Saturday, December 31, 2011

HOPES 2012

തേര്‍ഡ്‌ ഐ യില്‍ ഇന്നലെ വര്‍ഷാവലോകനമായിരുന്നു. ഇന്ന്‌ പുതിയ വര്‍ഷത്തിലെ പ്രതീക്ഷകള്‍

ഇന്ന്‌ പുതുവര്‍ഷത്തിലെ ആദ്യ ദിവസം. ഇന്ന്‌ മുതല്‍ 365 കായികദിവസങ്ങള്‍. കൂടുതല്‍ ഉയരവും ദൂരവും കരുത്തും തേടി താരങ്ങള്‍ രംഗത്തിറങ്ങുന്നു. ലണ്ടനില്‍ ഒളിംപിക്‌സ്‌, ഉക്രൈനിലും പോളണ്ടിലുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര, ടി 20 ലോകകപ്പ്‌ തുടങ്ങി കലണ്ടറില്‍ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന യൂറോപ്പില്‍ വിവിധ ലീഗ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ ആദ്യ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയും സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ബുണ്ടേല്‍സ്‌ ലീഗില്‍ ബയേണ്‍ മ്യൂണിച്ചും ഫ്രാന്‍സില്‍ ലിയോണും ഇറ്റാലിയിന്‍ സിരിയ എ യില്‍ പാര്‍മയുമെല്ലാം മുന്നേറുന്നു. വന്‍കരയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തിലാണ്‌. ക്രിക്കറ്റില്‍ ആഷസ്‌ പോരാട്ടങ്ങളുണ്ട്‌. ലോകകപ്പ്‌ ടി 20 മല്‍സരങ്ങളും പിന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റുമുണ്ട്‌. മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ കരിയറിലെ നൂറാം സെഞ്ച്വറി നേടുമോ എന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളുടെ ചോദ്യം. ലയണല്‍ മെസിയും കൃസ്‌റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ കാല്‍പ്പന്തിലെ സൂപ്പര്‍ താര പട്ടത്തിനായുള്ള പോരാട്ടത്തിലാണ്‌. ഈ മാസം തന്നെ ആരംഭഇക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷഇപ്പുകല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ ആരംഭിക്കുന്നത്‌ ജനുവരി മധ്യത്തില്‍. റോജര്‍ ഫെഡ്‌ററും റഫേല്‍ നദാലും തമ്മിലുളള പോരാട്ടം തുടരും. അതിവേഗതയില്‍ ലോകത്തിന്‌ മുന്നില്‍ വിസ്‌മയമായ ഉസൈന്‍ ബോള്‍ട്ടിന്‌ പ്രതിയോഗികളുണ്ടാവുമോ...? പുതിയ വര്‍ഷത്തിലെ പ്രതീക്ഷകളിലൂടെ...


ലണ്ടന്‍ വിളിക്കുന്നു
ബെയ്‌ജിംഗിലെ പക്ഷിക്കൂട്‌......ആരുടെ ഓര്‍മയിലും ആ തട്ടകമുണ്ട്‌. സ്വര്‍ണ വിസ്‌മയമായി മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന നീന്തല്‍താരം, വേഗതയില്‍ ഒന്നാമനായ ഉസൈന്‍ ബോള്‍ട്ട്‌, ആതിഥേയരുടെ കണ്ണീരായി ലി ഹുയാന്‍, ഇന്ത്യക്കായി സ്വര്‍ണ്ണ വെടിയുതിര്‍ത്ത അഭിനവ്‌ ബിന്ദ്ര. നാല്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു ചൈന ലോകത്തെ വിരുന്നൂട്ടിയിട്ട്‌. എന്തെല്ലാമായിരുന്നു ചൈനയെ നോക്കി ലോകം കുറ്റം പറഞ്ഞത്‌. നഗരത്തില്‍ സുരക്ഷയില്ല. മലീനികരണ തോത്‌ വളരെ കൂടുതല്‍. കായിക താരങ്ങള്‍ക്ക്‌ മികച്ച സമയവും ഉയരവും കുറിക്കാനാവില്ല. പക്ഷേ എല്ലാവരുടെയും വാക്കുകളെ അസ്ഥാനത്താക്കി ഒളിംപിക്‌ ചരിത്രത്തിലെ മികച്ച അധ്യായത്തിന്‌ കളമെഴുതി ചൈന.
ഇനിയിപ്പോള്‍ ബ്രിട്ടന്റെ ഊഴമാണ്‌. ചൈനക്കാരെ പഴി പറയുന്നതില്‍ മുന്നില്‍ നിന്നവരാണ്‌ ഇംഗ്ലീഷുകാര്‍. അമേരികക്കൊപ്പം ചേര്‍ന്ന്‌ ഏഷ്യയെ കുറ്റം പറയാന്‍ മല്‍സരിച്ച ഇംഗ്ലീഷുകാര്‍ക്ക്‌ മുന്നില്‍ വെല്ലുവിളിയായി സുരക്ഷ തന്നെ മുന്നിലുണ്ട്‌. കായികലോകം ഒരു കുടക്കീഴില്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കെല്ലാം രക്ഷ നല്‍കണം. ഭീകരരുടെ ഭീഷണിയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ്‌ ലണ്ടന്‍. പരാതികളില്ലാതെ ചൈനയുടെ വഴിയില്‍ വലിയ ഗെയിംസ്‌ നടത്തുകയെന്ന ദൗത്യത്തില്‍ ഇത്‌ വരെ ലണ്ടന്‍ വിജയിച്ചിട്ടുണ്ട്‌. കളിമുറ്റങ്ങളെല്ലാം ഒരുങ്ങിയിട്ടുണ്ട്‌. സുരക്ഷാ കാര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഹായ വാഗ്‌ദാനവുമുണ്ട്‌. 1908 ലും 1948 ലും ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ചവരെന്ന ഖ്യാതിയിലും ലണ്ടന്‌ കാര്യങ്ങള്‍ എളുപ്പമാവണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കിയുള്ള സംയുക്ത പ്രവര്‍ത്തനം വേണം. ഒളിംപിക്‌സ്‌ ചരിത്രത്തിലേക്ക്‌ ഒന്ന്‌ നടന്നാല്‍ കാണാനുവക അമേരിക്കന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ ആധിപത്യമാണ്‌. ചൈനയിലാണ്‌ അതിന്‌ മാറ്റമുണ്ടായത്‌. ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ ബഹുദൂരം മുന്നേറിയപ്പോള്‍ മെഡല്‍പ്പട്ടികയിലെ ആധിപത്യം ചൈന ആര്‍ക്കും വിട്ടുകൊടുത്തില്ല. രാഷ്‌ട്രീയ പ്രതിയോഗിയായി ചൈനയുടെ കായിക കരുത്ത്‌ അമേരികക്ക്‌ മാത്രമല്ല പടിഞ്ഞാറിന്‌ തന്നെ ക്ഷീണമായി. അതിന്‌ മറുപടി നല്‍കുക എന്ന ലക്ഷ്യത്തിലാണ്‌ ലണ്ടനിലേക്ക്‌ അമേരിക്ക വരുക എന്നുറപ്പാണ്‌. കിരീടം നിലനിര്‍ത്താന്‍ ചൈനയും
അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌ സമാനതകളില്ലാത്ത നേട്ടമായിരുന്നു. ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം. ആ നേട്ടത്തിന്‌ ശേഷം ബിന്ദ്ര പിറകോട്ട്‌ പോവുന്നതാണ്‌ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസിലുമെല്ലാം കണ്ടത്‌. ഗഗന്‍ നരാംഗായിരുന്നു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഹിറോ. ഗുവാന്‍ഷൂവില്‍ സ്വര്‍ണ്ണ പ്രകടനങ്ങള്‍ കുറവായിരുന്നു. ഉത്തേജക വിവാദത്തില്‍ നില്‍കുന്ന ഇന്ത്യന്‍ ട്രാക്കിന്‌ ലണ്ടനില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. മയുഖാ ജോണിയെയും ടിന്റു ലൂക്കയെയുമെല്ലാം ഉയര്‍ത്തിക്കാട്ടാമെന്ന്‌ മാത്രം. ഹോക്കിയിലായിരുന്നു എന്നും ഒളിംപിക്‌സില്‍ ഇന്ത്യയുടെ മുന്നേറ്റം, പക്ഷേ യൂറോപ്യന്മാര്‍ ഹോക്കി പഠിച്ചതോടെ ഇന്ത്യ പിറകിലായി. സമീപകാലത്തായി 80 ലെ മോസ്‌ക്കോ ഒളിംപക്‌സിലെ സ്വര്‍ണമാണ്‌ കാര്യമായ നേട്ടം. ഇത്തവണ കളിക്കാന്‍ തന്നെ യോഗ്യതയില്ലാത്ത അവസ്ഥയാണ്‌.

വരുന്നു യൂറോ
ഗ്രൂപ്പ്‌ എയില്‍ പോളണ്ടും ഗ്രീസും റഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും. ബി യില്‍ ഹോളണ്ടും ഡെന്മാര്‍്‌ക്കും ജര്‍മനിയും പോര്‍ച്ചുഗലും. സിയില്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിയും റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡും ക്രൊയേഷ്യയും. ഡിയിലാവട്ടെ ആതിഥേയരായ ഉക്രൈനൊപ്പം ഫ്രാന്‍സും ഇംഗ്ലണ്ടും സ്വീഡനും..... ജൂണ്‍ എട്ടിനായി സോക്കര്‍ ലോകം കാത്തിരിക്കുകയാണ്‌. അന്നാണ്‌ യൂറോപ്യ.ന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ജൂലൈ ഒന്നിന്‌ ഫൈനലും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സ്‌പാനിഷ്‌ സൈന്യം ജേതാക്കളായ കാഴ്‌ച്ചക്ക്‌്‌ ശേഷം ഫുട്‌ബോള്‍ ലോകത്തെ വലിയ അട്ടിമറിയായിരുന്നു കോപ്പ അമേരിക്ക സോക്കറിലെ ഉറുഗ്വേ വിജയം. ബ്രസീലും അര്‍ജന്റീനയും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ അധികമാരുമറിയാത്ത ലൂയിസ്‌ സുവാരസും ഡിയാഗോ ഫോര്‍ലാനും കളിച്ച ഉറുഗ്വേക്കാര്‍ കിരീടം സ്വന്തമാക്കിയത്‌. 2011 ല്‍ കണ്ട ഈ അല്‍ഭുതത്തിന്‌ ശേഷം കാര്യമായ ഫുട്‌ബോള്‍ ബോംബുകള്‍ ലോകത്തുണ്ടായിരുന്നില്ല. ഇത്തവണ വന്‍കരാ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്ന വലിയ ബാധ്യതയുണ്ട്‌ സ്‌പെയിനിന്‌.
നിലവില്‍ ക്ലബ്‌ സോക്കറിന്റെ തിരക്കിലാണ്‌ യൂറോപ്പ്‌. അതിന്‌ ശേഷമാണ്‌ ടീമുകള്‍ വന്‍കരാ ചാമ്പ്യന്‍ഷിപ്പിനിറങ്ങുക. പതിനാറ്‌ ടീമുകള്‍ പങ്കെടുക്കുന്ന യൂറോയിലെ കിടിലന്‍ പോരാട്ടം നടക്കുക ഡിയിലാണ്‌. ഫ്രാന്‍സും ഇംഗ്ലണ്ടും സ്വിഡനും പിന്നെ ഉക്രൈനും. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞവരാണ്‌ ഫ്രാന്‍സും ഇംഗ്ലണ്ടും. സ്വിഡനാവട്ടെ ശക്തിയുമായാണ്‌ യോഗ്യത നേടിയത്‌. ജര്‍മനിക്കും ഹോളണ്ടിനും പുതിയ താരങ്ങളുണ്ട്‌.

ആ സെഞ്ച്വറി
കാത്തു കാത്തിരിപ്പാണ്‌ എല്ലാവരും. പക്ഷേ കാത്തിരിപ്പിന്റെ സുഖം നഷ്ടമാവുന്നുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറി പുതുവര്‍ഷ സമ്മാനമായി ലഭിക്കാനാുള്ള പ്രാര്‍ത്ഥന പോലും പലയിടങ്ങളിലും നടക്കുന്നു. ഇന്ത്യയിപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്‌. ആദ്യ ടെസ്‌റ്റില്‍ മനോഹരമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഈയാഴ്‌ച്ച തന്നെ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ വലിയ പ്രതീക്ഷകളില്ല. പക്ഷേ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ സച്ചിന്‍ എന്നും തിളങ്ങിയിട്ടുണ്ട്‌. ബാറ്റ്‌സ്‌മാന്മാര്‍ക്കാണ്‌ അവിടെ ആധിപത്യം. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിക്കുന്ന സച്ചിന്‌ ഓസീസ്‌ മണ്ണില്‍ അത്‌ നേടാനായാല്‍ ചരിത്രമാവും.

ലങ്കയില്‍ ടി 20 ലോകകപ്പ്‌
സെപ്‌തംബറില്‍ ടി 20 ലോകകപ്പ്‌ ആവേശമാണ്‌. ഇത്തവണ ലങ്കയിലാണ്‌ മല്‍സരങ്ങള്‍. സെപ്‌തംബര്‍ പതിനെട്ടിന്‌ ലങ്ക സിംബാബ്‌വെയുമായി കളിക്കുന്നതോടെയാണ്‌ വെടിക്കെട്ടിന്‌ തുടക്കം.

ടെന്നിസില്‍ ഫെഡ്‌റര്‍-നദാല്‍ അങ്കം
ലോക ടെന്നിസിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ ഈ വര്‍ഷത്തിലുമുണ്ടാവും. നൂറ്‌ വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡ്‌ററെ വെല്ലുവിളിക്കാന്‍ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്ക്യേവിച്ചും റഫേല്‍ നദാലുമെല്ലാമുണ്ട്‌. ഈ മാസം തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നു. പരുക്കില്‍ തളര്‍ന്ന നദാലുള്‍പ്പെടെ എല്ലാവരും കളിക്കുന്നുണ്ട്‌.


പുതുവര്‍ഷത്തില്‍ മാഞ്ചസ്റ്ററിന്‌ തോല്‍വി
ലണ്ടന്‍:2012 ല്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെയും കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണെയും കാത്തിരിക്കുന്നത്‌ തിരിച്ചടികളാണോ...? ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനത്ത്‌ മാഞ്ചസ്റ്റര്‍ തോറ്റു. 3-2ന്‌ ബ്ലാക്‌ബേണാണ്‌ അട്ടിമറി ജയം നേടിയത്‌. ഇന്നലെ ഫെര്‍ഗിയുടെ എഴുപതാം പിറന്നാളായിരുന്നു. വലിയ വിജയം തേടിയാണ്‌ അദ്ദേഹമെത്തിയത്‌. പക്ഷേ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബ്ലാക്‌ബേര്‍ണ്‍ ഞെട്ടിക്കുന്ന വിജയമാണ്‌ നേടിയത്‌. ക്രിസ്‌ സാംബയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ബെര്‍ബതോവ്‌്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്കില്‍ നിന്ന്‌ യാക്കൂബ്‌ തുടക്കത്തില്‍ ബ്ലാക്‌ബേര്‍ണിനെ മുന്നിലെത്തിച്ചു. മാഞ്ചസ്റ്റര്‍ ഡിഫന്‍സിനെ കീറിമുറിച്ച്‌ നൈജീരിയന്‍ രണ്ടാം ഗോളും നേടിയപ്പോള്‍ സ്‌റ്റേഡിയം ഞെട്ടി. ഡിമിതര്‍ ബെര്‍ബതോവിന്റെ ഗോളില്‍ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ മാഞ്ചസ്‌റ്ററിനായെങ്കിലും അന്തിമവിജയം പ്രതിയോഗികള്‍ക്കായിരുന്നു.

Friday, December 30, 2011

GREAT 2011 FOR INDIA


ഇന്നത്തെ തേര്‍ഡ്‌ ഐ കോളം വര്‍ഷാന്ത അവലോകനമാണ്‌. ഇന്ന്‌ അസ്‌തമിക്കുന്ന വര്‍ഷത്തിലെ കായിക കലണ്ടറിലെ സംഭവ വികാസങ്ങളിലുടെ ഇന്ത്യന്‍ അജണ്ടയിലുള്ള ഓട്ടപ്രദക്ഷിണം

ആരും മറക്കില്ല 1983. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ക്ലൈവ്‌ ലോയിഡ്‌ നയിച്ച വിന്‍ഡീസിനെ മലര്‍ത്തിയടിച്ച്‌ ഏകദിന ലോക കിരീടം സ്വന്തമാക്കിയ മുഹൂര്‍ത്തം. ഓര്‍മകളിലെ ആ സുവര്‍ണ മുഹൂര്‍ത്തതിന്‌ ശേഷം പരാജയങ്ങളുടെ ലോകകപ്പുകളിലുടെ വേദനായാത്ര നടത്തിയ ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങ്‌ തകര്‍ത്തു. മഹേന്ദ്ര സിംഗ്‌ ധോണിയുടെ ഇന്ദ്രജാലസംഘം ലോകകപ്പില്‍ മുത്തമിട്ടു. 2011 നെ ഇന്ത്യന്‍ കായികരംഗം ഓര്‍മ്മിക്കുക ഈ നേട്ടത്തിലൂടെയാവും.ഏഷ്യന്‍ വന്‍കരയിലെ ചാമ്പ്യന്‍ സോക്കര്‍ രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യാ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ കളിച്ചത്‌ വലിയ നേട്ടമായെങ്കില്‍ ട്രാക്കിലെ സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കും വിധം ഉത്തേജക വിവാദങ്ങള്‍ തല ഉയര്‍ത്തി. മലയാളി താരങ്ങള്‍ പിടിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന്‌ ലോകത്തിലുടെ സഞ്ചരിച്ചാല്‍ ഫുട്‌ബോളില്‍ ബാര്‍സിലോണയുടെയും ലയണല്‍ മെസിയുടെയും അശ്വമേഥം. ടെന്നിസില്‍ റോജര്‍ ഫെഡ്‌ററുടെ നൂറാം കിരീടനേട്ടം, വനിതാ ടെന്നിസിലെ തിരിച്ചടികള്‍, ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തിരിച്ചുവരവ്‌, അറബ്‌ ഗെയിംസിലെ ഈജിപ്‌ഷ്യന്‍ കുതിപ്പ്‌, സുരേഷ്‌ കല്‍മാഡിയുടെ പതനം, കോപ്പ അമേരിക്കയിലെ വമ്പന്‍ പതനങ്ങളും ഉറുഗ്വേയുടെ ശക്തിയും.... കേരളത്തിന്റെ കൊച്ചതിര്‍ത്തിയിലേക്ക്‌ വന്നാല്‍ പതിവ്‌ പോലെ വിവാദങ്ങള്‍ മാത്രം. ദേശീയ ഗെയിംസ്‌ എന്ന്‌ നടത്താനാവുമെന്ന്‌ ഗംഭീര ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമാണ്‌ നമ്മുടെ സമ്പാദ്യം. ടിന്റു ലൂക്കയുടെ ലോക യാത്രയിലെ വിജയവും ശ്രീശാന്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും ഉഷാ സ്‌ക്കൂളിന്‌ സിന്തറ്റിക്‌ ട്രാക്ക്‌ അനുമതി ലഭിച്ചതുമെല്ലാം വര്‍ഷത്തിന്റെ നേട്ടമായി. ഇതാ വിട പറയുന്ന വര്‍ഷത്തിലെ പത്ത്‌ കായിക സംഭവങ്ങള്‍ അതിന്റെ മുന്‍ഗണനാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നു.

1-മഹേന്ദ്രജാലം
ഒരു ലോകകപ്പ്‌ ഫൈനലിന്‌ സാക്ഷ്യം വഹിക്കുകയെന്നത്‌ ഓരോ സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടറുടെയും സ്വപ്‌നമാണ്‌. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമുണ്ട്‌ ഈ കുറിപ്പിന്‌. വാംഖഡെ എന്ന മനോഹരമൈതാനം. ഇന്ത്യയുടെ വ്യവസായാസ്ഥാനത്ത്‌ നാല്‌ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ലോകകപ്പിന്റെ ഫൈനല്‍. പ്രതിയോഗികളുടെ കുപ്പായത്തില്‍ കുമാര്‍ സങ്കക്കാര നയിച്ച ലങ്കന്‍ സിംഹങ്ങള്‍. ലാസിത്‌ മാലിങ്ക എന്ന തീ തുപ്പുന്ന സീമറും നാട്ടുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കറും മാറ്റുരക്കുന്ന മല്‍സരത്തിന്‌ സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ എങ്ങും കാണാനുണ്ടായിരുന്നത്‌ ദേശീയ പതാകകള്‍. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ മൊഹാലിയില്‍ നടന്ന മല്‍സരത്തിന്‌ സാക്ഷികളാവാന്‍ പാക്കിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗുമെത്തിയെങ്കില്‍ വാംഖഡെയില്‍ ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജ്‌പക്‌സെയുണ്ടായിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യമറിയാതെ ആവേശത്തിന്റെ ഓളപ്പരപ്പില്‍ രാജകീയമായി തുടങ്ങിയ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക വെല്ലുവിളി ഉയര്‍ത്തി. സാമാന്യം ഭേദപ്പെട്ട സ്‌ക്കോര്‍. സങ്കയും ദില്‍ഷാനും മഹേലയും ചിരിച്ചു. അവസരത്തിനൊത്തുയര്‍ന്ന ഇന്നിംഗ്‌സില്‍ മഹേല രാജാവിനോളം ഉയരത്തില്‍ നിന്നു. സായാഹ്നത്തിന്റെ സൗരഭ്യപ്രകാശത്തില്‍ ഇന്ത്യയുടെ മറുപടി. സേവാഗിനും സച്ചിനും പിഴച്ചു. ഗാംഭീര്‍ ഒരു ഭാഗത്ത്‌. മൂന്നാമനായി സാക്ഷാല്‍ എം.എസ്‌. ആശങ്കകളെ കാറ്റില്‍പ്പറത്തി ബൗണ്ടറികളുടെയും സിക്‌സറുകളുടെയും വെടിക്കെട്ട്‌. മാലപ്പടക്കത്തിന്റെ ഉച്ചത്തില്‍, പന്ത്‌ പറപറന്നു. മഹേന്ദ്രജാലക്കാരനായി ധോണി. ഇന്ത്യക്ക്‌ ലോകകപ്പ്‌. നിസംശയം പറയാം ഇന്ത്യയുടെ സമീപകാല കായികനേട്ടത്തിലെ സുവര്‍ണ്ണ മുഹൂര്‍ത്തം അതായിരുന്നു. സച്ചിന്‌ ആദ്യ ലോകകപ്പ്‌, ഇന്ത്യക്ക്‌ രണ്ടാം ലോകകപ്പ്‌. ആഘോഷത്തിന്റെ അലമാലകള്‍.

2-ബാര്‍സയും മെസിയും
കാല്‍പ്പന്തിന്റെ സൗന്ദര്യം നുകരുന്നവര്‍ക്ക്‌ മുന്നിലേക്ക്‌ കലണ്ടറിന്റെ താരമായി ഓടിയെത്തുക ഉയരം കുറഞ്ഞ ആ അര്‍ജന്റീനക്കാരന്‍ തന്നെ. ഗോളടിക്കാനും കൂട്ടുകാരെ കളിപ്പിക്കാനും പ്രതിയോഗികളുടെ സ്‌നേഹം പോലും നേടാന്‍ മിടുക്കനായ പന്തടിക്കാരന്‍. മൈതാനത്തെ നര്‍ത്തകനായോ, കുച്ചുപിടിക്കാരനായോ, ഭരതനാട്യക്കാരനായോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. മധ്യനിരയിലും അറ്റാക്കിംഗിലും അത്യാവശ്യത്തിന്‌ പ്രതിരോധത്തിലുമെല്ലാം വരുന്ന ലയണല്‍ മെസി. അദ്ദേഹത്തിന്റെ കരുത്തില്‍ ബാര്‍സിലോണ സ്‌പെയിനില്‍ മാത്രമല്ല യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറി. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകനെ അധികമാര്‍ക്കുമറിയില്ല. സ്‌പെയിനിന്‌ ലോകകപ്പ്‌ സമ്മാനിച്ച താരങ്ങളെല്ലാം ബാര്‍സാ നിരയിലുണ്ട്‌. അവരെയും അധികമാരുമറിയില്ല. ബാര്‍സയെന്നാല്‍ അത്‌ മെസിയാണ്‌. മെസിയെന്നാല്‍ അത്‌ ബാര്‍സയാണ്‌. ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ചെല്‍സിയും ആഴ്‌സനലുമെല്ലാം നിറംമങ്ങിയപ്പോള്‍ സ്‌പെയിനില്‍ ബാര്‍സയുടെ കുതിപ്പില്‍ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡ്‌ തുലോം പിറകിലായി. ഇറ്റലിയില്‍ മിലാന്‍ ഇരട്ടകളും യുവന്തസും തിരിച്ചുവരവിലും ജര്‍മനിയില്‍ ബയേണിന്റെ കിതപ്പിലും ഫുട്‌ബോളിന്‌ നേട്ടമുണ്ടായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മല്‍സരങ്ങളില്‍ കൊമ്പന്മാര്‍ തട്ടിമുട്ടികയറിയപ്പോള്‍ റഷ്യയെ പോലുള്ളവര്‍ അവസാനത്തില്‍ കലമുടച്ചത്‌ നിരാശ സമ്മാനിച്ചു.

3- ഉത്തേജകം
ബെന്‍ ജോണ്‍സണെ ഓര്‍മയില്ലേ..... സോളില്‍ നടന്ന ഒളിംപിക്‌സില്‍ കുതിച്ച്‌ പാഞ്ഞ്‌ സ്വര്‍ണം നേടി പിന്നിട്‌ ഉത്തേജക വിവാദത്തില്‍ കുടങ്ങി കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി മടങ്ങിയ കാനഡക്കാരന്‍. വലിയ മസിലുകളുമായി ലോകത്തെ വിസ്‌മയിപ്പിച്ച ആ താരത്തെ പിന്നീട്‌ ലോകം കണ്ടില്ല. കാതറിന്‍ കാബ്രെയും മരിയം ജോണ്‍സുമെല്ലാം മരുന്നിന്റെ വലയില്‍ അകപ്പെട്ടപ്പോഴും സുനിതാ റാണി ഒഴികെ ഇന്ത്യന്‍ അത്‌ലറ്റുകളാരും ആ വഴി തെരഞ്ഞെടുത്തില്ല. നമ്മുടെ ബോക്‌സര്‍മാരും ഗുസ്‌തിക്കാരുമെല്ലാം പിടിക്കപ്പെട്ടിട്ടും ട്രാക്കിലെ വിശ്വാസ്യത നിലനിര്‍ത്താനായി. പക്ഷേ സിനി ജോസ്‌ ഉള്‍പ്പെടെ ടിയാനമേരിയെ പോലുള്ളര്‍, ഹരിലാലിനെ പോലുള്ളവര്‍ മരുന്നില്‍ അഭയം തേടിയ അവിശ്വസനീയ കാഴ്‌ച്ച 2011 ന്റെ വേദനയായി മാറി. ഒരു വര്‍ഷത്തെ വിലക്കാണ്‌ താരങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നുത്‌. അടുത്ത വര്‍ഷം ഒളിംപിക്‌സ്‌ വര്‍ഷമാണ്‌. അവിടെ മല്‍സരിക്കാന്‍ സിനിക്കും ടിയനക്കുമൊന്നുമാവില്ല. കര്‍ക്കശ നടപടിയിലേക്ക്‌ പോവാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സായിയുമെല്ലാം രംഗത്ത്‌ വരേണ്ടിയിരിക്കുന്നു. വിദേശ പരിശീലകരിലെ വിശ്വാസത്തെയും സൂക്ഷിക്കേണ്ടിയിരിക്കുന്നു

4-തിഹാര്‍ കല്‍മാഡി
ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ജനം ഇല്ലാതാക്കുന്ന കാഴ്‌ച്ച ലോകം ആസ്വദിച്ചു. അത്‌ പോലെ ഇന്ത്യന്‍ കായിക ലോകത്തെ സ്വന്തം കൈപിടിയിലൊതുക്കിയ സുരേഷ്‌ കല്‍മാഡിയെന്ന കേമന്‍ തിഹാര്‍ ജയിലിലേക്ക്‌ പോവുന്ന കാഴ്‌ച്ച കായിക ലോകത്തിന്‌ സമ്മാനിച്ചത്‌ ആത്മസംതൃപ്‌തിയായിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിലെ അംഗവും എം.പിയും കായിക കുലപതിയുമെല്ലാമായ ഒരാള്‍ വിലങ്ങുമായി ജയിലിലേക്ക്‌ പോവുമ്പോള്‍ സഹതാപത്തിന്റെ ശബ്ദം പുറപ്പെടുവിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ കല്‍മാഡിയുടെ ഉഗ്രരൂപം പലപ്പോഴും കണ്ടിരുന്നു. കായിക കൊള്ളയെന്നോ പകല്‍ കൊള്ളയെന്നോ വിശേഷിപ്പിക്കാം കല്‍മാഡിയുടെ കൈ കടത്തലിനെ. ഗെയിംസ്‌ വേളയില്‍ പലവട്ടം കല്‍മാഡിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പിടി നല്‍കാതെ ഒഴിഞ്ഞുമാറി. ഗെയിംസ്‌ വേളയില്‍ ദിവസവും പ്രഗതി മൈതാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരങ്ങള്‍ ലഭിച്ചില്ല. സംഘാടനത്തില്‍ ഇന്ത്യക്ക്‌ നാണക്കേടായ ഗെയിംസിന്റെ സകല നിയന്ത്രണവും ഏറ്റെടുത്ത പൂനെക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ... ലളിത്‌ ഭാനോട്ട്‌ ഉള്‍പ്പെടെ മറ്റ്‌ കൊള്ളക്കാരും അകത്ത്‌ തന്നെ....

5-സച്ചിനും സേവാഗും
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നത്‌ സത്യം. സച്ചിനും സേവാഗും കാര്യമായ സംഭാവന നല്‍കിയതുമില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരായി രണ്ട്‌ പേരും. പക്ഷേ ലോക ക്രിക്കറ്റിന്റെ ഉയരങ്ങളില്‍ ഈ രണ്ട്‌ പേരുമുണ്ട്‌. സെഞ്ച്വറി നേട്ടത്തില്‍, കളിച്ച മല്‍സരങ്ങളുടെ എണ്ണത്തിലും കാണികളെ ആകര്‍ഷിക്കുന്നതിലും സച്ചിന്‍ തന്നെ നമ്പര്‍ വണ്‍ എന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടു. മുംബൈ ബാന്ദ്രയില്‍ അദ്ദേഹം പണിത കൊട്ടാരം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ എന്നാല്‍ ഇന്നും ഇന്ത്യക്ക്‌ വികാരമാണ്‌. ഏകദിന ക്രിക്കറ്റില്‍ സേവാഗ്‌ ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിച്ചു. സ്വന്തം ദിനങ്ങളില്‍ സേവാഗിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ലോകകപ്പ്‌നേടിയ വര്‍ഷത്തില്‍ ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പിറകിലായത്‌ ഈ വര്‍ഷമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു കളി പോലും ജയിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്‌ മുന്‍ വര്‍ഷങ്ങളിലെ ആവേശവുമുണ്ടായിരുന്നില്ല. പുതിയ താരങ്ങളായി വന്നവരില്‍ ഉമേഷ്‌ യാദവ്‌ ശ്രദ്ധ നേടിയപ്പോല്‍ അശ്വിന്‍ എന്ന സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗിനുള്ള പിന്‍ഗാമിയായി മാറി.

6-ഫെഡ്‌റര്‍ വസന്തം
മാന്യത മായുന്ന കളിക്കളത്തില്‍ മാന്യനായ താരമെന്ന ഖ്യാതി നിലനിര്‍ത്തി റോജര്‍ ഫെഡ്‌റര്‍ കരിയറിലെ നൂറാം കിരീടവുമായി ലോകത്തോളം ഉയരത്തില്‍ വിളിച്ച്‌ പറഞ്ഞു-അജയന്‍ ഞാന്‍ തന്നെ. റഫേല്‍ നദാലും മുറെയുമെല്ലാം ഉയര്‍ത്തിയ വെല്ലുവിളികളിലും ഗ്രാസ്‌ കോര്‍ട്ടിലെ മന്ദസ്‌മിതം മറ്റാരുമല്ലെന്ന്‌ തെളിയിച്ച ഫെഡ്‌റര്‍ പീറ്റ്‌ സംപ്രാസിന്‌ ശേഷം ടെന്നിസ്‌ മൈതാനത്തെ വസന്തമായി നിലനില്‍ക്കുന്നു. മൂന്ന്‌ വര്‍ഷത്തോളം ലോക റാങ്കിംഗില്‍ ഒന്നാമനായി വാണ താരം. ഗ്രാന്‍ഡ്‌സ്ലാമുകളില്‍ ചോദ്യം ചെയ്യപ്പെട്ടാത്ത ജേതാവ്‌. ഫ്രഞ്ച്‌ ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ മാത്രം വിയര്‍ക്കുന്ന ഫെഡ്‌റര്‍. നദാലുമായുള്ള പോരാട്ടത്തിലും മാന്യത മറക്കാത്ത ഫെഡ്‌റര്‍ കൂടുതല്‍ നേട്ടങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. വനിതാ ടെന്നിസില്‍ പക്ഷേ വര്‍ഷത്തില്‍ നിരാശയായിരുന്നു. സൂപ്പര്‍ താരങ്ങളെല്ലാം മങ്ങി.

7-ബൂട്ടിയാ ബൈ ബൈ
ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിച്ചത്‌ ചരിത്രമായിരുന്നു. വലിയ വന്‍കരയിലെ ആദ്യ പന്ത്രണ്ട്‌ സോക്കര്‍ ശക്തികളുടെ ചാമ്പ്യന്‍ഷിപ്പില്‍, വന്‍കരാ ജേതാവിനെ കണ്ടെത്താന്‍ ജപ്പാനും കൊറിയകളും ഖത്തറും ഓസ്‌ട്രേലിയയുമെല്ലാം കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്നത്‌ കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനും അവസരമുണ്ടായിരുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഇന്ത്യ തോറ്റു. പക്ഷേ ഓസ്‌ട്രേലിയയെും ബഹറൈനെയും അവസാനം ദക്ഷിണ കൊറിയയെയും ഇന്ത്യ വിറപ്പിച്ചു. പരുക്ക്‌ കാരണം നായകന്‍ ബൂട്ടിയക്ക്‌ കൂടുതല്‍ സമയം കളിക്കാനായില്ല. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ വിലാസമായി. കൊറിയക്കതിരെ മാത്രമായിരുന്നു ഖറാഫ സ്‌റ്റേഡിയത്തില്‍ സിക്കിമുകാരന്‍ കളിച്ചത്‌. ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെതിരെ കളിച്ച്‌ വിട പറയാനൊരുങ്ങുന്ന ബൂട്ടിയക്ക്‌ നല്ല നാളെകള്‍. സുനില്‍ ചേത്രി വിദേശ ക്ലബില്‍ കളിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ പതിവ്‌ പോലെ ദുരന്തമായി. ഇന്ത്യന്‍ ടീമില്‍ ചില മലായാളികള്‍ പേരിന്‌ തലകാട്ടി. എന്‍.പി പ്രദീപിനെ ശിക്ഷിക്കാനും മുഹമ്മദ്‌ റാഫിയെ പുറത്താക്കാനുമെല്ലാം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിടുക്കം കാട്ടി. പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയെന്ന പഴയ പ്രസിഡണ്ടിനെക്കുറിച്ച്‌ ഒന്നുമാരുമറിഞ്ഞില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ പിറകോട്ടുള്ള യാത്ര തുടര്‍ന്നു. കേരളാ സോക്കറില്‍ കെ.എം.ഐ മേത്തറെ പോലുള്ള പഴമക്കാര്‍ തന്നെ. ഭരണഘടനാ ഭേദഗതിയിലുടെ എത്ര കാലം തുടരാമെന്ന ഗവേഷണത്തിലാണ്‌ കെ.എഫ്‌.എയെ ഭരിക്കുന്നവര്‍. സന്തോഷ്‌ ട്രോഫിയില്‍ പതിവ്‌ വട്ടപൂജ്യം. വാചകമടിയില്‍ പതിവ്‌ ബിരുദവും.

8-അറബ്‌ വസന്തം
22 അറബ്‌ രാജ്യങ്ങള്‍ പങ്കെടുത്ത പന്ത്രണ്ടാമത്‌ അറബ്‌ ഗെയിംസില്‍ ഈജിപ്‌തുകാരുടെ കുതിപ്പും കരുത്തും കണ്ടു. അറബ്‌ ലോകത്ത്‌ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന്‌ അവര്‍ ആവര്‍ത്തിച്ചു തെളിയിച്ചു. ഖത്തര്‍ സംഘാടനത്തില്‍ വീണ്ടും വിസ്‌മയമായി. 2022 ലെ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഖത്തര്‍ അറബ്‌ ഗെയിംസിന്‌ ഒരുക്കിയ വേദികള്‍ കുറ്റമറ്റതായിരുന്നു. ഇന്ത്യയില്‍ നിന്ന്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുമതി ലഭിച്ച ഏക മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗെയിംസ്‌ വേദികളിലൂടെ സഞ്ചരിച്ചപ്പോള്‍ സംഘാടനമെന്ന കലയില്‍ എല്ലാവെരയും വെല്ലാന്‍ ഖത്തറിനാവുമെന്ന്‌ പകല്‍ പോലെ വ്യക്തമായിരുന്നു.

9-ബ്ലാറ്ററുടെ വിലാസം
ഫിഫയെന്ന ലോക സോക്കര്‍ ഭരണകേന്ദ്രത്തെ നയിക്കാന്‍ ഒരിക്കല്‍ക്കൂടി സ്വിസുകാരന്‍ സെപ്‌ ബ്ലാറ്റര്‍ക്ക്‌ അവസരം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഇമേജ്‌ മാത്രമല്ല, ലോക സോക്കര്‍ ഭരണകേന്ദ്രത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. ഏഷ്യന്‍ സോക്കറിനെ നയിച്ച മുഹമ്മദ്‌ ബിന്‍ ഹമാം എന്ന അറബിയെ തകര്‍ക്കാനായെങ്കിലും ബ്ലാറ്റര്‍ എന്നാല്‍ കണ്ണുമടച്ച്‌ ഇനിയാരുമങ്ങ്‌ വിശ്വസിക്കുന്നില്ല എന്ന സത്യമാണ്‌ പലവിധ വിവാദങ്ങളിലുടെ പ്രകടമായത്‌. വിണ്ടും സോക്കര്‍ തലവനാവാന്‍ അദ്ദേഹം വഴി വിട്ട്‌ നീങ്ങിയിരുന്നു. വോട്ടുകള്‍ ലഭിക്കാന്‍ സ്വന്തം കസേര ഉപയോഗിച്ചു. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ക്രമം വിട്ട്‌ നീങ്ങി. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ബ്ലാറ്റര്‍ക്ക്‌ വെല്ലുവിളിയാണ്‌.

10-ദേശീയ ഗെയിംസ്‌
ജനുവരി മുതല്‍ ഇതാ ഇന്ന്‌ ഡിസംബര്‍ 31 വരെ നമ്മള്‍ വാചകമടി തുടരുകയാണ്‌. വാചകമടിയില്‍ മന്തി മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാര്‍ പോലും പിന്നോക്കം പോവുന്നില്ല. താര്‍ഖണ്ഡ്‌ ഗെയിംസ്‌ കാലമേറെ കഴിഞ്ഞ്‌ നടത്തപ്പെട്ടു. കേരളത്തിന്‌ ഗെയിംസ്‌ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. ഒരുക്കങ്ങളുടെ വേലിയേറ്റക്കാരായിരുന്നു വാക്കുകളില്‍. കഴിഞ്ഞ സര്‍ക്കാരിലെ കായികമന്ത്രി എം.വിജയകുമാര്‍ വാചകോട്ടത്തിലായിരുന്നു. അദ്ദേഹം എന്തൊക്കെയാണ്‌ പലയിടങ്ങളില്‍ പറഞ്ഞതെന്ന്‌ അദ്ദേഹത്തിന്‌ പോലും നിശ്ചയമുണ്ടാവില്ല. ലൂയി പതിനാലാമന്‍ പണ്ട്‌ പറഞ്ഞിരുന്നു താനാണ്‌ രാജ്യമെന്ന്‌. വിജയകുമാര്‍ പറഞ്ഞു താനാണ്‌ കേരളാ സ്‌പോര്‍ട്‌സ്‌ എന്ന്‌. വാക്കുകളിലെ പ്രകടനത്തില്‍ അദ്ദേഹത്തിന്‌ ഓസ്‌ക്കാര്‍ നല്‍കണം. കേരളമിപ്പോഴും പഴയ കേരളം തന്നെ.

Wednesday, December 28, 2011

this is india

വിയര്‍ക്കാന്‍ ഇതാ ഒരു വ്യാഴം
ക്രിക്കറ്റ്‌ വൃത്തങ്ങളില്‍ അസ്ഥിരത എന്നാല്‍ അത്‌ ഇന്ത്യയാണ്‌.... ഒരു കാലത്ത്‌ പാക്കിസ്‌താനായിരുന്നു ഈ മോശം വിശേഷണം. ഇമ്രാന്‍ഖാനും വസീം അക്രവും വഖാര്‍ യൂനസും ജാവേദ്‌ മിയാന്‍ദാദുമെല്ലാം കളിക്കുന്ന കാലത്തും സയ്യദ്‌ അന്‍വറും ഇന്‍സമാമും സലീം മാലിക്കുമെല്ലാം കളിക്കുമ്പോഴും പാക്കിസ്‌താനെ പ്രവചിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ പാക്കിസ്‌താനെന്നാല്‍ അസ്ഥിരക്കാരല്ല, ജയിക്കാനറിയാത്തവരാണ്‌. മെല്‍ബണിലേക്ക്‌ നോക്കുക-മുന്‍ത്തൂക്കം ഉറപ്പായിരുന്നു. നിര്‍ണ്ണായകമായ ഒരു ടെസ്റ്റില്‍ എട്ട്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്‌ കേവലം 68 റണ്‍സിന്‌..! രണ്ട്‌ വിക്കറ്റിന്‌ 214 റണ്‍സ്‌ എന്ന നിലയില്‍ നിന്ന്‌ ഇന്ത്യ പുറത്തായത്‌ 282 റണ്‍സിന്‌.
മല്‍സരം മൂന്ന്‌ ദിവസം പിന്നിടുമ്പോള്‍ ആതിഥേയര്‍ക്കാണ്‌ വ്യക്തമായ ആധിപത്യം. 230 റണ്‍സിന്റെ ലീഡ്‌ അവര്‍ക്കുണ്ട്‌. മൈക്ക്‌ ഹസി 79 റണ്‍സുമായി ക്രീസിലും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ ലീഡ്‌ 300 കടന്നാല്‍ ഇന്ത്യ വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ക്രീസ്‌ അപ്ലിക്കേഷന്‍ എന്ന സത്യത്തെക്കുറിച്ച്‌ ഇന്ത്യന്‍ കോച്ച്‌ ഡങ്കണ്‍ ഫ്‌ളെച്ചര്‍ പറയാറുണ്ട്‌്‌. പക്ഷേ ഇന്നലെ രണ്ടാം പന്തില്‍ തന്നെ രാഹുല്‍ ദ്രാവിഡിനെ പോലെ മിടുക്കനായ പ്രതിരോധ ബാറ്റ്‌സ്‌മാന്‍ പുറത്തായി. ആ ഒരു പുറത്താവലില്‍ പിറകെ വന്നവര്‍ പതറി. അസ്ഥിരതയില്‍ ഇന്ത്യ സ്വയം ചെറുതാവുന്നത്‌ തുടക്കത്തിലെ തകര്‍ച്ചയിലാണ്‌. ദ്രാവിഡ്‌ പുറത്തായത്‌ ആദ്യ ഓവറിലാണെങ്കില്‍ പിറകെ വന്നവര്‍ അതിജീവനത്തിന്‌ ശ്രമിക്കാതെ പതറിയ മനസ്സുമായി കളിച്ചു. 22 പന്ത്‌ കളിച്ച ലക്ഷ്‌മണ്‍ രണ്ട്‌ റണ്‍സില്‍ പുറത്തായ കാഴ്‌ച്ച വേദനാജനകമായിരുന്നു. ഹില്‍ഫാന്‍ഹസ്‌ വേഗതയില്‍ ദ്രാവിഡിനെ തളച്ചപ്പോള്‍ ലക്ഷ്‌മണിന്‌ മുന്നിലെ പ്രശ്‌നം രാവിലെയിലെ ആദ്യ മണിക്കൂര്‍ കടമ്പ കടക്കുക എന്നതായിരുന്നു. വിക്കറ്റിന്‌ മുന്നില്‍ സ്‌തബ്‌ധനായി അദ്ദേഹം നിന്നതാണ്‌ പ്രശ്‌നമായത്‌. ധോണിയും കോലിയും ഇത്‌ മൂലം പതറി. അശ്വിന്‍ നേടിയ വിലപ്പെട്ട 31 റണ്‍സ്‌ എത്ര നിര്‍ണായകമായി.
ക്രീസ്‌ അപ്ലിക്കേഷനില്‍ ബാറ്റ്‌സ്‌മാന്മാര്‍ പരാജയപ്പെടുന്നത്‌ ഇതാദ്യമായല്ല. വേഗതയില്‍ തളരുന്ന, തുടക്കത്തിലെ തകര്‍ച്ചയില്‍ സ്‌തബ്‌ധരാവുന്ന, പ്രതിയോഗിയുടെ കണ്ണുരുട്ടലില്‍ വിറക്കുന്ന ബാറ്റ്‌സ്‌മാന്മാര്‍ എങ്ങനെ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കും...?
രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ്‌ മുന്‍നിരയെ തകര്‍ക്കുന്നതില്‍ യാദവും ഇഷാന്തും സഹീറും വിജയിച്ചു. പോണ്ടിംഗും ഹസിയും പൊരുതാനുറച്ച്‌ കളിച്ചപ്പോള്‍ ബൗളിംഗില്‍ പ്രശ്‌നങ്ങളുദിച്ചു. റിക്കിയും ഹസിയും ഈ പരമ്പരയിലേക്ക്‌ വന്നത്‌ ആത്മവിശ്വാസമില്ലാതെയാണ്‌. രണ്ട്‌ പേരുടെയും ടീമിലെ സ്ഥാനം പോലും സംശയത്തിലായിരുന്നു. അപകടം മനസ്സിലാക്കി ഇവര്‍ കളിച്ചപ്പോള്‍ സമ്മര്‍ദ്ദമടിച്ചേല്‍പ്പിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. ഹസി അവസാന ഓവറില്‍ പോലും അവസരം നല്‍കി. ഇന്ന്‌ നാലാം ദിവസം-ഇന്ത്യയുടെ പരമ്പരാഗത രോഗങ്ങള്‍ പ്രകാരം കളി പെട്ടെന്ന്‌ അവസാനിച്ചേക്കാം. വിരു, ഗാംഭീര്‍, സച്ചിന്‍, ദ്രാവിഡ്‌, ധോണി, ലക്ഷ്‌മണ്‍, കോലി-ഏഴ്‌ മികച്ച ബാറ്റ്‌സ്‌മാന്മാര്‍. അവരിലൊരാള്‍ പൊരുതിയാല്‍ ജയിക്കാം. പക്ഷേ.....

Tuesday, December 27, 2011

MAC-LOSS

മക്‌ഗ്രാത്ത്‌ ഇല്ലാതിരുന്നത്‌ നേട്ടമായി

ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ ബുദ്ധിയുടെ വിലയും വലുപ്പവും ഇന്നലെ എം.സി.ജി.യില്‍ പകല്‍ പോലെ വ്യക്തമായതിനൊപ്പം മക്‌ഗ്രാത്തിനെ പോലെ തല ഉപയോഗിക്കുന്ന ഒരു ബൗളര്‍ ഓസീസ്‌ സംഘത്തിലുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും നമ്മുടെ ഗതിയെന്ന സത്യവും കൂട്ടിവായിക്കുക. ഫാസ്റ്റ്‌ ബൗളര്‍മാരില്‍ ഭൂരിപക്ഷത്തിനും തലച്ചോറില്ല എന്ന്‌ പറഞ്ഞത്‌ കോട്‌നി വാല്‍ഷെന്ന വിന്‍ഡീസ്‌ സീമറാണ്‌. ചിലര്‍ വേഗതയില്‍ ജാഗ്രത പാലിക്കും. മറ്റ്‌ ചിലര്‍ സ്വിംഗിലും ഇനിയും ചിലര്‍ റിവേഴ്‌സ്‌ സ്വിംഗിലും വഴക്കിലുമെല്ലാം ശ്രദ്ധിക്കും. മക്‌ഗ്രാത്ത്‌ വിത്യസ്‌തനാവുന്നത്‌ വേഗതയും സ്വിംഗും പേസുമെല്ലാം കൂട്ടിചേര്‍ക്കുന്നതിനൊപ്പം അദ്ദേഹം ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകള്‍ മനസ്സിലക്കി സ്വന്തം തലച്ചോറ്‌ പ്രയോഗിക്കും. എം.സി.ജിയില്‍ ഇന്നലെ നോക്കുക-ജെയിംസ്‌ പാറ്റിന്‍സണ്‍ എന്ന പുത്തന്‍ സീമര്‍ വേഗതയില്‍ പിന്നോക്കം പോയില്ല, ഹില്‍ഫാന്‍ഹസ്‌ സ്വിംഗില്‍ കേന്ദ്രീകരിച്ചു, പീറ്റര്‍ സിഡില്‍ വിക്കറ്റ്‌ ടു വിക്കറ്റ്‌ പന്തെറിഞ്ഞു. ഏക സ്‌പിന്നര്‍ ലിയോണാവട്ടെ തന്റെ അനുഭവക്കുറവും തെളിയിച്ചു. അഞ്ചാമതൊരു ബൗളര്‍ ഇല്ലാത്തതിനാല്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ ഒന്നും ചെയ്യാനുമായില്ല.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നും പഠിക്കുന്നില്ല എന്നതിനുള്ള തെളിവായിരുന്നല്ലോ ഗാംഭീറിന്റെ പുറത്താവല്‍. പുറത്തേക്ക്‌ പോവുന്ന പന്തിന്റെ വേഗത കണ്ട്‌ പരിഭ്രമിച്ച ഗാംഭീര്‍ ബാറ്റ്‌ അനാവശ്യമായി മുന്നോട്ടെടുത്തു. സേവാഗ്‌ 67 റണ്‍സ്‌ നേടിയെങ്കിലും രണ്ട്‌ തവണ അദ്ദേഹം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. പാറ്റിന്‍സണുമായി വീരു കൊമ്പ്‌ കോര്‍ത്തു. ഓസ്‌ട്രേലിയക്കാര്‍ കൊമ്പ്‌ കോര്‍ക്കുന്നത്‌ തന്നെ എതിരാളികളെ മാനസികമായി തകര്‍ക്കാനാണ്‌. മക്‌ഗ്രാത്തിന്റെ ആ വിരുത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഫലപ്രദമായി നടപ്പിലാക്കിയത്‌. പാറ്റിന്‍സണ്‍ പ്രകോപിപിച്ചപ്പോള്‍ ചില ബൗണ്ടറികള്‍ വിരു നേടി. വിക്കറ്റും ബലി നല്‍കി.
മക്‌ഗ്രാത്തിനെ പോലെ ബുദ്ധി ഉപയോഗിച്ച്‌ പന്തെറിഞ്ഞിരുന്നെങ്കില്‍ പ്രതിരോധ ജാഗ്രത പാലിച്ച ദ്രാവിഡിനെയും സമ്മര്‍ദ്ദത്തില്‍ ബാറ്റിംഗ്‌ മറക്കുന്ന സച്ചിനെയുമെല്ലാം വേഗം പുറത്താക്കാമായിരുന്നു. സച്ചിന്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയത്‌ വേദനാജനകമാവുന്നത്‌ അദ്ദേഹം പുറത്തായ വിധമാണ്‌. രണ്ടാം ദിവസം അവസാന ഓവറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു അനുഭവസമ്പന്നന്‍. ഒരു ദിവസത്തെ അവസാന ഓവറില്‍ എല്ലാവരും ചെയ്യുന്നത്‌ അതീജിവന തന്ത്രമാണ്‌. അവിടെയാണ്‌ പ്രതിരോധം തകര്‍ന്നത്‌. സച്ചിന്‍ സമ്മര്‍ദ്ദത്തിലാണ്‌. അദ്ദേഹത്തിന്‌ സമ്മര്‍ദ്ദപ്പനിയില്‍ നിന്ന്‌ മോചിതനാവാനാവുന്നില്ല. അനുഭവം കുറഞ്ഞ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പ്രതിരോധം തകരുന്നത്‌ സച്ചിനെ പോലുള്ളവരെ സംബന്ധിച്ച്‌ നാണക്കേടാണ്‌. ഇന്ന്‌ മൂന്നാം ദിവസത്തില്‍ നല്ല സ്‌ക്കോര്‍ നേടാനായാല്‍ മെല്‍ബണില്‍ ഇന്ത്യക്ക്‌ തീര്‍ച്ചയായും പരാജയത്തെ അകറ്റാനാവും.
സഹീര്‍ഖാനെ പരാമര്‍ശിക്കാതെ രണ്ടാം ദിവസാവലോകനം പൂര്‍ത്തികരിക്കാനാവില്ല. 31 ഓവറുകളില്‍ ആറ്‌ മെയ്‌ഡനുള്‍പ്പെടെ 77 റണ്‍സിന്‌ നാല്‌ വിക്കറ്റുകള്‍. ആദ്യ ദിവസം രണ്ട്‌, രണ്ടാം ദിവസവും രണ്ട്‌. പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായിട്ടില്ല സഹീര്‍. പക്ഷേ വലിയ മല്‍സരങ്ങളിലെ വലിയ വീര്യം അദ്ദേഹം പുറത്തെടുത്തു. ഓരോ പന്തിലും അഗ്രസീവായിരുന്നു ഇന്ത്യന്‍ സീമര്‍. മക്‌ഗ്രാത്തില്‍ നിന്നും സഹീര്‍ പഠിച്ച ഈ പാഠം ഇന്ത്യക്ക്‌ ഗുണം ചെയ്‌തു.

Monday, December 26, 2011

CALICUT VARSITY IS COMING

ചന്ദ്രിക ഇംപാക്ട്‌

കോഴിക്കോട്‌: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലറും സിന്‍ഡിക്കേറ്റും അവസരത്തിനൊത്തുയരുന്നു......മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ കാലിക്കറ്റ്‌ പിറകിലായതിന്റെ കാര്യകാരണങ്ങള്‍ തേടുന്ന കലാശാലാ ഭരണക്കൂടം ഒഴിവുള്ള കായിക തസ്‌തികകള്‍ നികത്താന്‍ താല്‍കാലി നിയമനത്തിന്‌ തീരുമാനിച്ചിരിക്കുന്നു. അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന്‌ ശേഷം കാലിക്കറ്റിന്റെയും മറ്റ്‌ കേരളാ കലാശാലകളുടെയും പതനത്തിന്റെ കാരണങ്ങള്‍ നിരത്തി സ്‌പോര്‍ട്‌സ്‌ ചന്ദ്രിക തേര്‍ഡ്‌ ഐ കോളത്തിലുടെ നടത്തിയ വീക്ഷണങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. കാലിക്കറ്റിന്റെ പുതിയ തീരുമാനത്തില്‍ നിയമനം ഒരു വര്‍ഷത്തേക്കാണ്‌. ഫുട്‌ബോള്‍, ക്രിക്കറ്റ്‌, വോളിബോള്‍, ടെന്നിസ്‌, അത്‌ലറ്റിക്‌ ഇനങ്ങളിലാണ്‌ പരിശീലരെ നിയമിക്കുന്നത്‌. പുതിയ വൈസ്‌ ചാന്‍സലര്‍ കായികാവശത കണ്ടെത്താന്‍ സിന്‍ഡിക്കേറ്റംഗം നവാസ്‌ ജാനെ നിയോഗിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരവസ്ഥയെ മനോഹരമായി വിവക്ഷിച്ചിട്ടുണ്ട്‌. പെരുപാമ്പും എലിയും കൂറയുമെല്ലാം വിലസുന്ന വാഴ്‌സിറ്റി സ്‌റ്റേഡിയത്തിനും ചിതലരിക്കുന്ന കായിക വിഭാഗം ഓഫീസിനും മോചനത്തിനുള്ള വഴിയാണ്‌ ഇപ്പോള്‍ തുറക്കുന്നത്‌.

തേര്‍ഡ്‌ ഐ
പിച്ച്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നറിയിപ്പ്‌

മഴയില്‍ തണുത്ത മെല്‍ബണ്‍ ടെസ്‌റ്റിലെ ആദ്യദിവസം നല്‍കുന്ന സൂചനകള്‍ ഇന്ത്യക്ക്‌ മുന്നറിയിപ്പാണ്‌. ഇന്നലെ നിലംപതിച്ച ആറ്‌ ഓസീസ്‌ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടമാണെങ്കിലും പിച്ചില്‍ നിന്ന്‌ കുത്തി ഉയരുന്ന പന്തുകളെ പ്രയോജനപ്പെടുത്താന്‍ മിടുക്കരായ മൂന്ന്‌ സീമര്‍മാര്‍ ഓസീസ്‌ സംഘത്തിലുണ്ട്‌. 89 ഓവര്‍ പൂര്‍ത്തിയാക്കിയ ആദ്യദിനത്തിലെ ഓസീസ്‌ സമ്പാദ്യമായ 277 റണ്‍സ്‌ വളരെ വിലപ്പെട്ടതാണെന്ന്‌ സാരം. നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ കളിക്കാനിരിക്കെ 300 ലപ്പുറം ആതിഥേയ സ്‌ക്കോര്‍ നീങ്ങും. അവിടെയാണ്‌ ഇന്ത്യക്ക്‌ തലവേദനയാരംഭിക്കുക. ഇന്നലെ സഹീറിന്റെ റിവേഴ്‌സ്‌ സ്വിംഗുകള്‍, ഉമേഷ്‌ യാദവിന്റെ അതിവേഗ പന്തുകള്‍, അശ്വിന്റെ ഓഫ്‌ കട്ടറുകള്‍- എല്ലാം ഫലം ചെയ്‌തിരുന്നു. വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും ഇഷാന്ത്‌ ശര്‍മ്മയുടെ ഇന്‍സ്വിംഗറുകളില്‍ പോണ്ടിംഗ്‌ ഉള്‍പ്പെടെയുള്ളവര്‍ വിറച്ചിരുന്നു. പീറ്റര്‍ സിഡിലും ഹില്‍ഫാന്‍ഹസും പിച്ചിനെ ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ബാറ്റിംഗ്‌ സംഘത്തില്‍ വേഗതയെ ഭയപ്പെടുന്നവരധികമുള്ളതിനാല്‍ ഓസീസ്‌ ആദ്യ ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍ ഉയര്‍ന്നാല്‍ അത്‌ അപകടം വിതറും.
നിലയുറപ്പിച്ച്‌ കളിക്കാന്‍ ടെസ്റ്റില്‍ കഴിയുമെന്നാണ്‌ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനം പിച്ചിന്റെ സ്ഥിരതയാണ്‌. പന്തിന്റെ മിനുസം പോവുമ്പോള്‍, പിച്ച്‌ സ്ഥിരത തെളിയിക്കുമ്പോള്‍ ബാറ്റിംഗ്‌ എളുപ്പമാവാറുണ്ട്‌. പക്ഷേ ഇന്നലെ നോക്കുക-294 മിനുട്ട്‌ പൊരുതി നിന്ന ഓസീസ്‌ ഓപ്പണര്‍ എഡ്‌ കോവാനോ, രണ്ട്‌ മണിക്കൂര്‍ പൊരുതിയ റിക്കി പോണ്ടിംഗിനോ പൊരുതി നില്‍ക്കാനായില്ല. ഈ സത്യവും ഇന്ത്യക്ക്‌ വെല്ലുവിളിയാണ്‌. സഹീര്‍ ഇന്നലെ പായിച്ച റിവേഴ്‌സ്‌ സ്വിംഗില്‍ മൈക്കല്‍ ക്ലാര്‍ക്കും മൈക്‌ ഹസിയും എളുപ്പത്തില്‍ വീണത്‌ കണ്ട്‌ ഹില്‍ഫാന്‍ഹസ്‌ ചിരിച്ചിട്ടുണ്ടാവും. ഉയരക്കാരനാണ്‌ ഹില്‍ഫാന്‍ഹസ്‌. പന്തിനെ അദ്ദേഹം കുത്തി ഉയര്‍ത്തും. രാഹുല്‍ ദ്രാവിഡും സച്ചിനും ലക്ഷ്‌മണും വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്നവരാണ്‌. ഓസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക്‌ റെക്കോര്‍ഡുള്ളവര്‍. പക്ഷേ എം.സി.ജിയിലെ പുതിയ പിച്ചില്‍ വലിയ ഇന്നിംഗ്‌സ്‌ എന്നത്‌ ദുഷ്‌ക്കരമാണ്‌. ആദ്യ ദിവസത്തെ അവസാന ഓവറില്‍ പോലും പന്ത്‌ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ചിട്ടുണ്ട്‌. സീമര്‍മാരെ മുന്‍നിര്‍ത്തി തന്നെ ക്ലാര്‍ക്ക്‌ ആക്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോവാനും പോണ്ടിംഗും ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിയന്ത്രണം പാലിച്ചതാണ്‌ അര്‍ദ്ധ സെഞ്ച്വറിയിലെത്താന്‍ സഹായിച്ചത്‌. ഇന്ത്യന്‍ നിരയില്‍ സീമര്‍ ഉമേഷിനെ അഭിനന്ദിക്കണം. വേഗതയില്‍ മാത്രം കേന്ദ്രീകരിച്ചാണ്‌ യുവസീമര്‍ പന്തെറിഞ്ഞത്‌. ബൗളര്‍മാരെ റൊട്ടേറ്റ്‌ ചെയ്‌ത്‌ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ക്യാപ്‌റ്റന്‍ ധോണിയും വിജയിച്ചു.

Saturday, December 24, 2011

THIRD EYE-MGS PAIN

ക്രിക്കറ്റ്‌ എന്നാല്‍ അത്‌ സാമ്രാജ്യത്വ ഗെയിമാണ്‌... എല്ലാവര്‍ക്കുമറിയുന്ന പകല്‍സത്യം. ബ്രിട്ടിഷുകാരല്ലേ ക്രിക്കറ്റിന്‌ ഇവിടെ അവതരിപ്പിച്ചത്‌. നമ്മുടെരാജ്യത്തിന്റെ ആകെയുള്ള ലോക കായികവിലാസം ക്രിക്കറ്റാണ്‌. കുറച്ച്‌ രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഗെയിമായതിനാലും യൂറോപ്യന്മാര്‍ക്കും ചൈന, ജപ്പാനികള്‍ക്കും വെയില്‍ കൊള്ളാന്‍ താല്‍പ്പര്യമില്ലാത്തതിനാലും നമ്മളാണ്‌ ലോക ചാമ്പ്യന്മാര്‍. പറഞ്ഞ്‌ വരുന്നത്‌ മഹാത്മാ സര്‍വകലാശാലയുടെ കളിമുറ്റത്തെക്കുറിച്ചാണ്‌. ആരും അതിശയിക്കുന്ന ഒരു സത്യം പറയാം-രാഷ്‌ട്ര പിതാവിന്റെ നാമധേയത്തില്‍ രൂപം കൊണ്ട, പണ്ട്‌ മുതല്‍ തന്നെ കായിക മികവിന്റെ പേരില്‍ അറിയപ്പെടുന്ന എം.ജി വാഴ്‌സിറ്റിക്ക്‌ ഇന്നും സ്വന്തമായി ഒരു മൈതാനമില്ല...! ഈ ദുരവസ്ഥക്ക്‌ പരിഹാരം കാണാന്‍ ധാരാളം പണം പോക്കറ്റിലുളള കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ താല്‍പ്പര്യമെടുത്തു. ക്രിക്കറ്റുകാരെ- പ്രത്യേകിച്ച്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍കാരെ എല്ലാവരും കുറ്റം പറഞ്ഞാലും അവര്‍ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റുള്ളവരാണ്‌. കേരളത്തിന്റെ കായിക വികസനത്തിനായുള്ള നല്ല നീക്കങ്ങള്‍ക്ക്‌ പണത്തിന്റെ പച്ചക്കൊടി കാണിക്കാന്‍ ടി.സി മാത്യൂ മടിക്കാറില്ല. എം.ജിക്ക്‌ ഒരറു സ്‌റ്റേഡിയം എന്ന ലക്ഷ്യത്തിലും താല്‍പ്പര്യത്തിലും കേരളാ ക്രിക്കറ്റ്‌ അസോസിയേഷനും സര്‍വകലാശാലാ അധികൃതരും പരസ്‌പരധാരണാ കരാറില്‍ ഒപ്പിട്ടു. വര്‍ഷത്തില്‍ 198 ദിവസം സ്‌റ്റേഡിയം സര്‍വകലാശാലയുടെ കായികവാശ്യങ്ങള്‍ക്ക്‌. അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക്‌ കെ.സി.എക്ക്‌. കരാറിന്‌ രൂപമായപ്പോഴാണ്‌ കലാശാല വൈസ്‌ ചാന്‍സലര്‍ കസേരയില്‍ മാറ്റം വരുന്നത്‌. പിന്നെയാണ്‌ കളി നടക്കുന്നത്‌. പുതിയ അധികാരിക്ക്‌ ക്രിക്കറ്റെന്നാല്‍ അത്‌ കൊളോണിയല്‍ ഗെയിമാണ്‌. സ്‌റ്റേഡിയത്തിന്‌ കണ്ട്‌ വെച്ച സ്ഥലത്തെ റബര്‍ കൃഷി നശിപ്പിച്ചാല്‍ അത്‌ പരിസ്ഥിതിയെ ബാധിക്കും. കായികതയിലെന്ത്‌ കാര്യമെന്ന നിലപാടില്‍ സ്‌റ്റേഡിയം നിര്‍മ്മാണം ഇഴഞ്ഞുവെന്ന്‌ മാത്രമല്ല പൂര്‍ണ്ണമായും നിശ്ചലമായി.
പിന്നെ ആശ്രയം കലാശാലക്ക്‌ കീഴിലുള്ള പാലാ അല്‍ഫോണ്‍സയിലെയും എറണാകുളം മഹാരാജാസിലെയും ചങ്ങനാശ്ശേരി അസംപ്‌ഷനിലെയുമെല്ലാം മൈതാനങ്ങളാണ്‌. ഈ കടമെടുത്ത മൈതാനങ്ങളില്‍ നിന്നാണ്‌ എം.ജി വളരുന്നത്‌. ചെറിയ കാലയളവില്‍ അല്‍ഭുതകരങ്ങളായ കായിക നേട്ടങ്ങള്‍ കൈവരിച്ച കലാശാലയെ സംരക്ഷിക്കാന്‍ അധികാരികള്‍ രംഗത്ത്‌ വരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പഠിക്കേണ്ടത്‌ പഞ്ചാബി, ഹരിയാന കലാശാലകളുടെ മുന്നേറ്റമാണ്‌.
മംഗലാപുരത്ത്‌ സമാപിച്ച അന്തര്‍ കലാശാല അത്‌ലറ്റിക്‌ മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍പ്പട്ടത്തില്‍ എം.ജി രണ്ടാമത്‌ വന്നു. രണ്ട്‌ സ്വര്‍ണ്ണം മാത്രമാണ്‌ ലഭിച്ചതെങ്കിലും വനിതാ കിരീടം സ്വന്തമാക്കുന്നതില്‍ അവര്‍ കാലിക്കറ്റുമായി മല്‍സരിച്ചിരുന്നു. അവസാന ദിവസത്തിലെ റിലേ സ്വര്‍ണ്ണം, അതല്ലെങ്കില്‍ പോള്‍വോള്‍ട്ടിലെ സ്വര്‍ണ്ണം ലഭിച്ചിരുന്നെങ്കില്‍ കാലിക്കറ്റിനെ പിറകിലാക്കാന്‍ ഒന്നുമില്ലാത്ത ഈ കലാശാലക്ക്‌ കഴിയുമായിരുന്നു.
കാലിക്കറ്റിന്‌ എല്ലാമുണ്ട്‌. സ്‌റ്റേഡിയങ്ങളും സാഹചര്യങ്ങളും പാരമ്പര്യവും നല്ല പരിശീലകരുമെല്ലാം. എം.ജിക്ക്‌ ഇതൊന്നുമില്ല. സായിയുടെ ഒരു കേന്ദ്രം പോലും വാഴ്‌സിറ്റിക്ക്‌ കീഴില്‍ എവിടെയുമില്ല. സ്‌ക്കൂള്‍ കായികമേളകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോടും മാര്‍ബേസിലും സെന്റ്‌ ജോര്‍ജുമെല്ലാം കലാശാലാ പരിധിയിലാണ്‌. ഇവിടെ നിന്നും കുട്ടികളെത്തുന്നത്‌ അസംപ്‌ഷനിലേക്കും അല്‍ഫോണ്‍സയിലേക്കും മഹാരാജാസിലേക്കുമെല്ലാമാണ്‌. ഈ കലാലയങ്ങളാണ്‌ എം.ജിയെ നിലനിര്‍ത്തുന്നത്‌.
സര്‍ക്കാരും വാഴ്‌സിറ്റി അധികാരികളും അല്‍പ്പം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചാല്‍ എല്ലാവരെയും പിറകിലാക്കാന്‍ എം.ജി ക്കാവും. അടിയന്തിരമായി വേണ്ടത്‌ ഒരു കളിമുറ്റം. വലിയ വാക്കുകള്‍ സംസാരിക്കുന്ന മന്ത്രിമാരും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാരും യാഥാര്‍ത്ഥ്യത്തിന്റെ കളിമുറ്റത്തേക്കൊന്ന്‌ ഇറങ്ങുക-വളരെ വൈകിയ ഈ വേളയില്ലെങ്കിലും.

Friday, December 23, 2011

സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

തേര്‍ഡ്‌ ഐ
സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

കലാശാല കുടുംബത്തിലെ ശിശുവാണ്‌ കണ്ണൂര്‍ സര്‍വകലാശാല. ശൈശവ ദശയിലുള്ളവരെ പരിപാലിക്കാന്‍ തലമുതിര്‍ന്നവര്‍ ബാദ്ധ്യസ്ഥരാണ്‌. കൈ വളരുന്നതും കാല്‌ വളരുന്നതും നോക്കിയിരിക്കണം. പാലും മുട്ടയും പ്രോട്ടീനുമെല്ലാം നല്‍കണം. കാലിക്കറ്റ്‌ കലാശാല എന്ന വലിയ വടവൃക്ഷത്തില്‍ നിന്നുള്ള ശാഖയായതിനാല്‍ അതിന്റെ തണലില്‍ വളര്‍ന്ന ശിശുവിന്റെ കൈകാലുകള്‍ വളര്‍ന്നിട്ടില്ലെന്ന ദയനീയ സത്യമാണ്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ രംഗം നല്‍കുന്നത്‌. മംഗലാപുരത്ത്‌ സമാപിച്ച മീറ്റില്‍ കണ്ണൂര്‍ കലാശാലയെ പ്രതിനിധീകരിച്ചത്‌ പത്തൊമ്പത്‌ താരങ്ങള്‍. ലഭിച്ചത്‌ ഒരു സ്വര്‍ണ്ണമുള്‍പ്പെടെ നാല്‌ മെഡലുകള്‍. അനു മറിയമാണ്‌ കനകനേട്ടത്തിനര്‍ഹയായത്‌. ലോംഗ്‌ ജംമ്പില്‍ നീനയും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോയും മൂന്നാമന്മാരായപ്പോള്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ സിനി മൈക്കല്‍ രണ്ടാമത്‌ വന്നു.
120 ഓളം കോളജുകളുടെ മാതാവായ ഒരു വാഴ്‌സിറ്റിയുടെ ഈ പ്രകടനത്തേ കുട്ടികാര്യമെന്ന തരത്തില്‍ കാണാനാവില്ല. കാലിക്കറ്റിനെയും എം.ജി വാഴ്‌സിറ്റിയെയുമെല്ലാം അപേക്ഷിച്ച്‌ വലുപ്പത്തിലും ചരിത്രത്തിലുമെല്ലാം എത്രയോ പിറകിലാണ്‌ കണ്ണൂര്‍. വന്‍കിടക്കാരായ കോളജുകളും കുറവ്‌. ആകെയുള്ളത്‌ ഒരു എസ്‌.എന്‍ കോളജും ബ്രണ്ണന്‍ കോളജും പിന്നെ പയ്യന്നൂര്‍ കോളജും സര്‍ സയ്യിദും. അവശേഷിക്കുന്നവയെല്ലാം നവതലുമുറയിലെ സ്വാശ്രയ ഉല്‍പ്പന്നങ്ങളാണ്‌. ഇവിടങ്ങളിലെ കായികതയെക്കുറിച്ച്‌ ഒരക്ഷരം ചോദിക്കരുത്‌. സ്വന്തമായി മൈതാനമോ, കായിക വിഭാഗമോ, കായികാധ്യാപകനോ എന്തിന്‌ കേവലം ഒരു പന്ത്‌ പോലും ഇവിടങ്ങളില്‍ കാണില്ല. പണം വാരാനുള്ള ഭണ്ഡാരപ്പെട്ടികളില്‍ കായികതക്ക്‌ സ്ഥാനമില്ല.
സ്വാശ്രയത്തില്‍ എന്ത്‌ കായികം എന്നാണ്‌ ഒരു സ്വാശ്രയ ഉടമ ചോദിച്ചത്‌. പണം വാങ്ങുന്ന കാര്യത്തില്‍ ഒരു മല്‍സരം നടന്നാല്‍ ചിലപ്പോള്‍ ഒന്നാമത്‌ വരുക കണ്ണൂര്‍ കലാശാലക്ക്‌ കീഴിലുള്ള സ്വാശ്രയ കൂണുകളായിരിക്കും. രാഷ്‌ട്രീയത്തിന്റെ അമിതാതിപ്രസരമുള്ള നാടായിട്ടും ഉച്ചത്തില്‍ ഒരു കാര്യം പറയാം-മാതാവിന്റെ വഴി വിട്ട വഴിയില്‍ ഈ മകള്‍ സഞ്ചരിക്കുന്നില്ല. കാലിക്കറ്റുകാര്‍ സമരബഹള മയക്കാരാണെങ്കില്‍ ധര്‍മശാലയില്‍ സാമാന്യം നല്ല ഒരു മൈതാനവും (*പാമ്പും എലിയും കൂറയുമില്ല...) രണ്ട്‌ നല്ല ഹോസ്‌റ്റലുകളും നീന്തല്‍കുളവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം കണ്ണൂരിനുണ്ട്‌. അവ നന്നായി പരിപാലിക്കുന്നുമുണ്ട്‌. സിന്തറ്റിക്‌ ട്രാക്കിനെക്കുറിച്ചോ, ഉന്നത വേദികളെക്കുറിച്ചോ അവര്‍ ആലോചിക്കുന്നില്ല. ഉള്ളത്‌ കൊണ്ട്‌ സംതൃപ്‌തനാണെന്ന വാദക്കാരനാണ്‌ കായിക വിഭാഗം മേധാവി ഡോ.ജോസഫ്‌.
കാലിക്കറ്റിനെയും എം.ജിയെയും ചൂണ്ടിക്കാട്ടി ഞങ്ങള്‍ പാവങ്ങളാണ്‌ എന്ന്‌ പറഞ്ഞ്‌ വേണമെങ്കില്‍ കണ്ണൂരിന്‌ രക്ഷപ്പെടാം. പക്ഷേ നമുക്ക്‌ വേണ്ടത്‌ രക്ഷപ്പെടലിന്റെ എളുപ്പവഴികളല്ലല്ലോ... കണ്ണൂരിന്റെ രക്തത്തില്‍ വെല്ലുവിളിയുടെ വീര്യമുണ്ടെന്നാണ്‌ അന്നാട്ടുകാര്‍ പറയാറുള്ളതും പ്രാവര്‍ത്തികമാക്കി തെളിയിച്ചിട്ടുളളതും. സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്താന്‍ സര്‍ക്കാരും മാതാവിന്റെ തണലില്‍ നിന്ന്‌ മോചിതരാവാന്‍ വാഴ്‌സിറ്റിക്കാരും ശ്രമിച്ചാല്‍ നാളെയെ സമ്പന്നമാക്കാം

Thursday, December 22, 2011

NAMMUDE CALICUT VARSITY

തേര്‍ഡ്‌ ഐ
പെരുപാമ്പ്‌, എലി, കൂറ....... കാലിക്കറ്റിന്റെ കായികനേട്ടം
ഖത്തറിന്റെ ആസ്ഥാനമായ ദോഹയില്‍ നടക്കുന്ന അറബ്‌ ഗെയിംസിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അല്‍സദ്ദ്‌ സ്‌റ്റേഡിയത്തിലായിരുന്നു. അതിമനോഹരമായ സ്‌റ്റേഡിയമെന്നത്‌ ഒരു വിശേഷണമല്ല. എന്തൊരു പരിപാലനമെന്നതാണ്‌ സവിശേഷത. സ്‌റ്റേഡിയത്തെ ശുശ്രൂഷിക്കാന്‍ 150 പേര്‍. പൊടി പോലും കണ്ട്‌ പിടിക്കാനാവില്ല സ്റ്റേഡിയത്തിലെ ഇരിപ്പിടത്തില്‍. മിഡിയാ ബോക്‌സും പ്ലെയേഴ്‌സ്‌ ബോക്‌സും ഡ്രസ്സിംഗ്‌ റൂമുമെല്ലാം രാജകീയം. മൈതാനത്തെ പച്ചപ്പ്‌ കണ്ടാല്‍ അതില്‍ ചവിട്ടിമെതിക്കാന്‍ തോന്നില്ല. ഒരു പുല്ല്‌ പോലും അനുസരണയില്ലാതെ വളരുന്നില്ല. നാല്‌ ചെക്കിംഗ്‌ പോയന്റുകള്‍ കഴിഞ്ഞ്‌ മാത്രമാണ്‌ നിങ്ങള്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനാവുക
ഇനി നമുക്ക്‌ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റിയിലേക്കൊന്ന്‌ പോവാം.... കളിമുറ്റങ്ങള്‍ക്ക്‌ ദാരിദ്ര്യമുള്ള നാട്ടില്‍ ഒരു കാലത്ത്‌ കളിക്കാരുടെ വാല്‍സല്യ കേന്ദ്രമായിരുന്നു ഈ മൈതാനമെന്ന ആമുഖത്തില്‍ തന്നെ പ്രവേശിക്കാം. സ്വീകരിക്കാന്‍ വരുക പെരുമ്പാമ്പുകള്‍...! വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഞെട്ടി തിരിച്ച്‌ പോവാം. സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റില്‍ മുന്നോട്ടാണ്‌ നീങ്ങുന്നതെങ്കില്‍ സ്വീകരണമോതി എലികളുണ്ട്‌, ചെറുപാമ്പുകളുണ്ട്‌, കൂറകളും എട്ടുകാലികളുമെല്ലാമുണ്ട്‌. ഒന്നിരിക്കാന്‍ ധൈര്യപ്പെടരുത്‌. വിഷ ചികില്‍സക്ക്‌ പോവേണ്ടി വരും. ഇരിപ്പിടങ്ങള്‍ ധാരാളമുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ അതൊന്നും കാണുന്നില്ല. കാട്‌ പിടിച്ചിരിക്കുന്നു. കാട്‌ എന്നാല്‍ കുറ്റിക്കാട്‌ തന്നെ. കളിക്കാരോ, പരിശീലകരോ ഇങ്ങോട്ട്‌ തിരിഞ്ഞുനോക്കുന്നില്ലെന്നത്‌ സത്യം. മൈതാനത്തിന്റെ കൂറെ ഭാഗം നാട്ടുകാരും കൊണ്ട്‌ പോയിരിക്കുന്നു. ആരും ചോദിക്കാനും പറയാനുമില്ല. ആര്‍ക്കും എന്തുമാവാം... കൊടി പിടിക്കുന്നതിലും മുദ്രാവാക്യം മുഴക്കുന്നതിലും ഘൊരാവോ നടത്തുന്നതിലും സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥികളെ നട്ടം തിരിക്കുന്നതിലും പി.എച്ച്‌.ഡി സ്വന്തമാക്കിയ കലാശാല ജീവനകാര്‍ക്ക്‌ നാട്ടുകാരോട്‌ അതിരറ്റ സ്‌നേഹമാണ്‌. സമരവും ബഹളവും തെറിവിളിയുമെല്ലാം സഹിക്കുന്ന നാട്ടുകാരെ ദ്രോഹിക്കരുതല്ലോ....
സ്‌റ്റേഡിയത്തില്‍ നിന്ന്‌ കലാശാല കായികവിഭാഗം ആസ്ഥാനത്തേക്ക്‌ ഒന്ന്‌ കയറുക (പുരാവസ്‌തു ഗവേഷകരെ കൂട്ടരുത്‌)- എന്തെല്ലാമാണോ ഒരു കായിക വിഭാഗം ആസ്ഥാനത്ത്‌ വേണ്ടത്‌ അതൊന്നും നിങ്ങള്‍ക്ക്‌ ഇവിടെ കാണാനാവില്ല. നേരത്തെ സ്‌റ്റേഡിയത്തില്‍ കണ്ട ക്ഷുദ്രജീവികളെ കാണാം. പൊടി പാറി കിടക്കുന്ന ചില കസേരകളുണ്ട്‌. ശിലായുഗ കാലത്ത്‌ ആദിമ മനുഷ്യര്‍ തീയ്യുണ്ടാക്കാനും കളിക്കാനുമെല്ലാം ഉപയോഗിച്ച തരത്തിലുള്ള ചില വസ്‌തുക്കളുമുണ്ട്‌. സംസാരത്തിന്‌ മിടുക്കരായ, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അലകും പിടിയും വിഭാഗീയതയുടെ നേരും നെറിയുമെല്ലാം അറിയുന്നവരുടെ ശുദ്ധരാഷട്രീയ സംവാദത്തില്‍ മാത്രമാണിവിടെ ജീവനുണ്ടെന്ന്‌ തെളിയുക.
ഒരു കാലത്ത്‌ ഇന്ത്യയിലെ ചാമ്പ്യന്‍ കലാശാലയായിരുന്നു ഇതെന്ന്‌ ഓര്‍ക്കണം. ഇവിടെയാണ്‌ ലോകോത്തര താരങ്ങള്‍ ജന്മമെടുത്തത്‌. ഇവിടെയായിരുന്നു വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നത്‌. ഇവിടെ നിന്നാണ്‌ രാജ്യത്തിന്‌ വലിയ മെഡലുകള്‍ വന്നത്‌. പിന്നെ എങ്ങനെ ഈ കളിമുറ്റവും കായികാസ്ഥാനവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം ഇങ്ങനെയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്‌-നിരുത്തരവാദിത്ത്വം.
മംഗലാപുരത്ത്‌ കഴിഞ്ഞ ദിവസം സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കിയ കാലിക്കറ്റ്‌ ടീമിനെ സ്വീകരിക്കാന്‍ ഇന്നലെ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കലാശാല പ്രമുഖരോടെല്ലാം കായികാവസ്ഥ ചോദിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്ത്‌ നിരാശ. എല്ലാവര്‍ക്കും പറയാനുള്ളത്‌ നേട്ടങ്ങളുടെ ഇന്നലെകളെക്കുറിച്ച്‌. ലോകവും രാജ്യവും അതിവേഗം ബഹുദൂരം കുതിക്കുമ്പോള്‍ എലിക്കും പാമ്പിനുമെല്ലാം വാസമൊരുക്കി നമ്മള്‍ നടത്തുന്ന കായിക പരിപാലനം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലജ്ജാകരമാണ്‌.
ഇന്നലെകളെ വാനോളം പുകഴ്‌ത്താം. ന്റ ഉപ്പുപ്പാന്റെ കാലം മ്മള്‌ വലിയ പുലിയാര്‍ന്നുവെന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാഷ കടമെടുത്ത്‌ പറയാം. പഞ്ചാബികളും ഹരിയാനക്കാരും തല ഉയര്‍ത്തി സര്‍ദാരി കഥകള്‍ പറയുമ്പോള്‍ അസുയയോടെ അവരെ നോക്കാനും, അവര്‍ക്കെതിരെ പരാതി നല്‍കാനും അനാവശ്യ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സ്വന്തം വീഴ്‌ച്ച മറക്കാനും ശ്രമിക്കുന്നവരോട്‌ ഒരു വാക്ക്‌-ഒന്ന്‌ സന്മനസ്സ്‌ കാണിക്കുക, സ്ഥലം കാലിയാക്കുക........

Wednesday, December 21, 2011

ETHANU NAMMAL


തേര്‍ഡ്‌ ഐ
അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ മംഗലാപുരത്ത്‌ സമാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകളുടെ പ്രകടനം നല്‍കുന്നത്‌ സമ്പൂര്‍ണ്ണ നിരാശ. നിലവിലെ ചാമ്പ്യന്മാരായിരുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റിയും ശക്തരായ എം.ജിയും കേരളയും കണ്ണൂരുമെല്ലാം പഞ്ചാബിലെയും ഹരിയാനയിലെയും കലാശാലകള്‍ക്ക്‌ മുന്നില്‍ തലകുനിക്കുന്ന കാഴ്‌ച്ച ഏത്‌ കായിക പ്രേമിക്കും വേദനയാണ്‌ നല്‍കുന്നത്‌. ഒരു കാലത്ത്‌ കേരളമായിരുന്നു അന്തര്‍കലാശാല രംഗത്തെ മുടിചൂടാമന്നന്മാര്‍. നമ്മുടെ കലാശാലകളായിരുന്നു മെഡലുകള്‍ വാരിക്കൂട്ടിയത്‌. ഉത്തരേന്ത്യന്‍ കലാശാലകള്‍ കേരളത്തെ പുകഴ്‌ത്തി മടങ്ങുന്ന ആ നല്ല കാലത്തിന്‌ ശേഷം വ്യക്തമായ പ്ലാനിംഗില്ലാതെ, അടിസ്ഥാനപരമായ കാഴ്‌ച്ചപ്പാടില്ലാതെ, തമ്മിലടിക്കുന്ന കായിക സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണിച്ച പ്രതിനിധികളായി നമ്മള്‍ മാറിയതാണ്‌ ഈ ദയനീയതക്ക്‌ കാരണമെന്നത്‌ പകല്‍ പോലെ വ്യക്തം. പലവട്ടം പലരെയും ഉപദേശിച്ചിട്ടും സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യവുമായി തോല്‍ക്കാനായി മല്‍സരിച്ചതായിരുന്നു നമ്മള്‍. ഇന്നലെ സമ്പാദിക്കാനായ കനകങ്ങളില്‍ കാലിക്കറ്റിന്‌ വനിതാപ്പട്ടവും എം.ജിക്ക്‌ ഓവറോളില്‍ രണ്ടാം സ്ഥാനവും ലഭിച്ചെങ്കിലും തപ്പിതടഞ്ഞുള്ള വിജയങ്ങളില്‍ അഭിമാനിക്കാനില്ല.
കാലിക്കറ്റിനെ മാത്രം ഉദാഹരിക്കുക. പി.ടി ഉഷയെ പോലുള്ള ലോകോത്തര പ്രതിഭകള്‍ക്ക്‌ ജന്മം നല്‍കിയ കലാശാലയിലേക്ക്‌ ഒന്ന്‌ കയറിയാല്‍ കേള്‍ക്കാനാവുന്നത്‌ സമരമുദ്രാവാക്യങ്ങളാണ്‌. എന്തിനും ഏതിനും കൊടി പിടിക്കുന്നവരുടെ മേച്ചില്‍പ്പുറമാണ്‌ കാലിക്കറ്റ്‌. കായിക വിഭാഗത്തിലേക്ക്‌ എത്തി നോക്കിയാല്‍ അവിടെ നിന്നുമുയരുന്നത്‌ അധികാരത്തര്‍ക്കം. മുപ്പിളാന്‍ തര്‍ക്കത്തില്‍ പരസ്‌പരം കടിച്ചുകീറുന്നവരുടെ മുന്നിലേക്ക്‌ ആടുമാടുകളായി പാവം താരങ്ങള്‍. വിശാലമായ വാഴ്‌സിറ്റി മൈതാനം ഉണങ്ങികിടക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. മേലാളന്മാരുടെ ശീതസമരങ്ങള്‍ക്ക്‌ നടുവില്‍ പരിശീലനത്തിന്‌ നിയോഗം ലഭിക്കുന്ന താരങ്ങള്‍ കടമ നിര്‍വഹിക്കുന്ന തരത്തില്‍ ഗ്രേസ്‌ മാര്‍ക്കിനും സ്‌പോര്‍ട്‌സ്‌ ക്വാട്ടക്കുമായി നടത്തുന്ന ഓട്ടത്തിലും ചാട്ടത്തിലും മല്‍സരാഭിരുചി പോലും പ്രകടമാവുന്നില്ല. കൊണ്ടോട്ടിയിലെ ഇ.ഇം.ഇ.എ കോളജ്‌ മൈതാനത്തായിരുന്നു ഇത്തവണ വാഴ്‌സിറ്റി അത്‌ലറ്റിക്‌ മല്‍സരങ്ങള്‍. ഡോ.വി.പി സക്കീര്‍ ഹുസൈനെ പോലുള്ള ചില നല്ല കായികാധ്യാപകരുടെ താല്‍പ്പര്യത്തില്‍ ആ മേള മികച്ചതായി. പക്ഷേ പ്രകടന തലത്തില്‍ പരിശോധന നടത്തിയാല്‍ ഇപ്പോള്‍ മുഡ്‌ബിദ്രിയില്‍ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിലെ പ്രകടനത്തിന്റെ അരികില്‍ പോലും നമ്മളില്ല. ഇന്നലെയാണ്‌ കാലിക്കറ്റിന്‌ മൂന്ന്‌ സ്വര്‍ണ്ണം ലഭിച്ചതെന്ന്‌ ഓര്‍ക്കുക. എസ്‌.എസ്‌ കൈമളിനെ പോലെ ധീക്ഷണാബോധമുള്ള പരിശീലകരുടെ കീഴില്‍ ഉയരങ്ങള്‍ കീഴടക്കിയ കാലിക്കറ്റ്‌, സി.പി.എം ഉസ്‌മാന്‍ കോയ, വിക്ടര്‍ മഞ്ഞില തുടങ്ങിയ പരിശീലകര്‍ക്ക്‌ കീഴില്‍ അന്തര്‍സര്‍വകലാശാല ഫുട്‌ബോളില്‍ നിരവധി തവണ കിരീടം ചൂടിയ കാലിക്കറ്റ്‌, പാപ്പച്ചനും ഷറഫലിയും കുരികേശ്‌ മാത്യുവിനുമെല്ലാം ജന്മം നല്‍കിയ കാലിക്കറ്റ്‌-ഇന്ന്‌ അവര്‍ കിതക്കുകയാണ്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫിനെ പോലെ അനുഭവസമ്പന്നനായ പരിശീലകന്റെ അവസാന കായിക വര്‍ഷത്തിലാണ്‌ കിതപ്പെന്നത്‌ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിദേശത്ത്‌ നിന്ന്‌ പരിശീലകപഠനം പൂര്‍ത്തിയാക്കിയ ഒരു പരിശീലകന്‍ കാലിക്കറ്റിന്റെ തട്ടകത്തിലേക്ക്‌ വിരമിക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ അകത്തളത്തിലെ പാരവെപ്പുകളുടെ ചീഞ്ഞളിഞ്ഞ കഥകള്‍ കേള്‍ക്കാം. വനിതാ വിഭാഗത്തില്‍ നേടാനായ ഓവറോള്‍ പട്ടം കാലിക്കറ്റിന്റെ വിശാല ചരിത്ര നേട്ടത്തില്‍ ഒന്നുമല്ല. വാഴ്‌സിറ്റിക്ക്‌ കീഴിലെ കായിക കോളജുകളുടെ കാര്യമെടുത്താലും ദാരിദ്ര്യം പ്രകടമാവുന്നുണ്ട്‌. വിമലക്കും മേഴ്‌സിക്കും വിക്ടോറിയക്കുമൊന്നുമിപ്പോള്‍ പഴയ ഖ്യാതിയില്ല.
മഹാത്മജിയുടെ നാമധേയത്തില്‍ കോട്ടയം ആസ്ഥാനമായി രൂപികൃതമായ എം.ജി വാഴ്‌സിറ്റി ഒരിക്കലും പ്രതിഭാ ദാരിദ്ര്യം നേരിട്ടിരുന്നില്ല. സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോട്‌, മാര്‍ബേസില്‍, സെന്റ്‌ ജോര്‍ജ്‌ തുടങ്ങിയ സ്‌ക്കൂളുകളില്‍ നിന്നുള്ള താരങ്ങളുടെയെല്ലാം ആശ്രയ കേന്ദ്രമായി മാറാറുള്ള എം.ജിക്ക്‌ ഇത്തവണ ലഭിച്ചത്‌ രണ്ടാം സ്ഥാനം മാത്രമാണ്‌. രാഷ്‌്‌ട്രീയാതിപ്രസരം തന്നെയാണ്‌ എം.ജിയിലെയും പ്രശ്‌നം. കാലിക്കറ്റിന്റെ വഴി തെരഞ്ഞെടുത്ത അവര്‍ കായികവികസന കാര്യത്തിന്‌ നീക്കിവെക്കുന്ന ഫണ്ട്‌ പോലും ചില പോക്കറ്റുകളിലേക്കാണ്‌ വഴി മാറുന്നത്‌.
കേരളയും കണ്ണൂരും തുടങ്ങിയിടത്ത്‌ തന്നെ. കലണ്ടര്‍ വര്‍ഷത്തില്‍ അക്കാദമിക്‌ കാര്യം പോലെ മാറ്റിവെച്ചിരിക്കുന്ന കായിക മേളയും ടീം സെലക്ഷനും ആര്‍ക്കോ വേണ്ടി അവര്‍ നടത്തുന്നു. മല്‍സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും എല്ലാം പതിവ്‌ അനുഷ്‌ഠാനം.
ഇനി ഉത്തരേന്ത്യയിലേക്ക്‌ ഒന്ന്‌ നോക്കുക: 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിന്‌ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ചവര്‍ ഹരിയാനക്കാരും പഞ്ചാബികളുമായിരുന്നു. അവര്‍ ഗതകാല വീഴ്‌ച്ചകളെ അനുഭവങ്ങളാക്കി ആത്മവിശ്വാസത്തിന്റെ ട്രാക്കിലാണ്‌ സഞ്ചരിക്കുന്നത്‌. ലുഥിയാനയിലും ചണ്ഡിഗറിലുമെല്ലാം പോയാല്‍ കാണാനാവുന്നത്‌ ഗുസ്‌തിയും ബോക്‌സിംഗും ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പഠിപ്പിക്കുന്ന അക്കാദമികള്‍. പട്യാലയിലെ പഞ്ചാബി സര്‍വകലാശാല ഇത്തവണ കായിക വികസനത്തിനായി നീക്കിവെച്ചത്‌ പത്ത്‌ കോടി. കലാശാലക്ക്‌ കീഴിലുള്ള എല്ലാ കോളജുകള്‍ക്കും പ്രത്യേക കായിക പാക്കേജ്‌. കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കാന്‍ പ്രത്യേക കമ്മിറ്റി. ഇതെല്ലാം മുമ്പ്‌ നമ്മള്‍ ചെയ്‌തതാണ്‌. നേട്ടങ്ങള്‍ കൈവരിക്കാനായപ്പോള്‍ വ്യക്തിഗതമായി പലതും സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ മറന്ന അടിസ്ഥാനപാഠങ്ങളിലേക്ക്‌ തിരിച്ച്‌ പോവാനുള്ള മുന്നറിയിപ്പാണ്‌ മംഗലാപുരത്ത്‌ നിന്ന്‌ ലഭിച്ചിരിക്കുന്നത്‌. നമ്മുടെ കലാശാലാ ഭരണാധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ഒന്ന്‌ മനസിലാക്കുക-ലോകം മാറുന്നത്‌ പ്രകാശത്തേക്കാള്‍ വേഗതയിലാണ്‌. കണ്ണ്‌ തുറന്ന്‌ തന്നെയിരിക്കുക. അതിന്‌ കഴിയുന്നില്ലെങ്കില്‍ ഉറക്കം നടിക്കാതിരിക്കുക. ആത്മാര്‍ത്ഥയുള്ളവരെ അംഗീകരിക്കുക. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സമയത്ത്‌ ഡല്‍ഹിയില്‍ സംഘാടന മികവുമായി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഓടി നടന്ന ഡോ.സക്കീര്‍ ഹുസൈനെ പോലുള്ളവര്‍ എന്നും തഴയപ്പെടുന്നവരുടെ പട്ടികയിലാണ്‌. പിന്‍വാതില്‍ നീക്കങ്ങളില്‍ അഗ്രഗണ്യരായവര്‍ വിജയിക്കുമ്പോള്‍ കലാശാലകള്‍ തോല്‍ക്കും. മൈതാനത്ത്‌ പിന്‍വാതിലുകള്‍ ഇല്ലെന്ന്‌്‌ ഓര്‍ക്കുക-മല്‍സരം നേരിട്ടാണ്‌. വിജയിക്കണമെങ്കില്‍ രാഷ്ട്രീയമല്ല കായികതയാണ്‌ നിര്‍ബന്ധം.

പഞ്ചാബി ഹൗസ്‌
മംഗലാപുരം: കേരളത്തിന്റെ കലാശാലകള്‍ക്ക്‌ നാണിച്ച്‌ തല താഴ്‌ത്താം... വര്‍ഷങ്ങളായി കേരളം കൈവശം വെച്ചിരുന്ന കലാശാലാ കായികകിരീടം കാക്ക കൊത്തി കൊണ്ട്‌ പോവുന്നത്‌ പോലെ പട്യാലയിലെ പഞ്ചാബി സര്‍വകലാശാല സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ കാലിക്കറ്റ്‌ നേടിയ കിരീടത്തിലും ഓവറോള്‍ പട്ടത്തില്‍ കോട്ടയം എം.ജി സര്‍വകലാശാല സ്വന്തമാക്കിയ രണ്ടാം സ്ഥാനത്തിലും ആശ്വസിക്കാം മലയാളികള്‍ക്ക്‌. കഴിഞ്ഞ അഞ്ച്‌ ദിവസമായി മുഡ്‌ബിദ്രിയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ എട്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കിയാണ്‌ പഞ്ചാബികള്‍ കരുത്ത്‌ കാട്ടിയത്‌. നാല്‌ സ്വര്‍ണ്ണവും നാല്‌ വെളളിയും മൂന്ന്‌ വെങ്കലവുമാണ്‌ രണ്ടാം സ്ഥാനക്കാരായ എം.ജിയുടെ സമ്പാദ്യം. ആതിഥേയരായ മംഗലാപുരം മൂന്നാമത്‌ വന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിന്‌ ഇന്നലെ സമ്പാദിക്കാനായ മൂന്ന്‌ സ്വര്‍ണ്ണമാണ്‌ നേട്ടം. നാല്‌ ദിവസങ്ങളില്‍ ഇരപതാം സ്ഥാനത്തായിരുന്ന ടീമിന്‌ ഇന്നലെ വനിതകളാണ്‌ സഹായമായത്‌. വനിതകളുടെ 200 മീറ്ററില്‍ ശാന്തിനിയും പോള്‍വോള്‍ട്ടില്‍ കെ.പി അനുഷയും വനിതാ 4-100 മീറ്റര്‍ റിലേ ടീമുമാണ്‌ സ്വര്‍ണ്ണവുമായി വനിതാ കിരീടം നേടിയത്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫ്‌, ഡോ. വി.പി സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള കാലിക്കറ്റിന്‌ അവസാന ദിവസം ആശ്വാസമായെങ്കില്‍ കണ്ണൂരും കേരളയും ചിത്രത്തില്‍ പോലും വന്നില്ല. ഹാഫ്‌മാരത്തണില്‍ എം.പി രാമേശ്വരി നേടിയ വെള്ളിയും കാലിക്കറ്റിന്റെ നേട്ടത്തില്‍ നിര്‍ണ്ണായകമായി.
എം.ജി ക്ക്‌ നേട്ടമായതും വനിതകള്‍ തന്നെ.ലോംഗ്‌ ജംമ്പില്‍ നീതുമോള്‍ ബോസ്‌ ഉള്‍പ്പെടെയുളളവരുടെ മികച്ച പ്രകടനമാണ്‌ ഓവറോള്‍ കിരീട നേട്ടത്തില്‍ രണ്ടാമത്‌ വരാന്‍ ടീമിനെ സഹായിച്ചത്‌. റിലേ മല്‍സരങ്ങളില്‍ കേരള വാഴ്‌സിറ്റികള്‍ നിരാശപ്പെടുത്തി. 4-400 മീറ്റര്‍ റിലേകളില്‍ ഇരു വിഭാഗങ്ങളിലും ഉറപ്പാക്കിയ സ്വര്‍ണ്ണം അവസാനത്തില്‍ കൈവിട്ടു. പുരുഷ വിഭാഗത്തില്‍ കാലിക്കറ്റിന്‌ സ്വര്‍ണ്ണം ലഭിക്കുമായിരുന്നു. പക്ഷേ അവസാനത്തില്‍ ഷഹന്‍ഷാ, ഷാജഹാന്‍,അജിത്‌, അലക്‌സ്‌ ക്ലീറ്റസ്‌ എന്നിവരടങ്ങുന്ന ടീമിന്‌ വെള്ളി കൊണ്ട്‌ തൃപ്‌തരാവേണ്ടി വന്നു. വനിതാ വിാാഗത്തില്‍ എം.ജി സ്വര്‍ണ്ണ നേട്ടത്തിനരികില്‍ റോത്തക്കിന്‌ സ്വര്‍ണ്ണം സമ്മാനിക്കുകയായിരുന്നു. നിമിഷ, നീതു ബോസ്‌, മഞ്‌ജു, റിന്‍ഡു മാത്യു എന്നിവരാണ്‌ എം.ജി ടീമിലുണ്ടായിരുന്നത്‌. പി.ഫാരിഷ, സി ശില്‍പ്പ, അമ്പിളി തോമസ്‌, ശാന്തിനി എന്നിവരടങ്ങുന്ന കാലിക്കറ്റ്‌ മൂന്നാം സ്ഥാനത്തായി. വനിതകളുടെ അഞ്ച്‌ കിലോമീറ്റര്‍ നടത്തത്തില്‍ ഗുരുനാനാക്കിന്റെ ഗുഷ്‌ബാര്‍ കൗര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ വലിയ പ്രതീക്ഷയില്‍ മല്‍സരിച്ച എം.ജിയുടെ ബി സൗമ്യക്ക്‌ വെള്ളിയും കാലിക്കറ്റിന്റെ കെ.എം മീഷ്‌മക്ക്‌ വെങ്കലവുമാണ്‌ ലഭിച്ചത്‌.

ചര്‍ച്ചിലിന്‌ തോല്‍വി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ പരാജയം. ഫത്തോര്‍ഡ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ എഫ്‌.സി രണ്ട്‌ ഗോളിനാണ്‌ ചര്‍ച്ചിലിനെ വീഴ്‌ത്തിയത്‌. കൈത മാജു, ഗുര്‍ജീന്ദര്‍കുമാര്‍ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. കൊല്‍ക്കത്തയില്‍ നടന്ന പ്രയാഗ്‌ യുനൈറ്റഡ്‌-ലാജോംഗ്‌ മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബിനെയും മോഹന്‍ബഗാന്‍ സാല്‍ഗോക്കറിനെയും മുംബൈ എഫ്‌.സി എച്ച്‌.ഏ.എല്ലിനെയും നേരിടും.

റിക്കി ഇന്‍
മെല്‍ബണ്‍:റിക്കി പോണ്ടിംഗ്‌ രക്ഷപ്പെട്ടു...! ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിനുള്ള ഓസീസ്‌ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍...! ഫിലിപ്പ്‌ ഹ്യൂഗ്‌സ്‌,ഉസ്‌മാന്‍ ഖ്വാജ എന്നിവര്‍ പുറത്തായപ്പോള്‍ ടാസ്‌മാനിയക്കാരനായ ഓപ്പണര്‍ എഡ്‌ കോവാന്‌ അരങ്ങേറ്റത്തിന്‌ അവസരം ലഭിക്കും. ഉയരക്കാരനായ സീമര്‍ ബെന്‍ ഹില്‍ഫാന്‍ഹസ്‌, ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷ്‌ എന്നിവരെ തിരിച്ചുവിളിച്ചു. ടീമിലെ ഓള്‍റൗണ്ടറായി ഡാന്‍ കൃസ്‌റ്റിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്‌.
കോച്ച്‌ മിക്കി ആര്‍തര്‍ നല്‍കിയ സൂചനകളില്‍ മുന്നറിയിപ്പിന്റെ പാഠമുണ്ടായിരുന്ന പോണ്ടിംഗ്‌ ടീമിലേക്ക്‌ വരുന്ന കാര്യത്തില്‍ അവശേഷിച്ച സംശയമാണ്‌ ഇന്നലെ ടീം പ്രഖ്യാപനത്തിലുടെ ഇല്ലാതായത്‌. നേരത്തെയുള്ള മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും ടീമിലിടം ലഭിക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം മിക്കി ആര്‍തര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Friday, December 2, 2011

CM IN FOUSE
കായികമായി കേരളം വളരണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌: കായികമായി കേരളം ഇനിയും വളരേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ദേശീയ ഗെയിംസ്‌ സംസ്ഥാനത്തിന്റെ കായിക കുതിപ്പിന്‌ പുത്തനൂര്‍ജ്ജം നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂരിന്റെ ഗൃഹപ്രവേശനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ചിത്രങ്ങള്‍ നോക്കുക
കമാല്‍ വരദൂരിന്റെ ഗൃഹമായ ഫൗസില്‍ ഉമ്മന്‍ചാണ്ടി
2-കമാല്‍ വരദൂരിന്റെ കുടുംബത്തോടൊപ്പം
3-മുഖ്യമന്ത്രിയെ കമാല്‍ വരദൂര്‍ സ്വീകരിക്കുന്നു

CM IN FOUE

കായികമായി കേരളം വളരണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കോഴിക്കോട്‌: കായികമായി കേരളം ഇനിയും വളരേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ദേശീയ ഗെയിംസ്‌ സംസ്ഥാനത്തിന്റെ കായിക കുതിപ്പിന്‌ പുത്തനൂര്‍ജ്ജം നല്‍കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂരിന്റെ ഗൃഹപ്രവേശനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ചിത്രങ്ങള്‍ നോക്കുക
കമാല്‍ വരദൂരിന്റെ ഗൃഹമായ ഫൗസില്‍ ഉമ്മന്‍ചാണ്ടി
2-കമാല്‍ വരദൂരിന്റെ കുടുംബത്തോടൊപ്പം
3-മുഖ്യമന്ത്രിയെ കമാല്‍ വരദൂര്‍ സ്വീകരിക്കുന്നു

Saturday, August 6, 2011

GREAT DRAVIDസാങ്കേതികതയില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരാണ്‌...? ക്രീസിലെ ക്ഷമയിലും പാദചലനങ്ങളിലും ഷോട്ട്‌ സെലക്ഷനിലും കവര്‍ ഡ്രൈവുകളിലും ഒന്നാമന്‍ ആരാണ്‌...? സീമിംഗ്‌ പന്തുകളും സ്വിംഗിംഗ്‌ പന്തുകളും നേരിടുന്നതിലെ ജാഗ്രതയില്‍ മുമ്പന്‍ ആരാണ്‌...? ഉത്തരം രാഹുല്‍ ദ്രാവിഡ്‌ മാത്രം. പിന്നെ എങ്ങനെ രണ്ട്‌ വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന്‌ പുറത്തായി...? നമ്മുടെ സെലക്ടര്‍മാര്‍ ടി-20 ക്രിക്കറ്റിന്റെ മതിഭ്രമത്തിലായി. കാണുന്ന പന്തില്‍ ചാടീവീഴുന്നവനാണ്‌ രാജാവ്‌ എന്ന്‌ കരുതി കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ സംഘം കാടനടിക്കാരെയെല്ലാം മാടിവിളിച്ചു. ഇവരെല്ലാം ദേശീയ കുപ്പായമണിഞ്ഞു. ഇത്‌ കാണാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാനായി ദ്രാവിഡ്‌. പ്രതികരിക്കാതെ,അദ്ദേഹം ക്ലാസ്‌ ക്രിക്കറ്റിനെ പ്രതിനിധീകരിച്ചു. ഇപ്പോഴിതാ അത്യാവശ്യ ഘട്ടത്തില്‍ കാടന്മാര്‍ക്ക്‌ പകരം ക്ലാസ്‌ തിരിച്ചെത്തുന്നു. സെലക്ടര്‍മാര്‍ക്ക്‌ വിവരമില്ലെന്ന്‌ പണ്ട്‌ വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌ മൊഹീന്ദര്‍ അമര്‍നാഥ്‌. അദ്ദേഹം പറഞ്ഞത്‌ അച്ചട്ട്‌ ശരിയാണെന്ന്‌ സെലക്ടര്‍മാര്‍ എന്ന്‌ കോട്ട്‌ കുപ്പായത്തില്‍ ജോലി ചെയ്‌തവരെല്ലാം തെളിയിച്ചിട്ടുണ്ട്‌. പ്രായം മറക്കാന്‍ പെയിന്റടി ദിനജോലിയാക്കിയ ശ്രീകാന്ത്‌ പത്രക്കാരെ കണ്ടാല്‍ നന്നായി അറിയാവുന്ന ഇംഗ്ലീഷില്‍ വെച്ച്‌ കാച്ചാറുണ്ട്‌. ദ്രാവിഡിനെ ടീമില്‍ നിന്ന്‌ പുറത്താക്കിയ അതേ ശ്രീകാന്ത്‌ തന്നെ ഇന്നലെ പറഞ്ഞു ബാംഗ്ലൂര്‍കാരന്‍ മഹാനാണെന്ന്‌. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചതാണ്‌ ദ്രാവിഡ്‌ ചെയ്‌ത പാതകം. ആദ്യ റൗണ്ടില്‍ ബംഗ്ലാദേശിനോടും പിന്നെ ലങ്കയോടും തോറ്റ്‌ ടീം പുറത്തായപ്പോള്‍ എല്ലാവരും ചേര്‍ന്ന്‌ ദ്രാവിഡിന്റെ ചിതക്ക്‌ തീ കൊളുത്തി. പാവം കോവളം ബീച്ചിലേക്ക്‌ ഒളിച്ചു വന്നിട്ട്‌ പോലും രക്ഷയുണ്ടായില്ല. വിന്‍ഡീസ്‌ ലോകകപ്പില്‍ ഇന്നത്തെ മഹാന്മാരായ എല്ലാവരുമുണ്ടായിരുന്നു. വീരുവും യുവിയും സച്ചിനും എം.എസുമെല്ലാം. എല്ലാവരും വട്ടപൂജ്യമായപ്പോള്‍ കുരിശ്‌ ചുമക്കാന്‍ വിധിക്കപ്പെട്ടത്‌ നായകന്‍.
ദ്രാവിഡിന്റെ ശൈലി പഴഞ്ചനാണെന്ന്‌ അധിക്ഷേപിച്ചു ശ്രീകാന്ത്‌ സംഘത്തിലെ ഹൈദരാബാദുകാരനായ ശിവലാല്‍ യാദവ്‌. ഇതേ യാദവിന്റെ മഹത്വം ചോദിക്കരുത്‌. സേവാഗിനെ കണ്ടപ്പോള്‍ അതാണ്‌ ഏകദിനമെന്ന്‌ വാഴ്‌ത്തി സുനില്‍ ഗവാസ്‌ക്കറിനെ പോലുള്ളവര്‍. രവിശാസ്‌ത്രിയും വിമര്‍ശനത്തില്‍ പിന്നോക്കം പോയില്ല. പക്ഷേ ബാറ്റിംഗ്‌ എന്നത്‌ കലയാണെന്നറിയുന്നവരാണ്‌ ഇംഗ്ലീഷുകാരായ ഡേവിഡ്‌ ഗവറും നാസര്‍ ഹുസൈനും ആതര്‍ട്ടണുമെല്ലാം. അവര്‍ പണ്ടേ പറഞ്ഞു ദ്രാവിഡ്‌ അപൂര്‍വ്വ പ്രതിഭാസമാണെന്ന്‌. നമുക്ക്‌ പിന്നെ പാരമ്പര്യാസുഖമായ അസൂയ ഉണ്ടല്ലോ... ഒരാളങ്ങ്‌ നന്നാവുന്നത്‌ ദഹിക്കില്ല. ഇത്‌ വരെ പറഞ്ഞില്ലല്ലോ ദ്രാവിഡിനെ പറ്റി ഒരു നല്ല വാക്ക്‌ സച്ചിന്‍. പ്രിഥിരാജ്‌ പറഞ്ഞിട്ടില്ലേ തന്നെ മമ്മുട്ടിയും മോഹന്‍ലാലും ഇത്‌ വരെ അഭിനന്ദിച്ചിട്ടില്ലെന്ന്‌. അത്‌ പോലെ ദ്രാവിഡിനെ ഒരിക്കലെങ്കിലും ഒന്നഭിനന്ദിച്ചിട്ടില്ല സച്ചിന്‍. ക്യാപ്‌റ്റന്‍ എം.എസ്‌ സച്ചിന്‍ പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ ദ്രാവിഡ്‌ പടിക്ക്‌ പുറത്തിരിക്കുന്നതില്‍ എന്തല്‍ഭുതം. ഇന്ത്യന്‍ ക്രിക്കറ്റില്‍ മുംബൈ, ദില്ലി ലോബിക്കാണിപ്പോള്‍ മുഖവില. ബാംഗ്ലൂര്‍ ലോബിയുടെ കഥ യെദ്യൂരപ്പയുടെ കാര്യം പോലെയാണ്‌. വിലയില്ലാത്ത അവസ്ഥ. ദ്രാവിഡിനെ പോലെ ശക്തനായ ഒരു ബാറ്റ്‌സ്‌മാന്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലാതിരുന്നത്‌ വലിയ നേട്ടത്തിലെ വലിയ പോരായ്‌മയാണ്‌. സച്ചിന്റെ റെക്കോര്‍ഡുകളും സേവാഗിന്റെ മിന്നലടിയും യുവരാജിന്റെ കത്തിയാളലുമല്ല ബാറ്റിംഗ്‌. അതൊരു കലയാണ്‌... കൈക്കുഴയിലെ വിസ്‌മയമായ അസ്‌ഹര്‍, ഫ്‌ളിക്കിലെ രാജകീയതയില്‍ ലക്ഷ്‌മണ്‍, കവര്‍ ഡ്രൈവിലെ സച്ചിന്‍, സധൈര്യത്തില്‍ സൗരവ്‌, അചഞ്ചലനായ ഗവാസ്‌ക്കര്‍-ഇവരെല്ലാം ഒരുമിച്ചാല്‍ അത്‌ ദ്രാവിഡാണ്‌.... ശരിക്കും നമ്പര്‍ വണ്‍. തെറ്റുകള്‍ കാലം തിരുത്താറുണ്ട്‌. ഈ തിരുത്തപ്പെട്ടത്‌ കാലത്തിന്റെ തെറ്റല്ല. മനുഷ്യന്റെ തെറ്റാണ്‌. അതവര്‍ തന്നെ തിരുത്തിയിരിക്കുന്നു.സന്തോഷംംംംം..........

Tuesday, July 26, 2011

BATI ALSO OUT

ബാറ്റിസ്‌റ്റ പടിക്കുപുറത്ത്‌
(ചിത്രം. എസ്‌പി ബാറ്റിസ്റ്റ)
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനയുടെ ദേശീയ കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചു. കോപ്പാ അമേരിക്കയില്‍ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ കളിച്ചിട്ടും അര്‍ജന്റീന നേരത്തെ തന്നെ പുറത്തായതാണ്‌ ബാറ്റിസ്റ്റയുടെ പുറത്താകലില്‍ കലാശിച്ചത്‌. ഉറുഗ്വെയോട്‌ ക്വാര്‍ട്ടര്‍ഫൈനലില്‍ 5-4ന്‌ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റാണ്‌ അര്‍ജന്റീന പുറത്തായത്‌. ഫൈനലില്‍ പരാഗ്വെയെ 3-0ന്‌ തോല്‍പ്പിച്ച ഉറുഗ്വെ പിന്നീട്‌ ചാമ്പ്യന്മാരാകുകയും ചെയ്‌തു.
തിങ്കളാഴ്‌ച യോഗം ചേര്‍ന്ന അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ (അഫ) എക്‌സിക്യുട്ടീവ്‌ സമിതിയാണ്‌ 48കാരന്‍ ബാറ്റിസ്‌റ്റയെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. ബാറ്റിസ്റ്റയും അഫ പ്രസിഡണ്ട്‌ ജൂലിയോ ഗ്രൊന്‍ഡോനയും തമ്മില്‍ ടെലഫോണ്‍ സംഭാഷണമുണ്ടായിരുന്നെന്നും അതിനു ശേഷം തന്റെഭാവിയെക്കുറിച്ചുള്ള തീരുമാനം ബാറ്റിസ്റ്റ അഫക്ക്‌ വിടുകയായിരുന്നുവെന്നും അസോസിയേഷന്‍ വക്താവ്‌ ചെര്‍ക്കിസ്‌ ബിയാലോ പറഞ്ഞു. പുതിയ കോച്ച്‌ ആരാകുമെന്നതിനെക്കുറിച്ച്‌ ധാരണയായിട്ടില്ല. ഇക്കാരണത്താല്‍ റൊമാനിയയുമായി നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവെച്ചിരിക്കുകയാണ്‌. പുതിയ കോച്ചിനെ സമയത്തു തന്നെ നിയമിക്കും. അദ്ദേഹം പറഞ്ഞു.
എസ്റ്റൂഡിയന്‍സിന്റെ മുന്‍ പരിശീലകന്‍ അലെയാന്ദ്രോ സബെല്ല, കോപ്പയില്‍ ഫൈനല്‍ കളിച്ച പരാഗ്വെയുടെ ജെറാര്‍ഡോ മാര്‍ട്ടിനോ, ബൊക്കാ ജൂനിയേഴ്‌സ്‌, അത്‌ലറ്റികോ മാഡ്രിഡ്‌ ക്ലബുകളെ മുമ്പ്‌ പരിശീലിപ്പിച്ചിട്ടുള്ള കാര്‍ലോസ്‌ ബിയാന്‍ചി എന്നിവരെയാണ്‌ ബിയല്‍സയുടെ ഒഴിവിലേക്ക്‌ ആലോചിക്കുന്നതെന്ന്‌്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
12 മാസം മുമ്പ്‌ ഇതിഹാസ താരം ഡീഗോ മറഡോണയില്‍ നിന്നാണ്‌ അര്‍ജന്റീനയുടെ പരിശീലക പദവി ബാറ്റിസ്റ്റ സ്വന്തമാക്കുന്നത്‌. യൂത്ത്‌ ടീമിനെ ലോകകപ്പ്‌ ജയിപ്പിച്ചതിന്റെ പരിചയവൂമായി എത്തിയ ബാറ്റിസ്റ്റയെ നേരിട്ട്‌ നിയമിക്കുന്നതിനു പകരം, കുറച്ചു മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ കോച്ചിംഗ്‌ വിലയിരുത്താനാണ്‌ അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്‌. ഇക്കാലയളവില്‍, ലോക ചാമ്പ്യന്മാരായ സ്‌പെയ്‌നിനെ 4-1നും ബ്രസീലിനെ 1-0നും തോല്‍പ്പിക്കാന്‍ സാധിച്ചത്‌ ബാറ്റിസ്റ്റക്ക്‌ ഗുണമാവുകയായിരുന്നു. നേരത്തെ, ദക്ഷിണാഫ്രിക്ക ലോകകപ്പിലെ നിരാശാജനകമായ പ്രകടനമാണ്‌ മറഡോണയുടെ പുറത്താകലിന്‌ വഴിയൊരുക്കിയത്‌. ക്വാര്‍ട്ടറില്‍ ജര്‍മനിയോട്‌ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക്‌ തോറ്റാണ്‌ അര്‍ജന്റീന പുറത്തായത്‌.
1993ലെ കോപ്പാ അമേരിക്കക്കു ശേഷം സീനിയര്‍ തലത്തില്‍ ഒരു അന്താരാഷ്ട്ര കിരീടം ചൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന നിരാശ തീര്‍ക്കാനാണ്‌ അര്‍ജന്റീനയും ബാറ്റിസ്റ്റയുമെല്ലാം കോപ്പയില്‍ ഇറങ്ങിയത്‌. ആതിഥേയത്വത്തിനു പുറമെ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ അര്‍ജന്റീന കിരീട സാധ്യതയില്‍ മുന്നിലായിരുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞ ശേഷം മൂന്നാം മത്സരത്തില്‍ കോസ്‌റ്റാറിക്കയെ 3-0ന്‌ പരാജയപ്പെടുത്തി അവര്‍ മികവിലേക്കുയരുകയും ചെയ്‌തിരുന്നു.
എന്നാല്‍ നോക്കൗട്ട്‌ ഘട്ടത്തിലെ ആദ്യ കളിയില്‍ തന്നെ ഉറുഗ്വെയോട്‌ തോല്‍ക്കുകയായിരുന്നു. നിശ്ചിതസമയത്തും അധിക സമയത്തും സ്‌കോര്‍ നില 1-1 ആയതിനെ തുടര്‍ന്നാണ്‌ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്‌. പകരക്കാരന്‍ കാര്‍ലോസ്‌ ടെവസിന്റെ ഷോട്ട്‌ തടുത്ത ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌്‌ലേരയാണ്‌ അര്‍ജന്റീനക്കെതിരെ ഉറുഗ്വെക്ക്‌ വിജയം നല്‍കിയത്‌.

ജര്‍മനിക്കെതിരെയും ടീമിലില്ല
ബ്രസീലില്‍ കക്കായുടെ വഴിയടയുന്നു
(ചിത്രം. എസ്‌പി കക്കാ, എസ്‌പി ലൂയിസാവൊ,
റിയോഡി ജനീറൊ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ സ്റ്റാര്‍ മിഡ്‌ഫീല്‍ഡര്‍ കക്കായെ കാണാന്‍ ഇനി കഴിഞ്ഞേക്കില്ല. കോപ്പക്കുള്ള ടീമില്‍ കക്കായെ ഉള്‍പ്പെടുത്താതിരുന്ന കോച്ച്‌ മാനൊ മെനസസിന്റെ ഭാവി പദ്ധതികളിലും റയല്‍ താരത്തിന്‌ സ്ഥാനമില്ലെന്നു കാണിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ നീക്കങ്ങള്‍. ഓഗസ്‌റ്റ്‌ പത്തിന്‌ ജര്‍മനിക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിനുള്ള 23 അംഗ ബ്രസീല്‍ സംഘത്തിലും കക്കയില്ല.
കക്കാക്കു പുറമെ ബൊട്ടാഫോഗോ ഗോള്‍കീപ്പര്‍ ജെഫേഴ്‌സണ്‍, ഡിഫന്‍ഡര്‍മാരായ ലൂയിസാവൊ (ബെനഫിക്ക), അഡ്രിയാനൊ കൊറയ (ബാര്‍സലോണ), മിഡ്‌ഫീല്‍ഡര്‍ ജാഡ്‌സണ്‍ (ഷാക്തര്‍ ഡൊണെസ്‌ക്‌) എന്നിവരും ടീമിലില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെക്കെതിരെ ഷൂട്ടൗട്ടില്‍ കീഴടങ്ങിയാണ്‌ ബ്രസീല്‍ കോപ്പാ അമേരിക്കയില്‍ നിന്നു പുറത്തായത്‌. ആ മത്സരത്തില്‍ ഷൂട്ടൗട്ട്‌ പാഴാക്കിയ എലാനൊയും ജര്‍മനിയുമായുള്ള മത്സരത്തിനുള്ള സംഘത്തിലില്ല. അതേസമയം പരാഗ്വെക്കെതിരെ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ സാന്ദ്രോയെ ടീമിലെടുക്കാത്തത്‌ അദ്ദേഹത്തിന്‌ പരിക്കായതു കൊണ്ടാണ്‌.
ഫോമും സ്ഥിരതയുമാണ്‌ തന്റെ ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡമെന്ന്‌ മെനസസ്‌ പറഞ്ഞു. ഇക്കാര്യം കളിച്ചു തെളിയിച്ചാല്‍ കക്കാക്ക്‌ ടീമില്‍ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിനിത്‌ വിശ്വസ്‌തരായ താരങ്ങളെ മാത്രം ടീമിലെടുക്കുന്ന സമയമാണ്‌. ഈ ഘട്ടത്തില്‍, ടീമിന്‌ സഹായകമാകുമെന്നു തോന്നുന്നവര്‍ ടീമിലുണ്ടായിരിക്കും. കക്കായുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ സാധ്യതകള്‍. തന്റെ ഫോം നിലനിര്‍ത്താനും കക്കാക്ക്‌ സാധിക്കണം.
തീര്‍ച്ചയായും ഞാന്‍ ഒരു ഭാവി സംഘത്തെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ്‌. അദ്ദേഹത്തെ വീണ്ടും തിരിച്ചുവിളിച്ച്‌ പരീക്ഷണം നടത്തേണ്ട ആവശ്യം എനിക്കില്ല. നല്ല താരങ്ങള്‍ സമ്മേളിക്കുന്ന മികച്ച സംഘം ഇപ്പോള്‍ ബ്രസീലിനുണ്ട്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ആവശ്യമാകുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ശക്തമായ റിസര്‍വ്‌ ബഞ്ചുമുണ്ട്‌. മെനസസ്‌ പറഞ്ഞു.
ജര്‍മനിക്കെതിരെയുള്ള ടീം: (ഗോള്‍കീപ്പര്‍മാര്‍)- ജൂലിയോ സീസര്‍, വിക്ടര്‍. (ഡിഫന്‍ഡര്‍മാര്‍)- ആന്ദ്രെ സാന്റോസ്‌, ഡാനിയല്‍ ആല്‍വസ്‌, ഡേവിഡ്‌ ലൂയിസ്‌, ദെദെ, ലൂസിയോ, മൈക്കോണ്‍, തിയാഗോ സില്‍വ. (മിഡ്‌ഫീല്‍ഡര്‍മാര്‍)- ഏലിയാസ്‌, ഫെര്‍ണാണ്ടീന്യോ, ഗാന്‍സൊ, ലൂകാസ്‌ ലെയ്‌വ, ലൂകാസ്‌, ലൂയിസ്‌ ഗുസ്‌താവൊ, റാല്‍ഫ്‌, റാമിറെസ്‌, റെനറ്റോ ഓഗസ്‌റ്റോ. (സ്‌ട്രൈക്കര്‍മാര്‍)- അലക്‌സാണ്ടര്‍ പാറ്റോ, ജോനാസ്‌, ഫ്രെഡ്‌, നെയ്‌മര്‍, റോബീന്യോ

വെയ്‌ഫാംഗ്‌ കപ്പ്‌:
സന്നാഹ മത്സരത്തില്‍
ഇന്ത്യക്കു സമനില
ഷാങ്‌ഹായ്‌ (ചൈന): സന്നാഹ മത്സരത്തില്‍ 2-2 സമനിലയോടെ അണ്ടര്‍-19 വെയ്‌ഫാങ്‌ കപ്പിന്‌ ഇന്ത്യ ഒരുങ്ങി. എതിരാളികള്‍ കരുത്തരായിരുന്നെന്നും മികച്ച പോരാട്ടം കാഴ്‌ചവെക്കാന്‍ ഇന്ത്യക്കു സാധിച്ചെന്നും കോച്ച്‌ ഫിറോസ്‌ ശരീഫ്‌ അഭിപ്രായപ്പെട്ടു. സമനില നേടാനായത്‌ ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയെന്നും അടുത്ത മത്സരത്തില്‍ കൂടുതല്‍ ശക്തരായ എതിരാളികളാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ശരീഫ്‌ പറഞ്ഞു. സന്നാഹ മത്സരങ്ങള്‍ക്കു ശേഷം വെയ്‌ഫാംഗ്‌ കപ്പിനായി ഷാങ്‌ഹായില്‍ നിന്ന്‌ വെള്ളിയാഴ്‌ച ടീം മത്സര നഗരിയിലേക്ക്‌ പുറപ്പെടും.

ഇന്ത്യ-യു.എ.ഇ രണ്ടാം മത്സരം നാളെ
മികച്ച പോരാട്ടം കാഴ്‌ചവെക്കും: കൊളാസോ
ന്യൂഡല്‍ഹി: 2014 ഫിഫാ ലോകാകപ്പ്‌ യോഗ്യതാ മത്സരത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യ നാളെ യു.എ.ഇയെ നേരിടും. ന്യൂഡല്‍ഹിയിലെ ഡോ.അംബേദ്‌കര്‍ സ്‌റ്റേഡിയത്തിലാണ്‌ കളി. വസന്ത്‌ കുഞ്ചിലെ വസന്ത്‌ വാലിയില്‍ ഇന്നലെ വൈകീട്ട്‌ നാലുമുതല്‍ രണ്ടു മണിക്കൂര്‍ സമയം ഇന്ത്യ പരിശീലനം നടത്തി. യു.എ.ഇയില്‍ വെച്ചു നടന്ന ആദ്യ മത്സരത്തില്‍ 3-0ന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ ശക്തമായ പോരാട്ടം കാഴ്‌ചവെക്കുമെന്ന്‌ കോച്ച്‌ അര്‍മാന്‍ഡോ കൊളാസോ അഭിപ്രായപ്പെട്ടു.
യു.എ.ഇയിലെ അല്‍ഐനില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യ 30 മിനുട്ടിനുള്ളില്‍ രണ്ടു ചുവപ്പുകാര്‍ഡ്‌ കാണുകയും രണ്ടു പെനാല്‍ട്ടി ഗോളുകളില്‍ പിന്നിലാവുകയും ചെയ്‌താണ്‌ ഇന്ത്യ മൂന്നു ഗോളിന്‌ തോറ്റത്‌. എന്നാല്‍ ഗോള്‍കീപ്പര്‍ സുബ്രതാ പാലിനു ലഭിച്ച മത്സരത്തിലെ രണ്ടാം ചുവപ്പുകാര്‍ഡ്‌ അന്യായമായിരുന്നെന്ന്‌ ഇന്ത്യ ഉറച്ചു വിശ്വസിച്ചതോടെ മത്സരത്തിന്‌ വിവാദ പരിവേഷം കിട്ടിയിരുന്നു. ഒമ്പതു പേരുമായി എതിരാളിയുടെ മൈതാനത്ത്‌ പൊരുതേണ്ടി വന്നതാണ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ ഇന്ത്യ വാദിച്ചു.
നാളെ ഇന്ത്യയില്‍ രണ്ടാം മത്സരം നടക്കാനിരിക്കെ തിരിച്ചടിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തുന്നതായി കോച്ചും കളിക്കാരും പറഞ്ഞു. ഇതൊരു പുതിയ മത്സരമാണ്‌. ഞങ്ങള്‍ ഞങ്ങളുടെ പരമാവധി പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. മത്സരം ഇന്ത്യക്ക്‌ കഠിന വെല്ലുവിളിയായിരിക്കുമെന്ന്‌്‌ അറിയാം. ഞങ്ങളതിന്‌ തയാറാണ്‌. നേരത്തേ തന്നെ ഒരു ഗോള്‍ നേടാനായാല്‍ മത്സര ഫലം അനുകൂലമാക്കാമെന്ന പ്രതീക്ഷയുണ്ട്‌. കൊളാസോ പറഞ്ഞു.
സൂബ്രത പുറത്തായതോടെ അപ്രതീക്ഷിതമായി സീനിയര്‍ ടീമില്‍ അരങ്ങേറേണ്ടി വന്ന ഗോള്‍കീപ്പര്‍ കരണ്‍ജിത്‌ സിംഗിനെ കോച്ച്‌ പ്രശംസിച്ചു. കരണ്‍ജിത്തിന്റെ പ്രകടനം തീര്‍ച്ചയായും മികച്ചതാണ്‌. സുബ്രത ഒന്നാന്തരം കീപ്പറാണ്‌. എന്നാല്‍ കരണ്‍ജിത്തും ഒട്ടും മോശമാക്കിയില്ല. നമ്മുടെ പ്രതിരോധം പഴുതുകളടച്ച്‌ കളിക്കേണ്ടതുണ്ട്‌. ഈ കുട്ടികളെല്ലാം മിടുക്കരാണ്‌. രാജ്യത്തിനു വേണ്ടി നല്ല കളിയാണ്‌ അവര്‍ പുറത്തെടുക്കുന്നത്‌. ഹോം മത്സരത്തില്‍ കളിക്കാനും അനുകൂല ഫലമുണ്ടാക്കാനും അവര്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്‌. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ കൊളാസോ പറഞ്ഞു.

സോംദേവിന്‌
കരിയര്‍ ബെസ്‌റ്റ്‌ റാങ്ക്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ടെന്നീസിലെ താരോദയം സോംദേവ്‌ ദേവ്‌ വര്‍മന്‍ എ.ടി.പി സിംഗിള്‍സ്‌ റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കി. 62-ാം സ്ഥാനത്തേക്കുയര്‍ന്നതോടെയാണ്‌ 26കാരന്‍ സോംദേവ്‌ ഈ നേട്ടത്തിനര്‍ഹനായത്‌.
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പെട്ടെന്നു പുറത്തായ ശേഷം കഴിഞ്ഞ വാരം ടൂര്‍ അറ്റ്‌ലാന്റയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞതാണ്‌ റാങ്കിംഗില്‍ മുന്നേറാന്‍ ദേവ്‌വര്‍മനെ സഹായിച്ചത്‌. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മഹേഷ്‌ ഭൂപതി (അഞ്ച്‌), ലിയാണ്ടര്‍ പേസ്‌ (എട്ട്‌), രോഹന്‍ ബൊപ്പണ്ണ (10) എന്നിവരുടെ സ്ഥാനങ്ങളില്‍ മാറ്റമില്ല.
പേസ്‌-ഭൂപതി സഖ്യം നാലാം സ്ഥാനത്തും ബൊപ്പണ്ണ-പാകിസ്‌താന്റെ ഐസാമുല്‍ ഖുറൈശി ജോഡിക്ക്‌ ആറാം സ്ഥാനത്തും തുടരുകയാണ്‌. വനിതകളില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-റഷ്യയുടെ എലേന വെസ്‌നിന സഖ്യത്തിന്റെ രണ്ടാം റാങ്കിനും ഇളക്കമില്ല.

സഹീറിനെ ബുദ്ധിമുട്ടിക്കില്ല: ധോണി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ പേസ്‌ ബൗളര്‍ സഹീര്‍ഖാനെ കളിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി. അടുത്ത മത്സരത്തിനു മുമ്പ്‌ ഞങ്ങള്‍ക്ക്‌ മൂന്നു ദിവസം ശേഷിക്കുന്നുണ്ട്‌. എന്നാല്‍ അപ്പോഴേക്കും സഹീര്‍ നൂറു ശതമാനം ആരോഗ്യം വീണ്ടെടുക്കുമോ എന്ന്‌ പറയാനാകില്ല. ഇതൊരു നീണ്ട പരമ്പരയാണ്‌. പരിക്കേറ്റ ആരേയും നിര്‍ബന്ധിച്ച്‌ കളിപ്പിക്കില്ല. ധോണി പറഞ്ഞു. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ 196 റണ്‍സിന്റെ വമ്പന്‍ തോല്‍വി സമ്മതിച്ച ശേഷം സംസാരിക്കുകയായിരുന്നു ധോണി.
അദ്ദേഹം എണ്‍പതോ, തൊണ്ണൂറോ ശതമാനം ആരോഗ്യം വീണ്ടെടുത്തെന്നു ഞങ്ങള്‍ക്കു തോന്നിയാല്‍ തന്നെ കളത്തിലിറക്കുന്നത്‌, പരിക്ക്‌ അധികമാകാനേ സഹായിക്കൂ. അതുകൊണ്ട്‌ പകരം മറ്റാരെയെങ്കിലും ടീമിലെടുക്കുന്നതാണ്‌ ഞങ്ങള്‍ക്ക്‌ നല്ലത്‌. ഇടവേളകളില്ലാതെ മത്സരിക്കേണ്ടി വരുന്നത്‌ താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.

അഗ്വേറൊ സിറ്റിയിലേക്ക്‌
കരാര്‍ ഇന്നെന്ന്‌ റിപ്പോര്‍ട്ട്‌
ലണ്ടന്‍: അത്‌ലറ്റികോ മാഡ്രിഡിന്റെ അര്‍ജന്റീനക്കാരന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറൊ ഇംഗ്ലീഷ്‌ ടീം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരും. സ്‌പാനിഷ്‌ ലീഗില്‍ നിന്ന്‌ അഗ്വേറൊയുടെ കൂടുമാറ്റ നടപടികള്‍ ഇന്നു പൂര്‍ത്തിയാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.
സ്‌പാനിഷ്‌ ലീഗില്‍ മികവാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച താരത്തിന്‌ 45മില്യണ്‍ യൂറോയാണ്‌ സിറ്റിനല്‍കുന്ന വിലയെന്നറിയുന്നു. റോബര്‍ട്ടോ മാന്‍ചീനിയുടെ ടീമുമായി അഞ്ചു വര്‍ഷത്തേക്കാണ്‌ അഗ്വേറൊയുടെ കരാര്‍. സിറ്റി ടീമംഗങ്ങള്‍ക്കൊപ്പം വിസെന്റെ കാള്‍ഡറോണില്‍ തിങ്കളാഴ്‌ച അഗ്വേറൊ പരിശീലനത്തിനെത്തുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം 23കാരനെ സ്വന്തമാക്കാനുള്ള ശ്രമം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ഉപേക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സീസണ്‍ അവസാനിച്ചതോടെ അത്‌ലറ്റികോ വിടാന്‍ താനാഗ്രഹിക്കുന്നതായി അഗ്വേറൊ വ്യക്തമാക്കിയിരുന്നു. 2006ല്‍ ഇന്‍ഡിപെന്‍ഡ്യന്റെയില്‍ നിന്നാണ്‌ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ അത്‌ലറ്റികോയിലെത്തുന്നത്‌.

ധ്യാന്‍ ചന്ദ്‌ അവാര്‍ഡ്‌
ശബീര്‍ അലിക്ക്‌ ചരിത്രനേട്ടം
കൊല്‍ക്കത്ത: കായിക രംഗത്തെ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള ധ്യാന്‍ ചന്ദ്‌ അവാര്‍ഡ്‌ സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളര്‍ എന്ന നേട്ടം കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ ശബീര്‍ അലി സ്വന്തമാക്കി.
പ്രതിഭാ ശാലിയായ സ്‌ട്രൈക്കര്‍ എന്നു പേരെടുത്ത 55കാരന്‍ ശബീര്‍ അലി നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്‌. 35 ഗോളുകളും അദ്ദേഹം നേടി. ഐലീഗിലുള്‍പ്പെടെ ഒട്ടേറെ പ്രമുഖ ക്ലബുകള്‍ക്കു വേണ്ടി കളിക്കാനും അവയെ പരിശീലിപ്പിക്കാനും അലിക്ക്‌ സാധിച്ചിട്ടുണ്ട്‌. പശ്ചിമ ബംഗാളിനെ സന്തോഷ്‌ ട്രോഫിയില്‍ ജേതാക്കളാക്കിയും അലി തന്റെ മിടുക്കറിയിച്ചിരുന്നു.
പി.കെ ബാനര്‍ജി, സയ്യിദ്‌ നഈമുദ്ദീന്‍ എന്നിവര്‍ക്കു ശേഷം കളിക്കാരന്‍ കോച്ച്‌ എന്നീ നിലകളില്‍ പേരെടുത്ത ഏക ഫുട്‌ബോളറാണ്‌ ശബീര്‍ അലി. ബാനര്‍ജിക്ക്‌ പദ്‌മശ്രീ അവാര്‍ഡും, നഈമുദ്ദീന്‌ അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകളും ലഭിച്ചപ്പോള്‍ അലിയെ അവഗണിക്കപ്പെടുകയായിരുന്നു.

Saturday, June 4, 2011

CHINEES REVOLUTION
ഫ്രഞ്ചു മണ്ണില്‍ ചൈനീസ്‌ വിപ്ലവം
പാരീസ്‌: യൂറോപ്പിന്റെ സാമൂഹ്യക്രമം തിരുത്തിക്കുറിച്ച ഫ്രഞ്ച്‌ വിപ്ലവത്തിന്റെ മണ്ണില്‍ ശനിയാഴ്‌ച വൈകീട്ട്‌്‌്‌ ഇന്ത്യന്‍ സമയം 8.00ന്‌്‌്‌ പിറന്നത്‌ ചൈനീസ്‌ വിപ്ലവം. നിലവിലെ ജേത്രി ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഷിയാവോണിനെ ഒരു സെറ്റ്‌ പോലും നേടാനനുവദിക്കാതെ കിരീടത്തിലേക്ക്‌്‌ എയ്‌സ്‌ പായിച്ച ചൈനക്കാരി ലീ നാ ഇനി ചരിത്രത്തില്‍. ഗ്രാന്റ്‌സ്ലാം സിംഗിള്‍സ്‌ കിരീടത്തില്‍ ആദ്യമായി മുത്തമിടുന്ന ഏഷ്യന്‍ വനിതാ താരമാണ്‌ ലീ. വനിതാ ടെന്നീസിന്റെ പുതുയുഗപ്പിറവിയെന്നുള്ള വിശേഷണങ്ങളെ ന്യായീകരിക്കുന്നതാണ്‌ രണ്ടുവട്ടം തുടരെ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുകയും ഏഷ്യയുടെ ആദ്യ മേജര്‍ ടെന്നീസ്‌ വിജയിയാവുകയും ചെയ്‌ത ലീ. സ്‌കോര്‍: 6-4, 7-6 (7/0).
ഒരു വര്‍ഷം മുമ്പ്‌ ഇതേവേദിയില്‍ ഇതേ സ്‌കോറിന്‌ ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ മറിച്ചിട്ടത്‌്‌ ഇന്നലത്തെ പരാജിത ഷിയാവോണായിരുന്നു. അന്ന്‌്‌ ഗ്രാന്റ്‌സ്ലാം കൈയിലേന്തുന്ന ആദ്യ ഇറ്റലിക്കാരി എന്ന ബഹുമതിയും താരം സ്വന്തമാക്കിയിരുന്നു.
മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവയെ ലീ സെമിഫൈനലില്‍ കീഴടക്കിയതോടെ ഏഷ്യന്‍ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ആരാധകരെ നിരാശരാക്കാതെ കളിമണ്‍ കോര്‍ട്ട്‌ കീഴടക്കാന്‍ ലീക്കായി. വുഹാനില്‍ നിന്നുള്ള 29കാിക്കു മുമ്പില്‍ രണ്ടാം സെറ്റില്‍ ഷിയാവോണ്‍ നടത്തിയ പോരാട്ടം ലക്ഷ്യം കണ്ടില്ല. ടൈ ബ്രേക്കറിലേക്ക്‌്‌്‌ നീങ്ങിയെങ്കിലും 7-0 ന്‌്‌ ലീ ടൈ ബ്രേക്കര്‍ തൂത്തുവാരി.
മത്സരത്തിനു മുമ്പു തന്നെ ആത്മവിശ്വാസത്തിലായിരുന്നു ഏഷ്യക്കാരി. കിരീടം നേടാനായാ്‌ല്‍ ചൈനയില്‍ ടെന്നീസിന്റെ വളര്‍ച്ചക്ക്‌ തനിക്ക്‌ പ്രചോദനമാകാന്‍ കഴിയുമെന്ന്‌ മത്സരത്തിനു മുമ്പു തന്നെ ലീ പറഞ്ഞിരുന്നു. ഇറ്റലിയുടെ ഏക ഗ്രാന്റ്‌സ്ലാം വിജയിയെന്ന പദവി ഒരു വര്‍ഷം മുമ്പ്‌ ഇവിടെ നേടിയെടുത്ത ഷിയാവോണിന്‌ ഇത്തവണ പക്ഷേ കാലുറപ്പിക്കാനായില്ല.
ടോപ്‌ സ്‌പിന്നിലൂടെ എതിരാളിയെ വശംകെടുത്താനുള്ള തന്ത്രമായിരുന്നു ഷിയാവോണിന്റേത്‌. അതേസമയം കളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുകയും കരുത്തുറ്റ ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന അത്‌ലറ്റിക്‌ ടെന്നീസാണ്‌ ലീ കാഴ്‌ചവെച്ചത്‌. പൊതുവെ നിരാശയായി കാണപ്പെട്ട ഷിയാവോണിന്‌ ഫൈനലി്‌ന്റെ സമ്മര്‍ദ്ദം അതിജയിക്കാനായില്ല.
'ഞാന്‍ 4-2ന്‌്‌ മുന്നിലായിരുന്നു. ഷിയാവോണ്‍ തിരിച്ചുവരവിന്‌ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കീഴടങ്ങാതെ മുന്നോട്ടു കുതിച്ചു. എന്റെ കളിയില്‍ ചൈനക്കാര്‍ അമ്പരന്നിരിക്കുമെന്നെനിക്കറിയാം. ഞാന്‍ വികാര പ്രക്ഷുബ്ധയായിരുന്നു. എന്നാല്‍ എന്റെ എതിരാളിക്കു മുമ്പില്‍ ഞാനത്‌ പുറത്തുകാട്ടിയില്ല.' മത്സര ശേഷം ലീ പറഞ്ഞു. കായിക, കായികേതര ശക്തിയാകാനുള്ള ചൈനയുടെ കുതിപ്പിന്റെ മറ്റൊരു ഉദാഹരണമാണ്‌ ലീ നാ.


യൂറോ യോഗ്യതാ റൗണ്ട്‌്‌്‌
ഇറ്റലിക്കും ജര്‍മനിക്കും ജയം
ഫ്രാന്‍സിനെ ബെലാറസ്‌ തളച്ചു
(ചിത്രം. എസ്‌.പി ഇറ്റലി. എസ്‌തോണിയക്കെതിരെ ഇറ്റലിയുടെ രണ്ടാം ഗോള്‍നേടിയ ആന്റോണിയോ കസാനോയെ റിക്കാര്‍ഡോ മോണ്ടോലിവോ (ഇടത്ത്‌്‌), ഗ്വിസപ്പെ റോസ്‌ി എന്നിവര്‍ അഭിനന്ദിക്കുന്നു)
റോം: യൂറോ 2012 യോഗ്യതാ മത്സരങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി, ജര്‍മനി ടീമുകള്‍ക്ക്‌ ജയം. ഇറ്റലി മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌്‌ എസ്‌തോണിയയേയും ജര്‍മനി 1-2ന്‌്‌്‌്‌്‌ ഓസ്‌ട്രിയയേയും പരാജയപ്പെടുത്തി. മറ്റൊരു മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ബെലാറസ്‌്‌ ഒരു ഗോള്‍ സമനിലയില്‍ കുരുക്കി. ക്രൊയേഷ്യ ജോര്‍ജ്ജിയയേയും സ്വീഡന്‍ മൊള്‍ദോവയേയും തോ|ിച്ചു.
മൊഡേണയിലെ ആല്‍ബര്‍ട്ടോ ബ്രാഗ്ലിയ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഇറ്റലി യൂറോയിലെ കുതിപ്പ്‌്‌ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഗ്വിസപ്പെ റോസി, ആന്റോണിയോ കസ്സാനോ, ജിയാംപാവലോ എന്നിവരാണ്‌ അസൂറികള്‍ക്ക്‌ യോഗ്യതാ റൗണ്ടിലെ ആറുകളികളില്‍ അഞ്ചാം ജയമൊരുക്കിയത്‌. ആന്ദ്രേ പിര്‍ലോ, ആല്‍ബര്‍ട്ടോ അക്വിലാനി, റിക്കാര്‍ഡോ മോണ്‍ടോളിവോ എന്നിവരുടെ മികവില്‍ മധ്യനിരയില്‍ കളിനിയന്ത്രിച്ച ഇറ്റലി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.
21-ാം മിനുട്ടില്‍ റോസിയാണ്‌ മുന്‍ ചാമ്പ്യന്‍മാരുടെ അക്കൗണ്ട്‌ തുറന്നത്‌. ആദ്യ പകുതി അവസാനിക്കും മുമ്പ്‌ കസ്സാനോ ലീഡ്‌ ഇരട്ടിയാക്കി. 68-ാം മിനുട്ടിലായിരുന്നു പാവലോയുടെ ഗോള്‍. ഗ്രൂപ്പ്‌ സിയില്‍ കളിക്കുന്ന ഇറ്റലി 16 പോയിന്റുമായി ഒന്നാമതാണ്‌. സ്ലോവേനിയ (11) രണ്ടാം സ്ഥാനത്തും സെര്‍ബിയ (എട്ട്‌്‌) മൂന്നാം സ്ഥാനത്തുമാണ്‌.
എ ഗ്രൂപ്പില്‍ ജര്‍മനി പരാജയമില്ലാതെ കുതിക്കുകയാണ്‌. മരിയോ ഗോമസിന്റെ ഇരട്ട ഗോളാണ്‌ എവേ മൈതാനത്ത്‌്‌ ശക്തരായ ഓസ്‌ട്രിയയെ തോ|ിക്കാന്‍ ജര്‍മനിയയെ സഹായിച്ചത്‌. ആദ്യ പകുതി തീരും മുമ്പ്‌ ഗോമസിലൂടെ ജര്‍മനി ലീഡ്‌ നേടിയെങ്കിലും ഇടവേളക്കു ശേഷം അഞ്ചു മിനുട്ടിനകം ഓസ്‌ട്രിയ ഒപ്പമെത്തി. ലോംഗ്‌ വിസിലിനു തൊട്ടുമുമ്പായിരുന്നു ഗോമസിന്റെ രണ്ടാം ഗോള്‍. ഗ്രൂപ്പില്‍ ആറു മത്സരങ്ങളില്‍ 18 പോയിന്റുള്ള ജര്‍മനിക്കു പിന്നില്‍ ഏഴു മത്സരം കളിച്ച ബെല്‍ജിയവും (11) തൊട്ടുപിന്നില്‍ തുര്‍ക്കിയും (ആറുകളിയില്‍ 10 പോയിന്റ്‌) നിലകൊള്ളുന്നു. ബെല്‍ജിയത്തെ പിന്നിലാക്കാനുള്ള അവസരം ഇന്നലെ തുര്‍ക്കിക്ക്‌ മുതലെടുക്കാനായില്ല. എങ്കിലും എവേമത്സരത്തില്‍ 1-1 സമനില നേടി വിലപ്പെട്ട ഒരു പോയിന്റ്‌ നേടാന്‍ അവര്‍ക്കായി. മൗറിസ്‌ ഒഗുംയിമിയുടെ ഗോളിന്‌ ബുറാക്‌ യില്‍മാസിലൂടെ തുര്‍ക്കി മറുപടിനല്‍കി.
ബാര്‍സലോണാ താരം എറിക്‌ അബിദാലിന്റെ സെല്‍ഫ്‌ ഗോളാണ്‌ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബെലാറാസിനെതിരെ ഫ്രാന്‍സിന്‌ തിരിച്ചടിയായത്‌. ചെല്‍സിയുടെ $ോറന്റ്‌ മലൂദയാണ്‌ ഫ്രഞ്ചുകാരെ രക്ഷപ്പെടുത്തിയത്‌. 20-ാം മിനുട്ടില്‍ അബിദാലിന്റെ സെല്‍ഫ്‌്‌ ഗോള്‍പിറന്ന്‌്‌ രണ്ടു മിനുട്ട്‌ കഴിഞ്ഞ്‌്‌്‌ മലൂദ സ്‌കോര്‍ ചെയ്‌തു. സെപ്‌തംബറിനു ശേഷം യോഗ്യതാ മത്സരങ്ങളില്‍ ആദ്യമായാണ്‌ ഫ്രാന്‍സ്‌ ഗോള്‍ വഴങ്ങുന്നത്‌്‌്‌. ഫ്രാന്‍സിന്‌ ആറു കളിയില്‍ നിന്ന്‌്‌ നാലു വിജയവും ഓരോ തോല്‍വിയും സമനിലയുമായി 13 പോയിന്റുണ്ട്‌്‌. രണ്ടാം സ്ഥാനത്തിന്‌ കടുത്ത മത്സരം നടക്കുന്ന ഗ്രൂപ്പില്‍ ബെലാറസ്‌, റൊമാനിയ ടീമുകള്‍ക്ക്‌്‌ യഥാക്രമം ഒമ്പത്‌, എട്ട്‌ പോയിന്റാണുള്ളത്‌. അഞ്ചു മത്സരങ്ങള്‍ കളിച്ച അല്‍ബേനിയക്ക്‌്‌ ഏഴു പോയിന്റുണ്ട്‌്‌.

മത്സര ഫലം
സാന്‍മറീനോ 0-1 ഫിന്‍ലാന്‍ഡ്‌
മൊള്‍ദോവ 1-4 സ്വീഡന്‍
ഓസ്‌ട്രിയ 1-2 ജര്‍മനി
ബെല്‍ജിയം 1-1 തുര്‍ക്കി
ഇറ്റലി 3-0 എസ്‌തോണിയ
ബെലാറസ്‌്‌ 1-1 ഫ്രാന്‍സ്‌്‌
ക്രൊയേഷ്യ 2-1 ജോര്‍ജ്ജിയ
കസാഖ്‌സ്‌താന്‍ 2-1 അസൈര്‍ബൈജാന്‍
ലെയ്‌ഞ്ചസ്റ്റെയ്‌ന്‍ 2-0 ലിത്വാനിയ
ഫറോവ ഐലന്‍ഡ്‌സ്‌ 0-2 സ്ലോവേനിയ
റൊമാനിയ 3-0 ബോസ്‌നിയ

ആര്‍സനല്‍, സ്‌പേഴ്‌സ്‌, സിറ്റി പിന്നില്‍
ഹിഗ്വയ്‌ന്‍ എങ്ങോട്ടുമില്ല
മാഡ്രിഡ്‌: സ്‌പാനിഷ്‌ ടീം റയല്‍ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌നു പിന്നില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാര്‍. ആര്‍സനല്‍, ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവക്കു പുറമെ ഇറ്റലായിന്‍ സീരി എയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മുന്‍ ചാമ്പ്യന്‍മാര്‍ യുവന്റസും 23കാരനെ കരാര്‍ ചെയ്യാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ ഹിഗ്വയ്‌ന്‍ റയല്‍ വിട്ട്‌ എങ്ങോട്ടും പോകുന്നില്ലെന്ന്‌ താരത്തിന്റെ പിതാവ്‌ അറിയിച്ചു.
എന്റെ മകനില്‍ താല്‍പര്യമുള്ള ഒട്ടേറെ ക്ലബുകളുണ്ടെന്നത്‌ അവനുള്ള ബഹുമതിയാണ്‌. എന്നാല്‍ ഗോണ്‍സാലോ റയലില്‍ തന്നെ തുടരും. പിതാവ്‌ ജോര്‍ജ്ജ്‌ ഹിഗ്വയ്‌ന്‍ പറഞ്ഞു. നാലു മാസം പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്നു ഹിഗ്വയ്‌ന്‍ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന്‌ 13 ഗോള്‍ നേടിയിട്ടുണ്ട്‌.

കളിമണ്ണില്‍ ഇന്ന്‌ ക്ലാസിക്‌
നദാല്‍ ജയിച്ചാല്‍ ബ്യോണ്‍ ബോര്‍ഗിനൊപ്പം
ഫെഡറര്‍ ജയിച്ചാല്‍ നദാലിന്‌ റാങ്ക്‌ നഷ്ടമാകും
പാരീസ്‌: ഗ്രാന്റ്‌സ്ലാം ടെന്നീസ്‌ കലാശവേദിയില്‍ വീണ്ടും അഴകും കരുത്തും മാറ്റുരയ്‌ക്കുന്നു. റോളണ്ട്‌ ഗാരോസിലെ പൊടിമണ്ണില്‍ മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ പുരുഷനുമായ റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലെ ഏകാധിപതി റാഫേല്‍ നദാലിനെ നേരിടുമ്പോള്‍ ടെന്നീസിലെ എല്‍ക്ലാസിക്കോ അങ്കത്തിനാണ്‌ ലോകം കാത്തിരിക്കുന്നത്‌. മത്സരം വൈകീട്ട്‌്‌ 6.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.
16 ഗ്രാന്റ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കി എതിരാളികളില്ലാതെ മുന്നില്‍ നില്‍ക്കുന്ന ഫെഡറര്‍ ഒറ്റതവണയാണ്‌ റോളണ്ട്‌്‌ ഗാരോസില്‍ വിജയിച്ചത്‌. അതേസമയം നദാല്‍ തന്റെ ആറാം ഫ്രഞ്ച്‌ ഓപണിലേക്കാണ്‌ റാക്കറ്റേന്തുന്നത്‌. ജയിച്ചാല്‍ ഇതിഹാസതാരം ബ്യോണ്‍ ബോര്‍ഗിനൊപ്പം. ജയിക്കുന്നത്‌ ഫെഡററാണെങ്കില്‍ നദാലിന്റെ ഒന്നാം റാങ്ക്‌ തെറിക്കും. അങ്ങനെ വന്നാല്‍ തന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്ത നദാലിനോടുള്ള മധുര പ്രതികാരമായിരിക്കും നിലവില്‍ മൂന്നാംസ്ഥാനത്തുള്ള ഫെഡറര്‍ക്ക്‌.
നദാല്‍-ഫെഡറര്‍ പോരാട്ടത്തിന്റെ 25-ാം എപ്പിസോഡാണ്‌ പാരീസിലേത്‌. ഇവിടെ മാത്രം നാലു ഫൈനലുകളില്‍ അവര്‍ അങ്കംവെട്ടി. വിജയങ്ങള്‍ പക്ഷേ കളിമണ്‍ രാജകുമാരന്‍ നദാലിനൊപ്പം നിന്നു. അവസാനത്തേത്‌്‌ 6-1, 6-3, 6-0 എന്ന സ്‌കോറിന്‌ ഏകപക്ഷീയമായിരുന്നു. ഈ വര്‍ഷം ഇരുവരും രണ്ടുതവണ മുഖാമുഖം വന്നപ്പോള്‍ രണ്ടുവിജയവും നദാലിനായിരുന്നു. മൊത്തം കണക്കില്‍ 16-8 എന്ന നിലയില്‍ ഫെഡററേക്കാള്‍ ഇരട്ടിവിജയം നേടിയ സ്‌്‌പാനിഷ്‌ താരം എതിരാളിക്കുമേല്‍ മേല്‍ക്കോയ്‌്‌മ കാണിച്ചു. അതേസമയം കളിക്കളത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഈ ആധികാരികത പ്രകടമായില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ നദാലിന്റെ വഴിക്കാണ്‌. എന്നാല്‍ നദാലിന്‌്‌്‌്‌്‌്‌്‌്‌ പുതിയ വെല്ലുവിളിയായി മാറിയ നൊവാക്‌ ദ്യോകോവിച്ചിനെ കീഴടക്കാനായതിലൂടെ ഫെഡറര്‍ പഴയ കരുത്തിന്റെ നിഴലല്ലെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌.
സെമിഫൈനലില്‍ ബ്രിട്ടന്റെ അഞ്ചാം സീഡ്‌ താരം ആന്‍ഡിമുറെയെ റാഫേല്‍ നദാല്‍ പ്രവീഴ്‌ത്തിയതോടെ ഫൈനലില്‍ ഒരു ഉശിരന്‍ അങ്കം ഉറപ്പിക്കപ്പെട്ടിരുന്നു. രണ്ടാം സെമിഫൈനലില്‍ വിജയിക്കുന്നത്‌ റോജര്‍ ഫെഡററായാലും നൊവാക്‌ ദ്യോകോവിച്ചായാലും ഫൈനലില്‍ തീപ്പൊരി മത്സരം കാണാം. സീസണില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ദ്യോകോവിച്ച്‌ 2011ല്‍ മാത്രം ഇതിനകം ആറു ഫൈനലുകള്‍ ജയിച്ചു കഴിഞ്ഞിരുന്നു. ഫ്രഞ്ചിലും വെന്നിക്കൊടി പാറിക്കാനായാല്‍ ദ്യോകോവിച്ചിനെ കാത്തിരുന്നത്‌ നദാലിന്റെ ഒന്നാം നമ്പര്‍ പദവിയായിരുന്നു. അതേസമയം ജയിക്കുന്നത്‌ ഫെഡററാണെങ്കില്‍ 21-ാം നൂറ്റാണ്ടിലെ ക്ലാസിക്‌ പോരാട്ടത്തിന്‌ വേദിയൊരുങ്ങും.
എന്നാല്‍ നാലു സെറ്റ്‌ പോരാട്ടത്തിനൊടുവില്‍ ദ്യോകോവിച്ചിന്റെ അപരാജിത കുതിപ്പിന്‌ കടിഞ്ഞാണിട്ട്‌ (7-6 (5), 6-3, 3-6, 7-6 (5)) തന്റെ പ്രതാപകാലം നഷ്ടമായിട്ടില്ലെന്ന്‌ സ്വിസ്‌ താരം എതിരാളികളെ ഓര്‍മിപ്പിച്ചു. 'റാഫാ, നൊവാക്‌ പിന്നെ മറ്റുചിലരും എന്റെ കുതിപ്പ്‌ തടഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ എന്റെ വഴിക്കാണ്‌' മത്സര ശേഷം ഫെഡറര്‍ പറഞ്ഞു.
29കാരന്‍ ഫെഡറര്‍ ഇപ്പോഴും കരുത്തനാണ്‌. മുഖ്യാധാരയില്‍ നിന്ന്‌ മങ്ങിപ്പോകുന്നതിനിടെ ഫ്രഞ്ചില്‍ അദ്ദേഹം നടത്തിയ തിരിച്ചുവരവ്‌ അതിനു തെളിവാണ്‌. പ്രാഥമിക റൗണ്ടില്‍ ലോപസിനോട്‌ ടൈബ്രേക്കര്‍ വഴങ്ങിയ സ്വിസ്‌ താരം പിന്നീട്‌ നാലാം റൗണ്ടില്‍ വാവ്രിങ്കക്കു മുന്നില്‍ മാത്രമാണ്‌ (7-5) പരീക്ഷിക്കപ്പെട്ടത്‌. മോണ്‍ഫില്‍സിനോടും ഒരു സെറ്റില്‍ ടൈബ്രേക്കര്‍ കളിച്ചു. സെമിയില്‍ ദ്യോകോവിച്ചുമായി നടന്ന കണ്ണഞ്ചും അങ്കത്തില്‍ സെര്‍്‌ താരത്തിന്റെ സ്വപ്‌നമാണ്‌ ഫെഡ്‌ എക്‌സ്‌പ്രസ്‌ തകര്‍ത്തത്‌. ടൈബ്രേക്കറില്‍ തീരുമാനമായ ആദ്യസെറ്റില്‍ ഫെഡറര്‍ ജയിച്ചപ്പോള്‍ സീസണില്‍ ദ്യോകോവിച്ചിന്‌ ആദ്യമായി ആദ്യസെറ്റ്‌്‌ നഷ്ടമാകുകയായിരുന്നു. തോല്‍വിയില്ലാ കുതിപ്പില്‍ റെക്കോര്‍ഡ്‌ സൃഷ്ടിക്കാമെന്നുള്ള അദ്ദേഹത്തിന്റെ മോഹവും തകര്‍ന്നു.
ഞെട്ടലോടെയായിരുന്നു ടൂര്‍ണമെന്റില്‍ നദാലിന്റെ തുടക്കം. ജോണ്‍ ഇസ്‌നറെ അഞ്ചു സെറ്റ്‌ നീണ്ട പോരാട്ടത്തിലാണ്‌ നദാല്‍ കീഴടക്കിയത്‌. പാരീസില്‍ ആദ്യമായാണ്‌ ആദ്യ റൗണ്ടില്‍ നദാല്‍ അഞ്ചു സെറ്റ്‌ കളിക്കുന്നത്‌്‌. രണ്ടാം മത്സരത്തിലും നദാല്‍ വെല്ലുവിളിക്കപ്പെട്ടു പിന്നീട്‌ കാര്യങ്ങള്‍ സ്‌പാനിഷ്‌ താരത്തിന്റെ വഴിക്കായിരുന്നു.

ഫൈനലിലേക്കുള്ള വഴി
ഘട്ടം, എതിരാളി, വിജയം
ഫെഡറര്‍
1-ാം റൗണ്ട്‌ ഫെലിസിയാനോ ലോപസ്‌ 3സെറ്റില്‍
2-ാം റൗണ്ട്‌്‌ മാക്‌സിമെ ടെക്‌സീറ 3സെറ്റില്‍
3-ാം റൗണ്ട്‌്‌്‌്‌്‌്‌്‌ ജാകോ ടിപ്‌സാരെവിക്‌ 3സെറ്റില്‍
4-ാം റൗണ്ട്‌്‌ സ്റ്റാനിസ്ലാവ വാവ്രിങ്ക 3സെറ്റില്‍
ക്വാര്‍ട്ടര്‍ ഗയേല്‍ മോണ്‍ഫില്‍സ്‌ 3സെറ്റില്‍
സെമി നൊവാക്‌ ദ്യോകോവിച്ച്‌്‌ 4സെറ്റില്‍

നദാല്‍
1-ാം റൗണ്ട്‌ ജോണ്‍ ഇസ്‌നര്‍ 5സെറ്റില്‍
2-ാം റൗണ്ട്‌ പാബ്ലോ അന്ദുയാര്‍ 3സെറ്റില്‍
3-ാം റൗണ്ട്‌ ആന്റോണിയോ വെയ്‌്‌ക്‌്‌ 3സെറ്റില്‍
4-ാം റൗണ്ട്‌്‌ ഇവാന്‍ ലുബിസിച്ച്‌ 3സെറ്റില്‍
ക്വാര്‍ട്ടര്‍ റോബിന്‍ സോഡര്‍ലിങ്‌ 3സെറ്റില്‍
സെമി ആന്‍ഡി മുറേ 3സെറ്റില്‍

ദക്ഷിണാഫ്രിക്കയെ
പരിശീലിപ്പിക്കാന്‍ കേഴ്‌സ്റ്റണ്‍
ജോഹന്നാസ്‌ബര്‍ഗ്‌: ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഗാരി കേഴ്‌സ്റ്റണ്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്‌. മുന്‍ സഹതാരം അലന്‍ ഡൊണാള്‍ഡാണ്‌ കേഴ്‌സ്‌റ്റന്റെ പേര്‌ നിര്‍ദേശിച്ചത്‌. ക്രിക്കറ്റ്‌ സൗത്താഫ്രിക്ക ഇക്കാര്യത്തില്‍ തിങ്കളാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ ഏകദിന ലോക ചാമ്പ്യന്മാരാക്കുകയും ടെസ്റ്റില്‍ ഒന്നാം റാങ്കിലേക്ക്‌ നയിക്കുകയും ചെയ്‌ത കേഴ്‌സ്റ്റണ്‍ ശേഷകാലം കുടുംബത്തോടൊപ്പം ചെലവഴിക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്‌.

കോപ്പാ അമേരിക്ക
പിസാറോ എത്തി, പാറ്റോ എത്തും
ലിമ: ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി പെറു സ്‌്‌ട്രൈക്കര്‍ ക്ലോഡിയോ പിസാറോ ടീമില്‍ തിരിച്ചെത്തി. ഹാട്രിക്‌്‌്‌ കിരീടം തേടുന്ന ബ്രസീല്‍ നിരയില്‍ തോളെല്ലിനു പരിക്കേറ്റ മുന്‍നിരക്കാരന്‍ അലക്‌സാണ്ടര്‍ പാറ്റോ മത്സരങ്ങള്‍ക്കു മുമ്പ്‌ തിരിച്ചെത്തുമെന്ന്‌ ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു.
മൂന്നര വര്‍ഷത്തിനു ശേഷമാണ്‌ പിസാറോ ടീമിലെത്തുന്നത്‌. താന്‍ കോപ്പ അമേരിക്കക്ക്‌ കാത്തു നില്‍ക്കുകയാണെന്ന്‌്‌ താരം പറഞ്ഞു. 'ഞാന്‍ ടൂര്‍ണമെന്റിനെ ഉറ്റുനോക്കുകയാണ്‌്‌. ദേശീയ ടീ്‌മുമായി ചേരാനായതില്‍ വലിയ സന്തോഷമുണ്ട്‌്‌്‌. പരിക്കിന്റെ പിടിയിലായിരുന്ന യുവാന്‍ മാന്വല്‍ വര്‍ഗാസ്‌, ആല്‍ബര്‍ട്ടോ റോഡ്രിഗസ്‌, കാര്‍ലോസ്‌ സംബ്രാനോ, പൗലോ ഗ്വറേറോ എന്നിവരും പരിശീലനങ്ങള്‍ക്കായി തിങ്കളാഴ്‌ച ടീമിനൊപ്പം ചേരും. ജപ്പാനിലുള്ള പെറൂവിയന്‍ സംഘം തിങ്കളാഴ്‌ച നാട്ടിലെത്തും. വിദേശ ലീഗുകളില്‍ കളിക്കുന്നവര്‍ മാത്രം അന്നുച്ചയ്‌ക്ക്‌്‌്‌ പരിശീലനം നടത്തും.
ഇറ്റാലിയന്‍ സീരി.എ അവസാന മത്സരങ്ങള്‍ക്കിടെയാണ്‌ എ.സി മിലാന്‍ താരം പാറ്റോക്ക്‌ പരിക്കേറ്റതെന്ന്‌ ഡോക്ടര്‍ ജോസ്‌ ലൂയിസ്‌ റൂങ്കോ പറഞ്ഞു. എന്നാല്‍ കോപ്പയില്‍ പാറ്റോ കളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വലതു കാല്‍തുടയില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ പൗലോ ഹെന്‍റിക്വെ ഗാന്‍സോയും മത്സരങ്ങള്‍ക്കു മുമ്പ്‌ സുഖം പ്രാപിക്കുമെന്ന്‌ റൂങ്കോ പറഞ്ഞു.

വിജയത്തുടക്കം
പോര്‍ട്ട്‌്‌ഓഫ്‌ സ്‌പെയ്‌ന്‍: വെസ്‌്‌റ്റിന്‍ഡീസ്‌ പര്യടനം ഇന്ത്യ ജയത്തോടെ തുടങ്ങി. ട്രിനിഡാഡില്‍ നടന്ന പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ 16 റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. 16 പന്തില്‍ 34 റണ്‍െസെടുത്ത്‌പുറത്താകാതെ നിന്ന ബാണ്‍വെല്‍ ഇന്ത്യക്ക്‌ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ക്യാപ്‌റ്റന്‍ പട്ടത്തില്‍ കന്നിയങ്കത്തിനിറങ്ങിയ സുരേഷ്‌ റെയ്‌നക്ക്‌ വിജയത്തോടെ തുടങ്ങാനായി. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യ ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ബദരീനാഥായിരുന്നു (37 പന്തില്‍ 43) ടോപ്‌ സ്‌കോറര്‍. നാലു വിക്കറ്റെടുത്ത വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമ്മിയാണ്‌ ആതിഥേയരുടെ പോരാട്ടം ഏറ്റെടുത്തത്‌. പാര്‍ത്ഥീവ്‌ പട്ടേല്‍, ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്‌്‌ലി എന്നീ ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു പുറമെ ക്യാപ്‌റ്റന്‍ റെയ്‌നയും സമ്മിയുടെ ഇരയായി. വിന്‍ഡീസ്‌ ബാറ്റിംഗില്‍ ഡാരന്‍ ബ്രാവോ 49 റണ്‍സെടുത്തു.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ബദരീനാഥിനു പുറമെ പാര്‍ത്ഥീവ്‌ പട്ടേല്‍ (26), രോഹിത്‌ ശര്‍മ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടത്തിയ യൂസുഫ്‌ പത്താനും (പുറത്തകാതെ ആറു പന്തില്‍ 15), ഹര്‍ഭജന്‍ സിംഗുമാണ്‌ (പുറത്താകാതെ ഏഴു പന്തില്‍ 15) ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക്‌ നയിച്ചത്‌. രോഹിത്‌, പത്താന്‍ എന്നിവര്‍ രണ്ടും പട്ടല്‍, ഹര്‍ഭജന്‍ എന്നിവര്‍ ഒന്നും സിക്‌സര്‍ നേടി.
പിന്തുടരാനിറങ്ങിയ വിന്‍ഡീസീന്‌ ആറാം ഓവറില്‍ പ്രഹരമേറ്റു. ലിന്‍ഡല്‍ സിമ്മണ്‍സിനെ പുറത്താക്കി ആര്‍.അശ്വിനാണ്‌ സന്ദര്‍ശകരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നത്‌. അര്‍ദ്ധശതകത്തിലേക്ക്‌്‌ നീങ്ങുകയായിരുന്ന ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ഹര്‍ഭജനാണ്‌ ഇന്ത്യക്ക്‌ വിജയം ഉറപ്പാക്കിയത്‌.വെസ്റ്റിന്‍ഡ്യന്‍ മണ്ണില്‍ ഇന്ത്യ വെല്ലുവിളി നേരിട്ടേക്കും എന്നു തോന്നിക്കുന്നതായിരുന്നു ഉദ്‌ഘാടന മത്സരം. ലോകകപ്പിലും ഐ.പി.എല്ലിലും മിന്നിത്തെളിഞ്ഞ ഇന്ത്യന്‍ വെടിക്കെട്ടുകള്‍ക്ക്‌ പതിവു ക്രൗര്യം പുറത്തെടുക്കാനായില്ല. പാര്‍ത്ഥീവ്‌ പട്ടേലും ശിഖര്‍ ധവാനുമാണ്‌ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌.
പതിഞ്ഞ തുടക്കത്തിനു ശേഷം മൂന്നാം ഓവറിലെ അവസാന പന്തില്‍ ധവാനെ ഡാരന്‍ സമ്മി $െച്ചറിന്റെ കൈകളിലെത്തിച്ചു. ഐ.പി.എല്ലിന്റെ താരങ്ങളിലൊരാളായ വിരാട്‌ കോഹ്‌്‌ലി 14 റണ്‍സെടുത്ത്‌്‌ മടങ്ങിയതോടെ ടീം നിരാശയിലായി. എന്നാല്‍ ചാമ്പ്യന്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്‌മാന്‍ എസ്‌.ബദരീനാഥ്‌ രക്ഷാ പ്രവര്‍ത്തനമേറ്റെടുത്തു. അഞ്ചു ബൗണ്ടറികളും ബദരീനാഥ്‌്‌്‌ നേടി.
ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അയലത്തെങ്ങുമില്ലായിരുന്നു ക്യാപ്‌റ്റന്‍ റെയ്‌ന. ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത നായകനെ സമ്മി തിരിച്ചയച്ചു. രോഹിത്‌ ശര്‍മയെ ബാണ്‍വെല്‍ ബൗള്‍ഡാക്കി.

Thursday, June 2, 2011

SUPER DEFEAT

അര്‍ജന്റീനയെ നൈജീരിയ തകര്‍ത്തു
അബൂജ: സൗഹൃദ മത്സരത്തില്‍ രണ്ടാം നിരയുമായി ഇറങ്ങിയ അര്‍ജന്റീനയെ ആതിഥേയരായ നൈജീരിയ 4-1ന്‌ തകര്‍ത്തു. ഉക്രൈന്‍ ഉസ്‌ബെകിസ്‌താനേയും (2-0), മെക്‌സിക്കോ ന്യൂസിലാന്‍ഡിനേയും (3-0) പരാജയപ്പെടുത്തി.
ഇകേചുക്വുവെ ഉച്ച (രണ്ട്‌), വിക്ടര്‍ ഒബിന്ന, ഇമ്മാനുവല്‍ എമിനികെ എന്നിവര്‍ നൈജീരിയക്കു വേണ്ടിയും മൗറോ ബോസെല്ലി അര്‍ജന്റീനക്കു വേണ്ടിയും ലക്ഷ്യം കണ്ടു. മികച്ച രീതിയില്‍ ഷോട്ട്‌ പാസുകളുമായി മുന്നേറിയാണ്‌ നൈജീരിയ ഒന്നാം ഗോള്‍ കണ്ടെത്തിയത്‌. ഒമ്പതാം മിനുട്ടില്‍ അര്‍ജന്റീനയുടെ പകുതിയില്‍ ഇടതുവിംഗില്‍ പന്ത്‌ കൈവിടാതെ മുന്നേറിയ നൈജീരിയ ഇകേചുക്വുവെ ഉച്ചയിലൂടെ ഗോള്‍ കണ്ടെത്തി. ഇകേചുക്വുവിന്റെ ഷോട്ട്‌ തടയാന്‍ ശ്രമിച്ച അര്‍ജന്റൈന്‍ ഡിഫന്‍ഡറുടെ കാലില്‍തട്ടി ഗതിമാറിയ പന്ത്‌ വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 26-ാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്ന്‌ വിക്ടര്‍ ഒബിന്നയാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. ആദ്യ പകുതി തീരും മുമ്പ്‌ ഒരിക്കല്‍ കൂടി സന്ദര്‍ശകരുടെ പോസ്‌റ്റില്‍ പന്തെത്തി. അര്‍ജന്റീനാ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടി തുന്നുകാട്ടി ഉച്ച രണ്ടാം വട്ടവും സ്‌കോര്‍ ചെയ്‌തു. വലതു പാര്‍ശ്വത്തിലൂടെ പന്ത്‌ കൈമാറി മുന്നേറിയ നൈജീരിയ അനായാസാമാണ്‌ ഗോള്‍ കണ്ടെത്തിയത്‌. ഡിഫന്‍ഡര്‍മാരുടേയും ഗോള്‍കീപ്പറുടേയും ശ്രദ്ധയില്‍പ്പെടാതെ നിന്ന ഉച്ച പരിശീലന വേളയിലെന്ന പോലെയാണ്‌ പന്ത്‌ പോസ്‌റ്റിലേക്ക്‌ ഹെഡ്‌ ചെയ്‌തത്‌.
51-ാം മിനുട്ടില്‍ ഇമ്മാനുവല്‍ എമിനികെ ഗോളടിച്ചത്‌ കണ്ടാല്‍ എതിര്‍ടീം അര്‍ജന്റീന തന്നെയാണോയെന്ന്‌ തോന്നിപ്പോകും. ലാറ്റിനമേരിക്കന്‍ ടീമിന്റെ പോസ്‌റ്റിലേക്ക്‌ എമനികെ ഓടിക്കയറുമ്പോള്‍ അര്‍ജന്റീന ഡിഫന്‍ഡര്‍മാര്‍ നോക്കി നില്‍ക്കുകയായിരുന്നു. അഡ്വാന്‍സ്‌ ചെയ്‌തുനിന്ന ഗോള്‍കീപ്പറുടെ തലക്കു മുകളിലൂടെ തുറന്നുകിടന്ന വലയിലേക്ക്‌ പന്ത്‌ പൊക്കിയിട്ടു. അധികം നല്‍കിയ എട്ടാം മിനുട്ടില്‍ പെനാല്‍ട്ടിയില്‍ നിന്നാണ്‌ അര്‍ജന്റീന ആശ്വാസ ഗോള്‍ കണ്ടെത്തിയത്‌.
ജൂലൈയില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്കക്ക്‌ തയാറെടുക്കുന്ന അര്‍ജന്റീനക്കും കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റക്കും കരുതിയിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു അബൂജയിലെതോല്‍വി. ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന പോളണ്ടിനേയും, ബ്രസീല്‍ ഹോളണ്ടിനേയും, സ്‌പെയ്‌ന്‍ അമേരിക്കയേയും നേരിടും.

കോപാ അമേരിക്ക
ആക്രമിക്കാന്‍ അര്‍ജന്റീന
ബ്യൂണസ്‌ അയേഴ്‌സ്‌: ജൂലൈ ഒന്നുമുതല്‍ അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന കോപാ അമേരിക്കക്കുള്ള 26 അംഗ ആദ്യ സംഘത്തെ അര്‍ജന്റീന പ്രഖ്യാപിച്ചു. അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടു കൊണ്ട്‌ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കാര്‍ലോസ്‌ ടെവസിനെ കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ ടീമിലെടുത്തിട്ടുണ്ട്‌. ടെവസും ലയണല്‍ മെസ്സിയുമടക്കം ഏഴു പേരെയാണ്‌ മുന്നേറ്റ നിരയില്‍ കോച്ച്‌ ഉള്‍പ്പെടുത്തിയത്‌. ടെവസിനെ ഉള്‍പ്പെടുത്താനിടയില്ലെന്ന കോച്ചിന്റെ പ്രസ്‌താവനക്കെതിരെ മുന്‍ കോച്ച്‌ ഡീഗോ മറഡോണ രംഗത്തു വന്നത്‌ നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
14 കോപാ കിരീടങ്ങളുമായി വന്‍കരയില്‍ ഉറുഗ്വേക്കൊപ്പം മുന്നിട്ടു നില്‍ക്കുന്ന അര്‍ജന്റീനക്ക്‌ 1993 നു ശേഷം കിരീടമുയര്‍ത്താനായിട്ടില്ല. ഇത്തവണ കളി നാട്ടിലാണെന്നതിന്റെ മുന്‍തൂക്കം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്‌ മുന്‍ ലോകചാമ്പ്യന്‍മാര്‍. അവസാന രണ്ടു ഫൈനലുകളില്‍ ബദ്ധ വൈരികളായ ബ്രസീലിനു മുമ്പില്‍ തോറ്റു പോയ അര്‍ജന്റീന ലോകതാരം ലയണല്‍ മെസ്സിയടക്കമുള്ള വമ്പന്‍മാരെ വെച്ച്‌ വിലപേശാനുള്ള ഒരുക്കത്തിലാണ്‌ ഈ വര്‍ഷം. മധ്യനിരയില്‍ ഹാവിയര്‍ മസ്‌കരാനോ, മുന്‍നിരയില്‍ മെസ്സി എന്നീ ബാര്‍സലോണാ താരങ്ങളായിരിക്കും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. യുവതാരങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയുള്ള ടീമിനെയാണ്‌ കോച്ച്‌ ബാറ്റിസ്‌റ്റ പ്രഖ്യാപിച്ചതെങ്കിലും ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ ബുര്‍ഡിസ്സോ തുടങ്ങിയ വെറ്ററന്‍മാരും ടീമിലിടം പിടിച്ചിട്ടുണ്ട്‌.
ടീം ഇവരില്‍ നിന്ന്‌:
(ഗോള്‍കീപ്പര്‍മാര്‍)- സെര്‍ജിയോ റോമിറോ, യുവാന്‍ പാബ്ലോ കരീസോ, മരിനോ അന്ദുജാര്‍. (ഡിഫന്‍ഡര്‍മാര്‍)- ഗബ്രിയേല്‍ മിലിറ്റോ, എസെക്വിയേല്‍ ഗാരെ, നിക്കോളാസ്‌ ബുര്‍ഡീസോ, ഹാവിയര്‍ സനേട്ടി, നിക്കോളാസ്‌ പരേയ, മാര്‍ക്കോസ്‌ റോയോ, പാബ്ലോ സബലേറ്റ, ഫാബിയന്‍ മോണ്‍സണ്‍. (മിഡ്‌ഫീല്‍ഡര്‍മാര്‍)- ഹാവിയര്‍ മസ്‌കരാനോ, ലൂകാസ്‌ ബിഗ്ലിയ, എവര്‍ ബനേഗ, ഫെര്‍ണാണ്ടോ ഗാഗോ, എന്‍സോ പെരെസ്‌. (സ്‌ട്രൈക്കര്‍മാര്‍)- ലയണല്‍ മെസ്സി, എയ്‌ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, സെര്‍ജിയോ അഗ്യൂറോ, എസെക്വിയേല്‍ ലാവേസി, കാര്‍ലോസ്‌ ടെവസ്‌, ഡീഗോ മിലിറ്റോ.

കോപ്പാ അമേരിക്ക (ജൂലൈ1-24)
ടീമുകള്‍
ഗ്രൂപ്പ്‌്‌-എ
അര്‍ജന്റീന, ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക
ഗ്രൂപ്പ്‌-ബി
ബ്രസീല്‍, പരാഗ്വെ, ഇക്വഡോര്‍, വെനിസ്വേല
ഗ്രൂപ്പ്‌-സി
ഉറൂഗ്വെ, മെക്‌സിക്കോ, ചിലി, പെറു


സാനിയ സഖ്യം ഫൈനലില്‍
പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ - റഷ്യയുടെ എലേന വെസ്‌നിന സഖ്യം ഫ്രഞ്ച്‌ ഓപണ്‍ വനിതാ ഡബിള്‍സ്‌ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ അമേരിക്കയുടെ ലീസല്‍ ഹ്യൂബര്‍-ലിസ റെയ്‌മണ്ട്‌ സഖ്യത്തെയാണ്‌ കീഴടക്കിയത്‌. സ്‌കോര്‍: 6-3, 2-6, 6-4. ഗ്രാന്റ്‌ സ്ലാം ഡബിള്‍സില്‍ തന്റെ കന്നി ഫൈനലിനാണ്‌ സാനിയ യോഗ്യത നേടിയത്‌.
ടൂര്‍ണമെന്റിലെ ഏഴാം സീഡായ സാനിയ-വെസ്‌നിയ ജോഡി രണ്ടാം സെറ്റിലെ തോല്‍വി മറികടന്ന്‌ മൂന്നു സെറ്റ്‌ പോരാട്ടത്തിലാണ്‌ സെമികടമ്പ കടന്നത്‌. ആദ്യ സെറ്റില്‍ 4-1ന്റെ ലീഡ്‌ പിടിച്ചെടുത്ത ശേഷം 30 മിനുട്ടിനുള്ളില്‍ ആദ്യ സെറ്റ്‌ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. ഇരുവരുടേയും സെര്‍വുകള്‍ മൂന്നു തവണ ഭേദിച്ച എതിരാളികള്‍ 38 മിനുട്ടിനുള്ളില്‍ 2-6ന്‌ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്നാം സെറ്റ്‌ നിര്‍ണായകമായി. എന്നാല്‍ തുടക്കത്തിലേ രണ്ട്‌ ഗെയ്‌മിന്റെ ലീഡ്‌ നേടിയ ഇരുവരും എതിരാളികളെ തിരിച്ചുവരാന്‍ അനുവദിച്ചില്ല.
ഫൈനലില്‍ സീഡില്ലാതാരങ്ങളായ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയ ഹ്ലാവാക്കോവ-ലൂസി ഹ്രാഡെക്കയെയാണ്‌ ഇന്ത്യ-റഷ്യ സംഖ്യം നേരിടേണ്ടത്‌. മൂന്നാം സീഡ്‌ അമേരിക്കയുടെ വാനിയ കിംഗ്‌ - കസാഖ്‌സ്‌താന്റെ യാരോസ്ലാവ ഷ്വെദോവ ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ മറിച്ചിട്ടാണ്‌ ചെക്ക്‌ താരങ്ങള്‍ ഫൈനലിലേക്ക്‌ പറന്നത്‌. സ്‌കോര്‍: 6-3, 6-3.
മൂന്നാം തവണയാണ്‌ സാനിയ ഗ്രാന്റ്‌സ്ലാം ഫൈനല്‍ കളിക്കുന്നത്‌. മുമ്പ്‌ രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപണില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ ഹൈദരാബാദുകാരി ഫൈനല്‍ കണ്ടിരുന്നു. സാനിയ-മഹേഷ്‌ ഭൂപതി സഖ്യം 2008 യു.എസ്‌ ഓപണില്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും പിറ്റേ വര്‍ഷം ഇന്ത്യന്‍ സഖ്യം ഓസ്‌ട്രേലിയന്‍ ഓപണില്‍ വിജയം വരിച്ചു.
ഫെബ്രുവരിയിലാണ്‌ വെസ്‌നിയയുമായി സാനിയ സഖ്യം ചേര്‍ന്നത്‌. കാല്‍മുട്ടിനു താഴെ ബാന്‍ഡേജ്‌ ധരിച്ചാണ്‌ കളിച്ചതെങ്കിലും പരിക്കിന്റെ അലട്ടലുകളൊന്നും സാനിയയുടെ കളിയില്‍ പ്രകടമായില്ല.

ഒക്കോലിക്ക്‌ പൊന്നും വില
രണ്ടു കോടിക്ക്‌ ബഗാനില്‍ / ഒക്കോലി ഇനി ബഗാന്റെ 'പൊന്നു'മോന്‍
കൊല്‍ക്കത്ത: ഐലീഗ്‌ ടീം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡാഫെ ഒക്കോലി റെക്കോര്‍ഡ്‌ തുകക്ക്‌ കൊല്‍ക്കത്തയുടെ മോഹന്‍ ബഗാനിലേക്ക്‌. ഗോവന്‍ ടീമിന്റെ ഗോളടി യന്ത്രത്തെ വാങ്ങാന്‍ ബഗാന്‍ വാഗ്‌ദാനം ചെയ്‌ത രണ്ടു കോടി ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍ഫറിലെ റെക്കോര്‍ഡ്‌ തുകയാണ്‌. തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ ഐലീഗിലെ ടോപ്‌ സ്‌കോററാകാന്‍ കഴിഞ്ഞതാണ്‌ ഒക്കോലിയുടെ മൂല്യം വര്‍ദ്ധിപ്പിച്ചത്‌.
2007-08 മുതല്‍ തുടരെ മൂന്നു കൊല്ലം ഗോളടിയില്‍ എതിരാളികളില്ലാതെ കുതിച്ച ഒക്കോലി ഇത്തവണ പക്ഷേ റാന്റി മാര്‍ട്ടിന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. അവസാന മത്സരത്തിനു തൊട്ടു മുമ്പ്‌ വരെ ഒന്നാമതുണ്ടായിരുന്ന ഒക്കോലിയെ ചതിച്ചത്‌ എയര്‍ ഇന്ത്യയായിരുന്നു. ഡെംപോയോട്‌ 14 ഗോളുകള്‍ക്ക്‌ എയര്‍ ഇന്ത്യ തോറ്റമത്സരത്തില്‍ ആറു ഗോള്‍ നേടിയാണ്‌ റാന്റി മാര്‍ട്ടിന്‍സ്‌ ഒക്കോലിയെ രണ്ടാമനാക്കിയത്‌. ഒക്കോലിയുടെ പേരില്‍ 25 ഗോളുകള്‍ പിറന്നപ്പോള്‍ മാര്‍ട്ടിന്‍സ്‌ 30 എണ്ണം നേടി. സാല്‍ഗോക്കറിന്റെ ജപ്പാന്‍ താരം റ്യൂജി സ്യൂക്ക 18 ഗോളുകള്‍ നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഇത്‌ ബഗാന്റെ ചരിത്രത്തിലെ മഹത്തായ ദിവസമാണെന്നാണ്‌ ജനറല്‍ സെക്രട്ടറി അഞ്‌ജന്‍ മിത്ര പറഞ്ഞത്‌. ഇത്തവണ ആറാം സ്ഥാനത്താണ്‌ ബഗാന്‍ ഫിനിഷ്‌ ചെയ്‌തത്‌. അടുത്ത സീസണില്‍ ഒക്കോലിയുടെ ചിറകിലേറി ഐ ലീഗിലെ ഗോവന്‍ ആധിപത്യം അവസാനിപ്പിക്കാമെന്നും പ്രതാപ നാളുകള്‍ തിരിച്ചു കൊണ്ടുവരാമെന്നുമാണ്‌ കൊല്‍ക്കത്തക്കാര്‍ സ്വപ്‌നം കാണുന്നത്‌. ഒക്കോലിയും ജോസ്‌ ബാരെറ്റോയും നയിക്കുന്ന മുനകൂര്‍ത്ത ആക്രമണങ്ങളായിരിക്കും അടുത്ത സീസണില്‍ ബഗാന്റെ എതിരാളികള്‍ നേരിടേണ്ടി വരിക. ബാരെറ്റോക്കൊപ്പം കളിക്കാന്‍ കഴിയുന്നതോടെ താന്‍ ആദരിക്കപ്പെടുകയാണെന്ന്‌ ഒക്കോലി പറഞ്ഞു. അടുത്ത സീസണില്‍ ബാരെറ്റോക്കൊപ്പം ചേര്‍ന്ന്‌ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിനെ സഹായിക്കുമെന്നും നൈജീരിയന്‍ വിസ്‌മയം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ തരംഗം സുനില്‍ ഛേത്രിയും ഒക്കോലിക്ക്‌ പ്രശംസയുമായി രംഗത്തെത്തി. ഒക്കോലി അത്ഭുത താരമാണെന്നും അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു സ്‌ട്രൈക്കര്‍ ടീമിലുണ്ടാകാന്‍ ആരും ആഗ്രഹിച്ചു പോകുമെന്നും ഛേത്രി പറഞ്ഞു. ഒക്കോലി ഒരു ഗോളടി യന്ത്രമാണെന്നും ബഗാന്‍ ഉന്നത നിലവാരമുള്ള ക്ലബാണെന്നും ഈ കൂട്ടുകെട്ട്‌ ലാഭം കൊയ്യുമെന്നും സാല്‍ഗോക്കര്‍ പരിശീലകന്‍ കരീം ബെന്‍ചെരിഫ
അഭിപ്രായപ്പെട്ടു. അതേസമയം വിരുദ്ധാഭിപ്രായവുമായാണ്‌ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ പികെ ബാനര്‍ജി ശ്രദ്ധിക്കപ്പെട്ടത്‌. രണ്ടു കോടി ഒരു വിദേശതാരത്തിന്‌ ചെലവഴിക്കുന്നതിനേക്കാള്‍ ഇവിടെയുള്ള പ്രാദേശിക താരങ്ങളുടെ കഴിവു വളര്‍ത്താനുപയോഗിക്കുന്നതായിരുന്നു നല്ലതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

അഫ്രീദി വിവാദം:
വഖാര്‍ പ്രതികരിച്ചില്ല
ലാഹോര്‍: താനുമായും ക്രിക്കറ്റ്‌ ബോര്‍ഡുമായും പിണങ്ങി കരിയറവസാനിപ്പിച്ച മുന്‍ നായകന്‍ ശാഹിദ്‌ അഫ്രീദിയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ പാകിസ്‌താന്‍ പരിശീലകന്‍ വഖാര്‍ യൂനുസ്‌ വിസമ്മതിച്ചു. അയര്‍ലണ്ട്‌ പര്യടനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ വഖാര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ഇജാസ്‌ ബട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയൂ എന്ന്‌ പ്രസ്‌താവിച്ചു. 'ഇപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ല. എന്നെക്കുറിച്ച്‌ അഫ്രീദി പറഞ്ഞു എന്നു പറഞ്ഞതായുള്ള കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നുമാത്രമാണ്‌ ഞാനറിഞ്ഞത്‌. ഞാന്‍ ബോര്‍ഡ്‌ ചെയര്‍മാനുമായി സംസാരിച്ചിട്ട്‌ വിഷയത്തിലെ യാഥാര്‍ത്ഥ്യമെന്താണെന്ന്‌ മനസ്സിലാക്കട്ടെ. വിരമിക്കാനുള്ള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്‌. എന്നാല്‍ ദുഖകരമാണ്‌. നായകനെ മാറ്റാനുള്ള അധികാരം ബോര്‍ഡിന്റെ വിശേഷാധികാരത്തില്‍പ്പെട്ടതാണ്‌. എന്റെ തീരുമാനമല്ല.' വഖാര്‍ പറഞ്ഞു.

യോഗേന്ദ്ര പാല്‍ ഐ.സി.സി
അഴിമതിവിരുദ്ധ സംഘ തലവന്‍
(എസ്‌.പി യോഗേന്ദ്ര പാല്‍)
ദുബൈ: യോഗേന്ദ്ര പാല്‍ സിംഗിനെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ സുരക്ഷാ സംഘ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഈ സ്ഥാനം വഹിക്കുന്നത്‌ ഇന്ത്യക്കാരന്‍ തന്നെയായ രവി സവാനിയായിരുന്നു. സി.ബി.ഐ മുന്‍ ജോയിന്റ്‌ ഡയറക്ടറാണ്‌ 55 കാരന്‍ യോഗേന്ദ്ര പാല്‍.

ഇന്ത്യന്‍ ഹോക്കിയിലെ മുതുമുത്തഛന്‍
ജോ ഗലിബാര്‍ഡി അന്തരിച്ചു
(ചിത്രം. എസ്‌.പി ഗലിബാര്‍ഡി)
ലണ്ടന്‍: 1936ല്‍ സ്വര്‍ണ മെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീമിലെ അവസാനത്തെ അംഗവും യാത്രയായി. ജോസഫ്‌ ഗലിബാര്‍ഡി എന്ന ജോ ഗലിബാര്‍ഡിയാണ്‌ (96 വയസ്സ്‌) ലണ്ടനില്‍ അന്തരിച്ചത്‌. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ കീഴില്‍ സ്വര്‍ണമെഡല്‍ നേടിയ '36ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരില്‍ അവസാനത്തെ കളിക്കാരന്‍ എന്ന നിലയിലാണ്‌ ഗലിബാര്‍ഡി ഓര്‍മിക്കപ്പെട്ടത്‌. ഇടംകൈ സ്‌പെഷ്യലിസ്റ്റായ ഗലിബാര്‍ഡി ജര്‍മനിയെ ഇന്ത്യ 8-1ന്‌ പരാജയപ്പെടുത്തിയ ഫൈനലില്‍ കളിച്ചിട്ടുണ്ട്‌.
1956ല്‍ മാതാപിതാക്കള്‍ക്കും ഏഴു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലേക്ക്‌ കുടിയേറുകയായിരുന്നു. ലണ്ടന്‍ നഗരത്തിനടുത്ത്‌ വാല്‍ത്താംപ്‌സ്റ്റൗവിലായിരുന്നു ശേഷകാലം കഴിഞ്ഞത്‌.

ഷറപ്പോവ മുട്ടുമടക്കി
ചരിത്രമെഴുതാന്‍ ലീ
പാരീസ്‌: വനിതാ ടെന്നീസിലെ പുതിയ താരോദയം ലീ നാ ഫ്രഞ്ച്‌ ഓപണ്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ വീഴ്‌ത്തിയാണ്‌ തുടരെ രണ്ടാം ഗ്രാന്റ്‌സ്ലാം ഫൈനലിന്‌ ചൈനക്കാരി യോഗ്യത നേടിയത്‌. സ്‌കോര്‍: 6-4, 7-5.
ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫൈനല്‍ കളിച്ച ലീ നാ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കുന്ന പ്രഥമ ചൈനീസ്‌ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ ഷറപ്പോവയുടെ പോരാട്ട വീര്യത്തെ ടൈബ്രേക്കറില്‍ മറികടന്നാണ്‌ ലീന തുടരെ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിക്കാന്‍ അര്‍ഹതനേടിയത്‌. അതേസമയം ഷറപ്പോവയുടെ തോല്‍വിയില്‍ കാറ്റ്‌ നിര്‍ണായകമായിരുന്നെന്ന വാദമുണ്ട്‌. കാറ്റ്‌ പ്രതികൂല സാഹചര്യം സൃഷ്ടിച്ചപ്പോള്‍ ഷറപ്പോവയുടെ സര്‍വുകള്‍ ഫലപ്രദമാകാതെ പോകുകയായിരുന്നു. ഏഴാം സീഡ്‌ റഷ്യക്കാരി 10 ഡബിള്‍ ഫാള്‍ട്ടുകളാണ്‌ വരുത്തിയത്‌. ലീ 24 വിന്നറുകള്‍ പായിച്ചു. 11ല്‍ എട്ടു ബ്രേക്ക്‌ പോയിന്റുകളും ചൈനീസ്‌ താരം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സെസ്‌ക ഷിയാവോണ്‍-മരിയണ്‍ ബര്‍ട്ടോളി രണ്ടാം സെമി ഫൈനല്‍ വിജയിയെ ലീ ഫൈനലില്‍ നേരിടും.

ഇന്ത്യ-വിന്‍ഡീസ്‌ നാളെ മുതല്‍
ഉത്സാഹത്തിലെന്ന്‌ റെയ്‌ന
പോര്‍ട്ട്‌ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ഇന്ത്യ-വെസ്റ്റിന്‍ഡീസ്‌ പരമ്പര നാളെ ആരംഭിക്കും. ട്രിനിഡാഡിഡിലെ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌നില്‍ പരമ്പരയിലെ ഏക ടി20 മത്സരമാണ്‌ ആദ്യം. ടി20, ഏകദിന മത്സരങ്ങള്‍ക്ക്‌ സുരേഷ്‌ റെയ്‌നയാണ്‌ നായകന്‍. മുതിര്‍ന്ന താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിക്കപ്പെട്ടതോടെ രണ്ടാം നിരയാണ്‌ പരിമിത ഓവറുകളില്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്‌. ടെസ്റ്റ്‌ മത്സരങ്ങള്‍ക്ക്‌ ക്യാപ്‌റ്റന്‍ ധോണിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. ഒരു ടി20യും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
ബുധനാഴ്‌ച 8.30ന്‌ ഇന്ത്യന്‍ താരങ്ങള്‍ ട്രിനിഡാഡിലെ പിയാര്‍ക്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിമാനമിറങ്ങി. സ്വീകരിക്കാന്‍ ട്രിനിഡാഡ്‌ ആന്റ്‌ ടൊബാഗോ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗിക പ്രതിനിധികള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മുംബൈയില്‍ നിന്ന്‌ ലണ്ടന്‍-ബാര്‍ബഡോസ്‌ വഴി ദീര്‍ഘ യാത്ര കഴിഞ്ഞെത്തിയ ഇന്ത്യന്‍ സംഘം ക്ഷീണിതരായിരുന്നു. നായകന്‍ റെയ്‌നയടക്കം പലരുടേയും കണ്ണുകളില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണം കാണാനുണ്ടായിരുന്നു. എങ്കിലും ടി20, ഏകദിന മത്സരങ്ങളില്‍ തന്റെ ടീം വിജയം വരിക്കുമെന്ന്‌ ആത്മവിശ്വാസത്തോടും ഉന്മേഷത്തോടും കൂടിയാണ്‌ ഉത്തര്‍ പ്രദേശുകാരന്‍ പറഞ്ഞത്‌.
'ഇത്‌ യുവനിരയാണ്‌. താരങ്ങള്‍ രാജ്യത്തിനും അവര്‍ക്കും വേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെക്കും. അങ്ങേയറ്റത്തെ ഉത്സാഹത്തിലാണ്‌ അവരെല്ലാവരും.' റെയ്‌ന പറഞ്ഞു. കരിയര്‍ പടുത്തുയര്‍ത്താനാഗ്രഹിക്കുന്ന യുവസംഘമാണ്‌ പരമ്പരക്കെത്തിയിരിക്കുന്നതെന്നും യാത്രാ ക്ഷീണം കളിയെ ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും വൈസ്‌ ക്യാപ്‌റ്റന്‍ ഹര്‍ഭജന്‍ സിംഗ്‌ അഭിപ്രായപ്പെട്ടു.

മത്സര ക്രമം
തിയ്യതി, മത്സരം, വേദി
ജൂണ്‍-4 ടി20 ട്രിനിഡാഡ്‌
ജൂണ്‍-6 1-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-8 2-ാം ഏകദിനം ട്രിനിഡാഡ്‌
ജൂണ്‍-11 3-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-13 4-ാം ഏകദിനം ആന്റിഗ്വ
ജൂണ്‍-16 5-ാം ഏകദിനം ജമൈക്ക
ജൂണ്‍-20 1-ാം ടെസ്റ്റ്‌ ജമൈക്ക
ജൂണ്‍-28 2-ാം ടെസ്റ്റ്‌ ബാര്‍ബഡോസ്‌
ജൂലൈ-6 3-ാം ടെസ്‌റ്റ്‌ ഡൊമിനിക്ക

കോപ്പയൊരുങ്ങി, അര്‍ജന്റീനയും
ബ്യൂണസ്‌അയേഴ്‌സ്‌: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അങ്കക്കളരി കോപ്പാ അമേരിക്കയുടെ പോരാട്ടനാളുകള്‍ക്ക്‌ ഇനി 30 ദിവസത്തെ ദൂരം. 43-ാം കോപ്പാഅമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥേയത്വമരുളുന്നത്‌ ഇതിഹാസതാരം ഡിഗോ മറഡോണയുടേയും വര്‍ത്തമാന കാല ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍-അര്‍ജന്റീന. ജൂലൈ-1ന്‌ ബ്യൂണസ്‌ അയേഴ്‌സിലെ ലാ പ്ലാറ്റ സ്റ്റേഡിയത്തില്‍ അര്‍ജന്റീന-ബൊളീവിയ പോരാട്ടത്തോടെ കോപ്പതേടി പന്തുരുളും. ജൂലൈ 24ന്‌ ഇതേനഗരത്തിലെ മോണ്യുമെന്റല്‍ ആന്റോണിയോ വെസ്‌പൂച്യോ ലിബര്‍ട്ടി സ്‌റ്റേഡിയത്തിലാണ്‌ കലാശക്കളി.
ബാര്‍സലോണയുടെ ലയണല്‍ മെസ്സി, ഡാനി ആല്‍വസ്‌, ഹാവിയര്‍ മസ്‌കരാനോ, റയല്‍ മാഡ്രിഡിന്റെ കക്കാ, ഗോണ്‍സാലോ ഹിഗ്വയ്‌ന്‍, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ കാര്‍ലോസ്‌ ടെവസ്‌, എ.സി മിലാന്റെ റോബീഞ്ഞോ, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഹാവിയര്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസ്‌, ഫാബിയോ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ താരം ഡീഗോ ഫോര്‍ലാന്‍, ലിവര്‍പൂളിന്റെ ലൂയി സുവാരസ്‌ തുടങ്ങിയ വമ്പന്‍മാര്‍ അണിനിരക്കുന്ന കോപ്പ ഗ്ലാമറില്‍ ഒട്ടും പിന്നിലല്ല. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീലും ചിരവൈരികളും ആതിഥേയരുമായ അര്‍ജന്റീനയും തമ്മിലുള്ള സ്വപ്‌ന ഫൈനലിനാണ്‌ ലോകം കാത്തിരിക്കുന്നത്‌. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട്‌ അടിയറവെച്ച കപ്പ്‌ അര്‍ജന്റീന തിരികെപ്പിടിക്കുമോ അതോ ബ്രസീല്‍ ഹാട്രിക്ക്‌ തികയ്‌ക്കുമോ എന്നതാണ്‌ 43-ാം കോപ്പക്കു മുമ്പുള്ള ചോദ്യം.
എ,ബി,സി എന്നിങ്ങനെ മൂന്നു ഗ്രൂപ്പായി തിരിഞ്ഞ്‌ ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ നടക്കും. ആതിഥേയരായ അര്‍ജന്റീന ബൊളീവിയ, കൊളംബിയ, കോസ്‌റ്റാറിക്ക ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്‌-എയിലാണ്‌. നിലവിലെ ചാമ്പ്യന്‍മാര്‍ ബ്രസീല്‍ ഗ്രൂപ്പ്‌ ബിയിലാണ്‌. വെനിസ്വേല, പരാഗ്വെ, ഇക്വഡോര്‍ ടീമുകളാണ്‌ ബ്രസീലിനൊപ്പം. എന്നാല്‍ സന്ദര്‍ശക ടീം മെക്‌സിക്കോ, ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ ഉറൂഗ്വെ, ലോകകപ്പില്‍ വിസ്‌മയക്കുതിപ്പ്‌ നടത്തിയ ചിലി എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ സിയാണ്‌ മരണ ഗ്രൂപ്പ്‌. പെറുവാണ്‌ ഗ്രൂപ്പിലെ നാലാം ടീം.
ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ടു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‌ യോഗ്യത നേടും. ജൂലൈ 16 മുതല്‍ ക്വാര്‍ട്ടര്‍ ഘട്ടം ആരംഭിക്കും. 19,20 തിയ്യതികളില്‍ സെമിയും 24ന്‌ ഫൈനലും അരങ്ങേറും.

വോളി ലീഗ്‌
കേരളം കൊലവിളിച്ചു
ബംഗളൂരു: നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ചെന്നൈ സ്‌പൈക്കേഴ്‌സിനെ മലര്‍ത്തിയടിച്ച്‌ കേരള കില്ലേഴ്‌സ്‌ ഇന്ത്യന്‍ വോളി ലീഗില്‍ തിരിച്ചുവരവ്‌ നടത്തി. ബംഗളൂരുവിലെ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ മത്സരത്തിന്റെ സമസ്‌ത മേഖലകളിലും നിഷ്‌പ്രഭരാക്കിയാണ്‌ കില്ലേഴ്‌സ്‌ വിജയം നേടിയത്‌. സ്‌കോര്‍: 25-21, 25-23, 25-18.
തലേദിവസം മറാത്താ വാരിയേഴ്‌സിനെ കീഴടക്കിയ പ്രകടനത്തിന്റെ നിഴലിലായിരുന്നു ചെന്നൈ. ബ്ലോക്കിംഗില്‍ മികവ്‌ പുലര്‍ത്തിയ കെ.പി ശമീമും ജി.ആര്‍ വൈഷ്‌ണവുമാണ്‌ ചെന്നൈയുടെ പോരാട്ടത്തെ ഇല്ലാതാക്കിയത്‌. ഒരു മണിക്കൂറും ഏഴു മിനുട്ടും കൊണ്ട്‌ കേരള കില്ലേഴ്‌സ്‌ കളിജയിച്ചു. കേരള ടീമിന്റേത്‌ അട്ടിമറിയാണെന്ന വാദത്തെ പക്ഷേ കോച്ച്‌ കെ.അബ്ദുല്‍ നാസര്‍ നിഷേധിച്ചു. 'ഫലം ഞാന്‍ പ്രതീക്ഷിച്ചതാണ്‌. ഇന്നലെ ചെന്നൈയുടെ മത്സരം ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. അതിനാല്‍ പ്രത്യേക പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. എല്ലാം വിജയകരമാകുകയും ചെയ്‌തു.' യാനം ടൈഗേഴ്‌സിനോട്‌ തോറ്റതിനു പിന്നില്‍ തളര്‍ച്ചയാണെന്ന്‌ നാസര്‍ പറഞ്ഞു. ഞങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളും അഞ്ചു സെറ്റ്‌ നീണ്ടിരുന്നു. സ്വാഭാവികമായും താരങ്ങള്‍ തളര്‍ന്നിരുന്നു. കോച്ച്‌ പറഞ്ഞു.
ആദ്യ സെറ്റില്‍ മിക്ക സമയത്തും ഒന്നോ രണ്ടോ പോയിന്റിനു മാത്രം പി്‌ന്നിലായിരുന്നു ചെന്നൈ. എന്നാല്‍ 10-20ല്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ കുതിച്ചെത്തിയ ശഹീമിന്റെ കരുത്തുറ്റ സ്‌മാഷ്‌ എതിര്‍ കോര്‍ട്ടിന്റെ വലതു വശത്താണ്‌ പതിച്ചത്‌. ജിന്‍സണ്‍ വര്‍ഗീസും ശ്യാംജീ തോമസും വിജയകരമായ രണ്ട്‌ പ്രതിരോധങ്ങളുമായി അവസരത്തിനൊത്തുയരുക കൂടി ചെയ്‌തതോടെ കേരള ടീം ചെന്നൈയുടെ വെല്ലുവിളി മറികടന്നു.

Wednesday, June 1, 2011

AGAIN SACHIN


സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍
പാണ്ഡി ആഭ്യന്തര താരം
2 ചിത്രം. എസ്‌.പി സച്ചിന്‍ 1 and എസ്‌.പി ദുറാനി- സച്ചിന്‍ തെണ്ടുല്‍ക്കര്‍, സലീം ദുറാനി എന്നിവര്‍ പുരസ്‌കാരങ്ങളുമായി
മുംബൈ: റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2009-10 ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്നലെ മുംബൈയില്‍ നടന്ന ചടങ്ങില്‍ സച്ചിനു പുറമെ മുന്‍ ടെസ്‌്‌റ്റ്‌ ഓള്‍റൗണ്ടര്‍ സലീം ദുറാനിയേയും ബി.സി.സി.ഐ ആദരിച്ചു. ദുറാനിയുടെ ജീവിതകാല സംഭാവന പരിഗണിച്ച്‌ സി.കെ നായുഡു അവാര്‍ഡാണ്‌ അദ്ദേഹത്തിന്‌ നല്‍കിയത്‌. കര്‍ണാടക താരങ്ങളായ മനീഷ്‌ പാണ്ഡി മികച്ച ആഭ്യന്തര താരമായും അഭിമന്യൂ മിഥുന്‍ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പ്‌ വിജയിച്ച ഇന്ത്യന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡ്‌ ദാനം. ഉമ്രിഗര്‍ അവാര്‍ഡ്‌ സച്ചിനാണെന്ന്‌ നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ 2009 ഒക്ടോബര്‍ മുതല്‍ 2010 സെപ്‌തംബര്‍ വരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തിനിടെ ഒരു ഇരട്ട ശതകവും അഞ്ചു സെഞ്ച്വറികളുമടക്കം 1,604 റണ്‍സാണ്‌ 10 ടെസ്റ്റുകളില്‍ നിന്ന്‌ സച്ചിന്റെ സമ്പാദ്യം. ശരാശരി-82. 12 ഏകദിനങ്ങളില്‍ നിന്ന്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയുള്‍പ്പെടെ 695 റണ്‍സും അദ്ദേഹം നേടി. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതതിരെ ഗ്വാളിയോറിലായിരുന്നു ഏകദിന ചരിത്രത്തിലെ ഏക ഇരട്ടസെഞ്ച്വറി (200*) മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ തന്റെ പേരിലാക്കിയത്‌.
മികച്ച ഇടംകൈയന്‍ സ്‌പിന്നറും വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാനുമായ ദുറാനി 1960-73 കാലയളവില്‍ ഇന്ത്യക്കു വേണ്ടി 29 ടെസ്റ്റുകളില്‍ കളിച്ചു. 1,202 റണ്‍സും 75 വിക്കറ്റുകളും അദ്ദേഹം നേടി. 1971ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യ പ്രഥമ ടെസ്റ്റ്‌ പരമ്പര വിജയിച്ചപ്പോള്‍ ദുറാനി ടീമിലുണ്ടായിരുന്നു. ട്രിനിഡാഡില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ ബാറ്റിംഗിലെ കരുത്തരായ ഗാരി സോബേഴ്‌സ്‌, ക്ലൈവ്‌ ലോയ്‌ഡ്‌ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌്‌ത്തി ഇന്ത്യക്ക്‌ ഏഴുവിക്കറ്റ്‌ വിജയം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
രഞ്‌ജി ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ്‌ 21കാരന്‍ മനീഷ്‌ പാണ്ഡിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌. 2009-10 സീസണില്‍ 882 റണ്‍സാണ്‌ അദ്ദേഹം രഞ്‌ജിയില്‍ സ്‌കോര്‍ ചെയ്‌തത്‌. ആഭ്യന്തര ക്രിക്കറ്റില്‍ 47 വിക്കറ്റുകള്‍ നേടിയാണ്‌ പേസ്‌ ബൗളര്‍ അഭിമന്യു മിഥുന്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ്‌ നേടിയത്‌.

ലുകാകു ചെല്‍സിയിലേക്ക്‌
ചിത്രം. എസ്‌.പി ലുകാകു
ലണ്ടന്‍: ബെല്‍ജിയം ദേശീയ താരം 18കാരന്‍ റൊമേലു ലുകാകു ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സിയിലെത്തുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. 22 മില്യണ്‍ പൗണ്ടിന്‌ താരത്തെ സ്വന്തമാക്കാനുള്ള നടപടികള്‍ ചെല്‍സി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ കാര്‍ലോ ആന്‍ചെലോട്ടിക്കു പകരം പുതിയ മാനേജര്‍ തീരുമാനമായതിനു ശേഷം താരത്തെ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജിലെത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ്‌ ചെല്‍സി വൃത്തങ്ങള്‍.

ഷോള്‍സ്‌ കടുപ്പക്കാരനായ
എന്റെ എതിരാളി: സിദാന്‍
ലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളിനോട്‌ വിടചൊല്ലിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ പോള്‍ ഷോള്‍സിന്‌ ഫുട്‌ബോള്‍ പ്രമുഖരുടെ വാക്‌ ആദരം. ക്ലബ്‌ കരിയറിനിടെ താന്‍ നേരിട്ടതില്‍ വെച്ചേറ്റവും കടുപ്പക്കാരനായ മധ്യനിരക്കാരിലൊരാളാണ്‌ ഷോള്‍സെന്ന്‌ ഫ്രഞ്ച്‌ ഇതിഹാസവും മുന്‍ലോക ഒന്നാം നമ്പറുമായ സൈനുദ്ദീന്‍ സിദാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും പൂര്‍ണനായ സെന്‍ട്രല്‍ മിഡ്‌്‌ഫീല്‍ഡര്‍ എന്നാണ്‌ സ്‌പെയ്‌നിന്റെ ബാര്‍സലോണാ മധ്യനിര താരം സാവി ഹെര്‍ണാണ്ടസ്‌ ഷോള്‍സിനെക്കുറിച്ചു പറഞ്ഞത്‌. പാസിംഗ്‌ മികവുകള്‍ വിലയിരുത്തുമ്പോള്‍ ബ്രസീലിനു വേണ്ടി കളിക്കാന്‍ മാത്രമുള്ള നിലവാരം ഷോള്‍സിന്റെ കളിക്കുണ്ടെന്ന്‌ മുന്‍ ബ്രസീല്‍ നായകന്‍ സോക്രട്ടീസ്‌ പറഞ്ഞു.
17 കൊല്ലം മാഞ്ചസ്റ്ററിനു വേണ്ടി കളിച്ച ഷോള്‍സ്‌ 676 കളികളില്‍ നിന്ന്‌ 150 ഗോളുകള്‍ നേടിയിട്ടുണ്ട്‌.

ട്രോട്ട്‌ ഇംഗ്ലീഷ്‌ താരം
ചിത്രം. എസ്‌.പി ട്രോട്ട്‌ രണ്ടു ദിവസം മുമ്പ്‌ ശ്രീലങ്കക്കെതിരെ ഇരട്ട ശതകം തികച്ച ജോാനാഥന്‍ ട്രോട്ട്‌
ലണ്ടന്‍: ഇടതടവില്ലാത്ത മികവിനൊടുവില്‍ ഇംഗ്ലണ്ടിന്റെ വണ്‍ഡൗണ്‍ ബാറ്റ്‌സ്‌മാന്‍ ജോനാഥന്‍ ട്രോട്ടിന്‌ പുരസ്‌കാരനേട്ടം. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ട്രോട്ടിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ്‌ ക്രിക്കറ്റ്‌ മീഡിയയുടെ വോട്ടെടുപ്പിലാണ്‌ സഹതാരങ്ങളെ പിന്നിലാക്കി ട്രോട്ട്‌ രാജ്യത്തെ ഒന്നാമനായത്‌.
ദക്ഷിണാഫ്രിക്കയില്‍ പിറന്നെങ്കിലും കെവിന്‍ പീറ്റേഴ്‌സണെ പോലെ ഇംഗ്ലണ്ടിന്റെ കുപ്പായത്തിലാണ്‌ ട്രോട്ട്‌ കളിച്ചത്‌. 32 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുള്ള 68.06 ശരാശരിയില്‍ 2,246 റണ്‍സ്‌ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്‌. ഏഴു സെഞ്ച്വറികളും നേടിയിട്ടുള്ള താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ വര്‍ഷം ലോഡ്‌സില്‍ വെച്ച്‌ ബംഗ്ലാദേശിനെതിരെയായിരുന്നു. കഴിഞ്ഞ കൊല്ലം ഓസ്‌ട്രേലിയയില്‍ വെച്ച്‌ ആഷസ്‌ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ മൂന്നാം നമ്പറില്‍ കളിച്ച ട്രോട്ടിന്റെ സ്ഥിരതയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ ഇംഗ്ലണ്ട്‌ ശ്രീലങ്കയെ ഇന്നിംഗ്‌സിനു തോല്‍പ്പിച്ചപ്പോള്‍ മത്സരത്തിലെ ഏക ഇരട്ട സെഞ്ച്വറി (203) നേടിയത്‌ ട്രോട്ടായിരുന്നു.

ടീം ഇന്ത്യക്ക്‌ പുതിയ പ്രഭാതം
യുവാക്കള്‍ക്ക്‌ അവസരം: റെയ്‌ന
ചിത്രം. എസ്‌.പി റെയ്‌ന- വെസ്റ്റിന്‍ഡീസിലേക്ക്‌ തിരിക്കും മുമ്പ്‌ താല്‍ക്കാലിക നായകന്‍ സുരേഷ്‌ റെയ്‌നയും പുതിയ പരിശീലകന്‍ ഡെങ്കന്‍ $െച്ചറും ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തപ്പോള്‍
പോര്‍ട്ട്‌ ഓഫ്‌ സ്‌പെയ്‌ന്‍ (ട്രിനിഡാഡ്‌): ലോകകപ്പേന്തി ക്രിക്കറ്റിന്റെ വിണ്ണില്‍ വിരാജിച്ച നാളുകള്‍ക്ക്‌ വിടനല്‍കി ടീം ഇന്ത്യ വീണ്ടും മണ്ണില്‍. ലോകകപ്പിനു ശേഷം ആദ്യ പരമ്പരക്കായി ടീം ഇന്നലെ വെസ്റ്റിന്‍ഡീസിലേക്കു തിരിച്ചു. ഗാരികേഴ്‌സ്റ്റന്റെ പിന്‍ഗാമിയായി ചുമതലയേറ്റ പരിശീലകന്‍ ഡെങ്കന്‍ $െച്ചറിന്റെ ആദ്യ പരീക്ഷണ വേദിയാണ്‌ വിന്‍ഡീസ്‌. ഐ.പി.എല്ലിലെ നിരന്തര മത്സരങ്ങള്‍ക്കു ശേഷം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ വിശ്രമമാവശ്യപ്പെട്ട സാഹചര്യത്തില്‍ സുരേഷ്‌ റെയ്‌ന നയിക്കുന്ന രണ്ടാം നിരയാണ്‌ പരമ്പരയില്‍ ഇന്ത്യന്‍ കുപ്പായമണിയുക. ശനിയാഴ്‌ച പരമ്പരയിലെ ഏക ടി20യോടെ മത്സരങ്ങള്‍ക്ക്‌ തുടക്കമാകും. അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
താല്‍ക്കാലിക നായകന്‍ റെയ്‌നയേക്കാള്‍ $െച്ചറായിരിക്കും പരമ്പരയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. ഒരുപാട്‌ ആലോചനകള്‍ക്കു ശേഷമാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ) ഇംഗ്ലണ്ട്‌ മുന്‍ പരീശീലകനായ $െച്ചര്‍ക്ക്‌ ടീമിന്റെ ചുമതല നല്‍കാന്‍ തീരൂമാനിച്ചത്‌. മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീനുള്‍പ്പടെയുള്ള പ്രമുഖര്‍ താല്‍പര്യവുമായി മുന്നോട്ടുവന്നിരുന്നു. 175 ഏകദിനങ്ങളില്‍ $െച്ചറിനു കീഴില്‍ ഇംഗ്ലണ്ട്‌ കളിച്ചപ്പോള്‍ 75 എണ്ണത്തില്‍ മാത്രമായിരുന്നു വിജയം. വിജയ ശതമാനം 47.47. വിജയങ്ങളില്‍ അധികവും സിംബാവെ, ബംഗ്ലാദേശ്‌, നമീബിയ, ഹോളണ്ട്‌ ടീമുകളുള്‍പ്പെടുന്ന ദുര്‍ബലര്‍ക്കെതിരെയായിരുന്നു.
അതേ സമയം ടെസ്റ്റില്‍ $െച്ചറിനും ഇംഗ്ലണ്ടിനും നല്ല റെക്കോര്‍ഡാണുള്ളത്‌. അദ്ദേഹത്തിനു കീഴില്‍ കളിച്ച 96ല്‍ 42 എണ്ണത്തിലും ഇംഗ്ലണ്ട്‌ ജയിച്ചു. 2005ല്‍ വിജയിച്ച ആഷസായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. സിംബാവെക്കാരന്‍ $െച്ചറിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതായിരുന്നു ആ വിജയം.
ടീമിന്റെ പടിവാതില്‍ നില്‍ക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്‌ പരമ്പരയെന്നാണ്‌ നായകന്‍ സുരേഷ്‌ റെയ്‌ന വിന്‍ഡീസ്‌ പരമ്പരയെ നിരീക്ഷിക്കുന്നത്‌. 'ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനം കാഴ്‌ചവെച്ച യുവതാരങ്ങള്‍ക്കിത്‌ മികച്ച അവസരമാണ്‌. രോഹിത്‌ ശര്‍മ, മനോജ്‌ തിവാരി, എസ്‌. ബദരീനാഥ്‌, ശിഖര്‍ ധവാന്‍ തുടങ്ങി ഒരുപിടി നല്ല താരങ്ങള്‍ ടീമിലുള്ളതില്‍ താന്‍ സന്തോഷവാനാണെന്നും റെയ്‌ന പറഞ്ഞു.
ക്യാപ്‌റ്റന്‍ ധോണിക്കു കീഴില്‍ 'ഫൈനല്‍ പനി' മാറ്റിയെടുത്ത ഇന്ത്യ ടെസ്‌റ്റിലും ഏകദിനത്തിലും നിലവില്‍ ഒന്നാമന്മാരാണ്‌. അത്‌ നിലനിര്‍ത്താന്‍ വിജയങ്ങള്‍ തുടരേണ്ടതുണ്ട്‌. 2002ല്‍ നാറ്റ്‌വെസ്‌റ്റ്‌ സീരീസിലും 2003 ല്‍ പോര്‍ട്ട്‌ എലസിബത്തില്‍ ഓസ്‌ട്രേലിയയോട്‌ ലോകകപ്പ്‌ ഫൈനലിലും 2004ല്‍ വെസ്‌റ്റിന്‍ഡീസിനോട്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലിലും ഇന്ത്യ തോറ്റിരുന്നു. നാറ്റ്‌വെസ്‌റ്റില്‍ ഇന്ത്യയുടെ 325 റണ്‍സാണ്‌ ഇംഗ്ലണ്ട്‌ പിന്തുടര്‍ന്ന്‌ കീഴടക്കിയത്‌.
സുരേഷ്‌ റെയ്‌ന (നായകന്‍), ആര്‍.അശ്വിന്‍, ബദരീനാഥ്‌, ഹര്‍ഭജന്‍ സിംഗ്‌ (ഉപനായകന്‍), വിരാട്‌ കോഹ്‌്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, യൂസുഫ്‌ പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത്‌ ശര്‍മ, രോഹിത്‌ ശര്‍മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.
ടെസ്‌റ്റ്‌ ടീം: എം.എസ്‌. ധോണി (നായകന്‍), വി.വി.എസ്‌ ലക്ഷ്‌മണ്‍ (ഉപനായകന്‍), മുരളി വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാട്‌ കോഹ്‌്‌്‌ലി, ഹര്‍ഭജന്‍ സിംഗ്‌, ഇശാന്ത്‌ ശര്‍മ, ശ്രീനാഥ്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഓജ, സഹീര്‍ ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റെയ്‌ന, പാര്‍ത്ഥീവ്‌ പട്ടേല്‍.


ഇത്‌ അന്യായം
അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന്‌ ഹമ്മാം
ദോഹ/സൂറിച്ച്‌: പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാജ്യാന്തര ഫുട്‌ബോള്‍ സംഘടന ഫിഫയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ മുഹമ്മദുബ്‌നു ഹമ്മാം പ്രതിഷേധവുമായി രംഗത്ത്‌. തനിക്കെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ഫിഫ അന്യായമായി പെരുമാറിയെന്നാരോപിച്ച ഹമ്മാം, കേസ്‌ അന്വേഷിച്ച ഫിഫയുടെ സദാചാര സമിതി ശരിയായ രീതിയിലല്ല വിഷയം കൈകാര്യം ചെയ്‌തതെന്നും നിരപരാധിയാണെന്ന്‌ വിശദീകരിച്ച്‌ കത്തയച്ചിട്ടും ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസ്സില്‍ തനിക്ക്‌ പ്രവേശനം ലഭിച്ചില്ലെന്നും പരാതിപ്പെട്ടു. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാര്യത്തില്‍ അന്യായമായാണ്‌ ഫിഫ പെരുമാറുന്നതെന്നതിന്‌ വിവിധ കാരണങ്ങള്‍ അക്കമിട്ട്‌ കാണിച്ചു കൊണ്ടാണ്‌ വിവാദങ്ങള്‍ക്കൊടുവില്‍ ഖത്തറുകാരന്‍ ഹമ്മാം രംഗത്തു വന്നത്‌. എന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ ന്യായീകരണമില്ല. തെളിവുകളില്ലാതിരുന്നിട്ടും വലിയ ഒരു കുറ്റം ചാര്‍ത്തപ്പെട്ടത്‌ എന്റെ പ്രശസ്‌തിക്ക്‌ കോട്ടം തട്ടിച്ചു. കുറ്റം തെളിയിക്കപ്പെടും മുമ്പ്‌ താന്‍ ശിക്ഷിക്കപ്പെട്ടുവെന്ന്‌ ഹമ്മാം വിലപിക്കുന്നു.
എന്നെ പുറത്താക്കാനുള്ളത്‌ പ്രസിഡണ്ടിന്റെ തീരുമാനമായിരുന്നെന്നും സാദചാര സമിതിയുടേതല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്‌ വ്യക്തമായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ട്‌. പത്രസമ്മേളനത്തില്‍ ഫിഫ ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം അസ്വീകാര്യമായിരുന്നു. അത്‌ നീതി രഹിതമായിരുന്നു. സ്വതന്ത്ര സംഘടനയായ സദാചാര സമിതിയുടെ അധ്യക്ഷനു തൊട്ടടുത്തിരിക്കുക വഴി പത്രസമ്മേളനം അദ്ദേഹം പ്രഹസനമാക്കി. എതിക്‌സ്‌ കമ്മിറ്റിക്കു പകരം ജനറല്‍ സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്‌ പത്രസമ്മേളനത്തില്‍ പറയപ്പെട്ടതെന്നും ഹമ്മാം കുറ്റപ്പെടുത്തി.
ഇക്കാരണങ്ങള്‍ കൊണ്ട്‌ തീര്‍ത്തും പ്രൊഫഷണല്‍ മാര്‍ഗത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു ഫിഫയെന്നും ഏകപക്ഷീയമായ നടപടികളില്‍ തന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും അദ്ദേഹം പരഭവിച്ചു. 'കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഞാന്‍ വളരെ ദുഖിതനും നിരാശനുമാണ്‌. എന്റെ പേരും പ്രശസ്‌തിയും ഏതുവിധമാണ്‌ തകര്‍ക്കപ്പെട്ടതെന്നത്‌ എനിക്ക്‌ ഉള്‍ക്കൊള്ളാനാകുന്നില്ല. എന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടും. കഴിഞ്ഞ വാരങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നല്ല നാളുകള്‍ സന്തോഷവും ദുഷിച്ച ദിനങ്ങള്‍ അനുഭവവും പ്രദാനം ചെയ്യും' ഹമ്മാം പറഞ്ഞു.

മെസ്സിയുടെ കളി
ഇംഗ്ലണ്ടില്‍ നടക്കില്ല: റൂണി
ലണ്ടന്‍: ക്ലബ്‌ ഫുട്‌ബോളില്‍ അത്ഭുത കുതിപ്പ്‌ നടത്തുന്ന ബാര്‍സലോണയുടെ ലയണല്‍ മെസ്സിക്ക്‌ ഇംഗ്ലണ്ടില്‍ മികവ്‌ പുലര്‍ത്താനാകില്ലെന്ന്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വെയ്‌ന്‍ റൂണി. ലോകശ്രദ്ധയാകര്‍ഷിച്ച ഇക്കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ രണ്ടാം തവണയും ബാര്‍സലോണയോടു മാഞ്ചസ്‌റ്റര്‍ പരാജയപ്പെട്ടിരുന്നു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മെസ്സി ലോക താരങ്ങളുടെ പ്രശംസ നേടിക്കൊണ്ടിരിക്കുമ്പോഴാണ്‌ പ്രസ്‌താവനയുമായി റൂണി രംഗത്തുവന്നത്‌. മെസ്സി മികച്ച താരമെന്ന്‌ അംഗീകരിച്ചു കൊണ്ടു തന്നെയാണ്‌ പ്രീമിയര്‍ ലീഗ്‌ അര്‍ജന്റീനക്കാരന്‌ വെല്ലുവിളിയാകുമെന്ന്‌്‌ റൂണി പറഞ്ഞത്‌. സാവിയുടേയും ഇനിയേസ്‌റ്റയുടേയും സാന്നിധ്യമില്ലാതെ ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ മെസ്സിക്കാവില്ലെന്നും ഇംഗ്ലീഷ്‌ താരം അഭിപ്രായപ്പെട്ടു.
മെസ്സി എക്കാലത്തേയും മികച്ച താരങ്ങളിലൊരാള്‍ തന്നെ. കഴിഞ്ഞ രണ്ടു-മൂന്നു വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസിനീയമാണ്‌. അത്‌ വീണ്ടും കാണുക പ്രയാസകരവുമാണ്‌. മെസ്സി ബാര്‍സലോണക്കു വേണ്ടി മത്സരങ്ങള്‍ വിജയിക്കുന്നു. എന്നാല്‍ എതിരാളികളെ തകര്‍ക്കുന്നത്‌ സാവിയും ഇനിയേസ്‌റ്റയുമാണ്‌. കഠിനാധ്വാനം നടത്തിയാലേ ആ ടീമിനൊപ്പമെത്താനാകൂ. മറ്റേതൊരു കളിയിലേതിനേക്കാളും പ്രയാസകരമാണത്‌.
മെസ്സിയുടെ കളിരീതി ഇംഗ്ലണ്ടില്‍ ഫലിക്കില്ല. പ്രീമിയര്‍ ലീഗില്‍ ഫിസിക്കല്‍ ഗെയ്‌മിനാണ്‌ പ്രാധാന്യം. സ്റ്റോക്‌ സിറ്റിയേയോ ബെര്‍മിങ്‌ഹാമിനേയോ അവരുടെ മൈതാനങ്ങളില്‍ നേരിട്ടാല്‍ അത്‌ മനസ്സിലാകും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ താരതമ്യംചെയ്യുമ്പോള്‍ റൊണാള്‍ഡോക്ക്‌ മെസ്സിയേക്കാള്‍ പ്രീമിയര്‍ ലീഗ്‌ വഴങ്ങുമെന്നും റൊണാള്‍ഡോ ശാരീരകമായി കരുത്തനാണെന്നും റൂണി വിലയിരുത്തി.
ബാര്‍സലോണയുടെ കേളീ ശൈലി മെസ്സിക്കു യോജിച്ചതാണ്‌. ആ കളി ഈ രാജ്യത്ത്‌ മിക്കവാറും മെസ്സിക്ക്‌ അസാധ്യമായിരിക്കും. സാവി, ഇനിയേസ്‌റ്റ എന്നിവരെ കൂടി ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നാല്‍ മെസ്സിക്ക്‌ റൊണാള്‍ഡോയെ പോലെ ഇവിടേയും തിളങ്ങാനാകും. റൂണി പറഞ്ഞു.

ലീ, ഷറപോവ സെമിയില്‍
പാരീസ്‌: വനിതാ ടെന്നീസിലെ താരോദയം ചൈനയുടെ ലീ നാ, റഷ്യയുടെ മുന്‍ ഗ്ലാമര്‍ താരം ഷറപ്പോവ എന്നിവര്‍ ഫ്രഞ്ച്‌ ഓപണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ സെറ്റിലെ കടുത്ത പോരാട്ടത്തിനു ശേഷം രണ്ടാം സെറ്റ്‌ അനായാസം നേടിയ ആറാം സീഡ്‌ ലീ നാലാം സീഡ്‌ ബെലാറസിന്റെ വിക്ടോറിയ അസാരെങ്കയെ 7-5, 6-2ന്‌ തോ|ിച്ചു. ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെ 6-0, 6-3ന്‌ തകര്‍ത്താണ്‌ ഷറപ്പോവ സെമിയില്‍ പ്രവേശിച്ചത്‌. ഇരുവരും സെമിയില്‍ ഏറ്റുമുട്ടും.
56 മിനുട്ട്‌ നീണ്ട ആദ്യ സെറ്റില്‍ ടൈ ബ്രേക്കറില്‍ വിജയം കണ്ട ശേഷം 4-2ന്റെ ലീഡുമായി മുന്നേറിയാണ്‌ ചൈനക്കാരി ലീ രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്‌. ഏഴാം റാങ്ക്‌ താരം ലീ വനിതാ സര്‍ക്യൂട്ടില്‍ ചൈനക്കു വേണ്ടി വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്‌. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ആറാം തവണയാണ്‌ ലീ ക്വാര്‍ട്ടര്‍ കളിച്ചത്‌. ഡാനിഷ്‌ കോച്ചിന്‌ കീഴില്‍ പരിശീലിക്കുന്ന ലീ ഗ്രാന്റ്‌ സ്ലാം ഫൈനല്‍ കളിച്ച ആദ്യ ചൈനീസ്‌ താരമാണ്‌. ഫ്രഞ്ച്‌ ഓപണില്‍ അവസാന നാലില്‍ ഇടംപിടിക്കുന്ന എട്ടാമത്തെ ഏഷ്യന്‍ താരവുമാണ്‌ ലീ.

ഗോള്‍ഡന്‍ സ്‌പൈക്ക്‌ മീറ്റ്‌
100 മീറ്ററില്‍ ബോള്‍ട്ട്‌
ഓസ്‌ട്രാവ (ചെക്‌റിപ്പബ്ലിക്‌): ഓസ്‌ട്രാവയില്‍ നടക്കുന്ന ഗോള്‍ഡന്‍ സ്‌പൈക്‌ മീറ്റിന്റെ 100 മീറ്ററില്‍ ജമൈക്കയുടെ ഒളിംപിക്‌, ലോക ജേതാവ്‌ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമതെത്തി. 9.91 സെക്കന്‍ഡ്‌ സമയം കൊണ്ടാണ്‌ ബോള്‍ട്ട്‌ ഓടിത്തീര്‍ത്തത്‌. നാട്ടുകാരന്‍ സ്‌റ്റീവ്‌ മുല്ലിംഗ്‌സിനെയാണ്‌ (9.97 സെ) ബോള്‍ട്ട്‌ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. ആന്റിഗ്വയുടെ ഡാനിയല്‍ ബെയ്‌ലി (10.08 സെ) മൂന്നാമതെത്തി. ഓഗസ്‌റ്റ്‌ 27ന്‌ ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി ഈ മാസം ഒമ്പതിന്‌ ഓസ്‌്‌്‌ലോയിലും ബോള്‍ട്ട്‌ മത്സരിക്കും.

വിവാദങ്ങള്‍ക്കു നടുവില്‍
ഫിഫാ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ തുടങ്ങി
സൂറിച്ച്‌: വിവാദ കലുഷിത സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണകൂടം (ഫിഫ) പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. അടുത്ത നാലു വര്‍ഷത്തേക്കുള്ള സംഘടനയുടെ തലവന്‍ പദവിയിലേക്ക്‌ മത്സരിക്കാന്‍ നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ മാത്രമാണുള്ളത്‌. കഴിഞ്ഞ 12 വര്‍ഷമായി ഫിഫയുടെ അധ്യക്ഷന്‍ ബ്ലാറ്ററാണ്‌.
ഫെഡറേഷനില്‍ അംഗമായിട്ടുള്ള 208 രാജ്യങ്ങളുടെ ഫെഡറേഷന്‍ പ്രതിനിധികളാണ്‌ വോട്ടെടുപ്പിലൂടെ പസിഡണ്ടിനെ തെരഞ്ഞെടുക്കുക. 24 അംഗ എക്‌സിക്യുട്ടീവ്‌ അംഗങ്ങളും സമിതിയിലുണ്ടാകും. രണ്ടു ബൂത്തുകളിലുള്ള രഹസ്യ ബാലറ്റുകളിലാണ്‌ വോട്ടിംഗ്‌ നടക്കുക. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വോട്ടിംഗ്‌ തുടങ്ങിയ ഉടനെ സ്ഥാനാര്‍ത്ഥി ബ്ലാറ്റര്‍ ഹാളില്‍ നിന്ന്‌ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കണമെന്ന ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭിപ്രായം നിരസിക്കപ്പെട്ടതോടെ നാലാം തവണയും ഫിഫാ പ്രസിഡണ്ട്‌ പദവിയില്‍ ബ്ലാറ്റര്‍ അവരോധിതനാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.
ഫിഫാ എന്ന കപ്പല്‍ വെള്ളത്തില്‍ ആടിയുലഞ്ഞിരുന്നെന്നും, എന്നാല്‍ അത്‌ പഴയ നില വീണ്ടെടുക്കുമെന്നും താനായിരിക്കും അതിന്റെ കപ്പിത്താനെന്നും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബ്ലാറ്റര്‍ പറഞ്ഞിരുന്നു. പഴയ നില വീണ്ടെടുക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്നും ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ തന്നെ തടയാന്‍ വേണ്ടി സംഘടനയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നാരോപിച്ച്‌ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മുഹമ്മദുബ്‌നു ഹമ്മാം ഇന്നലെ രംഗത്തു വന്നതോടെ സംശയങ്ങളുടെ നിഴലിലാണ്‌ ബ്ലാറ്റര്‍. തനിക്കെതിരെ ഉയര്‍ന്ന കൈകൂലിയാരോപണങ്ങള്‍ അന്വേഷിച്ച സദാചാര സമിതിയല്ല, ബ്ലാറ്ററാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതെന്നും ഹമ്മാം പറഞ്ഞിരുന്നു. നേരത്തേ, പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ നടന്ന പത്രസമ്മേളനത്തിലും ബ്ലാറ്റര്‍ പലതും മറച്ചു വെയ്‌ക്കുന്നതായുള്ള സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയ ബ്ലാറ്റര്‍ ഒടുവില്‍ ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടി ക്ഷോഭിച്ച്‌ സമ്മേളന ഹാളില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ഐലീഗ്‌ സീസണ്‍ അവസാനിച്ചു
ഡെംപോയെ വീഴ്‌ത്തി
എച്ച.്‌എ.എല്‍ രക്ഷപ്പെട്ടു
മഡ്‌ഗാവ്‌: ഐലീഗ്‌ ഫുട്‌ബോളില്‍ അവസാന മത്സരത്തിലെ തോല്‍വി ശക്തരായ ഡെംപോ ഗോവയെ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളിയിട്ടു. ഡെംപോയെ 2-4ന്‌ കീഴടക്കി അത്ഭുതം കാണിച്ച ഹിന്ദുസ്ഥാന്‍ എയ്‌റോ അടുത്ത വര്‍ഷവും ലീഗില്‍ തുടരാന്‍ യോഗ്യത നേടി.
ആര്‍ പ്രകാശിലൂടെ പത്താം മിനുട്ടില്‍ തന്നെ സന്ദര്‍ശകര്‍ മുന്നിലെത്തി. ജയിക്കാതെ ലീഗില്‍ രണ്ടാം സ്ഥാനം നേടാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ഡെംപോ 25, 42 മിനുട്ടുകളില്‍ റാന്റി മാര്‍ട്ടിന്‍സിലൂടെ തിരിച്ചടിച്ച്‌ ലീഡ്‌ നേടി. എ്‌നാല്‍ ഇടവേളക്കു ശേഷം സാവിയര്‍ വിജയ്‌ ഇരട്ട ഗോള്‍ നേടിയപ്പോള്‍ 68-ാം മിനുട്ടില്‍ എച്ച്‌.എ.എല്‍ മുന്നിലെത്തി. 88-ാം മിനുട്ടില്‍ വലേരിയാനോ റെബല്ലോയുടെ സെല്‍ഫ്‌ ഗോള്‍ കൂടിയായപ്പോള്‍ സന്ദര്‍ശകര്‍ രണ്ടു ഗോളിന്റെ ലീഡുമായി മത്സരമവസാനിപ്പിച്ചു.
ഡെംപോയുടെ വീഴ്‌ച മുതലെടുത്ത ഈസ്റ്റ്‌ ബംഗാള്‍ ചിരാഗ്‌ യുണൈറ്റഡിനെ 2-1ന്‌ തോല്‍പ്പിച്ച്‌ രണ്ടാം സ്ഥാനത്തെത്തി. സുശാന്ത്‌ മാത്യൂ, ടോള്‍ഗെ ഓസ്‌ബെ എന്നിവരാണ്‌ സ്‌കോര്‍ ചെയ്‌തത്‌. സുനില്‍ ഛേത്രിയുടെ വകയായിരുന്നു ചിരാഗിന്റെ മറുപടി ഗോള്‍.