Tuesday, July 7, 2009

LANKAN HEROICS

ഗാലി: ശ്രീലങ്കയെ ഗാലി ചതിച്ച ചരിത്രം കുറവാണ്‌.... സ്വന്തം ടീമിനൊപ്പം ഗാലി ഉറച്ച്‌ നിന്ന ദിവസത്തില്‍ 50 റണ്‍സിന്റെ നാടകീയ വിജയവുമായി പാക്കിസ്‌താനെതിരായ പരമ്പരയില്‍ ആതിഥേയര്‍ മുന്നിലെത്തി. വിജയിക്കാന്‍ 97 റണ്‍സും എട്ട്‌ വിക്കറ്റും കൈവശമിരിക്കെ പാക്കിസ്‌താന്‍ എളുപ്പത്തില്‍ വിജയിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ മുഹമ്മദ്‌ യൂസഫും സല്‍മാന്‍ ഭട്ടും പിന്നെ ബാറ്റിംഗ്‌ വിദഗ്‌ദ്ധരായ ഷുഹൈബ്‌ മാലിക്കും മിസ്‌ബാഹുല്‍ ഹഖും കൂറ്റനടിക്കാരനായ കമറാന്‍ അക്‌മലുമെല്ലാമുണ്ടായിട്ടും 46 റണ്‍സ്‌ മാത്രമാണ്‌ എല്ലാവര്‍ക്കുമായി നേടാനായത്‌. 15 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയ ലെഫ്‌റ്റ്‌ ആം സ്‌പിന്നര്‍ രംഗന ഹെറാത്തായിരുന്നു പാക്‌ ബാറ്റിംഗിന്റെ അന്തകന്‍. ഒരു ലൂസ്‌ ബോളും നല്‍കാതെ 21 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കി പേസര്‍ തിലാന്‍ തുഷാരയും 27 റണ്‍സിന്‌ രണ്ട്‌ പേരെ മടക്കിയ അജാന്ത മെന്‍ഡിസും ലങ്കന്‍ വിജയത്തിന്റെ സൂത്രധാരകരായി.
ആദ്യ ഇന്നിംഗ്‌സില്‍ 342 റണ്‍സ്‌ നേടി ബാറ്റിംഗ്‌ കരുത്ത്‌ പ്രകടിപ്പിച്ച പാക്കിസ്‌താന്‌ രണ്ടാം ഇന്നിംഗ്‌സില്‍ നേടാനായത്‌ കേവലം 117 റണ്‍സ്‌. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ ലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയ പാക്കിസ്‌താന്‌ ആ നേട്ടത്തിന്റെ ആഘോഷമണയും മുമ്പാണ്‌ ക്രിക്കറ്റിന്റെ പരമ്പരാഗത രൂപമായ ടെസ്‌റ്റ്‌ പോരാട്ടത്തില്‍ കനത്ത ആഘാതമേറ്റിരിക്കുന്നത്‌. ഗാലിയിലെ പിച്ച്‌ അവസാന ദിവസങ്ങളില്‍ ബാറ്റ്‌സ്‌മാന്മാരെ തുണച്ച ചരിത്രമുണ്ടായിരുന്നില്ല. എങ്കിലും പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഫോമിലുള്ളവരായതിനാലും എല്ലാവര്‍ക്കും സ്‌പിന്നിനെ നന്നായി കളിക്കാന്‍ കഴിയുന്നതിനാലും സമയത്തിന്റെ ആനുകൂല്യത്തിലും യൂനസ്‌ഖാന്റെ സംഘത്തിന്‌ അവസാന കടമ്പ കടക്കാന്‍ കഴിയുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ എല്ലാ കീഴ്‌മേല്‍ മറിഞ്ഞ കാഴ്‌ച്ചയില്‍ പാക്‌ കോച്ച്‌ ഇന്‍ത്തികാബ്‌ ആലം നിശ്ചലനായിരുന്നു.
വിജയത്തിന്റെ ക്രെഡിറ്റ്‌ ബൗളര്‍മാര്‍ക്കൊപ്പം ലങ്കന്‍ നായകന്‍ കുമാര്‍ സങ്കക്കാരക്കും നല്‍കണം. പാക്കിസ്‌താന്‍ ചെറിയ ലക്ഷ്യത്തിലേക്കാണ്‌ കളിക്കുന്നതെന്ന്‌ മനസ്സിലാക്കിയിട്ടും സങ്കക്കാരയുടെ ഫീല്‍ഡിംഗ്‌ ക്രമീകരണങ്ങളാണ്‌ നിര്‍ണ്ണായകമായത്‌. പാക്‌ ബാറ്റിംഗ്‌ നിരയിലെ ഓരോരുത്തരെയും പഠിച്ചാണ്‌ ഫീല്‍ഡില്‍ ക്യാപ്‌റ്റന്‍ ക്രമീകരണങ്ങള്‍ നടത്തിയത്‌. സ്‌പിന്നര്‍മാര്‍ക്ക്‌ ടേണ്‍ ലഭിക്കുന്നുവെന്ന സത്യം മനസ്സിലാക്കി ക്ലോസ്‌ ഇന്‍ ഫീല്‍ഡര്‍മാരെ ചുറ്റും അണിനിരത്തിയതിനൊപ്പം വെറുതെ റണ്‍സ്‌ കളയാതിരിക്കാന്‍ അതിര്‍ത്തിയിലും ജാഗ്രത പാലിച്ചു. ഒരു തരത്തിലും റണ്‍സ്‌ നല്‍കാതിരിക്കുക എന്നതായിരുന്നു ലങ്കന്‍ പ്ലാന്‍. ബാറ്റ്‌സ്‌മാന്മാരെ കെട്ടിയിട്ടാല്‍ പാക്കിസ്‌താന്‍ തളരും. പാക്‌ ബാറ്റിംഗ്‌ നിരയില്‍ മുഹമ്മദ്‌ യൂസഫ്‌ ഒഴികെ മറ്റാര്‍ക്കും ക്ഷമയോടെ കളിക്കാന്‍ കഴിയില്ല എന്ന സത്യവും സങ്ക മനസ്സിലാക്കിയിരുന്നു.
സ്‌പിന്നിനെ നന്നായി നേരിടുന്നവരാണെങ്കിലും ലെഫ്‌റ്റ്‌ ആം സ്‌പിന്‍ പാക്കിസ്‌താന്‌ എന്നും കെണിയായിട്ടുണ്ട്‌ .ഹെറാത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ്‌ പ്രകടനം തന്നെ പാക്കിസ്‌താനെതിരെയായിരുന്നു. ഇന്നലെ മല്‍സരത്തിന്റെ അവസാന ദിവസത്തിലെ ആദ്യ പന്തില്‍ ഹെറാത്ത്‌ പാക്കിസ്‌താന്റെ കണക്ക്‌ക്കൂട്ടലുകള്‍ കാറ്റില്‍പ്പറത്തി. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി രാജ്യാന്തര ക്രിക്കറ്റിലേക്കുളള തന്റെ തിരിച്ചുവരവ്‌ ആഘോഷമാക്കിയ മുഹമ്മദ്‌ യൂസഫായിരുന്നു ലങ്കയുടെ മുന്നിലെ ഹിമാലയം. യൂസഫ്‌ പിടിച്ചുപൊരുതിയാല്‍ പാക്കിസ്‌താന്‍ ചിലപ്പോള്‍ ആദ്യ സെഷനില്‍ തന്നെ വിജയിക്കുമെന്നുറപ്പായിരുന്നു. അപകട
ം മനസ്സിലാക്കി ആദ്യ ഓവര്‍ സങ്കക്കാര ഹെറാത്തിന്‌ നല്‍കി. ആദ്യ പന്തില്‍ തന്നെ വിക്കറ്റും...! യൂസഫ്‌ കാല്‍പാദം മുന്നോട്ട്‌ വെച്ച്‌ പന്തിനെ കളിക്കാനാണ്‌ ശ്രമിച്ചത്‌. പക്ഷേ പെട്ടെന്നുളള ടേണില്‍ പന്ത്‌ പാഡില്‍ പതിച്ചപ്പോള്‍ ബാറ്റ്‌സ്‌മാന്‍ സ്‌റ്റംമ്പിന്‌ നേര്‍ മുന്നിലായിരുന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ അപ്പോള്‍ പുതിയ സമ്പാദ്യമുണ്ടായിരുന്നില്ല. യൂസഫിന്‌ പിറകെ സല്‍മാന്‍ ഭട്ടും നടന്നകന്ന കാഴ്‌ച്ചയില്‍ ലങ്കന്‍ ക്യാമ്പ്‌ സജീവമായി.
ഹെറാത്തിനൊപ്പം മറുഭാഗത്ത്‌ സങ്കക്കാര തന്റെ സീമര്‍ തിലാന്‍ തുഷാരയെയാണ്‌ നിയോഗിച്ചത്‌. പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ അമീറിന്‌ പിച്ച്‌ നല്‍കിയ പിന്തുണ മനസ്സിലാക്കിയായിരുന്നു തുഷാരയെ ക്യാപ്‌റ്റന്‍ ബൗളിംഗിന്‌ നിയോഗിച്ചത്‌. ഒരു ലൂസ്‌ ബോളും നല്‍കരുത്‌ എന്നത്‌ മാത്രമായിരുന്നു ബൗളര്‍ക്ക്‌ ക്യാപ്‌റ്റന്‍ നല്‍കിയ നിര്‍ദ്ദേശം. ക്യാപ്‌റ്റന്‍ പറഞ്ഞത്‌ അക്ഷരം പ്രതി അനുസരിച്ച തുഷാര ബാറ്റ്‌സ്‌മാന്മാരെ കെട്ടിയിട്ടു. ഒരു പന്ത്‌ പോലും വെറുതെ നല്‍കിയില്ല. ചില പന്തുകള്‍ ടേണ്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഷുഹൈബ്‌ മാലിക്കും മിസ്‌ബാഹുല്‍ ഹഖും പ്രതിസന്ധിയിലായി. എവേ സ്വിംഗറില്‍ ഷുഹൈബ്‌ മാലിക്കിനെ പുറത്താക്കാന്‍ തുഷാരക്കായപ്പോള്‍ ലങ്കയുടെ മുന്നിലെ അവസാന പ്രധാന തടസ്സമായി മിസ്‌ബ. പുതിയ ബാറ്റ്‌സ്‌മാന്‍ കമറാന്‍ അക്‌മലിനെ ലങ്കക്ക്‌ കാര്യമായ ഭയമുണ്ടായിരുന്നു. ഇടക്കിടെ അതിര്‍ത്തി ഷോട്ടുകള്‍ പായിച്ച്‌ എളുപ്പത്തില്‍ സ്‌ക്കോര്‍ബോര്‍ഡ്‌ ചലിപ്പിക്കാന്‍ മിടുക്കനായിരുന്നു അക്‌മല്‍. ഈ രണ്ട്‌ പേരും റണ്‍സ്‌ നേടുന്നതില്‍ പരാജയമായിരുന്നു. അക്‌മലിനാവട്ടെ പ്രതിരോധ ക്രിക്കറ്റിന്റെ പാഠങ്ങള്‍ അറിയുമായിരുന്നില്ല. തുഷാരയുടെ പന്തില്‍ അദ്ദേഹം വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി പുറത്തായതോടെ ചിത്രം വ്യക്തമായി. വാലറ്റക്കാരെ പരീക്ഷിക്കാനുളള ശ്രമത്തില്‍ മിസ്‌ബാ റണ്ണൗട്ടായി. ആദ്യ 15 ഓവറില്‍ 20 റണ്‍സിനിടെയാണ്‌ അഞ്ച്‌ വിക്കറ്റുകള്‍ ലങ്ക നേടിയത്‌. അപ്പോഴും അജാന്ത മെന്‍ഡിസിന്‌ ക്യാപ്‌റ്റന്‍ പന്ത്‌ നല്‍കിയിരുന്നില്ല. വാലറ്റക്കരായ അബ്ദുള്‍ റൗഫും ഉമര്‍ ഗുലും ചേര്‍ന്ന പൊരുതിനില്‍ക്കെ മെന്‍ഡിസ്‌്‌ വിക്കറ്റും നേടി. മുഹമ്മദ്‌ ആമിറിന്റെ ചെറുത്തുനില്‍പ്പ്‌ ഹെറാത്ത്‌ അവസാനിപ്പിച്ചതോടെ ലഞ്ചിന്‌ മുമ്പ്‌ തന്നെ മല്‍സരം അവസാനിച്ചു.
സ്‌ക്കോര്‍ അവസാനത്തില്‍: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്‌ 292 (പരണവിതാന 72, മഹമ്മദ്‌ ആമിര്‍ 3ന്‌ 74, യൂനസ്‌ഖാന്‍ 2ന്‌ 23.) പാക്കിസ്‌താന്‍ ഒന്നാം ഇന്നിംഗ്‌സ്‌-342 (മുഹമ്മദ്‌ യൂസഫ്‌ 112, മിസ്‌ബ 56, നുവാന്‍ കുലശേഖര 4ന്‌ 71). ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സ്‌ 217 (അജ്‌മല്‍ 3ന്‌ 34, ആമിര്‍ 3ന്‌ 38, യൂനസ്‌ 2ന്‌ 27). പാക്കിസ്‌താന്‍ രണ്ടാം ഇന്നിംഗ്‌സ്‌ 117 (ഹെറാത്ത്‌ 4ന്‌ 15, തുഷാര 2ന്‌ 21, മെന്‍ഡിസ്‌ 2ന്‌ 27)

സ്വപ്‌നം സത്യം
മാഡ്രിഡ്‌: സാന്‍ഡിയാഗോ ബെര്‍ണബു സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം വരുന്ന ഇരിപ്പിടങ്ങള്‍ സാധാരണ ഗതിയില്‍ നിറയാറുള്ളത്‌ റയല്‍ മാഡ്രിഡോ സ്‌പാനിഷ്‌ ദേശീയ ടീമോ സുപ്രധാന മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ മാത്രമാണ്‌.... ഫുട്‌ബോളിനെയും റയല്‍ മാഡ്രിഡിനെയും നെഞ്ചിലേറ്റുന്ന മാഡ്രിഡ്‌ നഗരം പക്ഷേ ഇന്നലെ മല്‍സരങ്ങളില്ലാതെ തന്നെ ഫുട്‌ബോള്‍ ലഹരിയിലായിരുന്നു. ലോക സോക്കറിലെ വിഖ്യാതനായ ഗോള്‍വേട്ടക്കാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ ചേരുന്ന ദിവസത്തില്‍ സൂപ്പര്‍ താരത്തെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാനും ബെര്‍ണബുവിലെത്തിയത്‌ ലക്ഷകണക്കിന്‌ ആരാധകരായിരുന്നു. ലോക റെക്കോര്‍ഡ്‌ പ്രതിഫലത്തില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റയലിലെത്തിയ റൊണാള്‍ഡോ മെഡിക്കല്‍ ടെസ്‌റ്റില്‍ വിജയത്തിന്റെ അടുത്ത മണിക്കൂറിലാണ്‌ ക്ലബില്‍ ഔദ്യോഗികമായി ചേര്‍ന്നത്‌. റയല്‍ പ്രസിഡണ്ട്‌ പെരസ്‌ തന്റെ ആരാധകര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനമായിരുന്നു റൊണാള്‍ഡോയെ കൊണ്ടുവരുമെന്ന്‌. പെരസ്‌ വാക്ക്‌ പാലിച്ച ദിവസത്തില്‍ റയലിന്റെ ആരാധകര്‍ കിരീട മോഹങ്ങളിലാണ്‌. കഴിഞ്ഞ സീസണില്‍ റയലിന്‌ കാര്യമായ സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്‌പാനിഷ്‌ ലീഗ്‌ കിരീടം ബാര്‍സിലോണ റാഞ്ചി, യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും അവര്‍ തന്നെ സ്വന്തമാക്കി. കിംഗ്‌സ്‌ കപ്പ്‌ പോലും റയലിന്‌ ലഭിച്ചില്ല. ഇപ്പോള്‍ സൂപ്പര്‍ സംഘത്തിലേക്ക്‌ റൊണാള്‍ഡോയും കക്കയും കരീം ബെന്‍സാമയുമെല്ലാം വന്നിരിക്കുന്നു. കപ്പുകള്‍ മാത്രമാണ്‌ ഇനി ആരാധകരുടെ നോട്ടം.
ചെറുപ്പകാലത്തെ തന്റെ സ്വപ്‌നമാണ്‌ സത്യമായിരിക്കുന്നതെന്ന്‌ ഇരുപത്തിനാലുകാരനായ താരം പറഞ്ഞു. റയല്‍ മാഡ്രിഡ്‌ എന്റെ ലക്ഷ്യമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബില്‍ അംഗമാവുമ്പോള്‍ താന്‍ ആദരിക്കപ്പെട്ടിരിക്കയാണ്‌. ഇവിടെയെത്തുമ്പോള്‍ ഇത്രയും വലിയ സ്വീകരണം ലഭിക്കുമായിരുന്നുവെന്ന്‌ കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ണബുവിന്റെ മധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ വെച്ചാണ്‌ റൊണാള്‍ഡോ സംസാരിച്ചത്‌. അദ്ദേഹം സംസാരിച്ചുനില്‍ക്കവെ ആരാധകരില്‍ ചിലര്‍ സ്‌റ്റേജിലേക്ക്‌ കയറാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഭടന്മാര്‍ ഇടപ്പെട്ടു.
കഴിഞ്ഞ സീസണില്‍ ബാര്‍സിലോണ സ്‌പാനിഷ്‌ ലീഗും യുവേഫ ചാമ്പ്യന്‍സ്‌ ലീഗും കിംഗ്‌സ്‌ കപ്പും സ്വന്തമാക്കിയത്‌ പോലെ ഇത്തവണ റയലിന്‌ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ റൊണാള്‍ഡോ സംശയം പ്രകടിപ്പിച്ചില്ല. പക്ഷേ എല്ലാം പെട്ടെന്ന്‌ നേടാന്‍ കൊതിക്കരുത്‌. ആദ്യം ചാമ്പ്യന്‍സ്‌ ലീഗ്‌. പിന്നെ ഘട്ടം ഘട്ടമായി അടുത്ത കിരീടങ്ങള്‍ നേടാന്‍ ശ്രമിക്കണമെന്ന്‌ പോര്‍ച്ചുഗീസ്‌ താരം പറഞ്ഞു.
പോര്‍ച്ചുഗല്‍ ലീഗില്‍ കളിച്ച്‌ തുടങ്ങി പതിനെട്ടാം വയസ്സില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അംഗമായ റൊണാള്‍ഡോ വളരെ പെട്ടെന്നാണ്‌ ലോകം കീഴടക്കിയ താരമായി മാറിയത്‌. ദേശീയ സോക്കറില്‍ പോര്‍ച്ചുഗലിനായി വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത റൊണാള്‍ഡോ മാഞ്ചസ്‌റ്ററില്‍ എത്തിയ ശേഷം ക്ലബിന്‌ വേണ്ടി നടത്തിയ പ്രകടനങ്ങള്‍ അപാരമായിരുന്നു. രണ്ട്‌ തവണയാണ്‌ അദ്ദേഹം കളിച്ച മാഞ്ചസ്റ്റര്‍ സംഘം വന്‍കരയിലെ ചാമ്പ്യന്‍ ക്ലബായി മാറിയത്‌. ഒന്നിലധികം തവണ പ്രീമിയര്‍ ലീഗ്‌ കിരീടവും മാഞ്ചസ്റ്റര്‍ റൊണാള്‍ഡോയുടെ മികവില്‍ നേടിയിരുന്നു. നിലവില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയറായ റൊണാള്‍ഡോ കഴിഞ്ഞ സീസണിലും തന്റെ ഗോള്‍ മികവ്‌ തെളിയിച്ചിരുന്നു.
മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ തനിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന്‌ റൊണാള്‍ഡോ പറഞ്ഞു. അവരുമായി ഞാന്‍ ഇപ്പോഴും നല്ല ബന്ധത്തിലാണ്‌. കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണെയും ആരാധകരെയും കൂട്ടുകാരെയും സഹതാരങ്ങളെയും മറക്കാന്‍ കഴിയില്ല. ആറ്‌ വര്‍ഷം ഞാന്‍ മാഞ്ചസ്റ്ററിനായി കളിച്ചിട്ടുണ്ട്‌. അവിടെയുള്ള ബന്ധങ്ങള്‍ നിലനില്‍ക്കും. റയല്‍ മാഡ്രിഡിനായി കളിക്കാനുളള എന്റെ താല്‍പ്പര്യത്തെ ഇംഗ്ലണ്ടിലെ ആരാധകര്‍ വെറുപ്പോടെ കാണില്ല. അവര്‍ക്കറിയാം എന്നെ. ജിവിതത്തില്‍ ചിലത്‌ നേടുമ്പോള്‍ ചിലത്‌ നഷ്ടപ്പെടും. റയല്‍ മാഡ്രിഡ്‌ എന്റെ പുതിയ തട്ടകമാണ്‌. ഇവിടെയാണ്‌ ഇനി എന്റെ ജീവിതം-സൂപ്പര്‍ താരം പറഞ്ഞു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിനേക്കാള്‍ ഉയര്‍ന്ന നിലവാരം സ്‌പാനിഷ്‌ ലീഗിനുണ്ടെന്നും റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. കാരണം ലോകോത്തര താരങ്ങളാണ്‌ സ്‌പാനിഷ്‌ ലീഗില്‍ കളിക്കുന്നത്‌. അതിന്റെ മാറ്റങ്ങള്‍ പ്രകടമാണ്‌. ആറ്‌ വര്‍ഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ച ശേഷം സ്‌പാനിഷ്‌ ലീഗില്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും കളിയുടെ ശൈലി മാറും. ഇവിടെ താരങ്ങളും എതിരാളികളും ശക്തരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ്‌ റൊണാള്‍ഡോ ഇവിടയെത്തിയത്‌. രാവിലെ തന്നെ സാനിറ്റസ്‌ ലാ മോറാലിജ ആശുപത്രിയില്‍ മെഡിക്കല്‍ ടെസ്റ്റിന്‌ വിധേയനായി. ആരോഗ്യപരമായി റൊണാള്‍ഡോ പൂര്‍ണ്ണ കരുത്തനാണെന്നും എത്രയും വേഗം തന്നെ അദ്ദേഹം പരിശീലനത്തില്‍ സജീവമാവുമെന്നും റയല്‍ മാഡ്രിഡ്‌ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫ്‌ വ്യക്തമാക്കി.

സര്‍വകാല റെക്കോര്‍ഡ്‌
മാഡ്രിഡ്‌: കൃസ്‌റ്റിയാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ്‌ സ്വന്തമാക്കിയത്‌ തന്നെ റെക്കോര്‍ഡ്‌ വില നല്‍കിയാണ്‌. ഇതാ റൊണാള്‍ഡോയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ്‌- ഒരു താരത്തിന്‌ ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ്‌ ഇന്നലെ പോര്‍ച്ചുഗല്‍ താരത്തിന്‌ സാന്‍ഡിയാഗോ ബെര്‍ണബു സ്‌റ്റേഡിയത്തില്‍ ലഭിച്ചിരിക്കുന്നത്‌. എണ്‍പതിനായിരത്തിലധികം പേരാണ്‌ സൂപ്പര്‍ താരത്തെ കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്‌. ഇന്നലെയാണ്‌ റയല്‍ മാഡ്രിഡിന്റെ താരമായി റൊണാള്‍ഡോ ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടത്‌. ഇത്‌ വരെ ഏറ്റവുമധികം ആരാധകര്‍ സാക്ഷിയായ താരവരവ്‌ ഡിയാഗോ മറഡോണയുടെ പേരിലായിരുന്നു. അര്‍ജന്റിനിയന്‍ സോക്കര്‍ ഇതിഹാസം 1984 ല്‍ സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണയില്‍ നിന്നും ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയില്‍ എത്തിയപ്പോള്‍ 75,000 ത്തോളം പേരാണ്‌ അദ്ദേഹത്തെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്‌. ഇന്നലെ രാവിലെ മുതല്‍ ബെര്‍ണബുവിന്‌ മുന്നില്‍ ആരാധകര്‍ ടിക്കറ്റിനായി തടിച്ചുകൂടിയിരുന്നു. എല്ലാ ഗേറ്റിലും വനിതകള്‍ ഉള്‍പ്പെടെ ആയിരകണക്കിന്‌ ആരാധകരായിരുന്നു. റയലിന്റെ താരമായി ഏ.സി മിലാനില്‍ നിന്നും കക്ക എത്തിയ ദിവസത്തില്‍ ആരാധകരുടെ എണ്ണം അരലക്ഷത്തോളമായിരുന്നു.
റയല്‍ മാഡ്രിഡിന്റെ ഏറ്റവും മഹാനായ താരം ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോയുടെ നമ്പരായ ഒമ്പതാണ്‌ റൊണാള്‍ഡോക്ക്‌ നല്‍കിയത്‌.

അടുത്ത ഊഴം
മാഡ്രിഡ്‌: കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, കരീം ബെന്‍സാമ, അല്‍ബിയോള്‍ എന്നിവര്‍ക്കൊപ്പം റയല്‍ മാഡ്രിഡ്‌ പുതിയ സീസണില്‍ ലക്ഷ്യമിടുന്നത്‌്‌ രണ്ട്‌ പേരെയാണ്‌-ബയേണ്‍ മ്യൂണിച്ചില്‍ നിന്ന്‌ ഫ്രാങ്ക്‌ റിബറിയെയും, ലിവര്‍പൂളില്‍ നിന്ന്‌്‌ സാബി അലോണ്‍സോയെയും. സാബി അടുത്ത രണ്ടാഴ്‌ച്ചക്കകം റയല്‍ മാഡ്രിഡിന്‍രെ താരമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. സാബിയെ വേണമെന്ന്‌ ഇത്‌ വരെ റയല്‍ ഔദ്യോഗികമായി ലിവര്‍പൂളിനോട്‌ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ അവധികാല വിശ്രമത്തിലാണ്‌ സാബി. അദ്ദേഹം 19ന്‌ പരിശീലനത്തിന്‌ തിരിച്ചെത്തുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. അതിന്‌ ശേഷം ലിവര്‍പൂള്‍ തായ്‌ലാന്‍ഡ്‌, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്നുണ്ട്‌. 19 ന്‌ മുമ്പ്‌ സാബിയെ സ്വന്തമാക്കാനാണ്‌ റയല്‍ ശ്രമിക്കുന്നത്‌. ഫ്രാങ്ക്‌ റിബറിയുടെ കാര്യത്തില്‍ ബയേണിന്‌ താല്‍പ്പര്യമുണ്ട്‌. പക്ഷേ വന്‍തുക സ്‌പെയിനുകാര്‍ വാഗ്‌ദാനം ചെയ്‌താല്‍ റിബറി കൂടുമാറുമെന്ന കാര്യത്തില്‍ ബയേണ്‍ മാനേജ്‌മെന്റിന്‌ സംശയമില്ല.

ആഷസ്‌ തുടക്കം
കാര്‍ഡിഫ്‌: ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ വിഖ്യാതമായ ആഷസ്‌ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം. ബ്രെട്ട്‌ ലീ ഇല്ലാത്ത ഓസ്‌ട്രേലിയയും ഫ്‌ളിന്റോഫിന്റെ തിരിച്ചുവരവില്‍ ശക്തിയാര്‍ജ്ജിച്ച ഇംഗ്ലണ്ടും തമ്മിലുളള പോരാട്ടത്തിന്‌ ഇന്ത്യന്‍ സമയം വൈകീട്ട്‌ മൂന്ന്‌ മണിക്കാണ്‌ തുടക്കം. നിലവില്‍ ആഷസ്‌ ഓസ്‌ട്രേലിയക്കാരുടെ കൈവശമാണ്‌. 2005 ല്‍ നടന്ന പരമ്പരയില്‍ മൈക്കല്‍ വോന്‍ നയിച്ച ഇംഗ്ലണ്ട്‌ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കിരീടം നേടിയിരുന്നു. ആ പ്രകടനം ആവര്‍ത്തിക്കാനാണ്‌ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിക്കുന്ന ടീമിന്റെ ശ്രമം.

No comments: