Saturday, May 14, 2011

GAYLE SHOW



വീണ്ടും ഗെയ്‌ല്‍ താണ്ഡവം
ബംഗളൂരു: ക്രിസ്‌ ഗെയ്‌ലിന്റെ ( 12 പന്തില്‍ 38) സ്‌ഫോടനാത്മക ബാറ്റിംഗ്‌ ഒരിക്കല്‍ കൂടി രക്ഷക്കെത്തിയപ്പോള്‍ മഴ ഇടവേളയിട്ട മത്സരം നാലുവിക്കറ്റിന്‌ സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ അവസാന നാലില്‍ ഇരിപ്പുറപ്പിച്ചു. മഴമൂലം 13 ഓവര്‍ ആക്കിച്ചുരുക്കിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ നാലു വിക്കറ്റിന്‌ 89 റണ്‍സെടുത്തു. ഗെയ്‌ല്‍ നല്‍കിയ തുടക്കം മുതലെടുത്ത്‌ ബാംഗ്ലൂര്‍ മൂന്ന്‌ പന്ത്‌ ശേഷിക്കേ ലക്ഷ്യത്തിലെത്തി.
13 ഓവറില്‍ 102 റണ്‍സ്‌ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക്‌ രണ്ട്‌ അതികായരാണ്‌ ഇന്നിംഗ്‌സ്‌ തുറന്നത്‌. ഗെയ്‌ലിനൊപ്പം ലൂക്‌ പോമര്‍ബാച്ചായിരുന്നു മറുതലക്കല്‍. ഗെയ്‌ല്‍ രണ്ട്‌ സിക്‌സറും ആറു ബൗണ്ടറിയും കൊണ്ട്‌ തകര്‍ത്താടിയപ്പോള്‍ പോമര്‍ബാച്ചിന്‌ (14പന്തില്‍ 16) വമ്പന്‍ പ്രകടനം കാഴ്‌ചവെക്കാനായില്ല. ബ്രെറ്റ്‌ലീയുടെ പന്തില്‍ കാലിസ്‌ പിടിച്ചാണ്‌ ഗെയ്‌ല്‍ പുറത്തായത്‌. വിരാട്‌ കോഹ്‌്‌ലി (15), എബി ഡിവില്ലിയേഴ്‌സ്‌ (13നോട്ട്‌ഔട്ട്‌), മുഹമ്മദ്‌ കൈഫ്‌ (15) എന്നിവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. കാലിസ്‌ മൂന്നോവറില്‍ 16 റണ്‍സിന്‌ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി.
മഴമൂടിയ അന്തരീക്ഷത്തില്‍ ടോസ്‌ നേടിയ ബാംഗ്ലൂര്‍ ബൗളിംഗ്‌ തെരഞ്ഞെടുത്തു. അഞ്ചോവറില്‍ 30 റണ്‍സിന്‌ മൂന്നു വിക്കറ്റ്‌ നഷ്ടമായി പതറുകയായിരുന്ന കൊല്‍ക്കത്തയെ യൂസുഫ്‌ പത്താന്‍ മുന്നോട്ടു നയിച്ചു. ജാക്‌ കാലിസും (14 പന്തില്‍ 17) ഇവോന്‍ മോര്‍ഗനുമാണ്‌ ഇന്നിംഗ്‌സ്‌ ആരംഭിച്ചത്‌. രണ്ടു റണ്‍സെടുത്ത മോര്‍ഗനെ സഹീര്‍ഖാന്‍ ലൂകാസ്‌ പോമര്‍ബാച്ചിന്റെ കൈകളിലെത്തിച്ചു. ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറിനെ (ഏഴ്‌) ശ്രീനാഥ്‌ അരവിന്ദും മടക്കി.
പിന്നീട്‌ ക്രീസിലെത്തിയ പത്താന്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നതിനിടെ മഴയെത്തി. മഴക്കു ശേഷം കളി പുനരാംരംഭിച്ചത്‌ ഏഴോവര്‍ ചുരുക്കിക്കൊണ്ടാണ്‌. പത്താനില്‍ വിശ്വാസമര്‍പ്പിച്ച കൊല്‍ക്കത്തക്ക്‌ അധികസമയം ഗുജറാത്തുകാരന്റെ സേവനം ലഭിച്ചില്ല. മൂന്നു സിക്‌സറും രണ്ട്‌ ബൗണ്ടറിയുമടക്കം 24 പന്തില്‍ 36 റണ്‍സെടുത്ത്‌ യൂസുഫ്‌ തിരിച്ചുകയറി. ലാംഗ്‌വെല്‍ട്ടിന്റെ പന്തില്‍ യൂസുഫിന്റെ ദുര്‍ബല ഷോട്ട്‌ മിഥുന്‍ അനായാസം കൈയിലൊതുക്കി. മനോജ്‌ തിവാരി 24 പന്തില്‍ 19 റണ്‍സെടുത്തു. ലാംഗ്‌വെല്‍ട്ട്‌ മൂന്നോവറില്‍ പത്തു റണ്‍സ്‌ നല്‍കി രണ്ടു പേരെ പുറത്താക്കി.

സച്ചിന്‌ പോളി ഉമ്രിഗര്‍
പുരസ്‌കാരം
മുംബൈ: 2009-10 ലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യയുടെ ഐക്കണ്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ഈ മാസം 31ന്‌ മുംബൈയില്‍ നടക്കുന്ന ബി.സി.സി.ഐ അവാര്‍ഡുകളുടെ നാലാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരം സച്ചിന്‌ സമ്മാനിക്കും. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യക്ക്‌ വീണ്ടും ലോകകപ്പ്‌ സമ്മാനിച്ച ടീമംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. അതേ ചടങ്ങില്‍ സി.കെ നായിഡു ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരവും സമ്മാനിക്കും. പുരസ്‌കാരജേതാവിനെ ഈ മാസം 27ന്‌ അറിയാം. ട്രോഫിയും 15 ലക്ഷം രൂപയുമാണ്‌ സമ്മാനമെന്ന്‌ ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നേട്ടമുണ്ടാക്കിയവര്‍ക്കെല്ലാം അന്ന്‌ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.
2009-10 സീസണില്‍ സച്ചിന്റെ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ചാണ്‌ പോളി ഉമ്രിഗര്‍ അവാര്‍ഡ്‌ സൂപ്പര്‍ താരത്തിന്‌ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. സീസണില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ച്‌ സെഞ്ച്വറിയുമുള്‍പ്പെടെ 10 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ 1064 റണ്‍സും 12 ഏകദിനങ്ങളില്‍ നിന്ന്‌ 695 റണ്‍സും സൂപ്പര്‍ താരം സ്വന്തമാക്കി. 2010 ഫെബ്രുവരി രണ്ടിനായിരുന്നു ഏകദിന ചരിത്രത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിക്ക്‌ സച്ചിന്‍ ഉടമയായത്‌. ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 200 റണ്‍സെടുത്തു കൊണ്ടായിരുന്നു അത്‌. ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ 175 റണ്‍സടിക്കാനും സച്ചിനും കഴിഞ്ഞു. ട്രോഫിയും അഞ്ച്‌ ലക്ഷം രൂപയുടെ ചെക്കുമായിരിക്കും സച്ചിന്‌ സമ്മാനം.

മുരളി ന്യൂസിലാന്റില്‍
കളിക്കും
വെല്ലിംഗ്‌ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കന്‍ ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ ന്യൂസിലാന്റിലെ ആഭ്യന്തര ട്വന്റി20യില്‍ കളിക്കും. വെല്ലിംഗ്‌ടണ്‍ ഫയര്‍ബേഡ്‌സുമായി മുരളി കരാര്‍ ചെയ്‌തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഒരു താരത്തിന്റെ സേവനം ലഭിക്കുന്നത്‌ വെല്ലിംഗ്‌ടണ്‌ വലിയൊരു ഉത്തേജനമാണെന്ന്‌ വെല്ലിംഗ്‌ടണ്‍ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഗാവിന്‍ ലാര്‍സെന്‍ അഭിപ്രായപ്പെട്ടു. ന്യൂസിലാന്റില്‍ കളിക്കുന്നത്‌ എപ്പോഴും ആസ്വദിച്ചിട്ടുണ്ടെന്നും വിനോദയാത്രക്കും ക്രിക്കറ്റ്‌ കളിക്കാനുമെല്ലാം പറ്റിയ ഒരു മികച്ച രാജ്യമാണ്‌ ന്യൂസിലാന്റെന്നും മുരളിയും പറഞ്ഞു.

വിന്‍ഡീസ്‌ പര്യടനം:
ടെസ്റ്റില്‍ സ്ഥാനമുറപ്പിക്കാന്‍
അവസരം: യുവരാജ്‌
മുംബൈ: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ ടെസ്റ്റ്‌ ടീമില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ്‌ താനെന്ന്‌ ഇന്ത്യയുടെ പ്രമുഖ മധ്യനിര ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിംഗ്‌. 'അമ്പതോവര്‍ ക്രിക്കറ്റില്‍ നന്നായി കളിച്ചുകൊണ്ട്‌ ടെസ്റ്റ്‌ സംഘത്തില്‍ എന്റെ സ്ഥാനമുറപ്പിക്കുകയാണ്‌ ലക്ഷ്യം.' യുവരാജ്‌ പറഞ്ഞു. യുവതാരങ്ങള്‍ക്ക്‌ ശ്രദ്ധേയ പ്രകടനം കാഴ്‌ചവെക്കാന്‍ മികച്ച അവസരമാണിതെന്നും യുവിപറഞ്ഞു.
സഹീര്‍ കളിക്കുന്നില്ലെങ്കില്‍ ബൗളിംഗ്‌ ആക്രമണത്തില്‍ അനുഭവ സമ്പത്തിന്റെ അഭാവമുണ്ടാകും. നെഹ്‌റക്ക്‌ പരിക്കേറ്റിരിക്കുകയാണ്‌. യുവതാരങ്ങള്‍ക്ക്‌ തിളങ്ങാന്‍ മികച്ച അവസരമാണിത്‌. അവര്‍ക്ക്‌ പരമാവധി മുന്‍നിരയിലേക്ക്‌ കൊണ്ടുവരണം. യുവബൗളര്‍മാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കാനുള്ള അതിയായ ആഗ്രഹത്തിലാണെന്ന്‌ എനിക്കുറപ്പുണ്ട്‌.

സ്ഥിരത പുലര്‍ത്താനായില്ല
ജയവര്‍ദ്ദനെ
ഇന്‍ഡോര്‍: കൊച്ചി ടസ്‌കേഴ്‌സ്‌ കേരളക്ക്‌ സ്ഥിരത കാഴ്‌ചവെക്കാനായില്ലെന്ന്‌ നായകന്‍ മഹേല ജയവര്‍ദ്ദനെ. ഇന്‍ഡോറില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിനോട്‌ പരാജയപ്പെട്ടതോടെ ടസ്‌കേഴ്‌സിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ നഷ്ടമായിരുന്നു. ആദ്യം ബാറ്റുചെയ്‌ത്‌ നേടിയ 176 റണ്‍സ്‌ കൊച്ചിക്ക്‌ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ആറു വിക്കറ്റിനായിരുന്നു തോല്‍വി.
'സെമി സാധ്യതകള്‍ അവസാനിച്ചത്‌ വളരെ നിരാശാജനകമാണ്‌. ഞങ്ങള്‍ക്ക്‌ മികച്ച അവസരമുണ്ടായിരുന്നു. അവയൊന്നും ഉപയോഗപ്പെടുത്താനായില്ല. സ്ഥിരത പുലര്‍ത്താനാകാതെ പോയതാണ്‌ ടീമിന്‌ പ്രധാന തിരിച്ചടിയായത്‌. വിജയിക്കണമെങ്കില്‍ സാഹചര്യങ്ങളെ വിജയത്തിലേക്ക്‌ മാറ്റാന്‍ നിങ്ങല്‍ക്ക്‌ കഴിയണം. നിര്‍ണായക നിമിഷങ്ങളില്‍ ഞങ്ങള്‍ക്കത്‌ സാധിച്ചില്ല. സീസണില്‍ ഞങ്ങളുടെ പ്രകടനങ്ങളില്‍ നിന്ന്‌ നല്ലചില പാഠങ്ങള്‍ കിട്ടിയിട്ടുണ്ട്‌.

ദ്യോകോവിച്ച്‌ സെമിയില്‍
(ചിത്രം; എസ്‌.പി ദ്യോകോവിച്ച്‌. ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസില്‍ സോഡര്‍ലിംഗിനെതിരെ റിട്ടേണ്‍ പായിക്കുന്ന നൊവാക്‌ ദ്യോകോവിച്ച്‌.)
റോം: ഉജ്ജ്വല ഫോമിലുള്ള സെര്‍ബ്‌ ടെന്നീസ്‌ താരം നൊവാക്‌ ദ്യോകോവിച്ച്‌ കുതിപ്പ്‌ തുടരുന്നു. ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചാം സീഡ്‌ സ്വീഡന്റെ റോബിന്‍ സോഡര്‍ലിംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തകര്‍ത്ത ദ്യോകോവിച്ച്‌ സെമിയില്‍ കടന്നു. ഇതോടെ സീസണില്‍ സെര്‍ബ്‌ താരത്തിന്റെ പരാജയമില്ലാത്ത കുതിപ്പുകളുടെ എണ്ണം 35ആയി. 6-3, 6-0 സ്‌കോറിനാണ്‌ സോഡര്‍ലിംഗിനെ ദ്യോകോവിച്ച്‌ മലര്‍ത്തിയടിച്ചത്‌.
രണ്ടാം സീഡ്‌ ദ്യോകോവിച്ചിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ രണ്ടുവട്ട ഫ്രഞ്ച്‌ ഓപണ്‍ റണ്ണറപ്പായ സോഡര്‍ലിംഗിനായില്ല. മത്സരത്തിനിടെ വലതു കാല്‍മുട്ടിന്‌ പരിക്കേറ്റതും സ്വീഡിഷ്‌ താരത്തിന്‌ തിരിച്ചടിയായി. 2011ല്‍ ആറു കിരീടങ്ങള്‍ നേടിയ ദ്യോകോവിച്ച്‌ 1984ല്‍ ജോണ്‍ മക്കന്‍റോ സ്ഥാപിച്ച 42-0 റെക്കോര്‍ഡ്‌ ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്‌.
നേരത്തേ ഒന്നാം സീഡ്‌ റാഫേല്‍ നദാലും ബ്രിട്ടന്റെ ആന്‍ഡി മുറേയും അവസാന നാലിലിടം പിടിച്ചിരുന്നു. പനിയെ അവഗണിച്ച്‌ കളിച്ച നദാല്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ 6-1, 6-3ന്‌ തോ|ിച്ചതോടെ കിരീടം നേടിയില്ലെങ്കിലും ഒന്നാം റാങ്ക്‌ തല്‍ക്കാലം നഷ്ടമാകില്ലെന്നായി. റോം മാസ്‌റ്റേഴ്‌സില്‍ തന്റെ 30-ാം വിജയമാണ്‌ നദാല്‍ കരസ്ഥമാക്കിയത്‌. ടോപ്‌ സീഡ്‌ കരോലിന വോസ്‌നിയാക്കി അഞ്ചാം റാങ്കും രണ്ടുവട്ട മുന്‍ ചാമ്പ്യനുമായ യെലേന യാങ്കോവിച്ചിനെ കീഴടക്കി (6-3, 1-6, 6-3). നാലാം സീഡ്‌ ചൈനയുടെ ലിന 6-3, 6-1ന്‌ ഗ്രേറ്റ ആര്‍ണിനെ പരാജയപ്പെടുത്തി. 4-6, 3-0ന്‌ മുന്നിട്ടു നില്‍ക്കുകയായിരുന്ന മരിയ ഷറപ്പോവ എതിരാളി വിക്ടോറിയ അസാരങ്കെയുടെ പിന്മാറ്റത്തോടെ അടുത്ത റൗണ്ടില്‍ കടന്നു.

ബൗളര്‍മാരുടെ ദിനം
വിന്‍ഡീസ്‌ മുന്നില്‍
(ചിത്രം; എസ്‌.പി ബിഷൂ. നാലുവിക്കറ്റ്‌ വീഴ്‌ത്തി പാകിസ്‌താനെ തകര്‍ത്ത വെസ്റ്റിന്‍ഡീസ്‌ സ്‌പിന്നര്‍ ദേവേന്ദ്ര ബിഷൂ)
ഗയാന: വെസ്‌റ്റിന്‍ഡീസ്‌-പാകിസ്‌താന്‍ ഒന്നാം ടെസ്റ്റില്‍ ബൗളര്‍മാരുടെ വാഴ്‌ച. രണ്ടാം ദിവസം 13 വിക്കറ്റുകള്‍ നിലം പൊത്തിയപ്പോള്‍ വെസ്‌റ്റിന്‍ഡീസ്‌ ഡ്രൈവിംഗ്‌ സീറ്റില്‍ 226 റണ്‍സിന്‌ ആതിഥേയ ബാറ്റ്‌സ്‌മാന്‍മാരെ കൂടാരം കയറ്റിയ പാകിസ്‌താന്‍ 160 റണ്‍സിന്‌ പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യുന്ന വിന്‍ഡീസിന്‌ 34 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ്‌ നഷ്ടമായി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടു വിക്കറ്റ്‌ ശേഷിക്കേ വിന്‍ഡീസ്‌ 100 റണ്‍സിന്‌ മുന്നിലാണ്‌. നാലു വിക്കറ്റുമായി അരങ്ങേറ്റ ടെസ്റ്റ്‌ ഗംഭീരമാക്കിയ ലെഗ്‌ സ്‌പിന്നര്‍ ദേവേന്ദ്ര ബിഷൂവും മൂന്നു വിക്കറ്റെടുത്ത രവി രാംപോളുമാണ്‌ പാകിസ്‌താനെ തകര്‍ത്തത്‌. ഡാരന്‍ സമ്മി രണ്ടു പേരെ പുറത്താക്കി.
ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റിന്‌ 209 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ്‌ അവസാന വിക്കറ്റില്‍ 17 റണ്‍സ്‌ കൂടി ചേര്‍ത്തു. കെമറോഷിനെ വീഴ്‌ത്തി സഈദ്‌ അജ്‌മല്‍ അഞ്ചു വിക്കറ്റ്‌ നേട്ടം കരസ്ഥമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്‌താന്‌ തുടക്കത്തിലേ വിക്കറ്റ്‌ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ രവി രാംപോളിന്റെ പന്തില്‍ മുഹമ്മദ്‌ ഹഫീസിന്റെ വിക്കറ്റ്‌ തെറിച്ചു. തൗഫീഖ്‌ ഉമറിനു പങ്കാളിയായെത്തിയ അസ്‌ഹര്‍ അലി ഭേദപ്പെട്ട സ്‌കോറിലേക്ക്‌ ടീമിനെ നയിച്ചു.
പ്രതിരോധത്തിലൂന്നിയായിരുന്നു പാക്‌ ബാറ്റിംഗ്‌. ഇരുവരും 52 റണ്‍സ്‌ കൂടി ചേര്‍ത്തു. ഇരുവരേയും പുറത്താക്കിയ ക്യാപ്‌റ്റന്‍ ഡാരന്‍ സമ്മിയാണ്‌ ദ്വീപുകാരെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌. 62 പന്തില്‍ 19 റണ്‍സുമായി ചെറുത്തു നില്‍പ്പിന്‌ ശ്രമിക്കുകയായിരുന്ന തൗഫീഖ്‌ ഉമറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ സമ്മി മൂന്നു റണ്‍സിന്റെ ഇടവേളയില്‍ അസ്‌ഹര്‍ അലിയെ (34) ബൗള്‍ഡാക്കി.
ക്യാപ്‌റ്റന്‍ മിസ്‌ബാഹുല്‍ ഹഖും ആസാദ്‌ ശഫീഖും പെട്ടെന്നു മടങ്ങി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ്‌ സല്‍മാനും പിടിച്ചു നില്‍ക്കാനായില്ല. ഉമര്‍ അക്‌മല്‍ (33), അബ്ദുറഹ്‌്‌മാന്‍ (പുറത്താകാതെ 40) എന്നിവരുടെ പ്രകടനമാണ്‌ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ പാകിസ്‌താനെ രക്ഷിച്ചത്‌. ബിഷൂ ആറ്‌ മെയ്‌ഡനടക്കം 25 ഓവറില്‍ 68 റണ്‍സ്‌ നല്‍കിയായിരുന്നു ബിഷൂവിന്റെ നാലു വിക്കറ്റ്‌ പ്രകടനം. രാംപോള്‍ 17 ഓവറില്‍ 27 റണ്‍സ്‌ നല്‍കിയാണ്‌ മൂന്നു പേരെ പുറത്താക്കിയത്‌. സമ്മി 12 ഓവറില്‍ രണ്ടു പേരെ പുറത്താക്കി. മിസ്‌ബാഹുല്‍ ഹഖ്‌, ആസാദ്‌ ശഫീഖ്‌, ഉമര്‍ അക്‌മല്‍, മുഹമ്മദ്‌ സല്‍മാന്‍ എന്നിവരുടെ വിക്കറ്റാണ്‌ ബിഷൂ സ്വന്തമാക്കിയത്‌.
സ്‌കോര്‍ ബോര്‍ഡ്‌:
വെസ്‌റ്റിന്‍ഡീസ്‌-(ഒന്നാം ഇന്നിംഗ്‌സ്‌): സ്‌മിത്ത്‌ ബി ഹഫീസ്‌ -13, സിമ്മണ്‍സ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -49, ബ്രാവോ എല്‍ബിഡബ്ലിയു ബി റിയാസ്‌ -25, സര്‍വന്‍ സി സല്‍മാന്‍ ബി അബ്ദുറഹ്‌്‌മാന്‍ -23, ചന്ദര്‍പോള്‍ ബി അജ്‌മല്‍ -27, നാഷ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -അഞ്ച്‌, ബഫ്‌ എല്‍ബിഡബ്ലിയു ബി അജ്‌മല്‍ -നാല്‌, സമ്മി സി ഉമര്‍അക്‌മല്‍ ബി അബ്ദുറഹ്‌്‌്‌മാന്‍ -12, കെമറോഷ്‌ സി അസ്‌ഹര്‍ അലി ബി അജ്‌മല്‍ -24, രാംപോള്‍ എല്‍ബിഡബ്ലിയു ബി ഹഫീസ്‌ -14, ബിഷൂ (നോട്ട്‌ഔട്ട്‌) -15. (എക്‌സ്‌ട്രാസ്‌ -15). ആകെ (98 ഓവറില്‍) -226. വിക്കറ്റ്‌ വീഴ്‌ച: 1-15, 2-71, 2-81* (സിമ്മണ്‍സ്‌ റിട്ടേര്‍ഡ്‌) 3-127, 4-136, 5-142, 6-159, 7-162, 8-175, 9-198, 10-226. ബൗളിംഗ്‌: ഉമര്‍ഗുല്‍ 13-0-40-0, മുഹമ്മദ്‌ ഹഫീസ്‌ 13-5-22-2, അബ്ദുറഹ്‌്‌മാന്‍ 29-11-51-2, സഈദ്‌ അജ്‌മല്‍ 33-14-69-5, വഹബ്‌ റിയാസ്‌ 10-1-32-1.
പാകിസ്‌താന്‍ (ഒന്നാം ഇന്നിംഗ്‌സ്‌):ഹഫീസ്‌ ബി രാംപോള്‍ -നാല്‌, തൗഫീഖ്‌ ഉമര്‍ എല്‍ബിഡബ്ലിയു ബി സമ്മി -19, അസ്‌ഹര്‍അലി ബി സമ്മി -34, മിസ്‌ബാഹ്‌ എല്‍ബിഡബ്ലിയു ബി ബിഷൂ -രണ്ട്‌, ശഫീഖ്‌ എല്‍ബിഡബ്ലിയു -രണ്ട്‌, ഉമര്‍ അക്‌മല്‍ സി ബഫ്‌ ബി ബിഷൂ -33, സല്‍മാന്‍ എല്‍ബിഡബ്ലിയു ബി ബിഷൂ -നാല്‌, അബ്ദുറഹ്‌്‌്‌മാന്‍ (നോട്ട്‌ഔട്ട്‌) -40, ഗുല്‍ സി ബഫ്‌ ബി രാംപോള്‍ -അഞ്ച്‌, അജ്‌മല്‍ എല്‍ബിഡബ്ലിയു ബി രാംപോള്‍ -ഒന്ന്‌, റിയാസ്‌ സി ബഫ്‌ ബി കെമറോഷ്‌ -അഞ്ച്‌. (എക്‌സ്‌ട്രാസ്‌-11). ആകെ (64.4 ഓവറില്‍) -160. വിക്കറ്റ്‌ വീഴ്‌ച: 1-5, 2-57, 3-60, 4-62, 5-66, 6-80, 7-130, 8-135, 9-141, 10-160. ബൗളിംഗ്‌: കെമറോഷ്‌ 10.4-2-40-1, രാംപോള്‍ 17-5-27-3, സമ്മി 12-6-16-2, ബിഷൂ 25-6-68-4.

ഫ്രഞ്ച്‌ ഓപണിന്‌
സെറീന ഇല്ല
പാരീസ്‌: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ്‌ താരം അമേരിക്കയുടെ സെറീന വില്യംസ്‌ ഈ വര്‍ഷത്തെ ഫ്രഞ്ച്‌ ഓപണില്‍ കളിക്കില്ല. മറ്റൊരു മുന്‍ ലോക ഒന്നാം നമ്പര്‍ ദിനാര സഫിനയും പരിക്കു മൂലം ടൂര്‍ണമെന്റിനുണ്ടാകില്ല. കാല്‍പാദത്തിലെ പരിക്കില്‍ നിന്ന്‌ ഇനിയും മുക്തമാകാത്തതാണ്‌ 2002ലെ ചാമ്പ്യന്‍ സെറീനക്ക്‌ റൊളാണ്ട്‌ ഗോരോസില്‍ ഇറങ്ങുന്നതിന്‌ തടസ്സമായിരിക്കുന്നതെന്ന്‌ ഫ്രഞ്ച്‌ ടെന്നീസ്‌ ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണില്‍ കിരീടം ചൂടിയ ശേഷം പരിക്ക്‌ പിടിപെട്ട സെറീന പിന്നീട്‌ കോര്‍ട്ടിലിറങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ പൊട്ടിയ ഗ്ലാസില്‍ കാലുടക്കി രണ്ട്‌ ഓപറേഷനുകള്‍ നേരിടേണ്ടി വന്നതാണ്‌ സെറീനക്ക്‌ വിനയായത്‌. 2008, 2009 വര്‍ഷങ്ങളില്‍ ഫ്രഞ്ച്‌ ഓപണില്‍ ഫൈനല്‍ കളിച്ച സഫിനക്ക്‌ മുതുകിലാണ്‌ പരിക്ക്‌.

ഈസ്റ്റ്‌ ബംഗാള്‍-ഡെംപോ
ഐലീഗില്‍ സൂപ്പര്‍ സണ്ടേ
കൊല്‍ക്കത്ത: സാള്‍ട്ട്‌ലേക്‌ സ്റ്റേഡിയത്തില്‍ ഇന്ന്‌ തീപ്പൊരി പാറും. കൊല്‍ക്കത്ത-ഗോവ പരമ്പരാഗത പോരാട്ടങ്ങളുടെ വൈരം പേറുന്ന ഈസ്റ്റ്‌ബംഗാളും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബും ഐ ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യം കുറിച്ച്‌ ഇന്നേറ്റുമുട്ടും. 21 കളികളില്‍ 44 വീതം പോയിന്റുമായി ഈസ്‌റ്റ്‌ബംഗാള്‍ മൂന്നാം സ്ഥാനത്തും ഡെംപോ നാലാം സ്ഥാനത്തുമാണ്‌. ഇരുടീമുകള്‍ക്കും ഒന്നാമതുള്ള ചര്‍ച്ചിലിനേക്കാള്‍ മൂന്നും രണ്ടാമതുള്ള സാല്‍ഗോക്കറിനേക്കാള്‍ രണ്ടും മത്സരങ്ങള്‍ കുറവാണ്‌. മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ ഈസ്‌റ്റ്‌ ബംഗാളിന്‌ ഒന്നാമതെത്താം. ജയം പോയിന്റ്‌ നിലയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പമെത്തിക്കുമെങ്കിലും അഞ്ചു ഗോളിന്റെയെങ്കിലും ഗോള്‍ വ്യത്യാസം വേണം ഡെംപോക്ക്‌ അവിടെ തുടരാന്‍. എന്നാല്‍ വിജയിക്കുന്നവര്‍ ലീഗില്‍ കിരീടം ചൂടുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
നാലുവട്ട ചാമ്പ്യന്‍മാരായ ഡെംപോ രണ്ടു ദിവസം മുമ്പ്‌ എ.എഫ്‌.സി കപ്പിന്റെ നോക്കൗട്ട്‌ ഘടട്ടത്തിലേക്ക്‌ യോഗ്യത നേടിയിരുന്നു. മുഴുവന്‍ കരുത്തും വീണ്ടെടുത്താണ്‌ ഗോവക്കാര്‍ കളിക്കാനെത്തുന്നത്‌. ബെറ്റോയും റാന്റി മാര്‍ട്ടിന്‍സും ആക്രമണ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്‌.
'ഈ മത്സരം ഞങ്ങള്‍ക്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. മൂന്നു പോയിന്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കും. ലീഗില്‍ പലര്‍ക്കും വാതില്‍ തുറന്നു കിടക്കുകയാണ്‌. കിരീടം സ്വന്തമാക്കാന്‍ സാധ്യതകളുമായി അല്‍പ്പം ടീമുകള്‍ ഇപ്പോഴും ഉണ്ട്‌.' ഡെംപോ പരിശീലകന്‍ അര്‍മാന്‍ഡോ കൊലാക്കോ പറഞ്ഞു. മറുഭാഗത്ത്‌ ഹോം ഗ്രൗണ്ടിന്റെ പിന്തുണ മുതലെടുക്കാനായിരിക്കും ഈസ്റ്റ്‌ ബംഗാളിന്റെ ശ്രമം. ഡെംപോക്കെതിരെ പിഴവു വരുത്തുന്നത്‌ അപകടം ചെയ്യുമെന്ന്‌ കോച്ച്‌ ട്രവര്‍ മോര്‍ഗന്‍ ടീമംഗങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്‌. 'ഡെംപോ മികച്ച സംഘമാണ്‌. ഞങ്ങളുടെ തന്ത്രങ്ങള്‍ പൂര്‍ണതയോടെ നടപ്പിലാക്കേണ്ടതുണ്ട്‌' മോര്‍ഗന്‍ പറഞ്ഞു. എന്നാല്‍ ചിലതാരങ്ങളുടെ പരിക്ക്‌ ബംഗാളിന്‌ തിരിച്ചടിയാണ്‌. നവോബ സിംഗ്‌, സൂമിക്‌ദേയ്‌, വാഷും എന്നിവര്‍ക്ക്‌ ഇന്ന്‌ കളിക്കാനാകില്ലെന്ന്‌ കോച്ച്‌ അറിയിച്ചു. അവസാനമായി ഇരുടീമുകളും കണ്ടു മുട്ടിയപ്പോള്‍ 1-0ന്റെ വിജയം ബംഗാള്‍ ടീമിനായിരുന്നു.

മാഞ്ചസ്‌റ്ററിന്‌ കിരീടം
(2ചിത്രം; എസ്‌.പി റൂണി. ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരെ പെനാല്‍ട്ടി കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച വെയ്‌ന്‍ റൂണിയുടെ ആഹ്ലാദം. എസ്‌.പി യുണൈറ്റഡ്‌. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്‌റ്റര്‍ താരങ്ങളുടെ ആഹ്ലാദം)
ലണ്ടന്‍: പിന്നില്‍ നിന്ന്‌ തിരിച്ചുവന്ന്‌ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരെ ഒരു ഗോള്‍ സമനില നേടിയ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചു. ഒരു മത്സരം ബാക്കിനില്‍ക്കേയാണ്‌ കിരീട ജേതാക്കളിലെ നേരിയ അനിശ്ചിതത്വവും ഇല്ലാതാക്കി 19-ാം ലീഗ്‌ കിരീടം യുണൈറ്റഡ്‌ ഉറപ്പിച്ചത്‌. ഇതോടെ 18 ലീഗ്‌ കിരീടമുള്ള ലിവര്‍പൂളിനെ പിന്നിലാക്കി ഒറ്റയ്‌ക്ക്‌ മുന്നിലെത്താനും റെഡ്ഡെവിള്‍സിന്‌ കഴിഞ്ഞു.
20-ാം മിനുട്ടില്‍ പിന്നിലായിപ്പോയ യുണൈറ്റഡിനെ കളി തീരാന്‍ 17മിനുട്ട്‌ ബാക്കിയുള്ളപ്പോള്‍ പെനാല്‍ട്ടി കിക്ക്‌ ലക്ഷ്യത്തിലെത്തിച്ച്‌ വെയ്‌ന്‍ റൂണി ഒപ്പമെത്തിക്കുകയായിരുന്നു. 77 പോയിന്റുള്ള യുണൈറ്റഡിനു പിന്നില്‍ 70 പോയിന്റുമായി നില്‍ക്കുന്ന ചെല്‍സിക്ക്‌ ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങള്‍ വിജയിച്ചാലും രണ്ടാമതെത്താനേ കഴിയൂ.
ഈവുഡ്‌ പാര്‍ക്കില്‍ കിരീടം ലക്ഷ്യം കുറിച്ചിറങ്ങിയ മാഞ്ചസ്റ്റിനെ ഞെട്ടിക്കുന്നതായിരുന്നു കളിയുടെ തുടക്കം. കളി 20 മിനുട്ട്‌ പിന്നിട്ടപ്പോഴേക്കും ബ്രെട്ട്‌ എമേര്‍ട്ടണിലൂടെ ആതിഥേയര്‍ ലീഡെടുത്തു. എന്നാല്‍ കളിയുടെ നിയന്ത്രണം മുഴുവന്‍ ഏറ്റെടുത്തിട്ടും റെഡ്ഡെവിള്‍സിന്‌ ആദ്യ പകുതിയില്‍ എതിരാളികളുടെ വലചലിപ്പിക്കാനേ സാധിച്ചില്ല. 24 ശതമാനം സമയം മാത്രമാണ്‌ ബ്ലാക്‌ബേണിന്‌ യുണൈറ്റഡ്‌ പന്ത്‌ വിട്ടുകൊടുത്തത്‌. ഒരു ഗോളിനു വേണ്ടിയുള്ള മാഞ്ചസ്‌റ്ററിന്റെ കാത്തിരിപ്പ്‌ 73-ാം മിനുട്ട്‌ വരെ തുടര്‍ന്നു. ഹാവിയര്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസിനെ ഗോള്‍ കീപ്പര്‍ പോള്‍ റോബിന്‍സണ്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്‌ത്തിയത്‌ ബ്ലാക്‌ബേണിന്‌ തിരിച്ചടിയായി. റഫറി പെനാല്‍ട്ടി സ്‌പോട്ടിലേക്ക്‌ വിരല്‍ ചൂണ്ടി. കിക്കെടുത്ത റൂണി റോബിന്‍സണെ കീഴടക്കി സമനില പിടിച്ചു. യുണൈറ്റഡ്‌ പരിശീലകന്‍ സര്‍.അലക്‌സ്‌ ഫെര്‍ഗൂസണ്‌ പ്രീമിയര്‍ ലീഗില്‍ 12-ാം കിരീടമാണ്‌ സ്വന്തമാക്കിയത്‌.
മാഞ്ചസ്‌റ്ററാണ്‌ കളിയില്‍ മിക്ക സമയവും ആക്രമിച്ചത്‌. നാലാം മിനുട്ടില്‍ നാനിയുടെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി മടങ്ങി. ഒമ്പതാം മിനുട്ടില്‍ പോര്‍ചുഗീസ്‌ താരത്തിന്റെ മറ്റൊരു ശ്രമം മൈക്കല്‍ സാല്‍ഗാഡോയില്‍ തട്ടി പോസ്‌റ്റിനു പുറത്തേക്കു പോയി. ബ്ലാക്‌ബേണും അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ക്രിസ്‌ സാംബയുടെ വോളി യുണൈറ്റഡിനെ വിറപ്പിച്ച്‌ പുറത്തു പോയി. 17-ാം മിനുട്ടില്‍ സന്ദര്‍ശകരുടെ താല്‍ക്കാലിക ഗോള്‍കീപ്പര്‍ തോമസ്‌ കുസാക്കിന്റെ പിഴവില്‍ നിന്ന്‌ ജേസണ്‍ റോബര്‍ട്‌സിന്‌ ഗോള്‍ നേടാന്‍ അവസരമുണ്ടായെങ്കിലും മുതലാക്കാനായില്ല. തന്റെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എഡ്വിന്‍ വാന്‍ഡര്‍സറുടെ സേവനം അടുത്ത സീസണിലുണ്ടാകില്ലെന്നത്‌ കോച്ച്‌ ഫെര്‍ഗൂസണെ കുഴക്കും. റൂണിയുടെ ഗോളിലൂടെ ഒപ്പമെത്തിയ ശേഷം കൂടുതല്‍ സമയം പന്ത്‌ കൈയില്‍ വെച്ച്‌ കളിച്ച്‌ മാഞ്ചസ്റ്റര്‍ കിരീടമുറപ്പിക്കുകയായിരുന്നു. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റര്‍ മറ്റൊരു കിരീടത്തിലേക്കുള്ള യാത്രയിലാണ്‌. ഈ മാസം 28 ന്‌ വെംബ്ലിയിലാണ്‌ മത്സരം




ഡെക്കാന്‍ തകര്‍ന്നു
മുംബൈ: തുടക്കത്തിലെ ഞെട്ടലില്‍ നിന്ന്‌ കരകയറിയ ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌ മുംബൈ ഇന്ത്യന്‍സിനെതിരെ 135 റണ്‍സെന്ന ദുര്‍ബല ടോട്ടലുമായി തിരിച്ചുകയറി. മധ്യനിരയില്‍ പൊരുതി നേടിയ ശരാശരി സ്‌കോറിംഗുകള്‍ക്കൊടുവില്‍ അവസാന ഓവറുകളില്‍ ശിഖര്‍ ധവാനും അമിത്‌ മിശ്രയും നടത്തിയ പോരാട്ടമാണ്‌ നാണംകെട്ട പതനത്തില്‍ നിന്ന്‌ ഹൈദരാബാദുകാരുടെ രക്ഷക്കത്തിയത്‌. അവസാന റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ മുംബൈ മൂന്നോവറില്‍ എയ്‌ഡന്‍ ബ്ലിസ്സാര്‍ഡിന്റെ നഷ്ടത്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്‌. സച്ചിന്‍ തെണ്ടുല്‍ക്കറും (11) ആമ്പാട്ടി റായുഡുവുമാണ്‌ (രണ്ട്‌) ക്രീസില്‍.
ലസിത്‌ മലിംഗയുടെ ബൗളിംഗ്‌ ആക്രമണമാണ്‌ ഡെക്കാനെ കളിയിലേക്ക്‌ സ്വാഗതം ചെയ്‌തത്‌. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ്‌ കളിയിലെ രണ്ടാം പന്തില്‍ മൈക്കല്‍ ലുംബിന്റെ കുറ്റിയിളക്കി മലിംഗ ഡെക്കാനെ ഭയപ്പെടുത്തി. എന്നാല്‍ ടീമിന്‌ ധൈര്യം പകരാന്‍ ക്രീസിലെത്തിയ നായകന്‍ കുമാര്‍ സങ്കക്കാര വിക്കറ്റ്‌ നഷ്ടം വരാതെ പ്രതിരോധിച്ച്‌ സ്‌കോര്‍ ചെയ്‌തു. മറുതലക്കല്‍ സണ്ണി സോഹലും ആക്രമണത്തിന്‌ മുതിര്‍ന്നില്ല. സ്‌കോര്‍ പതിയെ നീങ്ങവേ എട്ടാം ഓവറില്‍ കുല്‍കര്‍ണിയുടെ പന്തില്‍ സങ്കക്കാരയെ കീറന്‍ പൊള്ളാര്‍ഡ്‌ ക്യാച്ചെടുത്ത്‌ പുറത്താക്കി. 28 പന്തില്‍ ഓരോ സിക്‌സും ഫോറും നേടിയ സങ്കക്കാര 27 റണ്‍സാണെടുത്തത്‌. ഡെക്കാന്‍ രണ്ടിന്‌ 39.
പത്താം ഓവറില്‍ സണ്ണി സോഹലിനെ (22 പന്തില്‍ 20) ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ കൈകളിലെത്തിച്ച്‌ പൊള്ളാര്‍ഡ്‌ ഡെക്കാനെ സമ്മര്‍ദ്ദത്തിലാക്കി. അടുത്ത ഓവറില്‍ ഹര്‍ഭജന്റെ പന്തില്‍ ജീന്‍പോള്‍ ഡുമിനിയെ (പത്ത്‌ പന്തില്‍ എട്ട്‌) വിക്കറ്റ്‌ കീപ്പര്‍ അമ്പാട്ടി റായുഡുവിന്റെ കൈകളിലെത്തിച്ച്‌ ഹര്‍ഭജന്‍ സിംഗും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഭരത്‌ ചിപ്ലി (പത്ത്‌), ഡാനിയല്‍ ക്രിസ്റ്റ്യന്‍ ( 23 പന്തില്‍ 18) എന്നിവരും പ്രതിരോധിച്ചാണ്‌ കളിച്ചത്‌. എന്നാല്‍ അവസാന അഞ്ചോവറില്‍ ഡെക്കാന്‍ കടന്നക്രമിച്ചതോടെ സ്‌കോര്‍ ഒരല്‍പമുയര്‍ന്നു. ധവാന്‍ 18 പന്തില്‍ 27ഉം മിശ്ര ആറു പന്തില്‍ 18ഉം റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു.

എഫ്‌.എ കപ്പ്‌ സിറ്റിക്ക്‌
(ചിത്രം; എസ്‌.പി സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കാര്‍ലോസ്‌ ടെവസും സംഘവും എഫ്‌.എ കപ്പുമായി)
ലണ്ടന്‍: യായ ടൂറെയുടെ ഏക ഗോളിന്‌ സ്‌റ്റോക്‌ സിറ്റിയെ മറികടന്ന്‌ 35 വര്‍ഷത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ എഫ്‌.എ കപ്പുയര്‍ത്തി. കളമടക്കി ഭരിച്ച കാര്‍ലോസ്‌ ടെവസും സംഘവും അര്‍ഹിച്ച ജയമാണ്‌ സ്വന്തമാക്കിയത്‌. 1976ലെ ലീഗ്‌ കപ്പിനു ശേഷം ആദ്യമായാണ്‌ സിറ്റി ഒരു മുന്‍നിര കിരീടം ചൂടുന്നത്‌.
പന്ത്‌ കൈവശം വെച്ച്‌ എതിരാളികളെ കുഴക്കുന്ന തന്ത്രമാണ്‌ റോബര്‍ട്ടോ മാന്‍ചീനിയുടെ കുട്ടികള്‍ പയറ്റിയത്‌. സ്‌റ്റോക്‌ ഗോള്‍കീപ്പര്‍ തോമസ്‌ സോറന്‍സെന്റെ മിന്നുന്ന പ്രകടനത്തിനു മുന്നില്‍ ആദ്യപകുതിയില്‍ സിറ്റിക്ക്‌ ഗോളടിക്കാനായില്ല. കാര്‍ലോലോസ്‌ ടെവസ്‌, മാരിയോ ബലോട്ടെലി, ഡേവിഡ്‌ സില്‍വ എന്നിവരുടെ ഒന്നാന്തരം ഗോള്‍ ശ്രമങ്ങള്‍ വലയില്‍ കയറ്റാതെ സോറന്‍സെന്‍ താരമായി.

No comments: