Saturday, August 6, 2011

GREAT DRAVIDസാങ്കേതികതയില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരാണ്‌...? ക്രീസിലെ ക്ഷമയിലും പാദചലനങ്ങളിലും ഷോട്ട്‌ സെലക്ഷനിലും കവര്‍ ഡ്രൈവുകളിലും ഒന്നാമന്‍ ആരാണ്‌...? സീമിംഗ്‌ പന്തുകളും സ്വിംഗിംഗ്‌ പന്തുകളും നേരിടുന്നതിലെ ജാഗ്രതയില്‍ മുമ്പന്‍ ആരാണ്‌...? ഉത്തരം രാഹുല്‍ ദ്രാവിഡ്‌ മാത്രം. പിന്നെ എങ്ങനെ രണ്ട്‌ വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന്‌ പുറത്തായി...? നമ്മുടെ സെലക്ടര്‍മാര്‍ ടി-20 ക്രിക്കറ്റിന്റെ മതിഭ്രമത്തിലായി. കാണുന്ന പന്തില്‍ ചാടീവീഴുന്നവനാണ്‌ രാജാവ്‌ എന്ന്‌ കരുതി കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ സംഘം കാടനടിക്കാരെയെല്ലാം മാടിവിളിച്ചു. ഇവരെല്ലാം ദേശീയ കുപ്പായമണിഞ്ഞു. ഇത്‌ കാണാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാനായി ദ്രാവിഡ്‌. പ്രതികരിക്കാതെ,അദ്ദേഹം ക്ലാസ്‌ ക്രിക്കറ്റിനെ പ്രതിനിധീകരിച്ചു. ഇപ്പോഴിതാ അത്യാവശ്യ ഘട്ടത്തില്‍ കാടന്മാര്‍ക്ക്‌ പകരം ക്ലാസ്‌ തിരിച്ചെത്തുന്നു. സെലക്ടര്‍മാര്‍ക്ക്‌ വിവരമില്ലെന്ന്‌ പണ്ട്‌ വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌ മൊഹീന്ദര്‍ അമര്‍നാഥ്‌. അദ്ദേഹം പറഞ്ഞത്‌ അച്ചട്ട്‌ ശരിയാണെന്ന്‌ സെലക്ടര്‍മാര്‍ എന്ന്‌ കോട്ട്‌ കുപ്പായത്തില്‍ ജോലി ചെയ്‌തവരെല്ലാം തെളിയിച്ചിട്ടുണ്ട്‌. പ്രായം മറക്കാന്‍ പെയിന്റടി ദിനജോലിയാക്കിയ ശ്രീകാന്ത്‌ പത്രക്കാരെ കണ്ടാല്‍ നന്നായി അറിയാവുന്ന ഇംഗ്ലീഷില്‍ വെച്ച്‌ കാച്ചാറുണ്ട്‌. ദ്രാവിഡിനെ ടീമില്‍ നിന്ന്‌ പുറത്താക്കിയ അതേ ശ്രീകാന്ത്‌ തന്നെ ഇന്നലെ പറഞ്ഞു ബാംഗ്ലൂര്‍കാരന്‍ മഹാനാണെന്ന്‌. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചതാണ്‌ ദ്രാവിഡ്‌ ചെയ്‌ത പാതകം. ആദ്യ റൗണ്ടില്‍ ബംഗ്ലാദേശിനോടും പിന്നെ ലങ്കയോടും തോറ്റ്‌ ടീം പുറത്തായപ്പോള്‍ എല്ലാവരും ചേര്‍ന്ന്‌ ദ്രാവിഡിന്റെ ചിതക്ക്‌ തീ കൊളുത്തി. പാവം കോവളം ബീച്ചിലേക്ക്‌ ഒളിച്ചു വന്നിട്ട്‌ പോലും രക്ഷയുണ്ടായില്ല. വിന്‍ഡീസ്‌ ലോകകപ്പില്‍ ഇന്നത്തെ മഹാന്മാരായ എല്ലാവരുമുണ്ടായിരുന്നു. വീരുവും യുവിയും സച്ചിനും എം.എസുമെല്ലാം. എല്ലാവരും വട്ടപൂജ്യമായപ്പോള്‍ കുരിശ്‌ ചുമക്കാന്‍ വിധിക്കപ്പെട്ടത്‌ നായകന്‍.
ദ്രാവിഡിന്റെ ശൈലി പഴഞ്ചനാണെന്ന്‌ അധിക്ഷേപിച്ചു ശ്രീകാന്ത്‌ സംഘത്തിലെ ഹൈദരാബാദുകാരനായ ശിവലാല്‍ യാദവ്‌. ഇതേ യാദവിന്റെ മഹത്വം ചോദിക്കരുത്‌. സേവാഗിനെ കണ്ടപ്പോള്‍ അതാണ്‌ ഏകദിനമെന്ന്‌ വാഴ്‌ത്തി സുനില്‍ ഗവാസ്‌ക്കറിനെ പോലുള്ളവര്‍. രവിശാസ്‌ത്രിയും വിമര്‍ശനത്തില്‍ പിന്നോക്കം പോയില്ല. പക്ഷേ ബാറ്റിംഗ്‌ എന്നത്‌ കലയാണെന്നറിയുന്നവരാണ്‌ ഇംഗ്ലീഷുകാരായ ഡേവിഡ്‌ ഗവറും നാസര്‍ ഹുസൈനും ആതര്‍ട്ടണുമെല്ലാം. അവര്‍ പണ്ടേ പറഞ്ഞു ദ്രാവിഡ്‌ അപൂര്‍വ്വ പ്രതിഭാസമാണെന്ന്‌. നമുക്ക്‌ പിന്നെ പാരമ്പര്യാസുഖമായ അസൂയ ഉണ്ടല്ലോ... ഒരാളങ്ങ്‌ നന്നാവുന്നത്‌ ദഹിക്കില്ല. ഇത്‌ വരെ പറഞ്ഞില്ലല്ലോ ദ്രാവിഡിനെ പറ്റി ഒരു നല്ല വാക്ക്‌ സച്ചിന്‍. പ്രിഥിരാജ്‌ പറഞ്ഞിട്ടില്ലേ തന്നെ മമ്മുട്ടിയും മോഹന്‍ലാലും ഇത്‌ വരെ അഭിനന്ദിച്ചിട്ടില്ലെന്ന്‌. അത്‌ പോലെ ദ്രാവിഡിനെ ഒരിക്കലെങ്കിലും ഒന്നഭിനന്ദിച്ചിട്ടില്ല സച്ചിന്‍. ക്യാപ്‌റ്റന്‍ എം.എസ്‌ സച്ചിന്‍ പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ ദ്രാവിഡ്‌ പടിക്ക്‌ പുറത്തിരിക്കുന്നതില്‍ എന്തല്‍ഭുതം. ഇന്ത്യന്‍ ക്രിക്കറ്റില്‍ മുംബൈ, ദില്ലി ലോബിക്കാണിപ്പോള്‍ മുഖവില. ബാംഗ്ലൂര്‍ ലോബിയുടെ കഥ യെദ്യൂരപ്പയുടെ കാര്യം പോലെയാണ്‌. വിലയില്ലാത്ത അവസ്ഥ. ദ്രാവിഡിനെ പോലെ ശക്തനായ ഒരു ബാറ്റ്‌സ്‌മാന്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലാതിരുന്നത്‌ വലിയ നേട്ടത്തിലെ വലിയ പോരായ്‌മയാണ്‌. സച്ചിന്റെ റെക്കോര്‍ഡുകളും സേവാഗിന്റെ മിന്നലടിയും യുവരാജിന്റെ കത്തിയാളലുമല്ല ബാറ്റിംഗ്‌. അതൊരു കലയാണ്‌... കൈക്കുഴയിലെ വിസ്‌മയമായ അസ്‌ഹര്‍, ഫ്‌ളിക്കിലെ രാജകീയതയില്‍ ലക്ഷ്‌മണ്‍, കവര്‍ ഡ്രൈവിലെ സച്ചിന്‍, സധൈര്യത്തില്‍ സൗരവ്‌, അചഞ്ചലനായ ഗവാസ്‌ക്കര്‍-ഇവരെല്ലാം ഒരുമിച്ചാല്‍ അത്‌ ദ്രാവിഡാണ്‌.... ശരിക്കും നമ്പര്‍ വണ്‍. തെറ്റുകള്‍ കാലം തിരുത്താറുണ്ട്‌. ഈ തിരുത്തപ്പെട്ടത്‌ കാലത്തിന്റെ തെറ്റല്ല. മനുഷ്യന്റെ തെറ്റാണ്‌. അതവര്‍ തന്നെ തിരുത്തിയിരിക്കുന്നു.സന്തോഷംംംംം..........