Thursday, February 19, 2009

INDIA IN PACY LAND

ബഡാ ടൂര്‍
മുംബൈ: 2002-03 ലെ പരാജയത്തിന്‌ പകരം വീട്ടാന്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിലേക്ക്‌ യാത്രയായി. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്‌ തൊട്ട്‌ മുമ്പായി ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിന്‌ ടെസ്റ്റ്‌ പരമ്പര 2-0 ത്തിനും ഏകദിന പരമ്പര 2-5 നും നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിലെ പ്രതികൂല സാഹചര്യങ്ങളെ മനസ്സിലാക്കാതെ കളിച്ചതാണ്‌ അന്ന്‌ വിനയായതെന്ന സത്യം സൗരവ്‌ ഗാംഗുലിയില്‍ നിന്ന്‌ മനസ്സിലാക്കിയാണ്‌ ധോണിയും സംഘവും യാത്ര തിരിച്ചിരിക്കുന്നത്‌. രണ്ട്‌ 20-20 മല്‍സരങ്ങളും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
ഇത്തവണ ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിക്കുന്നത്‌ തികച്ചും സന്തുലിതമായ ടീമാണെന്നും അതിനാല്‍ പരിഭ്രാന്തിക്ക്‌ വകയില്ലെന്നുമാണ്‌ ഇന്നലെ യാത്ര തിരിക്കും മുമ്പ്‌ ഇവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണും നായകന്‍ ധോണിയും വ്യക്തമാക്കിയത്‌. രണ്ട്‌ പേരും വളരെ ആത്മവിശ്വാസത്തോടെയാണ്‌ ചോദ്യങ്ങളെ നേരിട്ടത്‌. നിലവില്‍ ടെസ്‌റ്റിലാണെങ്കിലും ഏകദിനങ്ങളിലാണെങ്കിലും ഇന്ത്യ പുലര്‍ത്തുന്ന ആധികാരികത ന്യൂസിലാന്‍ഡിലും തുടരാന്‍ കഴിയും. കഴിഞ്ഞ പര്യടനത്തില്‍ ബാറ്റിംഗാണ്‌ പിഴച്ചത്‌. ന്യൂസിലാന്‍ഡിലെ തണുത്ത സാഹചര്യവും ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ചുകളുമായപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ സത്യം എല്ലാവരും മനസ്സിലാക്കുന്നുണ്ട. അതിനാല്‍ അവിടെ ലഭിക്കുന്ന പരിശീലന സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി എങ്ങനെ കളിക്കണമെന്ന നിലപാടിലെത്താനാവും. ജയിക്കുക എന്നതാണ്‌ പ്രധാനം. ഈ ലക്ഷ്യത്തിലാണ്‌ ടീം യാത്രയാവുന്നത്‌. ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ടീമിന്റെ സന്തുലിതാവസ്ഥയാണ്‌. ബാറ്റിംഗിലും ബൗളിംഗിലും ടീം കരുത്ത്‌ പ്രകടിപ്പിക്കുന്നു. ഈ ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും ഇരുവരും പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏത്‌ സാഹചര്യത്തെയും നേരിടാന്‍ താരങ്ങള്‍ തയ്യാറാണ്‌.ന്യൂസിലാന്‍ഡിലെ സാഹചര്യമായിരിക്കില്ല ദക്ഷിണാഫ്രിക്കയില്‍. എല്ലായിടത്തും നന്നായി കളിക്കാനാവണം. ഏത്‌ കാലാവസ്ഥയിലും നന്നായി കളിക്കുന്നതാണ്‌ ഒരു ടീമിന്റെ കരുത്ത്‌. കാലാവസ്ഥയെ പഠിക്കാനും അതിനനുസരിച്ച്‌ കളിക്കാനും ടീമിലെ എല്ലാവര്‍ക്കുമാവുമെന്നും കിര്‍സ്‌റ്റണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ ഇന്ത്യക്ക്‌ മെച്ചപ്പെട്ട റെക്കോര്‍ഡില്ല എന്നത്‌ സത്യമാണ്‌. 1967-68 ലാണ്‌ ഇന്ത്യന്‍ ടീം ആദ്യമായി ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയത്‌ 3-1 ന്‌ ആ പരമ്പര ഇന്ത്യ സ്വന്തമാക്കി. വിദേശ മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമായിരുന്നു അത്‌. അതിന്‌ ശേഷം ആറ്‌ തവണ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തി. ഇതില്‍ നാല്‌ ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടില്‍ സമനില നേടി. 2002-03 ലെ പര്യടനമായിരുന്നു ദയനീയമായത്‌. സൗരവ്‌ ഗാംഗുലിയെ കൂടാതെ രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ വിഖ്യാതരെല്ലാം കളിച്ചിട്ടും ടീമിന്‌ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല.
അന്നത്തെ സംഘത്തില്‍ കളിച്ച അഞ്ച്‌ പേര്‍ പുതിയ ടീമിലുണ്ട്‌. സച്ചിനും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും ഹര്‍ഭജന്‍ സിംഗും സഹീര്‍ഖാനും. ഇവരുടെ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്തുമെന്നാണ്‌ ധോണി പറയുന്നത്‌. സാഹചര്യങ്ങളെയും എതിരാളികളെയും പേടിക്കാന്‍ ധോണിയില്ല. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടാവും. ആ പ്രത്യേകതകളുമായി താദാത്മ്യം പ്രാപിക്കുകയാണ്‌ പ്രധാനം. ടീമിന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യം. അതാണ്‌ പ്രധാനമെന്നും നായകന്‍ അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ മാറി മാറി വരുന്നുണ്ടെന്നാണ്‌ കിര്‍സ്‌റ്റണ്‍ പറയുന്നത്‌. കഴിഞ്ഞ രണ്ട്‌ പരമ്പരകളില്‍ തീര്‍ത്തും വിത്യസ്‌തമായിരുന്നു അവിടുത്തെ കാര്യങ്ങള്‍. ഇന്ത്യ അവസാനമായി അവിടെ പര്യടനം നടത്തിയപ്പോള്‍ തണ്ണുപ്പേറിയതായിരുന്നു സാഹചര്യങ്ങള്‍. ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ പിന്നീട്‌ വിന്‍ഡിസ്‌ ടീം അവിടെ പര്യടനം നടത്തിയപ്പോള്‍ പിച്ചുകള്‍ വളരെ ഫ്‌ളാറ്റായിരുന്നു. ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ സ്‌ക്കോറുകള്‍ സമ്പാദിക്കാനായി. ഏതൊരു സാഹചര്യത്തെയും എങ്ങനെ എതിരിടാമെന്നതാണ്‌ പ്രധാനം. അവിടെ ടീമിന്‌ വിജയിക്കാന്‍ കഴിയുമെന്നാണ്‌ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം പറയുന്നത്‌. ഇത്തവണ പഴയത്‌ പോലെ തണ്ണുപ്പേറിയ സാഹചര്യമാണ്‌ ടീമിനെ കാത്തിരിക്കുന്നതെന്നാണ്‌ കോച്ച്‌ പറയുന്നത്‌. ചിലപ്പോള്‍ മഴക്കും സാധ്യതയുണ്ട്‌. ഈ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവുമെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
ഐ.സി.സി റാങ്കിംഗില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ ഇന്ത്യ. ടെസ്‌റ്റ്‌ റാങ്കിംഗില്‍ലും ഏകദിന റാങ്കിംഗിലും ഇന്ത്യ മൂന്നാമത്‌ നില്‍ക്കുമ്പോള്‍ കിവീസ്‌ ഏറെ പിറകിലാണ്‌. എന്നാല്‍ എതിരാളികളെ ഒരിക്കലും ദുര്‍ബലരായി കാണുന്നില്ലെന്ന്‌ ധോണി പറഞ്ഞു. ന്യൂസിലാന്‍ഡ്‌ എന്നും പോരാളികളാണ്‌. സ്വന്തം തട്ടകത്ത്‌ മാത്രമല്ല ഏത്‌ മൈതാനത്തും ആരെയും വെല്ലുവിളിക്കാനുളള താരപ്രഭ അവര്‍ക്കുണ്ട്‌. ഞങ്ങളാണ്‌ കരുത്തര്‍ എന്ന്‌ കരുതാതെ കറുത്ത കുതിരകളായി മാറാനാണ്‌ ധോണിക്ക്‌ താല്‍പ്പര്യം. ന്യൂസിലാന്‍ഡിലെ ചെറിയ മൈതാനങ്ങളില്‍ സേവാഗും ധോണിയും അടിച്ചുതകര്‍ക്കുമെന്ന കിവി ക്യാപ്‌റ്റന്‍ വെട്ടോരിയുടെ ഭയത്തിന്‌ ധോണിക്ക്‌ മറുപടിയുണ്ടായിരുന്നു- ഏത്‌ ഗ്രൗണ്ടിനെയും ചെറുതാക്കി മാറ്റാന്‍ കഴിയുന്നവര്‍ ടീമിലുണ്ട്‌്‌ എന്നത്‌ സത്യമാണ്‌. പക്ഷേ ഗ്രൗണ്ടിന്റെ വലുപ്പമല്ല, സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുകയാണ്‌ പ്രധാനം.-അദദേഹം പറഞ്ഞു.

പേടി
വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്ക്‌ ഇന്ത്യയെ ഭയമുണ്ട്‌. അത്‌ തുറന്ന്‌ സമ്മതിക്കാനും അദ്ദേഹത്തിന്‌ മടിയില്ല. 2002-03 പര്യടന കാലത്തില്‍ നിന്നും കാര്യങ്ങള്‍ നന്നായി മാറിയിട്ടുണ്ടെന്നും ഇന്ത്യ ഭയപ്പെടാനില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍. അന്ന്‌ സാഹചര്യങ്ങള്‍ തീര്‍ത്തും ബാറ്റിംഗിന്‌ പ്രതികൂലമായിരുന്നു. തണ്ണുപ്പും മഴയും പിച്ചുകളെ ബാറ്റിംഗ്‌ ശവപ്പറമ്പാക്കി. ഇന്ത്യക്ക്‌ മാത്രമല്ല ന്യൂസിലാന്‍ഡ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്കും കാര്യങ്ങള്‍ ദുഷ്‌ക്കരമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പിച്ചുകള്‍ മാറിയിട്ടുണ്ട്‌. വലിയ സ്‌ക്കോറുകള്‍ നേടാന്‍ ഇപ്പോള്‍ പ്രയാസമില്ല- ഡെയ്‌ലി ന്യൂസ്‌ പത്രത്തിലെ തന്റെ കോളത്തില്‍ ക്യാപ്‌റ്റന്‍ എഴുതി.
പക്ഷേ ന്യൂസിലാന്‍ഡിലെ കാലാവസ്ഥയുമായി പെട്ടെന്ന്‌ താദാത്മ്യം പ്രാപിക്കാന്‍ ഇന്ത്യ പ്രയാസപ്പെടുമെന്നാണ്‌ വെട്ടോരി പറയുന്നത്‌. ഇന്ത്യ 40 ഡിഗ്രി ചൂടില്‍ നിന്നുമാണ്‌ വരുന്നത്‌. ഇവിടെ നല്ല തണ്ണുപ്പാണ്‌. ചൂട്‌ കേവലം 18 ഡിഗ്രിയാണ്‌. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടാല്‍ പിന്നെ പ്രയാസമില്ലെന്ന ആശ്വാസ വചനത്തിനും അദ്ദേഹം തയ്യാറായി.
2002-03 ലെ പരമ്പരയില്‍ രണ്ട്‌ ടെസ്റ്റിലും 200 റണ്‍സ്‌ പോലും പിന്നിടാന്‍ ഇന്ത്യക്കായിരുന്നില്ല. രണ്ട്‌ മല്‍സരത്തിലും ടീം തകര്‍ന്നു. ഏകദിന പരമ്പരയിലും ഇതായിരുന്നു സ്ഥിതി. എല്ലാ മല്‍സരങ്ങളും ചെറിയ സ്‌ക്കോറിലായിരുന്നു. മറ്റൊരു സത്യം ഈ രണ്ട്‌ ടെസ്‌റ്റിലും ഓരോവര്‍ പോലും പന്തെറിയാന്‍ വെട്ടോരിക്ക്‌ കഴിഞ്ഞില്ല എന്നതാണ്‌. അന്ന്‌ സീമര്‍മാരായിരുന്നു മുന്നണി പോരാളികള്‍. അവര്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ ഒന്നൊന്നായി കൂടാരം കയറ്റിയപ്പോള്‍ സ്‌പിന്‍ ഓരോവറില്‍ പോലും പരീക്ഷിക്കപ്പെട്ടില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ്‌ ധോണിയെന്ന്‌ വെട്ടോരി സാക്ഷ്യപ്പെടുത്തുന്നു. വളരെ പെട്ടെന്നാണ്‌ അദ്ദേഹം ഉയരങ്ങള്‍ കീഴടക്കിയത്‌. തികച്ചും ശാന്തനും ശക്തനുമായ നായകന്‍. ഇന്ത്യന്‍ ടീമിനെതിരെ നന്നായി ബൗള്‍ ചെയ്യുക എന്നതാണ്‌ പ്രധാനം. ബൗളിംഗ്‌ മേഖലയില്‍ സീമര്‍മാര്‍ക്ക്‌ തന്നെയാണ്‌ വെട്ടോരി മുന്‍ത്തൂക്കം നല്‍കുന്നത്‌. ക്യാപ്‌റ്റന്‍ എന്ന നിലയിലും പ്രധാന സ്‌പിന്നര്‍ എന്ന നിലയിലും തനിക്ക്‌ വലിയ റോളുണ്ട്‌ എന്ന കാര്യവും അദ്ദേഹം സമ്മതിക്കുന്നു.
ഇന്ത്യന്‍ ടീമിലെ പ്രധാന വെല്ലുവിളിക്കാര്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗാഭീറുമാണെന്നാണ്‌ വെട്ടോരി പറയുന്നത്‌. സേവാഗ്‌ വലിയ അപകടകാരിയാണ്‌. പന്തിനെ ഇത്രമാത്രം അനായാസതയില്‍ പ്രഹരിക്കാന്‍ കഴിയുന്നവര്‍ കുറവാണ്‌. ഗാംഭീര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ടീമിന്‌ നല്ല തുടക്കം നല്‍കുന്നുണ്ട്‌. ഓപ്പണര്‍മാര്‍ സാഹചര്യങ്ങളെ ഏത്‌ വിധം ഉപയോഗപ്പെടുത്തുന്നു എന്നത്‌ പോലെയിരിക്കും ടീമിന്റെ പ്രകടനം. കിവി ടീമില്‍ നിന്ന്‌ പല പ്രമുഖരും പെട്ടെന്നാണ്‌ പോയത്‌. അത്‌ ടീമിനെ ബാധിച്ചിരുന്നു. എന്നാല്‍ പകരമെത്തിയവരെല്ലം ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദവുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും വെട്ടോരി പറഞ്ഞു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ്‌ പരമ്പര
ഫെബ്രുവരി 25
ആദ്യ 20-20 മല്‍സരം -ഡേ നൈറ്റ്‌
ഏ.എം.ഐ സ്റ്റേഡിയം. ക്രൈസ്റ്റ്‌ചര്‍ച്ച്‌
ഫെബ്രുവരി 27
രണ്ടാം 20-20 മല്‍സരം, ഡേ നൈറ്റ്‌
വെസ്റ്റ്‌്‌പാക്‌ സ്റ്റേഡിയം. വെല്ലിംഗ്‌ടണ്‍
മാര്‍ച്ച്‌ 3
ഒന്നാം ഏകദിനം- ഡേ നൈറ്റ്‌്‌
മക്‌്‌ലീന്‍ പാര്‍ക്ക്‌്‌ നേപ്പിയര്‍
മാര്‍ച്ച്‌ 6
രണ്ടാം ഏകദിനം ഡേ നൈറ്റ്‌
വെസ്റ്റ്‌പാക്‌ സ്റ്റേഡിയം. വെല്ലിംഗ്‌ടണ്‍
മാര്‍ച്ച്‌ 8
മൂന്നാം ഏകദിനം, ഡേ നൈറ്റ്‌
ഏ.എം.ഐ സ്റ്റേഡിയം. ക്രൈസ്റ്റ്‌ ചര്‍ച്ച്‌
മാര്‍ച്ച്‌ 11
നാലാം ഏകദിനം ഡേ നൈറ്റ്‌
സീഡന്‍പാര്‍ക്ക്‌്‌ ഹാമില്‍ട്ടണ്‍
മാര്‍ച്ച്‌ 14
അഞ്ചാം ഏകദിനം ഡേ നൈറ്റ്‌
ഈഡന്‍ പാര്‍ക്ക്‌. ഓക്‌ലാന്‍ഡ്‌
മാര്‍ച്ച്‌ 18-22
ഒന്നാം ടെസ്‌റ്റ്‌
സീഡന്‍ പാര്‍ക്ക്‌്‌.ഹാമില്‍ട്ടണ്‍
മാര്‍ച്ച്‌ 26-30
രണ്ടാം ടെസ്‌റ്റ്‌
മക്‌ലീന്‍ പാര്‍ക്ക്‌. നേപ്പിയര്‍
ഏപ്രില്‍ 3-7
മൂന്നാം ടെസ്റ്റ്‌
ബേസിന്‍ റിസര്‍വ്‌ വെല്ലിംഗ്‌ടണ്‍

വിന്‍ഡീസ്‌ പൊരുതുന്നു
ആന്റിഗ്വ: വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്ന്‌ ദിവസവും ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിന്‌ നാലാം ദിവസം പിഴച്ചപ്പോള്‍ സമനില ലക്ഷ്യമാക്കി വിന്‍ഡീസ്‌ പൊരുതുന്നു. ഇംഗ്ലണ്ട്‌ സമ്മാനിച്ച 503 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കുളള പ്രയാണത്തില്‍ നാലാം ദിവസം സ്റ്റംമ്പിന്‌ പിരിയുമ്പോള്‍ ആതിഥേയര്‍ മൂന്ന്‌ വിക്കറ്റിന്‌ 143 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ഒരു ദിവസവും ഏഴ്‌ വിക്കറ്റുകളും ബാക്കിനില്‍ക്കെ വിജയത്തിനായി വിന്‍ഡീസിന്‌ ഇനി 360 റണ്‍സ്‌ കൂടി വേണം. അനുഭവ സമ്പന്നരായ ശിവനാരായണ്‍ ചന്ദര്‍പോളും രാം നരേഷ്‌ സര്‍വനുമാണ്‌ ക്രീസില്‍. വിജയത്തിനായി പൊരുതില്ലെങ്കിലും സമനില എന്ന വിന്‍ഡീസ്‌ ലക്ഷ്യത്തിന്‌ ഈ രണ്ട്‌ പേരുടെയും സാന്നിദ്ധ്യം നിര്‍ബന്ധമാണ്‌. സര്‍വന്‍ 47 റണ്‍സുമായും ചന്ദര്‍പോള്‍ 18 റണ്‍സുമായും ക്രീസിലുണ്ട്‌. ഈ സഖ്യം ഇതിനകം വിലപ്പെട്ട 47 റണ്‍സ്‌ ഇന്നിംഗ്‌സിന്‌ സമ്മാനിച്ചിട്ടുണ്ട്‌.
ഇടുപ്പിലെ വേദന മൂലം ബൗളിംഗില്‍ നിന്ന്‌ മാറിനില്‍ക്കുന്ന ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിനെ വിന്‍ഡീസിന്‌ പേടിക്കേണ്ടതില്ല. ഇംഗ്ലണ്ടിനെ അലട്ടുന്നതും ഫ്രെഡ്ഡിയുടെ പരുക്കാണ്‌. ഇന്നലെ രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റിംഗ്‌ പുനരാരംഭിച്ച ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റിന്‌ 221 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഫ്‌ളിന്റോഫ്‌ ഒമ്പതാമനായാണ്‌ ബാറ്റ്‌ ചെയ്യാനെത്തിയത്‌. എട്ട്‌ പന്തുകള്‍ നേരിട്ട അദ്ദേഹം പൂജ്യനാവുകയും ചെയ്‌തു. വിന്‍ഡീസ്‌ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയപ്പോള്‍ സ്ലിപ്പ്‌ ഫീല്‍ഡറായി രംഗത്തുണ്ടായിരുന്ന ഫ്രെഡി മൂന്ന്‌ ഓവറുകള്‍ പന്തെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
സബീനാപാര്‍ക്കില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ വിന്‍ഡീസ്‌ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ടു നില്‍ക്കുകയാണ്‌. സബീനാപാര്‍ക്കില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ 51 റണ്‍സില്‍ അവസാനിപ്പിച്ചായിരുന്നു വിന്‍ഡീസ്‌ കരുത്ത്‌ കാട്ടിയത്‌. ആ മികവ്‌ പക്ഷേ ഇന്നലെ പുറത്തെടുക്കാന്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്കായില്ല.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ പെട്ടെന്ന്‌ റണ്‍സ്‌ നേടുകയായിരുന്നു ഇംഗ്ലീഷ്‌ പ്ലാന്‍. പക്ഷേ വിന്‍ഡീസ്‌ ബൗളര്‍മാര്‍ അതിന്‌ സമ്മതിച്ചില്ല. 103 പന്തില്‍ 58 റണ്‍സ്‌ നേടിയ ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ മാത്രമാണ്‌ പൊരുതിയത്‌. പീറ്റേഴ്‌സണ്‍ 32 ലും കോളിംഗ്‌വുഡ്‌ 34 ലും പുറത്തായി. വലിയ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച വിന്‍ഡീസിന്‌ വേണ്ടി ക്രിസ്‌ ഗെയിലും ഡിവോണ്‍ സ്‌മിത്തും നല്ല തുടക്കമാണ്‌ നല്‍കിയത്‌. ഓപ്പണിംഗ്‌ സഖ്യം 59 റണ്‍സ്‌ നേടി. 67 പന്തില്‍ എട്ട്‌ ബൗണ്ടറികളുമായി 46 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ഗെയിലിന്റെ പതനമാണ്‌ സ്‌ക്കോറിംഗിനെ ബാധിച്ചത്‌. ഡിവോണ്‍ സ്‌മിത്ത്‌ 21 ലും റ്യാന്‍ ഹൈന്‍ഡ്‌സ്‌ 6 ലും പുറത്തായി.

ആഘാതം
ആന്റിഗ്വ: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന ബിഗ്‌ ഫ്രെഡ്ഡിയെ ഇംഗ്ലണ്ടിന്‌ അത്യാവശ്യമായ ദിനമായിരുന്നു ആന്റിഗ്വ റിക്രിയേഷന്‍ ക്ലബില്‍ ഇന്നലെ. അതായത്‌ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ നാലാം ദിനത്തില്‍. 503 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്ക്‌ പതര്‍ച്ചയോടെ കളിച്ച്‌ തുടങ്ങിയ കരിബീയന്‍ താരങ്ങളെ എറിഞ്ഞിടാന്‍ മിടുക്കനായ ഫ്രെഡ്ഡിക്ക്‌ പക്ഷേ ഇടുപ്പിലെ വേദന മൂലം കാഴ്‌ച്ചക്കാരന്റെ റോളായിരുന്നു. ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയപ്പോള്‍ ഒമ്പതാം നമ്പറില്‍ കളിക്കാന്‍ നിര്‍ബന്ധിതനായ ഫ്രെഡ്ഡി മൂന്ന്‌ ഓവറുകള്‍ മാത്രമാണ്‌ പന്തെറിഞ്ഞത്‌. വേദനാ സംഹാരികള്‍ കഴിച്ച്‌ മൈതാനത്തിറങ്ങിയിട്ടും ഫ്രെഡ്ഡിക്ക്‌ പിടിച്ചുനില്‍ക്കാനായില്ല. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ ഉറപ്പില്ല. ജമൈക്കയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ തരിപ്പണമായതാണ്‌. ആ തോല്‍വിക്ക്‌ പകരം വീട്ടാനിറങ്ങിയപ്പോഴാണ്‌ ഫ്രെഡ്ഡിയുടെ രൂപത്തില്‍ ആഘാതമെത്തിയത്‌.

റെഡ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കുതിപ്പ്‌ തുടരുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഫുള്‍ഹാമിനെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കി റെഡ്‌സ്‌ പോയന്റ്‌്‌ ടേബിളില്‍ തൊട്ടടുത്ത പ്രതിയോഗിയായ ലിവര്‍പൂളിനേക്കാള്‍ അഞ്ച്‌ പോയന്റ്‌ ലീഡ്‌ നേടി. ഗോള്‍ക്കീപ്പര്‍ മാര്‍ക്‌ ഷെവര്‍സറുടെ പിഴവിലാണ്‌ ഫുള്‍ഹാം ലീഡ്‌ വഴങ്ങിയത്‌. പോള്‍ ഷോള്‍സ്‌ 25 വാര അകലെനിന്നും പായിച്ച ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ തടുത്തിരുന്നു. പക്ഷേ പന്ത്‌ ഗോള്‍വലയത്തിലേക്ക്‌ തന്നെ കയറി. ദിമിതര്‍ ബെര്‍ബറ്റോവിന്റെ മികവിലായിരുന്നു റെഡ്‌സിന്റെ രണ്ടാം ഗോള്‍. സബ്‌സ്‌റ്റിറ്റിയൂട്ട്‌ വെയിന്‍ റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. അടുത്ത 25 ദിവസത്തിനകം യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനോട്‌ ഉള്‍പ്പെടെ എട്ട്‌ കളികളിലാണ്‌ റെഡ്‌സ്‌ പങ്കെടുക്കുന്നത്‌.
മടക്കം
കറാച്ചി: മുഹമ്മദ്‌ യൂസഫ്‌ പാക്കിസ്‌താന്‍ ദേശീയ ടീമിലേക്ക്‌ മടങ്ങുന്നു. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചതിന്റെ പേരില്‍ വിലക്കപ്പെട്ട മധ്യനിര ബാറ്റ്‌സ്‌മാന്‍ ഇന്നലെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടുമായി ചര്‍ച്ചകള്‍ നടത്തി. ഐ.സി.എല്‍ ബന്ധം ഒഴിവാക്കിയാല്‍ യൂസഫിന്‌ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ പ്രയാസമില്ലെന്നാണ്‌ ചെയര്‍മാന്‍ വ്യക്തമാക്കിയത്‌. ചെയര്‍മാന്‍ തന്റെ പരാതികള്‍ ക്ഷമാപൂര്‍
വം കേട്ടെന്നും അദ്ദേഹത്തോട്‌ നന്ദിയുണ്ടെന്നും പിന്നീട്‌ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ യൂസഫ്‌ പറഞ്ഞു. യൂനസ്‌ ഖാന്‍ ടീമിന്റെ നായകനായതോടെ ടീമില്‍ കളിക്കാന്‍ യൂസഫിന്‌ താല്‍പ്പര്യമുണ്ട്‌.

Wednesday, February 18, 2009

KAKKA FOR BECKHAM

തുറന്ന പിന്തുണ
മിലാന്‍: ഡേവിഡ്‌ ബെക്കാമിന്‌ തുറന്ന പിന്തുണയുമായി ഏ.സി മിലാന്‍ സൂപ്പര്‍ താരം കക്ക. ഏ.സി മിലാനില്‍ തുടരാനുളള ബെക്കാമിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹം അമേരിക്കന്‍ ക്ലബായ ലോസാഞ്ചലസ്സ്‌ ഗ്യാലക്‌സിയോട്‌ ആവശ്യപ്പെട്ടു. ഏ.സി മിലാനില്‍ ബെക്കാം പ്രകടിപ്പിക്കുന്ന മികവ്‌ മനസ്സിലാക്കി ഗ്യാലക്‌സി മാനേജ്‌മെന്റ്‌്‌ ബെക്കാമിനായുളള പിടിവാശി അവസാനിപ്പിക്കണമെന്നും ബ്രസീലിയന്‍ ടെലിവിഷനുമായി സംസാരിക്കവെ കക്ക അഭിപ്രായപ്പെട്ടു.
ഗ്യാലക്‌സിയുടെ താരമായ ബെക്കം ഇപ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഏ.സി മിലാന്‌ വേണ്ടി കളിക്കുകയാണ്‌. ലോണ്‍ കാലാവധി കഴിയുന്നത്‌ മാര്‍ച്ച്‌ ഒമ്പതിനാണ്‌. പക്ഷേ ബെക്കാം എത്രയും പെട്ടെന്ന്‌ തിരിച്ചെത്തണമെന്നതാണ്‌ ഗ്യാലക്‌സിയുടെ ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്‌ച്ചക്ക്‌ മുമ്പ്‌ ബെക്കാമിനെ തിരിച്ചയക്കാന്‍ ഗ്യാലക്‌സി മിലാന്‌ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഏ.സി മിലാനില്‍ തുടരാനുളള താല്‍പ്പര്യമാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ പ്രകടിപ്പിക്കുന്നത്‌. ഇംഗ്ലണ്ടിലെ ചാമ്പ്യന്‍ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനും സ്‌പെയിനിലെ അജയ്യരായ റയല്‍ മാഡ്രിഡിനുമായെല്ലാം കളിച്ച ബെക്കാം കഴിഞ്ഞ സീസണിലാണ്‌ അതിനാടകീയ നീക്കത്തില്‍ ഫുട്‌ബോളിന്‌ വലിയ വേരില്ലാത്ത അമേരിക്കയിലേക്ക്‌ ചാടിയത്‌. വന്‍കിട ക്ലബുകളുടെ ക്ഷണം നിരസിച്ച്‌ അമേരിക്കയിലേക്ക്‌്‌ ചേക്കേറാനുള്ള ബെക്കാമിന്റെ തീരുമാനത്തില്‍ സോക്കര്‍ ലോകം അല്‍ഭുതപ്പെട്ടിരുന്നു.
എന്ത്‌ കൊണ്ടാണ്‌ ബെക്കാം അമേരിക്കയിലേക്ക്‌ പോയതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്‌. തന്റെ കരിയര്‍ അവസാനിക്കുമെന്ന തോന്നല്‍ മൂലമായിരിക്കാം ഗ്യാലക്‌സിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതെന്നായിരുന്നു പറയപ്പെട്ടിരുന്നത്‌. അമേരിക്കന്‍ സീസണിന്‌ ശേഷമാണ്‌ ഇപ്പോള്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെക്കാം ഇറ്റലിയിലെ വലിയ ക്ലബിനായി കളിക്കുന്നത്‌. ബെക്കാമിനെ കിട്ടിയപ്പോള്‍ മിലാന്റെ പ്രകടനവും അക്ഷരാര്‍ത്ഥത്തില്‍ മാറിയിരുന്നു. പല മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനവും സാന്നിദ്ധ്യവും നിര്‍ണ്ണായകമായി. ഈ സാഹചര്യത്തിലാണ്‌ അവിടെ തന്നെ നില്‍ക്കാനുളള മോഹം ബെക്കാം പ്രകടിപ്പിച്ചതും ഗ്യാലക്‌സി ഇത്‌ തള്ളിയതും.
ബെക്കാമിന്റെ സാന്നിദ്ധ്യം ഈ സീസണിലും തുടര്‍ന്നും മിലാന്‌ വേണമെന്നാണ്‌ കക്ക പറയുന്നത്‌. അദ്ദേഹം ലോകോത്തര ഫുട്‌ബോളറാണ്‌. ബെക്കാമിനെ ലോണ്‍ അടിസ്ഥാനത്തില്‍ മിലാന്‍ ആദ്യം വാങ്ങിയത്‌ വിപണനത്തിന്റെ ഭാഗമായിട്ടായിരിക്കാം. എന്നാല്‍ ഇപ്പോള്‍ സത്യം തെളിഞ്ഞിരിക്കുന്നു. ബെക്കാമിന്റെ സാന്നിദ്ധ്യം എത്രമാത്രം വിലപ്പെട്ടതാണെന്ന്‌ മിലാനും ആരാധകരും മനസ്സിലാക്കുന്നു. മിലാന്‌ ബെക്കാമിനെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ്‌ തന്റെ വിശ്വാസമെന്നും കക്ക പറഞ്ഞു. ഏറ്റവും മികച്ച പാസുകളും ഗോള്‍ ഷോട്ടുകളുമാണ്‌ ബെക്കാം പായിക്കുന്നത്‌. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മികവിനെ ഗ്യാലക്‌സി കണ്ടില്ലെന്ന്‌ നടിക്കരുതെന്നും കക്ക പറയുന്നു.
ബെക്കാം എവിടെ തുടരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണറിയുന്നത്‌. ഗ്യാലക്‌സി സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ബെക്കാമിന്റെ മോഹം നടക്കില്ല. മിലാന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അഡ്രിയാനോ ഗലാനിക്ക്‌ ബെക്കാമിനോട്‌ അതിയായ താല്‍പ്പര്യമുണ്ട്‌. അദ്ദേഹത്തെ സ്വന്തമാക്കാനായുളള ചര്‍ച്ചകള്‍ക്കായി തന്റെ ദൂതനെ അഡ്രിയനോ ലോസാഞ്ചലസ്സിലേക്ക്‌ അയച്ചിട്ടുണ്ട്‌.
ഗ്യാലക്‌സി ടീമിനെ പരിശീലിപ്പിക്കുന്നത്‌ അമേരിക്കന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്ന ബ്രൂസ്‌ അറീനയാണ്‌. അദ്ദേഹത്തിന്‌ ബെക്കാമിനോട്‌ താല്‍പ്പര്യമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഈ കാര്യത്തില്‍ എന്തെങ്കിലും പറയുന്നതില്‍ കാര്യമില്ലെന്നാണ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അറീന മറുപടി നല്‍കിയത്‌. ബെക്കാമിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. എന്നാല്‍ അന്തിമമായി എന്തെങ്കിലും പറയേണ്ടത്‌ താനല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
മിലാന്‌ കളിക്കാന്‍ തുടങ്ങിയതോടെ സോക്കര്‍ ലോകം വീണ്ടും ബെക്കാമിനെ ശ്രദ്ധിക്കുന്നുണ്ട്‌. സ്‌പെയിനിനെതിരായ സൗഹൃദ മല്‍സരത്തില്‍ ബെക്കാമിന്‌ ഇംഗ്ലണ്ടിനായി കളിക്കാന്‍ അവസരം ലഭിച്ചത്‌ മിലാന്‌ വേണ്ടി മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌ കൊണ്ടാണ്‌. ആ മല്‍സരത്തില്‍ കളിച്ചതോടെ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ താരമെന്ന ബഹമതിയും ബെക്കാമിന്‌ ലഭിച്ചിരുന്നു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ വിരമിക്കാനാണ്‌ അദ്ദേഹത്തിന്റെ താല്‍പ്പര്യം. അതിന്‌ കഴിയണമെങ്കില്‍ ഇംഗ്ലണ്ടിന്റെ കോച്ച്‌ ഫാബിയോ കാപ്പലോയുടെ ശ്രദ്ധ നേടണം. ഇറ്റലിയില്‍ കളിച്ചാല്‍ കാപ്പലോയുടെ മാത്രമല്ല സോക്കര്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമെന്ന്‌ വളരെ വൈകിയാണ്‌ ബെക്കാം മനസ്സിലാക്കിയത്‌. ഇനി അദ്ദേഹം ലോസാഞ്ചലസ്‌ ഗ്യാലക്‌സിയുടെ കരുണക്കായി കാത്തുനില്‍ക്കണം.

സ്വാന്‍ ഹീറോ
ആന്റിഗ്വയില്‍ ഇംഗ്ലീഷ്‌ കാറ്റ്‌
ആന്റിഗ്വ: ജമൈക്കയിലെ സബീനാ പാര്‍ക്കിലെ വന്‍ തോല്‍വിക്ക്‌ അതേ നാണത്തില്‍ മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിന്‌ അവസരം. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റ്‌ മൂന്നാം ദിനം പിന്നിടുമ്പോള്‍ ശക്തമായ നിലയിലാണ്‌ സന്ദര്‍ശകര്‍. ഒന്നാം ഇന്നിംഗ്‌സില്‍ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌, പോള്‍ കോളിംഗ്‌വുഡ്‌ എന്നിവരുടെ സെഞ്ച്വറികളില്‍ ഒമ്പത്‌ വിക്കറ്റിന്‌ 566 റണ്‍സ്‌ നേടിയ ഇംഗ്ലണ്ട്‌ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 285 റണ്‍സില്‍ അവസാനിപ്പിച്ച്‌ കൂറ്റന്‍ ലീഡ്‌ നേടിക്കഴിഞ്ഞു. ഫോളോ ഓണിന്‌ വിന്‍ഡീസിനെ നിര്‍ബന്ധിക്കാതെ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 31 റണ്‍സ്‌ നേടിയിട്ടുണ്ട്‌. 312 റണ്‍സിന്റെ വലിയ ലീഡുളള ഇംഗ്ലണ്ട്‌ ഇന്ന്‌ വേഗത്തില്‍ ബാറ്റ്‌ ചെയത്‌ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത്‌ വിന്‍ഡീസിനെ വെല്ലുവിളിക്കും.
തന്റെ മൂന്നാം മല്‍സരം മാത്രം കളിക്കുന്ന ഗ്രയീം സ്വാന്‍ എന്ന സ്‌പിന്നറാണ്‌ വിന്‍ഡീസിന്റെ ഇന്നിംഗ്‌സിന്റെ അന്തകനായത്‌. 57 റണ്‍സിന്‌ സ്വാന്‍ അഞ്ച്‌ വിക്കറ്റ്‌ നേടി. ടെസ്‌റ്റ്‌ കരിയറില്‍ യുവസ്‌പിന്നറുടെ ആദ്യ അഞ്ച്‌ വിക്കറ്റ്‌ നേട്ടമാണിത്‌. ഇംഗ്ലീഷ്‌ ടീമിലെ ഒന്നാം നമ്പര്‍ സ്‌പിന്നര്‍ മോണ്ടി പനേസറെ പിറകിലാക്കിയാണ്‌ സ്വാന്‍ അവസരത്തിനൊത്തുയര്‍ന്നത്‌. 94 റണ്‍സ്‌ നേടിയ രാം നരേഷ്‌ സര്‍വന്‍ മാത്രമാണ്‌ വിന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്മാരില്‍ പിടിച്ചുനിന്നത്‌.
പ്രധാന ബൗളര്‍മാരായ സ്‌റ്റിവന്‍ ഹാര്‍മിസണും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പരുക്കില്‍ തളര്‍ന്നപ്പോള്‍ കനത്ത ചൂടിനെ അവഗണിച്ച്‌ പന്തെറിഞ്ഞാണ്‌ സ്വാന്‍ വിന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കിയത്‌. ഹാര്‍മിസണ്‌ തന്റെ ബൗളിംഗ്‌ എന്‍ഡ്‌ മാറ്റിനല്‍കാനാണ്‌ തുടക്കത്തില്‍ ഇംഗ്ലീഷ്‌ നായകന്‍ സ്‌ട്രോസ്‌ സ്വാനിന്‌ പന്ത്‌ നല്‍
കിയത്‌. എന്നാല്‍ പിച്ചിനെ ഉപയോഗപ്പെടുത്തുന്നതില്‍ മികവ്‌ കാട്ടിയ സ്‌പിന്നര്‍ ലഞ്ചിന്‌ ശേഷം ആദ്യ സെഷനില്‍ തന്നെ വിക്കറ്റ്‌ സ്വന്തമാക്കി. 38 റണ്‍സ്‌ നേടിയ ഡിവോണ്‍ സ്‌മിത്ത്‌ അപകടകരമായി ബാറ്റ്‌ ചെയ്‌തപ്പോള്‍ സ്വാനിന്‌ ആഹ്ലാദിക്കാന്‍ അവസരമായി. നൈറ്റ്‌വാച്ച്‌്‌മാന്‍ ഡാരന്‍ പവലിനെ പുറത്താക്കാനും സ്വാനിന്‌ അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
ജമൈക്കയില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ ഇന്നിംഗ്‌സിന്റെ നാണക്കേട്‌ രുചിച്ചവരാണ്‌ ഇംഗ്ലണ്ട്‌. അവരുടെ രണ്ടാം ഇന്നിംഗ്‌സ്‌ കേവലം 51 റണ്‍സില്‍ അവസാനിച്ചിരുന്നു. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്ത്‌ നടന്ന രണ്ടാം ടെസ്റ്റ്‌ പിച്ച്‌ തകര്‍ന്നത്‌ കാരണം കേവലം 14 മിനുട്ടില്‍ സമാപിക്കുകയും ചെയ്‌തിരുന്നു. പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‌ കരുത്ത്‌ പ്രകടിപ്പിച്ച്‌ പരമ്പരയിലേക്ക്‌ തിരിച്ചെത്താന്‍ ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരമാണിത്‌.

പുതിയ മുഖങ്ങള്‍
ലാഹോര്‍: ഈ മാസം 26ന്‌ കറാച്ചിയില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന ഒന്നാം ടെസ്‌റ്റിനുളള പാക്കിസ്‌താന്‍ ടീമിനെ പ്രഖ്യാപിച്ചു. യൂനസ്‌ ഖാന്‍ നയിക്കുന്ന സംഘത്തില്‍ അഞ്ച്‌ പുതുമുഖങ്ങളുണ്ട്‌. അഹമ്മദ്‌ ഷഹസാദ്‌, മുഹമ്മദ്‌ തല്‍ഹ, ഖുറം മന്‍സൂര്‍, സുഹൈല്‍ഖാന്‍,ഫവാദ്‌ ആലം എന്നിവരാണ്‌ പതിനഞ്ചംഗ സംഘത്തിലെ കന്നിക്കാര്‍. മധ്യനിര ബാറ്റ്‌സ്‌മാന്‍ ആസിം കമാലിനെ തിരിച്ചുവിളിച്ചപ്പോള്‍ ഷുഹൈബ്‌ അക്തറിന്‌ ടീമില്‍ ഇടം നല്‍കിയില്ല.
ടീം ഇതാണ്‌: യൂനസ്‌ ഖാന്‍ (ക്യാപ്‌റ്റന്‍), സല്‍മാന്‍ ഭട്ട്‌, ഖുറം മന്‍സൂര്‍, അഹമ്മദ്‌ ഷഹസാദ്‌, ഷുഹൈബ്‌ മാലിക്‌, മിസാബ്‌ഹുല്‍ ഹഖ്‌, ഫൈസല്‍ ഇഖ്‌ബാല്‍, ആസിം കമാല്‍, ഫവാദ്‌ ആലം,യാസിര്‍ അറഫാത്ത്‌, ഡാനിഷ്‌ കനേരിയ, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മുഹമ്മദ്‌ തല്‍ഹ, സുഹൈല്‍ ഖാന്‍.
ഷുഹൈബ്‌ മാലിക്‌ നായകസ്ഥാനം ഒഴിഞ്ഞതിന്‌ ശേഷം പുതിയ നായകന്‌ കീഴില്‍ പാക്കിസ്‌താന്‍ കളിക്കുന്ന ആദ്യ മല്‍സരമാണിത്‌. 2006 ലെ ലോകകപ്പിന്‌ ശേഷം ടീമിനെ നയിച്ചത്‌ മാലിക്കായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ടീമിന്‌ സംഭവിച്ച ദയനീയ തോല്‍വിയെ തുടര്‍ന്നാണ്‌ മാലിക്കിനെ മാറ്റി യൂനസിനെ നായകസ്ഥാനത്ത്‌ അവരോധിച്ചത്‌.
ബൗളിംഗായിരിക്കും ടീമിന്‌ തലവേദന. ഉമര്‍ ഗുല്‍ മാത്രമാണ്‌ ടീമിലെ അനുഭവസമ്പന്നന്‍. അക്തര്‍ പരുക്ക്‌ കാരണം പുറത്താണ്‌. മുഹമ്മദ്‌ തല്‍ഹ, സുഹൈല്‍ ഖാന്‍, യാസിര്‍ അറഫാത്ത്‌, ഡാനിഷ്‌ കനേരിയ എന്നിവരാണ്‌ മറ്റ്‌ ബൗളര്‍മാര്‍. കനേരിയ കരുത്തനാണ്‌. പക്ഷേ ഗുലിന്‌ പുതിയ പന്തില്‍ പിന്തുണ നല്‍കുന്നതില്‍ മറ്റുള്ളവര്‍ വിജയിച്ചാല്‍ മാത്രമാണ്‌ ടീമിന്‌ മുഖം രക്ഷിക്കാനാവുക. ദീര്‍ഘകാലത്തിന്‌ ശേഷമാണ്‌ പാക്കിസ്‌താന്‍ സ്വന്തം മണ്ണില്‍ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ ഒരു ടെസ്‌റ്റിന്‌ ആതിഥ്യമരുളുന്നത്‌. ലങ്കയാവട്ടെ മഹേല ജയവര്‍ദ്ധനക്ക്‌്‌ കീഴില്‍ അവസാന പരമ്പര കളിക്കാനാണ്‌ എത്തിയിരിക്കുന്നത്‌.

ഞാനില്ല
ദുബായ്‌: മണലാരണ്യത്തിലെ ടെന്നിസ്‌ പ്രേമികള്‍ക്ക്‌്‌ നിരാശയുടെ വാര്‍ത്ത. ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സ ദുബായ്‌ ഓപ്പണില്‍ നിന്ന്‌ പുറത്തായതിനൊപ്പം പുരുഷ ടെന്നിസിലെ ക്ലാസിക്‌ താരമായ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ റോജര്‍ ഫെഡ്‌റര്‍ പുറം വേദന കാരണം അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഡേവിസ്‌ കപ്പ്‌്‌ ടീമില്‍ നിന്നും ലോക സീഡിംഗില്‍ രണ്ടാം സ്ഥാനക്കാരനായ താരം പിന്മാറിയിട്ടുണ്ട്‌. 13 തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുളള ഫെഡ്‌റര്‍ റാഫേല്‍ നദാലിനെതിരായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ ഫൈനലിലെ മാരത്തോണ്‍ പോരാട്ടത്തിന്‌ ശേഷം മല്‍സരക്കളത്തിലിറങ്ങിയിട്ടില്ല. പുറം വേദന പൂര്‍ണ്ണമായും അകലാന്‍ അല്‍പ്പനാളുകള്‍ വിശ്രമിക്കാനാണ്‌ ഫെഡ്‌ററുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ പാരീസില്‍ നടന്ന മാസ്റ്റേഴ്‌സ്‌ കപ്പില്‍ നിന്നും മല്‍സരത്തിനിടെ പുറംവേദന കാരണം ഫെഡ്‌റര്‍ പിന്മാറിയിരുന്നു. ഫെഡ്‌റര്‍ ഇല്ലെങ്കിലും റാഫേല്‍ നദാല്‍ ഉള്‍പ്പെടെ ലോക ടെന്നിസിലെ മറ്റ്‌ കരുത്തരെല്ലാം ദുബായ്‌ ഓപ്പണില്‍ കളിക്കുന്നുണ്ട്‌. അതേ സമയം ദുബായ്‌ ഓപ്പണിലെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സറീന വില്ല്യംസ്‌ മുന്നേറുന്നു. സറീനക്കെതിരായ രണ്ടാം റൗണ്ട്‌ മല്‍സരത്തില്‍ ആദ്യ സെറ്റ്‌ നഷ്‌ടമായിട്ടും രാജകീമായി തിരിച്ചെത്തിയ അമേരിക്കന്‍ താരം മൂന്നാം റൗണ്ട്‌ ഉറപ്പാക്കി. മറ്റൊരു സൂപ്പര്‍ താരമായ ദിനാര സാഫിന പക്ഷേ പുറത്തായി.

ഈ വര്‍ഷം കൂടി
ലണ്ടന്‍: 47 വര്‍ഷമായി ടെലിവിഷന്‍ ബ്രോഡ്‌കാസ്‌റ്റിംഗ്‌ രംഗത്ത്‌ ഇതിഹാസമായി നിലനില്‍ക്കുന്ന റിച്ചി ബനൗഡ്‌ എന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഈ വര്‍ഷത്തോടെ കളിപറയല്‍ അവസാനിപ്പിക്കുന്നു. ബി.ബി.സി ക്രിക്കറ്റിലൂടെ ലോകത്തിന്‌ സുപരിചിതനായ 78 കാരന്‍ 2010 മുതല്‍ തീര്‍ച്ചയായും ടെലിവിഷനിലുടെ കളി പറയാനില്ലെന്ന്‌ വ്യക്തമാക്കിക്കഴിഞ്ഞു. 1952 നും 64 നും മധ്യേ ഓസ്‌ട്രേലിയക്കായി 63 ടെസ്‌റ്റുകള്‍ കളിച്ചിട്ടുളള ബനൗഡ്‌ കളി പറയല്‍ രംഗത്ത്‌ ഇന്നും ഒന്നാമനാണ്‌.

ഡാര്‍ക്ക്‌ ബ്ലു ഇന്ത്യ
മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്‌ ഇനി പുതിയ ഡ്രസ്സ്‌.. ഇത്‌ വരെ ഇളം നീല നിറത്തില്‍ കളിച്ചിട്ടുളള മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തെ ഇനി കടും നീല നിറത്തിലാണ്‌ കാണാനാവുക. ന്യൂസിലാന്‍ഡ്‌ പര്യടനം മുതല്‍ ഇത്‌ കാണാം. കിവി പര്യടനം മുന്‍നിര്‍ത്തി പുതിയ ഡ്രസ്സുമായി ഇന്നലെ ധോണിയും സംഘവും ആരാധകര്‍ക്ക്‌ മുന്നിലെത്തി. ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റ്‌ സ്‌പോണ്‍സറായ നൈകാണ്‌ പുതിയ ജഴ്‌സിക്ക്‌ രൂപം നല്‍കിയത്‌. ഡിസൈനര്‍മാര്‍ ഒരു വര്‍ഷത്തോളം പരീക്ഷണ നീരീക്ഷണങ്ങള്‍ നടത്തിയാണ്‌ പുതിയ ഡ്രസ്സിന്‌ രൂപം നല്‍കിയതെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറി എന്‍.ശ്രീനിവാസന്‍ പറഞ്ഞു. ധോണിയെ കൂടാതെ ഇന്നലെ റിഹേഴ്‌സല്‍ ഷോയില്‍ യുവരാജ്‌ സിംഗ്‌, സഹീര്‍ഖാന്‍, ദിനേശ്‌ കാര്‍ത്തിക്‌, ഇഷാന്ത്‌ ശര്‍മ്മ, ഗൗതം ഗാംഭീര്‍ എന്നിവരെല്ലാമുണ്ടായിരുന്നു.

വെറ്ററന്‍സ്‌ മീറ്റില്‍ കേരളം നാലാമത്‌
ലക്‌നൗ: മുപ്പതാമത്‌ ദേശീയ വെറ്ററന്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം മികവുകാട്ടി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കിയ മഹാരാഷ്ട്രക്ക്‌ പിറകില്‍ 50 മെഡലുകളുമായി കേരളം നാലാം സ്ഥാനത്തെത്തി. 19 സ്വര്‍ണ്ണവും 18 വെള്ളിയും 13 വെങ്കലവുമാണ്‌ കേരളാ താരങ്ങള്‍ നേടിയത്‌. സെപ്‌തംബറില്‍ പൂനെയില്‍ നടക്കുന്ന ഏഷ്യന്‍ വെറ്ററന്‍സ്‌ മീറ്റില്‍ ഈ താരങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കും. ഏഷ്യന്‍ മീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഫിന്‍ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ്‌ മീറ്റിലേക്ക്‌ സെലക്ഷന്‍. ലോംഗ്‌ജംമ്പ്‌, ട്രിപ്പിള്‍ ജംമ്പ്‌, പോള്‍വോള്‍ട്ട്‌ ഇനങ്ങളില്‍ കോഴിക്കോട്‌ ജില്ലയിലെ ചേവായൂര്‍ സ്വദേശിയായ ജോയ്‌ മണ്ണാനിക്കാട്‌ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍ സെന്റ്‌്‌ ജോസഫ്‌ കോളജ്‌ പ്രൊഫസര്‍ ഡോ.പി.എം ആന്റണി ട്രിപ്പിള്‍ ജംമ്പില്‍ രണ്ടാമനായി. കോഴിക്കോട്‌ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെ ഉദ്യോഗസ്ഥനായ എല്‍.എസ്‌ ഋഷിദാസ്‌ 4-100 മീറ്റര്‍ റിലേയില്‍ വെളളി നേടിയ സംഘത്തില്‍ അംഗമായിരുന്നു. സെന്റ്‌്‌ വിന്‍സന്റ്‌ കോളനി ഹൈസ്‌ക്കൂള്‍ അധ്യാപകനായ ഷാജി കെ.എം പോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കുളത്തുവയല്‍ സെന്റ്‌ ജോര്‍ജ്‌ ഹൈസ്‌ക്കൂള്‍ അധ്യാപകനായ ഷാജു സെബാസ്റ്റ്യന്‍ 400 മീറ്ററില്‍ രണ്ടാമനായി. മണിയൂര്‍ പഞ്ചായത്ത്‌ ഹൈസ്‌ക്കൂളിലെ വി.പി ഹരിദാസന്‍ 400 മീറ്ററില്‍ വെള്ളി നേടി.
ആരോഗ്യ പ്രശ്‌നങ്ങളാണ്‌ കേരളാ താരങ്ങളെ ബാധിച്ചതെന്ന്‌ ടീം മാനേജരും കേരളാ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറിയുമായ അശോകന്‍ കുന്നുങ്ങല്‍ പറഞ്ഞു. 40 താരങ്ങളാണ്‌ കേരളത്തെ പ്രതിനിധീകരിച്ചത്‌.

Tuesday, February 17, 2009

ENGLISH SHOW

ഡ്രൈവിംഗ്‌ സീറ്റ്‌
ആന്റിഗ്വ: ക്യാപ്‌റ്റന്‍ പോള്‍ കോളിംഗ്‌വുഡിന്‌ പിറകെ മധ്യനിര ബാറ്റ്‌സ്‌മാന്‍ പോള്‍ കോളിംഗ്‌വുഡും മൂന്നക്കം പിന്നിട്ടതോടെ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ നില ഭദ്രമാക്കി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത്‌ വിക്കറ്റിന്‌ 566 റണ്‍സ്‌ എന്ന നിലയില്‍ ഒന്നാം ഇന്നിഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ഇംഗ്ലണ്ടിന്‌ മറുപടിയായി ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിന്റെ നഷ്ടത്തില്‍ വിന്‍ഡീസ്‌ 55 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട്‌ നിലയുറപ്പിച്ചിരിക്കെ അടുത്ത രണ്ട്‌ ദിവസങ്ങള്‍ ആതിഥേയര്‍ക്ക്‌ നിര്‍ണ്ണായകമാണ്‌. ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ വലിയ തോല്‍വി രുചിച്ച ഇംഗ്ലീഷ്‌ സംഘത്തിന്‌ ഇവിടെ ജയിച്ചാല്‍ മാത്രമാണ്‌ പരമ്പരയില്‍ സാധ്യത നിലനിര്‍ത്താനാവുക. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്ത്‌്‌ കേവലം 14 മിനുട്ടില്‍ അവസാനിച്ച രണ്ടാം ടെസ്റ്റിലെ നാണക്കേടില്‍ നിന്നും മുക്തരാവത്തത്‌ പോലെ പന്തെറിഞ്ഞ വിന്‍ഡീസ്‌ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്‌ അവസരം സമ്മാനിക്കുകയായിരുന്നു. ഇന്നലെ 15 ഓവറുകളാണ്‌ വിന്‍ഡീസ്‌ ബാറ്റ്‌ ചെയ്‌തത്‌. ഈ വേളയില്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ പിച്ച്‌ നല്‍കിയ പിന്തുണ കണക്കിലെടുക്കുമ്പോള്‍ ആതിഥേയര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. ടീമിന്റെ ബാറ്റിംഗ്‌ നെടൂംതൂണായ ഗെയിലിനെ നഷ്ടമാവുകയും ചെയ്‌തു. സ്‌റ്റീവന്‍ ഹാര്‍മിസന്റെ പന്ത്‌ അതിമനോഹരമായി സിക്‌സറിന്‌ പറത്തിയ ശേഷമാണ്‌ മറ്റൊരു മിന്നല്‍ ഷോട്ടിനായുളള ശ്രമത്തില്‍ ഗെയില്‍ പുറത്തായത്‌. ശിവനാരായണ്‍ ചന്ദര്‍പോള്‍, രാം നരേഷ്‌ സര്‍വന്‍ എന്നീ അനുഭവസമ്പന്നരിലാണ്‌ ഇനി ടീമിന്റെ പ്രതീക്ഷകള്‍.
കോളിംഗ്‌വുഡിന്റെ ടെസ്‌റ്റ്‌ കരിയറിലെ ഒമ്പതാം സെഞ്ച്വറിയായിരുന്നു രണ്ടാം ദിവസത്തെ സവിശേഷത. ഇന്നലെ രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തിയ കോളിംഗ്‌വുഡ്‌ തുടക്കത്തില്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സിന്റെ പന്തുകളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ തുടക്കത്തിലെ ഷോക്കില്‍ നിന്നും മുക്തനായ ഓള്‍റൗണ്ടര്‍ പിന്നെ പതിവ്‌ കരുത്തില്‍ കളിച്ചു. മൂന്ന്‌ വിക്കറ്റിന്‌ 301 റണ്‍സ്‌ എന്ന നിലയില്‍ ബാറ്റിംഗ്‌ തുടര്‍ന്ന ടീമിന്‌ എഡ്‌വാര്‍ഡ്‌സിന്റെ ന്യൂബോള്‍ സ്‌പെല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അഞ്ചാം പന്തില്‍ തന്നെ നൈറ്റ്‌ വാച്ച്‌മാന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണെ പുറത്താക്കിയ എഡ്വാര്‍ഡ്‌സിന്‌ അതേ ഓവറില്‍ പീറ്റേഴ്‌സണെ ലഭിക്കുമായിരുന്നു. പക്ഷേ റിട്ടേണ്‍ ക്യാച്ച്‌ എഡ്‌വാര്‍ഡ്‌സിന്‌ കൈകളിലാക്കാനായില്ല. പീറ്റേഴ്‌സണ്‍-കോളിംഗ്‌വുഡ്‌ സഖ്യം അഞ്ചാം വിക്കറ്റില്‍ 94 റണ്‍സ്‌ കൂട്ടിചേര്‍ത്താണ്‌ പിരിഞ്ഞത്‌.

മൂന്നാമന്‍ ശക്തനാവണം
ബാംഗ്ലൂര്‍: ലോകത്തില്‍ ഇന്നുളളവരില്‍ വെച്ച്‌ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളിംഗ്‌ ജോഡികള്‍ ഇന്ത്യയുടെ സഹീര്‍ഖാന്‍-ഇഷാന്ത്‌ ശര്‍മ്മ സഖ്യമാണെന്നും ഇവര്‍ക്ക്‌ പിന്തുണ നല്‍കാന്‍ ശക്തനായ ഒരു മൂന്നാം സീമറുണ്ടെങ്കില്‍ നിലവിലുളള തകര്‍പ്പന്‍ ഫോം ഇന്ത്യക്ക്‌ തുടരാനാവുമെന്ന്‌ മുന്‍ ഇന്ത്യന്‍ സീമറും ഇപ്പോള്‍ ഐ.സി.സി മാച്ച്‌ റഫറിയുമായ ജവഗല്‍ ശ്രീനാഥ്‌. ഇവിടെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മൂന്നാം സീമറുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കസേരകളി അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. സഹീറും ഇഷാന്തും ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ്‌ ബൗളിംഗ്‌ ജോഡികളാണ്‌. ഇവരുടെ കരുത്തിലാണ്‌ സമീപകാലത്ത്‌ ഇന്ത്യ കരുത്തേറിയ വിജയങ്ങള്‍ സ്വന്തമാക്കിയത്‌. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ ഇഷാന്ത്‌ ശര്‍മ്മ മാന്‍ ഓഫ്‌ ദ സീരീസ്‌ പട്ടം വരെ സ്വന്തമാക്കി. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ്‌ പരമ്പരകളില്‍ പരമ്പരയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ സീമര്‍ കപില്‍ദേവായിരുന്നു. കപിലിന്‌ ശേഷമാണ്‌ ഇഷാന്ത്‌ സ്വപ്‌നനേട്ടം കൈവരിച്ചത്‌. പുതിയ പന്തിലും പഴയ പന്തിലും ഇരുവരും മിടുക്കരാണ്‌. ഇവര്‍ക്ക്‌ ശക്തമായ ബാക്കപ്പ്‌ ഉണ്ടെങ്കില്‍ ഏത്‌ എതിരാളികളെയും വീഴ്‌ത്താന്‍ ഇന്ത്യക്കാവും. ഞാനും വെങ്കടേഷ്‌ പ്രസാദും ഒരുമിച്ച്‌ പന്തെറിഞ്ഞിരുന്ന കാലത്ത്‌ ഞങ്ങള്‍ക്ക്‌ പിന്തുണയേകാന്‍ ശക്തനായ മൂന്നാം സീമര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു വലിയ പ്രശ്‌നം. ആ സമയത്ത്‌ ഞങ്ങള്‍ രണ്ട്‌ സീമര്‍മാരും പിന്നെ അനില്‍ കുംബ്ലെയുമാണ്‌ ബൗളിംഗ്‌ ഭാരം താങ്ങിയത്‌. ഇന്ന്‌ ഇന്ത്യക്ക്‌ ശക്തരായ സീമര്‍മാരുണ്ട്‌. ന്യൂസിലാന്‍ഡ്‌ പര്യടനത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുനാഫ്‌ പട്ടേല്‍, ലക്ഷ്‌മിപതി ബാലാജി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണുളളത്‌. ഇവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ മികവ്‌ പ്രകടിപ്പിക്കുന്നരാണ്‌. മുനാഫ്‌ ആരോഗ്യവാനായി പന്തെറിയുന്നപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്തുക എളുപ്പമല്ല. അത്‌ പോലെ ബാലാജിയും അനുഭവസമ്പന്നനാണ്‌. ഇവരെ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തണം. മൂന്നാം സീമറുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ആലസ്യം പ്രകടിപ്പിച്ചാല്‍ അത്‌ അപകടത്തിലാണ്‌ കലാശിക്കുക. ദേശീയ ടീമിന്റെ ബൗളിംഗ്‌ കോച്ചായി വെങ്കടേഷ്‌ പ്രസാദ്‌ ഉണ്ട്‌. അദ്ദേഹത്തിന്‌ എല്ലാവരെയും ഉപയോഗപ്പെടുത്താന്‍ കഴിയണം. ന്യൂസിലാന്‍ഡ്‌ പര്യടനം ബൗളര്‍മാര്‍ക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനാഥ്‌ പറഞ്ഞു.

പാക്കിസ്‌താന്‍ ജാഗ്രതൈ...
ന്യൂഡല്‍ഹി: 2011 ലെ ലോകകപ്പ്‌ വേദികളും പാക്കിസ്‌താന്‍ നഷ്‌ടമാവാന്‍ സാധ്യത... ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ ഇന്നലെ ഇവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ പാക്കിസ്‌താനുളള മുന്നറിയിപ്പാണ്‌. 2011 ലെ ലോകകപ്പിന്‌ ഇന്ത്യ, ബംഗ്ലാദേശ്‌, ശ്രീലങ്കക എന്നിവര്‍ക്കൊപ്പം സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ്‌ പാക്കിസ്‌താന്‍. എന്നാല്‍ ആ രാജ്യത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ പകരം വേദികളുടെ കാര്യത്തില്‍ മറ്റ്‌ സഹആതിഥേയ രാജ്യങ്ങള്‍ മുന്‍ കരുതലെടുക്കണമെന്നാണ്‌ ലോര്‍ഗാറ്റ്‌ സൂചിപ്പിച്ചിരിക്കുന്നത്‌.
2011 ലേക്ക്‌ ഇനിയും ദൂരമുണ്ട്‌. ഇപ്പോള്‍ തന്നെ പാക്കിസ്‌താനിലെ സുരക്ഷാസ്ഥിഗതികള്‍ വിലയിരുത്തുന്നതില്‍ കാര്യമില്ല. പക്ഷേ ഒരു മുന്‍കരുതല്‍ നല്ലതാണെന്നാണ്‌ ഐ.സി.സി തലവന്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയിലും ലങ്കയിലും ബംഗ്ലാദേശിലും നല്ല ക്രിക്കറ്റ്‌ വേദികളുണ്ട്‌. പാക്കിസ്‌താനില്‍ അപ്രിയമായത്‌ വല്ലതും സംഭവിക്കുന്നപക്ഷം പകരം വേദികളെ ഉപയോഗപ്പെടുത്താന്‍ കഴിയണം. 2011 ലെ ലോകകപ്പ്‌ ആറ്‌ ആഴ്‌ച്ചകള്‍ മാത്രമായിരിക്കും. ശക്തമായ ഗ്രൂപ്പുകള്‍ക്കാണ്‌ രൂപം നല്‍കുക. മല്‍സര പ്ലാനിംഗ്‌ കമ്മിറ്റിയുടെ മാനേജിംഗ്‌ ഡയക്ടറായി സലീ ഭട്ടിനെ നിയോഗിച്ചിട്ടുണ്ട്‌. 2006 ലെ വിന്‍ഡീസ്‌ ലോകകപ്പ്‌ അല്‍പ്പം ദീര്‍ഘിച്ചു പോയതിലെ പിഴവുകള്‍ പുതിയ ലോകകപ്പില്‍ നികത്താന്‍ കഴിയുമെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
പാക്കിസ്‌താന്‍ കനത്ത ആഘാതമാവുകയാണ്‌ ഐ.സി.സി തലവന്റെ വാക്കുകള്‍. അടുത്ത ലോകകപ്പോടെരാജ്യത്തെക്കുറിച്ചുളള വിദേശരാജ്യങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ സര്‍ക്കാര്‍. അതിനിടെയാണ്‌ നിരന്തരമായ മുന്നറിയിപ്പുകള്‍ ലഭിക്കുന്നത്‌. കഴിഞ്ഞ സമ്പൂര്‍ണ്ണ പാക്‌ പര്യടനം ഓസ്‌ട്രേലിയ ഉപേക്ഷിച്ചതും ഇന്ത്യ സമീപകാലത്ത്‌ പാക്‌ പര്യടനത്തില്‍ നിന്ന്‌ വിട്ടതുമെല്ലാം പാക്കിസ്‌താന്‌ ആഘാതമാണ്‌. ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലുമെല്ലാം അടിക്കടി ഉണ്ടാവുന്ന സ്‌ഫോടനങ്ങളും മനുഷ്യനാശവും ടീമുകളുടെ സുരക്ഷിതത്വത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷം പാക്കിസ്‌താനില്‍ നടത്തേണ്ട ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഭൂരിപക്ഷം ടീമുകളുടെയും എതിര്‍പ്പ്‌ മാനിച്ച്‌ മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച ചാമ്പ്യന്‍ഷിപ്പ്‌്‌ പാക്കിസ്‌താനില്‍ തന്നെ നടത്തില്ല എന്ന കാര്യവും ഉറപ്പായിട്ടുണ്ട്‌.
ഇന്ത്യയും അകന്നുനില്‍ക്കുന്നതാണ്‌ ഇപ്പോള്‍ പാക്കിസ്‌താന്‌ വലിയ നഷ്‌ടം. സമീപകാലത്ത്‌ അയല്‍രാജ്യങ്ങള്‍ തമ്മിലുളള രാഷട്രീയ ബന്ധം മെച്ചപ്പെട്ടപ്പോള്‍ പരസ്‌പര പര്യടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങള്‍ ആ സൗഹൃദത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. മുംബൈ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താനാണെന്ന ഇന്ത്യന്‍വാദം വിദേശ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്‌. പക്ഷേ പാക്കിസ്‌താന്‍ ഇപ്പോശും നിഷേധക്കുറിപ്പുമായി രംഗത്ത്‌ വരുകയാണ്‌.
മുംബൈ സംഭവങ്ങളെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ ടീമിന്റെ പാക്‌ പര്യടനം റദ്ദാക്കിയത്‌. ഇന്ത്യന്‍ ഹോക്കി ടീമിന്റെ യാത്രയും വേണ്ടെന്ന്‌ വെച്ചു. പാക്കിസ്‌താനില്‍ നിരന്തരം നടക്കുന്ന അക്രമസംഭവങ്ങളെല അടിച്ചമര്‍ത്തുന്നതില്‍ പുതിയ സര്‍ക്കാരും പരാജയമാണ്‌. അക്രമസംഭവങ്ങള്‍ തുടരുമ്പോള്‍ ലോകകപ്പിന്റെ പ്രധാന വേദികള്‍ പാക്കിസ്‌താന്‌ നല്‍കുന്നതിനോട്‌ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ല.

ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ആഴ്‌സനല്‍ എഫ്‌. എ കപ്പ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ നാല്‌ ഗോളിന്‌ കാര്‍ഡിഫിനെ തരിപ്പണമാക്കി. ക്രൊയേഷ്യക്കാരനായ സ്‌ട്രൈക്കര്‍ എഡ്‌വാര്‍ഡോയാണ്‌ ഗണ്ണേഴ്‌സിനായി മിന്നിയത്‌. യുവതാരത്തിന്റെ ഇരട്ടഗോളുകള്‍ നല്‍കിയ മുന്‍ത്തൂക്കമാണ്‌ വന്‍ വിജയത്തിന്‌ ടീമിനെ സഹായിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ ക്രോട്ടുകാരന്‍ കാര്‍ലോസ്‌ വെലയുടെ ക്രോസില്‍ നിന്നാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. നിക്കോളാസ്‌ ബെന്റാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. സമീര്‍ നസീരിയുടെ കോര്‍ണര്‍കിക്കില്‍ നിന്നുമുയര്‍ന്ന പന്താണ്‌ ബെന്‍ഡര്‍ വലയിലാക്കിയത്‌. പെനാല്‍ട്ടി കിക്കില്‍ നിന്നും എഡ്വാര്‍ഡോ ടീമിന്റെ മൂന്നാം ഗോള്‍ നേടിയതോടെ കാര്‍ഡിഫിന്റെ പ്രതീക്ഷയറ്റു. ബാറിന്‌ കീഴില്‍ മിന്നിയ കാര്‍ഡിഫുകാരന്‍ ടോം ഹിറ്റണെ പരാജയപ്പെടുത്തി റോബിന്‍ വന്‍ പര്‍സി ആഴ്‌സനലിന്റെ നാലാം ഗോള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയിലാണ്‌ കലാശിച്ചത്‌. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷെഫീല്‍ഡ്‌ യുനൈറ്റഡ്‌-ഹള്‍ സിറ്റി മല്‍സര വിജയികളെയായിരിക്കും ഗണ്ണേഴ്‌സ്‌ എതിരിടുക.
അങ്ങോട്ടില്ല
വെല്ലിംഗ്‌ടണ്‍: ഈ വര്‍ഷം ജൂലൈയില്‍ നിശ്ചയിച്ചിരിക്കുന്ന ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കാന്‍ സാധ്യത. താരങ്ങളുടെ ആരോഗ്യം സിംബാബ്‌വെയില്‍ സുരക്ഷിതമല്ല എന്ന കാരണത്താലാണ്‌ കിവി ടീം പിന്‍വാങ്ങുന്നത്‌. ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. സിംബാബ്‌വെയില്‍ കോളറ പടര്‍ന്നുപിടിക്കുകയാണ്‌. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും താരങ്ങളെ സംരക്ഷിക്കണം. കൂടാതെ റോബര്‍ട്ട്‌ മുഗാബെ ഭരണക്കൂടത്തോട്‌ ന്യൂസിലാന്‍ഡിന്‌ താല്‍പ്പര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കിവി ടീം പിന്മാറുന്ന പക്ഷം അവര്‍ നിയമപ്രകാരം ഐ.സി.സിക്ക്‌ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. എന്നാല്‍ സിംബാബ്‌വെ പോലുള്ള ഒരു രാജ്യത്തേക്‌ സ്വന്തം ടീമിനെ അയക്കാതിരിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ്‌ ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രിക്ക്‌. ഈ കാര്യത്തില്‍ നഷ്ടപരിഹാരം തേടേണ്ടതില്ല.
വീണു
ദുബായ്‌: പട്ടായ ഓപ്പണ്‍ ടെന്നിസില്‍ ഫൈനല്‍ വരെയെത്തി ലോക റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ സാനിയ മിര്‍സക്ക്‌ ദുബായ്‌ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ തന്നെ മടക്കടിക്കറ്റ്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ എസ്റ്റോണിയയില്‍ നിന്നുള്ള ലോക ഇരുപത്തിനാലാം നമ്പര്‍ താരം കയ കനേപ്പിയാണ്‌ തകര്‍പ്പന്‍ പ്രകടനത്തില്‍ വിജയം വരിച്ചത്‌. സ്‌ക്കോര്‍ 5-7, 2-6. തുടര്‍ച്ചയായി മൂന്നാം ദിവസവും പോരാട്ടത്തിനിറങ്ങിയ സാനിയ ആദ്യ സെറ്റില്‍ പോരാട്ട വീര്യം കാട്ടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ പാളി. 4-2ന്‌ ആദ്യ സെറ്റില്‍ ലീഡ്‌ ചെയ്‌ത ശേഷം തുടര്‍ച്ചായ ഫാള്‍ട്ടുകളില്‍ പ്രതിയോഗിക്ക്‌ അവസരമേകി.

താളത്തിനായി ബാലാജി
ചെന്നൈ: പുറം വേദനയില്‍ സ്വന്തം കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു ലക്ഷമിപതി ബാലാജി ... നാല്‌ വര്‍ഷം മുമ്പ്‌ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ ഇനി പന്തെറിയരുതെന്നാണ്‌... പുറത്തിനും ഇടുപ്പിനുമെല്ലാം വേദന. വേദനാസംഹാരികള്‍ നിരന്തരം കഴിച്ചത്‌ കൊണ്ട്‌ കാര്യമില്ല-ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കണം. ഈ മെഡിക്കല്‍ ഉപദേശത്തിന്‌ മുന്നില്‍ പക്ഷേ ബാലാജി തളര്‍ന്നില്ല. ആദ്യം വിശ്രമം. പിന്നെ ശസ്‌ത്രക്രിയ. ഒടുവില്‍ വീണ്ടും തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ്‌ ഭൂമികയില്‍...
സന്തോഷവാനാണിപ്പോള്‍ ബാലാജി. ന്യൂസിലാന്‍ഡിലേക്ക്‌ പറക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായ അദ്ദേഹം പരിശീലന തിരക്കിലാണ്‌. ടെസ്റ്റ്‌ ടീമിലാണ്‌ സെലക്ടര്‍മാര്‍ ബാലാജിക്ക്‌ അവസരം നല്‍കിയിരിക്കുന്നത്‌. അതിനാല്‍ പെട്ടെന്ന്‌ പോവേണ്ടതില്ല. ഈ മാസം 22 ന്‌ ആരംഭിക്കുന്ന പരമ്പരയില്‍ ആദ്യം രണ്ട്‌ 20-20 മല്‍സരങ്ങളാണ്‌. അതിന്‌ ശേഷം ഏകദിന പരമ്പര. അവസാനത്തിലാണ്‌ ടെസ്റ്റ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌.
ഇര്‍ഫാന്‍ പത്താനും ബാലാജിയുമായിരുന്നു വെള്ളിനക്ഷത്രങ്ങള്‍ പോലെ ഇന്ത്യന്‍ ടീമിലേക്ക്‌ മിന്നിയെത്തിയ താരങ്ങള്‍. അവരില്‍ ഇര്‍ഫാന്‍ ജ്വലിച്ചപ്പോള്‍ പരുക്കുമായി ബാലാജി പുറത്തായി. ഇപ്പോള്‍ രണ്ട്‌ പേരും വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
ന്യൂസിലാന്‍ഡിലേക്ക്‌ ഇതാദ്യമായാണ്‌ ബാലാജിയുടെ യാത്ര. ഏതൊരു ക്രിക്കറ്റര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളാണ്‌്‌ ആ നാട്ടിലെന്ന്‌ ബാലാജിക്കുമറിയാം. പിച്ചുകള്‍, കാലാവസ്ഥ-കാര്യങ്ങള്‍ എളുപ്പമല്ല. പക്ഷേ ഒരു രാജ്യാന്തര ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏത്‌ വേദിയിലും കളിക്കാനുളള ആത്മവിശ്വാസം ചെന്നൈക്കാരനുണ്ട്‌. പിച്ചും കാലാവസ്ഥയും എന്റെ ശൈലിക്ക്‌ യോജിച്ചതായിരിക്കില്ല. പക്ഷേ കാര്യങ്ങളെ പഠിക്കാന്‍ കഴിഞ്ഞാല്‍ പ്രയാസമില്ല. ഇന്ത്യന്‍ ടീമിലെ ഭൂരിപക്ഷവും ആദ്യമായാണ്‌ ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിക്കുന്നത്‌. സീനിയര്‍ താരങ്ങളായ സച്ചിനും സേവാഗുമെല്ലാമുളളപ്പോള്‍ അവരുടെ ശിക്ഷണത്തില്‍ കാര്യങ്ങള്‍ പഠിക്കാനാവും. ഇപ്പോള്‍ പരുക്കുകളില്ല. പുറം വേദനയില്ല. 100 ശതമാനവും ഫിറ്റ്‌. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മൊത്തം 400 ഓവറുകളെറിഞ്ഞു-ബാലാജി പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്‍ സീസണിലൂടെയാണ്‌ ബാലാജി തിരിച്ചെത്തിയത്‌. മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അണിയിലായിരുന്നു അദ്ദേഹം. ഒരു ഹാട്രിക്‌ ഉള്‍പ്പെടെ ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന്‌ വിക്കറ്റുകള്‍ സമ്പാദിച്ചു. കഴിഞ്ഞ സീസണില്‍ തമിഴ്‌നാടിനെ രഞ്‌ജി സെമിയിലെത്തിക്കുന്നതിലും ബാലാജിക്ക്‌ പങ്കുണ്ടായിരുന്നു. 36 വിക്കറ്റുകളാണ്‌ രഞ്‌ജി സീസണില്‍ അദ്ദേഹം നേടിയത്‌.
ആഭ്യന്തര ക്രിക്കറ്റില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തില്‍ ഈയിടെ നടന്ന ശ്രീലങ്കന്‍ പര്യടന സംഘത്തിലേക്ക്‌ അദ്ദേഹത്തെ വിളിച്ചു. മുനാഫ്‌ പട്ടേലിന്‌ പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു അവസരം. ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താനായാല്‍ ടീമിലെ സ്ഥാനം സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ്‌ ബാലാജി കരുതുന്നത്‌.

നോ..
കൊല്‍ക്കത്ത: ഇത്‌ ഇലക്ഷന്‍ കാലമാണ്‌... ഉത്തരേന്ത്യയില്‍ രാഷട്രീയക്കാര്‍ ക്രിക്കറ്റ്‌ താരങ്ങളെയും സിനിമാക്കാരെയുമെല്ലാം പിടികൂടുന്ന തിരക്കിലാണ്‌.. സഞ്‌ജയ്‌ ദത്തിനെയും ഗോവിന്ദയെയുമെല്ലാം അവതരിപ്പിച്ചവര്‍ അസ്‌ഹറുദ്ദീന്‍ എത്തിനില്‍ക്കുന്നു. ബംഗാള്‍ ക്രിക്കറ്റിലെ മഹാരാജന്‍ സൗരവ്‌ ദാദ ഗാംഗുലിയെ തേടിയാണിപ്പോള്‍ രാഷ്‌ട്രീയക്കാരുടെ ഓട്ടം. ആദ്യം സി.പി.എം, ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയും. എന്നാല്‍ തല്‍ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ്‌ ദാദയുടെ നിലപാട്‌. ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗാള്‍-ആസാം രഞ്‌ജി ഏകദിന മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ദാദയെ വളഞ്ഞപ്പോള്‍ അദ്ദേഹം വളരെ വ്യക്തമായി കാര്യം പറഞ്ഞു-സമയമായിട്ടില്ല. എനിക്ക്‌ നല്ല ഒരു രാഷട്രീയക്കാരനാവാന്‍ കഴിയില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന്‌ രാഷട്രീയത്തിലാണെങ്കില്‍ അത്‌ സ്വന്തം സംസ്ഥാനത്തായിരിക്കുമെന്നും ദാദ വ്യക്തമാക്കി.
സൗരവിന്റെ ഭാര്യയും പ്രശസ്‌ത ഒഡീസി നര്‍ത്തകിയുമായ ഡോണയുടെ വാക്കുകളാണ്‌ രാഷട്രീയക്കാരനെന്ന സൗരവിലേക്ക്‌ വാര്‍ത്തകളെ എത്തിച്ചത്‌. ബംഗാളില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും സൗരവിനെ തേടി രാഷട്രീയക്കാര്‍ വരുന്നുണ്ടെന്നായിരുന്നു ഡോണ പറഞ്ഞത്‌.

Monday, February 16, 2009

WE WANT COMPENSATION

വേണം നഷ്ടപരിഹാരം
ലാഹോര്‍: പാക്കിസ്‌താന്‍ താരങ്ങളായ സുഹൈല്‍ തന്‍വീര്‍, കമറാന്‍ അക്‌മല്‍, ഉമര്‍ ഗുല്‍, മിസ്‌ബാഹുല്‍ ഹഖ്‌ എന്നിവര്‍ നഷ്‌ടപരിഹാരം തേടി പ്രസിഡണ്ട്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ കത്ത്‌ നല്‍കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കളിക്കാന്‍ അനുവദിക്കാത്ത വിദേശകാര്യ വകുപ്പിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്കുണ്ടായിരിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടം നികത്തി തരണമെന്നതാണ്‌ താരങ്ങളുടെ ആവശ്യം. ഇടം കൈയ്യന്‍ സീമറായ സുഹൈലും വിക്കറ്റ്‌ കീപ്പറായ അക്‌മലും ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്‌. ഗുല്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനും മിസ്‌ബാഹ്‌ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനും വേണ്ടിയാണ്‌ കളിച്ചിരുന്നത്‌. എന്നാല്‍ ഇത്തവണ സ്വന്തം താരങ്ങളാരും ഐ.പി.എല്ലില്‍ കളിക്കേണ്ടതില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്ന്‌ പാക്‌ താരങ്ങളെല്ലാം നിരാശയിലാണ്‌. ഐ.പി.എല്‍ ആദ്യപതിപ്പില്‍ കളിച്ച പല പാക്‌ താരങ്ങളുടെയും കരാര്‍ ടീമുകള്‍ പുതുക്കിയിട്ടില്ല. പക്ഷേ സുഹൈല്‍, അക്‌മല്‍, ഗുല്‍, മിസ്‌ബാഹ്‌ എന്നിവരുടെ കാര്യത്തില്‍ അതത്‌ ടീമുകള്‍ക്ക്‌ താല്‍പ്പര്യമുണ്ടായിരുന്നു. ഇവരുടെ കരാര്‍ നിലനില്‍ക്കുന്നുമുണ്ട്‌. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇന്ത്യയും പാക്കിസ്‌താനും തമ്മിലുണ്ടായ അകല്‍ച്ചയെ തുടര്‍ന്ന്‌ ആരും ഇന്ത്യയിലേക്ക്‌ കളിക്കാന്‍ പോവരുതെന്നാണ്‌ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. രാജസ്ഥാന്‍ റോയല്‍സിന്‌ കപ്പ്‌ സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച താരമായിരുന്നു സുഹൈല്‍, 24 വിക്കറ്റുകളാണ്‌ അദ്ദേഹം റോയല്‍സിനായി നേടിയത്‌. നിര്‍ണ്ണായക ഘട്ടത്തില്‍ തകര്‍പ്പനടികളുമായി അക്‌മലും ടീമിനെ തുണച്ചിരുന്നു. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക്‌ വേണമെങ്കില്‍ ഇനിയും കളിക്കാം. പക്ഷേ പാക്കിസ്‌താന്‍ സര്‍ക്കാര്‍അനുമതി നല്‍കണം. പാക്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയത്തിന്‌ താരങ്ങള്‍ ഇന്ത്യയില്‍ കളക്കുന്നതിനോട്‌ എതിര്‍പ്പില്ല. വിദേശകാര്യ മന്ത്രാലയമാണ്‌ കര്‍ക്കശ നിലപാട്‌ സ്വീകരിച്ചത്‌. മുംബൈ സ്‌ഫോടനങ്ങള്‍
ക്ക്‌ ശേഷം ഇന്ത്യ പാക്കിസ്‌താനെതിരെ കര്‍ക്കശനിലപാട്‌ തുടരുന്ന സാഹചര്യത്തില്‍ അതേ നിലപാട
ില്‍ പ്രതികരിക്കാനാണ്‌ പാക്‌ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ രണ്ട്‌ മാസം ദീര്‍ഘിക്കുന്ന പാക്‌ പര്യടനം റദ്ദാക്കിയതിനൊപ്പം ഹോക്കി ടീമിന്റെ യാത്രക്കും ന്യൂഡല്‍ഹി അനുമതി നല്‍കിയിരുന്നില്ല.
ഐ.പി.എല്ലില്‍ കളിച്ചത്‌ വഴി വലിയ സാമ്പത്തിക നേട്ടമുണ്ടായിരുന്നെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇപ്പോള്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതിനാല്‍ നഷ്‌ടപരിഹാരത്തിന്‌ നടപടി വേണമെന്നുമാണ്‌ താരങ്ങള്‍ പ്രസിഡണ്ട്‌ സര്‍ദാരിയോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. കത്ത്‌ ലഭിച്ചതായി പ്രസിഡണ്ടിന്റെ ഓഫീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ തുടര്‍നടപടികള്‍ എന്തെന്ന്‌ തീരുമാനിച്ചിട്ടില്ല. താരങ്ങള്‍ക്ക്‌ അവരുടെ ടീമുകള്‍ നല്‍കാനുളള തുക കണക്കാക്കി നഷ്ടപരിഹാരം നല്‍
കണമോ എന്ന കാര്യത്തില്‍ ആലോചനയുണ്ട്‌. പക്ഷേ ഇത്‌ മറ്റുളളവര്‍ കീഴ്‌വഴക്കമാക്കുമോ എന്ന ആശങ്കയും പ്രസിഡണ്ടിന്റെ ഓഫീസിനുണ്ട്‌. ഐ.പി.എല്ലിന്‌ സമാന്തരമായി ആരംഭിച്ച ഐ.സി.എല്ലില്‍ പല പാക്കിസ്‌താന്‍ താരങ്ങളും കളിക്കുന്നുണ്ട്‌. ഈ താരങ്ങളോടും ഇന്ത്യയില്‍ കളിക്കരുതെന്നാണ്‌ മുന്നറിയിപ്പ്‌. ഇവരും നഷ്‌ടപരിഹാരം തേടിയാല്‍ അത്‌ വലിയ സാമ്പത്തിക ബാധ്യതയാവുമെന്നാണ്‌ പ്രസിഡണ്ടിന്റെ ഓഫീസിലെ സാമ്പത്തികകാര്യ വിദഗ്‌ദ്ധര്‍ ചൂണ്ടികാണിക്കുന്നത്‌.
ഷാഹിദ്‌ അഫ്രീദി ഉള്‍പ്പെടെ വന്‍കിട താരങ്ങള്‍ ഐ.പി.എല്‍ ആദ്യ സീസണില്‍ കളിച്ചിരുന്നു. ഹൈദരാബാദ്‌ ആസ്ഥാനമായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്ന അഫ്രീദി പക്ഷേ വലിയ നിരാശയാണ്‌ സമ്മാനിച്ചത്‌. അതിനാല്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.
ഇന്ത്യയുടെ നിലപാട്‌ കാരണം പക്ഷേ പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വലിയ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്‌. ഐ.സി.എല്ലില്‍ കളിച്ചതിന്‌ നിരോധിക്കപ്പെട്ട താരങ്ങളുടയെല്ലാം വിലക്ക്‌ നീക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ കളിച്ചത്‌ തെറ്റല്ല എന്ന ഉദാര നിലപാട്‌ സ്വീകരിച്ച ക്രിക്കറ്റ്‌ ബോര്‍ഡ,്‌ മുഹമ്മദ്‌ യൂസഫിനെ പോലുളളവരെ ദേശീയ ടീമിലേക്ക്‌ തിരിച്ചുവിളിക്കാനും ആലോചിക്കുന്നുണ്ട്‌.

സോറീ
മുംബൈ: അകന്നുനില്‍ക്കുന്ന ഇന്ത്യ-പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ അടുക്കുന്ന മട്ടില്ല.. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ അകന്ന അയല്‍ക്കാര്‍ ഇപ്പോള്‍ ഐ.പി.എല്ലിന്റെ പേരില്‍ തമ്മിലടിക്കുന്നു. പ്രഥമ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച്‌്‌ പിന്നീട്‌ മരുന്നടി വിവാദത്തില്‍ പടിക്കപ്പെട്ട മുഹമ്മദ്‌ ആസിഫിന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ സംബന്ധിച്ചാണ്‌ പുതിയ അകല്‍ച്ച. 2008 സെപ്‌തംബര്‍ 23 മുതല്‍ ഒരു വര്‍ഷത്തെ കാലയളവിലേക്കാണ്‌ ആസിഫിന്‌ ഐ.പി.എല്‍ ഡ്രഗ്‌ ട്രിബ്യൂണല്‍ വിലക്ക്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ വിലക്ക്‌ കാലാവധി 2008 ജൂലൈ 15 മുതലാവണമെന്നതാണ്‌ പാകിസ്‌താന്‍ ആവശ്യം. ഈ കാര്യത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയ അഭ്യര്‍ത്ഥന ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി തള്ളിയിട്ടുണ്ട്‌. സുനില്‍ ഗവാസ്‌ക്കര്‍, ഡോ.രവി ബാപട്‌, ശിരിഷ്‌ ഗുപ്‌ത എന്നിവരടങ്ങുന്ന ട്രിബ്യൂണലാണ്‌ വിലക്ക്‌ പ്രഖ്യാപിച്ചത്‌. ഇതില്‍ മാറ്റമില്ലെന്നാണ്‌ ഗവേണിംഗ്‌ കമ്മിറ്റി തലവന്‍ ലളിത്‌ മോഡി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്‌. സെപ്‌തംബര്‍ 23 മുതല്‍ വിലക്ക്‌ പ്രഖ്യാപിക്കാന്‍ കാരണം അന്നാണ്‌ ആസിഫിന്റെ ഡ്രഗ്ഗ്‌ ടെസ്‌റ്റിലെ ബി സാംമ്പിള്‍ പരിശോധിച്ചത്‌. ആസിഫിന്റെ താല്‍പ്പര്യ പ്രകാരം തന്നെയാണ്‌ ബി സാംമ്പിള്‍ പരിശോധിച്ചതെന്നും മോഡി പറഞ്ഞു. ഈ വിഷയത്തില്‍ ഒരു വാഗ്വാദത്തിന്‌ ഐ.പി.എല്‍ ഇല്ല. ട്രിബ്യൂണലിന്റെ വിലക്ക്‌ നിലനില്‍ക്കും. വിലക്കിനെതിരെ ആസിഫിന്‌ പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ അപ്പീല്‍സ്‌ ട്രീബ്യൂണലില്‍ പരാതി നല്‍കാമെന്ന്‌ മോഡി പറഞ്ഞു.

ദി ക്യാപ്‌റ്റന്‍
ആന്റിഗ്വ: സബീനാപാര്‍ക്കിലെ ഭൂതം ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനെ പിന്തുടര്‍ന്നില്ല. നായകന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌്‌ ഒന്നാം ഇന്നിംഗ്‌സല്‍ കൂറ്റന്‍ സ്‌ക്കോര്‍ ലക്ഷ്യമാക്കുന്നു. മൂന്ന്‌ വക്കറ്റിന്‌ 301 റണ്‍സാണ്‌ ആദ്യദിവസ സമ്പാദ്യം. ഇതില്‍ 169 റണ്‍സും നായകന്റെ സംഭാവനയാണ്‌. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്ത്‌ കേവലം 14 മിനുട്ട്‌ മാത്രം ശേഷിച്ച രണ്ടാം ടെസ്‌റ്റ്‌ സമ്മാനിച്ച വലിയ നാണക്കേടില്‍ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ അധികാരികള്‍ തളര്‍ന്നു നില്‍ക്കവെ പെട്ടെന്ന്‌ സംഘടിപ്പിച്ച മൂന്നാം ടെസ്റ്റിലെ ആദ്യ പന്ത്‌ മുതല്‍ സ്‌ട്രോസും സംഘവും നിലയുറപ്പിക്കുകയായിരുന്നു. സബീനാപാര്‍ക്കില്‍ ഇംഗ്ലീഷ്‌ ദുരന്തത്തില്‍ കലാശിച്ച ആദ്യ ടെസ്റ്റിന്‌ ശേഷം തളര്‍ന്നു പോയ ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാടകീയമായിട്ടായിരുന്നു. പതിനഞ്ചാമത്‌ ടെസ്റ്റ്‌ സെഞ്ച്വറിക്ക്‌ അരികെ പലവട്ടം സ്‌ട്രോസിന്‌ പാളിയിരുന്നു. 9 ല്‍ നില്‍ക്കുമ്പോള്‍ റണ്ണൗട്ടില്‍ നിന്നും, 32 ല്‍ നില്‍ക്കുമ്പോള്‍ ഉറച്ച ലെഗ്‌ ബിഫോര്‍ അപ്പീലില്‍ നിന്നും 47 ല്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം അതിനിടെ തകര്‍പ്പന്‍ ഡ്രൈവുകളും ഷോട്ടുകളും നടത്തി. 278 പന്തുകളെ അഭിമുഖീകരിച്ചപ്പോള്‍ ഒരു സിക്‌സറും 24 ബൗണ്ടറികളും അനായാസം പിറന്നു.

പ്ലീസ്‌....
മിലാന്‍: ഡേവിഡ്‌ ബെക്കാം യാചിക്കുകയാണ്‌... പ്ലീസ്‌ എന്നെ ഇവിടെ തുടരാന്‍ അനുവദിക്കണം. അങ്ങോട്ട്‌ ഞാനില്ല..... പക്ഷേ ലോസ്‌ആഞ്ചലസ്‌ ഗ്യാലക്‌സി വിടുന്ന മട്ടില്ല. കരാര്‍ പ്രകാരം ഇംഗ്ലീഷ്‌ താരം ഉടന്‍ തന്നെ തിരിച്ചെത്തണമെന്നാണ്‌ അവരുടെ ഡിമാന്‍ഡ്‌. ആറ്‌ മാസത്തെ ലോണ്‍ കാലാവധയിലാണ്‌ ഗ്യാലക്‌സി ബെക്കാമിനെ ഏ.സി മിലാന്‌ നല്‍കിയത്‌. ഇറ്റാലിയന്‍ ക്ലബിന്‌ വേണ്ടി കളിക്കാനെത്തിയപ്പോഴാവട്ടെ തകര്‍പ്പന്‍ ഫോമിലായി 33 കാരന്‍. അതോടെ മിലാന്‍ ബെക്കാമിനെ വിട്ടില്ല. പലവട്ടം അവര്‍ ഗ്യാലക്‌സിക്കാരുമായി സംസാരിച്ചു. അമേരിക്കന്‍ ടീമാവട്ടെ വിടുന്ന മട്ടുമില്ല. ഇന്നലെ ഇറ്റാലിയന്‍ ലീഗില്‍ മിലാന്‍ ക്ലബുകള്‍ തമ്മിലുളള തകര്‍പ്പന്‍ പോരാട്ടത്തില്‍ ഏ.സി മിലാന്‍ 1-2ന്‌ ഇന്റര്‍ മിലാനോട്‌ തോറ്റു. ഈ മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ്‌ ബെക്കാം കളിച്ചത്‌. മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മല്‍സരശേഷം തന്റെ മനസ്സ്‌ തുറന്നു. മിലാനില്‍ തുടരാനാണ്‌ എനിക്ക്‌ താല്‍പ്പര്യം. പക്ഷേ കാര്യങ്ങള്‍ എന്റെ കൈവശമല്ലല്ലോ.... നാളെ യുവേഫ കപ്പില്‍ ജര്‍മന്‍ ടീമായ വെര്‍ഡര്‍ ബ്രെഹ്മനെ നേരിടാന്‍ ഒരുങ്ങുകയാണ്‌ മിലാന്‍. ഈ പോരാട്ടത്തിലും ബെക്കാം കളിക്കും. തല്‍ക്കാലം ബെക്കാമിനെ വിടാതിരിക്കാന്‍ തന്നെയാണ്‌ മിലാന്റെ തീരുമാനം. ബാക്കി പിന്നീടു കാണാം എന്നാണ്‌ അവര്‍ തുറന്നടിക്കുന്നത്‌.

വീണ്ടും 100 ല്‍
ന്യൂഡല്‍ഹി: പട്ടായ ഓപ്പണിലെ ഫൈനല്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ താരം സാനിയ മിര്‍സ ലോക വനിതാ ടെന്നിസ്‌ റാങ്കിംഗില്‍ ആദ്യ നൂറില്‍ സ്ഥാനം നേടി. 126 ല്‍ നിന്നും 87 ലേക്കാണ്‌ സാനിയ ചാടിയിരിക്കുന്നത്‌. പട്ടായ ഓപ്പണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഫൈനല്‍ ബെര്‍ത്ത്‌ നേടിയ സാനിയ കലാശപ്പോരാട്ടത്തില്‍ റഷ്യന്‍ താരം വിറ സെവേറോവയോട്‌ പരാജയപ്പെട്ടിരുന്നു. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സില്‍ നാട്ടുകാരനായ മഹേഷ്‌ ഭൂപുതിക്കൊപ്പം കിരീടം സ്വന്തമാക്കിയ കരുത്തില്‍ സാനിയയുടെ ഡബിള്‍സ്‌ റാങ്കിംഗിലും പുരോഗതിയുണ്ട്‌. 63 ആണ്‌ ഡബിള്‍സ്‌ റാങ്കിംഗ്‌. എസ്‌.എ പി ഓപ്പണ്‍ ടെന്നിസിലെ മികവില്‍ ഇന്ത്യന്‍ താരം രോഹന്‍ ബോപ്പണ്ണ പുരുഷ റാങ്കിംഗില്‍ 78 ല്‍ എത്തിയിട്ടുണ്ട്‌.

നോ പ്രഷര്‍
സിഡ്‌നി: ലോക ടെസ്‌റ്റ്‌ റാങ്കിഗില്‍ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യവുമായി റിക്കി പോണ്ടിംഗും സംഘവും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി സ്വന്തം തട്ടകം വിട്ടു. സിഡ്‌നി വിടും മുമ്പ്‌്‌ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സന്തോഷവാനായി കാണപ്പെട്ട റിക്കി പോണ്ടിംഗ്‌ സമ്മര്‍ദ്ദം മുഴുവന്‍ ദക്ഷിണാഫ്രിക്കക്കായിരിക്കുമെന്ന നിലപാടിലാണ്‌. അവരാണിപ്പോള്‍ ലോക ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌. ആ സ്ഥാനം നിലനിര്‍ത്തണം. അതിനായുളള പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഗ്രയീം സ്‌മിത്തിന്റെ സംഘത്തിനാവില്ലെന്നാണ്‌ പോണ്ടിംഗ്‌ കണക്ക്‌ക്കൂട്ടുന്നത്‌. സ്വന്തം മൈതാനത്താണ്‌ ദക്ഷിണാഫ്രിക്ക കളിക്കുന്നത്‌. നാട്ടുകാരുടെ സജീവ പിന്തുണയുണ്ടാവുമ്പോഴും പ്രതീക്ഷ നിലനിര്‍ത്തേണ്ടതിന്റെ ബാധ്യത ടീമിനുണ്ടാവും. തന്റെ ടീമിന്‌ നല്ല തുടക്കം ലഭിച്ചാല്‍ മാത്രം മതിയെന്നാണ്‌ നായകന്‍ പറയുന്നത്‌. ഞങ്ങളില്‍ സമ്മര്‍ദ്ദമില്ല. പുതിയ താരങ്ങളാണ്‌ ടീമില്‍. എല്ലാവര്‍ക്കും നിലയുറപ്പിക്കാനുളള അവസരമാണ്‌. സമീപകാല ക്രിക്കറ്റിലെ തോല്‍വികള്‍ ടീമിനെ ആകുലപ്പെടുത്തുന്നില്ല. നല്ല തുടക്കത്തിനാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌.-പോണ്ടിംഗ്‌ പറഞ്ഞു.
സമീപകാലത്ത്‌ നടന്ന ടെസ്‌റ്റ്‌ പരമ്പരകളില്‍ ഓസ്‌ട്രേലിയ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു. ഇന്ത്യയോട്‌ രണ്ട്‌ ടെസ്‌റ്റില്‍ പോണ്ടിംഗിന്റെ സംഘം പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയോട്‌ ഇതേ മാര്‍ജിനില്‍ തോറ്റിരുന്നു. സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അവസാന ടെസ്റ്റില്‍ 103 റണ്‍സിന്‌ ജയിക്കാനായത്‌ മാത്രമാണ്‌ ടീമിന്റെ നേട്ടം. ഈ വിജയമാണ്‌ ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നത്‌.
തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ അതിനിര്‍ണ്ണായകമായ പരമ്പരയാണ്‌ ഇതെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു. 2005 ലെ ആഷസ്‌ പരമ്പരയില്‍ ടീം തോറ്റപ്പോള്‍ എല്ലാവരും ഞങ്ങളെ എഴുതിത്തള്ളാന്‍ ശ്രമിച്ചിരുന്നു. എന്നല്‍ ഉന്നത മികവുമായി ടീം തിരിച്ചെത്തി. അത്‌ പോലെ ഇത്തവണയും കരുത്ത്‌ പ്രകടിപ്പിക്കാന്‍ ടീമിനാവും. പ്രതീക്ഷിക്കപ്പെട്ട വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഈയിടെയുണ്ടായ പരാജയങ്ങള്‍ എല്ലാവരും മറക്കുമെന്നും പോണ്ടിംഗ്‌ പറഞ്ഞു.
ഈ മാസം 26ന്‌ വാണ്ടറേഴ്‌സിലാണ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റ്‌ നടക്കുന്നത്‌. ഈ മല്‍സരത്തിന്‌ മുമ്പ്‌ ദക്ഷിണാഫ്രിക്ക എ ടീമുമായി ഓസ്‌ട്രേലിയ ചതുര്‍ദിന മല്‍സരം കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ടീമിനെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയായിരിക്കും ആദ്യ ടെസ്റ്റിലും കളിക്കുക. ടീമിലെ ഓള്‍റൗണ്ടര്‍ ബെര്‍ത്തിനായി ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌, മാര്‍കസ്‌ നോര്‍ത്ത്‌, ബെല്‍ ഹില്‍ഫാന്‍ഹസ്‌ എന്നിവരാണ്‌ രംഗത്തുളളത്‌. ഇവരില്‍ ആര്‍ക്ക്‌ അവസരം നല്‍കുമെന്ന കാര്യത്തില്‍ പോണ്ടിംഗ്‌ വ്യക്തമായ ഉത്തരം നല്‍കിയില്ല.
ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ ഓസ്‌ട്രേലിയ നോട്ടമിട്ടിരിക്കുന്നത്‌ അവരുടെ ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാനായ ജെ.പി ഡുമിനിയെയാണ്‌. ഓസ്‌ട്രേലിയക്കെതിരായ മൂന്ന്‌ ടെസ്‌റ്റുകളില്‍ നിന്നായി ഡുമിനി 246 റണ്‍സ്‌ നേടിയിരുന്നു. ഡുമിനിയെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായാണ്‌്‌ പോണ്ടിംഗിന്റെ അവകാശവാദം.

മിലാന്‍ ഡെര്‍ബിയില്‍ ഇന്റര്‍
മിലാന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ശ്രദ്ധ നേടിയത്‌ ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഏ.സി മിലാനും ഇന്റര്‍ മിലാനും തമ്മിലുള്ള ബലാബലം. കടുത്ത പോരാട്ടത്തല്‍ ഇന്റര്‍ 2-1 ന്റെ വിജയം നേടുകയും കപ്പ്‌ നിലനിര്‍ത്താനുളള യാത്രയില്‍ നിര്‍ണ്ണായക വഴി പിന്നിടുകയും ചെയ്‌തു. അഡ്രിയാനോ,ഡിജാന്‍ സ്‌റ്റാന്‍കോവിച്ച്‌ എന്നിവരാണ്‌ ഇന്ററിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. 56 പോയന്റുമായി ഇന്റര്‍ തന്നെയാണ്‌ ഇപ്പോഴും ലീഗില്‍ മുന്നില്‍. 47 പോയന്റുമായി യുവന്തസ്‌ രണ്ടാമത്‌ നില്‍ക്കുന്നു. 45 പോയന്റാണ്‌ ഏ.സി മിലാന്റെ സമ്പാദ്യം. ഇന്നലെ നടന്ന മല്‍സരത്തില്‍ പക്ഷേ യുവന്തസ്‌ സാംപദോറിയയോട്‌ 1-1 സമനില വഴങ്ങി. അറ്റ്‌ലാന്റ മൂന്ന്‌ ഗോളിന്‌ ഏ.എസ്‌ റോമയെ മറിച്ചിട്ടതും വാര്‍ത്തയായി.
സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സ കുതിപ്പ്‌ തുടരുകയാണ്‌. 60 പോയന്റാണ്‌ അവരുടെ സമ്പാദ്യം. രണ്ടാമതുളള റയല്‍ മാഡ്രിഡിന്‌ 50 പോയന്റാണുള്ളത്‌. ലീഗിലെ തുടര്‍ച്ചയായ എട്ടാമത്‌ വിജയവുമായി റയല്‍ മാഡ്രിഡ്‌ നാല്‌ ഗോളിന്‌ സ്‌പോര്‍ട്ടിംഗ്‌ ഗിജോണിനെ വീഴ്‌ത്തി. മല്‍സരത്തില്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുക വഴി റയലിന്റെ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ റയലിനായി അവരുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്ന താരമായി. 309 ഗോളുകളാണ്‌ അദ്ദേഹം ഇത്‌ വരെ ടീമിനായി സ്‌ക്കോര്‍ ചെയ്‌തത്‌. ബാര്‍സ-റയല്‍ ബെറ്റിസ്‌ പോരാട്ടം 2-2 ല്‍ അവസാനിച്ചപ്പോള്‍ സെവിയെ 2-0 ത്തിന്‌ എസ്‌പാനിയോളിനെ വീഴ്‌ത്തി.
ജര്‍മന്‍ ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിന്‌ ആഘാതമേറ്റു. ഹെര്‍ത്താ ബെര്‍ലിനാണ്‌ 2-1ന്‌ ബയേണിനെ പരാജയപ്പെടുത്തിയത്‌. ഈ വിജയത്തോടെ ബെര്‍ലിന്‍ ടേബിളില്‍ ഒന്നാമത്തെത്തുകയും ചെയ്‌തു. ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുകയായിരുന്ന ഹോഫന്‍ഹൈം ബയര്‍ ലെവര്‍കൂസണോട്‌ 1-4ന്‌ തോറ്റു.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഈയാഴ്‌ച്ച മല്‍സരങ്ങളുണ്ടായിരുന്നില്ല. എഫ്‌. എ കപ്പിന്റെ തിരക്കിലായിരുന്നു ടീമുകള്‍. ചെല്‍സി 3-1ന്‌ വാട്ട്‌ഫോര്‍ഡിനെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 4-1ന്‌ ഡെര്‍ബിയെയും എവര്‍ട്ടണ്‍ 3-1ന്‌ ആസ്‌റ്റണ്‍വില്ലയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കി.

Saturday, February 14, 2009

WINDIES TRAGEDY

നാണക്കേട്‌
ആന്റിഗ്വ: ലോക ക്രിക്കറ്റില്‍ വിന്‍ഡീസിന്‌ മാത്രം സ്വന്തമായി മറ്റൊരു നാണക്കേട്‌.... പത്ത്‌ പന്തുകള്‍ മാത്രമെറിഞ്ഞ്‌ ഒരു ടെസ്റ്റ്‌ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ഇംഗ്ലണ്ട്‌-വിന്‍ഡീസ്‌ രണ്ടാം ടെസ്‌റ്റാണ്‌ പത്ത്‌ പന്തുകളില്‍ അവസാനിപ്പിച്ചത്‌. മോശമായ ഔട്ട്‌ഫീല്‍ഡില്‍ കളി അസാധ്യമായ സാഹചര്യത്തില്‍ സംഘാടകരുമായി ആലോചിച്ച്‌ അമ്പയര്‍മാര്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1998 ന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ വിന്‍ഡീസില്‍ ഇങ്ങനെയൊരു നാണക്കേട്‌ സംഭവിക്കുന്നത്‌. അന്ന്‌ ജമൈക്കയിലെ സബീനാപാര്‍ക്കിലായിരുന്നു സംഭവം. ഒരു മണിക്കൂര്‍ മാത്രം അവശേഷിച്ച ആ മല്‍സം ഇതേ എതിരാളികള്‍ തമ്മിലായിരുന്നു.
ഇരു ടീമുകളും തമ്മില്‍ ഒരാഴ്‌ച്ച മുമ്പ്‌ സബീനാപാര്‍ക്കില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ഇംഗ്ലണ്ട്‌ തരിപ്പണമാവുകയും ചെയ്‌ത സാഹചര്യത്തില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്ന മല്‍സരമാണ്‌ നാടകീയമായി പെട്ടെന്ന്‌ അവസാനിച്ചത്‌. മല്‍സരത്തിന്‌ ദൃക്‌സാക്ഷികളാവാന്‍ ഇംഗ്ലണ്ടില്‍ നിന്ന്‌ മാത്രം എട്ടായിരത്തോളം ആരാധകര്‍ എത്തിയിരുന്നു. ഇവര്‍ക്കും മറ്റ്‌ ആരാധകര്‍ക്കുമാണ്‌ സംഘാടകരുടെ പിടിപ്പുക്കേട്‌ കനത്ത ആഘാതമായത്‌. അഞ്ച്‌ ടെസ്റ്റുകളാണ്‌ പരമ്പരയിലുളളത്‌. രണ്ടാം ടെസ്‌റ്റ്‌ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ മൂന്നാം ടെസ്‌റ്റ്‌ ഇന്ന്‌ മുതല്‍ ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ ആരംഭിക്കും. ഉപേക്ഷിച്ച രണ്ടാം ടെസ്‌റ്റിന്‌ പകരമുള്ള മല്‍സരം ഇതേ വേദിയില്‍ വെച്ച്‌ തന്നെ നടത്താനാണ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആലോചിക്കുന്നത്‌. ഇത്തരത്തില്‍ ഒരു അപേക്ഷ അവര്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ (ഐ.സി.സി) നല്‍കിയിട്ടുണ്ട്‌.
ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട സ്‌റ്റേഡിയത്തിനാണ്‌ ദുരനുഭവമുണ്ടായത്‌. ഔട്ട്‌ ഫീല്‍ഡില്‍ നിറയെ പൂഴിയായിരുന്നു. മഴയില്‍ പൂഴി പുറത്തേക്ക്‌ പ്രകടമായി വന്നതിനാല്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും മൂവ്‌മെന്റ്‌്‌ പ്രയാസമായിരുന്നു. 2006 ജൂണില്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലുളള ടെസ്‌റ്റാണ്‌ ഇവിടെ അവസാനമായി നടന്നത്‌. അതിന്‌ ശേഷം മൈതാനത്ത്‌ കാര്യമായ മല്‍സരങ്ങളുണ്ടായിരുന്നില്ല. പിച്ച്‌ മാത്രം ശ്രദ്ധിച്ച സംഘാടകര്‍ ഔട്ട്‌ ഫീല്‍ഡിന്റെ കാര്യം മറക്കുകയായിരുന്നു.
ആദ്യ ടെസ്റ്റിലെ വിന്‍ഡീസ്‌ ബൗളിംഗ്‌ ഹീറോ ജെറോം ടെയ്‌ലര്‍ ആദ്യ ഓവര്‍ എറിഞ്ഞത്‌ തന്നെ സാഹസപ്പെട്ടായിരുന്നു. ഫിഡല്‍ എഡ്വാര്‍ഡ്‌സ്‌ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലാണ്‌ മല്‍സരം അവസാനിപ്പിച്ചത്‌. പലപ്പോഴും ബൗളര്‍മാര്‍ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിനോടും അമ്പയര്‍മാരോടും പരാതിപ്പെട്ടു. മഴ പെയ്‌തത്‌ കാരണം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മല്‍സരത്തിനിടെ ബൗളര്‍മാരുടെ പരാതികളുമായപ്പോള്‍ കളി ഇഴഞ്ഞു.
കേവലം14 മിനുട്ട്‌ മാത്രം ശേഷിച്ച ഈ മല്‍സരമായിരിക്കും ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്‌റ്റ്‌ മല്‍സരം. രണ്ടാം ടെസ്‌റ്റിന്‌ ടിക്കറ്റെടുത്തവര്‍ക്കെല്ലാം ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന മൂന്നാം ടെസ്‌റ്റ്‌ ആസ്വദിക്കാമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്തിന്‌ ടെസ്‌റ്റ്‌ പദവി നിഷേധിക്കുന്നതുള്‍പ്പെടെയുളള ഗുരുതരമായ നീക്കങ്ങള്‍ക്കുളള മുന്നറിയിപ്പ്‌ നല്‍കികഴിഞ്ഞു. ടെസ്റ്റ്‌ വേദിയുടെ കാര്യക്ഷമത പരിശോധിക്കേണ്ടതും നിലനിര്‍ത്തേണ്ടതും വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണെന്നും അവര്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവിയന്‍ റിച്ചാര്‍ഡ്‌സ്‌്‌ മൈതാനത്തിന്‌ ടെസ്‌റ്റ്‌ പദവി നിഷേധിക്കുന്നത്‌ സംബന്ധിച്ച്‌ ശക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ ഐ.സി.സി ഹെഡ്‌ മാച്ച്‌ റഫറി രഞ്‌ജന്‍ മദുഗലെയുടെയും ജനറല്‍ മാനേജര്‍ ഡേവിഡ്‌ റിച്ചാര്‍ഡ്‌സിന്റെയും പങ്ക്‌ നിര്‍ണ്ണായകമാണ്‌.
വിന്‍ഡീസ്‌ ദ്വീപ സമൂഹങ്ങളില്‍ ക്രിക്കറ്റിന്‌ പേരു കേട്ട വേദിയാണ്‌ ആന്റിഗ്വ. രണ്ട്‌ മൈതാനങ്ങളണ്‌ ഇവിടെയുളളത്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനവും വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനവും. ഈയിടെ പെയ്‌ത കനത്ത മഴയില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനം ചളിക്കുളമായിരുന്നു. ഇത്‌ കാരണം ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം പരിശീലനം റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്താണ്‌ നടത്തിയത്‌. മൈതാനത്തിന്റെ പച്ചപ്പിന്റെ മുകളിലേക്ക്‌്‌ പൂഴി പ്രത്യക്ഷപ്പെട്ടതിനാല്‍ ബൗളര്‍മാര്‍ക്ക്‌ റണ്ണപ്പ്‌ പോലും പ്രയാസമായിരുന്നു. ബൗളര്‍മാരാണ്‌ ആദ്യം പരാതിപ്പെട്ടത്‌. പരാതിയില്‍ കാര്യമുണ്ടെന്ന്‌ മനസ്സിലാക്കിയ അമ്പയര്‍മാര്‍ പിന്നെ രണ്ട്‌ നായകരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. തുടര്‍ന്നാണ്‌ മല്‍സരം ഉപേക്ഷിച്ചത്‌. 2006 ല്‍ ഇവിടെ നടന്ന ഇന്ത്യ-വിന്‍ഡീസ്‌ മല്‍സരത്തിന്‌ ശേഷം ഒരു തരത്തിലുമുളള പരിശോധനയും മൈതാനത്ത്‌ നടന്നിട്ടില്ല എന്നാണ്‌ പറയപ്പെടുന്നത്‌. 2007 ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ മുന്‍നിര്‍ത്തി ചില അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. പക്ഷേ ഇത്‌ തീര്‍ത്തും അപര്യാപ്‌തമായിരുന്നെന്ന്‌ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ തന്നെ പറയുന്നു. ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസിനും പരാതിയുണ്ടായിരുന്നു.
ഇന്നലെ മല്‍സരം വൈകി തുടങ്ങിയ ശേഷം ഒരു കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. മഴ കാരണം പലവട്ടം താരങ്ങള്‍ മടങ്ങി. മല്‍സരം ഉപേക്ഷിച്ചതായുളള തീരുമാനം പലരുമറിഞ്ഞത്‌ തന്നെ വളരെ വൈകിയിട്ടായിരുന്നു.

അപമാനം
ആന്റിഗ്വ: ലോകം ആദരിക്കുന്ന ക്രിക്കറ്റര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നാമധേയത്തില്‍ പണിതീര്‍ത്ത മൈതാനത്ത്‌ നിര്‍ണ്ണായകമായ ഒരു ടെസ്റ്റ്‌ മല്‍സരം കേവലം പത്ത്‌ പന്തുകളില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ അപമാനഭാരം ആര്‍ക്കാണ്‌...? മല്‍സരത്തിന്റെ ചുമതലയുള്ള മുന്‍ ദേശീയ താരം മൈക്കല്‍ ഹോള്‍ഡിംഗ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെയാണ്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌. ഒരു ഉത്തരവാദിത്ത്വവും ക്രിക്കറ്റ്‌ അധികാരികള്‍ കാണിക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയ ഹോള്‍ഡിംഗ്‌ അധികാരികളുടെ തോന്നിവാസമാണ്‌ എല്ലാത്തിനും കാരണമെന്നും ആക്ഷേപിക്കുന്നു.
വിന്‍ഡീസ്‌ ദ്വീപസമൂഹങ്ങളിലെ ക്രിക്കറ്റ്‌ മറ്റിടങ്ങളിലെ ക്രിക്കറ്റില്‍ നിന്നും വിത്യസ്‌തമാണ്‌. ഓരോ ദ്വീപിനും പ്രത്യേക പതാകകളും, ദേശീയ ഗാനവും, സംഘാടകരുമെല്ലാമാണ്‌. ഇവരെല്ലാം വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ കൊടിക്കീഴില്‍ വരുമെന്ന്‌ മാത്രം. വിന്‍ഡീസ്‌-ഇംഗ്ലണ്ട്‌ ടെസ്‌റ്റ്‌ പരമ്പരയിലെ ആദ്യ മല്‍സരത്തിന്റെ ചുമതല ജമൈക്കക്കായിരുന്നു. സബീനാപാര്‍ക്കിലെ ആ മല്‍സരം ഇംഗ്ലണ്ടിന്റെ ദയനീയ തോല്‍വിയില്‍ വിന്‍ഡീസ്‌ ആഘോഷമാക്കിയിരുന്നു. ആന്റിഗ്വ എന്ന ദ്വീപിലെ പുതിയ മൈതാനത്ത്‌ രണ്ടാം മല്‍സരം വെച്ചപ്പോള്‍ മൈതാനത്തിന്റെ കാര്യക്ഷമത ആരും പരിശോധിച്ചല്ല എന്നതിന്‌ വ്യക്തമായ തെളിവായിരുന്നു മല്‍സരം ഉപേക്ഷിച്ചത്‌ തന്നെ. രണ്ട്‌ ടീമുകളും ഈ മൈതാനത്ത്‌ കാര്യമായ പരിശീലനം നടത്തിയിരുന്നില്ല. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്തായിരുന്നു പരിശീലനം.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇവിടെ മഴയുണ്ട്‌. മഴയില്‍ മൈതാനത്തിന്റെ പല ഭാഗങ്ങളും നനഞ്ഞ്‌ കിടക്കുകയായിരുന്നു. പലയിടങ്ങളിലും മണല്‍ ഉയര്‍ന്നു നിന്നു. വിന്‍ഡീസ്‌ ബൗളര്‍മാര്‍ക്ക്‌ റണ്ണപ്പ്‌ പോലും പ്രയാസകരമായി.
വിന്‍ഡീസില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്നാണ്‌ ഹോള്‍ഡിംഗ്‌ കുറ്റപ്പെടുത്തുന്നത്‌. ആര്‍ക്കും ഉത്തവാദിത്ത്വമില്ല. എല്ലാവരും പരസ്‌പരം പഴി ചാരി രക്ഷപ്പെടുന്നു. ഇങ്ങനെയൊരു സംഭവമുണ്ടായതിന്റെ പേരില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുകയോ, ആര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമോ ഉണ്ടാവുന്നില്ല. സംഭവത്തിന്‌ ഉത്തരവാദികള്‍ എന്ന നിലയില്‍ താങ്കള്‍ രാജിവെക്കണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ പറഞ്ഞാല്‍ എന്തിനാണ്‌ ഞാന്‍ രാജിവെക്കുന്നത്‌ എന്നാണ്‌ അവരുടെ മറുചോദ്യം. ഇത്തരക്കാരുളളപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും-ഹോള്‍ഡിംഗ്‌ പറയുന്നു.
ചിലപ്പോള്‍ ഈ വിഷയം ഒന്നോ രണ്ടോ ആഴ്‌ച്ച ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. പിന്നീട്‌ എല്ലാവരും എല്ലാം മറക്കും. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ കീഴില്‍ പിച്ച്‌ പരിശോധനാ കമ്മിറ്റിയുണ്ട്‌. അവര്‍ക്കെങ്കിലും കാര്യങ്ങള്‍ പരിശോധിക്കാമായിരുന്നു. ഓരോ ദ്വീപിനും മല്‍സരം വീതം വെക്കുന്നത്‌ അവസാനിപ്പിക്കണം. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ആന്റിഗ്വ ക്രിക്കറ്റ്‌ അസോസിയേഷനെ കുറ്റപ്പെടുത്താം. അവരാണ്‌ പ്രാദേശിക സംഘാടകര്‍. പക്ഷേ ആന്റിഗ്വക്ക്‌ മല്‍സരം അനുവദിച്ചത്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌. അപ്പോള്‍ ഒന്നാം പ്രതികള്‍ മറ്റാരുമല്ലെന്നും ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പ്രധാന ശത്രുക്കളില്‍ ഒരാളായ ഹോള്‍ഡിംഗ്‌ പറഞ്ഞു. രണ്ടാം ടെസ്റ്റിന്റെ ടോസിന്‌ തൊട്ട്‌ മുമ്പ്‌ ജെറോം ടെയ്‌ലര്‍ തന്നെ സമീപിച്ചിരുന്നെന്നും ഔട്ട്‌ ഫീല്‍ഡിന്റെ കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചതായും ഹോള്‍ഡിംഗ്‌ പറഞ്ഞു. മണലിലൂടെ റണ്ണപ്പ്‌ ശരിയാവുന്നില്ലെന്നും എങ്ങനെയാണ്‌ പന്തെറിയുകയെന്നും അദ്ദേഹം സംശയം ചോദിച്ചപ്പോള്‍ മണലിനോട്‌ പൊരുതാതെ പന്തെറിയാനാണ്‌ താന്‍ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിവിയന്‍ റിച്ചാര്‍ഡ്‌സും ക്ഷുഭിതനായിരുന്നു. രാജ്യാന്തര നിലവാരത്തിലുളള ഒരു മല്‍സരത്തിന്‌ അനുയോജ്യമായ വേദിയൊരുക്കാന്‍ സംഘാടകര്‍ക്ക്‌്‌ കഴിയാത്തത്‌ നിരാശാജനകമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

തിരക്കിട്ട ഒരുക്കം
ആന്റിഗ്വ: വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനം കേവലം 14 മിനുട്ടില്‍ അവസാനിച്ച ചരിത്ര ടെസ്റ്റിന്റെ വേദിയായി മാറിയപ്പോള്‍ അരികിലുളള ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്തിന്‌ മറ്റൊരു കുപ്രസിദ്ധി കൈവരുകയാണ്‌... ഒരുക്കത്തിന്‌ ഒരു ദിവസം ലഭിച്ചതിനാല്‍ കാര്യമായ ഒരുക്കമൊന്നുമില്ലാതെയാണ്‌ ഇവിടെ ഇന്ന്‌ മുതല്‍ മൂന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്‌. പിച്ച്‌ തയ്യാറാക്കുന്നതിന്റെയും സൈഡ്‌ സ്‌ക്രീന്‍ ഒരുക്കുന്നതിന്റെയും ഗ്യാലറി പെയിന്റടിക്കുന്നതിന്റെയും തിരക്കായിരുന്നു ഇന്നലെ. ആന്റിഗ്വക്ക്‌ അനുവദിച്ച മല്‍സരം പെട്ടെന്ന്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ അതേ ദ്വീപില്‍ തിരക്കിട്ട്‌ മൂന്നാം ടെസ്റ്റ്‌ നടത്തുന്നത്‌.

നായകന്‍
സിഡ്‌നി:ന്യൂസിലാന്‍ഡിനെതിരെ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ നടക്കുന്ന 20-20 മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീന്‍. നാളെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ പുറപ്പെടുന്ന ഓസീസ്‌ സംഘത്തില്‍ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുളളവര്‍ കളിക്കുന്നില്ല. പോണ്ടിംഗിന്റെ ഡെപ്യൂട്ടിയായ മൈക്കല്‍ ക്ലാര്‍ക്കിന്‌ പുറം വേദന കാരണം വിശ്രമം നല്‍കിയിരിക്കയാണ്‌. ഇതിനെ തുടര്‍ന്നാണ്‌ ഹാദ്ദിന്‌ ഇതാദ്യമായി ദേശീയ ടീമിനെ നയിക്കാന്‍ അവസരം കൈവന്നിരിക്കുന്നത്‌. സീനിയര്‍ താരങ്ങളാരും ടീമില്ലില്ല. ടീമിന്റെ ശരാശരി പ്രായം 26 ആണ്‌. ഇതാദ്യമായാണ്‌ ഇത്രയും ചെറിയ സംഘത്തെ ഓസ്‌ട്രേലിയ ഒരു ദേശീയ മല്‍സരത്തിനിറക്കുന്നത്‌. മിന്നലടിക്കാരന്‍ ഡേവിഡ്‌ വാര്‍ണര്‍, ഡേവിഡ്‌ ഹസി എന്നവരാണ്‌ ഇന്നിംഗ്‌സിന്റെ തുടക്കക്കാര്‍. കലും ഫെര്‍ഗൂസണ്‍, മോയിസസ്‌ ഹെന്‍ട്രികസ്‌, ആദം വോഗ്‌സ്‌, ജെയിംസ്‌ ഹോപ്‌സ്‌, കാമറൂണ്‍ വൈറ്റ്‌, ബെന്‍ ഹില്‍ഫാന്‍ഹസ്‌, റോബ്‌ ക്വനി എന്നിവരെല്ലാമാണ്‌ കളിക്കുന്നത്‌.
നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ മുമ്പ്‌ ടീമിന്‌ ലഭിക്കുന്ന അവസാന പരിശീലനാവസരമാണിത്‌. ചാപ്പല്‍-ഹാഡ്‌ലി ഏകദിന പരമ്പരയില്‍ തട്ടിമുട്ടി കപ്പ്‌ നിലനിര്‍ത്താനായ ഓസീസിന്‌ പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഓസീ നിരയിലെ കൂറ്റനടിക്കാരെക്കാള്‍ മിടുക്കരായ വലിയ അടിക്കാര്‍ കിവി സംഘത്തിലുണ്ട്‌. ഗുട്‌പില്‍, ഫുള്‍ടോണ്‍,മക്കുലം എന്നിവരെല്ലാം പന്തിനെ പ്രഹരിക്കാന്‍ മിടുക്കരാണ്‌. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഗുട്‌പിലിന്റെ പ്രഹരശേഷിയില്‍ കിവീസ്‌ കപ്പ്‌ സ്വന്തമാക്കുമായിരുന്നു. പക്ഷേ മഴ വിലങ്ങുതടിയായി. കിവിസിനും വിശ്രമമില്ല. ഇന്ത്യയാണ്‌ അവരുടെ അടുത്ത പ്രതിയോഗികള്‍. 20-20 യിലെ ലോക ചാമ്പ്യന്മാരാണ്‌ ഇന്ത്യ.
ഫൈനല്‍
പട്ടായ: സാനിയ മിര്‍സ കരിയറിലെ രണ്ടാമത്‌ ഡബ്ല്യു.ടി.എ സിംഗിള്‍സ്‌ കിരീടത്തിനരികില്‍....220,000 അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള പട്ടായ ഓപ്പണ്‍ ടെന്നിസിന്റെ സെമി ഫൈനലില്‍ സ്ലോവാക്യയില്‍ നിന്നുളള പ്രതിയോഗി മഗ്‌ദലീന റിബറിക്കോവയെ മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ തകര്‍ത്ത ഇന്ത്യന്‍ താരത്തിന്‌ ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ വിജയിക്കാനായാല്‍ ലോക ടെന്നിസ്‌ റാങ്കിംഗില്‍ നില മെച്ചപ്പെടുത്താം. 6-4, 5-7, 6-1 എന്ന സ്‌ക്കോറിനാണ്‌ ലോക റാങ്കിംഗില്‍ നിലവില്‍ 126 ലുളള സാനിയ 51-ാം സീഡുകാരിയെ പരാജയപ്പെടുത്തിയത്‌. ഈ ചാമ്പ്യന്‍ഷിപ്പില്‍ സാനിയ സിഡ്‌ ചെയ്യപ്പെട്ടിരുന്നില്ല. സ്ലോവാക്യന്‍ താരം എട്ടാം സീഡായിരുന്നു. 2007 ലെ സ്‌റ്റാന്‍ഫോര്‍ഡ്‌ ക്ലാസിക്കിലാണ്‌ അവസാനമായി സാനിയ ഫൈനല്‍ കളിച്ചത്‌. ഹൈദരാബാദ്‌ ഓപ്പണിലെ കിരീടനേട്ടവുമായി ഡബ്ല്യൂ.ടി.എ സിംഗിള്‍സ്‌ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ സാനിയ അല്‍പ്പകാലം പരുക്കുമായി പുറത്തായിരുന്നു. ഈ വര്‍ഷത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ്‌ സാനിയ തിരിച്ചെത്തിയിരിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മഹേഷ്‌ ഭൂപതിക്കൊപ്പം മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം സ്വന്തമാക്കിയ സാനിയ പട്ടായ ഓപ്പണില്‍ ആദ്യ മല്‍സരം മുതല്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു.
ടെയിറ്റ്‌ ചീട്ട്‌
മുംബൈ: പ്രഥമ ഐ.പി.എല്‍ ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ തുരുപ്പ്‌ ചീട്ട്‌ ഓസ്‌ട്രേലിയന്‍ അതിവേഗക്കാരന്‍ ഷോണ്‍ ടെയിറ്റായിരിക്കുമെന്നാണ്‌ ടീം ഡയരക്ടര്‍ ഡാരന്‍ ബെറി പറയുന്നത്‌. കഴിഞ്ഞ വര്‍ഷം ടീമിനെ കിരീടത്തിലേക്ക്‌ നയിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച ബൗളര്‍ പാക്കിസ്‌താന്റെ ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീറായിരുന്നു. ഇത്തവണ പാക്കിസ്‌താന്‍ താരങ്ങളാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നില്ല. അതിനാല്‍ ടെയിറ്റിലായിരിക്കും റോയല്‍സിന്റെ കണ്ണുകള്‍. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങളില്‍ മുഴുവന്‍ ടെയിറ്റിന്‌ കളിക്കാനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഈസ്‌റ്റ്‌ ബംഗാളിന്‌ ജയം
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഈസ്‌റ്റ്‌ ബംഗാളിന്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ 4-1ന്‌ ഗോവയില്‍ നിന്നുള്ള വാസ്‌ക്കോയെ തരിപ്പണമാക്കി. മറ്റൊരു മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡ്‌ ഒരു ഗോളിന്‌ എയര്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ മഹീന്ദ്ര യുനൈറ്റഡും ജെ.സി.ടിയും തമ്മിലുള്ള മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. മിക്ക ടീമുകളും 14 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയന്റുമായി മോഹന്‍ ബഗാനാണ്‌ മുന്നില്‍. സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ (28), ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ (28) എന്നിവരാണ്‌ പിറകില്‍.

Thursday, February 12, 2009

DIAGO... WELL DONE


ബലേ ഡിയാഗോ
പാരീസ്‌: പരിശീലകനായ ഡിയാഗോ മറഡോണക്ക്‌ തുടര്‍ച്ചയായ രണ്ടാം ജയം... ഇതിഹാസ താരത്തിന്റെ ശിക്ഷണത്തിന്‌ കീഴില്‍ കളിച്ച അര്‍ജന്റിന ഫ്രാന്‍സിനെ അവരുടെ മണ്ണില്‍ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. സൗഹൃദ പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയപ്പോള്‍ ഫാബിയോ കാപ്പലോയുടെ ഇംഗ്ലണ്ടിനെ രണ്ട്‌ ഗോളിന്‌ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ നാണംകെടുത്തി. സ്വന്തം നാട്ടില്‍ നോര്‍വെയെ വെല്ലുവിളിച്ച ജര്‍മനിക്കാര്‍ക്ക്‌ ഒരു ഗോളിന്റെ ആഘാതമേറ്റപ്പോള്‍ കരുത്തരായ ഹോളണ്ടിനെ ടൂണീഷ്യ 1-1 ലും ചെക്‌ റിപ്പബ്ലിക്കിനെ ആഫ്രിക്കക്കാരായ മൊറോക്കോ ഗോള്‍രഹിത സമനിലയിലും തളച്ചു. അടുത്ത മാസം നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ മുന്നോടിയായാണ്‌ എല്ലാ ടീമുകളും സൗഹൃദ പോരാട്ട വേദിയില്‍ മുഖാമുഖമെത്തിയത്‌. പക്ഷേ ക്ലബ്‌ പോരാട്ടങ്ങളില്‍ തിളങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ദേശീയ ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അടുത്ത വര്‍ഷം ലോകകപ്പിന്‌ വേദിയാവുന്ന ദക്ഷിണാഫ്രിക്കക്കും സ്വന്തം നാട്ടില്‍ കനത്ത തിരിച്ചടിയേറ്റു. ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ചിലി ജോഹന്നാബര്‍ഗ്ഗ്‌ പോരാട്ടത്തില്‍ രണ്ട്‌ ഗോളിന്‌ ആഫ്രിക്കന്‍ കരുത്തരെ മറിച്ചിട്ടു.
ഇന്നലെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം മറഡോണയുടെ സംഘവും റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയുടെ ഫ്രഞ്ച്‌ സംഘവും തമ്മിലുളള പടയോട്ടമായിരുന്നു. അര്‍ജന്റീനയുടെ പരിശീലകന്‍ എന്ന നിലയില്‍ മറഡോണ 100 ദിവസം പൂര്‍ത്തീകരിച്ച ദിവസത്തിലായിരുന്നു മല്‍സരം. ജോനാസ്‌ ഗുട്ടിറസിന്റെ ഗോളില്‍ ഒന്നാം പകുതിയില്‍ ലീഡ്‌ നേടിയ അര്‍ജന്റീനക്കായി രണ്ടാം പകുകിയില്‍ സൂപ്പര്‍താരം ലയണല്‍ മെസിയും ഗോള്‍ നേടി. രാജ്യാന്തര സോക്കറില്‍ നിറം മങ്ങുന്ന ഫ്രാന്‍സിന്‌ കനത്ത ആഘാതമാണ്‌ ഈ പരാജയം. സ്വന്തം മൈതാനത്ത്‌ എല്ലാ വമ്പന്മാരെയും പരാജയപ്പെടുത്തിയിട്ടുളളവരെന്ന ഖ്യാതിയാണ്‌ ഫ്രാന്‍സിനുണ്ടായിരുന്നത്‌. 98 ല്‍ ഇവിടെ വെച്ച്‌ ബ്രസീല്‍ ഉള്‍പ്പെടെയുളള പ്രബലരെ മറിച്ചിട്ട്‌ ലോകകപ്പില്‍ മുത്തമിട്ട സൈനുദ്ദീന്‍ സിദാന്‍ ഫ്രാന്‍സ്‌ പക്ഷേ ഇന്നലെ പഴയ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു. മാര്‍സലിയിലെ അങ്കത്തില്‍ തിയറി ഹെന്‍ട്രിയും ഫ്രാങ്ക്‌ റിബറിയും ഉള്‍പ്പെടെ ഫ്രഞ്ച്‌ നിരയില്‍ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിരുന്നു. ഇവര്‍ക്കൊന്നും പക്ഷേ അര്‍ജന്റീനിയന്‍ ഹാഫില്‍ പരിഭ്രാന്തി സൃഷ്‌്‌ടിക്കാന്‍ കഴിഞ്ഞില്ല.
കോച്ചായ ശേഷം മറഡോണ ആദ്യം നേരിട്ട എതിരാളികള്‍ സ്‌ക്കോട്ട്‌ലാന്‍ഡായിരുന്നു. ഈ മല്‍സരത്തില്‍ ആധികാരികത പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇന്നലെ എല്ലാ തലത്തിലും ഡിയാഗോയുടെ സംഘം പൂര്‍ണ്ണ കരുത്തിലായിരുന്നു. ഫ്രാന്‍സിന്റെ ശൈലി ദീര്‍ഘപാസുകളായിരുന്നു. പക്ഷേ പന്തുകളെ ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍നിരക്കാര്‍ പരാജയപ്പെട്ടു. അതേ സമയം രാജ്യത്തിനായി ഗുട്ടിറസ്‌ നേടിയ ആദ്യ ഗോള്‍ അര്‍ജന്റീനയുടെ ഫിനിഷിംഗ്‌ പാടവത്തിനുളള തെളിവായി. സ്വന്തം മികവിന്റെ വജ്രശോഭയാണ്‌ ഒരിക്കല്‍ക്കൂടി മെസി പ്രകടിപ്പിച്ചത്‌. കാര്‍ലോസ്‌ ടെവസാണ്‌ ഗോളിലേക്ക്‌ മെസ്സിക്ക്‌ പന്ത്‌ നല്‍കിയത്‌. പെനാല്‍ട്ടി ബോക്‌സിന്‌ 30 വാര പുറത്ത്‌ നിന്ന്‌ പന്ത്‌ സ്വീകരിച്ച ബാര്‍സിലോണിയന്‍ താരം ചടുലമായ നീക്കത്തില്‍ തൊട്ട്‌ മുന്നിലുളള രണ്ട്‌ ഡിഫന്‍ഡര്‍മാരെ മറികടന്ന്‌ ഓട്ടത്തില്‍ തൊടുത്ത ഷോട്ടിന്‌ മുന്നില്‍ ഫ്രഞ്ച്‌ ഗോള്‍ക്കീപ്പര്‍ സ്റ്റീവ്‌ മന്‍ഡാന നിസ്സഹായനായിരുന്നു.
താന്‍ പറഞ്ഞത്‌ പോലെ തന്നെയാണ്‌ താരങ്ങള്‍ കളിച്ചതെന്നും ആദ്യ മുപ്പത്‌ മിനുട്ട്‌ പ്രതിയോഗികളെ പിടിച്ചുനിര്‍ത്താനായാല്‍ മല്‍സരത്തില്‍ ജയിക്കാന്‍ പ്രയാസമില്ലെന്നുമായിരുന്നു എന്റെ നിഗമനം. അതാണ്‌ താരങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്‌്‌-വിജയശ്രീലാളിതനായി കാണപ്പെട്ട കോച്ച്‌ മറഡോണ മല്‍സരശേഷം പറഞ്ഞു.
സൗഹൃദ പോരാട്ടങ്ങളിലെ വലിയ അട്ടിമറിക്കാര്‍ നോര്‍വെയായിരുന്നു. മൈക്കല്‍ ബലാക്‌ എന്ന സൂപ്പര്‍ മിഡ്‌ഫീല്‍ഡര്‍ ദീര്‍ഘകാലത്തിന്‌ ശേഷം ജര്‍മന്‍ നിരയില്‍ മടങ്ങിയെത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ ജര്‍മന്‍കാരുടെ ആധികാരികതയായിരുന്നു. എന്നാല്‍ കൃസ്റ്റ്യന്‍ ഗ്രിന്‍ഡ്‌ഹാം നോര്‍വെക്കാരുടെ ഹീറോയായി. മല്‍സരത്തിന്‌ 63 മിനുട്ട്‌ പ്രായമായപ്പോഴായിരുന്നു ഗ്രിന്‍ഹാമിന്റെ നിര്‍ണ്ണായക ഗോള്‍ പിറന്നത്‌. രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സമ്പാദിക്കുന്നതിലും നോര്‍വെക്കാരായിരുന്നു മുന്നില്‍.
യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനമാണ്‌ സ്‌പെയിന്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയത്‌. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി സമ്പാദിക്കുന്ന മൂന്നാം വിജയത്തിന്റെ സ്‌പാനിഷ്‌ ശില്‍പ്പികള്‍ ഡേവിഡ്‌ വിയയും ഫെര്‍ണാണ്ടോ ലോറന്‍ഡെയുമായിരുന്നു. രണ്ടാം പകുതിയിലിറങ്ങിയ ഡേവിഡ്‌ ബെക്കാം അനുഭവസമ്പത്തിന്റെ കരുത്ത്‌ ആവര്‍ത്തിച്ചു തെളിയിച്ചുവെങ്കിലും കാര്‍ലോസ്‌ പിയോളിന്റെ നേതൃത്ത്വത്തിലുളള സ്‌പാനിഷ്‌ ഡിഫന്‍സ്‌ വഴങ്ങിയില്ല. ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്താന്‍ പോര്‍ച്ചുഗലിന്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി കിക്ക്‌ വേണ്ടി വന്നതായിരുന്നു മറ്റൊരു പ്രധാന യൂറോപ്യന്‍ വാര്‍ത്ത. യൂറോപ്യന്‍ ഫുട്‌
്‌ബോളില്‍ തുടര്‍ച്ചയായി ആധികാരികത പ്രകടിപ്പിക്കുന്ന ഫിന്നിഷ്‌ ടീം 90 മിനുട്ടും വീരോചിത പോരാട്ടമാണ്‌ നടത്തിയത്‌.
ആഫ്രിക്കയില്‍ നിന്നുമെത്തിയ ടൂണീഷ്യക്കാരെ തരിപ്പണമാക്കാനിറങ്ങിയ ഡച്ചുകാര്‍ക്ക്‌ സ്വന്തം പിഴവുകള്‍ വിനയായി. ജാന്‍ ഹഡ്‌ലറുടെ ഗോളില്‍ ലീഡ്‌ നേടിയ ഡച്ചുകാരെ മല്‍സരമവസാനിക്കാന്‍ അഞ്ച്‌്‌ മിനുട്ടുളളപ്പോള്‍ ജമാല്‍ സൈദി നേടിയ ഗോളില്‍ ടൂണീഷ്യ പിടിച്ചുനിര്‍ത്തി. ക്രൊയേഷ്യക്കെതിരായ മല്‍സരത്തില്‍ ലീഡ്‌ കരസ്ഥമാക്കിയ റുമേനിയ തുടര്‍ച്ചയായ രണ്ട്‌ ഗോളുകള്‍ വഴങ്ങി വഴിയില്‍ വീണു. ജര്‍മന്‍ ലീഗില്‍ ഷാല്‍ക്കെക്കായി കളിക്കുന്ന ഇവാന്‍ റാക്‌റ്റിക്ട്‌ ക്രോട്ടുകാരുടെ സമനില ഗോള്‍ നേടിയപ്പോള്‍ വിജയഗോള്‍ നികോ ക്രാന്‍ജറുടെ ബൂട്ടില്‍ നിന്നായിരുന്നു. സ്വന്തം കരുത്ത്‌ നിലനിര്‍ത്തിയ സ്വീഡന്‍ രണ്ട്‌ ഗോളിന്‌ ഓസ്‌ട്രിയയെ തോല്‍പ്പിച്ചപ്പോള്‍ സ്ലോവാക്യ 3-2ന്‌ സൈപ്രസിനെ കീഴടക്കി. തുര്‍ക്കിയും ഐവറി കോസ്‌റ്റും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. മുന്‍നിരക്കാരന്‍ സാമുവല്‍ ഇറ്റോയുടെ കരുത്തില്‍ കാമറൂണ്‍ 3-1ന്‌ ഗുനിയയെ വീഴ്‌ത്തി.
ഐറിഷ്‌ ജയം
ലണ്ടന്‍: സൗഹൃദ പോരാട്ടങ്ങള്‍ക്കൊപ്പം ഇന്നലെ യൂറോപ്പില്‍ നടന്ന മൂന്ന്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌ ഉത്തര അയര്‍ലാന്‍ഡുകാര്‍. യൂറോപ്യന്‍ ഗ്രൂപ്പ്‌ 3 ല്‍ നടന്ന മല്‍സരത്തില്‍ ഐറിഷ്‌ സംഘം മൂന്ന്‌ ഗോളിന്‌ സാന്‍മറീനോയെ മുക്കി. ഗ്രൂപ്പ്‌ എട്ടിലെ മല്‍സരത്തില്‍ തുടക്കത്തില്‍ പിറകിലായിരുന്ന റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ 2-1ന്‌ ജോര്‍ജിയയെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ്‌ ഒന്നില്‍ നടന്ന അല്‍ബേനിയ-മാള്‍ട്ട മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ഗാബ ഫൈനല്‍
ബ്രിസ്‌ബെന്‍: ചാപ്പല്‍-ഹാഡ്‌ലി ട്രോഫി ആര്‍ക്കാണെന്ന്‌ ഇന്നറിയാം. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുളള പഞ്ചമല്‍സര ഏകദിന പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്‌ നടക്കുമ്പോള്‍ ശരിക്കുമൊരു ഫൈനല്‍ പ്രതീതിയാണ്‌ ഇരു ക്യാമ്പുകളിലും. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും ഡാനിയല്‍ വെട്ടോരിയുടെ ന്യൂസിലാന്‍ഡ്‌ ജയിച്ചപ്പോള്‍ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ അവസാന രണ്ട്‌ മല്‍സരങ്ങളില്‍ കരുത്തോടെ തിരിച്ചെത്തിയിരുന്നു. നല്ല മഴക്ക്‌ സാധ്യതയുളള ദിവസമായതിനാല്‍ ഇന്നത്തെ ഫൈനല്‍ പോരാട്ടം നിശ്ചിത ഓവറുകളില്‍ നടക്കുമോ എന്ന സംശയം നിലനില്‍ക്കെ ശുഭപ്രതീക്ഷയിലാണ്‌ വെട്ടോരി. ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയം ടീമിന്‌ സമ്മാനിച്ച ആത്മവിശ്വാസം ചെറുതായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ടീം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ മൂന്ന്‌,നാല്‌ മല്‍സരങ്ങളില്‍ റിക്കി പോണ്ടിംഗ്‌ തിരിച്ചെത്തിയത്‌ കിവീസിന്‌ ആഘാതമായി. എതിരാളികളുടെ കരുത്ത്‌ മനസ്സിലാക്കി ഏറ്റവും മികച്ച പ്രകടനം നടത്താനാണ്‌ വെട്ടോരി തന്റെ യുവസംഘത്തിലെ അംഗങ്ങളോട്‌ പറയുന്നത്‌.
വെട്ടോരി, കൈല്‍ മില്‍സ്‌, ബ്രെന്‍ഡന്‍ മക്കുലം എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ കിവി സംഘത്തിലെ എല്ലാവരും താരതമ്യേന പുതുമുഖങ്ങളാണ്‌. ഈ സംഘമാണ്‌ പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും കരുത്ത്‌ പ്രകടിപ്പിച്ചത്‌. ഗുട്‌പില്‍, ടെയ്‌ലര്‍, ഫുള്‍ടോണ്‍ എന്നിവരാണ്‌ ബാറ്റിംഗിലെ നെടുംതൂണുകള്‍. ബൗളിംഗില്‍ മില്‍സും വെട്ടോരിയും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച്‌ ഇത്‌ വരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ ന്യൂസിലാന്‍ഡിന്‌ കഴിഞ്ഞിട്ടില്ല. ആ റെക്കോര്‍ഡ്‌ തിരുത്താന്‍ വെട്ടോരി ഇറങ്ങുമ്പോള്‍ സമീപകാലത്തെ ദുഷ്‌പ്പേര്‌ ചെറുതായെങ്കിലും ഇല്ലാതാക്കാന്‍ പരമ്പര നേട്ടം സഹായിക്കുമെന്ന വിശ്വാസത്തിലാണ്‌ പോണ്ടിംഗ്‌.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ദയനീയ തോല്‍വിക്ക്‌ ശേഷമാണ്‌ റിക്കിയും സംഘവും അയല്‍വാസികള്‍ക്കെതിരെ കളിക്കാനിറങ്ങിയത്‌. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ്‌ പരമ്പരയിലെ കനത്ത ആഘാതത്തില്‍ നിന്നും ഓസീസിന്‌ ചെറിയ തുണയായത്‌ ന്യൂസിലാന്‍ഡിനെതിരായ ടെസ്‌റ്റ്‌ പരമ്പരയായിരുന്നു. ഈ പരമ്പരയിലെ നേട്ടത്തിന്‌ ശേഷം പക്ഷേ ദക്ഷിണാഫ്രിക്ക ഇരുട്ടടിയേല്‍പ്പിച്ചു.
പരുക്കിന്റെ പ്രശ്‌നം ഓസീ ക്യാമ്പിലുണ്ട്‌. വൈസ്‌ ക്യാപ്‌റ്റനായ മൈക്കല്‍ ക്ലാര്‍ക്കിന്റെ കാര്യം സംശയത്തിലാണ്‌. പക്ഷേ ഹസി സഹോദരന്മാര്‍ ഫോമില്‍ കളിക്കുന്നുണ്ട്‌. ഓപ്പണറുടെ കുപ്പായത്തില്‍ വിക്കറ്റ്‌്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീനും കരുത്ത്‌ തെളിയിച്ചിരിക്കുന്നു.

ഷോക്ക്‌
കൊളംബോ: മഹേല ജയവര്‍ദ്ധനെ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞതില്‍ മുത്തയ്യ മുരളിധരനും ലങ്കന്‍ ടീമിനും ഷോക്ക്‌....! കളത്തിന്‌ പുറത്തുളള കളികളില്‍ മഹേലക്ക്‌ മടുപ്പ്‌ തോന്നിയിരുന്നുവെന്നും അദ്ദേഹം ഏത്‌ സമയത്തും രാജി നല്‍കാന്‍ സാധ്യതയുണ്ടെന്നും അറിയാമായിരുന്നുവെങ്കിലും പെട്ടെന്നുളള രാജിയില്‍ എല്ലാവരും ഞെട്ടിയതായി തന്റെ കോളത്തില്‍ മുരളി എഴുതി. കുറച്ച്‌ മാസങ്ങളായി ഇതിനെക്കുറിച്ച്‌ മഹേല ചിന്തിക്കാന്‍ തുടങ്ങിയിട്ട്‌. ലങ്കന്‍ നായകനാവുമ്പോള്‍ എല്ലാതരം സമ്മര്‍ദ്ദവുമുണ്ടാവും. ഇതില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. ടെസ്റ്റ്‌ ടീം നായകന്‍ എന്ന നിലയില്‍ മഹേലയുടെ നേട്ടം ഒരു ലങ്കന്‍ ക്യാപ്‌റ്റനും സമ്പാദിക്കാന്‍ കഴിയാത്തതാണെന്ന്‌ മുരളി വിലയിരുത്തുന്നു. എല്ലാ താരങ്ങളെയും ഓരേ തരത്തില്‍ കാണാനും എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യാനും മഹേല മിടുക്കനായിരുന്നു. സീനിയര്‍-ജൂനിയര്‍ വേര്‍ത്തിരിവ്‌ അദ്ദേഹം കാണിച്ചിരുന്നില്ല. എല്ലാവരില്‍ നിന്നും എല്ലാ പിന്തുണയും തേടുന്നതില്‍ മടിയില്ലായിരുന്നു. ഡ്രസ്സിംഗ്‌ റൂമിലെ ഐക്യം തന്നെ മഹേലയുടെ കരുത്തായിരുന്നു. അദ്ദേഹത്തിന്റെ രാജി ലങ്കന്‍ ക്രിക്കറ്റിന്‌ ആഘാതമാണെന്നും മുരളി കരുതുന്നു. ഒരു വിഭാഗം മാധ്യമങ്ങളുടെ വിമര്‍ശനമാണ്‌ മഹേലയെ പെട്ടെന്നുളള തിരുമാനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ മുന്‍ ലങ്കന്‍ നായകന്‍ മൈക്കല്‍ ടിസേര പറഞ്ഞു. നല്ല നായകനായിരുന്നു മഹേല. ടീമിനെ കരുത്തോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. ലോകകപ്പിന്റെ ഫൈനല്‍ വരെ ടീം കളിച്ചു. എന്നാല്‍ ചിലരുടെ അന്യായമായ വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി തന്റെ പിന്‍ഗാമിക്ക്‌ ആവശ്യമായ സമയം നല്‍കിയുളള മഹേലയുടെ വിടവാങ്ങലിനെ ബഹുമാനിക്കണമെന്ന്‌ ഐ.സി.സി മാച്ച്‌ റഫറിയായ രഞ്‌ജന്‍ മദുഗലെ പറഞ്ഞു.
പണമില്ല
മുംബൈ: കപില്‍ദേവിന്റെ ഐ.സി.എല്‍ വന്‍ പ്രതിസന്ധി മുഖത്ത്‌... !ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട ഐ.സി.എല്‍ അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ലോക സീരിസ്‌ 20-20 ചാമ്പ്യന്‍ഷിപ്പ്‌ അവസാന നമിഷം റദ്ദാക്കി. സാമ്പത്തിക മാന്ദ്യത്തിനൊപ്പം പാക്കിസ്‌താന്‍ താരങ്ങളുടെ അഭാവവുമാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ റദ്ദാക്കാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌. ചാമ്പ്യന്‍ഷിപ്പ്‌ റദ്ദാക്കിയത്‌ മാത്രമല്ല കരാര്‍ ചെയ്യപ്പെട്ട പല താരങ്ങള്‍ക്കും പ്രതിഫല കുടിശ്ശിക ഐ.സി.എല്‍ നല്‍കാനുണ്ട്‌. ഇന്ത്യ, പാക്‌, ഓസീസ്‌ താരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ ഐ.സി.എല്‍ ചാമ്പ്യന്മാര്‍ ഇന്‍സമാം നയിക്കുന്ന ലാഹോര്‍ ബാദ്‌ഷാസാണ്‌. ഐ.സി.എല്ലില്‍ കളിച്ച പാക്‌ താരങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ഈയിടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിന്‍വലിച്ചതിനാല്‍ ബാദ്‌ഷാസിലെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയാണ്‌്‌. ചിലര്‍ക്ക്‌ ദേശീയ സംഘത്തിലും അവസരം ലഭിക്കും. ഈ സാഹചര്യത്തിലാണ്‌ ലോക സീരീസിന്‌ ബാദ്‌ഷാസ്‌ വരാത്തത്‌. ക്രിസ്‌ കെയിന്‍സ്‌, ദിനേശ്‌ മോംഗിയ തുടങ്ങിയവരുമായുളള കരാര്‍ ഇടക്കാലത്ത്‌്‌ ഐ.സി.എല്‍ റദ്ദാക്കുകയും ചെയ്‌തിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണില്‍ ഐ.സി.എല്‍ 20-20 ചാമ്പ്യന്‍ഷിപ്പ്‌ തന്നെയുണ്ടാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

രണ്ടാമന്‍
ലണ്ടന്‍: സ്‌പെയിനിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ രണ്ട്‌ ഗോളിന്‌ തോറ്റെങ്കിലും വ്യക്തിപരമായി ഡേവിഡ്‌ ബെക്കാമിന്‌ വിലപ്പട്ട റെക്കോര്‍ഡ്‌ മല്‍സരം സമ്മാനിച്ചു. സ്‌പാനിഷ്‌ പ്രതിയോഗികള്‍ക്കെതിരെ രണ്ടാം പകുതിയില്‍ കളിച്ചതോടെ ഇംഗ്ലീഷ്‌ സോക്കര്‍ ചരിത്രത്തില്‍ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്‌ താരമെന്ന ബഹുമതി ബോബി മൂറിനൊപ്പം പങ്കിടാന്‍ ബെക്കാമിന്‌ അവസരം ലഭിച്ചു. രാജ്യത്തിനായി 108-ാമത്‌ മല്‍സരമാണ്‌ ഇന്നലെ ബെക്കാം കളിച്ചത്‌. മൂറും ഇത്രയും മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌്‌. 125 മല്‍സരങ്ങളില്‍ രാജ്യത്തിന്റെ കുപ്പായമണിഞ്ഞിട്ടുളള ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണാണ്‌ റെക്കോര്‍ഡ്‌ നേട്ടത്തില്‍ ഒന്നാമന്‍. ഇപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്‌ വേണ്ടി കളിക്കുന്ന 33 കാരന്‌ അടുത്ത ലോകകപ്പില്‍ പങ്കെടുത്ത്‌ വിടവാങ്ങാനാണ്‌ താല്‍പ്പര്യം. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ ഷില്‍ട്ടന്റെ റെക്കോര്‍ഡ്‌ ഭേദിക്കാനും അവസരമുണ്ടാവും. പക്ഷേ എല്ലാം കോച്ച്‌ ഫാബിയോ കാപ്പലോയുടെ കൈകളിലാണ്‌...

മാനം
ആന്റിഗ്വ: ജമൈക്കയിലെ സബീനാപാര്‍ക്ക്‌ ഇംഗ്ലീഷുകാര്‍ മറക്കില്ല.... ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഈ വേദിയില്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിച്ച ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം ടെസ്‌റ്റ്‌ ചരിത്രത്തില ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നില്‍ അംഗങ്ങളായത്‌. ക്രിസ്‌ ഗെയിലിന്റെ വിന്‍ഡീസിന്‌ മുന്നില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 51 റണ്‍സിന്‌ പുറത്തായി പേരുദോഷം സമ്പാദിച്ച സ്‌ട്രോസും സംഘവും ഇന്ന്‌ മാനം കാക്കാന്‍ ഇറങ്ങുകയാണ്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റ്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ ജീവന്മരണ പോരാട്ടമാണ്‌. ടീം തിരിച്ചുവരുമെന്നാണ്‌ സ്‌ട്രോസ്‌ പറയുന്നത്‌. സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ താരങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ പോള്‍ കോളിംഗ്‌വുഡും എല്ലാം മറന്ന്‌ ഇംഗ്ലണ്ട്‌ കളിക്കുമെന്ന്‌ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പറയുമ്പോള്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന മുന്‍നായകന്‍ ഒന്നും പറഞ്ഞിട്ടില്ല. പീറ്റേഴ്‌സണെ പുറത്താക്കിയാണ്‌ വിന്‍ഡീസ്‌ പരമ്പരക്കായി സ്‌ട്രോസിനെ സെലക്ടര്‍മാര്‍ ജോലിയേല്‍പ്പിച്ചത്‌. ജമൈക്കയിലെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിക്കടുത്ത പ്രകടനം നടത്തിയ കെവിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ പരാജയമായിരുന്നു. താരങ്ങള്‍ക്ക്‌ മാത്രമല്ല കോച്ച്‌ ആന്‍ഡി ഫ്‌ളവറിനും ആന്റിഗ്വ ടെസ്റ്റ്‌ നിര്‍ണ്ണായകമാണ്‌.

Wednesday, February 11, 2009

ASIAN SOCCER TEN.... SION


സമനില
യോക്കോഹാമ: ഏഷ്യയില്‍ ലോകകപ്പ്‌ ടിക്കറ്റിനായുളള യാത്രയില്‍ ഓസ്‌ട്രേലിയ മുന്നില്‍. ഇന്നലെ നടന്ന നാല്‌ മല്‍സരങ്ങളുടെ ഫലങ്ങളില്‍ കങ്കാരുക്കളാണ്‌ നേരിയ മുന്‍ത്തൂക്കം സ്വന്തമാക്കിയിരിക്കുന്നത്‌. ഗ്രൂപ്പ്‌ ഒന്നില്‍ ഓസ്‌ട്രേലിയ ജപ്പാനെ അവരുടെ തട്ടകത്ത്‌ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ഇതേ ഗ്രൂപ്പില്‍ ബഹറൈന്‍ ഒരു ഗോളിന്‌ ഉസ്‌ബെക്കിനെ വീഴ്‌ത്തി. ഗ്രൂപ്പ്‌ രണ്ടില്‍ ഇറാനും ദക്ഷിണ കൊറിയയും തമ്മിലുള്ള മല്‍സരം 1-1 ല്‍ അവസാനിച്ചപ്പോള്‍ ഉത്തര കൊറിയ ഒരു ഗോളിന്‌ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ സജീവമാക്കി.
യോക്കോഹാമയിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ-ജപ്പാന്‍ മല്‍സരം പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ തുല്യശക്തികളുടെ ആവേശപ്പോരാട്ടമായിരുന്നു. തിങ്ങിനിറഞ്ഞ കാണികളുടെ കൈയ്യടികളോടെ ആദ്യ പകുതി ജപ്പാന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ആക്രമണവുമായി ഓസ്‌ട്രേലിയ കളം നിറഞ്ഞു. പക്ഷേ രണ്ട്‌ പകുതികളിലും ഗോള്‍ മാത്രം പിറന്നില്ല. സമനില ഓസ്‌ട്രേലിയക്കാണ്‌ നേട്ടമാവുന്നത്‌. വിലപ്പെട്ട ഒരു പോയന്റ്‌്‌ ലഭിച്ചതോടെ യോഗ്യതാ റൗണ്ട്‌ ഗ്രൂപ്പ്‌ എ യില്‍ അവര്‍ക്ക്‌ ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. ഇതിനകം കളിച്ച നാല്‌ കളികളില്‍ മൂന്ന്‌ ജയങ്ങളും ഒരു സമനിലയുമായി മൊത്തം പത്ത്‌ പോയന്റാണ്‌ കങ്കാരുകള്‍ക്കുളളത്‌. ജപ്പാന്‌ എട്ട്‌ പോയന്റുണ്ട്‌. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ ഏഷ്യയില്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം നടക്കുന്നത്‌. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ക്കാണ്‌ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ അവസരം. ഏറ്റവും മികച്ച ഒരു മൂന്നാം സ്ഥാനക്കാര്‍ക്ക്‌ ഓഷ്യാനയില്‍ നിന്നുള്ള ചാമ്പ്യന്മാരുമായി പ്ലേ ഓഫ്‌ കളിക്കാന്‍ അവസരവുമുണ്ട്‌. ഗ്രൂപ്പ്‌ ഒന്നില്‍ ഖത്തര്‍, ബഹറൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ്‌ മറ്റ്‌ ടീമുകള്‍. ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ ശക്തരുടെ ആധിപത്യം ഗ്രൂപ്പില്‍ നിലനില്‍ക്കുന്നതിനാല്‍ ബാക്കി മൂന്ന്‌ ടീമുകള്‍ക്കും വലിയ സാധ്യതകളില്ല.
ഇന്നലെ ആദ്യപകുതി നിറയെ ജപ്പാനായിരുന്നു. മല്‍സരത്തിന്‌ നാല്‌ മിനുട്ട്‌ പ്രായമായപ്പോള്‍ തന്നെ കൈജി തമാട്ടോ പായിച്ച മിന്നല്‍ ഷോട്ടില്‍ നിന്ന്‌ ഭാഗ്യത്തിനാണ്‌ ഓസീസ്‌ രക്ഷപ്പെട്ടത്‌. അടുത്ത മിനുട്ടില്‍ ഡിഫന്‍ഡര്‍ അട്‌സുടോ ഉചിഡ എല്ലാവരെയും കടന്നുകയറി പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിച്ചത്‌ ഓസീസ്‌ ക്യാമ്പിനെ പരിഭ്രാന്തിയിലാക്കി. പക്ഷേ അവരുടെ ഭാഗ്യത്തിന്‌ ഓഫ്‌ സൈഡ്‌ കൊടി ഉയര്‍ന്നു. സ്‌ക്കോട്ടിഷ്‌്‌ ലീഗില്‍ സെല്‍റ്റിക്കിനായി കളിക്കുന്ന ഷുന്‍സുകെ നകമുറയുടെ കാലില്‍ പന്ത്‌ കിട്ടിയപ്പോഴെല്ലാം ഓസീസ്‌ പ്രതിരോധത്തിന്‌ പിടിപ്പത്‌ ജോലിയായിരുന്നു. മുപ്പത്തിയാറാം മിനുട്ടില്‍ യുടോ നഗമോട്ടോ ഫ്രീകിക്കില്‍ നിന്നും പായിച്ച ബലമുള്ള ഷോട്ടിന്‌ തലവെക്കാന്‍ യുഷിട്ടോ എന്‍ഡോക്ക്‌ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ടീം കാഹിലിലൂടെയാണ്‌ ഓസ്‌ട്രേലിയ സാന്നിദ്ധ്യമറിയിച്ചത്‌. ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ മാര്‍ച്ച്‌ 28ന്‌ ജപ്പാന്‍ ബഹറൈനെയും ഏപ്രില്‍ ഒന്നിന്‌ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്ഥാനെയും നേരിടും.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബഹറൈന്‍ ഏക ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ നിലനിര്‍ത്തി. വിജയത്തോടെ ഗ്രൂപ്പില്‍ നാല്‌ പോയന്റുമായി ബഹറൈന്‍ ഖത്തറിനൊപ്പമെത്തി. മല്‍സരമവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ മഹമൂദ്‌ അബ്ദുള്‍ റഹ്‌മാനാണ്‌ ബഹറൈന്റെ വിജയഗോള്‍ നേടിയത്‌. കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി ഒരു പോയന്റ്‌ മാത്രം സമ്പാദിക്കാനാണ്‌ ബഹറൈന്‌ കഴിഞ്ഞത്‌. താഷ്‌ക്കന്റിലെ പക്തകര്‍ സ്റ്റേഡിയത്തില്‍ കാല്‍ലക്ഷത്തോളം ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തില്‍ ഉസ്‌ബെക്കുകാര്‍ക്കായിരുന്നു മുൂന്‍ത്തൂക്കം. തുടക്കം മുതല്‍ അവര്‍ ആധിപത്യം ചെലുത്തുകയും ചെയ്‌തു. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. കഴിഞ്ഞ മല്‍സരങ്ങളിലൊന്നിലും ജയിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഫൈനല്‍ റൗണ്ട്‌ സാധ്യത നിലനിര്‍ത്താന്‍ രണ്ട്‌ ടീമുകള്‍ക്കും വിജയവും അത്യാവശ്യമായിരുന്നു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ ബഹറൈന്‌ അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ്‌ ഉസ്‌ബെക്കുകാരുടെ നെഞ്ച്‌ തകര്‍ത്തത്‌. ഗോള്‍ വലയത്തില്‍ നിന്നും 20 വാര അകലെ, അബ്‌ുറഹ്‌്‌മാന്‍ പായിച്ച കിക്ക്‌ ഉസ്‌ബെക്ക്‌ ഗോള്‍ക്കീപ്പര്‍ ഇഗ്നാറ്റി നെസ്റ്ററോവിനെ നിസ്സഹായനാക്കി.
ഗ്രൂപ്പ്‌ രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഉത്തര കൊറിയ ഒരു ഗോളിന്‌ സൗദി അറേബ്യയെ തോല്‍പ്പിച്ച്‌ സാധ്യതകള്‍ നിലനിര്‍ത്തി. 1966 ന്‌ ശേഷം ആദ്യ ലോകകപ്പ്‌ കളിക്കാന്‍ ഒരുങ്ങുന്ന ഉത്തര കൊറിയക്കായി മുന്‍ ഇന്‍ ഗുകാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. ഇതോടെ നാല്‌ മല്‍സരങ്ങളില്‍ നിന്നായി കൊറിയക്കാര്‍ക്ക്‌ ഏഴ്‌ പോയന്റായി. കഴിഞ്ഞ നാല്‌ ലോകകപ്പുകളിലും ഏഷ്യയെ പ്രതിനിധീകരിച്ചവരായ സൗദിയുടെ സാധ്യതകള്‍ക്ക്‌ കനത്ത ആഘാതമാണ്‌ ഈ തോല്‍വി. നാല്‌ പോയന്റാണ്‌ ടീമിന്റെ ആകെ സമ്പാദ്യം. ഇനി നാല്‌ മല്‍സരങ്ങള്‍ കളിക്കാനുണ്ട്‌. ഈ മല്‍സരങ്ങളില്ലെല്ലാം വിജയിക്കുകയും മുഖ്യ പ്രതിയോഗികള്‍ പരാജയപ്പെടുകയും ചെയ്‌താല്‍ മാത്രമാണ്‌ സൗദി മോഹം പൂവണിയുക. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഇറാനുമാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്‌.
ഇന്നലെ ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയും ഇറാനും 1-1 ല്‍ പിരിഞ്ഞിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ജാവേദ്‌ നെക്കൂനത്തിന്റെ ഗോളില്‍ ഇറാന്‍ ലീഡ്‌ നേടിയിരുന്നു. ആസാദി സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം പേരെ സാക്ഷിയാക്കി മികച്ച പ്രകടനം നടത്തിയ ഇറാന്‌ പക്ഷേ കൊറിയയുടെ പ്രീമിയര്‍ ലീഗ്‌ സൂപ്പര്‍ താരം പാര്‍ക്‌ ജി സംഗിന്റെ മികവിന്‌ മുന്നില്‍ തലതാഴ്‌ത്തേണ്ടി വന്നു. എണ്‍പത്തിയൊന്നാം മിനുട്ടിലായിരുന്നു പാര്‍ക്കിന്റെ ഗോള്‍.

മാറ്റമില്ല
ലണ്ടന്‍: ഗസ്‌ ഹിഡിങ്കിന്‌ ഡബിള്‍ ഡ്യൂട്ടി.... റഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായ ഡച്ചുകാരന്‌ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ചെല്‍സിയുടെ ഡ്യൂട്ടിയുമുണ്ടാവും. ക്ലബ്‌ അധികാരികള്‍ ഇന്നലെ ഹിഡിങ്കിന്റെ സ്ഥാനാരോഹണം സ്ഥീരീകരിച്ചു. രണ്ട്‌ ദിവസം മുമ്പാണ്‌ നാടകീയ നീക്കത്തില്‍ ചെല്‍സി ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയുടെ ഡ്യൂട്ടി അവസാനിപ്പിച്ചത്‌. തുടര്‍ന്ന്‌്‌ ഹിഡിങ്കുമായി മാനേജ്‌മെന്റ്‌്‌ ചര്‍ച്ച നടത്തുകയും റഷ്യന്‍ സോക്കര്‍ ഫെഡറേഷന്റെ അനുമതിയോടെ അദ്ദേഹം ജോലി ഏറ്റെടുക്കുകയുമായിരുന്നു. ഈയാഴ്‌ച്ച തന്നെ ഹിഡിങ്ക്‌ താരങ്ങളുമായി സംസാരിക്കും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, ലിവര്‍പൂള്‍ എന്നിവര്‍ക്ക്‌ പിറകില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ചെല്‍സി.

ഒരു വര്‍ഷം
മുംബൈ: പ്രതീക്ഷിച്ചത്‌ തന്നെ.... ഉത്തേജക വിവാദത്തില്‍ പ്രതിയായ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ മുഹമ്മദ്‌ ആസിഫിന്‌ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ട്രിബ്യൂണല്‍ ഒരു വര്‍ഷത്തെ വിലക്ക്‌ നല്‍കി. 2009 സെപ്‌തംബര്‍ 21 വരെ വിലക്ക്‌ കാലാവധിയുണ്ട്‌. ഐ.പി.എല്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച വേളയില്‍ ആസിഫ്‌ നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിച്ചതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തെ വിലക്കിയതെന്നും സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെട്ട ട്രിബ്യൂണല്‍ പ്രസ്‌താവനയല്‍ വ്യക്തമാക്കി. പ്രിമിയര്‍ ലീഗിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങവെ ദുബായ്‌ വിമാനത്താവളത്തില്‍ വെച്ച്‌ നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുമായി ആസിഫ്‌ പിടിക്കപ്പെട്ടിരുന്നു. പാക്കിസ്‌താന്‍ അധികാരികളാണ്‌ പിന്നീട്‌ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്‌. ഈ വിവാദത്തില്‍ രണ്ട്‌ തവണ ഐ.പി.എല്‍ ട്രിബ്യൂണലിന്‌ മുമ്പാകെ ആസിഫ്‌ ഹാജരായിരുന്നു. ആസിഫിന്‌ കുറഞ്ഞത്‌ ഒരു വര്‍ഷ വിലക്ക്‌ ലഭിക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക മൂന്ന്‌ മാസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

നമ്പര്‍ വണ്‍
ലാഗോസ്‌്‌: ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരം ആഴ്‌സനലിന്റെ മുന്‍നിരക്കാരനായ ടോംഗോ താരം ഇമാനുവല്‍ അബിദേയര്‍ക്ക്‌. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകര്‍ പങ്കെടുത്ത വോട്ടിംഗില്‍ നിന്നാണ്‌ അബിദേയര്‍ ഒന്നാമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഈജിപ്‌തിന്റെ മുഹമ്മദ്‌ അബ്ദുറിക്കയെയാണ്‌ അദ്ദേഹം പിറകിലാക്കിയത്‌. കഴിഞ്ഞ സീസണില്‍ ആഴ്‌സനലിനായി പ്രീമിയര്‍ ലീഗില്‍ 24 ഗോളുകള്‍ അബിദേയര്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. നൈജീരിയന്‍ നഗരമായ ലാഗോസില്‍ ഇന്നലെ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ വെച്ച്‌ അബിദേയര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആഴ്‌സനലിനും ടോംഗോക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിതെന്ന്‌ സന്തോഷവാനായി കാണപ്പെട്ട യുവതാരം പറഞ്ഞു.

സമയമായി....
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകന്‍ മഹേല ജയവര്‍ദ്ധനെ രാജി പ്രഖ്യാപിച്ചു. പാക്കിസ്‌താനെതിരെ നടക്കാനിരിക്കുന്ന രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്ക്‌ ശേഷം അദ്ദേഹം ടീമിന്റെ ചുമതല കൈമാറും. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനും ഇപ്പോള്‍ ടീമിന്റെ ഉപനായകനുമായ കുമാര്‍ സങ്കക്കാരയായിരിക്കും പുതിയ നായകനെന്നാണ്‌ സൂചനകള്‍. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ ശേഷം സിംബാബ്‌വെക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ നായകന്‍ ചുമതലയേല്‍ക്കും. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയാണ്‌ മഹേലയെ പെട്ടെന്ന്‌ രാജിക്ക്‌ പ്രേരിപ്പിച്ചത്‌. കഴിഞ്ഞ ദിവസം നടന്ന 20-20 മല്‍സരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇന്നലെ സെലക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ്‌ മഹേല രാജി നല്‍കാനുളള തീരുമാനം പരസ്യമാക്കിയത്‌. 2004 ലാണ്‌ മഹേല ലങ്കന്‍ ഏകദിന ടീമിന്റെ നായകനായത്‌. 2006 ല്‍ മര്‍വന്‍ അട്ടപ്പട്ടുവില്‍ നിന്ന്‌ ടെസ്റ്റ്‌ ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്തു. വിന്‍ഡീസില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചതായിരുന്നു നായകനെന്ന നിലയില്‍ മഹേലയുടെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയെ തകര്‍ത്ത്‌ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതും നേട്ടമായി. മഹേലക്ക്‌ കീഴില്‍ ലങ്കന്‍ ടീമിന്റെ വിദേശ വിജയനിരക്കിലും മാറ്റമുണ്ടായിരുന്നു. ഇംഗ്ലണ്ട്‌, ന്യൂസിലാന്‍ഡ്‌, വിന്‍ഡീസ്‌ എന്നിവര്‍ക്കെതിരായ ടെസ്‌റ്റ്‌ പരമ്പരകള്‍ സമനിലയിലെത്തിക്കാന്‍ കഴിഞ്ഞു. 26 ടെസ്‌റ്റുകളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതില്‍ 15 മല്‍സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഏഴില്‍ പരാജയപ്പെട്ടു. ടെസ്റ്റ്‌ മല്‍സരങ്ങളില്‍ നായകന്‍ എന്ന നിലയില്‍ ഏറെ തവണ വലിയ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുളള മഹേലക്ക്‌ സമീപകാലത്തായി ഏകദിനങ്ങളില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 94 ഏകദിനങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചു. ഇതില്‍ 54 ല്‍ വിജയിച്ചപ്പോള്‍ 35 മല്‍സരങ്ങളില്‍ പരാജയപ്പെട്ടു.
പിന്‍ഗാമിക്ക്‌ അവസരം നല്‍കാനുളള അനുയോജ്യ സമയമാണിതെന്ന്‌ ഇന്നലെ വാര്‍ത്താലേഖകരുമായി സംസാരിക്കവെ മഹേല പറഞ്ഞു. 2011 ലെ ലോകകപ്പിന്‌ ഇനിയും 18 മാസങ്ങള്‍ ശേഷിക്കുന്നു. ലോകകപ്പിന്‌ മുന്നോടിയായി ടീമിനെ ഒരുക്കാന്‍ പുതിയ നായകന്‌ കഴിയും-മഹേല വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഈ തീരുമാനവുമായി ഞാന്‍ നടക്കുന്നു. അനുയോജ്യമായ സമയത്താണ്‌ സെലക്‌
ര്‍മാരെയും ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സി.ഇ.ഒ ദുലീപ്‌ മെന്‍ഡിസിനെയും കണ്ടത്‌. ലങ്കന്‍ ടീമിനെ നയിക്കുക എന്നത്‌ വലിയ നേട്ടമാണ്‌. നായകന്‍ എന്ന നിലയില്‍ ടീമിനെയും ക്രിക്കറ്റിനെയും നാട്ടുകാരെയും സേവിക്കാന്‍ എനിക്കായി എന്നാണ്‌ വിശ്വാസം. പുതിയ നായകന്‌ കീഴില്‍ ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ കളിക്കാനാണ്‌ തീരുമാനം-മഹേല പറഞ്ഞു.
കുമാര്‍ ചോയിസ്‌
കൊളംബോ: 2011 ല്‍ ഇന്ത്യയിലും പാക്കിസ്‌താനിലും ലങ്കയിലും ബംഗ്ലാദേശിലുമായി നടക്കുന്ന ലോകകപ്പിലും ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന രണ്ടാമത്‌ 20-20 ലോകകപ്പിലും കളിക്കുന്ന ലങ്കന്‍ ടീമിനെ നയിക്കുക കുമാര്‍ സങ്കക്കാരയായിരിക്കും. മഹേല ജയവര്‍ദ്ധനെ നായകസ്ഥാനത്ത്‌ നിന്ന്‌ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ സെലക്ടര്‍മാര്‍ പുതിയ നായകനെ പ്രഖ്യാപിക്കും. മഹേലയുടെ വിശ്വസ്‌തനും ലങ്കന്‍ ക്രിക്കറ്റിലെ സ്റ്റൈലിഷ്‌ ബാറ്റ്‌സ്‌മാനുമായ സങ്കക്കാരക്കാണ്‌ എല്ലാ സാധ്യതകളും. ഇന്ത്യക്കെതിരായ 20-20 മല്‍സരത്തില്‍ ടീമിനെ നയിച്ച തിലകര്‌തനെ ദില്‍ഷാന്‍ മാത്രമാണ്‌ സങ്കക്കാരക്ക്‌ വെല്ലുവിളി. എന്നാല്‍ ടെസ്‌റ്റ്‌, ഏകദിന, 20-20 ടീമുകളില്‍ ദില്‍ഷാന്‌ സ്ഥിരസ്ഥാനമില്ലാത്തതിനാല്‍ കുമാര്‍ തന്നെ സ്വാഭാവിക ചോയിസായി മാറും.
തന്റെ പിന്‍ഗാമിയാവാന്‍ അനുയോജ്യന്‍ സങ്കക്കാരയാണെന്ന്‌ നേരത്തെ തന്നെ മഹേല പറഞ്ഞിരുന്നു. ക്രിക്കറ്റിനെക്കുറിച്ച്‌ നല്ല അവബോധമുണ്ട്‌ കുമാറിന്‌. ഞാന്‍ നായകനും കുമാര്‍ ഉപനായകനുമായപ്പോള്‍ പരസ്‌പരം ചര്‍ച്ച ചെയ്‌താണ്‌ എല്ലാ കാര്യങ്ങളും തീരുമാനിച്ചത്‌. ലോക ക്രിക്കറ്റില്‍ കുമാറിന്‌ അനുഭവസമ്പത്തുമുണ്ട്‌. അതിനാല്‍ കുമാറായിരിക്കും ഏറ്റവും മികച്ച ചോയിസെന്നും മഹേല വ്യക്തമാക്കിയിരുന്നു.


ലോക ജേതാക്കളെ ബ്രസീല്‍ വീഴ്‌ത്തി
ലണ്ടന്‍: സൂപ്പര്‍ താരം റോബിഞ്ഞോയുടെ മികവില്‍ രണ്ട്‌ ഗോളുകള്‍ക്ക്‌ ലോക ജേതാക്കളായ ഇറ്റലിയെ വീഴ്‌ത്തി ബ്രസീല്‍ സൗഹൃദ മല്‍സരത്തില്‍ കരുത്ത്‌ കാട്ടി. പ്രീമിയര്‍ ലീഗ്‌ ക്ലബായ ആഴ്‌സനലിന്റെ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ അറുപതിനായിരത്തോളം ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തില്‍ റോബിഞ്ഞോയായിരുന്നു ഹീറോ. മല്‍സരത്തിന്റെ പതിമൂന്നാം മിനുട്ടില്‍ തന്റെ മാഞ്ചസ്റ്റര്‍ സിറ്റി സഹതാരമായ ഇലാനോക്ക്‌ ഗോളടിക്കാന്‍ പാകത്തിന്‌ പന്ത്‌ നല്‍കിയ റോബിഞ്ഞോ പതിനാല്‌ മിനുട്ടിന്‌ ശേഷം ടീമിന്റെ വിജയമുറപ്പിച്ച ഗോളും നേടുകയായിരുന്നു. ഇറ്റാലിയന്‍ തോല്‍വിയില്‍ അവരുടെ കോച്ച്‌ മാര്‍സിലോ ലിപ്പിക്‌്‌ അപൂര്‍വമായ റെക്കോര്‍ഡും നഷ്ടമായി. മല്‍സരം സമനിലയില്ലെങ്കിലുമായിരുന്നെങ്കില്‍ ലോക സോക്കറില്‍ ഏറ്റവുമധികം കാലം പരാജയമറിയാത്ത കോച്ച്‌ എന്ന ബഹുമതി ലിപ്പിക്ക്‌ ലഭിക്കുമായിരുന്നു. കഴിഞ്ഞ ജൂണില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കോച്ചായി വീണ്ടും ചുമതലയേറ്റ ലിപ്പി തുടര്‍ച്ചയായി 31 മല്‍സരങ്ങളില്‍ തോല്‍വിയറിഞ്ഞിരുന്നില്ല. 2004 ല്‍ സ്ലോവേനിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പരാജയം. സ്‌പെയിനിന്റെ ജാവിര്‍ ക്ലമന്റെയും അര്‍ജന്റീനയുടെ അല്‍ഫിയോ ബാസിലും തുടര്‍ച്ചയായി 31 മല്‍സരങ്ങളില്‍ സ്വന്തം ടീമുകളെ പരാജയമറിയാതെ സംരക്ഷിച്ചിട്ടുണ്ട്‌.

Tuesday, February 10, 2009

PATHANS MAJIC.......


കൊളംബോ: പ്രേമദാസയില്‍ ഇന്ത്യക്ക്‌ സഹോദരത്തിളക്കം. ഇര്‍ഫാന്‍ പത്താന്റെയും യൂസഫ്‌ പത്താന്റെയും തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ ഇന്ത്യ 20-20 പോരാട്ടത്തില്‍ മൂന്ന്‌ വിക്കറ്റിന്‌ ശ്രീലങ്കയെ തകര്‍ത്തു. 10 പന്തില്‍ നിന്ന്‌ 22 റണ്‍സ്‌ പായിച്ച ചേട്ടന്‍ യൂസഫിന്‌ 16 പന്തില്‍ 33 റണ്‍സുമായി അനുജന്‍ ഇര്‍ഫാന്‍ പിന്തുണ നല്‍കിയപ്പോള്‍ നാല്‌ പന്തുകള്‍ ബാക്കിനില്‍ക്കെ മാസ്‌മരികതയിലാണ്‌ ഇന്ത്യ വിജയം റാഞ്ചിയത്‌. ലങ്കന്‍ സ്‌പിന്നര്‍ മാലിങ്ക ഭണ്ഡാരെ ഇന്ത്യയില്‍ നിന്നും മല്‍സരം റാഞ്ചവെ ക്രീസില്‍ ഒത്തുചേര്‍ന്ന സഹോദരന്മാര്‍ ഒരു തരത്തിലും തിരിഞ്ഞ്‌ നോക്കിയില്ല. യൂസഫാണ്‌ തുടക്കമിട്ടത്‌. രണ്ട്‌ സിക്‌സറും ഒരു ബൗണ്ടറിയും. ഇര്‍ഫാന്‍ ചേട്ടന്‍ നല്‍കിയ പിന്തുണയില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ബൗണ്ടറികളും പായിച്ചു. ലാസിത്‌ മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയും വിജയവും തമ്മില്‍ അഞ്ച്‌ റണ്‍സിന്റെ അകലം മാത്രമാണുണ്ടായിരുന്നത്‌. ആദ്യ പന്തില്‍ യൂസഫ്‌ സിംഗിള്‍ എടുത്തപ്പോള്‍ അടുത്ത പന്ത്‌ ഇര്‍ഫാന്‍ ഗ്യാലറിയിലെത്തിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 171 റണ്‍സാണ്‌ നേടിയത്‌. ഇതിനുളള മറുപടിയില്‍ പലവട്ടം പിഴച്ച ഇന്ത്യയെ അവസാനത്തില്‍ സഹോദരന്മാര്‍ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. മങ്കാദ്‌ സഹോദരങ്ങള്‍ക്ക്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സഹോദരന്മാരുടെ അവിസ്‌മരണീയ പ്രകടനമാണിത്‌. വിലപ്പെട്ട റണ്‍സും രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കിയ യൂസഫാണ്‌ കളിയിലെ കേമന്‍.
പുതിയ നായകന്‍ തിലകരത്‌്‌നെ ദില്‍ഷാന്‌ കീഴിലാണ്‌ ശ്രീലങ്ക കളിച്ചത്‌. സീനിയര്‍ താരങ്ങളായ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ വെറ്ററന്‍ സനത്‌ ജയസൂര്യയെ നിലനിര്‍ത്തി. ചമര സില്‍വ, മാലിങ്ക ഭണ്ഡാര, ലാസിത്‌ മാലിങ്ക, ഇന്ദിക ഡിസരാം, കൗശല്‍ വീരരത്‌നെ എന്നിവര്‍ക്ക്‌ അവസരം നല്‍കി. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ഞായറാഴ്‌ച്ച നടന്ന അവസാന ഏകദിനം കളിച്ച ടീമില്‍ നിന്നും ലക്ഷ്‌മിപതി ബാലാജിയെ മാറ്റി സഹീര്‍ഖാനെ തിരിച്ചുവിളിച്ചു. രവീന്ദ്ര ജഡേജക്ക്‌ അരങ്ങേറ്റത്തിന്‌ അവസരം നല്‍കി.
ടോസ്‌ ഭാഗ്യം ദില്‍ഷാനായിരുന്നു. പ്രേമദാസ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു നായകന്റെ തീരുമാനം. ദില്‍ഷാനും സനത്‌ ജയസൂര്യയും തുടക്കത്തില്‍ ആവേശം കാട്ടിയില്ല. സഹീറും ഇഷാന്തും രണ്ട്‌ പേരെയും നിയന്ത്രിച്ചു. സഹീറിന്റെ പന്തില്‍ സനത്‌ നല്‍കിയ അവസരം ഇര്‍ഫാന്‍ പാഴാക്കുകയും ചെയ്‌തു. പക്ഷേ നാല്‍പ്പതുകാരനായ ലങ്കന്‍ താരത്തെ ഇര്‍ഫാന്‍ തന്നെ പുറത്താക്കി. 28 പന്തില്‍ 33 റണ്‍സ്‌ നേടിയ സനതിനെ തേര്‍ഡ്‌മാന്‍ ബൗണ്ടറിയില്‍ ഇഷാന്ത്‌ പിടികൂടി. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകളും മൂന്ന്‌ ബൗണ്ടറികളും പായിച്ച്‌ ജയസൂര്യ നടന്നകലുമ്പോള്‍ സ്വന്തം നാട്ടില്‍ ഇനി അദ്ദേഹത്തിന്‌ മറ്റൊരു 20-20 കളിക്കാനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. മൂന്നാം നമ്പറില്‍ വന്ന ജഹാന്‍ മുബാറക്‌ നിരാശപ്പെടുത്തി. 19 പന്തില്‍ 13 റണ്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. യൂസഫ്‌ പത്താന്‍ സ്വന്തം ബൗളിംഗില്‍ മുബാറകിനെ പിടികൂടി. ഇതിന്‌ മുമ്പ്‌ യൂസഫിന്റെ ഉറച്ച എല്‍.ബി അപ്പീലില്‍ നിന്ന്‌ അമ്പയറുടെ കാരുണ്യത്തില്‍ മുബാറക്‌ രക്ഷപ്പെടുകയും ചെയ്‌തിരുന്നു. ഏഴ്‌ പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളോടെ 16 റണ്‍സുമായി ആവേശത്തിന്‌ തിരികൊളുത്തിയ ചമര കപ്പുഗുഡേരക്ക്‌ യൂസഫ്‌ തന്നെ മടക്ക ടിക്കറ്റ്‌ നല്‍കി. ഈ സമയമത്രയും നായകന്‍ ദില്‍ഷാന്‍ തകര്‍പ്പനടികളുമായി ക്രിസിലുണ്ടായിരുന്നു. 47 പന്തില്‍ ഏഴ്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച്‌ ദില്‍ഷാന്‍ 61 റണ്‍സ്‌ നേടിയാണ്‌ പുറത്തായത്‌. ചമര സില്‍വ, വീരരത്‌നെ എന്നിവര്‍ പുറത്താവാതെ നിന്നു. യൂസഫ്‌ പത്താനാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചത്‌. 23 റണ്‍സിന്‌ യൂസഫ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.
മറുപടി ബാറ്റിംഗില്‍ ഗൗതം ഗാംഭീര്‍ തകര്‍പ്പന്‍ തുടക്കമാണ്‌ ഇന്ത്യക്ക്‌ നല്‍കിയത്‌. രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തിയ ലാസിത്‌ മാലിങ്കയെ തലങ്ങും വിലങ്ങും പായിച്ച്‌ ആദ്യ ഓവറിലെ അഞ്ച്‌ പന്തില്‍ നിന്നായി 14 റണ്‍സ്‌. പക്ഷേ അവസാന പന്തില്‍ വീരരത്‌നെയുടെ മിന്നല്‍ ഫീല്‍ഡിംഗില്‍ വിരേന്ദ്ര സേവാഗ്‌ പുറത്തായി. സിംഗിളിന്‌ ശ്രമിക്കവെ വീരരത്‌്‌നെയുടെ ഡൈവിംഗ്‌ ത്രോ സ്‌റ്റംമ്പ്‌ തകര്‍ത്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഗാംഭീര്‍ തുഷാരക്ക്‌ വിക്കറ്റ്‌ നല്‍കി. പിന്നെ യുവരാജും സുരേഷ്‌ റൈനയും ചേര്‍ന്ന്‌ പൊരുതി. ലങ്കന്‍ ഫീല്‍ഡിംഗ്‌ ദുരന്തയപ്പോള്‍ റണ്‍സ്‌ യഥേഷ്‌ടമായി. പക്ഷേ യുവിയും റൈനയും പെട്ടെന്ന്‌ പുറത്തായത്‌ ഇന്ത്യയെ ബാധിച്ചു. രണ്ട്‌ പേരും നല്ല ഫോമിലായിരുന്നു. പൊരുതിക്കളിക്കുന്ന നായകന്‍ ധോണിയെ ഭണ്ഡാര പുറത്താക്കിയത്‌ ഇന്ത്യക്ക്‌ വലിയ ആഘാതമായി. രോഹിത്‌, ജഡേജ എന്നിവരുടെ പതനത്തിന്‌ ശേഷമായിരുന്നു സഹോദരന്മാരുടെ വരവ്‌. പിന്നെയെല്ലാം നാടകീയമായി മാറി....

സ്‌ക്കോര്‍കാര്‍ഡ്‌
ശ്രീലങ്ക: ദില്‍ഷാന്‍-സി-റൈന-ബി-ഇഷാന്ത്‌-61, സനത്‌-സി-ഇഷാന്ത്‌-ബി-ഇര്‍ഫാന്‍-33, മുബാറക്‌- സി ആന്‍ഡ്‌ ബി-യൂസഫ്‌-13, കപ്പുഗുഡേര-സി-സേവാഗ്‌-ബി-യൂസഫ്‌-16, ചമര സില്‍വ-നോട്ടൗട്ട്‌-21, വീരരത്‌നെ-നോട്ടൗട്ട്‌-10, എക്‌സ്‌ട്രാസ്‌ 17, ആകെ നാല്‌ വിക്കറ്റിന്‌ 171. വിക്കറ്റ്‌ പതനം: 1-59 (സനത്‌), 2-87 (മുബാറക്‌), 3-107 (കപ്പുഗുഡേര), 4-152 (ദില്‍ഷാന്‍). ബൗളിംഗ്‌: സഹീര്‍ 4-0-34-0, ഇഷാന്ത്‌ 4-0-40-1, ഇര്‍ഫാന്‍ 4-0-34-1, യൂസഫ്‌ 4-0-23-2, രവീന്ദു ജഡേജ 4-0-29-0.
ഇന്ത്യ: ഗാംഭീര്‍-സീ-വീരരത്‌നെ-ബി-തുഷാര-13, സേവാഗ്‌-റണ്ണൗട്ട്‌-1, റൈന- സി-ഡിസറാം-ബി-ഭണ്ഡാര-35, യുവരാജ്‌-സി-ദില്‍ഷാന്‍-ബി-മുബാറക്‌-32, ധോണി-ബി-ഭണ്ഡാര-13, രോഹിത്‌-സി-മുബാറക്‌-ബി-ജയസൂര്യ-4, ജഡേജ-ബി-ഭണ്ഡാര-5, യൂസഫ്‌-നോട്ടൗ്‌ട്‌-22, ഇര്‍ഫാന്‍-നോട്ടൗട്ട്‌-33, എക്‌സ്‌ട്രാസ്‌ 16, ആകെ 19.2 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 174. വിക്കറ്റ്‌ പതം: 1-14 (സേവാഗ്‌), 2-14 (ഗാംഭീര്‍), 3-81 (യുവി), 4-99 (റൈന), 5-108 (ധോണി), 6-110 (രോഹിത്‌), 7-115 (ജഡേജ). ബൗളിംഗ്‌: മാലിങ്ക 3.2-0-38-0,തുഷാര 3-0-27-1, ഫഎര്‍ണാമ്‌ടോ 4-0-44-0,വീരരത്‌നെ 1-0-12-0, മുബാറക്‌ 1-0-9-1, ഭണ്ഡാര 4-0-32-3, സനത്‌ 3-0-10-1 ഡ്യൂട്ടി
ലണ്ടന്‍: എല്ലാം നാടകീയമായിരുന്നു... കീര്‍ത്തികേട്ട പരിശീലകന്‍ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയെ ചെല്‍സി പുറത്താക്കുന്നു. പകരം റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചായ ഗസ്‌ ഹിഡിങ്കിനെ സമീപിക്കുന്നു, അദ്ദേഹം തത്വത്തില്‍ സമ്മതം മൂളൂന്നു...
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടങ്ങള്‍ക്ക്‌ ചൂട്‌ പിടിച്ച നിര്‍ണ്ണായക സമയത്താണ്‌ എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ ബ്രസീലുകാരനായ സ്‌ക്കോളാരിയെ ചെല്‍സി പടിക്ക്‌ പുറത്താക്കിയത്‌. ടീമിന്റെ താല്‍കാലിക ചുമതല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌ അസിസ്‌റ്റന്‍ഡ്‌ കോച്ചായ റേ വില്‍ക്കിന്‍സിനാണ്‌. ഇന്നലെ തന്നെ ചെല്‍സി മാനേജ്‌മെന്റ്‌ ഹിഡിങ്കിനെ സമീപിച്ചിട്ടുണ്ട്‌. ഡച്ചുകാരന്‍ ഇത്‌ സ്ഥിരീകരിക്കുകയും ചെയ്‌തിരിക്കുന്നു. പ്രീമിയര്‍ ലീഗ്‌ സമാപനം വരെ ചെല്‍സിയെ സഹായിക്കാനാണ്‌ ഹിഡിങ്കിനോട്‌ ചെല്‍സി ഉടമ അബ്രമോവിച്ച്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. അബ്രമോവിച്ചും ഹിഡിങ്കും തമ്മില്‍ അടുത്ത ബന്ധമാണ്‌. അതിനാല്‍ വയ്യ എന്ന്‌ പറയാന്‍ ഹിഡിങ്കിന്‌ കഴിയില്ല. മറ്റാരെങ്കിലുമാണ്‌ തന്നെ സമീപിച്ചതെങ്കില്‍ ഒറ്റവാക്കില്‍ ഇല്ല എന്ന മറുപടി നല്‍കുമായിരുന്നെന്നും എന്നാല്‍ ചെല്‍സി ഉടമയോട്‌ അങ്ങനെ പറയാന്‍ തനിക്ക്‌ കഴിയില്ല എന്നും ഹിഡിങ്ക്‌ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹം താല്‍കാലികമായി ടീമിന്റെ അമരക്കാരനാവുമെന്നാണ്‌ സൂചനകള്‍. റഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായതിനാല്‍ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സമ്മതം ഈ കാര്യത്തില്‍ ആവശ്യമാണ്‌. റഷ്യന്‍ സോക്കറില്‍ അബ്രമോവിച്ചിന്‌ വലിയ സ്വാധീനമുള്ളതിനാല്‍ സമ്മതപത്രം ലഭിക്കാന്‍ പ്രയാസമില്ല. 2010 ലെ ലോകകപ്പിലേക്ക്‌ റഷ്യയെ ഒരുക്കുക എന്നതാണ്‌ ഹിഡിങ്കിന്റെ പ്രധാന ജോലി. ഈ കാര്യത്തില്‍ മാറ്റമില്ലെന്നും ഈ ജോലി ഏറ്റെടുക്കുമ്പോള്‍ തന്നെ കൂടുതല്‍ സമയം താന്‍ ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ലോക സോക്കറില്‍ ഇന്നുളള പരിശീലകരില്‍ ഏറെ അനുഭവസമ്പന്നാണ്‌ ഹിഡിങ്ക്‌. ഡച്ച്‌ ക്ലബായ പി.എസ്‌.വി ഐന്തോവാനെയും സ്‌പാനിഷ്‌ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെയും ഹോളണ്ട്‌, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ ദേശീയ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ പി.എസ്‌.വി ഐന്തോവാന്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുളളതിനാല്‍ രണ്ട്‌ ജോലി ഒരേ സമയം ചെയ്യാന്‍ പ്രയാസമില്ലെന്നാണ്‌ ഹിഡിങ്ക്‌്‌ പറയുന്നത്‌. ചെല്‍സിയുടെ പരിശീലക തൊപ്പിക്കായി ബാര്‍സിലോണയുടെ മുന്‍ പരീശീലകന്‍ ഫ്രാങ്ക്‌ റെയ്‌ക്കാര്‍ഡ്‌, ഇറ്റലിയുടെ റോബര്‍ട്ടോ മാന്‍ചിനി, വെസ്‌റ്റ്‌ഹാമിന്റെ ജിയാന്‍ ഫ്രാങ്കോ സോള, ചെല്‍സിയുടെ തന്നെ മുന്‍ കോച്ച്‌ അവ്‌റാം ഗ്രാന്‍ഡ്‌ എന്നിവരെല്ലാമുണ്ട്‌. ചെല്‍സിയുടെ ജോലിയില്‍ താല്‍പ്പര്യമുണ്ടെങ്കിലും പുതിയ സീസണില്‍ മാത്രമാണ്‌ രംഗത്ത്‌ വരാന്‍ ആഗ്രഹിക്കുന്നതെന്ന്‌ റെയ്‌ക്കാര്‍ഡ്‌ പറഞ്ഞു.

വേദനയുണ്ട്‌
ന്യൂഡല്‍ഹി: ദേശീയ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പല്‍ ഇത്തവണ റാക്കറ്റേന്താന്‍ സൈന നെഹ്‌വാള്‍ ഇല്ല. ചുമലിലെ വേദന കാരണം വിശ്രമിക്കുന്ന താരത്തിന്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നഷ്ടമാവുന്നതില്‍ വേദനയുണ്ട്‌. പക്ഷേ മാര്‍ച്ച്‌ മൂന്ന്‌ മുതല്‍ ആരംഭിക്കുന്ന ഓള്‍ ഇംഗ്ലണ്ട്‌ സൂപ്പര്‍ സീരീസിലേക്ക്‌ സൈന തിരിച്ചെത്തും. വലത്‌ ചുമലിലെ പരുക്ക്‌ കഴിഞ്ഞ മെയ്‌ മുതല്‍ അലട്ടുന്നുണ്ടെന്നും എന്നാല്‍ അത്‌ കാര്യമാക്കാതെ കളിക്കുകയായിരുന്നുവെന്നും കൊറിയന്‍ സൂപ്പര്‍ സീരിസിനിടെ വേദന അസഹ്യമായതിനെ തുടര്‍ന്നാണ്‌ ചികില്‍സക്ക്‌ നിര്‍ബന്ധിതയായതെന്നും സൈന പറഞ്ഞു. പരുക്ക്‌ ഗുരുതരമല്ല. അല്‍പ്പനാളത്തെ വിശ്രമമാണ്‌ ഫിസിയോ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടാല്‍ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ കളിക്കാനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓള്‍ ഇംഗ്ലണ്ട്‌ സൂപ്പര്‍ പരമ്പരയില്‍ കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും ഇന്ത്യയുടെ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ ഹീറോ പറഞ്ഞു.
സഹോദര വിജയം
അഡലെയ്‌ഡ്‌: ചാപ്പല്‍-ഹാഡ്‌ലി ട്രോഫി ആര്‍ക്കാണെന്ന്‌ വെള്ളിയാഴ്‌്‌ച്ച ബ്രിസ്‌ബെനില്‍ നടക്കുന്ന അഞ്ചാമത്‌ മല്‍സരത്തില്‍ വ്യക്തമാവും. ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആറ്‌ വിക്കറ്റിന്‌ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെ പരമ്പര 2-2 ലായി. ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ ന്യൂസിലാന്‍ഡ്‌ സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ തിരിച്ചുവരുകയായിരുന്നു. പരമ്പരയില്‍ ഇതാദ്യമായി ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ എട്ട്‌ വിക്കറ്റിന്‌ 244 റണ്‍സ്‌ നേടിയപ്പോള്‍ ഹസി സഹോദരന്മാരുടെ മികവില്‍ പത്ത്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. മൈക്‌ ഹസി പുറത്താവാതെ 75 റണ്‍സ്‌ നേടിയപ്പോള്‍ അനുജന്‍ ഡേവിഡ്‌ ഹസി 79 റണ്‍സ്‌ സ്വന്തമാക്കി.
കാട്ടൂതീയില്‍ അകപ്പെട്ടവരെ സഹായിക്കാനുളള ദൗത്യത്തില്‍ താരങ്ങളും സ്‌പോണ്‍സര്‍മാരും സംഘാടകരുമെല്ലാം താല്‍പ്പര്യമെടുത്തപ്പോള്‍ മണിക്കൂറുകള്‍ക്കകം ആറ്‌ ദശലക്ഷം ഡോളറാണ്‌ പിരിച്ചത്‌. (കഴിഞ്ഞ ദിവസം മെല്‍ബണിനടുത്തുണ്ടായ കാട്ടുതീയില്‍ 200 ലധികം പേര്‍ മരിച്ചിരുന്നു). രണ്ടാഴ്‌ച്ച മുമ്പ്‌ ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കക്ക്‌ മുന്നില്‍ പരാജയപ്പെട്ട ഓസ്‌്‌ട്രേലിയ പക്ഷേ ഇന്നലെ തെറ്റുകള്‍ ആവര്‍ത്തിച്ചില്ല. കിവീസ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത വേളയില്‍ മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ മുന്‍നിര ബൗളര്‍മാരെല്ലാം ലക്ഷ്യബോധം കാട്ടി. 76 റണ്‍സ്‌ നേടിയ റോസ്‌ ടെയ്‌ലറാണ്‌ കിവി ഇന്നിംഗ്‌സിന്‌ മാന്യത നല്‍കിയത്‌. ജോണ്‍സണ്‍ 51 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി.
ടെയ്‌ലറും കൈല്‍ മില്‍സും തമ്മിലുളള സഖ്യം മാത്രമാണ്‌ ഓസീസ്‌ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പൊരുതിക്കളിച്ചത്‌. ഈ സഖ്യത്തിന്റെ തകര്‍ച്ചക്ക്‌ ശേഷം വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ആര്‍ക്കുമായില്ല. വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കൂലവും മാര്‍ട്ടിന്‍ ഗുട്‌പിലുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. മക്കുലം 33 ലും ഗുട്‌പില്‍ 45 ലും പുറത്തായ ശേഷമാണ്‌ ടെയ്‌ലര്‍ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കിയത്‌. ഗ്രാന്‍ഡ്‌ എലിയട്ട്‌, ക്രെയിഗ്‌ കമിംഗ്‌, നീല്‍ ബ്രൂം എന്നിവരെല്ലാം നിരാശപ്പെടുത്തി.
ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ സ്വാധീനമുളള അഡലെയ്‌ഡ്‌ ഓവലില്‍ 244 റണ്‍സ്‌ വലിയ സ്‌ക്കോറായിരുന്നില്ല. സിഡ്‌നി മല്‍സരത്തില്‍ ഓപ്പണറായി സെഞ്ച്വറി സ്വന്തമാക്കിയ ബ്രാഡ്‌ ഹാദ്ദിനും ഡേവിഡ്‌ ഹസിയും തമ്മിലുളള സഖ്യം നിലയുറപ്പിക്കവെ ഇല്ലാത്ത റണ്ണിനായി ഹാദ്ദിനെ വിളിച്ച്‌ ഹസി തെറ്റ്‌ ചെയ്‌തു. മൈക്കല്‍ ക്ലാര്‍ക്ക്‌ (14), റിക്കി പോണ്ടിംഗ്‌ (15) എന്നിവര്‍ പെട്ടെന്ന്‌ പുറത്തായതും ഡേവിഡ്‌ ഹസി റണ്‍സിനായി വിഷമിച്ചതും വെട്ടോരിയുടെ സംഘത്തിന്‌ പ്രതീക്ഷയേകി. 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 101 റണ്‍സായിരുന്നു ഓസീസ്‌ സ്‌ക്കോര്‍. ഇവിടെ വെച്ചാണ്‌ ഡേവിഡിനൊപ്പം മൈക്കല്‍ ഹസി ഒത്തുചേരുന്നത്‌. സഹോദരന്മാരുടെ 115 റണ്‍സിന്റെ വിലപ്പെട്ട സഖ്യം ഓസീസിന്‌ തുണയായി.

ഏഷ്യന്‍ യുദ്ധം
യോക്കോഹാമ: ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ തേടിയുളള യാത്രയില്‍ ഏഷ്യന്‍ കരുത്തര്‍ക്ക്‌ ഇന്ന്‌ നിര്‍ണ്ണായക അങ്കങ്ങള്‍. യോക്കോഹാമയിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ജപ്പാനും ഓസ്‌ട്രേലിയയും ഗ്രൂപ്പ്‌ എ യില്‍ മാറ്റുരക്കുമ്പോള്‍ ബി ഗ്രൂപ്പിലെ ടെഹ്‌റാന്‍ പോരാട്ടത്തില്‍ ഇറാന്‍ ദക്ഷിണ കൊറിയയുമായി കളിക്കുന്നു. ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ബഹറൈനെയും ബി യില്‍ ഉത്തര കൊറിയ സൗദി അറേബ്യയെയും എതിരിടും. മല്‍സരങ്ങളുടെ തല്‍സമയ ആവേശം ഇ.എസ്‌.പി.എന്നിലുണ്ട്‌. (സമയക്രമം മുകളില്‍ ടെലിവിഷന്‍ ചാര്‍ട്ടില്‍).
യോക്കോഹാമ പോരാട്ടത്തിലേക്കാണ്‌ ലോകത്തിന്റെ കണ്ണുകള്‍. ഓഷ്യാന മേഖലയില്‍ നിന്നും ഇപ്പോള്‍ ഏഷ്യന്‍ മേഖലയില്‍ കളിക്കുന്ന ഓസ്‌ട്രേലിയ നേരിടുന്നത്‌ 2002ല്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ച ജപ്പാനെയാണ്‌. രണ്ട്‌ ടീമിലും യൂറോപ്യന്‍ ക്ലബ്‌ താരങ്ങളുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ ഘട്ടം അവസാന തലത്തിലേക്ക്‌ നീങ്ങവെ വിജയവും മൂന്ന്‌ പോയന്റുമാണ്‌ രണ്ട്‌ ടീമുകളുടെയും ലക്ഷ്യം. യോഗ്യതാ ഘട്ടത്തില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരാണ്‌ ഓസ്‌ട്രേലിയ. പക്ഷേ സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിന്റെ ആനുകൂല്യം ജപ്പാനുണ്ട്‌.
ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ ഇറാനും ദക്ഷിണ കൊറിയയും മുഖാമുഖം വരുമ്പോള്‍ ഒരു ലക്ഷത്തോളം വരുന്ന സ്വന്തം ആരാധകര്‍ തന്നെയാണ്‌ അലിദായ്‌ പരിശീലിപ്പിക്കുന്ന ഇറാന്റെ കരുത്ത്‌.

യൂറോപ്പിലും
ലണ്ടന്‍: യൂറോപ്പിലും ഇന്ന്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുടെ ആരവം. മൂന്ന്‌ മല്‍സരങ്ങളാണ്‌ ഇന്ന്‌ വന്‍കരയില്‍ നടക്കുന്നത്‌. അവ ഇപ്രകാരം: മാള്‍ട്ട-അല്‍ബേനിയ, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌-ജോര്‍ജിയ, സാന്‍മറീനോ-നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌.
ഫ്രാന്‍സ്‌-അര്‍ജന്‍ീന
പാരീസ്‌: ആഗോളതലത്തില്‍ 25 സൗഹൃദ മല്‍സരങ്ങള്‍ ഇന്ന്‌ നടക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ലോകകപ്പ്‌ രണ്ടാം സ്ഥാനക്കരായ ഫ്രാന്‍സുമെല്ലാം കളത്തിലിറങ്ങുന്നുണ്ട്‌. ഫ്രാന്‍സിന്റെ പ്രതിയോഗികള്‍ ശക്തരായ അര്‍ജന്റീനയാണ്‌. സ്‌പെയിനിന്‌ മുന്നില്‍ ഇംഗ്ലണ്ടും.
മല്‍സര ഷെഡ്യൂള്‍: ബെല്‍ജിയം-സ്ലോവേനിയ, കാമറൂണ്‍-ഗുനിയ, കൊളംബിയ-ഹെയ്‌ത്തി, ഈജിപ്‌ത്‌-ഘാന, എസ്റ്റോണിയ-കസാക്കിസ്ഥാന്‍, മാസിഡോണിയ-മോള്‍ദോവ, ഫ്രാന്‍സ്‌-അര്‍ജന്റീന, ജര്‍മനി-നോര്‍വെ, ഗ്രീസ്‌-ഡെന്മാര്‍ക്ക്‌, ഐസ്‌ലാന്‍ഡ്‌-ലൈഞ്ചസ്‌റ്റിന്‍, ഇസ്രാഈല്‍-ഹംഗറി, ലാത്‌വീയ-അര്‍മീനിയ, ലിബിയ-ഉറുഗ്വേ, മാള്‍ട്ട-അല്‍ബേനിയ, മൊറോക്കോ-ചെക്ക്‌ റിപ്പബ്ലിക്‌, നൈജീരിയ-ജമൈക്ക, പോര്‍ച്ചുഗല്‍-ഫിന്‍ലാന്‍ഡ്‌, റുമേനിയ-ക്രൊയേഷ്യ, ദക്ഷിണാഫ്രിക്ക-ചിലി, സ്‌പെയിന്‍-ഇംഗ്ലണ്ട്‌,സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ബള്‍ഗേറിയ, ടൂണീഷ്യ-ഹോളണ്ട്‌, തുര്‍ക്കി-ഐവറി കോസ്‌റ്റ്‌, വെനിസ്വേല-ഗ്വാട്ടിമല, വെയില്‍സ്‌-പോളണ്ട്‌.