Friday, August 29, 2008

റോബിഞ്ഞോ ഡൗട്ട്‌


റോബിഞ്ഞോ ഡൗട്ട്‌
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ ആവേശ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെ റയല്‍ മാഡ്രിഡിും മുന്‍നിരക്കാരന്‍ റോബിഞ്ഞോയും തമ്മില്‍ ശീതസമരം. 24 കാരനായ ബ്രസീലുകാരന്‌ റയലില്‍ തുടരാന്‍ താല്‍പ്പര്യമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിയുടെ നീലകുപ്പായത്തില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറെടുത്തിരിക്കുന്നു. പക്ഷേ റയല്‍ വിടുന്ന മട്ടില്ല. രണ്ട്‌ വര്‍ഷം കൂടി തങ്ങളുമായി കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രസീലുകാരനെ ഇംഗ്ലീഷുകാര്‍ക്ക്‌ കൈമാറാന്‍ താല്‍പ്പര്യമില്ലെന്നാണ്‌ സ്‌പാനിഷ്‌്‌ ക്ലബിന്റെ ഭാഷ്യം.
തുടക്കത്തില്‍ റോബിഞ്ഞോയുടെ നീക്കത്തിന്‌ തടസ്സം നില്‍ക്കാതിരുന്ന റയല്‍ ഇപ്പോള്‍ താരത്തിനെതിരെ വന്നിരിക്കുന്നതിലാണ്‌ ഫുട്‌ബോള്‍ ലോകത്തിന്‌ ആശ്ചര്യം. യൂറോ 2008 മല്‍സരങ്ങളില്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‌ വേണ്ടി കസറിയ ഡേവിഡ്‌ വിയ്യ, സാന്‍ഡി കര്‍സോള എന്നിവര്‍ക്കായി റയല്‍ കരുനീക്കം നടത്തിയിരുന്നു. എന്നാല്‍ രണ്ട്‌ പേരെയും ലഭിക്കില്ലെന്നുറപ്പായതിനാല്‍ റോബിഞ്ഞോയെ കൈവിടേണ്ട എന്ന തീരുമാനത്തിലേക്ക്‌ ക്ലബ്‌ വന്നതായിരിക്കുമെന്നാണ്‌ സംസാരം. എന്തായാലും വലിയ തുകക്ക്‌ ചെല്‍സിയിലേക്ക്‌ പോവാനുളള റോബിഞ്ഞോയുടെ നീക്കം എളുപ്പമല്ലെന്നുറപ്പ്‌. റയല്‍ പ്രസിഡണ്ട്‌ റാമോണ്‍ കാല്‍ഡിറോണ്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കോച്ചും സ്‌പോര്‍ട്‌സ്‌ ഡയരക്ടറും റോബിഞ്ഞോയെ വേണമെന്ന്‌ പറയുമ്പോള്‍ അവരെ എതിര്‍ക്കാന്‍ തനിക്കാവില്ലെന്നാണ്‌ പ്രസിഡണ്ട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. പ്രസിഡണ്ടിന്റെ മൊഴികള്‍ക്ക്‌ കരുത്തേകി സ്‌പോര്‍ട്ടിംഗ്‌ ഡയരക്ടര്‍ പ്രിഡാര്‍ഗ്‌ മിജതോവികും രംഗത്ത്‌ വന്നു. റോബിഞ്ഞോയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി രണ്ട്‌ വര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മറിച്ച്‌ ചിന്തിക്കാനാവില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്‌.
അതേ സമയം ചെല്‍സി പ്രതീക്ഷയില്‍ തന്നെയാണ്‌. വിവാദങ്ങള്‍ക്ക്‌ ഉടന്‍ അവസാനമാവുമെന്നും റോബിഞ്ഞോ തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നുമാണ്‌ ഇംഗ്ലീഷ്‌ ക്യാമ്പ്‌ പറയുന്നത്‌.

റയലിന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ എളുപ്പം
ലണ്ടന്‍: സ്‌പാനിഷ്‌ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്‌ ഇത്തവണ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രാഥമീക റൗണ്ടില്‍ ശക്തരായ പ്രതിയോഗികളില്ല. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ റയല്‍ ഗ്രൂപ്പ്‌ എച്ചിലാണ്‌ വന്നിരിക്കുന്നത്‌. പ്രതിയോഗികള്‍ ഇറ്റാലിയില്‍ നിന്നുള്ള യുവന്തസും റഷ്യയില്‍ നിന്നുള്ള സെനിത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗും ബെയിറ്റ്‌ ബോറിസോവും. സെപ്‌തംബര്‍ 16 നാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ ഇ യിലാണ്‌. പ്രതിയോഗികള്‍ വില്ലാ റയലും സെല്‍റ്റിക്കും ആല്‍ബോര്‍ഗ്ഗും.
മറ്റ്‌ ഗ്രൂപ്പുകള്‍ ഇപ്രകാരം: ഗ്രൂപ്പ്‌ എ-ചെല്‍സി ,റോമ, ബോറോഡോക്‌സ്‌, സി.എഫ്‌.ആര്‍ ക്ലൂജ്‌. ഗ്രൂപ്പ്‌ ബി-ഇന്റര്‍ മിലാന്‍, വെര്‍ഡര്‍ ബ്രെഹ്മന്‍, പനാത്തിനായിക്കോസ്‌, അനോര്‍തോസിസ്‌ ഫമഗുസ്റ്റ. ഗ്രൂപ്പ്‌ സി-ബാര്‍സിലോണ, സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍, ബേസല്‍, ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌. ഗ്രൂപ്പ്‌ ഡി-ലിവര്‍പൂള്‍, പി.എസ്‌.വി ഐന്തോവാന്‍, മാര്‍സലി, അത്‌ലറ്റികോ മാഡ്രിഡ്‌. ഗ്രൂപ്പ്‌ എഫ്‌: ലിയോണ്‍, ബയേണ്‍ മ്യൂണിച്ച്‌, സ്‌റ്റിയൂവ ബുക്കാറസ്‌റ്റ്‌, ഫിയോറന്റീന. ഗ്രൂപ്പ്‌ ജി: ആഴ്‌സനല്‍, പോര്‍ട്ടോ, ഫെനര്‍ബസ്‌, ഡൈനാമോ കീവ്‌. അടുത്തമാസം 16, 17 തിയ്യതികളിലാണ്‌ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍. സെപ്‌തംബര്‍ 30, ഒകടോബര്‍ 1 ദിവസങ്ങളിലായി റിട്ടേണ്‍ മല്‍സരങ്ങള്‍ നടക്കും.

Monday, August 25, 2008





MY DEAR BEIJING- coloum by P.A Hamsa

ഇന്നലെ ബെയ്‌ജിംഗിലെ സമയം രാത്രി 9-15. ഒളിംപിക്‌സ്‌ ടെര്‍മിനലില്‍ നിന്ന്‌ ന്യൂഡല്‍ഹിയിലേക്കുള്ള എതോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ചിറകടിച്ചു പറക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു..... ചൈന എന്ന മഹാരാജ്യവും ഒളിംപിക്‌സും സമ്മാനിച്ച മധുരതരമായ അനുഭവങ്ങളോട്‌ വിടപറയുമ്പോള്‍ വിമാനത്താവളത്തിലെ ഒളിംപിക്‌സ്‌ വോളണ്ടിയര്‍മാര്‍ സീ യു എഗൈന്‍ എന്ന്‌ പറയുന്നുണ്ടായിരുന്നു. അതെ, വീണ്ടും ഇവിടെ വരണം. ഒരിക്കലും മറക്കാത്ത ഓര്‍മ്മകളാണ്‌ ഈ നഗരം എനിക്ക്‌ സമ്മാനിച്ചത്‌. ബെയ്‌ജിംഗിലെ എട്ട്‌ ദിവസങ്ങള്‍ സമ്മാനിച്ച സുന്ദരനിമിഷങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ കിളിക്കൂടും ഗെയിംസ്‌ വില്ലേജും ഉസൈന്‍ ബോള്‍ട്ടും ഇസന്‍ബയേവും കൊച്ചു ത്വയ്യിബയും വിജേന്ദര്‍ കുമാറുമെല്ലാം വീണ്ടും മുന്നില്‍ വന്നത്‌ പോലെ.. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി ഓഗസ്‌റ്റ്‌ 17 നാണ്‌ ഇവിടെയെത്തിയത്‌.
ബെയ്‌ജിംഗിനോട്‌ വിടപറയാന്‍ ഒരിക്കും മനസ്സ്‌ സമ്മതിച്ചിരുന്നില്ല. ഇനിയും കാണാനുണ്ട്‌ ഈ നഗരത്തിന്റെയും രാജ്യത്തിന്റെയും സ്വഛന്ദമായ കാഴ്‌ച്ചകള്‍. ഫോര്‍ബിഡന്‍ സിറ്റിയും ടിയാനന്‍മെന്‍
സ്‌ക്വയറും പാര്‍ലമെന്റുമെല്ലാം പോലെ ചൈനീസ്‌ സംസ്‌കൃതിയുടെ മായാത്ത മുദ്രകള്‍ എല്ലായിടത്തുമുണ്ടെന്നും അതെല്ലാം കണ്ടിട്ടേ മടങ്ങാവുവെന്നും ജാക്കിച്ചാന്‍ പറഞ്ഞിരുന്നു. ബെയ്‌ജിംഗില്‍ എത്തിയത്‌ മുതല്‍ എനിക്കൊപ്പമുണ്ട്‌ ജാക്കിച്ചാന്‍. വലിയ ഒരു മൈന്‍ കമ്പനിയുടെ ഉടമസ്ഥനായിട്ടും അദ്ദേഹം കാഴ്‌ച്ചകളിലേക്ക്‌ എന്നെ നയിക്കാന്‍ ഇത്രയും ദിവസം കൂടെയുണ്ടായിരുന്നു. രാവിലെ ഗെയിംസ്‌ വില്ലേജിലേക്ക്‌ ക്ഷണമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ സംഘത്തില്‍ അംഗങ്ങളായ ഞങ്ങളെല്ലാം രാവിലെ ഹോട്ടലില്‍ നിന്ന്‌ ബസ്സ്‌ മാര്‍ഗ്ഗം അവിടെയെത്തി. എനിക്കൊപ്പം സഫര്‍ ഇഖ്‌ബാലും ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷന്‍ സെക്രട്ടറിയായ മലയാളി കേണല്‍ മുരളിധര്‍ രാജയും ഷൈനി വില്‍സണുമെല്ലാമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ഇന്ത്യന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ.ലളിത്‌ ഭാനോട്ടുമാണ്‌ ഞങ്ങളെ നയിച്ചത്‌. ഗെയിംസില്‍ പങ്കെടുത്ത 205 രാജ്യങ്ങളില്‍ നിന്നുളള താരങ്ങളും അവിടെയുണ്ടായിരുന്നു. ചൈനയുടെ സംഘാടനത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്‌ വില്ലേജ്‌. ഇന്ത്യന്‍ സംഘത്തിന്റെ മീഡിയ അറ്റാഷെയായിരുന്ന സുരേഷ്‌ മേത്തക്ക്‌ ഒരു കാര്യത്തില്‍ നിര്‍ബന്ധം-ഇതേ സൗകര്യങ്ങള്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഒരുക്കണം.
ഇന്ത്യക്ക്‌ ബോക്‌സിംഗില്‍ ഇതാദ്യമായി ഒളിംപിക്‌ മെഡല്‍ സമ്മാനിച്ച വിജേന്ദറും സംഘവും വില്ലേജിലുണ്ടായിരുന്നു. എല്ലാവരും സന്തോഷവാന്മാര്‍. വിജേന്ദറിനെ ചന്ദ്രികക്കായി അഭിനന്ദിച്ചപ്പോള്‍ അടുത്ത ഒളിംപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണ്ണം തന്നെ സമ്പാദിക്കാനാവുമെന്നാണ്‌ ആത്മവിശ്വാസത്തോടെ ഭീവാനിക്കാരന്‍ പറഞ്ഞത്‌. വല്ലേജിനെക്കുറിച്ച്‌ ആര്‍ക്കും ഒരു പരാതിയുമില്ല. ബെയ്‌ജിംഗിനോട്‌ വിടപറയാനാണ്‌ എല്ലാവര്‍ക്കും വിഷമം.
വില്ലേജില്‍ നിന്നും ഹോട്ടലിലെത്തി കാര്‍ മാര്‍ഗ്ഗം വിമാനത്താവളത്തിലെത്തുമ്പോഴും ജാക്കിച്ചാനും എന്റെ ബന്ധുവായ തസ്‌ലീമും കൂടെയുണ്ടായിരുന്നു. ഇരുവരോടും നന്ദി പറഞ്ഞ്‌ വിമാനത്താവളത്തിനകത്ത്‌ കയറിയപ്പോള്‍ അതും ഒരു മഹാസൗധം. പ്രത്യേക ഒളിംപിക്‌ ടെര്‍മിനല്‍. തൊട്ട്‌ മുന്നില്‍ അതിവിശാലമായ പതിനഞ്ച്‌ ട്രാക്ക്‌ റോഡ്‌. എത്രയോ വിമാനങ്ങള്‍ ഇവിടെ നിന്നും പൊങ്ങി ഉയരുന്നു. എല്ലാ വിമാനങ്ങളിലും കായികതാരങ്ങളും സംഘാടകരും ഒഫീഷ്യലുകളും.
മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ കിളിക്കൂട്ടില്‍ ഒളിംപിക്‌ സമാപനചടങ്ങ്‌ നടന്നത്‌. പക്ഷേ രാവിലെ നോക്കുമ്പോള്‍ അങ്ങനെയൊു മഹാസംഭവം നഗരത്തില്‍ നടന്നതിന്റെ ഒരു സൂചനയുമില്ല. പഴയത്‌ പോലെ ഞൊടിയിടയില്‍ നഗരവും പ്രാന്തങ്ങളും വൃത്തിയാക്കിയിരിക്കുന്നു. എങ്ങനെ ഇങ്ങനെയാവാന്‍ ചൈനക്കും ബെയ്‌ജിംഗിനും കഴിയുന്നു എന്ന ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നില്ല. കാരണം ഇത്രയും നാളത്തെ ബെയ്‌ജിംഗ്‌ വാസത്തില്‍ ഈ നഗരം എന്നും അല്‍ഭുതമാണ്‌ സമ്മാനിച്ചത്‌. മണിക്കൂറുകള്‍ ദീര്‍ഘിച്ച പേമാരിക്ക്‌ ശേഷം റോഡുകള്‍ അതിവേഗം പഴയ നിലയിലെത്തുന്നു. ശരവേഗതയില്‍ വാഹനങ്ങള്‍ പറപറക്കുമ്പോള്‍ അപകടങ്ങള്‍ ഈ നിരത്തുകളില്‍ കുറവാണ്‌. ഒരു പൊടിയോ, ചപ്പു ചവറുകളോ എവിടെയും കാണുന്നില്ല. ലോകത്തിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാന്‍ ബെയ്‌ജിംഗ്‌ പഠിച്ചിരിക്കുന്നു. ബെയ്‌ജിംഗിലൂടെ നടക്കുമ്പോഴെല്ലാം നമ്മുടെ നാടിനെക്കുറിച്ച്‌ , നമ്മുടെ റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ അറിയാതെ ഓര്‍മ്മ വന്നുപോവും.
ഇങ്ങനെ ഒരു ഒളിംപിക്‌സ്‌ എന്നെങ്കിലും നമുക്ക്‌ സംഘടിപ്പിക്കാനാവുമോ...? സംശയമാണ്‌.... സമാപനചടങ്ങിന്‌ ശേഷം ഒരു ലണ്ടന്‍കാരനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ ആശ്വാസം. ഇത്രയും മനോഹരമായി ഒരു ഒളിംപിക്‌സ്‌ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല... ചൈനയിലെ വ്യാപാര സംഘടനയായ ചൈന ട്രേഡിന്റെ അസിസ്‌റ്റന്‍ഡ്‌ ഡയരക്ടര്‍ ജനറലിനെ വിമാനത്താവളത്തില്‍ വെച്ച്‌ കണ്ടിരുന്നു. ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്‌ ചൈനക്കാര്‍. ഇന്ത്യന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചൈനയിലേക്ക്‌ വാതില്‍ തുറക്കുന്ന ട്രേഡ്‌ എക്‌സിബിഷന്‍ ഈ ഡിസംബറില്‍ മുംബൈയില്‍ നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌്‌സിന്റെ സഹകരണത്തോടെയായിരിക്കും ഇതെന്നും അദ്ദേഹം വിശദീകരിച്ചപ്പോള്‍ സന്തോഷം തോന്നി.
അതെ ഈ മനോഹാരിതയെ ലോകം ഇഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നത്‌ വെറുതെയല്ല... ഗുഡ്‌ ബൈ ബെയ്‌ജിംഗ്‌, ഗുഡ്‌ ബൈ ചൈന......

4,600 ഡോപ്പിംഗ്‌ ടെസ്റ്റുകള്‍
ആറെണ്ണം മാത്രം പോസീറ്റീവ്‌

ബെയ്‌ജിംഗ്‌: മഹാമേളക്ക്‌ കൊടിയിറങ്ങിയപ്പോള്‍ ബെയ്‌ജിംഗിനെ ലോകം വാഴ്‌ത്തുകയാണ്‌. യഥാര്‍ത്ഥ വിസ്‌മയമായിരുന്നു ഈ മേളയെന്ന്‌ എല്ലാവരും ഏകസ്വരത്തില്‍ പറയുമ്പോള്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി ഗെയിംസിനെ അഭിനന്ദിക്കുന്നത്‌ മറ്റൊരു കാര്യത്തിലാണ്‌-മരുന്നടിയുടെ പുക ഉയരാത്ത മേള. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സ്‌ പോലും ഉത്തേജകങ്ങളുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍ ബെയ്‌ജിംഗില്‍ കാര്യമായ വിവാദങ്ങളുണ്ടായില്ല എന്നത്‌ സംഘാടകര്‍ക്കും ഐ.ഒ.സിക്കും ആഹ്ലാദത്തിന്‌ വക നല്‍കുന്നുണ്ട്‌.
മൊത്തം 4,600 ഡോപ്പിംഗ്‌ ടെസ്‌റ്റുകളാണ്‌ നടന്നത്‌. ഇതില്‍ അവസാനദിവസ മല്‍സരങ്ങളില്‍ പങ്കെടുത്ത താരങ്ങളുടെ ടെസ്‌റ്റ്‌ ഫലം ലഭ്യമായിട്ടില്ലെങ്കിലും ആറ്‌ കേസുകള്‍ മാത്രമാണ്‌ പിടിക്കപ്പെട്ടത്‌. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ മെഡല്‍ നേടിയവര്‍ പ്രതികളായത്‌. ഇത്‌ തന്നെ സ്വര്‍ണ്ണനേട്ടക്കാരായിരുന്നില്ല. 2004 ലെ ഒളിംപിക്‌സില്‍ 26 ഡോപ്പിംഗ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ മൂന്നെണ്ണം സ്വര്‍ണ്ണ നേട്ടക്കാരുടേതായിരുന്നു.
വളരെ രസകരമായ കാര്യം ഒളിംപിക്‌സ്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഐ.ഒ.സി തലവന്‍ ജാക്വസ്‌ റോജി പറഞ്ഞ കാര്യമാണ്‌. മുപ്പതോ നാല്‍പ്പതോ ഡോപ്പിംഗ്‌ കേസുകള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അദ്ദേഹം പോലും ചൈനയെ അഭിനന്ദിക്കാന്‍ നിര്‍ബന്ധതിനായി.

ചൈനീസ്‌ വിസ്‌മയം"were a triumph of the will for a people and a government determined to show their skill and confidence,"
ബെയ്‌ജിംഗ്‌: അമേരിക്കന്‍ പത്രമായ ലോസാഞ്ചലസ്സ്‌ ടൈംസില്‍ ഇന്നലെ ഒന്നാം പേജില്‍ ഉദ്ധരിക്കപ്പെട്ട വരികളാണ്‌ മുകളില്‍ ചേര്‍ത്തത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ വിജയത്തെ അപഗ്രഥിക്കവെ ചൈനീസ്‌ ജനതക്കും സര്‍ക്കാരിനുമാണ്‌ അമേരിക്കന്‍ പത്രം മാര്‍ക്കിട്ടത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വന്‍ പരാജയമായി കാണാന്‍ നോമ്പ്‌ നോറ്റവരായിുന്നു അമേരിക്കന്‍ ഭരണക്കൂടം. ഏത്‌ വിധേനയും ചൈനയെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കുളള യാത്രയില്‍ ഒളിംപിക്‌സ്‌ തങ്ങളെ തുണക്കുമെന്നാണ്‌ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്ത്വം കരുതിയത്‌. പക്ഷേ ഒളിംപിക്‌സ്‌ വന്‍വിജയമായതിന്‌ പിറകെ ഒരു അമേരിക്കന്‍ പത്രം തന്നെ പരസ്യമായി അഭിനന്ദനങ്ങള്‍ അറിയിച്ചത്‌ ചൈനക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്‌.
16 ദിവസം ദീര്‍ഘിച്ച കായികമാമാങ്കത്തിന്‌ തിരശ്ശീല വീണപ്പോള്‍ ഉയര്‍ന്നത്‌ ഒരേ ഒരു പരാതി മാത്രമാണ്‌-അതും അമേരിക്കക്കാരുടെ വക. ചൈനീസ്‌ ജിംനാസ്റ്റിക്‌സ്‌ സംഘത്തിലെ ചില താരങ്ങളുടെ പ്രായ കാര്യത്തിലായിരുന്നു അമേരിക്കന്‍ പരാതി. ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്‌.
കായിക ലോകത്ത്‌ പുതിയ യുഗത്തിന്റെ പിറവിയാണ്‌ ബെയ്‌ജിംഗ്‌ ഉദ്‌ഘോഷിച്ചത്‌. ഒളിംപിക്‌സ്‌ ചരത്രത്തിലെ അമേരിക്കന്‍ വീരഗാഥകള്‍ക്ക്‌ അന്ത്യമിട്ട്‌ ചൈന മെഡല്‍പ്പട്ടികയില്‍ ഒന്നാമത്‌ വന്നിരിക്കുന്നു. 51 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ മൊത്തം 100 മെഡലുകളാണ്‌ ചൈന സ്വന്തമാക്കിയത്‌. ഒളിംപിക്‌്‌സ്‌ ആരംഭിക്കുമ്പോള്‍ ചൈനയുടെ ലക്ഷ്യം മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനമായിരുന്നു. അത്‌ നേടിയെന്ന്‌ മാത്രമല്ല എല്ലാ രാജ്യക്കാരുടെയും കൈയ്യടികള്‍ വാങ്ങാനും അവര്‍ക്കായി.
ഐ.ഒ.സി പ്രസിഡണ്ട്‌ ജാക്വസ്‌ റോജിക്ക്‌ ഏറെ ഇഷട്‌പ്പെട്ട നിമിഷം ട്രാക്കിലെ ജമൈക്കന്‍ വിസ്‌മയമോ, നീന്തല്‍കുളത്തിലെ മൈക്കല്‍ ഫെല്‍പ്‌സ്‌ ഗാഥകളോ ആയിരുന്നില്ല. ഷൂട്ടിംഗില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ജോര്‍ജ്ജിയന്‍ താരം നിനോ സാലുവും വെള്ളി നേടിയ റഷ്യന്‍ താരം നതാലിയ പദറെയും സ്വന്തം നാടുകള്‍ തമ്മില്‍ നടക്കുന്ന യുദ്ധവൈര്യം മറന്ന്‌ പരസ്‌പരം ആശ്ലേഷിച്ച നിമിമായിരുന്നു. റഷ്യന്‍ സൈന്യംം ജോര്‍ജ്ജിയയെ അതിക്രമിച്ച നിമിഷത്തില്‍, ലോക സമാധാനം വെല്ലുവിളിക്കപ്പെടുമ്പോഴാണ്‌ ജോര്‍ജ്ജിയക്കാരിയും റഷ്യക്കാരിയും മെഡല്‍ദാന ചടങ്ങില്‍ സ്‌പോര്‍ട്‌സ്‌ മാന്‍ സ്‌പിരിറ്റ്‌ ഉയര്‍ത്തിപ്പിടിച്ചത്‌. ഒളിംപിക്‌സിന്റെ താരം നീന്തല്‍കുളത്തിലെ വിസ്‌മയമായ മൈക്കല്‍ ഫെലിപ്‌സായിരുന്നു. മല്‍സരിച്ച എട്ടിനങ്ങളിലും സ്വര്‍ണ്ണം. അതില്‍ ഏഴിലും ലോക റെക്കോര്‍ഡ്‌. ട്രാക്കില്‍ മൂന്ന്‌ സ്വര്‍ണ്ണവും മൂന്ന്‌ ലോക റെക്കോര്‍ഡും സ്വന്തമാക്കിയ ഉസൈന്‍ ബോള്‍ട്ടിനെയും കായിക പ്രേമികള്‍ മറക്കില്ല.
ഓഗസ്‌റ്റ്‌ എട്ടിന്‌ ആരംഭിച്ച ഒളിംപിക്‌സില്‍ എവിടെയും അപശ്രുതികളുണ്ടായിരുന്നില്ല. മല്‍സരവേദികളെല്ലാം അത്യുന്നത നിലവാരത്തിലുളളതായിരുന്നു. കിളിക്കൂട്‌ മാത്രമല്ല വാട്ടര്‍ ക്യൂബും മറ്റ്‌ വേദികളുമെല്ലാം താരങ്ങള്‍ക്ക്‌ പ്രിയപ്പെട്ട കളിമുറ്റങ്ങളായി. തകര്‍പ്പന്‍ മല്‍സരങ്ങളാണ്‌ എല്ലാ വേദികളിലും നടന്നത്‌. നാല്‍പ്പതോളം ലോക റെക്കോര്‍ഡുകള്‍, അമ്പതോളം ഒളിംപിക്‌ റെക്കോര്‍ഡുകള്‍.
ചൈനീസ്‌ കരുത്തിന്റെ മറ്റൊരു തെളിവായിരുന്നു സമാപനചടങ്ങ്‌. കിളിക്കൂട്ടില്‍ മൂന്ന്‌ മണിക്കൂറോളം ദീര്‍ഘിച്ച മറ്റൊരു വേറിട്ട കാഴ്‌ച്ച. ബെയ്‌ജിംഗും ചൈനയും ഒളിംപിക്‌സ്‌ ചരിത്രത്തില്‍ പുത്തന്‍ ഗാഥ രചിച്ചതോടെ സമ്മര്‍ദ്ദത്തിന്റെ പടിപുരയിലാണ്‌ അടുത്ത ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന ലണ്ടന്‍. കിളിക്കൂട്ടില്‍ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടനം അറിയിച്ചുള്ള പ്രത്യേക ഡബിള്‍ ഡക്കര്‍ ബസ്സുണ്ടായിരുന്നു. ഡേവിഡ്‌ ബെക്കാമും പത്ത്‌ വയസ്സുകാരി ത്വയ്യിബയുയെല്ലാമായിരുന്നു ആ ബസ്സില്‍. ബസ്സില്‍ നിന്ന്‌ പന്ത്‌ തട്ടിയാണ്‌ ലണ്ടനിലേക്കുള്ള ഒരുക്കം ഇംഗ്ലീഷ്‌ സംഘാടകര്‍ പ്രഖ്യാപിച്ചത്‌. ബെയ്‌ജിംഗ്‌ ഒരുക്കിയ വിസ്‌മയത്തില്‍ അതിനെ വെല്ലാനുളള സമ്മര്‍ദ്ദത്തില്‍ ഇനി ലണ്ടന്‌ വിശ്രമമില്ല.



സൈഡ്‌ബോട്ടത്തിന്‌ പരുക്ക്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ സീമര്‍ റ്യാന്‍ സൈഡ്‌ബോട്ടത്തിന്‌ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. പരുക്ക്‌ കാരണം അദ്ദേഹം രണ്ട്‌ മാസത്തോളം പുറത്തിരിക്കണം. പരമ്പരയില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ഇംഗ്ലണ്ട്‌ 1-0 ത്തിന്‌ മുന്നിലാണ്‌.
ഹെയ്‌ഡന്‍ ഇല്ല
മെല്‍ബണ്‍: ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ സീനിയര്‍ താരം മാത്യൂ ഹെയ്‌ഡന്‍ ഉണ്ടാവില്ല. വ്യക്തിപരമായ കാരണത്താല്‍ ഹെയ്‌ഡന്‍ പരമ്പരയില്‍ നിന്ന്‌ പിന്മാറ്റം അറിയിക്കുകയായിരുന്നു.

പരമ്പരക്ക്‌ ഇന്ത്യ
കൊളംബോ: ടെസ്‌റ്റ്‌ പരമ്പര നഷ്ടമായ നിരാശ അകറ്റാന്‍ ഇന്ത്യ ഇന്ന്‌ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്നു. ശ്രീലങ്കക്കെതിരായ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ നാലാം പോരാട്ടം ഇന്നിവിടെ പകലും രാത്രിയുമായി നടക്കുമ്പോള്‍ സമ്മര്‍ദ്ദം ലങ്കന്‍ ക്യാമ്പിലാണ്‌. 2-1ന്‌ ഇന്ത്യ ലീഡ്‌ ചെയ്യുന്ന പരമ്പര നഷ്ടമാവാതിരിക്കാന്‍ മഹേല ജയവര്‍ദ്ധനക്കും സംഘത്തിനും ഇന്ന്‌ വിയജിക്കണം. ധാംബുലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയ ശേഷം ലങ്കന്‍ ടീം തളരുകയായിരുന്നു. ബാറ്റിംഗാണ്‌ പ്രധാന വെല്ലുവിളി. സനത്‌ ജയസൂര്യ, കുമാര്‍ സങ്കക്കാര എന്നീ പ്രമുഖര്‍ക്ക്‌ ഇത്‌ വരെ ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ മുന്‍നിരയും റണ്‍സ്‌ കണ്ടെത്താന്‍ വിഷമിക്കുകയാണ്‌. ക്യാപ്‌റ്റന്‍ ധോണിയുടെ ഇന്നിംഗ്‌സിലാണ്‌ മൂന്നാം മല്‍സരത്തില്‍ ജയിക്കാനായത്‌. ബൗളിംഗില്‍ സഹീര്‍ഖാന്‍,മുനാഫ്‌ പട്ടേല്‍ എന്നിവര്‍
സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്‌. സഹീര്‍ രണ്ടാം മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കിയപ്പോള്‍
മൂന്നാം ഏകദിനത്തില്‍ നിര്‍ണ്ണായകമായ മൂന്ന്‌ വിക്കറ്റുകള്‍ മുനാഫ്‌ കരസ്ഥമാക്കിയിരുന്നു. ഇന്നത്തെ മല്‍സരം തല്‍സമയം ടെന്‍ സ്‌പോര്‍ട്‌സില്‍. 2-30 മുതല്‍.

Saturday, August 23, 2008

KAMAL DRIVE, BALE BHARATH



ആയുര്‍വേദത്തിന്റെ ചൈനീസ്‌ കരുത്ത്‌
ചൈനീസ്‌ പത്രമായ ലിബറേഷന്‍ ഡെയ്‌ലിയില്‍ ഇന്നലെ ലിയു സിയാംഗ്‌ എന്ന സൂപ്പര്‍ താരത്തിന്റെ കോളമുണ്ടായിരുന്നു. സിയാംഗിനെ ലോകം മറന്നാലും ചൈന മറക്കില്ല. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ താരം. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വന്തം നാട്ടുകാരെ സാക്ഷിയാക്കി സ്വര്‍ണ്ണനേട്ടം ആവര്‍ത്തിക്കാന്‍ കൊതിച്ച്‌ പരുക്കില്‍ തളര്‍ന്ന സിയാംഗ്‌ ഇപ്പോള്‍ ചികില്‍സയിലാണ്‌. സ്വന്തം നാട്ടിലെ ആയുര്‍വേദത്തിലാണ്‌ സിയാംഗിന്‌ വിശ്വാസം. ലോകത്തിലെ ഏത്‌ വലിയ ആതുരാലയത്തിലും അദ്ദേഹത്തിന്‌ ചികില്‍സ തേടാം. പക്ഷേ ചൈനീസ്‌ ആയുര്‍വേദത്തിലും ആയുര്‍വേദത്തിലൂടെ ഒരുക്കുന്ന സ്‌പോര്‍ട്‌സ്‌ മെഡിസിനുകളിലുമാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
സ്വന്തം രാജ്യത്തെ ആയുര്‍വേദ മരുന്നുകളില്‍ സിയാംഗ്‌ വിശ്വസിക്കുമ്പോള്‍ അത്‌ പാഠമാക്കാന്‍ നമ്മുടെ താരങ്ങളും മുന്നോട്ട്‌ വരേണ്ടിയിരിക്കുന്നു. ആയുര്‍വേദത്തിന്റെ ആസ്ഥാനമാണ്‌ ഇന്ത്യ. ഇന്ത്യയില്‍ നിന്നുളള ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വിദേശങ്ങളല്‍ നല്ല വിപണിയുണ്ട്‌. എന്നാല്‍ നമ്മുടെ കായികലോകത്തിന്‌ ആയുര്‍വേദത്തിനോട്‌ മതിപ്പ്‌ കുറവാണ്‌. അവര്‍ വിദേശമരുന്നുകളുടെ വക്താക്കളാവുന്നു.
ഉത്തേജക മരുന്നിന്‌ പല ഇന്ത്യന്‍ താരങ്ങളും പിടിക്കപ്പെടുമ്പോള്‍ അതില്‍ പ്രധാന വില്ലന്‍ വിദേശ മരുന്നുകളും ചികല്‍സാ രീതികളും തന്നെയാണ്‌. ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ദീര്‍ഘദൂര ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയ ശേഷം ഡോപ്പിംഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെട്ട്‌ മെഡല്‍ തിരിച്ചുനല്‍കേണ്ടി വന്ന ഇന്ത്യന്‍ താരം സുനിതാ റാണി പറഞ്ഞത്‌ ഒരു വിദേശ ഇഞ്ചക്ഷനാണ്‌ വിനയായതെന്നാണ്‌. വിദേശ പരിശീലകരെ നാം നിയോഗിക്കുമ്പോള്‍ അവര്‍ അവര്‍ക്ക്‌ പരിചിതമായ വിദേശ മരുന്നുകള്‍ നല്‍കുന്നു.
ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക്‌ ഏറ്റവും നല്ല ചികില്‍സാ വഴി ആയുര്‍വേദമാണ്‌. അത്‌ തിരിച്ചറിയാന്‍ ചൈനീസ്‌ താരം സ്വന്തം രാജ്യത്തെ മരുന്നുകളോട്‌ പ്രകടിപ്പിക്കുന്ന താല്‍പ്പര്യമെങ്കിലും മനസ്സിലാക്കണം.
അഞ്‌ജു ബോബി ജോര്‍ജ്ജിന്‌ വനിതകളുടെ ലോംഗ്‌ ജംമ്പില്‍ ഒരു നല്ല ചാട്ടം പോലും നടത്താന്‍ കഴിയാതിരുന്നത്‌ പരുക്ക്‌ കൊണ്ടാണെന്നാണ്‌ അവര്‍ പറഞ്ഞത്‌. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അതാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. പരുക്കുളള ഒരു താരം എന്തിന്‌ ലോക വേദിയില്‍ വേദനയോടെ മല്‍സരിക്കാനെത്തി എന്ന ചോദ്യത്തിന്‌ അഞ്‌ജുവിനും പരിശീലകര്‍ക്കും ഉത്തരമില്ല. വേദനയുണ്ടായിട്ടും ഒരു ഫൗള്‍ ചാട്ടം എങ്ങനെ നടത്താനായി എന്ന ചോദ്യവും ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒന്നോ രണ്ടോ വിദേശ മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയുമ്പോള്‍ നമ്മുടെ താരങ്ങളെല്ലാം വന്ന വഴികള്‍ മറക്കുന്നു. ആയുര്‍വേദമെന്നാല്‍ അവര്‍ക്ക്‌ താല്‍പ്പര്യമേയില്ല. എണ്ണയും കുഴമ്പും അതിന്റെ മണവും സഹിക്കാനാവില്ല എന്ന്‌ തുറന്ന്‌ പറഞ്ഞിരുന്നു ഒരു സൂപ്പര്‍ താരം. കാലിലെ ചെറിയ വേദനക്ക്‌ അപ്പോളോ ആശുപത്രിയെ ശരണം പ്രാപിച്ചാല്‍ മാത്രമാണ്‌ താരങ്ങള്‍ക്ക്‌ മനശാന്തി വരുകയുള്ളു എന്നതാണ്‌ അവസ്ഥ.
ലിയു സിയാംഗ്‌ കിളിക്കൂട്ടിലെ നിരാശക്ക്‌ ശേഷം ആയുര്‍വേദത്തിന്റെ മടിത്തട്ടിലേക്കാണ്‌ പോയത്‌. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. അടുത്ത ലോക ചാമ്പ്യന്‍ഷിപ്പിലും 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണ്ണം നേടണം.
ഒളിംപിക്‌സ്‌ കഴിഞ്ഞ്‌ ലോകം ബെയ്‌ജിംഗിനോട്‌ വിടപറയുമ്പോള്‍ എല്ലാവരും ആ നാടിനെ പ്രകീര്‍ത്തിക്കുന്നു. ചൈനയിലെ കായിക സമ്പ്രദായത്തെയും പരിശീലന മുറകെളെയും ചികില്‍സാ രീതികളെയും മനസ്സിലാക്കുന്നു. ആയിരകണക്കിന്‌ സ്‌പോര്‍ട്‌സ്‌ സ്‌്‌ക്കൂളുകള്‍ ചൈനയിലുണ്ട്‌. ഓരോ കായിക ഇനത്തിനും അടിസ്ഥാന സൗകര്യങ്ങളോട്‌ കൂടി പരിശീലക കേന്ദ്രങ്ങളും മൈതാനങ്ങളും ആ നാട്ടിലുണ്ട്‌. സ്‌പോര്‍ട്‌സ്‌ അക്കാദമികളുടെ എണ്ണം അമ്പതിനായിരത്തോളമാണ്‌. എല്ലാ അക്കാദമികളിലും ഉന്നത പരിശീലനം നേടിയ പരിശീലകര്‍. താരങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കൊപ്പം ജാഗ്രത പാലിക്കുന്ന പരിശീലകര്‍ തന്നെയാണ്‌ ചികില്‍സയും മരുന്നുകളുമെല്ലാം നല്‍കുന്നത്‌. വിദേശ മരുന്നുകളെ ചൈന ആശ്രയിക്കുന്നില്ല. വിദേശ പരിശീലകര്‍ പക്ഷേയുണ്ട്‌. കേരളത്തില്‍ നിന്നും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധികളായി ചിര്‍ ബെയ്‌ജിംഗില്‍ പോയിരുന്നു. അവര്‍ ഇതെല്ലാം കണ്ടിട്ടൂണ്ടാവുമോ എന്തോ...! ലഭ്യമായ വിവരമനുസരിച്ച്‌ അവരിപ്പോള്‍ സിംഗപ്പൂരില്‍ ഷോപ്പിംഗിലാണ്‌. ചൈനയിലെ കായിക സമ്പ്രദായങ്ങളെല്ലാം പഠിച്ച്‌ ക്ഷീണിതരായിട്ടുണ്ടാവും. ഇനി നാട്ടിലെത്തിയാല്‍ ഗീര്‍വാണമായിരിക്കും. അതാക്കും, ഇതാക്കുമെന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ അതെല്ലാം കേള്‍ക്കേണ്ടി വരും.
എന്തായാലും ഒരു കാര്യം സത്യമാണ്‌. ചൈനയും ജമൈക്കയുമെല്ലാം നിറഞ്ഞ ഈ ഒളിംപിക്‌സ്‌ ഇന്ത്യക്കും ശുഭപ്രതീക്ഷയാണ്‌ നല്‍കുന്നത്‌. ഇതാദ്യമായി മൂന്ന്‌ വ്യക്തിഗത മെഡലുകള്‍. അഭിനവ്‌ ബിന്ദ്രക്കും സുശീല്‍ കുമാറിനും വിജേന്ദര്‍ കുമാറിനും നന്ദി. ഇവര്‍ മാത്രമായിരുന്നില്ല ശോഭിച്ചത്‌. വനിതകളുടെ ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍. ബോക്‌സിംഗില്‍ അഖില്‍ കുമാറും ജിതേന്ദറും. സമ്മര്‍ദ്ദമായിരുന്നു ഇവരെയെല്ലാം ചതിച്ചത്‌. സൈന ഭാവിയുടെ വാഗ്‌ദാനമാണ്‌. ആ കുട്ടിക്ക്‌ വേണ്ടത്‌ കൂടുതല്‍ മല്‍സര പരിചയസമ്പത്താണ്‌. രാജ്യാന്തര തലത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനായാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ബാഡ്‌മിന്റണിന്‌ കരുത്തായി സൈനക്ക്‌ മാറാന്‍ കഴിയും. ടെന്നിസില്‍ സാനിയ മിര്‍സക്ക്‌്‌ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞത്‌ രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ ലഭിച്ച മല്‍സരാവസരങ്ങളായിരുന്നു. അത്‌ പോലെ സൈനക്കും വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയണം. വിജേന്ദറിന്റെയും ജിതേന്ദറിന്റെയും അഖിലിന്റെയും കാര്യത്തിലും മല്‍സരങ്ങളാണ്‌ അത്യാവശ്യം. ഇന്ത്യയില്‍ ബോക്‌സിംഗ്‌ വേരുകളില്ലാത്ത ഗെയിമായി മാറിയിട്ടുണ്ട്‌. ഇവിടെ ലഭിക്കുന്ന ദേശീയ ചാമ്പ്യന്‍പ്പട്ടം വലിയ വാര്‍ത്തയല്ല. വിജേന്ദര്‍ ക്യൂബന്‍ താരത്തിന്‌ മുന്നില്‍ പതറിയത്‌ വലിയ മല്‍സരങ്ങളിലെ അനുഭവസമ്പത്തില്ലായ്‌മ കൊണ്ടാണ്‌.
രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിനെയും അഞ്‌ജു ബോബി ജോര്‍ജ്ജിനെയും ലിയാന്‍ഡര്‍ പെയ്‌സിനെയും സാനിയ മിര്‍സയെയും മഹേഷ്‌ ഭൂപതിയെയും മാന്‍ഷേര്‍ സിംഗിനെയും ഗഗന്‍ നരാഗിനെയുമെല്ലാം തല്‍ക്കാലം മറക്കാം. ജമൈക്ക എന്ന കരീബിയന്‍ രാജ്യത്തെയും ഉസൈന്‍ ബോള്‍ട്ട്‌ എന്ന അതിവേഗക്കാരനെയും മാതൃകയാക്കാം. ഇല്ലായ്‌മയില്‍ നിന്നാണ്‌ അവരെല്ലാം വ്‌ന്നത്‌. അസാധ്യമായി ഒന്നുമില്ല-ബലേ ഭാരത്‌...!

OLOUM P>A HAMSA

ചൈനയെ പഠിക്കുകയാണ്‌ ബ്രിട്ടന്‍
ഇന്ന്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും നിറമുള്ള അദ്ധ്യായത്തിന്‌ സമാപനം. ഇത്രയും ദിവസങ്ങള്‍ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ പറയാനാവുന്നില്ല. മണിക്കൂറുകളുടെ സൂചി ശരവേഗതയില്‍ കടന്നുപോയത്‌ പോലെ. ഓരോ ദിവസവും ഓരോ അനുഭവങ്ങള്‍. ചൈന എന്ന രാജ്യത്തോടുള്ള സ്‌നേഹം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുകയാണ്‌. ഒളിംപിക്‌സിലുടെ ചൈനീസ്‌ ഭരണക്കൂടം ലക്ഷ്യമിട്ടത്‌ ഒന്ന്‌ മാത്രമായിരുന്നു-ലോകത്തിന്‌ ചൈനയെക്കുറിച്ചുളള തെറ്റിദ്ധാരണകള്‍ അകലണം. ആ ലക്ഷ്യത്തിലേക്കുളള ചൈനീസ്‌ യാത്ര വിജയകരം തന്നെയാണെന്ന്‌ തോന്നുന്നു. കാരണം ഞാനുള്‍പ്പെടെ ഇവിടെ ഒളിംപിക്‌സ്‌ കാണാനും അവലോകനം ചെയ്യാനുമെത്തിയവരെല്ലാം ഹാപ്പിയാണ്‌. ആര്‍ക്കും ദുരനുഭവങ്ങളില്ല. എല്ലാവരും ഇവിടുത്തെ പൊതു സമ്പ്രദായത്തെയും സജ്ജീകരണങ്ങളെയും അഭിനന്ദിക്കുന്നു. ഇന്നലെ മൂന്ന്‌ ചരിത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ ഫോര്‍ബിഡന്‍ സിറ്റി അഥവാ നിരോധിക്കപ്പെട്ട നഗരം. അത്‌ കഴിഞ്ഞ്‌ ടിയാനന്‍മെന്‍ സ്‌ക്വയര്‍. അവസാനം ചൈനീസ്‌ പാര്‍ലമെന്റ്‌. എല്ലാം വിസ്‌മയ ചിത്രങ്ങളാണ്‌.
രാജഭരണത്തിലെ പുരാതന ചൈനയുടെ സുന്ദരമുഖമാണ്‌ ഫോര്‍ബിഡന്‍ സിറ്റി എന്ന നിരോധിക്കപ്പെട്ട നഗരം. മധ്യകാലത്ത്‌ ചൈന ഭരിച്ച മിംഗ്‌ രാജവംശത്തിന്റെയും പിന്നീട്‌ വന്ന ക്വിംഗ്‌ രാജവംശത്തിന്റെയും കൊട്ടാരങ്ങളില്‍ പഴമയുടെ നീലിമ കാണാം. ഇന്നത്തെ ചൈനക്കാര്‍ രാജഭരണത്തെക്കുറിച്ച്‌ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏകദേശം അഞ്ച്‌ നൂറ്റാണ്ട്‌ കാലം ചൈനീസ്‌ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്നു ഈ നഗരം. രാജ്യം ഭരിച്ച രാജാക്കന്മാരുടെ ചിത്രങ്ങളും അവരുടെ കൊട്ടാരങ്ങളും അവരുപയോഗിച്ച സാധന സാമഗ്രികളും അവരുടെ സങ്കീര്‍ത്തന ഫലകങ്ങളുമെല്ലാം അതേ പോലെ ഇവിടെയുണ്ട്‌. 720,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌ത്യതിയില്‍ പടര്‍ന്നുകിടക്കുകയാണ്‌ ഈ നഗരം. പഴയ കെട്ടിടങ്ങളില്‍ 980 എണ്ണം ഇപ്പോഴുമുണ്ട്‌. ഈ കെട്ടിടങ്ങളിലായി 8,707 മുറികളുണ്ടത്രെ...! യുനസ്‌ക്കോയുടെ പഠന പ്രകാരം ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന മരത്തടികള്‍ കൊണ്ട്‌ ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ ഇവിടെയാണ്‌. 1924 മുതലാണത്രെ ഈ നഗരവും കൊട്ടാരവും വിനോദ സഞ്ചാര കേന്ദ്രമാക്കിയത്‌. ഞങ്ങള്‍ മൂന്ന്‌ പോരാണുണ്ടായിരുന്നത്‌. ചൈനീസ്‌ സുഹൃത്തായ ജാക്കിച്ചാനും എന്റെ ബന്ധുവായ മുഹമ്മദ്‌ തസ്‌ലീമും. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിലാണ്‌ തസ്‌ലീം.
കനത്ത ചൂടായിരുന്നു ഇവിടെ. പക്ഷേ സഞ്ചാരികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ഓരോ മണിക്കൂറിലും അയ്യായിരത്തോളം പേരാണ്‌ ഇവിടെ വരുന്നതും ചരിത്ര മന്ദിരങ്ങള്‍ കാണുന്നതും. അതിലൊരു സവിശേഷത-വരുന്നവരില്‍ തദ്ദേശിയര്‍ കുറവാണെന്നതാണ്‌. ചൈനക്കാര്‍ക്ക്‌ ഈ നഗരത്തോടും പുരാതന സംസ്‌കൃതിയോടും താല്‍പ്പര്യമില്ലാത്തത്‌ പോലെ. കാഴ്‌ച്ചകളുടെ വിസ്‌മയ ലോകമാണിത്‌. ഒരു ദിവസം കൊണ്ട്‌ കണ്ട്‌ തീര്‍ക്കാന്‍ കഴിയില്ല. ചരിത്രത്തോടും പുരാതന കലകളോടും താല്‍പ്പര്യമുളളവര്‍ ഇവിടെ തന്നെ കഴിയേണ്ടിവരും. നിരോധിക്കപ്പെട്ട നഗരത്തില്‍ നിന്നും നേരേ പോയത്‌ ടിയാനന്‍മെന്‍ സ്‌ക്വയറിലേക്കായിരുന്നു. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ നിണം വീണ മണ്ണ്‌.... ജനാധിപത്യത്തിന്‌ വേണ്ടി സമരം ചെയ്‌ത അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ ചൈനീസ്‌ സൈന്യം വെടിവെച്ചിട്ടത്‌ ഇവിടെയായിരുന്നു. ഈ സംഭവം അറിഞ്ഞപ്പോള്‍ ചൈന എന്ന രാജ്യത്തോടുള്ള ലോകത്തിന്റെ മതിപ്പ്‌ ഇല്ലാതായിരുന്നു. ചൈനയില്‍ നടക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്ന്‌ ആഗോളതലത്തില്‍ മനസ്സിലാക്കപ്പെട്ടത്‌ ടിയാനന്‍മെന്‍സ്‌ക്വയര്‍ സംഭവത്തോടെയാണ്‌. ചൈനീസ്‌ ഭരണക്കൂടം ലോക മാധ്യമങ്ങള്‍ക്കും സമുഹത്തിനും ഈ രാജ്യത്തിലേക്കുളള വിലക്ക്‌ കല്‍പ്പിച്ചതും വിദ്യാര്‍ത്ഥി പ്രസ്ഥാന സമരത്തെ അടിച്ചമര്‍ത്തിയ സംഭവത്തില്‍ ലോകത്തിനുളള പ്രതിഷേധം മനസ്സിലാക്കിയാണ്‌.
ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി വളരെ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കയാണ്‌ ഈ ചത്വരം. 1989 ല്‍ ഇവിടെ നടന്ന വിദ്യാര്‍ത്ഥി കലാപവും കൂട്ടകൊലയും ഇപ്പോള്‍ അധികമാരും ഓര്‍മ്മിക്കുന്നില്ല വിദേശികള്‍ക്ക്‌ ഈ ചത്വരമെന്നാല്‍ ആ കലാപദിനങ്ങളാണ്‌. പക്ഷേ ചൈനക്കാര്‍ പഴയതൊന്നും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചില തദ്ദേശിയരോടും ഉദ്യോഗസ്ഥരോടും ആ കലാപനാളുകളെക്കുറിച്ച ചോദിച്ചു-പക്ഷേ അവര്‍ക്കൊന്നും ഉത്തരമുണ്ടായിരുന്നില്ല. ചൈനക്കാര്‍ക്ക്‌ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല എന്നത്‌ ജൂണ്‍ നാല്‌സംഭവമാണ്‌. ഇവിടെ ചരിത്രത്തില്‍ ആ ദിവസത്തെ അങ്ങനെയാണ്‌ വിശേഷിപ്പിക്കുന്നത്‌. ചത്വരത്തില്‍ മുമ്പ്‌ കാലത്തും പല സംഭവങ്ങളും നടന്നിട്ടുണ്ടത്രെ... അതിനാലാണ്‌ വിദ്യാര്‍ത്ഥി കലാപത്തെ ജൂണ്‍ നാല്‌ സംഭവമാക്കി ലഘൂകരിച്ചിരിക്കുന്നത്‌.
ടിയാനന്‍മെന്‍സ്‌ക്വയര്‍ കലാപത്തിലെ ചൈനയല്ല ഇപ്പോഴത്തെ ചൈന. കമ്മ്യൂണിസമാണ്‌ ഇപ്പോഴും പ്രവൃത്തിപഥത്തിലെങ്കിലും പഴയ അജണ്ടകളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കില്ല. അവര്‍ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും മാറിയ പ്രതിനിധികളാണ്‌. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഇളനീര്‍ ജ്യൂസ്‌ നല്‍കി സ്വീകരിക്കുന്ന ചൈനയുടെ സുന്ദരമായ മുഖത്തില്‍ കമ്മ്യൂണിസമില്ല-ലോകത്തോളം ഉയരാനുളള അഭിനിവേശമാണ്‌. ഒളിംപിക്‌സ്‌ മെഡല്‍പ്പട്ടികയില്‍ ചൈന ഒന്നാമതാണ്‌. അമേരിക്കന്‍ കായികാധിപത്യം അവസാനിപ്പിക്കാന്‍ അവര്‍ക്കായിരിക്കുന്നു. ഇനി ലോകത്തിന്റെ ആസ്ഥാനമാവണം.ആ ലക്ഷ്യത്തിലേക്കായിരുന്നു ഒളിംപിക്‌സ്‌.
ചൈനയെ പഠിക്കാന്‍ പലരും എത്തിയിരിക്കുന്നു. അക്കൂട്ടത്തിലെ പ്രമുഖര്‍ അടുത്ത ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന ലണ്ടനില്‍ നിന്നുളളവരാണ്‌. ഒരു മാസത്തോളമായി ഇംഗ്ലീഷ്‌്‌ ഉന്നതതല സംഘം ഇവിടെയുണ്ട്‌. ഇത്ര വിജയകരമായി ഒളിംപിക്‌സ്‌ നടത്താന്‍ ചൈനക്ക്‌ എങ്ങനെ കഴിഞ്ഞു എന്ന്‌ പഠിക്കുകയാണ്‌ എല്ലാവരും. ഇന്ന്‌ നടക്കുന്ന ഒളിംപിക്‌സ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഇന്നലെ ചൈനീസ്‌ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തത്‌ ഒളിംപിക്‌സ്‌ വിജയരഹസ്യമായിരുന്നത്രെ....
ഇന്നത്തെ താരങ്ങള്‍ ഡേവിഡ്‌ ബെക്കാമും ത്വയ്യിബയുമെല്ലാമാണ്‌. ഇന്നലെ ഈ കോളത്തില്‍ ത്വയ്യിബയെ പരിചയപ്പെടുത്തിയപ്പോള്‍ എന്റെ ഫോണിലേക്ക്‌ ധാരാളം വിളികള്‍ വന്നു-എല്ലാവര്‍ക്കും ത്വയ്യിബയെക്കുറിച്ച്‌ കൂടുതലറിയണം. അവര്‍ക്കെല്ലാം ഇന്ന്‌ ത്വയ്യിബയെ കാണാം-അറിയാം.

ചിത്രം
ഇന്ന്‌ നടക്കുന്ന ഒളിംപിക്‌സ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ചൈനീസ്‌ പ്രസിഡണ്ട്‌ ഹൂ ജിനാത്തോക്കൊപ്പം..

മെസ്സിയും സംഘവും പകരം വീട്ടി
ഫുട്‌ബോള്‍ സ്വര്‍ണ്ണം അര്‍ജന്റീനക്ക്‌, നൈജീരിയക്കെതിരെ ഏക ഗോള്‍ വിജയം
ബെയ്‌ജിംഗ്‌: 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സ്‌ ഫൈനലിലേറ്റ പരാജയത്തിന്‌ അര്‍ജന്റീന അതേ നാണയത്തില്‍ പകരം വീട്ടി. രണ്ടാം പകുതിയില്‍ നേടിയ ഏകഗോളിന്‌ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കക്കാര്‍ ഒളിംപിക്‌ ഫുട്‌ബോള്‍ സ്വര്‍ണ്ണം നിലനിര്‍ത്തി. ഇന്നലെ രാവിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ആവേശകരമായിരുന്നു. അര്‍ജന്റീനക്കാര്‍ പതിവ്‌ കരുത്ത്‌ പ്രകടമാക്കിയപ്പോള്‍ ഡിഫന്‍സീവ്‌ ഫുട്‌ബോളില്‍ നൈജീരിയ ഒപ്പം നിന്നു.
അറ്റ്‌ലാന്റയിലെ ഒളിംപിക്‌ ഫൈനലില്‍ 3-2 ന്‌ നൈജീരിയക്കായിരുന്നു വിജയം. അമേരിക്കന്‍ മണ്ണില്‍ എല്ലാവരും കരുതിയത്‌ ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു. എന്നാല്‍ ആഫ്രിക്കക്കാര്‍ ചടുലമായ വേഗതയില്‍ അര്‍ജന്റീനക്കാരെ വെള്ളം കുടിപ്പിച്ചു. ഇന്നലെയും നൈജീരിയ അട്ടിമറിക്ക്‌ കോപ്പുകൂട്ടിയിരുന്നു. ആദ്യ പകുതിയില്‍ മനോഹരമായി കളിച്ച അര്‍ജന്റീനക്ക്‌ രണ്ടാം പകുതിയില്‍ ആ താളം ലഭിച്ചിരുന്നില്ല. യുവന്‍ റോമന്‍ റിക്കല്‍മെ എന്ന പ്ലേ മേക്കറെയും ലയണല്‍ മെസ്സി എന്ന ഗോള്‍വേട്ടക്കാരനെയും തളച്ചാല്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടാമെന്ന തോന്നല്‍ നൈജീരിയക്കുണ്ടായിരുന്നു. ആ തന്ത്രത്തില്‍ ആദ്യ പകുതിയില്‍ അവര്‍ വിജയിക്കുകയും ചെയ്‌തിരുന്നു.
ഗോളിലേക്ക്‌ ആദ്യ നീക്കം നടത്തിയത്‌ നൈജീരിയയായിരുന്നു. ആറാം മിനുട്ടില്‍ പീറ്റര്‍ ഒഡന്‍വിഗി പായിച്ച ലോംഗ്‌ റേഞ്ചര്‍ പക്ഷേ ഫലപ്രദമായില്ല. അര്‍ജന്റീനിയന്‍ ഡിഫന്‍സിനെ കബളിപ്പിച്ച്‌ പന്തിനെ പിടിക്കാന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റോമിറോക്ക്‌ എളുപ്പം കഴിഞ്ഞു. നാല്‌ മിനുട്ടിന്‌ ശേഷം നൈജീരിയന്‍ പെനാല്‍ട്ടി ബോക്‌സിന്‌ സമീപം അര്‍ജന്റീനിയന്‍ നായകന്‍ ജുവാന്‍ റോമന്‍ റിക്കല്‍മെക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചു. അപകടകരമായ പൊസിഷനില്‍ നിന്നും പന്തിനെ പായിച്ച സൂപ്പര്‍താരത്തിന്‌ പ്രതീക്ഷ കാക്കാനായില്ല.
മല്‍സരം 21 മിനുട്ട്‌ പിന്നിട്ടപ്പോള്‍ മെസി നൈജീരിയന്‍ ബോക്‌സില്‍ വീണു. അര്‍ജന്റീനിയന്‍ താരങ്ങള്‍ ഒന്നടങ്കം പെനാല്‍ട്ടിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല. മുപ്പത്തിയേഴാം മിനുട്ടില്‍ മുന്‍നിരക്കാരന്‍ അഗ്വീറോയുടെ ഹെഡ്ഡര്‍ പുറത്ത്‌ പോയതോടെ ഇടവേളക്ക്‌ മുമ്പ്‌ ലീഡ്‌ കരസ്ഥമാക്കാനുളള ലാറ്റിനമേരിക്കന്‍ മോഹങ്ങള്‍ വിഫലമായി. രണ്ടാം പകുതിക്ക്‌ എട്ട്‌ മിനുട്ട്‌ പ്രായമായപ്പോള്‍ മെസ്സിയുടെ മാജിക്കില്‍ ഗോളെത്തി. സ്വന്തം ഹാഫില്‍ നിന്ന്‌ മെസ്സി കൂട്ടുകാരനായ ഡി മേരിയ സ്വതന്ത്രമായി നില്‍ക്കുന്ന കാഴ്‌്‌ച കണ്ട്‌ പന്ത്‌ ഫ്‌ളിക്‌ ചെയ്‌ത്‌ നല്‍കി. നൈജീരിയന്‍ ഡിഫന്‍സ്‌ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തില്‍ അവരുടെ ഗോള്‍ക്കീപ്പര്‍ നിസ്സഹായനായിരുന്നു. അടുത്ത മിനുട്ടില്‍ തന്നെ തിരിച്ചടിക്കാന്‍ ലഭിച്ച അവസരം നൈജീരിയ പാഴാക്കി. മല്‍സരാന്ത്യത്തില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍സ്‌ പിഴവുകളും വരുത്തിയില്ല.

ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ സുന്ദരചിത്രമാണിത്‌. എട്ട്‌ സ്വര്‍ണ്ണങ്ങളുമായി ഒളിംപിക്‌സിന്റെ താരമായി മാറിയ അമേരിക്കന്‍ നീന്തല്‍ ഹീറോ മൈക്കല്‍ ഫെല്‍പ്‌സ്‌ എട്ട്‌ മെഡല്‍ദാന ചടങ്ങുകളില്‍ സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തികാണിക്കുകയാണ്‌. ആദ്യ ചിത്രത്തില്‍ (ഇടത്‌ നിന്ന്‌) 4-100 മീറ്റര്‍ മെഡ്‌ലി റിലേയിലെ സ്വര്‍ണ്ണം. ഇത്‌ ലോക റെക്കോര്‍ഡ്‌ പ്രകടനമായിരുന്നു. കൂട്ടുകാരുടെ പിന്തുണയില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണം. ഓഗസ്‌റ്റ്‌ 17 നായിരുന്നു ഈ നേട്ടം. രണ്ടാം ചിത്രത്തില്‍ ഓഗസ്‌റ്റ്‌ 16ന്‌ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലെ സ്വര്‍ണ്ണമാണ്‌ ഫെല്‍പ്‌സ്‌ ഉയര്‍ത്തുന്നത്‌. ഇതും ലോക റെക്കോര്‍ഡ്‌. ഓഗസ്‌റ്റ്‌ 15ന്‌ 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലും അദ്ദേഹം റെക്കോര്‍ഡിട്ടു. ആ സ്വര്‍ണ്ണമാണ്‌ മൂന്നാമത്‌ ചിത്രം. ഓഗസ്‌റ്റ്‌ 13ന്‌ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയതും പുതിയ സമയത്തിലായിരുന്നു. ആ ചിത്രമാണ്‌ നാലാമത്തേത്‌. താഴെ നിരയില്‍ വലത്ത്‌ നിന്നുള്ള ആദ്യ ചിത്രം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നേട്ടത്തില്‍ സ്വന്തമാക്കിയത്‌. രണ്ടാം ചിത്രം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തിലെ ലോക റെക്കോര്‍ഡ്‌ സ്വര്‍ണ്ണം. മൂന്നാമത്‌ ചിത്രത്തിലെ സ്വര്‍ണ്ണം 4-100 മീറ്റര്‍ റിലേയില്‍ സ്വന്തമാക്കിയത്‌. അവസാന ചിത്രത്തില സ്വര്‍ണ്ണം 400 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലായിരുന്നു. ഈ നേട്ടം ഓഗസ്‌റ്റ്‌ പത്തിനായിരുന്നു. സംശയമില്ല ഈ ഒളിംപിക്‌സിന്റെ താരം ആ അമേരിക്കക്കാരന്‍ തന്നെ...

Friday, August 22, 2008

KAMALS DRIVE-CHINEES WONDER



ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വിജയകരമായി അവസാനിക്കാന്‍ പോവുകയാണ്‌..... വലിയ വിവാദങ്ങളൊന്നുമില്ല. ചൈനയുടെ കായിക മികവിനും സംഘാടക മികവിനും എല്ലാവരും നൂറില്‍ നൂറ്‌ മാര്‍ക്ക്‌ സമ്മാനിക്കുന്നു. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി, മുന്‍ തലവന്‍ അന്റോണിയോ സമരാഞ്ച്‌, ഐ.ഒ.സി എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ ഉള്‍പ്പെടെ ലോക നേതാക്കള്‍-എല്ലാവരും ചൈനയെ അഭിനന്ദിച്ചിട്ടുണ്ട്‌. 1988 ല്‍ ദക്ഷിണ കൊറിയന്‍ ആസ്ഥാനമായ സോളില്‍ നടന്ന ഒളിംപിക്‌സ്‌ വിജയകരമായിട്ടും ആ മഹാമേള പിന്നീട്‌ അറിയപ്പെട്ടത്‌ ബെന്‍ ജോണ്‍സണ്‍ എന്ന കനേഡിയന്‍ താരത്തിന്റെ മരുന്നടി വിവാദത്തിലൂടെയായിരുന്നു. ഭാഗ്യത്തിന്‌ ബെയ്‌ജിംഗിന്‌ അത്തരം ചീത്തപ്പേരുകളില്ല. സംഘാടക മികവിലും മൈക്കല്‍ ഫെല്‍പ്‌സ്‌ എന്‌ നീന്തല്‍ താരത്തിന്റെ വിസ്‌മയത്തിലും ഉസൈന്‍ ബോള്‍ട്ട്‌ എന്ന ട്രാക്ക്‌ രാജാവിന്റെ സ്‌പ്രിന്റ്‌ ഡബിള്‍ നേട്ടത്തിലും ഇസന്‍ബയേവയെന്ന പോള്‍വോള്‍ട്ടറുടെ റെക്കോര്‍ഡ്‌ പ്രകടനത്തിലും ട്രാക്കിലെ അമേരിക്കന്‍ ആധിപത്യം അവസാനിച്ചതിലുമെല്ലാമായിരിക്കും ചരിത്രത്തില്‍ ഈ ഒളിംപിക്‌സ്‌ അറിയപ്പെടുക.
ഉത്തേജക വിവാദങ്ങളാണ്‌ സമീപകാലത്ത്‌ നടന്ന രാജ്യാന്തര മീറ്റുകളുടെയെല്ലാം നിറം കെടുത്തിയത്‌. മരിയം ജോണ്‍സ്‌ എന്ന ട്രാക്‌ റാണി കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി ലോകത്തോട്‌ മാപ്പ്‌ ചോദിച്ച നിമിഷത്തില്‍ ഏതന്‍സ്‌ ഒളിംപിക്‌സിന്റെ പ്രൗഡിയാണ്‌ നഷ്‌ടമായത്‌. ഏതന്‍സില്‍ എല്ലാവരെയും കൈയ്യിലെടുത്തിരുന്നു ജോണ്‍സ്‌. പക്ഷേ മൂന്ന്‌ വര്‍ഷം കഴിഞ്ഞാണ്‌ ലോകം സത്യം അറിഞ്ഞത്‌.
ജോണ്‍സ്‌്‌ സംഭവം അമേരിക്കയെ എത്രമാത്രം തളര്‍ത്തി എന്നതിന്‌ വ്യക്തമായ തെളിവാണ്‌ അമേരിക്കന്‍ അത്‌ലറ്റുകളുടെ ബെയ്‌ജിംഗ്‌ പ്രകടനം. ജോണ്‍സ്‌ അമേരിക്കയുടെ താരം മാത്രമായിരുന്നില്ല-ലോക കായികരംഗത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായിരുന്നു. ആ താരം നിരോധിക്കപ്പെട്ട മരുന്നുകളുടെ പിറകെ താന്‍ സഞ്ചരിച്ചു എന്ന്‌ ലോകത്തിന്‌ മുന്നില്‍ വെച്ച്‌ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അമേരിക്കയുടെ താരങ്ങളെയെല്ലാം ലോകം സംശയത്തോടെ വീക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ബെയ്‌ജിംഗില്‍ സ്‌പ്രിന്റ്‌്‌ ഇനങ്ങളില്‍ ജമൈക്കന്‍ ആധിപത്യമായിരുന്നു. മധ്യദൂര ഇനങ്ങളില്‍ റഷ്യയും ജര്‍മനിയും ബ്രിട്ടനുമെല്ലാം കരുത്ത്‌ കാട്ടി. ദീര്‍ഘദൂര ഇനങ്ങളില്‍ പതിവ്‌ പോലെ ആഫ്രിക്കയും.
സംശയലേശമന്യേ പറയാം ബെയ്‌ജിംഗിന്റെ താരം ഫെല്‍പ്‌സ്‌ തന്നെ. എട്ട്‌ സ്വര്‍ണ്ണങ്ങള്‍. ഏഴ്‌ ലോക റെക്കോര്‍ഡും ഒരു ഒളിംപിക്‌ റെക്കോര്‍ഡും. മാര്‍ക്‌ സ്‌പിറ്റ്‌സിന്റെ ഒളിംപിക്‌ റെക്കോര്‍ഡ്‌ തിരുത്തിയ താരമില്ലായിരുന്നെങ്കില്‍ മെഡല്‍പ്പട്ടികയിലെ അമേരിക്കന്‍ സ്ഥാനം ഇതിലും ദയനീയമാവുമായിരുന്നു.
മൂന്ന്‌ മെഡലുകള്‍ എന്ന വലിയ നേട്ടത്തിനൊപ്പം ഉത്തേജക കറ ഇത്തവണ ഇന്ത്യയെ തീണ്ടിയില്ല. ഏതന്‍സില്‍ ഉത്തേജകത്തിന്റെ കറുത്ത പുകയില്‍ ഇന്ത്യന്‍ മുഖങ്ങള്‍ ലജ്ജാകരമായിരുന്നു. സുനമാച്ച ചാനുവും പ്രതിമാകുമാരിയുമെല്ലാം രാജ്യത്തിന്റെ കായിക പാരമ്പര്യത്തിന്‌ വലിയ പ്രഹരം നല്‍കിയപ്പോള്‍ രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിന്റെ മെഡല്‍ നേട്ടം പോലും വിസ്‌മരിക്കപ്പെട്ടിരുന്നു. ബെയ്‌ജിംഗില്‍ അതൊന്നുമുണ്ടായില്ല. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണത്തിന്‌ തിളക്കം ചാര്‍ത്തി സുശീല്‍ കുമാറും വിജേന്ദറും വെങ്കലം നേടി.
രണ്ടോ മൂന്നോ ഉത്തേജക കേസുകള്‍ മാത്രമാണ്‌ ബെയ്‌ജിംഗില്‍ ഉയര്‍ന്നുവന്നത്‌. രാജ്യങ്ങളെല്ലാം ഡോപ്പിംഗ്‌ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത സവിശേഷമാണ്‌. മരുന്നിന്റെ സപ്പോര്‍ട്ടില്ലാതെ എത്രയോ ലോക റെക്കോര്‍ഡുകളും പിറന്നിരിക്കുന്നു. തീര്‍ച്ചയായും ബെയ്‌ജിംഗ്‌ മാമാങ്കം അല്‍ഭുതമാണ്‌-സംഘാടനത്തിലും കായിക കരുത്തിലും.....

MESSI the danger

ഇന്ന്‌ ഫുട്‌ബോള്‍ ഫൈനല്‍
മെസ്സി നോട്ടപ്പുള്ളി
ബെയ്‌ജിംഗ്‌: കിളിക്കൂട്ടില്‍ ഇന്ന്‌ പകല്‍ (ഇന്ത്യന്‍ സമയം രാവിലെ 9-00 മണി) ഫുട്‌ബോള്‍ കലാശപ്പോരാട്ടം. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന അര്‍ജന്റീനയെ വെല്ലുവിളിക്കുന്നത്‌ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ. ഇന്നലെ നടന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബെല്‍ജിയത്തെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി ബ്രസീല്‍ വെങ്കലം നേടി.
അര്‍ജന്റീനയെയല്ല അവരുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെയാണ്‌ പേടിയെന്ന്‌ നൈജീരിയ വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം ക്ലബായ ബാഴ്‌സിലോണയില്‍ നിന്നും പ്രത്യേക അനുമതിയുമായി ഇവിടെയെത്തിയ മെസ്സി തകര്‍പ്പന്‍ പ്രകടനങ്ങള്‍ തുടരുകയാണ്‌. ഇത്‌ വരെ ലാറ്റിനമേരിക്കന്‍ കരുത്തര്‍ പരാജയമറിഞ്ഞിട്ടില്ല. പ്രാഥമിക റൗണ്ട്‌ മല്‍സരങ്ങളില്‍ ഐവറി കോസ്‌റ്റിനെ 2-1നും ഓസ്‌ട്രേലിയയെ ഒരു ഗോളിനും സെര്‍ബിയയെ രണ്ട്‌്‌ ഗോളിനും പരാജയപ്പെടുത്തിയ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ അധികസമയ പ്പോരാട്ടത്തില്‍ 2-1ന്‌ തോല്‍പ്പിച്ചിരുന്നു. സെമിയില്‍ ബദ്ധവൈരികളായ ബ്രസീലിനെ മൂന്ന്‌ ഗോളിനാണ്‌ അയല്‍ക്കാര്‍ മുക്കിയത്‌. ജുവാന്‍ റോമന്‍ റിക്കല്‍മെ, മെസ്സി, അഗ്വിറോ എന്നിവരാണ്‌ ടീമിന്റെ വിജയഫോര്‍മുല. ബ്രസീലിനെതിരായ മല്‍സരത്തില്‍ യഥാര്‍ത്ഥ അശ്വമേധമാണ്‌ അര്‍ജന്റീന നടത്തിയത്‌. റൊണാള്‍ഡിഞ്ഞോ നയിച്ച സംഘത്തിനെ ഭയപ്പെടാതെ തുടര്‍ച്ചയായി മൂന്ന്‌ ഗോളുകളുമായി മിന്നല്‍ വിജയം. ഈ പ്രകടനം ആവര്‍ത്തിക്കാനായാല്‍ അനായാസം സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ടീമിനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നൈജീരിയ പതുക്കെ തുടങ്ങി കരുത്ത്‌ നേടിയവരാണ്‌. ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ നൈജീരിയ രണ്ടാം മല്‍സരത്തില്‍ ജപ്പാനെ 2-1ന്‌ വീഴ്‌ത്തി. മൂന്നാം മല്‍സരത്തില്‍ അമേരിക്കയെ 2-1ന്‌ പരാജയപ്പെടുത്തിയാണ്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയത്‌. ക്വാര്‍ട്ടറില്‍ ഐവറികോസ്‌റ്റിനെ രമ്‌ട്‌ ഗോളിന്‌ പരാജയപ്പെടുത്തി സെമിയില്‍ ബെല്‍ജിയത്തെ 4-1ന്‌ മുക്കി. അര്‍ജന്റീനയെ നേരിടുമ്പോള്‍ ലാറ്റിനമേരിക്കന്‍ കരുത്തിനെതിരെ പ്രതിരോധ ജാഗ്രതയാണ്‌ നൈജീരിയയുടെ ഗെയിം പ്ലാന്‍.
ഇന്നലെ നടന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസീലിന്‌ മുന്നില്‍ ബെല്‍ജിയം ശിശുക്കളായിരുന്നു. ആദ്യ പകുതയില്‍ ഡിയാഗോ, ജോ എന്നിവര്‍ ഗോളുകള്‍ നേടി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ജോ ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

വനിതാ ഹോക്കിയില്‍ ഹോളണ്ട്‌
ബെയ്‌ജിംഗ്‌: ഒളിംപിക്‌ വനിതാ ഹോക്കി സ്വര്‍ണ്ണം ഹോളണ്ടിന്‌. ഇന്നലെ നടന്ന ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡച്ച്‌ പെണ്‍കുട്ടികള്‍ ആതിഥേയരായ ചൈനയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. വനിതാ ഫുട്‌ബോളില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അമേരിക്ക സ്വര്‍ണ്ണം സ്വന്തമാക്കി.

കൂടെ
ഈസ്റ്റ്‌ ലണ്ടനിലെ ഫോറസ്‌റ്റ്‌ ഗേറ്റിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ത്വയ്യിബ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സമാപനചടങ്ങില്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ഡേവിഡ്‌ ബെക്കാമിനൊപ്പമാണ്‌ പങ്കെടുക്കുന്നത്‌. ബെയ്‌ജിംഗ്‌ മേയറില്‍ നിന്ന്‌ ബെക്കാമും ത്വയ്യിബയുമാണ്‌ ഒളിംപിക്‌ പതാക വാങ്ങുന്നത്‌. എട്ട്‌ മിനുട്ട്‌ ദീര്‍ഘിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്റെ മകള്‍ക്ക്‌ ലഭിച്ച സൗഭാഗ്യത്തില്‍ ആഹ്ലാദചിത്തനാണ്‌ പിതാവ്‌ യൂനസ്‌. ഏകദേശം ഒന്നര ബില്ല്യന്‍ ടെലിവിഷന്‍ പ്രേക്ഷകരാണ്‌ ആ ചടങ്ങില്‍ ത്വയ്യിബയെ കാണുക.

കരിഞ്ചന്ത ടിക്കറ്റ്‌
150 പേര്‍ പിടിയില്‍
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ ടിക്കറ്റുകള്‍ കരിഞ്ചന്തക്ക്‌ വില്‍പ്പന നടത്തിയതിന്‌ 150 പേരെ ചൈനീസ്‌ പോലീസ്‌ പിടികൂടി. ഇവരില്‍ 70 പേര്‍ വിദേശികളാണ്‌. ഇവരെ ഉടന്‍ തന്നെ സ്വന്തം നാടുകളിലേക്ക്‌ തിരിച്ചയച്ചു. തദ്ദേശിയരായ പ്രതികളെ ജയിലിലടച്ചു.

ചാമ്പ്യന്‍സ്‌ ട്രോഫിക്ക്‌
ദക്ഷിണാഫ്രിക്കയില്ല
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അടുത്ത മാസം പാക്കിസ്‌താനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണിതെന്ന്‌ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക അറിയിച്ചു. പാക്കിസ്‌താനില്‍ പൂര്‍ണ്ണ സുരക്ഷ ടീമിന്‌ നല്‍കുമെന്ന ഐ.സി.സി ഉറപ്പ്‌ മാനിക്കാതെയാണ്‌ ദക്ഷിണാഫ്രിക്ക ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്‌.
മൂന്നാം ഏകദിനം നാളെ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഇവിടെ നടക്കും

വയസ്സ്‌ വിവാദം അന്വേഷിക്കും
ബെയ്‌ജിംഗ്‌: ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്‌ മൂന്നാം സ്വര്‍ണ്ണം. ഇന്നലെ നടന്ന പുരുഷന്മാരുടെ സ്‌പ്രിന്റ്‌ റിലേയില്‍ ജമൈക്ക സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ബോള്‍ട്ടിനത്‌ ഹാട്രിക്‌ ഗോള്‍ഡായി. അസാഫ പവല്‍, നെസ്റ്റ കാര്‍ട്ടര്‍, മൈക്കല്‍ ഫ്രേറ്റന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ സ്വര്‍ണ്ണം നേടിയത്‌. ട്രിനിഡാഡ്‌ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി.
അതിനിടെ ഒളിംപിക്‌സില്‍ പങ്കെടുത്ത ചൈനീസ്‌ ജിംനാസ്റ്റിക്‌സ്‌ താരങ്ങളില്‍ പലരുടെയും വയസ്സില്‍ ക്രിത്രിമത്വമുണ്ടെന്ന അമേരിക്കന്‍ പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തീരുമാനിച്ചു. വനിതകളുടെ ടീം ജിംനാസ്റ്റ്‌ക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ചൈനീസ്‌ താരങ്ങള്‍ക്കെതിരെയാണ്‌ പരാതി. 16 വയസ്സിന്‌ മുകളിലുളളവര്‍ക്ക്‌ മാത്രമാണ്‌ ജിംനാസ്റ്റിക്‌സില്‍ മല്‍സരയോഗ്യത. എന്നാല്‍ ചൈനീസ്‌ നിരയിലെ പല താരങ്ങളും 14 വയസ്സ്‌ പൂര്‍ത്തിയാകാത്തവരാണെന്നാണ്‌ അമേരിക്ക പറയുന്നത്‌. സ്വന്തം വാദം തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനാണ്‌ ചൈനയോട്‌ ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ITS CURTAIN

നാളെ കര്‍ട്ടന്‍
കായിക ലോകത്തെ വിസ്‌മയത്തിലാഴ്‌ത്തിയ ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ നാളെ തിരശ്ശീല. ഇന്ന്‌ ഏഴ്‌ ഫൈനലുകള്‍. അവസാന ദിവസമായ നാളെ പുരുഷന്മാരുടെ മാരത്തോണ്‍ മാത്രം. കിളിക്കൂട്ടില്‍ രാത്രി കലാവിസ്‌മയങ്ങളോടെ കലാശക്കൊട്ട്‌
ബെയ്‌ജിംഗ്‌: ലക്ഷ്യങ്ങളെല്ലാം ചൈന നിറവേറ്റിയിരിക്കുന്നു. ലോക കായികരംഗത്തെ അമേരിക്കന്‍ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തിനൊപ്പം ലോക കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിലൂടെ സ്വന്തം കരുത്തും സംഘാടന മികവും ആഗോളതലത്തില്‍ പ്രകടമാക്കുക എന്ന ലക്ഷ്യത്തിലും വിജയിച്ചാണ്‌ ഏഷ്യന്‍ കരുത്തര്‍ ലോകത്തോട്‌ വിട ചോദിക്കുന്നത്‌.
ഇന്ന്‌ ഏഴ്‌്‌ ഫൈനലുകള്‍ ട്രാക്കില്‍ നടക്കുന്നുണ്ട്‌. അതിന്‌ മുമ്പ്‌്‌ രാവിലെ ഒമ്പതിന്‌ ഫുട്‌ബോള്‍ ലോകം കാത്തുനില്‍ക്കുന്ന അര്‍ജന്റീന-നൈജീരിയ ഫുട്‌ബോള്‍ ഫൈനല്‍. നാളെ അവസാനദിവസം കാര്യമായ മല്‍സരങ്ങളില്ല. പുരുഷന്മാരുടെ മാരത്തോണാണ്‌ അവസാന ഇനം. അതിന്‌ ശേഷം സമാപന ചടങ്ങുകള്‍ നടക്കും. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി ഉള്‍പ്പെടെ പ്രമുഖരുടെ പട തന്നെ സമാപനചടങ്ങിലുണ്ട്‌. ചൈനീസ്‌ ഒളിംപിക്‌ ദീപം അണയുമ്പോള്‍ ഒളിംപിക്‌ പതാക 2012 ലെ ഒളിംപിക്‌സിന്‌ വേദിയാവുന്ന ലണ്ടന്‍ നഗരത്തിനായി ഡേവിഡ്‌ ബെക്കാമും പത്ത്‌ വയസ്സുകാരിയായ ഇന്ത്യന്‍ വംശജ ത്വയ്യിബ ദൂദ്‌വാലയും ഏറ്റുവാങ്ങും.
ചൈനക്ക്‌ സൂപ്പര്‍ താരം ലിയു സിയാംഗിന്റെ കാര്യത്തില്‍ മാത്രമാണ്‌ വേദന. ട്രാക്കില്‍ നിന്ന്‌ ചൈന ഏക സ്വര്‍ണ്ണം പ്രതീക്ഷിച്ചത്‌ ലിയു സിയാംഗിലൂടെയായിരുന്നു. എന്നാല്‍ പരുക്ക്‌ കാരണം അദ്ദേഹത്തിന്‌ മല്‍സരിക്കാന്‍ കഴിഞ്ഞില്ല. 46 സ്വര്‍ണ്ണവും 165 വെള്ളിയും 24 വെങ്കലവുമാണ്‌ ഇത്‌ വരെ ചൈന സമ്പാദിച്ചത്‌. ഇന്നലെ വനിതാ ഹോക്കി ഫൈനലില്‍ ടീമിന്‌ വെള്ളിയാണ്‌ ലഭിച്ചത്‌. ഇന്നും നാളെയും അവര്‍ക്ക്‌ കാര്യമായ മെഡല്‍ പ്രതീക്ഷയില്ല. ചൈനയെ വെല്ലുവിളിക്കാന്‍ പോലും അമേരിക്കക്ക്‌ കഴിയാത്ത അവസ്ഥയാണ്‌. ഒളിംപിക്‌സിന്റെ ആദ്യ ദിവസം മുതല്‍ ചൈനയാണ്‌ മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌. ഈ സ്ഥാനം അവര്‍ അവസാന ദിവസം വരെ നിലനിര്‍ത്തുമെന്നുറപ്പാണ്‌.
അമേരിക്കയുടെ പ്രതീക്ഷകളത്രയും ട്രാക്കിലായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ട്രാക്കില്‍ ജമൈക്കയും റഷ്യയുമെല്ലാണ്‌ കത്തിനിന്നത്‌. ട്രാക്കില്‍ സ്‌പ്രിന്റ്‌്‌ റിലേകളില്‍ അമേരിക്കയുടെ പുരുഷ വനിതാ ടീമുകള്‍ ബാറ്റണ്‍ താഴെയിട്ട്‌ നടത്തിയ നാണക്കേട്‌ അമേരിക്കന്‍ ദയനീയത വ്യക്തമാക്കുന്നതായി. ചൈനക്കും അമേരിക്കക്കും പിറകില്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പാക്കിയത്‌ ബ്രിട്ടനാണ്‌. ഇന്നലെ നടന്ന വനിതകളുടെ സ്‌പ്രിന്റ്‌്‌ റിലേയില്‍ റഷ്യ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ അതിവേഗക്കാരുടെ ജമൈക്കക്കാര്‍ക്ക്‌ സുവര്‍ണ്ണ പ്രകടനം ആവര്‍ത്തിക്കാനായില്ല. പക്ഷേ പുരുഷന്മാരുടെ 4-100 മീറ്റര്‌ റിലേയില്‍ അസാഫ പവലും ഉസൈന്‍ ബോള്‍ട്ടും ഉള്‍പ്പെട്ട ടീം പ്രതീക്ഷിച്ച പോലെ ഒന്നാമന്മാരായി.

വിജേന്ദറിന്‌ വെങ്കലം, ഇന്ത്യ ദൗത്യം പൂര്‍ത്തിയാക്കി
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ ഇനി മല്‍സരങ്ങളില്ല. ബോക്‌സിംഗില്‍ വിജേന്ദര്‍ കുമാര്‍ സെമിഫൈനലില്‍ ക്യൂബന്‍ എതിരാളിക്ക്‌ മുന്നില്‍ പൊരുതിത്തോറ്റു. എങ്കിലും വെങ്കലം സ്വന്തമാക്കാനായി. വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീം ഹീറ്റ്‌സില്‍ തന്നെ പുറത്തായി. ഇതാദ്യമായി ഇന്ത്യക്ക്‌ ഒളിംപിക്‌സില്‍ മൂന്ന്‌ മെഡലുകള്‍. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണം, സൂശീല്‍ കുമാറിന്റെയും വിജേന്ദറിന്റെയും വെങ്കലം

ബെയ്‌ജിംഗ്‌: ഒരു സ്വര്‍ണ്ണം, രണ്ട്‌ വെങ്കലം-ഒളിംപിക്‌സ്‌ മെഡല്‍പ്പട്ടികയില്‍ ഇന്ത്യ അര്‍ജന്റീനക്ക്‌ താഴെ 46-ാം സ്ഥാനത്ത്‌. ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ മൂന്ന്‌ മെഡലുകള്‍ രാജ്യം സ്വന്തമാക്കുന്നത്‌. 1952 ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപിക്‌സില്‍ നേടാനായ രണ്ട്‌ മെഡലുകള്‍ (ഹോക്കി സ്വര്‍ണ്ണം, ഗുസ്‌തിയില്‍ ജെ.ഡി യാദവിന്റെ വെങ്കലം) ആയിരുന്നു ഇത്‌ വരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്‌ നേട്ടം.
ചരിത്രം തിരുത്തിയ ഇന്ത്യന്‍ കരുത്തരെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌്‌ കല്‍മാഡി അഭിനന്ദിച്ചു. 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുന്നോടിയായി ബെയ്‌ജിംഗ്‌ രാജ്യത്തിന്‌ നല്ല തുടക്കമാണ്‌ നല്‍കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്നലെ 75 കിലോഗ്രാം മിഡില്‍വെയ്‌റ്റ്‌ ബോക്‌സിംഗില്‍ ഇന്ത്യയുടെ വിജേന്ദര്‍ കുമാര്‍ ക്യൂബന്‍ പ്രതിയോഗി എമിലിയോ കോറിയക്ക്‌ മുന്നില്‍ പൊരുതിത്തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ രാജ്യത്തിന്റെ ബോക്‌സിംഗ്‌ ചരിത്രത്തില്‍ നവ അദ്ധ്യായമായി. ഇതാദ്യമായാണ്‌ ബോക്‌സിംഗില്‍ ഇന്ത്യ ഒരു മെഡല്‍ സ്വന്തമാക്കുന്നത്‌. ലോക റാങ്കിംഗില്‍ തന്നെക്കാള്‍ മുന്നിലുള്ള എതിരാളിക്കെതിരെ പിടിച്ചുപൊരുതിയ ഭീവാനിക്കാരനായ വിജേന്ദര്‍ മൂന്നാം ബൗട്ടിലെ പിഴവിലാണ്‌ സെമിയില്‍ പരാജിതനായത്‌.
നാല്‌ റൗണ്ട്‌ പോരാട്ടത്തിന്റെ തുടക്കത്തില്‍ പ്രതിയോഗിയെ മനസ്സിലാക്കുന്നതിനിടെ വിജേന്ദറിന്‌ രണ്ട്‌ വട്ടം പിഴച്ചപ്പോള്‍ 0-2 ന്‌ എതിരാളി മുന്നിലെത്തി. എന്നാല്‍ രണ്ടാം ബൗട്ടില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിജേന്ദര്‍ തിരിച്ചെത്തി. 3-2 എന്ന നിലയിലാണ്‌ ഈ ബൗട്ടില്‍ ഇന്ത്യന്‍ താരം ലീഡ്‌ ചെയ്‌തത്‌. രണ്ട്‌ ബൗട്ടുകള്‍ അവസാനിക്കുമ്പോള്‍ മല്‍സരത്തില്‍ ക്യൂബന്‍ താരത്തിന്റെ ലീഡ്‌ 4-3 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം ബൗട്ടില്‍ വിജേന്ദര്‍ സമ്മര്‍ദ്ദത്തിനിരയായി. മൂന്ന്‌ പോയന്റുകള്‍ അദ്ദേഹം വിട്ടുകൊടുത്തു. 7-3 ല്‍ ക്യൂബക്കാരന്‍ മുന്നിട്ട്‌ നില്‍ക്കവെ അവസാന ബൗട്ടില്‍ മാജിക്‌ പ്രകടനമായിരുന്നു ഇന്ത്യന്‍ താരത്തില്‍ നിന്നും പ്രതീക്ഷിച്ചത്‌. പ്രതിരോധം ഭദ്രമാക്കിയ എമിലി രണ്ട്‌ പോയന്റ്‌ നല്‍കിയെങ്കിലും മല്‍സരത്തിലെ പിടി വിട്ടുകൊടുത്തില്ല. അങ്ങനെ 8-5 എന്ന നിലയില്‍ അദ്ദേഹം ഫൈനലില്‍ സ്ഥാനം നേടി.
സ്വര്‍ണ്ണം ലക്ഷ്യമാക്കിയ തനിക്‌ തോല്‍വി നേരിട്ടതില്‍ വിജേന്ദര്‍ ദു: ഖിതനായിരുന്നു. നല്ല പ്രകടനം നടത്താനാണ്‌ എത്തിയത്‌. പക്ഷേ ചെറിയ പിഴവുകള്‍ പറ്റിയതായി അദ്ദേഹം സമ്മതിച്ചു.
വൈകി നടന്ന വനിതകളുടെ 4-400 മീറ്റര്‍ റിലേ ഹീറ്റ്‌സില്‍ എസ്‌.ഗീത, മന്‍ജിത്‌ കൗര്‍ , ചിത്ര കെ സോമന്‍ മന്‍ദിപ്‌ കൗര്‍ തുടങ്ങിയവരുള്‍പ്പെടുന്ന റിലേ ടീം നിരാശയാണ്‌ നല്‍കിയത്‌. എട്ട്‌ ടീമുകള്‍ മല്‍സരിച്ച ഹീറ്റ്‌സില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
റിലേയോടെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ്‌ പുരുഷ വിഭാഗത്തില്‍ അഭിനവ്‌ ബിന്ദ്ര പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണവും വിജേന്ദറും സുശീല്‍ കുമാറും നേടിയ വെങ്കലങ്ങളും ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ അദ്ധ്യായങ്ങളായി നിലനില്‍ക്കും.

Thursday, August 21, 2008

U.S GHOST KAMALS DRIVE




അമേരിക്കന്‍ അസ്‌തമയം
ഒളിംപിക്‌സ്‌ അവസാനിക്കാന്‍ ഇനി രണ്ട്‌ ദിവസം മാത്രം. മല്‍സരങ്ങളെല്ലാം ഏറെക്കുറെ പൂര്‍ണ്ണമാവുകയാണ്‌. 46 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവുമുള്‍പ്പെടെ മൊത്തം 83 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള അമേരിക്കക്ക്‌ 28 സ്വര്‍ണ്ണം മാത്രമാണുള്ളത്‌. അതായത്‌ ചൈനയെ മെഡല്‍ ടേബിളില്‍ തകര്‍ക്കാന്‍ ഇനി അമേരിക്കക്ക്‌ കഴിയില്ല. ട്രാക്കായിരുന്നു അമേരിക്കയുടെ പ്രധാന പ്രതീക്ഷ. അവിടെ പക്ഷേ കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല എന്നത്‌ മാത്രമല്ല ജമൈക്കന്‍ ആധിപത്യത്തില്‍ സ്‌പ്രിന്റ്‌ ഇനങ്ങള്‍ മുങ്ങുകയും ചെയ്‌തു. ഇന്നലെ പുരുഷന്മാരുടെ 400 മീറ്ററില്‍ നേടാനായ സ്വര്‍ണ്ണം മാത്രമാണ്‌ ട്രാക്കിലെ അമേരിക്കയുടെ കാര്യമായ നേട്ടം.
നീന്തല്‍ക്കൂളത്തില്‍ മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന ഇതിഹാസം സ്വന്തമാക്കിയ എട്ട്‌ സ്വര്‍ണ്ണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അമേരിക്കയുടെ സമ്പാദ്യം ഒളിംപിക്‌സ്‌ ചരിത്രത്തിലെ അവരുടെ ദയനീയതയാണ്‌ പ്രകടമാക്കുന്നത്‌. ജെസ്സി ഓവന്‍സും കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണും മൗറിസ്‌ ഗ്രീനും മരിയം ജോണ്‍സുമെല്ലാം വാണ അമേരിക്ക ഇന്നലെ കാണിച്ച അബദ്ധം അവരുടെ നെറ്റിയില്‍ എന്നുമെന്നും നാണക്കേടായി നിലനില്‍ക്കും. പുരുഷന്മാരുടെ സ്‌പ്രിന്റ്‌്‌ റിലേയില്‍ ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴച്ച ടീം പുറത്തായി. പിഴവു വരുത്തിയത്‌ സൂപ്പര്‍താരം ടൈസണ്‍ ഗേ. വനിതകളുടെ സ്‌പ്രിന്റ്‌ റിലേയിലും ടീം പുറത്തായി. ഇങ്ങനെ ഒരു ദുരന്തം ഒളിംപിക്‌സില്‍ അമേരിക്കക്ക്‌ സമീപകാലത്തില്ല.
അതേ സമയം ചൈനയാവട്ടെ അവര്‍ക്ക്‌ വലിയ പരിചയമില്ലാത്ത ബീച്ച്‌ വോളിയില്‍ പോലും മെഡല്‍ നേടി ഓള്‍റൗണ്ട്‌ മികവ്‌ പ്രകടിപ്പിക്കുന്നു. ട്രാക്കില്‍ മാത്രമാണ്‌ ചൈന നിരാശപ്പെടുത്തിയത്‌. ഗെയിംസ്‌ ഇനങ്ങളില്‍ അവര്‍ ശരിക്കും ലോകത്തിലെ ഒന്നാമന്മാരായിരിക്കുന്നു. ലിയു സിയാംഗിന്‌ മല്‍സരിക്കാന്‍ കഴിയാത്ത നഷ്‌ടം മാറ്റിനിര്‍ത്തിയാല്‍ ഈ ഒളിംപിക്‌സ്‌ ശരിക്കും ആതിഥേയര്‍ക്ക്‌ സ്വന്തമാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ വനിതാ ബിച്ച്‌ വോളിയില്‍ പതിനാലാമതായിരുന്ന ടീമാണ്‌ ഇത്തവണ വെങ്കലത്തിലെത്തിയത്‌. ചൈനയില്‍ വലിയ പോപ്പുലര്‍ ഗെയിമല്ല ബീച്ച്‌ വോളി. പക്ഷേ നിരന്തരമായ പരിശീലനത്തില്‍, വിശ്വാസത്തില്‍ അവര്‍ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നു.
എല്ലാവര്‍ക്കും മാതൃകയാണ്‌ ചൈന. ലോക കായികരംഗത്തെ അമേരിക്കന്‍ ഏകാധിപത്യം ചൈന തകര്‍ക്കുമ്പോള്‍ ഏഷ്യക്ക്‌ അഭിമാനിക്കാം. പടിഞ്ഞാറിന്റെ അഹന്തക്കാണ്‌ ചൈന മറുപടി നല്‍കിയിരിക്കുന്നത്‌. മെഡല്‍പ്പട്ടികയിലെ ആദ്യ പത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും വരുന്നുണ്ട്‌. വലിയ വന്‍കരക്ക്‌ ഇതും നേട്ടമാണ്‌. 45 ലാണ്‌ ഇന്ത്യയിപ്പോള്‍. ഇന്ന്‌ വിജേന്ദര്‍ ജയിച്ചാല്‍ ഇന്ത്യക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം ഉറപ്പാണ്‌.

COLOUM P.A HAMSA

ബെയ്‌ജിംഗില്‍ നിന്ന്‌
ഇന്നലെ കനത്ത മഴയായിരുന്നു ഇവിടെ. ശരിക്കും പറഞ്ഞാല്‍ മണിക്കൂറുകള്‍ ദീര്‍ഘിച്ച പേമാരി. ഞങ്ങളെല്ലാം പേടിച്ചുപോയി. രണ്ട്‌ മണിക്കൂറോളം ഇടതടവില്ലാതെ മഴ. ഈ മഴ നമ്മുടെ നാട്ടിലാണെങ്കില്‍ റോഡുകളും തെരുവുകളുമെല്ലാം വെള്ളത്തില്‍ മുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇവിടെ രണ്ട്‌ മണിക്കൂര്‍ തകര്‍ത്ത്‌ പെയ്‌ത മഴ ശമിച്ചപ്പോള്‍ റോഡിലോ, നിരുത്തകളിലോ, തെരുവുകളിലോ വെള്ളമേയില്ല...! ശരിക്കും അല്‍ഭുതമായിരുന്നു അത്‌. തൊട്ട്‌മുമ്പ്‌ കനത്ത്‌ പെയ്‌ത മഴയില്‍ വിറങ്ങലിച്ച ബെയ്‌ജിംഗാണോ ഇതെന്ന്‌ തോന്നിപ്പോവും. അത്രമാത്രം മികച്ചതും നൂതനവുമാണ്‌ ഇവിടെയുളള ഡ്രെയിനേജ്‌ സിസ്‌റ്റം. നാട്ടിലെ കാനോലി കനാല്‍ പോലെ ഇവിടെ ഭൂഗര്‍ഭകനാലുകളിലൂടെ അശുദ്ധജലത്തെ ഒഴിവാക്കി വഴിയോരങ്ങളെ പതിവ്‌ നിലയിലാക്കുന്നു.
ഇന്നലെ രാവിലെ ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സെക്യൂരിറ്റി സമിതിയുടെ യോഗമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടും രണ്‍ധീര്‍ സിംഗുമെല്ലാം പങ്കെടുത്ത യോഗം. കല്‍മാഡിയും രണ്‍ധീര്‍ജിയുമെല്ലാം വളരെ ആഹ്ലാദത്തിലാണ്‌. അഭിനവ്‌ ബിന്ദ്ര നേടിയ സ്വര്‍ണ്ണത്തിന്‌ പിറകെ ഗുസ്‌തിയില്‍ സുശീല്‍കുമാര്‍ സമ്മാനിച്ച വെങ്കലവും വിജേന്ദറിന്റെ ബോക്‌സിംഗ്‌ നേട്ടവുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥ്യമരുളുമ്പോള്‍ ലോകത്തിന്‌ മുന്നില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ കരുത്ത്‌ പ്രകടിപ്പിക്കണം. അതിനാണ്‌ ബെയ്‌ജിംഗ്‌ വഴിയൊരുക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ഇപ്പോള്‍ സമ്പാദിച്ചിരിക്കുന്നത്‌. ഇത്‌ നമ്മുടെ കായികരംഗത്തെ കരുത്തോടെ മുന്നോട്ട്‌ നയിക്കുമെന്നും കല്‍മാഡി പറഞ്ഞു. ഇന്ത്യന്‍ സംഘം ഇവിടെയെത്തിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ കല്‍മാഡിക്കും രണ്‍ധീര്‍ജിക്കുമെല്ലാമുണ്ടായിരുന്നെന്ന്‌ അവരുടെ വാക്കുകള്‍ തെളിയിച്ചു. അഭിനവ്‌ ബിന്ദ്ര സ്വര്‍ണ്ണം നേടിയതിന്‌ പിറകെയാണ്‌ സൂശിലിന്റെ വെങ്കലവും വിജേന്ദറിന്റെ സെമിബെര്‍ത്തും കണ്ടത്‌. ആസുത്രിതമായ കായിക വികസനത്തിലൂടെ ഭാവിയില്‍ കൂടുതല്‍ മെഡലുകളും ട്രോഫികളും സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമെന്ന്‌ കല്‍മാഡി ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ അംഗീകരിക്കാതെ വയ്യ.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഏറ്റവും വലിയ വിജയമാക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം ചര്‍ച്ചക്കിടെ പറഞ്ഞത്‌. സംഘാടനത്തില്‍ ദോഹയും ബെയ്‌ജിംഗും വിസ്‌മയമായിരുന്നു. ആ വിസ്‌മയം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാനാവുമെന്ന കാര്യത്തിലും കല്‍മാഡിക്ക്‌ സംശയങ്ങളില്ല. ഇന്നലെ കിളിക്കൂട്ടില്‍ വെച്ച്‌ ഒരു മലയാളിയെ കണ്ടു. വയനാട്ടിലെ ചൂരല്‍മല സ്വദേശിയായ എം.എ.കെ മുഹമ്മദിനെ. ഇവിടെ വര്‍ഷങ്ങളായി കയറ്റുമതി വ്യാപാരം നടത്തുകയാണ്‌ മുഹമ്മദ്‌. അദ്ദേഹത്തിന്‌ ചൈനയെയും ബെയ്‌ജിംഗിനെയും കുറിച്ച്‌ പറയാന്‍ നൂറ്‌ നാക്ക്‌. നമ്മുടെ നാടിനെ ശപിക്കാനും അദ്ദേഹം മറക്കുന്നില്ല. ഇത്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യമാണ്‌. പക്ഷേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന ഒരു കൂത്താട്ടവും ഇവിടെയില്ല. രാഷ്‌ട്രീയ കൊലപാതകങ്ങളില്ല, ബന്ദുകളോ, ഹര്‍ത്താലുകളോ ഇല്ല. ശരിക്കും വികസിത രാജ്യമാണ്‌ ചൈന. എല്ലാ അര്‍ത്ഥത്തിലും അമേരിക്കക്കൊപ്പം നില്‍ക്കാന്‍ കരുത്തുളളവര്‍. മുഹമ്മദിന്റെ വാക്കുകള്‍ സത്യമാണെന്ന്‌ എന്റെ ചുരുങ്ങിയ ചൈനീസ്‌ അനുഭവത്തില്‍ നിന്ന്‌ വ്യക്തമായിട്ടുണ്ട്‌.
ഇവിടെ ജീവിതം വളരെ വേഗത്തിലാണ്‌. വരട്ട്‌ തത്വശാസ്‌ത്രത്തിന്റെ വഴിയില്‍ ജിവിതത്തെയും വികസനത്തെയും ഹോമിക്കാന്‍ ചൈനക്കാര്‍ തയ്യാറല്ല. കെട്ടിടങ്ങള്‍ കാണണം. എല്ലാം അംബരചുംബികള്‍. ഏറ്റവും മികച്ച ഫര്‍ണിച്ചറുകള്‍, അത്യാധുനിക സൗകര്യങ്ങള്‍. പടിഞ്ഞാറില്‍ നിന്നും പഠിച്ച പല കാര്യങ്ങള്‍ക്കൊപ്പം സ്വന്തം സംസ്‌ക്കാരത്തെ നിലനിര്‍ത്തിയുള്ള പെരുമാറ്റത്തിലും ചൈനക്കാര്‍ ആദരവ്‌ നേടുന്നു.
ഇന്നലെ പെയ്‌ത കനത്ത മഴക്കിടെ ഞാനോര്‍ത്തത്‌ നമ്മുടെ കോഴിക്കോട്ടെ പാവമണി റോഡാണ്‌. ഒന്ന്‌ മഴ ചാറിയാല്‍ നമ്മുടെ റോഡ്‌ വെള്ളത്തിലാവും. റോഡ്‌ നന്നാക്കാമെന്നും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും നമ്മുടെ മേയര്‍മാരും ഭരണാധികാരികളും നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം പറയും. പക്ഷേ ഒരു കാര്യമുണ്ടാവാറില്ല. ബെയ്‌ജിംഗിലോ പ്രാന്തങ്ങളിലോ തെരുവു പ്രസംഗങ്ങളോ, കവല യോഗങ്ങളോ, പരിപ്പുവട കച്ചവടമോ ഒന്നുമില്ല. ബെയ്‌ജിംഗ്‌ മേയറെയും അദ്ദേഹത്തിന്റെ ഓഫീസും കാണേണ്ടതാണ്‌.
ഇന്നലെ രാത്രി ചൈനീസ്‌ സുഹൃത്തായ ജാകിചാനൊപ്പം ബെയ്‌ജിംഗ്‌ പ്രാന്തത്തിലെ സെക്കിയിലെ ഒരു ഹോട്ടലിലായിരുന്നു ഭക്ഷണം. ഇവിടെ മൈന്‍ വ്യാപാരിയാണ്‌ ജാക്കി. നന്നായി സംസാരിക്കുന്ന ജാക്കി 1001 രാവുകള്‍ എന്ന മലയാളം അര്‍ദ്ധം വരുന്ന ഹോട്ടലിലേക്കാണ്‌ ക്ഷമിച്ചത്‌. നല്ല ഇന്ത്യന്‍ ഭക്ഷണം. ഇവിടെ പ്രത്യേകിച്ച്‌ കിളിക്കൂട്ടിലെ റസ്റ്റോറന്റുകളില്‍ ഭക്ഷണത്തിന്‌ വില കുറവാണ്‌. വിദേശികളെ അമിതവിലയില്‍ കൊല്ലരുതെന്ന്‌ സംഘാടകരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. കിളിക്കൂടില്‍ നിന്ന്‌ 20 മിനുട്ട്‌ സഞ്ചരിച്ചാല്‍ സെക്കിയിലെത്താം. രാവിലെ ഇന്ത്യന്‍ ഭക്ഷണം തേടി ഒരു സര്‍ദാര്‍ജിയുടെ ഹോട്ടലില്‍ (താജ്‌ മാന്‍ഷന്‍) എത്തിയിരുന്നു. പക്ഷേ അദ്ദേഹം സ്വന്തം രാജ്യക്കാരനാണ്‌ എന്ന സ്‌നേഹം കാട്ടിയില്ല. കൊല്ലുന്ന വിലയായിരന്നു.
ഫോണ്‍ വിളിയാണ്‌ ചൈനയിലെ പോക്കറ്റടിക്കാരന്‍. ഒരു ലോക്കല്‍ കോളിന്‌ നമ്മുടെ നാട്ടിലെ 100 രൂപയെല്ലാം വരും. പലര്‍ക്കുമറിയാത്ത ഒരു കാര്യമുണ്ട്‌-ചൈനീസ്‌ ടെലഫോണ്‍ വകുപ്പ്‌ നല്‍കിയ നിര്‍ദ്ദേശം. നമ്പറുകള്‍ ഡയല്‍ ചെയ്യുന്നതിന്‌ മുമ്പ്‌ 1259300 എന്ന കോഡ്‌ ചേര്‍ത്താല്‍ ചാര്‍ജ്‌ പകുതി കുറയും. വിദേശികള്‍ക്ക്‌ പക്ഷേ ഈ സൗകര്യം അറിയില്ല. ജാക്കിയുടെ ഹോട്ടലില്‍ നിന്ന്‌ നല്ല ഹലാലായ ഭക്ഷണമാണ്‌ കഴിച്ചത്‌. നാളെ വെള്ളിയാഴ്‌ച്ച. ചൈനയില്‍ ഒരു ജുമുഅ നടത്തണം. ജുമാ മസ്‌ജിദ്‌ കാണിച്ചുതരാമെന്ന്‌ ജാക്കി പറഞ്ഞിട്ടുണ്ട്‌. അതിന്‌ ശേഷം നമ്മുടെ വിജേന്ദറിന്റെ ബോക്‌സിംഗ്‌ സെമിയുണ്ട്‌. അതും കാണണം. ഇന്നലെ വനിതാ ഫുട്‌ബോളും ബിച്ച്‌ വോളിയുമെല്ലാം കണ്ടപ്പോള്‍ ചൈനക്കാരുടെ കരുത്തില്‍ വീണ്ടും അസൂയ തോന്നി-കാരണം ബിച്ച്‌ വോളിയില്‍ അവര്‍ക്കായിരുന്നു മൂന്നാം സ്ഥാനം. അവരെന്തും എത്തിപ്പിടിക്കും...!
അര്‍ബുദം തോറ്റു, എതിരാളികളും
നീന്തല്‍കുളത്തില്‍ വിസ്‌മയമായി ഡച്ചുകാരന്‍ മാര്‍ട്ടിന്‍ വാന്‍ഡര്‍ മിജ്‌ദാന്‌ പത്ത്‌ കലോമീറ്റര്‍ നീന്തലില്‍ സ്വര്‍ണ്ണം. രണ്ട്‌ മണിക്കൂര്‍ ദീര്‍ഘിച്ച മല്‍സരത്തില്‍ വാന്‍ഡര്‍ പരാജയപ്പെടുത്തിയത്‌ ലോക ചാമ്പ്യനെയും ഒളിംപിക്‌ ചാമ്പ്യനെയും..
ബെയ്‌ജിംഗ്‌: മൈക്കല്‍ ഫെലിപ്‌സ്‌ എന്ന അമേരിക്കന്‍ നീന്തല്‍ ഇതിഹാസത്തിന്റെ പെരുമകള്‍ വാഴ്‌ത്തുന്നവര്‍ക്ക്‌ മുന്നിലിതാ ഒരു ഡച്ച്‌ നീന്തല്‍ വിസ്‌മയം. പേര്‌ മാര്‍ട്ടിന്‍ വാന്‍ഡര്‍ മിജ്‌ദാന്‍. ഇന്നലെ നടന്ന പത്ത്‌ കിലോമീറ്റര്‍ നീന്തല്‍ മാരത്തോണില്‍ മാര്‍ട്ടിന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതല്ല വാര്‍ത്ത. രക്താര്‍ബുദ ബാധിതനായി മരണത്തോട്‌ മല്ലടിച്ച്‌ ഒടുവില്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്ന താരമായ മാര്‍ട്ടിന്‍ തുടര്‍ച്ചയായി രണ്ട്‌ മണിക്കൂറോളമാണ്‌ നീന്തിയതും സ്വര്‍ണ്ണം സ്വന്തമാക്കിയതും. വലിയ രോഗത്തിന്‌ അടിമയായി മരണത്തെ മുഖാമുഖം കണ്ട മാര്‍ട്ടിന്‌ തന്റെ ഒളിംപിക്‌ നേട്ടത്തില്‍ വിശ്വസിക്കാനാവുന്നില്ല. തളരാത്ത മനസ്സും കരുത്തുറ്റ ശരീരവുമായി പത്ത്‌ കീലോമീറ്ററോളം അദ്ദേഹം തുടര്‍ച്ചയായി നീന്തി. ഒരു മണിക്കൂറും 51 മിനുട്ടും 51.6 സെക്കന്‍ഡുമാണ്‌ അദ്ദേഹത്തിന്റെ സമയം.
വളരെ ശക്തമായിരുന്നു മല്‍സരം. ഒളിംപിക്‌ ചാമ്പ്യനായ ബ്രിട്ടീഷ്‌ താരം ഡേവിഡ്‌ ഡേവിസ്‌, മൂന്ന്‌ തവണ ഈ ഇനത്തില്‍ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയ റഷ്യയുടെ വളാഡിമിര്‍ ഡാറ്റ്‌ച്ചിന്‍ എന്നിവര്‍ക്കായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്‌. മല്‍സരത്തിന്റെ തുടക്കം മുതല്‍ ഡേവിഡ്‌ ഡേവിസായിരുന്നു മുന്നില്‍. പക്ഷേ അവസാന 100 മീറ്ററില്‍ മാര്‍ട്ടിന്‍ കുതിച്ചുകയറി. ലോക ചാമ്പ്യനായ റഷ്യന്‍താരമാവട്ടെ അവസാന റൗണ്ടില്‍ അയോഗ്യനാക്കപ്പെടുകയും ചെയ്‌തു.
അവസാന സമയത്ത്‌ സ്വര്‍ണ്ണം നീന്തിയെടുത്ത മാര്‍ട്ടിന്‍ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞാണ്‌ കളം വിട്ടത്‌. എല്ലാവരും റഷ്യന്‍ താരത്തിന്‌ വേണ്ടിയാണ്‌ കരാഘോഷം മുഴക്കിയത്‌. അത്രമാത്രം മുന്‍പന്തിയിലായിരുന്നു നിലവിലെ ചാമ്പ്യന്‍. പക്ഷേ മാര്‍ട്ടിന്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ പൊരുതിക്കയറി.
2001 ലാണ്‌ മാര്‍ട്ടിന്‍ അര്‍ബുദബാധിതനായത്‌. ഏഴാം വയസ്സ്‌ മുതല്‍ നീന്തല്‍കുളത്തിലുളള മാര്‍ട്ടിന്‍ കരിയറിന്റെ തുടക്കത്തില്‍ ഹോളണ്ട്‌ ദര്‍ശിച്ച ഏറ്റവും മികച്ച സ്വിമ്മര്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 1999 ല്‍ നടന്ന യൂറോപ്യന്‍ യൂത്ത്‌ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2000 ത്തില്‍ നടന്ന ഓപ്പണ്‍ വാട്ടര്‍ വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. നേട്ടങ്ങളുമായി മുന്നേറവെയാണ്‌ രോഗം തന്നെ കീഴടക്കിയ കാര്യം അദ്ദേഹമറിയുന്നത്‌. തുടര്‍ച്ചയായ ചികില്‍സയില്‍ പതുക്കെ ആരോഗ്യത്തിലേക്ക്‌ മടങ്ങിയെത്തിയ താരം 2003 ലും 2004 ലും ഓപ്പണ്‍ വാട്ടര്‍ വേള്‍ഡ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. രോഗത്തിന്‌ മുമ്പ്‌ കുറിച്ച സമയത്തെക്കാള്‍ മെച്ചപ്പെട്ട സമയവുമായി ആരോഗ്യത്തിലേക്ക്‌ താന്‍ സമ്പൂര്‍ണ്ണനായി തിരിച്ചുവരുകയാണെന്ന്‌ പ്രഖ്യാപിച്ച മാര്‍ട്ടിന്‍ ഈ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 കീലോമീറ്റര്‍ നീന്തലില്‍ സ്വര്‍ണ്ണവും 5 കിലോമീറ്റര്‍ നീന്തലില്‍ വെങ്കലവും നേടിയിരുന്നു.
അര്‍ബുദമാണ്‌ തന്നെ യഥാര്‍ത്ഥ താരമാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു. ഓരോ കാര്യങ്ങളും ഒന്നിന്‌ പിറകെ ഒന്നായി വളരെ ക്ഷമയോടെയാണ്‌ ഞാന്‍ ചെയ്യാറുള്ളത്‌. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരിക്കലും നിങ്ങള്‍ക്ക്‌ അടുത്ത മാസത്തെക്കുറിച്ച്‌ ചിന്തിക്കാനാവില്ല. അടുത്ത മണിക്കൂറിനെ കുറിച്ച്‌ മാത്രമാണ്‌ ചിന്തിക്കാനാവുക. ഈ തത്വമാണ്‌ മല്‍സരക്കളത്തിലും ഞാന്‍ അനുവര്‍ത്തിച്ചത്‌. ക്ഷമയോടെ കാത്തുനില്‍ക്കുക, എന്റെ അവസരം വരുമ്പോള്‍ അത്‌ മുതലാക്കുക-വിജയരഹസ്യത്തെക്കുറിച്ച്‌ മാര്‍ട്ടിന്‍ പറഞ്ഞു.
തന്റെ വിജയം ക്യാന്‍സര്‍ ഗവേഷണത്തിനായി സാമ്പത്തിക സഹായം നല്‍കിയവര്‍ക്കായി അദ്ദേഹം സമര്‍പ്പിച്ചു. ഏഴര വര്‍ഷം മുമ്പ്‌ ഞാന്‍ അര്‍ബുദവുമായി മല്ലടിക്കുകയായിരുന്നു. വിദഗ്‌ദ്ധ ചികില്‍സയിലാണ്‌ രക്ഷപ്പെട്ടത്‌. ക്യാന്‍സറിനെ അതിജയിക്കാന്‍ നടത്തിയ ഗവേഷണങ്ങളും മരുന്നുകളുമാണ്‌ എന്നെ സഹായിച്ചത്‌-അദ്ദേഹം പറഞ്ഞു.


സ്‌പ്രിന്റില്‍ ജമൈക്കന്‍ ആധിപത്യം പൂര്‍ണ്ണം
വനിതകളുടെ 200 മീറ്ററില്‍ ജമൈക്കന്‍ താരം വെറോണിക്ക കാംപലിന്‌ സ്വര്‍ണ്ണം. പുരുഷന്മാരുടെ സ്‌പ്രിന്റ്‌്‌ ഇനങ്ങളില്‍ ജമൈക്കന്‍ സൂപ്പര്‍താരം ഉസൈന്‍ ബോള്‍ട്ട്‌ ഡബിള്‍ സ്വന്തമാക്കിയതിന്‌ പിറകെ വനിതകളുടെ 100 മീറ്ററില്‍ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ പുരുഷ വനിതാ സ്‌പ്രിന്റ്‌ ഇനങ്ങളില്‍ ജമൈക്കന്‍ ആധിപത്യം പൂര്‍ണ്ണമായി. ഇനി സ്‌പ്രിന്റ്‌ റിലേ മാത്രം.
ബെയ്‌ജിംഗ്‌: അമേരിക്കക്ക്‌ മുഖത്തടി.... ഒളിംപിക്‌സ്‌ ട്രാക്കിനങ്ങളിലെ ഏറ്റവും ജനപ്രിയ ഇനങ്ങളായ സ്‌പ്രിന്റ്‌ മല്‍സരങ്ങളില്‍ (100, 200 മീറ്ററുകള്‍) ഒരു സ്വര്‍ണ്ണം പോലും സ്വന്തമാക്കാന്‍ അമേരിക്കക്ക്‌ കഴിഞ്ഞില്ല. എല്ലാ സ്വര്‍ണ്ണങ്ങളും ജമൈക്ക വാരിക്കൂട്ടി. പുരുഷന്മാരുടെ സ്‌പ്രിന്റ്‌ റിലേയില്‍ അമേരിക്കന്‍ ടീം ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴവും വരുത്തിയതോടെ യു.എസ്‌ ദുരന്തം പൂര്‍ണ്ണമായി.
വനിതാ വിഭാഗം 200 മീറ്റര്‍ ഫൈല്‍ ഇന്നലെ നടന്നപ്പോള്‍ ജമൈക്കന്‍ സൂപ്പര്‍താരം വെറോണിക കാംബല്‍ പ്രതീക്ഷകള്‍ കാത്ത്‌ സ്വര്‍ണ്ണം സ്വന്തമാക്കിയതോടെയാണ്‌ ജമൈക്കന്‍ സ്‌പ്രിന്റര്‍മാര്‍ക്ക്‌ എതിരാളികളില്ല എന്ന്‌ വ്യക്തമായത്‌. 21.74 സെക്കന്‍ഡില്‍ തന്റെ ഏറ്റവും മികച്ച സമയവുമായാണ്‌ വെറോണിക്ക സ്വര്‍ണ്ണം കരസ്ഥമാക്കിയത്‌. രണ്ട്‌ തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ അമേരിക്കയുടെ അലിസണ്‍ എലിക്‌സ്‌ വെളളി നേടിയപ്പോള്‍ ജമൈക്കയുടെ കെറോണ്‍ സ്‌റ്റീവാര്‍ട്ട്‌ വെങ്കലം സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്‌ സ്‌പ്രിന്റ്‌ ഡബിള്‍ സ്വന്തമാക്കിയിരുന്നു. 100, 200 മീറ്ററുകളില്‍ ലോക റെക്കോര്‍ഡുമായാണ്‌ ബോള്‍ട്ട്‌ ഈ ഒളിംപിക്‌സിന്റെ താരമായി മാറിയത്‌. ബോള്‍ട്ട്‌ നല്‍കിയ തുടക്കമാണ്‌ ജമൈക്കന്‍ വനിതാ താരങ്ങളും ആഘോഷമാക്കിയത്‌.
സ്‌പ്രിന്റ്‌ റിലേയിലെ സ്വര്‍ണ്ണമാണ്‌ ഇനി ജമൈക്കന്‍ നോട്ടം. ഉസൈന്‍ ബോള്‍ട്ടും അസാഫ പവലും പുരുഷ വിഭാഗത്തിലും വെറോണിക്കയും ഷെല്ലി ആന്‍ഫ്രേസറും വനിതാ വിഭാഗത്തിലും മല്‍സരിക്കുമ്പോള്‍ റിലേ നേട്ടങ്ങള്‍ക്ക്‌ പ്രയാസമുണ്ടാവില്ല.

വനിതാ ബീച്ച്‌ വോളിയില്‍ ചൈനക്ക്‌ വെങ്കലം
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ വനിതാ ബീച്ച്‌ വോളിയില്‍ ഇതാദ്യമായി ആതിഥേയരായ ചൈനക്ക്‌ മെഡല്‍. ഇന്നലെ നടന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസില്‍ ടീമിനെ തോല്‍പ്പിച്ചാണ്‌ ചൈന തകര്‍പ്പന്‍ നേട്ടം ആഘോഷിച്ചത്‌. ഏതന്‍സ്‌ ഒളിംപിക്‌സില്‍ നേടാനായ ഒമ്പതാം സ്ഥാനമാണ്‌ ഇത്‌ വരെ ബീച്ച്‌ വോളിയില്‍ ചൈനയുടെ വലിയ നേട്ടം. ഷാംഗ്‌ ജീ, സൂ ചെന്‍ ടീമാണ്‌ ചൈനക്കായി മെഡല്‍ നേടിയത്‌. സ്‌ക്കോര്‍ 21-19, 21-17

സാനിയ പിന്മാറി
ഹൈദരാബാദ്‌: ഒളിംപിക്‌സിനിടെ കൈക്കുഴക്കേറ്റ പരുക്ക്‌ ഭേദമാവാത്തതിനാല്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്മാറി. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ വനിതാ സിംഗിള്‍സിനിടെ പരുക്കേറ്റ സാനിയ മല്‍സരം പൂര്‍ത്തിയാക്കിയിരുന്നില്ല.

വിജേന്ദര്‍ ഇന്ന്‌
സ്വര്‍ണ്ണം അരികെ
ഒരു ഒളിംപിക്‌സില്‍ രണ്ട്‌ വ്യക്തിഗത സ്വര്‍ണ്ണങ്ങള്‍-ഈ ചരിത്ര നേട്ടത്തിന്‌്‌ അരികിലാണിപ്പോള്‍ ഇന്ത്യ. ഇന്ന്‌ ബോക്‌സിംഗ്‌ റിംഗില്‍ വിജേന്ദര്‍ കുമാര്‍ ക്യൂബന്‍ പ്രതിയോഗിയെ എതിരിടുമ്പോള്‍ വിജയിച്ചാല്‍ സ്വര്‍ണ്ണവും വിജേന്ദറും തമ്മിലുളള ദൂരം ഒരു മല്‍സരമായി കുറയും.
ബെയ്‌ജിംഗ്‌: ഇന്ന്‌ ഉച്ചക്ക്‌ 12-45. വിജേന്ദര്‍ റിംഗില്‍ സെമിഫൈനല്‍ പോരാട്ടത്തിന്‌ ഇറങ്ങുന്ന സമയം. പ്രതിയോഗി ക്യൂബയില്‍ നിന്നുള്ള എമിലിയോ കോലോറോ. 75 കിലോഗ്രാം വിഭാഗത്തിലെ ഈ അങ്കത്തില്‍ വിജേന്ദര്‍ ജയിച്ചാല്‍ ഇന്ത്യക്ക്‌ അത്‌ സുവര്‍ണ്ണ നേട്ടത്തിലേക്കുളള പാതയൊരുക്കും. ഇന്ന്‌ പരാജയപ്പെട്ടാല്‍ വിജേന്ദറിന്‌ വെങ്കലം ഉറപ്പാണ്‌. അതിനാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെ ഹരിയാനയിലെ ഭീവണ്ടിക്കാരന്‌ മല്‍സരിക്കാം. സമര്‍ദ്ദം ഇല്ലാതില്ല എന്നാണ്‌ ഇന്നലെ വിജേന്ദര്‍ പറഞ്ഞത്‌. ഇക്വഡോറുകാരനായ പ്രതിയോഗിയെ പരാജയപ്പെടുത്തിയ അതേ എളുപ്പത്തില്‍ ക്യൂബന്‍ പ്രതിയോഗിയെ വീഴ്‌ത്താന്‍ കഴിയുമെന്ന്‌ അദ്ദേഹം കരുതുന്നില്ല. ക്യൂബക്ക്‌ ലോക ബോക്‌സിംഗില്‍ വലിയ പേരുണ്ട്‌. ആര്‍ക്ക്‌ മുന്നിലും പരാജയപ്പെടാത്ത ബോക്‌സര്‍മാരാണ്‌ ക്യബന്‍ കരുത്ത്‌. എന്നാല്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ മല്‍സരിക്കുമെന്ന്‌ വിജേന്ദറിന്റെ കോച്ച്‌ സന്ധു വ്യക്തമാക്കിയിട്ടുണ്ട്‌.
ബെയ്‌ജിംഗില്‍ ഇത്‌ വരെ വിജയം മാത്രമാണ്‌ വിജേന്ദറിന്റെ വഴി. കൂട്ടുകാരായ ജിതേന്ദറും അഖില്‍ കുമാറും ക്വാര്‍ട്ടറില്‍ നിരാശപ്പെടുത്തിയപ്പോള്‍ അത്‌ കാര്യമാക്കാതെ ഡിഫന്‍സും ഒഫന്‍സും സമന്വയിപ്പിച്ചുളള ബോക്‌സിംഗില്‍ എതിരാളികളെ വീഴ്‌ത്താന്‍ വിജേന്ദറിന്‌ കഴിഞ്ഞിട്ടുണ്ട്‌. രണ്ട്‌ തവണ പാന്‍ അമേരിക്കന്‍ കിരീടം സ്വന്തമാക്കിയ ക്യൂബന്‍ എതിരാളിയെ ഭയമില്ലെന്ന്‌ വിജേന്ദര്‍ വ്യക്തമാക്കി. സ്വര്‍ണ്ണം തന്നെയാണ്‌ എന്റെ ലക്ഷ്യം. ഒളിംപിക്‌സില്‍ തന്നെ കണ്ടില്ലേ-എത്രയോ ചാമ്പ്യന്മാര്‍ പുറത്തായി. ഇന്ന്‌ സമ്മര്‍ദ്ദമില്ല. എനിക്ക്‌ മെഡലുണ്ട്‌. അത്‌ സ്വര്‍ണ്ണമാവണം-വിജേന്ദര്‍ പറഞ്ഞു. ക്യൂബന്‍ താരത്തെക്കാള്‍ ഉയരം വിജേന്ദറിനാണ്‌. സമീപകാല പ്രകടനത്തിലും ഇന്ത്യന്‍ താരം തന്നെ മുന്നില്‍. വേണ്ടത്‌ ഭാഗ്യമാണ്‌.
ഇന്ന്‌ ഇന്ത്യന്‍ വനിതാ റിലേ ടീം 4-400 മീറ്ററില്‍ മല്‍സരിക്കുന്നുണ്ട്‌. മലയാളിയായ ചിത്ര കെ സോമനും സിനി ജോസുമെല്ലാം ഉള്‍പ്പെടുന്ന ടീമിന്‌ മെഡല്‍ പ്രതീക്ഷയില്ല. ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കുകയാണ്‌ കാര്യമായ നോട്ടം. ഇന്നലെ ഗുസ്‌തിയില്‍ ഇന്ത്യയുടെ താരമായിരുന്ന രാജീവ്‌ തോമാര്‍ അമേരിക്കന്‍ എതിരാളിക്ക്‌ മുന്നില്‍ മുട്ടുമടക്കി. സുശീല്‍ കുമാര്‍ നേടിയ മെഡലിന്റെ ആവേശത്തില്‍ രാജീവ്‌ അവസരം ഉപയോഗപ്പെടുത്തിയില്ല.

ലിയു സിയാംഗ്‌ എത്തിയില്ല
ബെയ്‌ജിംഗ്‌: ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയുടെ അത്‌ലറ്റ്‌സ്‌ കമ്മീഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ചൈനീസ്‌ സൂപ്പര്‍താരം ലിയു സിയാംഗ്‌ ഇന്നലെ നടന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ സംബന്ധിച്ചില്ല. രണ്ട്‌ ദിവസം മുമ്പ്‌ കിളിക്കൂട്ടില്‍ ചൈനക്കാരെ ദു:ഖത്തിലാഴ്‌ത്തി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിന്ന്‌ പരുക്കുമായി പിന്മാറിയ താരത്തിനായി ആരാധകരും സംഘാടകരും കാത്തുവെങ്കിലും അദ്ദേഹം റിപ്പോര്‍ട്ട്‌ ചെയ്‌തില്ല. കമ്മീഷനിലെ പുതിയ അംഗങ്ങളായ റഷ്യന്‍ നീന്തല്‍ ഇതിഹാസം അലക്‌സാണ്ടര്‍ പോപ്പോവ്‌, കൊറിയന്‍ ടായിക്‌ വോണ്ടോ താരം മൂണ്‍ ഡാ സംഗ്‌, ജര്‍മന്‍ ഫെന്‍സിംഗ്‌ താരം ക്ലോഡിയ ബോക്കല്‍ , ക്യൂബന്‍ വോളിബോള്‍ താരം യുമില്‍ക്ക റൂയിസ്‌ ലൗസസ്‌ എന്നിവരെല്ലാം യോഗത്തിന്‌ എത്തിയിരുന്നു.

ടൈസണ്‍ ഗേ ബാറ്റണ്‍ നിലത്തിട്ടു
റിലേയില്‍ അമേരിക്കക്ക്‌ അയോഗ്യത
ബെയ്‌ജിംഗ്‌: കിളിക്കൂട്ടിലെ ട്രാക്കില്‍ അമേരിക്കന്‍ ദുരന്തം തുടരുന്നു. സ്‌പ്രിന്റ്‌ ഇനങ്ങളില്‍ ജമൈക്കയുടെ സമ്പൂര്‍ണ്ണ ആധിപത്യത്തിന്‌ മുന്നില്‍ മുട്ടുമടക്കിയ അമേരിക്കക്ക്‌ ഇന്നലെ പുരുഷന്മാരുടെ സ്‌പ്രിന്റ്‌്‌ റിലേയില്‍ കനത്ത ആഘാതമേറ്റു. സൂപ്പര്‍താരം ടൈസണ്‍ ഗേ ബാറ്റണ്‍ നിലത്തതിട്ടപ്പോള്‍ റിലേയില്‍ ഹീറ്റ്‌സില്‍ തന്നെ അമേരിക്ക പുറത്തായി. വനിതാ വിഭാഗത്തിലും സ്‌പ്രിന്റ്‌ റിലേയില്‍ അമേരിക്ക പുറത്തായിട്ടുണ്ട്‌.
100 മീറ്ററില്‍ അമേരിക്കയുടെ വലിയ പ്രതീക്ഷയായിരുന്നു ടൈസണ്‍ ഗേ. എന്നാല്‍ സെമിഫൈനലില്‍ അദ്ദേഹം പുറത്തായിരുന്നു. ആ നഷ്‌ടം നികത്താനുള്ള അവസരമാണ്‌ ഗേ പാഴാക്കിയത്‌. മൂന്നാം ലാപ്പില്‍ ഓടിയ അദ്ദേഹം ബാറ്റണ്‍ കൈമാറവെ പിഴവ്‌ വരുത്തുകയായിരുന്നു. ട്രിനിഡാഡ്‌ ടുബാഗോ, ജമൈക്ക, ജപ്പാന്‍, കാനഡ, ഹോളണ്ട്‌, ജര്‍മനി, ബ്രസീല്‍, ചൈന എന്നിവരാണ്‌ റിലേ ഫൈനലിന്‌ യോഗ്യത നേടിയത്‌.
പുരുഷന്മാരുടെ 400 മീറ്ററില്‍ അമേരിക്കന്‍താരം ലി ഷോണ്‍ മെറിറ്റിനാണ്‌ സ്വര്‍ണ്ണം. 43.75 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌.

Wednesday, August 20, 2008

ബലേ ഇന്ത്യ

1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സിന്‌ ശേഷം ഇതാദ്യമായി ഇന്ത്യക്ക്‌ ഒളിംപിക്‌സില്‍ രണ്ട്‌ മെഡലുകള്‍. മൂന്നാം മെഡലും രാജ്യം ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ രണ്ട്‌ വ്യക്തിഗത മെഡലുകള്‍ ഇന്ത്യ ഒളിംപിക്‌സില്‍ നേടുന്നതും മറ്റൊരു മെഡല്‍ ഉറപ്പാക്കുന്നതും. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണ നേട്ടത്തിന്‌ ശേഷം ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക വീണ്ടും ബെയ്‌ജിംഗില്‍ ഉയര്‍ന്നു. സുശീല്‍ കുമാറിനും വിജേന്ദര്‍ കുമാറിനും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം......

ബെയ്‌ജിംഗ്‌: അഭിനവ്‌ ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണ്ണം സമ്മാനിച്ച ശേഷം ഇന്ത്യ മെഡല്‍ ദാരിദ്ര്യത്തിലായിരുന്നു. ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളും ഗുസ്‌തിക്കാരന്‍ യോഗേശ്വര്‍ ദത്തും ബോക്‌സര്‍ അഖില്‍ കുമാറും ലോംഗ്‌ ജംമ്പര്‍്‌ അഞ്‌ജു ബോബി ജോര്‍ജ്ജുമെല്ലാം പ്രതീക്ഷകള്‍ വെറുതെനല്‍കി പതിവ്‌ നിരാശയുടെ വക്താക്കളായി. പക്ഷേ ബെയ്‌ജിംഗിലെ പന്ത്രണ്ടാം ദിനം ഇന്ത്യ സുവര്‍
ണ്ണ ദിനമാക്കി. ഗുസ്‌തിയില്‍ സുശീല്‍ കുമാറിന്‌ വെങ്കലം. ബോക്‌സിംഗില്‍ വീജേന്ദര്‍ സ്വന്തം ഇനത്തിലെ സെമി ബെര്‍ത്തുമായി മറ്റൊരു മെഡല്‍ ഉറപ്പാക്കി.
സുശീല്‍ കുമാറാണ്‌ ഇന്നലെ ഇന്ത്യക്കായി നല്ല തുടക്കമിട്ടത്‌. കഴിഞ്ഞ ദിവസം മെഡല്‍ പ്രതീക്ഷയായിരുന്ന യോഗേശ്വര്‍ നിരാശ നല്‍കിയപ്പോള്‍ സമ്മര്‍ദ്ദം സൂശീലിലുണ്ടായിരുന്നു. പക്ഷേ കോച്ച്‌ സത്‌പാല്‍ നല്‍കിയ പിന്തുണയില്‍ അദ്ദേഹം സ്വന്തം കരുത്തിനെ തിരിച്ചറിഞ്ഞു. തകര്‍പ്പന്‍ പ്രകടനവുമായി കസാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിയോഗിയെ പരാജിതനാക്കി.
ഒളിംപിക്‌സിനെത്തിയപ്പോള്‍ തനിക്ക്‌ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെന്ന്‌ ഡല്‍ഹിക്കാരനായ ഗുസ്‌തിക്കാരന്‍ മല്‍സരശേഷം പറഞ്ഞു. ഭാഗ്യവാനായിരുന്നു സത്യത്തില്‍ സുശീല്‍. യോഗ്യതാ ഘട്ടത്തില്‍ അദ്ദേഹത്തിന്‌ ബൈ ലഭിച്ചിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ ഉക്രൈനില്‍ നിന്നുള്ള ആന്ദ്രെ സ്റ്റാഡ്‌നിക്കിനോട്‌ പരാജയപ്പെട്ടു. ഉക്രൈനിയന്‍ താരം പിന്നിട്‌ ഫൈനല്‍ പ്രവേശനം നേടിയപ്പോള്‍ ഗുസ്‌തി നിയമ പ്രകാരം വെങ്കല മെഡലിനായുളള പോരാട്ടത്തിന്‌ ടിക്കറ്റ്‌ ലഭിച്ചു. മെഡല്‍ മല്‍സരത്തിലെ ആദ്യ വട്ടത്തില്‍ അമേരിക്കന്‍ താരം ഡോ ഷവാബിനെ പരാജയപ്പെടുത്തിയ സുശീല്‍ അന്തിമ അങ്കത്തില്‍ ബെലാറൂസില്‍ നിന്നുള്ള ആല്‍ബെര്‍ട്ട്‌ ബാട്രിയാവിനെ പരാജിതനാക്കി.
60 കിലോഗ്രാം വിഭാഗത്തില്‍ ഏതന്‍സ്‌ ഒളിംപിക്‌സില്‍ പതിനാലാം സ്ഥാനത്തായിരുന്ന സുശീല്‍ സെപ്‌തംബറില്‍ അസര്‍ബെയ്‌ജാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തിലാണ്‌ ബെയ്‌ജിംഗ്‌ ടിക്കറ്റ്‌ നേടിയത്‌. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തായിരുന്നു സുശീല്‍. പിന്നീട്‌ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി.
ഫൈനല്‍ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ 8-3 നാണ്‌ സ്റ്റാഡ്‌നിക്‌ സൂശിലിനെ പരാജയപ്പെടുത്തിയിരുന്നത്‌. ആ പരാജയമാണ്‌ തന്റെ കണ്ണ്‌ തുറപ്പിച്ചതെന്ന്‌ സൂശീല്‍ പറഞ്ഞു. നാട്ടിലെ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ എനിക്കും കോച്ച്‌ സത്‌പാലിനും ഒരു മെഡല്‍ നേടാനാവുമെന്ന വിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന്‌ വേണ്ടി ഒരു മെഡല്‍ നേടാനായത്‌ വലിയ നേട്ടമാണ്‌. രാജ്യത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റുുക എളുപ്പമുളള കാര്യല്ല. എങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യയില്‍ നിന്നുളള ഗുസ്‌തിക്കാര്‍ക്ക്‌ ലോക വേദിയില്‍ തിളങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റെല്ലാം അദ്ദേഹം കോച്ച്‌ സത്‌പാലിന്‌ സമ്മാനിച്ചു.
1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ ഫ്രീ സ്റ്റൈല്‍ ബന്റാംവെയിറ്റ്‌ ക്ലാസ്‌ ഇനത്തിലായിരുന്നു ജെ.ഡി യാദവ്‌ ഒരു ഒളിംപിക്‌സ്‌ മെഡല്‍ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌. ആ നേട്ടത്തിന്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞതിന്‌ ശേഷം ഇതാ വീണ്ടും ഒരു ഗുസ്‌തി നേട്ടം.
ബോക്‌സിംഗ്‌ റിംഗില്‍ നിന്ന്‌ ഇന്ത്യ ഒളിംപിക്‌സ്‌ മെഡല്‍ ഉറപ്പാക്കുന്നത്‌ ഇതാദ്യമായാണ്‌. അനുഭവ സമ്പന്നനായ വിജേന്ദര്‍ കുമാറാണ്‌ രാജ്യത്തിന്റെ അഭിമാനമായത്‌. 75 കിലോഗ്രാം മിഡില്‍വെയ്‌റ്റ്‌ ഇനത്തില്‍ ഇക്വഡോറില്‍ നിന്നുള്ള കാര്‍ലോസ്‌ ഗോന്‍ഡഗോയെയാണ്‌ വീജേന്ദര്‍ 14-7ന്‌ പരാജയപ്പെടുത്തിയത്‌. മല്‍സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. ബോക്‌സിംഗ്‌ റിംഗില്‍ ഇന്ത്യക്ക്‌ വന്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നത്‌ അഖില്‍ കുമാറായിരുന്നു. പക്ഷേ പ്രതീക്ഷകളെ തകിടം മറിച്‌ ബോക്‌സിംഗ്‌ ബാലപാഠങ്ങള്‍ മറന്ന്‌ അഖില്‍ പുറത്തായി. ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയവരില്‍ ജിതേന്ദറും വിജേന്ദറുമായിരുന്നു അടുത്ത പ്രതീക്ഷകള്‍. ഇന്നലെ ആദ്യം ജിതേന്ദറിന്റെ മല്‍സരമായിരുന്നു. 51 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദറിന്‌ മുന്നില്‍ റഷ്യന്‍ പ്രതിയോഗി ഗ്രിഗറി ബലാക്‌ ഷിനായിരുന്നു. നല്ല തുടക്കത്തിലൂടെ എതിരാളിയെ വിറപ്പിച്ച ജിതേന്ദര്‍ പക്ഷേ അവസാന രണ്ട്‌ റൗണ്ടുകളില്‍ പതറി. 11-15 ന്‌ കീഴടങ്ങി. ഭീവാനിയില്‍ നിന്നുളള ജിതേന്ദര്‍ എതിരാളിയെ ഭയപ്പെടാതെയാണ്‌ ആദ്യ രണ്ട്‌ റൗണ്ടിലും കളിച്ചത്‌. മൂന്നാം റൗണ്ടില്‍ റഷ്യന്‍ താരം ആറ്‌ പോയന്റുകള്‍ സ്വന്തമാക്കി. അവസാന റൗണ്ടില്‍ റഷ്യന്‍ താരം പ്രതിരോധ തന്ത്രത്തിലായിരുന്നു. ഇതോടെ ജിതേന്ദറിന്റെ വഴികള്‍ അടഞ്ഞു. ഗ്രിഗറിയുടെ നെഗറ്റീവ്‌ തന്ത്രം കാരണം ഇന്ത്യന്‍ താരത്തിന്‌ അനുകൂലമായി റഫറി പോയന്റ്‌്‌ നല്‍കിയെങ്കിലും അത്‌ വിജയമാക്കി മാറ്റാന്‍ ജിതേന്ദറിന്‌ കഴിഞ്ഞില്ല.
വിജേന്ദര്‍ പക്ഷേ സാഹസത്തിനൊന്നും മുതിര്‍ന്നില്ല. തുടക്കം മുതല്‍ ലീഡ്‌ നേടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതില്‍ വിജയിക്കുകയും ചെയ്‌തു. ഇക്വഡോറുകാരന്‌ സ്വന്തം മുഖം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ സുവര്‍ണ്ണ പ്രതീക്ഷകളെല്ലാം ഇനി വിജേന്ദറിലാണ്‌. നാളെയാണ്‌ അദ്ദേഹത്തിന്റെ സെമി ഫൈനല്‍. എതിരാളി ക്യൂബക്കാരന്‍. ലോക വേദിയില്‍ തിളക്കമുള്ള താരം. ഈ മല്‍സരം ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കലം നേടാം.

സുശീല്‍ കുമാര്‍
കരിയര്‍: ജനനം-1983 മെയ്‌ 26. ഡല്‍ഹി സ്വദേശി. ഉയരം 163 സെ.മി. ഭാരം 66 കിലോഗ്രാം. ഇഷ്ടഇനം-ഫ്രീ സ്റ്റൈല്‍ 66 കിലോഗ്രാം. ഏതന്‍സ്‌ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നു. ലഭിച്ചത്‌ പതിനാലാം സ്ഥാനം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഏറ്റവും വലിയ നേട്ടം ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വെങ്കലം.

ബോള്‍ട്ടിന്‌ സ്‌പ്രിന്റ്‌ ഡബിള്‍
100 മീറ്ററിന്‌ പിറകെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിന്‌ റെക്കോര്‍ഡ്‌ ഡബിള്‍. സമയം 19.301 സെക്കന്‍ഡ്‌. കാള്‍ ലൂയിസിന്‌ ശേഷം സ്‌പ്രിന്റ്‌ ഡബിള്‍ സ്വന്തമാക്കുന്ന ആദ്യതാരമാണ്‌ ബോള്‍ട്ട്‌. തകര്‍ത്തത്‌ മൈക്കല്‍ ജോണ്‍സന്റെ 12 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ്‌
ബെയ്‌ജിംഗ്‌: ബലേ ബോള്‍ട്ട്‌.....! 100 മീറ്ററിന്‌ പിറകെ 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ട്‌ തന്നെ... ! 100 മീറ്ററിലെന്ന പോലെ 200 മീറ്ററിലും ലോക റെക്കോര്‍ഡ്‌. കിളിക്കൂട്ടില്‍ ഇന്നലെ വൈകീട്ട്‌്‌ നടന്നത്‌ മല്‍സരമായിരുന്നില്ല-ഏകപക്ഷീയ അങ്കമായിരുന്നു. 100 മീറ്ററിന്റെ അവസാന 50 മീറ്ററിലായിരുന്നു ബോള്‍ട്ടിന്റെ കുതിപ്പെങ്കില്‍ ഇന്നലെ ആദ്യ 100 മീറ്റര്‍ പിന്നിട്ടതിന്‌ ശേഷം അദ്ദേഹത്തിന്‌ എതിര്‍പ്പുണ്ടായിരുന്നില്ല. മീറ്ററുകളുടെ വ്യക്തമായ ലീഡില്‍ അദ്ദേഹം ആഘോഷം നടത്തുകയായിരുന്നു. ആഘോഷത്തിലും ലോക റെക്കോര്‍ഡ്‌ പിറന്നത്‌ ജമൈക്കക്കാരന്റെ മാത്രം മികവ്‌.
അമേരിക്കയുടെ ഏറ്റവും മികച്ച സ്‌പ്രിന്റര്‍മാരില്‍ ഒരാളായിരന്ന കാള്‍ ലൂയിസാണ്‌ അവസാനമായി ഒളിംപിക്‌സില്‍ 100 ലും 200 ലും സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ആ റെക്കോര്‍ഡാണ്‌ ഇന്നലെ തിരുത്തപ്പെട്ടത്‌. 100 മീറ്ററില്‍ ബോള്‍ട്ട്‌്‌ റെക്കോര്‍ഡ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ തന്നെ കാള്‍ ലൂയിസ്‌ പറഞ്ഞിരുന്നു തന്റെ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ ബോള്‍ട്ടിന്‌ കഴിയുമെന്ന്‌. മറ്റൊരു അമേരിക്കന്‍ ട്രാക്‌ ഇതിഹാസമായ മൈക്കല്‍ ജോണ്‍സണ്‍ 200 മീറ്ററില്‍ കുറിച്ച സമയത്തെയാണ്‌ ബോള്‍ട്ട്‌ അനായാസം മറികടന്നത്‌. ഇതോടെ ഒളിംപിക്‌സ്‌ ട്രാക്കില്‍ രണ്ട്‌ അമേരിക്കക്കാര്‍ കുത്തകയാക്കി വെച്ച റെക്കോര്‍ഡുകള്‍ ജമൈക്കന്‍ താരത്തിന്റെ പേരിലായി. 19.32 സെക്കന്‍ഡിലായിരുന്നു ജോണ്‍സണ്‍ റെക്കോര്‍ഡ്‌ നേടിയത്‌. ഇന്നലെ ആ സമയത്തെ അതിജയിച്ച ബോള്‍ട്ട്‌ മല്‍സരശേഷം പറഞ്ഞത്‌ റെക്കോര്‍ഡുകള്‍ തകര്‍ക്കുക തന്റെ ഹോബിയാണെന്നാണ്‌.
സമീപകാലത്ത്‌ ലോക സ്‌പ്രിന്റ്‌ നഭസ്സില്‍ ബോള്‍ട്ട്‌്‌ എന്ന ഒരു താരമുണ്ടായിരുന്നില്ല. മൗറിസ്‌ ഗ്രീനിന്‌ ശേഷം എല്ലാവരും ഉച്ചത്തില്‍ പറഞ്ഞിരുന്നത്‌ അസാഫ പവലിനെയായിരുന്നു. ജമൈക്കയില്‍ നിന്നുമെത്തിയ പവലായിരിക്കും ബെയ്‌ജിംഗ്‌ കിഴടക്കുക എന്ന്‌ പറഞ്ഞര്‍ക്ക്‌ മുന്നിലൂടെയാണ്‌ ഇന്നലെയും ബോള്‍ട്ട്‌ കുതിച്ചത്‌.
മെഡല്‍പ്പട്ടികയില്‍ കാര്യമായ മാറ്റങ്ങളില്ല. ബോള്‍ട്ട്‌ ട്രാക്കില്‍ കുതിച്ചത്‌ പോലെ ചൈന ബഹുദൂരം മുന്നിലാണ്‌.

Tuesday, August 19, 2008

Sorry Anju coloum by P.A Hamsa

ലോക കായികരംഗത്ത്‌ അജയ്യരാവര്‍ ധാരാളമുണ്ട്‌... ജെസ്സി ഓവന്‍സില്‍ നിന്ന്‌ ആരംഭിച്ചാല്‍ ആ റെക്കോര്‍ഡ്‌ മൈക്കല്‍ ഫെലിപ്‌സില്‍ എത്തിനില്‍ക്കും. ഫെലിപ്‌സിന്റെ വിസ്‌മയം നേരില്‍ കാണാന്‍ എനിക്കായിരുന്നില്ല. എട്ടില്‍ എട്ട്‌ സ്വര്‍ണ്ണവും സ്വന്തമാക്കിയ മഹാനായ കായികതാരം. ഒരിക്കലും ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ആ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ കഴിയില്ല. ഫെലിപ്‌സിന്റെ പ്രകടനം കാണാന്‍ കഴിഞ്ഞില്ലെങ്കിലും യേലേന ഇസന്‍ബയേവ എന്ന ലോകോത്തര താരത്തിന്റെ റെക്കോര്‍ഡ്‌ പ്രകടനം നേരില്‍ കാണാനായത്‌ വലിയ ഭാഗ്യമാണ്‌. കിളിക്കൂട്‌ സ്‌റ്റേഡിയത്തില്‍ ലിയു സിയാംഗ്‌ എന്ന മാന്ത്രികന്റെ പരുക്കും പിന്മാറ്റവും ചൈനക്കാരെ രാവിലെ വേദനയിലാഴ്‌ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച്ച രാത്രിയില്‍ അവരുെട വേദനകളെ ഇല്ലാതാക്കുന്ന ടോണിക്‌ പോലെയായിരുന്നു ഇസന്‍ബയേവയുടെ പ്രകടനം. ഇന്ത്യന്‍ കായികരംഗം പിറകോട്ട്‌ നോക്കുന്ന കാലത്ത്‌ റഷ്യക്കാരും അമേരിക്കക്കാരും ചൈനക്കാരും മുന്നോട്ട്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഫെലിപ്‌സിനെ പോലെ ഒരു പ്രതിഭയെ സംഭാവന ചെയ്യാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിന്‌ കഴിയമോ എന്നെനിക്കറിയില്ല. ബെയ്‌ജിംഗിലേക്ക്‌ വരുന്നതിന്‌ മുമ്പേ അദ്ദേഹം പറഞ്ഞിരുന്നു എട്ടിനത്തിലും സ്വര്‍ണ്ണം നേടുമെന്ന്‌. ആ പ്രഖ്യാപനം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. അത്‌ പോലെ ഇസന്‍ബയേവ പറഞ്ഞ വാക്കുകളും ഓര്‍മ്മിക്കുന്നു-ഒളിംപിക്‌സ്‌ സ്വര്‍ണ്ണമല്ല ലക്ഷ്യം-റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുകയാണെന്ന്‌.
5.05 മീറ്ററാണ്‌ ഇസന്‍ബയേവ ചാടിയത്‌. ആ താരത്തില്‍ ഞാന്‍ ദര്‍ശിച്ച ഒരു സവിശേഷത ഒരിക്കല്‍പ്പോലും പതറാത്ത, ചലനങ്ങളിലും മുഖഭാവങ്ങളിലും സംസാരത്തില്‍ പോലും ഊര്‍ജ്ജപ്രവാഹമാണ്‌. ഇന്നലെ അഞ്‌ജുവിന്റെ പ്രകടനം കണ്ടപ്പോഴാണ്‌ ഇസന്‍ബയേവയെ പോലുളളവരുടെ മഹത്വമറിയുന്നത്‌. ഒരു മലയാളി മറ്റൊരു മലയാളിയുടെ പ്രകടനം കാണുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. അഞ്‌ജു ഫൈനലിലെങ്കിലും എത്തണമെന്നതായിരുന്നു പ്രാര്‍ത്ഥന. ട്രാക്കില്‍ നമ്മുടെ ഏക പ്രതീക്ഷയും അഞ്‌ജുവായിരുന്നല്ലോ... പക്ഷേ ജംമ്പ്‌ ആരംഭിച്ചപ്പോള്‍ വളരെ അകലെ നിന്നാണെങ്കിലും അഞ്‌ജുവിന്റെ നിരാശയുടെ മുഖമാണ്‌ കണ്ടത്‌. ആ കുട്ടി ഒരിക്കലും ആത്മവിശ്വാസത്തിലായിരുന്നില്ല.
പക്ഷിക്കൂട്‌ ഇന്നലെയും നിറഞ്ഞ്‌ കവിഞ്ഞിരുന്നു. രാവിലെ തന്നെ ജാവലിന്‍, ലോംഗ്‌ജംമ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. പക്ഷേ ചര്‍ച്ചകളെല്ലാം വൈകീട്ട്‌്‌ നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ സെമിഫൈനലിനെക്കുറിച്ചായിരുന്നു. ചൈനയുടെ ഫുട്‌ബോള്‍ ടീം തുടക്കത്തില്‍ തന്നെ പുറത്തായതിനാല്‍ അവര്‍ക്ക്‌ ഫുട്‌ബോള്‍ മൈതാനത്തേക്ക്‌ ഓടാന്‍ വലിയ താല്‍പ്പര്യമില്ല. പക്ഷേ യൂറോപ്യര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഏഷ്യക്കാര്‍ക്കുമെല്ലാം ലാറ്റിനമേരിക്കന്‍ സോക്കര്‍ സൗന്ദര്യം കാണാനുളള കനകാവസരമായിരുന്നു. പറഞ്ഞുവന്നത്‌ ഇസന്‍ബയേവയെക്കുറിച്ചാണ്‌. ആ താരത്തിന്റെ സ്ഥിരതയും സ്ഥിരോല്‍സാഹവും ഓരോ വിജയത്തിലും പ്രകടിപ്പിക്കുന്ന സന്തോഷവും അപാരമാണ്‌. 24 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടും ഓരോ മല്‍സരത്തെയും അതിന്റെ പ്രാധാന്യത്തിലാണ്‌ അവര്‍ കാണുന്നത്‌. ആ ഫ്രഷ്‌ മൈന്‍ഡാണ്‌ ആ താരത്തിന്റെ കരുത്ത്‌.

sorry anjucoloum by P.A Hamsa

ലോക കായികരംഗത്ത്‌ അജയ്യരാവര്‍ ധാരാളമുണ്ട്‌... ജെസ്സി ഓവന്‍സില്‍ നിന്ന്‌ ആരംഭിച്ചാല്‍ ആ റെക്കോര്‍ഡ്‌ മൈക്കല്‍ ഫെലിപ്‌സില്‍ എത്തിനില്‍ക്കും. ഫെലിപ്‌സിന്റെ വിസ്‌മയം നേരില്‍ കാണാന്‍ എനിക്കായിരുന്നില്ല. എട്ടില്‍ എട്ട്‌ സ്വര്‍ണ്ണവും സ്വന്തമാക്കിയ മഹാനായ കായികതാരം. ഒരിക്കലും ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ആ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ കഴിയില്ല. ഫെലിപ്‌സിന്റെ പ്രകടനം കാണാന്‍ കഴിഞ്ഞില്ലെങ്കിലും യേലേന ഇസന്‍ബയേവ എന്ന ലോകോത്തര താരത്തിന്റെ റെക്കോര്‍ഡ്‌ പ്രകടനം നേരില്‍ കാണാനായത്‌ വലിയ ഭാഗ്യമാണ്‌. കിളിക്കൂട്‌ സ്‌റ്റേഡിയത്തില്‍ ലിയു സിയാംഗ്‌ എന്ന മാന്ത്രികന്റെ പരുക്കും പിന്മാറ്റവും ചൈനക്കാരെ രാവിലെ വേദനയിലാഴ്‌ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച്ച രാത്രിയില്‍ അവരുെട വേദനകളെ ഇല്ലാതാക്കുന്ന ടോണിക്‌ പോലെയായിരുന്നു ഇസന്‍ബയേവയുടെ പ്രകടനം. ഇന്ത്യന്‍ കായികരംഗം പിറകോട്ട്‌ നോക്കുന്ന കാലത്ത്‌ റഷ്യക്കാരും അമേരിക്കക്കാരും ചൈനക്കാരും മുന്നോട്ട്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഫെലിപ്‌സിനെ പോലെ ഒരു പ്രതിഭയെ സംഭാവന ചെയ്യാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിന്‌ കഴിയമോ എന്നെനിക്കറിയില്ല. ബെയ്‌ജിംഗിലേക്ക്‌ വരുന്നതിന്‌ മുമ്പേ അദ്ദേഹം പറഞ്ഞിരുന്നു എട്ടിനത്തിലും സ്വര്‍ണ്ണം നേടുമെന്ന്‌. ആ പ്രഖ്യാപനം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. അത്‌ പോലെ ഇസന്‍ബയേവ പറഞ്ഞ വാക്കുകളും ഓര്‍മ്മിക്കുന്നു-ഒളിംപിക്‌സ്‌ സ്വര്‍ണ്ണമല്ല ലക്ഷ്യം-റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുകയാണെന്ന്‌.
5.05 മീറ്ററാണ്‌ ഇസന്‍ബയേവ ചാടിയത്‌. ആ താരത്തില്‍ ഞാന്‍ ദര്‍ശിച്ച ഒരു സവിശേഷത ഒരിക്കല്‍പ്പോലും പതറാത്ത, ചലനങ്ങളിലും മുഖഭാവങ്ങളിലും സംസാരത്തില്‍ പോലും ഊര്‍ജ്ജപ്രവാഹമാണ്‌. ഇന്നലെ അഞ്‌ജുവിന്റെ പ്രകടനം കണ്ടപ്പോഴാണ്‌ ഇസന്‍ബയേവയെ പോലുളളവരുടെ മഹത്വമറിയുന്നത്‌. ഒരു മലയാളി മറ്റൊരു മലയാളിയുടെ പ്രകടനം കാണുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. അഞ്‌ജു ഫൈനലിലെങ്കിലും എത്തണമെന്നതായിരുന്നു പ്രാര്‍ത്ഥന. ട്രാക്കില്‍ നമ്മുടെ ഏക പ്രതീക്ഷയും അഞ്‌ജുവായിരുന്നല്ലോ... പക്ഷേ ജംമ്പ്‌ ആരംഭിച്ചപ്പോള്‍ വളരെ അകലെ നിന്നാണെങ്കിലും അഞ്‌ജുവിന്റെ നിരാശയുടെ മുഖമാണ്‌ കണ്ടത്‌. ആ കുട്ടി ഒരിക്കലും ആത്മവിശ്വാസത്തിലായിരുന്നില്ല.
പക്ഷിക്കൂട്‌ ഇന്നലെയും നിറഞ്ഞ്‌ കവിഞ്ഞിരുന്നു. രാവിലെ തന്നെ ജാവലിന്‍, ലോംഗ്‌ജംമ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. പക്ഷേ ചര്‍ച്ചകളെല്ലാം വൈകീട്ട്‌്‌ നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ സെമിഫൈനലിനെക്കുറിച്ചായിരുന്നു. ചൈനയുടെ ഫുട്‌ബോള്‍ ടീം തുടക്കത്തില്‍ തന്നെ പുറത്തായതിനാല്‍ അവര്‍ക്ക്‌ ഫുട്‌ബോള്‍ മൈതാനത്തേക്ക്‌ ഓടാന്‍ വലിയ താല്‍പ്പര്യമില്ല. പക്ഷേ യൂറോപ്യര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഏഷ്യക്കാര്‍ക്കുമെല്ലാം ലാറ്റിനമേരിക്കന്‍ സോക്കര്‍ സൗന്ദര്യം കാണാനുളള കനകാവസരമായിരുന്നു. പറഞ്ഞുവന്നത്‌ ഇസന്‍ബയേവയെക്കുറിച്ചാണ്‌. ആ താരത്തിന്റെ സ്ഥിരതയും സ്ഥിരോല്‍സാഹവും ഓരോ വിജയത്തിലും പ്രകടിപ്പിക്കുന്ന സന്തോഷവും അപാരമാണ്‌. 24 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടും ഓരോ മല്‍സരത്തെയും അതിന്റെ പ്രാധാന്യത്തിലാണ്‌ അവര്‍ കാണുന്നത്‌. ആ ഫ്രഷ്‌ മൈന്‍ഡാണ്‌ ആ താരത്തിന്റെ കരുത്ത്‌.
watch dd malayalam on 20 th august at 5-00 pm
interview with olympian p.t usha by kamal varadoor
repeat on 21 st august at 10.00 am

watch DD malayalam on 20th august at 5-00 pm

SHAME ANJU


ഇന്ത്യക്ക്‌ ദുര്‍ദിനം
അഞ്‌ജു ബോബി ജോര്‍ജ്ജ്‌ സമ്മാനിച്ചത്‌ നാണക്കേട്‌, യോഗേശ്വര്‍ ദത്തിന്‌ തിരിച്ചടി, ശരത്‌ കമല്‍ രണ്ടാം റൗണ്ടില്‍
ബെയ്‌ജിംഗ്‌: ഇതിലും വലിയ നാണക്കേട്‌ ഇന്ത്യക്ക്‌ വരാനില്ല. ഇന്ത്യന്‍ നിരയിലെ ലോകോത്തര താരം അഞ്‌ജു ബോബി ജോര്‍ജ്ജിന്‌ വനിതകളുടെ ലോംഗ്‌ ജംമ്പ്‌ യോഗ്യതാ റൗണ്ട്‌ തന്നെ ദുരനുഭവമായി. യോഗ്യതാ റൗണ്ടിലെ മൂന്ന്‌ ചാട്ടവും ഫൗളാക്കി രാജ്യത്തിന്‌ നാണക്കേടിന്റെ പുതിയ മാറാപ്പ്‌ സമ്മാനിച്ച മലയാളി താരം തലതാഴ്‌ത്തി മടങ്ങിയപ്പോള്‍ റസ്‌ലിംഗ്‌ പ്രതീക്ഷയായ യോഗ്വേര്‍ ദത്ത്‌ ജപ്പാന്‍ താരത്തിന്‌ മുന്നില്‍ കളി മറന്നു. പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ്‌ സിംഗിള്‍സില്‍ ആദ്യ റൗണ്ട്‌ പിന്നിട്ട ദേശീയ ചാമ്പ്യന്‍ ശരത്‌ കമല്‍ മാത്രമാണ്‌ ഏക ആശ്വാസം.
ട്രാക്കില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു അഞ്‌ജു. ഈ സീസണില്‍ 6.55 മീറ്റര്‍ ചാടിയ കേരളാ താരത്തിന്‌ ആ പ്രകടനം ആവര്‍ത്തിച്ചാല്‍ മാത്രം 12 പേരുള്‍പ്പെടുന്ന ഫൈനല്‍ ലിസ്റ്റില്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ സ്‌ക്കൂള്‍ കുട്ടികളെ പോലും അമ്പരിപ്പിക്കും വിധം യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന്‌ ചാട്ടത്തിലും അഞ്ചു സ്‌ക്കെയിലില്‍ ചവിട്ടി.
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സ്‌ ഒളിംപിക്‌സില്‍ 6.83 മീറ്റര്‍ ചാടി ആറാം സ്ഥാനം നേടിയ താരം ആത്മവിശ്വാസത്തോടെയല്ല മല്‍സരത്തിനിറങ്ങിയത്‌. പിറ്റില്‍ അഞ്‌ജുവിന്‌ വെല്ലുവിളിയാവുമെന്ന്‌ കരുതപ്പെട്ട ജഡേ ജോണ്‍സണ്‍ (ബ്രിട്ടന്‍), തത്തിയാന ലെബദേവ (റഷ്യ), കരോലിന ക്ലൂഫറ്റ്‌ (സ്വീഡന്‍) എന്നിവരെല്ലാം യോഗ്യത നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം നൈഡേ ഗോമസിന്‌ പിഴച്ചു. സീസണില്‍ 7.12 മീറ്റര്‍ ചാടിയ ഗോമസിനാണ്‌ ഇവിടെ സ്വര്‍ണ്ണം കല്‍പ്പിക്കപ്പെട്ടത്‌. ആദ്യ രണ്ട്‌ ജംമ്പും ഫൗളാക്കിയ പോര്‍ച്ചുഗല്‍ താരം മൂന്നാം ജംമ്പില്‍ 6.29 മീറ്റര്‍ മാത്രമാണ്‌ പിന്നിട്ടത്‌.
ഗ്രൂപ്പ്‌ എയില്‍ നിന്ന്‌ രണ്ട്‌ പേര്‍ മാത്രമാണ്‌ നിശ്ചയിക്കപ്പെട്ട ഫൈനല്‍ യോഗ്യതാ ദൂരം പിന്നിട്ടത്‌. ബ്രസീലിന്റെ ഹിഗ മാരിയും (6.79), ഉക്രൈന്റെ ലുഡ്‌മില ബ്ലലാന്‍സ്‌ക്കെയും( 6.76). അഞ്‌ജു മല്‍സരിച്ച ബി ഗ്രൂപ്പില്‍ നിന്ന്‌ ഒരാള്‍ മാത്രം യോഗ്യതാ ദൂരം പിന്നിട്ടു. അമേരിക്കയുടെ ബ്രിട്ട്‌നെ റിസെ (6.87). മറ്റുളളവരില്‍ റഷ്യയുടെ തത്തിയാന ലെബദേവ (6.70), ബ്രസീലിന്റെ കെലിയ കോസ്‌റ്റ (6.62), ബ്രിട്ടന്റെ ജഡേ ജോണ്‍സണ്‍, അമേരിക്കന്‍ പ്രതീക്ഷയായിരുന്ന ഗ്രേസ്‌ അപ്‌ഷാ ( 6.70), സ്വീഡന്റെ കരോലിന ക്ലൂഫറ്റ്‌ (6.68) തുടങ്ങിയവര്‍ നിശ്ചയിക്കപ്പെട്ടിരുന്ന ഒളിംപിക്‌ ഫൈനല്‍ യോഗ്യതാ മാര്‍ക്കായ 6.75 മീറ്റര്‍ പിന്നിട്ടിരുന്നില്ല. എന്നിട്ടും മികച്ച പ്രകടനത്തിന്റെ മികവില്‍ ഫൈനല്‍ ലിസ്റ്റില്‍ വരുകയായിരുന്നു. ( യോഗ്യതാ മാര്‍ക്ക്‌ പിന്നിട്ടവരെയാണ്‌ ഫൈനല്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുക. യോഗ്യതാ ദൂരം പിന്നിടാന്‍ 12 പേര്‍ക്ക്‌ കഴിയാത്തപക്ഷം ഏറ്റവും മികച്ച പ്രകടനത്തിന്റെ അളവില്‍ മറ്റുളളവരെ തെരഞ്ഞെടുക്കും)
ഏതന്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ തത്തിയാന ലെബദേവ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയപ്പോള്‍ വെങ്കലം നേടിയിരുന്ന തത്തിയാന കോത്തോവ പുറത്തായിട്ടുണ്ട്‌. അഞ്‌ജുവിനെ പോലെ മറ്റ്‌ രണ്ട്‌ പേരും മൂന്ന്‌ ജംമ്പുകളും ഫൗളാക്കി.
പരുക്കാണ്‌ തനിക്ക്‌ തിരിച്ചടിയായതെന്ന്‌ അഞ്‌ജു പറഞ്ഞു. ആദ്യ ജംമ്പിംഗ്‌ നടത്താന്‍ കഴിയാതിരുന്നത്‌ വേദന കൊണ്ടാണ്‌. രണ്ടാം ശ്രമത്തിലും വേദനയുണ്ടായിരുന്നു. മൂന്നം ശ്രമത്തില്‍ രണ്ടും കല്‍പ്പിച്ചാണ്‌ ചാടിയതെന്ന്‌ അഞ്‌ജു പറഞ്ഞു.
ഗുസ്‌തിയില്‍ പ്രി ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ യോഗേശ്വറില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ജപ്പാനില്‍ നിന്നുളള എതിരാളി കെനിച്ചി യുമോട്ടോക്ക്‌ മുന്നില്‍ ലീഡ്‌ നേടിയ ശേഷം ഇന്ത്യന്‍ താരം തളര്‍ന്നു. ടി.ടി സിംഗിള്‍സില്‍ ശരത്‌ കമാല്‍ സ്‌പാനിഷ്‌ പ്രതിയോഗി കാര്‍ലിവോസിനെ അഞ്ച്‌ ഗെയിം പോരാട്ടത്തിലാണ്‌ പരാജയപ്പെടുത്തിയത്‌.

Saturday, August 16, 2008

WORLD IS BOLT





ബെയ്‌ജിംഗ്‌: ബോള്‍ട്ട്‌്‌ ബോള്‍
ട്ടാണ്‌..... ലോക റെക്കോര്‍ഡുമായി ലോകത്തിലെ സുവര്‍ണതാരം. 9,.69 സെക്കന്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന സമയം. ഒമ്പത്‌ പേരാണ്‌ ഫൈനലിന്‌ യോഗ്യത നേടിയത്‌. അവരില്‍ അമേരിക്കന്‍ മെഡല്‍ പ്രതീക്ഷയായ ടൈസണ്‍ ഗേ ഉണ്ടായിരുന്നില്ല. ലോകം കാത്തുനില്‍ക്കുന്ന പോരാട്ടത്തിന്റെ സെമിഫൈനലില്‍ അദ്ദേഹം പുറത്തായി. ജമൈക്കന്‍ ആധിപത്യമായിരുന്നു ഫൈനലില്‍. അസാഫ പവല്‍, ഉസൈന്‍ ബോള്‍ട്ട്‌ എന്നിവരെ കൂടാതെ മൈക്കല്‍ ഫ്രേറ്ററും അവസാന ഒമ്പതില്‍ സ്ഥാനം പിടിച്ചിരുന്നു. അമേരിക്കന്‍ പ്രതിനിധികളായി ഡാര്‍വിസ്‌ പാറ്റണും വാള്‍ട്ടര്‍ ഡിക്‌സും.. ഫൈനലില്‍ മല്‍സരിച്ച മറ്റുളളവര്‍ ഇവരായിരുന്നു: റിച്ചാര്‍ഡ്‌ തോംസണ്‍ (ട്രിനിഡാഡ്‌, ടുബാഗോ), ഡിക്‌സ്‌ വാള്‍ട്ടര്‍ (അമേരിക്ക), മാര്‍ക്‌ ബേണ്‍സ്‌ (ട്രിനിഡാഡ്‌്‌ ടുബാഗോ), ജോന്‍ഡി മാര്‍ട്ടിന (ഹോളണ്ട്‌). ഇവരില്‍ ബോള്‍ട്ടിന്‌ പിറകില്‍ റിച്ചാര്‍ഡ്‌ തോംസണ്‍ വന്നപ്പോല്‍ മൂന്നാമനായി ഡിക്‌സ്‌ വാള്‍ട്ടര്‍ കരുത്ത്‌ കാട്ടി. പവലിന്‌ അഞ്ചാം സ്ഥാനം മാത്രം.
തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ഹീറ്റ്‌സ്‌ മുതല്‍. അസാഫ പവല്‍, ടൈസണ്‍ ഗേ, ഉസൈന്‍ ബോള്‍ട്ട്‌ എന്നിവരിലായിരുന്നു കണ്ണുകളെല്ലാം. എന്നാല്‍ സെമിഫൈനലില്‍ ഗേ നിരാശപ്പെടുത്തി. 0.02 സെക്കന്‍ഡിലാണ്‌ ്‌അദ്ദേഹത്തിന്‌ അവസാന ഒമ്പതില്‍ സ്ഥനം നേടാന്‍ കഴിയാതെ പോയത്‌. ഉസൈന്‍ ബോള്‍ട്ടിന്റേതായിരുന്നു സെമിയിലെ ഏറ്റവും മികച്ച സമയം-9.85 സെക്കന്‍ഡ്‌. അസാഫ പവല്‍ 9.91 സെക്കന്‍ഡിലാണ്‌ സെമി പൂര്‍ത്തിയാക്കിയത്‌. 9.93 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ട്രിനിഡാഡിന്റെ റിച്ചാര്‍ഡ്‌ തോംസണും കരുത്ത്‌ കാട്ടി.
100,200 മീറ്ററുകളില്‍ നിലവിലെ ലോക ചാമ്പ്യനായിരുന്നു ടൈസണ്‍ ഗേ. 10.05 സെക്കന്‍ഡിലാണ്‌ അദ്ദേഹം 100 മീറ്റര്‍ സെമി പൂര്‍ത്തയാക്കിയത്‌. യു.എസ്‌ ഒളിംപിക്‌ ട്രയല്‍സിനിടെ പേശിവലിവ്‌ അനുഭവപ്പെട്ട ഗേയുടെ ബെയ്‌ജിംഗ്‌ പ്രാതിനിധ്യം ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നു. കഴിഞ്ഞ മെയില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഗ്രാന്‍പ്രിയില്‍ ലോക റെക്കോര്‍ഡ്‌ കുറിച്ച ബോള്‍ട്ടാണ്‌ ഹീറ്റ്‌സിലും സെമിയിലുമെല്ലാം സ്ഥിരത പ്രകടിപ്പിച്ചത്‌. ഫൈനലിലും അദ്ദേഹം കരുത്തനായി.

KAMALS DRIVE_OUR PREEJA, THEIR DEBABA




എത്യോപ്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി തിരുനേഷ്‌ ദിബാബ വനിതകളുടെ 10,000 മീറ്ററിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌ പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലിലും ഫിനിഷ്‌ ചെയ്‌തത്‌ കാണേണ്ട കാഴ്‌ച്ചയായിരുന്നു. ഒരു സ്‌പ്രിന്ററുടെ കരുത്തിലാണ്‌ 10,000 മീറ്ററിന്റെ അവസാന ലാപ്പില്‍ ആഫ്രിക്കന്‍ താരം കുതിച്ചുകയറിയത്‌. പുതിയ ഒളിംപിക്‌ സമയത്തില്‍ 29 മിനുട്ടും 54.66 സെക്കന്‍ഡില്‍ ആ താരം ഫിനിഷ്‌ ചെയത്‌ സ്വന്തം ദേശീയ പതാകയുമായി സ്റ്റേഡിയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ നമ്മുടെ പ്രീജ ശ്രീധരന്‍ ഓട്ടം തുടരുകയായിരുന്നു. എത്യോപ്യന്‍ താരം മല്‍സരം പൂര്‍ത്തിയാക്കുമ്പോള്‍ രണ്ട്‌ ലാപ്പ്‌ പിറകിലായിരുന്നു പ്രീജ. 32 മിനുട്ടും 34.64 സെക്കന്‍ഡുമെടുത്താണ്‌ പ്രീജ ഓട്ടം പൂര്‍ത്തിയാക്കിയത്‌. മല്‍സരത്തില്‍ പങ്കെടുത്ത 29 പേരില്‍ ഇരുപത്തിയഞ്ചാം സ്ഥാനം. പ്രീജക്ക്‌ പിറകില്‍ അമേരിക്കയുടെ ബെഗ്‌ ലി യോഡറും, മെക്‌സി്‌ക്കോയുടെ മരിയ റോഡ്രിഗസും ചൈനയുടെ ഡോംഗ്‌ സിയജിനും സ്‌പെയിനിന്റെ ഇസബെല ചെക്കുമുണ്ടായിരുന്നുവെന്നതില്‍ ആശ്വസിക്കാം. നമ്മുടെ കൊച്ചുതാരം ഒളിംപിക്‌സ്‌ വരെയെത്തിയല്ലോ.... നാല്‌ പേരെയെങ്കിലും തോല്‍പ്പിച്ചല്ലോ...!
1982ല്‍ ജനിച്ച പ്രീജയുടെ ഉയരം 152 സെ.മിറ്ററാണ്‌. ഭാരം 47 കിലോ ഗ്രാമും. പ്രീജയുടെ ഇത്‌ വരെയുളള മികച്ച സമയം കഴിഞ്ഞ വര്‍ഷം അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച 36 മിനുട്ടും 04.54 സെക്കന്‍ഡുമായിരുന്നു. രാജ്യാന്തര രംഗത്ത്‌ വലിയ അനുഭവ സമ്പത്തില്ലെങ്കിലും ഏഷ്യന്‍ ഗെയിംസ്‌ ഉള്‍പ്പെടെ വന്‍കരാ ചാമ്പ്യ്യന്‍ഷിപ്പുകളില്‍ പ്രീജ സ്വന്തം കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. പങ്കെടുക്കുന്ന ആദ്യ ഒളിംപിക്‌സില്‍, അതും ആഫ്രിക്കന്‍-യൂറോപ്യന്‍ എതിരാളികള്‍ക്ക്‌ നടുവില്‍ നിന്ന്‌ ഇരുപത്തിയഞ്ചാം സ്ഥാനം നേടാനായത്‌ വലിയ അംഗീകാരമാണ്‌.
ദിബാബ ഈ രംഗത്തെ കുലപതിയാണ്‌. ഉയരം 162 സെ.മിറ്റര്‍. ഭാരം പ്രീജയെ പോലെ 48 കിലോഗ്രാം. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഗോള്‍ഡന്‍ ലീഗുകളിലും സൂപ്പര്‍ ഗ്രാന്‍ഡ്‌പ്രീകളിലും ഗ്രാന്‍ഡ്‌ പ്രീകളിലും ലോക ക്രോസ്‌ കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലുമെല്ലാം പങ്കെടുത്ത്‌ അനുഭവസമ്പത്തുളള താരമാണ്‌ ദി്‌ബാബ. എവിടെ എങ്ങനെ മല്‍സരിക്കണമെന്ന്‌ പാവം ആഫ്രിക്കന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരത്തിനറിയാം. എത്യോപ്യന്‍ ആസ്ഥാനമായ ആദിസ്‌ അബാബയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ്‌ ബാബ വരുന്നത്‌. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുട്ടിക്കാലത്തിന്‌ ശേഷം ഓട്ടക്കാരിയുടെ കുപ്പായമിടുമ്പോള്‍ കൈവശമുണ്ടയിരുന്നത്‌ ആത്മവിശ്വാസം എന്ന ആയുധം മാത്രം. സ്വന്തം രാജ്യത്തെ കായിക ഭരണാധികാരികള്‍ ദിബാബയെ എല്ലാ മീറ്റുകള്‍ക്കും പറഞ്ഞയച്ചു. ഒന്നിലും നിരാപ്പെടുത്തിയില്ല ദിബാബ. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ 5000 മീറ്ററിനുണ്ടായിരുന്നു എത്യോപ്യന്‍ താരം. 2003 ല്‍ പാരീസിലും 2005 ല്‍ ഹെല്‍സിങ്കിയിലും 2007 ല്‍ ഒസാക്കയിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മികവ്‌.
തുര്‍ക്കിയില്‍ നിന്നുള്ള ഇവാന്‍ അബിലസിക്കായിരുന്നു 10,000 മീറ്ററിലെ വെള്ളി. ഈ താരത്തിന്റെ മുഖത്ത്‌ പ്രകടമായത്‌ ദൈന്യതയായിരുന്നു. പക്ഷേ ഉറച്ച വിശ്വാസത്തില്‍ അവസാനത്തിന്‌ തൊട്ട്‌ മുമ്പുളള ലാപ്പ്‌ വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഒളിംപിക്‌സും ലോക ചാമ്പ്യന്‍ഷിപ്പും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും നല്‍കിയ കരുത്തിലായിരുന്നു ഇവാനും.
ഈ മല്‍സരം ഇന്ത്യക്ക്‌ നല്‍കുന്നത്‌ ശക്തമായ നിര്‍ദ്ദേശമാണ്‌-സ്വന്തം താരങ്ങള്‍ക്ക്‌ കൂടുതല്‍ രാജ്യാന്തര അനുഭവസമ്പത്ത്‌ നല്‍കുക. പ്രീജയുടെ ഓട്ടവും എതിരാളികളുടെ പ്രകടനവും കണ്ടാല്‍ പോരായ്‌മ പകല്‍ പോലെ വ്യക്തമാവും. വലിയ മല്‍സരങ്ങളില്‍ എങ്ങനെ ഓടണമെന്ന്‌ പ്രീജക്ക്‌ അറിയില്ല. ഇടുക്കിയിലെ രാജക്കാട്‌ സ്വദേശിനിയായ പ്രീജക്ക്‌ ബെയ്‌ജിംഗ്‌ അല്‍ഭുത കാഴ്‌ച്ചയായിരുന്നു. ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ നിന്നും തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ്‌ സെന്റര്‍ കോച്ചായ രാജേന്ദ്രനിലൂടെ കായികരംഗത്ത്‌്‌ വന്ന പ്രീജക്ക്‌ നിശ്ചയദാര്‍ഡ്യമുണ്ട്‌. ദോഹ ഏഷ്യന്‍ ഗെയിംസില്‍ 5000, 10,000 മീറ്ററുകളില്‍ മല്‍സരിച്ച പ്രീജ അഞ്ചാമതായിരുന്നു. അല്‍പ്പം കഴിഞ്ഞ്‌ അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. പങ്കെടുത്ത മിക്ക ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും മെഡല്‍ സ്വന്തമാക്കിയ റെയില്‍വേ താരത്തിന്‌ ലോകോത്തര വേദിയില്‍ പിടി ലഭിക്കാന്‍ ഒളിംപിക്‌സ്‌ പോലെ വലിയ മല്‍സരവേദികള്‍ വേണം. പക്ഷേ പ്രീജക്ക്‌ പ്രായമിപ്പോള്‍ 27. 2010 ല്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വരെയാണ്‌ പ്രീജ രാജ്യാന്തര കരിയര്‍ പ്ലാന്‍ ചെയ്‌തിരിക്കന്നത്‌.
പ്രതിഭകളെ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക്‌ ഉന്നത പരിശീലനം നല്‍കിയാല്‍ ലോക വേദിയില്‍ ഉയരത്തിലെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കമാവുമെന്ന്‌ പി.ടി ഉഷയും അഭിനവ്‌ ബിന്ദ്രയുമെല്ലാം തെളിയിച്ചിട്ടുണ്ട്‌. ആ വഴിക്ക്‌ നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു........
്‌അവസാനിപ്പിക്കുന്നതിന്‌ മുമ്പ്‌ ഉസൈന്‍ ബോള്‍ട്ടിനെക്കുറിച്ച്‌ പറയാതെ വയ്യ... എന്തൊരു പ്രകടനമായിരുന്നു അത്‌. ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം. ഇങ്ങനെ വലിയ ഒരു മല്‍
സരത്തില്‍ ഗംഭീര പ്രകടനം. ഉസൈന്‍ അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ ജര്‍മന്‍കാരനോ അല്ല-കറുത്തവരുടെ ജമൈക്കയില്‍ നിന്നാണ്‌. കൊച്ചുരാജ്യത്തിന്റെ വലിയ പുത്രന്‍. മാസ്‌മരിക പ്രകടനത്തില്‍ ലോകത്തെ തന്നെയാണ്‌ ഉസൈന്‍ വിറപ്പിച്ചത്‌.

THE INDIAN PUNCH


ഇടി മെയിഡ്‌ ഇന്‍ ഇന്ത്യ
ബെയ്‌ജിംഗ്‌: ഇന്ത്യന്‍ ഗര്‍ജ്ജനം ഇടിക്കൂട്ടില്‍...! അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനത്തില്‍ അഖില്‍ കുമാര്‍ ലോക ചാമ്പ്യനായ എതിരാളിയെ മലര്‍ത്തിയടിച്ചപ്പോള്‍ ഇന്നലെ ജിതേന്ദര്‍ കുമാറിന്റെ ഊഴമായിരുന്നു. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള തുലഷോബി ഡോണിയോവിനെയാണ്‌ ജീതേന്ദര്‍ വീഴ്‌ത്തിയത്‌. രണ്ട്‌ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്കും ഒരു മല്‍സരം കൂടി ജയിച്ച്‌ സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം. ബെയ്‌ജിംഗില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഹരിയാനയില്‍ നിന്നുളള ഈ സിംഹങ്ങളില്‍ മാത്രമാണ്‌.
54 കിലോഗ്രാം ഇനത്തില്‍ അഖില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ്‌ ജിതേന്ദറിന്‌ കരുത്തയാത്‌. റഷ്യക്കാരനായ ലോക ചാമ്പ്യനെ അഖില്‍ മലര്‍ത്തിയടിക്കുന്നത്‌ ജിതേന്ദര്‍ കണ്ടിരുന്നു. ഇഞ്ചോടിഞ്ചായിരുന്നു ആ അങ്കം. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ആവേശത്തോടെ എതിരാളിക്കെതിരെ പതറാതെ പൊരുതിയ അഖില്‍ ഒപ്പത്തിനൊപ്പം നിന്ന അങ്കത്തിലാണ്‌ ഈ ഇനത്തിലെ ലോക ചാമ്പ്യനെ മറിച്ചിട്ടത്‌. അഖിലാണ്‌ ജിതേന്ദറിനെ ബോക്‌സിംഗ്‌ റിംഗിലേക്ക്‌ കൊണ്ടുവന്നത്‌. ഇരുവരും കുടുംബക്കാര്‍.
ജിതേന്ദര്‍ ഇന്നലെ മൂന്ന്‌ റൗണ്ടുകളിലും ആധിപത്യം പുലര്‍ത്തി. കന്നി ഒളിംപിക്‌സില്‍ കളിക്കുന്ന സമ്മര്‍ദ്ദം പ്രകടിപ്പിച്ചതേയില്ല ഹരിയാനക്കാരന്‍. അടുത്ത മല്‍സരം 20ന്‌ യൂറോപ്യന്‍ ചാമ്പ്യന്‍ ഗ്രിഗറി ബലാക്ഷുമായാണ്‌. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു പോയന്റ്‌ വിത്യാസത്തിലാണ്‌ ജിതേന്ദര്‍ യൂറോപ്യന്‍ ചാമ്പ്യനോട്‌ പരാജയപ്പെട്ടത്‌. ആ പരാജയത്തിന്‌ പകരം വീട്ടാനുളള അവസരമാണിത്‌. അന്ന്‌ ബലാക്ഷിന്‍ ജയിച്ചത്‌ ഭാഗ്യത്തിന്റെ അകമ്പടിയിലായിരുന്നു. ഇത്തവണ ഞാന്‍ വിട്ടുകൊടുക്കില്ല. അഖില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചിട്ടുണ്ട്‌. റഷ്യക്കാരനെ തോല്‍പ്പിക്കാനുളള വഴികള്‍ അഖിലിനോട്‌ ആരായുമെന്നും ജിതേന്ദര്‍ പറഞ്ഞു.
പുരുഷന്മാരുടെ ടെന്നിസ്‌ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും വലിയ പോരാട്ടം കാഴ്‌ച്ചവെക്കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരായ റോജര്‍ ഫെഡ്‌റര്‍, വര്‍ണ്ണഗ ജോഡിക്ക്‌ മുന്നില്‍ പരാജിതരായി. വ്യാഴാഴ്‌ച്ച നടക്കേണ്ട മല്‍സരം മഴ കാരണം വെള്ളിയാഴ്‌ച്ചയിലേക്ക്‌ മാറ്റിയതായിരുന്നു. വ്യാഴാഴ്‌ച്ച കളി അല്‍പ്പം നടന്നപ്പോള്‍ സ്വിസ്‌ ജോഡി 4-1 ന്‌ മുന്നിട്ട്‌ നില്‍ക്കവെയാണ്‌ മഴ എത്തിയത്‌. വെള്ളിയാഴ്‌ച്ച ഈ സ്‌ക്കോറില്‍ കളി തുടര്‍ന്നപ്പോള്‍ ആദ്യ സെറ്റ്‌ സ്വിസ്‌ ടീം എളുപ്പം നേടി. രണ്ടാം സെറ്റില്‍ ഇന്ത്യന്‍ ടീം പൊരുതിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിന്റെ അനുഭവസമ്പത്തിന്‌ മുന്നില്‍ പതറി.
ട്രാക്കില്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഹെപ്‌ടാത്ത്‌ലണില്‍ മല്‍സരിച്ച ജെ.ജെ ശോഭ, സുസ്‌മിത, പ്രമീള എന്നിവര്‍ ആദ്യ ഇനം മുതല്‍ മുടന്തുകയായിരുന്നു. വെള്ളിയാഴ്‌ച്ച നാലിനങ്ങളാണ്‌ നടന്നത്‌. ഇതില്‍ നാലിലും വളരെ പിറകിലായി ഇന്ത്യക്കാര്‍. ഇന്നലെയും ദയനീയത പ്രകട
മായി.
ട്രാക്കില്‍ വനിതകളുടെ 10,000 മീറ്ററില്‍ മല്‍സരിച്ച പ്രീജ ശ്രീധരനും വേദനാജനകമായ കാഴ്‌ച്ചയായിരുന്നു. പങ്കെടുത്ത 29 പേരില്‍ 25-ാം സ്ഥാനമാണ്‌ കേരളാ താരത്തിന്‌ ലഭിച്ചത്‌. ഈ ഇനത്തില്‍ എത്യോപ്യയുടെ ദിബാബ 29: 54.66 സെക്കന്‍ഡിന്റെ ഒളിംപിക്‌ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ പ്രീജ 32: 34.64 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. എത്യോപ്യന്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കുമ്പോള്‍ പ്രീജ രണ്ട്‌ ലാപ്പ്‌ പിറകിലായിരുന്നു.
വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ പ്രതിനിധിയായ മന്‍ദിപ്‌ കൗര്‍ പഴ്‌സണല്‍ ബെസ്റ്റിന്റെ അരികില്‍ പോലുമെത്തിയില്ല. കഴിഞ്ഞ ജൂണില്‍ മധുരയില്‍ നടന്ന മുപ്പത്തിയെട്ടാമത്‌ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 51.74 സെക്കന്‍ഡ്‌ കുറിച്ച മന്ദീപ്‌ ഇവിടെ യോഗ്യതാ റൗണ്ടില്‍ 52.8 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. രണ്ടാം ഹീറ്റ്‌സില്‍ ഏഴാമതായാണ്‌ മന്ദീപ്‌ ഓടിയെത്തിയത്‌. മൊത്തം ഏഴ്‌ ഹീറ്റ്‌സുകളുണ്ടായിരുന്നു. ഓരോ ഹീറ്റ്‌സില്‍ നിന്നും ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്നവരെയാണ്‌ സെമിയിലേക്ക്‌ തെരഞ്ഞെടുത്തിരുന്നത്‌. ഇവരെ കൂടാതെ ഏറ്റവും മികച്ച സമയം കുറിച്ച മറ്റ്‌ മൂന്ന്‌ പേരെയും പരിഗണിക്കും. എന്നാല്‍ ഇതിലൊന്നും മന്ദീപിന്റെ സമയം പരിഗണിക്കപ്പെട്ടില്ല.
പുരുഷന്മാരുടെ ഡിസ്‌ക്കസ്‌ ത്രോയില്‍ വികാസ്‌ ഗൗഡിന്‌ ഫൈനല്‍ ബെര്‍ത്ത്‌ പോലും ലഭിച്ചില്ല. ഹെപ്‌ടാത്തലണില്‍ മൂന്ന്‌ പേരായിരുന്നു ഇന്ത്യക്കായി മല്‍സരിക്കാനുണ്ടായിരുന്നത്‌. ഇതില്‍ അവസാനത്തിലേക്ക്‌ യോഗ്യത നേടിയത്‌ ജെ.ജെ ശോഭ മാത്രം. ഗ്രൂപ്പ്‌ ബി യില്‍ ജാവലിന്‍ ത്രോ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ ശോഭ പതിനാലാമതാണ്‌. ഇത്‌ വരെയുള്ള സമ്പാദ്യം 735. ഈ ഗ്രൂപ്പില്‍ 900 പോയന്റുമായി പോളണ്ടിന്റെ ഷൂഡിയസ്‌ കാമിലയാണ്‌ ഒന്നാമത്‌.

THE BIGGY SWIMMER

ബെയ്‌ജിംഗ്‌: 36 വര്‍ഷം മുമ്പ്‌ മാര്‍ക്‌ സ്‌പ്ലിറ്റ്‌സ്‌ എന്ന അമേരിക്കക്കാരന്‍ ഒളിംപിക്‌ പൂളില്‍ സൃഷ്ടിച്ച റെക്കോര്‍ഡ്‌ ഇന്ന്‌ നാട്ടുകാരനായ മൈക്കല്‍ ഫെലിപ്‌സ്‌ സ്വന്തമാക്കുമോ...? സാധ്യതകള്‍ പരിശോധിച്ചാല്‍ സ്‌പ്ലിറ്റ്‌സ്‌ വെള്ളത്തില്‍ സ്ഥാപിച്ച റെക്കോര്‍ഡ്‌ നാട്ടുകാരന്‍ ഇന്ന്‌ വെള്ളത്തിലാക്കും. അമാനുഷിക പ്രകടനവുമായി മുന്നേറുന്ന സ്‌പ്ലിറ്റ്‌സ്‌ ഇന്നലെ ബെയ്‌ജിംഗിലെ തന്റെ ഏഴാം സ്വര്‍ണ്ണവുമായി സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിട്ടുണ്ട്‌. ഇന്ന്‌ തന്റെ അവസാന ഇനമായ 4-100 മീറ്റര്‍ റിലേയില്‍ ഫെലിപ്‌സ്‌ ഇറങ്ങുന്നു. ഈ ഇനത്തില്‍ അമേരിക്കന്‍ സംഘം ഒന്നാമത്‌ വന്നാല്‍ പിന്നെ ഒളിംപിക്‌ ചരിത്രത്തില്‍ നിറയുന്നത്‌ കാലിഫോര്‍ണിയക്കാരനായ യുവതാരമായിരിക്കും.
ഇന്നലെ തന്റെ ഏഴാം സ്വര്‍ണ്ണത്തിനായി അല്‍പ്പം കഠിനാദ്ധ്വാനം തന്നെ നടത്തേണ്ടി വന്നു ഫെല്‍പ്‌സിന്‌. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സെര്‍ബിയക്കാരന്‍ മിലോര്‍ഡ്‌ കാവിക്‌ ഉതിര്‍ത്ത കനത്ത വെല്ലുവിളി ഫെല്‍പ്‌സ്‌ അതിജയിച്ചത്‌ അവസാന കുതിപ്പിലാണ്‌. സെക്കന്‍ഡിന്റെ നൂറിലൊരംശം വിത്യാസത്തിലാണ്‌ ഫെല്‍പ്‌സ്‌ സെര്‍ബിയന്‍ പ്രതിയോഗിയെ പിറകിലാക്കിയത്‌. ഇതിനകം നേടിയ ആറ്‌ സ്വര്‍ണ്ണങ്ങള്‍ ഏകപക്ഷീയമായിരുന്നെങ്കില്‍ ഇന്നലെ പൂളില്‍ ഫെല്‍പ്‌സ്‌ യഥാര്‍ത്ഥ മല്‍സരത്തെ അതിജയിച്ചാണ്‌ നേടിയത്‌. ഞാന്‍ അല്‍പ്പം ആശ്വസിച്ചു-അവിടെയാണ്‌ പിഴച്ചത്‌.-മല്‍സര ശേഷം സെര്‍ബിയന്‍ പ്രതിയോഗിയെ അഭിനന്ദിച്ചുകൊണ്ട്‌ ഫെല്‍പ്‌സ്‌ പറഞ്ഞു. ഒപ്പത്തിനൊപ്പമായിരുന്നു ഫെല്‍പ്‌സും കാവിക്കും. അവസാന കുതിപ്പിലാണ്‌ ഫെല്‍പ്‌സ്‌ മുന്നിലായത്‌. മല്‍സരം കണ്ടിരുന്നവര്‍ കരുതിയത്‌ ഫെല്‍പ്‌സിന്റെ ഏഴാം സ്വര്‍ണ്ണമോഹം അവസാനിച്ചുവെന്നാണ്‌. അത്രമാത്രം കുതിപ്പിലായിരുന്നു കോവിച്ച്‌. എന്നാല്‍ അനുഭവസമ്പത്തിന്റെ കരുത്താണ്‌ ഫെല്‍പ്‌സ്‌ അവസാന ശ്വാസത്തില്‍ നടത്തിയത്‌. 50.58 സെക്കന്‍ഡില്‍ അദ്ദേഹം ഫിനിഷ്‌ ചെയ്‌തു. കാവിച്ച്‌ 50.59 സെക്കന്‍ഡിലും.
ഫെല്‍പ്‌സ്‌ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതില്‍ സെര്‍ബിയക്ക്‌ എതിര്‍പ്പുണ്ട്‌. സ്വന്തം താരമാണ്‌ ഒന്നാമനായത്‌ എന്നാണ്‌ അവരുടെ വാദം. ഈ കാര്യത്തില്‍ സംഘാടക സമിതിക്ക്‌ സെര്‍ബിയ പരാതിയും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ടെലിവിഷന്‍ റിപ്ലേകളില്‍ ഫെല്‍പ്‌സിന്റെ ആധിപത്യം വ്യക്തമാണ്‌. റഫറിമാര്‍ ഫെല്‍പ്‌സിന്‌ തന്നെയാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌. ഓട്ടോമാറ്റിക്‌ സമയബോര്‍ഡിലും ആദ്യം തെളിഞ്ഞത്‌ ഫെല്‍പ്‌സ്‌ തന്നെ. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഫെല്‍പ്‌സിന്‌ സ്വര്‍ണ്ണം നഷ്ടമാവില്ല. സെര്‍ബിയന്‍ പരാതി അംഗീകരിച്ചാലും സ്വര്‍ണ്ണമെഡല്‍ പങ്ക്‌ വെക്കപ്പെടുക മാത്രമാണ്‌ ചെയ്യുക. ഏതന്‍സ്‌ ഒളിംപിക്‌സില്‍ ആറ്‌ സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിയ ഫെല്‍പ്‌സ്‌ ഇതിനകം ഒളിംപിക്‌സില്‍ സ്വര്‍ണ്ണ സമ്പാദ്യം 13 ആക്കി ഉയര്‍ത്തിയിട്ടുണ്ട്‌. ഓഗസ്‌റ്റ്‌ പതിനഞ്ചിന്‌ നടന്ന മല്‍സരങ്ങളില്‍ രണ്ട്‌ സ്വര്‍ണ്ണം സൂപ്പര്‍ താരം സ്വന്തമാക്കിയിരുന്നു. 200 മീറ്റര്‍ മെഡ്‌ലിയിലും 4-200 മീറ്റര്‍ ഫ്രി സ്റ്റൈല്‍ റിലേയിലുമാണ്‌ വെള്ളിയാഴ്‌ച്ച ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌.
ഇന്നലെയിലെ മാറ്റം ലോക റെക്കോര്‍ഡാണ്‌. ഇതിനകം നേടിയ ആറ്‌ സ്വര്‍ണ്ണങ്ങളും ലോക റെക്കോര്‍ഡ്‌ സമയത്തായിരുന്നു. പക്ഷേ ഇന്നലെ കനത്ത വെല്ലുവിളിയുണ്ടായിട്ടും പുതിയ സമയം കുറിക്കാന്‍ അദ്ദേഹത്തിനായില്ല. 400 മീറ്റര്‍ മെഡ്‌ലി, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 4-100 ഫ്രീ സ്റ്റൈല്‍ റിലേ, എന്നീ ഇനങ്ങളിലാണ്‌ നേരത്തെ ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. ആറ്‌ സ്വര്‍ണ്‌ങ്ങള്‍ക്കൊപ്പം ലോക റെക്കോര്‍ഡുമുണ്ടായിരുന്നു. ഇന്നലെ ലോക റെക്കോര്‍ഡ്‌ കുറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബട്ടര്‍ ഫ്‌ളൈ ഇനത്തിലെ സമയം ഒളിംപിക്‌ റെക്കോര്‍ഡാണ്‌.
നീന്തല്‍കുളത്തില്‍ ഇന്നലെ ഫെല്‍പ്‌സ്‌ മാത്രമല്ല കത്തിയത്‌. ബ്രിട്ടന്റെ റെബിക്ക അഡില്‍ഡണ്‍ വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം സ്വന്തമാക്കി. പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ അമേരിക്കന്‍ താരം ജാനറ്റ്‌ ഇവാന്‍സ്‌ കുറിച്ച റെക്കോര്‍ഡ്‌ തകര്‍ത്താണ്‌ ബ്രിട്ടിഷ്‌ താരം ബെയ്‌ജിംഗിലെ തന്റെ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. 400 മീറ്റര്‍ ഫ്രീസ്ര്‌റൈലിലായിരുന്നു ആദ്യ സ്വര്‍ണ്ണം. സിംബാബ്‌വെയില്‍ നിന്നുള്ള കിര്‍സ്റ്റി കോവന്ററി വനിതകളുടെ 200 മീറ്റര്‍ ബാക്‌ സ്‌ട്രോക്കില്‍ ലോക റെക്കോര്‍ഡുമായി സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ വാട്ടര്‍ക്യൂബില്‍ ബ്രസീല്‍ നീന്തല്‍താരം സിസര്‍ സിയാലോയും ചരിത്രമെഴുതി. ലോകത്തിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരത്തെ കണ്ടെത്തുന്ന പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ബ്രസീല്‍ താരം ഏവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കി. നീന്തല്‍കുളത്തില്‍ ബ്രസീല്‍ സ്വന്തമാക്കുന്ന ആദ്യ സ്വര്‍ണ്ണമാണിത്‌.

ഫെല്‍പ്‌സിന്‌ ഏഴാം സ്വര്‍ണ്ണം, ഇന്ന്‌ അവസാന ഫൈനല്‍
വനിതാ വിഭാഗത്തില്‍ രണ്ട്‌ ലോക റെക്കോര്‍ഡുകള്‍, ഏറ്റവും വേഗതയേറിയ നീന്തല്‍ താരം ബ്രസീലുകാരന്‍

സ്‌പ്ലിറ്റ്‌സിന്‌ നിരാശയില്ല
ബെയ്‌ജിംഗ്‌: 1972 ലെ മ്യൂണിച്ച്‌ ഒളിംപിക്‌സില്‍ കളം നിറഞ്ഞത്‌ മാര്‍ക്‌ സ്‌പ്ലിറ്റ്‌സ്‌ എന്ന അമേരിക്കന്‍ നീന്തല്‍ താരമായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി നീന്തല്‍കുളത്തില്‍ നിന്ന്‌ ഏഴ്‌ സ്വര്‍ണ്ണങ്ങള്‍. വാര്‍ത്തകളില്‍ മാത്രമല്ല, ഒളിംപിക്‌സ്‌ ചരിത്രത്തിലും അന്ന്‌ മുതല്‍ നിറഞ്ഞത്‌ സ്‌പ്ലിറ്റ്‌സ്‌ മാത്രമായിരുന്നു. മ്യൂണിച്ചിലെ ഐതിഹാസിക നേട്ടത്തിന്‌ ശേഷം ഓരോ ഒളിംപിക്‌സ്‌ വരുമ്പോഴും സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന്‌ പലരും അവകാശവാദമുന്നയിച്ചു. പക്ഷേ സാധിച്ചില്ല. സിഡ്‌നിയില്‍ ഇയാന്‍ തോര്‍പ്പായിരുന്നു സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനു ഭീഷണി. തോര്‍പ്പ്‌ പരാജിതനായി. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ഫെല്‍പ്‌സ്‌ പുത്തന്‍ ചരിത്രമെഴുതുമെന്ന്‌ കരുതി. ആറ്‌ സ്വര്‍ണ്ണം നേടിയ ഫെല്‍പ്‌സിന്‌ ഏഴാം സ്വര്‍ണ്ണം അനുവദിക്കാതിരുന്നത്‌ തോര്‍പ്പായിരുന്നു.
ഇവിടെ, ചൈനീസ്‌ ആസ്ഥാനത്ത്‌ ഇതാ സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡ്‌ പഴങ്കഥയാവാന്‍ പോവുന്നു. മൈക്കല്‍ ഫെലിപ്‌സ്‌ എന്ന യുവരാജകുമാരന്‍ ഇതിനകം സ്‌പ്ലിറ്റ്‌സിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഇന്ന്‌ റിലേയുണ്ട്‌. അതിലും ഫെല്‍പ്‌സ്‌ സ്വര്‍ണ്ണം നേടിയാല്‍ സ്‌പ്ലിറ്റ്‌സിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ്‌ യുവതാരത്തിന്റെ പേരിലാവും.
തന്റെ റെക്കോര്‍ഡ്‌ നാട്ടുകാരന്‍ തന്നെ തകര്‍ക്കുന്നതില്‍ സ്‌പ്ലിറ്റ്‌സിന്‌ വേദനയോ നിരാശയോ ഇല്ല. ഇത്‌ വരെ ആ ഭാരം എന്റെ ചുമലിലാലിയരുന്നു. ആ ഭാരം താഴെവെക്കുമ്പോള്‍ അതില്‍ സന്തോഷം മാത്രമല്ല-അഭിമാനവുമുണ്ട്‌. എന്നെക്കാള്‍ മിടുക്കനാണ്‌ ഫെല്‍പ്‌സ്‌. അവന്‍ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നീന്തല്‍താരവും അത്‌ലറ്റുമാണ്‌. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച നീന്തല്‍ താരം മാത്രമല്ല എക്കാലത്തെയും ഏറ്റവും മികച്ച ഒളിംപ്യന്‍ കൂടിയാണ്‌. ഇന്നലെ അവന്‍ സ്വര്‍ണ്ണം നേടിയത്‌ അവസാന ശ്വാസത്തിലാണ്‌. അതാണ്‌ കരുത്ത്‌, അതാണ്‌ താരം-സ്‌പ്ലിറ്റ്‌സ്‌ പറഞ്ഞു. ബെയ്‌ജിംഗില്‍ മല്‍സരങ്ങള്‍ തുടങ്ങിയ ശേഷം ഒരിക്കലും സ്‌പ്ലിറ്റ്‌സ്‌ പരാജയം അറിഞ്ഞിട്ടില്ല. അവന്റെ ആത്മവിശ്വാസം അത്രമാത്രം ഉയരത്തിലാണ്‌. എല്ലാവരെയും തോല്‍പ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ന്‌ ഒരു കാര്യത്തില്‍ ശ്രദ്ധിക്കണം. റിലേയാണ്‌. ബാറ്റണ്‍ കൈമാറുന്നതില്‍ ജാഗ്രത വേണം. ടീമിലെ ഏതെങ്കിലും ഒരു താരം അയോഗ്യത കല്‍പ്പിക്കപ്പെട്ടാല്‍ അത്‌ പ്രശ്‌നമാവുമെന്നും സ്‌പ്ലിറ്റ്‌സ്‌ പറഞ്ഞു.

Thursday, August 14, 2008

THIS IS INDIAN SPORTS






ഇതാണ്‌ ഇന്ത്യന്‍ പാര
ആദ്യം മൂന്ന്‌ സമീപകാല സംഭവങ്ങള്‍, എന്നിട്ട്‌ വിശദാംശങ്ങള്‍:
1-ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി ലോക രാജ്യങ്ങളിലെ അസംഖ്യം താരങ്ങള്‍ പരിശീലനത്തിന്റെയും ഒരുക്കത്തിന്റെയും അവസാന ഘട്ടത്തിലുള്ള ഒരു ജൂലൈ ദിവസം. ഇന്ത്യ.യെ പ്രതിനിധീകരിച്ച്‌ ആരെല്ലാമായിരിക്കും ബെയ്‌ജിംഗിലേക്ക്‌ പോവുക എന്ന്‌ അപ്പോഴും വ്യക്തമല്ല. ജര്‍മനിയിലും മലേഷ്യയിലും ഉക്രൈനിലുമെല്ലാമായി താരങ്ങള്‍ പരിശീലനത്തിലാണെന്നറിയാം. ആര്‍ക്കെല്ലാമായിരിക്കും ടിക്കറ്റ്‌ എന്ന്‌ വ്യക്തമാവുന്നില്ല. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി നല്‍കേണ്ട അവസാന ദിവസത്തിന്റെ തൊട്ടുതലേനാള്‍ വാര്‍ത്താകാര്യത്തിനായി ഞാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനിലെ ഒരു സമുന്നതനെ (പേര്‌ പരാമര്‍ശിക്കാത്തത്‌ അദ്ദേഹം വാര്‍ത്തകളുമായി ബന്ധപ്പെട്ട്‌ എല്ലാ സഹായങ്ങളും നല്‍കുന്നയാളായത്‌ കൊണ്ടാണ്‌) ടെലഫോണില്‍ വിളിച്ചു. ആര്‍ക്കെല്ലാമാണ്‌ ടിക്കറ്റ്‌ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം അതിവേഗം കൈമലര്‍ത്തി. അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു മറുപടി. നാളെയല്ലേ ലിസ്‌റ്റ്‌ നല്‍കേണ്ടത്‌ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി. നമ്മുടെ അധികാരികള്‍ക്ക്‌ തന്നെ അറിയുമായിരുന്നല്ല ആരെയെല്ലാമാണ്‌ അയക്കേണ്ടത്‌, ആര്‍ക്കെല്ലാമാണ്‌ സാധ്യത എന്നത്‌.
2-ബെയ്‌ജിംഗില്‍ ഒളിംപിക്‌സ്‌്‌ ആരംഭിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കി. ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട വെയ്‌റ്റ്‌ ലിഫ്‌ടര്‍ മോണിക്കാദേവി ഡോപ്പിംഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെടുന്നു. അവരുടെ യാത്ര റദ്ദാക്കപ്പെടുന്നു. ടീമിന്‌ നാണക്കേടിന്റെ ഭാരം സമ്മാനിച്ച മോണിക്ക അടുത്ത ദിവസം മാധ്യമ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി പൊട്ടിത്തെറിക്കുന്നു. ഇന്ത്യന്‍ കായികരംഗത്തെ കുലപതിമാര്‍ മറ്റൊരു താരത്തിന്‌ ടിക്കറ്റ്‌്‌ നല്‍കാന്‍ തന്നെ ചതിക്കുകായിരുന്നുവെന്നാണ്‌ മോണിക്ക വ്യക്തമാക്കിയത്‌. ഒരു താരത്തില്‍ നിന്നും ഐ.ഒ.സിയിലെ ചിലര്‍ പണം വാങ്ങിയെന്നും അവരാണ്‌ തന്നെ പുറത്താക്കിയതെന്നും മോണിക്ക പറഞ്ഞപ്പോള്‍ തിയ്യും പൊരിയും പ്രതീക്ഷിച്ചു. പക്ഷേ ആരും മിണ്ടിയില്ല.
3- അഭിനവ്‌ ബിന്ദ്രയെന്ന ഷൂട്ടര്‍ രാജ്യത്തിന്‌ ആദ്യമായി ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണം സമ്മാനിക്കുന്നു. അതുല്യ നേട്ടത്തിന്റെ രണ്ടാം നാള്‍, നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ അദ്ദേഹം ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മല്‍സരം കഴിഞ്ഞതിന്‌ ശേഷം ഫൈനലിലേക്കുളള തയ്യാറെടുപ്പിനിടെ തന്റെ റിവോള്‍വറില്‍ ചിലര്‍ കൃത്രിമം കാണിച്ചിരിക്കുന്നു. ബാത്ത്‌ റൂമില്‍ പോയ വേളയില്‍ റിവോള്‍വറിന്റെ സെറ്റര്‍ മാറ്റിയിരിക്കുന്നു. ഫൈനല്‍ മല്‍സരത്തിനിടെ ഇത്‌ പ്രശ്‌നമായി. എന്നിട്ടും പിടിച്ചുനിന്ന്‌ പൊരുതി. നിര്‍ണ്ണായക സമയത്ത്‌ റിവോള്‍വറിന്റെ സെറ്റര്‍ തകരാറിലാക്കാന്‍ ആര്‍ക്കാണ്‌ കുബുദ്ധി തോന്നിയതെന്ന ചോദ്യത്തിനുത്തരം ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ തന്നെ നീങ്ങും.
........! യെസ്‌, ഇതാണ്‌ നമ്മുടെ കായിക ഇന്ത്യ. ഹര്‍ഭജന്‍ സിംഗ്‌ ശ്രീശാന്തിന്റെ മുഖം നോക്കിയടിച്ചതും, ഹോക്കി താരങ്ങള്‍ പരസ്‌പരം ട്രെയിനില്‍ വെടിയുതിര്‍ത്തതും വെയ്‌റ്റ്‌ ലിഫ്‌ടര്‍മാര്‍ മല്‍സരിച്ച്‌ മരുന്നടിച്ചതും ഇതേ ഇന്ത്യയിലാണ്‌. സുനിതാ റാണിയും മോണിക്കാദേവിയും പ്രതിമാ കുമാരിയും സുനമാച്ച ചാനുവുമെല്ലാം ഈ ഇന്ത്യയുടെ വക്താക്കളാണ്‌. രാജ്യത്തിന്‌ മെഡല്‍ സമ്മാനിക്കാന്‍ തോക്കെടുത്ത താരത്തിന്‌ നിര്‍ണ്ണായക സമയത്ത്‌ പാര പണിയാന്‍ മാത്രം നമ്മുടെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ധൈര്യം വന്നുവെങ്കില്‍ ഇന്ത്യന്‍ കായികരംഗത്തെ രക്ഷപ്പെടുത്താന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല.
മഹിത മനോഹര ജനാധിപത്യത്തിന്റെ സുന്ദരവക്താക്കളാണ്‌ നമ്മള്‍. എന്തിനും ഏതിനും അധികാര വികേന്ദ്രികരണവും ഗ്രാമ സ്വരാജും ജനകീയതയും. ചൈനയെ ഒന്ന്‌ നോക്കുക-അവിടെ കമ്മ്യൂണിസമാണ്‌. ഒരു കാര്യം തീരുമാനിച്ചാല്‍ അത്‌ നടപ്പിലാവും. പാരകളും പപ്പാരകളും നടക്കില്ല. ചുവപ്പ്‌ നാടയും ഉദ്യോഗസ്ഥ ഇടപെടലുകളും അവിടെയില്ല. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ തന്നെ വലിയ ഉദാഹരണം. 2001 ല്‍ ആരംഭിച്ച ഒളിംപിക്‌സ്‌ ഒരുക്കത്തിന്റെ ഒരു ഘട്ടത്തിലും തടസ്സങ്ങളുണ്ടായിരുന്നില്ല. എല്ലാം ക്ലീന്‍. എല്ലാം തീരുമാനിക്കുന്നത്‌ ഭരണകൂടമാണ്‌. അതിനിടയില്‍ ഇടങ്കോലിടാന്‍ ആരെയും അനുവദിക്കില്ല.
ചൈന ഈ ഒളിംപിക്‌സില്‍ ലക്ഷ്യമിടുന്നത്‌ 119 മെഡലുകളാണ്‌. ആ ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക്‌ പ്രയാസപ്പെടേണ്ടി വരില്ല. ചൈനീസ്‌ താരത്തിന്റെ തോക്കിന്റെ സെറ്റര്‍ മാറ്റാന്‍ ഒരു സഹതാരം ശ്രമിച്ചാല്‍ അവന്‍ വിവരമറിയും.
ഇവിടെ ജനാധിപത്യത്തില്‍ എന്തിനും ഏതിനും എല്ലാവര്‍ക്കും സ്ഥാനം നല്‍കണം. കഴിഞ്ഞ ദിവസം കോഴിക്കോട്‌ കലക്ടറേറ്റില്‍ ഓണാഘോഷ കമ്മിറ്റി രൂപീകരണത്തിന്‌ ഞാന്‍ പോയിരുന്നു. കലക്ടറെ സാക്ഷി നിര്‍ത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ സംഘാടക സമിതി അംഗങ്ങളുടെ പേരുകള്‍ വായിച്ചു-അതായിരുന്നു യോഗത്തിന്റെ അജണ്ട. എല്ലാ പാര്‍ട്ടിക്കാരെയും നഗരത്തിലെ ദിവ്യന്മാരെയും ഈ രംഗത്തെ സ്ഥിരക്കാരെയും ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റി. ഇതാണ്‌ പതിവ്‌. എം.എല്‍.എ മാര്‍
ക്ക്‌ സ്വന്തം മണഡലത്തില്‍ ആഘോഷപരിപാടി ലഭിക്കണം. എല്ലാവരും സ്വന്തമെന്ന വാദം ഉയര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും സ്വന്തം താല്‍പ്പര്യങ്ങളുണ്ട്‌. 25 ലക്ഷമാണ്‌ ആഘോഷ പരിപാടികള്‍ക്ക്‌ നല്‍കുന്നത്‌. ഈ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ വലിയ പ്രയാസമില്ല.
ഈ വികേന്ദ്രീകരണം തന്നെയാണ്‌ കായിക രംഗത്തും നടക്കുന്നത്‌. എല്ലാവര്‍ക്കും പ്രാതിനിധ്യം. ഒളിംപിക്‌സിനായി ചൈന തെരഞ്ഞെടുത്തത്‌ ഏറ്റവും മികച്ച കായിക താരങ്ങളെയാണ്‌. അവന്‍ കമ്മ്യൂണിസ്റ്റാണോ, സാമ്രാജ്യത്വവാദിയാണോ എന്ന്‌ പരിശോധിച്ചായിരുന്നില്ല സെലക്ഷന്‍. കാക്കത്തൊള്ളായിരം കായിക സംഘടനകള്‍. അവക്കെല്ലാം പ്രാതിനിധ്യം നല്‍കണം. പ്രാതിനിധ്യം പേരിനെങ്കിലും നല്‍കിയില്ലെങ്കില്‍ ഇവരുടെ വിലപ്പെട്ട വോട്ട്‌ അടുത്ത തവണ ലഭിക്കില്ല. സുരേഷ്‌ കല്‍മാഡിക്കും രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടിനുമെല്ലാം വോട്ടിന്റെ വിലയറിയാം.
ദോഹ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുളള സെലക്ഷന്‍ ട്രയല്‍സില്‍ ഹെപ്‌ടാത്ത്‌ലണ്‍ താരം ജെ.ജെ ശോഭക്ക്‌ നിശ്ചിത പോയന്റ്‌ നേടാന്‍ കഴിഞ്ഞിരുന്നില്ല. സ്വാഭാവികമായും അവര്‍ പുറത്താണ്‌. പക്ഷേ ശോഭക്ക്‌ വേണ്ടി മാത്രം പ്രത്യേക സെലക്ഷന്‍ ട്രയല്‍സ്‌ പിന്നെ നടന്നു. അത്‌ അധികമാരുമറിഞ്ഞില്ല. അറിഞ്ഞവരോട്‌്‌ മിണ്ടരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത്തവണ ഒളിംപിക്‌സിനായി ശോഭക്കും സുസ്‌മിതക്കും ട്രയല്‍സ്‌ ബഹളമായിരുന്നു. ചില താരങ്ങള്‍ക്ക്‌ ടീമില്‍ സ്ഥാനം നല്‍കാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ നിര്‍ബന്ധിതരായിരുന്നു. കാരണം ഈ താരങ്ങള്‍ക്ക്‌ പിറകില്‍ വന്‍കിട സ്‌പോണ്‍സര്‍മാരുണ്ട്‌. നൈക്ക്‌ കമ്പനി കോടികളുടെ കരാര്‍ ഒരു താരവുമായി ഒപ്പിട്ടിട്ടുണ്ട്‌. ഈ കരാര്‍ തുക ലഭിക്കണമെങ്കില്‍ രാജ്യാന്തര രംഗത്ത്‌ തുടരണം. ഗഡുക്കളായാണ്‌ തുക നല്‍കാറുളളത്‌. ഓരോ സീസണിലും ഓരോ ഗഡു. രാജ്യാന്തര രംഗത്ത്‌ ഇല്ലെങ്കില്‍ ഗഡുവുമില്ല.
കായിക സംഘാടകര്‌ക്ക്‌ താരങ്ങളെക്കാള്‍ താല്‍പ്പര്യമാണ്‌-നാടു കാണാന്‍. എല്ലാവരും നമ്മുടെ മന്ത്രി വിജയകുമാറിനെ പോലെയല്ല. എങ്ങനെയെങ്കിലും നാടുകാണാന്‍ അവര്‍ എന്തും ചെയ്യും. തനിക്കെതിരെ പാരവെച്ചവരെ പറ്റി ഇന്നലെ രാഷ്ട്രപതിയുമായുളള കൂടിക്കാഴ്‌്‌ചക്ക്‌ ശേഷം അഭിനവ്‌ ബിന്ദ്ര പ്രതികരിച്ചില്ല. പ്രതിരിച്ചിട്ട്‌ കാര്യവുമില്ല. ഒരന്വേഷണ പ്രഖ്യാപനം നടത്തും. അത്‌ നനഞ്ഞ വെടിയുമാവും. ശ്രീശാന്തിന്‌ അടി കിട്ടിയതും മോണിക്കാദേവിയെ തഴഞ്ഞതുമെല്ലാം ഇവിടെ അന്വേഷിക്കപ്പെട്ടിട്ടുണ്ട്‌. അന്വേഷണ ശേഷം അടി കിട്ടിയ ശ്രീശാന്ത്‌ ടീമിന്‌ പുറത്തായി. അടിച്ച ഹര്‍ഭജന്‍ അകത്തുമായി.
ഇന്ന്‌ സ്വാതന്ത്ര്യദിനം. അല്‍പ്പമൊന്ന്‌ ചിന്തിക്കാം. അഭിനവ്‌ ബിന്ദ്രയെ പോല കരുത്തുളളവര്‍ ഈ നാട്ടിലുണ്ട്‌. ചൈനയെ പോലെ മുന്നേറാന്‍ നമുക്ക്‌്‌ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ജനാധിപത്യത്തിന്‌ പകരം കായികരംഗത്ത്‌ ഏകാധിപത്യം നടപ്പാക്കണം. ആദ്യം മന്ത്രി, അത്‌ കഴിഞ്ഞാല്‍ സ്‌പോര്‍ട്‌്‌സ്‌ ഫെഡറേഷനുകള്‍, അവര്‍ക്ക്‌ കീഴില്‍ ജില്ലാഘടകങ്ങള്‍, ഇതിനും താഴെ താരങ്ങള്‍-ഇങ്ങനെ ഒരു പിരമിഡ്‌ വേണ്ട. ഒരു ഏകാധിപതിക്ക്‌ മാത്രമാണ്‌ ഇവിടെ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുക-തീര്‍ച്ച.