Tuesday, May 31, 2011

FIFA UNDER ATTACK




ഫിഫാ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌
മാറ്റിവെയ്‌ക്കണമെന്ന്‌ ഇംഗ്ലണ്ട്‌
സൂറിച്ച്‌: ഉന്നത തലത്തില്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്ററാണ്‌ ഫെഡറേഷന്റെ ഉന്നത പദവി തേടുന്ന ഏക സ്ഥാനാര്‍ത്ഥി. കോഴയാരോപണങ്ങളെ തുടര്‍ന്ന്‌്‌ രണ്ടു ദിവസം മുമ്പ്‌ ബ്ലാറ്ററുടെ എതിരാളി ഖത്തറുകാരന്‍ മുഹമ്മദുബ്‌നു ഹമ്മാം പിന്മാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ ഫിഫയോട്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ മുഹമ്മദ്‌ ബ്‌നു ഹമ്മാം 12 വര്‍ഷത്തിനിടെ ഫിഫാ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ക്കെതിരെ മത്സരിക്കാന്‍ രംഗത്തു ആദ്യ വ്യക്തിയായിരുന്നു. ഹമ്മാമും അദ്ദേഹത്തിന്‌ മികച്ച പിന്തുണയുമായി നിലനിന്നിരുന്ന ട്രിനിഡാഡില്‍ നിന്നുള്ള ഫിഫാ വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍ണറും അഴിമതികളില്‍ പങ്കുള്ളവരാണെന്നുള്ള ആരോപണവുമായാണ്‌ ബ്ലാറ്റര്‍ പ്രതിയോഗികളെ എതിരിട്ടത്‌. തുടര്‍ന്ന്‌ സംഭവങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്ന്‌ പറഞ്ഞ്‌ പിന്മാറിയ ഹമ്മാം രണ്ടു വ്യക്തികള്‍ക്കിടയിലെ മത്സരം കൊണ്ട്‌ ഫിഫയെന്ന മഹത്തായ പ്രസ്ഥാനത്തിനാണ്‌ കളങ്കമേല്‍ക്കുന്നതെന്ന്‌ ഖേദം രേഖപ്പെടുത്തി.
ഹമ്മാമും ജാക്‌ വാര്‍ണറും അഴിമതിയില്‍ പങ്കുകാരാണെന്നതിന്‌ തെളിവ്‌ ലഭിച്ചതായി ആരോപിച്ച ഫിഫ സദാചാര സമിതി പിറ്റേദിവസം ഇരുവരേയും സസ്‌പെന്‍ഡ്‌ ചെയ്‌തു. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ ഫെഡറേഷനില്‍ നിന്ന്‌ പുറത്താക്കുകയും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നും അറിയിച്ചു. ഇതോടെ പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള ബ്ലാറ്ററുടെ ഏകാംഗ മത്സരത്തിന്‌ കളമൊരുങ്ങുകയായിരുന്നു.
വിവാദങ്ങള്‍ക്കിടെ ഹമ്മാം പിന്മാറിയ സാഹചര്യത്തിലാണ്‌ എഫ്‌.എയുടെ ആവശ്യം. ഹമ്മാമിനും ഫിഫ എക്‌സിക്യുട്ടീവ്‌ അംഗം ജാക്ക്‌ വാര്‍ണറിനുമെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഇപ്പോള്‍ നടത്തരുതെന്ന്‌ എഫ്‌.എ മുമ്പും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യം മുന്നോട്ടുവെച്ചത്‌. വിവാദങ്ങള്‍ തണുക്കുന്നതു വരെ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നും ഒരു പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഫിഫ ശ്രമിക്കണമെന്നും പറഞ്ഞ ഇംഗ്ലണ്ട്‌ 107 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ സംഘടന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോഴത്തേതെന്നും അഭിപ്രായപ്പെട്ടു.
'ഞങ്ങളുടെ ആവശ്യം ഫിഫ സ്വീകരിക്കണമെന്നും മറ്റു രാഷ്ട്രങ്ങള്‍ ഞങ്ങളെ പിന്തുണക്കമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തരുതെന്നാണ്‌ ഞങ്ങളുടെ ആദ്യത്തെ ആവശ്യം. കാര്യങ്ങള്‍ തെളിഞ്ഞ്‌ പഴയ നിലയിലാകുന്നതോടെ പുതിയ ഒരാള്‍ക്ക്‌ പകരം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യാം. തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി പുറമെ നിന്നുള്ള ഒരു സംഘത്തെ ഏര്‍പ്പാടുക ചെയ്യുക എന്നതാണ്‌ രണ്ടാമത്തെ ആവശ്യം.' എഫ്‌.എ ചെയര്‍മാന്‍ ഡേവിഡ്‌ ബേണ്‍സ്റ്റൈന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ 208 അംഗരാജ്യങ്ങളില്‍ 75 ശതമാനം പേര്‍ ഇംഗ്ലണ്ടിനെ പിന്തുണക്കേണ്ടതുണ്ട്‌.

ഫിഫ:
സ്‌പോണ്‍സര്‍മാരും രംഗത്ത്‌
ബെര്‍ലിന്‍: ഫിഫ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി സ്‌പോണ്‍സര്‍മാരും രംഗത്ത്‌. എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌, അഡിഡാസ്‌, കൊക്കക്കോള തുടങ്ങി ആഗോള തലത്തിലെ ഭീമന്‍ കമ്പനികളും ഫിഫയുടെ സ്‌പോണ്‍സര്‍മാരുമായ വമ്പന്മാരാണ്‌ സംഘടനയുടെ പ്രതിഛായ തകര്‍ത്തു കൊണ്ടിരിക്കുന്ന വിവാദത്തില്‍ പ്രതികരിച്ചത്‌.
കളിയുടെ ഭിരണകൂടത്തെ ചുറ്റിത്തിരിയുന്ന നിലവിലെ വിവാദങ്ങളില്‍ ലോകത്തെ എല്ലാ ഫുട്‌ബോള്‍ പ്രേമികളേയും പോലെ എമിറേറ്റ്‌സും നിരാശരാണ്‌. എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ വക്താവ്‌ ബൂട്രോസ്‌ ബൂട്രോസ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. അസ്വസ്ഥതയുണ്ടാക്കുന്നതും ഫുട്‌ബോളിന്‌ ദോഷം വരുത്തുന്നതുമാണ്‌ ഇപ്പോഴത്തെ സംഭവങ്ങളെന്ന്‌ കൊക്കക്കോള വക്താവ്‌ പറഞ്ഞു. അനിഷ്ടം വ്യക്തമാക്കുന്ന രീതിയിലായിരുന്നു അഡിഡാസിന്റെ പ്രതികരണം 'ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അപശ്രുതികള്‍ ഫുട്‌ബോളിനു മാത്രമല്ല ഫിഫക്കും അതിന്റെ പാട്‌ണര്‍മാര്‍ക്കുമെല്ലാം ദോഷകരമാണ്‌.' അഡിഡാസ്‌ ഔദ്യോഗിക പ്രതിനിധി ജാന്‍ റുണൗ പറഞ്ഞു. ദൈര്‍ഘ്യമേറിയതും വിജയകരവുമാണ്‌ ഇപ്പോഴത്തെ പാട്‌ണര്‍ഷിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ നിന്ന്‌
ബ്ലാറ്റര്‍ ഇറങ്ങിപ്പോയി
സൂറിച്ച്‌: ഇന്നലെ ഫിഫാ എക്‌സിക്യുട്ടീവ്‌ സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞുമാറാന്‍ ശ്രമിച്ച ബ്ലാറ്റര്‍ ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാതെ ഇറങ്ങിപ്പോയി. ഉച്ചക്ക്‌ 12 മണിക്ക്‌ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം അരമണിക്കൂര്‍ വൈകിയാണ്‌ തുടങ്ങിയത്‌. അരമണിക്കൂറിലേറെ നീണ്ടു പോയ സമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകരും ഫിഫ പ്രതിനിധികളും അസംതൃപ്‌തരായാണ്‌ മടങ്ങിയത്‌.
തനിക്ക്‌ ഫുട്‌ബോള്‍ പ്രേമികളോടാണ്‌ സംസാരിക്കാനുള്ളതെന്നും കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ ഫിഫയുടെ പ്രതിഛായക്ക്‌ കോട്ടം വരുത്തിയെന്നതില്‍ പശ്ചാത്തപിക്കുന്നുവെന്നും ബ്ലാറ്റര്‍ ആമുഖമായി പറഞ്ഞു. നേരിട്ട ആദ്യ ചോദ്യത്തിന്‌ അദ്ദേഹം മറുപടി പറഞ്ഞില്ല. ബ്ലാറ്ററിന്‌ തടയിടുമെന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍ണര്‍ പറഞ്ഞതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
ഒരു മാറ്റത്തിനു സമയമായില്ലേയെന്നും പുതിയ എന്തു കാര്യമാണ്‌ അടുത്ത നാലു വര്‍ഷങ്ങളില്‍ ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചപ്പോള്‍ ബ്ലാറ്റര്‍ വാചാലനായി. പുതിയ പദ്ധതികള്‍ക്ക്‌ താന്‍ രൂപം നല്‍കിയെന്നും അവ എക്‌സിക്യുട്ടീവ്‌ കമ്മറ്റിക്കു മുമ്പാകെ അവതരിപ്പിച്ചു കഴിഞ്ഞെന്നും ബ്ലാറ്റര്‍ പറഞ്ഞു. സംഘടന എല്ലാനിലക്കും പ്രൊഫഷണല്‍ രീതിയെ മാത്രമേ അവലംബിക്കൂവെന്നും കളിക്കകത്തും പുറത്തും ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ചക്കും ഒരുങ്ങുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്‌ക്കാന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതില്‍ അപാകതയുണ്ടെന്നും. ഫിഫയുടെ കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ ഇടപെടേണ്ടതില്ലെന്നും പ്രസിഡണ്ട്‌ പറഞ്ഞു.
എന്നാല്‍ ലോകകപ്പ്‌ പണം കൊടുത്താണ്‌ ഖത്തര്‍ ലോകകപ്പ്‌്‌ നടത്തിപ്പവകാശം സ്വന്തമാക്കിയതെന്നതിന്‌ തെളിവായി വാര്‍ണര്‍ക്ക്‌ ലഭിച്ച ഇ-മെയ്‌ലിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അന്തരീക്ഷം മാറി. ഈ ചോദ്യത്തിന്‌ മറുപടി പറയില്ല എന്നായിരുന്നു മറുപടി. താന്‍ ഫിഫയുടെ പ്രസിഡണ്ടാണെന്നും, തന്നെ ചോദ്യം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞതോടെ സദസ്സിന്റെ പ്രതികരണം മാറി. ബ്ലാറ്റര്‍ക്കെതിരെ ഉയര്‍ന്ന മുറുമുറുപ്പുകള്‍ അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതു ചന്തയല്ലെന്നും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ തന്നോട്‌ നേരിട്ടു ചോദിക്കണമെന്നും താന്‍ മാധ്യമപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതു പോലെ തിരിച്ചും വേണമെന്നും ബ്ലാറ്റര്‍ രോഷം കൊണ്ടു. ഖത്തര്‍ നേരാം വണ്ണമാണ്‌ 2022 ലോകകപ്പ്‌ നടത്തിപ്പിന്‌ അര്‍ഹത നേടിയതെന്ന വാദത്തില്‍ ബ്ലാറ്റര്‍ ഉറച്ചു നിന്നു.
വിവാദങ്ങള്‍ക്കിടയിലും പത്രസമ്മേളനങ്ങളില്‍ വന്നിരിക്കാന്‍ എന്തര്‍ഹതയാണുള്ളതെന്നു ചോദിച്ചപ്പോള്‍ വീണ്ടും ബ്ലാറ്ററിന്റെ സമനില തെറ്റി എക്‌സിക്യുട്ടീവ്‌ കമ്മിറ്റി തെരഞ്ഞെടുക്കുന്നത്‌ താനല്ല അവരുടെ കോണ്‍ഫെഡറേഷനുകളാണെന്നും തനിക്ക്‌ അക്കാര്യത്തില്‍ സ്വാധീനിക്കാനാകില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ വീണ്ടും മുറുമുറുപ്പുണ്ടാവുകയും ബ്ലാറ്റര്‍ നേരത്തേ പറഞ്ഞത്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മറുപടി പറയാതെ എഴുന്നേറ്റു പോവുകയായിരുന്നു ബ്ലാറ്റര്‍. മറ്റൊരു ഫിഫ പ്രതിനിധിയാണ്‌ സമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചത്‌.

അഫ്രീദിക്ക്‌ 'കളി' മടുത്തു
കറാച്ചി: പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ 'കളികള്‍' ഒടുവില്‍ കാര്യത്തിലേക്ക്‌. ബോര്‍ഡുമായും കോച്ചുമായുമുള്ള സൗന്ദര്യപ്പിണക്കത്തിനൊടുവില്‍ മുന്‍ നായകനും ലോകകപ്പില്‍ പാകിസ്‌താന്റെ ഹീറോയുമായ ശാഹിദ്‌ അഫ്രീദി കളിമതിയാക്കാന്‍ തീരുമാനിച്ചതോടെ ബോര്‍ഡിന്റെ ശിക്ഷാ നടപടികള്‍ ടീമിന്‌ ഹാനികരമാകുമെന്ന നിലയിലാണ്‌ കാര്യങ്ങള്‍. എന്നാല്‍ മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തിരിച്ചുവരുമെന്ന്‌ പറഞ്ഞ അഫ്രീദിയുടേത്‌ താല്‍ക്കാലിക സമ്മര്‍ദ്ദം ചെലുത്തല്‍ തന്ത്രമാണെന്നും ഗൗരവമേറിയ തീരുമാനമല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്‌.
അഫ്രീദി പറഞ്ഞത്‌
ക്രിക്കറ്റിന്റെ നന്മ ഉദ്ദേശിച്ച്‌ പറയുന്ന പ്രസ്‌താവനകളെ സഹിഷ്‌ണുതയോടെ കാണാന്‍ കഴിയാത്തവരോടൊപ്പം ജോലി ചെയ്യാന്‍ തനിക്കാവില്ലെന്നാണ്‌ അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിടവാങ്ങാനുള്ള കാരണമായി അഫ്രീദി പറഞ്ഞത്‌. ഒരു മനുഷ്യനെ മാനിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ബോര്‍ഡ്‌ എന്നോട്‌ പെരുമാറിയത്‌ മോശമായാണ്‌. എല്ലാത്തിനും ഒരു അതിരുണ്ട്‌. ലണ്ടനില്‍ ജിയോ ടി.വിയോട്‌ വൈകാരികമായി അഫ്രീദി പ്രതികരിച്ചു. ഈ ബോര്‍ഡിനു കീഴില്‍ കളിക്കാന്‍ എനിക്കാവില്ല. മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തീര്‍ച്ചയായും തിരിച്ചുവരും. ആദരവര്‍ഹിക്കാത്ത ഇത്തരം ആളുകളാല്‍ അപമാനിതനാകുമ്പോള്‍ കളി തുടരുന്നതില്‍ എന്തുകാര്യമെന്നും അഫ്രീദി ചോദിക്കുന്നു.
വിവാദങ്ങളുടെ വഴി
ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിനു ശേഷം വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിന്‌ മുമ്പായാണ്‌ വിവാദങ്ങള്‍ വീണ്ടും പാകിസ്‌താന്‍ ക്രിക്കറ്റില്‍ പുകഞ്ഞുതുടങ്ങിയത്‌. ടീം കോച്ചും മുന്‍ ഫാസ്റ്റ്‌ ബൗളറുമായ വഖാര്‍ യൂനുസിനും അഫ്രീദിക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം അഫ്രീദിയുടെ നാവിലൂടെ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി. ടീം സെലക്ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓരോരുത്തര്‍ക്കും അവരവരുടെ ജോലിയുണ്ടെന്നും അതു ചെയ്‌താല്‍ മതിയെന്നും വഖാറിനെ സൂചിപ്പിച്ച്‌ അഫ്രീദി പറഞ്ഞത്‌ വിവാദങ്ങള്‍ക്ക്‌ ഒടുക്കത്തിലായിരുന്നു. പാക്‌ ബോര്‍ഡിന്റെ ചട്ടങ്ങള്‍ തെറ്റിച്ചതിന്‌ പി.സി.ബി നായകന്‌ കാരണം കാണിക്കല്‍ നോട്ടീസയച്ചു.
തുടര്‍ന്ന്‌ ബോര്‍ഡും അഫ്രീദിക്കെതിരെ തിരിഞ്ഞു. ബോര്‍ഡില്‍ നിന്ന്‌ അനാദരവ്‌ ലഭിച്ച അഫ്രീദി മാനസികമായി തളര്‍ന്നിരുന്നു. വെസ്റ്റിന്‍ഡീസ്‌ പര്യടനത്തിന്‌ പോകേണ്ടെന്ന്‌ ആലോചിച്ചിരുന്നെന്നും ഒടുവില്‍ പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയതിനാല്‍ തീരുമാനം മാറ്റുകയായിരുന്നെന്നും അഫ്രീദി പിന്നീട്‌ പറഞ്ഞു. വിന്‍ഡീസിലേക്ക്‌ പുറപ്പെട്ട ടീമിനൊപ്പം പോകാതെ വൈകിയാണ്‌ അദ്ദേഹം സഹതാരങ്ങളോടൊപ്പം ചേര്‍ന്നത്‌.
ടെസ്റ്റില്‍ മിസ്‌ബാഹുല്‍ ഹഖും ഏകദിനത്തില്‍ അഫ്രീദിയുമായിരുന്ന പാകിസ്‌താനെ നയിച്ചിരുന്നത്‌. അഞ്ചു മത്സര ഏകദിന പരമ്പരയില്‍ ആദ്യ മൂന്നു മത്സരങ്ങള്‍ ജയിച്ച്‌ പരമ്പര ഉറപ്പിച്ച ശേഷം നാലും അഞ്ചും കളികളില്‍ പാകിസ്‌താന്‍ തോറ്റു. ടെസ്‌റ്റില്‍ മിസ്‌ബാഹിന്റെ കീഴില്‍ സമനിലയും നേടി. എന്നാല്‍ ടെസ്‌റ്റ്‌ പരമ്പരയുടെ അവസാനത്തില്‍ അയര്‍ലണ്ടുമായുള്ള അടുത്ത പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അഫ്രീദിക്കു പകരം നായകനായി മിസ്‌ബാഹുല്‍ ഹഖിനെയാണ്‌ ബോര്‍ഡ്‌ തീരുമാനിച്ചത്‌. രണ്ട്‌ ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ഈ പരമ്പരയിലുണ്ടായിരുന്നത്‌. ലോകകപ്പില്‍ ഒന്നാന്തരം നായകമികവുമായി പേരെടുത്തിട്ടും ബോര്‍ഡിന്റെ ഈ തീരുമാനം താരത്തെ നിരാശനാക്കി.
എങ്കിലും അഫ്രീദിയെ ടീമിലുള്‍പ്പെടുത്തിയിരുന്നു. ടീമിനകത്ത്‌ മിസ്‌ബാഹുല്‍ ഹഖ്‌-ശാഹിദ്‌ അഫ്രീദി ചേരിതിരിയലിന്‌ ഇത്‌ കാരണമാകുമെന്നും ബോര്‍ഡിന്റെ തീരുമാനം വങ്കത്തരമായെന്നും പറഞ്ഞ്‌ വസീം അക്രം അടക്കം മുന്‍ താരങ്ങളും ബോര്‍ഡ്‌ തലവന്മാരുമുള്‍പ്പെടെ പാക്‌ ക്രിക്കറ്റിലെ പ്രമുഖരെല്ലാം രംഗത്തു വന്നെങ്കിലും തീരുമാനം ടീമിന്റെ താല്‍പര്യം പരിഗണിച്ചാണെന്നായിരുന്നു പി.സി.ബി ചെയര്‍മാന്‍ ഇജാസ്‌ ബട്ട്‌ പറഞ്ഞത്‌. മിസ്‌ബാഹുല്‍ ഹഖിന്റെ കീഴില്‍ പാകിസ്‌താന്‍ 2-0ന്‌ അയര്‍ലണ്ടിനെ കീഴടക്കുകയും ചെയ്‌തു.
അഫ്രീദിയുടെ പരാതി
ഇക്കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ഏക ടീമെന്ന ബഹുമതി അഫ്രീദിയുടെ നായകത്വത്തിനു കീഴില്‍ പാകിസ്‌താന്‍ നേടിയെടുത്തിരുന്നു. 1999നു ശേഷം ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പില്‍ പരാജയമറിഞ്ഞതും പാകിസ്‌താനോടായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളെ പിന്നിലാക്കി ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക്‌ പ്രവേശിച്ച പാകിസ്‌താന്‍ സെമിഫൈനലിലെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയോട്‌ തോറ്റാണ്‌ പുറത്തായത്‌. ഇന്ത്യ പിന്നീട്‌ ചാമ്പ്യന്മാരാകുകയും ചെയ്‌തു. എന്നാല്‍ ഈ പ്രകടനമൊന്നും ബോര്‍ഡ്‌ വിലക്കെടുത്തില്ലെന്നും തകര്‍ന്ന ടീമിനെയാണ്‌ താന്‍ മികച്ച സംഘമാക്കി മാറ്റിയതെന്നും അഫ്രീദി പരാതി പറഞ്ഞു.
പാകിസ്‌താന്റെ നായകനായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എന്നോടൊന്നും പറഞ്ഞിരുന്നില്ല. ടീമിനെ ഏത്‌ നിലയിലേക്ക്‌ ഉയര്‍ത്തണമെന്നോ എന്നില്‍ നിന്ന്‌ എന്ത്‌ പ്രതീക്ഷിക്കുന്നുവെന്നോ ആരും പറഞ്ഞില്ല. പ്രത്യേക ചുമതലയോ നിര്‍ദേശങ്ങളോ നല്‍കപ്പെട്ടില്ല. തകര്‍ന്നുപോയ ഒരു സംഘത്തെയാണ്‌ ഞാന്‍ ഏറ്റെടുത്തത്‌. ടീം ഒത്തുകളി വിവാദത്തിന്റെ നടുവിലായിരുന്നു. പിന്നീട്‌ ദുല്‍ഖര്‍നൈന്‍ ഹൈദര്‍ സംഭവവുമുണ്ടായി. എന്നിട്ടും പ്രതിസന്ധികള്‍ക്കിടയിലും ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക ടീമുകളോട്‌ പാകിസ്‌താന്‍ ഏകദിന പരമ്പര വിജയിച്ചു. പിന്നീട്‌ ന്യൂസിലാന്റിനെ കീഴ്‌പ്പെടുത്തി. ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി സെമിഫൈനലിലുമെത്തി. എന്റെ പ്രകടനത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്‌.
വിരമിക്കുന്നത്‌ മൂന്നാം തവണ!
ആദ്യമായല്ല അഫ്രീദി വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്‌. മുമ്പ്‌ 2006 ഏപ്രിലില്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കുന്നതായി അഫ്രീദി അറിയിച്ചിരുന്നു. 2007ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണിതെന്നാണ്‌ അഫ്രീദി കാരണം പറഞ്ഞത്‌. എന്നാല്‍ അടുത്ത വേനലില്‍ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള പാക്‌ സംഘത്തിലേക്ക്‌ അഫ്രീദി മടങ്ങിയെത്തി. ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയോട്‌ ടെസ്‌റ്റ്‌ മത്സരം തോറ്റതിനു ശേഷം ഒരിക്കല്‍ കൂടി അഫ്രീദി ടെസ്റ്റിനോട്‌ വിടചൊല്ലി.

അഫ്രീദിയുടേത്‌ വ്യക്തിപരമായ
തീരുമാനം: ബട്ട്‌
കറാച്ചി: പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ പിണങ്ങി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച ശാഹിദ്‌ അഫ്രീദിയുടെ തീരുമാനത്തെ വ്യക്തിപരമായ തീരുമാനമെന്ന്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഇജാസ്‌ ബട്ട്‌.
വിരമിക്കുക എന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്‌. ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. എന്നു മാത്രമല്ല കളിക്കരുതെന്ന്‌ അദ്ദേഹത്തോട്‌ പറയുക പോലും ചെയ്‌തിട്ടില്ല. എന്നാല്‍ ബട്ടിന്റെ നീക്കങ്ങളാണ്‌ അഫ്രീദിയെ വിരമിക്കലില്‍ കൊണ്ടെത്തിച്ചതെന്ന വാദഗതികള്‍ ശക്തമാണ്‌. ഈ ബോര്‍ഡിന്‌ കീഴില്‍ കളിക്കാന്‍ തനിക്കാവില്ലൈന്നും മറ്റൊരു ബോര്‍ഡ്‌ വന്നാല്‍ തിരിച്ചുവരുമെന്നുമാണ്‌ വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ അഫ്രീദി പറഞ്ഞത്‌.
അതേസമയം അഫ്രീദിയുടെ നടപടികള്‍ തെറ്റായിരുന്നെന്ന കാര്യത്തില്‍ പി.സി.ബി വൃത്തം ഉറച്ചുനിന്നു. 'ടീമിലെ വിവാദങ്ങളെക്കുറിച്ചും ബോര്‍ഡിനെതിരേയുമെല്ലാം കാര്യഗൗരവമില്ലാതെ അഭിപ്രായ പ്രകടനം നടത്തിയ അഫ്രീദി ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നതില്‍ സംശയമില്ല. അഫ്രീദി വിവാദത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.' ഒരു ഔദ്യോഗിക പി.സി.ബി വക്താവ്‌ പറഞ്ഞു.

ഷോള്‍സ്‌ വിരമിച്ചു
പരിശീലകനാകും
ലണ്ടന്‍: ഇംഗ്ലീഷ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ മിഡ്‌ഫീല്‍ഡര്‍ പോള്‍ ഷോള്‍സ്‌ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അടുത്ത സീസണ്‍ മുതല്‍ പരിശീലകനെന്ന നിലക്ക്‌ ടീമിനൊപ്പം മുണ്ടാകുമെന്ന്‌്‌ 36കാരനായ ഇംഗ്ലീഷ്‌ താരം പറഞ്ഞു.
വിരമിക്കലിന്‌ ശരിയായ സന്ദര്‍ഭമാണിതെന്ന്‌ എനിക്കു തോന്നുന്നു. 19-ാം ലീഗ്‌ കിരീടം സ്വന്തമാക്കി റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്യമുണ്ട്‌. ഫുട്‌ബോള്‍ കളിക്കുക എന്നത്‌ എനിക്ക്‌ എക്കാലത്തും എല്ലാമായിരുന്നു. ദീര്‍ഘകാലം വിജയകരമായ ഒരു മാഞ്ചസ്‌റ്റര്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെ വലിയ ബഹുമതിയായാണ്‌ കാണുന്നത്‌. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട്‌ ഷോള്‍സ്‌ പറഞ്ഞു.
1994-95 സീസണില്‍ മാഞ്ചസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച ഷോള്‍സ്‌ ടീമിനൊപ്പം 10 ലീഗ്‌ കിരീടങ്ങളും രണ്ട്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്രോഫിയും സ്വന്തമാക്കിയിട്ടുണ്ട്‌. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കും വരെ ഇംഗ്ലണ്ടിന്റെ സ്ഥിര സാന്നിധ്യമായിരുന്ന ഷോള്‍സ്‌ മാഞ്ചസ്‌റ്ററിന്റെ കുപ്പായത്തില്‍ 676 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌.
ഷോള്‍സിന്റെ സംഭാവനകളെ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പുകഴ്‌ത്തി. മുമ്പ്‌ ഞാന്‍ ഷോള്‍സിനെക്കുറിച്ച്‌ പറയാത്തതായ ഒരു കാര്യം ഇപ്പോള്‍ പറയാനുള്ളത്‌, ഒരു അവിശ്വസിനീയനായ കളിക്കാരനെയാണ്‌ ഞങ്ങള്‍ക്ക്‌ നഷ്ടപ്പെടാനിരിക്കുന്നതെന്നാണ്‌. പൂര്‍ണമായും ടീമിനോട്‌ പ്രതിബദ്ധത പുലര്‍ത്തിയ താരമാണ്‌ പോള്‍. അടുത്ത സീസണ്‍ മുതല്‍ ടീമിന്റെ കോച്ചിംഗ്‌ സ്‌റ്റാഫുകളിലൊരാളായി അദ്ദേഹമുണ്ടാകുമെന്നത്‌ എന്നെ സന്തോഷിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പ്രചോദനമായി നിലകൊള്ളാന്‍ പോളിനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ വേഷത്തിലും അദ്ദേഹത്തിനത്‌ സാധിക്കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഫെര്‍ഗൂസണ്‍ പറഞ്ഞു.


ഇംഗ്ലണ്ടിന്‌ ഇന്നിംഗ്‌സ്‌ ജയം
കാര്‍ഡിഫ്‌: കാര്‍ഡിഫ്‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ അത്ഭുത ജയം. ഒന്നാം ഇന്നിംഗ്‌സില്‍ 400 റണ്‍സെടുത്തിട്ടും ശ്രീലങ്ക ഇന്നിംഗ്‌സിനും 14 റണ്‍സിനും പരാജയപ്പെട്ടു. നാലു വീതം വിക്കറ്റ്‌ വീഴ്‌ത്തിയ ക്രിസ്‌ ട്രെംലറ്റിന്റേയും ഗ്രേയം സ്വാനിന്റേയും പന്തുകള്‍ക്കു മുമ്പില്‍ തലകുനിച്ച ശ്രീലങ്ക 82 റണ്‍സിന്‌ പുറത്താകുകയായിരുന്നു. സ്‌കോര്‍ ഒറ്റനോട്ടത്തില്‍: ശ്രീലങ്ക- 400, 82, ഇംഗ്ലണ്ട്‌- 496.
ജോനാഥന്‍ ട്രോട്ടിന്റെ ഇരട്ട ശതകവും (203), ഇയാന്‍ ബെല്ലിന്റെ സെഞ്ച്വറിയുമാണ്‌ (പുറത്താകാതെ 103) ഇംഗ്ലണ്ടിന്‌ മികച്ച സ്‌കോര്‍ സമ്മാനിച്ചത്‌. അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 496 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോള്‍ ആതിഥേയര്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ അലസ്‌റ്റര്‍ കുക്കും (133) സെഞ്ച്വറി നേടിയിരുന്നു. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ 20 റണ്‍സെടുത്ത തിസാര പെരേരയായിരുന്നു ടോപ്‌ സ്‌കോറര്‍. ഓപണര്‍ തരംഗ പരണവിതരണ (പൂജ്യം) ക്യാപ്‌റ്റന്‍ തിലകരത്‌നെ ദില്‍ഷന്‍ (10), കുമാര്‍ സങ്കക്കാര (14), മഹേല ജയവര്‍ദ്ദനെ (15), തിലന്‍ സമരവീര (പൂജ്യം) ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ പ്രസന്ന ജയവര്‍ദ്ദനെ (മൂന്ന്‌) എന്നീ മുന്‍നിരക്കാര്‍ പെട്ടെന്നു പുറത്തായി.


സാനിയ സഖ്യം സെമിയില്‍
ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍
പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ-റഷ്യയുടെ എലേന വെസ്‌നിന സഖ്യം ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസ്‌ വനിതാ ഡബിള്‍സ്‌ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യാ-പാക്‌ ജോഡി രോഹന്‍ ബൊപ്പണ്ണയും ഐസാമുല്‍ ഖുറേശിയും ക്വാര്‍ട്ടറില്‍ കടന്നു. ഏഴാം സീഡ്‌ സാനിയ സഖ്യം അര്‍ജന്റീന-ഇറ്റലി ജോഡിയായ ഗിസേല ഡുല്‍കോ-$ാവിയ പെന്നറ്റ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ക്വാര്‍ട്ടറില്‍ കീഴടക്കുകയായിരുന്നു. സ്‌കോര്‍: 6-0, 7-5. ആദ്യമായാണ്‌ സാനിയ ഒരു ഗ്രാന്റ്‌സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്‌. 2007 യു.എസ്‌ ഓപണിലും 2008 വിംബിള്‍ഡണിലും ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതായിരുന്നു ഇതിനു മുമ്പ്‌ സാനിയയുടെ വലിയനേട്ടം.
കസാഖിസ്‌താന്‍-ഉസ്‌ബെകിസ്‌താന്‍ ജോഡി ആന്ദ്രേത്‌ ഗോലുബേവും ഡേനിസ്‌ ഇസ്‌തോമിനുമാണ്‌ അഞ്ചാം സീഡ്‌ ബൊപ്പണ്ണ-ഖുറേശിമാരുടെ മുന്നേറ്റത്തിനു മുമ്പില്‍ വീണുപോയത്‌. 6-3, 7-5 സ്‌കോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യാ-പാക്‌ സംഘം വിജയം വരിച്ചത്‌. ഒരു മണിക്കൂറും ഒമ്പതു മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. ഒടുവില്‍ കളിച്ച നാലു ഗ്രാന്റ്‌ സ്ലാമുകളില്‍ മൂന്നാം തവണയാണ്‌ ബൊപ്പണ്ണ-ഖുറേശി ക്വാര്‍ട്ടര്‍ കാണുന്നത്‌. ടോപ്‌ സീഡ്‌ അമേരിക്കന്‍ ഇരട്ടകള്‍ മൈക്‌-ബോബ്‌ ബ്രയാന്‍മാരെയാണ്‌ ക്വാര്‍ട്ടറില്‍ ഇരുവരും നേരിടേണ്ടത്‌.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ, സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചു സെറ്റുനീണ്ട റെക്കോര്‍ഡ്‌ പ്രകടനത്തില്‍ സെര്‍ബ്‌ താരം വിക്ടര്‍ ട്രോയിക്കിയെയാണ്‌ ബ്രിട്ടീഷ്‌ താരം കീഴ്‌പ്പെടുത്തിയത്‌. ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം നാടകീയ തിരിച്ചുവരവു നടത്തുകയായിരുന്നു മുറേ. സ്‌കോര്‍: 4-6, 4-6, 6-3, 6-2, 7-5. ഒന്നാം സീഡ്‌ റാഫേല്‍ നദാല്‍ ഇവാന്‍ ലുബിച്ചിനെ 7-5, 6-3, 6-3 സ്‌കോറിന്‌ പരാജയപ്പെടുത്തുകയായിരുന്നു.

മയൂഖക്ക്‌ റെക്കോര്‍ഡ്‌
വുജിയാങ്‌: ട്രിപ്പിള്‍ ജംപിലെ ഇന്ത്യന്‍ റെക്കോര്‍ഡ്‌ ഇനി മയൂഖ ജോണിയുടെ പേരില്‍. ചൈനയിലെ വുജിയാങില്‍ നടക്കുന്ന ഏഷ്യന്‍ ഗ്രാന്‍ പ്രീയില്‍ 14 മീറ്റര്‍ താണ്ടിയാണ്‌ മയൂഖ റെക്കോര്‍ഡ്‌ തന്റെ പേരിലാക്കിയത്‌. ഇന്ത്യന്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ചെങ്കിലും വെങ്കല മെഡല്‍ നേടാനേ മയൂഖക്ക്‌ കഴിഞ്ഞുള്ളൂ.
അവസാന ശ്രമത്തിലാണ്‌ മയൂഖ റെക്കോര്‍ഡ്‌ ഭേദിച്ചത്‌. ആദ്യ രണ്ടു ചാട്ടങ്ങളില്‍ യഥാക്രമം 13.91, 13.71 മീറ്റര്‍ ദൂരം പിന്നിട്ട മയൂഖ മൂന്നാം ശ്രമത്തില്‍ 14.02 മീറ്റര്‍ മറികടക്കുകയായിരുന്നു. മീറ്റിലുടനീളം ആധിപത്യം പ്രകടമാക്കുന്ന ചൈനീസ്‌ താരങ്ങള്‍ക്കായിരുന്നു ഈ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനങ്ങള്‍. ഷീ ലിമെയ്‌ (14.16 മീ) ഒന്നാം സ്ഥാനവും ലീ യാന്‍മെയ്‌ (14.05) രണ്ടാം സ്ഥാനവും നേടി.
പുരുഷ വിഭാഗം 800 മീറ്ററില്‍ മത്സരിച്ച ഇന്ത്യയുടെ ഗമണ്ട റാം വെള്ളിയും സജീഷ്‌ ജോസഫ്‌ വെങ്കലവും നേടി. വനിതാ വിഭാഗം ഡിസ്‌കസില്‍ സീമ ആന്റിലിലൂടെയും ഇന്ത്യ വെങ്കലം നേടി.

Monday, May 30, 2011

SALGOKER EPIC

ഐലീഗ്‌ സാല്‍ഗോക്കറിന്‌
ലുധിയാന: 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ലീഗ്‌ കിരീടത്തില്‍ ഗോവന്‍ ടീം സാല്‍ഗോക്കര്‍ വീണ്ടും മുത്തമിട്ടു. ലീഗില്‍ തങ്ങളുടെ അവസാന മത്സരം കളിച്ച സാല്‍ഗോക്കര്‍ പഞ്ചാബിന്റെ ജെ.സി.ടി എഫ്‌.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ കീഴടക്കിയതോടെ കിരീടമുറപ്പിച്ചു. തൊട്ടുപിന്നില്‍ 50 പോയിന്റുമായി രണ്ടാമത്‌ നില്‍ക്കുന്ന ഗോവയുടെ തന്നെ പ്രതിനിധികള്‍ ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ടീമുകള്‍ക്ക്‌്‌ ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും ആറു പോയിന്റിന്റെ മുന്‍തൂക്കമുള്ള സാല്‍ഗോക്കറിനെ മറികടക്കാനാകില്ല. കൊല്‍ക്കത്തയുടെ ശക്തികളായ ഈസ്‌റ്റ്‌ ബംഗാള്‍ (48) നിലവില്‍ മൂന്നാം സ്ഥാനത്താണ്‌. മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു കൊല്‍ക്കത്തന്‍ ടീം ഈസ്‌റ്റ്‌ ബംഗാള്‍ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.
കളിയുടെ തുടക്കത്തിലും ഒടുക്കത്തിലുമായി ഓരോ ഗോളുകള്‍ നേടിയാണ്‌ സാല്‍ഗോക്കര്‍ കിരീടമുറപ്പിച്ചത്‌. ലുധിയാനയിലെ നാനാക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12-ാം മിനുട്ടില്‍ ഡേവ്‌സണ്‍ ഫെര്‍ണാണ്ടസാണ്‌ ഗോവക്കാരുടെ കുതിപ്പിന്‌ ഗോളിലൂടെ ആക്കം നല്‍കിയത്‌. കളി സ്വന്തം മൈതാനത്തായിരുന്നെങ്കിലും മികച്ച ഫോമിലുള്ള സാല്‍ഗോക്കറിനെ തടഞ്ഞു നിര്‍ത്താന്‍ ജെ.സി.ടി പാടുപെട്ടു. ആദ്യ പകുതിയില്‍ പിന്നീട്‌ ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ ക്ഷാമം കണ്ടു. എങ്കിലും 86-ാം മിനുട്ടില്‍ പന്ത്‌ വലയിലെത്തിച്ച്‌ ജപ്പാന്റെ റ്യൂ സ്യൂക്ക സാല്‍ഗോക്കറുകാരുടെ വിജയത്തിന്‌ കൂടുതല്‍ നിറംപകര്‍ന്നു.
'57 വര്‍ഷത്തിനു ശേഷം ഫ്രഞ്ച്‌ കിരീടം വീണ്ടും സ്വന്തമാക്കിയ ലില്ലിയോട്‌ താരതമ്യം ചെയ്യുമ്പോള്‍
1998-99ല്‍ മൂന്നാം ദേശീയ ലീഗില്‍ കിരീടം ചൂടിയ ടീമാണ്‌ സാല്‍ഗോക്കര്‍. ആശങ്കകളോടെയായിരുന്നു കിക്കോഫ്‌. ജെ.സി.ടി തരംതാഴ്‌ത്തല്‍ ഭീഷണിയിലായിരുന്നു. ഡെംപോയോട്‌ കളിക്കുന്ന എയര്‍ ഇന്ത്യ സമനിലയോ ജയമോ നേടുകയും ജെ.സി.ടി തോല്‍ക്കുകയും ചെയ്‌താല്‍ അടുത്ത സീസണില്‍ ജെ.സി.ടി ലീഗിന്‌ പുറത്താകുമായിരുന്നു. മറുഭാഗത്ത്‌ സാല്‍ഗോക്കര്‍ തോല്‍ക്കുകയും ഡെംപോ, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ടീമുകളിലൊന്ന്‌ അവസാന രണ്ടു കളികള്‍ വിജയിക്കുകയും ചെയ്‌താല്‍ സാല്‍ഗോക്കറിന്‌ കിരീടം നഷ്ടമാകും. എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ജെ.സി.ടിയും സാല്‍ഗോക്കറിനും ആഹ്ലാദം. ജെ.സി.ടി തോറ്റെങ്കില്‍ എയര്‍ ഇന്ത്യ തരിപ്പണമാകുകയായിരുന്നു. ഏകപക്ഷീയമായ 14 ഗോളുകള്‍ക്കാണ്‌ ഡെംപോ അവരെ തകര്‍ത്തത്‌. പക്ഷേ സാല്‍ഗോക്കര്‍ ജയിച്ചതോടെ ഗോള്‍ മഴ ഡെംപോയുടെ രക്ഷക്കെത്തിയില്ല.

പോയിന്റ്‌ നില
ടീം മത്സരം പോയിന്റ്‌
സാല്‍ഗോക്കര്‍ 26 56
ഡെംപോ 25 50
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ 25 50
ഈസ്‌റ്റ്‌ ബംഗാള്‍ 25 48
മോഹന്‍ ബഗാന്‍ 26 34
മുംബൈ എഫ്‌.സി 26 34
................................................
(അവസാന സ്ഥാനക്കാര്‍)
എയര്‍ ഇന്ത്യ 26 24

സൈനയുടെ നോട്ടം
ഒളിംപിക്‌സില്‍
ബീജിംഗ്‌: ബീജിംഗ്‌ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പരാജയപ്പെട്ടത്‌ തന്റെ കരുത്ത്‌ കൂട്ടിയെന്ന്‌ ഇന്ത്യയുടെ വനിതാ ബാഡ്‌മിന്റെണ്‍ താരം സൈന നേവാള്‍. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടാമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ അതു സഹായിക്കുമെന്നും സൈന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദിവസങ്ങള്‍ക്കു മുമ്പ്‌ സുദിര്‍മാന്‍ കപ്പില്‍ പങ്കെടുത്ത സൈന, 2008ല്‍ ബീജിംഗില്‍ തനിക്ക്‌ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെന്ന്‌ വെളിപ്പെടുത്തി.
ഞാനാകെ നിരാശയായി. ടൂര്‍ണമെന്റ്‌ ജയിക്കാന്‍ ഏറെ ആശിച്ചിരുന്നു. പ്രായക്കുറവുണ്ടായിരുന്നെങ്കിലും ഫൈനലിലെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ക്വാര്‍ട്ടര്‍ കളിക്കുമ്പോള്‍ സത്യത്തില്‍ സെമിഫൈനലിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. എങ്കിലും ആ പരജായം എന്നെ കൂടുതല്‍ ശക്തയാക്കിയിരിക്കുകയാണ്‌. ഇപ്പോള്‍ എന്റെ സ്വപ്‌നം ലണ്ടന്‍ ഒളിംപിക്‌സ്‌ വിജയിക്കുക എന്നതാണ്‌. ഞാന്‍ ശരിയായ ദിശയിലാണെന്നാണെന്റെ തോന്നല്‍ എങ്കിലും ഇനിയുമേറെ ചെയ്യാനുണ്ട്‌. ചൈന ഡെയ്‌ലിയോട്‌ സൈന പറഞ്ഞു.

'കോര്‍ട്ടിലെ കുഞ്ഞുടുപ്പ്‌'
ഫെഡറേഷന്‍ അയയുന്നു
ഖിങ്‌ദാവോ: വനിതാ ബാഡ്‌മിന്റെണ്‍ താരങ്ങള്‍ കുട്ടിപ്പാവാട ധരിച്ച്‌ കളിക്കണമെന്നത്‌ നിയമമാക്കുന്നത്‌ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ബാഡ്‌്‌മിന്റണ്‍ ഫെഡറേഷന്‍ അയയുന്നു. പുതിയ തീരുമാനത്തെ പല വനിതാ താരങ്ങളും അശ്ലീലമായി കണ്ടതിനെ തുടര്‍ന്ന്‌ ഇക്കാര്യം നിയമമാക്കുന്നത്‌ നീട്ടിവെച്ചിരിക്കുകയാണ്‌ ലോക ബാഡ്‌മിന്റെണ്‍ ഫെഡറേഷന്‍ (ബി.ഡബ്ലിയു.എഫ്‌). തീരുമാനം പുനരാലോചിക്കാനുള്ള നീക്കത്തെ ഇന്ത്യന്‍ ഷട്ടില്‍ താരങ്ങളും അധികാരികളും സ്വാഗതം ചെയ്‌തു.
സാധാരണ വസ്‌ത്രധാരണം തന്നെ ബാഡ്‌മിന്റണില്‍ നിയമമാക്കുന്നതിനെക്കുറിച്ച്‌ കൂടുതല്‍ വിശകലനങ്ങള്‍ക്ക്‌ ഫെഡറേഷന്‍ ഒരുങ്ങിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്നലെ അറിയിപ്പുണ്ടായി. ഫെഡറേഷനിലെ വനിതാ താരങ്ങള്‍ നല്‍കിയ ശുപാര്‍ശയാണ്‌ പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ വീണ്ടുമാലോചിക്കാന്‍ ഫെഡറേഷനെ നിര്‍ബന്ധിച്ചിരിക്കുന്നത്‌.
നേരത്തേ തീരുമാനിച്ചതു പ്രകാരം മെയ്‌-1 മുതലായിരുന്നു കുഞ്ഞുടുപ്പ്‌ നിയമം പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്‌. എന്നാല്‍ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന്‌ ജൂണ്‍-1നും നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്‌. ഇക്കാര്യത്തില്‍ കായിക താര സമിതിയുടെ പ്രതികരണത്തെ തുടര്‍ന്നാണ്‌ ഫെഡറേഷന്‌ ശുപാര്‍ശ നല്‍കിയതെന്ന്‌ ബാഡ്‌മിന്റണ്‍ സമിതിയിലെ വനിതകള്‍ പറഞ്ഞു. മുന്‍ ലോക ചാമ്പ്യന്‍ ഇംഗ്ലണ്ടിന്റെ നോറ പെറിക്കാണ്‌ വനിതാ താരങ്ങളുടെ നേതൃത്വം.
ചില കളിക്കാര്‍ ഫെഡറേഷന്‍ നേതൃത്വത്തിന്റെ അശ്ലീല സ്വാഭാവമുള്ള നീക്കത്തെ കുറ്റപ്പെടുത്തി. എന്നാല്‍ വനിതാ ബാഡ്‌മിന്റണ്‌ തുല്യമാനം നല്‍കാനും കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കാനും വേണ്ടിയാണ്‌ 'കുട്ടിപ്പാവാട' നിയമം കൊണ്ടുവരാന്‍ ആലോചിച്ചതെന്ന്‌ അധികാരികള്‍ മറുപടി പറഞ്ഞു. മുമ്പ്‌ തന്നെ ചില താരങ്ങള്‍ വളരെ ചെറിയ വസ്‌ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും കളത്തിലെ നീക്കങ്ങള്‍ കൂടുതല്‍ സുഖപ്രദമാക്കാന്‍ ഇതുപകരിക്കുമെന്നതിനാലാണ്‌ അവരത്‌ ചെയ്‌തെന്നും ഫെഡറേഷന്‍ ന്യായീകരിച്ചു.

ഐ.പി.എല്‍ ഇലവന്‍
ബാറ്റ്‌സ്‌മാന്‍മാര്‍
1. ക്രിസ്‌ ഗെയ്‌ല്‍ (ബാംഗ്ലൂര്‍)- മത്സരം 12, റണ്‍സ്‌ 608, ശരാശരി 67.55, സെഞ്ച്വറി-രണ്ട്‌, ഫിഫ്‌ടി മൂന്ന്‌, വിക്കറ്റ്‌ എട്ട്‌, ഇക്കോണമി 6.77
2 .സച്ചിന്‍ തെണ്ടുല്‍ക്കര്‍ (മുംബൈ)- മത്സരം 16, റണ്‍സ്‌ 553, ശരാശരി 42.53, സെഞ്ച്വറി-1, ഫിഫ്‌ടി-രണ്ട്‌
3. ഷോണ്‍ മാര്‍ഷ്‌ (പഞ്ചാബ്‌)- മത്സരം 14, റണ്‍സ്‌ 504, ശരാശരി 42, ഫിഫ്‌ടി നാല്‌
4. വിരാട്‌ കോഹ്‌്‌ലി (ബാംഗ്ലൂര്‍)- മത്സരം 16, റണ്‍സ്‌ 557, ശരാശരി 46.41, ഫിഫ്‌ടി നാല്‌
5. എസ്‌. ബദരീനാഥ്‌ (ചെന്നൈ)- മത്സരം 16, റണ്‍സ്‌ 396, ശരാശരി 56.57, ഫിഫ്‌ടി അഞ്ച്‌
6. എം.എസ്‌ ധോണി (ചെന്നൈ)- മത്സരം 16, റണ്‍സ്‌ 392, ശരാശരി 43.55, ഫിഫ്‌ടി രണ്ട്‌
ബൗളര്‍മാര്‍
7. രാഹുല്‍ ശര്‍മ (പൂനെ)- മത്സരം 14, വിക്കറ്റ്‌ 16, ശരാശരി 17.06, ഇക്കോണമി 5.46
8. ലസിത്‌ മലിംഗ (മുംബൈ)- മത്സരം 16, വിക്കറ്റ്‌ 28, ശരാശരി 13.39, ഇക്കോണമി 5.95
9. ഇഖ്‌ബാല്‍ അബ്ദുല്ല (കൊല്‍ക്കത്ത)- മത്സരം 15, വിക്കറ്റ്‌ 16, ശരാശരി 19.6, ഇക്കോണമി 6.10
10 ആര്‍.അശ്വിന്‍ (ചെന്നൈ)- മത്സരം 16, വിക്കറ്റ്‌ 20, ശരാശരി 19.40, ഇക്കോണമി 6.15
11 ഡഗ്‌ ബോളിംഗര്‍ (ചെന്നൈ)- മത്സരം 13, വിക്കറ്റ്‌ 17, ശരാശരി 19.35, ഇക്കോണമി 7

ഗെയ്‌ലിനെ പരിഗണിച്ചില്ല
സെന്റ്‌ജോണ്‍സ്‌: ഐ.പി.എല്ലിലെ തരംഗം ക്രിസ്‌ ഗെയ്‌ലിനെ ഇന്ത്യക്കെതിരായ ഏകദിന, ടി20 മത്സരങ്ങളില്‍ നിന്ന്‌ വെസ്റ്റിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഒഴിവാക്കി. ജൂണ്‍ നാലിന്‌ ഏകദിന മത്സരങ്ങളോടെ പരമ്പര ആരംഭിക്കും.
ക്രിസ്‌ ഗെയ്‌ലിനെ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചിട്ടില്ല. ടീം മാനേജ്‌മെന്റ്‌, സെലക്ഷന്‍ സമിതി, എന്നിവര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ്‌ ബോര്‍ഡ്‌ ഈ തീരുമാനത്തിലെത്തിയത്‌. ബോര്‍ഡ്‌ അറിയിച്ചു.
ജമെയ്‌ക്കയില്‍ റേഡിയോ ഇന്റര്‍വ്യൂവില്‍ ഗെയ്‌ല്‍ നടത്തിയ പ്രസ്‌താവനയെ തുടര്‍ന്നാണ്‌ സെലക്ഷന്‍ സമിതി അദ്ദേഹവുമായി ചര്‍ച്ച നടത്തിയതെന്നും പ്രസ്‌താവനയില്‍ പറയുന്നു.നേരത്തേ പാകിസ്‌താനുമായുള്ള പരമ്പരയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട ഗെയ്‌ല്‍ ബോര്‍ഡിനെതിരെ വാക്‌ പോരാട്ടവുമായി രംഗത്തു വന്നിരുന്നു.
മൂന്നു ദിവസം മുമ്പ്‌ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 608 റണ്‍സുമായി പരമ്പരയുടെ സുവര്‍ണ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു 31കാരന്‍ ഗെയ്‌ല്‍. എന്നാല്‍ മാരക ഫോമില്‍ നില്‍ക്കുമ്പോഴും ബോര്‍ഡുമായി ഉടക്കിയതിന്റെ പേരില്‍ ഡാരന്‍ സമ്മി നയിക്കുന്ന സംഘത്തില്‍ കളിയുടെ രണ്ടു രൂപങ്ങളില്‍ നിന്നും ഗെയ്‌ല്‍ തഴയപ്പെടുകയായിരുന്നു. ഗെയ്‌ലിനു പുറമെ വെടിക്കെട്ടിനു പേരുകേട്ട കീറന്‍ പൊള്ളാര്‍ഡ്‌, ഡ്വയ്‌ന്‍ ബ്രാവോ എന്നിവരേയും 20 ഓവര്‍ മത്സരത്തിന്‌ പരിഗണിച്ചില്ല. ടീമിന്റെ അവസാന ടി20 മത്സരത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതെ ഐ.പി.എല്ലില്‍ കളിച്ചതിന്റെ ശിക്ഷയെന്നോണമാണ്‌ ഈ തീരുമാനം. പേസ്‌ ബൗളര്‍ കെമറോഷിന്‌ പരമ്പരയിലെ ഏക ടി20 മത്സരത്തില്‍ നിന്നും ട്രിനിഡാഡില്‍ നടക്കുന്ന ആദ്യ രണ്ട്‌ ഏകദിനങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു.
ടീം (ടി20): ഡാരന്‍ സമ്മി (നായകന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്‌, ആന്ദ്രേ $െച്ചര്‍ (വിക്കറ്റ്‌ കീപ്പര്‍), ഡാരന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്‌, ഡന്‍സ ഹയാത്ത്‌, ക്രിസ്റ്റഫര്‍ ബാണ്‍വെല്‍, ആന്ദ്രേ റസ്സല്‍, ആഷ്‌ലി നഴ്‌സ്‌, ദേവേന്ദ്ര ബിഷൂ, രവി രാംപോള്‍, ക്രിഷ്‌മാര്‍ സാന്തോകീ
(ഏകദിനം): ഡാരന്‍ സമ്മി (നായകന്‍), ലെന്‍ഡില്‍ സിമ്മണ്‍സ്‌, കിര്‍ക്‌ എഡ്വാര്‍ഡ്‌സ്‌, ഡാരന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ്‌, രാംനരേഷ്‌ സര്‍വന്‍, ഡ്വയ്‌ന്‍ ബ്രാവോ, കീറന്‍ പൊള്ളാര്‍ഡ്‌, കാള്‍ട്ടണ്‍ ബോ (വിക്കറ്റ്‌ കീപ്പര്‍), ആന്ദ്രേ റസ്സല്‍, ആന്തോണി മാര്‍ട്ടിന്‍, ദേവേന്ദ്ര ബിഷൂ, രവി രാംപോള്‍.

ഫിഫ ബ്ലാറ്ററിനൊപ്പം
ഹമ്മാമിന്‌ സസ്‌പെന്‍ഷന്‍
സൂറിച്ച്‌: ചൂടുപിടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ മുഹമ്മദ്‌ ബിന്‍ ഹമ്മാമിനേയും ജാക്‌ വാര്‍ണറേയും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍കാലികമായി പുറത്താക്കി. ഫിഫ എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ ഇരുവരും നാളെ നടക്കാനിരിക്കുന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ലഭിക്കാനായി കൃത്രിമത്വം കാണിച്ചതായുള്ള ആരോപണങ്ങള്‍ ബലപ്പെട്ടതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍. അതേസമയം, സംഭവങ്ങള്‍ അന്വേഷിച്ച ഫിഫയുടെ സതാചാര സമിതി നിലവിലെ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്ററെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഇതോടെ നാലാം തവണയും ഫിഫയുടെ പ്രസിഡണ്ടായി തെരഞ്ഞടെുക്കപ്പെടാനുള്ള ബ്ലാറ്ററുടെ വഴികള്‍ പൂര്‍ണമായും തെളിഞ്ഞു.
സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തില്‍ ഖത്തറുകാരനും ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനുമായ ഹമ്മാമിനേയും, ട്രിനിഡാഡുകാരനും ഫിഫാ വൈസ്‌ പ്രസിഡണ്ടുമായ വാര്‍ണറേയും പൂര്‍ണമായ ചോദ്യം ചെയ്യലിന്‌ വിധേയരാക്കാന്‍ ഫിഫ തീരുമാനിച്ചു. കുറ്റക്കാരെന്നു കണ്ടെത്തുകയാണെങ്കില്‍ ഫിഫയില്‍ നിന്ന്‌ പുറത്താക്കുകയും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരോധിക്കുകയും ചെയ്യും.
പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന്‌ താന്‍ പിന്മാറുന്ന വിവരം ഞായറാഴ്‌ച ഹമ്മാം അറിയിച്ചിരുന്നു. രണ്ടു വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന മത്സരത്തിന്റെ പേരില്‍ ഫിഫ എന്ന മഹത്തായ സംഘടനക്ക്‌ കളങ്കം വരുന്നു എന്നതിനാലാണ്‌ താന്‍ പിന്മാറുന്നതെന്ന്‌ തന്റേയും ബ്ലാറ്ററിന്റേയും ഇടയില്‍ നിലനില്‍ക്കുന്ന ശീതസമരത്തെ സൂചിപ്പിച്ച്‌ അദ്ദേഹം പറയുകയും ചെയ്‌തു. ഹമ്മാമിന്‌ വോട്ട്‌ നേടാന്‍ വേണ്ടി ഹമ്മാമും വാര്‍ണറും കൈക്കൂലി നല്‍കിയതിന്‌ തെളിവുകള്‍ ലഭിച്ചെന്ന്‌ സംഭവം അന്വേഷിച്ച എതിക്‌സ്‌ കമ്മിറ്റി പറഞ്ഞു. മെയ്‌ 10-11ന്‌ ട്രിനിഡാഡില്‍ ചേര്‍ന്ന ഒരു കരീബിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗത്തില്‍ പ്രതിനിധികള്‍ക്ക്‌ ഇരുവരും 4,000 ഡോളര്‍ നല്‍കിയതിന്‌ തെളിവുകള്‍ ലഭിച്ചതായി പ്രത്യേക കമ്മിറ്റി അവകാശപ്പെട്ടു.

പ്രതികാരം സാധിച്ചില്ല
എവ്‌റ നിരാശന്‍
ലണ്ടന്‍: രണ്ടുവര്‍ഷം മുമ്പ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ബാര്‍സലോണയോട്‌ തോറ്റതിന്‌ കണക്കുതീര്‍ക്കാനുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സ്വപ്‌നം സഫലമാവാത്തതില്‍ ഡിഫന്‍ഡര്‍ പാട്രിസ്‌ എവ്‌റക്ക്‌ നിരാശ. തന്റെ സഹതാരങ്ങള്‍ ബാര്‍സയെ പേടിച്ചിട്ടില്ലായിരുന്നെന്നും എന്നാല്‍ തോല്‍വി അങ്ങേയറ്റത്തെ നിരാശയാണ്‌ സമ്മാനിച്ചതെന്നും എവ്‌റ പറഞ്ഞു.
തോല്‍വിയെക്കുറിച്ച്‌ വികാര ഭരിതനായാണ്‌ താരം പ്രതികരിച്ചത്‌. 'മാഞ്ചസ്റ്ററിന്‌്‌ മരണമില്ല. ഞങ്ങള്‍ക്ക്‌ പേടിയില്ല. എനിക്ക്‌ ഫൈനലിലേക്ക്‌ തിരിച്ചുപോകണം. എന്നിട്ട്‌ ബാര്‍സലോണയെ ഒരിക്കല്‍ കൂടി നേരിടണം.' ഫ്രഞ്ച്‌താരം വികാരം കൊണ്ടു. മാഞ്ചസ്‌റ്ററിന്‌ നല്ല സീസണായിരുന്നു ഇത്‌. എന്നാല്‍ മഹത്തരമായ ഒരു സീസണായിരുന്നില്ല. കാരണം ശനിയാഴ്‌ച രാത്രി വിജയിക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചില്ല. എങ്കിലും ലീഗില്‍ വിജയം നേടാനായി. അടുത്ത വര്‍ഷവും ലീഗ്‌ കിരീടം ഞങ്ങള്‍ സ്വന്തമാക്കും. ചാമ്പ്യന്‍സ്‌ ലീഗിലും വിജയം വരിക്കും'
2009ല്‍ റോമില്‍ വെച്ചുനടന്ന ഫൈനലില്‍ മാഞ്ചസ്റ്ററിനെ മടക്കമില്ലാത്ത രണ്ടു ഗോളിന്‌ തോ|ിച്ചാണ്‌ ബാര്‍സ കിരീടം ചൂടിയത്‌. ഇത്തവണ മത്സരം ഇംഗ്ലണ്ടിലെ വെംബ്ലിയിലായിട്ടും എവ്‌റക്കും കൂട്ടര്‍ക്കും സ്‌പാനിഷ്‌ വമ്പന്മാരെ കീഴടക്കാനായില്ല.

ഹിന്ദുസ്ഥാന്‍ എയ്‌റോ 25 21

Friday, May 27, 2011

BLATTER IN DANGER

ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ പോരാട്ടം ഇന്ന്‌ ചരിത്രമുറങ്ങുന്ന വെംബ്ലി മുറ്റത്ത്‌. സ്‌പാനിഷ്‌ ശക്തരായ ബാര്‍സിലോണ ഇംഗ്ലണ്ടിലെ പ്രബലരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ നേരിടുന്നു. തകര്‍പ്പന്‍ കലാശപ്പോരാട്ടമാണ്‌ കടലാസില്‍. പക്ഷേ ലയണല്‍ മെസിയെന്ന സൂപ്പര്‍ താരത്തെ നിയന്ത്രിക്കുന്നതില്‍ മാഞ്ചസ്‌റ്റര്‍ പിന്‍നിര വിജയിക്കുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.
വാര്‍ത്തകളില്‍ നിറയെ ലയണല്‍ മെസിയാണ്‌.... ചര്‍ച്ചകളില്ലെല്ലാം മെസി....ചിത്രങ്ങളിലും സ്‌ക്രീനിലുമെല്ലാം മെസി.... ആകെ ഒരു മെസിമയം. ഫൈനലിനേക്കാള്‍ വാര്‍ത്താ പ്രാധാന്യം മെസിക്കാണ്‌. ഫുട്‌ബോള്‍ രാജാവ്‌ പെലെക്കും ഇതിഹാസതാരം ഡിയാഗോ മറഡോണക്കും ഫുട്‌ബോളിന്റെ മാനസപുത്രന്‍ സൈനുദ്ദീന്‍ സിദാന്‌ പോലും ഇത്ര വാര്‍ത്താ പ്രാധാന്യം ലഭിച്ചിട്ടില്ല.
ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട കളിമുറ്റമായ വെംബ്ലിക്ക്‌ വിരേതിഹാസങ്ങളുടെ നിരവധി കഥകള്‍ പറയാനുണ്ട്‌. എത്രയോ പ്രമുഖര്‍ ഈ മുറ്റത്ത്‌ പന്ത്‌ തട്ടിയിട്ടുണ്ട്‌. ഈ മൈതാനത്തിനെ പോലും അപ്രസക്തമാക്കുന്ന തരത്തില്‍ മെസി നിറയുമ്പോള്‍ ബാര്‍സിലോണയുടെ സൂപ്പര്‍ താരത്തിന്‌ ടെന്‍ഷന്‍ തെല്ലുമില്ല. ഇതെല്ലാം താന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ്‌ മെസി. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കുന്നതിനേക്കാള്‍ മെസി പ്രാധാന്യം നല്‍കുന്നത്‌ ക്ലബായ ബാര്‍സക്കാണ്‌. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ തന്റെ കരിയറില്‍ ഇനി മറ്റൊരു ക്ലബില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. ഇപ്പോള്‍ പ്രായം 23. ഇനിയുള്ള കാലത്തും ബാര്‍സക്കായി കളിക്കണം. ഈ ക്ലബിനായി കളിക്കുന്നത്‌ അഭിമാനമാണ്‌. അവര്‍ എന്നില്‍ അധികഭാരം വെക്കുന്നില്ല. എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നില്ല. ബാര്‍സക്കായി കളിച്ചാണ്‌ എനിക്ക്‌ ലോകം നിറയെ ആരാധകരെ ലഭിച്ചത്‌. എന്റെയും സഹതാരങ്ങളുടെയും കളിയാണ്‌ ബാര്‍സയെ ലോകതലത്തില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നതെന്നും മെസി വ്യക്തമാക്കുന്നു.
മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകളില്‍ സൂപ്പര്‍ താരങ്ങളില്ല. ടീം ഗെയിമാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. മെസിയെ നിയന്ത്രിക്കും. അവസരങ്ങള്‍ ഉപയോഗപ്പെടുത്തും-ഇതാണ്‌ അദ്ദേഹത്തിന്റെ മുദ്രാവാക്യം.
ഫൈനല്‍ രാത്രി 10-30 മുതല്‍
ടെന്‍ ആക്‌ഷനില്‍ തല്‍സമയം
മെസിയെ സ്വതന്ത്രനാക്കില്ലെന്ന്‌ ഫെര്‍ഗൂസണ്‍
ആരെയും പേടിയില്ലെന്ന്‌ മെസി
വെംബ്ലിയില്‍ കനത്ത ജാഗ്രത

തേര്‍ഡ്‌ ഐ
വന്‍കരയിലെ ജേതാവിനെ നിശ്ചയിക്കാന്‍ യൂറോപ്പില്‍ കഴിഞ്ഞ എട്ട്‌ മാസമായി നടക്കുന്ന തകര്‍പ്പന്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന്‌ ഫൈനല്‍ നടക്കുമ്പോള്‍ യോഗ്യരായ രണ്ട്‌ ടീമുകളാണ്‌ ബലാബലം. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട്‌ ടീമുകളുണ്ടെങ്കില്‍ അത്‌ ബാര്‍സിലോണയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡുമാണ്‌. രണ്ട്‌ ടീമുകളെയും പരിശീലിപ്പിക്കുന്നത്‌ അനുഭവസമ്പന്നരായ മികച്ച വ്യക്തികള്‍. അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഈ രംഗത്തെ ഭീഷ്‌മാചാര്യന്‍. ജോസഫ്‌ ഗുര്‍ഡിയോള യുവനിരയിലെ ശക്തനായ പരിശീലകന്‍. പക്ഷേ അന്തിമയായി ടീമുകളെ വിലയിരുത്തുമ്പോള്‍ പ്രകടമാവുന്ന കാര്യമായ മാറ്റം മുന്‍നിരയില്‍ ലയണല്‍ മെസി ബാര്‍സക്ക്‌ നല്‍കുന്ന കുതിപ്പാണ്‌. ഒരൊറ്റ കുതിപ്പില്‍ മല്‍സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന താരമാണ്‌ മെസി. ഇത്തരത്തിലൊരാള്‍ മാഞ്ചസ്റ്റര്‍ സംഘത്തില്‍ ഇല്ല. ഡിയാഗോ മറഡോണയുടെ സവിശേഷത അദ്ദേഹത്തിന്റെ കുതിപ്പായിരുന്നു. 1986 ലെ ലോകകപ്പ്‌ അര്‍ജന്റീനക്ക്‌ ലഭിച്ചത്‌ മറഡോണയുടെ കുതിപ്പുകളില്‍ മാത്രമാണ്‌. അന്ന്‌ 25 വയസ്സായിരുന്നു ഡിയാഗോയുടെ പ്രായം. മെസിക്കിപ്പോള്‍ പ്രായം 23. ഈ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം എല്ലാവരെയും പിറകിലാക്കിയിരിക്കുന്നു. മെസിയെ അര്‍ജന്റീനക്കായും ബാര്‍സക്കായും ഇതിനകം പരിശീലിപ്പിച്ചവരായ സാല്‍വഡോര്‍ റെക്കാര്‍ഡോ, ഫ്രാങ്ക്‌്‌ റെയ്‌ക്കാര്‍ഡ്‌, പെപ്‌ ഗുര്‍ഡിയോള, ഡിയാഗോ മറഡോണ, ആല്‍ഫിയോ ബാസില്‍ എന്നിവരെല്ലാം പറഞ്ഞതും പറയുന്നതും ഒന്നാണ്‌- മെസിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനാവില്ല. കഴിഞ്ഞ മൂന്ന്‌ സീസണ്‍ മാത്രം ഉദാഹരിച്ചാല്‍ മെസിക്ക്‌ അതിര്‍ത്തികളില്ലെന്ന്‌ വ്യക്തമാണ്‌. 158 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു. 137 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. ചെറിയ പ്രായത്തില്‍ രണ്ട്‌ തവണ വന്‍കരയിലെ മികച്ച താരമായി. ബാര്‍സിലോണക്ക്‌ തുടര്‍ച്ചയായി മൂന്ന്‌ തവണ ലാ ലീഗ്‌ കിരീടം സമ്മാനിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച മെസിയിലുടെ 2009 ല്‍ വന്‍കരാപ്പട്ടവും ബാര്‍സ സ്വന്തമാക്കിയിരുന്നു. ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ട്‌ വരുന്നു. 2006-07 സീസണില്‍ 36 മല്‍സരങ്ങളില്‍ നിന്ന്‌ 17 ഗോളുകള്‍, 2007-08 ല്‍ 40 മല്‍സരങ്ങളില്‍ നിന്ന്‌ 16 ഗോളുകള്‍, 2008-09 സീസണില്‍ 51 മല്‍സരങ്ങളില്‍ 38 ഗോളുകള്‍, 2009-10 ല്‍ 53 മല്‍സരങ്ങളില്‍ 47 ഗോളുകള്‍, 2010-11 ല്‍ 54 മല്‍സരങ്ങളില്‍ 52 ഗോളുകള്‍. സമ്മര്‍ദ്ദം അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നതാണ്‌ ആ താരത്തിലെ സവിശേഷത. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം ബാര്‍സക്കായി കളിക്കുന്നത്‌ നേരില്‍ കണ്ടപ്പോള്‍ ലോകം കീഴടക്കാന്‍ മാത്രമുള്ള പ്രതിഭാ സമ്പത്തും ആത്മവിശ്വാസവും മെസിക്കുണ്ടെന്ന്‌ ബോധ്യപ്പെട്ടിരുന്നു.

ഫിഫയില്‍ കലാപം
സൂറിച്ച്‌: ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫയില്‍ നടക്കുന്ന അധികാര വടം വലി പുതിയ തലത്തിലേക്ക്‌. അടുത്ത ബുധനാഴ്‌ച്ച പ്രസിഡണ്ട്‌ പദവിയിലേക്ക്‌ വാശിയേറിയ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ സംഘടനയുടെ തലവന്‍ സെപ്‌ ബ്ലാറ്റര്‍ നാളെ വിചാരണ ചെയ്യപ്പെടുന്നു. അദ്ദേഹത്തിനെതിരെ ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതി അംഗമായ ബിന്‍ ഹമാം ഉന്നയിച്ച ആരോപണമാണ്‌ വിചാരണക്ക്‌ നിദാനം. പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ബ്ലാറ്റര്‍ക്ക്‌്‌ പ്രതിയോഗിയായി മുന്നില്‍ നില്‍ക്കുന്നത്‌ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തലവന്‍ കൂടിയായ ബിന്‍ ഹമാമാണ്‌. ഫിഫയുടെ എത്തിക്‌സ്‌ കമ്മിറ്റിയുടെ വിചാരണക്ക്‌ മുന്നിലാണ്‌ നാളെ ബ്ലാറ്റര്‍ എത്തുന്നത്‌. ഫിഫയില്‍ നടന്നുവെന്നാരോപിക്കുന്ന അഴിമതിയെക്കുറിച്ചും കൈക്കൂലി വിവാദത്തെക്കുറിച്ചുമെല്ലാം ബ്ലാറ്റര്‍ക്ക്‌ അറിവുണ്ടായിരുന്നുവെന്ന്‌ തുറന്നടിച്ച മുഹമ്മദ്‌ ബിന്‍ ഹമാം എത്തിക്‌സ്‌ കമ്മിറ്റി വിചാരണ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം രംഗത്ത്‌ വന്നിരുന്നു. എത്തിക്‌സ്‌ കമ്മിറ്റി വിചാരണ ബ്ലാറ്റര്‍ക്ക്‌ നിര്‍ണായകമാണ്‌. ഏഷ്യന്‍ ഫുട്‌ബോളിനെ നയിക്കുന്ന ബിന്‍ ഹമാമും, കൈക്കൂലി ആരോപണങ്ങള്‍ നേരിടുന്ന ഫിഫയുടെ വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍നറും വിചാരണക്കെത്തുന്നുണ്ട്‌്‌. വിചാരണയെ ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നാണ്‌ ബ്ലാറ്റര്‍ പറഞ്ഞത്‌. വിചാരണയില്‍ സത്യങ്ങള്‍ വ്യക്തമാവും. അതിനെ പേടിക്കുന്നില്ല. നിയമപ്രകാരം തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ്‌ അദ്ദേഹം വെല്ലുവിളിക്കുന്നത്‌. മെയ്‌ 10,11 തിയ്യതികളില്‍ കരീബിയന്‍ ഫുട്‌ബോള്‍ യൂണിയന്റെ യോഗത്തില്‍ വെച്ച്‌ ബിന്‍ ഹമാമും വാര്‍നറും വലിയ തുക കൈക്കൂലി വാഗ്‌ദാനം ചെയ്‌തിരുന്നതായി ഫിഫ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ചക്‌ ബ്ലേസര്‍ ആരോപിച്ചതാണ്‌ പുതിയ വിവാദത്തിന്‌ തിരി തെളിയിച്ചിരിക്കുന്നത്‌. 2018, 2022 ലോകകപ്പ്‌ വേദികള്‍ നിശ്ചയിക്കുന്നതിലും കോടികള്‍ മറിഞ്ഞിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ്‌ ബ്ലേസര്‍ പുതിയ ആരോപണമുന്നയിച്ചത്‌. വിന്‍ഡീസിലെ ട്രിനിഡാഡില്‍ നടന്ന യോഗത്തില്‍ കൈക്കൂലി വാഗ്‌ദാനം ചെയ്യപ്പെട്ടതിന്‌ തന്റെ കൈവശം തെളിവുണ്ടെന്നാണ്‌ ബ്ലേസര്‍ പറയുന്നത്‌. പ്രശ്‌നത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബ്ലാറ്റര്‍ക്ക്‌ ഇതെല്ലാം അറിയുമെന്നാണ്‌ ഹമാം കുറ്റപ്പെടുത്തിയത്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ വിചാരണക്കും അദ്ദേഹം ആവശ്യമുന്നയിച്ചത്‌.
ഫിഫ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ മല്‍സരിക്കുന്ന രണ്ട്‌ പേര്‍ കൈക്കൂലിയാരോപണത്തില്‍ പരസ്‌പരം പഴി ചാരുമ്പോള്‍ അത്‌ ലോക സോക്കറിനെ തന്നെ ബാധിക്കുമെന്ന ഭയമാണ്‌ എല്ലാവര്‍ക്കും. ഈ വര്‍ഷമാദ്യമാണ്‌ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ തലവനായി ഖത്തറുകാരനായ ഹമാം തെരഞ്ഞെടുക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ വ്യക്തമായ ലക്ഷ്യം ഫിഫയുടെ തലവനാവുകയെന്നതാണ്‌. പക്ഷേ ഒരു തവണ കൂടി മല്‍സരിക്കാന്‍ ബ്ലാറ്റര്‍ രംഗത്ത്‌ വന്നതോടെയാണ്‌ കാര്യങ്ങള്‍ മാറിയത്‌. ഇത്‌ വരെ ഒരു ഫിഫ തലവനും അഴിമതിയാരോപണത്തില്‍ പ്രതിയ ചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഒന്നിലധികം തവണ ബ്ലാറ്റര്‍ കൈക്കുലിയാരോപണത്തില്‍ ആരോപണ വിധേയനായിട്ടുണ്ട്‌. അദ്ദേഹം നയിക്കുന്ന ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ ചിലര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്‌. അടുത്ത ബുധനാഴ്‌ച്ചയാണ്‌ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മല്‍സരിക്കുന്ന രണ്ട്‌ പ്രമുഖര്‍ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന വാദമുണ്ട്‌. എന്നാല്‍ ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ ഒരംഗം ഭാരവാഹികള്‍ക്കെതിരെ പരാതി ഉന്നയിച്ചാല്‍ വിചാരണ നടത്തുക നിയമപ്രകാര സംഭവമാണെന്നാണ്‌ ഫിഫ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്‌. ബ്ലാറ്ററെ വിചാരണ ചെയ്യുന്നതില്‍ പുതുമയില്ല. 1998 മുതല്‍ പ്രസിഡണ്ട്‌ സ്ഥാനത്തുള്ള ബ്ലാറ്റര്‍ വിചാരണവേളയില്‍ പതറില്ലെന്നാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്‌.

യൂറോപ്പിന്റെ പിന്തുണ ഹമാമിന്‌
ലണ്ടന്‍: ഫിഫ തലവന്‍ സ്ഥാനത്ത്‌ സെപ്‌ ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ശക്തമായ സൂചന നിലനില്‍ക്കെ യൂറോപ്യന്‍ പിന്തുണ ഉറപ്പാക്കുന്നതില്‍ ബിന്‍ ഹമാം മുന്നേറുന്നു. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്തായാലും ബ്ലാറ്ററെ തുണക്കില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. യൂവേഫയിലെ പല രാജ്യങ്ങള്‍ക്കും ബ്ലാറ്ററോട്‌ താല്‍പ്പര്യമില്ല. തുടര്‍ച്ചയായി നാലാം തവണയും ബ്ലാറ്റര്‍ രംഗത്ത്‌ വരുന്നതില്‍ പലരും പരസ്യമായി തന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ വിജയിച്ച ഹമാമിന്‌ യൂറോപ്പിലാണ്‌ കാര്യമായ പ്രതീക്ഷ. ആഫ്രിക്കയുടെയും ഉത്തര അമേരിക്കയുടെയും പിന്തുണ പക്ഷേ ബ്ലാറ്റര്‍ക്കാണ്‌. ഇംഗ്ലീഷ്‌ ഫുട്‌ബോളിനെ നയിക്കുന്ന ഡേവിഡ്‌ ബെര്‍നസ്‌റ്റീന്‍ ബ്ലാറ്ററോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ ആ പാതയില്‍ യൂറോപ്പിലെ മറ്റ്‌ രാജ്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്ക ബ്ലാറ്റര്‍ ഗ്രൂപ്പിനുണ്ട്‌.

ഈസ്‌റ്റ്‌ ബംഗാള്‍ പ്രതീക്ഷയോടെ
ബാംഗ്ലൂര്‍: ഐ ലീഗ്‌ ഫുട്‌ബോളില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന കിംഗ്‌ ഫിഷര്‍ ഈസ്‌റ്റ്‌ ബംഗാള്‍ ഇന്ന്‌ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്കല്‍സ്‌ ബാംഗ്ലൂരിനെ അവസാന മല്‍സരത്തില്‍ നേരിടുന്നത്‌ വിജയിക്കാന്‍ മാത്രമല്ല, വന്‍ മാര്‍ജിനില്‍ വിജയിച്ച്‌ സാധ്യത നിലനിര്‍ത്താന്‍. പതിനാല്‌ ടീമുകളുടെ ചാമ്പ്യന്‍ഷിപ്പില്‍ പതിനാലില്‍ നില്‍ക്കുന്ന എച്ച്‌.ഏ.എല്ലിന്‌ ഈ മല്‍സരത്തില്‍ പ്രസക്തിയില്ല. പക്ഷേ വലിയ തോല്‍വി വഴങ്ങാതിരിക്കാന്‍ അവര്‍ ജാഗ്രത പാലിക്കും. 25 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ 53 പോയന്റുമായി ഒന്നാമതാണ്‌. 50 ല്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ പിറകിലാണ്‌ 47 പോയന്റുമായി ഈസ്‌റ്റ്‌ ബംഗാള്‍.

ബംഗാള്‍-മണിപ്പൂര്‍ ഫൈനല്‍
ഗോഹട്ടി: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മണിപ്പൂരിനെ നേരിടാന്‍ ബംഗാള്‍ ടിക്കറ്റ്‌ സ്വന്തമാക്കി. ഇന്നലെ ഇവിടെ നടന്ന രണ്ടാം സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ വംഗനാട്ടുകാര്‍ റെയില്‍വേസിനെ ഒരു ഗോളിന്‌ കീഴ്‌പ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിരാശപ്പെടുത്തിയ ബംഗാള്‍ സെമിയില്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം നടത്തിയാണ്‌ സംഘം കരുത്ത്‌ കാട്ടിയത്‌. ബുദ്ധിറാം ടുഡുവാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. മുപ്പതിനാണ്‌ ഫൈനല്‍.

റൈന നായകന്‍: സച്ചിന്‍,ഗാംഭീര്‍,യുവരാജ്‌ ഇല്ല
മുംബൈ: ജൂണ്‍ നാലിന്‌ ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ്‌ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. പരുക്കേറ്റ ഗൗതം ഗാംഭീറിന്‌ പകരം ഏകദിന-ടി 20 ടീമുകളെ സുരേഷ്‌ റൈന നയിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം അനുവദിച്ചപ്പോള്‍ യുവരാജ്‌ സിംഗിന്‌ പരുക്ക്‌ കാരണം ഒരു ടീമിലും ഇടമില്ല. ടെസ്‌റ്റ്‌ സംഘത്തെ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുമ്പോള്‍ ഉപനായക സ്ഥാനം വി.വി.എസ്‌ ലക്ഷ്‌മണിനാണ്‌. ഏകദിന ടീമില്‍ നിന്ന്‌ നേരത്തെ വിശ്രമം തേടിയ സച്ചിന്‍ ടെസ്‌റ്റ്‌ സംഘത്തില്‍ ഉണ്ടാവുമെന്നാണ്‌ കരുതപ്പെട്ടത്‌. വിരാത്‌ കോഹ്‌ലി, അഭിനവ്‌ മുകുന്ദ്‌്‌ എന്നിവരാണ്‌ ടെസ്‌റ്റ്‌ സംഘത്തിലെ പുതുമുഖങ്ങള്‍. ഏകദിന സംഘത്തിലേക്ക്‌ യുവരാജ്‌, ഗാംഭീര്‍ എന്നിവര്‍ക്ക്‌ പകരം ശിഖര്‍ ധവാന്‍, മനോജ്‌ തിവാരി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഹര്‍ഭജനാണ്‌ റൈനയുടെ ഡെപ്യൂട്ടി. ടെസ്‌റ്റ്‌ സംഘത്തില്‍ ശ്രീശാന്തുണ്ട്‌. പുതിയ കോച്ച്‌ ഡങ്കണ്‍ ഫ്‌ളെച്ചറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ടീം തെരഞ്ഞെടുപ്പ്‌.
ടെസ്റ്റ്‌ ടീം: എം.എസ്‌ ധോണി, വി.വി.എസ്‌ ലക്ഷ്‌മണ്‍, എം.വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാത്‌ കോഹ്‌ലി, എസ്‌.ബദരീനാഥ്‌, ഹര്‍ഭജന്‍സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, ശ്രീശാന്ത്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഒജ, സഹീര്‍ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റൈന, പാര്‍ത്ഥീവ്‌ പട്ടേല്‍.
ഏകദിന, ടി 20 ടീം: സുരേഷ്‌ റൈന, ആര്‍.അശ്വിന്‍, എസ്‌.ബദരീനാഥ്‌, ഹര്‍ഭജന്‍സിംഗ്‌, വിരാത്‌ കോഹ്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ത്ഥീവ്‌ പട്ടേല്‍, യൂസഫ്‌ പത്താന്‍, വൃദ്ധിമാന്‍ സാഹ, ഇഷാന്ത്‌ ശര്‍മ്മ, രോഹിത്‌ ശര്‍മ്മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.

Friday, May 20, 2011

SUPER ROYALS



മുംബൈ: ഷെയിന്‍ വോണിന്‌ രാജസ്ഥാന്‍ റോയല്‍സ്‌ വക രാജകീയ യാത്രയയപ്പ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനെ നിലംപരിശാക്കി തകര്‍പ്പന്‍ വിജയം വഴിയാണ്‌ റോയല്‍സ്‌ സ്വന്തം നായകന്‌ ഇന്നലെ യാത്രയയപ്പ്‌ നല്‍കിയത്‌. ഐ.പി.എല്ലിലെ അവസാന മല്‍സരം കളിക്കുന്ന വോണിന്‌ യാത്രയയപ്പ്‌ നല്‍കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ അദ്ദേഹത്തിന്റെ നാട്ടുകാരനായ ഷെയിന്‍ വാട്ട്‌സണ്‍. വെടിക്കെട്ട്‌ ബാറ്റിംഗില്‍ വാട്ട്‌സണും രാഹുല്‍ ദ്രാവിഡും ലാസിത്‌ മാലിങ്കെയെയും മുനാഫ്‌ പട്ടേലിയെനും ഇല്ലാതാക്കി. മാലിങ്ക നാല്‍പ്പതിലധികം റണ്‍സാണ്‌ വിട്ടു കൊടുത്തത്‌.
മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്‌. ഇനി ഒരു മല്‍സരമാണ്‌ അവര്‍ക്ക്‌ ശേഷിക്കുന്നത്‌. ഇതില്‍ ജയിക്കാത്തപക്ഷം പ്ലേ ഓഫ്‌ സാധ്യത ചോദ്യം ചെയ്യപ്പെടും. 133 റണ്‍സാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ നേടിയത്‌. പതിനാല്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ റോയല്‍സ്‌ ലക്ഷ്യത്തിലെത്തി.
ടോസ്‌ നേടിയ മുംബൈ ആദ്യം ബാറ്റ്‌ ചെയ്യുകയായിരുന്നു. സ്‌ക്കോര്‍ബോര്‍ഡില്‍ ഏഴ്‌ റണ്‍ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ സുമന്റെ രൂപത്തില്‍ വീണു. മനോഹരമായി പന്തെറിഞ്ഞ ഷെയിന്‍ വാട്ട്‌സണാണ്‌ മുംബൈയെ വിറപ്പിച്ചത്‌. അഞ്ച്‌ റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്ഷേ നല്ല ഫോമിലായിരുന്നു. മൂന്ന്‌ ബൗണ്ടറികളുമായി അദ്ദേഹം കാണികളുടെ കൈയ്യടി നേടി. പക്ഷേ അതിനിടെ തന്നെ അമ്പാട്ടി റായിഡു പുറത്തായത്‌ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. വാട്ട്‌സണ്‍ തന്നെയാണ്‌ റായിഡുവിനെയും മടക്കിയത്‌. 31 ല്‍ സച്ചിന്‍ പുറത്തായ ശേഷമെത്തിയ രോഹിത്‌ ശര്‍മ്മ പക്ഷേ അപാര ഫോമിലായിരുന്നു. പതിവ്‌ കരുത്തില്‍ അദ്ദേഹം നേടിയത്‌ 58 റണ്‍സ്‌. നേരിട്ട 47 പന്തുകളില്‍ നിന്നായി അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറുമായി 58 റണ്‍സ്‌. കരണ്‍ പൊലാര്‍ഡിന്‌ പക്ഷേ തിളങ്ങാനായില്ല. 20 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ബാറ്റ്‌ ചെയ്‌തില്ല. റോയല്‍സിന്‌ വേണ്ടി വാട്ട്‌സണ്‍ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ അവസാന ഐ.പി.എല്‍ മല്‍സരം കളിക്കുന്ന വോണ്‍ രോഹിത്‌ ശര്‍മ്മയെ പുറത്താക്കി.

കായികതയുടെ കരുത്താണ്‌ യുവത്വം. കൂടുതല്‍ ഉയരത്തിലും വേഗത്തിലും കരുത്തിലും കുതിക്കുന്നവര്‍ക്ക്‌ അതേ വേഗത്തില്‍ പ്രചോദനമാവാനാവണം. യുവത്വത്തിന്റെ പ്രസരിപ്പുള്ള കായിക മന്ത്രിയായി കെ.ബി ഗണേഷ്‌ കുമാര്‍ മാറിയാല്‍ നമ്മുടെ കായികരംഗം ഉണരും. ഉമ്മന്‍ ചാണ്ടി നയിക്കുന്ന പുതിയ യു.ഡി.എഫ്‌ മന്ത്രിസഭയില്‍ കായിക വകുപ്പിന്റെ ചുമതല ലഭിച്ചിരിക്കുന്ന ഗണേഷ്‌ കുമാറിന്‌ കായിക പാരമ്പര്യമില്ലെങ്കിലും കായികതക്ക്‌ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനുള്ള വീക്ഷണ മികവും പ്രായത്തിന്റെ ആനുകൂല്യവുമുണ്ട്‌. ദേശീയ ഗെയിംസ്‌ ഉള്‍പ്പെടെ കേരളത്തിന്റെ കായിക നഭസ്സിലേക്ക്‌ വലിയ മാമാങ്കങ്ങള്‍ വരുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്കും സംഘാടകര്‍ക്കുമെല്ലാം കരുത്ത്‌ പകരേണ്ട വലിയ ഉത്തരവാദിത്ത്വമാണ്‌ ഗണേഷിലുള്ളത്‌.
എം. വിജയകുമാറായിരുന്നു കഴിഞ്ഞ അഞ്ച്‌ വര്‍ഷം സംസ്ഥാനത്ത്‌ കായികഭരണം നടത്തിയത്‌. പ്രശ്‌നങ്ങള്‍ സംജാതമാവുമ്പോള്‍ അടിയന്തിര പരിഹാരക്രിയകള്‍ നടത്തി മുഖം രക്ഷിക്കുന്നതില്‍ ജാഗ്രത പാലിച്ച അദ്ദേഹത്തില്‍ നിന്ന്‌ കായിക വികസന പാതയിലേക്കുള്ള ദീര്‍ഘവീക്ഷണ നടപടി ക്രമങ്ങളുണ്ടായിരുന്നില്ല. പതിവ്‌ പോലെ പ്രഖ്യാപനങളും ഉദ്‌ഘാടനങ്ങളുമെല്ലാം ആഘോഷപൂര്‍വ്വം നടന്നതൊഴിച്ചാല്‍ ക്രിയാത്മകമായ കായിക ചലനങ്ങള്‍ കുറവായിരുന്നു. ഇത്തവണ ആസ്സാമില്‍ നടന്ന സന്തോഷ്‌ ട്രോഫി തന്നെ ഏറ്റവും വലിയ ഉദാഹരണം. പതിവ്‌ ട്രാക്കില്‍ തന്നെ ടീമിന്റെ സെലക്ഷനും യാത്രയും. പ്രി ക്വാര്‍ട്ടറില്‍ ടീം പുറത്താവുകയും ചെയ്‌തു. കേരളം പോലെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന നാടിന്റെ പ്രതിനിധികളാണ്‌ അതിവേഗം വെറും കൈയോടെ മടങ്ങിയത്‌. എവിടെയാണ്‌ പിഴക്കുന്നത്‌ എന്ന ചോദ്യത്തിന്‌ പോലും പ്രസക്തിയില്ലാത്ത അവസ്ഥയാണ്‌ നമ്മുടെ ഫുട്‌ബോളിലിപ്പോള്‍. പരിഹാര ക്രിയകള്‍ പറഞ്ഞും എഴുതിയും കായിക വിദഗ്‌ധര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മടുത്തിരിക്കുന്നു. നിരവധി തവണ സന്തോഷ്‌ ട്രോഫി ദേശീയ സോക്കര്‍ കിരീടം സ്വന്തമാക്കിയ സംസ്ഥാനത്ത്‌ ഇന്ന്‌ ഫുട്‌ബോള്‍ ഭരണമില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന കടലാസ്‌ സംഘടനയും അതിനെ നയിക്കാന്‍ ഒരു പറ്റം വയോധികരുമുണ്ടെന്നത്‌ മാറ്റിനിര്‍ത്തിയാല്‍ പിന്നെ പ്രധാന നേട്ടം വാചകമടിയാണ്‌. സന്തോഷ്‌ ട്രോഫി ക്ലസ്‌റ്റര്‍ മല്‍സരങ്ങള്‍ തെരഞ്ഞെടുപ്പ്‌ സമയത്തായതിനാല്‍ ടീം വന്നതും പോയതുമൊന്നും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. സന്തോഷ്‌ ട്രോഫിയെന്നാല്‍ അത്‌ ഒരു കാലത്ത്‌ കേരളത്തിന്റെ വികാരമായിരുന്നു, രാജ്യത്തിന്റെ ഏത്‌ മുക്കിലും മൂലയിലും ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നടന്നാല്‍ കാണികളുടെ കൂട്ടത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇരച്ചെത്തുന്ന കാലത്തില്‍ നിന്ന്‌ ഇന്ന്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ വാര്‍ത്ത പത്രത്താളുകളിലെ ചെറിയ വാര്‍ത്ത മാത്രമാവുന്നു. വോളിബോളും ബാസ്‌ക്കറ്റ്‌ബോളും മറ്റ്‌ ഗെയിമുകളെല്ലാം അകാലചരമം പ്രാപിച്ചതിന്റെ കാരണക്കാരെ തേടേണ്ടതില്ല. ക്രിക്കറ്റ്‌ മാത്രമാണ്‌ കേരളത്തിനിപ്പോള്‍ കായികം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളെ മാധ്യമങ്ങള്‍ മാത്രമല്ല ജനങ്ങളും ഇഷ്‌ടപ്പെടുന്നു.
ഇവിടെയാണ്‌ കായിക മന്ത്രിയുടെ ഇടപെടലുകളും പ്രസരിപ്പും അത്യാവശ്യമാവുന്നത്‌. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഉള്‍പ്പെടെ നമ്മുടെ കായികഭരണ കേന്ദ്രങ്ങളെ അടിമുടി മാറ്റാന്‍ തല്‍ക്കാലം ആര്‍ക്കുമാവില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ എല്ലാ പോരായ്‌മകളും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനുണ്ട്‌്‌. സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്ന്‌ കൗണ്‍സില്‍ മാറാനും പോവുന്നില്ല. രാഷ്‌ട്രീയ കാറ്റ്‌ പോലെ ആരെങ്കിലുമൊരാള്‍ കൗണ്‍സിലിന്റെ തലപ്പത്ത്‌ വരും. ജില്ലകളിലും രാഷ്‌ട്രീയ പ്രാതിനിധ്യമാണ്‌ കൗണ്‍സിലിനെ നയിക്കുന്നത്‌. അവര്‍ തന്നിഷ്‌്‌ടക്കാരെ കുത്തിനിറക്കുന്ന പതിവ്‌ ജോലികളില്‍ മുഴുകും. കൗണ്‍സില്‍ കഴിഞ്ഞാല്‍ ഓരോ ഗെയിമിന്റെയും ഭരണത്തിനായി അസോസിയേഷനുകളുണ്ട്‌. അവരും പരമ്പരാഗതവാദികള്‍ തന്നെ. വര്‍ഷത്തിലൊരിക്കല്‍ പ്രായാടിസ്ഥാനത്തില്‍ ടീം തെരഞ്ഞെടുപ്പ്‌. ഈ സെലക്ഷന്‍ തന്നെ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യമാണ്‌. സീനിയര്‍, ജൂനിയര്‍ അടിസ്ഥാനത്തില്ലെല്ലാം സെലക്ഷന്‍ പ്രക്രിയയുണ്ട്‌. സംസ്ഥാന ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കും. എന്തെങ്കിലും നേട്ടമുണ്ടായാല്‍ ടീമിന്‌ സ്വീകരണം നല്‍കും. സര്‍ക്കാര്‍ കനിഞ്ഞാല്‍ ചെറിയ സാമ്പത്തിക സഹായം പ്രൈസ്‌ മണിയുടെ രൂപത്തില്‍ ലഭിക്കും. ഈ ട്രാക്കില്‍ നിന്ന്‌ വ്യതിചലിക്കാന്‍ ശ്രമിച്ചാലും നിലവിലെ കെട്ടുപാടുകളില്‍ നിന്ന്‌ മോചനമുണ്ടാവില്ല.
ദേശീയ ഗെയിംസ്‌ ഇനി നടക്കാന്‍ പോവുന്നത്‌ കേരളത്തിലാണ്‌. താര്‍ഖണ്ഡ്‌ പോലെ കൊച്ചു സംസ്ഥാനം വിജയകരമായി ഗെയിംസിന്‌ ആതിഥേയത്വം വഹിച്ച സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്‌ കേരളത്തിന്‌ മുന്നില്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നി മെട്രോകള്‍ കേന്ദ്രീകരിച്ചാണ്‌ ഗെയിംസ്‌ നടത്തുന്നത്‌. പക്ഷേ ഇത്‌ വരെ ചര്‍ച്ചകള്‍ക്കപ്പുറം കടലാസ്‌ ജോലികള്‍ നീങ്ങിയിട്ടില്ല. സംഘാടക തലത്തില്‍ നടന്ന യോഗങ്ങള്‍ എവിടെയുമെത്തിയിരുന്നില്ല. ഗണേഷിന്‌ മികവ്‌ തെളിയിക്കാനുള്ള വലിയ അവസരമാണ്‌ ഗെയിംസ്‌.
താര്‍ഖണ്ഡില്‍ നിന്ന്‌ ഗെയിംസ്‌ പതാക കേരളത്തിന്‌ നല്‍കാനായി ഏറ്റുവാങ്ങിയത്‌ കേരളാ ഒളിംപിക്‌ അസോസിയേഷനായിരുന്നു. പക്ഷേ തിരുവനന്തപുരത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പതാക സ്വീകരിക്കല്‍ ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പുറത്തായി. വ്യക്തമായ രാഷ്‌ട്രീയത്തില്‍ നടന്ന ഇത്തരം കായിക നീക്കങ്ങള്‍ വഴി സംഘാടന തലത്തിലും വ്യക്തമായ ചേരിത്തിരിവുണ്ടായി. ഇത്‌ പരിഹരിക്കുമ്പോള്‍ നടക്കുന്ന ഇടപെടലുകളില്‍ വിജയിക്കണം. അതാണ്‌ വലിയ കടമ്പ.
ഇപ്പോള്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ ആധിപത്യം സി.പി.എമ്മിനാണ്‌. എന്തിലും ഏതിലും രാഷ്‌ട്രീയം കാണുന്നവരായതിനാല്‍ ഒരു യു.ഡി. എഫ്‌ മന്ത്രിയുടെ തീരുമാനങ്ങളെ ടോര്‍പ്പിഡോ ചെയ്യാനായിരിക്കും ഇവരുടെ ശ്രമം. ഇവിടെ പ്രതിഫലിക്കേണ്ടത്‌ വിവേകത്തേക്കാള്‍ പ്രായോഗികതയാണ്‌. എല്ലാവരെയും ഒരുമിച്ച്‌ കൊണ്ട്‌ പോവാനായാല്‍ മാത്രമാണ്‌ ദേശീയ ഗെയിംസ്‌ വിജയിക്കാനാവുക.
അക്കാദമിക്‌ തലത്തില്‍ കായിക വിഷയങ്ങള്‍ പാഠ്യവിഷയമായ സാഹചര്യത്തില്‍ സ്‌ക്കൂളുകളെ ഉപയോഗപ്പെടുത്തി കായിക ബാല്യത്തെ പ്രയോജനപ്പെടുത്തണം. ഇപ്പോള്‍ ഒരു സ്‌ക്കൂള്‍ കായികമേളയിലൊതുങ്ങുന്നു കാര്യങ്ങള്‍. ഏഷ്യയിലെ വലിയ കായിക മാമാങ്കമായെല്ലാം നമ്മള്‍ വിശേഷിപ്പിക്കുന്ന സ്‌ക്കൂള്‍ കായികമേള കലണ്ടര്‍ വര്‍ഷത്തിലെ അനുഷ്‌ഠാന ചടങ്ങാക്കി മാറ്റാതെ കൊച്ചു താരങ്ങളുടെ കായിക വികസനത്തിനായി വ്യക്തമായ ആസുത്രണത്തില്‍ മുന്നേറണം.
ഫുട്‌ബോള്‍ എന്ന വികാരത്തിനൊപ്പം സഞ്ചരിക്കാന്‍ നിലവില്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രമാണുള്ളത്‌. ഏറനാട്ടിലും മലബാറിലുമെല്ലാം ഫുട്‌ബോളിനെ രക്ഷിക്കുന്ന സെവന്‍സ്‌ ചാമ്പ്യന്‍ഷിപ്പുകളെ ഇല്ലാതാക്കാന്‍ ഫുട്‌ബോള്‍ ഭരണക്കര്‍ത്താക്കള്‍ നടത്തുന്ന ശ്രമം ഇത്‌ വരെ വിജയിച്ചിട്ടില്ല. നമ്മുടെ കളിമുറ്റങ്ങളെ സംരക്ഷിക്കാന്‍ ഇത്‌ വരെ സത്വരമായ പദ്ധതികളില്ല. എല്ലാ കളിമുറ്റങ്ങളും കാട്‌ പിടിച്ച്‌ കിടക്കുന്നു. നമ്മുടെ താരങ്ങള്‍ ഇവിടെ രക്ഷകിട്ടാതെ അന്യ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറുന്നു. അസംഖ്യം പ്രശ്‌നങ്ങളുടെ കായിക മുറ്റത്തേക്ക്‌ വരുമ്പോള്‍ ഗണേഷിന്‌ പിന്തുണക്കാന്‍ കായിക പ്രേമികളുണ്ട്‌. അവരെ പ്രയോജനപ്പെടുത്തണം. പ്രായോഗികതയുടെ ക്രീസില്‍ സിക്‌സറുകള്‍ക്ക്‌ ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടി അടിത്തറയിടണം. ഓപ്പണറുടെ ജാഗ്രതയും സാങ്കേതികതയും വേണം, ഒപ്പം മോശം പന്തുകളെ അതിര്‍ത്തി കടത്താനുള്ള മികവുമുണ്ടാവണം.

വോണില്ല
ജയ്‌പ്പൂര്‍:2007 ല്‍ ഓസ്‌ട്രേലിയക്കായി അവസാന ടെസ്‌റ്റും കളിച്ച്‌ വിടവാങ്ങുമ്പോള്‍ ഷെയിന്‍ വോണിന്റെ മുഖത്ത്‌ നിരാശ അത്രക്കങ്ങ്‌ പ്രകടമായിരുന്നില്ല. ഇനിയുമൊരങ്കത്തിന്‌ ബാല്യമുണ്ടെന്ന പതിവ്‌ ചിരിയില്‍ മൈതാനം വിട്ട ലെഗ്‌ സ്‌പിന്നര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുടെ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിറസാന്നിദ്ധ്യമായി. ഇന്നലെ വോണിന്റെ മുഖത്ത്‌ പതിവ്‌ ഉന്മേഷമുണ്ടായിരുന്നില്ല. വലിയ നഷ്ടത്തിന്‌ മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന ഭാവത്തില്‍ മൈതാനത്തിന്റെ ഉള്‍ത്തുടിപ്പുകളിലേക്ക്‌ ഇറങ്ങിചെല്ലാന്‍ കഴിയാത്ത പരാജിതന്റെ ഭാവത്തില്‍ വോണ്‍ പുഞ്ചിരിക്ക്‌ പോലും മടിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന തന്റെ ഇഷ്ട ക്രിക്കറ്റര്‍ക്കെതിരെ കളിച്ച്‌ ക്രിക്കറ്റിനോട്‌ വിടപറയുമ്പോള്‍ നഷ്ടം ഐ.പി.എല്ലിനുമുണ്ട്‌.
145 ടെസ്‌റ്റുകള്‍ കളിച്ച വോണിയെ ആരും മറക്കില്ല. ലെഗ്‌ സ്‌പിന്‍ എന്ന ബൗളിംഗ്‌ വിഭാഗത്തെ ആസ്വാദനകലയാക്കി മാറ്റിയ വിക്ടോറിയക്കാരന്‌ മുന്നില്‍ പതറാതിരുന്ന ഒരേ ഒരു ബാറ്റ്‌സ്‌മാന്‍ സച്ചിനാണ്‌. ബ്രയന്‍ ചാള്‍സ്‌ ലാറ ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ അത്യുന്നതരെല്ലാം വോണിന്റെ ഗൂഗ്ലികള്‍ക്ക്‌ മുന്നില്‍ തല കുനിച്ചവരാണ്‌. പക്ഷേ സച്ചിന്‌ മുന്നില്‍ വോണ്‍ എന്നും നിരായുധനായിരുന്നു. ഇന്നലെയും സ്ഥിതി വിത്യസ്‌തമായിരുന്നില്ല. 708 ടെസ്‌റ്റ്‌ വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്‌. ഈ നേട്ടപ്പട്ടികയില്‍ ഇന്ത്യന്‍ പിച്ചുകള്‍ മാത്രമാണ്‌ വോണിനെ തുണക്കാതിരുന്നത്‌. പക്ഷേ രാജസ്ഥാന്‍ റോയല്‍സ്‌ എന്ന ടീമിനെ നയിച്ചും പരിശീലിപ്പിച്ചും അദ്ദേഹം മിന്നിയപ്പോള്‍ ഈ നാട്ടിലും അദ്ദേഹം ആരാധകരെയുണ്ടാക്കി. വിവാദങ്ങളുടെ ക്രീസില്‍ എപ്പോഴും സിക്‌സര്‍ പായിക്കാന്‍ മിടുക്കുള്ളതിനാല്‍ വോണ്‍ പടിയിറങ്ങുന്നത്‌ വലിയ തുക പിഴയടച്ചാണ്‌. മാന്‍സിംഗ്‌ സ്‌റ്റേഡിയത്തില്‍ തന്റെ ടീമിന്റെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങള്‍ക്കായി ഒരുക്കിയ പിച്ച്‌ നിലവാരമില്ലാത്തതാണെന്ന്‌ പറയുക മാത്രമല്ല ക്യൂറേറ്ററെയും സംഘാടകരെയുമെല്ലാം അസഭ്യം വിളിക്കുകയും ചെയ്‌തു.
41 വയസ്സുണ്ട്‌ വോണിന്‌. മൈതാനത്തിറങ്ങിയാല്‍ പക്ഷേ പ്രായക്കാരന്റെ പ്രകടനമല്ല അദ്ദേഹം നടത്തുക. രാജസ്ഥാന്‍ റോയല്‍സ്‌ പ്രഥമ ഐ.പി.എല്ലില്‍ കപ്പ്‌ സ്വന്തമാക്കിയത്‌ വോണിന്റെ മികവിലായിരുന്നു. വലിയ താരങ്ങളില്ലാതെ ഒരു പറ്റം യുവതാരങ്ങളെ നിരത്തിയാണ്‌ അദ്ദേഹം എല്ലാവരെയും അല്‍ഭുതപ്പെടുത്തിയത്‌. മുംബൈ ഇന്ത്യന്‍സ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ തുടങ്ങിയ വമ്പന്മാര്‍ കപ്പടിക്കുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. പാക്കിസ്‌താന്റെ ഇടം കൈയ്യന്‍ സീമര്‍ സുഹൈല്‍ തന്‍വീര്‍, സ്വന്തം നാട്ടില്‍ നിന്ന്‌ തട്ടുപൊളിപ്പന്‍ ഓപ്പണറായി ഷെയിന്‍ വാട്ട്‌സണ്‍, ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അത്‌ വരെ അവഗണിക്കപ്പെട്ടു കിടന്ന യൂസഫ്‌ പത്താന്‍ തുടങ്ങിയവര്‍ വോണിന്‌ കീഴില്‍ കത്തിജ്ജ്വലിച്ചപ്പോള്‍ രാജസ്ഥാന്‍ ചാമ്പ്യന്മാരായി. അടുത്ത രണ്ട്‌ സീസണുകളില്‍ ടീമിന്റെ പ്രകടനം നിലവാരം കാത്തില്ല. ഇത്തവണ നല്ല മികവ്‌ പുലര്‍ത്താനായി. എങ്കിലും അവസാന ഘട്ടത്തില്‍ പിഴച്ചു. അതിന്‌ വോണിനെ കുറ്റം പറയാനാവില്ലെന്നാണ്‌ ടീമിലുളളവര്‍ തന്നെ പറയുന്നത്‌. ജയ്‌പ്പൂരിലെ പിച്ച്‌ നിലവാരമില്ലാത്തതായിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി സന്‍ജയ്‌ ദീക്ഷിതിനായിരുന്നു പിച്ചിന്റെ ചുമതല. അദ്ദേഹം ജാഗ്രത പാലിച്ചില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ വിജയിച്ചാല്‍ റോയല്‍സിന്‌ മുന്നേറാമായിരുന്നു. ആ രീതിയില്‍ കരുക്കള്‍ നീക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്ന വോണിന്റെ പരാതിക്കൊപ്പം മറ്റ്‌ താരങ്ങളും നില്‍ക്കുന്നു.
സത്യം പറഞ്ഞതിനാണ്‌ താന്‍ ശിക്ഷിക്കപ്പെട്ടതെന്നാണ്‌ ഇന്നലെ ട്വിറ്റര്‍ വഴി വോണ്‍ പ്രതികരിച്ചത്‌. ആരോടും പരാതിയും പരിഭവവുമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ എന്നും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
1991 ല്‍ തുടങ്ങിയതാണ്‌ വോണിന്റെ ക്രിക്കറ്റ്‌ ജീവിതം. തളര്‍ച്ചയറിയാതെ ദീര്‍ഘകാലം അദ്ദേഹം കളിച്ചു. 2007 ലായിരുന്നു രാജ്യത്തിനായി അവസാന മല്‍സരം കളിച്ചത്‌. 2010 ലെ ആഷസ്‌ പരമ്പരയില്‍ ഓസ്‌ട്രേലിയ തളര്‍ന്നപ്പോള്‍ നാട്ടിലെ ക്രിക്കറ്റ്‌ പ്രേമികള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ പോലും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. നായകനായി ഇംഗ്ലീഷ്‌ കൗണ്ടി ക്രിക്കറ്റില്‍ ദീര്‍ഘകാലം ഹാംഷെയറിനെ നയിച്ച വോണി ചിലപ്പോള്‍ അടുത്ത സീസണില്‍ കോച്ചിന്റെ കുപ്പായത്തില്‍ വരാം. പക്ഷേ തല്‍ക്കാലം അദ്ദേഹം നിശബ്ദനാണ്‌.
ഇന്നലെ അര്‍ദ്ധരാത്രി അവസാന ഐ.പി.എല്‍ മല്‍സരത്തിന്‌ ശേഷം സ്വന്തം താരങ്ങളുമായി ദീര്‍ഘസമയം സംസാരിച്ച വോണ്‍ നാളെ നാട്ടിലേക്ക്‌ മടങ്ങും.

Saturday, May 14, 2011

GAYLE SHOW



വീണ്ടും ഗെയ്‌ല്‍ താണ്ഡവം
ബംഗളൂരു: ക്രിസ്‌ ഗെയ്‌ലിന്റെ ( 12 പന്തില്‍ 38) സ്‌ഫോടനാത്മക ബാറ്റിംഗ്‌ ഒരിക്കല്‍ കൂടി രക്ഷക്കെത്തിയപ്പോള്‍ മഴ ഇടവേളയിട്ട മത്സരം നാലുവിക്കറ്റിന്‌ സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ അവസാന നാലില്‍ ഇരിപ്പുറപ്പിച്ചു. മഴമൂലം 13 ഓവര്‍ ആക്കിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ നാലു വിക്കറ്റിന്‌ 89 റണ്‍സെടുത്തു. ഗെയ്‌ല്‍ നല്‍കിയ തുടക്കം മുതലെടുത്ത്‌ ബാംഗ്ലൂര്‍ മൂന്ന്‌ പന്ത്‌ ശേഷിക്കേ ലക്ഷ്യത്തിലെത്തി.
13 ഓവറില്‍ 102 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക്‌ രണ്ട്‌ അതികായരാണ്‌ ഇന്നിംഗ്‌സ്‌ തുറന്നത്‌. ഗെയ്‌ലിനൊപ്പം ലൂക്‌ പോമര്‍ബാച്ചായിരുന്നു മറുതലക്കല്‍. ഗെയ്‌ല്‍ രണ്ട്‌ സിക്‌സറും ആറു ബൗണ്ടറിയും കൊണ്ട്‌ തകര്‍ത്താടിയപ്പോള്‍ പോമര്‍ബാച്ചിന്‌ (14പന്തില്‍ 16) വമ്പന്‍ പ്രകടനം കാഴ്‌ചവെക്കാനായില്ല. ബ്രെറ്റ്‌ലീയുടെ പന്തില്‍ കാലിസ്‌ പിടിച്ചാണ്‌ ഗെയ്‌ല്‍ പുറത്തായത്‌. വിരാട്‌ കോഹ്‌്‌ലി (15), എബി ഡിവില്ലിയേഴ്‌സ്‌ (13നോട്ട്‌ഔട്ട്‌), മുഹമ്മദ്‌ കൈഫ്‌ (15) എന്നിവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. കാലിസ്‌ മൂന്നോവറില്‍ 16 റണ്‍സിന്‌ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി.
മഴമൂടിയ അന്തരീക്ഷത്തില്‍ ടോസ്‌ നേടിയ ബാംഗ്ലൂര്‍ ബൗളിംഗ്‌ തെരഞ്ഞെടുത്തു. അഞ്ചോവറില്‍ 30 റണ്‍സിന്‌ മൂന്നു വിക്കറ്റ്‌ നഷ്ടമായി പതറുകയായിരുന്ന കൊല്‍ക്കത്തയെ യൂസുഫ്‌ പത്താന്‍ മുന്നോട്ടു നയിച്ചു. ജാക്‌ കാലിസും (14 പന്തില്‍ 17) ഇവോന്‍ മോര്‍ഗനുമാണ്‌ ഇന്നിംഗ്‌സ്‌ ആരംഭിച്ചത്‌. രണ്ടു റണ്‍സെടുത്ത മോര്‍ഗനെ സഹീര്‍ഖാന്‍ ലൂകാസ്‌ പോമര്‍ബാച്ചിന്റെ കൈകളിലെത്തിച്ചു. ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറിനെ (ഏഴ്‌) ശ്രീനാഥ്‌ അരവിന്ദും മടക്കി.
പിന്നീട്‌ ക്രീസിലെത്തിയ പത്താന്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നതിനിടെ മഴയെത്തി. മഴക്കു ശേഷം കളി പുനരാംരംഭിച്ചത്‌ ഏഴോവര്‍ ചുരുക്കിക്കൊണ്ടാണ്‌. പത്താനില്‍ വിശ്വാസമര്‍പ്പിച്ച കൊല്‍ക്കത്തക്ക്‌ അധികസമയം ഗുജറാത്തുകാരന്റെ സേവനം ലഭിച്ചില്ല. മൂന്നു സിക്‌സറും രണ്ട്‌ ബൗണ്ടറിയുമടക്കം 24 പന്തില്‍ 36 റണ്‍സെടുത്ത്‌ യൂസുഫ്‌ തിരിച്ചുകയറി. ലാംഗ്‌വെല്‍ട്ടിന്റെ പന്തില്‍ യൂസുഫിന്റെ ദുര്‍ബല ഷോട്ട്‌ മിഥുന്‍ അനായാസം കൈയിലൊതുക്കി. മനോജ്‌ തിവാരി 24 പന്തില്‍ 19 റണ്‍സെടുത്തു. ലാംഗ്‌വെല്‍ട്ട്‌ മൂന്നോവറില്‍ പത്തു റണ്‍സ്‌ നല്‍കി രണ്ടു പേരെ പുറത്താക്കി.

സച്ചിന്‌ പോളി ഉമ്രിഗര്‍
പുരസ്‌കാരം
മുംബൈ: 2009-10 ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യയുടെ ഐക്കണ്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ഈ മാസം 31ന്‌ മുംബൈയില്‍ നടക്കുന്ന ബി.സി.സി.ഐ അവാര്‍ഡുകളുടെ നാലാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സച്ചിന്‌ സമ്മാനിക്കും. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യക്ക്‌ വീണ്ടും ലോകകപ്പ്‌ സമ്മാനിച്ച ടീമംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. അതേ ചടങ്ങില്‍ സി.കെ നായിഡു ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരവും സമ്മാനിക്കും. പുരസ്‌കാരജേതാവിനെ ഈ മാസം 27ന്‌ അറിയാം. ട്രോഫിയും 15 ലക്ഷം രൂപയുമാണ്‌ സമ്മാനമെന്ന്‌ ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നേട്ടമുണ്ടാക്കിയവര്‍ക്കെല്ലാം അന്ന്‌ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.
2009-10 സീസണില്‍ സച്ചിന്റെ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ചാണ്‌ പോളി ഉമ്രിഗര്‍ അവാര്‍ഡ്‌ സൂപ്പര്‍ താരത്തിന്‌ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. സീസണില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ച്‌ സെഞ്ച്വറിയുമുള്‍പ്പെടെ 10 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ 1064 റണ്‍സും 12 ഏകദിനങ്ങളില്‍ നിന്ന്‌ 695 റണ്‍സും സൂപ്പര്‍ താരം സ്വന്തമാക്കി. 2010 ഫെബ്രുവരി രണ്ടിനായിരുന്നു ഏകദിന ചരിത്രത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിക്ക്‌ സച്ചിന്‍ ഉടമയായത്‌. ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 200 റണ്‍സെടുത്തു കൊണ്ടായിരുന്നു അത്‌. ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ 175 റണ്‍സടിക്കാനും സച്ചിനും കഴിഞ്ഞു. ട്രോഫിയും അഞ്ച്‌ ലക്ഷം രൂപയുടെ ചെക്കുമായിരിക്കും സച്ചിന്‌ സമ്മാനം.

മുരളി ന്യൂസിലാന്റില്‍
കളിക്കും
വെല്ലിംഗ്‌ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കന്‍ ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ ന്യൂസിലാന്റിലെ ആഭ്യന്തര ട്വന്റി20യില്‍ കളിക്കും. വെല്ലിംഗ്‌ടണ്‍ ഫയര്‍ബേഡ്‌സുമായി മുരളി കരാര്‍ ചെയ്‌തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഒരു താരത്തിന്റെ സേവനം ലഭിക്കുന്നത്‌ വെല്ലിംഗ്‌ടണ്‌ വലിയൊരു ഉത്തേജനമാണെന്ന്‌ വെല്ലിംഗ്‌ടണ്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഗാവിന്‍ ലാര്‍സെന്‍ അഭിപ്രായപ്പെട്ടു. ന്യൂസിലാന്റില്‍ കളിക്കുന്നത്‌ എപ്പോഴും ആസ്വദിച്ചിട്ടുണ്ടെന്നും വിനോദയാത്രക്കും ക്രിക്കറ്റ്‌ കളിക്കാനുമെല്ലാം പറ്റിയ ഒരു മികച്ച രാജ്യമാണ്‌ ന്യൂസിലാന്റെന്നും മുരളിയും പറഞ്ഞു.

വിന്‍ഡീസ്‌ പര്യടനം:
ടെസ്റ്റില്‍ സ്ഥാനമുറപ്പിക്കാന്‍
അവസരം: യുവരാജ്‌
മുംബൈ: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ ടെസ്റ്റ്‌ ടീമില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ്‌ താനെന്ന്‌ ഇന്ത്യയുടെ പ്രമുഖ മധ്യനിര ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിംഗ്‌. 'അമ്പതോവര്‍ ക്രിക്കറ്റില്‍ നന്നായി കളിച്ചുകൊണ്ട്‌ ടെസ്റ്റ്‌ സംഘത്തില്‍ എന്റെ സ്ഥാനമുറപ്പിക്കുകയാണ്‌ ലക്ഷ്യം.' യുവരാജ്‌ പറഞ്ഞു. യുവതാരങ്ങള്‍ക്ക്‌ ശ്രദ്ധേയ പ്രകടനം കാഴ്‌ചവെക്കാന്‍ മികച്ച അവസരമാണിതെന്നും യുവിപറഞ്ഞു.
സഹീര്‍ കളിക്കുന്നില്ലെങ്കില്‍ ബൗളിംഗ്‌ ആക്രമണത്തില്‍ അനുഭവ സമ്പത്തിന്റെ അഭാവമുണ്ടാകും. നെഹ്‌റക്ക്‌ പരിക്കേറ്റിരിക്കുകയാണ്‌. യുവതാരങ്ങള്‍ക്ക്‌ തിളങ്ങാന്‍ മികച്ച അവസരമാണിത്‌. അവര്‍ക്ക്‌ പരമാവധി മുന്‍നിരയിലേക്ക്‌ കൊണ്ടുവരണം. യുവബൗളര്‍മാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കാനുള്ള അതിയായ ആഗ്രഹത്തിലാണെന്ന്‌ എനിക്കുറപ്പുണ്ട്‌.

സ്ഥിരത പുലര്‍ത്താനായില്ല
ജയവര്‍ദ്ദനെ
ഇന്‍ഡോര്‍: കൊച്ചി ടസ്‌കേഴ്‌സ്‌ കേരളക്ക്‌ സ്ഥിരത കാഴ്‌ചവെക്കാനായില്ലെന്ന്‌ നായകന്‍ മഹേല ജയവര്‍ദ്ദനെ. ഇന്‍ഡോറില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനോട്‌ പരാജയപ്പെട്ടതോടെ ടസ്‌കേഴ്‌സിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ നഷ്ടമായിരുന്നു. ആദ്യം ബാറ്റുചെയ്‌ത്‌ നേടിയ 176 റണ്‍സ്‌ കൊച്ചിക്ക്‌ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ആറു വിക്കറ്റിനായിരുന്നു തോല്‍വി.
'സെമി സാധ്യതകള്‍ അവസാനിച്ചത്‌ വളരെ നിരാശാജനകമാണ്‌. ഞങ്ങള്‍ക്ക്‌ മികച്ച അവസരമുണ്ടായിരുന്നു. അവയൊന്നും ഉപയോഗപ്പെടുത്താനായില്ല. സ്ഥിരത പുലര്‍ത്താനാകാതെ പോയതാണ്‌ ടീമിന്‌ പ്രധാന തിരിച്ചടിയായത്‌. വിജയിക്കണമെങ്കില്‍ സാഹചര്യങ്ങളെ വിജയത്തിലേക്ക്‌ മാറ്റാന്‍ നിങ്ങല്‍ക്ക്‌ കഴിയണം. നിര്‍ണായക നിമിഷങ്ങളില്‍ ഞങ്ങള്‍ക്കത്‌ സാധിച്ചില്ല. സീസണില്‍ ഞങ്ങളുടെ പ്രകടനങ്ങളില്‍ നിന്ന്‌ നല്ലചില പാഠങ്ങള്‍ കിട്ടിയിട്ടുണ്ട്‌.

ദ്യോകോവിച്ച്‌ സെമിയില്‍
(ചിത്രം; എസ്‌.പി ദ്യോകോവിച്ച്‌. ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസില്‍ സോഡര്‍ലിംഗിനെതിരെ റിട്ടേണ്‍ പായിക്കുന്ന നൊവാക്‌ ദ്യോകോവിച്ച്‌.)
റോം: ഉജ്ജ്വല ഫോമിലുള്ള സെര്‍ബ്‌ ടെന്നീസ്‌ താരം നൊവാക്‌ ദ്യോകോവിച്ച്‌ കുതിപ്പ്‌ തുടരുന്നു. ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചാം സീഡ്‌ സ്വീഡന്റെ റോബിന്‍ സോഡര്‍ലിംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്ത ദ്യോകോവിച്ച്‌ സെമിയില്‍ കടന്നു. ഇതോടെ സീസണില്‍ സെര്‍ബ്‌ താരത്തിന്റെ പരാജയമില്ലാത്ത കുതിപ്പുകളുടെ എണ്ണം 35ആയി. 6-3, 6-0 സ്‌കോറിനാണ്‌ സോഡര്‍ലിംഗിനെ ദ്യോകോവിച്ച്‌ മലര്‍ത്തിയടിച്ചത്‌.
രണ്ടാം സീഡ്‌ ദ്യോകോവിച്ചിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ രണ്ടുവട്ട ഫ്രഞ്ച്‌ ഓപണ്‍ റണ്ണറപ്പായ സോഡര്‍ലിംഗിനായില്ല. മത്സരത്തിനിടെ വലതു കാല്‍മുട്ടിന്‌ പരിക്കേറ്റതും സ്വീഡിഷ്‌ താരത്തിന്‌ തിരിച്ചടിയായി. 2011ല്‍ ആറു കിരീടങ്ങള്‍ നേടിയ ദ്യോകോവിച്ച്‌ 1984ല്‍ ജോണ്‍ മക്കന്‍റോ സ്ഥാപിച്ച 42-0 റെക്കോര്‍ഡ്‌ ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്‌.
നേരത്തേ ഒന്നാം സീഡ്‌ റാഫേല്‍ നദാലും ബ്രിട്ടന്റെ ആന്‍ഡി മുറേയും അവസാന നാലിലിടം പിടിച്ചിരുന്നു. പനിയെ അവഗണിച്ച്‌ കളിച്ച നദാല്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ 6-1, 6-3ന്‌ തോ|ിച്ചതോടെ കിരീടം നേടിയില്ലെങ്കിലും ഒന്നാം റാങ്ക്‌ തല്‍ക്കാലം നഷ്ടമാകില്ലെന്നായി. റോം മാസ്‌റ്റേഴ്‌സില്‍ തന്റെ 30-ാം വിജയമാണ്‌ നദാല്‍ കരസ്ഥമാക്കിയത്‌. ടോപ്‌ സീഡ്‌ കരോലിന വോസ്‌നിയാക്കി അഞ്ചാം റാങ്കും രണ്ടുവട്ട മുന്‍ ചാമ്പ്യനുമായ യെലേന യാങ്കോവിച്ചിനെ കീഴടക്കി (6-3, 1-6, 6-3). നാലാം സീഡ്‌ ചൈനയുടെ ലിന 6-3, 6-1ന്‌ ഗ്രേറ്റ ആര്‍ണിനെ പരാജയപ്പെടുത്തി. 4-6, 3-0ന്‌ മുന്നിട്ടു നില്‍ക്കുകയായിരുന്ന മരിയ ഷറപ്പോവ എതിരാളി വിക്ടോറിയ അസാരങ്കെയുടെ പിന്മാറ്റത്തോടെ അടുത്ത റൗണ്ടില്‍ കടന്നു.

ബൗളര്‍മാരുടെ ദിനം
വിന്‍ഡീസ്‌ മുന്നില്‍
(ചിത്രം; എസ്‌.പി ബിഷൂ. നാലുവിക്കറ്റ്‌ വീഴ്‌ത്തി പാകിസ്‌താനെ തകര്‍ത്ത വെസ്റ്റിന്‍ഡീസ്‌ സ്‌പിന്നര്‍ ദേവേന്ദ്ര ബിഷൂ)
ഗയാന: വെസ്‌റ്റിന്‍ഡീസ്‌-പാകിസ്‌താന്‍ ഒന്നാം ടെസ്റ്റില്‍ ബൗളര്‍മാരുടെ വാഴ്‌ച. രണ്ടാം ദിവസം 13 വിക്കറ്റുകള്‍ നിലം പൊത്തിയപ്പോള്‍ വെസ്‌റ്റിന്‍ഡീസ്‌ ഡ്രൈവിംഗ്‌ സീറ്റില്‍ 226 റണ്‍സിന്‌ ആതിഥേയ ബാറ്റ്‌സ്‌മാന്‍മാരെ കൂടാരം കയറ്റിയ പാകിസ്‌താന്‍ 160 റണ്‍സിന്‌ പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യുന്ന വിന്‍ഡീസിന്‌ 34 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ്‌ നഷ്ടമായി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടു വിക്കറ്റ്‌ ശേഷിക്കേ വിന്‍ഡീസ്‌ 100 റണ്‍സിന്‌ മുന്നിലാണ്‌. നാലു വിക്കറ്റുമായി അരങ്ങേറ്റ ടെസ്റ്റ്‌ ഗംഭീരമാക്കിയ ലെഗ്‌ സ്‌പിന്നര്‍ ദേവേന്ദ്ര ബിഷൂവും മൂന്നു വിക്കറ്റെടുത്ത രവി രാംപോളുമാണ്‌ പാകിസ്‌താനെ തകര്‍ത്തത്‌. ഡാരന്‍ സമ്മി രണ്ടു പേരെ പുറത്താക്കി.
ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റിന്‌ 209 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ്‌ അവസാന വിക്കറ്റില്‍ 17 റണ്‍സ്‌ കൂടി ചേര്‍ത്തു. കെമറോഷിനെ വീഴ്‌ത്തി സഈദ്‌ അജ്‌മല്‍ അഞ്ചു വിക്കറ്റ്‌ നേട്ടം കരസ്ഥമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്‌താന്‌ തുടക്കത്തിലേ വിക്കറ്റ്‌ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ രവി രാംപോളിന്റെ പന്തില്‍ മുഹമ്മദ്‌ ഹഫീസിന്റെ വിക്കറ്റ്‌ തെറിച്ചു. തൗഫീഖ്‌ ഉമറിനു പങ്കാളിയായെത്തിയ അസ്‌ഹര്‍ അലി ഭേദപ്പെട്ട സ്‌കോറിലേക്ക്‌ ടീമിനെ നയിച്ചു.
പ്രതിരോധത്തിലൂന്നിയായിരുന്നു പാക്‌ ബാറ്റിംഗ്‌. ഇരുവരും 52 റണ്‍സ്‌ കൂടി ചേര്‍ത്തു. ഇരുവരേയും പുറത്താക്കിയ ക്യാപ്‌റ്റന്‍ ഡാരന്‍ സമ്മിയാണ്‌ ദ്വീപുകാരെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. 62 പന്തില്‍ 19 റണ്‍സുമായി ചെറുത്തു നില്‍പ്പിന്‌ ശ്രമിക്കുകയായിരുന്ന തൗഫീഖ്‌ ഉമറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ സമ്മി മൂന്നു റണ്‍സിന്റെ ഇടവേളയില്‍ അസ്‌ഹര്‍ അലിയെ (34) ബൗള്‍ഡാക്കി.
ക്യാപ്‌റ്റന്‍ മിസ്‌ബാഹുല്‍ ഹഖും ആസാദ്‌ ശഫീഖും പെട്ടെന്നു മടങ്ങി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ്‌ സല്‍മാനും പിടിച്ചു നില്‍ക്കാനായില്ല. ഉമര്‍ അക്‌മല്‍ (33), അബ്ദുറഹ്‌്‌മാന്‍ (പുറത്താകാതെ 40) എന്നിവരുടെ പ്രകടനമാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ പാകിസ്‌താനെ രക്ഷിച്ചത്‌. ബിഷൂ ആറ്‌ മെയ്‌ഡനടക്കം 25 ഓവറില്‍ 68 റണ്‍സ്‌ നല്‍കിയായിരുന്നു ബിഷൂവിന്റെ നാലു വിക്കറ്റ്‌ പ്രകടനം. രാംപോള്‍ 17 ഓവറില്‍ 27 റണ്‍സ്‌ നല്‍കിയാണ്‌ മൂന്നു പേരെ പുറത്താക്കിയത്‌. സമ്മി 12 ഓവറില്‍ രണ്ടു പേരെ പുറത്താക്കി. മിസ്‌ബാഹുല്‍ ഹഖ്‌, ആസാദ്‌ ശഫീഖ്‌, ഉമര്‍ അക്‌മല്‍, മുഹമ്മദ്‌ സല്‍മാന്‍ എന്നിവരുടെ വിക്കറ്റാണ്‌ ബിഷൂ സ്വന്തമാക്കിയത്‌.
സ്‌കോര്‍ ബോര്‍ഡ്‌:
വെസ്‌റ്റിന്‍ഡീസ്‌-(ഒന്നാം ഇന്നിംഗ്‌സ്‌): സ്‌മിത്ത്‌ ബി ഹഫീസ്‌ -13, സിമ്മണ്‍സ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -49, ബ്രാവോ എല്‍ബിഡബ്ലിയു ബി റിയാസ്‌ -25, സര്‍വന്‍ സി സല്‍മാന്‍ ബി അബ്ദുറഹ്‌്‌മാന്‍ -23, ചന്ദര്‍പോള്‍ ബി അജ്‌മല്‍ -27, നാഷ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -അഞ്ച്‌, ബഫ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -നാല്‌, സമ്മി സി ഉമര്‍അക്‌മല്‍ ബി അബ്ദുറഹ്‌്‌്‌മാന്‍ -12, കെമറോഷ്‌ സി അസ്‌ഹര്‍ അലി ബി അജ്‌മല്‍ -24, രാംപോള്‍ എല്‍ബിഡബ്ലിയു ബി ഹഫീസ്‌ -14, ബിഷൂ (നോട്ട്‌ഔട്ട്‌) -15. (എക്‌സ്‌ട്രാസ്‌ -15). ആകെ (98 ഓവറില്‍) -226. വിക്കറ്റ്‌ വീഴ്‌ച: 1-15, 2-71, 2-81* (സിമ്മണ്‍സ്‌ റിട്ടേര്‍ഡ്‌) 3-127, 4-136, 5-142, 6-159, 7-162, 8-175, 9-198, 10-226. ബൗളിംഗ്‌: ഉമര്‍ഗുല്‍ 13-0-40-0, മുഹമ്മദ്‌ ഹഫീസ്‌ 13-5-22-2, അബ്ദുറഹ്‌്‌മാന്‍ 29-11-51-2, സഈദ്‌ അജ്‌മല്‍ 33-14-69-5, വഹബ്‌ റിയാസ്‌ 10-1-32-1.
പാകിസ്‌താന്‍ (ഒന്നാം ഇന്നിംഗ്‌സ്‌):ഹഫീസ്‌ ബി രാംപോള്‍ -നാല്‌, തൗഫീഖ്‌ ഉമര്‍ എല്‍ബിഡബ്ലിയു ബി സമ്മി -19, അസ്‌ഹര്‍അലി ബി സമ്മി -34, മിസ്‌ബാഹ്‌ എല്‍ബിഡബ്ലിയു ബി ബിഷൂ -രണ്ട്‌, ശഫീഖ്‌ എല്‍ബിഡബ്ലിയു -രണ്ട്‌, ഉമര്‍ അക്‌മല്‍ സി ബഫ്‌ ബി ബിഷൂ -33, സല്‍മാന്‍ എല്‍ബിഡബ്ലിയു ബി ബിഷൂ -നാല്‌, അബ്ദുറഹ്‌്‌്‌മാന്‍ (നോട്ട്‌ഔട്ട്‌) -40, ഗുല്‍ സി ബഫ്‌ ബി രാംപോള്‍ -അഞ്ച്‌, അജ്‌മല്‍ എല്‍ബിഡബ്ലിയു ബി രാംപോള്‍ -ഒന്ന്‌, റിയാസ്‌ സി ബഫ്‌ ബി കെമറോഷ്‌ -അഞ്ച്‌. (എക്‌സ്‌ട്രാസ്‌-11). ആകെ (64.4 ഓവറില്‍) -160. വിക്കറ്റ്‌ വീഴ്‌ച: 1-5, 2-57, 3-60, 4-62, 5-66, 6-80, 7-130, 8-135, 9-141, 10-160. ബൗളിംഗ്‌: കെമറോഷ്‌ 10.4-2-40-1, രാംപോള്‍ 17-5-27-3, സമ്മി 12-6-16-2, ബിഷൂ 25-6-68-4.

ഫ്രഞ്ച്‌ ഓപണിന്‌
സെറീന ഇല്ല
പാരീസ്‌: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ്‌ താരം അമേരിക്കയുടെ സെറീന വില്യംസ്‌ ഈ വര്‍ഷത്തെ ഫ്രഞ്ച്‌ ഓപണില്‍ കളിക്കില്ല. മറ്റൊരു മുന്‍ ലോക ഒന്നാം നമ്പര്‍ ദിനാര സഫിനയും പരിക്കു മൂലം ടൂര്‍ണമെന്റിനുണ്ടാകില്ല. കാല്‍പാദത്തിലെ പരിക്കില്‍ നിന്ന്‌ ഇനിയും മുക്തമാകാത്തതാണ്‌ 2002ലെ ചാമ്പ്യന്‍ സെറീനക്ക്‌ റൊളാണ്ട്‌ ഗോരോസില്‍ ഇറങ്ങുന്നതിന്‌ തടസ്സമായിരിക്കുന്നതെന്ന്‌ ഫ്രഞ്ച്‌ ടെന്നീസ്‌ ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ കിരീടം ചൂടിയ ശേഷം പരിക്ക്‌ പിടിപെട്ട സെറീന പിന്നീട്‌ കോര്‍ട്ടിലിറങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ പൊട്ടിയ ഗ്ലാസില്‍ കാലുടക്കി രണ്ട്‌ ഓപറേഷനുകള്‍ നേരിടേണ്ടി വന്നതാണ്‌ സെറീനക്ക്‌ വിനയായത്‌. 2008, 2009 വര്‍ഷങ്ങളില്‍ ഫ്രഞ്ച്‌ ഓപണില്‍ ഫൈനല്‍ കളിച്ച സഫിനക്ക്‌ മുതുകിലാണ്‌ പരിക്ക്‌.

ഈസ്റ്റ്‌ ബംഗാള്‍-ഡെംപോ
ഐലീഗില്‍ സൂപ്പര്‍ സണ്ടേ
കൊല്‍ക്കത്ത: സാള്‍ട്ട്‌ലേക്‌ സ്റ്റേഡിയത്തില്‍ ഇന്ന്‌ തീപ്പൊരി പാറും. കൊല്‍ക്കത്ത-ഗോവ പരമ്പരാഗത പോരാട്ടങ്ങളുടെ വൈരം പേറുന്ന ഈസ്റ്റ്‌ബംഗാളും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബും ഐ ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യം കുറിച്ച്‌ ഇന്നേറ്റുമുട്ടും. 21 കളികളില്‍ 44 വീതം പോയിന്റുമായി ഈസ്‌റ്റ്‌ബംഗാള്‍ മൂന്നാം സ്ഥാനത്തും ഡെംപോ നാലാം സ്ഥാനത്തുമാണ്‌. ഇരുടീമുകള്‍ക്കും ഒന്നാമതുള്ള ചര്‍ച്ചിലിനേക്കാള്‍ മൂന്നും രണ്ടാമതുള്ള സാല്‍ഗോക്കറിനേക്കാള്‍ രണ്ടും മത്സരങ്ങള്‍ കുറവാണ്‌. മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഈസ്‌റ്റ്‌ ബംഗാളിന്‌ ഒന്നാമതെത്താം. ജയം പോയിന്റ്‌ നിലയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പമെത്തിക്കുമെങ്കിലും അഞ്ചു ഗോളിന്റെയെങ്കിലും ഗോള്‍ വ്യത്യാസം വേണം ഡെംപോക്ക്‌ അവിടെ തുടരാന്‍. എന്നാല്‍ വിജയിക്കുന്നവര്‍ ലീഗില്‍ കിരീടം ചൂടുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
നാലുവട്ട ചാമ്പ്യന്‍മാരായ ഡെംപോ രണ്ടു ദിവസം മുമ്പ്‌ എ.എഫ്‌.സി കപ്പിന്റെ നോക്കൗട്ട്‌ ഘടട്ടത്തിലേക്ക്‌ യോഗ്യത നേടിയിരുന്നു. മുഴുവന്‍ കരുത്തും വീണ്ടെടുത്താണ്‌ ഗോവക്കാര്‍ കളിക്കാനെത്തുന്നത്‌. ബെറ്റോയും റാന്റി മാര്‍ട്ടിന്‍സും ആക്രമണ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്‌.
'ഈ മത്സരം ഞങ്ങള്‍ക്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. മൂന്നു പോയിന്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കും. ലീഗില്‍ പലര്‍ക്കും വാതില്‍ തുറന്നു കിടക്കുകയാണ്‌. കിരീടം സ്വന്തമാക്കാന്‍ സാധ്യതകളുമായി അല്‍പ്പം ടീമുകള്‍ ഇപ്പോഴും ഉണ്ട്‌.' ഡെംപോ പരിശീലകന്‍ അര്‍മാന്‍ഡോ കൊലാക്കോ പറഞ്ഞു. മറുഭാഗത്ത്‌ ഹോം ഗ്രൗണ്ടിന്റെ പിന്തുണ മുതലെടുക്കാനായിരിക്കും ഈസ്റ്റ്‌ ബംഗാളിന്റെ ശ്രമം. ഡെംപോക്കെതിരെ പിഴവു വരുത്തുന്നത്‌ അപകടം ചെയ്യുമെന്ന്‌ കോച്ച്‌ ട്രവര്‍ മോര്‍ഗന്‍ ടീമംഗങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്‌. 'ഡെംപോ മികച്ച സംഘമാണ്‌. ഞങ്ങളുടെ തന്ത്രങ്ങള്‍ പൂര്‍ണതയോടെ നടപ്പിലാക്കേണ്ടതുണ്ട്‌' മോര്‍ഗന്‍ പറഞ്ഞു. എന്നാല്‍ ചിലതാരങ്ങളുടെ പരിക്ക്‌ ബംഗാളിന്‌ തിരിച്ചടിയാണ്‌. നവോബ സിംഗ്‌, സൂമിക്‌ദേയ്‌, വാഷും എന്നിവര്‍ക്ക്‌ ഇന്ന്‌ കളിക്കാനാകില്ലെന്ന്‌ കോച്ച്‌ അറിയിച്ചു. അവസാനമായി ഇരുടീമുകളും കണ്ടു മുട്ടിയപ്പോള്‍ 1-0ന്റെ വിജയം ബംഗാള്‍ ടീമിനായിരുന്നു.

മാഞ്ചസ്‌റ്ററിന്‌ കിരീടം
(2ചിത്രം; എസ്‌.പി റൂണി. ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരെ പെനാല്‍ട്ടി കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച വെയ്‌ന്‍ റൂണിയുടെ ആഹ്ലാദം. എസ്‌.പി യുണൈറ്റഡ്‌. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്‌റ്റര്‍ താരങ്ങളുടെ ആഹ്ലാദം)
ലണ്ടന്‍: പിന്നില്‍ നിന്ന്‌ തിരിച്ചുവന്ന്‌ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരെ ഒരു ഗോള്‍ സമനില നേടിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചു. ഒരു മത്സരം ബാക്കിനില്‍ക്കേയാണ്‌ കിരീട ജേതാക്കളിലെ നേരിയ അനിശ്ചിതത്വവും ഇല്ലാതാക്കി 19-ാം ലീഗ്‌ കിരീടം യുണൈറ്റഡ്‌ ഉറപ്പിച്ചത്‌. ഇതോടെ 18 ലീഗ്‌ കിരീടമുള്ള ലിവര്‍പൂളിനെ പിന്നിലാക്കി ഒറ്റയ്‌ക്ക്‌ മുന്നിലെത്താനും റെഡ്ഡെവിള്‍സിന്‌ കഴിഞ്ഞു.
20-ാം മിനുട്ടില്‍ പിന്നിലായിപ്പോയ യുണൈറ്റഡിനെ കളി തീരാന്‍ 17മിനുട്ട്‌ ബാക്കിയുള്ളപ്പോള്‍ പെനാല്‍ട്ടി കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച്‌ വെയ്‌ന്‍ റൂണി ഒപ്പമെത്തിക്കുകയായിരുന്നു. 77 പോയിന്റുള്ള യുണൈറ്റഡിനു പിന്നില്‍ 70 പോയിന്റുമായി നില്‍ക്കുന്ന ചെല്‍സിക്ക്‌ ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങള്‍ വിജയിച്ചാലും രണ്ടാമതെത്താനേ കഴിയൂ.
ഈവുഡ്‌ പാര്‍ക്കില്‍ കിരീടം ലക്ഷ്യം കുറിച്ചിറങ്ങിയ മാഞ്ചസ്റ്റിനെ ഞെട്ടിക്കുന്നതായിരുന്നു കളിയുടെ തുടക്കം. കളി 20 മിനുട്ട്‌ പിന്നിട്ടപ്പോഴേക്കും ബ്രെട്ട്‌ എമേര്‍ട്ടണിലൂടെ ആതിഥേയര്‍ ലീഡെടുത്തു. എന്നാല്‍ കളിയുടെ നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്തിട്ടും റെഡ്ഡെവിള്‍സിന്‌ ആദ്യ പകുതിയില്‍ എതിരാളികളുടെ വലചലിപ്പിക്കാനേ സാധിച്ചില്ല. 24 ശതമാനം സമയം മാത്രമാണ്‌ ബ്ലാക്‌ബേണിന്‌ യുണൈറ്റഡ്‌ പന്ത്‌ വിട്ടുകൊടുത്തത്‌. ഒരു ഗോളിനു വേണ്ടിയുള്ള മാഞ്ചസ്‌റ്ററിന്റെ കാത്തിരിപ്പ്‌ 73-ാം മിനുട്ട്‌ വരെ തുടര്‍ന്നു. ഹാവിയര്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസിനെ ഗോള്‍ കീപ്പര്‍ പോള്‍ റോബിന്‍സണ്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്‌ത്തിയത്‌ ബ്ലാക്‌ബേണിന്‌ തിരിച്ചടിയായി. റഫറി പെനാല്‍ട്ടി സ്‌പോട്ടിലേക്ക്‌ വിരല്‍ ചൂണ്ടി. കിക്കെടുത്ത റൂണി റോബിന്‍സണെ കീഴടക്കി സമനില പിടിച്ചു. യുണൈറ്റഡ്‌ പരിശീലകന്‍ സര്‍.അലക്‌സ്‌ ഫെര്‍ഗൂസണ്‌ പ്രീമിയര്‍ ലീഗില്‍ 12-ാം കിരീടമാണ്‌ സ്വന്തമാക്കിയത്‌.
മാഞ്ചസ്‌റ്ററാണ്‌ കളിയില്‍ മിക്ക സമയവും ആക്രമിച്ചത്‌. നാലാം മിനുട്ടില്‍ നാനിയുടെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി മടങ്ങി. ഒമ്പതാം മിനുട്ടില്‍ പോര്‍ചുഗീസ്‌ താരത്തിന്റെ മറ്റൊരു ശ്രമം മൈക്കല്‍ സാല്‍ഗാഡോയില്‍ തട്ടി പോസ്‌റ്റിനു പുറത്തേക്കു പോയി. ബ്ലാക്‌ബേണും അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ക്രിസ്‌ സാംബയുടെ വോളി യുണൈറ്റഡിനെ വിറപ്പിച്ച്‌ പുറത്തു പോയി. 17-ാം മിനുട്ടില്‍ സന്ദര്‍ശകരുടെ താല്‍ക്കാലിക ഗോള്‍കീപ്പര്‍ തോമസ്‌ കുസാക്കിന്റെ പിഴവില്‍ നിന്ന്‌ ജേസണ്‍ റോബര്‍ട്‌സിന്‌ ഗോള്‍ നേടാന്‍ അവസരമുണ്ടായെങ്കിലും മുതലാക്കാനായില്ല. തന്റെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍സറുടെ സേവനം അടുത്ത സീസണിലുണ്ടാകില്ലെന്നത്‌ കോച്ച്‌ ഫെര്‍ഗൂസണെ കുഴക്കും. റൂണിയുടെ ഗോളിലൂടെ ഒപ്പമെത്തിയ ശേഷം കൂടുതല്‍ സമയം പന്ത്‌ കൈയില്‍ വെച്ച്‌ കളിച്ച്‌ മാഞ്ചസ്റ്റര്‍ കിരീടമുറപ്പിക്കുകയായിരുന്നു. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ മറ്റൊരു കിരീടത്തിലേക്കുള്ള യാത്രയിലാണ്‌. ഈ മാസം 28 ന്‌ വെംബ്ലിയിലാണ്‌ മത്സരം




ഡെക്കാന്‍ തകര്‍ന്നു
മുംബൈ: തുടക്കത്തിലെ ഞെട്ടലില്‍ നിന്ന്‌ കരകയറിയ ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌ മുംബൈ ഇന്ത്യന്‍സിനെതിരെ 135 റണ്‍സെന്ന ദുര്‍ബല ടോട്ടലുമായി തിരിച്ചുകയറി. മധ്യനിരയില്‍ പൊരുതി നേടിയ ശരാശരി സ്‌കോറിംഗുകള്‍ക്കൊടുവില്‍ അവസാന ഓവറുകളില്‍ ശിഖര്‍ ധവാനും അമിത്‌ മിശ്രയും നടത്തിയ പോരാട്ടമാണ്‌ നാണംകെട്ട പതനത്തില്‍ നിന്ന്‌ ഹൈദരാബാദുകാരുടെ രക്ഷക്കത്തിയത്‌. അവസാന റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ മുംബൈ മൂന്നോവറില്‍ എയ്‌ഡന്‍ ബ്ലിസ്സാര്‍ഡിന്റെ നഷ്ടത്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്‌. സച്ചിന്‍ തെണ്ടുല്‍ക്കറും (11) ആമ്പാട്ടി റായുഡുവുമാണ്‌ (രണ്ട്‌) ക്രീസില്‍.
ലസിത്‌ മലിംഗയുടെ ബൗളിംഗ്‌ ആക്രമണമാണ്‌ ഡെക്കാനെ കളിയിലേക്ക്‌ സ്വാഗതം ചെയ്‌തത്‌. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ്‌ കളിയിലെ രണ്ടാം പന്തില്‍ മൈക്കല്‍ ലുംബിന്റെ കുറ്റിയിളക്കി മലിംഗ ഡെക്കാനെ ഭയപ്പെടുത്തി. എന്നാല്‍ ടീമിന്‌ ധൈര്യം പകരാന്‍ ക്രീസിലെത്തിയ നായകന്‍ കുമാര്‍ സങ്കക്കാര വിക്കറ്റ്‌ നഷ്ടം വരാതെ പ്രതിരോധിച്ച്‌ സ്‌കോര്‍ ചെയ്‌തു. മറുതലക്കല്‍ സണ്ണി സോഹലും ആക്രമണത്തിന്‌ മുതിര്‍ന്നില്ല. സ്‌കോര്‍ പതിയെ നീങ്ങവേ എട്ടാം ഓവറില്‍ കുല്‍കര്‍ണിയുടെ പന്തില്‍ സങ്കക്കാരയെ കീറന്‍ പൊള്ളാര്‍ഡ്‌ ക്യാച്ചെടുത്ത്‌ പുറത്താക്കി. 28 പന്തില്‍ ഓരോ സിക്‌സും ഫോറും നേടിയ സങ്കക്കാര 27 റണ്‍സാണെടുത്തത്‌. ഡെക്കാന്‍ രണ്ടിന്‌ 39.
പത്താം ഓവറില്‍ സണ്ണി സോഹലിനെ (22 പന്തില്‍ 20) ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ കൈകളിലെത്തിച്ച്‌ പൊള്ളാര്‍ഡ്‌ ഡെക്കാനെ സമ്മര്‍ദ്ദത്തിലാക്കി. അടുത്ത ഓവറില്‍ ഹര്‍ഭജന്റെ പന്തില്‍ ജീന്‍പോള്‍ ഡുമിനിയെ (പത്ത്‌ പന്തില്‍ എട്ട്‌) വിക്കറ്റ്‌ കീപ്പര്‍ അമ്പാട്ടി റായുഡുവിന്റെ കൈകളിലെത്തിച്ച്‌ ഹര്‍ഭജന്‍ സിംഗും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഭരത്‌ ചിപ്ലി (പത്ത്‌), ഡാനിയല്‍ ക്രിസ്റ്റ്യന്‍ ( 23 പന്തില്‍ 18) എന്നിവരും പ്രതിരോധിച്ചാണ്‌ കളിച്ചത്‌. എന്നാല്‍ അവസാന അഞ്ചോവറില്‍ ഡെക്കാന്‍ കടന്നക്രമിച്ചതോടെ സ്‌കോര്‍ ഒരല്‍പമുയര്‍ന്നു. ധവാന്‍ 18 പന്തില്‍ 27ഉം മിശ്ര ആറു പന്തില്‍ 18ഉം റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു.

എഫ്‌.എ കപ്പ്‌ സിറ്റിക്ക്‌
(ചിത്രം; എസ്‌.പി സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കാര്‍ലോസ്‌ ടെവസും സംഘവും എഫ്‌.എ കപ്പുമായി)
ലണ്ടന്‍: യായ ടൂറെയുടെ ഏക ഗോളിന്‌ സ്‌റ്റോക്‌ സിറ്റിയെ മറികടന്ന്‌ 35 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ എഫ്‌.എ കപ്പുയര്‍ത്തി. കളമടക്കി ഭരിച്ച കാര്‍ലോസ്‌ ടെവസും സംഘവും അര്‍ഹിച്ച ജയമാണ്‌ സ്വന്തമാക്കിയത്‌. 1976ലെ ലീഗ്‌ കപ്പിനു ശേഷം ആദ്യമായാണ്‌ സിറ്റി ഒരു മുന്‍നിര കിരീടം ചൂടുന്നത്‌.
പന്ത്‌ കൈവശം വെച്ച്‌ എതിരാളികളെ കുഴക്കുന്ന തന്ത്രമാണ്‌ റോബര്‍ട്ടോ മാന്‍ചീനിയുടെ കുട്ടികള്‍ പയറ്റിയത്‌. സ്‌റ്റോക്‌ ഗോള്‍കീപ്പര്‍ തോമസ്‌ സോറന്‍സെന്റെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ ആദ്യപകുതിയില്‍ സിറ്റിക്ക്‌ ഗോളടിക്കാനായില്ല. കാര്‍ലോലോസ്‌ ടെവസ്‌, മാരിയോ ബലോട്ടെലി, ഡേവിഡ്‌ സില്‍വ എന്നിവരുടെ ഒന്നാന്തരം ഗോള്‍ ശ്രമങ്ങള്‍ വലയില്‍ കയറ്റാതെ സോറന്‍സെന്‍ താരമായി.

Thursday, May 12, 2011

SUPER CHENNAI



ഹൈദര്‍ കളിതുടരും
ലാഹോര്‍: വധഭീഷണി നേരിട്ട പാകിസ്‌താന്‍ ക്രിക്കറ്റര്‍ ദുല്‍ഖര്‍നൈന്‍ ഹൈദര്‍ വിരമിക്കല്‍ തീരുമാനം മാറ്റിവെച്ചു. സാഹചര്യങ്ങള്‍ മാറിയ നിലക്ക്‌ കളിതുടരാനാണ്‌ താല്‍പര്യമെന്ന്‌ മുന്‍ വിക്കറ്റ്‌ കീപ്പര്‍ അറിയിച്ചു. ഒത്തുകളിക്കാനവശ്യപ്പെട്ട്‌ വധഭീഷണിയുമായി ലഭിച്ച അജ്ഞാത ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന്‌ നവംബര്‍ അവസാനം ദുബൈയിലെ ടീം ഹോട്ടലില്‍ നിന്ന്‌ ലണ്ടനിലേക്ക്‌ കടന്നുകളഞ്ഞ താരം പാകിസ്‌താനിലേക്കു തന്നെ തിരിച്ചുവന്നിരുന്നു. എന്നാല്‍ പാകിസ്‌താനില്‍ നിന്നും തനിക്കെതിരെയുള്ള ഭീഷണി തുടരുന്നുണ്ടെന്നും വിരമിക്കാന്‍ തീരുമാനിച്ചെന്നുമാണ്‌ ഹൈദര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും കളിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'മാറിയ സാഹചര്യം പരിഗണിച്ച്‌ എന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഉപദേശപ്രകാരം വിരമിക്കാനുള്ള തീരുമാനം ഞാന്‍ പിന്‍വലിക്കുകയാണ്‌. പാകിസ്‌താന്റെ താല്‍പര്യപ്രകാരമാണ്‌ നേരത്തേ ഞാന്‍ തീരുമാനം കൈക്കൊണ്ടത്‌. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന്‌ ഉറപ്പ്‌ ലഭിച്ചിരിക്കുന്നതിനാല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും കളിക്കാന്‍ ആലോചിക്കുകയാണ്‌.' ദുല്‍ഖര്‍നൈന്‍ പറഞ്ഞു.

പിച്ച്‌ വിവാദം:
വോണിനെതിരെ രാജസ്ഥാന്‍
ജയ്‌പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ (ആര്‍.സി.എ) സെക്രട്ടറി സഞ്‌ജയ്‌ ദീക്ഷിത്തിനെ കുറ്റപ്പെടുത്തിയ രാജസ്ഥാന്‍ റോയല്‍സ്‌ നായകന്‍ ഷെയ്‌ന്‍ വോണിനെതിരെ അസോസിയേഷന്‍ ബി.സി.സി.ഐക്ക്‌ പരാതി നല്‍കി. യോജിച്ച പിച്ചൊരുക്കണമെന്ന തന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ ദീക്ഷിത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയായിരുന്നു വോണ്‍.
ഐ.പി.എല്ലില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞ വോണ്‍ ദീക്ഷിത്തിനോട്‌ മോശമായി പെരുമാറിയതായി ആര്‍..സി.എ ആരോപിച്ചു. ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ 63 റണ്‍സിന്‌ പരാജയപ്പെട്ടതിനു ശേഷമാണ്‌ വോണ്‍ സംഘാടകര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ചത്‌. ദീക്ഷിത്തിനെ നുണയനും സ്വാര്‍ത്ഥനുമെന്ന്‌ വോണ്‍ വിളിച്ചതായി രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഡയറക്ടര്‍ നരേന്ദ്ര ജോഷി ഐ.പി.എല്‍ ചീഫ്‌ ഓപറേറ്റിംഗ്‌ ഓഫീസര്‍ സുന്ദര്‍ രാമന്‌ എഴുതി. ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ നടപടി എടുക്കണമെന്നും കത്തില്‍ ജോഷി ആവശ്യപ്പെടുകയും ചെയ്‌തു.

ടെസ്റ്റില്‍ മികവ്‌
പുലര്‍ത്തുമെന്ന്‌ സമ്മി
ജോര്‍ജ്‌ടൗണ്‍ (ഗയാന): രണ്ടു മത്സര ടെസ്‌റ്റ്‌ പരമ്പരയില്‍ പാകിസ്‌ാനെതിരെ ഹോം ഗ്രൗണ്ടിലെ റെക്കോര്‍ഡ്‌ നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ ആത്മവിശ്വാസമുള്ളതായി വെസ്‌റ്റിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സമ്മി. അഞ്ചു മത്സര ഏകദിന പരമ്പരയില്‍ 3-2ന്റെ വിജയം പാകിസ്‌താനായിരുന്നു. എന്നാല്‍ മുമ്പ്‌ ആറു തവണ വെസ്‌റ്റിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോഴൊന്നും പാകിസ്‌താന്‌ വിജയം നേടാനായിട്ടില്ല. പരമ്പര വിജയിക്കാനായാല്‍ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക്‌ കയറാന്‍ വിന്‍ഡീസിനു കഴിയും.
' പരമ്പര ജയിക്കാനാകുമെന്നു തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. മത്സരങ്ങള്‍ക്കായി നന്നായി ഒരുങ്ങിയിട്ടുണ്ട്‌. ഹോം മൈതാനത്ത്‌ മികച്ച പ്രകടനം കാഴ്‌ചവെക്കാനുള്ള കഴിവ്‌ ഞങ്ങള്‍ക്കുണ്ട്‌. ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ബാറ്റിംഗ്‌ മെച്ചപ്പെട്ടിരുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്‌.' സമ്മി പറഞ്ഞു.

നായകനാകാന്‍ വാട്‌സണ്‍
ജയ്‌പൂര്‍: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തയാറാണെന്ന്‌ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍. നാട്ടുകാരനും നിലവില്‍ ടീമിന്റെ നായകനുമായ ഷെയ്‌ന്‍ വോണ്‍ വിരമിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വോണിനു ശേഷം ടീമിനെ നയിക്കാന്‍ താല്‍പര്യമുള്ളതായി വാട്‌സണ്‍ തുറന്നു പറഞ്ഞു. എന്നാല്‍ നായക സ്ഥാനമാഗ്രഹിക്കുന്ന മറ്റുചിലരും ടീമിലുള്ളതായി പേരു വെളിപ്പെടുത്താതെ വാട്‌സണ്‍ അറിയിച്ചു. ' ഷെയ്‌ന്‍ വോണിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ എനിക്ക്‌ താല്‍പര്യമുണ്ട്‌. എന്നാല്‍ മറ്റുചിലരും ഈ ആഗ്രഹത്തോടെ ടീമിലുണ്ട്‌. രാജസ്ഥാന്‍ പുറത്തായിക്കഴിഞ്ഞെന്നും എങ്കിലും അഭിമാനത്തിനു വേണ്ടി അടുത്ത മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മക്‌ഡെര്‍മോട്ട്‌ ഓസ്‌ട്രേലിയന്‍
ബൗളിംഗ്‌ കോച്ച്‌
(ചിത്രം; എസ്‌.പി ഓസ്‌ട്രേലിയ)
സിഡ്‌നി: മുന്‍ ടെസ്റ്റ്‌ പേസ്‌ ബൗളര്‍ ക്രെയ്‌ഗ്‌ മക്‌ഡെര്‍മോട്ടിനെ ഓസ്‌ട്രേലിയയുടെ പുതിയ ബൗളിംഗ്‌ പരിശീലകനായി തിരഞ്ഞെടുത്തതായി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അറിയിച്ചു. അതേസമയം പ്രധാന പരിശീലകന്‍ ടിം നീല്‍സന്റെ സഹപരിശീലകനായി ജസ്റ്റിന്‍ ലാംഗറെ നിലനിര്‍ത്തി. അടുത്ത ഒരു വര്‍ഷത്തേക്കാണ്‌ ലാംഗറുടെ കരാര്‍ പുതുക്കിയത്‌.
46കാരന്‍ മക്‌ഡെര്‍മോട്ട്‌ 71 ടെസ്‌റ്റില്‍ നിന്ന്‌ 291 വിക്കറ്റെടുത്തിട്ടുണ്ട്‌. 'അന്താരാഷ്ട്ര കളിക്കാരനെന്ന നിലയില്‍ മക്‌ഡെര്‍മോട്ടിന്റെ പ്രകടനങ്ങളും, തിരിച്ചടികളില്‍ നിന്ന്‌ തിരിച്ചുവരാനുള്ള മിടുക്കും ഉള്‍പ്പെടെ പലനിലക്കും മതിപ്പുളവാക്കുന്ന അദ്ദേഹത്തിന്റെ കരിയറാണ്‌ ബൗളിംഗ്‌ പരിശീലകനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചത്‌' ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ജനറല്‍ മാനേജര്‍ മൈക്കല്‍ ബ്രൗണ്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത്‌
ഗെയിംസിന്‌ ട്വന്റി-20യും
ക്വലാലംപൂര്‍: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ട്വന്റി20 മത്സരങ്ങളേയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന ഗെയിംസ്‌ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ഇക്കാര്യത്തിന്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കൗണ്‍സിലുമായി ചര്‍ച്ച ചെയ്യുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.സി.സിയുമായി ഉടമ്പടിയുണ്ടാക്കാനുദ്ദേശിക്കുകയാണെന്നും വിവിധ കായിക ഇനങ്ങള്‍ മത്സര ഇനമാകുന്ന ഒരു മുന്‍നിര ഗെയിംസായി കോമണ്‍വെല്‍ത്തിനെ മാറ്റാനുള്ള ശ്രമത്തിലാണെന്നും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ കായിക പുനരവലോകനാ സമിതി അധ്യക്ഷന്‍ തുങ്കു ഇമ്രാന്‍ പറഞ്ഞു. ഐ.സി.സി അംഗീകരിക്കുകയാണെങ്കില്‍ 2018 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ട്വന്റി20യും ഉണ്ടായിരിക്കുമെന്നും എന്നാല്‍ അതത്ര എളുപ്പമായിരിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

ഐലീഗ്‌ രണ്ടാം ഡിവിഷന്‍
ലാജോംഗിനെ കീഴടക്കി
സ്‌പോര്‍ട്ടിംഗ്‌ രണ്ടാമത്‌
ഷില്ലോങ്‌: ഐ ലീഗ്‌ രണ്ടാം ഡിവിഷനില്‍ ഷില്ലോങ്‌ ലാജോംഗിനെതിരെ സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവക്ക്‌ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ ലാജോംഗിനെ വീഴ്‌ത്തിയ സ്‌പോര്‍ട്ടിംഗ്‌ ഒന്നാം സ്ഥാനക്കാരായ ലാജോംഗിന്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്ക്‌ കയറി. ലാജോംഗിന്‌ 13ഉം സ്‌പോര്‍ട്ടിംഗിന്‌ 11ഉം പോയിന്റാണുള്ളത്‌. വാസ്‌കോ, യുണൈറ്റഡ്‌ സിക്കിം ടീമുകള്‍ 10 വീതം പോയിന്റുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്‌. മറ്റൊരു മത്സരത്തില്‍ റോയല്‍ വാഹിങ്‌ദോ 6-1ന്‌ സതേണ്‍ സാമിറ്റിയെ തകര്‍ത്തു.

മേഖല ക്രിക്കറ്റ്‌:
ഉത്തര മേഖക്ക്‌ മൈല്‍ക്കൈ
കൊച്ചി: അണ്ടര്‍-16 മേഖലാ മത്സരങ്ങളില്‍ മധ്യമേഖലക്കെതിരെ ഉത്തര മേഖലക്ക്‌ ആധിപത്യം. രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറിന്‌ 70 എന്ന നിലയിലാണ്‌ മധ്യമേഖല. ആദ്യ ഇന്നിംഗ്‌സില്‍ മധ്യമേഖല 114നും ഉത്തര മേഖല 161നും പുറത്തായി. ഉത്തര മേഖലക്ക്‌ വേണ്ടി അക്ഷയ്‌ കെ.സി (6/33 ബൗളിംഗിലും സല്‍മാന്‍ നിസാര്‍ (59 നോട്ട്‌ഔട്ട്‌) ബാറ്റിംഗിലും തിളങ്ങി.
കെ.സി.എ ഇലവനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യുന്ന ദക്ഷിണ മേഖല മികച്ച നിലയിലാണ്‌. ആദ്യ ഇന്നിംഗ്‌സില്‍ 130 റണ്‍സെടുത്ത്‌ പുറത്തായ അവര്‍ രണ്ടിന്‌ 150 എന്ന നിലയിലാണ്‌. സുബിന്‍ എസ്‌ (95) ആണ്‌ ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ കെ.സി.എ 131ന്‌ പുറത്തായി.

ചിറകടിച്ച്‌ കൂകബുറാസ്‌
ഓസ്‌ട്രേലിയ 2-1 ബ്രിട്ടന്‍
(ചിത്രം;എസ്‌.പി അസ്‌്‌ലന്‍ ശാ ബ്രിട്ടന്റെ ലയ്‌ന്‍ ലെവേഴ്‌സും (ഇടത്‌) ഓസ്‌ട്രേലിയയുടെ തിമോത്തി ഡീവിനും പന്തിനായുള്ള പോരാട്ടത്തില്‍)
ഇപ്പൊ (മലേഷ്യ): റൗണ്ട്‌ റോബിന്‍ ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കേ ലോക ചാമ്പ്യന്‍മാരയ ഓസ്‌ട്രേലിയ അസ്‌്‌ലന്‍ശാ ഹോക്കി ഫൈനലില്‍ കടന്നു. ഗ്രൂപ്പിലെ വമ്പന്‍ മത്സരത്തില്‍ ബ്രിട്ടനെ 2-1ന്‌ കീഴടക്കിയ ഓസ്‌ട്രേലിയന്‍ പൊന്മാനുകള്‍ 13 പോയിന്റ്‌്‌ നേടിയാണ്‌ കലാശപ്പോര്‍ക്കളത്തിലേക്ക്‌ ചിറകടിച്ചുയര്‍ന്നത്‌. അഞ്ചുവട്ട ചാമ്പ്യന്മാര്‍ 2011ലെ ആദ്യ കിരീടമാണ്‌ ലക്ഷ്യം വെക്കുന്നത്‌. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ പ്രതിയോഗികളാരെന്നറിയാന്‍ ശനിയാഴ്‌ച വരെ കാത്തിരിക്കണം. ഒമ്പതു പോയിന്റ്‌ വീതമുള്ള പാകിസ്‌താന്‍, ബ്രിട്ടന്‍ ടീമുകള്‍ ഗ്രൂപ്പിലെ അവസാന മത്സരം കളിക്കുന്നത്‌ അന്നാണ്‌.
ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്റാണ്‌ കൂകബുറാസിന്റെ എതിരാളികള്‍. ഏഴു പോയിന്റുള്ള ഇന്ത്യയുടേയും അവസാന മത്സരം ന്യൂസിലാന്റുമായാണ്‌. ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ട്രോഫി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കിരീടങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കി 2010ല്‍ റെക്കോര്‍ഡിട്ട ഓസ്‌ട്രേലിയ പെനാല്‍ട്ടിയില്‍ നിന്നാണ്‌ ബ്രിട്ടനെതിരെ ആദ്യ ഗോള്‍ കണ്ടെത്തിയത്‌. കളിയുടെ എട്ടാം മിനുട്ടില്‍ ബെന്റ്‌ ഡാന്‍സറാണ്‌ അവര്‍ക്കു വേണ്ടി ലക്ഷ്യം കണ്ടത്‌.
29-ാം മിനുട്ടില്‍ ക്രിസ്‌റ്റഫര്‍ സിറിയെല്ലോ ഓസ്‌ട്രേലിയയുടെ ലീഡ്‌ ഇരട്ടിയാക്കി. ആദ്യ പകുതിയില്‍ പിന്നീട്‌ ഗോളൊന്നും പിറന്നില്ല. 57-ാം മിനുട്ടിലായിരുന്നു ബ്രിട്ടന്റെ മറുപടി ഗോള്‍. പെനാല്‍ട്ടി ഗോളിലേക്ക്‌ തിരിച്ചുവിട്ട റിച്ചാര്‍ഡ്‌ മാന്റലിലൂടെ ബ്രിട്ടീഷുകാര്‍ തിരിച്ചുവരവിന്‌ ശ്രമിച്ചു. മുതിര്‍ന്ന താരങ്ങളില്‍ ചിലര്‍ക്ക്‌ പരിക്കും ചിലര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുകയുമായിരുന്നതിനാല്‍ യുവത സംഘത്തെയാണ്‌ ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലിറക്കിയത്‌. കളിയുടെ അവസാന നിമിഷങ്ങളില്‍ ഓസീസിന്റെ ഗോളടി ശ്രമങ്ങളെ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തലുകളുമായി ബ്രിട്ടീഷ്‌ ഡിഫന്‍ഡേഴ്‌സ്‌ പ്രതിരോധിച്ചു.

ഹാട്രിക്ക്‌ ബാര്‍സ
ക്രിസ്‌റ്റിയാനോ ഹാട്രിക്കില്‍ റയല്‍
(ചിത്രങ്ങള്‍; എസ്‌.പി ബാര്‍സ1-5 സ്‌പാനിഷ്‌ ലീഗില്‍ ഹാട്രിക്‌ കിരീടം സ്വന്തമാക്കിയ ബാര്‍സലോണ താരങ്ങള്‍ ആഘോഷത്തില്‍)
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബാര്‍സലോ ണ ചാമ്പ്യന്മാരായ. ലെവന്റെയുമായി ഒരു ഗോള്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തോടെയാണ്‌ 92 പോയിന്റ്‌ നേടിയ കാറ്റാലന്‍ പട കിരീടമുറപ്പിച്ചത്‌. 86 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ്‌ മടക്കമില്ലാത്ത നാലുഗോളുകള്‍ക്ക്‌ ഗെറ്റാഫെയെ തകര്‍ത്തു. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ പ്രത്യേകത.
ഒരു പോയിന്റ്‌ നേടിയാല്‍ കിരീടമുറപ്പിക്കാം എന്ന നിലയില്‍ കളിക്കാനിറങ്ങിയ ജോസെപ്‌ ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ 28-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. സെയ്‌ദു കെയ്‌റ്റയായിരുന്നു സ്‌കോറര്‍. സാവി ഹെര്‍ണാണ്ടസ്‌ ചിപ്പ്‌ ചെയ്‌തു നല്‍കിയ പന്ത്‌ കെയ്‌റ്റ ഹെഡറിലൂടെ വലയിലാക്കി. എന്നാല്‍ ബാര്‍സയുടെ പതിവ്‌ ആക്രമണം ലെവന്റയുടെ തട്ടകത്തില്‍ വിലപ്പോയില്ല. ജനുവരി ഒമ്പതു മുതല്‍ ഇവിടെ തോറ്റിട്ടില്ലാത്ത ആതിഥേയര്‍ ഫെലിപ്പെ കെയ്‌ഷെഡോയിലൂടെ ഇടവേളക്കു മുമ്പു തന്നെ സമനില പിടിച്ചു. 41-ാം മിനുട്ടിലായിരുന്നു ലെവന്റെയുടെ സമനില ഗോള്‍.
എന്നാല്‍ സിയൂഡാഡ്‌ സ്‌റ്റേഡിയത്തില്‍ മിക്കപ്പോഴും പന്ത്‌ ബാര്‍സയുടെ കൈവശമായിരുന്നു. കളിയുടെ 16 ശതമാനം സമയം മാത്രമാണ്‌ ആതിഥേയര്‍ക്ക്‌ ആകെ പന്തു കിട്ടിയത്‌. എന്നിട്ടുപോലും ബാര്‍സക്ക്‌ കിരീടനേട്ടം വിജയത്തോടെ ആഘോഷിക്കാനായി ഗോള്‍ കണ്ടെത്താനായില്ല. 2005ല്‍ ഫ്രാങ്ക്‌ റൈക്കാര്‍ഡ്‌ ഇതേവേദിയില്‍ 1-1 സ്‌കോറുമായി കിരീട നേട്ടം ആഘോഷിച്ചിരുന്നു.
24, 58, 77, 92 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക്‌ നേട്ടം. ആദ്യ രണ്ടു ഗോളുകള്‍ക്ക്‌ മസൂദ്‌ ഓസില്‍ വഴിയൊരുക്കിയപ്പോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു പോര്‍ചുഗീസ്‌ സൂപ്പര്‍താരത്തിന്റെ മൂന്നാം ഗോള്‍. കരീം ബെന്‍സേമയാണ്‌ ശേഷിക്കുന്ന ഗോള്‍ നേടിയത്‌. ലീഗില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കേ വലന്‍സിയ (67), വിയ്യാറയല്‍ (62) ടീമുകളാണ്‌ യഥാക്രമം മൂന്ന്‌, നാല്‌ സ്ഥാനങ്ങളില്‍.

ഇറ്റാലിയന്‍ കപ്പ്‌
ഇന്റര്‍ ഫൈനലില്‍
മിലാന്‍: ഇറ്റാലിയന്‍ കപ്പ്‌ സെമിഫൈനലിന്റെ ഇരുപാദങ്ങളിലുമായി എ.എസ്‌ റോമയെ 2-1ന്‌ പിന്നിലാക്കി നിലവിലെ ചാമ്പ്യന്മാര്‍ ഇന്റര്‍മിലാന്‍ ഫൈനലില്‍ പ്രവേശിച്ചു. എ.സി മിലാനെ 3-4ന്‌ മറികടന്ന പാലെര്‍മോയാണ്‌ ഇന്ററിന്റെ എതിരാളികള്‍ ഈ മാസം അവസാനമാണ്‌ ഫൈനല്‍.
റോമയുടെ മൈതാനത്ത്‌ നടന്ന ആദ്യ പാദത്തില്‍ 0-1ന്‌ ജയിച്ചു കയറിയ ഇന്റര്‍ സ്വന്തം മൈതാനത്ത്‌ ഒരു ഗോള്‍ സമനില വഴങ്ങിയാണ്‌ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്‌. 58-ാം മിനുട്ടില്‍ സാമുവല്‍ എറ്റൂവാണ്‌ ചാമ്പ്യന്മാര്‍ക്കു വേണ്ടി നിര്‍ണായക ഗോള്‍ കണ്ടെത്തിയത്‌. 85-ാം മിനുട്ടില്‍ മാര്‍ക്കോ ബോരിയെല്ലോ ഒരു ഗോള്‍മടക്കി. മിലാന്റെ ഗ്രൗണ്ടില്‍ 2-2 സമനിലയും സ്വന്തം ഗ്രൗണ്ടില്‍ 2-1 വിജയവും നേടിയാണ്‌ പാലെര്‍മോ ഫൈനലില്‍ കടന്നത്‌.

ഇന്ത്യക്ക്‌ കൂറ്റന്‍ തോല്‍വി
ഇപ്പൊ (മലേഷ്യ): ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിനോട്‌ 7-3ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ അസ്‌്‌്‌ലന്‍ ശാ ഹോക്കി ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായി. ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്റെ എക്കാലത്തേയും വലിയ വിജയമാണിത്‌. ഹായ്‌ വാര്‍ഡിന്റെ ഹാട്രിക്ക്‌ പ്രകടനമാണ്‌ ഇന്ത്യയെ തകര്‍ക്കാന്‍ കരിങ്കുപ്പായക്കാരെ സഹായിച്ചത്‌. തോല്‍വിയോടെ ഏഴു ടീമുകളടങ്ങുന്ന റൗണ്ട്‌ റോബിന്‍ ലീഗ്‌ ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക്‌ ഇന്ത്യ പതിച്ചു. ന്യൂസിലാന്റിന്‌ ഫൈനലിലെത്താന്‍ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോ|ിക്കുകയും പാകിസ്‌താന്‍, ബ്രിട്ടന്‍ ടീമുകള്‍ ശനിയാഴ്‌ച നടക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയും വേണം. ആദ്യ പതിനാലു മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഹായ്‌ വാര്‍ഡ്‌ പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്ന്‌ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയിരുന്നു. ബ്ലെയര്‍ ഹില്‍ട്ടന്റെ രണ്ടു തവണയും നിക്കോളാസ്‌ വില്‍സണ്‍, ശായ്‌ നീല്‍ എന്നിവര്‍ ഓരോ തവണയും സ്‌കോര്‍ ചെയ്‌തു.

നദാല്‍ ക്വാര്‍ട്ടറില്‍
റോം: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പാനിഷ്‌ താരങ്ങളുടെ പോരാട്ടത്തില്‍ ഫെലിഷ്യാനോ ലോപസിനെ 6-4, 6-2 സ്‌കോറിന്‌ തകര്‍ത്ത നദാല്‍ ക്ലേ ക്വാര്‍ട്ടിലെ തന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്‌ പുറത്തെടുത്തത്‌. റാങ്ക്‌ നിലനിര്‍ത്താന്‍ നൊവാക്‌ ദ്യോകോവിച്ചില്‍ നിന്ന്‌ കടുത്തവെല്ലുവിളി നേരിടുന്ന നദാലിന്‌ കിരീട വിജയം അനിവാര്യമാണ്‌. ദ്യോകോവിച്ചാണ്‌ ജേതാവാകുന്നതെങ്കില്‍ സെര്‍ബ്‌ താരം ഒന്നാം റാങ്ക്‌ പിടിച്ചെടുക്കും. 6-0, 6-3 സ്‌കോറിന്‌ ആദ്യ റൗണ്ട്‌ വിജയിച്ച ദ്യോകോവിച്ച്‌ ഈ വര്‍ഷം 33 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുകയാണ്‌.

നായകന്‍ തന്നെ രാജാവ്‌
ധോണി 63*(31)
ചെന്നൈ: നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി പഴയ കരുത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൈതാനത്ത്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ചെകുത്താന്മാര്‍ ചൂളിപ്പോയി. ചെന്നൈ നാലു വിക്കറ്റ്‌ നഷ്ടത്തില്‍ 176 റണ്‍സ്‌ അടിച്ചെടുത്തു. 10 ഓവറില്‍ മൂന്നു വിക്കറ്റ്‌ കളഞ്ഞ്‌ 68 റണ്‍സെടുത്തു നില്‍ക്കുകയായിരുന്ന ടീമിനെ തോളിലേറ്റി മുന്നേറിയ ധോണി 31 പന്തില്‍ നാലു സിക്‌സറും അഞ്ചു ബൗണ്ടറിയും നേടി 63 റണ്‍സുമായി അപരാജിതനായി നിന്നു. ഡല്‍ഹി ബൗളര്‍മാരില്‍ ഓവറില്‍ 12ലധികം ശരാശരിയില്‍ റണ്‍വഴങ്ങിയ അജിത്‌ അഗാര്‍ക്കറായിരുന്നു ചെന്നൈയുടെ ഇര. അഗാര്‍ക്കറിന്റെ നാലോവറില്‍ നിന്ന്‌ 49 റണ്‍സ്‌ ചെന്നൈ അടിച്ചെടുത്തു. അവസാന വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ഏഴോവറില്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ ഡല്‍ഹി 54 റണ്‍സെടുത്തിട്ടുണ്ട്‌. 14 പന്തില്‍ 25 റണ്‍സെടുത്ത നമാന്‍ ഓജയാണ്‌ പുറത്തായത്‌.
ശസ്‌ത്രക്രിയ ആവശ്യമായി ടീം വിട്ട നായകന്‍ വീരേന്ദര്‍ സെവാഗിനു പകരം ഓസ്‌ട്രേലിയക്കാരന്‍ ജെയിംസ്‌ ഹോപ്‌സാണ്‌ ഡല്‍ഹിയെ നയിച്ചത്‌. ടോസ്‌ വിജയിച്ച്‌ ചെന്നൈ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ചു.ആദ്യ ഓവറിന്റെ അവസാന പന്തില്‍ മൈക്ക്‌ ഹസിയെ (അഞ്ച്‌) വിക്കറ്റിനു മുന്നില്‍ കുടുക്കി ഇര്‍ഫാന്‍ പത്താന്‍ ചെന്നൈയെ ഞെട്ടിച്ചു. സുരേഷ്‌ റെയ്‌ന-മുരളി വിജയ്‌ സഖ്യം അവരെ 41 റണ്‍സുവരെ മുന്നോട്ട്‌ നയിച്ചു. ആറാം ഓവറില്‍ റെയ്‌നയെ (10 പന്തില്‍ 14) പുറത്താക്കി വരുണ്‍ ആരന്‍ ഡല്‍ഹിക്ക്‌ പ്രതീക്ഷ നല്‍കി. 11-ാം ഓവറില്‍ മുരളി വിജയ്‌യും (33 പന്തില്‍ 35) വീണതോടെ ഡല്‍ഹിക്ക്‌ നേരിയ മുന്‍തൂക്കമായി.
എന്നാല്‍ എസ്‌. ബദരീനാഥിനൊപ്പം ധോണി ചെന്നൈയുടെ നാഥനായി. ധോണിയുടെ താണ്ഡവമായിരുന്നു പിന്നീട്‌. ഡല്‍ഹി ബൗളര്‍മാരില്‍ അഗാര്‍ക്കറിനെ കൂടാതെ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം കണക്കിന്‌ ശിക്ഷിക്കപ്പെട്ടു. മക്‌ഡൊണാള്‍ഡിന്റെ രണ്ടോവറില്‍ 23 റണ്‍സ്‌ പിറന്നു. പത്താന്‍ നാലോവറില്‍ 40 റണ്‍സ്‌ വിട്ടുകൊടുത്തു. പത്താന്റെ അവസാന പന്ത്‌ സിക്‌സറിലേക്ക്‌ പറഞ്ഞയച്ചാണ്‌ ധോണി തന്റെ റണ്‍ദാഹമറിയിച്ചത്‌. ബദരീനാഥ്‌ (43 പന്തില്‍ 55) ഒരു സിക്‌സറും ആറു ബൗണ്ടറിയും നേടി.
ധോണിയുടെ കടന്നാക്രമണത്തിനിടയിലും ഡല്‍ഹിക്കു വേണ്ടി തലഉയര്‍ത്തി നില്‍ക്കുകയായിരുന്നു വരുണ്‍ ആരണ്‍ എന്ന 21കാരന്‍. അഞ്ചു റണ്‍സ്‌ മാത്രമായിരുന്നു ആരന്റെ ഇക്കോണമി. നാലോവറില്‍ 20 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്‌ത്തിയ ആരണ്‍ ചെന്നൈബാറ്റ്‌സ്‌മാന്മാരുടെ ആദരവ്‌ ഏറ്റുവാങ്ങി. ബീഹാറിന്‌ രഞ്‌ജി ടീമില്ലാത്തതിനാല്‍ ഝാര്‍ഖണ്ഡിനു വേണ്ടി കളിച്ചിരുന്ന ആരണ്‍ ശ്രദ്ധേയമായ ബൗളിംഗ്‌ കാഴ്‌ചവെച്ചു.

ഹര്‍ഭജന്‍സിഗിന്‌ സംശയങ്ങളില്ല-ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ കിരീടം മുംബൈ ഇന്ത്യന്‍സിന്‌ തന്നെ. അവസാന മല്‍സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സിന്‌ മുന്നില്‍ തകര്‍ന്നത്‌ കാര്യമാക്കാനില്ല. ബാറ്റിംഗിലും ബൗളിംഗിലും വിജയങ്ങളിലുമെല്ലാം മുന്നില്‍ മുംബൈ തന്നെ. ഇതിനകം അവസാന നാലില്‍ സ്ഥാനമുറപ്പിച്ചവരും മറ്റാരുമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നായകത്വത്തില്‍ കഴിഞ്ഞ തവണ നഷ്‌മാ കിരീടം ഇത്തവണ തിരിച്ചുപിടിക്കും. ഫൈനലിലെ പ്രതിയോഗിയായി ബാജി കാണുന്നത്‌ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയാണ്‌. ക്രിസ്‌ ഗെയിലും തിലകരത്‌നെ ദില്‍ഷാനുമെല്ലാം മിന്നുന്ന ഫോമിലാണ്‌. അവരെ തോല്‍പ്പിക്കാന്‍ എളുപ്പമല്ലെങ്കിലും തന്ത്രങ്ങള്‍ മുംബൈക്കറിയാമെന്നും ബാജി
വിജയത്തേരില്‍ മുംബൈ സഞ്ചരിക്കുമ്പോള്‍ ആത്മവിശ്വാസം പ്രകടമാണല്ലോ വാക്കുകളില്‍
= തീര്‍ച്ചയായും. വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം വലിയ പ്രതീക്ഷയാവും. ഐ.പി.എല്‍ സീസണില്‍ ഇത്‌ വരെ ഉന്നതങ്ങളിലേക്ക്‌ മുംബൈ വന്നിട്ടില്ല. ഇത്‌ ഞങ്ങളുടെ സീസണാണ്‌. ഇത്‌ വരെയുള്ള പ്രകടനങ്ങളില്‍ നിന്ന്‌ അത്‌ വ്യക്തം. ചില മല്‍സരങ്ങളിലെ തകര്‍ച്ച മറക്കുന്നില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്തരായി കളിക്കാന്‍ ടീമിനാവും. സച്ചിന്‍ മുന്നില്‍ നിന്ന്‌ നയിക്കുന്നു. അമ്പാട്ട്‌ റായിഡുവും രോഹിതും സൈമണ്ട്‌്‌സും പിന്നെ പൊലാര്‍ഡുമെല്ലാമാവുമ്പോള്‍ എത്ര വലിയ സ്‌ക്കോര്‍ നേടാനും ഏത്‌ സ്‌ക്കോര്‍ പിന്തുടരാനും പ്രയാസമില്ല.
ബൗളിംഗ്‌
= മാലിങ്ക, മുനാഫ്‌ -ഈ രണ്ട്‌ സീമര്‍മാരും മികവ്‌ നിലനിര്‍ത്തുന്നു. കഴിഞ്ഞ മല്‍സരത്തില്‍ അഞ്ച്‌ വിക്കറ്റ്‌ നേടിയിരുന്നു മുനാഫ്‌. മാലിങ്കയുടെ നാല്‌ ഓവറുകള്‍ നിര്‍ണ്ണായകമാണ്‌. ബാറ്റ്‌സ്‌മാന്മാരെ നിലക്കുനിര്‍ത്താന്‍ അദ്ദേഹത്തിനാവും. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി അദ്ദേഹമാണ്‌ മുന്നേറുന്നത്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ശക്തമാണ്‌.
ബാംഗ്ലൂര്‍ ഇങ്ങനെ പറക്കുമ്പോള്‍
=അതില്‍ ഭയമില്ല. ക്രിസ്‌ ഗെയിലിനെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവണം. ദില്‍ഷാനും നിലയുറപ്പിച്ചാല്‍ അപകടകാരിയാണ്‌. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ എന്നിവരും നല്ല പ്രതിയോഗികളാണ്‌. മുംബൈക്ക്‌ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌. അടുത്ത മല്‍സരങ്ങള്‍ മുതല്‍ വ്യക്തമായ ഗെയിം പ്ലാനില്‍ നിലയുറപ്പിക്കും. സച്ചിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു.

Wednesday, May 11, 2011

ENGLISH THREAT




ലണ്ടന്‍: ഫിഫക്ക്‌ ബ്രിട്ടന്റെ ഭീഷണി. കൈക്കൂലി, അഴിമതിയാരോപണങ്ങളില്‍ സത്വരമായ അന്വേഷണവും നടപടികളും സ്വീകരിക്കാത്തപക്ഷം നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക്‌ ബ്രിട്ടന്‍ നിര്‍ബന്ധിതരാവുമെന്ന്‌ വ്യക്തമാക്കിയിരിക്കുന്നു രാജ്യത്തെ സ്‌പോര്‍ട്‌സ്‌ മന്ത്രി ഹഗ്‌ റോബര്‍ട്‌സണ്‍. 2018 ലെ ലോകകപ്പ്‌ വേദി ലഭിക്കുന്നത്‌ സംബന്ധിച്ചുയര്‍ന്ന കൈക്കൂലി വിവാദത്തില്‍ ഇത്‌ വരെ കര്‍ക്കശ നടപടി ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ സ്വീകരിച്ചിട്ടില്ലെന്നാണ്‌ റോബര്‍ട്‌സന്റെ പരാതിയുടെയും മുന്നറിയിപ്പിന്റെയും ആധാരം.
2018 ലെ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാന്‍ ഇംഗ്ലണ്ട്‌ ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഡേവിഡ്‌ ബെക്കാമിനെ പോലുളളവരുടെ പിന്‍ബലത്തിലും ബ്രിട്ടനെ മറികടന്ന്‌ റഷ്യ ടിക്കറ്റ്‌ നേടിയത്‌ അന്ന്‌ ആതിഥേയത്വം ശ്രമങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിരുന്ന റോബര്‍ട്‌സണ്‌ ആഘാതമായിരുന്നു. ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ നാല്‌ അംഗങ്ങള്‍ കൈക്കൂലി ചോദിച്ചത്‌ വന്‍ വിവാദമായിട്ടും യാതൊരു നടപടിയും പിന്നീട്‌ വന്നില്ല എന്ന പരാതി റോബര്‍ട്ട്‌സണ്‍ ആവര്‍ത്തിച്ചു.
ഇംഗ്ലണ്ടുകാര്‍ ഏറെ മോഹിച്ചിരുന്നു 2018 ലെ ലോകകപ്പ്‌. ദീര്‍ഘകാലമായി ലോകകപ്പിന്‌ കൊതിക്കുന്ന രാജ്യത്തിന്‌ വലിയ പ്രതീക്ഷകളുമുണ്ടായിരുന്നു. ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട്‌ ലോര്‍ഡ്‌ ട്രൈസ്‌മാന്‍ ചെയര്‍മാനായ ബിഡ്‌ കമ്മിറ്റി എല്ലാ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതിരുന്നതിനെ തുടര്‍ന്ന്‌ സംഭവത്തില്‍ ഇംഗ്ലണ്ട്‌ പാര്‍ലമെന്ററി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തില്‍ ബ്രിട്ടന്റെ പരാജയത്തിന്‌ കാരണം ഫിഫ എക്‌സിക്യൂട്ടീവ്‌ സമിതിയിലെ നാല്‌ പേര്‍-വൈസ്‌ പ്രസിഡണ്ട്‌ ജാക്‌ വാര്‍നര്‍, പരാഗ്വേയില്‍ നിന്നുള്ള നിക്കോളാസ്‌ ലിയോസ്‌, ബ്രസീലുകാരന്‍ റിക്കാര്‍ഡോ ടെക്‌സേര, തായ്‌ലാന്‍ഡുകാരന്‍ വോര്‍ഡവി മകൂദി എന്നിവര്‍ കൈക്കൂലി ചോദിച്ചത്‌ കൊണ്ടാണെന്ന്‌ ട്രൈസ്‌മാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇത്‌ വരെ സത്യസന്ധമായ ഒരന്വേഷണത്തിന്‌ ഫിഫ തലവന്‍ സെപ്‌ ബ്ലാറ്റര്‍ മുതിര്‍ന്നില്ല എന്നതാണ്‌ ബ്രിട്ടന്റെ പുതിയ പരാതി.
ലോകത്തെ ഏറ്റവും വലിയ കായിക സംഘടനായ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഫിഫ പോലുള്ള സംഘടന ഈ തലത്തില്‍ പിറകില്‍ നില്‍ക്കരുതെന്നാണ്‌ ബ്രിട്ടന്റെ ആവശ്യം. കൈക്കൂലി ചോദിച്ചവരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടും നടപടിയുണ്ടാവാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. സാള്‍ട്ട്‌ലെക്ക്‌ സിറ്റിയിലെ ശൈത്യകാല ഒളിംപിക്‌സ്‌ സംബന്ധിച്ച്‌ കൈക്കൂലി വിവാദമുയര്‍ന്നപ്പോള്‍ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റി കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു. ആ പാത ഫിഫ സ്വീകരിക്കണമെന്ന്‌ ഫിഫ നിര്‍ദ്ദേശിക്കുന്നു.

ഗോഹട്ടി: സമ്മര്‍ദ്ദ പോരാട്ടത്തില്‍ മുന്‍നിരക്കാരന്‍ ഫിറോസ്‌ കസറിയപ്പോള്‍ കേരളത്തിന്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ വിജയം. നിര്‍ണ്ണായകമായ അവസാന ക്ലസ്റ്റര്‍ പോരാട്ടത്തില്‍ താര്‍ഖണ്ഡിനെ മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ കേരളം പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കി. മൂന്ന്‌ ഗോളുകളും സ്വന്തമാക്കിയത്‌ ഫിറോസ്‌. ആദ്യ പകുതിയില്‍ ഒരു ഗോളിന്‌ മുന്നിട്ട്‌ നിന്ന മുന്‍ ചാമ്പ്യന്മാര്‍ ദയ കാണിക്കാത്ത പ്രകടനവുമായി രണ്ടം പകുതിയിലും കളം വാണു. ക്ലസ്‌റ്റര്‍ നാലിലെ ആദ്യ മല്‍സരത്തില്‍ ജമ്മു കാശ്‌മീരിനെ അഞ്ച്‌ ഗോളിന്‌ പരാജയപ്പെടുത്തിയ കേരളത്തിന്‌ രണ്ടാം മല്‍സരത്തില്‍ ചണ്ഡിഗറിനെതിരെ വിജയിക്കാനായിരുന്നില്ല. ഇത്‌ കാരണം അവസാന പോരാട്ടത്തില്‍ വിജയം നിര്‍ബന്ധമായി. ഇന്നലെ വൈകീട്ട്‌ നടന്ന മല്‍സരത്തില്‍ തുടക്കത്തില്‍ കേരളം പതറിയിരുന്നു. ചണിഡര്‍ സ്വീകരിച്ച നെഗറ്റീവ്‌ ഫുട്‌ബോളിലേക്ക്‌ താര്‍ഖണ്ഡും പ്രവേശിച്ചെങ്കിലും മുന്‍നിരക്കാര്‍ ആക്രമണം ശക്തമാക്കി കരുത്ത്‌ തെളിയിച്ചു. മികച്ച പ്രകടനം തന്നെയാണ്‌ ടീമിനെ തുണച്ചതെന്ന്‌ മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ നായകന്‍ ബിജേഷ്‌ ബെന്‍ പറഞ്ഞു.

ജയ്‌പ്പൂര്‍: രാഹുല്‍ ദ്രാവിഡ്‌ എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‌ വന്‍ മതില്‍... സാങ്കേതിക തികവില്‍ എല്ലാവരെയും തോല്‍പ്പിക്കുന്ന കരുത്തനായ മിസ്റ്റര്‍ കൂള്‍. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ക്ലാസിക്‌ സൗന്ദര്യത്തിന്റെ സുന്ദരമായ മുഖം. ക്രിക്കറ്റിന്‌ കൈവന്ന കാലോചിത മാറ്റത്തില്‍ അതിജീവനത്തിന്‌ പ്രയാസപ്പെട്ടവരില്‍ ദ്രാവിഡുണ്ടായിരുന്നു. ടി-20 ക്രിക്കറ്റിന്റെ രംഗ പ്രവേശത്തോടെ മുഖ്യധാരയില്‍ നിന്ന്‌ ദ്രാവിഡ്‌ അകന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ തുടക്കം മുതല്‍ അദ്ദേഹം ബാംഗ്ലൂര്‍ റോയല്‍സ്‌ സംഘത്തിലുണ്ടായിരുന്നു. ഇത്തവണ ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ്‌ നിരയില്‍ അവരുടെ നീല കുപ്പായത്തില്‍ ഓപ്പണറായും വണ്‍ ഡൗണ്ടായും അടിച്ചു തകര്‍ക്കുന്നു. സിക്‌സറുകളും ബൗണ്ടറികളുമായി റണ്‍വേട്ടയുടെ അതിവേഗതയിലേക്ക്‌ പ്രവേശിക്കാന്‍ തനിക്കാവുമെന്ന്‌ തെളിയിച്ച ദ്രാവിഡ്‌ സംസാര പ്രിയനല്ല. പക്ഷേ ഇത്തവണ രാജസ്ഥാന്‍ മുന്നേറുമെന്ന്‌ തന്നെ അദ്ദേഹം പറയുന്നു.
രാജസ്ഥാന്‍ റോയല്‍സ്‌ അവസാന നാലിലേക്ക്‌ വരുമോ
ഇനിയും മല്‍സരങ്ങളുണ്ട്‌. സാധ്യതകളും നിലനില്‍ക്കുന്നു. നന്നായി കളിക്കണം. ഇപ്പോള്‍ ആരുടെയും നില ഭദ്രമല്ല. അവിടെയാണ്‌ റോയല്‍സിന്‌ പ്രതീക്ഷ. ചില മല്‍സരങ്ങളില്‍ ടീം പ്രതീക്ഷിച്ച തരത്തില്‍ ഉയര്‍ന്നില്ല. ബൗളിംഗിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു.
വോണ്‍ എന്ന നായകന്‍
അല്‍ഭുതപ്പെടുത്തുന്നു എല്ലാവരെയും. നാല്‍പ്പത്‌ വയസ്സ്‌ കഴിഞ്ഞെന്ന്‌ തോന്നില്ല വോണിന്‌. അദ്ദേഹമാണ്‌ ഞങ്ങളെ പോലുള്ള സീനിയര്‍ താരങ്ങള്‍ക്ക്‌ ഊര്‍ജ്ജം. ടീമിനെ നയിക്കുമ്പോഴും ബൗള്‍ ചെയ്യുമ്പോഴും വോണ്‍ പ്രകടിപ്പിക്കുന്ന കരുത്ത്‌ അപാരമാണ്‌. എല്ലാവരിലും പോസീറ്റിവ്‌ എനര്‍ജി നിറക്കാന്‍ മിടുക്കന്‍.
ആരാവും ചാമ്പ്യന്മാര്‍
ഇത്‌ വരെയുള്ള പ്രകടനങ്ങള്‍ മുഖവിലക്കെടുത്ത്‌ പ്രവചിക്കുക പ്രയാസം. മുംബൈ ഇന്ത്യന്‍സ്‌ നന്നായി കളിച്ചിരുന്നു. പക്ഷേ കഴിഞ്ഞ മല്‍സരത്തിലവര്‍ പഞ്ചാബ്‌ കിംഗ്‌സിനോട്‌ പരാജയപ്പെടുവെന്ന്‌ മാത്രമല്ല ആകെ പതറി. ആരും ജയിക്കുന്ന ആരും പരാജയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പാണിത്‌.
ഗാംഗൂലിയുടെ തിരിച്ചുവരവ്‌
നന്നായി കളിച്ചല്ലോ സൗരവ്‌. ഞാന്‍ കണ്ടില്ല. പക്ഷേ കൂറെ കാലത്തിന്‌ ശേഷമുള്ള തിരിച്ചുവരവില്‍ അദ്ദേഹം പിടിച്ചുനിന്നു. സൗരവിന്‌ അത്‌ കഴിയും.

ചെന്നൈ: അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ഇന്ന്‌ വിരേന്ദര്‍ സേവാഗില്ലാത്ത, ജെയിംസ്‌ ഹോപ്‌സിന്റെ ഡല്‍ഹി ചെകുത്താന്മാരുമായി കളിക്കുന്നു. സ്വന്തം തട്ടകത്ത്‌ നടക്കുന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയവും അത്‌ വഴി ടേബിളില്‍ മുംബൈക്കൊപ്പം ഒന്നാം സ്ഥാനവുമായി ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ മല്‍സരത്തല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സ്‌ പഞ്ചാബ്‌ കിംഗ്‌സിന്‌ മുന്നില്‍ പരാജയപ്പെട്ടത്‌ മുന്നില്‍ കുതിക്കാന്‍ ചെന്നൈക്ക്‌ അവസരം നല്‍കിയിട്ടുണ്ട്‌. പതിനൊന്ന്‌ മല്‍സരങ്ങളാണ്‌ ഇതിനകം രണ്ട്‌ ടീമുകളും കളിച്ചത്‌. പതിനാറ്‌ പോയന്റുണ്ട്‌ മുംബൈക്ക്‌. ചെന്നൈക്ക്‌ പതിനാലും. അത്രയു മല്‍സരങ്ങള്‍ തന്നെ കളിച്ച ഡല്‍ഹിക്ക്‌ സാധ്യത കുറവാണ്‌. എട്ട്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഇനിയുള്ള എല്ലാ മല്‍സരങ്ങളും വിജയിച്ചാല്‍ തന്നെയും ഡല്‍ഹിക്കാര്‍ക്ക്‌ അവസാന നാല്‌ ബാലികേറാമലയാണ്‌. മറ്റുള്ളവരുടെ തോല്‍വിക്കായി കാത്തിരിക്കണം.
ഇന്ന്‌ ഓസ്‌ട്രേലിയക്കാരന്‍ ഹോപ്‌സാണ്‌ ടീമിനെ നയിക്കുന്നത്‌. ചുമലിലെ ശസ്‌ത്രക്രിയക്കായി പോവുന്ന സേവാഗിന്റെ സ്ഥാനത്ത്‌ ആര്‌ ഇറങ്ങുമെന്ന്‌ വ്യക്തമല്ല.

അസ്‌ലാം ഷാ ഹോക്കി
ഇന്ത്യയെ പാക്കിസ്‌താന്‍ പരാജയപ്പെടുത്തി
ഇപ്പോ: സുല്‍ത്താന്‍ അസ്‌്‌ലം ഷാ ഹോക്കിയിലെ നിലവിലെ സംയുക്ത ജേതാക്കളായ ഇന്ത്യക്ക്‌ കനത്ത ആഘാതം. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്‌താനോട്‌ പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകളും മങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട്‌ മല്‍സരങ്ങള്‍ പരാജയപ്പെട്ട പാക്കിസ്‌താന്‌ ഈ വിജയം വഴി അടുത്ത ഘട്ട സാധ്യത നിലനിര്‍ത്താനുമായി. പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധന്‍ സന്ദീപ്‌ സിംഗിന്റെ അഭാവമാണ്‌ ഇന്ത്യക്ക്‌ പ്രശ്‌നമായത്‌. അതറിഞ്ഞ്‌ തന്നെ പാക്കിസ്‌താന്‍ കളിക്കുകയും ചെയ്‌തു.
സമീപകാലത്ത്‌ നടന്ന മല്‍സരങ്ങളില്ലെല്ലാം ഇന്ത്യക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ പാക്കിസ്‌താന്‌ കണക്ക്‌ തീര്‍ക്കുന്ന വിജയമായി ഇത്‌. ലോകകപ്പ്‌ ഹോക്കിയിലും ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും കഴിഞ്ഞ അസ്‌ലം ഷാ ഹോക്കിയിലും ഗുവാന്‍ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു വിജയം. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലെ വലിയ തോല്‍വിക്ക്‌ ശേഷം തീരിച്ചുവരാനുള്ള അവസാന പോരാട്ടമായി എല്ലാവരും ഈ കളിയെ കണ്ടതാണ്‌ വിജയത്തിന്‌ കാരണമെന്ന്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ ഇമ്രാന്‍ പറഞ്ഞു. സന്ദീപ്‌ സിംഗിന്റെ അഭാവമാണ്‌ പാക്കിസ്‌താന്‍ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ദഗതിയിലാണ്‌ മല്‍സരമാരംഭിച്ചത്‌. കാണികള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിന്റെ ആവേശത്തിനൊപ്പമെത്താന്‍ പ്രയാസപ്പെട്ട ഇന്ത്യയെ പാക്കിസ്‌താനാണ്‌ വേഗതയില്‍ വിറപ്പിച്ചത്‌. പക്ഷേ മല്‍സരത്തിലെ ആദ്യ പെനാല്‍ട്ടി കോര്‍ണര്‍ പതിനാലാം മിനുട്ടില്‍ ഇന്ത്യക്കായിരുന്നു. സന്ദീപ്‌ സിംഗിന്റെ അഭാവത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഇന്ത്യക്കായില്ല. പതിനാറാം മിനുട്ടില്‍ പാക്കിസ്‌താന്‍ വലയില്‍ ശിവേന്ദ്രസിംഗ്‌ പന്തെത്തിച്ചു. മഹാദിക്കിന്റെ ഷോട്ട്‌ റീബൗണ്ട്‌ ചെയ്‌തപ്പോള്‍ അവസരം പാര്‍ത്ത ശിവേന്ദ്ര പന്തിനെ വലയിലേക്ക്‌ ആനയിച്ചു. പക്ഷേ അമ്പയര്‍ ഗോള്‍ അനുവദിച്ചില്ല. ഇരുപത്തിയൊന്നാം മിനുട്ടില്‍ ഇന്ത്യക്ക്‌ രണ്ടാം പെനാല്‍ട്ടി കോര്‍ണര്‍. ഇത്തവണ രുപിന്ദര്‍ പാല്‍ സിംഗ്‌ പന്ത്‌ വലയിലാക്കി. തിരിച്ചടിക്കാന്‍ ആക്രമണം ശക്തമാക്കിയ പാക്കിസ്‌താന്‌ അനുകൂലമായി ഇരുപത്തിയഞ്ചാം മിനുട്ടില്‍ പെനാല്‍ട്ടി കോര്‍ണര്‍. അവരുടെ വെറ്ററന്‍ കോര്‍ണര്‍ വിദഗ്‌ദ്ധന്‍ സുഹൈല്‍ അബാസിന്‌ പക്ഷേ അവസരം ഉപയോഗപ്പെടുത്താനായില്ല.
മുപ്പത്തിമൂന്നാം മിനുട്ടില്‍ ഇന്ത്യക്ക്‌ വീണ്ടും പെനാല്‍ട്ടി കോര്‍ണര്‍. എന്നാല്‍ ഇത്തവണ രുപീന്ദര്‍ പാലിന്റെ ഫ്‌ളിക്ക്‌ ഗോള്‍ക്കീപ്പര്‍ ഇമ്രാന്‍ ഷാ തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു ഗോളിന്‌ മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ പാക്കിസ്‌താന്‍ കൂടുതല്‍ അപകടകാരികളായി. രേഹാന്‍ ഭട്ടും ഷക്കീല്‍ അബാസും അതിവേഗതയില്‍ നീങ്ങി. രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ക്ക്‌ ശേഷം നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ ഉമര്‍ ഭട്ട്‌ പാക്കിസ്‌താനെ ഒപ്പമെത്തിച്ചു. ഈ ഗോളോടെ ഇന്ത്യ തളര്‍ന്നു. അവസരം മുതലാക്കിയ പാക്കിസ്‌താന്‍ അമ്പത്തിയഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന്‌ മുഹമ്മദ്‌ ഇംറാന്റെ മികവില്‍ ഗോള്‍ നേടി. മൂന്ന്‌ മിനുട്ടിനകം സുഹൈല്‍ അബാസിന്റെ മികവില്‍ പാക്കിസ്‌താന്‍ വീണ്ടും ഗോള്‍ നേടി.
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയ 4-2ന്‌ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ടേബിളില്‍ ഒന്നാമത്‌ വന്നു. തകര്‍പ്പന്‍ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കൊറിയക്കാരാണ്‌ നടത്തിയത്‌. പക്ഷേ ഗോള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

അടുത്ത ലോകകപ്പില്‍ യോഗ്യതാ റൗണ്ട്‌
ലണ്ടന്‍: 2015 ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ അസോസിയേറ്റ്‌ രാജ്യങ്ങള്‍ക്കായി യോഗ്യതാ മല്‍സരങ്ങള്‍ ഐ.സി.സി നിര്‍ദ്ദേശിച്ചു. പ്രമുഖ ടീമുകള്‍ മാത്രമായിരിക്കും അടുത്ത ലോകകപ്പിനെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ ഐ.സി.സിയുടെ ദ്വിദിന എക്‌സിക്യൂട്ടീവ്‌ കൊച്ചു രാജ്യങ്ങളുടെ സഹായത്തിനെത്തിയത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഡി.ആര്‍.എസ്‌ സമ്പ്രദായം നടപ്പിലാക്കും. അമ്പയറുടെ തീരുമാനം തെറ്റായാല്‍ ടീമുകള്‍ക്ക്‌ അപ്പീല്‍ നല്‍കാനുള്ള അവസരമാണ്‌ ഡി.ആര്‍.എസ്‌ ഒരുക്കുന്നത്‌. പകലും രാത്രിയുമായി നടക്കുന്ന ഫസ്‌റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം പിങ്ക്‌ നിറത്തിലുള്ള പന്ത്‌ ഉപയോഗിക്കാം. റണ്ണറെ നിയോഗിക്കുന്ന കാര്യത്തില്‍ പ്രതികൂലമായ തീരുമാനവുമുണ്ട്‌. എക്‌സിക്യൂട്ടീവ്‌ തീരുമാനങ്ങള്‍ അടുത്ത മാസം ഹോംഗ്‌കോംഗില്‍ നടക്കുന്ന ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗീകരിക്കണം.

ജയ്‌പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിലെ 55-ാമത്‌ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും കൂറ്റനടിക്കാരായ ബാംഗ്ലൂകാരെ വിറപ്പിക്കാനുള്ള സ്‌ക്കോര്‍ നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നില്ല. 146 റണ്‍സാണ്‌ അവര്‍ സ്വന്തമാക്കിയത്‌. പതിവ്‌ പോലെ ഓപ്പണര്‍മാരായ ഷെയിന്‍ വാട്ട്‌സണും രാഹുല്‍ ദ്രാവിഡും നല്ല തുടക്കം നല്‍കി. വിക്കറ്റ്‌ പോവാതെ 72 റണ്‍സ്‌ എന്ന നിലയിലാണ്‌ വാട്ട്‌സണ്‍ പുറത്തായത്‌. പിന്നീട്‌ വന്നവരാര്‍ക്കും ആക്രമിച്ച്‌ കളിക്കാനായില്ല. 31 പന്തില്‍ 37 റണ്‍സുമായി ദ്രാവിഡ്‌ ടോപ്‌ സ്‌ക്കോററായി. ആറ്‌ ബൗണ്ടറികള്‍ അദ്ദേഹം പായിച്ചു. പക്ഷേ കൂടുതല്‍ ആക്രമണം നടത്തിയത്‌ ഓസ്‌ട്രേലിയക്കാരന്‍ വാട്ട്‌സണായിരുന്നു. 29 പന്തില്‍ അദ്ദേഹം 34 റണ്‍സ്‌ വാരിക്കൂട്ടി. രണ്ട്‌ സിക്‌സറുകളും മൂന്ന്‌ ബൗണ്ടറികളുമായി ബാംഗ്ലൂരിനെ വിറപ്പിക്കുന്നതില്‍ വാട്ട്‌സണ്‍ വിജയിച്ചു. പക്ഷേ എസ്‌.അരവിന്ദ്‌ എന്ന ബൗളറുടെ കരുത്തില്‍ വാട്ട്‌സണ്‍ മാത്രമല്ല ദ്രാവിഡും ജഹാന്‍ ബോത്തയും പുറത്തായി. പത്ത്‌ പന്തില്‍ 17 റണ്‍സുമായി രഹാനെ റണ്ണൗട്ടായപ്പോള്‍ ന്യൂസിലാന്‍ഡുകാരന്‍ റോസ്‌ ടെയ്‌ലര്‍ വീണ്ടും നിരാശപ്പെടുത്തി. സഹീര്‍ഖാന്‌ വിക്കറ്റൊന്നും ലഭിച്ചില്ല. പക്ഷേ അരവിന്ദ്‌ 34 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കി,
മറുപടി പതിവ്‌ പോലെ സ്‌ഫോടനാത്മകമായിരുന്നു. ക്രിസ്‌ ഗെയിലും തിലകരത്‌നെ ദില്‍ഷാനും ചേര്‍ന്ന്‌ പ്രതിയോഗികളെ ഇല്ലാതാക്കി.