Wednesday, July 1, 2009

BRAZIL-NO-!






ബ്രസീല്‍ നമ്പര്‍ വണ്‍
സൂറിച്ച്‌: കോണ്‍ഫെഡറേഷന്‍ കപ്പ്‌ നേട്ടത്തിന്‌ പിറകെ ബ്രസീലിന്‌ ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനവും....! നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ ബ്രസീല്‍ രണ്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഫിഫ-കൊക്ക കോള ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. 2007 ഓഗസ്‌റ്റിലാണ്‌ ബ്രസീലിന്‌ ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായത്‌. അതിന്‌ ശേഷമാണ്‌ ലോക നേട്ടവുമായി ഇറ്റലിയും യൂറോപ്യന്‍ നേട്ടവുമായി സ്‌പെയിനും ലോക സോക്കറില്‍ നിറഞ്ഞത്‌.
കോണ്‍ഫെഡറേഷന്‍ കപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്‌പെയിന്‍ സെമി ഫൈനലില്‍ അമേരിക്കയോട്‌ തകര്‍ന്നിരുന്നു. ഇതാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ വിനയായത്‌. ഗ്രൂപ്പ്‌ തലത്തില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി കളം നിറഞ്ഞ സ്‌പെയിന്‍ സെമിയില്‍ തികച്ചും അപ്രതീക്ഷിതമായാണ്‌ തകര്‍ന്നത്‌. ഈ തോല്‍വിയില്‍ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമാവുമെന്ന്‌ സ്‌പെയിന്‍ കരുതിയിരുന്നില്ല. ഇത്‌ വരെ രണ്ടാം സ്ഥാനത്തായിരുന്ന ഹോളണ്ട്‌ പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്‌. ലോക ചാമ്പ്യന്മാരായ ഇറ്റലില്‍ നാലില്‍ തന്നെ നില്‍ക്കുന്നു. ഇത്‌ വരെ മൂന്നാമതായിരുന്ന ജര്‍മനി അഞ്ചാം സ്ഥാനത്തായി. റഷ്യ ആറിലും ഇംഗ്ലണ്ട്‌ ഏഴിലും അര്‍ജന്റീന എട്ടിലും നില്‍ക്കുന്നു.
കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച അമേരിക്ക പന്ത്രണ്ടാം സ്ഥാനത്താണ്‌. ഇത്‌ വരെ പതിനാലാമത്‌ സ്ഥാനത്തായിരുന്നു അവര്‍. ഈജിപ്‌ത്‌ 38 ലും ദക്ഷിണാഫ്രിക്ക 70 ലും നില്‍ക്കുന്നു. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ലോക ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്‌ വഴി ഈജിപ്‌തിന്‌ നാല്‍പ്പതില്‍ നിന്നും മുപ്പത്തിയെട്ടില്‍ എത്താനായി. ദക്ഷിണാഫ്രിക്കയില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാത്ത ഇറാഖ്‌ 94 ലേക്കും ന്യൂസിലാന്‍ഡ്‌ 100 ലേക്കും പിന്തള്ളപ്പെട്ടു.
ആദ്യ അമ്പത്തിലേക്ക്‌ കയറി വന്ന്‌ അള്‍ജിരിയയും (47), ടൂണീഷ്യയും (49), കരുത്ത്‌ കാട്ടിയപ്പോള്‍ ബുര്‍ക്കിനോഫാസോ 51 ലും ഫിന്‍ലാന്‍ഡ്‌ 52 ലും നില്‍ക്കുന്നു. 1993 ലാണ്‌ ഫിഫ ആദ്യമായി ലോക റാങ്കിംഗ്‌ സമ്പ്രദായം നടപ്പിലാക്കിയത്‌. അതിന്‌ ശേഷം ഏറ്റവും മികച്ച സ്ഥാനങ്ങളിലേക്ക്‌ ഇപ്പോള്‍ കയറിയവരില്‍ ഓസ്‌ട്രേലിയ (16), ഗാബോണ്‍ (30), ഗ്രാനഡ (88) മോണ്ടിനിഗ്രോ (98), ആന്റിഗ്വ-ബര്‍ബൂഡ (105) എന്നിവരുണ്ട്‌്‌. കഴിഞ്ഞ ഒരു മാസത്തിനിടെ 119 രാജ്യാന്തര മല്‍സരങ്ങളാണ്‌ ആഗോള തലത്തില്‍ നടന്നത്‌. കോണ്‍ഫെഡറേഷന്‍ കപ്പില്‍ 16 മല്‍സരങ്ങള്‍ നടന്നപ്പോള്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ 67 മല്‍സരങ്ങളും 36 സൗഹൃദ മല്‍സരങ്ങളും നടന്നിരുന്നു.
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക്‌ കയറാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ പറഞ്ഞു. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയിട്ടുളള ബ്രസീല്‍ മൂന്നാമത്‌ തവണയാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കയത്‌. ലാറ്റിനമേരിക്കന്‍ സോക്കര്‍ ജേതാക്കളെ നിശ്ചയിക്കുന്ന കോപ്പ അമേരിക്കയിലും നിരവധി തവണ ബ്രസീല്‍ മുത്തമിട്ടിട്ടുണ്ട്‌. ലോക സോക്കറില്‍ അകറ്റിനിര്‍ത്താന്‍ കഴിയാത്ത ശക്തിയായി ബ്രസീല്‍ മാറുന്നത്‌ അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ടീമിന്‌ നല്‍കുന്ന ഉത്തേജനം ചെറുതായിരിക്കില്ലെന്നും ഡുംഗെ പറഞ്ഞു.
2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍ നിരാശ സമ്മാനിച്ചിരുന്നു. കപ്പ്‌ പ്രതീക്ഷയുമായി വന്ന ടീമിന്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പിഴച്ചു. അതിന്‌ ശേഷമാണ്‌ റങ്കിംഗില്‍ ക്ഷീണം സംഭവിച്ചത്‌. ഡുംഗെ കോച്ചായ ശേഷം ടീമിന്‌ ഉണരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ദുര്‍ബലര്‍ക്ക്‌ മുന്നില്‍ പോലും ടീം വിയര്‍ത്തു. പക്ഷേ കഴിഞ്ഞ കോപ്പ അമേരിക്ക കപ്പ്‌ മുതല്‍ വര്‍ദ്ധീത വീര്യത്തില്‍ ടീം കളിച്ചു. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ടീം കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ്‌ ചാമ്പ്യന്മാരായത്‌.

ബെക്കാമിന്‌ അമേരിക്കന്‍ മുന്നറിയിപ്പ്‌
ലോസ്‌ ആഞ്ചലസ്‌: മുന്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ഡേവിഡ്‌ ബെക്കാമിന്‌ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ സുനില്‍ ഗുലാത്തിയുടെ വക മുന്നറിയിപ്പ്‌...അഞ്ച്‌ മാസത്തെ ഇടവേളക്ക്‌ ശേഷം ലോസാഞ്ചലസ്‌ ഗ്യാലക്‌സിക്ക്‌ വേണ്ടി ഈയാഴ്‌ച്ച ബെക്കാം മൈതാനത്തിറങ്ങുമ്പോള്‍ നല്ല സ്വീകരണം പ്രതീക്ഷിക്കരുതെന്നാണ്‌ ഗുലാത്തി പറയുന്നത്‌. താല്‍കാലിക ലോണില്‍ ഗ്യാലക്‌സിയില്‍ നിന്നും ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനിലേക്ക്‌ ചേക്കേറിയ ബെക്കാം അമേരിക്കന്‍ ടീമിനെ മറന്ന്‌ കൂടുതല്‍ കാലം ഇറ്റലിയില്‍ തുടര്‍ന്നത്‌ ഗ്യാലക്‌സി ആരാധകരെ ക്ഷൂഭിതരാക്കിയിട്ടുണ്ടെന്നാണ്‌ ഗുലാത്തി പറയുന്നത്‌. വലിയ വിലക്കാണ്‌ ബെക്കാമിനെ ഗ്യാലക്‌സി വാങ്ങിയത്‌. പക്ഷേ ലോണ്‍ അടിസ്ഥാനത്തിലേക്ക്‌ മൂന്ന്‌ മാസത്തേക്ക്‌ ഇറ്റലിയില്‍ പോയ ബെക്കാം അഞ്ച്‌ മാസമാണ്‌ അവിടെ തങ്ങിയത്‌. ലോണ്‍ കരാര്‍ പരസ്യമായി ലംഘിക്കുകയും ചെയ്‌തു. ഈ കാര്യത്തില്‍ ഗ്യാലക്‌സി ആരാധകര്‍ക്കുളള നിരാശ അവര്‍ പ്രകടിപ്പിക്കുമെന്നും അത്‌ സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബെക്കാമിനോടുളള എതിര്‍പ്പ്‌ പക്ഷേ തുടരാന്‍ സാധ്യതയില്ല. അദ്ദേഹം ആദ്യ മല്‍സരത്തില്‍ കളിക്കുമ്പോള്‍ മാത്രമായിരിക്കും പ്രശ്‌നം. ബെക്കാം പോയതോടെ ഗ്യാലക്‌സിയുടെ മല്‍സരങ്ങള്‍ക്ക്‌ ആരാധകര്‍ കുറഞ്ഞതായും ഗുലാത്തി പറഞ്ഞു. ബെക്കാം കളിക്കുമ്പോള്‍ ശരാശരി 19,000 ത്തോളം പേര്‍ കളി കാണാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ബെക്കാം ഇറ്റലിയിലേക്ക്‌ പോയപ്പോള്‍ ആരാധകരുടെ എണ്ണത്തില്‍ കാര്യമായ കുറവ്‌ വന്നു. 2007 ലാണ്‌ ബെക്കാം ഗ്യാലക്‌സിയുടെ താരമായത്‌. അത്‌ വരെ സ്‌പാനിഷ്‌ ക്ലബായ റയല്‍ മാഡ്രിഡിലായിരുന്നു. അമേരിക്കന്‍ ക്ലബുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകളില്‍ സ്വതന്ത്ര തീരുമാനത്തിന്‌ ബെക്കാമിന്‌ അധികാരമുണ്ട്‌. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ്‌ അദ്ദേഹം അഞ്ച്‌ മാസം ഇറ്റലിയില്‍ തുടര്‍ന്നത്‌. ഏ.സി മിലാന്‌ വേണ്ടി കളിക്കാന്‍ കഴിഞ്ഞതോടെ ഇംഗ്ലീഷ്‌ ദേശീയ ടീമിലേക്ക്‌ തിരിച്ചെത്താനും ബെക്കാമിന്‌ കഴിഞ്ഞിരുന്നു. മിലാന്‌ വേണ്ടി ബെക്കാം നടത്തിയ മികവ്‌ കണക്കിലെടുത്താണ്‌ ഇംഗ്ലീഷ്‌ കോച്ച്‌ ഫാബിയോ കാപ്പലോ മുന്‍ നായകനെ ദേശീയ ടീമില്‍ അംഗമാക്കിയത്‌.
ഗ്യാലക്‌സിയില്‍ നിന്നും എത്രയും വേഗം വിടാനാണ്‌ ബെക്കാമിന്‌ താല്‍പ്പര്യം. അമേരിക്കയില്‍ കളിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെങ്കിലും യൂറോപ്യന്‍ സോക്കറില്‍ ലഭിക്കുന്ന പ്രശസ്‌തിയും സ്വാധീനവും ലഭിക്കില്ലെന്ന സത്യം ബെക്കാം മനസ്സിലാക്കിയിട്ടുണ്ട്‌.

ബാറ്റിംഗ്‌ പ്രഷര്‍
കൊളംബോ: നായകസ്ഥാനം കൂട്ടുകാരന്‍ കുമാര്‍ സങ്കക്കാരക്ക്‌ നല്‍കിയിട്ടും തന്നിലെ സമ്മര്‍ദ്ദം അകലുന്നില്ലെന്ന്‌ മഹേല ജയവര്‍ദ്ധനെ. പാക്കിസ്‌താനെതിരെ ശനിയാഴ്‌ച്ച ആരംഭിക്കുന്ന പരമ്പരയില്‍ സ്‌പെഷ്യലിസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍ റോളില്‍ കളിക്കുമ്പോള്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ മഹേല നിര്‍ബന്ധിതനാണ്‌. ക്യാപ്‌റ്റനാവുമ്പോള്‍ ക്യാപ്‌റ്റന്റെ സമ്മര്‍ദ്ദവും ബാറ്റിംഗ്‌ സമ്മര്‍ദ്ദവുമെല്ലാമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ബാറ്റിംഗ്‌ സമ്മര്‍ദ്ദമാണ്‌. കൂടുതല്‍ റണ്‍സ്‌ നേടാന്‍ കഴിയാത്തപക്ഷം ടീമിലെ സ്ഥാനം ഇല്ലാതാവുമെന്ന്‌ മഹേല പറഞ്ഞു. പാക്കിസ്‌താനെതിരെ നല്ല റെക്കോര്‍ഡില്ലാത്ത ബാറ്റ്‌സ്‌മാനാണ്‌ മഹേല. ഈ കുറവ്‌ നികത്താന്‍ കഴിയുന്ന അവസരമാണിതെന്ന്‌ മുന്‍ നായകന്‍ മനസ്സിലാക്കുന്നു.
ക്യാപ്‌റ്റന്‍സി വിട്ട ശേഷം ടീമിലെ ഒരു സാധാരണ അംഗമായി കളിക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമെല്ലാം പ്രകടിപ്പിച്ച പക്വതയാണ്‌ മഹേല മാതൃകയാക്കുന്നത്‌. സച്ചിനും ദ്രാവിഡും ഇന്ത്യന്‍ ടീമിന്റെ നായകരായിരുന്നു. നായകസ്ഥാനം വിട്ട ശേഷവും ഇവര്‍ ടീമിലെ പ്രധാനികളായി കളിച്ചു. എല്ലാ കാലത്തും ക്യാപ്‌റ്റനായി നില്‍ക്കാന്‍ കഴിയില്ലെന്ന സത്യം എന്നേ താന്‍ മനസ്സിലാക്കിയതായി മഹേല പറഞ്ഞു. ക്രിക്കറ്റെന്നാല്‍ ആസ്വാദനമാണ്‌ എനിക്ക്‌. രാജ്യത്തിനായി കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനത്തിനാണ്‌ ശ്രമിക്കാറുളളത്‌. ഒരു സീനിയര്‍ താരമെന്ന നിലയില്‍ ടീം എന്നില്‍ നിന്നും വലിയ സംഭാവനകള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. മധ്യനിരയില്‍ കളിക്കുമ്പോള്‍ മുന്‍നിരക്കും വാലറ്റത്തിനും മധ്യേ ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാക്കിസ്‌താന്‍ പര്യടനത്തോടെയാണ്‌ മഹേല ക്യാപ്‌റ്റന്‍സി വിട്ടത്‌. പക്ഷേ ലാഹോര്‍ വിവാദം കാരണം അദ്ദേഹത്തിന്‌ നായകനെന്ന നിലയില്‍ അവസാന ടെസ്‌റ്റ്‌ ദുരന്തമായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസ്‌ തിവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ ഭാഗ്യത്തിന്‌ മാത്രമാണ്‌ ടീം രക്ഷപ്പെട്ടത്‌. ലാഹോര്‍ സംഭവത്തോടെ മല്‍സരം ഉക്ഷേിക്കാനും തീരുമാനിച്ചിരുന്നു. ക്യാപ്‌റ്റനാവുമ്പോള്‍ രണ്ട്‌ ഉത്തരവാദിത്ത്വമുണ്ടായിരുന്നു. ടീമിനെ ശ്രദ്ധിക്കണം. ബാറ്റിംഗിലും ജാഗ്രത വേണം. ഇപ്പോള്‍ ടീമിനെ ശ്രദ്ധിക്കാന്‍ പുതിയ ക്യാപ്‌റ്റനുണ്ട്‌. എനിക്ക്‌ ബാറ്റിംഗില്‍ ശ്രദ്ധിച്ചാല്‍ മതി. ഞാന്‍ ക്യാപ്‌റ്റനായിരുന്ന സമയത്ത്‌ എന്റെ ഡെപ്യൂട്ടിയായി എല്ലാ സഹായവും നല്‍കിയ താരമാണ്‌ സങ്കക്കാര. അദ്ദേഹത്തിന്‌ എന്നെ നന്നായി അറിയാം. ഇപ്പോള്‍ അദ്ദേഹത്തെ സഹായിക്കുകയെന്നത്‌ തന്റെ കടമയാണെന്നും മഹേല കൂട്ടിച്ചേര്‍ത്തു. അനുഭവത്തില്‍ നിന്നും പല ആശയങ്ങളും അദ്ദേഹത്തിന്‌ കൈമാറിയിട്ടുണ്ട്‌. സാഹചര്യത്തിനനുസരിച്ച്‌ സങ്കക്ക്‌ തീരുമാനിക്കാം.
ഉപഭൂഖണ്‌ഠത്തില്‍ ഒരു ടീമിനെ നയിക്കുക എന്നത്‌ എളുപ്പമല്ല. ആരാധകര്‍ ജയങ്ങള്‍ മാത്രമാണ്‌ മോഹിക്കുന്നത്‌. തോല്‍വികള്‍ അവര്‍ക്ക്‌ സഹിക്കാന്‍ കഴിയില്ല. നല്ല പ്രകടനം കാഴ്‌ച്ചവെക്കുമ്പോള്‍ കൈയ്യടിക്കുന്ന ആരാധകര്‍ മോശം പ്രകടനം സഹിക്കില്ലെന്ന സത്യം സങ്ക മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനനുസരിച്ച്‌ ആശയങ്ങളെ പാകപ്പെടുത്താന്‍ പുതിയ നായകന്‌ കഴിയുമെന്നും മഹേല പറഞ്ഞു.

ഇറാഖിന്‌ നേട്ടം
ബാഗ്‌ദാദ്‌: ഫിഫ റാങ്കിംഗില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നേട്ടം സമ്പാദിച്ചത്‌ ഇറാഖ്‌. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഏഷ്യയെ പ്രതിനിധീകരിച്ച ടീം പുതിയ റാങ്കിംഗില്‍ 77-ാം സ്ഥാനത്താണ്‌. നാട്ടിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം മല്‍സരങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു ടീമിന്‌ ഈ സ്ഥാനം വലിയ അംഗീകാരമാണ്‌. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഒരു മല്‍സരത്തിലും വിജയിക്കാന്‍ ബോറ മിലുട്ടിനോവിച്ച്‌ പരിശീലിപ്പിച്ച ടീമിന്‌ കഴിഞ്ഞിരുന്നില്ല. 1996 ല്‍ നേടാനായ 98-ാമത്‌ സ്ഥാനമാണ്‌ ഇത്‌ വരെ റാങ്കിംഗില്‍ ഇറാഖിന്റെ മികച്ച നേട്ടം.
ഇന്ത്യ 147 ലാണ്‌ നില്‍ക്കുന്നത്‌.

കോന്‍ ബനേഗാ സെക്രട്ടറി
ന്യൂഡല്‍ഹി: സൂബ്രതോ ദത്ത (മുന്‍ ഐ.എഫ്‌.എ സെക്രട്ടറി), സാവിയോ മേസിസ്‌ (ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി), ഡോ. ഷാജി പ്രഭാകരന്‍ (അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ ഡയരക്ടര്‍, വിഷന്‍ ഇന്ത്യ പദ്ധതി ഡയരക്ടര്‍), കേണല്‍ ഗൗതം കൗര്‍ (എ.എഫ്‌.ഐ.ഐ അസിസ്‌റ്റന്‍ഡ്‌ ജനറല്‍ സെക്രട്ടറി), സുഭാഷ്‌ ഭൗമിക്‌ (ഈസ്റ്റ്‌ ബംഗാള്‍ കോച്ച്‌), സത്യജിത്‌ സദാനന്ദന്‍ (എ.ഐ.എഫ്‌.എഫ്‌ മുന്‍ ്‌അസിസ്‌റ്റന്‍ഡ്‌ ജനറല്‍ സെക്രട്ടറി ) ഹക്കീം (മുന്‍ ഇന്ത്യന്‍ കോച്ച്‌).....-അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ ജനറല്‍ സെക്രട്ടറിയാവാന്‍ അപേക്ഷ നല്‍കിയവരില്‍ ചിലരുടെ പേരുകളാണിത്‌.. നിലവില്‍ ജനറല്‍ സെക്രട്ടറിയായ ഗോവക്കാരന്‍ ആല്‍ബെര്‍ട്ടോ കൊളോസോ അടുത്ത രണ്ട്‌ മാസത്തിനകം വിരമിക്കുമെന്നിരിക്കെ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാന്‍ തിക്കും തിരക്കുമാണ്‌. എ.ഐ.എഫ്‌.എഫ്‌ സ്വന്തം വൈബ്‌ സൈറ്റിലൂടെയും പത്രപരസ്യം വഴിയും പുതിയ അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ എല്ലാവരും പുതിയ പോസ്‌റ്റ്‌ ലക്ഷ്യമിടുകയാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിനെ എല്ലാ തലത്തിലും നവീകരിക്കാന്‍ ശക്തരായവരെയാണ്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ നോക്കുന്നത്‌. ഐ ലീഗിന്‌ പുതിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറെയും തെരയുന്നുണ്ട്‌. ഈ മാസം 16 വരെ അപേക്ഷ നല്‍കാം.
മലയാളിയായ ഡോ.ഷാജി പ്രഭാകരനും ഗോവക്കാരന്‍ സേവിയോ മേസിസിനും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയയുടെ തുറന്ന പിന്തുണയുണ്ട്‌.

കപ്പിലേക്ക്‌
ലണ്ടന്‍: ആറാം തവണയും വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ കിരീടമുയര്‍ത്താന്‍ റോജര്‍ ഫെഡ്‌റര്‍ ഒരുങ്ങുന്നു. ഇന്നലെ നടന്ന ഏകപക്ഷീയ പോരാട്ടത്തില്‍ കൂറ്റന്‍ സര്‍വുകാരന്‍ ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ചിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം സെമി ടിക്കറ്റ്‌ സ്വന്തമാക്കി. സ്‌ക്കോര്‍ 6-3, 7-5, 7-6 (7-3). തകര്‍പ്പന്‍ സെര്‍വുകാരനായ ക്രോട്ട്‌ താരത്തിന്‌ മുന്നില്‍ സൂപ്പര്‍ താരം പതറുമെന്നാണ്‌ കരുതിയത്‌. പക്ഷേ തുടക്കം മുതല്‍ സ്വതസിദ്ധമായ ഫോമിലായിരുന്നു റോജര്‍.

No comments: