Monday, August 20, 2012

ചെന്‍, താങ്കളാണ്‌ ലോകം,താങ്കളാണ്‌ സത്യം


ചിത്രം
കമാല്‍ വരദൂര്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ റുമേനിയന്‍ താരം മൊള്‍ദിവാനിയക്കൊപ്പം

ലണ്ടന്‍ ഡയറി-4

ചെന്‍, താങ്കളാണ്‌ ലോകം,താങ്കളാണ്‌ സത്യം

ലണ്ടന്‍ അനുഭവയാത്രയിലെ ഇന്നത്തെ അതിഥി ഒരു ചൈനക്കാരനാണ്‌. ചെന്‍ ഗുവാന്‍മിംഗ്‌ എന്ന അല്‍ഭുതമനുഷ്യന്‍. ക്രിക്കറ്റ്‌ മക്കയായ ലോര്‍ഡ്‌സിലേക്ക്‌, ഇന്ത്യന്‍ വനിതാ അമ്പെയ്‌ത്തുകാരുടെ പ്രകടനം വീക്ഷിക്കാനുള്ള യാത്രാമധ്യേ തികച്ചും യാദൃശ്ചികമായി കണ്ട്‌്‌മുട്ടിയ ഒരു പാവം മനുഷ്യന്‍. നരച്ച താടിയും നിഷ്‌കളങ്കമായ മുഖവും ലോക സമത്വമെന്ന മുദ്രാവാക്യമെഴുതിയ തൊപ്പിയും ധരിച്ച്‌ മൂന്ന്‌ ചക്രം മാത്രമുള്ള ഒരു റിക്ഷയിലിരുന്ന്‌ 57 കാരനായ ചെന്‍ മന്ദഹസിച്ചപ്പോള്‍ മനസിലെവിടെയോ സന്തോഷമനുഭവപ്പെട്ടു. ചൈനക്കാരുടെ മന്ദഹാസത്തിന്‌ എന്തോ ഒരു വശ്യതയുണ്ടെന്ന്‌ ആ രാജ്യത്ത്‌ ഒരു മാസം തങ്ങിയപ്പോള്‍ തന്നെ മനസ്സിലായിരുന്നു. കണ്‍തടത്തില്‍ നിന്ന്‌ താഴോട്ട്‌ നില്‍ക്കുന്ന ചൈനീസ്‌ നേത്രങ്ങള്‍ നമ്മളെ മാടിവിളിക്കുന്നത്‌ പോലെ തോന്നും.
ചെന്നിന്റെ റിക്ഷകരികിലേക്ക്‌ ചെന്ന്‌ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചപ്പോള്‍ ഇരിക്കാന്‍ ക്ഷണം. ഈ റിക്ഷ വീടാണ്‌. വസ്‌ത്രങ്ങളും പാചക പാത്രങ്ങളും വിവിധരാജ്യങ്ങളുടെ കൊടികളും പുതപ്പും വസ്‌ത്രങ്ങളുമെല്ലാമായി അല്‍പ്പം മുഷിഞ്ഞ്‌ കാണുന്ന വീട്‌. ഹലോ പറഞ്ഞ്‌ സംസാരം തുടങ്ങിയപ്പോള്‍ കാര്യം പിടികിട്ടി-എല്ലാ ചൈനക്കാരെയും പോലെ ചെന്നിന്‌ ഇംഗ്ലീഷ്‌ അലര്‍ജിയാണ്‌. ചൈനീസ്‌ ഭാഷയായ മന്ദാരിന്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ വശം. മന്ദാരിന്‍ അത്യാവശ്യത്തിന്‌ എന്റെ കൈവശമുണ്ടായിരുന്നതിനാല്‍ സംഭാഷണത്തിന്‌ തടസ്സം നേരിട്ടില്ല.
അദ്ദേഹത്തെ അല്‍ഭുത മനുഷ്യന്‍ എന്ന്‌ വിശേഷിപ്പിക്കാനുള്ള കാര്യകാരണങ്ങളിലേക്ക്‌ വരാം. കക്ഷി ഇവിടെയെത്തിയിരിക്കുന്നത്‌ പതിനാറ്‌ രാജ്യങ്ങളിലുടെ ഈ റിക്ഷയും ഓടിച്ച്‌ കൊണ്ടാണ്‌. വിശ്വസിക്കുമോ നിങ്ങള്‍...! എനിക്കും ആദ്യം വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍, ചിത്രങ്ങള്‍, പാസ്‌പോര്‍ട്ടിലെ വിസ അടയാളങ്ങള്‍, സന്ദര്‍ശിച്ച രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍-എല്ലാത്തിനുമപരി നിഷ്‌കളങ്കമായ സമീപനം തന്നെ വലിയ തെളിവായിരുന്നു. ലോക സമത്വമെന്ന വലിയ മുദ്രാവാക്യത്തിന്റെ വക്താവാണ്‌ ചെന്‍. ആഗോളതലത്തില്‍ ഹരിതസൗന്ദര്യം നിലനിര്‍ത്താനും സ്‌നേഹമെന്ന സുന്ദരമായ സത്യത്തെ പ്രചരിപ്പിക്കാനുമുള്ള യാത്ര. 2010 മെയ്‌ 11 ന്‌ ബെയ്‌ജിംഗില്‍ നിന്ന്‌ തുടങ്ങിയ യാത്രയാണ്‌ ഇവിടെ എത്തി നില്‍ക്കുന്നത്‌.
2008 ല്‍ ബെയ്‌ജിംഗില്‍ ഒളിംപിക്‌സ്‌ നടക്കുന്ന വേളയില്‍ ചെന്‍ തന്‍രെ മുദ്രാവാക്യങ്ങളുമായി സജീവമായിരുന്നു. ലണ്ടന്‍ ഒളിംപിക്‌സിന്‍ര സംഘാടകര്‍ അവിടെ വെച്ച്‌ തന്നെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. യാത്രക്കുള്ള ടിക്കറഅും വിസയുമെല്ലാം സാധാരണക്കാരനായ കര്‍ഷകന്‌ താങ്ങുന്നതായിരുന്നില്ല., പക്ഷേ തന്‍രെ ആകെ സമ്പാദ്യമായ റിക്ഷയില്‍ ലോകത്തെ അറിയാനും കൊച്ചു ഉപദേശങ്ങള്‍ നല്‍കാനുമുള്ള വിശാല താല്‍പ്പര്യത്തില്‍ കുടുംബം തടസം പറഞ്ഞില്ല. ഇപ്പോള്‍ രണ്ട്‌ വര്‍ഷമായി വീട്‌ വിട്ടിട്ട്‌. തായ്‌ലാന്‍ഡും ടിബറ്റും മലേഷ്യയും തുര്‍ക്കിയും ഫ്രാന്‍സുമെല്ലാം സന്ദര്‍ശിച്ച്‌ ഒളിംപിക്‌സ്‌ എന്ന ലോക സമത്വ സ്‌നേഹ മുദ്രാവാക്യത്തിന്‍രെ പറൂദിസയിലെത്തിയിരിക്കുന്നു.
യാത്രാനുഭവങ്ങള്‍ ചോദിച്ചപ്പോള്‍ തായ്‌ലാന്‍ഡിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പേടിയാണ്‌ ചെന്‍ പങ്കിട്ടത്‌. ബാങ്കോക്കിലെത്തുമ്പോള്‍ കനത്ത മഴയായിരുന്നു. അഞ്ച്‌ ദിവസത്തോളം നിര്‍ത്താതെ പെയ്‌ത മഴയില്‍ പുറത്തിറങ്ങാനിയില്ല. റിക്ഷക്കുള്ളില്‍ തന്നെ ഇരുന്നപ്പോഴാണ്‌ വെള്ളം തന്റെ വാഹനത്തെയും തന്നെയും ഇല്ലാതാക്കുമെന്ന്‌ തിരിച്ചറിഞ്ഞത്‌. ഉടന്‍ തന്നെ വണ്ടിയുമായി അടുത്ത രാജ്യത്തേക്ക്‌ നിങ്ങുമ്പോള്‍ പ്രകൃതിയെ കലര്‍പ്പില്ലാതെ സ്‌നേഹിക്കുന്ന ചെന്‍ കണ്ടത്‌ ആടുമാടുകളും ആനകളുമെല്ലാം വെള്ളത്തില്‍ ഒലിച്ച്‌ പോവുന്നത്‌. ഹരിതകാന്തിയെ മലവെള്ളം ഇല്ലാതാക്കുന്നത്‌. തുര്‍ക്കിയിലെത്തിയപ്പോള്‍ പുറത്തിറങ്ങാനാവാത്ത തണുപ്പ്‌. പൂജ്യം ഡിഗ്രിയിലെ മരം കോച്ചും തണുപ്പിനെ പ്രതിരോധിക്കാന്‍ വൃദ്ധന്റെ കൈവശം ആകെയുണ്ടായിരുന്നത്‌ ഒരു കമ്പിളി പുതപ്പ്‌ മാത്രം. പാരീസിലെ ഈഫല്‍ ടവറിലും കൊലാലംപൂരിലെ ട്വിന്‍ ടവറുകളിലും സഞ്ചാരികളായി ദിനേനയെത്തുന്ന പതിനായിരങ്ങള്‍ക്ക്‌ തന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും അദ്ദേഹം പങ്കിട്ടു.
ജീവിതത്തിന്റെ സായാഹ്നത്തില്‍ നാടും വീടും വിട്ട്‌ മാനവരാശിക്ക്‌ മഹിതമായ സന്ദേശങ്ങള്‍ നല്‍കാന്‍ സ്വന്തം വാഹനത്തില്‍ ലോകം ചുറ്റുന്ന ഈ കര്‍ഷകന്‍ അല്‍ഭുത മനുഷ്യനല്ലാതെ ആരാണ്‌...? നമ്മുടെ നാട്ടില്‍ അമ്പത്‌ വയസ്‌ പിന്നിട്ടാല്‍ സ്വയം വാര്‍ദ്ധ്യകത്തെ ആശ്ശേഷിച്ച്‌ വീടിന്റെ നാല്‌ മതിലുകള്‍ക്കുള്ളില്‍ മക്കളുടെ ആശ്രിതത്വം തേടി രോഗങ്ങളെ ക്ഷണിക്കുന്നവര്‍ ചെന്നിന്റെ ധീരതയെ ഉള്‍കൊള്ളണം. ഈ മനുഷ്യന്‌ പ്രഷറില്ല, ഷുഗറില്ല, കൊളസ്‌ട്രോളില്ല, വാതമില്ല, സന്ധിവേദനകളില്ല. ആരോഗ്യമുള്ള മനസും മനസ്‌ പറഞ്ഞാല്‍ അനുസരിക്കുന്ന ശരീരവുമാണ്‌ സമ്പാദ്യം. അദ്ദേഹത്തോട്‌ സംസാരിച്ചിരിക്കുമ്പോള്‍ സമയം അകലുന്നത്‌ അറിയില്ല. പെട്ടെന്ന്‌ അദ്ദേഹത്തെ വിട്ട്‌ പോവാനുമാവില്ല. ഇന്ത്യയില്‍ നിന്നാണെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം വിലാസം തേടിയില്ല. ആ മന്ദസ്‌മിതം മാത്രം. നമ്മുടെ നാട്ടിലേക്ക്‌ അദ്ദേഹം ചിലപ്പോള്‍ വന്നേക്കാം. അദ്ദേഹത്തിന്‌ നല്‍കാന്‍ ഇന്ത്യന്‍ സംഭാവനയായി എന്റെ കൈവശമുണ്ടായിരുന്നത്‌ ചന്ദ്രിക ആഴ്‌ച്ചപതിപ്പിന്റെ ഒളിംപിക്‌സ്‌ പതിപ്പായിരുന്നു. മലയാളം അറിയില്ലെങ്കിലും ചിത്രങ്ങള്‍ നോക്കി അദ്ദേഹം തൂകിയ ആ പുഞ്ചിരിയില്‍ ഭാഷ ഒന്നിനും തടസമല്ലെന്ന മറുപടിയായിരുന്നു. ചെന്‍ ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകള്‍ കണ്ടു. പുരാത ബ്രിട്ടനെ അനുസ്‌മരിക്കാന്‍ ഡാനി ബോയല്‍ എന്ന ഓസ്‌ക്കാര്‍ ജേതാവ്‌ ആദ്യകാല ഇംഗ്ലീഷ്‌ ഗ്രാമത്തെ പുനരാവിഷ്‌ക്കരിച്ചതിലെ സന്തോഷത്തില്‍ ചെന്‍ പറയുന്നു-ലോകം ഇത്‌ പോലെ ഹരിത വനമാവണം. എല്ലാവരും സ്‌നേഹബന്ധുക്കളാവണം. ജാതിയും മതവും വര്‍ണവും ഭാഷയും തിരിച്ചുള്ള അകലം പാടില്ല.
ഈ ലോകത്തിന്റെ സാന്ത്വനം ചെന്നിനെ പോലുള്ളവരാണ്‌. നാളെക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പുതിയ തലമുറക്ക്‌ ചെന്‍ പഴഞ്ചനാവാം. പക്ഷേ പഴമയിലാണ്‌ സ്‌നേഹവും വാല്‍സല്യവും അതീജീവനവുമുള്ളത്‌. അടുത്ത ഒളിംപിക്‌സ്‌ 2016 ല്‍ ബ്രസീല്‍ നഗരമായ റിയോഡി ജനറോവിലാണ്‌. ചെന്‍ ഇനി അങ്ങോട്ടാണ്‌. വീട്ടിലേക്ക്‌ പോവുന്നില്ല. ലോകമാണ്‌ അദ്ദേഹത്തിന്റെ തറവാട്‌. ഈ റിക്ഷയാണ്‌ അദ്ദേഹത്തിന്റെ വീട്‌......അദ്ദേഹത്തിന്‌ ഇ-മെയില്‍ വിലാസമില്ല, ഫേസ്‌ ബുക്ക്‌ അക്കൗണ്ടില്ല, ട്വിറ്ററില്‍ പ്രതികരിക്കുന്നില്ല, വര്‍ത്തമാന പത്രങ്ങളോ ചാനലുകളോ കാണുന്നില്ല. പക്ഷേ ലോകത്തെ അറിയാന്‍ ഈ കണ്ണുകള്‍ മതിയെന്ന്‌ പറയുന്ന ചെന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വ ജന്മമാണ്‌.

1 comment:

വീ കെ said...

"ഈ ലോകത്തിന്റെ സാന്ത്വനം ചെന്നിനെ പോലുള്ളവരാണ്‌. നാളെക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പുതിയ തലമുറക്ക്‌ ചെന്‍ പഴഞ്ചനാവാം. പക്ഷേ പഴമയിലാണ്‌ സ്‌നേഹവും വാല്‍സല്യവും അതീജീവനവുമുള്ളത്‌."
good...
ആശംസകൾ...