Friday, July 31, 2009

AGAIN PAK DEFEAT

പാക്കിസ്‌താന്‌ വീണ്ടും പരാജയം
ധാംബൂല: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തിലും പാക്കിസ്‌താന്‌ തോല്‍വി. ആറ്‌ വിക്കറ്റിനാണ്‌ യൂനസ്‌ഖാനും സംഘവും പരാജയപ്പെട്ടത്‌. ഓപ്പണറുടെ റോളിലിറങ്ങി അതിവേഗതയില്‍ 123 റണ്‍സ്‌ നേടിയ മഹേല ജയവര്‍ദ്ധനെയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ആദ്യം ബാറ്റ്‌ ചെയ്‌തത്‌ പാക്കിസ്‌താനായിരുന്നു. ധാംബൂലയിലെ ചെറിയ മൈതാനത്ത്‌ അക്‌മല്‍ സഹോദരന്മാരുടെ മികവില്‍ (ഉമര്‍ അക്‌മല്‍-66, കമാന്‍ അക്‌മല്‍ 45) പാക്കിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ 288 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. ഈ മൈതാനത്തെ ഏറ്റവും വലിയ സ്‌ക്കോര്‍ ചേസ്‌ ചെയ്യാന്‍ സനത്‌ ജയസൂര്യക്ക്‌ പകരം വന്നത്‌ മഹേലയായിരുന്നു. ഉപുല്‍ തരംഗക്കൊപ്പം അദ്ദേഹം നല്‍കിയ തുടക്കത്തില്‍ ലങ്ക പരമ്പരയിലെ മൂന്നാം വിജയം സ്വന്തമാക്കി. പാക്കിസ്‌താനെതിരെ ലങ്കയില്‍ വെച്ച്‌ ആതിഥേയര്‍ നേടുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്‌. നേരത്തെ ടെസ്റ്റ്‌ പരമ്പരയിലും സങ്കക്കാരുയുടെ സംഘത്തിന്‌ തന്നെയായിരുന്നു വിജയം.
പരുക്ക്‌ കാരണം സനത്‌ ജയസൂര്യ ഇന്നലെ കളിച്ചിരുന്നില്ല. വെറ്ററന്‍ ഓപ്പണര്‍ക്ക്‌ പകരമാണ്‌ മഹേല വന്നത്‌. കൂട്ടിനുണ്ടായിരുന്ന ഉപുല്‍ തരംഗ തന്നിലെ ആക്രമണകാരിയെ പുറത്തെടുത്തപ്പോള്‍ അതില്‍ പ്രചോദനം ഉള്‍കൊണ്ടാണ്‌ മഹേലയും ക്രിസ്‌ വിട്ടുള്ള പ്രഹരങ്ങളിലുടെ സ്വന്തം ടീമിന്‌ വിജയം സമ്മാനിച്ചത്‌. മല്‍സരം 25 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ്‌ പോവാതെ 147 റണ്‍സ്‌ എന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. മികച്ച ബാറ്റ്‌സ്‌മാന്മാരുടെ സാന്നിദ്ധ്യം വാലറ്റം വരെയുളളതിനാല്‍ അവരെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷ പോലും ഈ ഘട്ടത്തില്‍ പാക്കിസ്‌താന്‌ നഷ്ടമായിരുന്നു. അബ്ദുള്‍ റസാക്കും മുഹമ്മദ്‌ ആമിറുമായിരുന്നു പാക്കിസ്‌താന്‌ വേണ്ടി പുതിയ പന്തെടുത്തത്‌. ഇരുവരെയും തരംഗയും മഹേലയും കണക്കിന്‌ ശിക്ഷിച്ചു. റാണ നവിദ്‌ വന്നിട്ടും കാര്യമുണ്ടായില്ല.
രാവിലെ പാക്കിസ്‌താന്‍ ഇന്നിംഗ്‌സില്‍ പ്രശോഭിച്ചത്‌ അക്‌മല്‍ സഹോദരങ്ങളായിരുന്നു. ഷാഹിദ്‌ അഫ്രീദിയുടെ മിന്നലാക്രമണവും ഫലം ചെയ്‌തു. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും പരാജയപ്പെട്ട പാക്കിസ്‌താന്‍ വിജയം തേടി തന്നെയാണ്‌ ഇറങ്ങിയത്‌. ബൗളര്‍മാരോട്‌ ദാക്ഷിണ്യം കാണിക്കാതെ എളുപ്പത്തില്‍ റണ്‍സ്‌ നേടുക എന്ന ലക്ഷ്യത്തില്‍ ഉമറും കമറാനും വിജയിച്ചു. പ്രതീക്ഷിച്ച തുടക്കം പാക്‌ സംഘത്തിന്‌ ലഭിച്ചിരുന്നില്ല. കമറാനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടാനെത്തിയ നാസിര്‍ ജാംഷിദ്‌ ഒരു റണ്ണുമായി പുറത്തായി. നായകനായ യൂനസ്‌ഖാന്‍ കമറാനൊപ്പം വേഗതയില്‍ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റ്‌ പെട്ടെന്ന്‌ വീണത്‌ സ്‌ക്കോര്‍ ബോര്‍ഡിനെ ബാധിച്ചില്ല. സ്‌ക്കോര്‍ 80 ല്‍ കമറാന്‍ പുറത്തായത്‌ പക്ഷേ ക്ഷീണമായി. ഷുഹൈബ്‌ മാലിക്‌ 18 പന്തില്‍ 12 റണ്‍സുമായും യൂനസ്‌ 59 പന്തില്‍ 44 റണ്‍സുമായും പുറത്തായി. വെടിക്കെട്ടുകാരനായ ഉമര്‍ അക്‌മല്‍ സ്‌പിന്നര്‍ മുത്തയ്യ മുരളിധരനെ കാര്യമായി പ്രഹരിച്ചാണ്‌ 66 റണ്‍സ്‌ നേടിയത്‌. വാലറ്റത്തില്‍ അഫ്രീദിയും (20 പന്തില്‍ 32), അബ്ദുള്‍ റസാക്കും (26 പന്തില്‍ 30), റാണ നവീദും (23 പന്തില്‍ 30 നോട്ടൗട്ട്‌) കസറിയതാണ്‌ സ്‌ക്കോര്‍ ബോാര്‍ഡിന്‌ മാന്യത നല്‍കിയത്‌. ലങ്കന്‍ ബൗളര്‍മാരില്‍ മുരളിക്കാണ്‌ കാര്യമായ ആഘാതമേറ്റത്‌. സ്‌പിന്നര്‍മാരെ തുണക്കുന്ന പിച്ചായിട്ട്‌ പോലും പത്ത്‌ ഓവറില്‍ മുരളി 64 റണ്‍സ്‌ വഴങ്ങി. നുവാന്‍ കുലശേഖര എന്ന സീമറാവട്ടെ 74 റണ്‍സാണ്‌ നല്‍കിയത്‌.

ക്രിക്കറ്റര്‍മാര്‍ ഒറ്റപ്പെടുന്നു
ന്യൂഡല്‍ഹി: ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന്‌ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡും, ക്രിക്കറ്റ്‌ താരങ്ങളും ഒറ്റപ്പെടുന്നു. രാജ്യത്തെ ഭൂരിപക്ഷം കായിക ഫെഡറേഷനുകള്‍ക്കൊപ്പം ഇന്നലെ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗിലും വാഡ നിബന്ധനകള്‍ക്ക്‌ അനുകൂലമായി പ്രതികരിച്ച സാഹചര്യത്തില്‍ ക്രിക്കറ്റര്‍മാര്‍ പ്രതിസന്ധി മുഖത്താണ്‌. തങ്ങളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതാണ്‌ വാഡയുടെ ചില വ്യവസ്ഥകള്‍ എന്ന്‌ പറഞ്ഞാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും സീനിയര്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗുമെല്ലാം അകന്ന്‌ നില്‍ക്കുന്നത്‌. സീനിയര്‍ താരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ വാഡയില്‍ പേടിക്കാനെന്തുണ്ടെന്നാണ്‌ എം.എസ്‌ ഗില്‍ ചോദിക്കുന്നത്‌. വാഡ നിബന്ധനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. അതില്‍ കുഴപ്പമൊന്നുമില്ല-മന്ത്രി പറഞ്ഞു. കായിക താരങ്ങളുടെ ജീവിതം തുറന്ന പുസ്‌തകമാവണം. അവര്‍ക്ക്‌ എന്താണ്‌ ഒളിക്കാനുളളത്‌. ഡല്‍ഹിയിലെ നാഷണല്‍ ഡോപ്‌ ടെസ്റ്റിംഗ്‌ ലാബിന്‌ വാഡ അംഗീകാരം നല്‍കിയത്‌ ഇന്ത്യക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. നെഹ്‌റു സ്റ്റേഡിയത്തിന്‌ തൊട്ടരികില്‍ ഡോപ്‌ ടെസ്റ്റിംഗ്‌ ലാബ്‌ സ്ഥാപിച്ചിട്ടുണ്ട്‌്‌. സ്വീഡനില്‍ നിന്ന്‌ പോലും ഡോപ്‌ സാമ്പിളുകള്‍ ഈ ലാബിലേക്കാണ്‌ അയക്കുന്നത്‌. ഇന്ത്യക്ക്‌ ലഭിക്കുന്ന ഈ പരിഗണന ആരും മറക്കരുതെന്നും ഗില്‍ പറഞ്ഞു.
താരങ്ങളെക്കുറിച്ചുളള സമ്പൂര്‍ണ്ണ വിവരം നല്‍കണമെന്ന വാഡ വ്യവസ്ഥയാണ്‌ ക്രിക്കറ്റര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്‌. അടുത്ത മൂന്ന്‌ മാസം എല്ലാവരും എവിടെയാണെന്ന്‌ മുന്‍ക്കൂട്ടി തന്നെ വാഡയെ അറിയിച്ചിരിക്കണം. എന്നാല്‍ ഇങ്ങനെ നല്‍കുന്ന വിവരം തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ്‌ താരങ്ങള്‍ പറയുന്നത്‌. കൂടാതെ ക്രിക്കറ്റര്‍മാരെല്ലാം തീവ്രവാദി ഭീഷണി നേരിടുന്നവരാണെന്നും അടുത്ത മൂന്ന്‌ മാസക്കാലം തങ്ങള്‍ എവിടെയെല്ലാമാണ്‌ എന്ന്‌ മുന്‍കൂട്ടി വ്യക്തമാക്കിയാല്‍ അത്‌ സുരക്ഷയെ ബാധിക്കുമെന്നും അവര്‍ സമര്‍ത്ഥിക്കുന്നു.
താരങ്ങള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ വാഡയെ അംഗീകരിച്ച്‌ ഐ.സി.സികൊപ്പം നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌. ഐ.സി.സി അംഗരാജ്യങ്ങളെല്ലാം കരാറില്‍ ഒപ്പിടമെന്നാണ്‌ വ്യവസ്ഥ. ഇന്ത്യ ഐ.സി.സി യിലെ സീനിയര്‍ അംഗമാണ്‌. കരാറില്‍ ഇന്ത്യ ഒപ്പിടാത്തപക്ഷം അത്‌ ഇന്ത്യയെ ബാധിക്കും. ഐസി.സി നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക്‌ കളിക്കാന്‍ കഴിയാത്ത അവസ്ഥ വരും. വാഡയുടെ കീഴില്‍ നിന്ന്‌ മാറി ക്രിക്കറ്റിനായി സ്വന്തമായി ഡോപ്പിംഗ്‌ കോഡ്‌ വേണമെന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആവശ്യപ്പെടുന്നത്‌. ഒക്ടോബറില്‍ ചേരുന്ന ഐ.സി.സി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത്‌ സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കാനാണ്‌ ഇന്ത്യന്‍ നീക്കം. അത്‌ വരെ വാഡയെ പിടിച്ചുനിര്‍ത്താനാണ്‌ ഇന്ത്യ ഐ.സി.സിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌.
കഴിഞ്ഞ ജനുവരി ഒന്ന്‌ മുതല്‍ ഐ.സി.സി വാഡ നിബന്ധനകള്‍ നടപ്പിലാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോഴാണ്‌ വ്യവസ്ഥകള്‍ അംഗീകരിക്കാനും കരാറില്‍ ഒപ്പിടാനുമുളള നിര്‍ദ്ദേങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക്‌ നല്‍കിയത്‌. ഐ.സി.സി അംഗരാജ്യങ്ങളിലെ താരങ്ങളെല്ലാം കരാറില്‍ നിയമപരമായി ഒപ്പിടേണ്ടവരാണ്‌. മിക്ക രാജ്യങ്ങളിലെയും താരങ്ങള്‍ കരാറില്‍ ഒപ്പിട്ടുണ്ട്‌. എന്നാല്‍ മൂന്ന്‌ മാസം മുമ്പ്‌ തന്നെ എവിടെയാണുണ്ടാവുക എന്ന തരത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന ഇന്ത്യന്‍ താരങ്ങളുടെ നിലപാടില്‍ ഐ.സി.സിക്ക്‌ വിയോജിപ്പുണ്ട്‌. കരാര്‍ ഒപ്പിടാത്ത താരങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി ഐ.സി.സിക്ക്‌ സ്വീകരിക്കാം. ഇന്ത്യന്‍ ഭരണഘടനയാണ്‌ ഇതിന്‌ കരുത്തേകാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉയര്‍ത്തി കാണിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും സ്വകാര്യത ഉറപ്പുനല്‍കുന്നുണ്ടെന്നും വാഡ വ്യവസ്ഥകള്‍ ഈ ഭരണഘടനാ ആനകൂല്യത്തിന്‌ എതിരാണെന്നുമാണ്‌ ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്‌. ജൂലൈ 31 നാണ്‌ കരാറില്‍ എല്ലാവരും ഒപ്പിടേണ്ട അവസാന തിയ്യതി. ഈ തിയ്യതി കഴിഞ്ഞിട്ടും ബി.സി.സി.ഐ സ്വന്തം നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്പോള്‍ സെപ്‌തംബറില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ഇന്ത്യന്‍ പ്രാതിനിധ്യം പോലും അപകടത്തിലാണ്‌.
കായികരംഗം പൂര്‍ണ്ണമായും ഉത്തേജക മുക്തമാവണമെന്ന ലക്ഷ്യത്തിലാണ്‌ വാഡ പുതിയ വ്യവസ്ഥകളുമായി രംഗത്ത്‌ വന്നത്‌. ഒളിംപിക്‌സ്‌ ഉള്‍പ്പെടെ വലിയ കായിക മാമാങ്കങ്ങള്‍ പോലും ഡോപ്പിംഗില്‍ ഇല്ലാതാവുമ്പോള്‍ കര്‍ശനമായ നിയമനടപടികള്‍ മാത്രമാണ്‌ രക്ഷയെന്ന്‌ വാഡ വിശദീകരിക്കുന്നു. ഇതിനോട്‌ ബി.സി.സി.ഐക്ക്‌ വിയോജിപ്പില്ല. കായികരംഗം പൂര്‍ണ്ണമായും ഉത്തേജകമുക്തമാവണം. എന്നാല്‍ ക്രിക്കറ്റിന്‌ മാത്രമായി പ്രത്യക ഡോപ്പ്‌ കോഡ്‌ ഐ.സി.സി കൊണ്ടുവരുന്നതാണ്‌ നല്ലതെന്ന്‌ ബി.സി.സി.ഐ പറയുന്നു. ഐ.സി.സിയും വാഡയും ബി.സി.സി.ഐയുമായി ബന്ധപ്പെട്ടാല്‍ താരങ്ങളെ 24 മണിക്കൂറിനകം മുന്നിലെത്തിക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ ബോര്‍ഡ്‌ ഒഫീഷ്യല്‍സ്‌ പറയുന്നത്‌.

വീട്ടുവീഴ്‌ച്ചക്കില്ല
അഡലെയ്‌ഡ്‌: ലോക ഡോപ്പിംഗ്‌ ഏജന്‍സി-വാഡ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ ഒരു വിട്ടുവീഴ്‌ച്ചക്കുമില്ല. കായികരംഗം പൂര്‍ണ്ണമായും ഉത്തേജക മുക്തമാക്കുക എന്ന വിശാല ലക്ഷ്യത്തിലാണ്‌ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇതില്‍ മാറ്റമില്ല. ജനുവരി ഒന്നിനാണ്‌ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയത്‌. ഇതിനകം ലോകത്തെ 571 കായിക ഫെഡറേഷനുകള്‍ ഇത്‌ നടപ്പിലാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ മാത്രമാണ്‌ ഇളവുകള്‍ നല്‍കാനാവില്ല. ഐ.സി.സിയോടാണ്‌ പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ഐ.സി.സി ഇത്‌ നടപ്പിലാക്കാത്തപക്ഷം ക്രിക്കറ്റിനെ ഒളിംപിക്‌ ഗെയിമാക്കി മാറ്റുക എന്ന ലക്ഷ്യം നടപ്പിലാവില്ലെന്നും വാഡ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ക്രിക്കറ്റിനെ ഒരു കാലത്തും ഒളിംപിക്‌ ഗെയിമാക്കി മാറ്റാന്‍ പോവുന്നില്ലെന്നാണ്‌ ഇതിന്‌ വീശദീകരണമായി ഒരു ബി.സി.സി.ഐ ഉന്നതന്‍ പറഞ്ഞത്‌. ഐ.സി.സി ബോര്‍ഡില്‍ ക്രിക്കറ്റിനെ ഒളിംപിക്‌ ഗെയിമാക്കി മാറ്റാനുളള നിര്‍ദ്ദേശം മുമ്പ്‌ ഇന്ത്യയും ഇംഗ്ലണ്ടും വെച്ചപ്പോള്‍ അത്‌ നിരാകരിക്കപെടുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

പീസ്‌ കപ്പ്‌ ആസ്റ്റണ്‍വില്ലക്ക്‌
സെവിയെ: പത്ത്‌ പ്രമുഖ സോക്കര്‍ ക്ലബുകള്‍ മല്‍സരിച്ച പീസ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ആസ്റ്റണ്‍വില്ലക്‌ കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയിലെ യുവന്തസിനെ പരാജയപ്പെടുത്തി. റയല്‍ മാഡ്രിഡ്‌ ഉള്‍പ്പെടെ വന്‍ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നത്‌. ഫൈനല്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍
സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ ഷൂട്ടൗട്ട്‌ നിശ്ചയിച്ചത്‌. ജിയാന്‍ ലുക്കാ ബഫണ്‍ കാത്ത യുവന്തസ്‌ വലയിലേക്ക്‌ ആസ്‌റ്റണ്‍ വില്ലക്കാര്‍ നിറയൊഴിച്ച അഞ്ച്‌ ഷോട്ടുകളില്‍ നാലുമെത്തിയപ്പോള്‍ ഇറ്റലിക്കാര്‍ക്ക്‌ മൂന്ന്‌ ഷോട്ടുകളാണ്‌ ലക്ഷ്യത്തിലെത്തിയത്‌. ടീമിലെ സൂപ്പര്‍ താരങ്ങളായ വിന്‍സെന്‍സോ ലാക്വിന്റ, അലക്‌സാണ്ടറോ ദെല്‍പിയാറോ എന്നിവരാണ്‌ ഷോട്ടുകള്‍ തുലച്ചത്‌. നിശ്ചിത സമയ പോരാട്ടത്തില്‍ യുവന്തസിനായിരുന്നു മുന്‍ത്തൂക്കം. റയല്‍ മാഡ്രിഡിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തി യുവന്തസിന്‌ പക്ഷേ രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ട്‌ തവണയും അവസരങ്ങള്‍ നഷ്‌മാക്കിയത്‌ ഡേവിഡ്‌ ട്രെസിഗെയായിരുന്നു.

15 തവണ ഗ്രാന്‍ഡ്‌സ്ലാം ടെന്നിസ്‌ കിരീടങ്ങള്‍ സ്വന്തമാക്കി ലോക ടെന്നിസില്‍ പുതിയ ഇതിഹാസം രചിച്ച താരമാണ്‌ റോജര്‍ ഫെഡ്‌റര്‍, ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസമാണ്‌ റയല്‍ മാഡ്രിഡിന്റെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, സ്‌പാനിഷുകാരനായ റാഫേല്‍ നദാല്‍ പവര്‍ ടെന്നിസിലെ ശക്തനായ വക്താവാണ്‌, ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ലോക റെക്കോര്‍ഡ്‌ പ്രകടനവുമായി കിളിക്കൂടിനെ വിറപ്പിച്ച അത്‌ലറ്റാണ്‌ ഉസൈന്‍ ബോള്‍ട്ട്‌, ബെയ്‌ജിംഗില്‍ സ്വര്‍ണ്ണ നേട്ടത്തില്‍ റെക്കോര്‍ഡിട്ട അമേരിക്കന്‍ നീന്തല്‍ താരമാണ്‌ മൈക്കല്‍ ഫെല്‍പ്‌സ്‌- ഇവരെക്കുറിച്ചെല്ലാം പറയാന്‍ കാരണമുണ്ട്‌. ഈ ലോകോത്തര താരങ്ങളെല്ലാം ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയുടെ കരാറില്‍ സംശയമില്ലാതെ ഒപ്പിട്ടവരാണ്‌. നമ്മുടെ സച്ചിന്‍
ടെണ്ടുല്‍ക്കര്‍ക്കും മഹേന്ദ്രസിംഗ്‌ ധോണിക്കുമൊന്നും പക്ഷേ കരാര്‍ ദഹിക്കുന്നില്ല. അവര്‍ സ്വകാര്യതയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഇല്ലാത്ത ന്യായവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സൂപ്പര്‍ താരങ്ങളെ ആശ്രയിച്ച്‌ കഴിയുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ അതിന്‌ സമ്മതവും നല്‍കുന്നു. കായിക ലോകത്തെ 191 രാജ്യങ്ങളിലെ 571 കായിക സംഘടനകളാണ്‌ 2009 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വാഡ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്‌. ജൂലൈ 31 ആയിരുന്നു കരാറില്‍ ഒപ്പിടേണ്ട അവസാന ദിവസം. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ മാത്രംകരാറില്‍ ഒപ്പിട്ടില്ല. തികഞ്ഞ അഹന്തയില്‍ അവര്‍ സംസാരിക്കുമ്പോള്‍ നമ്മുടെ കായികരംഗം ലോക തലത്തില്‍ പരിഹസിക്കപ്പെടുകയാണ്‌. സ്വകാര്യതയയെ ബാധിക്കുന്ന ഒന്നും കരാര്‍ വ്യവസ്ഥയില്‍ ഇല്ല. ഓരോ ദിവസവും ഒരു മണിക്കൂര്‍ എവിടെയാണ്‌ തങ്ങളെന്ന്‌ താരങ്ങള്‍ വിശദമാക്കണമെന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഒരു ദിവസം ഒരു മണിക്കൂര്‍ എവിടെയായിരിക്കും എന്ന്‌ വെളിപ്പെടുത്താന്‍ എന്തിനാണ്‌ നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഭയപ്പെടുന്നത്‌..? ഇതിലെന്ത്‌ സുരക്ഷയും സ്വകാര്യതയുമുണ്ട്‌..?
കായിക ലോകത്തെ ഇല്ലാതാക്കുന്ന മരുന്നുവിവാദങ്ങള്‍ക്ക്‌ അന്ത്യമിടുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ വാഡ നടപടികള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്‌. എല്ലാ കായികതാരങ്ങളും വാഡയുമായി സഹകരിച്ചാല്‍ ഉത്തേജകങ്ങളെ മൈതാനത്ത്‌ നിന്ന്‌ അകറ്റാം. എല്ലാവരും എവിടെയാണെന്ന്‌ വ്യക്തമാക്കണം. അതില്‍ പ്രയാസത്തിന്റെ കാര്യമില്ല. അത്‌ സ്വകാര്യതയെ ബാധിക്കില്ല. സൂപ്പര്‍ താരങ്ങളുടെ സ്വകാര്യതയിലേക്ക്‌ തള്ളിക്കയറാന്‍ വാഡക്ക്‌ താല്‍പ്പര്യമുണ്ടാവില്ല. പക്ഷേ എല്ലാവരെയും കര്‍ക്കശമായി നിരീക്ഷിക്കുന്നു എന്ന സൂചനയാണ്‌ വാഡ നല്‍കുന്നത്‌.
വാഡയുടെ കരാറില്‍ തുടര്‍ച്ചയായി മൂന്ന്‌ തവണ ഒപ്പിടാത്തപക്ഷം ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ കാത്തിരിക്കുന്നത്‌ രണ്ട്‌ വര്‍ഷം വരെ ദീര്‍ഘിക്കുന്ന രാജ്യാന്തരവിലക്കാണ്‌. വാഡയുടെ വ്യവസ്ഥകളുമയി ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ഒപ്പം നില്‍ക്കവെ ഇന്ത്യ അകന്നു നില്‍ക്കുന്നത്‌ ദോഷം മാത്രമാണ്‌ ചെയ്യുക.
സ്വകാര്യതയെക്കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ മാത്രമാണ്‌ ആശങ്ക. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ക്രിക്കറ്റര്‍മാര്‍ കരാറില്‍ ഒപ്പിട്ടുണ്ട്‌. യൂറോപ്യന്‍ ഫുട്‌ബോളിലെ കൊല കൊമ്പന്മാര്‍ വരെ കരാറില്‍ ഒപ്പിട്ടിരിക്കുന്നു. ഇന്ത്യയില്‍ തന്നെ മറ്റ്‌ കായിക താരങ്ങള്‍ക്ക്‌ കരാറിനോട്‌ എതിര്‍പ്പില്ല. ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ച അഭിനവ്‌ ബിന്ദ്ര ശക്തമായി കരാറിനെ അനുകൂലിക്കുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട്‌ ബിന്ദ്ര. ക്രിക്കറ്റിനെ ഒളിംപിക്‌ ഇനമാക്കണമെന്ന്‌ വാദിക്കുന്ന നമ്മുടെ ക്രിക്കറ്റര്‍മാര്‍ വാഡയോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നത്‌ രസകരമാണ്‌.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സത്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തേണ്ട ക്രിക്കറ്റ്‌ ബോര്‍ഡ്‌ വാഡക്കെതിരെ സംസാരിക്കുന്നത്‌ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ കായികമന്ത്രി എം.എസ്‌ ഗില്‍ വാഡക്ക്‌ അനുകൂലമായി സംസാരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കേണ്ട ക്രിക്കറ്റ്‌ ബോര്‍ഡ്‌ വെല്ലുവിളി ഉയര്‍ത്തുന്നത്‌. ഇന്ത്യന്‍ കായികരംഗത്ത്‌ മാത്രമാണ്‌ ഇങ്ങനെയൊരു വിരോഭാസമുണ്ടാവുക....!

ROBSON_AMEMMORY

റോബ്‌സണ്‍-ഇനി ഓര്‍മ്മ
ലണ്ടന്‍: അര്‍ബുദത്തെ പതിനെട്ട്‌ വര്‍ഷത്തോളം മന:ക്കരുത്തല്‍ തോല്‍പ്പിച്ച സര്‍ ബോബി റോബ്‌സണ്‍ എന്ന ഇംഗ്ലീഷ്‌ ഫുട്‌ബോളിലെ ഇതിഹാസതാരം എഴുപത്തിയാറാം വയസ്സില്‍ ലോകത്തോട്‌ വിടപറഞ്‌#ു. ഇന്നലെ രാവിലെ ഡര്‍ഹമിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്‌. അഞ്ച്‌ തരം അര്‍ബുദങ്ങള്‍ ബാധിച്ചിട്ടും രോഗത്തെ തോല്‍പ്പിക്കാന്‍ മന:ക്കരുത്ത്‌ ആയുധമാക്കിയ ബോബി ശയ്യയില്‍ കിടക്കാതെ മരിക്കും വരെ ഫുട്‌ബോള്‍ മൈതാനത്ത്‌ സജീവമായിരുന്നു. ഇംഗ്ലണ്ടിന്റെ താരമായി, കോച്ചായി, ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡ്‌, ഐപ്‌സ്‌ വിച്ച്‌, ഡര്‍ഹം തുടങ്ങിയ ടീമുകളുടെ പരിശീലകനായി സദാ സോക്കര്‍ ജാഗ്രതയില്‍ ജീവിച്ച ബോബി ഫുട്‌ബോളില്‍ മാത്രമല്ല മെഡിക്കല്‍ സയന്‍സ്‌ ചര്‍ച്ചകളില്‍ പോലും നിറഞ്ഞ്‌ നിന്നതിന്‌ ശേഷമാണ്‌ യവനികക്കുള്ളിലേക്ക്‌ മറഞ്ഞത്‌. 1991 ലാണ്‌ അര്‍ബുദം തന്റെ ശരീരത്തെ ബാധിച്ച കാര്യം ആദ്യമായി ബോബി അറിയുന്നത്‌. കുടലില്‍ ആയിരുന്നു രോഗബാധ. 1992 ല്‍ രോഗം മറ്റ്‌ ഭാഗങ്ങളെ ബാധിച്ചു. 1995 ല്‍ ശ്വാസകോശത്തിനെയും രോഗം ഗ്രസിച്ചതായി കണ്ടെത്തി. 2006 ല്‍ തലച്ചോറിനെയും മഹാരോഗം ബാധിച്ചിട്ടും ബോബി തളര്‍ന്നില്ല. എല്ലാ തരം ചകില്‍സകളെയും മന്ദഹാസത്തോട നേരിട്ട അദ്ദേഹം 2007 ലാണ്‌ കീമോ തെറാപ്പിയുമായി മുന്നോട്ട്‌ പോയത്‌ ഇപ്പോഴിതാ കാലത്തോട്‌ വിട ചോദിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ മഹാനായ താരത്തെ നമിക്കുകയാണ്‌. കഴിഞ്ഞ ഞായറാഴ്‌ച്ച പോലും അദ്ദേഹം മൈതാനത്ത്‌ വന്നിരുന്നു. സെന്റ്‌ ജെയിംസ്‌ പാര്‍ക്കില്‍ നടന്ന ഒരു ചാരിറ്റി മല്‍സരത്തിനാണ്‌ ബോബി അവസാനമായി വന്നത്‌.
സോക്കര്‍ മൈതാനത്ത്‌ ബോബിയെ ലോകവും ഇംഗ്ലണ്ടും ഓര്‍മ്മിക്കുക 1990 ലെ ലോകകപ്പിലൂടെയാണ്‌. അലന്‍ ഷിയറര്‍, പോള്‍ ഗാസ്‌കോയിന്‍, പീറ്റര്‍ ഷില്‍ട്ടണ്‍ തുടങ്ങിയ വിഖ്യാത താരങ്ങളുമായി ലോകകപ്പിനെത്തിയ ഇംഗ്ലീഷ്‌ ടീമിന്റെ പരിശീലകനായിരുന്നു ബോബി. മുപ്പതിനായിരത്തോളം പേരെ സാക്ഷിയാക്കി ഇംഗ്ലണ്ട്‌ ആ ലോകകപ്പില്‍ ജര്‍മനിയെ 3-2 ന്‌ മറിച്ചിട്ടപ്പോള്‍ അത്‌ ലോകം ഓര്‍ത്തിരിക്കുന്ന പോരാട്ടമായി. ലോകകപ്പിന്റെ സെമി ഫൈനലില്‍ പക്ഷേ രണ്ട്‌ പ്രതിയോഗികളും വീണ്ടും മുഖാമുഖം വന്നപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പക്ഷേ ഇംഗ്ലണ്ട്‌ പരാജയപ്പെട്ടു. ഞായറാഴ്‌ച്ച ജെയിംസ്‌ പാര്‍ക്കില്‍ നടന്ന ചാരിറ്റി മല്‍സരത്തില്‍ അലന്‍ ഷിഷറര്‍ ഉള്‍പ്പെടെയുളളവര്‍ കളിച്ചപ്പോള്‍ അവര്‍ക്ക്‌ വേണ്ടി കൈയ്യടിക്കാന്‍ ഉണ്ടായിരുന്ന ബോബി മരിക്കുമ്പോള്‍ ഭാര്യയും കുട്ടികളും സമീപത്തുണ്ടായിരുന്നു.
അമ്പതുകളിലായിരുന്നു സര്‍ ബോബി ഇംഗ്ലീഷ്‌ ഫുട്‌ബോളില്‍ ജ്വലിച്ചുനിന്നത്‌. ഫുള്‍ഹാമായിരുന്നു അദ്ദേഹത്തിന്റെ ആദ്യതട്ടകം. പിന്നീട്‌ വെസ്റ്റ്‌ ബ്രോമിലും കസറി. തുടര്‍ന്നാണ്‌ രാജ്യത്തിന്‌ കളിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത.്‌ ഇരുപത്‌ മല്‍സരങ്ങളിലാണ്‌ അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമിട്ടത്‌. കളിക്കളത്തില്‍ നിന്ന്‌ വിട്ട ശേഷം ഉത്തര അമേരിക്കന്‍ സോക്കര്‍ ലീഗില്‍ വാന്‍കൂവര്‍ റോയല്‍സ്‌ ടീമിന്റെ താരവും കോച്ചായും അദ്ദേഹമുണ്ടായിരുന്നു. 1968 ല്‍ ഫുള്‍ഹാമിന്റെ കോച്ചായി ചുമതലയേറ്റ ബോബിയെ പക്ഷേ ഉടന്‍ തന്നെ ക്ലബ്‌ പിരിച്ചുവിട്ടത്‌ വിവാദമായിരുന്നു. 1969 ല്‍ അദ്ദേഹം ഐപ്‌സ്വിച്ചിന്‍രെ മാനേജരായി. ക്ലബിന്‍രെ സുവര്‍ണ്ണകാലമായിരുന്നു ഇത്‌. 1978 ല്‍ എഫ്‌.എ കപ്പും 1981 ല്‍ യുവേഫ കപ്പും ഐപ്‌സ്‌ വിച്ച്‌ സ്വന്തമാക്കിയത്‌ ബോബിയുടെ പരിശീലനത്തിലായിരുന്നു. ഈ വിജയത്തിലുടെ ഇംഗ്ലീഷ്‌ ദേശീയ ടീമിന്റെ പരിശീലക പദവിയും അദ്ദേഹത്തിന്‌ ലഭിച്ചു. 1982 ലെ ലോകകപ്പിന്‌ ശേഷമാണ്‌ ദേശീയ ഡ്യൂട്ടിക്കായി ബോബി നിയോഗിക്കപ്പെട്ടത്‌. പക്ഷേ 1984 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇംഗ്ലണ്ട്‌ യോഗ്യത നേടാതിരുന്നത്‌ ബോബിക്ക്‌ തിരിച്ചടിയായി. 1986 ലെ ലോകകപ്പില്‍ പക്ഷേ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി ഇംഗ്ലണ്ട്‌. അര്‍ജന്റീനിയന്‍ സോക്കര്‍ ഇതിഹാസം കളം നിറഞ്ഞ 86 ലെ ലോകകപ്പില്‍ നിര്‍ഭാഗ്യവാന്മാരായി പിന്നീട്‌ ചിത്രീകരിക്കപ്പെട്ട ഇംഗ്ലീഷ്‌ ടീമിന്റെ അമരത്ത്‌ മറ്റാരുമായിരുന്നില്ല. അന്ന്‌ ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട്‌ അര്‍ജന്റീനക്ക്‌ മുന്നില്‍ മറഡോണയുടെ വിവാദമായ ദൈവത്തിന്റെ ഗോളിലാണ്‌ തോറ്റത്‌. 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദേശീയ ടീമിനൊപ്പം മറ്റാരുമായിരുന്നില്ല. പക്ഷേ ഒരു ഗ്രൂപ്പ്‌ മല്‍സരം പോലും ഇംഗ്ലണ്ടിന്‌ ജയിക്കാനായില്ല. 90 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിലായിരുന്നു ബോബി വിസ്‌മയം. ലോകകപ്പിന്റെ സെമിഫൈനല്‍ വരെ ടീമിനെ എത്തിച്ച ബോബിക്ക്‌ നിര്‍ഭാഗ്യമാണ്‌ അന്ന്‌ വില്ലനായത്‌. സെമിയില്‍ ജര്‍മനിയോട്‌ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്‌ തോല്‍ക്കുമ്പോള്‍ ലോകകപ്പ്‌ ടീമിന്‌ നഷ്‌ടമായത്‌ ചുണ്ടിന്‌ അരികില്‍ വെച്ചായിരുന്നു. ആ ലോകകപ്പില്‍ ബെല്‍ജിയത്തെയും കാമറൂണിനെയും നോക്കൗട്ട്‌ ഘട്ടത്തില്‍ അനായാസം തോല്‍പ്പിച്ച ഇംഗ്ലണ്ട്‌ ജര്‍മനിക്ക്‌ മുന്നില്‍ മാത്രമാണ്‌ വിയര്‍ത്തത്‌. ഗാരി ലിനേക്കര്‍ നയിച്ച ടീം പക്ഷേ കളി അധികസമയത്തേക്ക്‌ ദീര്‍ഘിപ്പിച്ചു. സ്റ്റ്യുവര്‍ട്ട്‌ പിയേഴ്‌സ്‌, ക്രിസ്‌ വാഡില്‍ എന്നിവര്‍ പെനാല്‍ട്ടി നഷ്ടമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്‌ കരയാനായിരുന്നു വിധി. പക്ഷേ ഒരിക്കല്‍ പോലും ബോബി കരഞ്ഞിരുന്നില്ല. ടീമിന്‌ ഉത്തേജനം നല്‍കുന്ന യഥാര്‍ത്ഥ പരിശീലകനായാണ്‌ അദ്ദേഹം അവസാനം വരെ ജീവിച്ചത്‌.

എന്റെ ഊര്‍ജ്ജം ബോബിയായിരുന്നു
ഡര്‍ഹം: ഫുട്‌ബോളില്‍ കരുത്തോടെ കുതിക്കാന്‍ തനിക്ക്‌ ഊര്‍ജ്ജമേകിയത്‌ സര്‍ ബോബി റോബ്‌സണായിരുന്നു. അദ്ദേഹമാണ്‌ എനിക്ക്‌ കരുത്തും ഊര്‍ജ്ജവുമായത്‌-ഗാരി ലിനേക്കര്‍ വേദനയടെ തന്റെ മുന്‍ പരിശീലകനെ ഓര്‍ത്തു. ഇംഗ്ലീഷ്‌ ഫുട്‌ബോളിന്‌ മാത്രമല്ല ലോക ഫുട്‌ബോളിന്‌ തന്നെ കനത്ത ആഘാതമാണ്‌ ഈ ദിനം. പരിശീലകന്‍ എന്ന നിലയില്‍ എല്ലാ താരങ്ങളിലും അദ്ദേഹമുണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല. 90 ലെ ലോകകപ്പില്‍ ഞങ്ങളുടെ സംഘം കരുത്തോടെ കളിച്ചതിന്‌ പിറകില്‍ അദ്ദേഹമായിരുന്നു. വലിയ എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ ആക്രമണ ഫുട്‌ബോളിന്റെ പ്രായോഗികതയെക്കുറിച്ച്‌ പറഞ്ഞ്‌ തന്ന അദ്ദേഹം തോറ്റാലും താരങ്ങളെ പഴിക്കാറില്ലെന്നും ലിനേക്കര്‍ പറഞ്ഞു. വര്‍ഷങ്ങളോളം ഇംഗ്ലീഷ്‌ ദേശീയ ടീമിന്റെ പരിശീലകനായ ബോബി നിരവധി സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയിട്ടുണ്ട്‌. പീറ്റര്‍ ഷില്‍ട്ടണ്‍ എന്ന ഇംഗ്ലണ്ട്‌ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍ ബോബിയുടെ സംഭാവനയായിരുന്നു. അലന്‍ ഷിയറുടെ സുവര്‍ണ്ണകാലം ബോബിക്ക്‌ കീഴിലായിരുന്നു, ലിനേക്കറെ ലോകം അറിഞ്ഞത്‌്‌ ബോബിയുടെ ശിഷ്യനായാണ്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകള്‍ക്കും ഇംഗ്ലീഷ്‌ ദേശീയ ടീമിനെയും പരിശീലിപ്പിച്ചതിന്‌ ശേഷം ബോബി രാജ്യം വിട്ടത്‌ തന്നെ അദ്ദേഹത്തിന്റെ പ്രശസ്‌തിക്കുളള തെളിവാണ്‌. ഇംഗ്ലീഷ്‌ ദേശീയ ഡ്യൂട്ടിക്ക്‌ ശേഷമാണ്‌ അദ്ദേഹം ഹോളണ്ടിലേക്ക്‌ പോയത്‌. പി.എസ്‌.വി ഐന്തോവാനെ 1991 ലും 92 ലും അദ്ദേഹം ദേശീയ ചാമ്പ്യന്മാരാക്കി. ഹോളണ്ടില്‍ നിന്ന്‌ പോര്‍ച്ചുഗലിലേക്കാണ്‌ അദ്ദേഹം ചേക്കേറിയത്‌. സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണില്‍ പതിനെട്ട്‌ വര്‍ഷം കോച്ചായി. അതിന്‌ ശേഷം എഫ്‌.സി പോര്‍ട്ടോയില്‍ എത്തി. 94 ല്‍ പോര്‍ട്ടോ ദേശീയ ചാമ്പ്യന്മാരാവുമ്പോള്‍ അമരത്ത്‌ ബോബിയായിരുന്നു. 1996 ല്‍ അദ്ദേഹം സ്‌പെയിനിലെത്തി ബാര്‍സിലോണയുടെ കോച്ചായി. ആദ്യ സീസണില്‍ തന്നെ ബോബിയുടെ ബാര്‍സ യൂറോപ്യന്‍ കപ്പ്‌ വിന്നേഴസ്‌ കപ്പും കിംഗ്‌സ്‌ കപ്പും സ്വന്തമാക്കി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി ന്യൂകാസിലിന്റെ കോച്ചായി. പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ തളര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്‌. 2001-02 സീസണില്‍ കാസിലിനെ ലീഗില്‍ നാലാം സ്ഥാനത്ത്‌്‌ എത്തിക്കാന്‍ ബോബിക്കായി. അടുത്ത സീസണില്‍ മൂന്നാം സ്ഥാനവും ടീം സ്വന്തമാക്കി. 2002 ല്‍ അദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ രാഞ്‌ജി സര്‍ പദവി നല്‍കി. 2004 ലെ സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ബോബിയെ ന്യകാസില്‍ പുറത്താക്കി. അപ്പോള്‍ 71 ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. 2008 ല്‍ ഐപ്‌സ്‌വിച്ചിലെത്തി. മരണത്തിന്‌ കീഴടങ്ങും വരെ ഫുട്‌ബോളിന്റെ ലോകത്ത്‌ വിശ്രമമില്ലാത്ത ജീവിതമായിരുന്നു ബോബിയുടേത്‌.

പെഹലേ യുസഫ്‌ കാ നിക്കാഹ്‌
ഉസ്‌കെ ബാദ്‌ ഇര്‍ഫാന്‍ ക നിക്കാഹ്‌
ബറോഡ: മഹമൂദ്‌ഖാന്‍ പത്താനും കുടുംബവും ഇപ്പോള്‍ തിരക്കിലാണ്‌.... മൂത്ത മകന്‍ യൂസഫ്‌ പത്താന്‌ വധുവിനെ തേടിയുള്ള തിരക്കില്‍ ഇത്‌ വരെ കുടുംബത്തിന്‌ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ മകന്‍ ഇര്‍ഫാന്‍ സ്വന്തം ജിവിത സഖിയെ കണ്ടെത്തിയ സാഹചര്യത്തിലും അവരുടെ വിവാഹത്തിന്‌ ഗ്രീന്‍ സിഗ്നല്‍ പത്താന്‍ കുടുംബം നല്‍കിയിട്ടുണ്ട്‌. പക്ഷേ നിക്കാഹിന്‌ സമയമായിട്ടില്ലെന്നാണ്‌ മഹമൂദ്‌ഖാന്‍ പറയുന്നത്‌. പെഹലെ യൂസഫ്‌ കാ നിക്കാഹ്‌ ഹോഗ, ഉസ്‌കെ ബാദ്‌ ഇര്‍ഫാന്‍ കാ നിക്കാഹ്‌ ഹോഗ- പിതാവിന്റെ വാക്കുകള്‍.
ഓസ്‌ട്രേലിയയില്‍ ജിവിക്കുന്ന ഇന്ത്യന്‍ വംശജയായ ശിവാംഗിയെ തന്റെ ജീവിതത്തിലേക്ക്‌ ഇര്‍ഫാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിനെ എതിര്‍ക്കാന്‍ പിതാവ്‌ തയ്യാറായിരുന്നില്ല. രണ്ട്‌ മതസ്ഥരാണ്‌ ഇരുവരും. പരമ്പരാഗത സുന്നി വിശ്വാസിയാണ്‌ മെഹമൂദ്‌. മസ്‌ജിദിലെ മുക്രിയായിരുന്ന അദ്ദേഹമാണ്‌ തന്റെ കുട്ടികളെ ക്രിക്കറ്റിന്റെ തിരക്കുളള ലോകത്തേക്ക്‌ വളര്‍ത്തിയത്‌. ആദ്യം ഇര്‍ഫാനും പിന്നെ യൂസഫും രാജ്യത്തിന്റെ പ്രിയപ്പെട്ട താരങ്ങളായപ്പോള്‍ മെഹമൂദ്‌ വന്ന വഴി മറന്നില്ല. ബറോഡയില്‍ വലിയ വീട്‌ വെച്ചിട്ടുണ്ട്‌ പത്താന്മാര്‍. പക്ഷേ മെഹമൂദിന്‌ അതിന്റെ അഹങ്കാരമില്ല.
യൂസഫിന്റെ നിക്കാഹ്‌ ആദ്യം നടത്തണം. അതിന്‌ ശേഷം മാത്രമായിരിക്കും ഇര്‍ഫാന്റെ വിവാഹമുണ്ടാവുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബത്തിലെ എല്ലാവരോടും യുസഫിന്‌ അനുയോജ്യായ വധുവിനെ കണ്ടെത്താന്‍ പറഞ്ഞതായി മെഹമൂദ്‌ഖാന്‍ പറഞ്ഞു. എന്നാല്‍ ഇത്‌ വരെ വിജയമുണ്ടായിട്ടില്ല. യൂസഫ്‌ ഇിനി ആരെയെങ്കിലും കണ്ടെത്തിയാലും ബാപ്പക്ക്‌ എതിര്‍പ്പില്ല.

വിഷി നമ്പര്‍ വണ്‍
മുംബൈ: ഇന്ത്യന്‍ കായികരംഗം ലോകത്തിന്‌ സംഭാവന ചെയ്‌ത മികച്ച താരങ്ങളില്‍ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തിന്‌ മുന്നില്‍ പല ഉത്തരങ്ങളായിരിക്കും ലഭിക്കുക. പക്ഷേ ഈ ചോദ്യം ടെന്നിസ്‌ സൂപ്പര്‍ താരം ലിയാന്‍ഡര്‍ പെയ്‌സിനോടാണെങ്കില്‍ അദ്ദേഹത്തിന്റെ ഉത്തരം വളരെ പെട്ടെന്ന്‌ വരും-വിശ്വനാഥന്‍ ആനന്ദ്‌. ലോക കായികരംഗത്തിന്‌ ഇന്ത്യ എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ വിഷി തന്നെ-സംശയമില്ല, പെയ്‌സിന്റെ ഈ വാക്കുകള്‍ ചിലപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വേദനിപ്പിച്ചേക്കാം. എന്നാല്‍ സച്ചിനെ താന്‍ അതിയായി ബഹുമാനിക്കുന്നുണ്ടെന്നും വിഷിയോളം ലോകത്തിന്‌ മുന്നില്‍ ഉയര്‍ന്നു നില്‍ക്കാന്‍ സച്ചിന്‌ കഴിഞ്ഞിട്ടില്ലെന്നും പെയ്‌സ്‌ പറയുന്നു. മുപ്പത്തിയാറാം വയസ്സില്‍ നില്‍ക്കുന്ന പെയ്‌സ്‌ വളരെ ചെറിയ പ്രായത്തില്‍ റാക്കറ്റിന്റെ ലോകത്തുണ്ട്‌. പക്ഷേ പത്തൊമ്പതാം വയസ്സില്‍ താന്‍ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡ്‌ യുനിവേഴ്‌സിറ്റിയില്‍ സ്‌ക്കോളര്‍ഷിപ്പിന്‌ തെരഞ്ഞെടുക്കപ്പെട്ട കാലമായിരുന്നു അത്‌. പത്തൊമ്പതാം വയസ്സില്‍ വീട്ടില്‍ നിന്നും ഒമ്പത്‌ മാസത്തോളം വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ പെയ്‌സിന്‌ എല്ലാം മടുത്തിരുന്നു. പഠനവും കളിയുമായി മുന്നോട്ട്‌ പോവാനാവില്ലെന്നും താന്‍ നാട്ടിലേക്ക്‌ മടങ്ങുകയാണെന്നും പിതാവ്‌ വെസ്‌ പെയ്‌സിനോട്‌ വിളിച്ചുപറഞ്ഞു. നാട്ടിലെത്തി റാക്കറ്റ്‌ ഒരു ഭാഗത്തിട്ട്‌ കളിക്കാന്‍ ഇനി ഞാനില്ലെന്ന്‌ തീര്‍ത്ത്‌ പറഞ്ഞപ്പോള്‍ പിതാവ്‌ എതിര്‍ക്കാന്‍ നിന്നില്ല. ഒ.കെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന്‌ പിതാവ്‌ നീ കളി നിര്‍ത്തരുത്‌ എന്ന്‌ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കളി നിര്‍ത്തുമായിരുന്നു. കാരണം ഞാനൊരു റിബലായിരുന്നു. പിതാവ്‌ എതിര്‍ത്താല്‍ കളിക്കും. പക്ഷേ അദ്ദേഹം എതിര്‍ത്തില്ല. അത്‌ കാരണം കളിക്കാന്‍ തന്നെ തീരുമാനിച്ചു. കഴിഞ്ഞ 23 വര്‍ഷമായി പെയ്‌സ്‌ സജീവമായി ടെന്നിസ്‌ രംഗത്തുണ്ട്‌. 96 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അദ്ദേഹം നിരവധി തവണ ഡേവിസ്‌ കപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി. പക്ഷേ ജീവിതത്തിലെ വലിയ നേട്ടം എന്തെന്ന ചോദ്യത്തിനും പെയ്‌സിന്റെ മറുപടി വിത്യസ്‌തമാണ്‌-മകള്‍ അയാന. അവള്‍ക്കിപ്പോള്‍ പ്രായം മൂന്ന്‌ കഴിഞ്ഞിരിക്കുന്നു. ഒരു പിതാവ്‌ എന്നതാണ്‌ വലിയ സന്തോഷം. അവള്‍ക്ക്‌ രണ്ട്‌ മാസമുളളപ്പോഴാണ്‌ യു.എസ്‌ ഓപ്പണ്‍ കളിക്കാന്‍ അവളുമായി പോയത്‌. ജീവിതം നല്‍കിയ എല്ലാ സന്തോഷങ്ങള്‍ക്കും പിറകില്‍ ടെന്നിസാണെന്ന സത്യം മറക്കാനും പെയ്‌സ്‌ ഒരുക്കമല്ല.
ഓസീസിന്‌ വീണ്ടും തകര്‍ച്ച
എഡജ്‌ബാസ്‌റ്റണ്‍: ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ ഷെയിന്‍ വാട്ട്‌സണും (62), സൈമണ്‍ കാറ്റിച്ചും (46) നല്ല തുടക്കം നല്‍കിയിട്ടും 263 റണ്‍സ്‌ നേടാനാണ്‌ സന്ദര്‍ശകര്‍ക്ക്‌ കഴിഞ്ഞത്‌. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ രണ്ട വിക്കറ്റിന്‌ 67 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. അലിസ്റ്റര്‍ കുക്ക്‌ (0), രവി ബോപ്പാര (23) എന്നിവരാണ്‌ പുറത്തായത്‌. ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ (38), ഇയാന്‍ ബെല്‍ എന്നിവരാണ്‌ ക്രീസില്‍. 80 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയ ജെയിംസ്‌ ആന്‍ഡേഴ്‌സണാണ്‌ ഓസ്‌ട്രേലിയയെ തകര്‍ത്തത്‌. ഗ്രയീം ഒനിയന്‍ നാല്‌ വിക്കറ്റ്‌ നേടി.

Thursday, July 30, 2009

PAk REVENGE

ന്യൂട്രല്‍ വേദികളിലേക്കില്ല
ലാഹോര്‍: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലുമായി (ഐ.സി.സി) നിയമപ്പോരാട്ടത്തിന്‌ തന്നെയാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി.സി.ബി). 2011 ലെ ലോകകപ്പ്‌ വേദികള്‍ സംബന്ധിച്ച്‌ ഒരു വിട്ടുവീഴ്‌ച്ചക്കുമില്ലെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചു. ഇന്ത്യ, പാക്കിസ്‌താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നീ നാല്‌ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായാണ്‌ 2011 ലെ ലോകകപ്പ്‌ ഐ.സി.സി അനുവദിച്ചത്‌. എന്നാല്‍ പാക്കിസ്‌താനിലെ ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളും തുടര്‍ച്ചയായി നടക്കുന്ന സ്‌ഫോടനങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്‌ ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ അരികില്‍ വെച്ചുണ്ടായ ദുരനുഭവവും മുന്‍നിര്‍ത്തി ലോകകപ്പ്‌ മല്‍സരങ്ങള്‍ അവിടെ നടത്തേണ്ടതില്ലെന്ന്‌ ഐ.സി.സി തീരുമാനിക്കുകയായിരുന്നു. പാക്കിസ്‌താനില്‍ അനുവദിക്കപ്പെട്ട മല്‍സരങ്ങള്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ശ്രീലങ്കക്കുമായി വീതിച്ച്‌ നല്‍കുകയും ചെയ്‌തു. ഐ.സി.സി യുടെ ഈ തീരുമാനത്തിനെതിരെ നിയമനടപടി ആരംഭിച്ച പി.സി.ബി ആ ദിശയില്‍ തന്നെ നീങ്ങുമെന്നാണ്‌ ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്‌. പാക്കിസ്‌താന്‌ അനുവദിക്കപ്പെട്ടിരുന്ന മല്‍സരങ്ങള്‍ ന്യൂട്രല്‍ വേദികളില്‍ നടത്താനാവുന്ന കാര്യത്തില്‍ പാക്കിസ്‌താന്‌ താല്‍പ്പര്യക്കുറവുണ്ട്‌. ഇങ്ങനെയൊരു വ്യവസ്ഥ ആതിഥേയ രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറില്‍ ഇല്ലെന്നാണ്‌ ഭട്ട്‌ വ്യക്തമാക്കുന്നത്‌. ഐ.സി.സിയുമായി വലിയ നിയമയുദ്ധത്തിന്‌ പി.സി.ബിക്ക്‌ താല്‍പ്പര്യമില്ല. പക്ഷേ പ്രശ്‌നം രമ്യമായി പരിഹരിക്കണം. പാക്കിസ്‌താനും ഇവിടെയുളള ക്രിക്കറ്റ്‌ പ്രേമികള്‍ക്കും നീതിയാണ്‌ നഷ്‌ടമായിരിക്കുന്നത്‌. അത്‌ അനുവദിക്കില്ല. കോടതിക്ക്‌ പുറത്ത്‌ വെച്ച്‌ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌്‌. അത്‌ വിജയിച്ചാല്‍ സന്തോഷം.
പാക്കിസ്‌താന്‌ 14 ലോകകപ്പ്‌ മല്‍സരങ്ങളാണ്‌ അനുവദിച്ചിരുന്നത്‌. മല്‍സരങ്ങള്‍ പിന്നീട്‌ മറ്റ്‌ വേദികള്‍ക്ക്‌ വീതിച്ച്‌ നല്‍കിയെങ്കിലും ലോകകപ്പ്‌ ആതിഥേയര്‍ എന്ന നിലയില്‍ പാക്കിസ്‌താന്‌ വാഗ്‌ദാനം ചെയ്യപ്പെട്ട തുക തീര്‍ച്ചയായും നല്‍കുമെന്ന്‌ ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്‌. നാല്‌ ഡിമാന്‍ഡുകളാണ്‌ പാക്കിസ്‌താന്‍ ഐ.സി.സിക്ക്‌ മുമ്പാകെ വെച്ചതെന്നും അതില്‍ രണ്ടെണ്ണത്തില്‍ പരിഹാരമായിട്ടില്ലെന്നും പറഞ്ഞ ഭട്ട്‌ ഡിമാന്‍ഡുകള്‍ എന്താണെന്ന്‌ വ്യക്തമാക്കിയില്ല.
ലാഹോര്‍ സംഭവത്തിന്റെ പേരില്‍ പാക്കിസ്‌താന്‌ ലോകകപ്പ്‌ ആതിഥേയത്വം നിരാകരിച്ചത്‌ വലിയ അപരാധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇപ്പോഴും ഭട്ട്‌. കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്‌താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടക്കുകയായിരുന്ന ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മല്‍സരത്തില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും പുറപ്പെട്ട ടീം ബസ്സ്‌ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ആക്രമിക്കപ്പെടുകയായിരുന്നു. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര, തിലാന്‍ സമരവീര, തിലകരത്‌നെ ദില്‍ഷാന്‍ എന്നിവര്‍ക്കെല്ലാം ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. എന്നാല്‍ ഈ സംഭവം ലോകത്തിന്‌ മുന്നില്‍ ഉയര്‍ത്തികാണിക്കുന്നത്‌ പാക്കിസ്‌താനോട്‌ കാണിക്കുന്ന നന്ദികേടാണെന്നാണ്‌ പി.സി.ബി തലവന്റെ വാക്കുകള്‍. ലോകകപ്പ്‌ സെക്രട്ടറിയേറ്റ്‌ ലാഹോറിലായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്‌ സെക്രട്ടറിയേറ്റ്‌ മുംബൈയിലേക്ക്‌ മാറ്റി.
പാക്കിസ്‌താന്‌ അനുവദിക്കപ്പെട്ട ലോകകപ്പ്‌ മല്‍സരങ്ങള്‍ ന്യൂട്രല്‍ വേദിയായ യു.എ.ഇയില്‍ നടത്തുന്നതിനോട്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. ഈയിടെ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിച്ചത്‌ ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു. ഈയിടെ ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി 20-20 ലോകകപ്പില്‍ പാക്കിസ്‌താനാണ്‌ കിരീടം നേടിയത്‌. പാക്കിസ്‌താനിലേക്ക്‌ വരാന്‍ എല്ലാ ക്രിക്കറ്റ്‌ രാജ്യങ്ങളും മടിച്ചുനിന്നപ്പോള്‍ ദേശീയ ടീമിന്‌ മല്‍സരങ്ങള്‍ പോലും അന്യമായിരുന്നു. എന്നിട്ടും തന്റെ ടീം ലോകകപ്പ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കാര്യം ഐ.സി.സി മറക്കരുതെന്ന്‌ ഭട്ട്‌ പറഞ്ഞു.
ലോകകപ്പ്‌ അടുത്തെത്തിനില്‍ക്കവെ ഐ.സി.സി ഇനി നിലപാട്‌ മാറ്റില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്റെ ആതിഥേയരാജ്യം എന്ന നിലയില്‍ അവര്‍ക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന തുക നല്‍കും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വലിയ ടീമുകള്‍ പാക്കിസ്‌താനിലേക്കില്ലെന്ന്‌ വളരെ വ്യക്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ പാക്കിസ്‌താനില്‍ നടത്താന്‍ ഒരു സാഹചര്യത്തിലും ഐ.സി.സി തയ്യാറാവില്ല.

ഹെന്‍ട്രിക്ക്‌ ഭീഷണി
ബാര്‍സിലോണ: സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ എന്ന സ്വീഡന്‍കാരന്‍ ബാര്‍സിലോണയുടെ ചാമ്പ്യന്‍ സംഘത്തിലേക്ക്‌ വന്നത്‌ തിയറി ഹെന്‍ട്രിയെ ബാധിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ബാര്‍സയുടെ മുന്‍നിരയിലെ സ്ഥിരക്കാരനാവാന്‍ ഇത്‌ വരെ ഹെന്‍ട്രിക്ക്‌ കഴിഞ്ഞിട്ടില്ല. സാമുവല്‍ ഇറ്റോ ടീം വിട്ട സാഹചര്യത്തില്‍ ആദ്യ ഇലവനില്‍ തനിക്ക്‌ സ്ഥാനമുണ്ടവുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ്‌ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാന്റെ ചാട്ടുളിയാണ്‌ സുല്‍ത്താന്‍. ഏത്‌ കളിയിലും ഗോളടിക്കുന്ന താരം. അത്തരം ഒരു താരത്തെ റിസര്‍വ്‌ ബെഞ്ചില്‍ ഇരുത്താന്‍ കോച്ച്‌ ജോസഫ്‌ ഗുര്‍ഡിയോള തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ ഹെന്‍ട്രിക്ക്‌ തന്നെയാവും നഷ്ടം.
നിലവില്‍ സ്‌പാനിഷ്‌ ലീഗിലും യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും ചാമ്പ്യന്മാരാണ്‌ ബാര്‍സ. പുതിയ സീസമില്‍ ഈ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ ടമിന്‌ എളുപ്പം കഴിയില്ല. സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡ്‌ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.യ കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെന്‍ഡസാമ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ടീമിലുണ്ട്‌. സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പും ചാമ്പ്യന്‍സ്‌ ലീഗും ലക്ഷ്യമാക്കി തന്നെയാണ്‌ റയല്‍ വന്‍തുക മുടക്കി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നത്‌. ഈ കാര്യം ബാര്‍സക്കുമറിയാം.
ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്‌ ബാര്‍സ. പുതിയ സീസണിന്‌ മുമ്പ്‌ മല്‍സര പ്രാക്ടീസ്‌ എന്ന നിലയിലാണ്‌ ടീം എത്തിയിരിക്കുന്നത്‌. രണ്ട്‌ സീസണ്‍ മുമ്പാണ്‌ ഇംഗ്ലീഷ്‌്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ആഴ്‌സനലില്‍ നിന്നും ഹെന്‍ട്രി വന്‍വിലക്ക്‌ ബാര്‍സയില്‍ എത്തിയത്‌. പക്ഷേ പരുക്ക്‌ കാരണം പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന്‌ നഷ്ടമായി. ലയണല്‍ മെസി-സാമുവല്‍ ഇറ്റോ മുന്‍നിര സഖ്യത്തിന്റെ കരുത്തും ഹെന്‍ട്രിക്ക്‌ ആഘാതമായി. പക്ഷേ അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം ഫ്രഞ്ചുകാരന്‍ അത്‌ ഉപയോഗപ്പെടുത്തിയിരുന്നു. മെസിക്കൊപ്പം സുല്‍ത്താന്‍ ചേരുമ്പോള്‍ അത്‌ മികച്ച കോമ്പിനേഷനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇരുവരും ഇത്‌ വരെ ഒരുമിച്ച്‌ കളിച്ചിട്ടില്ല.

ഫൈനല്‍ ഹൈദരാബാദില്‍
ചെന്നൈ: ചാമ്പ്യന്‍സ്‌ 20-20 ലീഗിന്റെ ആദ്യ മല്‍സരത്തിലെ പ്രതിയോഗികള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂരും ദക്ഷിണാഫ്രിക്കയിലെ കേപ്‌ കോബ്രാസും. ബാംഗ്ലൂരില്‍ ഒക്ടോബര്‍ 23 നാണ്‌ ഈ അങ്കം. 12 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മല്‍സര വേദി ഹൈദരാബാദായിരിക്കും. ടീമുകളെ നാല്‌ ഗ്രൂപ്പുകളാക്കി തിരിച്ചാണ്‌ മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പിലും മൂന്ന്‌ ടീമുകള്‍ കളിക്കും. ബാംഗ്ലൂരിനൊപ്പം കേപ്‌ കോബ്രാസ്‌, ഒറ്റാഗോ എന്നിവരാണ്‌ ഒരു ഗ്രൂപ്പില്‍. ഐ.പി.എല്‍ ചാമ്പ്യന്മാരായ ഡക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം സ്റ്റാന്‍ഫോര്‍ഡ്‌ 20-20 ചാമ്പ്യന്മാരായ ട്രിനിഡാഡ്‌ ടുബാഗോയും ഇംഗ്ലണ്ട്‌ 20-കപ്പിലെ ചാമ്പ്യന്മാരും കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ റൗണ്ട്‌ റോബിന്‍ ലീഗ്‌ അടിസ്ഥാനത്തില്‍ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടും. ഇതില്‍ നിന്നും ആദ്യ നാല്‌ സ്ഥാനങ്ങള്‍ നേടുന്നവരാണ്‌ സെമി ഫൈനല്‍ കളിക്കുക. ഒക്ടോബര്‍ 21ന്‌ ആദ്യ സെമി ഡല്‍ഹിയിലും 22ന്‌ രണ്ടാം സെമി ഹൈദരാബാദിലും നടക്കും. മൊബൈല്‍ കമ്പനിയായ എയര്‍ടെലായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍.

വീണ്ടും വിവാദം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. യൂസഫ്‌ പത്താന്‍, സൗരവ്‌ ഗാംഗുലി, വിനോദ്‌ കാംബ്ലി എന്നിവര്‍ സമീപകാലത്ത്‌ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെയും സെലക്ഷന്‍ കമ്മിറ്റിയെയും പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തില്‍ നിലപാടുകള്‍ വ്യക്തമാക്കാന്‍ ക്രിക്കറ്റ്‌ ഭരണക്കര്‍ത്താകള്‍ പ്രയാസപ്പെടുകയാണ്‌.
ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കുളള മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ സംഘത്തില്‍ ഇര്‍ഫാന്‍ പത്താനെ ഉള്‍പ്പെടുത്താതിരുന്നത്‌ കളത്തിന്‌ പുറത്തെ കളിയിലാണെന്ന യൂസഫ്‌ പത്താന്റെ വാക്കുകള്‍ ക്രിക്കറ്റ്‌ ലോകം ഏറ്റുപിടിച്ചിട്ടുണ്ട്‌. മുപ്പതംഗ സാധ്യതാ സംഘത്തില്‍ പോലും ഇര്‍ഫാന്‌ സ്ഥാനമില്ലാതെ പോയത്‌ സെലക്ഷന്‍ കമ്മിറ്റി നയങ്ങളാണെന്നാണ്‌ യൂസഫ്‌ പരോക്ഷമായി സൂചിപ്പിച്ചത്‌. ( ഈ പരാമര്‍ശം പിന്നീട്‌ യൂസഫ്‌ തിരുത്തിയിട്ടുമുണ്ട്‌. അങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ്‌ ഇന്നലെ അദ്ദേഹം പറഞ്ഞത്‌.) എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ എന്തെങ്കിലും പ്രതികരണത്തിന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ തയ്യാറായില്ല.
ഇര്‍ഫാന്‍ പുറത്താവാന്‍ കാരണം സെലക്ഷന്‍ കമ്മിറ്റി ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കിയത്‌ കൊണ്ടാണെന്നാണ്‌ പറയപ്പെടുന്നത്‌. ശ്രീകാന്ത്‌ തമിഴ്‌നാട്ടുകാരനാണ്‌. സ്വന്തം മേഖലക്ക്‌ അദ്ദേഹം മുന്‍ഗണന നല്‍കിയപ്പോള്‍ ഉത്തരേന്ത്യന്‍ സോണ്‍ അവഗണിക്കപ്പെട്ടുവെന്നാണ്‌ പരാതി. ഈ കാര്യം യൂസഫ്‌ പറഞ്ഞിട്ടില്ല. ഇര്‍ഫാന്‍ പുറത്താവാനുളള കാരണം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അതില്‍ പ്രതികരിക്കേണ്ടത്‌ മാധ്യമങ്ങളാണെന്നുമാണ്‌ ബറോഡയില്‍ വെച്ച്‌ യൂസഫ്‌ പറഞ്ഞത്‌. ഇതില്‍ കൂടുതലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ക്രിക്കറ്റ്‌ ബോര്‍ഡിലെ ചിലര്‍ യൂസഫിനെതിരെ പേര്‌ വെളിപ്പെടുത്താതെ രംഗത്ത്‌ വന്നിട്ടുണ്ട്‌. സെലക്ഷന്‍ കമ്മിറ്റി ഇപ്പോള്‍ മികച്ച ജോലിയാണ്‌ ചെയ്യുന്നത്‌. എല്ലാ സെലക്ടര്‍മാരും പ്രതിഫലം പറ്റുന്നവരാണ്‌. അവര്‍ പ്രൊഫഷണലുകളാണ്‌. സെലക്ഷന്‍ കാര്യങ്ങളെക്കുറിച്ച്‌ യൂസഫിന്‌ സംസാരിക്കാന്‍ എന്താണ്‌ അധികാരം..? ഇന്ത്യന്‍ ടീമില്‍ യൂസഫിന്റെ സ്ഥാനം സുരക്ഷിതമാണോ..? ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ട്‌ ടെസ്‌റ്റിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ വസീം ജാഫറിനെ പുറത്താക്കിയത്‌. പക്ഷേ അദ്ദേഹം പരാതിപ്പെട്ടിരുന്നില്ല. സെലക്ടര്‍മാരെ ഒരിക്കലും കുറ്റം പറയാനാവില്ല-ബോര്‍ഡിലെ ഒരുന്നതന്റെ വാക്കുകള്‍.
യൂസഫിന്റെ വാദം തീര്‍ച്ചയായും ശരിയല്ലെന്നാണ്‌ ഒരു സെലക്ടര്‍ പറയുന്നത്‌. യൂസഫ്‌ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ പൂര്‍ണ്ണമായും തെറ്റാണ്‌. ഇര്‍ഫാന്റെ റെക്കോര്‍ഡ്‌ ആദ്യം യൂസഫ്‌ പരിശോധിക്കണം. ഇംഗ്ലണ്ട്‌, ശ്രീലങ്ക, ന്യൂസിലാന്‍ഡ്‌ എന്നിവര്‍ക്കെതിരായ പരമ്പര കളിച്ച ടീമിനെ പരിശോധിച്ചാല്‍ ദക്ഷിണേന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ചെന്നൈയില്‍ നിന്നോ ഉളള താരങ്ങള്‍ ആ ടീമുകളില്‍ കുറവാണെന്ന്‌ കാണാം. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ്‌ താരങ്ങളെ തെരഞ്ഞെടെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 മല്‍സരങ്ങളിലെ ഇര്‍ഫാന്റെ പ്രകടനം വിലയിരുത്തിയാല്‍ എല്ലാവരും അല്‍ഭുതപ്പെടുമെന്നാണ്‌ മറ്റൊരു സെലക്ടര്‍ പറഞ്ഞത്‌. എല്ലാ മല്‍സരങ്ങളിലും എല്ലാ താരങ്ങളും തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന വിശ്വാസം സെലക്ടര്‍മാര്‍ക്കില്ല. പക്ഷേ ടീമിന്റെ വിജയത്തില്‍ എല്ലാവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും മുപ്പതംഗ സാധ്യതാ സംഘത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടാന്‍ തീര്‍ച്ചയായും ഇര്‍ഫാന്‍ യോഗ്യനായിരുന്നുവെന്നാണ്‌ ഒരു സീനിയര്‍ താരം പറഞ്ഞത്‌. നിലവില്‍ താളം കണ്ടെത്താന്‍ ഇര്‍ഫാന്‌ കഴിയുന്നില്ല എന്നത്‌ സത്യമാണ്‌. പക്ഷേ ഒന്നോ രണ്ടോ ആഭ്യന്തര മല്‍സരങ്ങള്‍ കളിക്കുന്നതോടെ അദ്ദേഹത്തിന്‌ ഫോം കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ഈ താരത്തിന്‌ സംശയമില്ല. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ ഇര്‍ഫാനെ വിശ്വാസമില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌്‌ മറ്റൊരു ഇന്ത്യന്‍ താരം പറഞ്ഞു.
സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിയും രംഗത്ത്‌ വന്നിട്ടുണ്ട്‌. അര്‍ഹിച്ച അവസരങ്ങള്‍ തനിക്ക്‌ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ വിരമിക്കുകയില്ലായിരുന്നുവെന്നാണ്‌ കഴിഞ്ഞ ദിവസം ഗാംഗുലി പറഞ്ഞത്‌. തന്നെ പ്രോല്‍സാഹിപ്പിക്കാന്‍ ആരുമില്ലാതെ പോയതാണ്‌ പ്രശ്‌നമായതെന്ന്‌ ഈയിടെ വിനോദ്‌ കാംബ്ലി പറഞ്ഞിരുന്നു.

സെലക്ടര്‍മാര്‍ പ്രതികള്‍
മുംബൈ: ഇര്‍ഫാന്‍ പത്താന്‍ എന്ന പെര്‍ഫെക്ട്‌ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ മുപ്പതില്‍ പോലും വരാത്തതിന്‌ കാരണക്കാര്‍ ആരാണ്‌...? സെലക്ടര്‍മാരുടെ തലതിരിഞ്ഞ നയങ്ങളാണ്‌ ബറോഡക്കാരനെ തളര്‍ത്തിയതെന്നാണ്‌ ക്രിക്കറ്റ്‌ ലോകം പറയുന്നത്‌. കപില്‍ദേവിന്‌ ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന ബഹുമതി ഇര്‍ഫാന്‌ നല്‍കിയ അതേ സെലക്ടര്‍മാര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുമ്പോള്‍ ചെറിയ പ്രായത്തില്‍ തന്നെ ദുരനുഭവങ്ങളുടെ മുഖത്ത്‌ ഒറ്റപ്പെട്ടുനില്‍ക്കുകയാണ്‌ യുവതാരം. 2004 ല്‍ ഐ.സി.സി ഏറ്റവും മികച്ച ഭാവിതാരം എന്ന ബഹുമതി സമ്മാനിച്ച താരത്തെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഉപയോഗിച്ചത്‌ സെലക്ടര്‍മാരാണ്‌. കരുത്തനായ സ്വിംഗ്‌ ബൗളര്‍ എന്ന നിലയില്‍ നിന്നും ഓള്‍റൗണ്ടര്‍ ഗണത്തിലേക്ക്‌ അദ്ദേഹത്തെ മാറ്റി ഏത്‌ ബാറ്റിംഗ്‌, ബൗളിംഗ്‌ പൊസിഷനുകളില്‍ അദ്ദേഹത്തെ അവതരിപ്പിച്ച്‌ പ്രതീക്ഷകളുടെ അമിതഭാരം ആ തലയില്‍ കയറ്റി. പ്രതീക്ഷകള്‍ക്ക്‌ മുന്നില്‍ പലപ്പോഴും തളര്‍ന്ന ഇര്‍ഫാന്‍ പക്ഷേ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുണ്ട്‌. 2003-04 സീസണില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു കൊടുങ്കാറ്റ്‌ പോലെയാണ്‌ ഇര്‍ഫാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയത്‌. തുടര്‍ന്ന്‌ നടന്ന പാക്കിസ്‌താന്‍ പര്യടനത്തിലും അദ്ദേഹം മിന്നി. ഇര്‍ഫാനെ വാനോളം പുകഴ്‌ത്താന്‍ അന്ന്‌ നാവുകള്‍ അധികമായിരുന്നു. 2006 ല്‍ ഇര്‍ഫാന്റെ ബൗളിംഗ്‌ ഫോം മങ്ങി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ പകുതിക്കിടെ അദ്ദേഹത്തെ തിരിച്ചയച്ചു. ഇപ്പോഴിതാ പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു.
ഇര്‍ഫാന്റെ ബൗളിംഗ്‌ ആക്ഷനാണ്‌ പ്രശ്‌നമെന്ന്‌ ഡെന്നിസ്‌ ലില്ലി എന്ന മഹാനായ ഓസീസ്‌്‌ സീമര്‍ പറയുന്നു. തന്റെ ഇടം കൈ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഇര്‍ഫാന്‌ കഴിയുന്നില്ലെന്നാണ്‌ ലില്ലിയുടെ സാക്ഷ്യം. വേഗതയിലുളള ശ്രദ്ധ മാറ്റി പന്ത്‌ സ്വിംഗ്‌ ചെയ്യിക്കാനാണ്‌ ഇര്‍ഫാന്‍ ശ്രമിക്കേണ്ടതെന്ന്‌ വസീം അക്രം നിര്‍ദ്ദേശിക്കുന്നു. സാധ്യതാ സംഘത്തില്‍ പോലും ഇര്‍ഫാനെ ഉള്‍പ്പെടുത്താതിരുന്നത്‌ വേദനാജനകമാണെന്ന്‌ മുന്‍ ഇന്ത്യന്‍ താരം മണീന്ദര്‍സിംഗ്‌ പറഞ്ഞു. കപില്‍ദേവ്‌, വസീം അക്രം എന്നിവരുടെ മികവ്‌ ഇര്‍ഫാനില്ല. പക്ഷേ അദ്ദേഹത്തെ വാനോളം ഉയര്‍ത്തിയ സെലക്ടര്‍മാര്‍ തന്നെയാണിപ്പോള്‍ ആ താരത്തെ ചവിട്ടിയിരിക്കുന്നതെന്നും മണീന്ദര്‍ കുറ്റപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരമായ മദന്‍ലാലും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ചു. ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ്‌ ഓള്‍റൗണ്ടര്‍ ഇര്‍ഫാനാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇഷാന്ത്‌, സഹീര്‍, ആര്‍.പി സിംഗ്‌, പ്രവീണ്‍ കുമാര്‍ എന്നിവരെ പോലെ ഇര്‍ഫാനെ കാണരുത്‌. അവരേക്കാളും മികച്ച ബാറ്റ്‌സ്‌മാനാണ്‌ അദ്ദേഹം. സെലക്ഷന്‍ കമ്മിറ്റിയുടെ ജോലിയെന്നാല്‍ ടീമിന്റെ കെട്ടുറപ്പാണ്‌. അല്ലാതെ ഒരാളെ പിടിച്ചു പുറത്താക്കുകയല്ലെന്നും മദന്‍ലാല്‍ പറഞ്ഞു.


കാലാവസ്ഥയും കളിയെഴുത്തും...
കോഴിക്കോട്‌: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക്‌ കൊല്‍ക്കത്ത പ്രബലരുടെ ഒരു മല്‍സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കോയക്ക വരുന്നു.... നല്ല വെയിലില്‍ വലിയ കാലന്‍ കുടയും ചൂടി അദ്ദേഹം പ്രസ്സ്‌ ബോക്‌സില്‍ കയറിയിരുന്നപ്പോള്‍ പലരും കൂടയുടെ അസാംഗത്യം ചൂണ്ടിക്കാട്ടി.... കോയക്കയുടെ മറുപടി എളുപ്പത്തില്‍ വന്നു-ഇന്ന്‌ മഴ പെയ്യും, കളി മുടങ്ങും.. നല്ല വെയിലത്ത്‌ മഴ പെയ്യുമെന്ന്‌ പ്രവചിച്ച കോയക്കയെ പരിഹസിക്കാന്‍ അന്ന്‌ പ്രസ്സ്‌ ഗ്യാലറിയിലെ ചിലരുണ്ടായിരുന്നു... പക്ഷേ കോയക്ക പറഞ്ഞത്‌ തന്നെ സംഭവിച്ചു. മല്‍സരത്തിന്റെ ഇടവേളയില്‍ കോരിച്ചൊരിയുന്ന മഴ. കാണികളെല്ലാം ഓടിയകന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ കോയക്കയും അദ്ദേഹത്തിന്റെ കുടയും മാത്രം.......
ഇതായിരുന്നു കോയക്ക എന്ന കെ.കോയ. ഇന്നലെ അദ്ദേഹം കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞപ്പോള്‍ കളിയെഴുത്തിന്റെ ലോകം വേദനിക്കുകയാണ്‌. കളിയെഴുത്തിനൊപ്പം കാലാവസ്ഥാ പ്രവചനവും ജോലിയാക്കിയ കോയക്ക എന്നും നാടനായിരുന്നു... പി.ടി ഉഷയെ പോലെയുള്ള കായിക താരങ്ങളെ വളര്‍ത്തി വലുതാക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച കോയക്കയുടെ സന്തത സഹചാരി കാലന്‍ കുടയായിരുന്നു. തന്റെ കായിക ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പത്രപ്രവര്‍ത്തകനാണ്‌ കോയക്കയെന്ന്‌ ഉഷ പറഞ്ഞു. എല്ലാ പ്രോല്‍സാഹനവും നല്‍കും. പയ്യോളിയിലെ റെയില്‍വേ ട്രാക്കിനരികിലൂടെയായിരുന്നു മുമ്പ്‌ ഞാന്‍ പരിശീലനം നടത്താറ്‌. കോയക്ക കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയില്‍ എന്റെ പരിശീലനം കണ്ടാല്‍ തിക്കോടിയില്‍ ഇറങ്ങി അങ്ങോട്ട്‌ വരും. അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്തയുമുണ്ടാവും. എറണാകുളത്ത്‌ ശിഷ്യരുടെ മല്‍സരമുളളതിനാല്‍ കോയക്കയെ അവസാനമായി കാണാന്‍ കഴിയാത്ത വേദനയിലാണ്‌ ഉഷ.
കളിയെഴുത്ത്‌ രംഗത്ത്‌ വിംസിയും കോയക്കയും കെ.പി.ആര്‍ കൃഷ്‌ണനുമെല്ലാം സമകാലികരാണ്‌. പി.എ മുഹമ്മദ്‌ കോയ എന്ന മുഷ്‌ത്താഖിന്റെ വഴികളില്‍ തുറന്ന സമീപനവുമായി കളിയെഴുത്തിന്‌ കരുത്തേകിയകോയക്കയെയും വിംസിയെയും കെ.പി.ആറിനെയും ആദരിക്കാന്‍ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബും സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും തീരുമാനിച്ചിരുന്നു. രണ്ട്‌ മാസം മുമ്പ്‌ കോഴിക്കോട്‌ കാപ്പാട്ട്‌ വെച്ച്‌്‌ നടത്തിയ സംസ്ഥാന സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌ വര്‍ക്ക്‌ഷോപ്പില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ്‌ ഉദ്ദേശിച്ചത്‌. ചടങ്ങിലേക്ക്‌ കോയക്കയെ ക്ഷണിച്ചപ്പോള്‍ ആരോഗ്യം യാത്ര അനുവദിക്കുന്നില്ലെന്ന മറുപടിക്കൊപ്പം എല്ലാം കേമമാക്കണം എന്ന പ്രോല്‍സാഹനവും നല്‍കിയിരുന്നു. രണ്ടാഴ്‌ച്ച മുമ്പാണ്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ മന്ത്രി എം. വിജയകുമാര്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ബഹുമതി കോയകക്ക്‌ സമ്മാനിച്ചത്‌. കോയക്കയുടെ വിയോഗത്തില്‍ ഒരു കാലഘട്ടമാണ്‌ അവസാനിച്ചിരിക്കുന്നത്‌. മൈതാനങ്ങളില്‍, കാലന്‍ കുടയുമായി നടന്നുവരുന്ന ആ ശുഭ്രവസ്‌ത്രധാരി ഇനി ഓര്‍മ്മ മാത്രം..

Wednesday, July 29, 2009

TRIPPLE RATNA

ത്രിബിള്‍ രത്‌ന
ന്യൂഡല്‍ഹി: ഇതാദ്യമായി രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം മൂന്ന്‌ പേര്‍ക്ക്‌. നാല്‌ തവണ ലോകപ്പട്ടം സ്വന്തമാക്കിയ വനിതാ ബോക്‌സര്‍ എം.സി മേരികോം, ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കല മെഡല്‍ സമ്മാനിച്ച ബോക്‌സര്‍ വിജേന്ദര്‍ കുമാര്‍, ഗുസ്‌തി താരം സുശീല്‍ കുമാര്‍ എന്നിവര്‍ക്കാണ്‌ ഖേല്‍രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്‌. കായിക പുരസ്‌ക്കാരത്തിനുളളവരെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം അംഗീകരിക്കപ്പെട്ടപ്പോള്‍ മലയാളിയായ ഇന്ത്യന്‍ കബഡി ടീം കോച്ച്‌ ഉദയകുമാറിന്‌ ദ്രോണാചാര്യ പുരസ്‌ക്കാരമില്ല. നേരത്തെ മികച്ച പരിശീലകനുളള ദ്രോണാചാര്യ പുരസ്‌ക്കാരത്തിന്‌ ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉദയനുണ്ടായിരുന്നു. എന്നാല്‍ കായികമന്ത്രാലയം ഉദയന്റെ പേര്‌ തള്ളികളയുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ചിലര്‍ ഉത്തേജക വിവാദത്തില്‍ പ്രതിയായതാണ്‌ തിരിച്ചടിയായത്‌. ഈ കാരണം പറഞ്ഞ്‌ തന്നെയാണ്‌ ഉദയനെ തഴഞ്ഞത്‌. മലയാളിയായ അത്‌ലറ്റ്‌ കെ. സിനിമോള്‍ പൗലോസിന്‌ അര്‍ജുന പുരസ്‌ക്കാരമുണ്ട്‌.
ദേശീയ കായിക ദിനമായ ഓഗസ്‌റ്റ്‌ 29 ന്‌ രാഷ്‌ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായാണ്‌ പരമോന്നത പുരസ്‌ക്കാരം മൂന്ന്‌ പേര്‍ക്ക്‌ നല്‍കുന്നത്‌. മൂന്ന്‌ പേരും രാജ്യാന്തര തലത്തില്‍ പ്രകടിപ്പിച്ച മികവാണ്‌ കരുത്തായതെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി. 1996-97, 2002-03 വര്‍ഷങ്ങളില്‍ ഖേല്‍രത്‌ന രണ്ട്‌ പേര്‍ക്ക്‌ വീതം നല്‍കിയിരുന്നു. നാല്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ മേരികോമിനെ കഴിഞ്ഞ തവണ ഖേല്‍രത്‌നക്ക്‌ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തള്ളപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകനായ മഹേന്ദ്രസിംഗ്‌ ധോണിക്കാണ്‌ കഴിഞ്ഞ വര്‍ഷ ഖേല്‍രത്‌ന സമ്മാനിച്ചത്‌. അദ്ദേഹമാവട്ടെ ബഹുമതി സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. 25 കാരിയായ മേരി അഞ്ച്‌ ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്‌. അഞ്ചിലും മെഡലുകള്‍ സ്വന്തമാക്കി. ഇതില്‍ അവസാന നാല്‌ തവണയും 46 കിലോഗ്രാം വിഭാഗത്തില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമായിരുന്നു. 2004 ല്‍ അര്‍ജുനയും 2006 ല്‍ പത്മശ്രീയും മേരിക്ക്‌ ലഭിച്ചിട്ടുണ്ട്‌.
എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ പുരസ്‌ക്കാരമാണിത്‌. ഈ നേട്ടം ഒരിക്കലും മറക്കില്ല-ഖേല്‍രത്‌ന തനിക്കാണെന്ന വാര്‍ത്തയറിഞ്ഞയുടന്‍ മണിപ്പൂരുകാരി പറഞ്ഞു. രണ്ട്‌ കുട്ടികളുടെ മാതാവായ മേരി വനിതാ ബോക്‌സിംഗ്‌ അസോസിയേഷന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയാണ്‌.
വിജേന്ദറിനും സൂശീലിനും ഇത്തവണ പുരസ്‌ക്കാരം ഉറപ്പായിരുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ രാജ്യത്തിനായി മികച്ച പ്രകടനമാണ്‌ വിജേന്ദറും സൂശീലും നടത്തിയത്‌. ഏഴര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന രാജ്യത്തെ വലിയ പുരസ്‌ക്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ ഇരുവരും പറഞ്ഞു. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ബോക്‌സിംഗ്‌ ഇനത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി ബെയ്‌ജിംഗില്‍ സ്വന്തമാക്കിയ വീജേന്ദര്‍ ലോകതലത്തില്‍ തന്നെ 75 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാമനാണ്‌. ചൈനയില്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ കരുത്ത്‌ പ്രകടിപ്പിച്ചിരുന്നു. ഒളിംപിക്‌സ്‌ ഗുസ്‌തിയില്‍ കരുത്ത്‌ പ്രകടിപ്പിച്ച സുശീല്‍ ജര്‍മന്‍ നഗരമായ ഡോര്‍ട്ട്‌മണ്ടില്‍ കഴിഞ്ഞ മാസം നടന്ന ജര്‍മന്‍ ഗ്രാന്‍ഡ്‌ പ്രി ഗുസ്‌തിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
ക്രിക്കറ്റില്‍ നിന്ന്‌ ഇത്തവണ അര്‍ജുന നേടിയത്‌ ഗൗതം ഗാംഭീര്‍ മാത്രമാണ്‌. കഴിഞ്ഞ ആറ്‌ വര്‍ഷത്തില്‍ ഒരു ക്രിക്കറ്റര്‍ക്കും അര്‍ജുന സമ്മാനിച്ചിട്ടില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും പോയ വര്‍ഷം ഡല്‍ഹിക്കാരന്‍ പുലര്‍ത്തിയ സ്ഥിരതയാണ്‌ അദ്ദേഹത്തെ പുരസ്‌ക്കാരത്തിന്‌ അര്‍ഹനാക്കിയത്‌. 2003 ല്‍ ഹര്‍ഭജന്‍ സിംഗാണ്‌ അവസാനമായി അര്‍ജുന നേടിയ പുരുഷ ക്രിക്കറ്റര്‍. വനിതാ ക്രിക്കറ്ററായ അഞ്‌ജും ചോപ്രക്ക്‌ 2007 ല്‍ ഈ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
മലയാളിയായ സിനിമോള്‍ പൗലോസിനും ഇത്‌ അര്‍ഹിക്കുന്ന പുരസ്‌ക്കാരമാണ്‌. ദീര്‍ഘകാലമായി ഇന്ത്യന്‍ കായിരംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന താരമാണ്‌ സിനി. വനിതാ ബാഡ്‌മിന്റണില്‍ പെട്ടെന്നുദിച്ച താരമാണ്‌ സൈന. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടെന്നിസ്‌ ഉള്‍പ്പെടെ പല കിരീടങ്ങളും ഇതിനകം സൈന നേടിയിട്ടുണ്ട്‌. സൈനയുടെ കോച്ചായ ഗോപീചന്ദിനും പുരസ്‌ക്കാരമുണ്ട്‌.
കായികമേളക്ക്‌ പ്രോല്‍സാഹനം നല്‍കുന്നവര്‍ക്കായി ഇത്തവണ മുതല്‍ പുതിയ ഒരു പുരസ്‌ക്കാരവും കായിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്‌-രാഷട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്‌ക്കാര്‍. കായികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, സ്‌പോര്‍ട്‌സ്‌ അക്കാദമികള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നവര്‍, സ്‌പോര്‍ട്‌സ്‌ താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍, സ്‌പോര്‍ട്‌സ്‌ താരങ്ങള്‍ക്ക്‌ ജോലി നല്‍കുന്നവര്‍ എന്നിവരെയാണ്‌ ഈ വിഭാഗത്തില്‍ പരിഗണിക്കു്‌ന്നത്‌. ഇത്തവണ ടാറ്റ്‌ സ്റ്റീല്‍ ലിമിറ്റഡ്‌, റെയില്‍വേ സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ ബോര്‍ഡ്‌ എന്നിവര്‍ക്കാണ്‌ പ്രോല്‍സാഹന്‍ പുരസ്‌ക്കാരങ്ങള്‍.

ബഹുമതിക്ക്‌ അര്‍ഹരായവര്‍ ഇവരാണ്‌
രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന: എം.സി മേരി കോം (ബോക്‌സിംഗ്‌), വിജേന്ദര്‍ സിംഗ്‌ (ബോക്‌സിംഗ്‌), സുശീല്‍ കുമാര്‍ (ഗുസ്‌തി)
അര്‍ജുന അവാര്‍ഡ്‌: മംഗള്‍ സിംഗ്‌ ചാപ്പിയ (ആര്‍ച്ചറി), കെ.സിനിമോള്‍ പൗലോസ്‌ (അത്‌ലറ്റിക്‌സ്‌), സൈന നെഹ്‌വാള്‍ (ബാഡ്‌മിന്റണ്‍), എല്‍. സരിതാ ദേവി (ബോക്‌സിംഗ്‌), താനിയ സച്ച്‌ദേവ്‌ (ചെസ്സ്‌), ഗൗതം ഗാംഭഈരക്‌# (ക്രിക്കറ്റ്‌), ഇഗ്‌ നേസ്‌ ടിര്‍ക്കെ (ഹോക്കി), സുരീന്ദര്‍ കൗര്‍ (ഹോക്കി), പങ്കജ്‌ ശ്രീസാത്ത്‌(കബഡി), പോരു്‌# ഡി പാര്‍മര്‍ (ബാഡ്‌മിന്റണ്‍-വികാലംഗ വിഭാഗം), സതിഷ്‌ ജോഷി (റോവിംഗ്‌), രഞ്‌ജന്‍ സോഥി (ഷൂട്ടിംഗ്‌), പൗലമി ഘധട്ടക്‌ (ടേബിള്‍ ടെന്നിസ്‌),യേഗേശ്വര്‍ ദത്ത്‌ (ഗുസ്‌കതി), ജി.എല്‍ യാദവ്‌ (യാട്ടിംഗ്‌).
ദ്രോണാചാര്യ അവാര്‍ഡ്‌: ബല്‍ദേവ്‌ സിംഗ്‌ (ഹോക്കി), ജയ്‌ദേവ്‌ ബിഷഅത്‌ (ബോക്‌സിംഗ്‌), സത്‌പാല്‍ (ഗുസ്‌തി), പുലേലു ഗോപീചന്ദ്‌ (ബാഡ്‌മിന്റണ്‍).
ധ്യാന്‍ചന്ദ്‌ അവാര്‍ഡ്‌: ഇഷാര്‍ സിംഗ്‌ ദിയോള്‍ (അത്‌ലറ്റിക്‌സ്‌), സത്‌ബീര്‍ സിംഗ്‌ ധാഹിയ (ഗുസ്‌തി)
രാഷ്ട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്‌ക്കാര്‍ : ടാറ്റ സ്റ്റീല്‍ ലീമിറ്റഡ്‌, റെയില്‍വേ സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ ബോര്‍ഡ്‌.

ബംഗ്ലാ ചരിതം
ഡൊമിനിക്ക: വിന്‍ഡീസില്‍ വീണ്ടും ബംഗ്ലാ ചരിതം.... ടെസ്‌റ്റ്‌ പരമ്പരക്ക്‌ പിറകെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും കടുവകള്‍ക്ക്‌ സ്വന്തം. മൂന്ന്‌ മല്‍സര ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ മൂന്ന്‌ വിക്കറ്റിന്റെ വിജയം രുചിച്ചാണ്‌ ബംഗ്ലാദേശ്‌ വിന്‍ഡീസിനെതിരെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയത്‌. ആദ്യ മല്‍സരത്തില്‍ അനായാസം ജയിച്ച സന്ദര്‍ശകര്‍ രണ്ടാം മല്‍സരത്തില്‍ വലിയ സ്‌ക്കോര്‍ പിന്തുടര്‍ന്നാണ്‌ വിജയം നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയര്‍ ഡൗണ്‍ലിന്റെ സെഞ്ച്വറിയില്‍ അഞ്ച്‌ വിക്കറ്റിന്‌ 274 റണ്‍സ്‌ നേടിയിരുന്നു. എന്നാല്‍ ഒരിക്കല്‍ക്കൂടി ക്യാപ്‌റ്റന്‍ ഷാക്കിബ്‌ അല്‍ ഹസന്‍ മുന്‍ നായകന്‍ മുഹമ്മദ്‌ അഷറഫുലിനൊപ്പം കസറിയപ്പോള്‍ ആറ്‌ പന്തുകള്‍ ബാക്കിനില്‍ക്കെ കടുവകള്‍ വിജയം കണ്ടു.
ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്‌ ആദ്യ ഏകദിനത്തില്‍ പ്രകടിപ്പിച്ച അതേ മികവാണ്‌ ആവര്‍ത്തിച്ചത്‌. പതുക്കെ പ്രതികരിച്ച പിച്ചിനെ ക്ഷമയോടെ നേരിട്ടാണ്‌ ഷാക്കിബും അഷറഫുലും ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഷാക്കിബ്‌ ഒരിക്കല്‍ക്കൂടി തന്റെ ഓള്‍റൗണ്ട്‌ മികവ്‌ തെളിയിച്ചു. വിന്‍ഡീസ്‌ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റ്‌ നേടിയ നായകന്‍ ക്ഷമയോടെ നേടിയ 65 റണ്‍സില്‍ ടീം വിജയിക്കുകയും ചെയ്‌തു. മാന്‍ ഓഫ്‌ ദ മാച്ച്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അദ്ദേഹം സ്വന്തമാക്കി.
മൂന്നാം വിക്കറ്റില്‍ അഷറഫുലും റഖീബുല്‍ ഹസനും ചേര്‍ന്ന്‌ സ്വന്തമാക്കിയ സെഞ്ച്വറി സഖ്യമാണ്‌ വിജയത്തിന്‌ അടിത്തറയിട്ടത്‌. ഓപ്പണര്‍മാര്‍ പെട്ടെന്ന്‌ പുറത്തായ ശേഷമാണ്‌ ഇരുവരും കരുതലോടെ കളിച്ചത്‌. ബെര്‍ണാര്‍ഡ്‌ എറിഞ്ഞ മല്‍സരത്തിലെ ഇരുപത്തിയെട്ടാം ഓവറില്‍ ബൗണ്ടറിയോടെ ആക്രമണത്തിന്‌ തുടക്കമിട്ട അഷറഫുല്‍ റൗള്‍ ലെവിസിനെതിരെ സിക്‌സറും നേടിയപ്പോള്‍ മല്‍സരത്തിന്‌ ആവേശമായി. എന്നാല്‍ മറ്റൊരു സിക്‌സറിനുളള ശ്രമത്തില്‍ അദ്ദേഹം പുറത്തായി.
അഷറഫുല്‍ പുറത്താവുമ്പോള്‍ ബംഗ്ലാദേശിന്‌ വിജയിക്കാന്‍ 85 റണ്‍സ്‌ കൂടി വേണ്ടിയിരുന്നു. അവസരത്തിനൊത്തുയര്‍ന്നുള്ള ബാറ്റിംഗില്‍ ഷാക്കിബ്‌ ഐസ്‌മാന്‍ എന്ന വിശേഷണം തനിക്ക്‌ യോജിക്കുമെന്ന്‌ തെളിയിച്ചു. വിജയിക്കാന്‍ 56 റണ്‍സ്‌ ആവശ്യമുളള ഘട്ടത്തില്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ എടുത്താണ്‌ ഷാക്കിബ്‌ പെട്ടെന്ന്‌ റണ്‍സ്‌ നേടിയത്‌.

ഓസീസ്‌ സമ്മര്‍ദ്ദം
എജ്‌ബാസ്‌റ്റണ്‍: ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഓസ്‌ട്രേലിയയുടെ കാലം കഴിയുകയാണോ...? ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‌ ഇന്ന്‌ ഇവിടെ തിരശ്ശീല ഉയരുമ്പോള്‍ ചോദ്യശരങ്ങള്‍ക്ക്‌ മുന്നിലാണ്‌ റിക്കി പോണ്ടിംഗ്‌. 75 വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ലോര്‍ഡ്‌സില്‍ വെച്ച്‌ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായതിന്റെ കരുത്തില്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിക്കുന്ന ഇംഗ്ലീഷ്‌ സംഘം ഇന്നിറങ്ങുന്നത്‌ ആത്മവിശ്വാസത്തിലാണ്‌. കെവിന്‍ പീറ്റേഴ്‌സണ്‍ പരുക്ക്‌ കാരണം പുറത്തായത്‌ ടീമിനെ ബാധിച്ചിട്ടില്ല. പകരം കളിക്കുന്ന ഇയാന്‍ ബെല്‍ ഇടവേളക്ക്‌ ശേഷം തനിക്ക്‌ ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്ന്‌ സ്‌ട്രോസ്‌ പറയുന്നതില്‍ തന്നെ ആത്മവിശ്വാസം പ്രകടമാണ്‌.
ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ സമീപകാല ടെസ്റ്റ്‌ പരമ്പരയില്‍ തോല്‍വി രുചിച്ച ഓസീ സംഘത്തിന്‌ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്‌ സമ്മാനിച്ചത്‌ ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു. കാര്‍ഡിഫില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയത്തിന്‌ അരികിലെത്തിയിട്ടും പഴയ കില്ലിംഗ്‌ ഇന്‍സ്‌ട്രിംട്‌ പ്രകടിപ്പിക്കാന്‍ കഴിയാതെ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയാണ്‌ ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയെ ബാധിച്ചത്‌. ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന കൂറ്റന്‍ ഓള്‍റൗണ്ടറുടെ ഫോമും ലോര്‍ഡ്‌സില്‍ പ്രകടിപ്പിച്ച മികവിനൊപ്പം ഓസ്‌ട്രേലിയയെ ഇല്ലാതാക്കാമെന്ന വിശ്വാസവും ഇംഗ്ലണ്ടിന്‌ ഊര്‍ജ്ജേമേകുന്നു.
ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഷെയിന്‍ വോണ്‍ തുടങ്ങിയവരെല്ലാം വിരമിച്ച ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കാരുടെ അപരാജിത ടീം എന്ന ഖ്യാതി ഇല്ലാതായിട്ടുണ്ട്‌. ഇന്ത്യന്‍ ടീം പലവട്ടം ഓസ്‌ട്രേലിയക്കാരെ മുട്ടുകുത്തിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയും കരുത്ത്‌ തെളിയിച്ചു. സ്റ്റീവ്‌ വോയെ പോലുള്ളവര്‍ നയിച്ച ഓസീസ്‌ ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ഓസീസ്‌ ടീമിനെ പരാജയപ്പെടുത്തുക വലിയ ജോലിയല്ലെന്നാണ്‌ സ്‌ട്രോസ്‌ ഇന്നലെ പറഞ്ഞത്‌. ഈ സത്യത്തെ പോണ്ടിംഗ്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
മൂന്നാം ടെസ്‌റ്റിലും വീഴ്‌ച്ച സംഭവിച്ചാല്‍ ഓസ്‌ട്രേലിയക്ക്‌ പിന്നെ പരമ്പരയില്‍ തിരിച്ചുവരാന്‍ കഴിയില്ല. ബൗളിംഗാണ്‌ ടീമിന്‌ പ്രധാന പ്രശ്‌നം. മക്‌ഗ്രാത്തും വോണും വിരമിച്ച ശേഷം അതേ പ്രഹരശേഷിയുള്ളവര്‍ ടീമില്ലില്ല. മിച്ചല്‍ ജോണ്‍സണ്‍, ബ്രെട്ട്‌ ലീ എന്നിവരിലായിരുന്നു പോണ്ടിംഗിന്റെ പ്രതീക്ഷ. പക്ഷേ ലീ പരുക്ക്‌ കാരണം പുറത്തായി. മിച്ചലിനെയാവട്ടെ ഇംഗ്ലീഷുകാര്‍ കാര്യമായി പ്രഹരിക്കുന്നുണ്ട്‌. സ്‌പിന്നര്‍മാരായ നതാന്‍ ഹൗറിറ്റ്‌സിനും മൈക്കല്‍ ക്ലാര്‍ക്കിനും വിക്കറ്റുകള്‍ ലഭിക്കുന്നില്ല. ബാറ്റിംഗിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. ടീമെന്ന നിലയില്‍ ഒരിക്കല്‍ പോലും ക്ലിക്‌ ചെയ്യാന്‍ കഴിയുന്നില്ല. മുമ്പ്‌ വാലറ്റത്തില്‍ തട്ടുതകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കാന്‍ ഗില്‍ക്രൈസ്റ്റ്‌ ഉണ്ടായിരുന്നു. ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ ജസ്റ്റിന്‍ ലാംഗറും മാത്യൂ ഹെയ്‌ഡനുമെല്ലാമുണ്ടായിരുന്നു. ഇവര്‍ക്ക്‌ പകരമെത്തിയവരെല്ലാം സമ്മര്‍ദ്ദത്തില്‍ പതറുമ്പോള്‍ വിശ്വസ്‌തനായ പോണ്ടിംഗിനും വലിയ സ്‌ക്കോര്‍ കണ്ടെത്താന്‍ കഴിയുന്നില്ല.
എജ്‌ബാസ്‌റ്റണില്‍ കാലാവസ്ഥ ചിലപ്പോള്‍ പ്രശ്‌നമായേക്കാം. ഇന്നലെയും മൂടികെട്ടിയ അന്തരീക്ഷമായിരുന്നു.

ആദ്യ ഗോള്‍
മാഡ്രിഡ്‌: റയല്‍ മാഡ്രിഡിന്‌ വേണ്ടി കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന്‌ ആദ്യഗോള്‍. അതും പെനാല്‍ട്ടി കിക്കില്‍ നിന്ന്‌. പീസ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്നലെ ലീഗാ ഡി ക്വിറ്റോക്കെതിരായ മല്‍സരത്തില്‍ റയല്‍ 4-2ന്‌ ജയിച്ചത്‌ പോര്‍ച്ചുഗല്‍ സൂപ്പര്‍താരത്തിന്റെ മികവിലായിരുന്നു. റയലില്‍ എത്തിയ ശേഷം മൂന്ന്‌ സൗഹൃദ മല്‍സരങ്ങളാണ്‌ റൊണാള്‍ഡോ കളിച്ചത്‌. ആദ്യം ഐറിഷ്‌ ടീമിനെതിരെ. പിന്നെ പീസ്‌ കപ്പില്‍ സൗദി ക്ലബായ ഇത്തിഹാദിനെതിരെ. ഈ രണ്ട്‌ മല്‍സരത്തിലും നിരാശ സമ്മാനിച്ച അദ്ദേഹത്തിന്‌ ഇന്നലെ പക്ഷേ കാണികളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ കഴിഞ്ഞു. നാല്‍പ്പത്തിയെട്ടാം മിനുട്ടിലായിരുന്നു പെനാല്‍ട്ടി ഗോള്‍. റൊണാള്‍ഡോയെ ക്വിറ്റോ ഡിഫന്‍ഡര്‍ നോര്‍ബെര്‍ട്ടോ അരാജു പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ വീഴ്‌്‌ത്തിയപ്പോള്‍ അനുവദിക്കപ്പെട്ട സ്‌പോട്ട്‌ കിക്ക്‌ ലക്ഷ്യത്തിലെത്തി. അമ്പത്തിമൂന്നാം മിനുട്ടില്‍ ടീം നേടിയ രണ്ടാം ഗോളിലും റൊണാള്‍ഡോക്ക്‌ പങ്കുണ്ടായിരുന്നു.

അഫ്രീദി നായകന്‍
ലാഹോര്‍: പാക്കിസ്‌താന്‍ 20-20 ടീമിനെ നയിക്കാന്‍ ഷാഹിദ്‌ അഫ്രീദി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കക്കെതിരെ നടക്കുന്ന 20-20 മല്‍സരത്തില്‍ അദ്ദേഹമായിരിക്കും ലോക ചാമ്പ്യന്മാരെ നയിച്ചിറങ്ങുക. ഇംഗ്ലണ്ടിലെ ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം യൂനസ്‌ഖാന്‍ 20-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അഫ്രീദിയെ നായകനാക്കിയത്‌. പാക്കിസ്‌താന്‍ ദേശീയ സംഘത്തില്‍ കഴിഞ്ഞ പതിമൂന്ന്‌ വര്‍ഷമായി കളിക്കുന്ന അഫ്രീദിക്ക്‌ ഇതാദ്യമായാണ്‌ നായകപ്പട്ടം ലഭിക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ പലവട്ടം പല ടീമുകളെ നയിച്ചിട്ടുള്ള അഫ്രീദിക്ക്‌ പക്ഷേ ദേശീയ തലത്തില്‍ പ്രധാന പദവി ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ അപക്വതയായിരുന്നു വില്ലന്‍. ഇന്‍സമാമുല്‍ഹഖ്‌ കഴിഞ്ഞ ലോകകപ്പിന്‌ ശേഷം വിരമിച്ചപ്പോള്‍ സ്വാഭാവിക ചോയിസായി അഫ്രീദി വരുമെന്നാണ്‌ കരുതിയത്‌. പക്ഷേ ഷുഹൈബ്‌ മാലിക്കിനായിരുന്നു അവസരം. മാലിക്കിന്‌ പകരം യൂനസ്‌ വന്നപ്പോഴും അഫ്രീദി കാഴ്‌ച്ചക്കാരനായി. ഒടുവിലിതാ ഇപ്പോള്‍ അഫ്രീദിക്കും നായകപ്പട്ടം.

അത്‌ ശരിയായില്ല
ബറോഡ: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുളള ഇന്ത്യന്‍ ടീമിന്റെ മുപ്പതംഗ സാധ്യതാ സംഘത്തില്‍ ഇര്‍ഫാനെ ഉള്‍പ്പെടുത്താതിരുന്നത്‌ തെറ്റായ നടപടിയാണെന്ന്‌ യൂസഫ്‌ പത്താന്‍. മൈതാനത്തിന്‌ പുറത്തെ കളിയിലാണ്‌ അനുജന്‍ പുറത്തായതെന്നാണ്‌ ചേട്ടന്റെ പക്ഷം. ഇര്‍ഫാന്റെ പ്രകടനം എന്നും ഉയരത്തിലായിരുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പുറത്തിരുത്താന്‍ കഴിയില്ല. എല്ലാവര്‍ക്കുമറിയാമല്ലോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌.... ഇതില്‍ ഞാനെന്ത്‌ പറയാനാണ്‌... നിങ്ങള്‍ പത്രക്കാര്‍ തന്നെ പറയുക എന്താണ്‌ സംഭവിച്ചതെന്ന്‌-യൂസഫിന്റെ വാക്കുകള്‍.

Tuesday, July 28, 2009

BARCA SULTHAN

സുല്‍ത്താന്‍ ഇനി ബാര്‍സയില്‍
ബാര്‍സിലോണ: ഇന്റര്‍ മിലാന്‍ എന്ന ഇറ്റാലിയന്‍ സംഘത്തിന്റെ ആണിക്കല്ലായി കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി സോക്കര്‍ മൈതാനത്ത്‌ നിറഞ്ഞ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ എന്ന സ്വീഡന്‍കാരന്‍ ഇനി കളിക്കുന്നത്‌ സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയുടെ കുപ്പായത്തില്‍. സ്‌പെയിനിലെ ചാമ്പ്യന്‍ സംഘത്തിന്റെ നിരയില്‍ ഇന്നലെ സുല്‍ത്താന്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. അഞ്ച്‌ വര്‍ഷത്തെ കരാറിലാണ്‌ അദ്ദേഹം ഒപ്പിട്ടത്‌. നുവോ കാംമ്പില്‍ സൂപ്പര്‍ താരത്തിന്റെ ആഗമനം കാണാന്‍ നാല്‍പ്പതിനായിരത്തോളം ഫുട്‌ബോള്‍ പ്രേമികളാണ്‌ തടിച്ചുകൂടിയത്‌. 45 കോടിക്കൊപ്പം സാമുവല്‍ ഇറ്റോ എന്ന കാമറൂണുകാരനെയും നല്‍കിയാണ്‌ ബാര്‍സ സുല്‍ത്താനെ സ്വന്തമാക്കിയിരിക്കുന്നത്‌. ലോക സോക്കറിലെ ഏറ്റവും മികച്ച മുന്‍നിരക്കാരനില്‍ ഒരാളാണ്‌ സുല്‍ത്താന്‍. ബാര്‍സയുടെ നിരയില്‍ ഈ സീസണിലെത്തുന്ന വിലയുളള ഏക താരമാണ്‌ സുല്‍ത്താന്‍. നിലവില്‍ സ്‌പാനിഷ്‌ ലീഗിനൊപ്പം യുവേഫ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സക്ക്‌ സ്വന്തമാക്കാണ്‌. ഈ കിരീടങ്ങള്‍ തിരിച്ചുപിടിക്കാന്‍ റയല്‍ മാഡ്രിഡ്‌ ശക്തരായ താരങ്ങളുമായി അണിനിരക്കുന്ന സാഹചര്യത്തിലാണ്‌ ഇറ്റോവിന്‌ പകരം ബാര്‍സ സുല്‍ത്താനെ രംഗത്തിറക്കിയിരിക്കുന്നത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന്‌ കൃസ്റ്റിയാനോ റൊണാള്‍ഡോ, ഏ.സി മിലാനില്‍ നിന്ന്‌ കക്ക തുടങ്ങിയ വന്‍ താരങ്ങള്‍ പുതിയ സീസണില്‍ റയല്‍ നിരയിലുണ്ടാവും.
സുല്‍ത്താന്‍ ബാര്‍സയില്‍ ഇറങ്ങിയ അതേ ദിവസം തന്നെ സാമുവല്‍ ഇറ്റോയെ ഇന്റര്‍ മിലാന്‍ സ്വന്തം മൈനാത്ത്‌ അവതരിപ്പിച്ചു. നീലയില്‍ കറുത്ത വരയുളള ഇന്ററിന്റെ കുപ്പായത്തില്‍ സൂപ്പര്‍ താരത്തെ കാണാന്‍ സാന്‍സീറോയില്‍ നിറയെ ജനമായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഇറ്റോ ഇവിടെ മെഡിക്കലിന്‌ എത്തിയത്‌.
റൊ പുറത്ത്‌
സാവോപോളോ: പരുക്കുകള്‍ റൊണാള്‍ഡോയെ വിടുന്ന മട്ടില്ല. കാല്‍മുട്ടിലെ പരുക്കുകള്‍ കാരണം ലോക സോക്കറില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്ന ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വീണ്ടും പരുക്ക്‌ പിടികൂടിയിരിക്കുന്നു. ഇത്തവണ കാലിന്‌ പകരം കൈക്കാണ്‌ പരുക്ക്‌. കഴിഞ്ഞ ദിവസം കൊറീന്ത്യന്‍സിനായി കളിക്കവെ വീണപ്പോള്‍ റൊണാള്‍ഡോയുടെ ഇടത്‌ കൈയില്‍ രണ്ട്‌ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്‌. രണ്ട്‌ മാസത്തോളം അദ്ദേഹത്തിന്‌ പുറത്തിരിക്കേണ്ടിവരുമെന്നാണ്‌ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌. ശസ്‌ത്രക്രിയ വേണമെങ്കില്‍ കൂടുതല്‍ നാളുകള്‍ പുറത്തിരിക്കേണ്ടി വരും. ഞായറാഴ്‌ച്ച പാല്‍മിറാസിനെതിരെ നടന്ന മല്‍സരത്തില്‍ മൂന്ന്‌ ഗോളുകള്‍ക്ക്‌ കൊറീന്ത്യന്‍സ്‌ പരാജയപ്പെട്ടിരുന്നു. പരുക്ക്‌ ഗുരുതരമല്ലെങ്കിലും രണ്ട്‌ മാസത്തോളം വിശ്രമം നിര്‍ബന്ധമാണെന്ന്‌ കൊറീന്ത്യന്‍സ്‌ ഡോക്ടര്‍ പോളോ ഡി ഫാരിയ പറഞ്ഞു.

തിരിച്ചടിക്കുമെന്ന്‌ അമേരിക്ക
ചിക്കാഗോ: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ തോല്‍
വിക്ക്‌ അതേ നാണയത്തില്‍ മെക്‌സിക്കോക്ക്‌ തിരിച്ചടി നല്‍കുമെന്ന്‌ അമേരിക്കന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ബോബ്‌ ബ്രാഡ്‌ലി. വന്‍കരാ കിരീട പോരാട്ടത്തില്‍ അമേരിക്ക നാണംകെട്ട അഞ്ച്‌ ഗോള്‍ തോല്‍വി രുചിച്ചതിന്‌ പിറകെ മാധ്യമങ്ങളെല്ലാം കോച്ചിനെതിരെ രംഗത്ത്‌ വന്ന സാഹചര്യത്തിലാണ്‌ ബ്രാഡ്‌ലി വെല്ലുവിളിയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. അടുത്ത മാസം 12ന്‌ മെക്‌സിക്കോ സിറ്റിയിലെ ലോക പ്രശസ്‌തമായ അസ്റ്റെക്‌ സ്‌റ്റേഡിയത്തില്‍ അമേരിക്കയും മെക്‌സിക്കോയും ലോകകപ്പ്‌ യോഗ്യതാ മല്‍സരം കളിക്കുന്നുണ്ട്‌. അഞ്ച്‌ ഗോളിന്റെ തോല്‍വി ഞെട്ടിപ്പിക്കുന്നതാണെന്ന്‌ കോച്ച്‌ സമ്മതിച്ചു. ഇത്രയും വലിയ തോല്‍വി ഒരു ടീമും പ്രതീക്ഷിക്കില്ല. പക്ഷേ ഞങ്ങളുടെ ബി ടീമാണ്‌ മെക്‌സിക്കോക്കെതിരെ കളിച്ചത്‌. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ സീനിയര്‍ നിര തന്നെ കളിക്കുമ്പോള്‍ മെക്‌സിക്കോയെ പരാജയപ്പെടുത്താന്‍ പ്രയാസപ്പെടേണ്ടി വരില്ലെന്നാണ്‌ ബ്രാഡ്‌ലി പറയുന്നത്‌. അതേ സമയം അഞ്ച്‌ ഗോളിന്റെ മഹാ വിജയവുമായി ഗോള്‍ഡ്‌ കപ്പ്‌ സ്വന്തമാക്കിയ മെക്‌സിക്കന്‍ ടീമിന്റെ പരിശീലകന്‍ ജാവിയര്‍ അഗ്വിര്‍ ത്രിശങ്കുവിലാണ്‌. പുതിയ നിരയെ അണിനിരത്തിയാണ്‌ അദ്ദേഹം മാസ്‌മരിക വിജയം നേടിയത്‌, ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇതേ ടീമിനെ തന്നെ അണിനിരത്തിയിട്ട്‌ കാര്യമുണ്ടോ എന്നാണ്‌ അദ്ദേഹത്തിന്റെ ആശങ്ക. അമേരിക്കയെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത യുവനിരയെ അവഗണിക്കുന്നത്‌ തെറ്റാണ്‌. പക്ഷേ ഗോള്‍ഡ്‌ കപ്പ്‌ സംഘത്തില്‍ ഇല്ലാതിരുന്ന സീനിയര്‍ താരങ്ങളെ അഗ്വിറോക്ക്‌ മറക്കാനാവില്ല. യൂറോപ്യന്‍ ലീഗില്‍ പി.എസ്‌.വി ഐന്തോവാനായി കളിക്കുന്ന കാര്‍ലോസ്‌ സാല്‍ഡിസോ,ജാവിയര്‍ റോഡ്രിഗസ്‌, സ്‌റ്റട്ട്‌ഗര്‍ട്ടിന്റ റൈക്കാര്‍ഡോ ഒസാരിയോ, അമേരിക്കാസിന്റെ പാവല്‍ പാര്‍ദോ,ഗുഡാലജറയുടെ ആരോണ്‍ ഗാലിന്‍ഡോ, വില്ലാ റയലിന്റെ ഗുലെര്‍മോ ഫ്രാങ്കോ എന്നിവരെല്ലാം ലോകകപ്പ്‌ സംഘത്തില്‍ മടങ്ങിയെത്തുന്നവരാണ്‌. ഇവരെ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ചില യുവതാരങ്ങളെ മാറ്റിനിര്‍ത്തേണ്ടി വരുമെന്നാണ്‌ കോച്ചിന്റെ അലട്ടുന്നത്‌. ഇന്ന്‌ മെക്‌സിക്കന്‍ സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിനിരിക്കയാണ്‌.
ലോകകപ്പ്‌ യോഗ്യതാ മല്‍സരം മെക്‌സിക്കോക്ക്‌ അതി നിര്‍ണ്ണായകമാണ്‌. കോണ്‍കാകാഫ്‌ മേഖലയില്‍ 12 പോയന്റുമായി കോസ്‌റ്റാറിക്കയാണ്‌ ഒന്നാമത്‌. പത്ത്‌ പോയന്റുമായി അമേരിക്ക രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നു.ഏഴ്‌ പോയന്റുള്ള ഹോണ്ടുറാസ്‌ മൂന്നാമതാണ്‌. അവര്‍ക്ക്‌ പിറകിലാണ്‌ ആറ്‌ പോയന്റുളള മെക്‌സിക്കോയുടെ സ്ഥാനം. മേഖലയില്‍ നിന്നും ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ലോകകപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌. നാലാം സ്ഥാനത്ത്‌ വരുന്നവര്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം.

സുല്‍ത്താനെ കാണാന്‍ ഇന്ത്യന്‍ ടീം
ബാര്‍സിലോണ: നുവോ കാംപിലെ ഓഗസ്‌റ്റ്‌ 27 ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മറക്കില്ല. ഈ ദിവസത്തിലാണ്‌ സ്വിഡിഷ്‌ സൂപ്പര്‍താരം സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ ബാര്‍സയില്‍ ചേര്‍ന്നത്‌. ഇന്ത്യന്‍ ടീം പരിശീലനം നടത്തുന്ന മൈതാനത്തിന്‌ തൊട്ടരികിലായിട്ടായിരുന്നു സുല്‍ത്താനെ അവതരിപ്പിക്കുന്ന ചടങ്ങ്‌. അരലക്ഷത്തോളം പേരാണ്‌ പുതിയ താരത്തെ കാണാന്‍ സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയത്‌. കാണികള്‍ക്കൊപ്പം ചില ഇന്ത്യന്‍ താരങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക്‌ സുല്‍ത്താനെ കാണാനായി. ചിലര്‍ക്ക്‌ പക്ഷേ സൂപ്പര്‍ താരത്തിന്റെ അരികിലെത്തി ഫോട്ടോയെടുക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ സെക്യൂരിറ്റി അനുവദിച്ചില്ല.
ഇന്ത്യന്‍ ടീം താമസിക്കന്ന അതേ ഹോട്ടലില്‍ തന്നെയാണ്‌ സുല്‍ത്താനും താമസിച്ചത്‌. ഇവിടെയും പക്ഷേ സെക്യൂരിറ്റി ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. ലയണല്‍ മെസിയെ പോലെയുളള സൂപ്പര്‍ താരങ്ങളെ നേരില്‍ കാണാന്‍ കൊതിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ഇത്‌ വരെ അര്‍ജന്റീനക്കാരനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ബാര്‍സ ടീം ഇപ്പോള്‍ ഓഫ്‌ സീസണ്‍ പര്യടനത്തിലാണ്‌. ഇന്ത്യന്‍ ടീമിന്‌ ഇന്ന്‌ രണ്ടാം മല്‍സരമുണ്ട്‌. പ്രതിയോഗികള്‍ ഏ.ഇ പാര്‍ട്ട്‌ എന്ന ടീമാണ്‌. ആദ്യ മല്‍സരത്തില്‍ സ്‌പാനിഷ്‌ നാലാം ഡിവിഷന്‍ ക്ലബിനെ സമനിലയില്‍ തളക്കാനായ ആവേശത്തിലാണ്‌ ബൈജൂംഗ്‌ ബൂട്ടിയയും സംഘവും. ഇന്നലെ സുനില്‍ ചേത്രിയുള്‍പ്പെടെയുളളവര്‍ പൂര്‍ണ്ണ പരിശീലനത്തിലായിരുന്നു.

ലോകകപ്പിന്‌ വേണ്ടി ഒബാമയും
വാഷിംഗ്‌ടണ്‍: ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കാനുളള അമേരിക്കന്‍ താല്‍പ്പര്യത്തിനൊപ്പം പ്രഡിസണ്ട്‌ ബറാക്‌ ഒബാമയും...! കഴിഞ്ഞ ദിവസം വൈറ്റ്‌ ഹൗസില്‍ തന്നെ കാണാനെത്തിയ ഫിഫ തലവന്‍ സെപ്‌ ബ്ലാറ്ററോട്‌ ഈ കാര്യം ഒബാമ പറയുകയും ചെയ്‌തു. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും 2014 ല്‍ ബ്രസീലിലും നടക്കുന്ന ലോകകപ്പിന്‌ ശേഷം 2018 ലെ ലോകകപ്പ്‌ അമേരിക്കക്ക്‌ വേണമെന്നതാണ്‌ സോക്കര്‍ ഫെഡറേഷന്റെ താല്‍പ്പര്യം. എന്നാല്‍ യൂറോപ്പ്‌ ശക്തമായി രംഗത്ത്‌ വന്ന സാഹചര്യത്തില്‍ 2022 ലെ ലോകകപ്പായിരിക്കും അമേരിക്കക്ക്‌ അനുയോജ്യമെന്നതാണ്‌ ബ്ലാറ്ററുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കാര്യം അദ്ദേഹം ഒബാമയോട്‌ പറഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലേക്ക്‌ ഒബാമയെ ബ്ലാറ്റര്‍ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ക്ഷണത്തിന്‌ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ദക്ഷിണാഫ്രിക്കയിലെത്താന്‍ ശ്രമിക്കുമെന്ന്‌ ഒബാമ വ്യക്തമാക്കി.
ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ വരെയെത്തിയ അമേിക്കന്‍ ടീം അവിടെ ബ്രസീലിന്‌ മുന്നില്‍ തകര്‍ന്നത്‌ ഒബാമ കണ്ടിരുന്നില്ല. പക്ഷേ അമേരിക്കന്‍ സോക്കര്‍ നിലവാരം പുലര്‍ത്തുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനലിന്റെ ആദ്യ പകുതിയില്‍ രണ്ട്‌്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ശേഷമാണ്‌ അമേരിക്ക ബ്രസീലിന്‌ മുന്നില്‍ തളര്‍ന്നത്‌. ഫൈനല്‍ മല്‍സരത്തിന്റെ ആദ്യ പകുതയില്‍ ഉപയോഗിച്ച പന്ത്‌ ബ്ലാറ്റര്‍ ഒബാമക്‌ സമ്മാനിക്കുകയും ചെയ്‌തു.

ലോകകപ്പ്‌ ഹോക്കി
ഹീറോ ഹോണ്ട സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ഹോകി ചാമ്പ്യന്‍ഷിപ്പ്‌ ഹീറോ ഹോണ്ട മോട്ടോര്‍സ്‌്‌ സ്‌പോണ്‍സര്‍ ചെയ്യും. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ ലിയാന്‍ഡറോ നിഗ്രെ, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡി, ഹോക്കി ഇന്ത്യ പ്രസിഡണ്ട്‌ ഏ.കെ മാട്ടൂ, 1975 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന ചടങ്ങില്‍ വെച്ചാണ്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്‌. ലോകത്തെ എല്ലാ ഹോക്കി പ്രബലരും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന്‌ നിഗ്രെ പറഞ്ഞു.

ആമിര്‍ ജേതാവ്‌
കോഴിക്കോട്‌: സംസ്ഥാന അണ്ടര്‍-13 ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിന്റെ ആമിര്‍ ആസിം ജേതാവായി. കൊല്ലം വൈ.എം.സി.എ യില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറര പോയന്റ്‌ സ്വന്തമാക്കിയാണ്‌ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ ആമിര്‍ ഒന്നാമനായത്‌. എറണാകുളത്തിന്റെ വിഷ്‌ണു ഗോപകുമാറിനാണ്‌ രണ്ടാം സ്ഥാനം. ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടിയവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.

Saturday, July 25, 2009

BIG CONCA FINAL

കലാശം
ചിക്കാഗോ: ഉത്തര അമേരിക്കന്‍ വന്‍കരയിലെ സോക്കര്‍ രാജാക്കന്മാര്‍ ആരാണെന്ന്‌ ഇന്നത്തെ ദിവസം പ്രഖ്യാപിക്കും. മേഖലയിലെ രണ്ട്‌ പ്രബലരാണ്‌ മുഖാമുഖം. അമേരിക്കയുടെ യുവസംഘം മെക്‌സിക്കോയുടെ അനുഭവസമ്പത്തിനെ എതിരിടുമ്പോള്‍ പോരാട്ടം കേമമാവും. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരാണ്‌ അമേരിക്ക. മെക്‌സിക്കോയാവട്ടെ കോച്ചിന്റെ മൈതാന സേവനമില്ലാതിരുന്നിട്ട്‌ പോലും തുടര്‍ച്ചയായി മൂന്ന്‌ മല്‍സരങ്ങളില്‍ മികച്ച വിജയം നേടിയവര്‍. രണ്ട്‌ ടീമിലും സൂപ്പര്‍ താരങ്ങളില്‍ ചിലരില്ല. എന്നിട്ടും വലിയ മല്‍സരങ്ങളെ കരുത്തോടെ എതിരിടാന്‍ യുവനിരക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ദീര്‍ഘകാലമായി വന്‍കരയിലെ രാജാക്കന്മാര്‍ അമേരിക്കയാണ്‌. അവരെ എതിര്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പില്‍ കഴിഞ്ഞ രണ്ട്‌ തവണയും മുത്തമിട്ടതും അമേരിക്ക. പക്ഷേ ഇത്‌ വരെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ തിളക്കം കാണാട്ടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. ഒരു മാസം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിരീടത്തിനരികിലെത്തിയിരുന്നു ടീം. സൂപ്പര്‍ താരങ്ങളുടെ ബ്രസീലിനെതിരെ തുടക്കത്തില്‍ രണ്ട്‌ ഗോളിന്റെ ലീഡ്‌ നേടിയിട്ടും കപ്പില്‍ തൊടാന്‍ കഴിയാത്ത നിരാശയില്‍ അവര്‍ക്ക്‌ മടങ്ങേണ്ടിവന്നു. ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്നു. ഗോള്‍ഡ്‌ കപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ആ കരുത്തില്‍ ലോകകപ്പില്‍ കളിക്കാനാവും.
മെക്‌സിക്കോക്ക്‌ സമീപകാലത്തായി മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ സോക്കറില്‍ മിന്നിതിളങ്ങുന്ന പല താരങ്ങളും അവരുടെ സംഘത്തിലുണ്ട്‌. പക്ഷേ വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം ടീമിന്‌ തലവേദനയാണ്‌. കോണ്‍കാകാഫ്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ അവരിപ്പോള്‍ നാലാമതാണ്‌. കോസ്‌റ്റാറിക്ക, അമേരിക്ക, ഹോണ്ടുറാസ്‌ എന്നിവര്‍ക്ക്‌്‌ പിറകില്‍. ഗോള്‍ഡ്‌ കപ്പില്‍ വിജയിക്കാനായാല്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളും വിജയിക്കാനാവുമെന്ന വിശ്വാസമാണ്‌ ടീമിനുളളത്‌.
ഫൈനലില്‍ രണ്ട്‌ ടീമുകളെയും വിലയിരുത്തുമ്പോള്‍ പ്രകടനത്തിന്റെ ആധികാരികതയില്‍ അമേരിക്കക്കാണ്‌ വ്യക്തമായ മുന്‍ത്തൂക്കം. കളിച്ച എല്ലാ മല്‍സരങ്ങളിലും ആധികാരികതയാണ്‌ അമേരിക്കന്‍ ടീം പ്രകടിപ്പിച്ചത്‌. സെമി ഫൈനലില്‍ ഹോണ്ടുറാസിന്റെ അനുഭവസമ്പത്തിനെ പോലും അമേരിക്ക തോല്‍പ്പിച്ചത്‌ ആധികാരികമായാണ്‌. അതേ സമയം കോസ്‌റ്റാറിക്കയെ പരാജയപ്പെടുത്താന്‍ മെക്‌സിക്കോക്ക്‌ ഷൂട്ടൗട്ട്‌ വരെ പോവേണ്ടി വന്നു. അമേരിക്കയെ പോലെ ശക്തരായ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരുമെന്നാണ്‌ മെക്‌സിക്കോയുടെ സെമിഫൈനല്‍ ഹീറോയായ ഗോള്‍ക്കീപ്പര്‍ ഗുലെര്‍മോ ഒച്ചോവ പറയുന്നത്‌. കോസ്‌റ്റാറിക്കയുടെ മൂന്നാമത്‌ പെനാല്‍ട്ടി കിക്ക്‌ അതിമികവോടെ കുത്തിയകറ്റിയ ഓച്ചോവക്ക്‌ പക്ഷേ ഫൈനല്‍ മല്‍സരം അധികസമയത്തേക്കും പിന്നെ ഷൂട്ടൗട്ടിലേക്കും ദീര്‍ഘിച്ചാല്‍ ജയിച്ചുകയറാമെന്ന വിശ്വാസമുണ്ട്‌.
2007 ലെ ഗോള്‍ഡ്‌ കപ്പ്‌ ഫൈനലിലും അമേരിക്കയുടെ പ്രതിയോഗികള്‍ മെക്‌സിക്കോയായിരുന്നു. അന്ന്‌ അവരെ തോല്‍പ്പിക്കാന്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല എന്ന സത്യമാണ്‌ തന്റെ യുവതാരങ്ങള്‍ക്ക്‌ കോച്ച്‌ ബ്രാഡ്‌ലി പറഞ്ഞ്‌ കൊടുക്കുന്നത്‌. മെക്‌സിക്കോയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ പത്ത്‌ വര്‍ഷത്തില്‍ പലവട്ടം മുഖാമുഖം വന്നപ്പോഴും വിജയം അമേരകിക്കക്കൊപ്പമായിരുന്നു. ചിലപ്പോഴെല്ലാം മല്‍സരങ്ങള്‍ അടിപിടിയില്‍ കലാശിച്ചിരുന്നു. പക്ഷേ ഇന്ന്‌ കപ്പിലേക്ക്‌ നോട്ടമിട്ട്‌ സുന്ദരമായ ഫുട്‌ബോളാണ്‌ മെക്‌സിക്കന്‍ കോച്ച്‌ ജാവിയര്‍ അഗ്വിര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങള്‍ ഗ്യാലറിയിലിരുന്ന്‌ കാണാന്‍ വിധിക്കപ്പെട്ട കോച്ചിന്‌ ഫൈനലില്‍ മൈതാനത്ത്‌ സ്വന്തം ടീമിനൊപ്പം ഇരിക്കാമെന്ന ആശ്വാസവുമുണ്ട്‌.

യൂറോപ്പ്‌-അമേരിക്ക
ചിക്കാഗോ: 2018 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ അമേരിക്കയും യൂറോപ്പും തമ്മില്‍ പിടിവലി. സ്വന്തം വന്‍കരക്ക്‌ ലോകകപ്പ്‌ ആതിഥേയത്വം വേണമെന്ന നിലപാടില്‍ ഇരുവരും ഉറച്ച്‌ നില്‍ക്കുമ്പോള്‍ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ചേരുന്ന ഫിഫ എക്‌സിക്യൂട്ടിവില്‍ കാര്യമായ പിടിവലിക്കാണ്‌ സാധ്യത. അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയിലാണ്‌. ഇതാദ്യമായാണ്‌ കറുത്ത വന്‍കര ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. 2014 ലെ ലോകകപ്പ്‌ ബ്രസീലിനും അനുവദിച്ചിട്ടുണ്ട്‌. 2018 ല്‍ തങ്ങളുടെ ഊഴമാണെന്നാണ്‌ അമേരിക്ക സമര്‍ത്ഥിക്കുന്നത്‌. തുടര്‍
ച്ചയായി രണ്ട്‌ ലോകകപ്പുകള്‍ (2010, 2014) യൂറോപ്പിന്‌ പുറത്ത്‌ നടക്കുന്ന സാഹചര്യത്തില്‍ 2018 ലെ അവസരം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ സോക്കര്‍ വന്‍കര ഒരുക്കമല്ല. യൂറോപ്പില്‍ നിന്ന്‌ ഹോളണ്ട്‌-ബെല്‍ജിയം, പോര്‍ച്ചുഗല്‍-സ്‌പെയിന്‍ എന്നിവരാണ്‌ രംഗത്ത്‌. ഫിഫക്ക്‌ താല്‍പ്പര്യം യൂറോപ്പിനോടാണ്‌. 23 അംഗ ഫിഫ എക്‌സിക്യൂട്ടിവിലെ എട്ട്‌ പേരും യൂറോപ്പില്‍ നിന്നുളളവരാണ്‌. അതിനാല്‍ യൂറോപ്പിന്റെ താല്‍പ്പര്യത്തിനാണ്‌ മുന്‍ഗണന ലഭിക്കുക. 2022 ലെ ലോകകപ്പ്‌ അമേരിക്കക്ക്‌്‌ നല്‍കുന്നതില്‍ പ്രയാസമില്ലെന്ന പക്ഷക്കാരനാണ്‌ ഫിഫയുടെ തലവന്‍ സെപ്‌ ബ്ലാറ്റര്‍.
അമേരിക്ക ഇതിന്‌ മുമ്പ്‌ ഒരു തവണ മാത്രമാണ്‌ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌-1994 ല്‍. അമേരിക്കയില്‍ ഫുട്‌ബോള്‍ പ്രിയത കുറവാണെന്ന പ്രചാരണത്തിനിടെയാണ്‌ ലോകകപ്പ്‌ വന്നിരുന്നത്‌. പക്ഷേ 3.59 ദശലക്ഷം കാണികളാണ്‌ മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തിയത്‌. 94 ല്‍ നിന്നും അമേരിക്കന്‍ സോക്കര്‍ വളര്‍ന്ന്‌ പന്തലിച്ചിട്ടുണ്ട്‌. അതിനാല്‍ 2018 ലെ ലോകകപ്പ്‌ അനുവദിച്ചു കിട്ടിയാല്‍ കൂടതല്‍ ആരാധകരെ ഗ്യാലറികളിലേക്ക്‌ എത്തിക്കാമെന്ന കാര്യത്തില്‍ സംശയങ്ങളില്ല.
അമേരിക്കന്‍ ജനതക്ക്‌ ഫുട്‌ബോളിനോടുളള പ്രിയത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫിഫ അമേരിക്കയോട്‌ വിവേചനം കാട്ടരുതെന്നാണ്‌ യു.എസ്‌ ഫുട്‌ബോള്‍ അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നത്‌. ഫിഫയുടെ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ അമേരിക്കന്‍ ടീം ഫൈനല്‍ കളിച്ചത്‌ വരെ അധികാരികള്‍ ഉദാഹരിക്കുന്നു. 1996 ല്‍ ആരംഭിച്ച അമേരിക്കന്‍ മേജര്‍ ലീഗ്‌ ഫുട്‌ബോളില്‍ ലോകത്തിലെ സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നുണ്ട്‌. ലോസാഞ്ചലസ്‌ ഗ്യാലക്‌സിക്കായി ഡേവിഡ്‌ ബെക്കാമിനെ പോലുള്ളവരാണ്‌ കളിക്കുന്നത്‌. മേജര്‍ ഫുട്‌ബോള്‍ ലീഗ്‌ ഉന്നതനിലവാരം പുലര്‍ത്തുന്ന സാഹചര്യത്തില്‍ സെപ്‌ ബ്ലാറ്ററെ പോലുള്ളവര്‍ അമേരിക്കയെ മറക്കില്ലെന്ന പ്രതീക്ഷയാണ്‌ അവര്‍ പുലര്‍ത്തുന്നത്‌.
2018 ലെ ലോകകപ്പ്‌ അമേരിക്കക്‌ നല്‍കണമെന്ന്‌ വാദിക്കുന്ന ബിഡ്‌ കമ്മിറ്റിയുടെ തലവനായ ഡേവിഡ്‌ ഡൗണ്‍സ്‌ കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ൂബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ വിജയകരമായി ആതിഥേയത്വം വഹിക്കുന്ന വേദികളാണ്‌ ലോകത്തിന്‌ മുന്നില്‍ ചൂണ്ടിക്കാട്ടുന്നത്‌. ചിക്കാഗോ, ലോസാഞ്ചലസ്‌, സാന്‍ഫ്രാന്‍സിസ്‌ക്കോ തുടങ്ങിയ വേദികള്‍ ലോക നിലവാരത്തിലുളളവയാണ്‌. ഇത്‌ മറക്കരുത്‌. 2018 ലെ ലോകകപ്പ്‌ അനുവദിച്ചാല്‍ കൂടുതല്‍ മികച്ച ലോകകപ്പ്‌ വേദികള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേ സമയം കൂടുതല്‍ ശക്തമാണ്‌ യൂറോപ്യന്‍ വാദം. 2010 ലെ ലോകകപ്പ്‌ ആഫ്രിക്കക്ക്‌ അനുവദിച്ചത്‌ എല്ലാവരോടും തുല്യ നീതി എന്ന നിലപാടിലാണ്‌. 2014 ലെ ലോകകപ്പ്‌ ബ്രസീലിന്‌ നല്‍കിയപ്പോഴും യൂറോപ്പ്‌ എതിര്‍ത്തിട്ടില്ല. പക്ഷേ ഫുട്‌ബോളിന്റെ തറവാടായ യൂറോപ്പിനെ നിരന്തരമായി അവഗണിക്കുന്നത്‌ അപരാധമാണ്‌. കഴിഞ്ഞ ലോകകപ്പ്‌്‌ ജര്‍മനിയിലാണ്‌ നടന്നത്‌. ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ഇത്‌. മറ്റ്‌ വന്‍കരകളില്‍ കളിക്കുമ്പോള്‍ പല ടീമുകളും പലവിധ പ്രതിസന്ധികളെ നേരിടുന്നതായാണ്‌ യൂറോപ്പ്‌്‌ കുറ്റപ്പെടുത്തുന്നത്‌. ആഫ്രിക്കയില്‍ കളിക്കാന്‍ പല ടീമുകള്‍ക്കും വൈമുഖ്യമുണ്ട്‌. ലാറ്റിനമേരിക്കയിലും കാര്യങ്ങള്‍ അത്ര ഭദ്രമല്ല. എന്നിട്ടും പരാതികളില്ലാതെയാണ്‌്‌ യൂറോപ്പ്‌ കളിക്കുന്നത്‌. ഇത്‌ ഫിഫ കാണാതിരിക്കില്ല എന്നാണ്‌ യൂറോപ്പ്‌ കരുതുന്നത്‌. സംയുക്തമായി ലോകകപ്പിന്‌ ആഥിഥേയത്വം വഹിക്കാന്‍ നാല്‌ രാജ്യങ്ങളാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. സ്‌പെയിനും പോര്‍ച്ചുഗലും സ്വന്തം വേദികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഹോളണ്ടും ബെല്‍ജിയവും വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയകരമായി നടത്തിയ പാരമ്പര്യമാണ്‌ ഉയര്‍ത്തികാണിക്കുന്നത്‌.
എന്തായാലും കാത്തിരിപ്പിന്റെ ദിവസങ്ങളാണ്‌ അമേരിക്കക്കും യൂറോപ്പിനും.

ദേശീയ ഗെയിംസ്‌
കേന്ദ്ര സഹായമായി 110 കോടി
കോഴിക്കോട്‌: അടുത്ത വര്‍ഷം കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 110 കോടി നല്‍കും. കേന്ദ്ര ആഭ്യന്തര കാര്യ സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്റെ ഇടപെടലിലാണ്‌ കേരളത്തിന്‌ വലിയ സഹായം ലഭിക്കുന്നത്‌. 220 കോടിയാണ്‌ ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി കേരളം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. സംസ്ഥാന സ്‌പോര്‍ട്‌സ്‌ മന്ത്രി എം. വിജയകുമാര്‍ ഇത്‌ സംബന്ധിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ നിവേദനം നല്‍കിയിരുന്നു. അദ്ദേഹം കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലുമായും കേന്ദ്ര ആസുത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷനുമായും ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളം ആവശ്യപ്പെട്ട തുകയില്‍ പകുതി നല്‍കാന്‍ ധാരണയായിരിക്കുന്നത്‌.
കേരളത്തില്‍ മൂന്ന്‌ സ്ഥലങ്ങളിലായാണ്‌ ഗെയിംസ്‌ നടത്തുന്നത്‌. തിരുവനന്തപരം, കൊച്ചി ,കോഴിക്കോട്‌ എന്നിവിടങ്ങളിലായി നടക്കുന്ന ഗെയിംസ്‌ വേദികള്‍ ഇപ്പോള്‍ തന്നെ ഒരുക്കങ്ങളിലാണ്‌. സംഘാടക സമിതികള്‍ രൂപീകരിച്ച്‌ എല്ലായിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.

വാചകമടി
ലണ്ടന്‍: അസാഫ പവല്‍ എന്ന ജമൈക്കക്കാരന്‌ വാചകമടിക്കാന്‍ മാത്രമാണ്‌ അറിയുക....! ഉസൈന്‍ ബോള്‍ട്ട്‌ എന്ന സ്വന്തം നാട്ടുകാരനെ ലണ്ടന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ ഇല്ലാതാക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച അസാഫ പവലിന്‌ മല്‍സരത്തില്‍ നേടാനായത്‌ ആറാം സ്ഥാനം....! ക്രിസ്‌റ്റല്‍ പാലസില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും എതിരാളികളെ ബഹുദൂരം പിറകിലാക്കി ഉസൈന്‍ ബോള്‍ട്ട്‌ ഒരിക്കല്‍ക്കൂടി ലോകത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു സ്‌പ്രിന്റര്‍ ഇല്ലെന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിച്ചു. 9.91 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌. കാറ്റിന്റെ ആനുകൂല്യത്തിലും തന്റെ ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന്‌ അരികിലെത്താന്‍ ബോള്‍ട്ടിനായില്ല. ജമൈക്കയില്‍ നിന്നുള്ള യോഹാന്‍ ബ്ലാകെയാണ്‌ 10.11 സെക്കന്‍ഡില്‍ രണ്ടാമനായത്‌. ആന്റിഗ്വയുടെ ഡാനിയല്‍ ബെയ്‌ലി 10.13 സെക്കന്‍ഡില്‍ മൂന്നാമനായപ്പോള്‍ നാലാമത്‌ വന്നത്‌ ബ്രിട്ടന്റെ സിമിയോണ്‍ വില്ല്യംസണാണ്‌. 10.19 സെക്കന്‍ഡിലാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌. അമേരിക്കന്‍ താരം ഐവറി വില്ല്യംസ്‌ 10.21 സെക്കന്‍ഡില്‍ അഞ്ചാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. വില്ല്യംസിനും പിറകില്‍ 10.26 സെക്കന്‍ഡിലാണ്‌ പവല്‍ എത്തിയത്‌. ബ്രിട്ടന്റെ ക്രെയിഗ്‌ പിക്കറിംഗ്‌ 10.46 സെക്കന്‍ഡിലും അമേരിക്കയുടെ ട്രെല്‍ കിമണ്‍സ്‌ 10.47 സെക്കന്‍ഡിലും ഫിനിഷ്‌ ചെയ്‌തു.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ എതിരാളികളെയെല്ലാം നിഷ്‌പ്രഭമാക്കിയ പ്രകടനത്തിലാണ്‌ ലോക റെക്കോര്‍ഡുമായി ബോള്‍ട്ട്‌ ഒന്നാമനായത്‌. അന്ന്‌ അസാഫ അഞ്ചാമതാണ്‌ വന്നത്‌. ഒളിംപിക്‌സിലും മല്‍സരം തുടങ്ങുന്നതിന്‌ മുമ്പ്‌ അസാഫ ബോള്‍ട്ടിനെ വെല്ലുവിളിച്ചിരുന്നു. പക്ഷേ മൈതാനത്ത്‌ കണ്ടത്‌്‌ പറപറക്കുന്ന ബോള്‍ട്ടിനെയാണ്‌. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒളിംപിക്‌സില്‍ മൂന്ന്‌ സ്വര്‍ണ്ണവുമായി കളം നിറഞ്ഞ ബോള്‍ട്ട്‌ തുടക്കം മുതല്‍ ഇവിടെ ഒന്നാമനായിരുന്നു. തന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന മട്ടിലാണ്‌ അദ്ദേഹം ഓടിയത്‌. 50 മീറ്റര്‍ പിന്നിടുമ്പോള്‍ ബോള്‍ട്ടിന്റെ അരികില്‍ ആരുമുണ്ടായിരുന്നില്ല.
മല്‍സരത്തിന്‌ ശേഷം വീനിതനാവുന്ന ബോള്‍ട്ടിനെയാണ്‌ കണ്ടത്‌. ഞാന്‍ അപരാജിതനാണ്‌ എന്ന്‌ പറയില്ല. ചിലപ്പോള്‍ എനിക്ക്‌ നന്നായി ഓടാന്‍ കഴിയുന്നു. അപ്പോള്‍ എതിരാളികള്‍ പിറകിലാവുന്നു. മല്‍സരത്തിന്റെ ആദ്യ 50 മീറ്റര്‍ അതിവേഗം പിന്നിടുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ആദ്യ അമ്പത്‌ മീറ്ററില്‍ നല്ല ലീഡ്‌ നേടാനായാല്‍ കാര്യങ്ങള്‍ എളുപ്പമാണ്‌.
ആരോഗ്യപരമായി താന്‍ നൂറ്‌ ശതമാനം മല്‍സര യോഗ്യനല്ലെന്നാണ്‌ ബോള്‍ട്ട്‌ പറഞ്ഞത്‌. 85 ശതമാനം മാത്രമാണ്‌ ഫിറ്റ്‌നസ്‌. അടുത്ത മാസം ബെര്‍ലിനില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ മുന്നോടിയായി കൂടുതല്‍ പരിശീലനം വേണം. അടുത്തയാഴ്‌ച്ചകള്‍ ഇതിനുളളതാണെന്നും ബോള്‍ട്ട്‌ പറഞ്ഞു.
ക്രിസ്റ്റല്‍ പാലസില്‍ അസാഫക്ക്‌ ഇത്‌ ആദ്യ തോല്‍വിയാണ്‌. മുന്‍ ലോക റെക്കോര്‍ഡുകാരനായ അസാഫ കഴിഞ്ഞ മൂന്ന്‌ തവണയും ഇവിടെ ഒന്നാമനായത്‌.

Friday, July 24, 2009

AGAIN U.S

അമേരിക്ക-മെക്‌സിക്കോ ഫൈനല്‍
ചിക്കാഗോ: കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ നാളെ അമേരിക്കയും അയല്‍ക്കാരായ മെക്‌സിക്കോയും മുഖാമുഖം. ഇന്നലെ നടന്ന സെമി ഫൈനലുകളില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയപ്പോള്‍ അധികസമയത്തും സമനിലയില്‍ കലാശിച്ച രണ്ടാം സെമിയില്‍ ഷൂട്ടൗട്ട്‌ വിജയവുമായി മെക്‌സിക്കോ കോസ്‌റ്റാറിക്കയെ വീഴ്‌ത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരായ അമേരിക്ക സൂപ്പര്‍ താരങ്ങളില്ലാതെയാണ്‌ ഫൈനല്‍ ടിക്കറ്റ്‌ നേടിയത്‌. ടീമിലെ സൂപ്പര്‍ താരങ്ങളായ ലെന്‍ഡാല്‍ ഡോണോവാന്‍, ടീം ഹൊവാര്‍ഡ്‌ തുടങ്ങിയവരെല്ലാം അമേരിക്കന്‍ ലീഗില്‍ കളിക്കാന്‍ പോയതിനാല്‍ യുവനിരയാണ്‌ രാജ്യത്തെ പ്രതിനിധീകരിച്ചത്‌. പക്ഷേ കോച്ച്‌ ബോബ്‌ ബ്രാഡ്‌ലിയുടെ തന്ത്രങ്ങളില്‍, ഹോണ്ടുറാസിന്റെ സീനിയര്‍ താരങ്ങളെ ഇല്ലാതാക്കാന്‍ യുവനിരക്കായി. ഒന്നാം പകുതിയുടെ അവസാനത്തില്‍ ക്ലിയറന്‍സ്‌ ഗുഡ്‌സണ്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ കെന്നഡി കൂപ്പറിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കഴിഞ്ഞ രണ്ട്‌ തവണയും കോണ്‍കാകാഫില്‍ അമേരിക്കന്‍ ടീമിന്‌ എതിരാളികളുണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ മെക്‌സിക്കോ ശക്തമായ സംഘവുമായാണ്‌ എത്തിയിരിക്കുന്നത്‌. കോസ്‌റ്റാറിക്കയെ ഷൂട്ടൗട്ടില്‍ 5-3 ന്‌ വീഴ്‌്‌ത്തിയ അവര്‍ക്ക്‌ ഫൈനല്‍ പോരാട്ടത്തില്‍ കോച്ച്‌ കാര്‍ലോസ്‌ അഗ്വിറോയുടെ സേവനവും ലഭിക്കും. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ സസ്‌പെന്‍ഷന്‍ കാരണം കോച്ച്‌ ഗ്യാലറിയിലിരുന്നാണ്‌ കളി കണ്ടത്‌.
വലിയ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്‌. ഒരു മാസം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഫൈനലില്‍ കരുത്തരായ ബ്രസീലിനെതിരെ തുടക്കത്തില്‍ രണ്ട്‌ ഗോളിന്‌ മുന്നിട്ട്‌ നിന്ന ശേഷം പിന്നീട്‌ മൂന്ന്‌ ഗോളുകള്‍ വാങ്ങി തോറ്റതിന്റെ നിരാശ താരങ്ങളുടെ മുഖത്ത്‌ ഇപ്പോഴും പ്രകടമാണ്‌. ആ ഫൈനല്‍ തോല്‍വിക്ക്‌ നാളെ സ്വന്തം തട്ടകത്തില്‍ മറുപടി നല്‍കാനാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌. അമേരിക്കന്‍ ദേശീയ ടീമിനായി തന്റെ അഞ്ചാം മല്‍സരം കളിച്ച ക്ലിയറന്‍സ്‌ ഗുഡ്‌സണെ പോലുളള യുവതാരങ്ങള്‍ പറയുന്നത്‌ കപ്പ്‌ സ്വന്തമാക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്നാണ്‌.
ഹോണ്ടുറാസിന്‌ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. അമേരിക്കക്കെതിരെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ തോല്‍വിയാണ്‌ അവര്‍ രുചിക്കുന്നത്‌. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തോല്‍വിയും. മികച്ച പ്രകടനം നടത്തിയിട്ടും ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന്‌ ഹോണ്ടുറാസ്‌ കോച്ച്‌ റൈനാള്‍ഡോ റൂയാഡ പറഞ്ഞു. അമേരിക്ക ശക്തരായ പ്രതിയോഗികളായിരുന്നു. അവര്‍ക്കെതിരെ മികച്ച പ്രകടനം നടത്താനായി. പക്ഷേ നിര്‍ണ്ണായക അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം യുവതാരങ്ങള്‍ പ്രതീക്ഷ കാത്തതിലാണ്‌ അമേരിക്കന്‍ കോച്ചിന്‌ ആഹ്ലാദം. അടുത്ത ലോകകപ്പില്‍ രാജ്യത്തിനായി അവസരം തേടുന്ന യുവതാരങ്ങളെയാണ്‌ ബ്രാഡ്‌ലി അവതരിപ്പിച്ചത്‌.
ഗോള്‍ക്കീപ്പര്‍ ഗുലെര്‍മെ ഒച്ചാവയുടെ പ്രകടനമാണ്‌ മെക്‌സിക്കോക്ക്‌ വിജയമൊരുക്കിയത്‌. കോസ്‌റ്റാറിക്കയുടെ മൂന്നാമത്തെ പെനാല്‍ട്ടി കിക്ക്‌ തട്ടിതെറിപ്പിച്ച ഗുലെര്‍മോയാണ്‌ മെക്‌സിക്കോക്ക്‌ നിര്‍്‌ണ്ണായക ബ്രേക്‌ ത്രൂ നല്‍കിയത്‌.

ഇരട്ടകുട്ടികളുടെ അച്ഛന്‍
സൂറിച്ച്‌: ടെന്നിസ്‌ സൂപ്പര്‍താരം റോജര്‍ ഫെഡ്‌റര്‍ക്ക്‌ ഇരട്ടക്കുട്ടികള്‍. സ്വിസ്‌ ഇതിഹാസത്തിന്റെ ഭാര്യ മിര്‍ക ഫെഡ്‌റര്‍ ഇന്നലെയാണ്‌ ഇരട്ടകുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൂഹൂര്‍ത്തമെന്നാണ്‌ 27-കാരനായ താരം കുട്ടികളുടെ വരവിനെ വിശേഷിപ്പിച്ചത്‌. രണ്ടും പെണ്‍കുട്ടികളാണ്‌. ആദ്യ കുട്ടിക്ക്‌ മൈല റോസ്‌ എന്നും രണ്ടാം കുട്ടിക്ക്‌ ഷാര്‍ലൈന്‍ റിവ എന്നുമാണ്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ മാസം നടന്ന യൂ.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ ഫൈനലില്‍ ഫെഡ്‌റര്‍ അമേരിക്കന്‍ പ്രതിയോഗിയായ ആന്‍ഡി റോഡിക്കിനെ നേരിടുന്നത്‌ കാണാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിട്ടും മിര്‍ക എത്തിയിരുന്നു. മാരത്തോണ്‍ പോരാട്ടത്തിലാണ്‌ ഫെഡ്‌റര്‍ റോഡിക്കിനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ ഇടം പിടിച്ചത്‌. ഫെഡ്‌ററുടെ പതിനഞ്ചാമത്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടമായിരുന്നു അത്‌. ഇത്‌ വരെ ഒരു താരത്തിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം സ്വന്തം ഭര്‍ത്താവ്‌ സ്വന്തമാക്കുന്നത്‌ കാണാനാണ്‌ ആരോഗ്യം മറന്ന്‌്‌ മിര്‍ക്ക എത്തിയത്‌.
ടെന്നിസ്‌ താരമായ മിര്‍ക്കയെ 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സ്‌ വേളയിലാണ്‌ ഫെഡ്‌റര്‍ കണ്ട്‌ മുട്ടിയത്‌. സ്ലോവാക്യക്കാരിയായ മിര്‍ക്കക്ക്‌ 31 വയസ്സുണ്ട്‌.

സങ്ക-ദി സേവിയര്‍
കൊളംബോ: കുമാര്‍ സങ്കക്കാരയുടെ പ്രതിരോധം ഭേദിക്കാന്‍ ഡാനിഷ്‌ കനേരിയക്കായില്ല.... മൂന്നാം ടെസ്‌റ്റില്‍ സമനില സ്വന്തമാക്കി ശ്രീലങ്ക മൂന്ന്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയില്‍ അപരാജിതരായി. പുറത്താവാതെ 133 റണ്‍സുമായി പാറ പോലെ ക്രിസില്‍ ഉറച്ചു നിന്ന ലങ്കന്‍ നായകന്‍ കളിയിലെ കേമനായപ്പോള്‍ നുവാന്‍ കുലശേഖര എന്ന സീമര്‍ക്കാണ്‌ പരമ്പരയിലെ കേമന്‍പ്പട്ടം. ആദ്യ രണ്ട്‌ ടെസ്റ്റുകളിലും നാടകീയ വിജയം സ്വന്തമാക്കിയ ലങ്ക 2-0 ത്തിന്‌ ഇതാദ്യമായി പാക്കിസ്‌താനെതിരെ സ്വന്തം മണ്ണില്‍ നിന്ന്‌ ഒരു പരമ്പര നേടിയപ്പോള്‍ 110 ടെസ്‌റ്റുകളില്‍ രാജ്യത്തിന്റെ കളറണിഞ്ഞ ചാമിന്ദ വാസ്‌ ആരാധകരോട്‌ വിടപറഞ്ഞു.
മല്‍സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്പോള്‍ പാക്കിസ്‌താനായിരുന്നു ഡ്രൈവിംഗ്‌ സീറ്റില്‍. വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ ചെയ്യുകയായിരുന്ന ലങ്കയുടെ പ്രതീക്ഷകളത്രയും ക്യാപ്‌റ്റനിലായിരുന്നു. അനുഭവസമ്പത്തിന്റെ കരുത്തില്‍ സങ്ക തന്നിലര്‍പ്പിച്ച വിശ്വാസം കാത്തപ്പോള്‍ പാക്കിസ്‌താന്‍ ബൗളര്‍മാര്‍ക്ക്‌ പൊട്ടിപൊളിഞ്ഞ സിംഹളീസ്‌ ട്രാക്കിനെ ഉപയോഗപ്പെടുത്താനായില്ല. സങ്കക്ക്‌ ശക്തമായ പിന്തുണയുമായി ആഞ്ചലോ മാത്യൂസും അവസാനം വരെയുണ്ടായിരുന്നു. 64 റണ്‍സാണ്‌ മാത്യൂസ്‌ സ്വന്തമാക്കിയത്‌.
സങ്കയും മാത്യൂസും പൊരുതിനിന്നപ്പോള്‍ ലങ്കക്കും വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. വിക്കറ്റുകള്‍ ശേഷിക്കവെ ആക്രമിച്ച്‌ കളിച്ചാല്‍ വേണമെങ്കില്‍ വിജിയിക്കാവുന്ന അവസരത്തിലും സങ്കക്കാര സാഹസത്തിന്‌ മുതിര്‍ന്നില്ല. പതിനാല്‌ മാന്‍ഡേറ്ററി ഓവറുകള്‍ക്ക്‌ മുമ്പ്‌ കളി അവസാനിക്കുമ്പോള്‍ ലങ്കയും വിജയവും തമ്മില്‍ 101 റണ്‍സിന്റെ അകലം മാത്രമായിരുന്നു.
മാത്യൂസിനെ പോലെ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്‍ ക്രീസിലുളളപ്പോള്‍ ഒരു 20-20 ആവേശം സങ്കക്കാരയില്‍ നിന്നും കാണികള്‍ പ്രതീക്ഷിച്ചു. പക്ഷേ പാക്കിസ്‌താന്‍ സ്‌പിന്നര്‍മാരെ ബഹുമാനിക്കാനുളള പക്വതയാണ്‌ ലങ്കന്‍ നായകന്‍ കാണിച്ചത്‌. മൂന്ന്‌ വിക്കറ്റിന്‌ 183 റണ്‍സ്‌ എന്ന നിലയിലാണ്‌ ലങ്ക അഞ്ചാം ദിവസം ആരംഭിച്ചത്‌. പിടിച്ചുനില്‍ക്കുക എന്ന ലക്ഷ്യത്തില്‍ പന്തിനെയും ബൗളര്‍മാരെയും ബഹുമാനിക്കാന്‍ തന്നെയാണ്‌ സങ്കയും സമരവീരയും തീരുമാനിച്ചത്‌. പാക്കിസ്‌താന്‍ നായകന്‍ ഗത്യന്തരമില്ലാതെ തന്റെ ബൗളര്‍മാരെ മാറി മാറി ഉപയോഗിച്ചു. പക്ഷേ വിക്കറ്റ്‌ വീണില്ല. ലഞ്ചിന്‌ ശേഷം സയദ്‌ അജ്‌മലിന്റെ ദൂസ്‌രയില്‍ സമരവീര പുറത്തായപ്പോഴാണ്‌ മാത്യൂസ്‌ എത്തിയത്‌. അദ്ദേഹം നിലയുറപ്പിച്ചപ്പോള്‍ പാക്കിസ്‌താന്‌ സമ്മര്‍ദ്ദം ചെലുത്താനായില്ല.
മറഡോണ മൈതാനം മാറ്റി
ബ്യൂണസ്‌ അയേഴ്‌സ്‌: സെപ്‌തംബര്‍ അഞ്ചിന്‌ നടക്കുന്ന നിര്‍ണ്ണായക ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തല്‍ അര്‍ജന്റീന ബ്രസീലിനെ നേരിടുന്നത്‌ തലസ്ഥാന നഗരിയിലെ റിവര്‍പ്ലേറ്റ്‌ സ്‌റ്റേഡിയത്തിലായിരിക്കില്ല. ബ്യൂണസ്‌ അയേഴ്‌സില്‍ നിന്നും 180 കീലോമീറ്റര്‍ അകലെയുള്ള റൊസാരിയോ സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരം നടക്കുക. റിവര്‍പ്ലേറ്റ്‌ സ്‌റ്റേഡിയത്തില്‍ നിന്നും മല്‍സരം റൊസാരിയോയിലേക്ക്‌ മാറ്റണമെന്ന ദേശീയ ടീം കോച്ച്‌ മറഡോണയുടെ നിര്‍ദ്ദേശം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. ഫിഫയും ഇത്‌ അംഗീകരിച്ചിട്ടുണ്ട്‌. റിവര്‍പ്ലേറ്റ്‌ മൈതാനം വളരെ മോശമാണെന്നാണ്‌ മറഡോണ കുറ്റപ്പെടുത്തിയത്‌. ലാറ്റിനമേരിക്കയില്‍ നാല്‌ റൗണ്ട്‌ ലോകകപ്പ്‌ യോഗ്യതാ പോരാട്ടങ്ങളാണ്‌ ശേഷിക്കുന്നത്‌. ബ്രസീലിനും ചിലിക്കും പരാഗ്വേക്കും പിറകില്‍ നാലാം സ്ഥാനത്താണ്‌ അര്‍ജന്റീനയിപ്പോള്‍. ബ്രസീലിന്‌ 27 ഉം, ചിലിക്ക്‌ 26 ഉം പരാഗ്വേക്ക്‌ 24 ഉം പോയന്റാണുളളത്‌. അര്‍ജന്റിനക്ക്‌ 22 പോയന്റാണുളളത്‌. അര്‍ജന്റീനക്ക്‌ വെല്ലുവിളി ഉയര്‍ത്തി 20 പോയന്റുമായി ഇക്വഡോറും 18 പോയന്റുമായി ഉറുഗ്വേയും 17 പോയന്റുമായി കൊളംബിയയും ഇതേ പോയന്റുമായി വെനിസ്വേലയുമുണ്ട്‌. വന്‍കരയില്‍ നിന്നും ആദ്യ നാല്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ലോകകപ്പിലേക്ക്‌ നേരിട്ട്‌ എന്‍ട്രി. അഞ്ചാം സ്ഥാനം നേടുന്നവര്‍ കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം.
ലോകകപ്പ്‌ ബെര്‍ത്ത്‌ സ്വന്തമാക്കാന്‍ വേണ്ടിയാണ്‌ മറഡോണയെ ദേശീയ ടീമിന്റെ പരിശീലകനായി അര്‍ജന്റീന നിയോഗിച്ചത്‌. നല്ല തുടക്കത്തിന്‌ ശേഷം പക്ഷേ മറഡോണയുടെ സംഘം പതറുകയാണ്‌. ലയണല്‍ മെസിയെ പോലുളള സൂപ്പര്‍ താരങ്ങളുണ്ടായിട്ടും വലിയ വിജയം സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞിട്ടില്ല.

നമ്പര്‍ വണ്‍ പോരാട്ടം
ലണ്ടന്‍: ലണ്ടനില്‍ ലോകം ഉറ്റുനോക്കുന്ന അതിവേഗക്കാരുടെ പോരാട്ടം. ലണ്ടന്‍ ഗ്രാന്‍ഡ്‌ പ്രീയില്‍ മല്‍സരിക്കുന്നവര്‍ ചില്ലറക്കാരല്ല. ഒളിംപിക്‌ ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടും അദ്ദേഹത്തിന്റെ നമ്പര്‍ വണ്‍ ശത്രുവായ അസാഫ പവലും. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതിന്‌ ശേഷം ബോള്‍ട്ട്‌ നടത്തിയ വീരവാദങ്ങളെ ഇവിടെ ഇല്ലാതാക്കുമെന്നാണ്‌ അസാഫ പറയുന്നത്‌. ലോകത്തിലെ അതിവേഗക്കാരനായ ഓട്ടക്കാരന്‍ ആരാണെന്ന്‌ താന്‍ കാണിച്ചുതരാമെന്നും അസാഫ വെല്ലുവിളിക്കുന്നുണ്ട്‌. ഒളിംപിക്‌സിന്‌ ശേഷം കഴിഞ്ഞ ജൂലൈയില്‍ സ്‌റ്റേക്ക്‌ഹോമില്‍ വെച്ച്‌ ബോള്‍ട്ടിനെ വീഴ്‌ത്താനായ കാര്യമാണ്‌ അസാഫ ഊന്നിപ്പറയുന്നത്‌. ഒളിംപിക്‌സില്‍ സംഭവിച്ചത്‌ ചെറിയ പിഴവായിരുന്നു. ഫൈനല്‍ മല്‍സരത്തില്‍ ആവശ്യത്തിനുള്ള ഊര്‍ജ്ജം ലഭിച്ചില്ല. അത്‌ കൊണ്ടാണ്‌ പിറകിലായത്‌. പക്ഷേ അന്നും ഇന്നും ഞാന്‍ തന്നെയാണ്‌ ലോകത്തിലെ ഒന്നാമനായ സ്‌പ്രിന്റര്‍. അത്‌ തെളിയിച്ചുതരാം-അസാഫയുടെ വാചകമടിക്ക്‌ പക്ഷേ ബോള്‍ട്ട്‌ മറുപടി നല്‍കിയിട്ടില്ല. 9.74 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയത്‌ അസാഫ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയതിന്‌ പിറകെയാണ്‌ ബെയ്‌ജിംഗില്‍ ബോള്‍ട്ട്‌ കരുത്തനായത്‌. ബോള്‍ട്ട്‌ എന്ന സ്‌പിന്ററുടെ ജന്മസിദ്ധിയാണ്‌ ബെയ്‌ജിംഗില്‍ പ്രകടമായത്‌. 9.69 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌്‌ അദ്ദേഹം ലോക റെക്കോര്‍ഡ്‌ നേടിയപ്പോള്‍ 9.95 സെക്കന്‍ഡിലാണ്‌ അസാഫ ഫിനിഷ്‌ ചെയ്‌തത്‌. അസാഫയിലെ കഠിനാദ്ധ്വാനിക്ക്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പിഴക്കുകയും ചെയ്‌തു. പരുക്കുകളാണ്‌ അസാഫക്ക്‌ പലപ്പോഴും വെല്ലുവിളിയായത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ റോമില്‍ അദ്ദേഹം കുറിച്ച സമയം 9.88 സെക്കന്‍ഡായിരുന്നു. പേശീവലിവും കാല്‍മുട്ടിലെ വേദനയുമാണ്‌ ചതിച്ചതെന്നാണ്‌ അന്ന്‌ അസാഫ നല്‍കിയ വീശദീകരണം. ബെയ്‌ജിംഗില്‍ പരാജയപ്പെട്ടപ്പോഴും അദ്ദേഹം ആരോഗ്യകാരണങ്ങളാണ്‌ ചൂണ്ടിക്കാട്ടിയത്‌. ബെര്‍ലിനില്‍ അടുത്ത മാസം ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ നടക്കാനിരിക്കെ കരുത്ത്‌ തെളിയിക്കാന്‍ ഇതിലും വലിയ വേദി അസാഫക്കും ബോള്‍ട്ടിനുമില്ല. അതിനാല്‍ കാത്തിരിക്കാം ആരാണ്‌ ലണ്ടനിലെ ഒന്നാമനെന്ന്‌....

ഹെയ്‌ഡന്‍ അക്കാദമി
ചെന്നൈ: ഓസ്‌ട്രേലിയന്‍ ഓപ്പണറായിരുന്ന മാത്യൂ ഹെയ്‌ഡന്‍ ചെന്നൈയില്‍ യുവ ക്രിക്കറ്റര്‍മാര്‍ക്കായി അക്കാദമി സ്ഥാപിക്കുന്നു. രാഹുല്‍ ദ്രാവിഡ്‌, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കോച്ച്‌ സ്‌റ്റീഫന്‍ ഫ്‌ളെമിംഗ്‌ എന്നിവരുടെ സഹകരണത്തിലാണ്‌ അക്കാദമിക്ക്‌ ഹെയ്‌ഡന്‍ തുടക്കമിടുന്നത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ ചെന്നൈ തനിക്ക്‌ നല്‍കിയ കരുത്തിനുളള പ്രതിഫലമായാണ്‌ അക്കാദമിയെ ഹെയ്‌ഡന്‍ വിശേഷിപ്പിക്കുന്നത്‌. 2000-01 സീസണില്‍ സ്റ്റീവ്‌ വോ നയിച്ച ഓസീസ്‌ സംഘത്തില്‍ അംഗമായി ഇവിടെയെത്തിയാണ്‌ സ്‌പിന്‍ ട്രാക്കില്‍ ഹെയ്‌ഡന്‍ കളി പഠിച്ചത്‌.
വാസ്‌ പുറത്ത്‌
കൊളംബോ: ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ചാമിന്ദ വാസിന്‌ ശ്രീലങ്കയുടെ ഏകദിന സംഘത്തില്‍ സ്ഥാനമില്ല. നാല്‌ വര്‍ഷത്തിന്‌ ശേഷം പക്ഷേ തിലാന്‍ സമരവീരക്ക്‌ അവസരമേകി കൊണ്ട്‌ പാക്കിസ്‌താനെതിരായ ഏകദിന പരമ്പരക്കുളള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ടീം ഇതാണ്‌: കുമാര്‍ സങ്കക്കാര (ക്യാപ്‌റ്റന്‍), മുത്തയ്യ മുരളീധരന്‍, സനത്‌ ജയസൂര്യ, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ചമര കപ്പുഗുഡേര, ആഞ്ചലോ മാത്യസ്‌, നുവാന്‍ കുലശേഖര, ലാസിത്‌ മാലിങ്ക, അജാന്ത മെന്‍ഡിസ്‌, തിലിന കാന്‍ഡാംബി, മാലിങ്ക ഭണ്ഡാര, തിലാന്‍ തുഷാര, ഉപുല്‍ തരംഗ. പരമ്പരയിലെ ആദ്യ മല്‍സരം ഈ മാസം 30ന്‌ ധാംബൂലയില്‍ നടക്കും.

Thursday, July 23, 2009

SANKA _THE HOPE

സങ്ക ദി കീ
കൊളംബോ:ഇന്ന്‌ ജയിക്കാന്‍ ശ്രീലങ്കക്ക്‌ 309 റണ്‍സ്‌. ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയുടേത്‌ ഉള്‍പ്പെടെ ഏഴ്‌ വിക്കറ്റുകള്‍ ശേഷിക്കുന്നു. പക്ഷേ സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ഗ്രൗണ്ടിലെ പിച്ചാണ്‌ വില്ലന്‍. ഇപ്പോള്‍ തന്നെ പൊട്ടിപൊളിഞ്ഞിരിക്കുന്നു പിച്ച്‌. പാക്കിസ്‌താന്‍ നിരയിലെ അനുഭവസമ്പന്നനായ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയക്ക്‌ പിച്ച്‌ നല്‍കുന്നത്‌ മോഹിപ്പിക്കുന്ന പിന്തുണയാണ്‌. ഇന്നലെ മഹേല ജയവര്‍ദ്ധനെയെ പുറത്താക്കാന്‍ കനേരിയ പായിച്ച്‌ പന്ത്‌ മതി ലങ്കന്‍ ക്യാമ്പില്‍ പരിഭ്രാന്തി പടര്‍ത്താന്‍. പരുക്കുമായി പുറത്ത്‌ നില്‍ക്കുന്ന തിലകരത്‌നെ ദില്‍ഷാന്‍ ഇന്ന്‌ ബാറ്റ്‌ ചെയ്യുന്ന കാര്യം സംശയത്തിലായിരിക്കെ ലങ്കന്‍ പ്രതീക്ഷകള്‍ നിറയെ സങ്കക്കാരയിലാണ്‌. ഈ മൈതാനത്ത്‌ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ച്‌്‌ പരിചയമുളള താരമായിരുന്നു മഹേല ജയവര്‍ദ്ധനെ. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ സങ്കയുടെ വിക്കറ്റ്‌ വിധിനിര്‍ണ്ണായകമാണ്‌. അമ്പത്‌ റണ്‍സുമായി ക്രീസിലുളള സങ്കക്കൊപ്പം അനുഭവസമ്പന്നനായ തിലാന്‍ സമരവീരയാണ്‌ കളിക്കുന്നത്‌.
രാവിലെ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ഒമ്പത്‌ വിക്കറ്റിന്‌ 425 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യപ്പെട്ടിരുന്നു. ലങ്കക്ക്‌ വിജയിക്കാന്‍ 492 റണ്‍സ്‌ എന്ന വലിയ ലക്ഷ്യമാണ്‌ സന്ദര്‍ശകര്‍ നല്‍കിയത്‌. ഈ ദൂരത്തിന്റെ അല്‍പ്പഭാഗം പിന്നിട്ട ലങ്കന്‍ സ്‌ക്കോര്‍ ഇപ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 183 റണ്‍സാണ്‌. ഓപ്പണര്‍ പരണവിതാന നേടിയ 73 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്‌സിന്‌ കരുത്തായത്‌. ആദ്യ രണ്ട്‌ ടെസ്‌റ്റിലും നാടകീയ തോല്‍വികള്‍ രുചിച്ച പാക്കിസ്‌താന്‍ സിംഹളീസ്‌ മൈതാനത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയാണ്‌ കളിക്കുന്നത്‌. ലങ്ക രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ യൂനസ്‌ഖാന്‍ തന്ത്രപരമായാണ്‌ നീങ്ങിയത്‌. പേസര്‍മാരായ ഉമര്‍ ഗുലിനും ആമിറിനും കാര്യമായ പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ അതിവേഗത്തില്‍ അദ്ദേഹം സ്‌പിന്നര്‍മാരെ ആക്രമണത്തിന്‌ നിയോഗിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ മികവ്‌ പ്രകടിപ്പിച്ച കനേരിയ അതേ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ 83 റണ്‍സ്‌ വരെ ദീര്‍ഘിച്ച ഒന്നാം വിക്കറ്റ്‌ സഖ്യം തകര്‍ന്നു. പൊരുതിനില്‍ക്കുകയായിരുന്ന മാലിന്‍ഡ വര്‍ണപുരയുടെ മുന്നില്‍ നിന്നും വ്യക്തമായി ടേണ്‍ ചെയ്‌ത പന്ത്‌ പാഡിലുരസി ലെഗ്‌ സ്ലിപ്പിലേക്ക്‌ പാഞ്ഞപ്പോള്‍ ഫീല്‍ഡര്‍ക്ക്‌ പിഴച്ചില്ല. ശരിക്കുമത്‌ ഔട്ട്‌ ആയിരുന്നില്ല. പക്ഷേ ഫീല്‍ഡര്‍മാരുടെ അപ്പീലിനൊപ്പം അമ്പയര്‍ ഇയാന്‍ ഗൗഡ്‌ വിരലുയര്‍ത്തിയപ്പോള്‍ ബാറ്റ്‌സ്‌മാന്‌ നിരാശനായി മടങ്ങേണ്ടി വന്നു. പാഡില്‍ തട്ടി ഉയര്‍ന്ന പന്തിലായിരുന്നു അമ്പയര്‍ വിരല്‍ ഉയര്‍ത്തിയത്‌. പകരമെത്തിയ സങ്കക്കാര ഊര്‍ജജ്വസ്വലനായിരുന്നു. ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ തല താഴ്‌ത്താതെ ഗൗരവത്തോടെ അദ്ദേഹം കളിച്ചു. ഈ സഖ്യം അപകടകരമായി നീങ്ങവെ യൂനസ്‌ഖാന്‍ പന്ത്‌ ഷുഹൈബ്‌ മാലിക്കിന്‌ നല്‍കി. ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിലപ്പെട്ട 134 റണ്‍സ്‌ നേടിയ മാലിക്കിന്‌ ആ ആത്മവിശ്വാസം പന്തില്‍ ഉപയോഗപ്പെടുത്താനായി. പരണവിതാനയുടെ ബാറ്റിലുരസിയ പന്ത്‌ ഫവാദ്‌ ആലത്തിന്റെ കൈകളിലെത്തി. മഹേലക്ക്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കനേരിയയുടെ ഏറ്റവും മികച്ച പന്തില്‍ തല താഴ്‌ത്താന്‍ മാത്രമായിരുന്നു ബാറ്റ്‌സ്‌മാന്റെ വിധി. തുടര്‍ന്നാണ്‌ സങ്കക്കൊപ്പം സമരവീര എത്തിയത്‌. അവസാന ഒരു മണിക്കൂറില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജയിക്കാന്‍ സങ്കക്കും സമരവീരക്കുമായി. ഈ രണ്ട്‌ പേരും ഇന്നും പിടിച്ചുനിന്നാല്‍ സമനിലയുമായി രക്ഷപ്പെടുന്നതിനൊപ്പം ചാമിന്ദ വാസിന്റെ അവസാന ടെസ്റ്റ്‌ ദിവസം ഓര്‍മ്മിപ്പിക്കുന്നതുമാക്കാം.
രാവിലെ പാക്കിസ്‌താന്റെ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച മാലിക്‌ സൂക്ഷ്‌മത പുലര്‍ത്തി. തിലാന്‍ തുഷാരയുടെ ആദ്യ ഓവറില്‍ തന്നെ മാലിക്കും അക്‌മലും പന്തിനെ അതിര്‍ത്തി കടത്തി. നുവാന്‍ കുലശേഖര ആക്രമണത്തിന്‌ വന്നപ്പോഴാണ്‌ അക്‌മല്‍ പുറത്തായത്‌. തുടര്‍ന്ന്‌ മാലിക്കിനൊപ്പം ഉമര്‍ ഗുലാണ്‌ വന്നത്‌. ചാമിന്ദ വാസ്‌ കാണികളുടെ കൈയ്യടിയുടെ അകമ്പടിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ്‌ ലഭിച്ചില്ല.

വാസീ........ വിട
കൊളംബോ: വാസീ................ ഈ വിളി ലങ്ക കളിക്കുമ്പോഴെല്ലാം ഉയര്‍ന്നു കേള്‍ക്കാറുണ്ട്‌. വിക്കറ്റിന്‌ പിറകില്‍ നില്‍ക്കുന്നത്‌ രുമേഷ്‌ കലുവിതരണയാണെങ്കിലും കുമാര്‍ സങ്കക്കാരയാണെങ്കിലും ബൗളറെ പ്രചോദിപ്പിക്കുന്ന ഈ വിളി ടെലിവിഷന്‍ മൈക്കിലൂടെ ലക്ഷകണക്കിന്‌ ആരാധകര്‍ കേട്ടിട്ടുണ്ട്‌. ലോക ക്രിക്കറ്റിന്‌ സുപരിചിതനായ ഇടം കൈയ്യന്‍ സീമര്‍-വര്‍ണകുലസൂര്യ പട്ടാബെന്‍ഡിഗെ ഉഷാന്ത ജോസഫ്‌ വാസ്‌ ഇനി ടെസ്റ്റ്‌ മൈതാനങ്ങളില്‍ പ്രത്യക്ഷപ്പെടില്ല. ഇന്ന്‌ അദ്ദേഹത്തിന്റെ നിറമുളള കരിയറിലെ അവസാന ദിനമാണ്‌. പാക്കിസ്‌താനെതിരെ നടക്കുന്ന അവസാന ടെസ്റ്റിലെ രണ്ട്‌ ഇന്നിംഗ്‌സിലും പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ്‌ മാത്രമാണ്‌ വാസിന്‌ നേടാനായത്‌. പക്ഷേ അതില്‍ നിരാശയില്ല. 110 ടെസ്റ്റുകളില്‍ നിന്നായി രാജ്യത്തിന്‌ 354 വിക്കറ്റുകള്‍ സമ്മാനിച്ചാണ്‌ അദ്ദേഹം മടങ്ങുന്നത്‌. 35 കാരനായ വാസ്‌ വര്‍ഷങ്ങളായി ലങ്കന്‍ ക്രിക്കറ്റിലെ സ്ഥിരം നാമമാണ്‌. പുതിയ ബൗളര്‍മാരായ തിലാന്‍ തുഷാരയും നുവാന്‍ കുലശേഖരയുമെല്ലാം വന്നപ്പോഴാണ്‌ അദ്ദേഹം അല്‍പ്പം പിറകോട്ട്‌ പോയത്‌. 1994 ല്‍ പാക്കിസ്‌താനെതിരെ കാന്‍ഡിയില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. വര്‍ഷങ്ങള്‍ പിന്നിട്ട്‌്‌ 2009 ല്‍ വിരമിക്കുന്നതും പാക്കിസതാനെതിരെ കളിച്ച്‌. 322 ഏകദിനങ്ങളില്‍ നിന്നായി 400 വിക്കറ്റാണ്‌ വാസ്‌ സമ്പാദിച്ചത്‌. 20-20 യില്‍ അദ്ദേഹം ആറ്‌ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ബാറ്റിംഗിലും മേല്‍വിലാസമുളള വാസ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ പുറത്താവാതെ ഒരു സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ട്‌.
വാസ്‌ വിരമിക്കുമ്പോള്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ നഷ്ടമാവുന്നത്‌ വസീം അക്രമിന്‌ ശേഷം ലഭിച്ച ഏറ്റവും മികച്ച ലെഫ്‌റ്റ്‌ ആം സീമറെയാണ്‌.

അഞ്ചേരി കോച്ചാണ്‌
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളര്‍ ജോപോള്‍ അഞ്ചേരി ഇനി മുഴുസമയ പരിശീലകനാണ്‌.... മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബും സ്‌റ്റീല്‍ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെയും സംയുക്ത സംരഭമായ മോഹന്‍ ബഗാന്‍-സെയില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ കോച്ചായി അഞ്ചേരി നിയമിതനായി. എം.ബി.എസ്‌.ഫ്‌.എയുടെ കുട്ടികളെ പരിശീലിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച അഞ്ചേരി ഇനി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരിലെ അക്കാദമിയിലായിരിക്കും. 1992 ല്‍ എസ്‌.ബി.ടിയില്‍ തുടങ്ങിയ അഞ്ചേരി മോഹന്‍ ബഗാന്‍, ജെ.സി.ടി, എഫ്‌്‌.സി കൊച്ചിന്‍, ഈസ്‌റ്റ്‌ ബംഗാള്‍ തുടങ്ങി രാജ്യത്തെ മിക്ക ക്ലബുകള്‍ക്കുമായി കളിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ അണ്ടര്‍-13 ടീമിന്റെ പരിശീലകനായി അദ്ദേഹം കഴിഞ്ഞ വര്‍ഷം കോച്ചിംഗ്‌ രംഗത്ത്‌ അരങ്ങേറിയിരുന്നു.

നടനത്തിന്‌ റൊ
സാവോ പോളോ: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഗോള്‍വേട്ടയുടെ സുന്ദരരൂപം പ്രദര്‍ശിപ്പിക്കുന്ന ബ്രസീലിയന്‍ സോക്കര്‍ ഇതിഹാസം റൊാണാള്‍ഡോയെ ഇനി വെള്ളിത്തിരയിലും കാണാം. ഫുട്‌ബോള്‍ സൂപ്പര്‍ താരം ഒരു ഇറാനിയന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു-ഫലസ്‌തീന്റെ വേദനിക്കുന്ന കഥ പറയുന്ന സിനിമയില്‍ യഥാര്‍ത്ഥ റൊണാള്‍ഡോയായി തന്നെയാണ്‌ താരം വരുന്നത്‌. ലെബനോണിലാണ്‌ ഷൂട്ടിംഗ്‌. സിനിമ അടുത്ത വര്‍ഷം റിലീസാവും.
13 കാരിയായ ഒരു ഫലസ്‌തീന്‍ പെണ്‍കുട്ടി റൊണാള്‍ഡോയെ കാണാന്‍ വരുന്നതും സ്വന്തം ഇഷ്ടതാരത്തെ ഒന്ന്‌ തൊടാന്‍ പോലും കഴിയാതെ കലാപത്തില്‍ മരിക്കുന്നതുമാണ്‌ കഥ. ഇങ്ങനെയൊരു സംഭവം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്നിരുന്നു. 2005 ല്‍ 13 കാരിയായ ഫലസ്‌തീനി പെണ്‍കുട്ടി അല്‍നെയ്‌റാബ്‌ റൊണാള്‍ഡോയെ കാണാന്‍ അതിയായി കൊതിച്ചിരുന്നു. ടെലിവിഷനില്‍ സൂപ്പര്‍ താരത്തിന്റെ കളി കണ്ട പെണ്‍കുട്ടി സ്വന്തം നാട്ടിലേക്ക്‌ റൊണാള്‍ഡോ വരുന്ന വാര്‍ത്തയറിഞ്ഞ്‌ മതിമറന്നു. റൊണാള്‍ഡോയെ ഒന്ന്‌ തൊടണം-അത്‌ മാത്രമായിരുന്നു കൊച്ചു പെണ്‍കുട്ടിയുടെ മോഹം. മധ്യ-പൂര്‍വേഷ്യയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൊണാള്‍ഡോ വന്ന വേളയില്‍ പക്ഷേ ദൂരെ നിന്ന്‌ സ്വന്തം ഇഷ്‌ടതാരത്തെ കാണാന്‍ മാത്രമായിരുന്നു വിധി. അധികം താമസിയാതെ ആ പ്രദേശത്ത്‌ നടന്ന കലാപത്തില്‍ അല്‍ നെയ്‌റാബ്‌ കൊല്ലപ്പെടുകയും ചെയ്‌തു. ഈ സംഭവകഥയാണ്‌ സിനിമയായി മാറുന്നത്‌.
കഥ പറഞ്ഞപ്പോള്‍ തന്നെ റൊണാള്‍ഡോക്ക്‌ അത്‌ ഇഷ്ടമായി. ഐക്യരാഷ്ട്ര സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡറായി ലോകം ചുറ്റിയിട്ടുളള അദ്ദേഹത്തിന്‌ ഫലസ്‌തീനോട്‌ പ്രത്യേക ആഭിമുഖ്യമുണ്ട്‌. ഒരു മാസത്തോളം ഷൂട്ടിംഗിനായി റൊണാള്‍ഡോ ലെബനോണിലുണ്ടാവും. എന്നാല്‍ എന്താണ്‌ സൂപ്പര്‍താരത്തിന്റെ പ്രതിഫലം എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാറുള്ള റൊണാള്‍ഡോ ഒരു പ്രതിഫലവും വാങ്ങാതെയാണ്‌ അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌. കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്‌നത്തില്‍ റൊണാള്‍ഡോ വരുന്ന സീനുകളായിരിക്കും ആദ്യം ചിത്രീകരിക്കുകയെന്ന്‌ ബ്രസീല്‍-ഇറാന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ തലവന്‍ ഫാറുഖ്‌ ഫര്‍ദജാജി പറഞ്ഞു.
പരുക്കുമായി മല്ലടിച്ച്‌ രണ്ട്‌ സീസണ്‍ നഷ്ടമായ റൊണാള്‍ഡോ ഇപ്പോള്‍ മൈതാനത്തും തിരിച്ചുവരവിന്റെ പാതയിലാണ്‌. ബ്രസീല്‍ ക്ലബായ കൊറീന്ത്യന്‍സിനായാണ്‌ അദ്ദേഹമിപ്പോള്‍ കളിക്കുന്നത്‌. സ്‌പാനിഷ്‌ സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ്‌, ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ച റൊണാള്‍ഡോ 1994 ലും 2002 ലും ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായിരുന്നു. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലെ യഥാര്‍ത്ഥ ഹീറോ റൊണാള്‍ഡോ ആയിരുന്നു. ലോകകപ്പില്‍ മാത്രം 15 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുളള താരം തുടക്കത്തില്‍ ക്രൂസേരിയോ, പി.എസ്‌.വി ഐന്തോവാന്‍, ബാര്‍സിലോണ എന്നിവര്‍ക്കായി കളിച്ച ശേഷമാണ്‌ റയല്‍ മാഡ്രിഡില്‍ എത്തുന്നത്‌. 98 ലെ ലോകകപ്പിന്റെ ഫൈനല്‍ വരെ ബ്രസീല്‍ എത്തിയതും റൊണാള്‍ഡോയുടെ കരുത്തിലായിരുന്നു. സൈനുദ്ദിന്‍ സിദാന്‍ മാജിക്കില്‍ ഫ്രാന്‍സ്‌ 98 ല്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ റൊണാള്‍ഡോ ആരോഗ്യ പ്രശ്‌നത്തിന്റെ വിവാദക്കളത്തിലായിരുന്നു. ഈ ലോകകപ്പിന്‌ ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. പക്ഷേ 2002 ല്‍ കരുത്തനായി അദ്ദേഹം തിരിച്ചുവന്നു.
റയല്‍ മാഡ്രിഡില്‍ നിന്നും ഏ.സി മിലാനില്‍ വന്ന റൊണാള്‍ഡോ പരുക്ക്‌ കാരണം ഒരു സീസണ്‍ പുറത്തിരുത്തപ്പെട്ടു. തുടര്‍ന്നാണ്‌ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി കൊറീന്ത്യന്‍സിനായി കളി തുടങ്ങിയത്‌. അവര്‍ക്ക്‌ രണ്ട്‌ കപ്പും സമ്മാനിച്ചു. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ നിന്നായി ആറ്‌ ഗോളുകളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌.

കെവിന്‍ ചാരം
ലണ്ടന്‍: ആഷസ്‌ പരമ്പരയില്‍ നിര്‍ണ്ണായക ലീഡുമായി മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‌ കനത്ത ആഘാതം. ടീമിലെ മുഖ്യ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സണ്‌ ഈ പരമ്പരയില്‍ ഇനി കളിക്കാനാവില്ല. ഇന്നലെ കാല്‍ക്കുഴയില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായ താരം ആറ്‌ ആഴ്‌ച്ച പുറത്തായിരിക്കും. ദീര്‍ഘകാലമായി കാലിലെ വേദന പീറ്റേഴ്‌സണെ അലട്ടുന്നുണ്ട്‌. കഴിഞ്ഞ ദിവസം വേദന അധികരിച്ചതിനെ തുടര്‍ന്ന്‌ സ്‌കാനിംഗ്‌ നടത്തിയപ്പോഴാണ്‌ അപകടം മനസ്സിലായത്‌. ഉടന്‍ തന്നെ ശസ്‌ത്രക്രിയ നടത്തി. ലോര്‍ഡ്‌സില്‍ നടന്ന ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ഇംഗ്ലീഷ്‌ സംഘത്തിലെ പ്രബലനായ താരമാണ്‌ കെവിന്‍. ലോര്‍ഡ്‌സില്‍ ടീമിന്‌ വേണ്ടി കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 32 റണ്‍സ്‌ നേടിയ കെവിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 44 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുളള ചരിത്രം അദ്ദേഹത്തിനുണ്ട്‌.
അമേരിക്ക ചാമ്പ്യന്മാര്‍
അറ്റ്‌ലാന്റ: യൂറോപ്യന്‍ പ്രബല ക്ലബുകള്‍ അണിനിരന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ക്ലബ്‌ അമേരിക്കക്ക്‌. ഇന്നലെ നടന്ന വേള്‍ഡ്‌ ഫുട്‌ബോള്‍ ചാലഞ്ച്‌ പരമ്പരയില്‍ ഇറ്റലിയിലെ ഏ.സി മിലാനെ 1-2ന്‌ തോല്‍പ്പിച്ച്‌ ക്ലബ്‌ അമേരിക്ക ജേതാക്കളായി. ഡാനിയല്‍ മാര്‍ക്കസിന്റെ ഗോളാണ്‌ ടീമിന്‌ വിജയമൊരുക്കിയത്‌. ഏ.സി മിലാന്റെ ഗോള്‍ ടീമില്‍ കളിക്കുന്ന അമേരിക്കന്‍ താരം ഒഗൂച്ചി ഒന്‍യാവുവിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
ആസ്വദിക്കുക, വീട്ടിലേക്ക്‌ മടങ്ങുക
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകകപ്പ്‌ ഫുട്‌ബോള്‍ മാമാങ്കം അടുത്തെത്തി നില്‍ക്കവെ ദക്ഷിണാഫ്രിക്കയിലെ സംഘാടകര്‍ക്ക്‌ സ്വന്തം ആരാധകരോട്‌ പറയാനുളളത്‌ ഒരു കാര്യം മാത്രം-മല്‍സരം ആസ്വദിക്കുക, വിട്ടിലേക്ക്‌ മടങ്ങുക. രാജ്യത്തെ ഫുട്‌ബോള്‍ ആരാധകരുടെ സ്വഭാവമറിയുന്നത്‌ കൊണ്ടും ലോകകപ്പ്‌ പ്രമാണിച്ച്‌ വിദേശികള്‍ രാജ്യത്തിലേക്ക്‌ ഒഴുകിയെത്തുമെന്ന സത്യം മനസ്സിലാക്കിയുമാണ്‌ ഈ നിര്‍ദ്ദേശം. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം ആഘോഷത്തിന്‌ തുനിയരുതെന്നാണ്‌ വാക്കിലെ സാരം. ആഘോഷങ്ങള്‍ നടത്തിയാല്‍ അത്‌ പ്രശ്‌നമാവും. പോലീസിന്‌ പണിയാവും. ഇത്‌ ഒഴിവാക്കണം. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യമാണ്‌ ദക്ഷിണാഫ്രിക്ക. മൂന്ന്‌ മുതല്‍ അഞ്ച്‌ ലക്ഷം വരെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്‌. ലോകകപ്പ്‌ വേളയില്‍ മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ സോക്കര്‍ പ്രേമികള്‍ ഒഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആഫ്രിക്കന്‍ വന്‍കരയിലെ ഇതര വംശജര്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ വരുമ്പോള്‍ വര്‍ണ്ണപ്പോരാട്ടവും സംഘാടകര്‍ മുന്നില്‍ കാണുന്നുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ്‌ സ്വന്തം നാട്ടുകാരോട്‌ മല്‍സരം ആസ്വദിച്ച്‌ വിട്ടീലേക്ക്‌ മടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത്‌.
ആഫ്രിക്കയിലെ ഇതര രാജ്യങ്ങളില്‍ നടമാടുന്ന പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക്‌ ശക്തമായ കുടിയേറ്റമുണ്ട്‌. അതിര്‍ത്തിയില്‍ കൈക്കൂലി കൊടുത്താല്‍ എളുപ്പത്തില്‍ ദക്ഷിണാഫ്രിക്കയിലെത്താം. ലോകകപ്പ്‌ ആഫ്രിക്കക്കാണ്‌ അനുവദിച്ചിരിക്കുന്നതെന്നും അതിനാല്‍ ആഷോഷത്തിന്‌ എല്ലാ ആഫ്രിക്കക്കാരെയും സ്വാഗതം ചെയ്യണമെന്നുമുളള നിര്‍ദ്ദേശം പക്ഷേ സംഘാടകര്‍ മറക്കുന്നില്ല.
ലോകകപ്പ്‌ വേളയില്‍ വിസ നിയന്ത്രണം ശക്തമാക്കാനാണ്‌ സംഘാടക സമിതി ആലോചിക്കുന്നത്‌. ആഫ്രിക്ക മാത്രമല്ല മുഴുവന്‍ രാജ്യങ്ങളിലെയും ആരാധകര്‍ ലോകകപ്പ്‌ വേളയില്‍ രാജ്യത്തെത്തും. ഇവര്‍ക്ക്‌ സുരക്ഷിതമായ താമസവും മല്‍സരം കാണാനുളള സൗകര്യവും ഒരുക്കണം.

Wednesday, July 22, 2009

WINDIES CLIMAX


ഐവറിക്കാര്‍ക്ക്‌ പിഴ
സൂറിച്ച്‌: ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ സ്‌റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന്‌ 22 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐവറി കോസ്‌റ്റിന്‌ ഫിഫ 46,000 ഡോളര്‍ പിഴ ചുമത്തി. കഴിഞ്ഞ മാര്‍ച്ച്‌ 29ന്‌ നടന്ന ഐവറികോസ്‌റ്റ്‌-മലാവി ലോകകപ്പ്‌ യോഗ്യതാ മല്‍സരം ആരംഭിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പാണ്‌ കാണികളുടെ തള്ളിക്കയറലില്‍ സ്‌റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്ന്‌ വീണത്‌. 22 പേര്‍ തല്‍സമയം മരിച്ചപ്പോള്‍ 130 ലധികം പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഐവറി കോസ്‌റ്റിന്റെ ആസ്ഥാന നഗരമായ അബിദ്‌ജാനിലെ ഫെലിക്‌സ്‌ ഹുഫോറ്റ്‌ ബോയിഗ്നി സ്‌റ്റേഡിയത്തിലാണ്‌ അത്യാഹിതം നടന്നത്‌. ഈ സ്‌റ്റേഡിയത്തിന്‌ ഇനി മുതല്‍ ഫിഫയുടെ നിയന്ത്രണമുണ്ടാവും. ഇതേ മൈതാനത്ത്‌ വെച്ചാണ്‌ സെപ്‌തംബര്‍ അഞ്ചിന്‌ ആതിഥേയര്‍ അടുത്ത ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ബുര്‍ക്കിനോഫാസോയുമായി കളിക്കുന്നത്‌. ആ മല്‍സരത്തിന്‌ 20,000 ത്തിലധികം പേര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കരുതെന്നാണ്‌ ഫിഫ നിര്‍ദ്ദേശം.
ദുരന്തം നടന്ന മല്‍സരത്തിനേക്കായി കണക്കില്‍ കവിഞ്ഞ ടിക്കറ്റുകളാണ്‌ സംഘാടകര്‍ നല്‍കിയിരുന്നത്‌. ഐവറി കോസ്‌റ്റിലെ സൂപ്പര്‍ താരമായ ചെല്‍സിയുടെ ദീദിയര്‍ ദ്രോഗ്‌ബെ സ്വന്തം മൈതാനത്ത്‌ കളിക്കുന്നത്‌ കാണാന്‍ കാണികള്‍ തിങ്ങികൂടിയപ്പോള്‍ പതിനായിരത്തോളം പേര്‍ ടിക്കറ്റ്‌ ലഭിക്കാതെ പുറത്ത്‌ നില്‍ക്കേണ്ടി വന്നു. ഇവര്‍ തള്ളിക്കയറിയപ്പോള്‍ മതില്‍ തകരുകയായിരുന്നു. സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി 34, 600 ആണ്‌. ഇതിന്റെ ഒരു ഇരട്ടിയിലധികം പേരാണ്‌ ദ്രോഗ്‌ബെയടെ മല്‍സരം കാണാനെത്തിയത്‌.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ വിലക്കല്ലാതെ മറ്റൊരു പോംവഴി ഇനി മുന്നില്ലില്ലെന്ന്‌ ഫിഫ വ്യക്തമാക്കി. ആരാണ്‌ ദുരന്തത്തിന്‌ ഉത്തരവാദികള്‍ എന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. പക്ഷേ കണക്കില്‍ കവിഞ്ഞ്‌ ആളുകളെ കയറ്റുന്നത്‌ ഒരിക്കലും നീതികരിക്കാനാവാത്ത സംഭവമാണ്‌. മല്‍സരത്തിന്റെ കിക്കോഫിന്‌ മുമ്പ്‌ സംഭവം നടന്നതിനാലാണ്‌ മരണസംഖ്യ കുറഞ്ഞത്‌. ടിക്കറ്റ്‌ ലഭിക്കാത്ത കാണികള്‍ ബഹളം വെച്ചപ്പോള്‍ പോലീസ്‌ ടിയര്‍ഗ്യാസ്‌ പ്രയോഗിക്കുകയും ഇതിനെ തുടര്‍ന്ന്‌ എല്ലാവരും ഓടിയപ്പോഴുണ്ടായ തിക്കും തിരക്കിലുമാണ്‌ മരണസംഖ്യ ഉയര്‍ന്നതെന്നാണ്‌ നിഷ്‌പക്ഷ അന്വേഷണത്തില്‍ വ്യക്തമായത്‌. ഇനി മുതല്‍ മല്‍സരവേദിക്ക്‌ 100 മീറ്റര്‍ മുന്നിലായി ട്രാഫിക്‌ ബാരിയേഴ്‌സ്സ്‌ സ്ഥാപിക്കണമെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ജയം ചെല്‍സിക്ക്‌
പാസഡേന, കാലിഫ്‌: യൂറോപ്പിലെ രണ്ട്‌ പ്രബല ക്ലബുകള്‍ അമേരിക്കയില്‍ ബലാബലം വന്നപ്പോള്‍ വിജയം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിക്ക്‌. മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ചെല്‍സി തോല്‍പ്പിച്ചത്‌ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ. സൂപ്പര്‍ താരങ്ങളായ ദീദിയര്‍ ദ്രോഗ്‌ബെയും ഫ്രാങ്ക്‌ ലംപാര്‍ഡുമാണ്‌ ചെല്‍സിക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌. റോസ്‌ ബൗള്‍ മൈതാനത്ത്‌ പ്രബലരുടെ പോരാട്ടം കാണാന്‍ കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു. വേള്‍ഡ്‌ ഫുട്‌ബോള്‍ ചാലഞ്ച്‌ എന്ന പേരിലുളള ഫുട്‌ബോള്‍ പരമ്പരയുടെ ഭാഗമായിട്ടായിരുന്നു മല്‍സരം. ഇറ്റലിയില്‍ നിന്ന്‌ തന്നെയുള്ള ഏ.സി മിലാനും മെക്‌സിക്കന്‍ സിറ്റി ക്ലബും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്‌. ആവേശകരമായ മല്‍സരത്തിന്റെ മുപ്പതാം മിനുട്ടില്‍ മുപ്പത്‌ വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലാണ്‌ ദ്രോഗ്‌ബെയുടെ ഗോള്‍ പിറന്നത്‌. ഷോട്ട്‌ തടയാന്‍ മിലാന്‍ ഗോള്‍ക്കീപ്പര്‍ വിദ്‌ ബാലിക്‌ മുഴുനീളം ഡൈവ്‌ ചെയ്‌തെങ്കിലും ക്രോസ്‌ബാറിലുരസി പന്ത്‌ വലയില്‍ കയറി. അമ്പതാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്കില്‍ നിന്നാണ്‌ ലംപാര്‍ഡ്‌ ഗോള്‍ നേടിയത്‌. ഡാനിയല്‍ സ്‌റ്റര്‍ഗിസിനെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ഫൗള്‍ ചെയ്‌തതിനായിരുന്നു പെനാല്‍ട്ടി. ഇന്റര്‍ മിലാന്‍ നിരയില്‍ കളിച്ച സുല്‍ത്താന്‍ ഇബ്രാഹിമോവിച്ച്‌ മികവ്‌ കാട്ടിയെങ്കിലും സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പുതിയ സീസണില്‍ മിലാന്‍ വിട്ട്‌ ബാര്‍സിലോണയില്‍ ചേരുമെന്ന്‌ കരുതപ്പെടുന്ന ഇബ്രാഹീമോവിച്ച്‌ അമ്പത്തിയൊമ്പതാം മിനുട്ടിലാണ്‌ മൈതാനത്ത്‌ ഇറങ്ങിയത്‌. 2006 ലെ ലോകകപ്പില്‍ സ്വീഡനായി കളച്ച ഇബ്രാഹീമോവിച്ച്‌ കഴിഞ്ഞ സീസണില്‍ മിലാന്‌ വേണ്ടി 25 ഗോളുകള്‍ സക്കോര്‍ ചെയ്‌തിരുന്നു.

വെടിനിര്‍ത്തല്‍
ഗ്രാനഡ: വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരായ സമരത്തില്‍ സീനിയര്‍ താരങ്ങളുടെ വെടിനിര്‍ത്തല്‍. ബോര്‍ഡും താരങ്ങളും തമ്മിലുളള പ്രശ്‌നത്തിന്‌ പരിഹാരം കാണാനായി മധ്യസ്ഥനെ നിയോഗിക്കാനുളള തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ സീനിയര്‍ താരങ്ങള്‍ മല്‍സര ബഹിഷ്‌ക്കരണം അവസാനിപ്പിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ക്രിസ്‌ ഗെയിലും സംഘവും കളിക്കും. ക്രിക്കറ്റ്‌ ബോര്‍ഡ്‌ താരങ്ങളുമായി കരാര്‍ ഒപ്പിടാതെ നിങ്ങുന്നതിനെതിരെയായിരുന്നു പ്ലെയേഴ്‌സ്‌ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ സീനിയര്‍ താരങ്ങള്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്‌. മഷ്‌റഫെ മൊര്‍ത്തസ നയിച്ച ബംഗ്ലാദേശ്‌ സംഘം ടെസ്‌റ്റ്‌-ഏകദിന പരമ്പരക്കായി എത്തിയ ഉടനാണ്‌ സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായി ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്‌. ടെസ്‌റ്റ്‌ പരമ്പരയില്‍ തങ്ങള്‍ കളക്കില്ലെന്ന്‌ താരസംഘട പ്രഖ്യാപിച്ചപ്പോള്‍ അതിന്‌ പുല്ലുവില കല്‍പ്പിച്ച ക്രിക്കറ്റ്‌ ബോര്‍ഡ്‌ പകരം ജൂനിയര്‍ ടീമിനെയാണ്‌ രംഗത്തിറക്കിയത്‌. ഈ ടീമിനെയാവട്ടെ ബംഗ്ലാദേശുകാര്‍ രണ്ട്‌ ടെസ്റ്റിലും നാണം കെടുത്തി. സെന്റ്‌ വിന്‍സന്റിലും ഗ്രാനഡയിലും നടന്ന മല്‍സരങ്ങളില്‍ പോരാട്ടവീര്യം പ്രകടിപ്പിക്കാന്‍ മാത്രമാണ്‌ കരിബീയന്‍ യുവസംഘത്തിനായത്‌. ഇത്‌ വരെ വിദേശ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ കഴിയാതിരുന്ന കടുവകള്‍ക്കാവട്ടെ വിന്‍ഡീസ്‌ സീനിയര്‍ താരങ്ങളുടെ സമരം അനുഗ്രഹവുമായി.
ടെസ്റ്റ്‌ പരമ്പര ആസ്വദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നൂറില്‍ താഴെ ആരാധകര്‍ മാത്രമാണ്‌ കളികാണാന്‍ എത്തിയിരുന്നത്‌. പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താന്‍ ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രതിനിധികളും താരസംഘടനയുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഗുയാനയുടെ പ്രസിഡണ്ട്‌ ഭരത്‌ ജാഗ്‌ ദിയോയായിരുന്നു ചര്‍ച്ച വിളിച്ചത്‌. കോമണ്‍വെല്‍ത്ത്‌ സെക്രട്ടറി ജനറല്‍ സിദ്ധാര്‍ത്ഥ്‌ രാംപാലിനെ ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥനായി ഇരുപക്ഷവും അംഗീകരിച്ചതോടെയാണ്‌ മഞ്ഞുരുകിയത്‌. ക്രിക്കറ്റ്‌ ബോര്‍ഡും താരസംഘടനയും തമ്മിലുളള പ്രശ്‌നങ്ങളെല്ലാം ഇരുപക്ഷത്തോടും വ്യക്തമായി സമര്‍പ്പിക്കാനാണ്‌ മധ്യസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. മധ്യസ്ഥ സംഘം ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്‌ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന്‌ ഗ്രാനഡയുടെ പ്രസിഡണ്ട്‌ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന്‌ മല്‍സരങ്ങളാണുളളത്‌. ആദ്യ മല്‍സരം നാളെ നടക്കും. ക്രിസ്‌ ഗെയില്‍ നയിക്കുന്ന സീനിയര്‍ സംഘത്തില്‍ കരുത്തരായ ശിവനാരായണ്‍ ചന്ദര്‍പോള്‍, രാം നരേഷ്‌ സര്‍വന്‍, ഡ്വിന്‍ ബ്രാവോ തുടങ്ങിയവരെല്ലാമുണ്ട്‌. ഇംഗ്ലണ്ടില്‍ അവസാനിച്ച 20-20 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ കളിച്ചവരാണ്‌ ഗെയിലിന്റെ സംഘം. ഇവര്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍
നിരയെയാണ്‌ ക്രിിക്കറ്റ്‌ ബോര്‌ഡ്‌ അവതരിപ്പിച്ചത്‌. ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ക്രക്കറ്റ്‌ ബോര്‍ഡ്‌ ചര്‍ച്ചകള്‍ക്ക്‌ തയ്യാറായത്‌.

മാലിക്‌ ഷോ
കൊളംബോ: സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ഗ്രൗണ്ടില്‍ പാക്കിസ്‌താന്‍ ബാറ്റിംഗ്‌ ഒരിക്കല്‍ക്കൂടി തരം താണിരുന്നു-പക്ഷേ ഷുഹൈബ്‌ മാലിക്‌ എന്ന മുന്‍ ക്യാപ്‌റ്റന്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയും അര്‍ദ്ധശതകങ്ങളുമായി മിസ്‌ബാഹുല്‍ ഹഖും വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലും നല്‍കിയ പിന്തുണയും മറ്റൊരു നാടകീയ തകര്‍ച്ചയില്‍ നിന്നും പാക്കിസ്‌താനെ കരകയറ്റി. അവസാന ടെസ്‌റ്റില്‍ ഒരു ദിവസം കൂടി ശേഷിക്കവെ സന്ദര്‍ശകര്‍ക്കിപ്പോള്‍ വിലപ്പെട്ട 366 റണ്‍സിന്റെ ലീഡുണ്ട്‌. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റിന്‌ 300 റണ്‍സ്‌ എന്ന നിലയിലാണ്‌ ടീം.
ആദ്യ രണ്ട്‌ ടെസ്റ്റിലും നാടകീയമായി തോറ്റ പാക്കിസ്‌താന്‌ ഇനി പരമ്പര നേടാനാവല്ല. പക്ഷേ ആശ്വാസവിജയം സ്വന്തമാക്കാം. ചാമിന്ദാ വാസിന്റെ അവസാന ടെസ്റ്റില്‍ വിജയം കൊതിക്കുന്ന ലങ്കക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. പുല്ലില്ലാത്ത പിച്ചില്‍ അവസാന ദിവസത്തില്‍ പിടിച്ചുനില്‍ക്കുക അസാധ്യമാണ്‌.
നാലാം ദിവസത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച പാക്കിസ്‌താന്‍ ഒരു ഘട്ടത്തില്‍ നാല്‌ വിക്കറ്റിന്‌ 67 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ടീമിലെ മുഖ്യ ബാറ്റ്‌സ്‌മാന്മാരായ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും മുഹമ്മദ്‌ യൂസഫും പവിലിയനില്‍ തിരിച്ചെത്തിയ കാഴ്‌ച്ചയില്‍ മറ്റൊരു പരാജയമാണ്‌ മുന്നില്‍കണ്ടത്‌. പക്ഷേ മിന്നുന്ന ഷോട്ടുകളുമായി ഷുഹൈബ്‌ മാലിക്കും കമറാന്‍ അക്‌മലും മിസ്‌ബാഹും അവസാന രണ്ട്‌ സെഷനുകളില്‍ നിറഞ്ഞ്‌ നിന്നു. 106 റണ്‍സുമായി മാലിക്‌ ക്രീസിലുണ്ട്‌. കഴിഞ്ഞ രണ്ട്‌ ടെസ്‌റ്റിലും ആധികാരിക പ്രകടനം നടത്താന്‍ കഴിയാതിരുന്ന മാലിക്കിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിലാണ്‌ എല്ലാവര്‍ക്കും മറുപടിയുമായി ചേതോഹരമായ ഇന്നിംഗ്‌സ്‌ അദ്ദഹം കാഴ്‌ച്ചവെച്ചത്‌. വാസിന്റെ ഒരു പന്ത്‌ മിഡ്‌വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയ ഷോട്ടായിരുന്നു മാലിക്കിന്റെ ഇന്നിംഗ്‌സിലെ സൂപ്പര്‍ ഷോട്ട്‌. തകര്‍ച്ചയിലായിരുന്നു പാക്കിസ്‌താന്‍ തുടക്കം. ഓപ്പണര്‍ ഖുറം മന്‍സൂറിന്‌ കേവലം രണ്ട്‌ റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ഹെറാത്തിന്റെ പന്തിനെ ആക്രമിക്കാന്‍ ശ്രമിച്ച മന്‍സൂര്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം ടെസ്‌റ്റില്‍ മനോഹരമായ സെഞ്ച്വറി സ്വന്തമാക്കി ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ച ഫവാദ്‌ ആലമിന്‌ 16 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ക്യാപ്‌റ്റന്‍ യൂനസാവട്ടെ നിരുത്തരവാദിത്ത്വ ഷോട്ടില്‍ ഒരിക്കല്‍ക്കൂടി പവിലിയന്‍ കണ്ടു. 23 റണ്‍സാണ്‌ ടീമിലെ വിശ്വസ്‌തനായ യൂസഫിന്‌ നേടാനായത്‌.
മിസ്‌ബാഹിന്‌ കൂട്ടായി മാലിക്‌ വരുമ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ സംഹാരതാണ്ഡവത്തിനുളള ഒരുക്കത്തിലായിരുന്നു. പുതിയ പന്തില്‍ പേസര്‍മാര്‍ നല്‍കുന്ന കരുത്ത്‌ ഉപയോഗപ്പെടുത്തിയാണ്‌ സങ്കക്കാര കഴിഞ്ഞ രണ്ട്‌ ടെസ്റ്റിലും വിജയം വരിച്ചത്‌. ഇത്തവണ പക്ഷേ മാലിക്‌ ഭദ്രമായി കളിച്ചു. ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചാല്‍ അത്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയാണ്‌ മാലികും മിസ്‌ബയും ബാറ്റേന്തിയത്‌. വ്യക്തിഗത സ്‌ക്കോര്‍ 65 ല്‍ മിസ്‌ബ പുറത്തായെങ്കിലും പകരം വന്ന കമറാന്‍ അക്‌മല്‍ പതിവ്‌ പോലെ ആക്രമിച്ചുളള തന്റെ ശൈലി ആവര്‍ത്തിച്ചു. 68 പന്തില്‍ അഞ്ച്‌്‌ ബൗണ്ടറിയും ഒരു സിക്‌സറുമാണ്‌ അക്‌മല്‍ സ്വന്തമാക്കിയത്‌.
ഇന്ന്‌ ബൗളര്‍മാര്‍ തിളങ്ങിയാല്‍ പാക്കിസ്‌താന്‌ വിജയിക്കാനാവും. സ്‌പിന്നര്‍മാരായ ഡാനിഷ്‌ കനേരിയ, സയദ്‌ അജ്‌മല്‍ എന്നിവര്‍ ആദ്യ ഇന്നിംഗ്‌സില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌
താരങ്ങളെ ഇനിയും ഇന്‍ഷൂര്‍ ചെയ്‌തിട്ടില്ല
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഹോക്കി താരം ബാല്‍ജിത്‌ സിംഗ്‌ പരുക്കുമായി ആശുപത്രിയില്‍ കഴിയവെ അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക്‌ ഇത്‌ വരെ ഒരു തരത്തിലുമുളള ഇന്‍ഷൂറന്‍സ്‌ കവറേജ്‌ ഉറപ്പാക്കിയിട്ടില്ല. പൂനെയില്‍ പരിശീലനത്തിനിടെ കണ്ണിന്‌ പരുക്കേറ്റ ബാല്‍ജിത്‌ ഇപ്പോള്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചികില്‍സയിലാണ്‌. അദ്ദേഹത്തിന്‌ എല്ലാ ചികില്‍സാ ചെലവുകളും കായികമന്ത്രാലയം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പക്ഷേ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇന്ത്യന്‍ താരങ്ങളെ ഒരുക്കുന്ന സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യ ഇത്‌ വരെ ഇന്‍ഷൂറന്‍സ്‌ കവറേജ്‌ കാര്യത്തില്‍ ഗൗരവതരം നീക്കങ്ങള്‍ നടത്തിയിട്ടില്ല. താരങ്ങളുടെ പരുക്കും പ്രശ്‌നങ്ങളും സ്വാഭാവിക കാര്യമാണ്‌. പരുക്കേല്‍ക്കുന്ന താരങ്ങളെ സംരക്ഷിക്കാന്‍ സംഘാടകര്‍ പലപ്പോഴും തയ്യാറാവാറില്ല.
ബാല്‍ജിത്‌ സംഭവത്തിന്‌ ശേഷം സായ്‌ ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വലിയ സംഭവമാണ്‌. ഈ ഗെയിംസില്‍ പങ്കെടുക്കന്ന ഇന്ത്യന്‍ താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്‌. ഇതിനായി ആവുന്നതെല്ലാം സായ്‌ ചെയ്യുമെന്ന്‌ ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അടുത്തെത്തിയ വേളയിലാണ്‌ സായ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ബോധോദയം ഉണ്ടായത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ തീരുമാനമായിരുന്നു. എന്നാല്‍ ബാല്‍ജിത്‌ സംഭവത്തിന്‌ ശേഷമാണ്‌ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ സായ്‌ നീങ്ങുന്നത്‌.
ഇന്ത്യന്‍ കായികതാരങ്ങള്‍ പലവിധത്തില്‍ അകറ്റിനിര്‍ത്തപ്പെടുന്നവരാണ്‌. ക്രിക്കറ്റര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും സാമ്പത്തികമായി എല്ലാ താരങ്ങളും പിന്നോക്കമാണ്‌. ബാല്‍ജിത്തിന്റെ കാര്യത്തില്‍ കായിക മന്ത്രാലയം കാട്ടിയ അനുകമ്പ പക്ഷേ പലര്‍ക്കും ലഭിച്ചിട്ടില്ല.
അതിനിടെ ബാല്‍ജിത്‌ ഇനി മല്‍സരക്കളത്തില്‍ തിരിച്ചുവന്നാല്‍ മാത്രമാണ്‌ തന്റെ വേദന മാറുകയുളളുവെന്ന്‌ ഇന്ത്യന്‍ കോച്ച്‌ റോമിയോ ജെയിംസ്‌ പറഞ്ഞു. ജെയിംസിന്‌ കീഴില്‍ പരിശീലനം നടത്തവെയാണ്‌ ബാല്‍ജിത്തിന്‌ പരുക്കേറ്റത്‌. ബാല്‍ജിത്തിനെ കൂടാതെ മറ്റ്‌ ഗോള്‍ക്കീപ്പര്‍മാരായ അഡ്രിയാന്‍ ഡീസൂസ, ഭരത്‌ ചേത്രി, പി.ആര്‍ ശ്രീജേഷ്‌ എന്നിവരും പരിശീലനത്തിനുണ്ടായിരുന്നു. ഗോള്‍ക്കീപ്പര്‍മാരുടെ മെയ്‌വഴക്കം ശരിയാക്കുന്നതിനുളള പരിശീലനത്തിനിടെയാണ്‌ ഗോള്‍ഫ്‌ ബോള്‍ വൈസറിനിടയിലൂടെ വലത്‌ കണ്ണില്‍ പതിച്ചത്‌. ഗോള്‍ക്കീപ്പര്‍ തമ്മിലുളള മല്‍സരമായിരുന്നു അതെന്ന്‌ കോച്ച്‌ പറഞ്ഞു. ആദ്യ മല്‍സരത്തില്‍ അഡ്രിയാനാണ്‌ ജയിച്ചത്‌. രണ്ടാം മല്‍സരത്തില്‍ ബാല്‍ജിത്‌ ജയിച്ചു. ജയത്തിലുളള ആവേശത്തിലാവാം അദ്ദേഹം മൈതാനത്ത്‌ കിടന്നതെന്നാണ്‌ ആദ്യം തോന്നിയത്‌. ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അല്‍പ്പം അകലെയായിരുന്നു. പിന്നീടാണ്‌ കാര്യം മനസ്സിലായത്‌. മൈതാനത്ത്‌ നിന്ന്‌ ആശുപത്രിയിലെത്തുമ്പോള്‍ നാല്‍പ്പത്‌ മിനുട്ട്‌്‌ പിന്നിട്ടിരുന്നു. അപ്പോഴെല്ലാം തനിക്ക്‌ കുഴപ്പമില്ലെന്നാണ്‌ ബാല്‍ജിത്‌ പറഞ്ഞത്‌. പിതാവിനെ വിളിച്ച്‌ അപകടത്തെക്കുറിച്ച്‌ പറഞ്ഞതും ബാല്‍ജിതാണെന്ന്‌ ജെയിംസ്‌ വേദനയോടെ പറഞ്ഞു.
പരിശീലനത്തിന്‌ ഗോള്‍ഫ്‌ ബോള്‍ ഉപയോഗിച്ചതിനെ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ തന്നെ ഗോള്‍ഫ്‌ ബോളില്‍ പരിശീലനം തുടങ്ങിയിരുന്നതായി കോച്ച്‌ പറഞ്ഞു.
അതിനിടെ ബാല്‍ജിത്തിന്‌ ഇനി വലത്‌ കണ്ണിന്റെ കാഴ്‌ച്ചശക്തി പൂര്‍ണ്ണമായി ലഭിക്കുമോ എന്ന കാര്യത്തില്‍ ഇത്‌ വരെ ഡോക്ടര്‍മാര്‍ ഉറപ്പ്‌ നല്‍കിയിട്ടില്ല.

ആസിഫിന്‌ വധു വീണ
ലാഹോര്‍: പാക്കിസ്‌താന്റെ വിവാദ ക്രിക്കറ്റര്‍ മുഹമ്മദ്‌ ആസിഫ്‌ ടെലിവിഷന്‍ നടിയായ വീണ മാലിക്കിനെ വിവാഹം ചെയ്‌തതായി റിപ്പോര്‍ട്ട്‌. ലണ്ടനില്‍ വെച്ചായിരുന്നു വിവാഹമെന്ന്‌ പറയപ്പെടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ ആദ്യ എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച്‌ മടങ്ങവെ കറുപ്പുമായി ദുബായ്‌ വിമാനത്താവളത്തില്‍ നിന്ന്‌ പിടിക്കപ്പെട്ട ആസിഫ്‌ ഇപ്പോള്‍ ടീമിന്‌ പുറത്താണ്‌.