകര്‍ന്നു വീണ്‌ 23 പേര്‍ക്ക്‌ പരുക്കേറ്റു. സംഭവത്തോടെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഗെയിംസ്‌ വില്ലേജിന്റെ കാര്യത്തില്‍ ന്യൂസിലാന്‍ഡ്‌, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിന്‌ പിറകയാണ്‌ പാലം തകര്‍ന്നത്‌.
പരുക്കേറ്റവരില്‍ അഞ്ച്‌ പേരുടെ നില ഗുരുതരമാണ്‌. ഇവരെ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കയാണ്‌. ബാക്കിയുള്ളവര്‍ സഫ്‌ദര്‍ജംഗ്‌ ആസ്‌പത്രിയിലാണ്‌. പത്ത്‌ കോടിയോളം രൂപ ചെലവിട്ടാണ്‌ സ്‌റ്റേഡിയത്തിലേക്ക്‌ രണ്ട്‌ വലിയ നടപ്പാതകള്‍ നിര്‍മ്മിച്ചത്‌. ഇവയില്‍ ഒന്നാണ്‌ അവസാന മിനുക്ക്‌ പണികള്‍ക്കിടെ തകര്‍ന്നത്‌. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും, നവീകരണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ പാലം തകര്‍ന്നിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം തുറന്ന ഗെയിംസ്‌ വില്ലേജിലെ സൗകര്യങ്ങളില്‍ ശക്തമായ അസംതൃപ്‌തി പ്രകടിപ്പിച്ച്‌ ന്യൂസിലാന്‍ഡ്‌ ഉള്‍പ്പെടെയുളളവര്‍ ഗെയിംസ്‌ ഫെഡറേഷന്‌ പരാതി നല്‍കുകയും, ഫെഡറേഷന്‍ കേന്ദ്ര ക്യാബിനറ്റ്‌ സെക്ര്‌ട്ടറിയോട്‌ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. 24 മണിക്കൂറിനുള്ളില്‍ പരാതികള്‍ പരിഹരിക്കാത്തപക്ഷം ഗെയിംസ്‌ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിക്ക്‌ മുന്നില്‍ വിറങ്ങലിച്ച സംഘാടകര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വില്ലേജ്‌ വൃത്തിയാക്കുന്നതിനിടെയാണ്‌ പാലം തകര്‍ന്ന വാര്‍ത്ത വന്നത്‌. ഒരു തരത്തിലും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിലേക്കാണ്‌ ന്യൂസിലാന്‍ഡ്‌ പോവുന്നത്‌. താരങ്ങളുടെ സുരക്ഷയായിരുന്നു ഇത്‌ വരെ വലിയ വിഷയമെങ്കില്‍ ഇപ്പോള്‍ താമസസൗകര്യമാണ്‌ എല്ലാവര്‍ക്കും പ്രശ്‌നം. യമുനാ നദീ കരകവിയുന്നതും മഴ തുടരുന്നതും ഡെങ്കിപ്പനി പടരുന്നതുമെല്ലാം പ്രശ്‌നങ്ങളായി നില്‍ക്കുമ്പോഴാണ്‌ പാലവും തകര്‍ന്നിരിക്കുന്നത്‌.

ദുരന്തമാവുമോ ഗെയിംസ്‌
കൂടുതല്‍ ലോക താരങ്ങള്‍ പിന്മാറുന്നു
വിട്ടുവീഴ്‌ച്ചയില്ലെന്ന്‌ ന്യൂസിലാന്‍ഡ്‌
മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ഹൂപ്പര്‍

ലയണ്‍സ്‌ 159
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റില്‍ ബാറ്റിംഗ്‌ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ലയണ്‍സ്‌ 159 റണ്‍സ്‌ നേടി. 45 റണ്‍സ്‌ നേടിയ ഓപ്പണര്‍ പീറ്റേഴ്‌സണ്‍ ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ചപ്പോള്‍ നീല്‍ മക്കന്‍സി 39 റണ്‍സ്‌ നേടി. ഒമ്പത്‌ പന്തില്‍ 22 റണ്‍സ്‌ നേടിയ ഫ്രൈലിങ്കും കരുത്ത്‌ കാട്ടി. ബൗളര്‍മാരില്‍ വിനയ്‌ കുമാര്‍ രണ്ട്‌ വിക്കറ്റ്‌ നേടിയപ്പോള്‍ കുംബ്ലെ ഒരു വിക്കറ്റ്‌ നേടി.