Friday, December 30, 2011

GREAT 2011 FOR INDIA


ഇന്നത്തെ തേര്‍ഡ്‌ ഐ കോളം വര്‍ഷാന്ത അവലോകനമാണ്‌. ഇന്ന്‌ അസ്‌തമിക്കുന്ന വര്‍ഷത്തിലെ കായിക കലണ്ടറിലെ സംഭവ വികാസങ്ങളിലുടെ ഇന്ത്യന്‍ അജണ്ടയിലുള്ള ഓട്ടപ്രദക്ഷിണം

ആരും മറക്കില്ല 1983. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ക്ലൈവ്‌ ലോയിഡ്‌ നയിച്ച വിന്‍ഡീസിനെ മലര്‍ത്തിയടിച്ച്‌ ഏകദിന ലോക കിരീടം സ്വന്തമാക്കിയ മുഹൂര്‍ത്തം. ഓര്‍മകളിലെ ആ സുവര്‍ണ മുഹൂര്‍ത്തതിന്‌ ശേഷം പരാജയങ്ങളുടെ ലോകകപ്പുകളിലുടെ വേദനായാത്ര നടത്തിയ ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങ്‌ തകര്‍ത്തു. മഹേന്ദ്ര സിംഗ്‌ ധോണിയുടെ ഇന്ദ്രജാലസംഘം ലോകകപ്പില്‍ മുത്തമിട്ടു. 2011 നെ ഇന്ത്യന്‍ കായികരംഗം ഓര്‍മ്മിക്കുക ഈ നേട്ടത്തിലൂടെയാവും.ഏഷ്യന്‍ വന്‍കരയിലെ ചാമ്പ്യന്‍ സോക്കര്‍ രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യാ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ കളിച്ചത്‌ വലിയ നേട്ടമായെങ്കില്‍ ട്രാക്കിലെ സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കും വിധം ഉത്തേജക വിവാദങ്ങള്‍ തല ഉയര്‍ത്തി. മലയാളി താരങ്ങള്‍ പിടിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന്‌ ലോകത്തിലുടെ സഞ്ചരിച്ചാല്‍ ഫുട്‌ബോളില്‍ ബാര്‍സിലോണയുടെയും ലയണല്‍ മെസിയുടെയും അശ്വമേഥം. ടെന്നിസില്‍ റോജര്‍ ഫെഡ്‌ററുടെ നൂറാം കിരീടനേട്ടം, വനിതാ ടെന്നിസിലെ തിരിച്ചടികള്‍, ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തിരിച്ചുവരവ്‌, അറബ്‌ ഗെയിംസിലെ ഈജിപ്‌ഷ്യന്‍ കുതിപ്പ്‌, സുരേഷ്‌ കല്‍മാഡിയുടെ പതനം, കോപ്പ അമേരിക്കയിലെ വമ്പന്‍ പതനങ്ങളും ഉറുഗ്വേയുടെ ശക്തിയും.... കേരളത്തിന്റെ കൊച്ചതിര്‍ത്തിയിലേക്ക്‌ വന്നാല്‍ പതിവ്‌ പോലെ വിവാദങ്ങള്‍ മാത്രം. ദേശീയ ഗെയിംസ്‌ എന്ന്‌ നടത്താനാവുമെന്ന്‌ ഗംഭീര ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമാണ്‌ നമ്മുടെ സമ്പാദ്യം. ടിന്റു ലൂക്കയുടെ ലോക യാത്രയിലെ വിജയവും ശ്രീശാന്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും ഉഷാ സ്‌ക്കൂളിന്‌ സിന്തറ്റിക്‌ ട്രാക്ക്‌ അനുമതി ലഭിച്ചതുമെല്ലാം വര്‍ഷത്തിന്റെ നേട്ടമായി. ഇതാ വിട പറയുന്ന വര്‍ഷത്തിലെ പത്ത്‌ കായിക സംഭവങ്ങള്‍ അതിന്റെ മുന്‍ഗണനാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നു.

1-മഹേന്ദ്രജാലം
ഒരു ലോകകപ്പ്‌ ഫൈനലിന്‌ സാക്ഷ്യം വഹിക്കുകയെന്നത്‌ ഓരോ സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടറുടെയും സ്വപ്‌നമാണ്‌. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമുണ്ട്‌ ഈ കുറിപ്പിന്‌. വാംഖഡെ എന്ന മനോഹരമൈതാനം. ഇന്ത്യയുടെ വ്യവസായാസ്ഥാനത്ത്‌ നാല്‌ വര്‍ഷത്തിലൊരിക്കല്‍ വരുന്ന ലോകകപ്പിന്റെ ഫൈനല്‍. പ്രതിയോഗികളുടെ കുപ്പായത്തില്‍ കുമാര്‍ സങ്കക്കാര നയിച്ച ലങ്കന്‍ സിംഹങ്ങള്‍. ലാസിത്‌ മാലിങ്ക എന്ന തീ തുപ്പുന്ന സീമറും നാട്ടുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കറും മാറ്റുരക്കുന്ന മല്‍സരത്തിന്‌ സ്‌റ്റേഡിയത്തിലെത്തുമ്പോള്‍ എങ്ങും കാണാനുണ്ടായിരുന്നത്‌ ദേശീയ പതാകകള്‍. ഇന്ത്യയും പാക്കിസ്‌താനും തമ്മില്‍ മൊഹാലിയില്‍ നടന്ന മല്‍സരത്തിന്‌ സാക്ഷികളാവാന്‍ പാക്കിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗിലാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗുമെത്തിയെങ്കില്‍ വാംഖഡെയില്‍ ലങ്കന്‍ പ്രസിഡണ്ട്‌ മഹേന്ദ്ര രാജ്‌പക്‌സെയുണ്ടായിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യമറിയാതെ ആവേശത്തിന്റെ ഓളപ്പരപ്പില്‍ രാജകീയമായി തുടങ്ങിയ മല്‍സരം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക വെല്ലുവിളി ഉയര്‍ത്തി. സാമാന്യം ഭേദപ്പെട്ട സ്‌ക്കോര്‍. സങ്കയും ദില്‍ഷാനും മഹേലയും ചിരിച്ചു. അവസരത്തിനൊത്തുയര്‍ന്ന ഇന്നിംഗ്‌സില്‍ മഹേല രാജാവിനോളം ഉയരത്തില്‍ നിന്നു. സായാഹ്നത്തിന്റെ സൗരഭ്യപ്രകാശത്തില്‍ ഇന്ത്യയുടെ മറുപടി. സേവാഗിനും സച്ചിനും പിഴച്ചു. ഗാംഭീര്‍ ഒരു ഭാഗത്ത്‌. മൂന്നാമനായി സാക്ഷാല്‍ എം.എസ്‌. ആശങ്കകളെ കാറ്റില്‍പ്പറത്തി ബൗണ്ടറികളുടെയും സിക്‌സറുകളുടെയും വെടിക്കെട്ട്‌. മാലപ്പടക്കത്തിന്റെ ഉച്ചത്തില്‍, പന്ത്‌ പറപറന്നു. മഹേന്ദ്രജാലക്കാരനായി ധോണി. ഇന്ത്യക്ക്‌ ലോകകപ്പ്‌. നിസംശയം പറയാം ഇന്ത്യയുടെ സമീപകാല കായികനേട്ടത്തിലെ സുവര്‍ണ്ണ മുഹൂര്‍ത്തം അതായിരുന്നു. സച്ചിന്‌ ആദ്യ ലോകകപ്പ്‌, ഇന്ത്യക്ക്‌ രണ്ടാം ലോകകപ്പ്‌. ആഘോഷത്തിന്റെ അലമാലകള്‍.

2-ബാര്‍സയും മെസിയും
കാല്‍പ്പന്തിന്റെ സൗന്ദര്യം നുകരുന്നവര്‍ക്ക്‌ മുന്നിലേക്ക്‌ കലണ്ടറിന്റെ താരമായി ഓടിയെത്തുക ഉയരം കുറഞ്ഞ ആ അര്‍ജന്റീനക്കാരന്‍ തന്നെ. ഗോളടിക്കാനും കൂട്ടുകാരെ കളിപ്പിക്കാനും പ്രതിയോഗികളുടെ സ്‌നേഹം പോലും നേടാന്‍ മിടുക്കനായ പന്തടിക്കാരന്‍. മൈതാനത്തെ നര്‍ത്തകനായോ, കുച്ചുപിടിക്കാരനായോ, ഭരതനാട്യക്കാരനായോ അദ്ദേഹത്തെ വിശേഷിപ്പിക്കാം. മധ്യനിരയിലും അറ്റാക്കിംഗിലും അത്യാവശ്യത്തിന്‌ പ്രതിരോധത്തിലുമെല്ലാം വരുന്ന ലയണല്‍ മെസി. അദ്ദേഹത്തിന്റെ കരുത്തില്‍ ബാര്‍സിലോണ സ്‌പെയിനില്‍ മാത്രമല്ല യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായി മാറി. ജോസഫ്‌ ഗുര്‍ഡിയോള എന്ന പരിശീലകനെ അധികമാര്‍ക്കുമറിയില്ല. സ്‌പെയിനിന്‌ ലോകകപ്പ്‌ സമ്മാനിച്ച താരങ്ങളെല്ലാം ബാര്‍സാ നിരയിലുണ്ട്‌. അവരെയും അധികമാരുമറിയില്ല. ബാര്‍സയെന്നാല്‍ അത്‌ മെസിയാണ്‌. മെസിയെന്നാല്‍ അത്‌ ബാര്‍സയാണ്‌. ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ചെല്‍സിയും ആഴ്‌സനലുമെല്ലാം നിറംമങ്ങിയപ്പോള്‍ സ്‌പെയിനില്‍ ബാര്‍സയുടെ കുതിപ്പില്‍ സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡ്‌ തുലോം പിറകിലായി. ഇറ്റലിയില്‍ മിലാന്‍ ഇരട്ടകളും യുവന്തസും തിരിച്ചുവരവിലും ജര്‍മനിയില്‍ ബയേണിന്റെ കിതപ്പിലും ഫുട്‌ബോളിന്‌ നേട്ടമുണ്ടായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മല്‍സരങ്ങളില്‍ കൊമ്പന്മാര്‍ തട്ടിമുട്ടികയറിയപ്പോള്‍ റഷ്യയെ പോലുള്ളവര്‍ അവസാനത്തില്‍ കലമുടച്ചത്‌ നിരാശ സമ്മാനിച്ചു.

3- ഉത്തേജകം
ബെന്‍ ജോണ്‍സണെ ഓര്‍മയില്ലേ..... സോളില്‍ നടന്ന ഒളിംപിക്‌സില്‍ കുതിച്ച്‌ പാഞ്ഞ്‌ സ്വര്‍ണം നേടി പിന്നിട്‌ ഉത്തേജക വിവാദത്തില്‍ കുടങ്ങി കരഞ്ഞ്‌ കലങ്ങിയ കണ്ണുകളുമായി മടങ്ങിയ കാനഡക്കാരന്‍. വലിയ മസിലുകളുമായി ലോകത്തെ വിസ്‌മയിപ്പിച്ച ആ താരത്തെ പിന്നീട്‌ ലോകം കണ്ടില്ല. കാതറിന്‍ കാബ്രെയും മരിയം ജോണ്‍സുമെല്ലാം മരുന്നിന്റെ വലയില്‍ അകപ്പെട്ടപ്പോഴും സുനിതാ റാണി ഒഴികെ ഇന്ത്യന്‍ അത്‌ലറ്റുകളാരും ആ വഴി തെരഞ്ഞെടുത്തില്ല. നമ്മുടെ ബോക്‌സര്‍മാരും ഗുസ്‌തിക്കാരുമെല്ലാം പിടിക്കപ്പെട്ടിട്ടും ട്രാക്കിലെ വിശ്വാസ്യത നിലനിര്‍ത്താനായി. പക്ഷേ സിനി ജോസ്‌ ഉള്‍പ്പെടെ ടിയാനമേരിയെ പോലുള്ളര്‍, ഹരിലാലിനെ പോലുള്ളവര്‍ മരുന്നില്‍ അഭയം തേടിയ അവിശ്വസനീയ കാഴ്‌ച്ച 2011 ന്റെ വേദനയായി മാറി. ഒരു വര്‍ഷത്തെ വിലക്കാണ്‌ താരങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നുത്‌. അടുത്ത വര്‍ഷം ഒളിംപിക്‌സ്‌ വര്‍ഷമാണ്‌. അവിടെ മല്‍സരിക്കാന്‍ സിനിക്കും ടിയനക്കുമൊന്നുമാവില്ല. കര്‍ക്കശ നടപടിയിലേക്ക്‌ പോവാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സായിയുമെല്ലാം രംഗത്ത്‌ വരേണ്ടിയിരിക്കുന്നു. വിദേശ പരിശീലകരിലെ വിശ്വാസത്തെയും സൂക്ഷിക്കേണ്ടിയിരിക്കുന്നു

4-തിഹാര്‍ കല്‍മാഡി
ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ജനം ഇല്ലാതാക്കുന്ന കാഴ്‌ച്ച ലോകം ആസ്വദിച്ചു. അത്‌ പോലെ ഇന്ത്യന്‍ കായിക ലോകത്തെ സ്വന്തം കൈപിടിയിലൊതുക്കിയ സുരേഷ്‌ കല്‍മാഡിയെന്ന കേമന്‍ തിഹാര്‍ ജയിലിലേക്ക്‌ പോവുന്ന കാഴ്‌ച്ച കായിക ലോകത്തിന്‌ സമ്മാനിച്ചത്‌ ആത്മസംതൃപ്‌തിയായിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിലെ അംഗവും എം.പിയും കായിക കുലപതിയുമെല്ലാമായ ഒരാള്‍ വിലങ്ങുമായി ജയിലിലേക്ക്‌ പോവുമ്പോള്‍ സഹതാപത്തിന്റെ ശബ്ദം പുറപ്പെടുവിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ കല്‍മാഡിയുടെ ഉഗ്രരൂപം പലപ്പോഴും കണ്ടിരുന്നു. കായിക കൊള്ളയെന്നോ പകല്‍ കൊള്ളയെന്നോ വിശേഷിപ്പിക്കാം കല്‍മാഡിയുടെ കൈ കടത്തലിനെ. ഗെയിംസ്‌ വേളയില്‍ പലവട്ടം കല്‍മാഡിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പിടി നല്‍കാതെ ഒഴിഞ്ഞുമാറി. ഗെയിംസ്‌ വേളയില്‍ ദിവസവും പ്രഗതി മൈതാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരങ്ങള്‍ ലഭിച്ചില്ല. സംഘാടനത്തില്‍ ഇന്ത്യക്ക്‌ നാണക്കേടായ ഗെയിംസിന്റെ സകല നിയന്ത്രണവും ഏറ്റെടുത്ത പൂനെക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ... ലളിത്‌ ഭാനോട്ട്‌ ഉള്‍പ്പെടെ മറ്റ്‌ കൊള്ളക്കാരും അകത്ത്‌ തന്നെ....

5-സച്ചിനും സേവാഗും
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നത്‌ സത്യം. സച്ചിനും സേവാഗും കാര്യമായ സംഭാവന നല്‍കിയതുമില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരായി രണ്ട്‌ പേരും. പക്ഷേ ലോക ക്രിക്കറ്റിന്റെ ഉയരങ്ങളില്‍ ഈ രണ്ട്‌ പേരുമുണ്ട്‌. സെഞ്ച്വറി നേട്ടത്തില്‍, കളിച്ച മല്‍സരങ്ങളുടെ എണ്ണത്തിലും കാണികളെ ആകര്‍ഷിക്കുന്നതിലും സച്ചിന്‍ തന്നെ നമ്പര്‍ വണ്‍ എന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടു. മുംബൈ ബാന്ദ്രയില്‍ അദ്ദേഹം പണിത കൊട്ടാരം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ എന്നാല്‍ ഇന്നും ഇന്ത്യക്ക്‌ വികാരമാണ്‌. ഏകദിന ക്രിക്കറ്റില്‍ സേവാഗ്‌ ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിച്ചു. സ്വന്തം ദിനങ്ങളില്‍ സേവാഗിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ലോകകപ്പ്‌നേടിയ വര്‍ഷത്തില്‍ ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പിറകിലായത്‌ ഈ വര്‍ഷമായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു കളി പോലും ജയിച്ചില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്‌ മുന്‍ വര്‍ഷങ്ങളിലെ ആവേശവുമുണ്ടായിരുന്നില്ല. പുതിയ താരങ്ങളായി വന്നവരില്‍ ഉമേഷ്‌ യാദവ്‌ ശ്രദ്ധ നേടിയപ്പോല്‍ അശ്വിന്‍ എന്ന സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗിനുള്ള പിന്‍ഗാമിയായി മാറി.

6-ഫെഡ്‌റര്‍ വസന്തം
മാന്യത മായുന്ന കളിക്കളത്തില്‍ മാന്യനായ താരമെന്ന ഖ്യാതി നിലനിര്‍ത്തി റോജര്‍ ഫെഡ്‌റര്‍ കരിയറിലെ നൂറാം കിരീടവുമായി ലോകത്തോളം ഉയരത്തില്‍ വിളിച്ച്‌ പറഞ്ഞു-അജയന്‍ ഞാന്‍ തന്നെ. റഫേല്‍ നദാലും മുറെയുമെല്ലാം ഉയര്‍ത്തിയ വെല്ലുവിളികളിലും ഗ്രാസ്‌ കോര്‍ട്ടിലെ മന്ദസ്‌മിതം മറ്റാരുമല്ലെന്ന്‌ തെളിയിച്ച ഫെഡ്‌റര്‍ പീറ്റ്‌ സംപ്രാസിന്‌ ശേഷം ടെന്നിസ്‌ മൈതാനത്തെ വസന്തമായി നിലനില്‍ക്കുന്നു. മൂന്ന്‌ വര്‍ഷത്തോളം ലോക റാങ്കിംഗില്‍ ഒന്നാമനായി വാണ താരം. ഗ്രാന്‍ഡ്‌സ്ലാമുകളില്‍ ചോദ്യം ചെയ്യപ്പെട്ടാത്ത ജേതാവ്‌. ഫ്രഞ്ച്‌ ഓപ്പണിലെ കളിമണ്‍ കോര്‍ട്ടില്‍ മാത്രം വിയര്‍ക്കുന്ന ഫെഡ്‌റര്‍. നദാലുമായുള്ള പോരാട്ടത്തിലും മാന്യത മറക്കാത്ത ഫെഡ്‌റര്‍ കൂടുതല്‍ നേട്ടങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. വനിതാ ടെന്നിസില്‍ പക്ഷേ വര്‍ഷത്തില്‍ നിരാശയായിരുന്നു. സൂപ്പര്‍ താരങ്ങളെല്ലാം മങ്ങി.

7-ബൂട്ടിയാ ബൈ ബൈ
ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിച്ചത്‌ ചരിത്രമായിരുന്നു. വലിയ വന്‍കരയിലെ ആദ്യ പന്ത്രണ്ട്‌ സോക്കര്‍ ശക്തികളുടെ ചാമ്പ്യന്‍ഷിപ്പില്‍, വന്‍കരാ ജേതാവിനെ കണ്ടെത്താന്‍ ജപ്പാനും കൊറിയകളും ഖത്തറും ഓസ്‌ട്രേലിയയുമെല്ലാം കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കുന്നത്‌ കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനും അവസരമുണ്ടായിരുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഇന്ത്യ തോറ്റു. പക്ഷേ ഓസ്‌ട്രേലിയയെും ബഹറൈനെയും അവസാനം ദക്ഷിണ കൊറിയയെയും ഇന്ത്യ വിറപ്പിച്ചു. പരുക്ക്‌ കാരണം നായകന്‍ ബൂട്ടിയക്ക്‌ കൂടുതല്‍ സമയം കളിക്കാനായില്ല. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ വിലാസമായി. കൊറിയക്കതിരെ മാത്രമായിരുന്നു ഖറാഫ സ്‌റ്റേഡിയത്തില്‍ സിക്കിമുകാരന്‍ കളിച്ചത്‌. ജര്‍മന്‍ സൂപ്പര്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിനെതിരെ കളിച്ച്‌ വിട പറയാനൊരുങ്ങുന്ന ബൂട്ടിയക്ക്‌ നല്ല നാളെകള്‍. സുനില്‍ ചേത്രി വിദേശ ക്ലബില്‍ കളിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ പതിവ്‌ പോലെ ദുരന്തമായി. ഇന്ത്യന്‍ ടീമില്‍ ചില മലായാളികള്‍ പേരിന്‌ തലകാട്ടി. എന്‍.പി പ്രദീപിനെ ശിക്ഷിക്കാനും മുഹമ്മദ്‌ റാഫിയെ പുറത്താക്കാനുമെല്ലാം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിടുക്കം കാട്ടി. പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയെന്ന പഴയ പ്രസിഡണ്ടിനെക്കുറിച്ച്‌ ഒന്നുമാരുമറിഞ്ഞില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യ പിറകോട്ടുള്ള യാത്ര തുടര്‍ന്നു. കേരളാ സോക്കറില്‍ കെ.എം.ഐ മേത്തറെ പോലുള്ള പഴമക്കാര്‍ തന്നെ. ഭരണഘടനാ ഭേദഗതിയിലുടെ എത്ര കാലം തുടരാമെന്ന ഗവേഷണത്തിലാണ്‌ കെ.എഫ്‌.എയെ ഭരിക്കുന്നവര്‍. സന്തോഷ്‌ ട്രോഫിയില്‍ പതിവ്‌ വട്ടപൂജ്യം. വാചകമടിയില്‍ പതിവ്‌ ബിരുദവും.

8-അറബ്‌ വസന്തം
22 അറബ്‌ രാജ്യങ്ങള്‍ പങ്കെടുത്ത പന്ത്രണ്ടാമത്‌ അറബ്‌ ഗെയിംസില്‍ ഈജിപ്‌തുകാരുടെ കുതിപ്പും കരുത്തും കണ്ടു. അറബ്‌ ലോകത്ത്‌ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന്‌ അവര്‍ ആവര്‍ത്തിച്ചു തെളിയിച്ചു. ഖത്തര്‍ സംഘാടനത്തില്‍ വീണ്ടും വിസ്‌മയമായി. 2022 ലെ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ഖത്തര്‍ അറബ്‌ ഗെയിംസിന്‌ ഒരുക്കിയ വേദികള്‍ കുറ്റമറ്റതായിരുന്നു. ഇന്ത്യയില്‍ നിന്ന്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അനുമതി ലഭിച്ച ഏക മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗെയിംസ്‌ വേദികളിലൂടെ സഞ്ചരിച്ചപ്പോള്‍ സംഘാടനമെന്ന കലയില്‍ എല്ലാവെരയും വെല്ലാന്‍ ഖത്തറിനാവുമെന്ന്‌ പകല്‍ പോലെ വ്യക്തമായിരുന്നു.

9-ബ്ലാറ്ററുടെ വിലാസം
ഫിഫയെന്ന ലോക സോക്കര്‍ ഭരണകേന്ദ്രത്തെ നയിക്കാന്‍ ഒരിക്കല്‍ക്കൂടി സ്വിസുകാരന്‍ സെപ്‌ ബ്ലാറ്റര്‍ക്ക്‌ അവസരം ലഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഇമേജ്‌ മാത്രമല്ല, ലോക സോക്കര്‍ ഭരണകേന്ദ്രത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. ഏഷ്യന്‍ സോക്കറിനെ നയിച്ച മുഹമ്മദ്‌ ബിന്‍ ഹമാം എന്ന അറബിയെ തകര്‍ക്കാനായെങ്കിലും ബ്ലാറ്റര്‍ എന്നാല്‍ കണ്ണുമടച്ച്‌ ഇനിയാരുമങ്ങ്‌ വിശ്വസിക്കുന്നില്ല എന്ന സത്യമാണ്‌ പലവിധ വിവാദങ്ങളിലുടെ പ്രകടമായത്‌. വിണ്ടും സോക്കര്‍ തലവനാവാന്‍ അദ്ദേഹം വഴി വിട്ട്‌ നീങ്ങിയിരുന്നു. വോട്ടുകള്‍ ലഭിക്കാന്‍ സ്വന്തം കസേര ഉപയോഗിച്ചു. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ക്രമം വിട്ട്‌ നീങ്ങി. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ബ്ലാറ്റര്‍ക്ക്‌ വെല്ലുവിളിയാണ്‌.

10-ദേശീയ ഗെയിംസ്‌
ജനുവരി മുതല്‍ ഇതാ ഇന്ന്‌ ഡിസംബര്‍ 31 വരെ നമ്മള്‍ വാചകമടി തുടരുകയാണ്‌. വാചകമടിയില്‍ മന്തി മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തലവന്മാര്‍ പോലും പിന്നോക്കം പോവുന്നില്ല. താര്‍ഖണ്ഡ്‌ ഗെയിംസ്‌ കാലമേറെ കഴിഞ്ഞ്‌ നടത്തപ്പെട്ടു. കേരളത്തിന്‌ ഗെയിംസ്‌ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. ഒരുക്കങ്ങളുടെ വേലിയേറ്റക്കാരായിരുന്നു വാക്കുകളില്‍. കഴിഞ്ഞ സര്‍ക്കാരിലെ കായികമന്ത്രി എം.വിജയകുമാര്‍ വാചകോട്ടത്തിലായിരുന്നു. അദ്ദേഹം എന്തൊക്കെയാണ്‌ പലയിടങ്ങളില്‍ പറഞ്ഞതെന്ന്‌ അദ്ദേഹത്തിന്‌ പോലും നിശ്ചയമുണ്ടാവില്ല. ലൂയി പതിനാലാമന്‍ പണ്ട്‌ പറഞ്ഞിരുന്നു താനാണ്‌ രാജ്യമെന്ന്‌. വിജയകുമാര്‍ പറഞ്ഞു താനാണ്‌ കേരളാ സ്‌പോര്‍ട്‌സ്‌ എന്ന്‌. വാക്കുകളിലെ പ്രകടനത്തില്‍ അദ്ദേഹത്തിന്‌ ഓസ്‌ക്കാര്‍ നല്‍കണം. കേരളമിപ്പോഴും പഴയ കേരളം തന്നെ.

No comments: