Friday, August 31, 2012

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രം
ലണ്ടന്‍ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത മലയാളി പത്രപ്രവര്‍ത്തകര്‍: മാതൃഭൂമിയുടെ പി.ടി ബേബി, മലയാല മനോരമയുടെ ഫോട്ടോഗ്രാഫര്‍ ടോണി , മനോരമ റിപ്പോര്‍ട്ടര്‍ അനില്‍ രാധാകൃഷ്‌ണന്‍, ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-14

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രത്തിലെ ആഫ്രിക്കന്‍ കുട്ടികളുടെ സന്തോഷം നോക്കുക. വളരെ അപൂര്‍വ്വമായി മാത്രമേ കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ ചിരിക്കുകയുള്ളു. ഉന്തിയ വയറും കുഴിയിലേക്ക്‌ ഇറങ്ങിയ കണ്ണുകളും മെലിഞ്ഞൊട്ടിയ രൂപവുമായി ലോകത്തിന്‌ മുന്നില്‍ അവര്‍ ഒന്നുമില്ലാത്തവരാണ്‌. വിശപ്പകറ്റാന്‍ ലഭിച്ച ഒരു ഭക്ഷണപ്പെട്ടിയുടെ തിളക്കമാണ്‌ ആ മുഖങ്ങളില്‍ നിങ്ങള്‍ കാണുന്നത്‌. ബ്രിട്ടനിലെ ഒരു റമസാന്‍ റിലീഫ്‌ കാഴ്‌ച്ചയാണിത്‌. നമ്മുടെ നാട്ടിലേതിനേക്കാള്‍ ശക്തവും സംഘടിതവുമായ ഇസ്ലാമിക റീലിഫ്‌ പ്രവര്‍ത്തനങ്ങളാണ്‌ വിശുദ്ധമാസത്തില്‍ ഇവിടെ നടക്കുന്നത്‌. ഇന്നലെ വൈറ്റ്‌ ചാപ്പല്‍ എന്ന സ്ഥലത്തെ പള്ളിയില്‍ പോയപ്പോഴാണ്‌ ഇംഗ്ലീഷ്‌ മുസ്‌ലിങ്ങളുടെ റീലിഫ്‌ പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പിറകില്‍ നില്‍കണമെന്ന സത്യം മനസ്സിലായത്‌. സര്‍ക്കാറിന്റെ സഹായത്തോടെ കോടിക്കണക്കിന്‌ രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ്‌ ഒരു ദിവസം നടക്കുന്നത്‌.
റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കുന്നത്‌്‌ അബ്ദുള്‍റഹീം ഗ്രീന്‍ എന്ന പണ്ഡിതനാണ്‌. ഉറച്ച ക്രൈസ്‌തവ വിശ്വാസിയായിരുന്ന ഗ്രീന്‍ ഇസ്ലാമിനെ പുണര്‍ന്ന വ്യക്തിയാണ്‌. ഖുര്‍ആന്‍ ഒരു തവണ വായിച്ച്‌ മനസ്സിലാക്കിയ ശേഷം ഇസ്‌ലാമിന്റെ മഹത്വം ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞ്‌ പലരുടെയും നോട്ടപ്പുള്ളിയായി മാറിയ പണ്ഡിതന്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ അദ്ദേഹത്തിന്‌ ഇപ്പോഴും യാത്രാവിലക്കുണ്ട്‌. ഇസ്ലാമിക്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ അക്കാദമിയുടെ സ്ഥാപകനായ ഗ്രീനിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന സക്കാത്ത്‌ പ്രവര്‍ത്തനങ്ങള്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയ, അഫ്‌ഗാനിസ്ഥാന്‍, ഫലസ്‌തീന്‍, ഇറാഖ്‌ തുടങ്ങിയവരെയും ഇന്ത്യ, ശ്രീലങ്ക, പാകിസ്‌താന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളിലെ ദരിദ്ര വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാണ്‌. 20 റക്കാഅത്ത്‌ തറാവിഹ്‌ നമസ്‌ക്കാരത്തിന്‌ ശേഷമാണ്‌ പള്ളികളില്‍ ദാനധര്‍മോദ്‌്‌്‌ബോധന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സജീവമാവുന്നത്‌. നമസ്‌ക്കാരത്തിന്‌ ശേഷം എല്ലാവരും പ്രസംഗം ശ്രവിക്കാന്‍ ഇരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ ദീര്‍ഘിക്കും ഉദ്‌്‌ബോധനങ്ങള്‍. ലളിതമായ ഇംഗ്ലീഷില്‍ സക്കാത്തിന്റെ പ്രസക്തി വിവരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാവും.വൈറ്റ്‌ ചാപ്പല്‍ പള്ളിയിലെ ഒരോ ഇഷ്ടികകളിലും ഓരോ പേരുകളുണ്ട്‌. പള്ളി നിര്‍മാണത്തിന്‌ സംഭാവന നല്‍കിയവരുടെ പേരുകളാണത്രെ ഇത്‌. ചെറിയ തുകയൊന്നും ഇവിടെ ആരും സംഭാവന നല്‍കില്ല. ആയിരം പൗണ്ട്‌ (ഒരു പൗണ്ട്‌ എന്നാല്‍ നമ്മുടെ 88 രൂപയാണെന്ന്‌ ഓര്‍ക്കണം) സംഭാവന നല്‍കിയവര്‍ക്കായി ഓരോ ഇഷ്‌ടികകള്‍ മാറ്റിവെച്ചിരിക്കുകയാണ്‌. അവരുടെ പേരുകളാണ്‌ ആലേഖനം ചെയ്‌തിരിക്കുന്നത്‌.
സക്കാത്ത്‌ ഫണ്ടിലേക്ക്‌ പണം തേടുന്നത്‌ ഹൃദയസ്‌പൃക്കായ സംസാരത്തിലൂടെയാണ്‌. ആഫ്രിക്കയിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന യാതനകളാണ്‌ ആദ്യം വിവരിക്കുന്നത്‌. സോമാലിയ, എത്യോപ്യ, സാംബിയ, സുഡാന്‍, കെനിയ തുടങ്ങിയ മുസ്‌ലിം പട്ടിണി രാജ്യങ്ങളിലെ കുരുന്നുകളും അമ്മമാരും. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാതെ മാറാരോഗികളായി മാറിയ വൃദ്ധര്‍. മലിനജലം പോലും എടുത്ത്‌ കുടിക്കുന്ന കുട്ടികള്‍. മാറാരോഗങ്ങളില്‍ അസ്ഥികൂടം പോലെ കാണുന്നവര്‍-ഇവരുടെയെല്ലാം ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. സോമാലിയയിലെ ഒരു കാഴ്‌ച്ച ആരുടെയും കണ്ണ്‌ നനയിപ്പിക്കും. വിശന്നവശനായ കുട്ടി ഒന്നും കിട്ടാതെ പുഴുവിനെ എടുത്ത്‌ കഴിക്കുന്നു. ഈ കുരുന്നുകള്‍ -അവരെന്ത്‌ തെറ്റ്‌ ചെയ്‌തു എന്നാണ്‌ പ്രഭാഷകന്‍ ചോദിക്കുന്നത്‌. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്ത്‌ വരണമെന്ന്‌ പറയുമ്പോള്‍ തന്നെ പൗണ്ടുകള്‍ ധാരാളമായി ലഭിക്കുന്നു. എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ നൂറും ഇരുന്നൂറും പൗണ്ടുകള്‍ വാഗ്‌ദാനം ചെയ്യുകയല്ല-നേരിട്ട്‌ കൊടുക്കുന്നു. ഇതില്‍ ഏറ്റവും പ്രസ്‌താവ്യമായ കാര്യം മറ്റൊന്നാണ്‌. നിങ്ങള്‍ 100 പൗണ്ടാണ്‌ സഹായമായി നല്‍കുന്നതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണക്കൂടം ഈ നൂറിന്‌ തതുല്യമായി നൂറ്‌ പൗണ്ട്‌ അവരുടെ വക നല്‍കും. അതായത്‌ നിങ്ങള്‍ എത്ര പൗണ്ടിന്റെ സഹായമാണോ നല്‍കുന്നത്‌ അത്രയും തുക സര്‍ക്കാരും നല്‍കും. (നമ്മള്‍ വലത്‌കൈ കൊണ്ട്‌ നല്‍കുന്ന ദാനം ഇടത്‌കൈ അറിയരുതെന്നല്ലേ... അതിനാല്‍ ഞാന്‍ എത്ര പൗണ്ട്‌്‌ നല്‍കി എന്ന്‌ വെളിപ്പെടുത്തില്ല...)
അബ്ദുള്‍റഹീം ഗ്രീനിനെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്‌ സര്‍ക്കാന്‍ നല്‍കുന്ന ഈ വലിയ സഹായം ഭരണക്കൂടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള മാതൃകാനീക്കമാണ്‌. ഒരാള്‍ നല്‍കുന്ന സംഭാവന ഔദ്യോഗിക വഴിയില്‍ ഇരട്ടിയായി മാറുമ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മാത്രം വലിയ തുകയായി മാറുന്നു. 50 പൗണ്ടാണ്‌ നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത്‌ 100 ഡോളറായി സര്‍ക്കാര്‍ മാറ്റും. ആ തുകക്ക്‌ ആഫ്രിക്കയിലെ ഒരു കുടുംബത്തിന്‌ ഭക്ഷണകിറ്റ്‌. 150 പൗണ്ടാണെങ്കില്‍ ശുദ്ദജലം ലഭിക്കാന്‍ കിണര്‍ കുഴിച്ച്‌ നല്‍കും. 600 പൗണ്ടാണെങ്കില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കും. എല്ലാ സഹായങ്ങളും ഉടനടിയാണ്‌ നല്‍കുന്നത്‌. അതിന്‌ മേല്‍നോട്ടം വഹിക്കുന്നതാവട്ടെ ഗ്രീന്‍ നേരിട്ടും.
രണ്ട്‌ ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളുണ്ട്‌ ഇവിടെ. ഒന്ന്‌ ഇസ്‌ലാം ചാനലും മറ്റൊന്ന്‌ ഇസ്‌ലാം ഓണ്‍ലൈന്‍ ചാനലും. റമസാന്‍ കാലത്ത്‌ പൂര്‍ണമായും സക്കാത്ത്‌ പ്രവര്‍ത്തനങ്ങളുടെ സന്ദേശമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌. മുസ്‌ലിം വിടുകള്‍ മഗ്‌രിബ്‌ ബാങ്ക്‌ കേള്‍ക്കുന്നതും ചാനലുകള്‍ വഴി. നാട്ടിലേത്‌ പോലെ വലിയ മൈക്കില്‍ ബാങ്ക്‌ വിളി ഇവിടെയില്ല.
ടെലിവിഷന്‍ വഴിയും സക്കാത്ത്‌ കളക്ഷനുണ്ട്‌. നമ്മുടെ ചാനലുകള്‍ നടത്തുന്ന തല്‍സമയചര്‍ച്ച പോലെ സക്കാത്ത്‌ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ അവതാരകര്‍ വരുന്നു. അവര്‍ സംസാരിക്കുന്നതിനിടെ ടെലഫോണിലുടെ ചാനലുമായി ബന്ധപ്പെട്ട്‌ പലരും പണം നല്‍കുന്നു. അല്ലാഹു അക്‌ബര്‍ എന്ന്‌ സംബോധന ചെയ്‌താണ്‌ പണം സ്വീകരിക്കുന്നത്‌.
ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള ക്രിത്രിമത്വങ്ങളുമില്ലെന്ന്‌ വ്യക്തമാണ്‌. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ പരസ്യമായി തന്നെ അറിയിക്കുന്നു. ഏത്‌ രാജ്യത്തിനാണ്‌ സംഭാവന നല്‍കുന്നതെന്ന്‌ വ്യക്തമാക്കുന്നു. ഒരു ദിവസം ഒരു കോടിയോളം രൂപയെല്ലാം പിരിക്കുന്ന പള്ളികളുണ്ടെന്നാണ്‌ ഇവിടെയുള്ളവര്‍ പറയുന്നത്‌. ഇരുപത്തിയേഴാം രാവിലാണ്‌ റെക്കോര്‍ഡ്‌ കളക്ഷനുണ്ടാവുക.
തറാവീഹും പ്രസംഗവുമെല്ലാം കേട്ടിറങ്ങുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. പക്ഷേ ഇത്‌ അര്‍ദ്ധരാത്രിയാണ്‌ എന്ന തോന്നുന്നേയില്ല. പകലിന്റെ ആധിക്യത്തില്‍ ഇരുട്ടിനെ അകറ്റാന്‍ ഇവിടെ വഴിവിളക്കുകള്‍ പോലും വേണ്ട. പകലെന്ന പോലെ റോഡില്‍ നല്ല ജനക്കൂട്ടം. പുലരുവോളം മെട്രോ ട്രെിയിനുകളുണ്ട്‌. ഡബിള്‍ഡക്കര്‍ ബസുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്ന്‌ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കൊച്ചു വിമാനങ്ങള്‍ പറക്കുന്നു. സായിപ്പന്മാരും മദാമമാരും ഉച്ചത്തില്‍ സംസാരിച്ച്‌ കൊണ്ട്‌്‌ ഓടിനടക്കുന്നു. അമേരിക്കയുടെ രണ്ട്‌ വലിയ കപ്പലുകള്‍ തെയിംസ്‌ നദീതീരത്ത്‌ വന്‍ പ്രകാശം വിതറി നില്‍ക്കുന്നുമുണ്ട്‌. മഹാനഗരങ്ങള്‍ ഉറങ്ങാറില്ല എന്ന സത്യത്തിനുത്തമോദാഹരണമാണ്‌ ലണ്ടന്‍.


Thursday, August 30, 2012

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍


ചിത്രം
ലോക പ്രശസ്‌തമായ വെംബ്ലിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്‌ മുന്നില്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍

എന്റമ്മോ....! ഇങ്ങനെയൊരനുഭവം ഇതിന്‌ മുമ്പില്ല കെട്ടോ..... ശരിക്കുമറിഞ്ഞു ആരാണ്‌ ഉസൈന്‍ ബോള്‍ട്ടെന്ന്‌. എന്തൊരു കരുത്തന്‍, എന്തൊരു വേഗം. എത്രയോ രാജ്യാന്തര മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ഇത്‌ പോലെ ഒരു ആവേശവും പിന്തുണയും ആഘോഷവും കണ്ടിരുന്നില്ല. നിറഞ്ഞ ഗ്യാലറികളുടെ പ്രകമ്പനത്തില്‍, ഒപ്പത്തിനൊപ്പമുള്ള മല്‍സരാര്‍ത്ഥികളുടെ വീറിലും വാശിയിലും മാനറിസങ്ങളിലും ശരിക്കുമൊരു യുദ്ധമായിരുന്നു അത്‌. ഒളിംപിക്‌ സ്റ്റേഡിയത്തിലെ സൂപ്പര്‍ സണ്‍ഡേ ദൃശ്യങ്ങള്‍ നിങ്ങളെല്ലാം ടെലിവിഷനില്‍ കണ്ടിരിക്കും. ക്യാമറകള്‍ കാണാത്ത അണിയറ കാഴ്‌ച്ചകളിലേക്കാണ്‌ ഇന്ന്‌ നിങ്ങളെ ക്ഷണിക്കുന്നത്‌.
ഇവിടെ രാത്രി 9-50 നായിരുന്നു 100 മീറ്റര്‍ ഫൈനല്‍. ആ ഒരു സമയം തെരഞ്ഞെടുത്തതിന്‌ പിറകില്‍ അമേരിക്കന്‍ ഇടപെടലായിരുന്നു. യു.എസ്‌ ചാനലായ എന്‍.ബി.സി പതിനായിരത്തോളം കോടി മുടക്കിയാണ്‌ സ്വന്തം നാട്ടില്‍ ഒളിംപിക്‌സ്‌ സംപ്രേഷണം ചെയ്യുന്നത്‌. ഉദ്‌ഘാടന, സമാപന പരിപാടികളും 100 മീറ്റര്‍ ഫൈനലും തങ്ങളുടെ കാണികള്‍ക്ക്‌ സൗകര്യപ്രദമായ തരത്തില്‍ വേണമെന്ന ലോക പോലീസ്‌ നിലപാടിനെ സംഘാടകര്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ പാവപ്പെട്ട ഇന്ത്യക്കാരെല്ലാമാണ്‌ പുലര്‍ച്ചെ വരെ കാത്തിരിക്കേണ്ടി വന്നത്‌. 2000 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്‌ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇരിപ്പിടം. പതിനായിരത്തോളം പത്രലേഖകര്‍ 205 രാജ്യങ്ങളില്‍ നിന്നായി ഇവിടെയുള്ളതിനാല്‍ നേരത്തെ പോയില്ലെങ്കില്‍ സീറ്റുണ്ടാവില്ലെന്ന്‌ മനസ്സിലാക്കി ഞങ്ങള്‍ മൂന്ന്‌ മലയാളികളും (മാതൃഭൂമിയുടെ പി.ടി ബേബി, മലയാള മനോരമയുടെ അനില്‍ രാധാകൃഷ്‌ണന്‍) വൈകീട്ട്‌ നാല്‌ മണിക്ക്‌ തന്നെ സ്‌റ്റേഡിയത്തിലെത്തി. അപ്പോള്‍ തന്നെ ഗ്യാലറികള്‍ നിറയുന്നുണ്ടായിരുന്നു. കേവലം പത്ത്‌ സെക്കന്‍ഡ്‌ മാത്രം നിലനില്‍ക്കുന്ന പോരാട്ടം കാണാനാണ്‌ ആറ്‌ മണിക്കൂര്‍ മുമ്പെ എത്തിയതെന്നോര്‍ക്കണം. ആ പോരാട്ടത്തിന്‌ മുമ്പ്‌ നിരവധി ഹീറ്റ്‌സും ഫൈനലുകളുമുണ്ടായിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കാലില്ലാത്ത അല്‍ഭുതതാരം ഒക്ടോ പിസാറസിന്‌ കാണികള്‍ നല്‍കിയ നിര്‍ലോഭ പിന്തുണയും തോല്‍വിയിലും അദ്ദേഹത്തിന്‌ വേണ്ടി എല്ലാവരും കൈയ്യടിച്ച സന്ദര്‍ഭവുമെല്ലാം അപാരമായിരുന്നു. ഇഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ മാത്രം സ്വന്തം കാണികള്‍ നല്‍കിയിരുന്ന പിന്തുണയാണ്‌ പിസാറസിന്‌ ലഭിച്ചത്‌.
എട്ട്‌ മണിയായതോടെ 100 മീറ്റര്‍ സെമിഫൈനല്‍. അതാ വരുന്നു സൂപ്പര്‍താരങ്ങള്‍. മൂന്ന്‌ ഹീറ്റ്‌സിലായി 23 പേര്‍. ഓരോ ഹീറ്റ്‌സില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനക്കാരാണ്‌ ഫൈനലിലെത്തുക. പിന്നെ ഏറ്റവും മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാര്‍ക്കും സ്ഥാനം. ആദ്യ ഹീറ്റ്‌സില്‍ ഗാട്‌ലിനും ചുരാണ്ടിയും അസഫ പവലും കീസ്റ്റണും യൂസഫും വിക്കാട്ടും ജെയിംസും പിന്നെ സന്നയും. വെടി പൊട്ടുന്നത്‌ മാത്രമാണ്‌ കേട്ടത്‌. ഗാട്‌ലിനും ചുരാണ്ടിയും ആദ്യ സ്ഥാനങ്ങളില്‍. പവല്‍ 9.94 ല്‍ ഫിനിഷ്‌ ചെയ്‌തെങ്കിലും മൂന്നാമനായിരുന്നു. മികച്ച മൂന്നാം സ്ഥാനക്കാരാനാവാന്‍ സാധ്യത. അടുത്ത ഹീറ്റ്‌സിലാണ്‌ ബോള്‍ട്ട്‌. അദ്ദേഹത്തെ കണ്ടതും അലറിവിളിക്കുകയായിരുന്നു സ്‌റ്റേഡിയം. ഇത്ര പിന്തുണയുള്ള ഒരു കായികതാരം ഭൂമുഖത്തില്ല. ക്യാമറ തന്നിലേക്ക്‌ വരുമ്പോള്‍ ബോള്‍ട്ടിന്റെ വക പതിവ്‌ ഗോഷ്‌ഠികള്‍. അത്‌ ആസ്വദിക്കുന്ന കാണികള്‍. ബോള്‍ട്ടിനൊപ്പം റ്യാന്‍ ബെയ്‌ലി, റിച്ചാര്‍ഡ്‌ തോംസണ്‍, ആതിഥേയരുടെ ഡെയിന്‍ ചേംബേഴ്‌സ്‌, ജെറാര്‍ഡ്‌ ഫിറി, ഡാനിയല്‍ ബെയ്‌ലി, ആദംസ്‌ ആന്റണി പിന്നെ ചൈനക്കാരന്‍ സൂ ബിന്‍ഗിയും. ആര്‍ക്കും പിടികൊടുക്കാതെ 50 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ പതിവ്‌ ശൈലിയില്‍ ഫിനിഷിംഗ്‌ പോയന്റിനരികില്‍ വേഗത കുറച്ച്‌ 9.87 ല്‍ ഒന്നാമനായി. പിറകെ ബെയ്‌ലിയും. ജയത്തിന്‌ ശേഷം ബോള്‍ട്ട്‌ ജനകീയത ഉറപ്പാക്കി കാണികളലേക്ക്‌. മൂന്നാം ഹീറ്റ്‌സില്‍ യോഹാന്‍ ബ്ലേക്കിനൊപ്പം ടൈസണ്‍ ഗേ, ആദം ജമീലി, ഡെറിക്‌ അറ്റ്‌കിന്‍സണ്‍, ജസ്റ്റിന്‍ വാര്‍ണര്‍, റ്യാട്ടോ യമഗാത, റോന്‍ല്‍ സോറിനോ, ഹൈമന്‍ കേമര്‍ എന്നിവര്‍. പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബ്ലേക്ക്‌ ഒന്നാമന്‍. ടൈസണ്‍ ഗേ രണ്ടാമന്‍. മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാരായി പവലും തോംസണും.
കേമന്‍ പോരാട്ടത്തിന്‌ ശേഷവും ഒന്നര മണിക്കൂര്‍ കാത്തിരിക്കണം ഫൈനലിന്‌. അവധിദിവസം ആഘോഷമാക്കാന്‍ ഭക്ഷണവും ലഹരിപാനീയങ്ങളുമെല്ലാമായി എത്തിയ കാണികള്‍ എത്ര മണിക്കൂര്‍ കാത്തിരിക്കാനും റെഡി. നമ്മള്‍ കടല കണ്ട്‌ കളി കാണുന്നത്‌ പോലെ ഇവിടെ ബീറടിച്ചാണ്‌ എല്ലാവരും മല്‍സരം ആസ്വദിക്കുന്നത്‌. (ഗാന്ധിജിക്ക്‌ നന്ദി. അദ്ദേഹം ഇന്ത്യയില്‍ നിന്ന്‌ ഈ ഇംഗ്ലീഷുകാരെ പായിപ്പിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ നിലകടല കൊറിക്കുന്നതിന്‌ പകരം വെള്ളമടിയായിരിക്കില്ലേ....)
ഈ ഇടവേളയില്‍ വനിതകളുടെ 400 മീറ്റര്‍ ഫൈനല്‍. ശേഷം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്‌ ഫൈനല്‍. കൂറെ മെഡല്‍ദാന പരിപാടികളും. മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ പുരുഷന്മാരുടെ ഹൈജംമ്പും ഹാമര്‍ ത്രോയും പുരോഗമിക്കുന്നു. വേദനയോടെ പറയട്ടെ ഒരു വിഭാഗത്തിലും മരുന്നിന്‌ പോലും ഒരു ഇന്ത്യക്കാരനില്ല. നമ്മുടെ പതാക എവിടെയുമില്ല. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പട്ടിണിരാജ്യമായ കെനിയയില്‍ നിന്നുള്ള എനേക്കില്‍ കോംപോയി തന്റെ ശോഷിച്ച ശരീരം കാണിച്ച്‌ സ്വര്‍ണം ആഘോഷിക്കുമ്പോള്‍ വീരവാദം മുഴക്കുന്ന ഇന്ത്യന്‍ പൂച്ചകളെക്കാള്‍ എത്ര മെച്ചമാണ്‌ ഈ പാവങ്ങള്‍ എന്ന്‌ തോന്നി. കെനിയയുടെയും എത്യോപ്യയുടെയും സാംബിയയുടെയും ഘാനയുടെയും പതാകകള്‍ വാനില്‍ പാറികളിക്കുന്നു. അവരുടെ ദേശീയ ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നു. ജനഗണമന പാടാന്‍ ഇന്ത്യന്‍ കാണികള്‍ ധാരാളം ഇവിടെയുണ്ട്‌. അതിനൊരവസരം വേണ്ടേ.....
അതിനിടെ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നു. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഒരു നോമ്പ്‌ തുറ. കൈയ്യില്‍ കരുതിയ ബോട്ടില്‍ വെള്ളത്തിലും രണ്ട്‌ പഴത്തിലും 19 മണിക്കൂര്‍ വ്രതം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങളെല്ലാം അടുത്ത നോമ്പിന്റെ അത്താഴം കഴിക്കുകയായിരിക്കും.
അതാ സമയമായിരിക്കുന്നു-ക്ലോക്കില്‍ 9-40. അതിവേഗതക്ക്‌ പുതിയ വിലാസം നല്‍കാന്‍ അതാ ആറ്‌ ഫൈനലിസ്‌റ്റുകള്‍ റെഡി. ഒന്നാം ലൈനില്‍ ആരുമില്ല. രണ്ടില്‍ നമ്മുടെ ബ്രയന്‍ ലാറയുടെ നാട്ടുകാരന്‍ റിച്ചാര്‍ഡ്‌ തോംസണ്‍, മൂന്നില്‍ ആരുമില്ല. നാലില്‍ ചുമല്‍ വിരിച്ച്‌ ടൈസണ്‍ ഗേ. അഞ്ചില്‍ ഉയരം കുറഞ്ഞ യോഹാന്‍ ബ്ലേക്ക്‌. ആറില്‍ ഉറച്ച മസിലുമായി ജസ്‌റ്റിന്‍ ഗാട്‌ലിന്‍. ഏഴില്‍ സാക്ഷാല്‍ വീരപുത്രന്‍-കണ്ണിറുക്കി കാണിക്കുന്ന ബോള്‍ട്ട്‌. എട്ടില്‍ പ്രാര്‍ത്ഥനാ നിരതനായി റ്യാന്‍ ബെയ്‌ലി. ഒമ്പത്തില്‍ കോപ്രായങ്ങളുമായി ചുരണ്ടാ മാര്‍ട്ടിന്‍.
ജഡ്‌ജസിന്റെ പ്രഖ്യാപനം-അത്‌ലറ്റ്‌സ്‌ റെഡി. എല്ലാവരും അതോടെ സ്‌റ്റാര്‍ട്ടിംഗ്‌ ബ്ലോക്കില്‍. കുതിപ്പിനിതാ സെക്കന്‍ഡുകള്‍. സ്റ്റാര്‍ട്ടറു
ടെ വെടി പൊട്ടി..... മുന്നില്‍ ബ്ലേക്ക്‌. തൊട്ട്‌ പിറകെ ഗാട്‌ലിന്‍. അമ്പത്‌ മീറ്റര്‍ പിന്നിട്ടിരിക്കുന്നു. അതാ വരുന്നു നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌, കാലുകളില്‍ തീപടര്‍ത്തി ബോള്‍ട്ട്‌... എതിരാളികളെ ഒന്ന്‌ നോക്കിയുള്ള മിന്നല്‍. കാലിന്‌ വേദനയുമായി പവല്‍ നിന്നതൊന്നും കാര്യമാക്കാതെ ബോള്‍ട്ട്‌ ലൈന്‍ തൊട്ടു..... പിന്നെ അഞ്ച്‌ മിനുട്ട്‌ നേരത്തേക്ക്‌ ഒന്നും മനസ്സിലായില്ല. ശരിയായ പ്രകമ്പനം. ലോകത്തിന്‌ മുന്നില്‍ ബോള്‍ട്ട്‌ മാത്രം. കൈയ്യും കാലുകളുമെല്ലാം ഇളക്കിയാട്ടി ജമൈക്കന്‍ പതാകയുമേന്തി അതാ സൂപ്പര്‍ താരം ബ്ലേക്കിനെ മാറോടണക്കുന്നു. പിന്നെ സ്റ്റേഡിയപ്രദക്ഷിണം. മൈതാനത്തെ വലിയ സ്‌ക്രീനില്‍ ആ കുതിപ്പിന്റെ വിവിധദ്യശ്യങ്ങള്‍. കാണികള്‍ക്കിടയിലേക്ക്‌ ഓടിക്കയറുന്ന ബോള്‍ട്ട്‌. കൂറെസമയം എല്ലാവരും ആ ലഹരിയിലായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലാവാത്തത്‌ പോലെ.
മല്‍സരം കഴിഞ്ഞതോടെ ഗ്യാലറികള്‍ ശൂന്യമാവാന്‍ തുടങ്ങി. പിന്നെ ഒരു ഒഴുക്കായിരുന്നു. പാരാവാരം പോലെ കാണികള്‍ പുറത്തേക്ക്‌ ഒഴുകുന്നു. ബോള്‍ട്ടിന്റെ പത്രസമ്മേളനം കഴിഞ്ഞിട്ട്‌ പോവാമെന്ന്‌ കരുതി ഞങ്ങള്‍ ഇറങ്ങിയില്ല. പത്രസമ്മേളന ഹാളിലേക്ക്‌ പോവാനിറങ്ങിയപ്പോള്‍ അങ്ങോട്ടും ഒഴുക്ക്‌. ജനത്തിന്‌ വഴി മാറിയതാണോയെന്ന്‌ സംശയിച്ചു. അല്ല എല്ലാം പത്രക്കാരാണ്‌. എല്ലാവരും ബോള്‍ട്ടിന്റെ പത്രസമ്മേളനത്തിനാണ്‌. ഹാളിനുള്ളില്‍ സ്ഥലമുണ്ടാവില്ലെന്നുറപ്പ്‌. ആഘോഷങ്ങള്‍ക്ക്‌ ശേഷം ബോള്‍ട്ട്‌ വരാന്‍ മണിക്കൂറുകളെടുക്കുമെന്ന്‌ മനസ്സിലായതോടെ ബഹളത്തില്‍ നിന്ന്‌ മോചനം തേടി പുറത്തേക്ക്‌. അപ്പോഴും ജനത്തിന്റെ കുത്തൊഴുക്ക്‌ നിലച്ചിരുന്നില്ല. സ്റ്റാഫോര്‍ഡ്‌ സ്‌റ്റേഷനിലെത്തിയത്‌ പക്ഷേ അറിഞ്ഞില്ല. ആ ഒഴുക്കില്‍ ഞങ്ങള്‍പെട്ടു. സ്‌റ്റേഷനിലാകെ ജനം. മിനുട്ടുകളില്‍ പറപറക്കുന്ന ട്രെയിനുകള്‍ പലത്‌ പോയിട്ടും തിരക്കൊഴിയുന്നില്ല.
എല്ലാവര്‍ക്കും എല്ലാ ഭാഷയിലും പറയാനുണ്ടായിരുന്നത്‌ ബോള്‍ട്ട്‌ മാത്രം. വിസാ കാര്‍ഡിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ ബോള്‍ട്ടിന്റെ ചിത്രമാണ്‌ ഇവിടെയെല്ലാം. ഭൂഖണ്‌ഠത്തില്‍ ഇവനെ പോലെ മറ്റൊരാളില്ല കെട്ടോ..... നേരില്‍ കണ്ടത്‌ പറയാം-തല്‍ക്കാലം ഇവനെ തോല്‍പ്പിക്കാനും ആര്‍ക്കുമാവില്ല. ഈ ഒരു മല്‍സരം നേരില്‍ കാണാന്‍ സാധിച്ചല്ലോ..... വിശുദ്ധ മാസത്തിന്റെ പുണ്യരാവുകളില്‍ ദൈവത്തിന്‌ സ്‌തുതി.....


Tuesday, August 28, 2012

ഈ പുലിക്ക്‌ തേനും പാലും നല്‍കണം


ചിത്രം

ഒളിംപിക്‌സില്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടിയ ഇറ്റാലിയന്‍ താരം കാപ്രിയാനിയും (വലത്ത്‌) കമാല്‍ വരദൂരും

ലണ്ടന്‍ ഡയറി-12

ഈ പുലിക്ക്‌ തേനും പാലും നല്‍കണം

7574045050- ഈ ലണ്ടന്‍ നമ്പര്‍ കെ.ടി ഇര്‍ഫാന്റേതാണ്‌. നാട്ടില്‍ നിന്ന്‌ വിളിക്കുമ്പോള്‍ നിങ്ങള്‍ തുടക്കത്തില്‍ 44 ചേര്‍ക്കണം. കുറച്ച്‌ പണം പോയാലും എല്ലാവരും ഒന്ന്‌ വിളിക്കുക. ദിവസവും ഫോണ്‍ സല്ലാപത്തില്‍ കൂറെ പണം കളയുന്നവരാണല്ലോ നമ്മള്‍. ഈ വിളി ഒരു നല്ല കാര്യത്തിനാവട്ടെ...നിങ്ങള്‍ക്ക്‌ ഇര്‍ഫാന്‌ വേണ്ടി ചെയ്യാനാവുന്ന സഹായം ഒരു വിളിയാണ്‌. കാരണം അവന്റെ ഊര്‍ജ്ജം അതാണ്‌. നാട്ടുകാരുടെ പിന്തുണ. ഇന്നലെ ഈ മഹാനഗരത്തില്‍ ഇര്‍ഫാനൊപ്പം 42 പേര്‍ 20 കിലോമീറ്റര്‍ നടന്നു. നല്ല കായബലമുള്ളവര്‍. ഉയരവും തടിമിടുക്കുമായി തോല്‍ക്കാന്‍ മനസ്സില്ലെന്ന്‌ പ്രഖ്യാപിച്ചവര്‍. അവരുടെയെല്ലാം ഊര്‍ജ്ജം നല്ല പ്രോട്ടീനും വൈറ്റമിനും ചേര്‍ന്ന സമീകൃത ഭക്ഷണങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായമുള്ള ഉന്നത പരിശീലനവുമാണെങ്കില്‍ നമ്മുടെ അരീക്കോട്‌ കുനിയില്‍ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ ഊര്‍ജ്ജം ജനകീയ പിന്തുണയാണ്‌. ഇന്നലെ അവന്റെ ഫോണിലേക്ക്‌ നിലക്കാത്ത വിളികളായിരുന്നു. ഇര്‍ഫാന്റെ നമ്പര്‍ തേടി ഉത്തരേന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ പലരും എന്റെ ഫോണിലേക്ക്‌ വിളിച്ചു. എല്ലാവര്‍ക്കും ഇര്‍ഫാന്റെ കഥകള്‍ വേണം. എല്ലാവര്‍ക്കും നമ്പര്‍ നല്‍കിയെന്ന്‌ മാത്രമല്ല മലപ്പുറത്തെയും അരിക്കോട്‌ ഗ്രാമത്തെയും ഇര്‍ഫാനെയും കുറിച്ചുള്ള കഥകള്‍ നല്‍കുകയും ചെയ്‌തു. ഡല്‍ഹിയില്‍ നിന്നുള്ള ഡെയ്‌ലി മിറര്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കണ്ണന്‍ ശ്രീനിവാസന്‌ ഇര്‍ഫാന്റെ പഠനകാലവും അവന്‍ വന്ന വഴികളുമറിയണം. ദൂരദര്‍ശന്‍കാര്‍ക്ക്‌ അവന്‍ ഹിന്ദി സംസാരിക്കുമോ എന്നറിയണം. എന്‍.ഡി.ടി.വികാര്‍ക്ക്‌ ഇംഗ്ലീഷ്‌ പറയുമോ എന്ന്‌ അറിയണം. ടൈംസ്‌ നൗവിന്‌ വേണ്ടത്‌ മുഖാമുഖം. അറിയാവുന്ന അരിക്കോടന്‍ വീരഗാഥകളെല്ലാം പറഞ്ഞ്‌ കൊടുത്തപ്പോള്‍ വ്രതക്കാലത്തെ വാചകമടിയുടെ നല്ലക്ഷീണം-അതെ ഇര്‍ഫാന്‍ താരമാവുകയാണ്‌.
രാവിലെ തന്നെ ഞങ്ങളെ കാണാന്‍ ഇര്‍ഫാന്‍ ഒളിംപിക്‌ പാര്‍ക്കില്‍ വന്നു. ചന്ദ്രികയും മലയാള മനോരമയും മാതൃഭൂമിയും മാത്രമാണ്‌ കേരളത്തില്‍ അക്രഡിറ്റേഷനോടെ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍. ഞങ്ങളെ (അനില്‍ രാധാകൃഷ്‌ണന്‍, പി.ടി ബേബി, ടോണി ഡൊമിനിക്‌-മനോരമ ഫോട്ടോഗ്രാഫര്‍) കണ്ടപ്പോള്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മയുഖാ ജോണിക്കും ആഹ്ലാദം.
ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞ്‌ സ്വതസിദ്ധമായ ആ ഏറനാടന്‍ പുഞ്ചിരിയുമായി വന്ന പയ്യനെ കണ്ടപ്പോള്‍ മനസ്സ്‌ പറഞ്ഞു ഇവന്‍ നാളെ അരങ്ങ്‌ തകര്‍ക്കും. പ്രായം 22 മാത്രം. കുറഞ്ഞത്‌ മൂന്ന്‌ ഒളിംപിക്‌സില്‍ പങ്കെടുക്കാം. 2016 ല്‍ ബ്രസീലിയന്‍ ആസ്ഥാനമായ റിയോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍ സ്വന്തമാക്കാന്‍ ഈ കാലുകള്‍ക്ക്‌ കരുത്തുണ്ട്‌. കുനിയില്‍ ഗ്രാമത്തിലെ അല്‍അന്‍വര്‍ ഹൈസ്‌ക്കൂളില്‍ പത്ത്‌ വരെ സാധാരണ വിദ്യാഭ്യാസം നേടിയ പയ്യന്‍ മല്‍സരിച്ചത്‌ ലോക മാമാങ്കവേദിയിലാണ്‌. അത്‌ തന്നെ സ്വര്‍ണ തിളക്കമുള്ള നേട്ടം. കീഴുപറമ്പ്‌ ജി.വി.എച്ച്‌.എസ്‌.എസില്‍ നിന്ന്‌ പ്ലസ്‌ ടൂ പൂര്‍ത്തിയാക്കുമ്പോഴും ഇര്‍ഫാനിലെ താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല എന്നത്‌ അല്‍ഭുതമാണ്‌. ദേവഗിരി കോളജിലെ ബി.എ ഇക്കണോമിക്‌സ്‌ വിദ്യാര്‍ത്ഥിയാണ്‌ ഇന്ത്യന്‍ സൂപ്പര്‍ താരമാവുന്ന ഇര്‍ഫാനെന്ന്‌ ആ കോളജിലെ അധ്യാപകര്‍ക്കറിയുമോ...? സംശയമാണ്‌. വളരെ പെട്ടെന്നായിരുന്നു എല്ലാമെന്ന്‌ ഇര്‍ഫാന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്‌ക്കൂള്‍ മീറ്റിലോ, ദേശീയ സ്‌ക്കൂള്‍ മീറ്റിലോ പങ്കെടുത്തിട്ടില്ല. 2007 ലെ ദക്ഷിണേന്ത്യന്‍ മീറ്റിലെ റെക്കോര്‍ഡുകാരന്‍ 2010 വരെ ഇവിടെ കേന്ദ്രീകരിച്ചാണ്‌ മല്‍സരിച്ചത്‌. ജീവിതമാര്‍ഗം തേടി 2010 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്നാണ്‌ നടത്തം കാര്യമാക്കിയത്‌. ഒളിംപിക്‌സിന്‌ മുമ്പ്‌ ആകെ മല്‍സരിച്ച രാജ്യാന്തര കായികമാമാങ്കം റഷ്യയിലെ ലോകകപ്പ്‌. ആ മല്‍സരം വഴിയാണ്‌ യോഗ്യത നേടിയത്‌. പിന്നെ സായിയിലെ പരിശീലനം, സാമ്പത്തിക ഞെരുക്കത്തിലും മനോധൈര്യം വിടാതെയുള്ള യാത്ര. ഇപ്പോഴിതാ ലോകത്തിലെ സമുന്നതരായ കായിക താരങ്ങള്‍ മാത്രം മാറ്റുരക്കുന്ന വേദിയില്‍.
ഇനി നിങ്ങള്‍ ഒളിംപിക്‌ പാര്‍ക്കിലെ ഈ ചിത്രമൊന്ന്‌ നോക്കുക-നിഷ്‌കളങ്കനായ ഒരു പയ്യന്‍. ഈ നഗരത്തിലെ ആരും പറയില്ല ഇവന്‍ അത്‌ലറ്റാണെന്ന്‌. കാരണം മെലിഞ്ഞ പ്രകൃതം. കാഴ്‌ച്ചയില്‍ ഒരു ഓട്ടക്കാരന്റെ മസില്‍ പവറില്ല. ഇന്നത്തെ ചെറുപ്പക്കാരുടെ ഫാഷനായ കൈയ്യിലും കാലിലുമെല്ലാം വളകളും മൊബൈല്‍ ഫോണും മ്യൂസിക്ക്‌ സിസ്‌റ്റവുമൊന്നുമില്ല. തനി നാടന്‍. നന്നായി ഹിന്ദി സംസാരിക്കുന്നു. ഇംഗ്ലീഷിലും മോശമില്ല.
ചന്ദ്രികയില്‍ ലണ്ടന്‍ കോളിംഗ്‌ എന്ന പരമ്പരയില്‍ ഇര്‍ഫാന്റെ ഇന്ത്യന്‍ ഫോണ്‍ നമ്പരടക്കം നല്‍കിയ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. ആ കുറിപ്പിന്‌ ശേഷമാണ്‌ ഇര്‍ഫാന്‌ പിന്തുണയുമായി കൂടുതല്‍ വിളികളെത്തിയതെന്ന്‌ അവന്‍ തന്നെ പറയുന്നു. എല്ലാവരും വിളിക്കുമ്പോള്‍ നമുക്കത്‌ വലിയ ഊര്‍ജ്ജമാണ്‌. ഇന്നലെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം വിളികള്‍ വന്നു. എല്ലാവരും അടിച്ചു പൊളിക്കുകയാണ്‌. എനിക്കത്‌ മതി. എന്നെ കൊണ്ട്‌ എല്ലാവര്‍ക്കും നല്‍കാനാവുന്ന സഹായം അതാണല്ലോ. ഇനി ഒരു മെഡല്‍ നേടാന്‍ കഴിയണം. അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇവിടെ തന്നെ രണ്ട്‌ ഫൗളുകള്‍ വന്നു. അതാണ്‌ പ്രശ്‌നമായത്‌. മൂന്നാമത്തെ ഫൗള്‍ വന്നാല്‍ അയോഗ്യനാക്കപ്പെടുമെന്നറിയുന്നതിനാല്‍ ഫൗള്‍ വരുത്താതിരിക്കാനുള്ള ശ്രദ്ദയില്‍ വേഗത കുറഞ്ഞു. അല്ലെങ്കില്‍ ആദ്യ അഞ്ചില്‍ വരുമായിരുന്നെന്ന്‌ ഇര്‍ഫാന്‍ പറഞ്ഞു. കുറെയധികം സംസാരിച്ച്‌ ഇര്‍ഫാന്‍ മടങ്ങിയശേഷം ഇവിടെയുള്ള നമ്മുടെ കായിക മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെ വിളിച്ച്‌ ഈ പയ്യനെ ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞു. എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മാക്കന്‍, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വി.കെ മല്‍ഹോത്ര, രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്റെ വൈസ്‌ പ്രസിഡണ്ട്‌ കേണല്‍ രണ്‍ധീര്‍ സിംഗ്‌ തുടങ്ങിയ ഇന്ത്യന്‍ കായിക ഭരണാധികാരികളെയും വിളിച്ച്‌ ഇര്‍ഫാനെ പരിചയപ്പെടുത്തിയിട്ടുണ്ട്‌. മീത്തല്‍ ട്രസ്റ്റ്‌ പോലുള്ള സ്വകാര്യ സംരഭകരുടെ ശ്രദ്ധയിലും ഇര്‍ഫാനെ എത്തിക്കാനുണ്ട്‌. ചെയ്യാവുന്ന സഹായങ്ങളെല്ലാം ചെയ്‌ത്‌ അവനെ വളര്‍ത്തണം. ഇത്‌ വരെ ഒളിംപിക്‌ ട്രാക്കില്‍ നിന്ന്‌ നമുക്കൊരു മെഡല്‍ ലഭിച്ചിട്ടില്ല. ആ കുറവ്‌ നികത്താന്‍ കഴിയും ഈ ഏറനാട്ടുകാരന്‌. മില്‍ഖാസിംഗിന്റെയും പി.ടി ഉഷയുടെയും ശ്രീറാമിന്റെയും ഗുര്‍ബച്ചന്‍ സിംഗ്‌ രണ്‍ധാവയുടെയും അഞ്‌ജു ബോബി ജോര്‍ജ്ജിന്റെയുമെല്ലാം ഫൈനല്‍ ബെര്‍ത്തുകളാണ്‌ ട്രാക്കിലെ നമ്മുടെ ഇത്‌ വരെയുള്ള നേട്ടം. അത്‌ മാറ്റണം.
ആദ്യ ഒളിംപിക്‌സില്‍ തന്നെ പത്താം സ്ഥാനം നേടിയവന്‍. ദേശീയ റെക്കോര്‍ഡ്‌ ഒളിംപിക്‌ വേദിയില്‍ കുറിച്ചവന്‍. 20 കിലോമീറ്റര്‍ നടന്ന ശേഷം എല്ലാവരും തളര്‍ന്നു പോയപ്പോള്‍ അടുത്ത മിനുട്ടില്‍ തന്നെ ചിരിച്ച്‌ കളിച്ച്‌ ഫോണില്‍ എല്ലാവരോടും സംസാരിച്ചവന്‍, കൈവന്നിരിക്കുന്ന താര പരിവേഷത്തില്‍ മതി മറക്കാതെ, വന്ന വഴികളെ ബഹുമാനിക്കുന്നവന്‍- ഈ സൈനികന്‍ പുലിയാണ്‌.... പുപ്പുലി...! ഇവനെ നമ്മള്‍ കൈവിടരുത്‌. തേനും പാലും നല്‍കി പൊന്നു പോലെ വളര്‍ത്തണം.

Monday, August 27, 2012

സുഹൃത്തുക്കളെ, ഈ ഇഛാശക്തിയെ നമിക്കുക


ചിത്രം

ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി
ജനറല്‍ രണ്‍ധീര്‍ സിംഗും കമാല്‍ വരദൂരും

ലണ്ടന്‍ ഡയറി-11

സുഹൃത്തുക്കളെ, ഈ ഇഛാശക്തിയെ നമിക്കുക

തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു യുവാവിനെയും മടിയന്മാരായ ഒരു തലമുറയെയും ഇന്നത്തെ ഡയറിക്കുറിപ്പില്‍ പരിചയപ്പെടുത്താം. ഒരു രാത്രിയും പകലുമായി കണ്ട രണ്ട്‌ കാഴ്‌ച്ചകള്‍. രാത്രിയിലെ കാഴ്‌ച്ച വേദനിപ്പിച്ചെങ്കില്‍ പകലിന്റെ ദൃശ്യം അമ്പരിപ്പിക്കുന്നതും അല്‍ഭുതകരവുമായിരുന്നു.
ആദ്യം രാത്രിക്കാഴ്‌ച്ച: വെള്ളിയാഴ്‌ച്ച രാത്രിയെന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക്‌ അടിച്ചുപൊളിയാണ്‌. കഴിഞ്ഞ ദിവസം രാത്രിയാണ്‌ അതിഭീകരമായി ആഘോഷപൊടിപൂരം നേരില്‍ കണ്ടത്‌. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നിന്ന്‌ ഇന്ത്യന്‍ ഡിസ്‌ക്കസ്‌ ത്രോ താരം കൃഷ്‌ണ പൂനിയയുടെ മല്‍സരം കണ്ടിറങ്ങുമ്പോള്‍ വൈകിയിരുന്നു. ഇവിടെ സൂര്യന്‍ അഞ്ച്‌ മണിക്കൂര്‍ മാത്രം വിശ്രമിക്കുന്നതിനാല്‍ വൈകിയാലും ഇരുട്ടിന്റെ പ്രശ്‌നമധികമില്ല. എല്ലായ്‌പ്പോഴും പകല്‍ വെളിച്ചം പോലെ സുന്ദരം. എപ്പോഴും പ്രകാശിക്കുന്ന വഴി വിളക്കുകള്‍ വേറെയും. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നിന്നും സ്റ്റാഫോര്‍ഡ്‌ സിറ്റിയിലൂടെ വേണം മെട്രോ സ്‌റ്റേഷനിലെത്താന്‍. സിറ്റിയില്‍ നിറയെ ബാറുകളും പബ്ബുകളും ഹോട്ടലുകളും മാളുകളുമാണ്‌. ബാറുകള്‍ക്ക്‌ മുന്നില്‍ യുവതയുടെ മഹാസമ്മേളനങ്ങളാണ്‌. ആണ്‍-പെണ്‍ വിത്യാസമില്ലാതെ ചുണ്ടില്‍ സിഗരറ്റിന്റെ പുകയുമായി എല്ലാവരും ലഹരിയുടെ താഴ്‌വാരത്തില്‍. രാത്രി വൈകും വരെ രണ്ട്‌ ദിവസത്തെ അവധി ആഘോഷിക്കാനുള്ള പൂരമാണ്‌. ശനിയും ഞായറും അവധി ദിവസങ്ങളായതിനാലാണ്‌ വെള്ളിയാഴ്‌ച്ച രാത്രിയെ ഇവര്‍ ഉല്‍സവമാക്കി മാറ്റുന്നത്‌. ഇവിടെ കടകള്‍ അടക്കന്‍ നിശ്ചിത സമയമൊന്നുമില്ല. സാധാരണ ഗതിയില്‍ ഏഴ്‌ മണിക്ക്‌ കടകള്‍ അടക്കാറുണ്ട്‌. എന്നാല്‍ വെള്ളിയാഴ്‌ച്ച എന്ന്‌ പറയുമ്പോള്‍ അത്‌ തിരക്കുള്ള രാത്രിയാണ്‌. എല്ലാവരും ചിലപ്പോള്‍ പുലരും വരെ തുറന്നിരിക്കും. ഒളിംപിക്‌സ്‌ സമയമായതിനാല്‍ മറ്റ്‌ കച്ചവടങ്ങള്‍ കുറവാണെങ്കിലും ലഹരി നുരയുന്ന തെരുവോരങ്ങളില്‍ യുവത സ്വയം മറന്നുളള ലീലാവിലാസങ്ങളില്‍ വ്യാപൃതരാവുന്നു.
എന്തിനിങ്ങനെ നീ കുടിച്ച്‌ മറിയുന്നു മകനെ എന്ന്‌ പറഞ്ഞ്‌ ഒരു ഉപദേശി പരിവേഷത്തില്‍ അരികിലേക്ക്‌ പോവാന്‍ ആരും ധൈര്യപെടില്ല. കാരണം ഈ നാട്ടില്‍ പതിനെട്ടിന്‌ താഴെ പ്രായമുള്ളവര്‍ക്കും യുവതക്കും വലിയ അവകാശങ്ങളുണ്ട്‌. ബ്രിട്ടിഷുകാര്‍ അണ്ടര്‍ എയ്‌ജ്‌ എന്ന്‌ വിളിക്കുന്ന കുട്ടികളാണ്‌ ആഘോഷങ്ങള്‍ക്ക്‌ മുന്നില്‍. നമ്മുടെ നാട്ടില്‍ നിന്നുള്ളവരെന്ന്‌ തോന്നിക്കുന്നവരും ചില സംഘത്തില്‍ കണ്ടു. ഒഴുക്കിനൊപ്പം നീന്തുക എന്നതാണല്ലോ ശൈലി. കുട്ടികള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം മുതല്‍ എല്ലാം സൗജന്യമാണ്‌, ചികില്‍സക്ക്‌ പണം വേണ്ട, യാത്രക്ക്‌ പണം വേണ്ട, അവരെ ശിക്ഷിക്കാനും പീഡിപ്പിക്കാനും പോലീസുകാര്‍ക്ക്‌ പോലും അധികാരമില്ല. ജനസംഖ്യ കുറഞ്ഞ രാജ്യമായതിനാല്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസം നിശ്ചിത ജീവിത ചെലവ്‌ സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. സെക്കന്‍ഡറി വിദ്യാഭ്യാസം വരെ പഠനം പൂര്‍ണ സൗജന്യവുമാണ്‌. വര്‍ദ്ധിതമായി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കുട്ടികള്‍ മടിയന്മാരാവുന്നു, വഴി തെറ്റുന്നു, ഉത്തരവാദിത്ത്വ ബോധമില്ലാത്തവരായി മാറുന്നു തുടങ്ങിയ പ്രശ്‌നങ്ങളെല്ലാമുണ്ട്‌. കുട്ടികളെല്ലാം കാണാന്‍ വെളുത്ത സുന്ദര കൂട്ടപ്പന്മാരാണ്‌. നമ്മുടെ വി.എസിന്റെ ഭാഷ കടമെടുത്താല്‍ അമൂല്‍ ബേബിമാര്‍. കൈയിലിരിപ്പാണ്‌ പ്രശ്‌നം. തോക്കും കത്തിയുമെല്ലാമായി നടക്കുന്നവരുടെ എണ്ണം കൂടുതലാണ്‌.
ഇനി യുവതിലേക്ക്‌ വരാം. സമ്പാദ്യ ജീവിതത്തിലൊന്നും ഇവര്‍ക്ക്‌ താല്‍പ്പര്യമില്ല. ആഴ്‌ച്ചയില്‍ അഞ്ച്‌ ദിവസം ജോലിയെടുക്കും. ശബളമെല്ലാം വെള്ളിയാഴ്‌ച്ചയോടെ അടിച്ചുകലക്കും. കുടുംബ ജീവിതമെന്നാല്‍ അതൊക്കെ പരമ്പരാഗത വിശ്വാസമാണെന്നാണ്‌ ഇവരെല്ലാം പറയുന്നത്‌. നാല്‍പ്പത്‌ വയസ്‌ കഴിഞ്ഞാല്‍ മാത്രമാണ്‌ പലരും കുടുംബ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ . വിവാഹത്തിന്‌ മുമ്പ്‌ തന്നെ പാര്‍ട്ട്‌ണര്‍ ജീവിതവും ഇവിടെ പ്രചാരത്തിലുണ്ട്‌. ചിലപ്പോള്‍ ഒന്നും രണ്ടും കുട്ടികളായാലാണ്‌ വിവാഹം തന്നെ നടക്കുന്നത്‌. പക്ഷേ ഒന്നുണ്ട്‌ കെട്ടോ-എത്ര കുടിച്ചാലും ഇവന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. നമ്മുടെ നാട്ടിലേത്‌ പോലെ ഒന്ന്‌ വീശിയാല്‍ നല്ല ഫോമിലായി മറ്റുള്ളവരെ ദ്രോഹിക്കാറില്ല.
ഇനി പകല്‍ കാഴ്‌ച്ച; മടിയന്മാരായ ബ്രിട്ടിഷ്‌ യുവതക്ക്‌ മുന്നിലേക്കിതാ ഒരു കായിക താരത്തെ അവതരിപ്പിക്കുന്നു-ഇന്നലെ ഒളിംപിക്‌ സ്‌റ്റേഡിയത്തില്‍ രാവിലെ പോയപ്പോള്‍ കണ്ട കാഴ്‌ച്ചയിലെ നായകനായ ഈ താരത്തെ വിസ്‌മയം എന്ന വാക്കിലൊതുക്കാനാവില്ല. അല്‍ഭുതമാണ്‌. വിക്ടോറിയസ്‌ പിസാരസ്‌ എന്ന ദക്ഷിണാഫ്രിക്കന്‍ 400 മീറ്റര്‍ ഓട്ടക്കാരന്‍. രണ്ട്‌ കാലുകളുമില്ലാത്ത താരം. കൃത്യമ കാലുകളുമായി അദ്ദേഹം ഹീറ്റ്‌സില്‍ അരങ്ങ്‌ തകര്‍ത്തു. 45.44 സെക്കന്‍ഡില്‍ തന്റെ ഹീറ്റ്‌സില്‍ രണ്ടാമനായി സെമി ബെര്‍ത്ത്‌ നേടിയപ്പോള്‍ അധികമാളുകളില്ലാതിരുന്ന ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഞങ്ങളെല്ലാം എഴുന്നേറ്റ്‌ നിന്ന്‌ അദ്ദേഹത്തെ ആദരിച്ചു.
ഈ ചെറുപ്പക്കാരന്റെ മാനസികോര്‍ജ്ജത്തെ എന്ത്‌ പറഞ്ഞാണ്‌ വിശേഷിപ്പിക്കേണ്ടത്‌...? ഒളിംപിക്‌സ്‌ പോല അത്യുന്നത നിലവാരത്തില്‍ മല്‍സരം നടക്കുന്ന വേദിയിലേക്ക്‌ കാലുകളില്ലാതെ വന്ന്‌ എതിരാളികളെ നിഷ്‌പ്രഭമാക്കി മുന്നേറിയ ആഫ്രിക്കന്‍ താരം തെളിയിച്ചത്‌ അസാധ്യമായി ഒന്നുമില്ലെന്നാണ്‌. ട്രാക്കില്‍ അമേരിക്ക, കരിബീയന്‍ ദ്വീപസമുഹങ്ങളിലെ കരുത്തരായ താരങ്ങള്‍ കുതിക്കുമ്പോഴാണ്‌ എല്ലാ ക്യാമറകളെയും കാണികളെയും തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ പിസാരിയസ്‌ രണ്ടാമനായി ഫിനിഷ്‌ ചെയ്‌തത്‌. മല്‍സരത്തിന്‌ ശേഷം അദ്ദേഹത്തോട്‌ സംസാരിച്ചപ്പോള്‍ അതിലേറെ അല്‍ഭുതം തോന്നി. അംഗവൈകല്യമുള്ളവര്‍ക്കായി നടത്തുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും ഇവിടെ ഒരു മെഡല്‍ സ്വന്തമാക്കി ലോകത്തിന്‌ മുന്നില്‍ വൈകല്യമുള്ളവരുടെ പ്രതിനിധിയായി തല ഉയര്‍ത്തി നില്‍ക്കാനാണ്‌ മോഹമെന്നും നല്ല ഇംഗ്ലീഷില്‍ അദ്ദേഹം പറഞ്ഞു.
എല്ലാവരും ഉസൈന്‍ ബോള്‍ട്ടിനും യോഹാന്‍ ബ്ലേക്കിനും പിറകെ സഞ്ചരിക്കുമ്പോള്‍ ഈ മാതൃകാതാരത്തിന്‌ പിറകെ ആരുമില്ല. ബി.ബി.സി പോലും ഇടക്ക്‌ മറന്നു പിസാരിയസിനെ. രണ്ട്‌ കണ്ണിനും കാഴ്‌ച്ച ശക്തി നഷ്‌ടമായിട്ടും ഇഛാശക്തിയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന ഡല്‍ഹി നെഹ്‌റു സര്‍വകലാശാലയിലെ അസിസ്റ്റന്‍ഡ്‌ പ്രൊഫസറായ സുഹൃത്ത്‌ നവാസിനെയാണ്‌ ഓര്‍മ വന്നത്‌. ഈയിടെ കോഴിക്കോട്ട്‌ വെച്ച്‌ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ധന്മാരുടെ ദേശീയ ക്രിക്കറ്റ്‌ മല്‍സരം നടന്നിരുന്നു. ഇന്ത്യന്‍ ടീമിനെ അണിനിരത്തിയാണ്‌ അദ്ദേഹം ക്രിക്കറ്റിനോടുള്ള താല്‍പ്പര്യത്തിനൊപ്പം തങ്ങള്‍ ആര്‍ക്കും പിറകില്ലല്ലെന്നും തെളിയിച്ചത്‌.
ഇംഗ്ലീഷ്‌ യുവത്വം പ്രാപഞ്ചിക സുഖസൗകര്യങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ജീവിതത്തോട്‌ തോല്‍ക്കാന്‍ തയ്യാറാവാത്ത പിസാറസ്‌. യാഥാര്‍ത്ഥ്യങ്ങളുടെ രണ്ട്‌ കോണില്‍ ജീവിതത്തിന്റെ സത്യമുഖങ്ങളില്‍ നമ്മളും ചിന്തിക്കേണ്ടിയിരിക്കുന്നു. വില കൂടിയ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ആഡംബര വാഹനവുമായാല്‍ ജീവിതം പൂര്‍ണമാവുന്നില്ല- ഇഛാശക്തി വേണം ജീവിതപൂര്‍ണതക്ക്‌....

Sunday, August 26, 2012

ഈ തട്ടുകടയില്‍ മസാല ദോശയുണ്ട്‌, ഉപ്പ്‌്‌മാവുണ്ട്‌-പപ്പടവും


ചിത്രം
ഇന്ത്യന്‍ ബാഡ്‌മിന്റണിലെ യുവവാഗ്‌ദാനമായ പി.കശ്യപും കമാല്‍ വരദൂരും


ലണ്ടന്‍ ഡയറി-10
ഈ തട്ടുകടയില്‍ മസാല ദോശയുണ്ട്‌, ഉപ്പ്‌്‌മാവുണ്ട്‌-പപ്പടവും


അനന്തപുരി, തട്ടുകട, കേരളാപാലസ്‌, ഉദയ, കലവറ.....-ഈ നാമങ്ങള്‍ കേട്ടിട്ട്‌ എന്ത്‌ തോന്നുന്നു..! കേരളത്തിലെ ഏതെങ്കിലുമൊരു സ്ഥലത്തെ ഹോട്ടലുകളുടെ പേരാണെന്ന്‌ നിങ്ങള്‍ കരുതിയെങ്കില്‍ കുറ്റം പറയാനാവില്ല. പക്ഷേ ഞാനിപ്പോള്‍ നടക്കുന്നത്‌ ഈസ്‌റ്റ്‌ ഹാമിലൂടെയാണ്‌. ലണ്ടന്‍ ഒളിംപിക്‌സിന്റെ മുഖ്യവേദിയായ സ്‌റ്റാഫോര്‍ഡില്‍ നിന്ന്‌ പത്ത്‌ മിനുട്ട്‌്‌ യാത്ര ചെയ്‌താല്‍ ഇവിടെയെത്താം. തനി മലയാളിത്തമുള്ള ഹോട്ടലുകളുടെ പേരുകളാണ്‌ മേല്‍പ്പറഞ്ഞത്‌. കസ്‌തൂരി, കനകാബി തുടങ്ങിയ തമിഴ്‌ പേരുകളും ഇടക്കിടെയുണ്ട്‌. കുറച്ച്‌ കൂടി നടന്ന്‌ നോക്കാം. അതാ ഇനിയും ശുദ്ധമലയാളത്തില്‍ ബോര്‍ഡുകള്‍-ബ്രിട്ടീഷ്‌ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍, എസ്‌.എന്‍.ഡി.പി ഈസ്റ്റ്‌ ഹാം, ഓവര്‍സീസ്‌ ഇന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി, പ്രവാസി കോണ്‍ഗ്രസ്‌, ക്രൈസ്‌തവ സഭ, മലയാളി മുസ്ലിം വെല്‍ഫെയര്‍ കള്‍ച്ചറല്‍ സെന്റര്‍, കോതമംഗലം കൂട്ടായ്‌മ... നിങ്ങള്‍ ക്ഷമിക്കുക-ബോര്‍ഡുകള്‍ വായിച്ച്‌ മടുത്തിരിക്കുന്നു. കേരളാ ബസാറിന്റെയും ഓണം ബസാറിന്റെയുമെല്ലാം ബോര്‍ഡുകള്‍ വേറെയുമുണ്ട്‌.
ഈ വെള്ളക്കാരന്റെ നാട്ടില്‍ നമ്മള്‍ മലയാളികള്‍ അരങ്ങ്‌ തകര്‍ക്കുകയാണ്‌ കെട്ടോ. ഈസ്‌റ്റ്‌ ഹാം എന്ന കൊച്ചുനഗരം ശരിക്കും ഒരു കേരളാ തെരുവ്‌ പോലെ തന്നെ. ഇന്നലെ ഇവിടെ ഒരു ഇഫ്‌ത്താര്‍ പാര്‍ട്ടി ഉണ്ടായിരുന്നു. കേരളത്തിന്റെ മുന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.എം അബൂബക്കറിന്റെ അനുജന്‍ പി.എം നാസറിന്റെ വീട്ടില്‍. എനിക്കൊപ്പം ബ്രിട്ടീഷ്‌ കെ.എം.സി.സിയുടെ സെക്രട്ടറി കെ.എം സഫീറും. ഒളിംപിക്‌ പാര്‍ക്കില്‍ നിന്നും അല്‍പ്പമകലെയുള്ള വെംബ്ലി പാര്‍ക്കില്‍ സൈന നെഹ്‌വാളിന്റെ മല്‍സരം കഴിഞ്ഞ്‌ മടങ്ങാന്‍ സമയമെടുത്തു. സ്റ്റാഫോര്‍ഡിലെത്തി അവിടെ നിന്ന്‌ ട്യൂബ്‌ വഴി ഈസ്‌റ്റ്‌ ഹാമിലെത്തുമ്പോള്‍ ആതിഥേയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. നാട്ടിലെ വിഭവങ്ങളുമായി ഒരു കോഴിക്കോടന്‍ ഇഫ്‌ത്താര്‍. സമൂസയും ഉന്നക്കായയും ചട്ടിപ്പത്തിരിയുമെല്ലാം. നോമ്പ്‌ തുറന്ന ശേഷം തൊട്ടരികിലുള്ള മദീന മസ്‌ജിദിലേക്ക്‌ മഗ്‌രിബ്‌ നമസ്‌കരിക്കാന്‍ പോയി. നഗരമധ്യത്തില്‍ തന്നെ മലയാളി ചുവ്വയുള്ള പള്ളി. അംഗശുദ്ധി വരുത്താന്‍ നല്ല ചൂടുവെള്ളം. നോമ്പ്‌ തുറക്കാര്‍ ധാരാളമാളുകളുണ്ടായിരുന്നു പള്ളിയില്‍. നമസ്‌ക്കാരത്തിന്‌ ശേഷമാണ്‌ നഗരയാത്ര ചെയ്‌തത്‌. അപ്പോഴാണ്‌ മലയാളിക്കരുത്ത്‌ കണ്ടത്‌.
1988 മുതല്‍ ഇവിടെയുണ്ട്‌ നാസര്‍. ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അദ്ദേഹം പറയുന്നത്‌ ഈസ്‌റ്റ്‌ഹാം എന്നാല്‍ അത്‌ മിനി ഇന്ത്യയെന്നാണ്‌. മലയാളികളും തമിഴരും പിന്നെ തമിഴ്‌ സംസാരിക്കുന്ന ശ്രീലങ്കക്കാരും. മൊത്തം കാര്യങ്ങള്‍ അവരാണ്‌ നിയന്ത്രിക്കുന്നത്‌. പണ്ട്‌ ഫോര്‍ഡ്‌ കമ്പനിയുടെ ആസ്ഥാനം ഇവിടെയായിരുന്നു. ഈ കമ്പനിയില്‍ ജോലിക്കായി മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ കുടിയേറിയ മലയാളി കുടുംബങ്ങളാണ്‌ ഇപ്പോള്‍ ഇവിടെ സ്ഥിരതാമസക്കാരായിരിക്കുന്നത്‌.
ഈ നാട്ടില്‍ പൗരത്വം ലഭിക്കാന്‍ എളുപ്പമാണ്‌. അഞ്ച്‌ വര്‍ഷം ഇവിടെ താമസിച്ചാല്‍ നിങ്ങള്‍ക്ക്‌ ബ്രിട്ടിഷ്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കും. പിറകെ പൗരത്വവും നേടാം. പൗരത്വം നേടിയാല്‍ ഇവിടെ സ്ഥലം വാങ്ങാം. വീടെടുക്കാം. എല്ലാം എളുപ്പമാണ്‌. അതിനാല്‍ തന്നെ പലരും ഇവിടെയെത്തുന്നു.സ്ഥിരക്കാരാവുന്നു. ഗള്‍ഫിലെ മലയാളികളും ഇപ്പോള്‍ ഇങ്ങോട്ട്‌ ഒഴുകുന്നുണ്ട്‌. നാസറിനെ പോലുള്ളവര്‍ പറയുന്നത്‌ ജീവിക്കാന്‍ സുഖം ഈ നാട്‌ തന്നെയെന്നാണ്‌. നമ്മുടെ നാട്ടില്‍ അടിക്കടി ഹര്‍ത്താല്‍, വെട്ടും കൊലയുമെല്ലാം. കഴിഞ്ഞ ദിവസം പി.ജയരാജനെ അറസ്‌റ്റ്‌ ചെയ്‌തതും തുടര്‍ന്നുള്ള സംഘര്‍ഷവുമെല്ലാമാണ്‌ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നത്‌. റമസാന്‍ മാസത്തില്‍ വ്രതപുണ്യം തേടി വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരാവുമ്പോള്‍ അവരെ പോലും വേട്ടയാടുന്ന തരത്തില്‍ ബന്ദും ഹര്‍ത്താലും ആഘോഷമാക്കുന്നത്‌ നമ്മുടെ നാട്ടില്‍ മാത്രമാണെന്ന്‌ ഇവരെല്ലാം രോഷത്തോടെ പറയുന്നു. ഈ നാട്ടില്‍ ഹര്‍ത്താലോ, ബന്ദോ ഒന്നുമില്ല. പൊതുസംവിധാനത്തെ ബാധിക്കുന്ന ഒരു കാര്യവും സംഘടനകള്‍ ചെയ്യില്ല. ജീവിതം വളരെ തിരക്കേറിയതാണിവിടെ. സംഘടകള്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളത്‌ പോലെ അവര്‍ക്ക്‌ പ്രശ്‌്‌നമുണ്ടാക്കാതിരിക്കാനുള്ള ബാധ്യതയുമുണ്ട്‌.
ഈസ്റ്റ്‌ ഹാമിന്‌ മൊത്തത്തില്‍ ഒരു മലയാളി പിശകുമുണ്ട്‌. മറ്റ്‌ ഇംഗ്ലീഷ്‌ നഗരങ്ങളെ അപേക്ഷിച്ച്‌ വൃത്തി കുറവാണ്‌. ആകെ ബഹളമയം. മലയാളം സംസാരിക്കുന്നവരും തമിഴരുമെല്ലാമായി ജഗപൊഗ. ഉപ്പ തൊട്ട്‌ കര്‍പ്പൂരം വരെ ലഭിക്കുന്ന കടകള്‍ ഇവിടെ ധാരാളം. ഓണം ബസാറില്‍ കയറിയപ്പോള്‍ നാട്ടിലെ സപ്ലൈകോ ഔട്ട്‌ലെറ്റിനേക്കാള്‍ ഭേദം. സാധനങ്ങള്‍ക്കൊന്നും വലിയ വിലയില്ല. പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ചെറിയ വിലക്ക്‌ ലഭിക്കും. ഒരു കേരളാ ഹോട്ടലില്‍ കയറിയപ്പോള്‍ നല്ല മസാല ദോശയും ചട്ടിനിയും. വടയും ഉപ്പ്‌മാവുമെല്ലാം വെറെയുമുണ്ട്‌. നല്ല തിരക്കിലും ഹോട്ടല്‍ ജീവനക്കാര്‍ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ചിരിച്ച്‌ കൊണ്ടുള്ള പെരുമാറ്റം. ഭക്ഷണത്തിന്‌ സ്വാദുണ്ടോ എന്ന അന്വേഷണം. കൂടുതല്‍ വേണമെങ്കില്‍ ഉടനെത്തും. കാഷ്‌ കൗണ്ടറിലോ-പണം നല്‍കിയതിന്‌ ശേഷം നന്ദിയും ഇനിയും വരണമെന്ന അഭ്യര്‍ത്ഥനയും. ഈ പെരുമാറ്റമെല്ലാം കണ്ടപ്പോള്‍ പെട്ടെന്ന്‌ ഓര്‍മ്മ വന്നത്‌ നാട്ടിലെ ഹോട്ടലുകളാണ്‌. ഭക്ഷണത്തിന്‌ ആര്‌ കയറിയാലും അവരെ പരിചരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന ജോലിക്കാര്‍, ഒന്ന്‌ ചിരിക്കാന്‍ മറക്കുന്ന മുതലാളി, ഭക്ഷണമെങ്ങനെയെന്ന്‌ ചോദിക്കുന്നതിന്‌ പകരം പണം വാങ്ങി വേഗം പെട്ടിയിലിടുന്ന തിരക്കില്‍ പല മര്യാദകളും നമ്മളങ്ങ്‌ മറക്കുന്നു. നമ്മുടെ ഹോട്ടലുകാര്‍ക്ക്‌ പണമാണ്‌ മുഖ്യം. ഭക്ഷണം തേടിയെത്തുന്നവരല്ല. ഇവിടെ എല്ലാ ഹോട്ടലുകളിലും ഭക്ഷണപാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെയെല്ലാം പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു. ഏത്‌ തരം എണ്ണയാണ്‌ ഉപയോഗിക്കുന്നത്‌. എങ്ങനെയാണ്‌ പാചകം എന്നതെല്ലാം പരസ്യപ്പെടുത്തണം. ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും പരസ്യമായി പ്രദര്‍ശിപ്പിക്കണം.
മസാല ദോശയിപ്പോള്‍ വെള്ളക്കാരനും പ്രിയപ്പെട്ടതാണെന്ന്‌ ഹോട്ടലുകാര്‍ പറയുന്നു. അവര്‍ക്ക്‌ പക്ഷേ ദോശക്കൊപ്പം പപ്പടം കിട്ടണം. എന്ത്‌ ഭക്ഷണം കഴിക്കുമ്പോഴും പപ്പടം നിര്‍ബന്ധമാണ്‌. നമ്മള്‍ ചെയ്യുന്നത്‌ പോലെ ഭക്ഷണത്തിനിടെയല്ല അവര്‍ പപ്പടം കഴിക്കുന്നത്‌. തുടക്കത്തില്‍ മൂന്നും നാലും പപ്പടമങ്ങ്‌ കഴിക്കും. സംസാരത്തിനിടെ വന്ന വെള്ളക്കാരന്‍ റോസറ്റെ വാനിനെ പരിചയപ്പെട്ടു. മസാലദോശ എപ്പടി എന്ന്‌ ചോദിച്ചപ്പോള്‍ മലയാളത്തില്‍ മറുപടി-കേമം........

Saturday, August 25, 2012

വസ്‌ത്രം ഇവര്‍ക്ക്‌ ഇഷ്ടമാണ്‌



ചിത്രം

കമാല്‍ വരദൂരും മേരി കോമും

ലണ്ടന്‍ ഡയറി-9

വസ്‌ത്രം ഇവര്‍ക്ക്‌ ഇഷ്ടമാണ്‌

വസ്‌ത്ര വിരോധികളുടെ പറുദീസയില്‍ നിന്നിതാ വസ്‌ത്രസ്‌നേഹികളായ രണ്ട്‌ വനിതകളെ പരിചയപ്പെടുത്തുന്നു. ഒരാള്‍ സഊദി അറേബ്യയില്‍ നിന്നുള്ള ജൂഡോ താരം വോജ്‌ദാന്‍ അലി സിറാജ്‌ അബ്ദുള്‍റഹീം ഷഹര്‍ഖാനി. അടുത്തത്‌ ഇറാനില്‍ നിന്നുള്ള ഒളിംപിക്‌ വോളണ്ടിയര്‍ സുമയ്യാ നരാനി.
ഷഹര്‍ഖാനി ഇവിടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ്‌- മെഡല്‍ നേടിയിട്ടാണെന്ന്‌ വെറുതെ സംശയിക്കരുത്‌. സ്വന്തം വിശ്വാസത്തിലും നിലപാടിലും ഉറച്ച സമീപനം സ്വീകരിച്ചാണ്‌ പതിനാറുകാരി എല്ലാവരെയുമങ്ങ്‌ ഞെട്ടിച്ചുകളഞ്ഞത്‌. വനിതകളുടെ 78 കിലോഗ്രാം ജൂഡോയില്‍ മല്‍സരിക്കാനാണ്‌ ഷഹര്‍ഖാനി എത്തിയത്‌. മല്‍സരക്കളത്തില്‍ ഹിജാബ്‌ (മുഖമക്കന) അണിഞ്ഞ്‌ ഷഹര്‍ഖാനി എത്തിയപ്പോള്‍ സ്ലോവേനിയയില്‍ നിന്നുള്ള എതിരാളിക്ക്‌ എതിര്‍പ്പ്‌. ജൂഡോയില്‍ ഈ വേഷത്തില്‍ ഒരു എതിരാളിയെ താന്‍ ഇതിന്‌ മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ റഫറിമാരും യോജിച്ചു. ഇത്‌ പറ്റില്ല. ഹിജാബ്‌ അണിഞ്ഞ്‌ മല്‍സരിക്കാന്‍ അനുവദിക്കില്ലെന്ന്‌ ലോക ജൂഡോ ഫെഡറേഷനും വ്യക്തമാക്കി- മക്കന അഴിക്കണം. അതിന്‌ റഫറിമാര്‍ പറഞ്ഞ കാരണവും രസകരമായിരുന്നു. ഹിജാബ്‌ ചിലപ്പോള്‍ പ്രതിയോഗിയുടെ ദേഹത്ത്‌ തട്ടും. പരുക്കിന്‌ സാധ്യതയുണ്ട്‌. (നേരിയ സില്‍ക്ക്‌ നൂലില്‍ നിര്‍മ്മിക്കുന്നതാണ്‌ ഹിജാബ്‌). പക്ഷേ ഇതൊന്നും കേട്ടിട്ട്‌ ഷഹര്‍ഖാനി കുലുങ്ങിയില്ല. അവള്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കി-സോറി, അങ്ങനെയാണെങ്കില്‍ മല്‍സരിക്കാന്‍ ഞാനില്ല. ഹിജാബ്‌ അണിഞ്ഞേ മല്‍സരിക്കു. അല്ലാത്തപക്ഷം പോവാന്‍ അനുവദിക്കണം. അതോടെ പ്രശ്‌നമായി. കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന്‌ ഇത്തരത്തിലൊരു തീരുമാനം പ്രതിയോഗിയും റഫറിമാരും പ്രതീക്ഷിച്ചിരുന്നില്ല. ഉടന്‍ തന്നെ ചര്‍ച്ചയായി. സ്ലോവേനിയക്കാരി തീരുമാനം മാറ്റി, അധികാരികളും അയഞ്ഞു. അങ്ങനെ ഷഹര്‍ഖാനി ഹിജാബുമിട്ട്‌ മല്‍സരിച്ചു. ജയിച്ചോ എന്ന്‌ മാത്രം ചോദിക്കരുത്‌.....
സഊദിയില്‍ നിന്നും പലരുടെയും എതിര്‍പ്പ്‌ അവഗണിച്ച്‌ ഭരണക്കുടത്തിന്റെ പിന്തുണയില്‍ ഒളിംപിക്‌സിനെത്തി ഇവിടെ അധികാരികളുടെ മുന്നില്‍ തല ഉയര്‍ത്തി നിന്ന ഷഹര്‍ഖാനിയെ കാണാന്‍ ഒളിംപിക്‌ വില്ലേജില്ലെത്തി. ഇതാദ്യമായാണ്‌ സഊദിയില്‍ നിന്നും വനിതാതാരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌. ഷഹര്‍ഖാനിയെ കൂടാതെ 800 മീറ്ററില്‍ മല്‍സരിക്കുന്ന സാറാ അത്തറുമുണ്ട്‌. സഊദി അറേബ്യ, ഖത്തര്‍, ബ്രൂണെ ദാറുസ്സലാം എന്നീ അറേബ്യന്‍ രാജ്യങ്ങള്‍ വനിതാ കായിക താരങ്ങള്‍ക്ക്‌ അവസരം നല്‍കാതെ ഒളിംപിക്‌ പ്രസ്ഥാനത്തെ ചോദ്യം ചെയ്യുകയാണെന്നാരോപിച്ച്‌ ചില മനുഷ്യാവകാശ സംഘടനകള്‍ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയെ സമീപിക്കുകയും വനിതാ കായികതാരങ്ങളെ മല്‍സരിക്കാന്‍ അനുവദിക്കാത്തപക്ഷം ഈ രാജ്യങ്ങളെ വിലക്കണമന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഒളിംപിക്‌ കമ്മിറ്റി നടത്തിയ നീക്കത്തിലാണ്‌ രണ്ട്‌ വനിയാ താരങ്ങള്‍ക്ക്‌ സഊദി അനുമതി നല്‍കിയത്‌. അബ്ദുല്ല രാജാവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്‌. എന്നാല്‍ വനിതാ താരങ്ങളുടെ ഒളിംപിക്‌സ്‌ സാന്നിദ്ധ്യം സംബന്ധിച്ച്‌ രാജ്യത്ത്‌ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോഴും. എന്തായാലും ഉദ്‌ഘാടന മാര്‍ച്ച്‌ പാസ്റ്റില്‍ കൈയ്യടി നേടിയ ഷഹര്‍ഖാനി തോല്‍ക്കാന്‍ മനസ്സില്ല എന്ന നിലപാടിലായിരുന്നു. വില്ലേജില്‍ എത്തിയപ്പോള്‍ സംസാരിക്കാന്‍ ഷഹര്‍ഖാനിക്ക്‌ ഒളിംപിക്‌ അസോസിയേഷന്റെ അനുമതി വേണം. അതിനായി കാത്തിരിപ്പ്‌. ജൂഡോയിലേക്ക്‌ വരാന്‍ കാരണം ആ മല്‍സരത്തോടുള്ള താല്‍പ്പര്യമാണെന്ന്‌ പറഞ്ഞ താരം ഇത്‌ വരെ പരിശീലനം നടത്തിയതും മല്‍സരങ്ങളില്‍ പങ്കെടുത്തതുമെല്ലാം ഹിജാബ്‌ അണിഞ്ഞാണെന്നും തനിക്ക്‌ ഹിജാബില്ലാതെ മല്‍സരിക്കാനാവില്ലെന്നും ആവര്‍ത്തിച്ചു. രാജ്യത്തെ എതിര്‍പ്പുകളെക്കുറിച്ച്‌ പ്രതികരിക്കാത ഒളിംപിക്‌സ്‌ പോലെ വലിയ വേദിയില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തിലും അവര്‍ പറയുന്നത്‌ വിശ്വസമാണ്‌ പ്രധാനമെന്നാണ്‌. വിശുദ്ധ നഗരത്തില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്‌. വിശ്വാസത്തിനെതിരെ ഒന്നും ചെയ്യില്ല. അങ്ങനെ ഒരു മെഡലും വേണ്ട. പൂര്‍ണമായും ശരീരം മറച്ചുള്ള മല്‍സരത്തിനെ എതിര്‍ക്കുന്നവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ ശരീരപ്രകടനമല്ല പോരാട്ടമെന്നാണ്‌.
അതെ ഷഹര്‍ഖാനിയുടെ ഈ വാക്കുകള്‍ നമ്മുടെ താരങ്ങളെല്ലാം ഒന്ന്‌ കേള്‍ക്കുന്നത്‌ നല്ലതല്ലേ.... വനിതാ താരങ്ങളുടെ വസ്‌ത്രവിരോധം വര്‍ദ്ധിച്ച്‌ വരുന്ന കാലത്ത്‌ ഇത്തരത്തിലൊരു നിലപാട്‌ സ്വീകരിക്കാന്‍ ഇങ്ങനെയും ഒരാള്‍ വേണ്ടേ... ബിച്ച്‌ വോളിബോളിലും ജിംനാസ്‌റ്റിക്‌സിലും നീന്തലിലും ടെന്നിസിലും ബാഡ്‌മിന്റണിലുമെല്ലാം മല്‍സരിക്കുന്ന താരങ്ങള്‍ക്ക്‌ പിറകെ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനെന്ന പേരില്‍ വനിതാ മാമാങ്കങ്ങളെല്ലാം ബിക്കിനി മാമാങ്കങ്ങളായി മാറുകയാണിവിടെ. അറബ്‌ രാജ്യങ്ങളില്‍ നിന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളാണ്‌ ഇതിന്‌ അപവാദം. നമ്മുടെ സാനിയ മിര്‍സയാവട്ടെ ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലുമാണ്‌.
ഇനി സുമയ്യ നരാനിയിലേക്ക്‌ വരാം.ഇന്നലെ ഒളിംപിക്‌ പാര്‍ക്കിലേക്ക്‌ വരുമ്പോള്‍ അതിഥികളെ സ്വാഗതം ചെയ്യുന്ന കൂട്ടത്തില്‍ ഉയരത്തിലുള്ള ഇരിപ്പിടത്തില്‍ സുമയ്യ. നല്ല ഇംഗ്ലീഷില്‍ എല്ലാവര്‍ക്കും സ്വാഗതം പറയുന്നതാവട്ടെ പൂര്‍ണ ഇസ്ലാമിക വേഷത്തില്‍ തന്നെ. സഹ വോളണ്ടിയര്‍മാരെല്ലാം അല്‍പ്പവസ്‌ത്രധാരികളാണെങ്കില്‍ സുമയ്യ ഇറാനിയന്‍ പാരമ്പര്യം ഉയര്‍ത്തിപിടിച്ചാണ്‌ ജോലി ചെയ്യുന്നത്‌. ഫോട്ടോ എടുക്കുന്നതിലൊന്നും സുമയ്യക്ക്‌ പരാതിയില്ല. നല്ലത്‌ മാത്രമേ എഴുതാവു എന്ന അഭ്യര്‍ത്ഥന മാത്രം. ലക്ഷത്തോളം വരുന്ന വോളണ്ടിയര്‍ സംഘത്തില്‍ എല്ലാ ജാതി മതസ്ഥരുമുണ്ട്‌. സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി സംശയങ്ങള്‍ക്ക്‌ അതിവേഗം മറുപടി നല്‍കി സ്വന്തം ജോലി മനോഹരമാക്കുന്ന വിദ്യാര്‍ത്ഥികളാണ്‌ കൂടുതല്‍.
ഇനി ഒരു അറബ്‌ ഗാഥയും പറയാം-ഖത്തറിന്‌ ഒളിംപിക്‌സില്‍ ഒരു വെങ്കലം കിട്ടി, ഷൂട്ടിംഗില്‍. വലിയ നേട്ടത്തിന്റെ ആഘോഷഭാഗമായി ഖത്തറില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം ഖത്തര്‍ ഒളിംപിക്‌ കമ്മിറ്റി ഗംഭീര പാരിതോഷികം വിതരണം ചെയ്‌തു-ആപ്പിളിന്റെ 4 ജി.ബി ഐ ഫോണ്‍. തനിക്ക്‌ കിട്ടിയ ഫോണുമായി ഖത്തറില്‍ നിന്നുള്ള മലയാളി ഫോട്ടോഗ്രാഫര്‍ ഷാജഹാന്‍ മൊയ്‌തീന്‍ അരികിലെത്തി ചോദിച്ചു- നിങ്ങള്‍ക്കും കിട്ടിയിരുന്നല്ലോ ഒരു വെങ്കലം. എന്നിട്ട്‌ എന്ത്‌ കിട്ടി...? അതെ ഗഗന്‍ നരാംഗ്‌ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയപ്പോള്‍ ഒരു മിഠായി പോലും ഇന്ത്യന്‍ ഒളിംപിക്‌ കമ്മിറ്റിക്കാര്‍ വിതരണം ചെയ്‌തില്ല. മന്ത്രി അജയ്‌ മാക്കനും സംഘവുമെല്ലാം അവിടെയുണ്ടായിരുന്നു.125 കോടിക്ക്‌ ഒരു ഓട്‌- അത്‌ കൊണ്ട്‌ എന്ത്‌ കാര്യമെന്നായിരിക്കാം നമ്മുടെ അധികാരികള്‍ ചിന്തിച്ചത്‌. ഖത്തറിന്‌ ഇനി ഒരു സ്വര്‍ണം കിട്ടിയാലോ.... ഷാജഹാനെ പോലുള്ളവര്‍ക്ക്‌ കാറും വീടുമെല്ലാം കിട്ടും. ഖത്തറെവിടെ, നമ്മളെവിടെ....!

Friday, August 24, 2012

കടലാസിലെ കാര്യവും നമ്മുടെ താന്തോന്നിത്തങ്ങളും


ചിത്രം
കെ.ടി ഇര്‍ഫാനും കമാല്‍ വരദൂരും മയുഖാ ജോണിയും ഒളിംപിക്‌ വില്ലേജില്‍

ലണ്ടന്‍ ഡയറി-8

കടലാസിലെ കാര്യവും നമ്മുടെ താന്തോന്നിത്തങ്ങളും

ആദ്യം ഈ ചിത്രമൊന്ന്‌ നോക്കുക..... എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ..? ഇല്ലെങ്കില്‍ പറയാം-ലണ്ടനില്‍ ഒന്നിനും രണ്ടിനും പോവാനുള്ള സ്ഥലമാണിത്‌....! വഴി നീളെ ഈ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റുകളുണ്ട്‌. ഒരു മടിയുമില്ലാതെ എല്ലാവരും എളുപ്പത്തില്‍ ഉപയോഗിക്കുന്നു. പക്ഷേ നമ്മളെങ്ങാനും അതിനുള്ളില്‍ കയറിയാല്‍ വിവരമറിയും. കാരണം വെള്ളത്തിന്റെ ഉപയോഗം കുറവാണ്‌. സര്‍വം കടലാസ്‌ മയം. ഒന്നിനാണെങ്കിലും രണ്ടിനാണെങ്കിലും കടലാസ്‌ സേവയില്‍ നിങ്ങള്‍ മിടുക്കനാണോ അതിവേഗം കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം. വെള്ളമുള്ള ടോയ്‌ലറ്റുകള്‍ പ്രത്യേകം മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. അവ ഉപയോഗിക്കാനാവട്ടെ വലിയ തിരക്കുമില്ല. യൂറോപ്പിലെത്തിയാല്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച്‌ മലയാളികള്‍ അനുഭവിക്കുന്ന വലിയ പീഡനം ടോയ്‌ലറ്റ്‌ ഉപയോഗം തന്നെയാണ്‌. ഇവിടെ നിങ്ങള്‍ക്ക്‌ ബക്കറ്റും പൈപ്പും ഒന്നും കാണാന്‍ തന്നെ കിട്ടില്ല. നല്ല പേപ്പര്‍ റോളുകളുണ്ടാവും. അതാണ്‌ പ്രധാന ശുദ്ധീകരണായുധം.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌ 205 രാജ്യങ്ങള്‍. മല്‍സരിക്കുന്ന താരങ്ങളുടെ എണ്ണം 10,500. മല്‍സരഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 20,000. വോളണ്ടിയര്‍മാരും സാങ്കേതിക വിദഗ്‌ദ്ധരും പൊലീസും പട്ടാളവും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സഹായികളുമെല്ലാമായി രണ്ട്‌ ലക്ഷം പേര്‍. ഒളിംപിക്‌സ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയ പതിനൊന്ന്‌ ദശലക്ഷം കാണികള്‍, സ്‌പോണ്‍സര്‍മാരും വ്യവസായ ഗ്രൂപ്പുകളുമായി കാല്‍ ലക്ഷം പേര്‍, ഇവരെല്ലാം ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍, അതിന്‌ പുറമെ ഇവര്‍ക്കെല്ലാവര്‍ക്കുമായി വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നുള്ള വേസ്റ്റുകള്‍. ഒരു ദിവസം കൊണ്ട്‌ ലണ്ടന്‍ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറാനുള്ള അപകടകരമായ അവസ്ഥയെ വിജയകരമായി തരണം ചെയ്യുന്ന ഒരു ലക്ഷത്തോളം മാലിന്യ സംസ്‌ക്കരണ വോളണ്ടിയര്‍മാര്‍. അവരെക്കുറിച്ചാണ്‌ ഇന്നത്തെ ഡയറിക്കുറിപ്പ്‌.
ചിലരുടെ ജോലിയും സേവനവും നമ്മളാരും കാണില്ല. നിശബ്ദമായി സേവനം നടത്തുന്നവര്‍. മാധ്യമങ്ങളില്‍ അവരുടെ ചിത്രങ്ങളോ വാര്‍ത്തകളോ വരാറില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ സ്വന്തം ജോലിയില്‍ വ്യാപൃതരായി കഴിയുന്നവര്‍. അവരില്‍ ഒരാളാണ്‌ മിക്കായോ സുനിയാവോ എന്ന ഫിലിപ്പൈനി. ഇന്നലെ ഹോക്കി സ്‌റ്റേഡിയത്തിലേക്ക്‌ പോകവെയാണ്‌ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റ്‌ ബ്ലോക്കിനരികില്‍ ഊര്‍ജസ്വലനായി നില്‍ക്കുന്ന യുവാവിനെ കണ്ടത്‌. ഒളിംപിക്‌സിന്റെ ഭാഗമായി മൊത്തം 362 ടോയ്‌ലറ്റ്‌ ബ്ലോക്കുകളാണ്‌ നഗരപ്രാന്തത്തില്‍ സ്ഥാപിച്ചിരിക്കുന്നത്‌. എല്ലാ ബ്ലോക്കുകള്‍ക്ക്‌ മുന്നിലും വ്യക്തമായ ഇംഗ്ലീഷില്‍ അത്‌ ഉപയോഗിക്കേണ്ട വിധവും എഴുതിയിട്ടുണ്ട്‌. പക്ഷേ മുട്ടുന്നവന്‌ വായിക്കാന്‍ സമയമില്ലല്ലോ... അവന്‍ ഓടിക്കയറും. ടോയ്‌ലറ്റ്‌ വൃത്തികേടാക്കും. അത്‌ വൃത്തിയാക്കേണ്ട ജോലിയാണ്‌ ഫിലിപ്പൈനിക്ക്‌. രാവിലെ തുടങ്ങിയതാണ്‌ അദ്ദേഹം ജോലി. ഒരു ടോയ്‌ലറ്റ്‌ ബ്ലോക്കില്‍ 25 ടോയ്‌ലറ്റുകള്‍. ഒരേ സമയം ഇതെല്ലാം വൃത്തിയാക്കണം. സംസാരിക്കാനൊന്നും അദ്ദേഹത്തിന്‌ സമയമുണ്ടായിരുന്നില്ല. പക്ഷേ ഇടക്ക്‌ മഴ പെയ്‌തപ്പോള്‍ കുടയില്ലാത്തതിനാല്‍ ഞാന്‍ ഓടിക്കയറിയത്‌ അവന്റെ പ്ലാസ്റ്റിക്‌ കുടക്ക്‌ കീഴിലാണ്‌. അപ്പോഴാണ്‌ സംസാരിക്കാന്‍ പറ്റിയത്‌. ഒറ്റനോട്ടത്തില്‍ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍. നമ്മുടെ നാട്ടില്‍ തോട്ടിയെ കണ്ടാല്‍ എളുപ്പത്തില്‍ തിരിച്ചറിയാമല്ലോ. ഇവനെ കണ്ടാല്‍ അങ്ങനെ തോന്നുകയേ ഇല്ല. അടിപൊളി ജീന്‍സും ടീ ഷര്‍ട്ടും ഷൂവും പിന്നെ കൂളിംഗ്‌ ഗ്ലാസും. അല്ലെങ്കിലും ഫിലിപ്പൈനികള്‍ അങ്ങനെയാണ്‌. ഏത്‌ ജോലി ചെയ്യുകയാണെങ്കിലും സ്വന്തം വസ്‌ത്രധാരണത്തില്‍ പിറകോട്ട്‌ പോവില്ല. തോട്ടിപ്പണിയാണെങ്കിലും അതിന്റെ നിരാശയൊന്നും മുഖത്തില്ല. ചെയ്യുന്ന ജോലിയാണ്‌ വലുത്‌ എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നു പയ്യന്‍സ്‌. അത്യാവശ്യ വിദ്യാഭ്യാസം മാത്രമാണുള്ളത്‌. നാട്ടിലെ ദാരിദ്ര്യത്തില്‍ ജോലി തേടി ഇവിടെ എത്തിയതാണ്‌. ചെറിയ ശമ്പളം മാത്രം. പക്ഷേ ആത്മസംതൃപ്‌തിയോടെയാണ്‌ സംസാരം. പതിനാല്‌ മണിക്കൂറോളം ജോലി ചെയ്‌താല്‍ പത്ത്‌ മണിക്കൂര്‍ വിശ്രമം.
ഇന്ത്യക്കാരാണ്‌ തനിക്ക്‌ ഏറെ പണി നല്‍കുന്നതെന്നാണ്‌ മിക്കായോ പറയുന്നത്‌. കാരണം അവര്‍ക്ക്‌ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അറിയില്ല. ചിലര്‍ ക്ലോസറ്റ്‌ തന്നെ ഉപയോഗിക്കാതെ പുറത്ത്‌ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുമത്രെ.... വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലാത്തവര്‍, ടോയ്‌ലറ്റ്‌ ക്ലീന്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍, കടലാസുകള്‍ ക്ലോസറ്റിലേക്ക്‌ വലിച്ചെറിയുന്നവര്‍ എല്ലാം ഇന്ത്യക്കാരാണെന്ന്‌ അവന്‍ പറയുന്നു. വെറുതെ രോഷാകുലരാവുന്നതിലും ഇന്ത്യക്കാരാണ്‌ മുന്നിലെന്ന്‌ മിക്കായോ പറഞ്ഞപ്പോള്‍ വലിയ ജാള്യത തോന്നി. ഗുഡ്‌മോര്‍ണിംഗ്‌ പറഞ്ഞാല്‍ പ്രതികരിക്കാന്‍ പോലും തയ്യാറാത്തവരായി നമ്മള്‍ എങ്ങനെ ഇങ്ങനെ മാറുന്നു...?
മിക്കായോയില്‍ നിന്ന്‌ മാലിന്യസംസ്‌കരണ രീതി മനസ്സിലാക്കിയപ്പോള്‍ ഒരിക്കല്‍കൂടി ഇതാ ഈ ഇംഗ്ലീഷുകാര്‍ക്ക്‌ ഫുള്‍മാര്‍ക്ക്‌ നല്‍കുന്നു. റിസൈക്കിള്‍ബിന്‍, നോണ്‍റിസൈക്കിള്‍ ബിന്‍, പേപ്പര്‍ വേസ്റ്റ്‌ എന്നിങ്ങനെ മൂന്ന്‌ ഗ്രൂപ്പുകളിലായാണ്‌ മാലിന്യനിക്ഷേപത്തിന്‌ നിര്‍ദ്ദേശം. അത്‌ പാലിക്കപ്പെട്ടാല്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രത്യേക വാഹനമെത്തി ഓരോന്നും ശേഖരിക്കും. എന്നിട്ട്‌ അത്‌ ഡിസ്‌പോസിബിള്‍ കേന്ദ്രത്തില്‍ നിക്ഷേപിക്കും. അവിടെ നിന്ന്‌ അതിവേഗം ശാസ്‌ത്രീയമായ സംസ്‌കരണ പ്രക്രിയയിലുടെ എല്ലാ മാലിന്യങ്ങളും വീണ്ടും ഉപയോഗ വസ്‌തുക്കളായി മാറും. വെള്ളത്തിന്‌ ഇവിടെ വലിയ ക്ഷാമമില്ല. പക്ഷേ വെള്ളത്തിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്‌. അശുദ്ധജലം വെറുതെ കളയാതെ അതിലും റിസൈക്‌ളിംഗ്‌ നടത്തുന്നു. എന്നിട്ട്‌ അവ വീണ്ടും ശുദ്ധീകരിച്ച്‌ ടോയ്‌ലറ്റ്‌ ഉപയോഗത്തിന്‌ വരുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ഒന്ന്‌ മാത്രം-ടോയ്‌ലറ്റിന്‌ മുന്നില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ച്‌ കാര്യം സാധിച്ചാല്‍ മതി.
വായിക്കാന്‍ തയ്യാറാവാത്തവര്‍ ആരാണ്‌...? നിയമങ്ങളെ പാലിക്കാന്‍ മടിയുള്ളവര്‍ ആരാണ്‌...? സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യത്തിന്റെ വക്താക്കള്‍ ആരാണ്‌...? ഞാനും എന്റെ ലോകവും എന്ന്‌ ചിന്തിക്കുന്നവര്‍ ആരാണ്‌...? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ക്ക്‌ തന്നെ അറിയില്ലേ. അത്‌ കൊണ്ട്‌ എഴുതുന്നില്ല. നമ്മള്‍ നമ്മുടെ വില മാത്രമല്ല രാജ്യത്തിന്റെ സല്‍പ്പേരും കളയുന്നവരാവുമ്പോള്‍ മിക്കായോ എത്ര വലിയവന്‍....!


Thursday, August 23, 2012

വ്രതപുണ്യവുമായി മൊറോക്കോ


ചിത്രം

കമാല്‍ വരദൂര്‍ ഒളിംപിക്‌സ്‌ ഷൂട്ടിംഗ്‌ വെള്ളി നേടിയ വിജയ്‌കുമാറിനൊപ്പം

ലണ്ടന്‍ ഡയറി-7
വ്രതപുണ്യവുമായി മൊറോക്കോ
ദൈവം തുണയെന്ന്‌ യാസീന്‍

ഇന്ന്‌ യാസീന്‍ ബുനാവു എന്ന പത്തൊമ്പതുകാരനെ പരിചയപ്പെടാം. മൊറോക്കോ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ക്കീപ്പറാണ്‌ യാസീന്‍. സ്‌പാനിഷ്‌ ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ വല കാക്കുന്ന മിടുക്കന്‍ പയ്യനെ തേടി വിശാലമായ ഒളിംപിക്‌ വില്ലേജില്ലേക്ക്‌ പോവാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു-19 മണിക്കൂര്‍ റമസാന്‍ വ്രതമനുഷ്‌ഠിച്ചാണ്‌ യാസീനും സംഘവും ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ കളിക്കുന്നത്‌. വിശുദ്ധമാസത്തെ അതിന്റെ പരമോന്നത ബഹുമാനത്തോടെ സമീപിക്കുന്ന ഒരു ടീം. ശാരീരികോര്‍ജ്ജത്തേക്കാള്‍ മാനസികോര്‍ജ്ജത്തില്‍ വിശ്വസിക്കുന്നവര്‍. അവരെ ഒന്ന്‌ കാണാനായി വില്ലേജ്‌ സന്ദര്‍ശനത്തിനുള്ള അപേക്ഷാഫോം മൂന്ന്‌ ദിവസം മുമ്പ്‌ ഒപ്പിട്ട്‌ നല്‍കിയിരുന്നു. ഇന്നലെയാണ്‌ അപേക്ഷ അംഗീകരിക്കപ്പെട്ടത്‌. ഒളിംപിക്‌ പാര്‍ക്ക്‌ എന്ന അതിവിശാല താഴ്‌വാരത്തിലെ ഒരു ഭാഗത്താണ്‌ 208 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മുഴുവനും താമസിക്കുന്ന ഒളിംപിക്‌ വില്ലേജ്‌. പതിവ്‌ പോലെ കര്‍ക്കശമായ സുരക്ഷാപരിശോധനക്ക്‌ ശേഷം വിസിറ്റിംഗ്‌ റൂമിലെത്തിയപ്പോള്‍ വോളണ്ടിയര്‍ക്ക്‌ സംശയം-ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ എന്തിന്‌ മൊറോക്കോ ടീമിനെ കാണുന്നു. സാര്‍വദേശീയ സാഹോദര്യം എന്ന മറുപടി പറഞ്ഞെങ്കിലും കറുത്ത വര്‍ഗ്ഗക്കാരനായ വോളണ്ടിയര്‍ക്ക്‌ അത്‌ പിടികിട്ടിയില്ലെന്ന്‌ വ്യക്തം. അവന്‍ തല കുലുക്കി. പത്ത്‌ മിനുട്ടിലെ കാത്തിരിപ്പിന്‌ ശേഷം അതാ വരുന്നു സുന്ദരനായ യാസീന്‍ (വില്ലേജില്‍ ക്യാമറ അനുവദിക്കില്ല. അതിനാല്‍ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല). മന്ദസ്‌മിതം തൂകി എനിക്ക്‌ മുന്നിലിരുന്ന യാസിനോട്‌ വന്ന കാര്യം പറഞ്ഞു. ഭാഷ ചെറിയ വിഷയമായിരുന്നെങ്കിലും അത്യാവശ്യ ഇംഗ്ലീഷ്‌ താരത്തിന്റെ കൈവശമുണ്ടായിരുന്നു. ഞങ്ങള്‍ അല്ലാഹുവിന്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌. ദൈവം എന്റെ ടീമിന്‌ വിജയം സമ്മാനിക്കും. 19 മണിക്കൂര്‍ വ്രതം ഒരു തരത്തിലും ഞങ്ങളെയാരെയും ബാധിക്കുന്നില്ല. ഹോണ്ടുറാസിനെതിരായ ആദ്യ മല്‍സരത്തില്‍ എല്ലാവരും മികച്ച പ്രകടനം നടത്തി. മല്‍സരം 2-2 ല്‍ സമനിലയിലായി. ദൈവം എന്റെ ടീമിനൊപ്പമാണ്‌-യാസിന്റെ വാക്കുകളില്‍ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഡ്യം.
യൂറോപ്യന്‍ ഫുട്‌ബോളിന്റെ വേഗതയറിയുന്ന, ഒളിംപിക്‌സ്‌ ഫുട്‌ബോളിന്റെ ശക്തിയറിയുന്ന ഒരു പയ്യന്‍താരം ഉറച്ച വാക്കുകളുമായി നിലപാട്‌ വ്യക്തമാക്കുക മാത്രമല്ല വ്രതമുണ്ടോ എന്ന മറുചോദ്യമുന്നയിക്കാനും മറന്നില്ല. വ്രതത്തിലാണെന്ന്‌ പറഞ്ഞപ്പോള്‍ മാശാ അല്ലാഹ്‌, അസ്സലാം എന്ന്‌ പറഞ്ഞ്‌ യാസിന്‍ മടങ്ങി.... മൊറോക്കോ ഫുട്‌ബോള്‍ ടീമിന്റെ ദേശീയ കോച്ച്‌ യൂറോപ്പുകാരനായ പിം വെര്‍ബിക്കാണ്‌. അദ്ദേഹത്തിന്‌ താരങ്ങള്‍ വ്രതമനുഷ്‌ഠിക്കുന്നതിനോട്‌ താല്‍പ്പര്യമില്ല. തന്റെ അഭിപ്രായം അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. താരങ്ങളെല്ലാം സ്വന്തം നിലപാട്‌ വ്യക്തമാക്കിയപ്പോള്‍ പരിശീലകന്‌ മറുവാക്കുണ്ടായിരുന്നില്ല. പക്ഷേ മൊറോക്കോ ടീം ഒരു പ്രശ്‌നം നേരിടുന്നുണ്ട്‌. മല്‍സരത്തിന്‌ ശേഷം താരങ്ങള്‍ ഡോപ്പിംഗ്‌ ടെസ്റ്റിന്റെ ഭാഗമായി യൂറിന്‍ സാമ്പിള്‍ നല്‍കണം. അന്നജലപാനമില്ലാതെ യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ പലര്‍ക്കുമാവുന്നില്ല.
1980 ലെ മോസ്‌ക്കോ ഒളിംപിക്‌സിന്‌ ശേഷം ആദ്യമായാണ്‌ റമസാന്‍ വ്രതക്കാലത്ത്‌ ഒളിംപിക്‌സ്‌ എത്തുന്നത്‌. ലണ്ടനില്‍ മെഡല്‍ പോരാട്ടത്തിനെത്തിയിരിക്കുന്ന പതിനായിരത്തിലധികം താരങ്ങളില്‍ 3,500 പേര്‍ മുസ്‌ലിം താരങ്ങളാണ്‌. പല താരങ്ങളും വ്രതശുദ്ധി കാത്ത്‌ മല്‍സരിക്കുമ്പോള്‍ ചിലര്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം വ്രതമനുഷ്‌ഠിക്കാമെന്ന നിലപാടുകാരാണ്‌. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പല താരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും റമസാനും ഒളിംപിക്‌സും ഒരുമിച്ച്‌ വന്നതിലെ വിഷമമാണ്‌ പങ്കിട്ടത്‌. ഈജിപ്‌തില്‍ നിന്നുള്ള സെയ്‌ലിംഗ്‌ താരം അഹമ്മദ്‌ ഹബാഷ്‌ നോമ്പെടുത്ത്‌ തന്നെയാണ്‌ മല്‍സരിക്കുന്നത്‌. അദ്ദേഹം പക്ഷേ സ്വന്തം നാട്ടിലെ സമയക്രമമാണ്‌ അനുവര്‍ത്തിക്കുന്നത്‌. നമ്മുടെ നാട്ടിലേത്‌ പോലെ ഈജിപ്‌തില്‍ വൈകീട്ട്‌ ഏഴ്‌ മണിക്കാണ്‌ മഗ്‌രിബ്‌ ബാങ്ക്‌. നാട്ടിലെ തന്റെ സമയത്ത്‌ ഹബാഷ്‌ വ്രതം പൂര്‍ത്തിയാക്കുന്നു. യുനൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സില്‍ നിന്നുള്ള ജൂഡോ താരം ഹാമിഡ്‌ അല്‍ദായിക്ക്‌ വ്രതം വിട്ടുള്ള ഒരു മല്‍സരവുമില്ല. ഇസ്ലാമിക ഫത്ത്‌വകള്‍ കര്‍ക്കശമായി നടപ്പിലാക്കാറുള്ള ഈജിപ്‌തില്‍ നിന്നുള്ള താരങ്ങളില്‍ പലരും വ്രതകാര്യത്തില്‍ പിറകിലാണ്‌. ഒളിംപിക്‌സ്‌ നടക്കുന്നതിനാല്‍ മല്‍സരിക്കുന്നവര്‍ക്ക്‌ വ്രതം ഒഴിവാക്കി പ്രത്യേക ഫത്ത്‌വ രാജ്യത്തെ ഇസ്ലാമിക പണ്ഡിതര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ്‌ അവിടെ നിന്നുള്ള സംഘത്തിലെ ഒരംഗം പറഞ്ഞത്‌. ഇസ്ലാമില്‍ അത്തരത്തില്‍ റമസാനെ തള്ളിപ്പറഞ്ഞുള്ള ഫത്ത്‌വയുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ വിവാദങ്ങള്‍ക്ക്‌ താനില്ലെന്നാണ്‌ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അദ്ദേഹം വ്യക്തമാക്കിയത്‌. ഈജിപ്‌തിന്റെ കയാക്കിംഗ്‌ താരം മുസ്‌തഫ സയ്യദ്‌ പറഞ്ഞത്‌ ദൈവം അദ്ദേഹത്തോട്‌ പൊറുത്ത്‌ കൊടുക്കുമെന്നാണ്‌. കയാക്കിംഗ്‌ മല്‍സരങ്ങള്‍ ധാരാളം സമയം ദീര്‍ഘിക്കും. നല്ല കരുത്തും ആത്മബലവും നിര്‍ബന്ധമാണ്‌. വ്രതമെടുത്ത്‌ മല്‍സരിച്ചാല്‍ എവിടെയുമെത്താനാവില്ലെന്നാണ്‌ മുസ്‌തഫ പറയുന്നത്‌.
ബ്രിട്ടിഷുകാരനായ റോവിംഗ്‌ താരം മോ സിഹിയുടെ നിലപാട്‌ രസകരമാണ്‌. അദ്ദേഹം വ്രതത്തെ ബഹുമാനിക്കുന്നയാളാണ.്‌ പക്ഷേ മല്‍സരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഓരോ വ്രതവും നഷ്‌ടമാവുമ്പോള്‍ അതിന്‌ പകരം ഒരു ദിവസം 60 ആളുകള്‍ക്ക്‌ ഭക്ഷണം നല്‍കി നഷ്‌ടം നികത്തുന്നുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
പാക്കിസ്‌താന്‍, ബംഗ്ലാദേശ്‌, മൊറോക്കോ, ഈജിപ്‌ത്‌, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, ഇറാക്ക്‌, സുഡാന്‍, ഘാന, ഇന്തോനേഷ്യ, മലേഷ്യ, ബഹറൈന്‍, ഒമാന്‍, കുവൈറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകരും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുമെല്ലാം വ്രതമനുഷ്‌ഠിക്കുന്നുണ്ട്‌. വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ലണ്ടന്‍ ഭരണക്കൂടവും ഒളിംപിക്‌ സംഘാടക സമിതിയും ഒളിംപിക്‌ വില്ലേജില്‍ നോമ്പ്‌ തുറക്കായി എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുമുണ്ട്‌. വില്ലേജിലെ ഓരോ ഭാഗത്തും നമസ്‌ക്കാര മുറികളുണ്ട്‌. വായനക്ക്‌ ഖൂര്‍ആനുണ്ട്‌. എല്ലാ ഭക്ഷണ കൗണ്ട
റുകളിലും ഹലാല്‍ ഭക്ഷണവുമുണ്ട്‌. താരങ്ങള്‍ പലവിധ സമയങ്ങളില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നവരായതിനാല്‍ എല്ലാ സമയത്തും കാന്റീന്‍ സുസജ്ജമാണ്‌.
ഒളിംപിക്‌ പാര്‍ക്കിന്‌ പുറത്ത്‌ പള്ളികളിലേക്ക്‌ പോയാല്‍ അവിടെയും വന്‍തിരക്കാണ്‌. ബ്രിട്ടീഷ്‌ ജനസംഖ്യയില്‍ മുപ്പത്‌ ശതമാനം മുസ്‌ലിങ്ങളാണ്‌. ധാരാളം പള്ളികളും മതപഠന കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ഇന്നലെ അസര്‍ നമസ്‌ക്കാരത്തിന്‌ സ്റ്റാഫോര്‍ഡിലെ ഒരു പള്ളിയില്‍ പോയപ്പോള്‍ അകംപള്ളിയും കഴിഞ്ഞ്‌ ജനം പുറത്തെ നിരത്തുകളിലെത്തിയിരിക്കുന്നു. നല്ല വൃത്തിയുള്ളതിനാല്‍ നാട്ടിലേത്‌ പോലെ പത്രങ്ങളും മുസല്ലയുമൊന്നും വിരിക്കേണ്ടതില്ല. നാളെ യാസീനും മൊറോക്കോയും വ്രതമെടുത്ത്‌ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്‌. അതൊന്ന്‌ കാണാന്‍ പക്ഷേ മൂന്ന്‌ മണിക്കൂര്‍ യാത്ര ചെയ്‌ത്‌ ഓള്‍ഡ്‌ ട്രാഫോഡിലെത്തണം.

Wednesday, August 22, 2012

ഈ റോഡിലുറങ്ങാം


ചിത്രം
കമാല്‍ വരദൂരും സൈന നെഹ്‌വാളും

ലണ്ടന്‍ ഡയറി-6

ഈ റോഡിലുറങ്ങാം
ഒരു മുത്തവുമാവാം

ഒരു കൊതുകിനെ കാണാന്‍, നമുക്ക്‌ പരിചിതമായ ആ സംഗീതം കേള്‍ക്കാന്‍ കൊതിയാവുന്നു.... ഈ മഹാനഗരത്തിലെത്തിയിട്ട്‌ ഒരാഴ്‌ച്ച പിന്നിട്ടിരിക്കുന്നു. പക്ഷേ നാട്ടിലെ സതന്ത സഹചാരികളായ കൊതുക്‌, ഈച്ച, പാറ്റ, മൂട്ട, ഉറുമ്പ്‌, പല്ലി, കൂറ, പുഴു എന്നിവരെയൊന്നും ഇത്‌ വരെ മരുന്നിന്‌ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരും ബംഗ്ലാദേശികളും ലങ്കക്കാരും അഫ്‌ഗാനികളും പാക്കിസ്‌താനികളും എല്ലാം തിങ്ങിപ്പാര്‍ക്കുന്ന ഈ നഗരത്തിലൊന്നും ക്ഷുദ്രജീവികളില്ലേ.... ദരിദ്ര നാരായണന്മാരായ നമ്മള്‍ ദക്ഷിണേഷ്യക്കാര്‍ എവിടെയുണ്ടോ അവിടെ നമ്മുടെ ഈ ചിരകാല സുഹൃത്തുക്കളെയെല്ലാം കാണേണ്ടതാണ്‌. പക്ഷേ ഇവിടെ മഷിയിട്ട്‌ നോക്കിയിട്ട്‌ പോലും ഒരു കൊതുകിനെ പോലും കണ്ടില്ല. കൊതുക്‌ പോയിട്ട്‌ ഉറുമ്പിനെ കാണാന്‍ അല്‍പ്പം മധുരം നിലത്തിട്ട്‌ പത്ത്‌ മാസം കാത്തിരുന്നാലും ഉറുമ്പ്‌ വരില്ല-അതാണ്‌ ലണ്ടന്‍. അതാണ്‌ വൃത്തി.
ഇന്നലെ ഞങ്ങള്‍ മൂന്ന്‌ പേര്‍-ഡെയ്‌ലി മെയിലിലെ കണ്ണനും ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ അലോക്‌ കുമാര്‍ സിന്‌ഹയും ആഴ്‌സനലിന്‌ സമീപമുള്ള ഷൂട്ടിംഗ്‌ വേദിയായ റോയല്‍ ബാരക്‌ ഹില്‍സിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ചര്‍ച്ച ചെയ്‌തത്‌ ഈ വിഷയമായിരുന്നു. കോഴിക്കോട്ടെ കൊതുക്‌ തന്നെ ഡല്‍ഹിയിലുമുള്ളതിനാല്‍ ഇന്ദ്രപ്രസ്ഥക്കാരായ കണ്ണനും അലോകും കൊതുകിനെ തേടിയിരുന്നു. എന്ത്‌ കൊണ്ട്‌ കൊതുകില്ല എന്ന ചോദ്യം ആരോടും ചോദിക്കേണ്ടതില്ല. കാരണം എല്ലാവരും സ്വയം ജാഗ്രത പാലിക്കുന്നു, സമൂഹത്തെ സ്‌്‌നേഹിക്കുന്നു.
ലണ്ടന്‍ നഗരഭരണക്കൂടം പ്രകടിപ്പിക്കുന്ന വൃത്തിയും വെടിപ്പുമെല്ലാം അപാരമാണ്‌. നാട്‌ വിട്ട്‌ അന്യനാട്ടിലെത്തി സ്വന്തം നാടിനെ കുറ്റപ്പെടുത്തുകയാണെന്ന്‌ കരുതരുത്‌. ഇവര്‍ എല്ലാ നിലയിലും ഉയരത്തില്‍ തന്നെയാണ്‌. പണ്ട്‌ വെള്ളക്കാര്‍ നമ്മെ ഭരിച്ചിരുന്നവരാണല്ലോ-അവര്‍ പലതും നമുക്ക്‌ തന്നപ്പോള്‍ എന്തേ ഈ വൃത്തിബോധത്തെ നല്‍കാതിരുന്നത്‌. കഴിഞ്ഞ ഒരാഴ്‌ച്ചയിലായി പലസ്ഥലങ്ങളില്‍ സഞ്ചരിച്ചു. പൊടിപോലുമില്ല കണ്ട്‌ പിടിക്കാന്‍ എന്ന്‌ പറഞ്ഞത്‌ പോലെയാണ്‌ കാര്യങ്ങള്‍. നിരത്തുകളും പരിസരങ്ങളും മനോഹരമായി സംരക്ഷിക്കുന്നു. ഈ പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ല കെട്ടോ... ദിവസവും റൂമില്‍ നിന്ന്‌ മീഡിയ സെന്ററിലേക്കും വിവിധ വേദികളിലേക്കുമുള്ള നിരന്തര യാത്രയില്‍ അലക്ഷ്യമായി ഒരു കടലാസ്‌ പോലും കണ്ടിട്ടില്ല.
ചില ദിവസങ്ങളില്‍ നല്ല മഴ പെയ്യാറുണ്ട്‌. നമ്മുടെ നാട്ടില്‍ മഴ പെയ്‌താല്‍ എന്തായിരിക്കും അവസ്ഥ...? ഇവിടെ മഴ പെയ്യുന്നു. അതേ വേഗതയില്‍ വെള്ളം പുറത്തേക്ക്‌ പോവുന്നു. അഞ്ച്‌ മിനുട്ട്‌ സമയത്തില്‍ റോഡുകള്‍ പഴയനില പ്രാപിക്കുന്നു.
ഞെളിയന്‍പറമ്പും വിളപ്പില്‍ശാലയും ലാലൂരുമെല്ലാമായി ജനങ്ങള്‍ പൊറുതിമുട്ടുന്ന എത്രയോ പ്രദേശങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. സഹികെട്ട്‌ ജനം നിയമം കൈയ്യിലെടുക്കുന്ന കാഴ്‌ച്ചകള്‍ നമ്മള്‍ കാണുന്നുണ്ട്‌. ശാസ്‌ത്രീയ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌ ഉടന്‍ സ്ഥാപിക്കുമെന്ന്‌ പറഞ്ഞ്‌ ഭരണക്കൂടം മുഖം രക്ഷിക്കുന്നതും കണ്ടിട്ടുണ്ട്‌. ഒരു പ്ലാന്റിന്റെയും സമരത്തിന്റെയും ആവശ്യമില്ല ഇതിനൊന്നും. അതാണ്‌ ലണ്ടന്‍ പഠിപ്പിക്കുന്നത്‌. സ്വന്തം മാലിന്യങ്ങള്‍ നിങ്ങള്‍ക്ക്‌ പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ സംസ്‌കരിക്കാം. അല്‍പ്പം സ്ഥലവും സമയവും ക്ഷമയും. അത്‌ മതി. ഇവിടെ പൊതു സ്ഥലങ്ങളെ അത്തരത്തിലൊന്നും ഉപയോഗിക്കുന്നില്ല. ഓരോ ദിവസവും മാലിന്യങ്ങള്‍ എല്ലാ വീട്ടുകാരും സ്വന്തം പറമ്പിലെ ശാസ്‌ത്രീയ മാലിന്യ കൊട്ടയില്‍ നിക്ഷേപിക്കുന്നു. ആരും ഒന്നും പുറത്തേക്ക്‌ വലിച്ചെറിയുന്നില്ല. സ്വന്തം വീട്ടിലെ മാലിന്യം പൊതുനിരത്തില്‍ കവറിലാക്കി നിക്ഷേപിക്കുന്നില്ല. റോഡില്‍ കാര്‍ക്കിച്ച്‌ തുപ്പുന്ന്‌ പോലുമില്ല. പുകവലിക്കാരെ പിന്തുടര്‍ന്നപ്പോള്‍ അവര്‍ പുലര്‍ത്തുന്ന ജാഗ്രത അപാരമായിരുന്നു. സിഗരറ്റിന്റെ കുറ്റിയും പിടിച്ച്‌ അടുത്ത്‌ കാണുന്ന ഡസ്റ്റ്‌ ബിനിലേക്ക്‌ പോവുന്നു. മെട്രോ സ്‌റ്റേഷനുകളില്‍, ബസ്‌ സ്‌റ്റേഷനുകളില്‍, നിരത്തുകലുടെ സമീപത്ത്‌ എല്ലായിടത്തും മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേകര ുപാത്രങ്ങളുണ്ട്‌. നിങ്ങലെ ആരും അതിന്‌ നിര്‍ബന്ധിക്കുന്നില്ല, പക്ഷേ എല്ലാവരും സ്വന്തം കാര്യത്തിലെന്ന പോലെ മറ്റുള്ളവരുടെ കാര്യത്തിലും ജാഗ്രത പാലിക്കുന്നു. അതാണ്‌ മാറ്റം.
രസകരമായ ഒരനുഭവം പറയാം. ഇന്നലെ മടക്കയാത്രയില്‍ വഴി തെറ്റി. ഷൂട്ടിംഗ്‌ വേദിയില്‍ നിന്നും മീഡിയാ ബസ്സില്‍ കയറിയാല്‍ മതി. പക്ഷേ ഹോക്കി മല്‍സരം നടക്കുന്ന വേദിയിലേക്ക്‌ വേഗം എത്തേണ്ടതിനാല്‍ മെട്രോ ട്രെയിന്‍ പിടിക്കാനായാണ്‌ വഴി മാറി നടന്നത്‌. പക്ഷേ ചുറ്റിപ്പോയി. അപ്പോഴാണ്‌ ഒരു ബസ്‌ സ്റ്റേഷനില്‍ വൃദ്ധരായ ദമ്പതികളെ കണ്ടത്‌. അവരോട്‌ കാര്യം തിരക്കി. ലാറ്റിനമേരിക്കക്കാരായതിനാല്‍ എന്റെ ഇംഗ്ലീഷും അവരുടെ മറുപടിയും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. അവസാനം കടലാസില്‍ എഴുതി നല്‍കി. അപ്പോഴതാ ആ വൃദ്ധന്‍ എന്റെ കരം പിടിക്കുന്നു. എന്നിട്ട്‌ എന്നെയും വലിച്ച്‌ റോഡിന്റെ മറുഭാഗത്തേക്ക്‌ നടക്കുന്നു. അവിടെയുള്ള ബസ്‌്‌ സ്‌റ്റേഷനില്‍ ഞങ്ങള്‍ രണ്ട്‌ മിനുട്ട്‌ കാത്തിരുന്നു. ബസ്‌ വന്നപ്പോള്‍ എന്നെ ബസിനകത്താക്കി ഡ്രൈവറോട്‌ സ്ഥലവും പറഞ്ഞ്‌ കൊടുത്താണ്‌ അദ്ദേഹം പോയത്‌... എത്ര സ്‌നേഹം, എത്ര വിനയം. നമ്മളോ ഒരാള്‍ വഴി ചോദിച്ചാല്‍ അവനെ പെരുവഴിയിലാക്കുന്ന മറുപടിയല്ലേ നല്‍കുക.
പ്ലീസ്‌, സോറി-ഈ പദങ്ങളാണ്‌ ഇവിടെ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌. ഏത്‌ കാര്യത്തിനും പ്ലീസ്‌ എന്ന്‌ പറഞ്ഞ്‌ മാത്രമാണ്‌ തുടങ്ങുക. നിങ്ങളോട്‌ എന്ത്‌ ചോദിക്കുമ്പോഴും അപരന്‍ പ്ലീസിലാണ്‌ തുടങ്ങുക. പ്ലീസ്‌ വിച്ച്‌ കണ്‍ട്രി യൂ ആര്‍ ഫ്രം-വോളണ്ടിയര്‍മാര്‍ നമ്മെ പരിചയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ട്രെയിനില്‍ നില്‍ക്കുന്ന നമ്മുടെ മുന്നിലേക്ക്‌ ഒരാള്‍ക്ക്‌ പോവണമെങ്കില്‍, നമ്മെ മറികടക്കണമെങ്കില്‍, ലിഫ്‌റ്റിലോ എക്‌സകലേറ്ററിലോ വേഗത്തില്‍ അപരന്‌ പോവണമെങ്കില്‍ എല്ലാത്തിനും ചിരിയില്‍ പൊതിഞ്ഞ സോറിയുണ്ടാവും. ഒരതിക്രമത്തിനും ആരും മുതിരുന്നില്ല. ലണ്ടനിലേക്ക്‌ വരുമ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത്‌ കറുത്ത വര്‍ഗ്ഗക്കാരെ സൂക്ഷിക്കണമെന്നാണ്‌. അവര്‍ പണമടിച്ച്‌ മാറ്റും, വെറുതെ ഉടക്കിന്‌ വരുമെന്നെല്ലാം പറഞ്ഞിരുന്നു. പക്ഷേ വെള്ളക്കാരേക്കാള്‍ മിടുക്കന്മാര്‍ കറുത്തവരാണ്‌. അവരാണ്‌ ശരിക്കും കഠിനാദ്ധ്വാനം ചെയ്യുന്നത്‌. ഇന്ത്യയാണെന്ന്‌ പറഞ്ഞാല്‍ വലിയ സ്‌നേഹവും ബഹുമാനവും.
ഈ ഡയറിക്കുറിപ്പ്‌ പൂര്‍ത്തിയാവും മുമ്പ്‌്‌്‌ ഒരു അഭിമാന മുഹൂര്‍ത്തം പങ്കിടാം. 130 കോടി വരുന്ന നമ്മള്‍. ലോക ചരിത്രത്തില്‍ പലവിധ വിശേഷണങ്ങളുമുള്ള നമ്മുടെ രാജ്യം. ആ രാജ്യത്തിന്റെ പ്രിയപ്പെട്ട താരം ഗഗന്‍ നരാംഗ്‌ ഒരു മെഡല്‍ നേടുമ്പോള്‍ അതിന്‌ സാക്ഷിയാവാന്‍ എനിക്ക്‌ കഴിഞ്ഞിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം. എത്രയോ രാജ്യാന്തര കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ഇങ്ങനെ വലിയ ഒരു മുഹൂര്‍ത്തതിന്‌ സാക്ഷ്യം വഹിക്കാനായിട്ടില്ല. നമ്മുടെ ദേശീയ ഗാനം അലയടിച്ച്‌ ഉയരുമ്പോള്‍, ജനഗണമനക്കൊപ്പം കണ്ണ്‌ നിറയുന്നു. വെല്‍ഡന്‍ ഗഗന്‍.... എന്നും ചന്ദ്രികയെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട വായനക്കാരേ-നിങ്ങള്‍ക്കായി ഗഗന്‌ അഭിനന്ദനമറിയിക്കുന്നു.



Tuesday, August 21, 2012

ഇത്‌ ലണ്ടന്‍ മേയര്‍


ചിത്രം
കമാല്‍ വരദൂരും പ്രശസ്‌ത സ്‌പോര്‍ട്‌സ്‌ ലേഖകന്‍ അയാസ്‌ മേമനും

ലണ്ടന്‍ ഡയറി-5

ഇത്‌ ലണ്ടന്‍ മേയര്‍
സഞ്ചാരം സൈക്കിളില്‍ മാത്രം

വിംബിള്‍ഡണ്‍-കുട്ടിക്കാലം മുതല്‍ കേട്ട്‌ പരിചയമുള്ള പേര്‌. ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ നാമമാണിതെന്ന ധാരണ ഇവിടെ എത്തിയപ്പേഴാണ്‌ തെറ്റാണെന്ന്‌ മനസ്സിലായത്‌. ലണ്ടന്റെ പ്രാന്തമാണ്‌ വിംബിള്‍ഡണ്‍ എന്ന കൊച്ചുനഗരം. ടെന്നിസാണ്‌ ഇവിടെ ജീവവായു. ലോകത്തിലെ ഏറ്റവും വലിയ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിന്‌ വേദിയാവുന്ന നഗരം വിംബിള്‍ഡണില്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ശുഭ്രവസ്‌ത്രം പോലെ മനോഹരമാണ്‌. നാല്‌ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നാം സ്ഥാനവും വിംബിള്‍ഡണിന്‌ തന്നെ. ജോണ്‍ മെക്കന്‍റോയും ബ്യോണ്‍ ബോര്‍ഗും ബോറിസ്‌ ബെക്കറും സ്‌റ്റെഫിഗ്രാഫും ആന്ദ്രെ അഗാസിയും പീറ്റ്‌ സംപ്രാസും റോജര്‍ ഫെഡ്‌ററുമെല്ലാം അരങ്ങ്‌ തകര്‍ക്കുന്ന വേദി. നമ്മുടെ സ്വന്തം സാനിയ മിര്‍സ വനിതാ ഡബിള്‍സില്‍ രശ്‌മി ചക്രവര്‍ത്തിക്കൊപ്പം ആദ്യ റൗണ്ട്‌ കളിക്കുന്നത്‌ കാണുക എന്ന ലക്ഷ്യത്തില്‍ വിംബിള്‍ഡണ്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ ഒരു കോട്ടിട്ട സുന്ദരന്‍ സൈക്കിളില്‍ (ഇവിടെ സൈക്കിളിന്റെ പേര്‌ പുഷ്‌ ബൈക്ക്‌ എന്നാണ്‌) അതിവേഗം സഞ്ചരിക്കുന്നു. അദ്ദേഹത്തിന്‌ പിറകില്‍ പത്തോളം പേര്‍. അവരും കോട്ട്‌ധാരികളാണ്‌. കോട്ടിട്ടവരുടെ സൈക്കിള്‍ പരേഡാണോ ഇത്‌...? സൈക്കിള്‍ സവാരിക്കാര്‍ നേരെ പോവുന്നത്‌ വിംബിള്‍ഡണ്‍ മൈതാനത്തേക്കാണ്‌. അവര്‍ക്കായി സുരക്ഷാ പരിശോധനയൊന്നുമില്ല. ഗേറ്റുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. വേഗത്തില്‍ എല്ലാവരും അകത്ത്‌. പിറകെ വന്ന ഞങ്ങളെ തടയാന്‍ വലിയ സംഘങ്ങള്‍. അക്രഡിറ്റേഷന്‍ കാര്‍ഡ്‌ നോക്കണം, ബാഗ്‌ തുറന്ന്‌ കാണിക്കണം, ലാപ്‌ ടോപ്പ്‌ ഓണ്‍ ചെയ്യണം, വാച്ചും ബെല്‍റ്റും പഴ്‌സും മൊബൈല്‍ ഫോണും മോതിരവും എല്ലാം അഴിച്ച്‌ നല്‍കണം.
മുമ്പില്‍ പോയവര്‍ക്ക്‌ ഇതൊന്നും ബാധകമല്ലേ എന്ന്‌ പാക്കിസ്‌താന്‍കാരനായ വോളണ്ടിയര്‍ മുസ്‌തഫ മലിക്കിനോട്‌ ചോദിച്ചപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌-കോട്ടിട്ട്‌ സൈക്കിളില്‍ പറന്നയാള്‍ ചില്ലറക്കാരനല്ല. ലണ്ടന്‍ നഗരത്തിന്റെ മേയറാണ്‌. മഹാനഗരത്തിലെ പ്രഥമ പൗരനായ ബോറിസ്‌ ജോണ്‍സണ്‍. ഒളിംപിക്‌സ്‌ സംഘാടക സമിതിയിലെ ഉന്നതന്‍. എലിസബത്ത്‌ രാജ്ഞിയും പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണും കഴിഞ്ഞാല്‍ ഭരണയന്ത്രം തിരിക്കുന്നവരിലെ മൂന്നാമന്‍. സുന്ദരസുമുഖനായ മേയറെ കാണാന്‍ തരപ്പെടുമോ എന്നന്വേഷിച്ചപ്പോള്‍ എളുപ്പമല്ലെന്ന്‌ മനസ്സിലായി. അദ്ദേഹം നല്ല തിരക്കിലാണ്‌.
വലിയ നഗരത്തിന്റെ മേയറായിട്ടും ഇദ്ദേഹമെന്താ ഇങ്ങനെ സൈക്കിളില്‍ സഞ്ചരിക്കുന്നത്‌ എന്ന സംശയം ഉന്നയിച്ചപ്പോള്‍ മുസ്‌തഫക്ക്‌ മേയറെ വിശേഷിപ്പിക്കാന്‍ നൂറ്‌ നാവ്‌. കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതാവായ ബോറിസ്‌ ജോണ്‍സണ്‍ ലണ്ടന്‍ നഗരവാസികള്‍ക്ക്‌ പ്രിയങ്കരനാണ്‌. സാധാരണക്കാരില്‍ സാധാരണക്കാരനായി സ്വന്തം സൈക്കിളില്‍ സഞ്ചരിക്കുന്ന മേയര്‍ ലണ്ടനില്‍ നടപ്പിലാക്കിയ സൈക്കിള്‍ വിപ്ലവം നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു.
2010 ലാണ്‌ ബോറിസ്‌ തന്റെ സൈക്കിള്‍ സമ്പ്രദായം നഗരപരിധിയില്‍ നടപ്പിലാക്കിയത്‌. ബാര്‍ക്ലേയ്‌സ്‌ എന്ന പ്രസിദ്ദ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെ സഹകരണത്തോടെ നഗരവാസികള്‍ക്ക്‌ സൈക്കിള്‍ ജീവിത സഹായിയാക്കുന്ന പദ്ധതിക്ക്‌ ബോറിസ്‌ രൂപം നല്‍കിയത്‌ വ്യക്തമായ മൂന്ന്‌ ലക്ഷ്യങ്ങളിലായിരുന്നു. 1- നഗരത്തിന്റെ വായു മലീനികരണ തോത്‌ കുറക്കുക. കാറുകള്‍ ഉള്‍പ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍ തള്ളുന്ന പുകയില്‍ അന്തരീക്ഷവായുവില്‍ വിഷം കലരുമ്പോള്‍ അത്‌ നഗരവാസികളുടെ ആരോഗ്യത്തെ ബാധിക്കും. 2-നഗരത്തിലെ ഗതാഗതതിരക്കിന്‌ പരിഹാരമിടുക. എല്ലാവരും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സംജാതമാവുന്ന ട്രാഫിക്‌ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം. 3-നഗരജനതയുടെ ആരോഗ്യം. എല്ലാവരും സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ അത്‌ ശരീരത്തിന്‌ ലഭിക്കുന്ന ഏറ്റവും നല്ല വ്യായാമമാണ്‌. രോഗങ്ങളെ തടയാനും പൂര്‍ണമായും ആരോഗ്യത്തോടെയിരിക്കാനുമാവും.
ഈ ലക്ഷ്യങ്ങളിലെത്താന്‍ അദ്ദേഹം കാര്‍ക്കശ്യത്തോടെ നീങ്ങിയില്ല-അടിസ്ഥാനപരമായി പ്രവര്‍ത്തിച്ചു. ആദ്യം ചെയ്‌തത്‌ തിരക്കേറിയ റോഡുകളില്‍ സൈക്കിള്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ലൈന്‍ തുടങ്ങി. റോഡുകളുടെ വശങ്ങളിലായി നീല മാര്‍ക്കിംഗില്‍ വലിയ ലൈന്‍. ഈ പാതയിലുടെ സൈക്കിളുകാര്‍ക്ക്‌ മാത്രമാണ്‌ പ്രവേശം. മറ്റ്‌ വാഹനങ്ങള്‍ നീലയില്‍ തൊട്ടാല്‍ പിഴ നല്‍കേണ്ടി വരും. നമ്മുടെ നാട്ടിലേത്‌ പോലെ ചെറിയ റോഡുകളല്ല ഇവിടെ. എല്ലാം നാലും അഞ്ചും ആറും വരി പാതകള്‍. ഈ വലിയ റോഡുകളുടെ ഒരു ഭാഗം സൈക്കിള്‍ സഞ്ചാരത്തിനായി മാറ്റിയത്‌ കൊണ്ട്‌ ഗതാഗതകാര്യങ്ങളില്‍ ഒരു തടസവുമുണ്ടായില്ല. പിന്നെ സൈക്കിള്‍ എകസ്‌ചേഞ്ച്‌ തുടങ്ങി. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സൈക്കിള്‍ എക്‌സ്‌ചേഞ്ച്‌ കേന്ദ്രങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ ഇവിടെ നിന്ന്‌ സൈക്കിള്‍ എടുക്കാം. ഉപയോഗത്തിന്‌ ശേഷം അടുത്ത എക്‌സ്‌ചേഞ്ചില്‍ തിരികെ നല്‍കാം. ചെറിയ പൈസ മാത്രമാണ്‌ ചെലവാകുക. എത്ര ദിവസം വേണമെങ്കിലും വാടകക്ക്‌ സൈക്കിള്‍ ഉപയോഗിക്കാം. കൃത്യമായി വാടക അടക്കാത്തപക്ഷം പിടിക്കപ്പെടും. ഒരു എക്‌സ്‌ചേഞ്ചില്‍ നിന്ന്‌ സൈക്കിള്‍ എടുത്താല്‍ അവിടെ തന്നെ തിരികെ നല്‍കേണ്ടതില്ല. അര മണിക്കൂറാണ്‌ നിങ്ങളുടെ ഉപയോഗമെങ്കില്‍ പണവുമടക്കേണ്ട.
തന്റെ പരിഷ്‌ക്കാരത്തിന്റെ റോള്‍ മോഡലായി മേയര്‍ തന്നെ മാറുന്നതാണ്‌ കൗതുകകരമായ കാഴ്‌ച്ച. അദ്ദേഹത്തിന്റെ സഞ്ചാരം സൈക്കിളില്‍ തന്നെ. രാഷ്‌ട്രീയ ശത്രുക്കള്‍ സൈക്കിള്‍ പരിഷ്‌ക്കാരത്തിനെതിരെ രംഗത്ത്‌ വന്നെങ്കിലും ഇത്‌ വരെ ഏശിയിട്ടില്ല. സാധാരണക്കാരുടെ തുറന്ന പിന്തുണ ബോറിസിനുണ്ട്‌. സൈക്കിള്‍ സവാരിക്കാരില്‍ ചിലര്‍ അപകടത്തില്‍പ്പെട്ട്‌ മരിച്ചത്‌ ഉയര്‍ത്തിക്കാട്ടി നടത്തിയ വിമര്‍ശനങ്ങളെ ഗൗരവത്തിലെടുത്ത്‌ അപകടനിരക്ക്‌ കുറക്കാനുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. നഗര ഗതാഗതത്തിന്‌ ഭൂരിപക്ഷവും ആശ്രയിക്കുന്നത്‌ ട്യൂബ്‌ എന്ന്‌ വിളിക്കുന്ന മെട്രോ ട്രെയിനുകളെയാണ്‌. രാവിലെ അഞ്ച്‌ മുതല്‍ പുലര്‍ച്ചെ വരെ ഒരു തടസവുമില്ലാതെ ട്രെയിനുകള്‍ ഓടുന്നു. എവിടെയും എത്തിപ്പെടാന്‍ പ്രയാസമില്ല. കാറുകളുടെ ഉപയോഗമാവട്ടെ മേയറുടെ സൈക്കിള്‍ സമ്പ്രദായത്തോടെ കുറഞ്ഞിട്ടുമുണ്ട്‌. ഒളിംപിക്‌സ്‌ ആരംഭിച്ചതോടെ ഗതാഗത തിരക്ക്‌ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ പിതാവ്‌ സൈക്കിളില്‍ നാട്‌ ചുറ്റുന്ന കൗതുക കാഴ്‌ച്ച ഇവിടെ മാത്രമേ കാണു. നമ്മുടെ നാട്ടിലെ മേയര്‍മാര്‍ക്ക്‌ സൈക്കിള്‍ ചവിട്ടാന്‍ തന്നെ അറിയില്ലല്ലോ.... അവര്‍ സഞ്ചരിക്കുന്നത്‌ അത്യാധുനിക വാഹനങ്ങളില്ലല്ലേ.... വാഹനത്തിന്റെ വലുപ്പം കുറഞ്ഞാല്‍ അവര്‍ പിണങ്ങില്ലേ. ചുവന്ന ലൈറ്റും അകമ്പടിക്കാരുമെല്ലാമുണ്ടെങ്കില്‍ മാത്രം സംതൃപ്‌തരാവുന്ന നമ്മുടെ നഗരപിതാക്കള്‍ സമയം കിട്ടുകയാണെങ്കില്‍ ഇവിടെ വരണം. ഈ കാര്യങ്ങള്‍ പഠിക്കണം. ഏത്‌ ഉന്നതനായാലും അകമ്പടി പോലീസിന്റെ വലിയ സൈറണും ചീറിപ്പായലുമൊന്നും ഇവിടെയില്ല. എല്ലാവരും തുല്യരാണ്‌. ഒരു വാഹനത്തിനും പ്രത്യേക സേവനങ്ങളില്ല.
ഇംഗ്ലീഷ്‌ യുവാക്കളെയും കുട്ടികളെയും അഭിനന്ദിക്കണം. അവരാരും ബൈക്കില്‍ ചിറിപായുന്നില്ല. ചെവിയില്‍ മൊബൈല്‍ തിരുകി അപകടകരമായി ഡ്രൈവ്‌ ചെയ്യുന്നില്ല. എല്ലാവരും സൈക്കിളില്‍ സഞ്ചരിക്കുന്നു. മലിനീകരണം തടയുന്നു. സ്വന്തം ആരോഗ്യത്തെ സംരക്ഷിക്കുന്നു, ഗതാഗത തടസ്സങ്ങളുണ്ടാക്കാതെ അധികാരികളെ സഹായിക്കുകയും ചെയ്യുന്നു. ഗതാഗത കുരുക്ക്‌ ഉണ്ടാക്കുന്നവരെ പിടികൂടാന്‍ കണ്‍ജംഗ്‌ഷന്‍ ലൈനും മുഖ്യറോഡുകളിലുണ്ട്‌. കണ്‍ജംഗ്‌ഷന്‍ ലൈനില്‍ കയറി ആരെങ്കിലും വാഹനമോടിച്ചാല്‍ അവന്‍ അതേ നിമിഷം പിഴ അടക്കണം. ക്യാമറ അപ്പേള്‍ തന്നെ വില്ലനെ പിടികൂടും. പിഴ എത്രയാണെന്നല്ലേ-പത്ത്‌ പൗണ്ട്‌ (നാട്ടില്‍ ആയിരം രൂപയോളം).
സൈക്കിള്‍ പരിഷ്‌ക്കാരം നാട്ടില്‍ നടപ്പിലാക്കിയാല്‍ വായുമലിനീകരണം തടയാനും ആരോഗ്യ സംരക്ഷണത്തിനും നമുക്കാവുന്നതിനൊപ്പം അടിക്കടിയുണ്ടാവുന്ന പെട്രോള്‍ വിലവര്‍ദ്ധനവും അത്‌ വഴി സംജാതമാവുന്ന അവശ്യസാധന വിലവര്‍ദ്ധനവും സമരങ്ങളും ഹര്‍ത്താലുകളും ഒഴിവാക്കാം. നമ്മുടെ നേതാക്കള്‍ക്ക്‌ നിലനില്‍പ്പിന്‌ ഹര്‍ത്താലും ബന്ദുമെല്ലാം വേണം. വെട്ടും കൊലയുമെല്ലാമാണല്ലോ നാട്ടിലെ മുദ്രാവാക്യം. അതിനിടെ സൈക്കിളിനെക്കുറിച്ചും ബോറിസ്‌ ജോണ്‍സണെക്കുറിച്ചുമെല്ലാം എഴുതുന്നവനല്ലേ വിഡ്ഡി....!

Monday, August 20, 2012

ചെന്‍, താങ്കളാണ്‌ ലോകം,താങ്കളാണ്‌ സത്യം


ചിത്രം
കമാല്‍ വരദൂര്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ റുമേനിയന്‍ താരം മൊള്‍ദിവാനിയക്കൊപ്പം

ലണ്ടന്‍ ഡയറി-4

ചെന്‍, താങ്കളാണ്‌ ലോകം,താങ്കളാണ്‌ സത്യം

ലണ്ടന്‍ അനുഭവയാത്രയിലെ ഇന്നത്തെ അതിഥി ഒരു ചൈനക്കാരനാണ്‌. ചെന്‍ ഗുവാന്‍മിംഗ്‌ എന്ന അല്‍ഭുതമനുഷ്യന്‍. ക്രിക്കറ്റ്‌ മക്കയായ ലോര്‍ഡ്‌സിലേക്ക്‌, ഇന്ത്യന്‍ വനിതാ അമ്പെയ്‌ത്തുകാരുടെ പ്രകടനം വീക്ഷിക്കാനുള്ള യാത്രാമധ്യേ തികച്ചും യാദൃശ്ചികമായി കണ്ട്‌്‌മുട്ടിയ ഒരു പാവം മനുഷ്യന്‍. നരച്ച താടിയും നിഷ്‌കളങ്കമായ മുഖവും ലോക സമത്വമെന്ന മുദ്രാവാക്യമെഴുതിയ തൊപ്പിയും ധരിച്ച്‌ മൂന്ന്‌ ചക്രം മാത്രമുള്ള ഒരു റിക്ഷയിലിരുന്ന്‌ 57 കാരനായ ചെന്‍ മന്ദഹസിച്ചപ്പോള്‍ മനസിലെവിടെയോ സന്തോഷമനുഭവപ്പെട്ടു. ചൈനക്കാരുടെ മന്ദഹാസത്തിന്‌ എന്തോ ഒരു വശ്യതയുണ്ടെന്ന്‌ ആ രാജ്യത്ത്‌ ഒരു മാസം തങ്ങിയപ്പോള്‍ തന്നെ മനസ്സിലായിരുന്നു. കണ്‍തടത്തില്‍ നിന്ന്‌ താഴോട്ട്‌ നില്‍ക്കുന്ന ചൈനീസ്‌ നേത്രങ്ങള്‍ നമ്മളെ മാടിവിളിക്കുന്നത്‌ പോലെ തോന്നും.
ചെന്നിന്റെ റിക്ഷകരികിലേക്ക്‌ ചെന്ന്‌ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചപ്പോള്‍ ഇരിക്കാന്‍ ക്ഷണം. ഈ റിക്ഷ വീടാണ്‌. വസ്‌ത്രങ്ങളും പാചക പാത്രങ്ങളും വിവിധരാജ്യങ്ങളുടെ കൊടികളും പുതപ്പും വസ്‌ത്രങ്ങളുമെല്ലാമായി അല്‍പ്പം മുഷിഞ്ഞ്‌ കാണുന്ന വീട്‌. ഹലോ പറഞ്ഞ്‌ സംസാരം തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടി-എല്ലാ ചൈനക്കാരെയും പോലെ ചെന്നിന്‌ ഇംഗ്ലീഷ്‌ അലര്‍ജിയാണ്‌. ചൈനീസ്‌ ഭാഷയായ മന്ദാരിന്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ വശം. മന്ദാരിന്‍ അത്യാവശ്യത്തിന്‌ എന്റെ കൈവശമുണ്ടായിരുന്നതിനാല്‍ സംഭാഷണത്തിന്‌ തടസ്സം നേരിട്ടില്ല.
അദ്ദേഹത്തെ അല്‍ഭുത മനുഷ്യന്‍ എന്ന്‌ വിശേഷിപ്പിക്കാനുള്ള കാര്യകാരണങ്ങളിലേക്ക്‌ വരാം. കക്ഷി ഇവിടെയെത്തിയിരിക്കുന്നത്‌ പതിനാറ്‌ രാജ്യങ്ങളിലുടെ ഈ റിക്ഷയും ഓടിച്ച്‌ കൊണ്ടാണ്‌. വിശ്വസിക്കുമോ നിങ്ങള്‍...! എനിക്കും ആദ്യം വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍, ചിത്രങ്ങള്‍, പാസ്‌പോര്‍ട്ടിലെ വിസ അടയാളങ്ങള്‍, സന്ദര്‍ശിച്ച രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍-എല്ലാത്തിനുമപരി നിഷ്‌കളങ്കമായ സമീപനം തന്നെ വലിയ തെളിവായിരുന്നു. ലോക സമത്വമെന്ന വലിയ മുദ്രാവാക്യത്തിന്റെ വക്താവാണ്‌ ചെന്‍. ആഗോളതലത്തില്‍ ഹരിതസൗന്ദര്യം നിലനിര്‍ത്താനും സ്‌നേഹമെന്ന സുന്ദരമായ സത്യത്തെ പ്രചരിപ്പിക്കാനുമുള്ള യാത്ര. 2010 മെയ്‌ 11 ന്‌ ബെയ്‌ജിംഗില്‍ നിന്ന്‌ തുടങ്ങിയ യാത്രയാണ്‌ ഇവിടെ എത്തി നില്‍ക്കുന്നത്‌.
2008 ല്‍ ബെയ്‌ജിംഗില്‍ ഒളിംപിക്‌സ്‌ നടക്കുന്ന വേളയില്‍ ചെന്‍ തന്‍രെ മുദ്രാവാക്യങ്ങളുമായി സജീവമായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സിന്‍ര സംഘാടകര്‍ അവിടെ വെച്ച്‌ തന്നെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. യാത്രക്കുള്ള ടിക്കറഅും വിസയുമെല്ലാം സാധാരണക്കാരനായ കര്‍ഷകന്‌ താങ്ങുന്നതായിരുന്നില്ല., പക്ഷേ തന്‍രെ ആകെ സമ്പാദ്യമായ റിക്ഷയില്‍ ലോകത്തെ അറിയാനും കൊച്ചു ഉപദേശങ്ങള്‍ നല്‍കാനുമുള്ള വിശാല താല്‍പ്പര്യത്തില്‍ കുടുംബം തടസം പറഞ്ഞില്ല. ഇപ്പോള്‍ രണ്ട്‌ വര്‍ഷമായി വീട്‌ വിട്ടിട്ട്‌. തായ്‌ലാന്‍ഡും ടിബറ്റും മലേഷ്യയും തുര്‍ക്കിയും ഫ്രാന്‍സുമെല്ലാം സന്ദര്‍ശിച്ച്‌ ഒളിംപിക്‌സ്‌ എന്ന ലോക സമത്വ സ്‌നേഹ മുദ്രാവാക്യത്തിന്‍രെ പറൂദിസയിലെത്തിയിരിക്കുന്നു.
യാത്രാനുഭവങ്ങള്‍ ചോദിച്ചപ്പോള്‍ തായ്‌ലാന്‍ഡിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പേടിയാണ്‌ ചെന്‍ പങ്കിട്ടത്‌. ബാങ്കോക്കിലെത്തുമ്പോള്‍ കനത്ത മഴയായിരുന്നു. അഞ്ച്‌ ദിവസത്തോളം നിര്‍ത്താതെ പെയ്‌ത മഴയില്‍ പുറത്തിറങ്ങാനിയില്ല. റിക്ഷക്കുള്ളില്‍ തന്നെ ഇരുന്നപ്പോഴാണ്‌ വെള്ളം തന്റെ വാഹനത്തെയും തന്നെയും ഇല്ലാതാക്കുമെന്ന്‌ തിരിച്ചറിഞ്ഞത്‌. ഉടന്‍ തന്നെ വണ്ടിയുമായി അടുത്ത രാജ്യത്തേക്ക്‌ നിങ്ങുമ്പോള്‍ പ്രകൃതിയെ കലര്‍പ്പില്ലാതെ സ്‌നേഹിക്കുന്ന ചെന്‍ കണ്ടത്‌ ആടുമാടുകളും ആനകളുമെല്ലാം വെള്ളത്തില്‍ ഒലിച്ച്‌ പോവുന്നത്‌. ഹരിതകാന്തിയെ മലവെള്ളം ഇല്ലാതാക്കുന്നത്‌. തുര്‍ക്കിയിലെത്തിയപ്പോള്‍ പുറത്തിറങ്ങാനാവാത്ത തണുപ്പ്‌. പൂജ്യം ഡിഗ്രിയിലെ മരം കോച്ചും തണുപ്പിനെ പ്രതിരോധിക്കാന്‍ വൃദ്ധന്റെ കൈവശം ആകെയുണ്ടായിരുന്നത്‌ ഒരു കമ്പിളി പുതപ്പ്‌ മാത്രം. പാരീസിലെ ഈഫല്‍ ടവറിലും കൊലാലംപൂരിലെ ട്വിന്‍ ടവറുകളിലും സഞ്ചാരികളായി ദിനേനയെത്തുന്ന പതിനായിരങ്ങള്‍ക്ക്‌ തന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പങ്കിട്ടു.
ജീവിതത്തിന്റെ സായാഹ്നത്തില്‍ നാടും വീടും വിട്ട്‌ മാനവരാശിക്ക്‌ മഹിതമായ സന്ദേശങ്ങള്‍ നല്‍കാന്‍ സ്വന്തം വാഹനത്തില്‍ ലോകം ചുറ്റുന്ന ഈ കര്‍ഷകന്‍ അല്‍ഭുത മനുഷ്യനല്ലാതെ ആരാണ്‌...? നമ്മുടെ നാട്ടില്‍ അമ്പത്‌ വയസ്‌ പിന്നിട്ടാല്‍ സ്വയം വാര്‍ദ്ധ്യകത്തെ ആശ്ശേഷിച്ച്‌ വീടിന്റെ നാല്‌ മതിലുകള്‍ക്കുള്ളില്‍ മക്കളുടെ ആശ്രിതത്വം തേടി രോഗങ്ങളെ ക്ഷണിക്കുന്നവര്‍ ചെന്നിന്റെ ധീരതയെ ഉള്‍കൊള്ളണം. ഈ മനുഷ്യന്‌ പ്രഷറില്ല, ഷുഗറില്ല, കൊളസ്‌ട്രോളില്ല, വാതമില്ല, സന്ധിവേദനകളില്ല. ആരോഗ്യമുള്ള മനസും മനസ്‌ പറഞ്ഞാല്‍ അനുസരിക്കുന്ന ശരീരവുമാണ്‌ സമ്പാദ്യം. അദ്ദേഹത്തോട്‌ സംസാരിച്ചിരിക്കുമ്പോള്‍ സമയം അകലുന്നത്‌ അറിയില്ല. പെട്ടെന്ന്‌ അദ്ദേഹത്തെ വിട്ട്‌ പോവാനുമാവില്ല. ഇന്ത്യയില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം വിലാസം തേടിയില്ല. ആ മന്ദസ്‌മിതം മാത്രം. നമ്മുടെ നാട്ടിലേക്ക്‌ അദ്ദേഹം ചിലപ്പോള്‍ വന്നേക്കാം. അദ്ദേഹത്തിന്‌ നല്‍കാന്‍ ഇന്ത്യന്‍ സംഭാവനയായി എന്റെ കൈവശമുണ്ടായിരുന്നത്‌ ചന്ദ്രിക ആഴ്‌ച്ചപതിപ്പിന്റെ ഒളിംപിക്‌സ്‌ പതിപ്പായിരുന്നു. മലയാളം അറിയില്ലെങ്കിലും ചിത്രങ്ങള്‍ നോക്കി അദ്ദേഹം തൂകിയ ആ പുഞ്ചിരിയില്‍ ഭാഷ ഒന്നിനും തടസമല്ലെന്ന മറുപടിയായിരുന്നു. ചെന്‍ ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകള്‍ കണ്ടു. പുരാത ബ്രിട്ടനെ അനുസ്‌മരിക്കാന്‍ ഡാനി ബോയല്‍ എന്ന ഓസ്‌ക്കാര്‍ ജേതാവ്‌ ആദ്യകാല ഇംഗ്ലീഷ്‌ ഗ്രാമത്തെ പുനരാവിഷ്‌ക്കരിച്ചതിലെ സന്തോഷത്തില്‍ ചെന്‍ പറയുന്നു-ലോകം ഇത്‌ പോലെ ഹരിത വനമാവണം. എല്ലാവരും സ്‌നേഹബന്ധുക്കളാവണം. ജാതിയും മതവും വര്‍ണവും ഭാഷയും തിരിച്ചുള്ള അകലം പാടില്ല.
ഈ ലോകത്തിന്റെ സാന്ത്വനം ചെന്നിനെ പോലുള്ളവരാണ്‌. നാളെക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പുതിയ തലമുറക്ക്‌ ചെന്‍ പഴഞ്ചനാവാം. പക്ഷേ പഴമയിലാണ്‌ സ്‌നേഹവും വാല്‍സല്യവും അതീജീവനവുമുള്ളത്‌. അടുത്ത ഒളിംപിക്‌സ്‌ 2016 ല്‍ ബ്രസീല്‍ നഗരമായ റിയോഡി ജനറോവിലാണ്‌. ചെന്‍ ഇനി അങ്ങോട്ടാണ്‌. വീട്ടിലേക്ക്‌ പോവുന്നില്ല. ലോകമാണ്‌ അദ്ദേഹത്തിന്റെ തറവാട്‌. ഈ റിക്ഷയാണ്‌ അദ്ദേഹത്തിന്റെ വീട്‌......അദ്ദേഹത്തിന്‌ ഇ-മെയില്‍ വിലാസമില്ല, ഫേസ്‌ ബുക്ക്‌ അക്കൗണ്ടില്ല, ട്വിറ്ററില്‍ പ്രതികരിക്കുന്നില്ല, വര്‍ത്തമാന പത്രങ്ങളോ ചാനലുകളോ കാണുന്നില്ല. പക്ഷേ ലോകത്തെ അറിയാന്‍ ഈ കണ്ണുകള്‍ മതിയെന്ന്‌ പറയുന്ന ചെന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വ ജന്മമാണ്‌.

Saturday, August 18, 2012

ഇത്‌ താന്‍ടാ പോലീസ്‌


ചിത്രം- ഒളിംപിക്‌ വെങ്കല മെഡല്‍ ജേതാവ്‌ ഗഗന്‍ നരാഗും കമാല്‍ വരദൂരും
ലണ്ടന്‍ ഡയറി-3

ഇത്‌ താന്‍ടാ പോലീസ്‌

ലണ്ടന്‍ ഡയറിയിലെ ഈ കുറിപ്പ്‌ നാട്ടിലെ എന്റെ പോലീസുകാര്‍ക്കുള്ളതാണ്‌. വായിച്ചതിന്‌ ശേഷം ഇങ്ങനെയൊക്കെയാവാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ എന്ന്‌ വെറുതെ പരീക്ഷിക്കണം (അനുകരണമാണ്‌ കല എന്ന്‌ മഹാനായ അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അനുകരിക്കരുത്‌, ഒരു പരിശ്രമം)
മൂന്ന്‌ ദിവസത്തെ എന്റെ ലണ്ടന്‍ അനുഭവത്തില്‍ ഏറെ പ്രിയപ്പെട്ടവരായിരിക്കുന്നു ബ്രിട്ടിഷ്‌ പോലീസ്‌. നമ്മുടെ സ്വതന്ത്ര സമരഗാഥകളിലെ ബ്രിട്ടീഷ്‌ പോലീസുകാര്‍ ക്രൂരന്മാരാണ്‌. ചരിത്ര ഗ്രന്ഥങ്ങളും സിനിമകളും പരിചയപ്പെടുത്തിയ ആ പോലീസുകാര്‍ എന്തിനും മടിക്കാത്തവരായിരുന്നല്ലോ.. ബ്രിട്ടിഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനിയിടെ ശാസനകള്‍ അക്ഷരംപ്രതി നടപ്പിലാക്കാന്‍ മനുഷ്യത്വം മറന്ന നിയമപാലകര്‍. ഗാന്ധിജിയെ മര്‍ദ്ദിച്ച, നെഹ്‌റുവിനെ പരിഹസിച്ച, ലജ്‌പത്‌റായിയെ തല്ലിചതച്ച, ആലി മുസ്‌ലിയാരെ അവശനാക്കിയ, വാരിയന്‍കുന്നത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും പഴശ്ശിരാജയെയുമെല്ലാം കൊല്ലാന്‍ ഉത്തരവിട്ട ആ പോലീസിന്റെ ചിത്രം മനസ്സിലുണ്ടായിരുന്നതിനാല്‍ ഹിത്രൂ വിമാനത്താവളം മുതല്‍ ഭയപ്പാടോയൊണ്‌ പോലീസുകാരെ വീക്ഷിച്ചത്‌. ഒളിംപിക്‌സിന്‌ ഭീകരാക്രമണ ഭീഷണിയുണ്ടെന്നും കനത്ത സുരക്ഷയാണ്‌ എല്ലായിടത്തുമെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ക്കിടെയാണ്‌ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌. മുസ്‌ലിം നാമധാരിയായതിനാല്‍ വിമാനത്താവളത്തില്‍ പീഡിതനാവുമെന്ന്‌ ചില സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഷാറൂഖ്‌ഖാനെ പോലും തടഞ്ഞ്‌ വെച്ച ബ്രിട്ടീഷ്‌്‌ പോലീസിന്‌ എന്ത്‌ കമാല്‍ വരദൂര്‍...? താടിക്കാരെയെല്ലാം പോലീസ്‌ പ്രത്യേകം നോട്ടമിടുമെന്നതടക്കമുള്ള പലവിധ ഭീഷണികളെ പ്രതീക്ഷിച്ച എന്റെ ധാരണകളെല്ലാം അടിമുടിതെറ്റാണെന്ന്‌ മനസ്സിലാക്കാന്‍ മൂന്ന്‌ ദിവസം വേണ്ടി വന്നു.
പാവങ്ങളാണ്‌ ഈ പോലീസുകാര്‍ എന്നല്ല പറഞ്ഞ്‌ വരുന്നത്‌. സ്വന്തം ജോലിയില്‍ ജാഗ്രത പാലിക്കുന്ന ഇവരുടെ പെരുമാറ്റം പത്തരമാറ്റാണ്‌. മാന്യമായ ഇടപെടലുകള്‍, സംസാരം, സഹായം-ഒന്ന്‌ പറഞ്ഞാല്‍ നിങ്ങളെ എത്തേണ്ടിടത്ത്‌ എത്തിക്കും. ഇവര്‍ക്ക്‌ കപ്പടാമീശയില്ല, ധാര്‍ഷ്‌ഠ്യമില്ല, ഞാനാണ്‌ നിയമസംരക്ഷകന്‍ എന്ന അഹങ്കാരമില്ല.
ഒരനുഭവവും ഒരു കാഴ്‌ച്ചയും വിശദീകരിച്ചാല്‍ പലവിധ ഗ്രൂപ്പുകളിലായുള്ള പോലീസിനെ (മെട്രോപൊളീറ്റന്‍ പോലീസ്‌, ഹാര്‍ഡി പോലീസ്‌, സ്‌പെഷ്യല്‍ ഫോഴ്‌സ്‌, മിലിട്ടറി) അടുത്തറിയാനാവും.
താമസസ്ഥലമായ ഓള്‍ഡ്‌ഗേറ്റ്‌ ഈസ്‌റ്റില്‍ നിന്നും ഒളിംപിക്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന സ്റ്റാര്‍ഫോര്‍ഡിലേക്ക്‌ മെട്രോ ട്രെയിനില്‍ പത്ത്‌ മിനുട്ട്‌ യാത്ര ചെയ്യണം. പാര്‍ക്കിലെത്തിയാല്‍ മീഡിയാ സെന്ററിലേക്ക്‌ അര മണിക്കൂറോളം നടക്കാനുമുണ്ട്‌. ഷട്ടില്‍ ബസ്‌ സര്‍വീസ്‌ ഉണ്ടെന്ന്‌ സംഘാടകര്‍ പറയുന്നുവെങ്കിലും ഈ കാര്യത്തില്‍ അവര്‍ക്ക്‌ തന്നെ ഉറപ്പില്ല. പാര്‍ക്കിലെ സുരക്ഷാ ചെക്കപ്പിന്‌ ശേഷം നടത്തം തുടങ്ങിയപ്പോള്‍ അതിസുന്ദരന്മാരായ, കറുത്ത കോട്ടും തോക്കുമെല്ലാം ധരിച്ച നാല്‌ പോലീസുകാര്‍. കാന്‍ ഐ ഹെല്‍പ്പ്‌ യു സാര്‍ എന്ന ബഹുമാനത്തോടെയുള്ള ചോദ്യം കേട്ടപ്പോള്‍ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി. എന്നോട്‌ തന്നെയാണോ ചോദ്യം എന്ന്‌ ഉറപ്പ്‌ വരുത്താന്‍. (സാര്‍ എന്ന്‌ വിളിച്ച്‌ മാത്രമാണ്‌ ഇവിടെ പോലീസുകാര്‍ എല്ലാവരോടും സംസാരിക്കുന്നത്‌. നമ്മുടെ പോലീസുകാരുടെ അഭിസംബോധനാ പ്രയോഗം ഇവിടെ കുറിക്കാനാവില്ല). ലാപ്പ്‌ടോപ്പ്‌ അടങ്ങിയ ബാഗുമായി അരമണിക്കൂര്‍ നടക്കാനുള്ള പ്രയാസം അവരോട്‌ പറഞ്ഞപ്പോള്‍ എന്റെ ബാഗതാ പോലീസുകാരന്‍ വാങ്ങുന്നു. അത്‌ അദ്ദേഹത്തിന്റെ തോളിലായി. പിന്നെ നാല്‌ പേരും എന്നെ അനഗമിക്കുന്നു. ചിരിച്ചും കളിച്ചും തമാശകള്‍ പറഞ്ഞും അവര്‍ യാത്രയെ ആവേശകരമാക്കി. ഞാനാവട്ടെ നാല്‌ പോലീസുകാരുടെ അകമ്പടിയില്‍ വി.ഐ.പി പരിഗണനയോടെ നടക്കുന്നു. എന്റെ ബ്ലേസറിലെ ഇന്ത്യ എന്ന പേര്‌ കണ്ടതോടെ അവര്‍ക്ക്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചറിയണം, ഇന്ത്യന്‍ പോലീസിനെക്കുറിച്ചറിയണം. (നല്ലത്‌ മാത്രമാണ്‌ എന്റെ പോലീസുകാരെക്കുറിച്ച്‌ പറഞ്ഞത്‌. കാടിയാണെങ്കിലും മൂടി കുടിക്കണമെന്നാണല്ലോ). എന്നെ മീഡിയാ സെന്ററിലെത്തിച്ചശേഷമാണ്‌ പോലീസുകാര്‍ മടങ്ങിയത്‌.
ഒളിംപിക്‌ പാര്‍ക്കിലെ കാഴ്‌ച്ചയും രസകരമായിരുന്നു. ഉദ്‌ഘാടന ദിവസമായതിനാല്‍ വിവിധ രാജ്യക്കാരായ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു രാവിലെ മുതല്‍. കറുത്ത കോട്ടിട്ട പോലീസും കാക്കിക്കാരായ പോലീസും പച്ച ബ്ലേസര്‍ അണിഞ്ഞ പോലീസുമെല്ലാമായി നിയന്ത്രണത്തിന്‌ വന്‍പട. ആരുടെ മുഖത്തും പക്ഷേ ഒരു ആലസ്യവുമില്ല, എല്ലാവരെയും നിയന്ത്രിച്ചും സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കിയും പോലീസ്‌ എന്ന ഇംഗ്ലീഷ്‌ പദത്തിലെ അക്ഷരങ്ങളില്‍ പറയുന്ന വാക്കുകളുടെ പര്യായമായി തന്നെ അവര്‍ നീങ്ങുന്നതിനിടെ ഒറു കറുത്തവര്‍ഗ്ഗക്കാരന്‍ പോക്കറ്റടിക്കുള്ള ശ്രമം നടത്തി. പിടികൂടപ്പെട്ട മോഷ്‌ടാവിനെ പോലീസ്‌ കൈകാര്യം ചെയ്‌ത രീതി അല്‍ഭുതകരമായിരുന്നു. പതുക്കെ അവന്റെ തോളില്‍ കൈയ്യിട്ട്‌ സര്‍ വാട്ട്‌ യു വാണ്ട്‌ എന്ന ചോദ്യം. എന്നിട്ട്‌ സ്വന്തം പോക്കറ്റിലെ വാട്ടര്‍ ബോട്ടിലെടുത്ത്‌ അവന്‌ കൊടുക്കുന്നു. ചിരിച്ച്‌ സംസാരിക്കുന്നു. എന്നിട്ടാണ്‌ പോലീസ്‌ വാഹനത്തില്‍ കയറ്റുന്നത്‌. നമ്മുടെ നാട്ടിലാണെങ്കിലോ-ഒരു കള്ളനെ കിട്ടിയാല്‍ ആ സ്‌പോട്ടില്‍ വെച്ച്‌ തെറി വിളിയും ഇടിയും തൊഴിയുമെല്ലാം കഴിഞ്ഞിരിക്കും.
ഒരു കള്ളനെ കൊലപാതകിയാക്കി മാറ്റാന്‍ നാട്ടിലെ പോലീസിന്‌ മിടുക്കുണ്ടെങ്കില്‍ മോഷ്ടാവിനെ തെറ്റ്‌ തിരുത്തി നന്മയിലേക്ക്‌ നയിക്കാനാണ്‌ ബ്രിട്ടീഷ്‌ പോലീസ്‌ പരിശ്രമിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ നിറയെ കൊള്ള നടന്നപ്പോള്‍ പോലും പോലീസുകാര്‍ കടന്നാക്രമണത്തിന്‌ മുതിര്‍ന്നിരുന്നില്ല. ആദ്യം എല്ലാവരെയും ഉപദേശിക്കാന്‍ ശ്രമിച്ചു. അവസാനത്തിലാണ്‌ ആയുധമെടുത്തത്‌. രസകരമായ ഒരു താരതമ്യവുമുണ്ട്‌. ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ പോലീസിന്‌ മിണ്ടാട്ടമുണ്ടായിരുന്നില്ല. ഒന്ന്‌ ചോദിച്ചാലും പ്രതികരിക്കില്ല. പ്രതിമകളെപോലെ നിന്നിടത്ത്‌ തന്നെ. ഭാഷയാണ്‌ തടസ്സമെന്നാണ്‌ ആദ്യം തോന്നിയത്‌. പക്ഷേ അന്വേഷിച്ചപ്പോള്‍ മനസ്സിലായി ആരോടും ഒരക്ഷരം ഉരിയാടരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന്‌. ഇവിടെ ഒന്നും ചോദിക്കാതെ തന്നെ പോലീസുകാര്‍ പ്രതികരിക്കുന്നു, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. മിക്ക പോലീസുകാര്‍ക്കും എട്ടടിയോളം വലുപ്പമുണ്ട്‌. ആരും പക്ഷേ സുരേഷ്‌ ഗോപിമാരല്ല. താഴാവുന്നിടത്തോളം താഴും. പോലീസിനെ സാകൂതം വീക്ഷിക്കുന്ന ന്യൂഹാം മോണിറ്ററംഗ്‌ പ്രോജക്ട്‌ എന്നൊരു ഗ്രൂപ്പും ഇവിടെയുണ്ട്‌. അവരുടെ വക ഇന്നലെ ഒരു ലീഫ്‌ ലെറ്റര്‍ പുറത്തിറങ്ങി. പോലീസുകാര്‍ എന്ത്‌ ചോദിച്ചാലും പ്രതികരിക്കേണ്ടെന്നും സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ പൗരന്മാരെ ബോധ്യപ്പെടുത്തിയുമുള്ള ലീഫ്‌ ലെറ്റില്‍ പോലീസ്‌ അപമര്യാദയോടെ പെരുമാറിയാല്‍ നിയമസഹായം ഉറപ്പ്‌ നല്‍കുന്നുമുണ്ട്‌.
പോലീസുകാരായാല്‍ അത്‌ ബ്രിട്ടീഷ്‌ പോലീസാവണം. അവര്‍ എല്ലാവരുമായും ഫോട്ടോക്ക്‌ പോസ്‌ ചെയ്യുന്നു, ചിരിയിലും ഇടപെടലുകളിലും ആളുകളുടെ ഭയത്തെ അകറ്റുന്നു. നല്ല കൂട്ടുകാരാവുന്നു. ഇത്‌ താന്‍ടാ പോലീസ്‌..! ഇതാവണം പോലീസ്‌.......

Friday, August 17, 2012

19 മണിക്കൂര്‍ നോമ്പും ഇംഗ്ലീഷ്‌ ഫ്രൂട്ട്‌സ്‌ കോക്‌ടെയിലും


ഒളിംപിക്‌സിനെത്തിയ പ്രമുഖ ടെലിവിഷന്‍ കമന്റേറ്റര്‍ ചാരു ശര്‍മ്മക്കൊപ്പം കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-2

19 മണിക്കൂര്‍ നോമ്പും ഇംഗ്ലീഷ്‌ ഫ്രൂട്ട്‌സ്‌ കോക്‌ടെയിലും

ലണ്ടന്‍ ഡയറിയുടെ രണ്ടാം ദിനം ഒരു നോമ്പ്‌ കുറിപ്പാണ്‌. മഹാനഗരത്തിലെ ആദ്യ നോമ്പും അതിന്റെ വിശേഷങ്ങളും. ലണ്ടനിലെ നോമ്പിന്‌ എന്താ ഇത്ര പ്രത്യേകത എന്ന്‌ ചോദിക്കുന്ന നാട്ടിലെ നോമ്പുകാരോട്‌ തുടക്കത്തില്‍ തന്നെ പറയാം-ഈ നോമ്പിന്‌ ദൈര്‍ഘ്യമേറെയാണ്‌. പത്തൊമ്പത്‌ മണിക്കൂര്‍......! പണ്ട്‌ സൂര്യനസ്‌മതിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ വെള്ളക്കാരന്റെ ഈ നാട്ടില്‍ നിന്ന്‌ സൂര്യന്‍ ആകെ മുങ്ങുന്നത്‌ അഞ്ച്‌ മണിക്കൂറാണ്‌. ആ സമയം മാത്രമാണ്‌ ഉറക്കം. വേനല്‍ക്കാലത്തിന്റെ തുടക്കമായതിനാല്‍ ചൂടിന്‌ രാവിലെ മുതല്‍ നല്ല കാഠിന്യമുണ്ട്‌. 19 മണിക്കൂര്‍ നോമ്പും നല്ല വെയിലും ഒളിംപിക്‌സ്‌ തിരക്കും-ഒന്നാലോചിച്ച്‌ നോക്കുക.
പുലര്‍ച്ചെ 3-15 നാണ്‌ (നാട്ടില്‍ രാവിലെ 7-45 ) സുബഹി ബാങ്ക്‌. മഗ്‌രിബ്‌ രാത്രി 9-03 നും (നാട്ടില്‍ പുലര്‍ച്ചെ 1-40). അതായത്‌ നിങ്ങളെല്ലാം നോമ്പും തറാവീഹും കഴിഞ്ഞ്‌ ഉറക്കത്തിന്റെ നാല്‌ യാമങ്ങള്‍ പിന്നിടുമ്പോഴായിരിക്കും ഞങ്ങള്‍ പാവങ്ങള്‍ നോമ്പ്‌ തുറക്കാനിരിക്കുക. ചിരിക്കാന്‍ വരട്ടെ-കൂടുതല്‍ പ്രതിഫലം ഞങ്ങള്‍ക്കാണ്‌.
സുബഹിക്ക്‌ തൊട്ട്‌ മുമ്പ്‌ ഓള്‍ഡ്‌ ഗേറ്റിലെ പുരാതന പാരമ്പര്യമുള്ള ഹലാല്‍ റസ്റ്റാറന്‍ഡിലായിരുന്നു അത്താഴം. ലണ്ടന്‍ ഉസ്‌മാന്‍ ഹാജിയെ പോലുള്ള ബ്രിട്ടീഷ്‌ പ്രവാസത്തിലെ അനുഭവസമ്പന്നര്‍ക്കൊപ്പം ലണ്ടന്‍ നോമ്പിനായി ഒരുങ്ങിയപ്പോള്‍ തന്നെ ചിലര്‍ പറഞ്ഞു സാഹസം വേണോ എന്ന്‌. സ്‌പോര്‍ട്‌സും സാഹസവും തമ്മിലൊരു ബന്ധമുള്ളതിനാല്‍ ധൈര്യത്തിന്‌ കുറവുണ്ടായിരുന്നില്ല. നാനും ചിക്കന്‍ കറിയും സുലൈമാനിയുമായിരുന്നു അത്താഴവിഭവങ്ങള്‍. ഹലാല്‍ റസ്‌റ്റോറന്‍ഡിലെ ജീവനക്കാരെല്ലാം ബംഗ്ലാദേശികളാണ്‌. നല്ല കൈപ്പുണ്യമുള്ള പാചകക്കാര്‍. നാട്ടില്‍ ലഭിക്കുന്ന മല്ലി അരച്ചുള്ള നല്ല ചിക്കന്‍ കറി. അത്താഴവിരുന്ന്‌ അര മണിക്കൂര്‍ ദീര്‍ഘിച്ചു. പുറത്തേക്ക്‌ നോക്കിയപ്പോള്‍ തന്നെ സൂര്യന്റെ ആഗമനം വ്യക്തമാവുന്നുണ്ടായിരുന്നു.
നമസ്‌ക്കാരത്തിന്‌ ശേഷം അല്‍പ്പം ഉറങ്ങിയെഴുന്നേറ്റപ്പോള്‍ എട്ട്‌ മണി. വേഗം കുളിച്ച്‌ റെഡിയായി മെട്രോ സ്‌റ്റേഷനിലേക്ക്‌. അഞ്ച്‌ മിനുട്ട്‌ നടന്നാല്‍ ാേല്‍ഡ്‌ ഗേറ്റ്‌ സ്‌റ്റേഷനെത്താം. അവിടെ നിന്ന്‌ ഡിസ്‌ചട്രിക്‌ ലൈനമ്‌# ട്രെയിനില്‍ കയറി മെയിന്‍ലാന്‍ഡ്‌ സ്‌റ്റേഷനിലിറങ്ങി. സെന്‍ട്രല്‍ ലൈനിലേക്ക്‌ മാറി അചടുത്ത മെട്രോയില്‍ കയറി ഒളിംപിക്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന സ്റ്റാഫോര്‍ഡ്‌ സിറ്റിയിലേക്ക്‌. രാവിലെ ആയതിനാല്‍ വലിയ തിരക്കില്ല. സുരക്ഷാ പരിശോധനക്ക്‌ ശേഷം മെയിന്‍ മീഡിയാ സെന്ററിലേക്ക്‌ അര മണിക്കൂര്‍ നടക്കാനുണ്ട്‌. ഷട്ടില്‍ ബസ്‌ സര്‍വീസ്‌ ഉണ്ടെന്നൊക്കെ പറയുന്നുവെങ്കിലും രണ്ട്‌ ദിവസമായി നല്ല നടത്തമാണ്‌. നടത്തത്തിനിടയിലെ കാഴ്‌ച്ചകളിലേക്ക്‌ നേത്രമയച്ചാല്‍ നോമ്പ്‌ മുറിയും. വേനലായതിനാല്‍ ഇംഗ്ലീഷ്‌ വനിതകള്‍ക്ക്‌ വസ്‌ത്രവിരോധമല്‍പ്പമധികമാണ്‌. വെളുപ്പിനഴക്‌ എന്നാണ്‌ നമ്മളെല്ലാം കേട്ടതെങ്കില്‍ കറുപ്പിന്‌ ഏഴഴകാണ്‌ എന്ന വെല്ലുവിളിയുമായി വസ്‌ത്രാലര്‍ജിയില്‍ ആഫ്രിക്കന്‍ വനിതകളും ഒപ്പത്തിനൊപ്പമുണ്ട്‌. ടൈലും നല്ല വെള്ളാരംകല്ലും പാകിയ പാര്‍ക്കിലൂടെ നടക്കവെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിനും ഏഷ്യാനെറ്റ്‌ റേഡിയോക്കും ഒളിംപിക്‌ വിശേഷങ്ങള്‍ നല്‍കി.
റമസാന്‍ പുണ്യങ്ങളെ ബഹുമാനിക്കുന്നവരാണ്‌ ഒളിംപിക്‌ സംഘാടകര്‍. വിശാലമായ ഒളിംപിക്‌ പാര്‍ക്കില്‍ സുന്ദരമായ പള്ളി. മഹാമേളയില്‍ പങ്കെടുക്കുന്നവരില്‍ മൂവായിരത്തോളം പേര്‍ മുസ്‌ലിം താരങ്ങളും പത്രക്കാരുമാണ്‌. പള്ളിയില്‍ മുസായഫുകളുണ്ട്‌, തസ്‌ബിഹ്‌ മാലകളുമുണ്ട്‌. ളുഹര്‍ നമസ്‌ക്കാരത്തിന്‌ ഇരുന്നുറോളം പേര്‍. നോമ്പുള്ളവര്‍ക്കായി നോമ്പ്‌ തുറയുണ്ടെന്ന്‌ സംഘാടകരുടെ അറിയിപ്പും.
ഈസ്റ്റ്‌ ലണ്ടനിലാണ്‌ ഇംഗ്ലീഷ്‌ മുസ്‌ലിം സംഖ്യ ഏറെ കൂടുതല്‍. ഈസ്റ്റ്‌ഹാമില്‍ ഭൂരിക്ഷവും ഇന്ത്യക്കാര്‍, ഓള്‍ഡ്‌ ഗേറ്റില്‍ ബംഗ്ലാദേശികള്‍, സൗത്താപ്‌ടണില്‍ പാക്കിസ്‌താനികള്‍. എല്ലാവരും വിശ്വാസത്തെ ബഹുമാനിക്കുന്നവര്‍. അതിനിടയില്‍ പാര്‍ക്കില്‍ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണും ഒളിംപിക്‌ സംഘാടക സമിതി തലവന്‍ സെബാസ്റ്റ്യന്‍ കോയുടെയും വാര്‍ത്താ സമ്മേളനം. അതില്‍ പങ്കെടുത്ത്‌ മടങ്ങവെ അമിതാബച്ചന്റെ വരവ്‌. അദ്ദേഹം ഒളിംപിക്‌ ദീപത്തിന്റെ ഭാഗമായിരിക്കുന്നു. അങ്ങനെ അങ്ങോട്ട്‌. ഈ ഓട്ടമെല്ലാം നോമ്പെടുത്തിട്ടാണെന്ന്‌ മറക്കരുത്‌. മീഡിയാ സെന്ററില്‍ ഇന്നത്തെ ഉദ്‌ഘാടന പരിപാടികളുടെ പാസ്‌ വിതരണത്തിനായുള്ള നറുക്കെടുപ്പുണ്ടായിരുന്നു. കേരളത്തില്‍ നിന്ന്‌ ചന്ദ്രികയും മലയാള മനോരമയും മാതൃഭൂമിയും മാത്രമാണ്‌ അക്രഡിറ്റേഷനോടെ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഞങ്ങള്‍ക്ക്‌ മൂന്ന്‌ പേര്‍ക്കും ഭാഗ്യമുണ്ടായിരുന്നു.
അസര്‍ നമസ്‌ക്കാരത്തിന്‌ ഒത്തുചേര്‍ന്നപ്പോള്‍ മനസ്സിലേക്ക്‌ വന്നത്‌ നിങ്ങളെല്ലാം നാട്ടില്‍ നോമ്പ്‌ തുറന്ന്‌ വിശാലമായി കിടക്കുന്നതാണ്‌.
ലണ്ടനിലെ ഏറ്റവും വലിയ പള്ളി ഈസ്റ്റ്‌ ലണ്ടന്‍ മോസ്‌ക്കാണ്‌. കാല്‍ലക്ഷത്തോളം പേര്‍ ഇവിടെ ജുമുഅക്ക്‌ പങ്കെടുക്കാറുണ്ടത്രെ.... അവിടെയാവാം നോമ്പ്‌ തുറ എന്ന്‌ കരുതി മെട്രോയില്‍ പള്ളിയിലേക്ക്‌ തിരിച്ചു. മൂന്ന്‌ മീനാരങ്ങളുള്ള വലിയ പള്ളി. ലണ്ടന്‍ മുസ്‌ലിം സെന്ററുകാരാണ്‌ നടത്തിപ്പുകാര്‍. (ഇവിടെ വിശ്വാസത്തിനൊന്നും ഒരു പ്രശ്‌നവുമില്ല. ചൈനയില്‍ പോയപ്പോള്‍ കണ്ടത്‌ പോലെ നാലാളുകള്‍ കൂടുമ്പോള്‍ പോലീസിന്റെ ഒളിച്ചുനോട്ടമില്ല) നോമ്പ്‌ തുറ വിഭവങ്ങളിലെ പ്രധാനി അവിടെയും ഇവിടെയും നമ്മുടെ കാരക്ക തന്നെ..... വിവിധ വലുപ്പത്തിലുള്ള കാരക്കകള്‍. പിന്നെ ഫ്രൂട്ട്‌സ്‌ കോക്ക്‌ ടെയില്‍ എന്ന പുത്തന്‍മുറക്കാരന്‍. എല്ലാതരം ഫ്രൂട്ട്‌സിലെയും വൈറ്റമിനുകള്‍ ശരീരത്തിലെത്തിക്കാന്‍ എല്ലാ പഴങ്ങളും ചേര്‍ത്തുള്ള ഉഗ്രന്‍ ജ്യൂസ്‌. സമൂസയും ഉന്നക്കായും ചിക്കന്‍റോളും മട്ടന്‍ ഫ്രീറോളും കട്‌ലറ്റും മുട്ട ബാജിയും പക്കവടയുമെല്ലാം. കടലയും ചെറുപയറും വേവിച്ച പ്രത്യേക വിഭവമായിരുന്നു അപരിചിതന്‍. പിന്നെ പല തരത്തിലുള്ള ജിലേബികള്‍. നാട്ടിലെ രീതിയനുസരിച്ചുള്ള വലിയ തുറയും ചെറിയ തുറയുമൊന്നുമില്ല-എല്ലാം ഒരുമിച്ച്‌. പ്രിയപ്പെട്ട നാടന്‍ പത്തിരി തേടിയപ്പോള്‍ ഉത്തരമായി മുന്നില്‍ വന്നത്‌ ചപ്പാത്തി.....
പള്ളിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നവരില്‍ സമ്പന്നനും സാധാരണക്കാരനുമെല്ലാമുണ്ട്‌. എല്ലാവരും മഗ്‌രിബ്‌ സമയത്ത്‌ പള്ളിയിലേക്ക്‌ വരുന്നു. കൂട്ടമായി നോമ്പ്‌ തുറക്കുന്നു. നമസ്‌കരിക്കുന്നു. പള്ളി കവാടത്തില്‍ തന്നെ ഒളിംപിക്‌സ്‌ പ്രമാണിച്ചുള്ള നോട്ടീസ്‌-കഴിവതും സ്വന്തം കാറുകള്‍ ഉപയോഗിക്കാതിരിക്കുക. പള്ളിയിലേക്ക്‌ വരുമ്പോള്‍ മെട്രോയെ ആശ്രയിക്കുക. ഒളിംപിക്‌സ്‌ പ്രമാണിച്ച്‌ വന്‍ ഗതാഗതകുരുക്കും പാര്‍ക്കിംഗ്‌ നിയന്ത്രണവുമുള്ളതിനാല്‍ എല്ലാവരും നിയമങ്ങളുമായി സഹകരിക്കുന്നു. നോമ്പ്‌ തുറ കഴിഞ്ഞാല്‍ മുത്താഴമൊന്നുമില്ല. അനഫി മദ്‌ഹബാണ്‌ ഇവിടെ പിന്തുടരുന്നത്‌. 20 റക്കാഅത്ത്‌ തറാവിഹ്‌. ആദ്യ പത്തിന്‌ ശേഷം ഹാഫിളായ ഇമാം പിന്മാറി ആദ്യ നിരയിലെത്തുന്നു. പുതിയ ഇമാമാണ്‌ പിന്നെ. നാട്ടില്‍ സുന്നികള്‍ പിന്തുടരുന്ന അതേ രീതികള്‍. കൂട്ടപ്രാര്‍ത്ഥനക്ക്‌ ശേഷമാണ്‌ എല്ലാവരും പിരിഞ്ഞത്‌. ഇപ്പോള്‍ നിങ്ങളെല്ലാം ഏഴാം നോമ്പിലായിരിക്കും-ഞങ്ങള്‍ക്ക്‌ പക്ഷേ നോമ്പ്‌ ആറില്‍ നിന്ന്‌ ഏഴിലെത്താന്‍ അല്‍പ്പസമയം കൂടി ബാക്കിയുണ്ട്‌. 19 മണിക്കൂര്‍ പട്ടിണിയിരുന്നിട്ടും ശരീരത്തിന്‌ വേവലാതികളൊന്നുമില്ല. വിജയകരമായ ആദ്യ ബ്രിട്ടീഷ്‌ നോമ്പ്‌.....

Thursday, August 16, 2012

വിസ്‌മയ വികാരം


വിസ്‌മയ വികാരം

ഒളിംപിക്‌സ്‌ ഒരു വിസ്‌മയവികാരമാണെന്ന സത്യം നേരിട്ടറിഞ്ഞു ലണ്ടനിലേക്കുള്ള യാത്രയില്‍. കരിപ്പൂരില്‍ നിന്ന്‌ ദുബായ്‌ വഴി ഹിത്രു വിമാനത്താവളത്തിലെത്താന്‍ പതിമൂന്ന്‌ മണിക്കൂറുകള്‍ വേണ്ടിവന്നെങ്കിലും രാത്രി യാത്രയിലുള്ള ഒളിംപിക്‌ പരിവേഷം അഭിമാനകരമായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ചൈനയിലെ ഗുവാന്‍ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള യാത്രയില്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എന്നെയും മാതൃഭുമി റിപ്പോര്‍ട്ടര്‍ കെ.വിശ്വനാഥനെയും ഇമിഗ്രേഷന്‍ അധികാരികള്‍ ഒരു മണിക്കൂറോളം അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ വിലയറിയാത്തതിനാല്‍ തടഞ്ഞ്‌ വെച്ച സംഭവം ഓര്‍മ്മയുള്ളതിനാല്‍ നേരത്തെ തന്നെ കരിപ്പൂരിലെത്തി. എമിറേറ്റ്‌സ്‌ കൗണ്ടറില്‍ ബഗേജ്‌ നല്‍കാനായി യാത്രാ രേഖകള്‍ കാണിച്ചു. ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‍ കണ്ടപ്പോള്‍ അവര്‍ക്ക്‌ വലിയ സന്തോഷം. ഉടന്‍ തന്നെ ഷമാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ടിക്കറ്റ്‌ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ബിസിനസ്‌ ക്ലാസാക്കി. കായികലോകം ഒരുമിക്കുന്ന വലിയ മാമാങ്കവേദിയിലേക്ക്‌ പോവുന്ന മാധ്യമ പ്രവര്‍ത്തകന്‌ എമിറേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ ആദരം. തിരക്കില്ലാത്ത ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‍ കാര്‍ഡിന്‌ പൊന്നിന്റെ വിലയായിരുന്നു. എസ്‌.ഐ ദേവദാസിന്റെ നേതൃത്ത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കാര്‍ഡിന്റെ ഉന്നതനിലവാരവും അതീവസുരക്ഷാ മാര്‍ക്കുകളും വിവരിച്ചു. എല്ലാ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും കാര്‍ഡ്‌ ആകാംക്ഷയോടെ പരീക്ഷിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ആദ്യമായി ലഭിക്കുന്ന ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‍ കാര്‍ഡ്‌.പക്ഷേ ബാംഗ്ലൂരിലെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അജ്ഞതയൊന്നും പ്രകടിപ്പിക്കാതെ കാര്‍ഡിന്റെ പ്രസക്തിയും വിലയും മനസ്സിലാക്കി അതിവേഗത്തില്‍ അവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വി.ഐ.പി ലോഞ്ചിലെ കാത്തിരിപ്പിനിടയില്‍ നോമ്പ്‌ തുറ. യാത്രാ മംഗളങ്ങള്‍ നേര്‍ന്ന്‌ മൂന്ന്‌ മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌, സംസ്ഥാന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമുഹ്യക്ഷേമ മന്ത്രി ഡോ.എം.കെ മുനീര്‍-മൂന്ന്‌്‌ പേരും ആവശ്യപ്പെട്ടത്‌ ചൈനയിലെ ഡയറിക്കുറിപ്പുകള്‍ പോലെ ബ്രിട്ടഷ്‌ സംസ്‌ക്കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തേടിയുള്ള രസകരങ്ങളായ കുറിപ്പുകള്‍. എമിറേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ 536-ാം നമ്പര്‍ വിമാനത്തിലേക്ക്‌ കയറിയപ്പോള്‍ അവിടെയും ഒളിംപിക്‌സ്‌ തന്നെ വി.ഐ.പി. പൈലറ്റായ അയര്‍ലാന്‍ഡുകാരന്‍ വാനി വിസ്‌കിന്‍സ്‌ എനിക്കായി പ്രത്യേക സ്വാഗതമോതി. തൊട്ടരികിലുള്ള സീറ്റിലെ യാത്രക്കാരനായ കാസര്‍ക്കോട്‌ കാഞ്ഞങ്ങാട്ടുള്ള ഡോ. വിജയരാജ്‌ മൃണാള്‍ തന്റെ അസൂയ തുറന്ന്‌ പറഞ്ഞു. ഒളിംപിക്‌സ്‌ വളരെ അരികില്‍ നിന്ന്‌ കാണാനും ലോകോത്തര താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ക്ക്‌ ദൃക്‌സാക്ഷിയാവാനും കഴിയുന്നത്‌ ഭാഗ്യമാണെന്ന്‌ പറഞ്ഞ അദ്ദേഹം തന്റെ പ്രൊഫഷന്‍ വിട്ട്‌ മാധ്യമ പ്രവര്‍ത്തകനായാലോ എന്ന ആലോചനയും പങ്കിട്ടു. നാല്‌ മണിക്കൂര്‍ യാത്രക്ക്‌ ശേഷം ുദുബായ്‌ രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പതിവ്‌ പോലെ ദുബായ്‌ നഗരത്തിന്‌ പകലും രാത്രിയുമില്ല. ബഹളമയത്തില്‍ എല്ലാവരും രാത്രിയെ പകലാക്കുകയാണ്‌. ലണ്ടനിലേക്കുള്ള ഇ.കെ 007 വിമാനം തേടിയപ്പോള്‍ വലിയ ബോര്‍ഡില്‍ 226-ാം നമ്പര്‍ ഗേറ്റിലെത്താനുള്ള നിര്‍ദ്ദേശം. ഗേറ്റ്‌ തേടി അലയേണ്ടി വന്നില്ല. ഇംഗ്ലീഷുകാരുടെ വെളുത്ത സഞ്ചയം. അവര്‍ക്കിടയില്‍ ഒരാളായി രണ്ട്‌ മണിക്കൂറിന്റെ കാത്തിരിപ്പും രസകരമായിരുന്നു. എല്ലാവരും പുസ്‌തക പാരായണത്തില്‍. നമ്മുടെ കുട്ടികളും ചെറുപ്പക്കാരും അല്‍പ്പസമയം കിട്ടിയാല്‍ മൊബൈല്‍ ഫോണെടുത്ത്‌ വിക്രിയ കളിക്കുന്നവരാണെങ്കില്‍ വെള്ളക്കാരുടെ കുട്ടികള്‍ക്ക്‌ ആ താല്‍പ്പര്യമൊന്നുമില്ല. രണ്ട്‌ വയസുകാരിയായ കൊച്ചുമിടുക്കി പോലും വായനയില്‍....
അതിനിടയില്‍ ഗേറ്റ്‌ നമ്പര്‍ മാറി എന്ന പ്രഖ്യാപനവുമായി ഒരു ഉദ്യോഗസ്ഥന്‍ എത്തിയപ്പോള്‍ ആരും ഒരു പരാതി പോലും പറഞ്ഞില്ല. പുതിയ ഗേറ്റിലേക്ക്‌ എല്ലാവരും ബഗേജുമായി എഴുന്നേറ്റപ്പോള്‍ ഇംഗ്ലീഷുകാരുടെ മാന്യതയെ നമിച്ചു. നമ്മുടെ നാട്ടിലാണെങ്കില്‍ ആ ഉദ്യോഗസ്ഥനെ തെറി വിളിക്കുമായിരുന്നില്ലേ.... എല്ലാവരും ബഗേജുമായി നേരത്തെ പറഞ്ഞ ഗേറ്റില്‍ കാത്തുനില്‍ക്കുമ്പോള്‍ അവസാന നിമിഷത്തിലെ മാറ്റം. ദുബായില്‍ നിന്ന്‌ ലണ്ടനിലേക്കുള്ള എമിറേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ ബോയിംഗ്‌ 007 വിമാനത്തില്‍ നിറയെ താരങ്ങളും ഒഫീഷ്യലുകളും മാധ്യമ പ്രവര്‍ത്തകരും. അരികിലെ സീറ്റില്‍ ടാന്‍സാനിയന്‍ ബോക്‌സിംഗ്‌ കോച്ചായ ബ്രിട്ടീഷുകാരി താന്‍സ സുഗിയ. ഇന്ത്യയില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ നമ്മുടെ ബോക്‌സര്‍ വീജേന്ദര്‍ മെഡല്‍ നേടുമോ എന്ന ചോദ്യം. രാത്രിയുടെ ആലസ്യത്തില്‍ എല്ലാവരും ഉറക്കത്തിലേക്ക്‌ പ്രവേശിച്ചതിനാല്‍ ഹിത്രു വിമാനത്താവളത്തിലെത്തിയത്‌ അറിഞ്ഞത്‌ തന്നെയില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 6-30 ന്‌ ഖലീല്‍ ഇസ്‌മാഈല്‍ എന്ന അറേബ്യന്‍ പൈലറ്റ്‌ പറത്തിയ വിമാനം നിലംതൊട്ടു. മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ ഒളിംപിക്‌സ്‌ ഫാമിലിക്ക്‌ മാത്രമായി പ്രത്യേക സൗകര്യങ്ങള്‍. അതിവേഗം അക്രഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട്ടെ എന്റെ അയല്‍വാസിയും ഇവിടെ എം.ബി.എ വിദ്യാര്‍ത്ഥിയുമായ എന്‍. എം മുഹമ്മദ്‌ അഫീഖും ബ്രിട്ടീഷ്‌ കെ.എം.സി.സി പ്രവര്‍ത്തകരും പൂച്ചെണ്ടുകളുമായി കാത്തുനില്‍ക്കുകയായിരുന്നു. അഫീഖ്‌ മൊബൈല്‍ കാര്‍ഡ്‌ എടുത്തുവെച്ചതിനാല്‍ വന്നയുടന്‍ തന്നെ ലണ്ടന്‍ നമ്പറിലേക്ക്‌ വിളികള്‍. കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ എന്ന മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയുടെ കരുത്ത്‌ ഗള്‍ഫ്‌ നാടുകളില്‍ നിരന്തരം കണ്ടിട്ടുണ്ട്‌. ഇങ്ങിവിടെ വെള്ളക്കാരുടെ തട്ടകത്തിലും സംഘടനാ കരുത്തുമായി അവര്‍ എത്തിയത്‌ അല്‍ഭുതമായിരുന്നു. യുണിറ്റ്‌ പ്രസിഡണ്ട്‌ പരപ്പനങ്ങാടിക്കാരനായ അസൈനാര്‍, സെക്രട്ടറി പേരാമ്പ്രയിലെ എന്‍.കെ സഫീര്‍, സാബു ഷഫീഖ്‌, അനീഷ്‌, മുഹമ്മദ്‌, അദിന്‍ലാല്‍, മുഹമ്മദ്‌ റസിന്‍ഷാ, സി.പി അഹമ്മദ്‌ എന്നിവരെല്ലാമുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ തന്നെ അണ്ടര്‍ ഗ്രൗണ്ട്‌ ട്രെയിനില്‍ ഞങ്ങളെല്ലാം ലണ്ടനിലെ ഏറ്റവും പഴക്കം ചെന്ന പ്രവാസി മലയാളിയായ ലണ്ടന്‍ ഉസ്‌മാന്‍ക്കയുടെ ഓള്‍ഡ്‌ ഗേറ്റിലെ ഹോട്ടലിലേക്ക്‌. അദ്ദേഹവും മകന്‍ മെഹബൂബും ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇനി മൂന്നാഴ്‌ച്ച കാലം ഉസ്‌മാന്‍ക്കയുടെ അതിഥിയായി 1939 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഹലാല്‍ റസ്‌റ്റോറന്റില്‍. ഇവിടെ നിന്ന്‌ അഞ്ച്‌ മിനുട്ട്‌ സഞ്ചരിച്ചാല്‍ ഒളിംപിക്‌ പാര്‍ക്കിലെത്താം.
രാത്രിയില്‍ പാര്‍ക്കിലെത്തിയപ്പോള്‍ കണ്ടത്‌ ആവേശത്തിന്റെ മാലപ്പടക്കങ്ങള്‍. മഴയെല്ലാം മാറിയിരിക്കുന്നു. ഇന്നലെ ചൂട്‌ 30 ഡിഗ്രി. താരങ്ങളും സംഘാടകരുമെല്ലാമായി പാര്‍ക്കില്‍ ബഹളമയം...... അതെ ഒളിംപിക്‌സ്‌ എന്ന വലിയ വികാരത്തിന്റെ വ്യാപ്‌തി പറഞ്ഞറിയിക്കാനാവില്ല.....കരിപ്പൂരില്‍ നിന്ന്‌ ഹിത്രൂ വരെ കണ്ടത്‌ അത്‌ മാത്രം.....