Monday, July 23, 2012

London Diary from Kamal Varadoor



yes- exclusive London Diary is coming from
Kamal varadoor

THE REAL BOLD MAN


ഐ.എ.എസ്‌ വലിച്ചെറിഞ്ഞുള്ള കായികസപര്യ
ലണ്ടന്‍ ഒളിംപിക്‌സിനെ അറിയാനും മനസ്സിലാക്കാനും പഠിക്കാനും പോവാന്‍ യോഗ്യനായി ഇന്ത്യയില്‍ ഒരാളുണ്ടെങ്കില്‍ അത്‌ ബിയല വെങ്കട്ട പപ്പ റാവുവാണ്‌. ബി.വി.പി റാവു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇങ്ങനെയൊരാളെ പരിചയമില്ല അല്ലേ..... നമുക്കെല്ലാവര്‍ക്കും സുരേഷ്‌ കല്‍മാഡിയെയും ശരത്‌ പവാറിനെയും ലളിത്‌ ഭാനോട്ടിനെയും വി.കെ മല്‍ഹോത്രയെയും അജയ്‌ മാക്കനെയുമെല്ലാമറിയാം. അവരാണല്ലോ കായിക ഭരണാധികാരികള്‍. വാര്‍ത്തകളിലും ചിത്രങ്ങളിലും നിറയുന്നതും അവര്‍ തന്നെ. 142 പേരാണ്‌ ലണ്ടനിലേക്ക്‌ രാജ്യത്തെ പ്രതിനിധീകരിച്ച്‌ പോവുന്നത്‌. ഇതില്‍ താരങ്ങള്‍ കുറവാണ്‌. കൂടുതലും ഒഫീഷ്യലുകള്‍. നസീമാ മിര്‍സയെ പോലുള്ള മാനേജര്‍മാരും. കേരളത്തില്‍ നിന്ന്‌ കായിക മന്ത്രിയും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടുമെല്ലാം പോവുന്നുണ്ട്‌. ഒഫീഷ്യലുകളായി പോവുന്നവരെല്ലാം പറയുന്നത്‌ ലണ്ടന്‍ കാണണം, പഠിക്കണം, അത്‌ പകര്‍ത്തണം തുടങ്ങിയ വലിയ കാര്യങ്ങളാണ്‌. നമ്മുടെ കൗണ്‍സില്‍ പ്രസിഡണ്ട്‌ അല്‍പ്പം കടന്നു തന്നെ പറഞ്ഞിട്ടുമുണ്ട്‌- കേരളത്തില്‍ നടക്കാന്‍ പോവുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ലണ്ടന്‍ ഒളിംപിക്‌സ്‌ സന്നാഹങ്ങള്‍ പഠിക്കണമെന്നും അത്‌ നടപ്പാക്കണമെന്നും. (2012 ലെ ഏറ്റവും വലിയ തമാശയാണിതെന്ന്‌ ഫേസ്‌ബുക്കിലെ നിരവധി പോസ്‌റ്റുകളില്‍ കണ്ടു).
ബി.വി.പി റാവു എന്ന മൊട്ടത്തലയന്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥനിലേക്ക്‌ തന്നെ വരാം. ആള്‍ ചില്ലറക്കാരനല്ല-പുലിയാണ്‌. പുലിയെന്ന്‌ വിശേഷണത്തിനുള്ള കാരണങ്ങള്‍ ആദ്യ പറയാം. സിവില്‍ സര്‍വീസ്‌ എന്ന വലിയ അംഗീകാരത്തെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷിക്കാനായി വലിച്ചെറിഞ്ഞയാളാണ്‌ റാവു. ഐക്യരാഷ്‌ട്ര സംഘടനയിലെ സുപ്രധാന പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥന്‍, ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയ ഉദ്യോഗസ്ഥന്‍, ഒന്ന്‌ കണ്ണടച്ചാല്‍ അധികാരത്തിന്റെ ഔന്നത്യങ്ങളില്‍ വിരാജിക്കാവുന്ന അധികാരി. പക്ഷേ ചിലര്‍ അങ്ങനെയാണ്‌. അധികാരത്തില്‍ കണ്ണ്‌ മഞ്ഞളിക്കില്ല. പണത്തില്‍ മുഖം കുത്തി വീഴില്ല. അധികാരികള്‍ കണ്ണുരുട്ടിയാല്‍ പേടിക്കില്ല. കല്‍മാഡിയെ പോലെ ഒരു കുതന്ത്രജ്ഞനെതിരെ നീങ്ങാന്‍ ചെറിയ ധൈര്യം പോരല്ലോ.
ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യമാണ്‌ ഇന്ത്യ. ക്രിക്കറ്റിലും ഫുട്‌ബോളിലുമെന്നല്ല എല്ലാ കായിക ഇനങ്ങളിലും കരുത്തരായ പ്രതിഭകളുള്ള രാജ്യം. ഒളിംപിക്‌സ്‌ പോലുള്ള മഹാമാമാങ്ക വേദിയില്‍ കൊച്ചു രാജ്യങ്ങള്‍ പോലും സ്വര്‍ണക്കൊയ്‌ത്ത്‌ നടത്തുമ്പോള്‍ എല്ലാവരുടെയും പരിഹാസപാത്രമായി ആര്‍ക്കും വേണ്ടാത്തവരെ പോലെ, എന്നും അധ:കൃതരായി കായിക ലോകത്ത്‌ തല താഴ്‌ത്താനാണോ ഇന്ത്യന്‍ വിധി...? അല്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കാന്‍ റാവു തയ്യാറായത്‌ ഇഛാശക്തി കൊണ്ടാണ്‌. ആറ്‌ വര്‍ഷത്തോളം കൊസോവോ എന്ന പ്രശ്‌നബാധിത യുഗോസ്ലാവ്യന്‍ നഗരത്തിലുണ്ടായിരുന്നു റാവു. അവിടെയുള്ള കായിക ഫെഡറേഷനുകളുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രവര്‍ത്തനത്തിലാണ്‌ സ്‌പോര്‍ട്‌സിന്റെ ശക്തമായ ഊര്‍ജ്ജം അദ്ദേഹത്തിലെത്തുന്നത്‌. കൊസോവോ എന്നാല്‍ ആഭ്യന്തര കലാപത്തിന്റെ നാടാണ്‌. കായിക ഫെഡറേഷനുകള്‍ക്ക്‌ വലിയ സാധ്യതകളില്ലാത്ത തട്ടകം. പക്ഷേ ജനങ്ങള്‍ക്ക്‌ കായികാവബോധമുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്കിടയില്‍ കരുത്തോടെ പ്രവര്‍ത്തിക്കാനായി.
ഇന്ത്യയിലെത്തിയപ്പോഴാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ നിറമില്ലാത്ത കഥകള്‍ കേട്ടത്‌. സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടും അവരുടെ സംഘവും പൊതു ഖജനാവിനെ കൊള്ളയടിച്ചത്‌ അറിയുന്നത്‌. കായിക താരങ്ങളെ അടിമകളെ പോലെ കാണുന്ന കായികാധികാരികളെ കണ്ടത്‌. ഒരു രാജ്യത്തിന്റെ യശസായി മാറേണ്ട വലിയ ഗെയിംസ്‌ രാജ്യത്തിന്‌ തന്നെ അപമാനകരമായ സംഭവമായി മാറിയത്‌. ശക്തമായ ഭരണക്കൂടത്തിന്റെ തണലില്‍ കായികസംഘടനകളുടെ സ്വയംഭരണാധികാരമെന്ന മറവില്‍ കാട്ടികൂട്ടിയ കൊള്ളരുതായ്‌മകള്‍ക്കെതിരെ തനിച്ച്‌ പ്രവര്‍ത്തിച്ചാല്‍ എവിടെയുമെത്തില്ല എന്ന്‌ മനസ്സിലാക്കി റാവു ഒരു സംഘടനയുണ്ടാക്കി. ക്ലീന്‍ സ്‌പോര്‍ട്‌സ്‌ ഇന്ത്യ. പേരില്‍ തന്നെ ലക്ഷ്യമുള്ള സംഘടന. കല്‍മാഡിയെ പോലുള്ളവരെ തുറന്ന്‌ കാട്ടുക മാത്രമായിരുന്നില്ല ലക്ഷ്യം. പീഡിതരായ കായിക താരങ്ങളുടെ കഥകള്‍ ലോകത്തെ അറിയിക്കുക. ഒളിംപിക്‌സ്‌ ട്രയലിന്റെ പേരില്‍ സ്വന്തം വീട്ടുവേലക്ക്‌ വരെ താരങ്ങളെ ദുരുപയോഗിക്കുന്നവരെ തുറന്ന്‌ കാട്ടുക.
താരങ്ങള്‍ക്ക്‌ സ്വന്തം കരുത്തും അധികാരവും മനസ്സിലാവുന്നില്ല. ഫെഡറേഷനുകള്‍ എന്ന്‌ പറഞ്ഞ്‌ രാഷ്‌ട്രീയക്കാര്‍ വലിഞ്ഞ്‌ കയറി ഇരുന്ന്‌ ഭരണം നടത്തുന്നത്‌ ആരുടെ പേരിലാണ്‌...?-താരങ്ങളുടെ പേരില്‍. ഇത്‌ അനുവദിക്കരുത്‌. താരങ്ങള്‍ ഉണ്ടെങ്കിലേ സംഘടനയുള്ളു. നിലനില്‍പ്പിന്റെ ആവശ്യം താരങ്ങള്‍ക്കല്ല-ഫെഡറേഷന്‍ തലപ്പുള്ളവര്‍ക്കാണ്‌. ഈ തിരിച്ചറിവ്‌ പകര്‍ന്ന്‌ നല്‍കാന്‍ റാവുവിനൊപ്പം അശ്വനി നാച്ചപ്പയെന്ന പഴയ സ്‌പ്രിന്ററും പിന്നെ വന്ദനറാവു, വന്ദന ഷാന്‍ബാഗ്‌, റീത്താ എബ്രഹാം, മേഴ്‌സിക്കുട്ടന്‍, രാധികാ സുരേഷ്‌ തുടങ്ങിയവരെല്ലാം ചേര്‍ന്നു. ഇവര്‍ ലക്ഷ്യമാക്കുന്നത്‌ ഫെഡറേഷനുകളില്‍ താരങ്ങളുടെ പ്രതിനിധികള്‍ക്ക്‌ ഇടം നേടി കൊടുക്കുക എന്നതാണ്‌. പിന്നെ തുറന്ന പോരാട്ടം. ഏത്‌ അഴിമതിയും തുറന്ന്‌ കാട്ടണം. വിവരവകാശ നിയമത്തിന്റെ കരുത്താണ്‌ റാവുവിനെ പോലുള്ളവരെ ശക്തരും ആത്മവിശ്വാസമുള്ളവരുമാക്കുന്നത്‌. സംഘടനയുടെ കേരളാചാപ്‌റ്റന്‍ ഉദ്‌ഘാടനം ചെയ്യാന്‍ കോഴിക്കോട്ട്‌ വന്നപ്പോള്‍ റാവുവുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ആര്‍ക്കും വഴങ്ങാതെ പോരാടുമെന്നാണ്‌ അദ്ദേഹം ഉറപ്പ്‌ നല്‍കുന്നത്‌. ഒളിംപിക്‌സില്‍ സുരേഷ്‌ കല്‍മാഡി പങ്കെടുത്താല്‍ അതില്‍പ്പരം നാണക്കേടില്ലെന്ന്‌ പറയുന്ന റാവു കായിക താരങ്ങളുടെ കൂട്ടായ്‌മയിലൂടെ ഇവിടെ നടക്കുന്ന അനീതികള്‍ അവസാനിപ്പിക്കുമെന്ന വിശ്വാസക്കാരനാണ്‌. ശക്തരായ താരങ്ങള്‍ ഇവിടെയുണ്ട്‌. അവര്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം. വിദേശ പരിശീലനവും മല്‍സരാവസരവും ലഭിക്കണം. ചൈനയെ പോലുള്ള രാജ്യങ്ങള്‍ താരങ്ങളുടെ കാര്യത്തില്‍ പ്രകടമാക്കുന്ന ജാഗ്രതയുടെ പകുതി മതി ഇന്ത്യക്ക്‌ മെഡലുകള്‍ വാരാനെന്ന്‌ വിശ്വസിക്കുന്ന റാവുവിനെ പോലുള്ളവരുടെ വരവില്‍ താരങ്ങള്‍ക്കും പ്രതീക്ഷയുണ്ട്‌.
കൊള്ളക്കാര്‍ക്ക്‌ ഇനി വിലസാനാവില്ല എന്ന മുന്നറിയിപ്പ്‌ നല്‍കാന്‍ റാവുവിനെ പ്രേരിപ്പിച്ചത്‌ ഇവിടുത്തെ സമ്പ്രദായങ്ങളാണ്‌. ആയിരം കള്ളന്മാര്‍ക്കെതിരെ ഒരു പോലീസെങ്കിലുമുണ്ടെങ്കില്‍ ഒരു ചെറിയ പേടിയുണ്ടാവും. ആ പേടി ഇപ്പോള്‍ അധികാരികളിലുണ്ട്‌.

Sunday, July 22, 2012

Yes-They are coming



പൂച്ചക്ക്‌ മണികെട്ടാന്‍ ചിലര്‍
സഹിക്കുന്നതിനും ഒരതിരുണ്ട്‌. എല്ലാം കണ്ടും കേട്ടും എത്ര നാളാണ്‌ മിണ്ടാതിരിക്കുക. കായികതാരങ്ങള്‍ പേടി മൂലം അധികാരികള്‍ക്കെതിരെ ഒരക്ഷരം മിണ്ടില്ല. വലിയ കായിക പാരമ്പര്യമുണ്ട്‌ ഇന്ത്യക്ക്‌. ആ പാരമ്പര്യത്തിന്റെ ചരിത്രനാളുകളില്‍ രാജ്യത്തിന്‌ വേണ്ടി മല്‍സരിച്ച ആരോട്‌ ചോദിച്ചാലും അവര്‍ക്ക്‌ പങ്ക്‌വെക്കാനുള്ളത്‌ വേദനിക്കുന്ന, അവഗണനയുടെ ഓര്‍മകളാണ്‌. മില്‍ഖാസിംഗിനെയും പ്രകാശ്‌ പദുകോണിനെയും കപില്‍ദേവിനെയും പോലുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷേ കാര്യമുണ്ടായില്ല. വെറുതെ രോഷം പ്രകടിപ്പിക്കുന്നവരെ അടക്കിയിരുത്താന്‍ ഭരണാധികാരികള്‍ മിടുക്കരാണ്‌. പൊട്ടിത്തെറിയുടെ സമയത്ത്‌ പ്രതികരിക്കില്ല. പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോഴും പ്രതികരിക്കില്ല. അല്‍പ്പനാള്‍ പ്രതികരിക്കാതിരുന്നാല്‍ എല്ലാ രോഷവും ഇല്ലതാവാം. രാജ്യത്തെ കായിക സമ്പ്രദായം കൊള്ളയടിക്കാന്‍ പാകത്തിലുള്ളതാണ്‌. സ്‌പോര്‍ട്‌സ്‌ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കാര്യമായ അധികാരമില്ല. കണ്‍കറന്റ്‌ പട്ടികയില്‍ വരുന്ന കായിക കാര്യങ്ങള്‍ അങ്ങനെ സ്‌പോര്‍ട്‌സ്‌ ഫെഡറേഷനുകള്‍ എന്ന സ്വയംഭരണാധികാര സംഘങ്ങള്‍ക്കായി. അവരാണ്‌ ഈ രാജ്യത്തെ, ഈ വലിയ മാനവിഭവ ശേഷിയെ, സംഘബലത്തെ ഇല്ലാതാക്കിയത്‌.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കൊള്ളക്കാരുടെ ഈറ്റില്ലമായിരുന്നു. എല്ലാവരും ചക്കരക്കുടത്തില്‍ കൈയ്യിട്ട്‌ വാരി. കിട്ടാവുന്നതെല്ലാം കൊള്ളയടിച്ചു. പൊതു ഖജനാവില്‍ നിന്നും റാഞ്ചപ്പെട്ട കോടികള്‍ക്ക്‌ കണക്കില്ല. ഈ കൊള്ളയെ വെറുതെ ചോദ്യം ചെയ്‌തിട്ട്‌ കാര്യമില്ലെന്ന്‌ മനസ്സിലാക്കി നിയമത്തിന്റെ വഴിയില്‍ ചോദ്യം ചെയ്യാന്‍ ചിലര്‍ ധൈര്യം പ്രകടിപ്പിച്ചതാണ്‌ സുരേഷ്‌ കല്‍മാഡിയുടെയും ലളിത്‌ ഭാനോട്ടിന്റെയുമെല്ലാം ജയില്‍ പ്രവേശനത്തിന്‌ കാരണമായത്‌.
പുച്ചക്കാര്‌ മണിക്കെട്ടുമെന്ന ചോദ്യത്തിനുത്തരമായി ധൈര്യസമേതം കല്‍മാഡിയെ പോലെ ഒരു വന്‍തോക്കിനെതിരെ രംഗത്ത്‌ വന്നവരില്‍ പ്രധാനിയാണ്‌ രാഹുല്‍ മെഹ്‌റ എന്ന അഭിഭാഷകന്‍. അദ്ദേഹത്തിന്റെ വഴിയില്‍ ആന്ധ്ര കേഡറില്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ റാവു, പീഡനത്തിന്‌ ഇരയായ താരങ്ങളായ അശ്വനി നാച്ചപ്പയെ പോലുള്ളവര്‍. അവര്‍ ക്ലീന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ എന്നൊരു സംഘടന തന്നെയുണ്ടാക്കി കൊള്ളക്കാര്‍ക്കെതിരെ സംഘടിതമായി നീങ്ങുന്നു.
കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ കൊള്ളയുടെ പേരില്‍ സി.ബി.ഐ കേസില്‍ പ്രതിയായ കല്‍മാഡി അല്‍പ്പകാലത്തെ ജയില്‍ വാസത്തിന്‌ ശേഷം പുറത്ത്‌ വന്ന്‌ ലണ്ടന്‍ ഒളിംപക്‌സിനുളള ഇന്ത്യന്‍ സംഘത്തില്‍ അംഗമാവാന്‍ നടത്തിയ ശ്രമം ആ സംഘാടകന്റെ ധീരത തന്നെയാണ്‌. രാജ്യം ഒന്നടങ്കം തനിക്കെതിരാണെന്ന്‌ മനസ്സിലാക്കിയിട്ടും കല്‍മാഡി കോടതിയെ സമീപിച്ച്‌ ലണ്ടന്‍ ടിക്കറ്റ്‌ സ്വന്തമാക്കി. കേന്ദ്ര കായിക മന്ത്രി അജയ്‌ മാക്കനെ പോലുള്ളവര്‍ പരസ്യമായി എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടും അദ്ദേഹം പിന്നോട്ട്‌ പോയില്ല. അവസാനം രാഹുല്‍ മെഹ്‌റ തന്നെ രംഗത്ത്‌ വന്നു. അദ്ദേഹം കല്‍മാഡിയുടെ യാത്ര തടയണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ കല്‍മാഡി വിശദീകരണം നല്‍കണം.
ശരിക്കും താലിബാനിസമാണ്‌ കായിക ഫെഡറേഷനുകളില്‍ നടക്കുന്നതെന്ന്‌ കോടതിയില്‍ പറഞ്ഞിട്ടുണ്ട്‌ മെഹ്‌റ. രാജ്യത്തെ മാത്രമല്ല, നമ്മുടെ പാരമ്പര്യത്തെയും ഇല്ലാതാക്കിയ ഇവരെ ഇല്ലായ്‌മ ചെയ്‌ത്‌ പുത്തന്‍ കായിക സമ്പ്രദായത്തെ വാര്‍ത്തെടുക്കണമെന്നാണ്‌ മെഹ്‌റയെ അനുകൂലിക്കുന്നവരും രാജ്യത്തെ കായിക വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നവരും ആഗ്രഹിക്കുന്നത്‌. കായിക സംഘടനകളെ നയിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. അവര്‍ക്ക്‌ ഓശാന പാടാന്‍ ഉദ്യോഗസ്ഥര്‍. രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ സഖ്യത്തില്‍ താരങ്ങളും കായിക പ്രേമികളും പരിശീലകരുമെല്ലാം പടിക്ക്‌ പുറത്താണ്‌. ഫെഡറേഷനുകള്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത ശക്തികളാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ ആദ്യമായി ശബ്ദമയുര്‍ത്തിയത്‌ മെഹ്‌റയാണ്‌. ശരത്‌ പവാറിനെ പോലുള്ള വന്‍ തോക്കുകള്‍ക്കെതിരെ നിയമപരമായ നീക്കത്തിന്‌ മെഹ്‌റ ധൈര്യം കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‌ തന്നെ ഭീഷണിയുണ്ടായിരുന്നു. പക്ഷേ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ കോടതി പല കാര്യങ്ങളിലും വിശദീകരണം തേടിയപ്പോള്‍ അവര്‍ക്ക്‌ ഉത്തരം മുട്ടി. കോടികളുടെ സമ്പാദ്യം എങ്ങനെ വിനിയോഗിക്കുന്നു എന്ന്‌ തെളിയിക്കാന്‍ ബോര്‍ഡിനായില്ല. അങ്ങനെയാണ്‌ സാമ്പത്തിക അച്ചടക്കത്തിന്‌ പവാറും സംഘവും തയ്യാറായത്‌. ഒരു ഫെഡറേഷനിലും കായിക താരങ്ങള്‍ അംഗങ്ങല്ല. താരങ്ങളെ അംഗങ്ങളാക്കിയാലുള്ള അപകടം രാഷ്ട്രീയക്കാര്‍ക്ക്‌ നന്നായി അറിയാം. മില്‍ഖാസിംഗ,്‌ പ്രകാശ്‌ പദുകോണ്‍, ഗീത്‌ സേഥി, കപില്‍ദേവ്‌ തുടങ്ങിയവര്‍ തുടക്കമിട്ട ശുദ്ധീകരണ പ്രസ്ഥാനത്തിന്‌ നിയമപരിരക്ഷ നല്‍കിയ മെഹ്‌റയാണ്‌ അശ്വനി നാച്ചപ്പയെ പോലുള്ളവര്‍ക്ക്‌ കരുത്തായത്‌. അശ്വനി ഇപ്പോള്‍ ബാംഗ്ലൂര്‍ ജില്ലയിലെ അത്‌ലറ്റിക്‌ ഫെഡറേഷനില്‍ അംഗമാണ്‌. അത്‌ തന്നെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച്‌ നേടിയത്‌. ജില്ലാ തലത്തില്‍ അശ്വനി മല്‍സരിക്കുന്നു എന്നറിഞ്ഞതോടെ അധികാരികള്‍ ഗ്രൂപ്പ്‌ വൈരങ്ങളെല്ലാം മറന്ന്‌ ഒന്നായി. പക്ഷേ അശ്വനി പിന്മാറിയില്ല. സത്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറഞ്ഞ്‌ അവര്‍ വിജയിച്ചു. കല്‍മാഡിയെ ലണ്ടനിലേക്കയക്കില്ല എന്ന്‌ ഉറക്കെ പ്രഖ്യാപിക്കാന്‍ ചിലര്‍, അതും വനിതകള്‍ രംഗത്ത്‌ വരുകയെന്നത്‌ വലിയ നേട്ടമായി മാറി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കുന്ന സമയത്ത്‌ തന്റെ അനുചരന്മാരെ കൊണ്ട്‌ കല്‍മാഡി നാച്ചപ്പയെ പോലുള്ളവരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. റാവുവിനെ പോലെ ജോലി തന്നെ രാജിവെച്ചവരെ പണം കൊടുത്ത്‌ സ്വാധീനിക്കാന്‍ ശ്രമിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. എന്ത്‌ കൊണ്ട്‌ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലേക്ക്‌ സ്‌പോണ്‍സര്‍മാര്‍ വരുന്നില്ല എന്ന ചോദ്യത്തിനുളള ഉത്തരം ഈ കൊള്ളക്കാരായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ്‌ പണം കൊണ്ട്‌ അധികാരികള്‍ മേലാളന്മാരാവുന്ന കാഴ്‌ച്ചയില്‍ മനം നൊന്താണ്‌ സ്‌പോണ്‍സര്‍മാര്‍ വിട്ടത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ ശേഷം സംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യാതെ താരങ്ങളെ കണ്ടെത്തി സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനവും ഫലപ്രദമായിരുന്നു.
ശക്തമായ ചോദ്യങ്ങളാണ്‌ ഇപ്പോള്‍ ഈ നവോത്ഥാന വാദികള്‍ ഉന്നയിക്കുന്നത്‌. നിയമവും വിവരാവകാശ കരുത്തും ഇവര്‍ക്ക്‌ തുണയാവുന്നു. സ്വകാര്യ ഗ്രൂപ്പുകളും ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. പക്ഷേ നമ്മള്‍ രക്ഷപ്പെട്ടു എന്ന്‌ പറയാനായിട്ടില്ല.

Saturday, July 21, 2012

PLS-SOME FOOD




വിശക്കുന്ന വയറിനോടും കരുണയില്ല
ആദ്യം ഈ രണ്ട്‌ ചിത്രങ്ങള്‍ നോക്കുക- ആദ്യ ചിത്രത്തില്‍ ദാലും ചപ്പാത്തിയും രണ്ട്‌ ഉള്ളിയും. രണ്ടാമത്തെ ചിത്രത്തില്‍ റൊട്ടിയും ചിക്കനും ഓംലെറ്റും നട്ട്‌സും വെജിറ്റബിള്‍സും ഫ്രൂട്ട്‌സും. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക്‌ അവരുടെ പരിശീലന കേന്ദ്രത്തില്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണമാണ്‌ ദാലും ചപ്പാത്തിയും ഉള്ളിയും. ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലെ കായിക താരങ്ങള്‍ക്ക്‌ ബ്രേക്ക്‌ ഫാസ്റ്റായി നല്‍കുന്നതാണ്‌ രണ്ടാമത്തെ ചിത്രം. എല്ലാ പ്രോട്ടീനുകളും ഉള്‍പ്പെട്ടത്‌.
ദാലും റൊട്ടിയും പന്നീറുമാണ്‌ നമ്മുടെ രാജ്യത്തെ ഏതൊരു അത്യുന്നത സ്‌പോര്‍ട്‌സ്‌ പരിശീലന കേന്ദ്രത്തിലും താരങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രധാന ഭക്ഷണം. ബോക്‌സര്‍മാര്‍ക്കും ഗുസ്‌തിക്കാര്‍ക്കും ഈ മെന്യൂ കൊണ്ട്‌ എന്ത്‌ കാര്യം...? ( വിദേശത്ത്‌ ബോക്‌സര്‍മാരുടെ ഫുഡ്‌ മെന്യൂ കണ്ടാല്‍ നമ്മള്‍ ഞെട്ടും. ഒരു ബോക്‌സര്‍ ഒരു ദിവസം മാത്രം അകത്താക്കുന്നത്‌ ആറ്‌ കിലോഗ്രാം മാംസമാണ്‌. ഇതിന്‌ പുറമെ പഴ വര്‍ഗങ്ങളും എനര്‍ജി ഡ്രിങ്ക്‌സും വേറെ).
ദാല്‍ അല്ലെങ്കില്‍ നമ്മുടെ നാടന്‍ പരിപ്പില്‍ എന്താണ്‌ അടങ്ങിയിരിക്കുന്നത്‌...? കാര്യമായി ഒന്നുമില്ല. അധിക വൈറ്റമിനോ, അധിക ഊര്‍ജ്ജമോ ഒന്നും നല്‍കാത്ത ഒരു സാധാ ദക്ഷിണേഷ്യന്‍ വിഭവം. ഇന്ത്യയിലും പാക്കിസ്‌്‌താനിലും ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന ദാലിനൊപ്പം റൊട്ടിയ്യോ അല്ലെങ്കില്‍ ചപ്പാത്തിയോ ആണ്‌ അനുയോജ്യനായ വിഭവം. പല തരത്തിലുള്ള റൊട്ടികളിലും കാര്യമായ അന്നജമോ ജീവകങ്ങളോ ഇല്ല. പന്നീര്‍ എന്ന വെണ്ണക്കഷ്‌ണത്തിലാണ്‌ രക്തത്തിനും ശരീരത്തിനും അല്‍പ്പം ഉപകാരമാവുന്ന എന്തെങ്കിലുമുണ്ടാവുക.
മണിക്കൂറുകളോളം ജിമ്മില്‍ കഠിനപരിശീലനം നടത്തി തിരിച്ചെത്തുന്ന ഒരു കായിക താരത്തിന്‌ മേല്‍പ്പറഞ്ഞ ഭക്ഷണമാണ്‌ നല്‍കുന്നത്‌. അതും കൃത്യമായ അളവില്‍. പക്ഷേ എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സായ്‌ കേന്ദ്രങ്ങളിലും പട്യാലയിലെ കേന്ദ്ര ക്യാമ്പിലും രാജ്യത്തെ മറ്റ്‌ കായിക പരിശീലന കേന്ദ്രങ്ങളിലുമെല്ലാം പ്രധാന മെന്യൂ ഈ ദാല്‍-റൊട്ടി-പന്നീര്‍ കോമ്പിനേഷനാണ്‌. അമേരിക്കന്‍ താരത്തിന്റെ ഭക്ഷണവുമായി ഇന്ത്യയെ ഉദാഹരിക്കേണ്ടതില്ല. പക്ഷേ പട്ടിണിപാവം രാജ്യമായ എത്യോപ്യയുമായി ഒന്ന്‌ താരതമ്യം ചെയ്യാം. എത്യോപ്യയില്‍ കൂടുതല്‍ ദീര്‍ഘദൂര ഓട്ടക്കാരാണ്‌. അവരുടെ മെന്യൂവില്‍ ഒരു ദിവസം 600 കിലോഗ്രാം മാംസവും, പ്രോട്ടീന്‍ ഉല്‍പ്പന്ന ക്രമീകൃതാഹാരം 200 ഗ്രാമും പഴവര്‍ഗ്ഗങ്ങള്‍ 500 ഗ്രാമും പിന്നെ എനര്‍ജി ഫുഡ്‌സ്‌ 20 ശതമാനവുമാണ്‌. പട്ടിണി മൂലം ദിവസം പത്ത്‌ കുട്ടികള്‍ എത്യോപ്യയില്‍ മരിക്കുന്നു എന്ന യുനിസെഫിന്റെ കണക്ക്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കണം.
അടിസ്ഥാനപരമായി ഇന്ത്യന്‍ കായികരംഗം മാറുന്നില്ല എന്ന സത്യത്തിന്‌ അടിവരയിടാന്‍ ഭക്ഷണക്രമം മറ്റൊരു ഉദാഹരണമാണ്‌. 2012 ഒളിംപിക്‌സിന്‌ മുന്നോടിയായി കേന്ദ്രകായിക മന്ത്രാലയം 2011 ഏപ്രില്‍ മുതലുള്ള പതിനാല്‌ മാസത്തേക്ക്‌ അനുവദിച്ചത്‌ 258 കോടിയാണ്‌....! പരിശീലനത്തിനും രാജ്യാന്തര മല്‍സര പരിചയത്തിനും പിന്നെ താരങ്ങളുടെ ആരോഗ്യത്തിനുമായാണ്‌ ഈ വലിയ തുക അനുവദിച്ചത്‌. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും വലിയ തുക സര്‍ക്കാര്‍ നീക്കി വെക്കുന്നത്‌. സ്വകാര്യ ഗ്രൂപ്പുകളുടെ സഹായങ്ങള്‍ വേറെയും.
പരിശീലനത്തിലും ഭക്ഷണ കാര്യങ്ങളിലുമൊന്നും താരങ്ങളുടെ അഭിപ്രായങ്ങള്‍ ആരും ഗൗനിക്കുന്നില്ല. എല്ലാ പരിശീലന കേന്ദ്രങ്ങളിലും സ്ഥിരക്കാരായ പാചകക്കാരാണുള്ളത്‌. അവര്‍ക്ക്‌ ഉന്നതര്‍ നല്‍കുന്നത്‌ പതിവ്‌ മെന്യുവാണ്‌. അതനുസരിച്ച്‌ അവര്‍ പാചകം ചെയ്യുന്നു. കൂടുതല്‍ ഭക്ഷണം ചോദിച്ചാല്‍ പോലും പ്രശ്‌നങ്ങളുണ്ടാവുന്ന അവസ്ഥയാണ്‌ പലയിടങ്ങളിലും. ആധുനിക പരിശീലകര്‍ ആദ്യം തയ്യാറാക്കുന്നത്‌ താരങ്ങള്‍ക്കുള്ള ഭക്ഷണക്രമമാണ്‌. ഗുസ്‌തിക്കാരന്‌ കൊടുക്കുന്ന ഭക്ഷണമായിരിക്കില്ല ബോക്‌സര്‍ക്ക്‌ നല്‍കുന്നത്‌. അത്‌ലറ്റുകള്‍ക്ക്‌ നല്‍കുന്നത്‌ മറ്റൊരു മെന്യൂവായിരിക്കും. അതായത്‌ താരങ്ങളുടെ മല്‍സര ഇനം പോലെ അവരുടെ ശരീര ബലത്തെ പുഷ്‌ടിപ്പെടുത്തുന്ന ഭക്ഷണത്തിന്‌ പരിശീലകര്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഇവിടെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം. പരിശീലകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പുല്ലുവില്ല. എല്ലാ താരങ്ങളും പത്ത്‌ മണിക്കൂറോളം പരിശീലനം നടത്തുന്നവരാണ്‌. രാവിലെ നേന്ത്രപ്പഴവും മുട്ടയും കഴിച്ചാല്‍ പിന്നെ വെളളം മാത്രമാണ്‌ ഉപയോഗിക്കുക. ഉച്ചഭക്ഷണ സമയത്താണ്‌ ദാലും റൊട്ടിയും പന്നിറൂം വരുക. വൈകീട്ട്‌ കാര്യമായ ഭക്ഷണങ്ങളില്ല. രാത്രിയായാലും ദാല്‍-റൊട്ടി-പന്നീര്‍ കോമ്പിനേഷന്‍ തന്നെ. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ ഗുസ്‌തിയില്‍ വെങ്കലം സമ്മാനിച്ച സുശീല്‍ കുമാര്‍ പരിശീലന ക്യാമ്പിലെ ഭക്ഷണം കഴിക്കാറില്ല. ഹരിയാനയിലെ സനാപേട്ടിലുള്ള സായ്‌ സെന്ററിലെ ഭക്ഷണം തനിക്ക്‌ പറ്റില്ലെന്ന്‌ താരം തന്നെ തുറന്ന്‌ പറഞ്ഞു. ഗുസ്‌തി പോലെ ഒരു കായിക ഇനത്തില്‍ ഒരു താരത്തിന്‌ ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നും ആ ഭക്ഷണ ക്രമത്തില്ലില്ല. അതിനാല്‍ വീട്ടില്‍ നിന്ന്‌ ഭക്ഷണം വരുത്തിയാണ്‌ സുശീലിന്റെ പരിശീലനം. ബെയ്‌ജിംഗിന്‌ ശേഷം സുശീലിന്‌ അത്യാവശ്യ പ്രശസ്‌തിയായി. അദ്ദേഹത്തിന്‌ സ്‌പോണ്‍സര്‍മാരുണ്ട്‌. അതിനാല്‍ സാമ്പത്തിക പ്രയാസമില്ല. ഭക്ഷണം സ്വന്തമായി തയ്യാറാക്കി കഴിക്കാം.
ഭക്ഷണത്തില്‍ പുലര്‍ത്തുന്ന അലസത താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമ്പോള്‍ പരുക്കും മറ്റ്‌ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതിലും കാര്യമായ താല്‍പ്പര്യം അധികാരികള്‍ പ്രകടിപ്പിക്കുന്നില്ല. എല്ലാ സംഘത്തിനൊപ്പവും ഫിസിയോ തെറാപിസ്‌റ്റുകളുണ്ടാവും. ചില താരങ്ങള്‍ക്ക്‌ സ്വന്തം ഫിസിയോ തെറാപിസ്‌റ്റുകളുണ്ടെങ്കില്‍ ചിലപ്പോള്‍ ടീമിനൊപ്പം ഒന്നോ രണ്ടോ ഫിസിയോ തെറാപിസ്‌റ്റുകളെ വെക്കാറുണ്ട്‌. എന്നാല്‍ ഗുസ്‌തി സംഘത്തില്‍ ഒരു ഫിസിയോ തെറാപിസ്‌റ്റുമില്ല. സൂശീലിനെ പോലുള്ളവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ പണമെടുത്താണ്‌ ഫിസിയോ തെറാപിസ്റ്റുകളെ കൊണ്ട്‌ പോയിരിക്കുന്നത്‌. സായ്‌ വിദേശത്ത്‌ നിന്ന്‌ ഫിസിയോതെറാപിസ്‌റ്റുകളെ നിയമിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളെയോ ഇന്ത്യന്‍ താരങ്ങളെയോ പഠിക്കാന്‍ കഴിയുന്നില്ല.
നല്ല ഭക്ഷണം നല്‍കാന്‍, താരങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി ഫിസിയോകെളെ ടീമിനൊപ്പം ചേര്‍ക്കാന്‍ എന്താണ്‌ ഇത്ര പ്രയാസം. സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ സമീപകാല ഫയലുകള്‍ നോക്കിയാല്‍ കാണാം കായിക മന്ത്രാലയം നല്‍കിയ കാശിന്റെ ചരിത്രം. 2009 ല്‍ 678 കോടിയാണ്‌ സായിക്ക്‌ നല്‍കിയത്‌. അതിന്‌ ശേഷമാണ്‌ ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി മാത്രം 258 കോടി നല്‍കിയത്‌. ഇത്രയൊക്കെ നല്‍കിയിട്ടും താരങ്ങള്‍ ഭക്ഷണകാര്യത്തില്‍ പോലും പരാതിപ്പെടേണ്ടി വരുന്നത്‌ വേദനാജനകമാണ്‌. ഒളിംപിക്‌സ്‌ പോലെ വലിയ മേളക്ക്‌ പോവുമ്പോള്‍ അവിടെ അത്‌ലറ്റ്‌സ്‌ വില്ലേജില്‍ ലഭിക്കുന്ന ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും. വലിയ രാജ്യങ്ങള്‍ സ്വന്തം മെന്യൂ നിര്‍ബന്ധമായും നല്‍കുമ്പോള്‍ നമ്മള്‍ പതിവ്‌ ഏഷ്യന്‍ വിഭവങ്ങളില്‍ സംതൃപ്‌തരാവുന്നു. ദാലും റൊട്ടിയും കഴിച്ച്‌ മെലിഞ്ഞൊട്ടിയ ശരീരവുമായി നമ്മുടെ താരങ്ങള്‍ മല്‍സരിക്കുന്നത്‌ കരുത്തന്മാരായ വിദേശികളുമായാണ്‌. പിന്നെ എവിടെ ജയിക്കാനാണ്‌...ഉസൈന്‍ ബോള്‍ട്ടിന്റെ കായബലവും മസിലും ഒന്ന്‌ നോക്കുക-നമ്മുടെ കെ.ടി ഇര്‍ഫാന്റെയും......

Friday, July 20, 2012

THE PRIVATE SPORTS




സ്വാഗതം ചെയ്യാം ഈ സ്വകാര്യ നിശബ്ദ വിപ്ലവത്തെ
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ ശേഷം ഇന്ത്യന്‍ കായികരംഗത്ത്‌ വലിയ നിശബ്ദ വിപ്ലവം നടന്നിരുന്നു. സ്വകാര്യ സംരഭകരുടെ കായിക താല്‍പ്പര്യം. രാജ്യത്തിന്റെ കായിക വികസനം ലക്ഷ്യമാക്കി സ്വകാര്യ സംരഭകരും ഗ്രൂപ്പുകളും സജീവ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ പക്ഷേ വലിയ വാര്‍ത്തയായിരുന്നില്ല. മുന്‍കാല താരങ്ങളായ പ്രകാശ്‌ പദുകോണും ഗീത്‌ സേഥി തുടങ്ങിയവരുടെ താല്‍പ്പര്യത്തിലാണ്‌ അഞ്ചോളം കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ ഒളിംപിക്‌സ്‌ സ്‌പോര്‍ട്‌സ്‌ ഇനങ്ങളില്‍ രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ വന്‍പദ്ധതികല്‍ ആവിഷ്‌ക്കരിച്ചത്‌. അതിന്‍രെ ഗുണഭോക്താക്കളായി അഭിനവ്‌ ബിന്ദ്രയും സീമാ ആന്റിലും വികാസ്‌ ഗൗഡയുമെല്ലാം മാറുകയും ചെയ്‌തു.
ഈ പോസീറ്റീവ്‌ നീക്കത്തിലും ഇന്ത്യന്‍ താരങ്ങളുടെ മുഖത്തേക്കൊന്ന്‌ നോക്കിയാല്‍ കാണുക ആശങ്കയാണ്‌...... ആത്മവിശ്വാസമില്ലായ്‌മയാണ്‌. എത്രയോ രാജ്യാന്തര മീറ്റുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ വാടിയ മുഖം കണ്ടിട്ടുണ്ട്‌. മല്‍സരം ആരംഭിക്കുന്നതിന്‌ മുമ്പ്‌ എല്ലാവരും വാടിത്തളര്‍ന്നിരിക്കും. സമ്മര്‍ദ്ദവും വിമര്‍ശനങ്ങളുമെല്ലാമായി രക്തം വാര്‍ന്ന നിലയിലുള്ള അവസ്ഥ. മറ്റ്‌ രാജ്യങ്ങളിലെ കായികതാരങ്ങള്‍ ചിട്ടയായ പരിശീലനവും പ്രൊഫഷണല്‍ പരിശീലകരുടെ പിന്തുണയിലും അധികാരികളുടെ സഹകരണത്തിലും മെഡല്‍ എന്ന ഉറച്ച വിശ്വാസത്തില്‍ ഒരുങ്ങുമ്പോള്‍ ആര്‍ക്കോ വേണ്ടി പരിശീലിക്കുന്നത്‌ പോലെയാണ്‌ നമ്മുടെ താരങ്ങള്‍. ലക്ഷ്യമില്ലാതെ ഉപദേശം നല്‍കുന്നവരാണ്‌ നമ്മുടെ പരിശീലകര്‍. ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനിടെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ ഡിസ്‌ക്കസ്‌ ത്രോ താരം സീമാ ആന്റിലുമായി സംസാരിച്ചിപ്പോഴാണ്‌ താരങ്ങളുടെ നിരാശയുടെ ആഴം മനസ്സിലായത്‌. തികഞ്ഞ പ്രൊഫഷണലിസ്‌റ്റായ സീമ ഒരു വേള കളിക്കളം വിടാന്‍ പോലും ആലോചിച്ചിരുന്നു. അധികാരികളുടെ മനോഭാവത്തില്‍ മനം മടുത്ത്‌. സ്വന്തം സുരക്ഷിതത്വമാണ്‌ താരങ്ങളെ വേട്ടയാടുന്നത്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ഒരു താരവും സുരക്ഷിതരല്ല. ഓരോ മേളകള്‍ വരുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നവര്‍. മേള കഴിഞ്ഞാല്‍ ഒരു മെഡലുണ്ടെങ്കില്‍ മാത്രം അംഗീകരിക്കപ്പെടുന്നവര്‍. മെഡല്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിസ്‌മൃതിയിലേക്ക്‌ തള്ളപ്പെടുന്നവര്‍.
സീമയെ ഈയിടെ ഒളിംപിക്‌സ്‌ ഒരുക്കങ്ങളുടെ ഭാഗമായി ബന്ധപ്പെട്ടിരുന്നു. അവരിപ്പോള്‍ അമേരിക്കയിലാണ്‌. സംസാരത്തില്‍ വലിയ ആവേശം. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കിയ വേളയില്‍ സംസാരിക്കന്‍ പോലുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല സീമ. ഡിസ്‌ക്കസ്‌ ത്രോ തന്നെ മതിയാക്കുകയാണെന്നായിരുന്നു അല്‍പ്പം രോഷത്തോടെയുള്ള അന്നത്തെ പ്രതികരണം. കാരണം മറ്റൊന്നുമല്ല- സംരക്ഷിക്കാനോ, ഒളിംപിക്‌സ്‌ പരിശീലനത്തിന്‌ അവസരം നല്‍കാനോ ആരുമില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കേസില്‍ പ്രതികളായി സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടുമെല്ലാം ജയിലില്‍ കഴിയുന്നു. അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മറ്റ്‌ ഭാരവാഹികളെ വിളിച്ച്‌ പരിശീലന സൗകര്യം തേടിയപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി. ഒളിംപിക്‌സ്‌ മെഡല്‍ മോഹവുമായി നടക്കുമ്പോഴായിരുന്നു സീമക്ക്‌ ഈ അനുഭവം. ഇന്ത്യന്‍ ടീമിന്റെ മുഖ്യ അത്‌ലറ്റിക്‌ കോച്ച്‌ ബഹാദൂര്‍ സിംഗിനെ സമീപിച്ചപ്പോള്‍ അദ്ദേഹമാണ്‌ പറഞ്ഞത്‌ ഒരു മെഡല്‍ മോഹമുണ്ടെങ്കില്‍ വിദേശത്ത്‌ പരിശീലനം നടത്താന്‍. വിദേശത്ത്‌ പരിശീലനം നടത്താന്‍ വലിയ ചെലവ്‌ വേണം. എല്ലാം മതിയാക്കാമെന്ന്‌ കരുതിയത്‌ ഈ വേളയിലായിരുന്നു. പക്ഷേ സീമക്ക്‌ തുണയായി ഗീത്‌ സേഥി എത്തി. ഒളിംപിക്‌സ്‌ സ്‌പോര്‍ട്‌സ്‌ ഇനങ്ങളില്‍ ഇന്ത്യയെ മെഡല്‍ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന മിട്ടാല്‍ ചാമ്പ്യന്‍സ്‌ ട്രസ്റ്റിനെ (എം.സി.ടി) സീമ സമീപിച്ചത്‌ അവരുടെ കരിയറില്‍ വലിയ മാറ്റമായി. ഡിസ്‌ക്കസ്‌ ത്രോയില്‍ മുന്‍ ലോക ചാമ്പ്യനായ അമേരിക്കന്‍ താരം മാക്‌ വില്‍ക്കിന്‍സിനെ സീമക്ക്‌ കോച്ചായി കിട്ടി. ഇപ്പോള്‍ ലോസാഞ്ചലസില്‍ പരിശീലനം നടത്തുകയാണ്‌ സീമ. നല്ല ആത്മവിശ്വാസമുണ്ട്‌. ലോകോത്തോര താരങ്ങളെ വെല്ലുവിളിക്കാമെന്ന പ്രതീക്ഷയുണ്ട്‌. തന്റെ നിരാശയെല്ലാം തല്‍ക്കാലം മാറിയെന്നും സീമ പറയുന്നു. അമേരിക്കയില്‍ പരിശീലനത്തിനിടെ 62.6 മീറ്റര്‍ ഡിസ്‌ക്ക്‌ എറിഞ്ഞത്‌ വഴിയാണ്‌ സീമക്ക്‌ ലണ്ടന്‍ ടിക്കറ്റ്‌ ലഭിച്ചത്‌.മിട്ടാല്‍ ചാമ്പ്യന്‍സ്‌ ട്രസ്റ്റിനെ കൂടാതെ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ (ഒ.ജി.ക്യൂ), ലക്ഷ്യ സപോര്‍ട്‌സ്‌ തുടങ്ങിയ സംഘടനകള്‍ക്കൊന്നും ഔദ്യോഗിക പരിവേഷമില്ല.
അവര്‍ അടിസ്ഥാനപരമായി ചിന്തിക്കുന്നു. നാളെ തന്നെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാമെന്ന വിശ്വാസമില്ലാതെ ഭാവി താരങ്ങളെ കണ്ടെത്താനായി തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ കാര്യങ്ങളെ കാണുന്നു. സാമ്പത്തിക ദാരിദ്ര്യമാണ്‌ നമ്മുടെ വലിയ പ്രശ്‌്‌നമെന്ന്‌ മനസ്സിലാക്കി തന്നെ താരങ്ങളെ സമീപിച്ച്‌ ആദ്യം അവര്‍ക്ക്‌ ജീവിത സുരക്ഷ ഉറപ്പ്‌ നല്‍കുന്നു. ചൈനക്കാര്‍ വളരെ പണ്ട്‌ മുതല്‍ ചെയ്‌തത്‌-സ്വന്തം ഗെയിമുകളുടെ തിരിച്ചറിവ്‌. അതാണ്‌ ഈ സ്വകാര്യ സംരഭകര്‍ ചെയ്യുന്നത്‌. താരങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും അവര്‍ കായിക പ്രൊഫഷണലുകളെ തന്നെ നിയോഗിക്കുന്നു.
ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ മെഡല്‍ സാധ്യതയുള്ള ഇനങ്ങളെ നയിക്കുന്ന കായിക ഫെഡറേഷനുകളുടെ കാര്യം കട്ടപുകയാണ്‌. ആര്‍ച്ചറി, ബോക്‌സിംഗ്‌, ഗുസ്‌തി ഫെഡറേഷനുകള്‍ക്ക്‌ വലിയ ഫണ്ടില്ല. ഉള്ള ഫണ്ടാവട്ടെ പലരുടെയും പോക്കറ്റിലാവുമ്പോള്‍ താരങ്ങള്‍ക്ക്‌ പരിശീലനത്തിനായി ഒന്നും ലഭിക്കുന്നില്ല. ഇവിടെയാണ്‌ സ്വകാര്യ കായിക പ്രൊമോട്ടര്‍മാരുടെ സേവനം വലിയ സഹായമായി മാറുന്നത്‌. ഫെഡറേഷനുകളുടെ ഭരണം നിയന്ത്രിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. പണം വരുന്ന വഴിയെക്കുറിച്ച്‌ അവര്‍ക്കറിയാം. പക്ഷേ അത്‌ ഏത്‌ വിധം പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ കാര്യമായ അറിവില്ല. ഇതും താരങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന വിഷയമാണ്‌. ഇതെല്ലാം മനസ്സിലാക്കി തന്നെ പദുകോണും സേഥിയും പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക്‌ വന്‍കിട കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ സഹായം നല്‍കുന്നുണ്ട്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷപ്പെടുത്താന്‍ പലവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ട ശേഷം 2002 ല്‍ പദുകോണിനെ കണ്ടതാണ്‌ സേഥിയിലെ താരത്തെ സംഘാടകന്‍ എന്ന നിലയില്‍ കരുത്തനാക്കിയത്‌. ബംഗ്ലരൂവില്‍ സ്വന്തം ബാഡ്‌മിന്റണ്‍ അക്കാദമി സ്ഥാപിച്ച്‌ അധികാരികള്‍ക്കെതിരെ കുരിശ്‌ യുദ്ധം പ്രഖ്യാപിച്ച പദുകോണാണ്‌ ഒ.ജി.ക്യൂയുടെ പ്രധാന കാര്യദര്‍ശി. വിശ്വനാഥന്‍ ആനന്ദ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌ എന്നി കായിക പ്രതിഭകളെ കൂടാതെ ബിസിനസുകാരായ നീരജ്‌ ബജാജ്‌ (ബജാജ്‌ ഓട്ടോ ലിമിറ്റഡ്‌), ഷിതിന്‍ ദേശായി എന്നിവരെല്ലാം സംഘത്തിലുണ്ട്‌. ഇവരുടെ ശ്രമഫലമായാണ്‌ മോണറ്റ്‌ ഇസ്‌പാറ്റ്‌ ആന്‍ഡ്‌ എനര്‍ജി ലിമിറ്റഡ്‌ ഇന്ത്യന്‍ ബോക്‌സിംഗ്‌ ടീമുമായി 4.45 കോടിയുടെ കരാര്‍ ഒപ്പിട്ടത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ സ്‌പോണ്‍സര്‍മാരായ സഹാറ ഇന്ത്യ 95 കായിക താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്‌. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ മാര്‍ക്കറ്റിംഗ്‌ ഗ്രൂപ്പായ ഐ.എം.ജി വേള്‍ഡ്‌ വൈഡുമെല്ലാ ഈ രംഗത്ത്‌ താല്‍പ്പര്യമെടുത്തിരിക്കുന്നു. ഷൂട്ടര്‍ ഗഗന്‍ നരാംഗാണ്‌ ലക്ഷ്യ സ്‌പോര്‍ട്‌സിന്റെ വക്താവ്‌. ബോക്‌സര്‍മാരെ സഹായിക്കാന്‍ ഭീവാനി ബോക്‌സിംഗ്‌ ക്ലബുണ്ട്‌.
ബെയ്‌ജിംഗിലെ നേട്ടത്തിന്‌ ശേഷം ഉടലെടുത്ത ഈ സ്വകാര്യ കൂട്ടായ്‌മകളില്‍ തീര്‍ച്ചയായും പ്രതീക്ഷയര്‍പ്പിക്കാം. ഇന്നത്തെ താരങ്ങളുടെ ഗതികേട്‌ എന്തായാലും നാളെയുടെ താരങ്ങള്‍ക്കുണ്ടാവില്ല.

Thursday, July 19, 2012

THE GREAT MOTHER CUM MANAGER


ഒരു താരത്തെ സംബന്ധിച്ച്‌ അന്തിമവാക്ക്‌ ആരാണ്‌...? തീര്‍ച്ചയായും പരിശീലകന്‍. എന്നാല്‍ ഇന്ത്യയില്‍ മാറ്റമുണ്ട്‌-താരങ്ങളുടെ കാര്യത്തില്‍ അന്തിമവാക്ക്‌ അസോസിയേഷനാണ്‌. ആര്‌ മല്‍സരിക്കണം, ആരായിരിക്കണം കോച്ച്‌ തുടങ്ങിയ കാര്യങ്ങളില്‍ അസോസിയേഷന്റെ താല്‍പ്പര്യമാണ്‌ പ്രധാനം. താരങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌, ഈ മേഖലയിലെ വിദഗ്‌്‌ദ്ധരുടെ അഭിപ്രായങ്ങള്‍ക്കൊന്നും കടലാസിന്റെ വില പോലുമില്ല. സ്വന്തക്കാരുടെ ഗെയിമാണ്‌ നമ്മുടെ സ്‌പോര്‍ട്‌സ്‌. ഇപ്പോഴും എപ്പോഴും അത്‌ അങ്ങനെ തന്നെ. ഇത്തവണ ലണ്ടനിലേക്ക്‌ പോവുന്ന നമ്മുടെ പ്രതിനിധി സംഘത്തെ തന്നെ നോക്കിയാല്‍ മതി-എല്ലാവരും കായിക കോക്കസിലെ സ്ഥിരക്കാരും ബന്ധു മിത്രാദികളും. ഇന്ത്യന്‍ ടെന്നിസ്‌ ടീമിന്റെ മാനേജര്‍ സാനിയ മിര്‍സയുടെ മാതാവ്‌ നസീമയാണ്‌. നല്ല മാനേജരാണ്‌ നസീമ എന്നാണ്‌ ടെന്നിസ്‌ അസോസിയേഷന്റെ ഭാഷ്യം. ഒരു സാധാ വീട്ടമ്മയായ നസീമയുടെ ആകെ യോഗ്യത സാനിയയുടെ മാതാവ്‌ എന്നതാണ്‌ ( ടെന്നിസ്‌ ടീമിന്റെ കോച്ചായി സാനിയയുടെ ഭര്‍ത്താവ്‌ ഷുഹൈബ്‌ മാലിക്കിനെ നിയമിക്കാതിരുന്നത്‌ ഭാഗ്യം. അദ്ദേഹം പാക്കിസ്‌താനിയായത്‌ കൊണ്ട്‌ നമ്മള്‍ രക്ഷപ്പെട്ടു.) നസീമയെ തെരഞ്ഞെടുത്തപ്പോള്‍ പുറത്തായത്‌ ടെന്നിസിനെ അറിയുന്ന ഒരു പരിശീലകനാണ്‌. ഔദ്യോഗിക പരിശീലക സംഘത്തിലേക്ക്‌ നോക്കിയാല്‍ പിന്നെ ഡിസ്‌ക്കസ്‌ ത്രോ താരം കൃഷ്‌ണ പൂനിയയുടെ ഭര്‍ത്താവ്‌ വിരേന്ദര്‍, വികാസ്‌ ഗൗഡയുടെ പിതാവ്‌ തുടങ്ങിയ കുടുംബക്കാരുണ്ട്‌. മെറിറ്റിന്റെ അടിസ്ഥാനം നോക്കിയാല്‍ ഒരു പി.ടി ഉഷയെ മാത്രം കാണാം. അത്‌ തന്നെ പൊരുതി നേടിയ സ്ഥാനം. ഉഷയെ തുടക്കത്തില്‍ ഔദ്യോഗിക പ്രതിനിധം സംഘത്തിലാണ്‌ ഉള്‍പ്പെടുത്തിയത്‌. വലിയ പ്രതിനിധി സംഘത്തിലെ സാധാ അംഗം. ഈ സംഘത്തിലെ അംഗങ്ങള്‍ക്ക്‌ ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ റോളില്ല. വെറുതെ ലണ്ടന്‍ നഗരം കാണാം. ഷോപ്പിംഗും നടത്താം. അങ്ങനെ ഷോപ്പിംഗിനാണെങ്കില്‍ താനില്ലെന്ന്‌ ഉഷ തീര്‍ത്തുപറഞ്ഞു. ടിന്റു ലൂക്കയുടെ കോച്ച്‌ എന്ന നിലയില്‍ പരിഗണിക്കാമെങ്കില്‍ മാത്രം വരാമെന്ന്‌ ഉഷ പറഞ്ഞപ്പോല്‍ അത്‌ അംഗീകരിക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനിലെ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കായികമന്ത്രി അജയ്‌ മാക്കന്‍ ശക്തമായി ഇടപ്പെട്ടപ്പോഴാണ്‌ പരിശീലക എന്ന നിലയില്‍ തന്നെ ഉഷക്ക്‌ അക്രഡിറ്റേഷന്‍ നല്‍കിയത്‌. ഇതെല്ലാമാണ്‌ അണിയറയില്‍ നടക്കുന്ന നാടകങ്ങള്‍. ഉഷയെ പോലെ ഒളിംപിക്‌സ്‌ അനുഭവങ്ങള്‍ ഉള്ള മറ്റേത്‌ കായികതാരമുണ്ട്‌്‌ നമുക്ക്‌. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സ്‌ മുതല്‍ താരമായും ഒഫീഷ്യലായും കോച്ചായുമെല്ലാം ഉഷ രംഗത്തുണ്ട്‌. അങ്ങനെ ഒരു സീനിയര്‍ കായിക പ്രതിഭയെ അവരാഗ്രഹിക്കുന്ന തരത്തില്‍ അംഗീകരിക്കാന്‍ തന്നെ പ്രയാസം പ്രകടിപ്പിക്കുന്നവരാണ്‌ അധികാരി സംഘത്തിലുള്ളത്‌.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ നവീകരിക്കാനും മാലിന്യങ്ങളെ ഇല്ലാതാക്കാനും നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയഷന്‍ മുന്‍ പ്രസിഡണ്ടായ സുരേഷ്‌ കല്‍മാഡിയുടെ ലണ്ടന്‍ യാത്ര തടയാനുള്ള പൊതു താല്‍പ്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി അംഗീകരിക്കുകയും കോടതി കല്‍മാഡിയോട്‌ വിശദീകരണം തേടുകയും ചെയ്‌തിട്ടും അടിസ്ഥാനപരമായി ഒന്നും മാറുന്നില്ല. ഒളിംപിക്‌ പരിശീലനത്തിനും തയ്യാറെടുപ്പിനുമായി കോടികള്‍ മുടക്കിയിട്ടും കാര്യമായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും നിലനില്‍ക്കുന്നു.
ഇന്നലെ ദക്ഷിണാഫ്രിക്ക ഒളിംപിക്‌സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ രാജ്യത്തിന്റെ പതാകയേന്താന്‍ കാസ്റ്റര്‍ സെമന്യ എന്ന താരത്തെ തെരഞ്ഞെടുത്തപ്പോള്‍ ആ രാജ്യത്തിന്റെ കായിക താല്‍പ്പര്യത്തെ സ്‌തുതിക്കാതെ തരമില്ല. എല്ലാവരും വേട്ടയാടിയ താരമായിരുന്നു സെമന്യ. ലിംഗ പരിശോധനക്ക്‌ വരെ വിധേയമാക്കിയ താരം. പക്ഷേ രാജ്യം സെമന്യക്കൊപ്പം നിന്നു. ഒരു തരത്തിലും അവരെ വേട്ടയാടിയില്ല. പരിശോധനയില്‍ മാത്രമല്ല മല്‍സരക്കളത്തിലും സെമന്യ ഒന്നാമതായി വന്നു. വലിയ അംഗീകാരമായി രാജ്യത്തിന്റെ പതാകവാഹകയായും തെരഞ്ഞെടുത്തു. നമ്മുടെ അധികാരികള്‍ ഇത്തരത്തില്‍ താരങ്ങളോട്‌ സ്‌നേഹ വായ്‌പ്പ്‌ കാട്ടുമോ...? നിസ്സംശയം പറയാം-ഇല്ല. ഒളിംപിക്‌സില്‍ രാജ്യത്തിന്‌ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച അഭിനവ്‌ ബിന്ദ്രയെ പോലെ ഒരു താരത്തോട്‌ അധികാരികള്‍ പ്രകടിപ്പിക്കുന്ന അനാസ്ഥ തന്നെ നല്ല ഉദാഹരണം. ജീവിതം തന്നെ കായികവികസനത്തിനായി ഉഴിഞ്ഞുവെച്ച ഉഷക്കുണ്ടാവുന്ന അനുഭവങ്ങള്‍. നമ്മുടെ ചരിത്രത്തിലെ മഹാന്മാരായ കായിക താരങ്ങളോട്‌ ചോദിക്കുക-നല്ലത്‌ പറയാന്‍ ആര്‍ക്കും ഒന്നുമുണ്ടാവില്ല. ധ്യാന്‍ചന്ദിനെ പോലെ, മില്‍ഖാസിംഗിനെ പോലെ എല്ലാവരും വേദനയോടെ പടിയിറങ്ങിയവരാണ്‌. ഉത്തേജക വിവാദത്തില്‍പ്പെട്ട സിനി ജോസിനെയും ടിയാനയെയുമൊന്നും സഹായിക്കാന്‍ ആരുമില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പിങ്കി പ്രമാണിക്കിനെ പോലീസ്‌ വേട്ടയാടിയപ്പോഴും ആരും സഹായഹസ്‌തം നീട്ടിയില്ല.
പരിശീലകന്റെ മനസ്സും താല്‍പ്പര്യങ്ങളും അധികാരികള്‍ പരിഗണിക്കുന്നില്ല. പ്രീജാ ശ്രീധരന്‌ ഇത്തവണ 10,000 മീറ്ററില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം ആ കുട്ടിയുടെ പരിശീലകനെ അവസാന സമയത്തില്‍ മാറ്റിയതാണ്‌. ഏഷ്യന്‍ ഗെയിംസിലൂടെ പ്രീജക്ക്‌ ലോകോത്തര വേദിയിലേക്ക്‌ അവസരം ഒരുക്കിയ നിക്കോളായിയെ മാറ്റുമ്പോള്‍ പ്രീജയോടോ, കവിതാ റൗട്ടിനോടോ സുധാ സിംഗിനോടോ ഒരക്ഷരം ചോദിച്ചില്ല. സ്വന്തം താരങ്ങളോട്‌ ഒരക്ഷരം പറയാന്‍ കഴിയാതെയാണ്‌ നിക്കോളായി ബെലാറൂസിലേക്ക്‌ പോയത്‌. ടിന്റു ലൂക്കയെ താരമാക്കി മാറ്റിയത്‌ ഉഷയല്ലാതെ മറ്റാരുമല്ല. പക്ഷേ ടിന്റുവിന്റെ കോച്ചായി ഉഷയെ പരിഗണിക്കാന്‍ തുടക്കത്തില്‍ അധികാരികള്‍ തയ്യാറായില്ല. ഉഷയില്ലാതെ ടിന്റു ലണ്ടനില്‍ ഓടുന്ന കാര്യം ആലോചിക്കാനാവില്ല. സ്വന്തം ശിഷ്യക്ക്‌ വേണ്ടി മാത്രമാണ്‌ താന്‍ വരുന്നതെന്ന്‌ അവസാന ഉഷക്ക്‌ പറയേണ്ടി വന്നു. അധികാരികള്‍ പിന്തിരിപ്പന്‍ നിലപാട്‌ തുടര്‍ന്നാല്‍ ടിന്റുവിനെ ഒളിംപിക്‌ സംഘത്തില്‍ നിന്ന്‌ പിന്‍വലിക്കുന്ന കാര്യം പോലും ഉഷ ആലോചിച്ചിരുന്നു. ഷൂട്ടിംഗ്‌ പരിശീലകനായ സണ്ണി തോമസ്‌, ഹോക്കി കോച്ച്‌ മൈക്കല്‍ നോബ്‌സ്‌ തുടങ്ങിയവരെല്ലാം സ്വന്തം നിലപാട്‌ വ്യക്തമാക്കി, അധികാരികളുടെ നയങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച്‌ നിലനില്‍ക്കുന്നവരാണ്‌.
നമ്മുടെ വിവിധ അസോസിയേഷനുകളെ നയിക്കുന്നത്‌ കായികബോധം ഇല്ലാത്തവരാണ്‌. കായിക പാരമ്പര്യം ഇല്ലെങ്കിലും അത്യാവശ്യ കായികബോധമുള്ളവരാണെങ്കില്‍ താരങ്ങള്‍ രക്ഷപ്പെടും. കണ്ണുമടച്ച്‌ കൈയ്യടിക്കുന്നവര്‍ക്ക്‌ മാത്രമാണ്‌ ഇവിടെ അംഗീകാരം. അധികാരികളെ ചോദ്യം ചെയ്യുന്നവര്‍ എളുപ്പത്തില്‍ പടിക്ക്‌ പുറത്താവും. ഒന്നും മിണ്ടാതെയും പറയാതെയും കേവലം പൊട്ടനായി നില്‍ക്കുക. പ്രതികാതിരിക്കുക എന്നതാണ്‌ നമ്മുടെ അടിസ്ഥാന കായിക യോഗ്യത.

Wednesday, July 18, 2012

THE PHONE NUMBER IGNORY


കേരളത്തില്‍ നിന്ന്‌ ഇത്തവണ ഒളിംപിക്‌സിന്‌ യോഗ്യത നേടിയത്‌ ആറ്‌ പേര്‍. ഇതാദ്യമായാണ്‌ കൊച്ചു സംസ്ഥാനത്തില്‍ നിന്നും ഇത്രയുമധികം കായിക താരങ്ങള്‍ ഭൂഖണ്‌ഠാന്തര കായിക മാമാങ്കത്തിന്‌ യോഗ്യത നേടുന്നത്‌. മൂന്ന്‌ കോടിയോളം വരുന്ന മലയാളികള്‍ക്കിടയില്‍ നിന്ന്‌ ആറ്‌ പേര്‍ വലിയ വേദിയില്‍ മല്‍സരിക്കുന്നതിലെ അഭിമാനം ചെറുതല്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇത്രയധികം വികാസം പ്രാപിച്ച സമയത്ത്‌ നിങ്ങള്‍ക്ക്‌ തോന്നുകയാണ്‌ ആറ്‌ പേരെയും വിളിച്ചൊന്ന്‌ അഭിനന്ദിക്കാമെന്ന്‌. എല്ലാവര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണുകളുണ്ടാവുമല്ലോ... മിനിമം രണ്ട്‌ രൂപ മുടക്കിയാല്‍ അവരെ ഫോണില്‍ ലഭിക്കും. താരങ്ങളുടെ നമ്പര്‍ ലഭിക്കാനായി സ്വാഭാവികമായും കായികാധികാരികളെ വിളിക്കും. നമ്മുടെ നാട്ടില്‍ പതിനാല്‌ ജില്ലകളിലും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളും അവര്‍ക്ക്‌ മുകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുമുണ്ട്‌. അവിടേക്ക്‌ വിളിച്ചാലാണ്‌ ഒളിംപിക്‌സ്‌ മഹത്വവും കായിക മഹത്വവും സംഘാടന മഹത്വവുമെല്ലാം ഒന്നിച്ചറിയാനാവുക. താരങ്ങളുടെയാരുടെയും ഫോണ്‍ നമ്പരുകളോ വ്യക്തിഗത വിവരങ്ങളോ അവിടെയില്ല. ആരൊക്കെയാണ്‌ ഒളിംപിക്‌സ്‌ യോഗ്യത നേടിയതെന്ന്‌ അവര്‍ക്ക്‌ അറിയില്ല. എന്നാണ്‌ താരങ്ങള്‍ പോവുന്നത്‌, എന്തെല്ലാമാണ്‌ അവരുടെ ഒരുക്കങ്ങള്‍-ഒന്നുമറിയാത്തവരാണ്‌ അധികാരികള്‍ എന്ന കുപ്പായവുമണിഞ്ഞ്‌ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്‌.
എന്താണ്‌ ഇവരുടെ ജോലി...? നാടിന്‍രെ കായികമായ വികസനത്തെക്കുറിച്ച്‌ മാത്രം സംസാരിക്കുകയെന്നതാണെങ്കില്‍ അവരെ കുറ്റം പറയാനില്ല. അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ, കസേരയിലുടെ ലഭിക്കുന്ന പ്രശസ്‌തിയില്‍ ലോക സഞ്ചാരം നടത്തി മുന്‍ഗാമികളെ പിന്‍പറ്റാനാണ്‌ താല്‍പ്പര്യമെങ്കിലും കുറ്റം പറയുന്നില്ല. കലണ്ടറിലെ മാസങ്ങള്‍ നോക്കി അനുഷ്‌ഠാനം പോലെ മല്‍സരങ്ങള്‍ നടത്തി ഞാനാരോ മോന്‍ എന്ന്‌ പറയാനാണ്‌ ഭാവമെങ്കിലും നന്മകള്‍ നേരുന്നു. നാല്‌ അവാര്‍ഡുകള്‍ തരപ്പെടുത്തി സില്‍ബന്ധികളെ കൊണ്ട്‌ വാഴ്‌ത്തുമൊഴികള്‍ നിരത്തിയുള്ള ഗെയിമുകള്‍ക്കാണെങ്കിലും തെറ്റ്‌ പറയുന്നില്ല. ഇതെല്ലാം നമ്മള്‍ എത്രയോ കണ്ടിരിക്കുന്നു. ഇത്‌ വരെ കാണാത്തത്‌ അടിസ്ഥാനപരമായ സല്‍പ്രവൃത്തികളാണ്‌. അതുണ്ടാവണം. ഉണ്ടായാല്‍ പാവം താരങ്ങളും ഈ മേഖല നന്നായി കാണണമെന്ന്‌ കരുതുന്നവരും കുറ്റപ്പെടുത്തലുകള്‍ നടത്തില്ല.
കേരളത്തില്‍ നിന്ന്‌ ഒളിംപിക്‌ യോഗ്യത നേടിയ ആറ്‌ താരങ്ങളെ ആരെല്ലാം വിളിച്ച്‌ അഭിനന്ദിച്ചു...? ആരെല്ലാം സഹായങ്ങള്‍ നല്‍കി...? (ചന്ദ്രികയിലെ ഈ കോളത്തിലെ കുറിപ്പുകള്‍ വായിച്ച്‌ ചില സഹായങ്ങള്‍ താരങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 20 കിലോമീറ്റര്‍ നടത്തത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കെ.ടി ഇര്‍ഫാന്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷത്തിന്റെ അടിയന്തിര സഹായം നല്‍കി. പി.കുഞ്ഞിമുഹമ്മദ്‌ എന്ന 400 മീറ്ററുകാരന്‌ ലങ്കയില്‍ നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി വിഷമിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചന്ദ്രികയുടെ ഡയരക്ടറായ ഡോ.പി.എ ഇബ്രാഹീം ഹാജി സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു) അംഗീകാരം നേടുന്നവരെ ഒന്നഭിനന്ദിക്കാന്‍ നമ്മളെല്ലാം പിശുക്ക്‌ കാട്ടുന്നു. ഒളിംപിക്‌സ്‌ യോഗ്യത നേടുന്നത്‌ തന്നെ മെഡല്‍ നേട്ടത്തിന്‌ തുല്യമാണ്‌. അവരെ ഒന്ന്‌ വിളിച്ച്‌ അഭിനന്ദിച്ചാല്‍ അത്‌ വഴി ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തില്‍ മാത്രമാണ്‌ താരങ്ങള്‍ ഈ വിധം അവഗണിക്കപ്പെടുന്നത്‌ എന്നത്‌ വേദനാജനകമാണ്‌. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ താരങ്ങള്‍ക്ക്‌ ഒളിംപിക്‌സ്‌ പരിശീലനത്തിനും യാത്രക്കുമെല്ലാമായി നല്‍കിയ പണമെത്രയാണെന്ന്‌ നമ്മുടെ അധികാരികള്‍ ഒന്നന്വേഷിക്കുന്നത്‌ നല്ലതാണ്‌. അവര്‍
ക്ക്‌ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച്‌ കേവലം ചോദിച്ചറിയുന്നതും നല്ലതാണ്‌. 1984 ലെ ലോസാഞ്ചലസ്‌ ഒളിംപിക്‌സില്‍ പി.ടി ഉഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടപ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ തിരക്കിയപ്പോഴാണ്‌ നമ്മള്‍ എത്ര പിറകിലാണെന്ന സത്യം തിരിച്ചറിഞ്ഞത്‌. ഉഷയെ തോല്‍പ്പിച്ച്‌ സ്വര്‍ണം നേടിയ മൊറോക്കോകാരി മുത്തവാക്കിലിന്‌ സ്വന്തം വീടിനരികില്‍ സിന്തറ്റിക്‌ ട്രാക്കുണ്ടായിരുന്നു. അക്കാലത്ത്‌ ഉഷക്ക്‌ സിന്തറ്റിക്‌ ട്രാക്ക്‌ കാണണമെങ്കില്‍ ഇവിടെ നിന്ന്‌ മൂന്ന്‌ ദിവസം ട്രെയിനില്‍ സഞ്ചരിച്ച്‌ ഡല്‍ഹിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തണമായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ ഒരു ടെലഫോണ്‍ ഡയരക്ടറിയുടെ പ്രകാശംനം നടന്നിരുന്നു. ദക്ഷിണേന്ത്യയിലെ മൊത്തം സിനിമാ പ്രവര്‍ത്തകരുടെ വിലാസവും നമ്പരുകളും ഉള്‍പ്പെടുന്ന സിനിമാ ഡയരക്ടറി. സാധാരണ പറയാറുള്ളത്‌ സിനിമക്കാര്‍ ജാഡക്കാരാണ്‌. അവര്‍
ഫോണ്‍ എടുക്കില്ല എന്നെല്ലാമാണെങ്കിലും മമ്മുട്ടി മുതല്‍ ഇങ്ങ്‌ ലൈറ്റ്‌ ബോയ്‌ വരെയുള്ളവരുടെ നമ്പരുകള്‍ അതിലുണ്ട്‌. എല്ലാ വിഭാഗത്തിലെയും എല്ലാവരുടെയും ഡയരക്ടറികള്‍ പത്രമാപ്പിസുകളിലുണ്ട്‌. പക്ഷേ ഒരു കായിക ഡയരക്ടറിക്ക്‌ തെരഞ്ഞാല്‍ തോല്‍ക്കും. (ഒരുദാഹരണം പറയാം. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസ്‌ നടക്കുന്നു. ഉദ്‌ഘാടനത്തിന്റെ തലേദിവസം ഇന്ത്യന്‍ അധികാരികളുമായി ബന്ധപ്പെട്ടു. ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍, അവരുടെ ഇനങ്ങള്‍, റെക്കോര്‍ഡുകള്‍, മല്‍ഡസരതിയ്യതികള്‍ എല്ലാം അറിയാനായി ഉന്നതരെ തന്നെ ബന്ധപ്പെട്ടു. എല്ലാവരും കൈമലര്‍ത്തി. ഗെയിംസില്‍ പങ്കെടുക്കുന്ന കൊച്ചു ഇന്തോനേഷ്യന്‍ ദ്വിപുകാരുടെ ടീം വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബുക്ക്‌ലെറ്റ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയിരുന്നു. ഇന്ത്യയുടേത്‌ മാത്രമില്ല. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ ഒരു ബുക്ക്‌ കിട്ടി. അതിലാവട്ടെ നിറയെ അബദ്ധവും. പക്ഷേ സുരേഷ്‌ കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയുമെല്ലാം വര്‍ണചിത്രങ്ങള്‍ പൂര്‍ണകായ രൂപത്തില്‍ ആലേഖനം ചെയ്‌തിരുന്നു) )
കേരളത്തില്‍ നിന്ന്‌ വി.ഡിജു (ബാഡ്‌മിന്റണ്‍), കെ.ടി ഇര്‍ഫാന്‍ (20 കിലോമീറ്റര്‍ നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍ ഓട്ടം), രണ്‍ജിത്‌ മഹേശ്വരി (ട്രിപ്പിള്‍ ജംമ്പ്‌), മയൂഖാ ജോണി (ട്രിപ്പിള്‍ ജംമ്പ്‌), ശ്രീജേഷ്‌ (ഹോക്കി) എന്നിവരാണ്‌ ഒളിംപിക്‌സിന്‌ തെരഞ്ഞെടുക്കപ്പെടെതെന്ന കാര്യം പോലും അധികാരികള്‍ക്ക്‌ നമ്മള്‍ പറഞ്ഞ്‌ കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ പറഞ്ഞത്‌ ഫോണ്‍ നമ്പര്‍ അറിയാത്തത്‌്‌ കൊണ്ടാണ്‌ താരങ്ങളെ വിളിച്ച്‌ അഭിനന്ദിക്കാന്‍ കഴിയാതിരുന്നത്‌ എന്നാണ്‌. എന്തിനും ഏതിനും നമ്മള്‍ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താറുണ്ട്‌. ഇത്തവണ നമുക്ക്‌ ലഭിച്ചത്‌ താരമായ ഒരു പ്രസിഡണ്ടിനെ തന്നെയാണ്‌. അവര്‍ക്ക്‌ പോലും സ്വന്തം ഓഫീസിലെ അടിസ്ഥാന കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ ഗ്രാസ്‌ റൂട്ട്‌ മുതല്‍ താരങ്ങളെ കണ്ടെത്തണം, അവരെ വളര്‍ത്തണം, വിത്തും വളവും നല്‍കണമെന്നുമെല്ലാം ഘോരം ഘോരം അധികാരികള്‍ ഉദ്‌ഘാഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌...
അക്കാദമിക്‌ തലത്തില്‍ ഇവിടെ കായികവിദ്യാഭ്യാസം നടക്കുന്നില്ല (കായികബില്ലിനെക്കുറിച്ച്‌ മൈതാന പ്രസംഗങ്ങള്‍ നടക്കുന്നതില്‍ സന്തോഷം). കായികത എന്താണെന്ന തിരിച്ചറിവിനായി ശില്‍പ്പശാലകളും സെമിനാറുകളും പ്രബന്ധാവതരണങ്ങളും മുറക്ക്‌ നടക്കുന്നു.അക്കാദമികല്‍ എല്ലാവരുമങ്ങ്‌ പ്രഖ്യാപിക്കുന്നു (ഒരു അക്കാദമി തുടങ്ങേണ്ടതിന്റെ അടിസ്ഥാന വശങ്ങള്‍ പോലും ഇവിടെ ചര്‍ച്ചക്ക്‌ വിധേയമാവുന്നില്ല). കോഴിക്കോട്ട്‌ ആര്‍ക്കും ഉപകരിക്കാത്ത ഒരു നീന്തല്‍ക്കുളം നിര്‍മ്മിച്ചവരും കളിമുറ്റങ്ങളെ വിറ്റ്‌ കാശാക്കിയവരുമെല്ലാം ഈ നാട്ടില്‍ ജിവിക്കുന്നുണ്ട്‌.
പുറത്തേക്കിറങ്ങുമ്പോഴാണ്‌ നമ്മള്‍ ബഹദൂരം പിറകിലാണെന്ന സത്യം തിരിച്ചറിയുന്നത്‌. നമ്മുടെ താരങ്ങള്‍ ജാള്യരാവുന്നതും അപ്പോള്‍ തന്നെ. സൈന നെഹ്‌വാളിന്‌ ആന്ധ്ര സര്‍ക്കാര്‍ നല്‍കിയത്‌ 30 ലക്ഷം, ദീപികാ കുമാരിക്ക്‌ താര്‍ഖണ്ഡ്‌ ഭരണക്കൂടം നല്‍കിയത്‌ 25 ലക്ഷം, സ്വന്തം ഗുസ്‌തികാര്‍ക്ക്‌ ഹരിയാനാ ഭരണക്കൂടം നല്‍കിയത്‌ 25 ലക്ഷം വീതം, പണം വേണ്ടെന്ന്‌ പറഞ്ഞിട്ടും അഭിനവ്‌ ബിന്ദ്രക്ക്‌ എന്ത്‌ സഹായവും വാഗ്‌ദാനം ചെയ്‌തു ഡല്‍ഹി ഭരണക്കൂടം.
ഇവിടെയോ രണ്ട്‌ രൂപയുടെ അഭിനന്ദനത്തിന്‌ പോലും ആളില്ല....

Tuesday, July 17, 2012

CASTER SEMANYA AND TINTU LUKA-THE BIG DIFFERENCE



ഇന്ന്‌ രണ്ട്‌ താരങ്ങളെ പരിചയപ്പെടാം- അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും. ലണ്ടന്‍ ഒളിംപിക്‌സില്‍ വനിതകളുടെ 800 മീറ്ററില്‍ മല്‍സരിക്കുന്ന ദക്ഷിണാഫ്രിക്കക്കാരിയും ഇന്ത്യക്കാരിയുമാണ്‌ കഥാപാത്രങ്ങള്‍
1-മോക്‌ഗാഡി കാസ്‌റ്റര്‍ സെമന്യ: വനിതകളുടെ 800 മീറിലെ നിലവിലെ ലോക ജേത്രി. 2009 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 1:55.45 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത താരം ലിംഗ വിവാദത്തില്‍ മാധ്യമങ്ങളില്‍ ഇടക്കാലത്ത്‌ നിറഞ്ഞിരുന്നു. പക്ഷേ താന്‍ വനിതയാണെന്ന്‌ തെളിയിച്ച്‌ സെമന്യ ശക്തയായി തിരിച്ചെത്തി. രാജ്യവും മാധ്യമങ്ങളും യുവതാരത്തിനൊപ്പം നിന്നു. 2008 ലെ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസിലുടെ സ്വര്‍ണം നേടി വന്ന താരത്തെ ദക്ഷിണാഫ്രിക്കന്‍ ഭരണക്കൂടം രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. ലണ്ടനില്‍ ദക്ഷിണാഫ്രിക്ക ഈ കൊച്ചുതാരത്തില്‍ നിന്ന്‌ സ്വര്‍ണം പ്രതീക്ഷിക്കുന്നു. പക്ഷേ പ്രതീക്ഷാഭാരം അടിച്ചേല്‍പ്പിക്കുന്നില്ല.
2:ടിന്റു ലൂക്ക. ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിന്റെ അഭിമാനമാവുന്ന താരം. ഉഷയെന്ന പരിശീലകയുടെ ആത്മാര്‍പ്പണത്തില്‍ ലോക വേദികളില്‍ അവസരം ലഭിച്ച ടിന്റുവാണ്‌ ലണ്ടന്‍ ഒളിംപിക്‌സിന്‌ യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ അത്‌ലറ്റ്‌. 1: 59.85 സെക്കന്‍ഡാണ്‌ മികച്ച സമയം. 2008 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ടിന്റു ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.
ഇനി രണ്ട്‌ രാജ്യങ്ങളിലെ കായികാധികാരികള്‍ രണ്ട്‌ താരങ്ങളെയും എങ്ങനെയാണ്‌ പരിചരിക്കുന്നത്‌ എന്ന വിഷയത്തില്‍ ഒരു താരതമ്യം.
കാസ്റ്റര്‍ സെമന്യ: 2009 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയതിന്‌ ശേഷം സെമന്യയെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ചു. കായിക മന്ത്രാലയത്തിന്റെ സ്‌ക്കോളര്‍ഷിപ്പും പരിശീലന സൗകര്യവും പഠന സൗകര്യവും. സെമന്യക്കും പരിശീലകനും താല്‍പ്പര്യമുള്ള രാജ്യാന്തര മീറ്റുകളില്‍ പങ്കെടുക്കാം. ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. അടുത്തയാഴ്‌ച്ചയാണ്‌ സെമന്യ ലണ്ടനിലെത്തുന്നത്‌. ഈ സമയം വരെയും മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ അവളെ അവതരിപ്പിക്കുന്നില്ല. സ്വര്‍ണം നേടുമെന്ന തരത്തില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നില്ല. പരുക്കില്‍ നിന്ന്‌ അകന്നുനില്‍ക്കാന്‍ മാത്രം ഉപദേശം.
ടിന്റു ലൂക്ക: ഇന്ത്യന്‍ കായികാധികാരികള്‍ ടിന്റുവിനെ തിരിഞ്ഞ്‌ നോക്കുന്നില്ല. പി.ടി. ഉഷയുടെ ശിഷ്യ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ഉഷ തന്നെ നോക്കണമെന്ന നിര്‍ദ്ദേശം. സാമ്പത്തികമായി കാര്യമായ സഹായങ്ങളില്ല. കിനാലൂരിലെ ഉഷയുടെ സ്‌ക്കൂളില്‍ തന്നെ പരിശീലനം. ഇടക്ക്‌ മാത്രം രാജ്യാന്തര അവസരം. അത്‌ തന്നെ സ്വന്തം റിസ്‌ക്കില്‍. ഇത്തവണ യോഗ്യത നേടിയ ആദ്യ അത്‌ലറ്റ്‌ എന്ന ബഹുമതിയുണ്ടായിട്ടും അതിനൊത്ത പരിചരണം ഇത്‌ വരെ ലഭിച്ചിട്ടില്ല. ഉഷയുടെ സംരക്ഷണത്തില്‍ മാത്രം രാജ്യാന്തര അവസരം.
രണ്ട്‌ രാജ്യങ്ങളിലെയും മാറ്റങ്ങള്‍ നിരീക്ഷിക്കുക: സെമന്യക്ക്‌ സ്വന്തം പരിശീലനം മാത്രം ശ്രദ്ധിച്ചാല്‍ മതി.സാമ്പത്തിക വിഷയങ്ങളെക്കുറിച്ചാലോചിച്ച്‌ തല പുകക്കേണ്ടതില്ല. പ്രതീക്ഷകളുടെ അമിതഭാരം ആരും അടിച്ചേല്‍പ്പിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തര്‍ ചുറ്റും കൂടി കഥ മെനയുന്നില്ല. പ്രകടനം മോശമായാല്‍ വിമര്‍ശകര്‍ വാ തുറക്കുന്നില്ല. ദിവസവും ആറ്‌ മണിക്കൂര്‍ പരിശീലനം. പിന്നെ വിശ്രമം. മെന്റല്‍ ട്രെയിനിംഗും ഫിസിക്കല്‍ ട്രെയിനിംഗും ജിമ്മുമെല്ലാമായി ഒരുക്കങ്ങളില്‍ പുലര്‍ത്തുന്ന അച്ചടക്കത്തില്‍ ആത്മവിശ്വാസത്തോടെ സെമന്യ ഒരുങ്ങുന്നു. സാമ്പത്തികമായി ദക്ഷിണാഫ്രിക്ക അത്ര കരുത്തരല്ല. പക്ഷേ കായികമായി എല്ലാ സഹായങ്ങളും പ്രോല്‍സാഹനങ്ങളും നല്‍കുന്നു. ഉദ്‌ഘാടനങ്ങള്‍ക്ക്‌ സെമന്യ പോവുന്നില്ല. സെലിബ്രിറ്റി സ്‌റ്റാറ്റസ്‌ ആഗ്രഹിക്കുന്നില്ല. സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യം. പിന്തുണക്കാന്‍ സ്വന്തം പരിശീലകന്‍ മാത്രമല്ല രാജ്യത്തെ കായിക സമൂഹം ഒന്നടങ്കമുണ്ട്‌. ജോലിയുടെ പ്രശ്‌നവുമില്ല. രാജ്യത്തിന്റെ പൊതുസ്വത്തായ താരത്തിന്‌ ജീവിക്കാനുള്ള സമ്പത്ത്‌ രാജ്യം നല്‍കും
ഇനി ടിന്റുവിലേക്ക്‌ വരാം. വിമര്‍ശകര്‍ക്ക്‌ നടുവിലാണ്‌ പാവം പെണ്‍കുട്ടി. ആരെല്ലാം ഉഷയെ എതിര്‍ക്കുന്നുവോ അവരെല്ലാം ടിന്റുവിനെയും വേട്ടയാടുന്നു. ഉഷയോടുള്ള വിരോധം തീര്‍ക്കാന്‍ മുന്‍ അത്‌ലറ്റുകള്‍ പോലും ടിന്റുവിനെക്കുറിച്ച്‌ ഒരു നല്ല വാക്ക്‌ പറയുന്നില്ല. പ്രതീക്ഷകളുടെ അമിതഭാരം പേറുകയാണ്‌ കണ്ണൂര്‍കാരി. ഏത്‌ മീറ്റിലേക്ക്‌ പോവുമ്പോഴും സ്വര്‍ണം വാരി വരുമെന്ന മാധ്യമ ചര്‍ച്ചകള്‍. വലിയ രാജ്യത്തിന്റെ വലിയ പ്രതീക്ഷയായി ടിന്റുവിനെ വിശേഷിപ്പിക്കുന്നു. ആ സമ്മര്‍ദ്ദ ഭാരത്തില്‍ താരം തളരുന്നു. ഒരു സാമ്പത്തക സഹായവും കായിക മന്ത്രാലയമോ അത്‌ലറ്റിക്‌ ഫെഡറേഷനോ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനോ നല്‍കുന്നില്ല. ടിന്റു ഉഷക്ക്‌ വേണ്ടിയാണ്‌ ഓടുന്നതെന്നാണ്‌ പ്രചാരണം. പ്രചാരണം നടത്തുന്നതോ നമ്മുടെ കായിക കുലപതിമാര്‍.
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്‌: നിലവിലുള്ള സാഹചര്യത്തില്‍ ടിന്റു ലണ്ടനില്‍ മെഡല്‍ നേടാന്‍ സാധ്യത വിരളമാണ്‌. സെമന്യക്കാവട്ടെ നല്ല സാധ്യതയുമുണ്ട്‌. ടിന്റുവിന്‌ ഫൈനല്‍ ബെര്‍ത്ത്‌ നേടാനായാല്‍ അത്‌ തന്നെ വലിയ നേട്ടമായിരിക്കും. ഓഗസ്‌റ്റ്‌ 11 നാണ്‌ 800 മീറ്റര്‍ ഫൈനല്‍. അന്ന്‌ അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ ഒരു മെഡല്‍ നേടാനാവും. പക്ഷേ അത്തരം വിശ്വാസം തന്നെ അപകടമാണ്‌. ഒളിംപിക്‌സ്‌ കഴിഞ്ഞാല്‍ എല്ലാവരും ടിന്റുവിനെയും ഉഷയെയും വേട്ടയാടും. അതോടെ അവരങ്ങ്‌ തളരും. പിന്നെ എഴുന്നേല്‍ക്കുക 2014 ലെ ബൂസാന്‍ ഏഷ്യന്‍ ഗെയിംസ്‌ മുന്‍നിര്‍ത്തിയായിരിക്കും. അപ്പോഴും പതിവ്‌ പോലെ പഴയ പ്രശ്‌നങ്ങളെല്ലാം തല ഉയര്‍ത്തും.
ജനാധിപത്യ വിശ്വാസം വര്‍ദ്ധിച്ചതിനാല്‍ എല്ലാവരെയും കല്ലെറിയാന്‍ ഭയങ്കര മിടുക്കാണ്‌ നമുക്ക്‌. ഉഷയുടെ സമകാലികരായ ധാരാളം താരങ്ങള്‍ നമുക്കുണ്ട്‌. അവരിപ്പോള്‍ എന്ത്‌്‌ ചെയ്യുകയാണ്‌... കുശുമ്പും പരദൂഷണവുമായി നടക്കുന്നു. ഒരു കാലത്ത്‌ ഓടിയതിനാല്‍ അത്യാവശ്യ പ്രശസ്‌തിയും ജോലിയുമായി. ഇപ്പോള്‍ ജിവിതം കൂശാല്‍. കൂട്ടുകാരിയെക്കുറിച്ച്‌ നാല്‌ പരദൂഷണമടിച്ചാല്‍ അത്‌ വാര്‍ത്തയാവും. അങ്ങനെയങ്ങ്‌്‌ കാലം കഴിക്കാമെന്ന കണക്ക്‌കൂട്ടല്‍. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര്‌ കാണാനുള്ള അതിമോഹം.

Monday, July 16, 2012

INDIAN BEHAVIOUR TO A COACH


പണത്തിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റ്‌
എന്ത്‌ കൊണ്ട്‌ ലണ്ടന്‍ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്‌ ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയായ പ്രീജ ശ്രീധരന്‍ നല്‍കിയ മറുപടി ഗൗരവമുള്ളതാണ്‌. ഏഴ്‌ മാസം മുമ്പ്‌ നിയോഗിതനായ ഇറ്റലിക്കാരനായ പുതിയ പരിശീലകന്റെ തന്ത്രങ്ങളിലെ പരിചയക്കുറവും വളരെ വൈകിയുള്ള വിദേശ മല്‍സരങ്ങളും തന്നെ തളര്‍ത്തിയെന്നാണ്‌ പ്രീജ വ്യക്തമാക്കിയിരിക്കുന്നത്‌. തോല്‍ക്കുമ്പോള്‍ താരങ്ങളല്ല എല്ലാവരും കാര്യകാരണങ്ങള്‍ നികത്തും. പക്ഷേ പ്രീജ പറയുന്നതില്‍ കാര്യമുണ്ട്‌- ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 10,000 മീറ്ററില്‍ സ്വര്‍ണവും 5,000 മീറ്ററില്‍ വെള്ളിയും നേടിയ താരത്തിന്റെ കോച്ച്‌ നിക്കോളായി സിസറേവ്‌ എന്ന ബെലാറൂസുകാരനായിരുന്നു. ആ നേട്ടത്തിന്‌ ശേഷം അത്‌ലറ്റ്‌സ്‌ വില്ലേജില്‍ വെച്ച്‌ നിക്കോളായിയെ കണ്ടപ്പോള്‍ അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്‌ ഒരു വര്‍ഷത്തിനകം പ്രീജ ലോകോത്തര താരമാവുമെന്നാണ്‌. കെനിയയുടെയും മറ്റ്‌ ആഫ്രിക്കന്‍ താരങ്ങളുടെയും സ്റ്റാമിനയില്‍ പ്രകടമാവുന്ന കരുത്ത്‌ മാത്രമാണ്‌ അകന്ന്‌ നില്‍ക്കുന്നതെന്നും ശക്തമായ പരിശീലനത്തില്‍ പ്രീജക്ക്‌ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട്‌ കേട്ടത്‌ നിക്കോളായിയെ പുറത്താക്കിയ വാര്‍ത്തയായിരുന്നു. പുതിയ കോച്ചിനെയും നിയമിച്ചു. അദ്ദേഹത്തിന്റെ തന്ത്രങ്ങളുമായി പരിചയപ്പെട്ടുവരുമ്പോഴാണ്‌ ഒളിംപിക്‌ വന്നെത്തിയിരിക്കുന്നത്‌. ഇറ്റലിയില്‍ വെച്ചായിരുന്നു പ്രീജയുടെ അവസാന യോഗ്യതാ ട്രയല്‍സ്‌. അതിലും പരാജയപ്പെട്ട താരത്തിന്‌ ലണ്ടനില്‍ മല്‍സരിക്കാനാവില്ല.
ഏഷ്യന്‍ ഗെയിംസില്‍ നല്ല റെക്കോര്‍ഡ്‌ നല്‍കിയ പരിശീലകനെ ഒഴിവാക്കിയതിന്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ സ്വന്തം ന്യായീകരണങ്ങള്‍ നിരത്തിയിട്ടുണ്ട്‌. താരങ്ങള്‍ക്ക്‌ അനാവശ്യ ജോലിഭാരം നല്‍കുന്നതും അസുഖങ്ങള്‍ വരുമ്പോള്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപദേശിക്കുന്നതുമെല്ലാമാണ്‌ അവര്‍ നിരത്തിയ എസ്‌ക്യൂസുകള്‍.(പക്ഷേ താരങ്ങളാരും നിക്കോളായിയെ കുറപ്പെടുത്തിയിട്ടില്ല) പ്രീജ, സുധാസിംഗ്‌, കവിതാ റൗട്ട്‌ തുടങ്ങിയ ഭാവി വാഗ്‌ദാനങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ പരിശീലകനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ അധികാരികളുടെ സമീപനത്തില്‍ മനം മടുത്തുവെന്നാണ്‌.
ആര്‌ പറയുന്നതാണ്‌ ശരി...? നമ്മുടെ അധികാരികളെ എന്തായാലും കണ്ണുമടച്ച്‌ വിശ്വസിക്കാനാവില്ല. സ്വന്തം നിലനില്‍പ്പിനായി അവര്‍ നടത്തുന്ന നാടകങ്ങളില്‍ ഒന്ന്‌ മാത്രമാവാം നിക്കോളായിയെ പുറത്താക്കിയത്‌.
ബെലാറൂസുകാരാനയ നിക്കോളായിയുമായി ചൈനയില്‍ വെച്ച്‌ ദീര്‍ഘസമയം സംസാരിക്കാന്‍ കഴിഞ്ഞതില്‍ നിന്നും മനസ്സിലായത്‌ അദ്ദേഹത്തിന്റെ ഇന്ത്യന്‍ താല്‍പ്പര്യമാണ്‌. പ്രീജയെയും സുധയെയും കവിതയെയും അദ്ദേഹത്തിന്‌ ഇഷ്‌ടമായിരുന്നു. മൂന്ന്‌ പേരും കഠിനാദ്ധ്വാനികള്‍. ഇടക്കുള്ള വീടു സന്ദര്‍ശനം മാത്രമായിരുന്നു അദ്ദേഹം പ്രശ്‌നമായി പറഞ്ഞിരുന്നത്‌. മൂന്ന്‌ പേരുടെയും മസില്‍ വളര്‍ച്ച പ്രശ്‌നമായിരുന്നു. ചെറിയ പ്രായത്തില്‍ പോഷകാഹാര സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നതിനാല്‍ മസില്‍ വളര്‍ച്ച മന്ദഗതിയിലാണ്‌. ആ മസിലുകളെ ശക്തിവത്താക്കി, സ്‌റ്റാമിനാതലം ഉയര്‍ത്തി കൂടുതല്‍ വര്‍ക്കൗട്ടുകള്‍ നടത്തി ശരീരത്തിനും മനസ്സിനും കരുത്ത്‌ നല്‍കാനാണ്‌ നിക്കോളായി ശ്രമിച്ചത്‌. തന്റെ ദൗത്യത്തില്‍ അദ്ദേഹം വിജയിച്ചതിന്‌ ധാരാളം തെളിവുകളുണ്ട്‌. പ്രീജയുടെയും കവിതയുടെയും ഏഷ്യന്‍ ഗെയിംസ്‌ നേട്ടത്തിന്‌ പുറമെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധയും ഒന്നാമത്‌ വന്നു. കവിത ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിസിലും മെഡല്‍ സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്തിലെയും ഏഷ്യന്‍ ഗെയിംസിലെയും നേട്ടങ്ങള്‍ ആയുധമാക്കി ഒളിംപിക്‌സ്‌ മെഡല്‍ എന്ന അദ്ദേഹത്തിന്റെ പ്ലാനാണ്‌ കായികമന്ത്രാലയവും സായിയും ചേര്‍ന്ന്‌ മറിച്ചിട്ടത്‌. ഏഷ്യന്‍ ഗെയിംസിന്‌ ശേഷം അവധിക്ക്‌ പോയ നിക്കോളായി കൂടുതല്‍ പ്രതിഫലം ചോദിച്ചിരുന്നു. കൂടാതെ കായിക പരിശീലനമറിയുന്ന തന്റെ ഭാര്യക്ക്‌ ഒരു ജോലിയും തേടി. ഈ രണ്ട്‌ ആവശ്യങ്ങളും ഉന്നയിച്ചപ്പോള്‍ അദ്ദേഹം ഒളിംപിക്‌സിലെ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കായിക മന്ത്രാലയം അതിന്‌ തയ്യാറായില്ല. ചെറിയ ഒരു പ്രതിഫല വര്‍ദ്ധന മാത്രം നിര്‍ദ്ദേശിച്ച്‌ അവര്‍ വാതില്‍ അടച്ചു. പ്രീജയോടോ കവിതയോടോ ഒന്ന്‌ ചോദിച്ചത്‌ പോലുമില്ല. സ്വന്തം പരിശീലകന്‍ അകന്ന കാര്യം വളരെ വൈകിയാണ്‌ ഇവരറിയുന്നത്‌. ഇതാണ്‌ നമ്മുടെ മര്യാദ.
സാധാരണ ഗതയില്‍ പരിശീലകനെ പുറത്താക്കുന്നതില്‍ പരമ്പരാഗതമായി നമ്മള്‍ അവലംബിക്കുന്ന മാതൃകയുണ്ട്‌. വലിയ ചാമ്പ്യന്‍ഷിപ്പില്‍ ടീം പങ്കെടുക്കുകയും തോല്‍ക്കുകയും ചെയ്യുമ്പോള്‍ ബലിയാടായി അധികാരികള്‍ പരിശീലകനെ കണ്ടെത്തും. അദ്ദേഹത്തെയങ്ങ്‌ പുറത്താക്കും. ക്രിക്കറ്റിലും ഹോക്കിയിലും അത്‌ലറ്റിക്‌സിലുമെല്ലാം ഇത്‌ പതിവ്‌ സംഭവമാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിന്‌ വളര്‍ച്ചയുടെ വഴികള്‍ ഉപദേശിക്കുക മാത്രമല്ല അത്‌ കാണിക്കുകയും താരങ്ങള്‍ കൈയ്യടിക്കുകയും ചെയ്‌ത ഡേവ്‌ ഹൂട്ടണെ അകാരണമായി പുറത്താക്കി. സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ എന്ന പരിശീലകനോടും കരുണ കാട്ടിയില്ല. ഹോക്കിയില്‍ ഇപ്പോള്‍ മൈക്കല്‍ നോബ്‌സ്‌ എന്ന ഓസ്‌ട്രേലിയക്കാരനുണ്ട്‌. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ എത്രയോ പേരെ വെറുതെ പുറത്താക്കിയിട്ടുണ്ട്‌. നിക്കോളായിയുടെ കാര്യത്തില്‍ പക്ഷേ തോല്‍വിയുണ്ടായിരുന്നില്ല. കര്‍ക്കശക്കാരനായ ആ കോച്ച്‌ വിജയം മാത്രമാണ്‌ സമ്മാനിച്ചത്‌. ബംഗ്ലൂരൂവിലും പട്യാലയിലും പൂനെയിലുമായി അദ്ദേഹം താരങ്ങള്‍ക്ക്‌ നല്‍കിയത്‌ അതിജീവനത്തിന്റെ പാഠങ്ങളായിരുന്നു. ഒളിംപിക്‌സ്‌ വര്‍ഷത്തില്‍ ശക്തനായ ഒരു പരിശീലകനോട്‌ അധികാരികള്‍ ചെയ്‌ത പാതകത്തില്‍ രണ്ട്‌ താരങ്ങള്‍ ബലികഴിക്കപ്പെട്ടിരിക്കുന്നു. പ്രീജക്കും കവിതക്കും ഇനി അടുത്ത ഒളിംപിക്‌സ്‌ വരെ കാത്തിരിക്കണം. അര്‍ജുനയും ഏഷ്യന്‍ മെഡലുകളുമെല്ലാമായി പ്രീജ വിവാഹിതയാവാന്‍ പോവുന്നു. ട്രാക്കില്‍ അവള്‍ക്കിനി തുടരാനാവുമോ എന്നത്‌ വലിയ ചോദ്യം. നാല്‌ വര്‍ഷം കഴിയുമ്പോഴേക്കും ലോകം എത്ര മാറിയിരിക്കും എന്നത്‌ മറ്റൊരു ചോദ്യം. പക്ഷേ ഇപ്പോള്‍ തന്നെ ഉത്തരം നല്‍കാന്‍ കഴിയുന്ന ഒരു ചോദ്യമുണ്ട്‌-നാല്‌ വര്‍ഷം കഴിഞ്ഞാലും നമ്മുടെ അധികാരികള്‍ മാറില്ല. അവിടെ കല്‍മാഡിമാരും മല്‍ഹോത്രമാരും ഭാനോട്ടുമാരും തന്നെയായിരിക്കും....
നിക്കോളായി പ്രതിഫലം കൂടുതല്‍ ചോദിച്ചപ്പോള്‍ മുഖം നല്‍കാത്തവര്‍ സ്വന്തം പ്രതിഫലം അടിക്കടി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പോക്കറ്റടിയും നടത്തുന്നു.

Sunday, July 15, 2012

YES-HE IS NEVIL DZUZZA


ധ്യാന്‍ചന്ദ്‌, പി.ടി ഉഷ, മില്‍ഖാ സിംഗ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌, കര്‍ണം മല്ലേശ്വരി, രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍, അഭിനവ്‌ ബിന്ദ്ര തുടങ്ങിയ നാമങ്ങളൊക്കെ ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ വെളളിത്തെളിച്ചത്തില്‍ കാണാം. ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായ ഇന്ത്യയുടെ ഏറ്റവും മികച്ച പത്ത്‌ ഒളിംപിക്‌ നേട്ടങ്ങള്‍ പരിശോധിക്കാന്‍ കായിക വിദഗ്‌ദ്ധരോട്‌ പറഞ്ഞാല്‍ അതില്‍ ആദ്യം വരുക അഭിനവ്‌ ബിന്ദ്രയുടെ ബെയ്‌ജിംഗ്‌ സ്വര്‍ണമായിരിക്കും. വലിയ മേളയില്‍ വ്യക്തഗതമായി ഇന്ത്യക്ക്‌ ലഭിക്കുന്ന ആദ്യ സ്വര്‍ണം. അഭിനവ്‌ സ്വര്‍ണം മാറോട്‌ ചേര്‍ത്ത ആ മുഹൂര്‍ത്തം കാണാത്തവരുണ്ടാവില്ല. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ സാക്ഷിയാക്കി തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ രാജ്യത്തിന്‌ സ്വര്‍ണം സമ്മാനിച്ച്‌ ഹോക്കിയോട്‌ വിടപറഞ്ഞ ധ്യാന്‍ചന്ദ്‌. വാംഅപ്പ്‌ മല്‍സരത്തില്‍ ജര്‍മനിയോട്‌ പരാജയപ്പെട്ട്‌ തുടങ്ങിയ ഇന്ത്യ അതേ ജര്‍മനിയെ 8-1 ന്‌ തകര്‍ത്തും ഫൈനലില്‍ ധ്യാന്‍ചന്ദിന്റെ പല്ല്‌ ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ തല്ലിക്കൊഴിച്ചതും അതിന്‌ പ്രതികാരമായി കടുത്ത ആക്രമണവുമായി ധ്യാന്‍ ഗോള്‍വേട്ട നടത്തിയതും നമ്മുടെ ഒളിംപിക്‌സ്‌ ചരിത്രത്തിലെ പാടിപതിഞ്ഞ വീരഗാഥയാണ്‌. 2004 ല്‍ ഏതന്‍സില്‍ വീണ്ടും ഒളിംപിക്‌സ്‌ വിരുന്നെത്തിയപ്പോള്‍ അധികമാരുമറിയാത്ത രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ എന്ന മിലിട്ടറിക്കാരന്‍ ഡബിള്‍ ട്രാപ്പില്‍ വെള്ളി മെഡല്‍ വെടിവെച്ചിട്ടത്‌ വിസ്‌മയമായിരുന്നു. 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ആന്ദ്രെ അഗാസിയെ പോലെ ഒരു സൂപ്പര്‍ താരത്തെ ലിയാന്‍ഡര്‍ പെയ്‌സ്‌ എന്ന ഇന്ത്യക്കാരന്‍ വിറപ്പിച്ച കാഴ്‌ച്ചയും ആരും മറക്കില്ല. പെയ്‌സിന്റെ ആ വൈങ്കലത്തിന്‌ സ്വര്‍ണത്തോളം കരുത്തുണ്ടായിരുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബോക്‌സിംഗ്‌ റിംഗില്‍ വിജേന്ദറും സൂശീലും സ്വന്തമാക്കിയ വെങ്കലവും വലിയ നേട്ടമായിരുന്നു. (സൂശീലിനെ നമുക്കറിയാം, ഇന്ത്യക്ക്‌ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച ഗുസ്‌തിക്കാരന്‍ കെ.ഡി യാദവിനെ ആര്‍ക്കുമറിയില്ല). സിഡ്‌നിയില്‍ 2000 ത്തില്‍ കര്‍ണം മല്ലേശ്വരി ഭാരമുയര്‍ത്തി നേടിയ വെങ്കലത്തിനും 1960 ലെ റോം ഒളിംപിക്‌സില്‍ മില്‍ഖാസിംഗ്‌ 400 മീറ്ററില്‍ നേടിയ നാലാം സ്ഥാനവും ഉഷയുടെ ലോസാഞ്ചലസ്‌ നഷ്ടവും നാട്ടില്‍പ്പാട്ടാണ്‌.
മേല്‍പ്പറഞ്ഞ അതേ വിസ്‌മയതയില്‍ നമ്മുടെ വീരഗാഥകളില്‍ നായകാനാവേണ്ട ഒരാളായിരുന്നു നെവില്‍ ഡീസൂസ. നെവില്‍ ഡീസൂസയെ അറിയുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രിയര്‍ കുറവായിരിക്കും. ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ ആദ്യമായി ഹാട്രിക്‌ സ്വന്തമാക്കിയ ഏഷ്യക്കാരന്‍. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ്‌ ക്വാര്‍ട്ടറില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ 4-2 ന്റെ മഹത്തായ വിജയം നേടിയ സംഘത്തിലെ ശക്തന്‍. സെമിഫൈനലില്‍ യുഗോസ്ലാവ്യയോട്‌ 1-4 ന്‌ പരാജയപ്പെട്ട ടീം പിന്നീട്‌ ലൂസേഴ്‌സ്‌ ഫൈനലില്‍ യൂഗോസ്ലാവ്യയോടും (0-3) തോറ്റാണ്‌ നാലാമന്മാരായത്‌. പിന്നീടൊരിക്കലും ഇന്ത്യ ഫുട്‌ബോളില്‍ ഈ ഉയരത്തിലെത്തിയിട്ടില്ല.
അന്ന്‌ ഇന്ത്യയോട്‌ തോറ്റതിന്‌ ശേഷം ഓസ്‌ട്രേലിയക്കാര്‍ നടത്തിയ നായാട്ട്‌ അധികമാരുമറിഞ്ഞിരുന്നില്ല. സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ഇന്ത്യയെ പോലെ ഒരു ടീമിനോടേറ്റ തോല്‍വിയില്‍ അവര്‍ കൊലവിളി നടത്തുകയായിരുന്നു. ഓസീസ്‌ പ്രതിരോധത്തെ പിച്ചിചീന്തി നെവിന്‍ ഡീസൂസ മൂന്ന്‌ സുന്ദരമായ ഗോളുകള്‍ നേടിയതും കോഴിക്കോട്ടുകാരന്‍ റഹ്‌മാന്‍ കാത്ത ഇന്ത്യന്‍ ഡിഫന്‍സ്‌ പാറ പോലെ ഉറച്ചുനിന്നതുമൊന്നും ഓസീസ്‌ പത്രങ്ങള്‍ പോലും വാര്‍ത്തയാക്കിയില്ല. ഒളിംപിക്‌സ്‌ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയെ വെല്ലുവിളിച്ചു. സിഡ്‌നിയില്‍ ഒരു മല്‍സരം കളിക്കാന്‍ തയ്യാറുണ്ടോയെന്നും പത്ത്‌ ഗോളിനെങ്കിലും തോല്‍പ്പിക്കാമെന്നുമുള്ള ഭീഷണി. പക്ഷേ ടീമിന്റെ മാന്യനായ കോച്ച്‌ എസ്‌.എ റഹീം ചിരിച്ച്‌ കൊണ്ട്‌ വെല്ലുവിളിച്ചവരെ നേരിട്ടു.
നെവില്‍ നേടിയ ഒളിംപിക്‌ ഗോളുകളുടെ മഹത്തരം അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ പറഞ്ഞ്‌ മാത്രമേ അറിവുള്ളു. ഇന്ന്‌ നമ്മള്‍ ആസ്വദിക്കുന്ന ലയണല്‍ മെസിയെ പോലും തോല്‍പ്പിക്കുന്ന മെയ്‌ വഴക്കത്തിലായിരുന്നത്രെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നാല്‌ ഗോളുകള്‍ മുംബൈക്കാരന്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മെല്‍ബണിലെ ടോപ്‌ സ്‌ക്കോററും മറ്റാരുമായിരുന്നില്ല. ടെലിവിഷന്‍ കവറേജ്‌ ഒന്നുമില്ലാത്ത മേളയായിരുന്നതിനാല്‍ ഇന്ത്യക്കും ലോകത്തിനും നഷ്‌ടമായത്‌ മനോഹരമായ കാഴ്‌ച്ചകളായിരുന്നു. 56 ല്‍ നിന്നും അരനൂറ്റാണ്ടിലധികം പിന്നിടുമ്പോള്‍ നെവിലിനെ ചിലരെങ്കിലും ഓര്‍ക്കുന്നത്‌ ഫുട്‌ബോള്‍ ക്വിസ്‌ മല്‍സരങ്ങളിലൂടെയാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളിലും നെവില്‍ ചിലപ്പോള്‍ കടന്നുവരുന്നു.
56 ന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ എവിടെയെത്തി, ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ എവിടെയെത്തി...? ഓസ്‌ട്രേലിയ ഇന്ന്‌ ഏഷ്യയില്‍ ഒന്നാമന്മാരാണ്‌. (ഓഷ്യാന മേഖലാ ടീമാണെങ്കിലും അവര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ അംഗമാണിപ്പോള്‍) നിരവധി ഓസീസ്‌ താരങ്ങള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നു. ഫിഫയുടെ ലോക റാങ്കിംഗില്‍ ആദ്യ 25 ല്‍ വരുന്ന ഓസീസുകാരോട്‌ ഇന്ത്യ കളിച്ചാല്‍ ഡസന്‍ കണക്കിന്‌ ഗോളുകള്‍ വാങ്ങും.( 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ കണ്ടിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ഫുട്‌ബോള്‍ അന്തരം)
ലണ്ടനില്‍ ഫുട്‌ബോള്‍ ജനപ്രിയ ഗെയിമാണ്‌. സ്വന്തം താരമായ ഡേവിഡ്‌ ബെക്കാമിന്‌ ദേശീയ ടീമില്‍ ഇടം ലഭിച്ചിട്ടില്ലെങ്കിലും വെംബ്ലിയിലും ഓള്‍ഡ്‌ ട്രാഫോഡിലും നടക്കുന്ന ഒളിംപിക്‌ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കുറയില്ല. ഫുട്‌ബോള്‍ എന്നും ജനപ്രിയ ഗെയിമാണ്‌. നാമിപ്പോള്‍ ആഘോഷിക്കുന്നത്‌ സുനില്‍ ചേത്രിക്ക്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന പോര്‍ച്ചുഗല്‍ ടീമിന്റെ ബി ഡിവിഷന്‍ ഇടം ലഭിച്ചതാണ്‌. ഇന്ത്യയുടെ ഈ അധ: പതനത്തില്‍ ആര്‍ക്കും വേദനയില്ല. വേദനിക്കേണ്ടവര്‍ ചിരിക്കുമ്പോള്‍ ഇത്തരം അനുസ്‌മരണക്കുറിപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇല്ലാതാവുന്നു. ലണ്ടനില്‍ ബ്രസീലുകാരന്‍ നെയ്‌മറും ഇംഗ്ലണ്ടുകാരന്‍ ഗാരി നെവിലുമെല്ലാം ഫുട്‌ബോള്‍ കളിക്കും. അവര്‍ ഗോള്‍ നേടിയാല്‍ നമ്മള്‍ അതിനെ വാനോളം പുകഴ്‌ത്തും. അപ്പോഴും ആ ഗോള്‍വേട്ടക്കാരന്‍ നെവില്‍ ചര്‍ച്ചയിലേക്ക്‌ വരില്ല. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നത്‌ സ്‌പോര്‍ട്‌സില്‍ വിലയില്ലാത്ത നാണയമാണ്‌.

Saturday, July 14, 2012

NO OLYMPIC CHARTER FOR INDIA, WE HAVE KALMADI CHARTER


ഒളിംപിക്‌ ചാര്‍ട്ടറും ഇന്ത്യയോട്‌ തോല്‍ക്കുന്നു
ഒളിംപിക്‌ ചാര്‍ട്ടര്‍ എന്നൊരു മഹത്തായ രേഖയുണ്ട്‌. ഒളിംപിക്‌സ്‌ മഹാമേളയുടെ ചരിത്രത്തോളം പഴക്കമുള്ള ഗെയിംസ്‌ നിയമങ്ങളെ പ്രതിപാദിക്കുന്ന അടിസ്ഥാന രേഖ. വളരെ വ്യക്തമായി ഒളിംപിക്‌സ്‌ ലക്ഷ്യങ്ങളും ഒളിംപിക്‌സ്‌ മൂല്യങ്ങളും വിവരിക്കുന്ന രേഖയില്‍ ഒരു വരിയുണ്ട്‌-കായികതയുടെ വിശ്വാസ്യതക്ക്‌ വിഘ്‌നം നില്‍ക്കുന്നവരോട്‌ മമത പാടില്ല. എല്ലാ രാജ്യങ്ങളും എല്ലാ കായിക ഫെഡറേഷനുകളും ഈ ചാര്‍ട്ടര്‍ പാലിക്കാനും നിയമവ്യവസ്ഥകളെ ഉയര്‍ത്തിപ്പിടിക്കാനും ബാധ്യസ്ഥരാണ്‌.
കായികതയുടെ വിശ്വാസ്യതക്ക്‌ വിഘ്‌നം നില്‍ക്കുന്നവരുടെ പട്ടികയിലേക്ക്‌ നിസ്സംശയം ചൂണ്ടിക്കാട്ടാം സുരേഷ്‌ കല്‍മാഡിയെ. വളരെ വ്യക്തമായ തെളിവുകളുമായി നിയമത്തിന്‌ മുന്നില്‍ പിടിക്കപ്പെട്ട വ്യക്തി. വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകനായി രാജ്യത്തിന്റെ ഖജനാവിന്‌ കോടികള്‍ നഷ്ടപ്പെടുത്തിയ സംഘാടകന്‍. വ്യവസ്ഥിതികളെയും സത്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്ന വ്യക്തി. അത്തരത്തിലൊരാള്‍ കോടതിയുടെ വഴിയെ ഒളിംപിക്‌സിന്റെ ഭാഗമാവുമ്പോള്‍ ആര്‌ തടയും...?
ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയാണ്‌ ഒളിംപിക്‌ ചാര്‍ട്ടറിന്റെ സംരക്ഷകര്‍. അവരാണ്‌ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കേണ്ടവര്‍. ജാക്വസ്‌ റോജെയാണ്‌ കമ്മിറ്റിയുടെ തലവന്‍. അദ്ദേഹത്തിന്‌ ഇന്ത്യന്‍ ഭരണക്കൂടവുമായോ, നമ്മുടെ കോടതികളുമായോ ബന്ധമില്ല. നേരിട്ടുള്ള ബന്ധം ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനുമായാണ്‌. അവിടെ നിന്നാണ്‌ സത്യങ്ങള്‍ അറിയേണ്ടത്‌. പക്ഷേ ഒന്നും അവരറിയുന്നില്ല. (സഊദി അറേബ്യ വനിതാ കായിക താരങ്ങള്‍ക്ക്‌ ഒളിംപിക്‌സിന്‌ അനുമതി നിഷേധിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധമുണ്ടായി. പരാതി ഒളിംപിക്‌ കമ്മിറ്റിയിലെത്തി. സഊദിക്കാര്‍ ഒളിംപിക്‌ ചാര്‍ട്ടര്‍ ലംഘിക്കുന്നുവെന്നായിരുന്നു ആരോപണം. ഉടന്‍ തന്നെ ഐ.ഒ.സി ഇടപ്പെട്ടു. പ്രശ്‌നം പരിഹരിച്ചു.)
ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയെ അറിയിക്കേണ്ടത്‌ നമ്മുടെ ഭരണക്കൂടമാണ്‌. കല്‍മാഡിക്ക്‌ ലണ്ടന്‍ യാത്രാനുമതി കോടതി നല്‍കിയ ഉടന്‍ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മാക്കന്‍ ശക്തനായി രംഗത്ത്‌ വരുകയും കല്‍മാഡി ലണ്ടനിലേക്ക്‌ പോവരുതെന്നും കല്‍മാഡിക്ക്‌ അവസരം നല്‍കരുതെന്ന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. നല്ല നീക്കം. കായികരംഗത്ത്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അണ്ടിയാണോ മാങ്ങയാണോ വലുത്‌ എന്ന പ്രശ്‌നമാണ്‌. അസോസിയേഷന്‍കാരും ഫെഡറേഷനുകളും പറയുന്നു തങ്ങളെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന്‌. കായിക മന്ത്രാലയം പറയുന്നു വലിയവന്മാര്‍ തങ്ങളാണെന്ന്‌. ഈ ശീതസമരത്തിന്‌ കാലപ്പഴക്കമുണ്ട്‌. പക്ഷേ കേമന്മാര്‍ അസോസിയേഷന്‍കാര്‍ തന്നെയാണെന്നല്ലേ മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത്‌.
കല്‍മാഡിക്കെതിരെ വളരെ ശക്തമായ നിലപാട്‌ എന്ത്‌ കൊണ്ട്‌ കായികമന്ത്രാലയം സ്വീകരിക്കുന്നില്ല...? ചൈനയില്‍ നിന്ന്‌ ഒന്ന്‌ ഉദാഹരിക്കാം. 2008 ലെ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സമയത്ത്‌ സംഘാടകസമതി വൈസ്‌ ചെയര്‍മാനെതിരെ ശക്തമായ അഴിമതിയാരോപണം ഉയര്‍ന്നു. ചൈനയായത്‌ കൊണ്ട്‌ അത്‌ വലിയ വാര്‍ത്തയായില്ല. ഔദ്യോഗികമായി ആരും അത്‌ ചര്‍ച്ച ചെയ്‌തതുമില്ല. ഗെയിംസ്‌ കഴിഞ്ഞടുയന്‍ ചൈനീസ്‌ ഭരണക്കൂടം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തു. ഇപ്പോഴും അഴിയെണ്ണുന്നു വൈസ്‌ ചെയര്‍മാന്‍. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്ന വലിയ മേളയുടെ മുഖ്യസംഘാടകനായ സുരേഷ്‌ കല്‍മാഡി വലിയ അഴിമതി നടത്തിയതിന്‌ ജീവിക്കുന്ന തെളിവുകളുണ്ടായിട്ടും അദ്ദേഹത്തെ ജയിലില്‍ എത്തിക്കാന്‍ ഭഗീരഥയത്‌നം വേണ്ടി വന്നു. നിയമത്തിന്റെ ഇഴ കീറി അദ്ദേഹം പുറത്തിറങ്ങി. അതിന്‌ ശേഷം ആദ്യം ചെയ്‌തത്‌ സ്വന്തം നാട്ടില്‍ സ്വീകരണം ഒരുക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്‌തില്ല. ഉന്നത നേതൃത്ത്വം പ്രശ്‌നം നിശബ്ദതയില്‍ ഒതുക്കി. സോപാധിക ജാമ്യം നേടി പുറത്തിറങ്ങിയ അദ്ദേഹം ഇപ്പോള്‍ പ്രത്യേക ഉത്തരവിലൂടെ ലണ്ടനിലേക്ക്‌ പോവുന്നു.
കഴിഞ്ഞ ദിവസം അശ്വനി നാച്ചപ്പ, വന്ദന ഷാന്‍ബാഗ്‌, മേഴ്‌സിക്കുട്ടന്‍, വന്ദനറാവു തുടങ്ങി മുന്‍ ഇന്ത്യന്‍ താരങ്ങള്‍ കോഴിക്കോട്ട്‌ വന്നിരുന്നു. ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ്‌ എന്ന കായിക സംഘടനയുടെ കേരളാ ചാപ്‌റ്റര്‍ ഉദ്‌ഘാടനത്തിനെത്തിയ ഇവര്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌ സുരേഷ്‌ കല്‍മാഡി ലണ്ടനിലേക്ക്‌ പോവുന്നത്‌ ഏത്‌ വിധേനയും തടയുമെന്നായിരുന്നു. അസാധ്യമായ കാര്യങ്ങളെക്കുറിച്ച്‌ ഇത്തരത്തില്‍ സംസാരിക്കണമോ എന്ന സംശയം ഉന്നിയച്ചപ്പോള്‍ എന്ത്‌ വില കൊടുത്തും കല്‍മാഡിയെ തടയുമെന്നായിരുന്നു മുന്‍ താരങ്ങളടെ മറുപടി. കേന്ദ്ര കായികമന്ത്രിക്ക്‌ പോലും കല്‍മാഡിയെ തടയാന്‍ കഴിയാതെ വരുമ്പോള്‍ താര സംഘടനക്ക്‌ എന്ത്‌ ചെയ്യാനാവും..? ഐ.എ.എസ്‌ വലിച്ചെറിഞ്ഞ്‌ കായികരംഗത്തെ കള്ളന്മാരെ പുകച്ച്‌ പുറത്ത്‌ ചാടിക്കാന്‍ രംഗത്തിറങ്ങിയ ഹൈദരാബാദുകാരന്‍ റാവുവിനെ പോലുള്ളവര്‍ വെറുതെയിരിക്കില്ല എന്നറിയാമെങ്കിലും ഒളിംപിക്‌ ചാര്‍ട്ടറില്‍ പറയുന്ന കായിക ധാര്‍മികതയെക്കുറിച്ച്‌ ചിന്തിക്കാത്ത കല്‍മാഡിയെ തടഞ്ഞത്‌ കൊണ്ട്‌ എന്താണ്‌ കാര്യം. അദ്ദേഹം ഇപ്പോഴും ലോക കായികരംഗത്തെ പല സുപ്രധാന പദവികള്‍ വഹിക്കുന്നു.
ധാര്‍മികതയെ അംഗീകരിക്കുന്നവരായിരുന്നു നമ്മുടെ കായിക സംഘാടകരെങ്കില്‍ ഇന്ത്യ ലോക കായികഭൂപഠത്തില്‍ എന്നോ ഉയരത്തില്‍ എത്തുമായിരുന്നു. എല്ലാ അസോസിയേഷനുകളിലും തമ്മിലടിയാണ്‌ നടക്കുന്നത്‌. ഹോക്കിക്ക്‌ മാത്രം രണ്ട്‌ സംഘടനകള്‍, ക്രിക്കറ്റില്‍ ജഗ്‌മോഹന്‍ ഡാല്‍മിയ-ശരത്‌ പവാര്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഡാല്‍മിയ ഇപ്പോള്‍ പല്ല്‌ കൊഴിഞ്ഞ സിംഹമായിരിക്കുന്നു. ടെന്നിസിലും റൈഫിള്‍ അസോസിയേഷനിലുമെല്ലാം വടം വലികളാണ്‌. എല്ലാവര്‍ക്കും വേണ്ടത്‌ അധികാരം. അധികാര വഴിയില്‍ ധാര്‍മികതക്ക്‌ വിലയില്ല.
കല്‍മാഡി ലണ്ടനിലെത്തും. രാജ്യത്തിന്റെ ഔദ്യോഗിക സംഘത്തിനൊപ്പം ചേരും. താരങ്ങളുടെ മാര്‍ച്ച്‌ പാസ്‌റ്റില്‍ കോട്ടുമിട്ട്‌ പങ്കെടുക്കും. ഔദ്യോഗിക വക്താവായി വിലസും. ആര്‍ക്കും തടയാനാവില്ല എന്ന സത്യത്തില്‍ ഒളിംപിക്‌ ചാര്‍ട്ടര്‍ പോലും പരിഹസിക്കപ്പെടും. ഇവിടെയും തോല്‍ക്കുന്നത്‌ ആരാണ്‌...? ചാര്‍ട്ടറും സത്യങ്ങളും യാഥാര്‍ത്ഥ്യവും ജനങ്ങളും....

Friday, July 13, 2012

THE BIG DAD


അഛനാരാ മോന്‍
കിഴക്കന്‍ ലണ്ടനിലെ സ്‌റ്റാഫോര്‍ഡിലുള്ള ഒളിംപിക്‌ പാര്‍ക്കില്‍ വിശ്വ കായികോല്‍സവത്തിന്‌ തിരി തെളിയാന്‍ ഇനി പതിനാല്‌ ദിവസം മാത്രം. അരയും തലയും മുറുക്കികായിക താരങ്ങള്‍ ഒരുങ്ങുമ്പോള്‍ പതിവ്‌ പോലെ നമ്മുടെ തട്ടകത്ത്‌ പിന്‍വാതില്‍ യാത്രക്കുള്ള തിരക്കേറിയ അന്തര്‍ നാടകങ്ങള്‍ മുടക്കമില്ലാതെ അരങ്ങേറുന്നു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വഴി കോടികള്‍ പോക്കറ്റിലാക്കിയ സാക്ഷാല്‍ സുരേഷ്‌ കല്‍മാഡി ലണ്ടന്‍ യാത്രക്കായി കോടതിയെ സമീപിച്ച്‌ വിജയിച്ചിരിക്കുന്നു. ടെന്നിസ്‌ താരം സാനിയ മിര്‍സയുടെ മാതാവ്‌ നസീമാഖാന്‍ ടീമിന്റെ മാനേജരാവുന്നു. കൊച്ചു കേരളത്തില്‍ നിന്ന്‌ വലിയസംഘം തന്നെ പുറപ്പെടുന്നു. ഡല്‍ഹിയില്‍ നിന്ന്‌ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍, യു.പി, ഒറീസ, മധ്യ പ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ കായികമന്ത്രിമാര്‍, വിവിധ കായിക ഫെഡറേഷനുകളുടെ തലവന്മാര്‍ എല്ലാവരും കുപ്പായമിട്ടിരിക്കുന്നു.
കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ കായിക ലോകത്തെ ചോദ്യം ചെയ്യപ്പെടാനാവാത്ത കുലപതിയാണ്‌ കല്‍മാഡി എന്ന പൂനെക്കാരന്‍. ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍. വന്‍ വിവാദങ്ങളിലെ നായകന്‍. ഗെയിംസിന്‌ ശേഷം അല്‍പ്പകാലം തീഹാര്‍ ജയിലില്‍ അഴിയെണ്ണിയ കല്‍മാഡി തല്‍ക്കാലം പുറത്താണ്‌. രാജ്യം വിട്ടുപോവരുതെന്ന കര്‍ക്കശ താക്കീത്‌ അദ്ദേഹത്തിന്‌ സി.ബി.ഐ കോടതി നല്‍കിയിട്ടുണ്ട്‌. ഏത്‌ താക്കീതിലും സൂത്രത്തില്‍ പണി ഒപ്പിക്കുന്ന കല്‍മാഡിയെ നന്നായി അറിയുന്നതിനാല്‍ അദ്ദേഹത്തിന്റെ ലണ്ടന്‍ യാത്ര തടയാന്‍ അശ്വനി നാച്ചപ്പ നേതൃത്വം നല്‍കുന്ന ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടായിരുന്നു. കായികമന്ത്രി അജയ്‌ മാക്കനും കല്‍മാഡിയോട്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്‌ജ്‌ മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ രസകരമായ കാര്യങ്ങളാണ്‌ കല്‍മാഡി അവതരിപ്പിച്ചിരുന്നത്‌. താന്‍ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷനിലെ അംഗമാണ്‌. ഒളിംപിക്‌സ്‌ നടക്കുന്ന സമയത്ത്‌ സംഘടനയുടെ നിര്‍ണായക യോഗങ്ങള്‍ നടക്കും. അതില്‍ പങ്കെടുക്കേണ്ടി വരും. രാജ്യാന്തര ഒളിപിക്‌ കമ്മിറ്റിക്കും താന്‍ വേണ്ടപ്പെട്ടവനാണെന്നും വീശദീകരണമുണ്ട്‌. ഐ.എ.എ.എഫ്‌ അയച്ച്‌ കൊടുത്ത ടിക്കറ്റിന്റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌. അതൊക്കെ കണ്ട്‌ കോടതി അദ്ദേഹത്തിന്‌ അനുകൂലമായി വിധിയെഴുതി. ഇനി ലണ്ടനില്‍ അദ്ദേഹം വെളുക്കെ ചിരിക്കും. അഛനാരാ മോന്‍ എന്ന്‌ പറയുന്നത്‌ പോലെ....
ലോക്‌സഭയില്‍ അംഗമായ കല്‍മാഡി പങ്കെടുക്കാത്ത ഒളിംപിക്‌സുകളോ ഏഷ്യന്‍ ഗെയിംസുകളോ സമീപകാലത്ത്‌ നടന്നിട്ടില്ല. എല്ലായിടത്തും അദ്ദേഹമെത്താറുണ്ട്‌. ഇന്ത്യന്‍ സംഘത്തിന്റെ തലവനായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നവനും മറ്റാരുമല്ല. പക്ഷേ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പൊതുഖജനാവിന്‌ 90 കോടി നഷ്‌ടപ്പെടുത്തിയ കേസുകളില്‍ കല്‍മാഡിക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. വലിയ വിവാദത്തില്‍ പ്രതിയായിട്ടും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമായിരുന്നില്ല.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷനിലെ ഉന്നതര്‍ക്ക്‌ നന്നായി അറിയാമായിരുന്നു കല്‍മാഡിയെ. ഗെയിംസ്‌ നടക്കുമ്പോള്‍ ദിവസവും കല്‍മാഡിയും ലളിത്‌ ഭാനോട്ടും ഫെഡറേഷന്‍ വക്താക്കളായ ഹൂപ്പറുമെല്ലാം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ വലിയ തമാശയായിരുന്നു. വാര്‍ത്താ സമ്മേളന കാഴ്‌ച്ചകളെല്ലാം ആവോളം ആസ്വദിച്ചവരായിരുന്നു രാജ്യാന്തര കായിക ഫെഡറേഷനിലെ അംഗങ്ങള്‍. അവരാരും കല്‍മാഡിയെ തൊട്ടില്ല. ഇവിടെ ഇപ്പോഴും ഒളിംപിക്‌ കമ്മിറ്റിയുടെ ഔദ്യോഗിക തലവന്‍ അദ്ദേഹം തന്നെ.
സാനിയ മിര്‍സയുടെ മാതാവ്‌ എന്നതാണ്‌ നസീമയുടെ ആകെ യോഗ്യത. പക്ഷേ കൂറെ കാലമായി അവര്‍ ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷന്റെ പ്രധാന വക്താവാണ്‌. ടീം മാനേജരായും ടീമിന്റെ ഫിസിയോയായുമെല്ലാം അവര്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്‌. ലണ്ടനിലേക്ക്‌ പോവുന്ന ഇന്ത്യന്‍ ടെന്നിസ്‌ സംഘത്തിന്‌ അഞ്ച്‌ സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുണ്ട്‌. അവരില്‍ ഒരാളാണ്‌ നസീമ. ടീമിന്റെ മനേജര്‍ പദവിയാണ്‌ നല്‍കിയിരിക്കുന്നത്‌. അതിനാല്‍ താരങ്ങള്‍ക്കൊപ്പം താമസിക്കാം. ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഉറപ്പ്‌. ആരും ഒന്നും ചോദിക്കാനില്ല. അല്‍പ്പദിവസം മുമ്പാണ്‌ സാനിയ മിര്‍സ ടെന്നിസ്‌ അധികാരികള്‍ക്കെതിരെ പരസ്യമായി പ്രസ്‌താവനയിറക്കിയത്‌. സാനിയ പറഞ്ഞതില്‍ സത്യങ്ങളുണ്ടെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കീഴടങ്ങല്‍ പോലെ അസോസിയേഷന്‍ നസീമക്ക്‌ ടിക്കറ്റും അത്‌ വഴി സാനിയക്ക്‌ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നത്‌. കുറചച്‌ കാലം സാനിയക്കൊപ്പം പിതാവ്‌ ഇംറാനായിരുന്നു. ഇപ്പോള്‍ കക്ഷിയെ കാണുന്നില്ല. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ സീനിയര്‍ പരിശീലക പദവി നല്‍കുമായിരുന്നു. സാനിയയുടെ ഭര്‍ത്താവ്‌ ക്രിക്കറ്റര്‍ ഷുഹൈബ്‌ മാലിക്‌ പാക്കിസ്‌താനിയായത്‌ കൊണ്ട്‌ നമ്മള്‍ രക്ഷപ്പെട്ടു.
ലണ്ടനിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നൂറോളം പേരുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. എല്ലാവരും രാഷ്‌ട്രീയക്കാര്‍. അല്ലെങ്കില്‍ ഫെഡറേഷന്‍ സില്‍ബന്ധികള്‍. ഇവരെല്ലാം എന്തിന്‌ പോവുന്നു എന്ന ചോദ്യത്തിന്‌ മനോഹരമായ ഉത്തരമുണ്ട്‌-കാര്യങ്ങള്‍ പഠിക്കാന്‍. ഇങ്ങനെ പഠിക്കാന്‍ എല്ലാ ഒളിംപിക്‌സുകളിലും ആളുകള്‍ പോവാറുണ്ട്‌. പക്ഷേ നമ്മള്‍ എവിടെ രക്ഷപ്പെടാന്‍. പഠനം എന്നാല്‍ പഞ്ചനക്ഷത്ര താമസവും ഷോപ്പിംഗുമാണ്‌. കേരളമാണ്‌ അടുത്ത ദേശീയ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. ഇവിടെ നിന്ന്‌ ചിലര്‍ പോവുന്നത്‌ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടന-സമാപന ചടങ്ങുകള്‍ കണ്ട്‌ അതേപ്പടി ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടനവും സമാപനവും സംഘടിപ്പിക്കാനാണത്രെ.....
കല്‍മാഡിക്ക്‌ പഠിച്ചവരാണ്‌ നമ്മുടെ കായിക സംഘാടകര്‍. പക്ഷേ കല്‍മാഡിയെ തോല്‍പ്പിക്കാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല എന്നതാണ്‌ ആശ്വാസം. ഗുരു തന്നെ ഇപ്പോഴും ഒന്നാമന്‍. ശിഷ്യര്‍ മോശക്കാരാവുന്നില്ല. കോടതിയും ഗുരവിനൊപ്പം തന്നെ. ഇനി അശ്വനി നാച്ചപ്പയും ക്ലീന്‍ ഇന്ത്യ സ്‌പോര്‍ട്‌സും എന്ത്‌ ചെയ്യും....

Thursday, July 12, 2012

WRESTLING-THE NEGLECTED HOME GAME


ഇന്ത്യന്‍ ഗുസ്‌തിയെന്ന്‌ കേട്ടാല്‍ രണ്ട്‌ നാമങ്ങളാണ്‌ മനസ്സിലേക്ക്‌ ഓടിവരുക. കെ.ഡി യാദവ്‌ എന്ന ഇതിഹാസ താരവും ഇന്നലെ ദിവംഗതനായ ധാരാസിംഗും. പുതിയ തലമുറയുടെ താരങ്ങളായി സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും അമിത്‌ കുമാറും നാര്‍സിംഗ്‌ യാദവും ഗീതാകുമാരിയുമെല്ലാമുണ്ടെങ്കിലും ഫയല്‍വാന്‍ എന്ന പേരിനൊത്ത പ്രൗഡിയും ആഡ്യത്വവുമെല്ലാം ഉണ്ടായിരുന്നവരായിരുന്നു യാദവും ധാരയും. 1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കിയ യാദവ്‌ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ശക്തനായ വക്താവായിരുന്നു. യാദവില്‍ നിന്ന്‌ മറ്റൊരു ഒളിംപിക്‌ ഗുസ്‌തി മെഡലിലേക്കെത്താന്‍ ഇന്ത്യ 56 വര്‍ഷമെടുത്തു. ധാരാസിംഗ്‌ കോമണ്‍വെല്‍ത്ത്‌ ചാമ്പ്യനായിരുന്നു. ലോക ചാമ്പ്യനായിരുന്നു. 59 ലായിരുന്നു കോമണ്‍വെല്‍ത്തിലെ ധാരാസിംഗിന്റെ അസാമാന്യ പ്രകടനം. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ലോക ചാമ്പ്യനുമായി. അതായത്‌ ഗുസ്‌തിയില്‍ 68 ല്‍ ധാരാ നേടിയ ലോകപ്പട്ടത്തിന്‌ ശേഷം ഒരു ഇന്ത്യക്കാരന്റെ വിലാസം സമ്പാദിക്കുന്നത്‌ സുശീലിലുടെ 2008 ല്‍. പിഴവുകള്‍ നമ്മുടേത്‌ തന്നെയാണ്‌. പരമ്പരാഗതമായി നമുക്ക്‌ കരുത്ത്‌ തെളിയിക്കാന്‍ കഴിയുന്ന മേഖല കണ്ടെത്തി കഠിനപ്രയത്‌നം നടത്തി ചുവടുറപ്പിക്കുന്നതിന്‌ പകരം വെറുതെ ഗ്ലാമര്‍ മേഖലകളിലേക്ക്‌ പോവുന്നു.
ട്രാക്കില്‍ ഇന്ത്യക്കെന്നല്ല ഏഷ്യയിലെ താരങ്ങള്‍ക്ക്‌ പടിഞ്ഞാറിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാന്‍ കഴിയില്ല. നാളെ തന്നെ ഉസൈന്‍ ബോള്‍ട്ടാവണം എന്ന്‌ പറഞ്ഞ്‌ പരിശീലനം നടത്തിയത്‌ കൊണ്ട്‌ ഇന്ത്യക്കാരനും ചൈനക്കാരനും ജപ്പാനിയും രക്ഷപ്പെടില്ല. കായബലത്തിലും ശരീരശാസ്‌ത്രത്തിലുമെല്ലാം പടിഞ്ഞാറുകാര്‍ പ്രകടിപ്പിക്കുന്ന കരുത്തിലാണ്‌ ജെസി ഓവന്‍സും കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണും മരിയം ജോണ്‍സും ലിന്‍ഫോര്‍ഡ്‌ ക്രിസ്‌റ്റിയും ഉസൈന്‍ ബോള്‍ട്ടും കരുത്തരായത്‌.
സ്വന്തം തെറ്റ്‌ വളരെ വേഗം കണ്ട്‌ പിടിക്കുകയും അതിനൊത്ത പരിഹാരവിധികളിലുടെ കാലത്തിന്റെ വേഗതക്കൊപ്പം സഞ്ചരിക്കുന്നവരുമാണ്‌ ചൈനക്കാര്‍. ട്രാക്കില്‍ ബുദ്ധിമുട്ടിയിട്ട്‌ കാര്യമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ സ്വന്തം ആയോധന പാരമ്പര്യത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ ജിംനാസ്‌റ്റിക്‌സിലും നീന്തലിലുമെല്ലാം ചൈന ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌. വളരെ പെട്ടെന്ന്‌ അതിന്‌ മാറ്റങ്ങളുണ്ടായി. ട്രാക്കിലെ ചൈനക്കാരനായി ആകെയുള്ളത്‌ ലിയു സിയാംഗ്‌ മാത്രമാണ്‌. സ്‌പ്രിന്റിലും ദീര്‍ഘദൂര ഇനങ്ങളിലുമൊന്നും മരുന്നിന്‌ പോലും ചൈനക്കാരില്ല. വെറുതെ മല്‍സരിക്കുന്നതിനോടും, അധികാരികള്‍ക്ക്‌ വേണ്ടി മല്‍സരിക്കുന്നതിനോടും ചൈനക്ക്‌ താല്‍പ്പര്യമില്ല. ബാഡ്‌മിന്റണ്‍, ടെന്നിസ്‌, ടേബിള്‍ ടെന്നിസ്‌, ബാസ്‌ക്കറ്റ്‌ ബോള്‍ തുടങ്ങിയ ഇനങ്ങളിലെ ചൈനയെന്നാല്‍ അത്‌ വന്‍ ശക്തിയാണ്‌.
ഇന്ത്യയിലേക്ക്‌ വന്നാല്‍ നമ്മള്‍ എല്ലാത്തിലും വലിഞ്ഞ്‌ കയറുന്നു. ലണ്ടനില്‍ ട്രാക്കില്‍ മല്‍സരിക്കാന്‍ പതിനാല്‌ ഇന്ത്യക്കാര്‍. ആര്‍ക്കും വ്യക്തമായ ഒരു സാധ്യതയുമില്ല. എല്ലാവര്‍ക്കും അവരുടെ സമയത്തേക്കാളും ദൂരത്തെക്കാളും മുന്നിലുളള കുറഞ്ഞത്‌ പത്ത്‌ എതിരാളികളുണ്ട്‌. ഹോക്കിയും ഗുസ്‌തിയും നമ്മുടെ പരമ്പരാഗത ഇനങ്ങളാണ്‌. അതില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നതില്‍ അധികാരികള്‍ മാത്രമല്ല താരങ്ങളും പരാജയപ്പെട്ടു.
എട്ട്‌ തവണ ഒളിംപിക്‌സ്‌ സ്വര്‍ണം സ്വന്തമാക്കിയവരാണ്‌ ഇന്ത്യന്‍ ഹോക്കി ടീം. ധ്യാന്‍ചന്ദ്‌ എന്ന മഹാനായ താരത്തെ സ്‌മരിക്കാതെ ലോക ഹോക്കിയെക്കുറിച്ച്‌ പറയാനാവില്ല. പരമ്പരാഗത ഇന്ത്യന്‍ ഗെയിമായ ഹോക്കിയെ പക്ഷേ പടിഞ്ഞാറുകാര്‍ പഠിച്ചപ്പോള്‍ നമ്മള്‍ പിറകിലായി. പാരമ്പര്യവാദമുയര്‍ത്തി സ്വന്തം നിലപാടില്‍ നമ്മള്‍ ഉറച്ച്‌ നിന്നപ്പോള്‍ ഹോക്കിയെ ആധൂനികവത്‌കരിച്ച്‌ ജര്‍മനിയും ഹോളണ്ടും ഓസ്‌ട്രേലിയയുമെല്ലാം മുന്നേറി. ഗുസ്‌തിയില്‍ യാദവും ധാരയുമെല്ലാം ഒരു കാലത്തെ മല്ലന്മാരായിരുന്നു. അവര്‍ക്ക്‌ പിന്‍ഗാമികളെ കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഒടുവില്‍ ബെയ്‌ജിംഗില്‍ രാജ്യത്തിനായി ഒരു വെങ്കലം നേടാന്‍ സൂശീല്‍ വേണ്ടി വന്നു. അതോടെ നമ്മളും മാറി. ഇപ്പോള്‍ ഗൗരവതരത്തില്‍ തന്നെ ഡല്‍ഹിയിലും ഹരിയാനയിലും പരിശീലനവും മല്‍സരങ്ങളും നടക്കുന്നു. മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം ഫയല്‍വാന്മാരെക്കുറിച്ച്‌ പറയുന്നുണ്ട്‌. ദ്വന്ദ്വയുദ്ധങ്ങള്‍ അക്കാലത്ത്‌ പ്രബലമായിരുന്നു. ആ പാരമ്പര്യത്തെ ഇടക്കാലത്ത്‌ മറന്നതിന്‌ ലോകവേദിയില്‍ നമ്മള്‍ വലിയ വില നല്‍കേണ്ടി വന്നു. 2010 ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിന്റെ 100 മെഡല്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കിയത്‌ ഗുസ്‌തിക്കാരാണ്‌. പത്ത്‌ സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുകളാണ്‌ ഗുസ്‌തിക്കാര്‍ ഡല്‍ഹിയില്‍ നേടിയത്‌. ഇവരില്‍ നാല്‌ പേര്‍-സൂശീലും യോഗേശ്വര്‍ ദത്തും നാര്‍സിംഗ്‌ യാദവും ഗീതാ കുമാരിയും ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്‌.
ഇപ്പോള്‍ ലോക ഗുസ്‌തി ഫെഡറേഷന്‍ പോലും ഇന്ത്യയെ ഗൗരവത്തില്‍ കാണുന്നു. 2010 ല്‍ മോസ്‌ക്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ സ്വന്തം ഇനത്തില്‍ ലോക ചാമ്പ്യനായി. സുശീല്‍ കരുത്ത്‌ പ്രകടിപ്പിച്ചതോടെ ഗുസ്‌തിയിലേക്ക്‌ താരങ്ങളുടെ ഒഴുക്കുണ്ട്‌. ഹരിയാന സര്‍ക്കാര്‍ താല്‍പ്പര്യമെടുത്ത്‌ മികവ്‌ പ്രകടിപ്പിക്കുന്നവരെ ബെലാറൂസ്‌ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക്‌ അയച്ച്‌ പരിശീലനവും നല്‍കുന്നുണ്ട്‌.
സൂശീല്‍ ലണ്ടനില്‍ മല്‍സരിക്കുന്നത്‌ 66 കിലോഗ്രാം വിഭാഗത്തിലാണ്‌. ഇറാനില്‍ നിന്നുള്ള ലോക ചാമ്പ്യന്‍ മെഹദി തഗാദാവി കെര്‍മാനിയായിരിക്കും വലിയ പ്രതിയോഗി. പഴയ റഷ്യന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള താരങ്ങളുമുണ്ട്‌. പക്ഷേ സുശീല്‍ സംസാരിക്കുന്നത്‌ ആത്മവിശ്വാസത്തോടെയാണ്‌. നിരവധി മല്‍സരങ്ങളില്‍ പങ്കെടുക്കുക വഴി കരാഗതമായതാണ്‌ ഈ ആത്മവിശ്വാസം. ഗുസ്‌തി പോലുള്ള നമ്മുടെ സ്വന്തം മേഖലയില്‍ താല്‍പ്പര്യമെടുത്താല്‍ തീര്‍ച്ചയായും ഒളിംപിക്‌സ്‌ പോലുള്ള ലോക വേദികളില്‍ കരുത്ത്‌ പ്രകടിപ്പിക്കാനാവും. കെ.ഡി യാദവ്‌ ഇന്ത്യക്ക്‌ വേണ്ടി ഒളിംപിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടിയ ആദ്യതാരമാണ്‌. പക്ഷേ ആര്‍ക്കെങ്കിലും പരിചയമുണ്ടോ അദ്ദേഹത്തെ. നമുക്കറിയുന്നത്‌ ഉഷയെയും മില്‍ഖയെയുമെല്ലാമാണ്‌. ഒരവാര്‍ഡ്‌ പോലും അദ്ദേഹത്തിന്‌ നല്‍കിയില്ല. ഒളിംപിക്‌സ്‌ മെഡലുമായി മുംബൈയില്‍ തിരിച്ചെത്തി അന്നത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയോട്‌ ചെറിയ സാമ്പത്തിക സഹായം ചോദിച്ചപ്പോള്‍ പരിഗണിക്കാം എന്ന പതിവ്‌ മറുപടിയില്ലാതെ ഒന്നും കിട്ടിയില്ല.

Wednesday, July 11, 2012

will they repeat


ഈ ചിത്രം നോക്കൂക...! അഭിമാനത്തോടെ മൂന്ന്‌ ഇന്ത്യന്‍ വനിതകള്‍. മൂന്ന്‌ പേരുടെയും കൈവശം മെഡലുകള്‍..... 2010 ഒക്ടോബര്‍ 11-ന്‌്‌ ഡല്‍ഹിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സംഭവിച്ച ഈ അല്‍ഭൂതത്തിന്‌ ദൃക്‌സാക്ഷിയാവാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണ്‌. ഇത്തരത്തില്‍ ഒരു ക്ലീന്‍ സ്വീപ്പ്‌ ഇന്ത്യന്‍ കായികരംഗത്തിന്റെ ചരിത്രത്തില്ലില്ല. നമ്മുടെ തലസ്ഥാന നഗരം ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വനിതകളുടെ ഡിസ്‌ക്കസ്‌ ത്രോയില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും ഇന്ത്യക്ക്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ അറിയുന്നവര്‍ക്കത്‌ മഹാല്‍ഭുതമായിരുന്നു. 52 വര്‍ഷമായി കോമണ്‍വെല്‍ത്ത്‌ ട്രാക്കില്‍ നിന്ന്‌ ഒരു സ്വര്‍ണം ലഭിച്ചിരുന്നില്ല. 1958ലെ കാര്‍ഡിഫ്‌ ഗെയിംസില്‍ പറക്കും സിക്ക്‌ മില്‍ഖാ സിംഗ്‌ 400 മീറ്ററില്‍ സ്വര്‍ണം നേടിയതിന്‌ ശേഷം കനക ദാരിദ്ര്യമായിരുന്നു. നെഹ്‌റു സ്‌റ്റേഡിയത്തിലെ കാഴ്‌ച്ചകള്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആദ്യമങ്ങ്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൃഷ്‌ണ പൂനിയക്ക്‌ സ്വര്‍ണം, സ്വതവേ മിതഭാഷിയായ ഹര്‍വന്ത്‌ കൗറിന്‌ വെള്ളി, സീമാ ആന്റിലിന്‌ വെങ്കലം. ദേശീയ പതാകയുമായി മൂന്ന്‌ ഇന്ത്യന്‍ വനിതകളും നെഹ്‌റു സ്‌റ്റേഡിയത്തിലുടെ വിജയാഹ്ലാദം മുഴക്കുമ്പോള്‍ അത്‌ ക്യാമറയില്‍ പകര്‍ത്താന്‍ മല്‍സരിച്ചവരുടെ മുഖം പോലും മനസ്സിലുണ്ട്‌. പോഡിയത്തില്‍ മൂന്ന്‌ തവണ ദേശീയ ഗാനം ഉയര്‍ന്നു. സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടുമെല്ലാം അല്‍പ്പമഹങ്കാരത്തില്‍ സംസാരിക്കുന്നതും കേട്ടു. ഇന്ത്യന്‍ കായികലോകം ഒരിക്കലും മറക്കാത്ത ദിനം.
ഓസ്‌ട്രേലിയന്‍ ഡിസ്‌ക്കസ്‌ ത്രോ താരമായിരുന്ന ഡാനി സാമുവല്‍സ്‌ സ്വര്‍ണം നേടുമെന്നാണ്‌ കരുതിയത്‌. അവസാന നിമിഷം ഡാനി പരുക്കുമായി പിന്മാറിയപ്പോഴും മൂന്നില്‍ മൂന്നും ഇന്ത്യ നേടുമെന്ന്‌ കരുതിയില്ല. ലണ്ടനില്‍ ഈ മൂന്ന്‌ പേരും മല്‍സരിക്കുന്നില്ല. കൃഷ്‌ണയും സീമയും യോഗ്യത നേടിയിട്ടുണ്ട്‌. ഇവരെന്ത്‌ നേടുമെന്ന ചോദ്യത്തിന്‌ പോലും പ്രസക്തിയില്ലാത്ത തരത്തിലാണ്‌ ലോക നിലവാരം. 64.74 മീറ്ററാണ്‌ കൃഷ്‌ണയുടെ ഏറ്റവും മികച്ച ദൂരം. സീമായവട്ടെ 64.84 മീറ്റര്‍ എറിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയുടെ താരങ്ങളെക്കാള്‍ മികച്ച റെക്കോര്‍ഡുള്ള മുപ്പതോളം പേരാണ്‌ ലണ്ടനില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നത്‌.
ട്രാക്കില്‍ നിന്ന്‌ ഇന്ത്യ എന്തെങ്കിലും പ്രതീക്ഷിക്കുന്നത്‌ കേവലം പ്രതീക്ഷയായി തന്നെ അവസാനിക്കുമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ 14 പേര്‍ ഇത്തവണ രാജ്യത്തിനായി മല്‍സരിക്കുന്നുണ്ട്‌. ഇവരെല്ലാം മികച്ചവരാണ്‌. പക്ഷേ ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ വലിയ പ്രശ്‌നം വരുന്നത്‌. നമ്മുടെ താരങ്ങള്‍ക്ക്‌ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കാറുള്ളത്‌ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും പിന്നെ ലോക മീറ്റിലുമാണ്‌. നാല്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മേളകള്‍ക്കിടെ കാര്യമായ പരിശീലനം ലഭിക്കാതെ, മല്‍സര പരിചയമില്ലാതെ ആഭ്യന്തര രംഗത്തെ തട്ടിപ്പു മീറ്റുകളില്‍ തല കാണിക്കേണ്ടി വരുന്നു. ക്യാച്ച്‌ ദം യംഗ്‌ എന്നത്‌ നമ്മുടെ അധികാരികളും പരിശീലകരും പഴകിപാടിയ മുദ്രാവാക്യമാണ്‌. കോച്ച്‌ ദം പ്രോപര്‍ലി എന്ന പടിഞ്ഞാറന്‍ മുദ്രാവാക്യത്തിനൊപ്പം ആരും സഞ്ചരിക്കുന്നില്ല. ടിന്റുവിന്‌ ഉഷയെന്ന പോലെ, അഞ്‌ജുവിന്‌ ബോബിയെന്ന പോലെ കൃഷ്‌ണക്ക്‌ ഭര്‍ത്താവ്‌ വികാസുണ്ട്‌. അത്‌ കൊണ്ട്‌ മാത്രമാണ്‌ കുടുംബിനിയായ കൃഷ്‌ണ മല്‍സര രംഗത്ത്‌ തുടരുന്നത്‌ തന്നെ. ഇങ്ങനെ തണലായി ആരുമില്ലാത്തവര്‍ എല്ലാം മടുത്ത്‌ ഓടി പോകുന്നവരാണ്‌.
നമ്മുടെ കുട്ടികള്‍ മല്‍സര രംഗത്തേക്ക്‌ വരുന്നത്‌ തന്നെ ഒരു ജോലി ലഭിക്കാനാണ്‌. ഗ്രേസ്‌ മാര്‍ക്കിന്റെ ആനുകൂല്യവും സ്‌പോര്‍ട്‌സ്‌ ക്വാട്ടാ നിയമനവുമല്ലാം നിലനില്‍ക്കുന്നതിനാല്‍ ഉപരിപഠനത്തിനും ജോലിക്കും എളുപ്പമാര്‍ഗ്ഗം ഇതാണെന്ന്‌ മനസ്സിലാക്കി വരുന്നവരില്‍ ചിലര്‍ക്ക്‌ മല്‍സരരംഗത്ത്‌ തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവരെ മടുപ്പിക്കുന്ന നയമാണ്‌ അധികാരികള്‍ സ്വീകരിക്കുക. അങ്ങനെ എല്ലാം മടുത്ത്‌ പിരിയുന്നു എല്ലാവരും. ഒരു ജോലി കിട്ടിയാല്‍ എല്ലാ സഹിച്ച്‌ മടുത്തുവെന്ന നിലപാടില്‍ പിന്മാറുന്നവരുടെ പട്ടികയില്‍ നിരവധി പേരുണ്ട്‌.
എല്ലാ താരങ്ങളും പറയുന്നത്‌ പോലെ കൃഷ്‌ണക്കും പറയാന്‍ ധാരാളമുണ്ട്‌. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ കൃഷ്‌ണയെ കണ്ടിരുന്നു. അന്നവിടെ മൂന്നാം സ്ഥാനം നേടിയ ശേഷം മീഡിയാ സെന്ററിലെത്തിയ ജാട്ടുകാരിക്ക്‌ ഹിന്ദി മാത്രമായിരുന്നു വശമുണ്ടായിരുന്നത്‌. 61.53 മീറ്ററായിരുന്നു ദോഹയില്‍ പിന്നിട്ട ദൂരം. അന്ന്‌ ചൈനക്കാരായ രണ്ട്‌ പേരായിരുന്നു സ്വര്‍ണവും വെളളിയും നേടിയത്‌. ആ ചൈനക്കാര്‍ ഇപ്പോള്‍ ലോക തലത്തില്‍ സജീവമായുണ്ട്‌ (ഐ മിന്‍ സിയും മാ സുന്‍ജാനും). രണ്ട്‌ പേരും സ്വന്തം ദൂരം ഏറെ മെച്ചപ്പെടുത്തി. കൃഷ്‌ണയാവട്ടെ 2006 ലെ 61.53 മീറ്ററില്‍ നിന്ന്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷം 64.76 മീറ്ററിലാണ്‌ എത്തിയിരിക്കുന്നത്‌. അതിനിടെ കോമണ്‍വെല്‍ത്തില്‍ സ്വര്‍ണവും ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയത്‌ മാത്രമാണ്‌ കാര്യമായ സമ്പാദ്യം. പരുക്കും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാം കൃഷ്‌ണയുടെ കരിയറിലുമുണ്ട്‌. നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഫൈനല്‍ യോഗ്യത നേടാന്‍ പോലും ജാട്ടുകാരിക്കായിരുന്നില്ല.
കൃഷ്‌ണക്കിത്‌ അവസാന ഒളിംപിക്‌സാണ്‌. ഇനിയൊരവസരമില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ മികവിന്‌ ശേഷം കൃഷ്‌ണ സ്വന്തം താല്‍പ്പര്യത്തിലാണ്‌ പരിശീലനം നടത്തിയത്‌. ഇടക്ക്‌ വിദേശത്തേക്ക്‌ പോയെങ്കിലും സ്വന്തം തട്ടകത്തേക്ക്‌ തിരിച്ചെത്തി. മോശം അനുഭവങ്ങളിലും ആത്മവിശ്വാസം ആയുധമാക്കിയ ഈ താരം വളരെ വൈകിയാണ്‌ പ്രൊഫഷണല്‍ താരമായി മാറുന്നത്‌. നമ്മുടെ പ്രശ്‌നങ്ങളില്‍ പ്രധാനവും അത്‌ തന്നെ. ദുരിതക്കയത്തില്‍ നിന്ന്‌ പക്വതയിലേക്കും അവിടെ നിന്ന്‌ പ്രൊഫഷണല്‍ സമീപനത്തിലേക്കും മാറുമ്പോള്‍ സമയമധികം എടുക്കുന്നു അപ്പോഴേക്കും ലോകം മുന്നേറിയിരിക്കും. കൃഷ്‌ണയെ പോലുള്ളവരുടെ സേവനം പുതിയ തലമുറക്കായി ഇനി ഉപയോഗപ്പെടുത്തണം. അതിനാണ്‌ അധികാരികള്‍ താല്‍പ്പര്യമെടുക്കേണ്ടത്‌.

Tuesday, July 10, 2012

the difference. china and india


താരങ്ങള്‍ അടിമകളല്ല
1996 ലെ ഒരു അനുഭവകഥയാണിത്‌. ഡല്‍ഹിയില്‍ ഒരു പ്രാദേശിക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നു. ധാരാളം കുട്ടികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്നുകാരനായ ഒരു പയ്യന്‍ 400 ല്‍ 400 പോയന്റും സ്‌ക്കോര്‍ ചെയ്‌ത്‌ ഒന്നാമനാവുന്നു. രാജ്യത്ത്‌ അത്‌ വരെ ആര്‍ക്കും സാധിക്കാത്ത നേട്ടം. പക്ഷേ പയ്യന്‌ ലഭിച്ചത്‌ രണ്ടാം സ്ഥാനം മാത്രം. മൂഴുവന്‍ പോയന്റുകള്‍ സ്വന്തമാക്കിയിട്ടും എന്ത്‌ കൊണ്ട്‌ തനിക്ക്‌ ഒന്നാം സ്ഥാനമില്ലെന്ന്‌ പയ്യന്‍ ചോദിച്ചപ്പോള്‍ സാങ്കേതികതയാണ്‌ ഉത്തരമായി സംഘാടകര്‍ പറഞ്ഞത്‌. നേരില്‍ കണ്ട സത്യത്തെ അംഗീകരിക്കാന്‍ മല്‍സരം നിയന്ത്രിച്ചവര്‍ തയ്യാറായില്ല. നിരാശനായി മടങ്ങി ആ താരം തോക്ക്‌ താഴെ വെച്ചില്ല. നിരന്തരമായ പരിശീലനത്തിലുടെ അധികാരികളുടെ കണ്ണ്‌ തുറപ്പിച്ച്‌ ഒളിംപിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം തന്നെ നേടി. അവിടെ ആരും സാങ്കേതികത തടസ്സാമായി പറയില്ലല്ലോ ... ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായികതാരമെന്ന ബഹുമതിയും സ്വന്തമാക്കി അഭിനവ്‌ അധികാരികളുടെ നേര്‍ക്ക്‌ നോക്കി ചിരിച്ചു....
ഈയിടെ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിലാണ്‌ ചെറിയ പ്രായത്തിലെ തിക്താനുഭവം ബിന്ദ്ര വിവരിക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപ്‌കിസിന്‌ മുമ്പുണ്ടായ ഒരനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്‌. അധികാരികള്‍ ബിന്ദ്രക്കായി വാങ്ങി നല്‍കിയത്‌ രണ്ട്‌ തരത്തിലുള്ള ഷൂസുകള്‍. ഇടത്‌ പാദത്തില്‍ 11 ഇഞ്ച്‌ വലുപ്പത്തില്‍, വലത്‌ പാദത്തില്‍ 8 ഇഞ്ചിന്റേതും. ഒരു രാജ്യാന്തര താരത്തെ നമ്മള്‍ ഏത്‌ തരത്തില്‍ കാണുന്നു എന്നതിന്‌ ഇതിലും വലിയ തെളിവുകളോ ഉദാഹരണങ്ങളോ ആവശ്യമില്ല.
പതിമൂന്നാം വയസ്‌ മുതല്‍ ബിന്ദ്ര അധികാരികളുടെ കണ്ണിലെ കരടാണ്‌. ഇപ്പോള്‍ പ്രായം 29. നാലാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. സമ്പന്ന കുടുംബത്തിലാണ്‌ ബിന്ദ്രയുടെ പിറവി-അതായിരുന്നു ആദ്യ അയോഗ്യത. എന്തിനും ഏതിനും അധികാരികളുടെ മുന്നില്‍ കൈനീട്ടില്ല. അവരുടെ ധാര്‍ഷ്‌്‌ട്യ സമീപനത്തെ അംഗീകരിക്കില്ല. അവര്‍ പറയുന്ന കോച്ചിംഗ്‌ ക്യാമ്പിലെ ശോചനീയതക്ക്‌ കൂട്ടുനില്‍ക്കില്ല. പതിമൂന്നാം വയസ്സില്‍ വന്‍ പ്രകടനം നടത്തിയവനെ ഒതുക്കാന്‍ നടത്തിയ സംഘടിത ശ്രമം ഇന്നും തുടരുന്നു. ലോകത്തിലെ തന്നെ വന്‍ ധനാഡ്യരില്‍ ഒരാളായ ലക്ഷ്‌മി മിത്തല്‍ നടത്തുന്ന മീത്തല്‍ ചാമ്പ്യന്‍സ്‌ ട്രസ്റ്റിന്റെ താരമാണ്‌ ബിന്ദ്ര. 2004 ലെ ഏതന്‍സ്‌ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായപ്പോഴാണ്‌ ലക്ഷ്‌മി മീത്തല്‍ കായികതാരങ്ങളെ സഹായിക്കാനും രാജ്യത്തിന്‌ കനക നേട്ടങ്ങള്‍ സമ്മാനിക്കാനുമായി പുതിയ ട്രസ്‌റ്റിന്‌ രൂപം നല്‍കിയത്‌. ആദ്യം മുതല്‍ ബിന്ദ്ര ഇതില്‍ അംഗമായിരുന്നു. ബെയ്‌ജിംഗില്‍ അദ്ദേഹം സ്വര്‍ണം നേടി മീത്തലിന്റെ ലക്ഷ്യത്തിന്‌ സുവര്‍ണനിറം നല്‍കുകയും ചെയ്‌തു. ബിന്ദ്രക്കൊപ്പം പരിശീലനം നേടുന്ന രഞ്‌ജന്‍ സോഥി ഗോഞ്ചു ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍ ട്രാപ്പില്‍ സ്വര്‍ണം നേടി മീത്തല്‍ ട്രസ്‌റ്റിന്റെ മറ്റൊരു അഭിമാനതാരമായി.
പഴയ തരത്തില്ലല്ല ഇപ്പോള്‍ കാര്യങ്ങള്‍. താരങ്ങളെ സഹായിക്കാനും രാജ്യത്തിന്റെ യശസ്‌ ഉയര്‍ത്താനുമായി നിരവധി സ്വകാര്യ സംരംഭകര്‍ കായികരംഗത്ത്‌ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്‌. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ട്രാക്കില്‍ മാത്രം ആറ്‌ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ മെഡലുകള്‍ നഷ്ടമായിട്ടുണ്ട്‌. പി.ടി.ഉഷയും മില്‍ഖാസിംഗുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം പ്രശ്‌നമായത്‌ ഉന്നത പരിശീലനത്തിന്റെ കുറവായിരുന്നു.
ഇന്ന്‌ 130 കോടിയണ്‌ ഇന്ത്യന്‍ ജനസംഖ്യ. ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത്‌. മാനവ വിഭവശേഷിയില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞ ഒളിംപിക്‌സില്‍ ആകെ സമ്പാദിച്ചത്‌ ഒരു സ്വര്‍ണവും രണ്ട്‌ വെങ്കലങ്ങളും മാത്രമാണ്‌.
പണ്ട്‌ കാലങ്ങളില്‍ ഔദ്യോഗിക സഹായത്താല്‍ മാത്രമായിരുന്നു കായികതാരങ്ങള്‍ വലിയ മേളകളില്‍ പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ പങ്കാളിത്തം വളരെ ശക്തമായിട്ടും മെഡലുകളും നേട്ടങ്ങളും അകലുന്നതിന്റെ കാര്യകാരണങ്ങളാണ്‌ ചികയേണ്ടതും തിരുത്തേണ്ടതും. ഒന്ന്‌ ശ്രമിച്ചാല്‍ മെഡലുകള്‍ നേടാമെന്നതിന്‌ സമീപകാലത്തെ വലിയ തെളിവുകളുണ്ട്‌. ബെയ്‌ജിംഗിലെ ബിന്ദ്രയുടെ നേട്ടവും കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ മെല്‍പ്പട്ടികയിലെ രണ്ടാം സ്ഥാനവും.
ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്‍ഡ്‌ തുടങ്ങിയ വന്‍ പ്രതിയോഗികളുമായി മല്‍സരിച്ചാണ്‌ നമ്മള്‍ രണ്ടാം സ്ഥാനത്ത്‌ വന്നത്‌. അതിന്‌ ശേഷം നമ്മുടെ താരങ്ങള്‍ക്ക്‌ ആകെ ലഭിച്ച രാജ്യാന്തര അവസരം ഗോഞ്ചു ഏഷ്യന്‍ ഗെയിംസായിരുന്നു. വലിയ മേളകള്‍ക്കിടെ സംഭവിക്കുന്ന വലിയ ഗ്യാപ്പുകള്‍ താരങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ധ്യാന്‍ചന്ദിന്റെ ഇന്ത്യന്‍ ഹോക്കി സംഘം പരാജയത്തിലേക്ക്‌ മറയാന്‍ കാരണം മല്‍സരങ്ങളുടെ കുറവായിരുന്നു. പ്രതിയോഗികള്‍ നിരവധി മല്‍സരങ്ങളും ചിട്ടയായ പരിശീലനവുമായി മുന്നേറുമ്പോള്‍ സാമ്പത്തിക വിഷയങ്ങളിലും അച്ചടക്കമില്ലായ്‌മയിലും താന്‍ പോരിമയിലുമെല്ലാം നമ്മള്‍ ഇല്ലാതാവുന്നു.
ഇന്ത്യന്‍ കായികരംഗത്ത്‌ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന മുന്‍ താരങ്ങളായ വീരന്‍ റോസ്‌ക്കിനെ (ഹോക്കി) ഗീത്‌ സേഥി (ബില്ല്യാര്‍ഡ്‌സ്‌) തുടങ്ങിയവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്‌. ഇവിടെ പ്രതിഭകള്‍ക്ക്‌ പഞ്ഞമില്ല. വളര്‍ത്തുന്നതിലാണ്‌ പ്രശ്‌നം. ഒരു ഒളിംപിക്‌ മെഡല്‍ നേടുകയെന്നത്‌ വലിയ വികാരപര സംഭവമായാണ്‌ ഇന്ത്യ കാണുന്നത്‌. ബിന്ദ്ര സ്വര്‍ണം നേടിയപ്പോള്‍ രാജ്യമത്‌ ആഘോഷമാക്കി. പക്ഷേ ബിന്ദ്രക്ക്‌ നേട്ടം തുടരാനുള്ള സാഹചര്യം ഒരുക്കിയില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ബിന്ദ്രയുടെ സ്ഥാനത്ത്‌ ഗഗന്‍ നരാംഗാണ്‌ മിന്നിയത്‌. പക്ഷേ ഗഗന്‍ ഏഷ്യന്‍ ഗെയിംസില്‍ നിരാശപ്പെടുത്തി. ശാസ്‌ത്രീയമായ പരിശീലനവും താര സംരക്ഷണവുമില്ലാത്തതാണ്‌ അടിസ്ഥാന പ്രശ്‌നം. തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ താരങ്ങള്‍ക്കുണ്ട്‌. ടിന്റു ലൂക്ക എന്ന താരത്തിന്‌ താങ്ങും തണലവുമായി നില്‍ക്കുന്നത്‌ ഇവിടുത്തെ കായിക അധികാരികളല്ല-പി.ടി ഉഷയാണ്‌. ടിന്റു മെഡല്‍ നേടുന്നത്‌ ഉഷക്ക്‌ വേണ്ടിയാണെന്ന ധാരണയിലാണ്‌ ചിലര്‍. പി കുഞ്ഞഹമ്മദ്‌ എന്ന 400 മീറ്ററുകാരന്‌ ട്രയല്‍സിന്‌ പോലും അവസരമുണ്ടായില്ല. ഒളിംപിക്‌ ടിക്കറ്റ്‌ മോഹിച്ച്‌ ലങ്കയില്‍ ഒരവസരം കണ്ടെത്തിയപ്പോള്‍ പണം നല്‍കാന്‍ ആരും തയ്യാറായില്ല. ഇര്‍ഫാന്‍ എന്ന നടത്തക്കാരന്റെ സ്ഥിതിയും വിത്യസ്‌തമല്ല. എല്ലാവരും ആശങ്കയിലാണ്‌. ഒരു മെഡല്‍ നേടിയാല്‍ അനുമോദിക്കാനെത്തുന്നവരെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ. താരങ്ങളെ അടിമകളെ പോലെയാണ്‌ അസോസിയേഷന്‍കാര്‍ കാണുന്നത്‌. ബിന്ദ്രയെ പോലെ എന്തെങ്കിലും തുറന്ന്‌ പറയുന്നവരെ ഒതുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തും. മാറിയ കാലത്തിനൊപ്പം സാങ്കേതികതയും ശാസ്‌ത്രീയതയും മാതൃകയാക്കി താരങ്ങളെ സംരക്ഷിക്കാന്‍ അസോസിയേഷന്‍ മുന്നോട്ട്‌ വരണം-താരങ്ങളെ അടിമകളായി കാണരുത്‌.

Monday, July 9, 2012

THE BACK BENCHERS


പിറകോട്ടാണ്‌ നമ്മുടെ കായികഗമനം. ഇത്‌ എല്ലാവര്‍ക്കും അറിയുന്ന സത്യം. എങ്ങനെ നമ്മള്‍ ഇങ്ങനെയാവുന്നു എന്ന ചോദ്യമുന്നയിക്കുന്നവരും ഉത്തരം പറയേണ്ടവരും ചോദ്യങ്ങള്‍ ഉന്നയിച്ചും ഉത്തരം പറഞ്ഞും മടുത്തിരിക്കുന്നു. മടുപ്പില്‍ നിന്നും പോസീറ്റിവായി ചിന്തിക്കുക പ്രയാസമുള്ള കാര്യമാണ്‌.
ഇന്ത്യന്‍ ഹോക്കിയെ മാത്രം ഉദാഹരിക്കാം: നിലവില്‍ നമ്മുടെ ദേശീയ ടീമിന്റെ പരിശീലകന്‍ ഓസ്‌ട്രേലിയക്കാരനായ മൈക്കല്‍ നോബ്‌സ്‌. ടീമിന്റെ മൊത്തം നിയന്ത്രണം അദ്ദേഹത്തിനാണ്‌. ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുമെന്ന വീരവാദം മുഴക്കാതെ ആദ്യ ആറ്‌ സ്ഥാനങ്ങളിലൊന്ന്‌ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌.
എട്ട്‌ ഒളിംപിക്‌സ്‌ ഹോക്കി സ്വര്‍ണം സ്വന്തമാക്കിയവരാണ്‌ നമ്മള്‍. ഇന്ത്യന്‍ കായികരംഗം പിറകോട്ട്‌ പോവുന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌ സ്വര്‍ണത്തില്‍ നിന്ന്‌ ഇപ്പോള്‍ നമ്മള്‍ ആദ്യ ആറ്‌ സ്ഥാനങ്ങളിലൊന്നിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌. വേണമെങ്കില്‍ ഹോക്കിയുടെ കാര്യത്തില്‍ തല്‍ക്കാലം മുന്നോട്ടാണെന്ന്‌ പറയാം. കാരണം നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ യോഗ്യത പോലും നേടിയിരുന്നില്ല. ഇന്ത്യയില്ലാതെ ആദ്യമായി ഒളിംപിക്‌ ഹോക്കി മല്‍സരങഅള്‍ ബെയ്‌ജിംഗില്‍ നടന്നപ്പോള്‍ പലരും വേദനയോടെ പലതും പറഞ്ഞു. ഇത്തവണ എന്തായാലും നമ്മള്‍ യോഗ്യത നേടിയിട്ടുണ്ട്‌്‌. അത്‌ മുന്നോട്ടുള്ള ഗമനമായി ചീത്രീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ചരിത്രം നമുക്ക്‌ മുന്നില്‍, അധികാരികള്‍ക്ക്‌ മുന്നില്‍ മഹാമേരു പോലെ നിലനില്‍ക്കുന്നുണ്ട്‌.
ലണ്ടന്‍ നഗരവും ഒളിംപിക്‌സ്‌ ഹോക്കിയും തമ്മില്‍ ചരിത്രബന്ധമുണ്ട്‌. 1908 ലണ്ടനില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ആദ്യമായി ഹോക്കി മല്‍സര ഇനമാക്കിയത്‌. ആ കാലത്ത്‌ ഹോക്കിയെന്നാല്‍ അത്‌ ഇന്ത്യ മാത്രമായിരുന്നു. കൊല്‍ക്കത്തയിലും മുംബൈയിലുമെല്ലാമായി നടന്ന ചെറിയ ടൂര്‍ണമെന്റുകള്‍ വഴി ഇന്ത്യയാണ്‌ ലോകത്തിന്‌ പുതിയ ഗെയിമിനെ കാണിച്ചുകൊടുത്തത്‌. പക്ഷേ അന്നൊന്നും ഹോക്കിയെ നയിക്കാന്‍ ഒരു സംഘബലം രാജ്യത്തുണ്ടായിരുന്നില്ല. ബ്രിട്ടിഷുകാരുടെ അധീശത്വത്തില്‍ കഴിയേണ്ടി വന്നതിനാല്‍ ഒളിംപക്‌സ്‌ പോലുള്ള വേദികളില്‍ കരുത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1928ലെ ആംസ്റ്റര്‍ഡാം ഒളിംപിക്‌സിലാണ്‌ ഇന്ത്യ പങ്കെടുക്കുന്നതും സ്വര്‍ണം സ്വന്തമാക്കുന്നതും.
ഇന്ത്യയുടെ ഒളിംപിക്‌ ഹോക്കി അരങ്ങേറ്റം തന്നെ വിവാദത്തിലായിരുന്നു. ഒക്‌സ്‌ഫോര്‍ഡില്‍ പഠിക്കുകയായിരുന്നു ജയ്‌പാല്‍ സിംഗിനെയാണ്‌ ടീമിന്റെ ക്യാപ്‌റ്റനായി പ്രഖ്യാപിച്ചത്‌. ഇംഗ്ലീഷ്‌ വിലാസമുള്ള രണ്ട്‌ പേര്‍-യൂസഫ്‌ ഖാനും പട്ടോജി നവാബൂം ടീമിലുണ്ടായിരുന്നു. ജയ്‌പാലിനെ അംഗീകരിക്കാന്‍ ടീമിലെ ഭൂരിപക്ഷം വരുന്ന ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങള്‍ തയ്യാറായിരുന്നില്ല., ടീം ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ നേടിയ ശേഷം സഹതാരങ്ങളുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ജയ്‌പാല്‍ ടീമില്‍ നിന്ന്‌ ഇറങ്ങിപോവുകയും പകരം എറിക്‌ പിന്നിംഗര്‍ നായകനാവുകയും ചെയ്‌തു. ധ്യാന്‍ചന്ദിനെ പോലുള്ള യുവതാരങ്ങളുടെ കരുത്തില്‍ എല്ലാ മല്‍സരങ്ങളിലും വിജയം വരിച്ച്‌ ഇന്ത്യ ഒരു ഗോള്‍ പോലും വഴങ്ങാതെ സ്വര്‍ണം നേടി. ലണ്ടനില്‍ നിന്ന്‌ സ്വര്‍ണവുമായി മുംബൈ തുറമുഖത്തെത്തിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ അന്ന്‌ പതിനായിരകണക്കിന്‌ ഹോക്കി പ്രേമികളാണ്‌ എത്തിയിരുന്നത്‌.
ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രിയയെ ഇന്ത്യ ആറ്‌ ഗോളിനാണ്‌ തോല്‍പ്പിച്ചത്‌. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ തോല്‍പ്പിച്ചത്‌ ഒമ്പത്‌ ഗോളിന്‌. മൂന്നാം മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെതിരെ അഞ്ച്‌ ഗോള്‍ ജയം. സ്വീറ്റ്‌സര്‍ലാന്‍ഡിനെ ആറ്‌ ഗോളിന്‌ തകര്‍ത്തു. ഫൈനല്‍ മല്‍സരം ആതിഥേയരായ ഹോളണ്ടുമായിട്ടായിരുന്നു. ജയിച്ചത്‌ മൂന്ന്‌ ഗോളിന്‌. അതായത്‌ ഇന്ത്യ അടിച്ചത്‌ 29 ഗോള്‍. ഒരു ഗോള്‍ പോലും വഴങ്ങിയില്ല. അങ്ങനെ ഒളിംപിക്‌സ്‌ ഹോക്കിയില്‍ അരങ്ങേറിയ ഇന്ത്യ ഇന്ന്‌ മേല്‍പ്പറഞ്ഞ ഒരു ടീമിനോടും ജയിക്കില്ല. ഡച്ചുകാരെല്ലാം ബഹദൂരം മുന്നേറി ഇന്ന്‌ എല്ലാവരെയും തോല്‍പ്പിക്കുന്ന ടീമായി മാറിയിരിക്കുന്നു.
1928 ന്‌ ശേഷം നടന്ന ഒരോ ഒളിംപിക്‌സിലും ഇന്ത്യ വെല്ലുവിളിക്കപ്പെട്ടു. പക്ഷേ ഒന്നാം സ്ഥാനം മാത്രം അകന്നില്ല. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ധ്യാന്‍ചന്ദിന്റെ അപാര മികവില്‍ ഇന്ത്യ ഫൈനലില്‍ ജര്‍മനിയെ 8-1 നാണ്‌ തരിപ്പണമാക്കിയത്‌. ഇന്ന്‌ ജര്‍മനി എന്നാല്‍ അജയ്യരാണ്‌. നമുക്ക്‌ തൊടാന്‍ പോലും കഴിയില്ല. ഫൈനലില്‍ ഹാട്രിക്‌ നേടിയ ധ്യാന്‍ചന്ദ്‌ 31-ാം വയസ്സില്‍ കളിയോട്‌ വിടപറഞ്ഞു. ഹംഗറിയെ നാല്‌ ഗോളിനും അമേരിക്കയെ ഏഴ്‌ ഗോളിനും ജപ്പാനെ ഒമ്പത്‌ ഗോളിനും സെമിയില്‍ ഫ്രാന്‍സിനെ പത്ത്‌ ഗോളിനും തകര്‍ത്ത ടീം ഫൈനലില്‍ മാത്രമാണ്‌ രണ്ട്‌ ഗോള്‍ വഴങ്ങിയത്‌.
ഫൈനലില്‍ ധ്യാന്‍ചന്ദിന്റെ പല്ല്‌ കൊഴിച്ച ജര്‍മന്‍ ഗോള്‍ക്കീപ്പറും, ജര്‍മനിക്കാരെ പാഠം പഠിപ്പിച്ച ധ്യാന്‍ചന്ദുമെല്ലാം ഇന്നും ചരിത്രത്തിന്റെ ഭാഗം. ആ ചരിത്രം വായിച്ച്‌ കോള്‍മയിര്‍ കൊള്ളേണ്ട ഗതികേടിലാണ്‌ ഇപ്പോഴും നമ്മള്‍.
ഒളിംപിക്‌സ്‌ ഹോക്കിയില്‍ ഇന്ത്യയോട്‌ തകര്‍ന്ന്‌ തരിപ്പണമായവരാണ്‌ ജര്‍നിയും ഹോളണ്ടും ദക്ഷിണ കൊറിയയും ന്യൂസിലാന്‍ഡും ബെല്‍ജിയവും. ഈ അഞ്ച്‌ പേരുമായാണ്‌ ലണ്ടനില്‍ നമ്മള്‍ കളിക്കുന്നത്‌. ആരോടും ജയസാധ്യതയില്ല. പ്രതീക്ഷ ബെല്‍ജിയത്തിനെതിരായ മല്‍സരത്തില്‍ മാത്രമാണ്‌.
പിറകോട്ടുള്ള ഈ സഞ്ചാരത്തിലും ഒന്നും നമ്മള്‍ പഠിക്കുന്നില്ല. പഠിക്കാന്‍ ശ്രമിക്കുന്നുമില്ല. താരങ്ങളെയും പരിശീലകരെയും മാറ്റുന്നു-ആ പരീക്ഷണമാണ്‌ നിരന്തരമായി നടക്കുന്നത്‌.

Sunday, July 8, 2012

SORRY PREEJA


ഈ ചൈനീസ്‌ ചിത്രത്തിലെ സന്തോഷം നേരില്‍ കണ്ടിരുന്നു. ആ മുഹൂര്‍ത്തില്‍ അഭിമാനം കൊണ്ടിരുന്നു. ദേശീയ ഗാനമായ ജനഗണമന ചൈനീസ്‌ നഗരമായ ഗോഞ്ചുവിലെ ആവോട്ടി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നപ്പോള്‍ കണ്ണ്‌ നനയുകയും ചെയ്‌തിരുന്നു. ആയിരകണക്കിന്‌ ചൈനീസ്‌ യുവത്വത്തിന്റെ നിശബ്ദദതയില്‍ ദേശീയ സംഗീതം അലയടിച്ചപ്പോള്‍ അതിനൊപ്പം ഉച്ചത്തില്‍ ജനഗണമന പാടാന്‍ ഞങ്ങള്‍ അല്‍പ്പം ഇന്ത്യക്കാര്‍ മാത്രമായിരുന്നു ആ ദിവസം മൈതാനത്തുണ്ടയിരുന്നത്‌. പ്രീജാ ശ്രീധരന്‍ എന്ന കൊച്ചുതാരം, നിഷ്‌കളങ്കമായ സംസാരത്തിലും സമീപനത്തിലും നമുക്കെല്ലാം അടുപ്പം തോന്നുന്ന താരം-അവള്‍ ഒളിംപിക്‌സിനില്ലെന്നത്‌ വേദനാജനകം മാത്രമല്ല നിരാശാജനകവുമാണ്‌....
പനിയും ഒപ്പം ന്യൂമോണിയയുമാണ്‌ പ്രീജയെ തളര്‍ത്തിയത്‌. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ നഗരമായ സാനിയതയില്‍ നടന്ന അവസാന യോഗ്യതാ പോരാട്ടത്തില്‍ പ്രീജക്കൊപ്പം ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ കവിത റൗട്ടും പങ്കെടുത്തിരുന്നു. പക്ഷേ അസുഖം തളര്‍ത്തിയ ശരീരവുമായി, മനസ്സ്‌ പറയുന്ന വേഗതയില്‍ കുതിക്കാനാവാതെ പകുതി വഴിയില്‍ രണ്ട്‌ പേരും പിന്മാറിയ വാര്‍ത്ത ആദ്യം വിശ്വസിച്ചിരുന്നില്ല. പട്യാലയിലെ ഇന്ത്യന്‍ ക്യാമ്പുമായി ബന്ധപ്പെട്ടപ്പോഴാണ്‌ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്‌.
യൂ ട്യൂബില്‍ ഇപ്പോഴും ആ ഏഷ്യന്‍ ഗെയിംസ്‌ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ കാണാം. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്നവര്‍ സി.സി.ടി.വിയിലെ ആ ദൃശ്യങ്ങള്‍ എത്രയോ കണ്ടിരിക്കുന്നു. പ്രീജയുടെ രണ്ട്‌ ഏഷ്യന്‍ ഗെയിംസ്‌ പോരാട്ടങ്ങളും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ പോരാട്ടവും ചന്ദ്രികക്ക്‌ വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2006 ലെ ദോഹ ഗെയിംസില്‍ പ്രീജയിലെ താരത്തിന്‌ രാജ്യാന്തര അനുഭവസമ്പത്ത്‌ കുറവായിരുന്നു. ഏഷ്യന്‍ ഗെയിംസ്‌ വില്ലേജില്‍ പ്രീജയെ കാണാന്‍ പോയപ്പോള്‍ നാണത്തോടെ സംസാരിച്ച ഇടുക്കിക്കാരി ആവശ്യപ്പെട്ടത്‌ എല്ലാവരുടെയും പ്രാര്‍ത്ഥനയായിരുന്നു. പക്ഷേ 10,000 മീറ്ററിലും 5,000 മീറ്ററിലും അഞ്ചാം സ്ഥാനത്താണ്‌ പ്രീജ ഫിനിഷ്‌്‌ ചെയ്‌തത്‌. മല്‍സരത്തിന്‌ ശേഷം ആ അഞ്ചാം സ്ഥാനം തന്നെ വലിയ നേട്ടമാണെന്ന്‌ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ദൈവത്തിന്‌ നന്ദി പറഞ്ഞ താരം 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പക്ഷേ നിരാശപ്പെടുത്തി. പരുക്കിലും അസുഖത്തിലും തളര്‍ന്നിരുന്നു ആ സമയത്ത്‌. വീണ്ടും ഏഷ്യന്‍ ഗെയിംസ്‌ വന്നപ്പോള്‍ പ്രീജ ശരിക്കും അല്‍ഭുതമായിരുന്നു. ഗോഞ്ചുവിലെ ഗെയിംസ്‌ പ്രധാന മീഡിയാ സെന്ററില്‍ നിന്ന്‌ ആവോട്ടി സ്‌റ്റേഡിയത്തിലെത്താന്‍ ചൈനയിലെ അതിവേഗ ഏഴ്‌ വരി പാതയിലുടെ 45 മിനുട്ട്‌ സഞ്ചരിക്കണമായിരുന്നു. പ്രീജയും ഒപ്പം കവിതയും മല്‍സരിക്കുന്ന ദിവസത്തില്‍ ഞങ്ങള്‍ മൂന്ന്‌ മലയാളി പത്രപ്രവര്‍ത്തകര്‍ (മനോജ്‌ തെക്കേടത്ത്‌-മലയാള മനോരമ, കെ.വിശ്വനാഥ്‌-മാതൃഭൂമി) നേരത്തെ തന്നെ സ്‌റ്റേഡിയത്തിലെത്തി. ഒരു മലയാളി മല്‍സരിക്കുമ്പോള്‍ മലയാളികള്‍ക്കുണ്ടാവുന്ന താല്‍പ്പര്യം മീഡിയാ ബോക്‌സിലെ ആദ്യ കസേരയിലുണ്ടായിരുന്നു മുതിര്‍ന്ന സ്‌പോര്‍ട്‌സ്‌്‌ മാധ്യമ പ്രവര്‍ത്തകനായ മോഹന്‍ (ദി ഹിന്ദു) ഉണ്ടായിരുന്നു. (കണ്ണൂര്‍കാരനായ മോഹന്‍ ദീര്‍ഘകാലമായി ഗെയിംസ്‌ വേദികളിലെ സുപരിചിത മുഖമാണ്‌.)
ചുവന്ന ഷര്‍ട്ടുകളണിഞ്ഞ ചൈനീസ്‌ കായികാരാധകരാല്‍ തിങ്ങിയ സ്റ്റേഡിയത്തിലെ ഓരോ മുഹൂര്‍ത്തവും ആവേശകരമായിരുന്നു. നിശ്ചിത സമയത്ത്‌ തന്നെ മല്‍സരം തുടങ്ങി. മൈതാനത്തിന്‌ നടുവില്‍ ഹാമര്‍ ത്രോ, ഹൈജംമ്പ്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ 10,000 മീറ്ററിന്റെ തുടക്കം പലരുമറിഞ്ഞിരുന്നില്ല. ഒമ്പത്‌ പേരുടെ തുടക്കത്തില്‍ മുന്നില്‍ കയറിയ പ്രീജയും കവിതയും പകുതിദൂരം പിന്നിടപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു. അവസാന ലാപ്പില്‍ അവസാന 500 മീറ്ററില്‍ പ്രീജ രണ്ടാം സ്ഥാനത്ത്‌ നിന്ന്‌ ഒന്നാം സ്ഥാനത്തേക്ക്‌ ടോപ്പ്‌ ഗിയറില്‍ കുതിക്കുന്ന കാഴ്‌ച്ച അവിശ്വസനീയമായിരുന്നു. ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റ്‌ കൈകള്‍ അടിക്കാന്‍ തുടങ്ങി ഞങ്ങള്‍ ഇന്ത്യക്കാരെല്ലാം. തൊട്ട്‌ പിറകെ കവിതയും. ഞെട്ടിക്കുന്ന ഫിനിഷിംഗിന്‌ ശേഷം കിതപ്പോടെ കുരിശ്‌ വരച്ച്‌ പ്രീജക്കായി ദേശീയ പതാക നല്‍കിയത്‌ ഞങ്ങളായിരുന്നു. രാത്രിയായതിനാല്‍ അന്ന്‌ പ്രീജയോട്‌ സംസാരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ അത്‌ലറ്റ്‌ വില്ലേജില്‍ പോയപ്പോള്‍ കോച്ച്‌ നിക്കോളായിക്കൊപ്പം ചിരിച്ച്‌ വന്ന പ്രീജ തനി ഇടുക്കിക്കാരിയായി ദീര്‍ഘസമയം സംസാരിച്ചു. രണ്ട്‌ ദിവസത്തിന്‌ ശേഷം 5000 മീറ്ററില്‍ രണ്ടാം സ്ഥാനവും നേടി.
ഏഷ്യന്‍ ഗെയിംസിന്‌ ശേഷം ലണ്ടന്‍ മാത്രമായിരുന്നു പ്രീജയുടെ സ്വപ്‌നം. ആ സ്വപ്‌നമാണ്‌ അസുഖത്തില്‍ തളര്‍ന്നിരിക്കുന്നത്‌. ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന്‌ വളര്‍ന്ന പ്രീജക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ട്‌. നിക്കോളായിക്ക്‌ കീഴില്‍ വന്നപ്പോഴാണ്‌ കഠിനമായ പരിശീലനം വഴി ആരോഗ്യം തിരിച്ചുകിട്ടിയത്‌.
പരുക്കും അസുഖങ്ങളും കായികലോകത്തെ നിത്യ പ്രശ്‌നങ്ങളാണ്‌. വലിയ മേളകള്‍ക്കിടെ പരുക്കുകള്‍ തളര്‍ത്തുമ്പോള്‍ അതില്‍ പരിതപിക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. പക്ഷേ ഒളിംപിക്‌സ്‌ പോലെ ഒരു മേള-അതിനുള്ള ഒരുക്കങ്ങള്‍ എല്ലാം അവസാനത്തില്‍ വൃഥാവിലാവുമ്പോള്‍ അത്‌ പ്രീജക്ക്‌ മാത്രമല്ല രാജ്യത്തിനും ആഘാതമാണ്‌. ലണ്ടനില്‍ ദീര്‍ഘദൂര മല്‍സരങ്ങളില്‍ പ്രീജക്ക്‌ മെഡല്‍ സാധ്യതകളുണ്ടയിരുന്നില്ല. ആഫ്രിക്കയില്‍ നിന്നുള്ള ശക്തരായ പ്രതിയോഗികള്‍ മല്‍സരിക്കാനെത്തുന്നുണ്ട്‌. കെനിയ, എത്യോപ്യ തുടങ്ങിയവരാണ്‌ ഈ രംഗത്തെ കുലപതിമാര്‍. അവര്‍ക്കെതിരെ മല്‍സരിക്കുന്നത്‌ പ്രീജക്ക്‌ പക്ഷേ കൂടുതല്‍ അനുഭവ സമ്പത്ത്‌ നല്‍കുമായിരുന്നു.

Saturday, July 7, 2012

the great circus


മുട്ടുവിന്‍ തുറക്കപ്പെടും
സ്വന്തം മൊബൈല്‍ ഫോണില്‍ ഇന്ത്യന്‍ കോഡുള്ള നമ്പര്‍ കണ്ടാല്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ മുഖ്യ സംഘാടകന്‍ സെബാസ്റ്റ്യന്‍ കോ ഇപ്പോള്‍ പ്രതികരിക്കാറില്ല. മറുപടി പറഞ്ഞ്‌ പറഞ്ഞ്‌ അദ്ദേഹത്തിന്‌ മടുത്തിരിക്കുന്നു..! ദിവസവും ഇന്ത്യന്‍ കായിക സംഘാടകരുടെ, മന്ത്രിമാരുടെ, ഒഫീഷ്യലുകളുടെ ഫോണ്‍ വിളികള്‍. എല്ലാവര്‍ക്കും അക്രഡിറ്റേഷന്‍ വേണം, എല്ലാവര്‍ക്കും സൗജന്യ പാസുകള്‍ വേണം, ഉദ്‌ഘാടന-സമാപന ചടങ്ങുകള്‍ കാണണം, താമസസൗകര്യം വേണം. ഈ ആവശ്യങ്ങളുമായി തന്നെ ശല്യം ചെയ്യരുതെന്നും ഒരു രാജ്യത്തോടും പ്രത്യേക മമതയില്ലെന്നും എല്ലാം ഔദ്യോഗിക രീതിയില്‍ തന്നെ നടക്കുമെന്നും കോ പറഞ്ഞിട്ടും മുട്ടുവിന്‍ തുറക്കപ്പെടും എന്ന്‌ മുദ്രാവാക്യം ഉയര്‍ത്തി വിളിയോട്‌ വിളി തന്നെ....
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തെ ഇന്നാണ്‌ പ്രഖ്യാപിക്കുന്നത്‌. ടീമിന്റെ കാര്യത്തില്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്‌. യോഗ്യതാ മാനദണ്ഡം ഇനിയും നേടിയിട്ടില്ലാത്തവര്‍ക്ക്‌ ഇന്നാണ്‌ അവസാന അവസരം. എണ്‍പതംഗ ടീമാണ്‌ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌. എന്നാല്‍ ഇവരെ അനുഗമിക്കുന്നവരുടെ എണ്ണം മുന്നൂറോളം വരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
നിയമ പ്രകാരം അതത്‌ രാജ്യത്തെ ഒളിംപിക്‌ അസോസിയേഷനുമായി ബന്ധപ്പെട്ടാണ്‌ അക്രഡിറ്റേഷനും പാസുകളും നല്‍കാറുള്ളത്‌. വളരെ നേരത്തെ തന്നെ ദേശീയ ഒളിംപിക്‌ കമ്മിറ്റി ഇത്‌ സംബന്ധമായി പട്ടിക നല്‍കും. ഇന്ത്യക്ക്‌ കൂടുതല്‍ അക്രഡിറ്റേഷന്‍ ഒളിംപിക്‌സിന്‌ ലഭിക്കില്ല. പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണം, മല്‍സരങ്ങളുടെ എണ്ണം, രാജ്യത്തിന്റെ ഒളിംപിക്‌ റെക്കോര്‍ഡ്‌ തുടങ്ങിയ വശങ്ങളെല്ലാം പരിഗണിച്ചാണ്‌ അക്രഡിറ്റേഷന്‍ അനുവദിക്കാറുള്ളത്‌. ഒളിംപിക്‌ അസോസിയേഷന്‍ പരമ്പരാഗതമായി ചെയ്‌തു കൊണ്ടിരുന്നത്‌ തങ്ങളുടെ സില്‍ബന്ധികളെയെല്ലാം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി കയറ്റി അയക്കാറാണ്‌. ഇവര്‍ക്കായി ഔദ്യോഗിക ചെലവില്‍ പ്രത്യേക ഹോട്ടല്‍ ബുക്ക്‌ ചെയ്യും. ഒളിംപിക്‌സ്‌ ദിവസങ്ങളില്‍ ഷോപ്പിംഗും സവാരികളുമായി അടിപൊളി തന്നെ. രാജ്യത്തിന്‌ വേണ്ടി മല്‍സരിക്കാന്‍ കാശില്ലാതെ താരങ്ങള്‍ നട്ടം തിരിയുമ്പോഴാണ്‌ സംഘാടകര്‍ സര്‍ക്കാര്‍ പണം കൊള്ളയടിച്ച്‌ സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി ചരട്‌ വലിക്കുന്നത്‌.
ഹോക്കി, ടെന്നിസ്‌, നീന്തല്‍, ബോക്‌സിംഗ്‌, ഗുസ്‌തി, അത്‌ലറ്റിക്‌സ്‌, ബാഡ്‌മിന്റണ്‍, ടി.ടി തുടങ്ങിയ ഇനങ്ങളിലാണ്‌ ഇന്ത്യ ഇത്തവണ മല്‍സരിക്കുന്നത്‌. ഈ ഗെയിമുകളുമായി ബന്ധപ്പെട്ട ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരെല്ലാം അതിനാല്‍ തന്നെ ലണ്ടന്‍ ആഘോഷത്തിനുള്ള ചിട്ടവട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സ്വന്തം ഫെഡറേഷന്റെ ഫണ്ടാണ്‌ ഇവര്‍ ഇതിനായി വിനിയോഗിക്കുന്നത്‌. ഒഫീഷ്യല്‍ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഒളിംപിക്‌ അസോസിയേഷനില്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. കേന്ദ്രകായിക മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ സംസ്ഥാന മന്ത്രിമാര്‍, സംസ്ഥാന ഒളിംപിക്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അക്രഡിറ്റേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവരുടെ വലിയ പട്ടികയിലുണ്ട്‌. 130 ടിക്കറ്റുകളാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ ചോദിച്ചിരിക്കുന്നത്‌. ഇത്‌ വരെ 41 ടിക്കറ്റുകളാണ്‌ ലഭിച്ചത്‌. ചില മുഖ്യമന്ത്രിമാര്‍ പോലും ഒളിംപിക്‌ മോഹവുമായി പടികള്‍ കയറിയിറങ്ങുന്നുണ്ടെന്നാണ്‌ ഒളിംപിക്‌ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌. പണം നല്‍കാന്‍ എല്ലാവരും തയ്യാറാണ്‌. ടിക്കറ്റ്‌ വാങ്ങി കൊടുത്താല്‍ മതി.
ബ്രിട്ടനില്‍ അവിടുത്തെ നാട്ടുകാര്‍ക്ക്‌ തന്നെ ടിക്കറ്റ്‌ ലഭിക്കാത്ത അവസ്ഥയാണ്‌. ടിക്കറ്റിന്റെ കാര്യത്തില്‍ സംഘാടകരുമായി ജനം കൊമ്പ്‌ കോര്‍ക്കുമ്പോഴാണ്‌ ഇവിടെ നിന്ന്‌ ടിക്കറ്റുകള്‍ക്കായി പിന്‍വാതില്‍ നീക്കങ്ങള്‍.
ലണ്ടന്‍ സംഘാടക സമിതി വളരെ കര്‍ക്കശമായ നിലപാടാണ്‌ ഈ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. ഈ കാര്യം സെബാസ്റ്റ്യന്‍ കോ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തലവന്‍ വി.കെ മല്‍ഹോത്രയെ അറിയിച്ചിട്ടുമുണ്ട്‌. വളരെ വ്യക്തമായ നിയന്ത്രണങ്ങള്‍ പാസ്‌ വിതരണത്തിലുണ്ട്‌. അത്‌ പാലിക്കപ്പെടും. അന്യായമായി ആര്‍ക്കും ടിക്കറ്റുകള്‍ സൗജന്യമായി നല്‍കില്ല.
താരങ്ങളുടെ പങ്കാളിത്ത കാര്യത്തിലോ, മല്‍സര സാഹചര്യങ്ങള്‍ ഒരുക്കുന്നതിലോ ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാതെ നമ്മുടെ അധികാരികള്‍ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന ഒളിംപിക്‌ മുദ്രാവാക്യം ഉയര്‍ത്തിപിടിക്കുന്നവരാണ്‌. എന്തിനാണ്‌ രാജ്യത്തിന്‌ മെഡല്‍...? എന്ന്‌ പോലും ചോദിച്ചിരിക്കുന്നു ഒരു മഹാന്‍. മെഡല്‍ നേടിയാല്‍ അത്‌ താരത്തിന്‌ സ്വന്തമാണ്‌. അത്‌ കൊണ്ട്‌ രാജ്യത്തിനോ അസോസിയേഷനോ കാര്യമില്ലെന്ന്‌ വരെ പറഞ്ഞ്‌ സ്വന്തം ടിക്കറ്റ്‌ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ്‌ താരങ്ങള്‍. ക്ലീന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌ എന്ന സംഘടനയുടെ നേതാവായ അശ്വനി നാച്ചപ്പ പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്‌-ഒരു ഒളിംപിക്‌സ്‌ സമയത്ത്‌ ഒഫീഷ്യലുകളെ ടീമില്‍ കുത്തിനിറക്കാന്‍ താരങ്ങളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയ അനുഭവമുണ്ടായിരുന്നത്ര.. ഒടുവില്‍ താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ യാത്ര പുറപ്പെടുന്ന ദിവസം രാവിലെ പോലും സെലക്ഷന്‍ ട്രയല്‍ എന്ന നാടകം നടത്തി. ഈ വിധം എന്തിനും തയ്യാറായി നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത്‌ സര്‍ക്കാരാണ്‌. പക്ഷേ എപ്പോഴും നിസ്സഹായത പ്രകടിപ്പിച്ച്‌ അവര്‍ മാറി നില്‍ക്കുന്നു. ഇത്തവണയും അതിനൊന്നും മാറ്റമില്ല

Friday, July 6, 2012

MARY THE REAL BET


ഇത്തവണ ലണ്ടനിലേക്ക്‌ ഇന്ത്യ അയക്കാന്‍ പോവുന്നത്‌ എണ്‍പതോളം വരുന്ന സംഘത്തെയാണ്‌. ഔദ്യോഗിക ഭാഷയില്‍ പറഞ്ഞാല്‍ ശക്തമായ സെലക്ഷന്‍ പ്രക്രിയയിലുടെയും കഠിനമായ പരിശീലനത്തിലുടെയും തെരഞ്ഞെടുക്കപ്പെടുന്നവര്‍.(കര്‍ക്കശമായ ഇടപെടലുകളിലൂടെയും ഉന്നത സ്വാധീനത്താലുമെന്നും തിരുത്തി വായിക്കുക). ഹോക്കി, ടെന്നിസ്‌, ഗുസ്‌തി, ബോക്‌സിംഗ്‌, ഷൂട്ടിംഗ്‌, ബാഡ്‌മിന്റണ്‍, അത്‌ലറ്റിക്‌സ്‌ തുടങ്ങിയ ഇനങ്ങളിലായാണ്‌ കൂടുതല്‍ താരങ്ങള്‍. ഈ താരങ്ങളില്‍ ലോകത്തിന്‌ പരിചയമുള്ള അധികമാരുമില്ല.
കായിക ലോകത്തിന്‌ ഇന്ത്യയെന്നാല്‍ അത്‌ വിശ്വനാഥന്‍ ആനന്ദും മഹേന്ദ്രസിംഗ്‌ ധോണിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാമാണ്‌. അവരുടെ ചിത്രങ്ങള്‍ മാത്രമാണ്‌ മാധ്യമങ്ങളിലും ചര്‍ച്ചകളിലും നിറഞ്ഞ്‌ നില്‍ക്കുന്നത്‌. ആനന്ദും ധോണിയും സച്ചിനുമൊന്നും ഒളിംപിക്‌സിനില്ല. (ക്രിക്കറ്റ്‌ ഒളിംപിക്‌്‌സില്‍ മല്‍സര ഇനമാക്കിയാല്‍ പോലും നമ്മുടെ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഒരു ലൈന്‍ വെച്ച്‌ അവര്‍ പങ്കെടുക്കില്ല. അവരുടെ കണ്ണില്‍ ഒളിംപിക്‌സ്‌ എന്നാല്‍ അത്‌ അധ:കൃതരുടെ സംഗമമാണ്‌. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമാക്കിയപ്പോള്‍ തിരിഞ്ഞ്‌ നോക്കിയിരുന്നില്ല ആരും. ഒരു ടീമിനെ അയക്കാന്‍ പോലമുള്ള കാരുണ്യം കാണിക്കാത്തവര്‍). ഗെയിംസുകളില്‍ പങ്കെടുക്കുന്നത്‌ താരതമ്യേന അറിയപ്പെടാത്തവരാണ്‌. അസോസിയേഷന്‍കാര്‍ വലിയ പ്രതിഫലം നല്‍കാത്തവര്‍. ക്യാമറാ കാഴ്‌ച്ചകളില്‍ നിറയാത്തവര്‍. അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും രാജ്യത്തെ സ്‌നേഹിക്കുന്നവര്‍. പറക്കും സിക്ക്‌ മില്‍ഖാസിംഗില്‍ തുടങ്ങി ദീപികാ കുമാരിയില്‍ എത്തിയാല്‍ എല്ലാവരും ഒരു നേരത്തെ അന്നത്തിന്‌ പ്രയാസപ്പെട്ടവര്‍.
ഇന്നലെ ഒരു ബ്രിട്ടിഷ്‌ മാഗസിന്‍ നടത്തിയ തെരഞ്ഞെടിുപ്പില്‍ രസകരമായ സത്യം തെളിഞ്ഞു. ആഗോള കായിക ലോകത്ത്‌ വിപണിയുള്ള താരങ്ങളുടെ പട്ടികയിലെ ആദ്യ അമ്പതില്‍പ്പെട്ട രണ്ട്‌ ഇന്ത്യക്കാരില്‍ ഒരാള്‍ മേരി കോം എന്ന വനിതാ ബോക്‌സര്‍. നമ്മുടെ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി (16)ക്കൊപ്പമാണ്‌ അഞ്ച്‌ തവണ ലോകപ്പട്ടം കരസ്ഥമാക്കിയ മേരി കോമും(38) പോപ്പുലര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്‌. രണ്ട്‌ പേരും നാട്ടിന്‍പുറത്തുകാരാണ്‌. സ്വപ്രയത്‌നത്താല്‍ മുന്നോട്ട്‌ വന്നവര്‍. താര്‍ഖണ്‌ഡിലെ റാഞ്ചിക്കാരനാണ്‌ എം.എസ്‌ ധോണി. ഇന്ത്യക്ക്‌ ലോകകപ്പ്‌ സമ്മാനിച്ച നായകന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഐക്കണ്‍ താരം. ക്രിക്കറ്റിന്‌ മാധ്യമലോകവും കോര്‍പ്പറേറ്റ്‌ ലോകവും നല്‍കുന്ന തുറന്ന പിന്തുണയിലാണ്‌ ധോണി താരമായതെങ്കില്‍ ഒന്നുമില്ലായ്‌മയില്‍ നിന്ന്‌ ഇഛാശക്തിയില്‍ മാത്രം ലോകതലത്തില്‍ ഒന്നാമത്‌ വന്നിരിക്കുന്ന ബോക്‌സറാണ്‌ മേരി. പ്രായം 29. രണ്ട്‌ കുട്ടികളുടെ മാതാവാണ്‌ മണിപ്പൂരുകാരി.
ഇത്തവണ ലണ്ടനില്‍ ഇന്ത്യയുടെ വലിയ സംഘത്തില്‍ വ്യക്തമായ മെഡല്‍ സാധ്യത നിലനില്‍ക്കുന്നത്‌ മേരിക്കാണ്‌. ആദ്യമായി ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കിയ വനിതാ ബോക്‌സിംഗിലെ സ്വന്തം ഇനത്തില്‍ അഞ്ച്‌ തവണയാണ്‌ മേരി ലോക ജേതാവായത്‌. ആരില്‍ നിന്നും ഒന്നും ചോദിക്കുന്ന സ്വഭാവക്കാരിയല്ല മേരി. സ്വന്തം കരുത്തിലാണ്‌ വിശ്വാസം. ആരെയും തോല്‍പ്പിക്കാമെന്ന അഹങ്കാരവുമില്ല. പക്ഷേ റിംഗില്‍ തന്റെ ധൈര്യം പ്രകടിപ്പിക്കാനും അത്‌ വഴി വിജയിക്കാനും കഴിയുമ്പോള്‍ പ്രൊഫഷണല്‍ സമീപനത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാണ്‌ ഈ ഗ്രാമീണതാരം. 46-48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന്‌ മേരിയെ തോല്‍പ്പിക്കാന്‍ ആരുമില്ല. ഒളിംപിക്‌സ്‌ വേദിയാവുമ്പോള്‍ കൂടുതല്‍ മല്‍സരക്കാരില്ല. നാല്‌ മല്‍സരങ്ങള്‍ ജയിക്കാനായാല്‍ മെഡലുറപ്പാക്കാം. ക്യൂബക്കാരാണ്‌ കാര്യമായ വെല്ലുവിളിയെന്ന്‌ മനസ്സിലാക്കുമ്പോഴും മേരി ടെന്‍ഷനടിച്ച്‌ സംസാരിക്കുന്നില്ല. 29 ന്റെ പക്വതയില്‍ അവര്‍ ആവര്‍ത്തിക്കുന്നത്‌ നന്നായി മല്‍സരിക്കുമെന്നാണ്‌.
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ്‌ അസോസിയേഷന്‍ (എ.ഐ.ബി.എ) നടത്തുന്ന ചാമ്പ്യന്‍ഷിപ്പുകളിലെ ലോക കിരീടത്തിന്റെ അഹങ്കാരം പ്രകടിപ്പിക്കാതെ, ലോക റാങ്കിംഗിലെ നാലാം സ്ഥാനത്തെക്കുറിച്ച്‌ വാചകമടിക്കാതെ പ്രതിയോഗികളെ ബഹുമാനിക്കുന്ന സ്‌പോര്‍ട്‌സ്‌ മാന്‍ സ്‌പിരിറ്റില്‍ മേരി ഈ വലിയ യാത്രക്ക്‌ തണലേകിയ ഭര്‍ത്താവിനാണ്‌ ഫുള്‍ മാര്‍ക്ക്‌ നല്‍കുന്നത്‌. രണ്ട്‌ കുട്ടികളുടെ മാതാവയ ഒരാള്‍ക്ക്‌ ലോക വേദികളിലുടെ സഞ്ചരിച്ച്‌ മല്‍സരങ്ങള്‍ മാത്രം ഭക്ഷിച്ച്‌ നടക്കണമെങ്കില്‍ വീട്ടിലും കുടുംബത്തിലും ഒരു തണല്‍ വേണം. ഭര്‍ത്താവിന്റെ ആ തണലാണ്‌ ഇപ്പോഴും മേരിക്ക്‌ ഊര്‍ജ്ജമാവുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷം ലണ്ടന്‍ ടിക്കറ്റിനായുള്ള പഞ്ചുകള്‍ മാത്രമായിരുന്നു. സരിതാ ദേവി, പൂജാറാണി, നിതു കഹാല്‍, കെ.മന്ദാകിനി തുടങ്ങിയ ബോക്‌സര്‍മാര്‍ക്കൊപ്പം സ്വന്തം വെയിറ്റ്‌ കാറ്റഗറിയില്‍ കടുത്ത മല്‍സരമുണ്ടായിരുന്നു. 70 രാജ്യങ്ങളില്‍ നിന്നുള്ള 305 വനിതാ ബോക്‌സര്‍മാരില്‍ നിന്നും ഒളിംപിക്‌ ടിക്കറ്റ്‌ നേടുകയെന്നത്‌ തന്നെ വെല്ലുവിളിയായിരുന്നു. യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്റെ നിക്കോളാ ആഡസിനോട്‌ പരാജയപ്പെട്ടത്‌ മേരിക്ക്‌ തിരിച്ചടിയായിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ ഒളിംപിക്‌ ബെര്‍ത്ത്‌ ലഭിച്ചതിന്‌ ശേഷം മേരി കഠിനമായ പരിശീലനത്തില്‍ മാത്രം ശ്രദ്ധിച്ചാണ്‌ മുന്നേറുന്നത്‌. പൂനെയില്‍ വിദേശ കോച്ച്‌ ചാള്‍സ്‌ അറ്റ്‌കിന്‍സണിന്റെ പരിശീലനത്തിലാണ്‌ ഇപ്പോള്‍. ഈ മാസം 21 ന്‌ ലിവര്‍പൂളിലേക്ക്‌ പോവും. ഇംഗ്ലീഷ്‌ സാഹചര്യങ്ങളെ പഠിക്കുകയാണ്‌ ലക്ഷ്യം.
മേരിയാണ്‌ ലണ്ടനിലെ ഇന്ത്യയുടെ ആദ്യ ബെറ്റ്‌ എന്നത്‌ സാധാരണക്കാരന്റെ അഭിമാനമാണ്‌. വായയില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്ത ഒരു പെണ്‍കുട്ടി, തൂപ്പൂപണിക്കാരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന്‌ ഇന്ന്‌ ആരെയും ഇടിച്ചിടുമ്പോള്‍ ആ നേട്ടത്തിന്‌ തിളക്കമേറെയാണ്‌. ഒരു ഒളിംപിക്‌ മെഡല്‍ കൂടി ലഭിച്ചാല്‍ അത്‌ മേരിയുടെ അദ്ധ്വാനത്തിനുള്ള ഫിനിഷിംഗ്‌ ടച്ചാവും.